Begin typing your search above and press return to search.
proflie-avatar
Login

പുനർജന്മവും ഗന്ധർവക്ഷേത്രവും

പുനർജന്മവും   ഗന്ധർവക്ഷേത്രവും
cancel

‘‘ഗന്ധർവൻ എന്ന സങ്കൽപം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടത് ഉദയാ സ്റ്റുഡിയോക്കുവേണ്ടി എം. കുഞ്ചാക്കോ നിർമിച്ച ‘ഗന്ധർവ്വക്ഷേത്രം’ എന്ന സിനിമയിലൂടെയാണ്. തകഴി ശിവശങ്കരപ്പിള്ള എഴുതിയ ഒരു കഥയാണ് ഈ ചിത്രത്തിന് അവലംബം. മുത്തശ്ശി പറഞ്ഞുകൊടുത്ത ഗന്ധർവ കഥകൾ കേട്ടുകേട്ട് സാങ്കൽപിക ലോകത്ത് ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു വലിയ തെറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്’’ -മലയാള സിനിമയുടെ ചരിത്രംകൂടിയാണ്​ ഗാനചരിത്രത്തിനൊപ്പം എഴുതപ്പെടുന്നത്​.ഏതു വിഭാഗത്തിൽപെടുന്ന സിനിമയും സംവിധാനംചെയ്യാൻ കഴിവുള്ള സംവിധായകനായിരുന്നു കെ.എസ്. സേതുമാധവൻ. മലയാള...

Your Subscription Supports Independent Journalism

View Plans
‘‘ഗന്ധർവൻ എന്ന സങ്കൽപം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടത് ഉദയാ സ്റ്റുഡിയോക്കുവേണ്ടി എം. കുഞ്ചാക്കോ നിർമിച്ച ‘ഗന്ധർവ്വക്ഷേത്രം’ എന്ന സിനിമയിലൂടെയാണ്. തകഴി ശിവശങ്കരപ്പിള്ള എഴുതിയ ഒരു കഥയാണ് ഈ ചിത്രത്തിന് അവലംബം. മുത്തശ്ശി പറഞ്ഞുകൊടുത്ത ഗന്ധർവ കഥകൾ കേട്ടുകേട്ട് സാങ്കൽപിക ലോകത്ത് ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു വലിയ തെറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്’’ -മലയാള സിനിമയുടെ ചരിത്രംകൂടിയാണ്​ ഗാനചരിത്രത്തിനൊപ്പം എഴുതപ്പെടുന്നത്​.

ഏതു വിഭാഗത്തിൽപെടുന്ന സിനിമയും സംവിധാനംചെയ്യാൻ കഴിവുള്ള സംവിധായകനായിരുന്നു കെ.എസ്. സേതുമാധവൻ. മലയാള സിനിമാവ്യവസായത്തിന് അസ്തിവാരമിട്ട മൂന്നു നിർമാതാക്കളിൽ ഒരാളായ ടി.ഇ. വാസുദേവന്റെ ‘ജ്ഞാനസുന്ദരി’ എന്ന സിനിമയിലൂടെയാണ് സേതുമാധവൻ സ്വതന്ത്രസംവിധായകനായത്. ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ഒരു ഫോക്‌ലോർ കഥയാണ് ‘ജ്ഞാനസുന്ദരി’.

ഈ ലേഖകൻ ജനിക്കുന്നതിനും ഒരു വർഷം മുമ്പ് തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ വളരെ ചെറിയ മുതൽമുടക്കിൽ അസോസിയേറ്റഡ് പിക്ചേഴ്സ് എന്ന വിതരണക്കമ്പനിയും പിന്നാലെ ശക്തരായ പങ്കാളികളെ ഒപ്പംകൂട്ടി വലിയതോതിൽ അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്‌സ് എന്ന നിർമാണക്കമ്പനിയും സ്ഥാപിച്ച ദീർഘദർശിയാണ് ടി.ഇ. വാസുദേവൻ. പിന്നീട് പങ്കാളികളില്ലാതെ സ്വന്തം ഉടമസ്ഥതയിൽ ജയ് മാരുതി പ്രൊഡക്ഷൻസ് തുടങ്ങി. മലയാള സിനിമാരംഗത്ത് ആദ്യകാലത്ത് ‘അസോസിയേറ്റഡ് വാസു’ എന്ന പേരിലും പിന്നീട് ‘ജയ് മാരുതി വാസു’ എന്ന പേരിലും അറിയപ്പെട്ടിരുന്ന ടി.ഇ. വാസുദേവൻ നിർമിച്ച അനവധി സിനിമകൾ സേതുമാധവൻ സംവിധാനം ചെയ്തിട്ടുണ്ട്.

