Begin typing your search above and press return to search.
proflie-avatar
Login

നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം..!

നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം..!
cancel

സത്യന്റെ നിര്യാണത്തിനു മുമ്പ് ഷൂട്ടിങ് ആരംഭിച്ചതുകൊണ്ട് ‘അക്കരപ്പച്ച’ എന്ന ചിത്രത്തിലും എം.എം. നേശൻ ജ്യേഷ്ഠനെ തന്നെ നായകനാക്കി. പക്ഷേ, ചിത്രത്തിന്റെ ഷൂട്ട് അവസാനിക്കുന്നതിനു മുമ്പ് സത്യൻ നിര്യാതനായി. അങ്ങനെ ചിത്രത്തിന്റെ നിർമാണം നിലച്ചു. പിന്നീട് തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തിയും നടൻ കെ.പി. ഉമ്മറിനു കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തിയും സിനിമ പൂർത്തിയാക്കാൻ നേശൻ നിർബന്ധിതനായി –ഗാനചരിത്രം മലയാള സിനിമയുടെ കൂടി ചരിത്രമായി മാറുന്നു.1972 ജൂലൈ 29നു പുറത്തുവന്ന ‘അക്കരപ്പച്ച’ എന്ന ചിത്രം എം.എം. നേശനാണ് സംവിധാനംചെയ്തത്. നടൻ സത്യന്റെ അനുജനായ നേശൻ സംവിധാനം നിർവഹിച്ച മൂന്നാമത്തെ സിനിമയാണിത്. ആദ്യത്തെ...

Your Subscription Supports Independent Journalism

View Plans
സത്യന്റെ നിര്യാണത്തിനു മുമ്പ് ഷൂട്ടിങ് ആരംഭിച്ചതുകൊണ്ട് ‘അക്കരപ്പച്ച’ എന്ന ചിത്രത്തിലും എം.എം. നേശൻ ജ്യേഷ്ഠനെ തന്നെ നായകനാക്കി. പക്ഷേ, ചിത്രത്തിന്റെ ഷൂട്ട് അവസാനിക്കുന്നതിനു മുമ്പ് സത്യൻ നിര്യാതനായി. അങ്ങനെ ചിത്രത്തിന്റെ നിർമാണം നിലച്ചു. പിന്നീട് തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തിയും നടൻ കെ.പി. ഉമ്മറിനു കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തിയും സിനിമ പൂർത്തിയാക്കാൻ നേശൻ നിർബന്ധിതനായി –ഗാനചരിത്രം മലയാള സിനിമയുടെ കൂടി ചരിത്രമായി മാറുന്നു.

1972 ജൂലൈ 29നു പുറത്തുവന്ന ‘അക്കരപ്പച്ച’ എന്ന ചിത്രം എം.എം. നേശനാണ് സംവിധാനംചെയ്തത്. നടൻ സത്യന്റെ അനുജനായ നേശൻ സംവിധാനം നിർവഹിച്ച മൂന്നാമത്തെ സിനിമയാണിത്. ആദ്യത്തെ രണ്ടു സിനിമകളിലും സത്യനായിരുന്നു നായകൻ. സത്യന്റെ നിര്യാണത്തിനു മുമ്പ് ഷൂട്ടിങ് ആരംഭിച്ചതുകൊണ്ട് ഈ ചിത്രത്തിലും നേശൻ ജ്യേഷ്ഠനെ തന്നെ നായകനാക്കി. പക്ഷേ, ചിത്രത്തിന്റെ ഷൂട്ട് അവസാനിക്കുന്നതിനു മുമ്പ് സത്യൻ നിര്യാതനായി. അങ്ങനെ ചിത്രത്തിന്റെ നിർമാണം നിലച്ചു. പിന്നീട് തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തിയും നടൻ കെ.പി. ഉമ്മറിനു കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തിയും സിനിമ പൂർത്തിയാക്കാൻ എം.എം. നേശൻ നിർബന്ധിതനായി. സത്യൻ, ജയഭാരതി, കെ.പി. ഉമ്മർ, സുജാത, കവിയൂർ പൊന്നമ്മ, ടി.ആർ. ഓമന, അടൂർ ഭവാനി, ആലുമ്മൂടൻ, പാലാ തങ്കം, വഞ്ചിയൂർ രാധ, ചങ്ങനാശ്ശേരി തങ്കം, പോൾ വെങ്ങോല തുടങ്ങിയവർ ‘അക്കരപ്പച്ച’യിൽ അഭിനയിച്ചു. വി.എസ് സിനി ആർട്സിന്റെ മേൽവിലാസത്തിൽ മിസിസ് പി. സുകുമാരൻ നിർമിച്ച ‘അക്കരപ്പച്ച’യുടെ കഥയും തിരക്കഥയും സംഭാഷണവും പാറപ്പുറത്ത് എഴുതി.