പൊതുവെ കുടുംബകഥകളും നോവലുകളെ അടിസ്ഥാനമാക്കിയുള്ള സിനിമകളും സംവിധാനം ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന സേതുമാധവൻ ജയ് മാരുതിക്കുവേണ്ടി ‘കോട്ടയം കൊലക്കേസ്’ എന്ന സസ്പെൻസ് ചിത്രം സംവിധാനം ചെയ്യുകയുണ്ടായി. മഞ്ഞിലാസ് ജോസഫിന്റെ അനേകം ചിത്രങ്ങൾ സേതുമാധവൻ സംവിധാനം ചെയ്തു. ടി.ഇ. വാസുദേവന്റെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവും ഓഫിസ് മാനേജറുമായി ദീർഘകാലം പ്രവർത്തിച്ചതിനു ശേഷമാണ് എം.ഒ. ജോസഫ് സ്വന്തമായി ചിത്രനിർമാണം തുടങ്ങിയത്. ജയ് മാരുതിയിൽ ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ ഉണ്ടായ സൗഹൃദം എം.ഒ. ജോസഫിനെയും സേതുമാധവനെയും തമ്മിൽ കൂടുതൽ അടുപ്പിച്ചു.

മഞ്ഞിലാസിനുവേണ്ടി സേതുമാധവൻ സംവിധാനം ചെയ്ത ‘പുനർജന്മം’ എന്ന ചിത്രത്തെക്കുറിച്ച് പറയുന്നതുകൊണ്ടാണ് ഈ പശ്ചാത്തലവർണന ആവശ്യമായത്. അതുവരെ സേതുമാധവൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ‘പുനർജന്മം’. ഈ സിനിമയിൽ അനവധി ലൈംഗികരംഗങ്ങൾ ഉണ്ടായിരുന്നു. ഈഡിപ്പസ് കോംപ്ലക്സ് വിഷയമാക്കി നിർമിച്ച ഈ സിനിമക്ക് ആധാരം യുക്തിവാദിയും മനഃശാസ്ത്ര വിദഗ്ധനുമായ എ.ടി. കോവൂരിന്റെ ഡയറിക്കുറിപ്പുകളിൽനിന്നെടുത്ത ഒരു അനുഭവകഥയായിരുന്നു.

സത്യനെ മാത്രം നായകനാക്കി ചിത്രങ്ങൾ നിർമിച്ചിരുന്ന ജോസഫും സേതുമാധവനും ഗത്യന്തരമില്ലാത്തതുകൊണ്ട് പ്രേംനസീറിനെ അവരുടെ ചിത്രങ്ങളിൽ നായകനാക്കിയ കാലഘട്ടമായിരുന്നു അത്. ഭാര്യയുമായി ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോൾ സ്വന്തം അമ്മയെ ഓർമിക്കുകയും അങ്ങനെ സ്വയം പരാജയപ്പെട്ട് പിൻവാങ്ങി അപകർഷബോധത്തിന് അടിമയാകുകയും ചെയ്യുന്ന ചെറുപ്പക്കാരനാണ് ‘പുനർജന്മ’ത്തിലെ നായകൻ. യവന നാടകകൃത്തായ സോഫോക്ലിസിന്റെ ‘ഈഡിപ്പസ്’ എന്ന നാടകത്തിന്റെ ആശയത്തിൽനിന്നാണ് ‘ഈഡിപ്പസ് കോംപ്ലക്സ്’ എന്ന പ്രയോഗമുണ്ടായത്. പ്രേംനസീറും ജയഭാരതിയും അടൂർ ഭാസിയും സുജാതയും പ്രേമയും മാസ്റ്റർ രഘുവും അഭിനയിച്ച ഈ ചിത്രത്തിൽ എ.ടി. കോവൂർതന്നെയാണ് മനഃശാസ്ത്രജ്ഞന്റെ ഭാഗം അഭിനയിച്ചത്. കോവൂരിന്റെ ഡയറിക്കുറിപ്പിൽനിന്ന് കഥ വികസിപ്പിച്ചെടുത്തത് തോപ്പിൽ ഭാസിയാണ്. അദ്ദേഹം തന്നെ സംഭാഷണവും രചിച്ചു.

 

പി. മാധുരി,സി.ഒ. ആന്‍റോ,പി. ലീല

പി. മാധുരി,സി.ഒ. ആന്‍റോ,പി. ലീല

മികച്ച ഗാനസന്ദർഭങ്ങളുള്ള ചിത്രത്തിന് പാട്ടുകൾ ഒരുക്കിയത് വയലാർ-ദേവരാജൻ ടീമാണ്. യേശുദാസ് പാടിയ ‘‘പ്രേമഭിക്ഷുകീ... ഭിക്ഷുകീ... ഭിക്ഷുകീ’’ എന്ന സൂപ്പർഹിറ്റ് ഗാനം ‘പുനർജന്മ’ത്തിലുള്ളതാണ്. യേശുദാസിനെ കൂടാതെ പി. സുശീലയും ജയചന്ദ്രനും മാധുരിയും പി. ലീലയും സി.ഒ. ആന്റോയും ഗാനങ്ങൾ പാടി. ‘പുനർജന്മ’ത്തിൽ ആകെ എട്ടു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ് പാടിയ ‘‘പ്രേമഭിക്ഷുകീ’’ എന്ന പാട്ടുതന്നെയായിരുന്നു ശ്രോതാക്കൾ ഏറ്റവും ഇഷ്ടപ്പെട്ടത്.