പാട്ടുകൾ വയലാർ-ദേവരാജൻ ടീമിന്റേതായിരുന്നു. ആകെ നാല് ഗാനങ്ങൾ. യേശുദാസും മാധുരിയും മാത്രമാണ് പാട്ടുകാർ. യേശുദാസ് പാടിയ ‘‘ആയിരം വില്ലൊടിഞ്ഞു...’’ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു.

‘‘ആയിരം വില്ലൊടിഞ്ഞു/ ആരോമനമെയ് മുറിഞ്ഞു/ആശ്രമക്കിളി നിന്നെ എയ്‌തെയ്തെന്റെ/ ആവനാഴിയിൽ അമ്പു തീർന്നു’’ എന്ന പല്ലവിയും തുടർന്നുവരുന്ന ചരണങ്ങളും രചനകൊണ്ടും ഈണംകൊണ്ടും മികച്ചുനിൽക്കുന്നു.

‘‘എടുക്കുമ്പോൾ ഒന്ന്/ തൊടുക്കുമ്പോൾ പത്ത്/ കൊള്ളുമ്പോൾ ഒരുകോടിയൊരുകോടി/ ഒളികണ്ണിലെയോരിതൾ തേൻമലരമ്പുകൾ/ വന്നുതറയ്ക്കാത്തൊരിടമില്ല’’എന്നിങ്ങനെ തുടരുന്ന പാട്ട് ജനപ്രീതി നേടി.

മാധുരി പാടിയ ‘‘ഏഴരപ്പൊന്നാനപുറത്തെഴുന്നള്ളും/ഏറ്റുമാനൂരപ്പാ/ തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ/ തിരുനാഗത്തളയിട്ട തൃപ്പാദം/ നമഃശ്ശിവായ - നമഃശ്ശിവായ - നമഃശ്ശിവായ’’ എന്ന ഗാനം ഹിറ്റ്‌ലിസ്റ്റിൽപെട്ടു.

യേശുദാസ് പാടിയ ‘‘മനസ്സൊരു മയിൽപേട...’’ എന്ന ഗാനവും മാധുരി പാടിയ ‘‘ബംഗാൾ കിഴക്കൻ ബംഗാൾ’’ എന്ന് തുടങ്ങുന്ന ഗാനവുമാണ് അവശേഷിക്കുന്ന രണ്ടു പാട്ടുകൾ.

‘‘മനസ്സൊരു മയിൽപേട/ മണിച്ചിറകുള്ള മയിൽപേട/മാരിപ്പൂ കണ്ടു/ മാനപ്പൂ കണ്ടു/ മദിക്കും മയിൽപേട...’’ എന്നിങ്ങനെ ആരംഭിക്കുന്നു യേശുദാസിന്റെ ഗാനം. വയലാറിന്റെ ഭാവന ദേവരാജന്റെ സംഗീതച്ചിറകിൽ തുടർന്നു പറക്കുന്നതിങ്ങനെ: ‘‘അപ്സരസ്സുകളുടെ/ അംബരപ്പൂമരച്ചോട്ടിൽ/ സ്വപ്നങ്ങളതിനെ വലവീശിപ്പിടിച്ചൊരു/സ്വർഗവാഹനമാക്കി...’’ മാധുരി പാടിയ ‘‘ബംഗാൾ കിഴക്കൻ ബംഗാൾ’’ എന്ന് ആരംഭിക്കുന്ന പാട്ടു വളരെയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.

‘‘ബംഗാൾ കിഴക്കൻ ബംഗാൾ/ ആ ബംഗാളിൽനിന്നൊരു ഗാനം/ അങ്കപ്പറമ്പിൽ വെച്ചെൻ പ്രിയൻ പാടിയോ-/രെന്നെക്കുറിച്ചുള്ള ഗാനം...’’ എന്നിങ്ങനെ തുടങ്ങുന്ന ഈ ഗാനം വേണ്ടത്ര ശോഭിച്ചില്ല.

‘അക്കരപ്പച്ച’യിലെ നാലു പാട്ടുകളിൽ മൂന്നും ശ്രോതാക്കളെ നിരാശപ്പെടുത്തിയില്ല. രണ്ടു പാട്ടുകൾ ഇപ്പോഴും ഓർമിക്കപ്പെടുകയും ചെയ്യുന്നു. എങ്കിലും ‘അക്കരപ്പച്ച’ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ല.

‘മിസ് മേരി’ എന്ന പേരിൽ തെലുഗുവിലും ഹിന്ദിയിലും ‘മിസ്സിയമ്മ’ എന്ന പേരിൽ തമിഴിലും നിർമിക്കപ്പെട്ട സിനിമയെ ആസ്പദമാക്കി ഡയറക്ടർ സി.പി. ജംബുലിംഗം എന്ന ജംബു മലയാളത്തിൽ നിർമിച്ച സിനിമയാണ് ‘മിസ് മേരി’. തമിഴിൽ ജെമിനി ഗണേശനും സാവിത്രിയുമാണ് ‘മിസ്സിയമ്മ’യിൽ അഭിനയിച്ചത്. ഹിന്ദിയിൽ മീനാകുമാരിയും കിഷോർ കുമാറും നായികയും നായകനുമായി, ഹിന്ദിപ്പതിപ്പിലും ജെമിനിഗണേശൻ ഒരു വേഷം ചെയ്തു. എൽ.വി. പ്രസാദ് സംവിധാനംചെയ്ത ചിത്രം എ.വി.എം സ്റ്റുഡിയോയുടെ സ്ഥാപകനായ എ.വി. മെയ്യപ്പനാണ് നിർമിച്ചത്. എൽ.വി. പ്രസാദ് പിന്നീട് എ.വി.എം സ്റ്റുഡിയോയിൽനിന്നും വളരെയകലെയല്ലാത്ത സ്ഥലത്തുതന്നെ സ്വന്തമായി പ്രസാദ് സ്റ്റുഡിയോയും പ്രസാദ് കളർ ലബോറട്ടറിയും സ്ഥാപിച്ചു.

രണ്ടര പതിറ്റാണ്ടുകൾക്കു ശേഷമാണ് ഈ കഥ മലയാളത്തിൽ വരുന്നത്. നായികാപ്രാധാന്യമുള്ള ചിത്രത്തിൽ സാവിത്രിയുടെയും മീനാകുമാരിയുടെയും നിലവാരമുള്ള ഒരു നടിയാണ് വേണ്ടിയിരുന്നത്. എന്നാൽ, സംവിധായക നിർമാതാവായ ജംബു ‘മിസ് മേരി’ എന്ന മലയാള സിനിമയിൽ പ്രേംനസീറിനെ നായകനാക്കിയെങ്കിലും രേണുക എന്ന നടിയെ വളർത്തി മുൻനിരയിൽ കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ അവരെയാണ് ടൈറ്റിൽറോളിൽ അവതരിപ്പിച്ചത്. ജംബുതന്നെ നിർമിച്ച ‘കണ്ടവരുണ്ടോ’ എന്ന ചിത്രത്തിലും രേണുക തന്നെയായിരുന്നു നായിക. പ്രധാന കഥാപാത്രമായി അഭിനയിച്ച നടിയുടെ പ്രകടനം ദുർബലമായിപ്പോയതിനാൽ മറ്റ് എല്ലാ ഭാഷകളിലും സൂപ്പർഹിറ്റ് ആയ ഈ കഥ മലയാളത്തിൽ വേണ്ടത്ര വിജയം നേടിയില്ല. രേണുക എന്ന അഭിനേത്രി ഉയരങ്ങളിൽ എത്തിയതുമില്ല.