‘‘പ്രേമഭിക്ഷുകീ... ഭിക്ഷുകീ... ഭിക്ഷുകീ/ ഏതു ജന്മത്തിൽ ഏതു സന്ധ്യയിൽ/ എവിടെ വെച്ചു നാം കണ്ടു -ആദ്യമായ്/ എവിടെ വെച്ചു നാം കണ്ടു...’’ വയലാറിന്റെ വരികളും ദേവരാജന്റെ ഈണവും ഒരുപോലെ മനോഹരമാണ്. തുടർന്നുള്ള വരികളും അതീവമനോഹരം.

‘‘ചിരിച്ചും കരഞ്ഞും തലമുറകൾ വന്നു/ ചവിട്ടിക്കുഴച്ചിട്ട വീഥികളിൽ/ പൊഴിഞ്ഞ നമ്മൾ തൻ കാലടിപ്പാടുകൾ/ പൊടികൊണ്ടു മൂടിക്കിടന്നു -എത്രനാൾ/ പൊടികൊണ്ടു മൂടിക്കിടന്നു/ മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ -വീണ്ടും/ അടുക്കാതിരുന്നെങ്കിൽ...’’

യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ‘‘കാമിനീ കാവ്യമോഹിനീ...’’ എന്നാരംഭിക്കുന്നു.

‘‘കാമിനീ കാവ്യമോഹിനീ/ കാളിദാസന്റെ മാനസനന്ദിനീ -നിന്റെ/ മാലിനീതീരത്തു ഞാൻ തീർക്കും/ എന്റെ സാഹിതീക്ഷേത്രം’’ എന്ന പല്ലവിയും തുടർന്നുള്ള ചരണവും നന്ന്.

‘‘സ്വർഗം ഭൂമിയെ തപസ്സിൽനിന്നുണർത്തിയ/ സുവർണനിമിഷത്തിൽ -പണ്ടു/ കണ്വാശ്രമത്തിനു നിന്നെ കിട്ടിയ-/തെന്തൊരസുലഭ സൗഭാഗ്യം..?’’

പി. ജയചന്ദ്രൻ പാടിയ ‘‘കാമശാസ്ത്രമെഴുതിയ മുനിയുടെ/ കനകതൂലികേ നീ/ മാനവഹൃദയമാം തൂണീരത്തിലെ/ മന്ത്രശരമായി -എന്തിനു/ മല്ലീശരമായി?’’ എന്നു തുടങ്ങുന്ന ഗാനവും വ്യത്യസ്തമാണ്. ലൈംഗികതക്ക് പ്രാധാന്യമുള്ള വിഷയമായതുകൊണ്ടാണ് ഇവിടെ വയലാർ മഹർഷി വാത്സ്യായനനെ സ്മരിക്കുന്നത്. തുടർന്നുള്ള വരികളും ശ്രദ്ധിക്കുക. ‘‘ധ്യാനധന്യമാം മനുഷ്യാത്മാവിനെ/ തപസ്സിൽനിന്നുണർത്താനോ/ ജനനവും മരണവും മയങ്ങുമ്പോൾ വന്നു/ ജന്മവാസനകൾ തിരുത്തുവാനോ..?/ താളം തകർക്കുവാനോ..?’’ പി. ലീല പാടിയ ‘‘ഉണ്ണിക്കൈ വളര് വളര് വളര്/ ഉണ്ണിക്കാൽ വളര് വളര് വളര്/ തളയിട്ട് വളയിട്ട് മുറ്റത്തു പൂവിട്ട്/ തിരുവോണത്തുമ്പി തുള്ളാൻ വളര് വളര്’’ എന്ന ഗാനം അമ്മ കുഞ്ഞിനെ ഓമനിക്കുന്നതാണ്. നായകൻ അമ്മയെ ഓർമിക്കുന്ന രംഗങ്ങൾ ഫ്ലാഷ് ബാക്കിലാണ് ചിത്രീകരിച്ചിട്ടുള്ളത്. നായകൻ ഭാര്യയെ പ്രാപിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അമ്മയുടെ ഓർമകളിൽ ലൈംഗികവികാരം അണഞ്ഞുപോകുന്ന അനുഭവം.

 

കെ.എസ്. സേതുമാധവൻ,ടി.ഇ. വാസുദേവൻ

കെ.എസ്. സേതുമാധവൻ,ടി.ഇ. വാസുദേവൻ

പി. സുശീല പാടിയ ‘‘സൂര്യകാന്തക്കൽപ്പടവിൽ/ ആര്യപുത്രന്റെ പൂമടിയിൽ -നിന്റെ/ സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ/ സ്വയംപ്രഭേ സന്ധ്യേ.../ ഉറക്കൂ... ഉറക്കൂ’’ എന്നു തുടങ്ങുന്ന ഗാനവും മികച്ചതാണ്. വരികൾ ഇങ്ങനെ തുടരുന്നു: ‘‘ശൃംഗാരകാവ്യ കടാക്ഷങ്ങൾകൊണ്ടു നീ/ ശ്രീമംഗലയായി/ പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു/ പൂണാരമണിയാറായി/ കാറ്റേ കടലേ/ കയ്യെത്തുമെങ്കിലാ കൽവിളക്കിൻ തിരി താഴ്ത്തൂ/ തിരി താഴ്ത്തൂ...’’

പി. സുശീല പാടിയ ഈ മനോഹരഗാനം കഴിഞ്ഞാൽ സ്ത്രീ സ്വരത്തിലുള്ള രണ്ടു ഗാനങ്ങൾ മാധുരിയാണ് പാടിയത്. ‘‘മദനപഞ്ചമി മധുരപഞ്ചമി -ഇന്നു/ മണിയിലഞ്ഞിപ്പൂക്കളിൽ/ മദജലം നിറയും മിഥുനപഞ്ചമി/ മാനത്തെ അപ്സരസ്ത്രീകൾക്കിന്നു / മദിരോത്സവം മദിരോത്സവം/ അവരുടെ പൂഞ്ചൊടിയിൽ മന്ദഹാസം/ ആലിലക്കുമ്പിളിൽ സോമരസം/ പ്രാണനാഥൻ നൽകിയ/ പരമാനന്ദത്തിൻ പാരവശ്യം/ ദാഹം... ദാഹം... ആകെ തളരുന്ന പ്രേമദാഹം’’ എന്ന പാട്ടും ‘‘വെളിച്ചമസ്തമിച്ചു -ഞാനൊരു / തളർന്ന നിഴലായ് നിലംപതിച്ചു/ നിഴലായ്, അവയവശൂന്യമാം നിഴലായ്/ നിശാന്ധകാരത്തിലലിഞ്ഞു/ നിഴലിന് നാഡീസ്പന്ദനമുണ്ടോ/ നിഴലിനു ഹൃദയമുണ്ടോ/ ഇല്ലെങ്കിൽ ഏതു ഞരമ്പിൽ / കൊളുത്തുന്നിതെന്നിലെ/ ദുഃഖമാം നാളം/ ഓർമകൾ എന്നിലെ/ ദുഃഖമാം നാളം...’’ എന്ന പാട്ടുമാണ് മാധുരി പാടിയത്. സി.ഒ. ആന്റോ പാടിയ ഒരു കുട്ടിപ്പാട്ടും ചിത്രത്തിലുണ്ട്.

‘‘കാക്കേം കാക്കേടെ കുഞ്ഞും/ പൂച്ചേം പൂച്ചേടെ കുഞ്ഞും/ ഉപ്പു തിന്നു വെള്ളം കുടിച്ചു/ കൂട്ടിക്കേറി കിക്കിളി കിക്കിളി കൂട്ടീക്കേറി/ കാക്കമ്മ കുഞ്ഞിനെ വിളിച്ചു കാ...കാ/ ഇരുപൂപ്പാടത്തെ മുണ്ടകൻ കുത്തി/ ഇരുന്നാഴിയരിയിട്ടു കഞ്ഞിയനത്തി/ കണ്ണിപ്പിലാവില കുമ്പിളും കുത്തി/ കഞ്ഞി വിളമ്പാനിരുന്നപ്പോൾ/ കഞ്ഞിക്കുപ്പില്ല... കാ ...കാ’’ എന്നിങ്ങനെ തുടരുന്നു രസകരമായ ഈ കുട്ടിപ്പാട്ട്.

ചിത്രത്തിന്റെ കഥയുടെ വ്യത്യസ്തതയും പ്രാധാന്യവും മനസ്സിലാക്കിയാണ് വയലാർ ‘പുനർജന്മ’ത്തിലെ പാട്ടുകൾ എഴുതിയത്. ആ വ്യത്യസ്തത തന്റെ വരികളിലും കൊണ്ടുവരാൻ അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുണ്ട്. 1972 ആഗസ്റ്റ് 18ന് റിലീസ് ചെയ്ത ‘പുനർജന്മം’ നല്ല വിജയമായിരുന്നു. ‘മറവിൽ തിരിവ് സൂക്ഷിക്കുക’ -ഒരു സസ്പെൻസ് ചിത്രമാണ്. ശശികുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രേംനസീറും വിജയശ്രീയും പ്രധാന ഭാഗങ്ങളിൽ അഭിനയിച്ചു. ഉഷാകുമാരി, അടൂർ ഭാസി, ടി.എസ്. മുത്തയ്യ, എൻ. ഗോവിന്ദൻകുട്ടി, കെ.പി.എ.സി ലളിത, മീന തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു.

രാജൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.എസ്. രാജൻ ആണ് ചിത്രം നിർമിച്ചത്. നടനും എഴുത്തുകാരനുമായ എൻ. ഗോവിന്ദൻകുട്ടിയുടെ കഥക്ക് എസ്.എൽ പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും എഴുതി. വയലാറും ദേവരാജനും സംഗീതവിഭാഗം കൈകാര്യംചെയ്തു. ആക്ഷനും സസ്‌പെൻസും നിറഞ്ഞ ചിത്രമാണെങ്കിലും പാട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടായില്ല.

സിനിമയിൽ ഏഴു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ് മൂന്നു പാട്ടുകളും ജയചന്ദ്രൻ രണ്ടു പാട്ടുകളും പാടി. മാധുരി രണ്ടു പാട്ടുകൾക്ക് ശബ്ദം നൽകി. ഒരു ഗാനം തനിച്ചും ഒരെണ്ണം രാധാവിശ്വനാഥനുമായി ചേർന്നുമാണ് പാടിയത്. ജയചന്ദ്രൻ പാടിയ ‘‘നെഞ്ചം നിനക്കൊരു മഞ്ചം...’’ എന്നു തുടങ്ങുന്ന പ്രണയഗാനമാണ് കൂടുതൽ ജനകീയമായത്. യേശുദാസ് പാടിയ ‘‘കാടുകൾ...കളിവീടുകൾ’’ എന്നു തുടങ്ങുന്ന പാട്ടും ‘‘സഹ്യാദ്രിസാനുക്കൾ എനിക്ക് നൽകിയ’’ എന്നു തുടങ്ങുന്ന പാട്ടും മോശമല്ല. യേശുദാസിനൊപ്പം ‘‘കടുവാ കള്ളബടുവാ’’ എന്ന ഹാസ്യഗാനം പാടിയ സി.ഒ. ആന്റോ ആണ് ചിത്രത്തിലെ മറ്റൊരു ഗായകൻ.

 

ജയചന്ദ്രൻ ആലപിച്ച ‘‘നെഞ്ചം...’’ എന്നു തുടങ്ങുന്ന ഗാനം ഇന്നും പ്രശസ്തമാണ്.

‘‘നെഞ്ചം നിനക്കൊരു മഞ്ചം/ പഞ്ചസായകൻ പൂകൊണ്ടു മൂടുമീ/ നെഞ്ചം ഒരു മലർമഞ്ചം/ ഹേമന്തസന്ധ്യകൾ പനിനീരിൽ മുക്കിയ/ രാമച്ചവിശറികൾ വീശുമ്പോൾ/ കാമുകീ ഞാൻ നിന്റെ സ്വയംവരപ്പന്തലിലെ/ കാർമുകമൊരു നാൾ കുലയ്ക്കും/ അതിൽ കാമബാണം തൊടുക്കും’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനം മികച്ച രചനതന്നെയാണ്. യേശുദാസ് പാടിയ ഗാനം ‘‘കാടുകൾ... കളിവീടുകൾ’’ തുടങ്ങുന്നതിങ്ങനെ: ‘‘കാടുകൾ കളിവീടുകൾ/ കതിരിട്ട മാനവസംസ്കാരത്തിൻ/ വാടികൾ പൂവാടികൾ/ വള്ളിത്തൊട്ടിലുകൾ/ അവയുടെ പത്മതടാകക്കരയിലെ/ അനന്തനീലിമയിൽ/ ഇന്നും കാണാം ആദിയുഷസ്സിൻ/ പാദരേണുക്കൾ.../ അവയുടെ ഹൃദയതപോവനസീമയിൽ/ അലോകശാന്തതയിൽ/ ഇന്നും കാണാം ഇന്ത്യ വളർത്തിയ/ ബോധിവൃക്ഷങ്ങൾ...’’ ഈ ഗാനം ആശയസമ്പന്നമാണെങ്കിലും വലിയ ജനപിന്തുണ നേടിയില്ല.

യേശുദാസ് പാടിയ മറ്റൊരു ഗാനം ‘‘സഹ്യാദ്രിസാനുക്കൾ...’’ എന്ന് തുടങ്ങുന്നു. ‘‘സഹ്യാദ്രിസാനുക്കൾ എനിക്കു നൽകിയ/ സൗന്ദര്യദേവത നീ.../ സംക്രമപ്പുലരികൾ അണിയിച്ചൊരുക്കിയ / സങ്കൽപദേവത നീ...’’ ചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘ഏതു കാനന പുഷ്പരാഗം/ ഹേമാംഗ രാഗമായി -നിന്റെ/ ഹേമാംഗ രാഗമായി/ ഏതു മൃഗമദസൗരഭം ചേർത്തു നീ/ ഏഴിലക്കുറി ചാർത്തി -നെറ്റിയിൽ/ കുറി ചാർത്തി..?/ ശൈലപുത്രീ വരൂ നീ...’’ യേശുദാസും സി.ഒ. ആന്റോയും ചേർന്നു പാടിയ ‘‘കടുവാ കള്ള ബടുവാ’’ എന്ന ഹാസ്യഗാനത്തിലെ വരികൾക്ക് ഗദ്യസ്വഭാവമാണ് കൂടുതൽ.

‘‘കടുവാ കള്ള ബടുവാ/ കടന്നുപോ കാട്ടീന്നു പോ/ കണ്ടാൽ അടിച്ചു നിന്റെ/ അണപ്പല്ല് ഞാനെടുക്കും.../ പഞ്ചർ അച്ചായാ ...അച്ചായാ അച്ചായാ -ആ/ പറഞ്ഞതിത്തിരി കൂടിപ്പോയി/ ആ -കൂടിപ്പോയി/ കാട്ടിലെ കടുവയറച്ചൻകേട്ടാൽ/ ഈ വലിച്ച കഞ്ചാവുള്ളിലുള്ളത് പുറത്താകും/ കാട്ടിലുള്ള കടുവയേക്കാൾ കേമിയൊരുത്തി/ എന്റെ വീട്ടിലുണ്ട്, വിശറി വെച്ച പെമ്പ്രന്നോത്തി/ അവള് പോലും എനിക്കു പുല്ല്. പിന്നല്ലേ കടുവ...’’ പി. ജയചന്ദ്രനും മാധുരിയും സംഘവും ചേർന്നു പാടിയ നൃത്തഗാനം ‘‘തെയ്യാരെ തെയ്യാരെ തെയ്യാരെ’’ എന്ന് ആരംഭിക്കുന്നു: ‘‘കടുന്തുടി കയ്യിൽ കടുന്തുടി/ കൊമ്പു കുറുംകുഴൽ ഇടയ്ക്ക കൈമണി/ കുമ്മിയടി കാവുടയമ്മയ്ക്ക്/ കുംഭഭരണിക്കു കുരുതി/ കാവടി... കളംപാട്ട്.../ മലമേലേ കരിമല മേലേ/ ഓഹോയ്‌ ഓഹോയ്‌.../ മഞ്ഞൾപൊടികൊണ്ട് കളമെഴുതും/ പൊന്നുംകിളിയേ/തൈ തെയ്യം താരാ തിത്തെയ്യം താരാ/ ഇന്ന് കാവുടയമ്മേടെ കളത്തിൽ തുള്ളുന്ന/ കന്നിക്കുറത്തിയെ കാണിച്ചു താ.../ തൊട്ടു കാണിച്ചു താ...’’ എന്നിങ്ങനെ തുടരുന്നു നാടൻശൈലിയിലുള്ള ഭക്തിനൃത്തഗാനം.

മാധുരി രാധാവിശ്വനാഥൻ എന്ന ഗായികയോടൊപ്പം പാടിയ ‘‘മൂളിയലങ്കാരീ...’’ എന്ന് തുടങ്ങുന്ന പാട്ടിനും ഹാസ്യസ്വഭാവമാണുള്ളത്. ‘‘ഓ... ഓ... മൂളിയലങ്കാരീ മൂളിയലങ്കാരീ/ മുറത്തിൽ കേറി കൊത്താതിരിയെടീ/ മൂളിയലങ്കാരീ/ കൊല്ലക്കടയില് തൂശി വിൽക്കണ കണ്ണമ്മാ/ നിന്റെ കണ്ണുകൊണ്ടുള്ള കുമ്മിയടിക്കെന്റെ സമ്മാനം...’’ രണ്ടു സ്ത്രീകൾ തമ്മിലുള്ള ചോദ്യോത്തരങ്ങളായിട്ടാണ് പാട്ട് ഒരുക്കിയിട്ടുള്ളത്. പാട്ട് ഇങ്ങനെ തുടരുന്നു: ‘‘മൂളിയലങ്കാരീ എടീ മൂളിയലങ്കാരീ -നിന്റെ/ മൂക്കുത്തിക്കല്ലെവിടെ പോയെടീ മൂളിയലങ്കാരി/ ആ മൂക്കുത്തി കൊടുത്തിട്ടല്ലേ അല്ലിത്താലി വാങ്ങിയത്...’’ വളരെ രസകരമായി ഈ ചോദ്യോത്തരങ്ങൾ തുടരുന്നു.

സിനിമക്ക് പാട്ടെഴുതാൻ വരുന്ന ഏതു മഹാകവിക്കും കഥാസന്ദർഭത്തോട് നീതി ചെയ്യാൻ ഇങ്ങനെയുള്ള പാട്ടുകളും എഴുതേണ്ടിവരും. മാധുരി പാടിയ ‘‘സൂര്യന്റെ തേരിനു സ്വർണമുടി ’’ എന്ന പാട്ട് ആകർഷകമാണ്. ‘‘ആ.../ സൂര്യന്റെ തേരിനു സ്വർണമുടി/ തേരിനകത്തൊരു പവിഴക്കൊടി/ പവിഴക്കൊടി ഒരു പവിഴക്കൊടി/ പനിനീർ കുങ്കുമ പൂമ്പൊടി/ സൂര്യന്റെ തേരിനു സ്വർണമുടി...’’

 

പ്രേംനസീർ,ജയഭാരതി,അടൂർ ഭാസി

പ്രേംനസീർ,ജയഭാരതി,അടൂർ ഭാസി

1972 ആഗസ്റ്റ് 23ന്​ പുറത്തുവന്ന ഈ ശശികുമാർ ചിത്രം സാമ്പത്തിക വിജയം നേടി. ഗന്ധർവൻ എന്ന സങ്കൽപം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടത് ഉദയാ സ്റ്റുഡിയോക്കുവേണ്ടി എം. കുഞ്ചാക്കോ നിർമിച്ച ‘ഗന്ധർവ്വക്ഷേത്രം’ എന്ന സിനിമയിലൂടെയാണ്. തകഴി ശിവശങ്കരപ്പിള്ള എഴുതിയ ഒരു കഥയാണ് ഈ ചിത്രത്തിന് അവലംബം.

മുത്തശ്ശി പറഞ്ഞുകൊടുത്ത ഗന്ധർവ കഥകൾ കേട്ടുകേട്ട് സാങ്കൽപികലോകത്ത് ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു വലിയ തെറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു മനുഷ്യനെ അവൾ ഗന്ധർവനായി തെറ്റിദ്ധരിക്കുന്നു. അയാളുമായി രാത്രികാലങ്ങളിൽ കണ്ടുമുട്ടുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ശാരദയും പ്രേംനസീറും പ്രധാന കഥാപാത്രങ്ങളായി വന്ന ‘ഗന്ധർവ്വക്ഷേത്രം’ എ. വിൻസെന്റാണ് സംവിധാനം ചെയ്തത്. തകഴിയുടെ കഥക്ക് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും രചിച്ചു. വയലാർ- ദേവരാജൻ ടീമിന്റെ ചില മികച്ച ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ടായിരുന്നു. ഗന്ധർവസങ്കൽപം വരുമ്പോൾ സ്വാഭാവികമായും പാട്ടുകൾക്ക് പ്രാധാന്യം ഉണ്ടാകുമല്ലോ.

യേശുദാസ് പാടിയ ഈ ഗാനം ഹിറ്റ് ചാർട്ടിൽപെട്ടു. ‘‘ഇന്ദ്രവല്ലരിപ്പൂ ചൂടിവരും/ സുന്ദര ഹേമന്തരാത്രീ/ എന്നെ നിൻ മാറിലെ വനമാലയിലെ/ മന്ദാരമലരാക്കൂ -ഇവിടം/ വൃന്ദാവനമാക്കൂ’’ എന്ന പല്ലവി കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാകാനിടയില്ല. വാക്കുകളും സ്വരങ്ങളും എത്ര ഭംഗിയായി ലയിച്ചു ചേർന്നിരിക്കുന്നു ഈ ഗാനത്തിൽ.

‘‘ഒഴുകുമീ വെണ്ണിലാ പാലരുവി/ ഒരു നിമിഷംകൊണ്ടൊരു യമുനയാക്കൂ/ പ്രേമോദയങ്ങളിൽ മെയ്യോടു ചേർക്കുമൊരു/ ഗാനഗന്ധർവനാക്കൂ -എന്നെ നിൻ/ ഗാനഗന്ധർവനാക്കൂ...’’

യേശുദാസ് തന്നെ പാടിയ ‘‘വസുമതീ ഋതുമതീ’’ എന്നു തുടങ്ങുന്ന ഗാനവും മനോഹരം തന്നെ.

‘‘വസുമതീ ഋതുമതീ/ ഇനിയുണരൂ... ഇവിടെ വരൂ/ ഈ ഇന്ദുപുഷ്പഹാരമണിയൂ/ മധുമതീ.../ സ്വർണരുദ്രാക്ഷം ചാർത്തി/-ഒരു സ്വർഗാതിഥിയെ പോലെ/ നിന്റെ നൃത്തമേടക്കരികിൽ/ നിൽപ്പൂ ഗന്ധർവ പൗർണമി/ ഈ ഗാനം മറക്കുമോ -ഇതിന്റെ/ സൗരഭം മറക്കുമോ...’’ പി. സുശീല പാടിയ ചിത്രത്തിലെ രണ്ടു ഗാനങ്ങളും നന്നായിരുന്നു. ‘‘യക്ഷിയമ്പലമടച്ചു -അന്നു/ ദുർഗാഷ്ടമിയായിരുന്നു’’ എന്ന ഗാനമാണ് കൂടുതൽ മെച്ചപ്പെട്ടത്. ഗാനത്തിലെ തുടർന്നുള്ള വരികൾ താഴെ:

‘‘കാറ്റിൽ കരിമ്പന തലമുടി ചിക്കും കാട്ടിൽ/ ചങ്ങലവിളക്കുമായ് തനിയേ പോകും/ ശാന്തിക്കാരന്റെ മുമ്പിൽ/ മുറുക്കാനിത്തിരി ചുണ്ണാമ്പ് ചോദിച്ചൊരുത്തി ചെന്നു/ നാണം നടിച്ചു നിന്നു.../ പൊന്നേലസ്സണിഞ്ഞൊരാ പെണ്ണിന്റെ മൃദുമെയ്/ പൂപോലെ തുടുത്തിരുന്നു -​െചമ്പക/ പൂ പോലെ മണത്തിരുന്നു/ നാഭിച്ചുഴിയുടെ താഴത്തുവെച്ചവൾ/ നേരിയ പുടവയുടുത്തിരുന്നു...’’

ചുണ്ണാമ്പ് കൊടുത്ത് യക്ഷിയുടെ ആക്രമണത്തിനിരയായി ആ പാവം ശാന്തിക്കാരൻ. ഒടുവിൽ എന്ത് സംഭവിച്ചു?

‘‘യക്ഷിപ്പനയുടെ ചോട്ടിലെടുത്ത നാൾ/ എല്ലും മുടിയും കിടന്നിരുന്നു...’’ പി. സുശീല പാടിയ അടുത്ത ഗാനം ‘‘കുഹു കുഹു കുയിലുകൾ പാടും കുഗ്രാമം/ കുറുമൊഴിമുല്ലകൾ കുമ്മിയടിക്കും കുഗ്രാമം/ കുളിച്ചു തൊഴുവാനമ്പലമുള്ളോരു കുഗ്രാമം/ ഞാനവിടെ ജനിച്ചവളല്ലോ/ ഞാനവിടെ വളർന്നവളല്ലോ’’ എന്നിങ്ങനെ തുടങ്ങുന്നു. ഗ്രാമത്തിന്റെ ചിത്രം വരക്കുന്ന ഈ ഗാനത്തിലെ തുടർന്നുള്ള വരികളും നന്ന്. ഗ്രാമത്തിൽ മാസം തോറും നടക്കുന്ന വിശേഷങ്ങളെക്കുറിച്ചും ഉത്സവങ്ങളെക്കുറിച്ചുമാണ് കവി പറയുന്നത്. മാധുരി പാടിയത് ‘‘ഗന്ധമാദന വനത്തിൽ വാഴും...’’ എന്നാരംഭിക്കുന്ന പാട്ടാണ്.

 

യേശുദാസ്,പി. ജയചന്ദ്രൻ,പി. സുശീല

യേശുദാസ്,പി. ജയചന്ദ്രൻ,പി. സുശീല

‘‘ഗന്ധമാദന വനത്തിൽ വാഴും/ ഗന്ധർവ ദേവാ/ കന്യകമാരെ പൂവമ്പെയ്യും/ ഗന്ധർവ ദേവാ/ സന്ധ്യാപുഷ്‌പ വിമാനത്തിൽ വന്നീ പന്തലിനുള്ളിലിറങ്ങേണം -ഈ/ പത്മപീഠത്തിലിരിക്കേണം...’’ 1972 ആഗസ്റ്റ് 23ന് ‘ഗന്ധർവ്വക്ഷേത്രം’ എന്ന സിനിമ തിയറ്ററുകളിലെത്തി. മികച്ച പാട്ടുകൾ ഉണ്ടായിരുന്നിട്ടും ‘ഗന്ധർവ്വക്ഷേത്രം’ പ്രതീക്ഷിച്ച സാമ്പത്തികവിജയം നേടിയില്ല. ‘മറവിൽ തിരിവ് സൂക്ഷിക്കുക’ എന്ന ചിത്രവുമായാണ് ‘ഗന്ധർവ്വക്ഷേത്രം’ മത്സരിച്ചത്. വിജയം സസ്‌പെൻസും ആക്ഷൻ രംഗങ്ങളും അടങ്ങിയ സിനിമ നേടിയെടുത്തു.

(തുടരും)

News Summary - weekly sangeetha yathrakal