ജീവിത യാഥാർഥ്യങ്ങൾ ഹാസ്യരൂപത്തിൽ അവതരിപ്പിക്കുക, ചിത്രത്തിൽ ഉടനീളം ‘പോസിറ്റിവിറ്റി’ നിലനിർത്തുക, നായകനും നായികയും ഉള്ളിൽ അനുരാഗമുണ്ടെങ്കിലും അത് മറച്ചുവെച്ച് ശത്രുക്കളെപ്പോലെ പെരുമാറുക, ഒടുവിൽ എല്ലാം ശുഭമായി പര്യവസാനിക്കുക -ഈ വിജയഫോർമുലയുടെ ആദ്യത്തെ രൂപമായി ‘മിസ് മേരി’യുടെ കഥയെ വിശേഷിപ്പിക്കാം.മോഹൻലാലും ജയറാമും നായകവേഷം ചെയ്ത അവരുടെ പല ആദ്യകാല ചിത്രങ്ങളുടെയും സ്ഥിരം ഫോർമുല ഇതായിരുന്നല്ലോ. ‘മിസ് മേരി’യുടെ മൂലകഥ ചക്രപാണി എന്ന തെലുഗു നിർമാതാവ് എഴുതിയതാണ്. ബി. നാഗറെഡ്ഡി മദ്രാസിൽ വാഹിനി സ്റ്റുഡിയോയും അതോടൊപ്പം വിജയാ പ്രൊഡക്ഷൻസും ആരംഭിക്കുമ്പോൾ അദ്ദേഹത്തിന്റെ സഹായിയും പങ്കാളിയുമായിരുന്നു ചക്രപാണി. പിന്നീട് ആ വലിയ സ്ഥാപനം ബി. നാഗറെഡ്ഡിക്കുമാത്രം സ്വന്തമായി. അക്കാലത്ത് വിജയാ-വാഹിനി എന്നാണ് സ്റ്റുഡിയോ അറിയപ്പെട്ടിരുന്നത്. പതിനൊന്നു ഫ്ലോറുകൾ ( sound stages) ഉള്ള ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയിരുന്നു വിജയാ-വാഹിനി (ഇപ്പോൾ ആ സ്ഥാനത്ത് വിജയാ ഹോസ്പിറ്റലും ഗ്രീൻപാർക്ക് എന്ന ഫൈവ് സ്റ്റാർ ഹോട്ടലും ഒരു വലിയ മാളും സ്ഥിതിചെയ്യുന്നു).

മലയാളത്തിൽ ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് കെ.ജി. സേതുനാഥ് ആണ്. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ആർ.കെ. ശേഖർ ഈണം നൽകി. ഇതര ഭാഷകളിലെന്നപോലെ മലയാളത്തിലും പാട്ടുകൾ നന്നായിരുന്നു. പി. സുശീല പാടിയ ‘‘നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം’’ എന്ന ഗാനത്തിന് ശേഖർ നൽകിയ ഈണം ലളിതവും മനോഹരവുമാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും യേശുമാതാവിനെക്കുറിച്ചുള്ള ഈ പ്രാർഥനാഗീതം എല്ലാവരും ഓർമിക്കുന്നു.

‘‘നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം/ നീയെൻ അഭയമല്ലേ -അമ്മേ/ നീയെൻ അഭയമല്ലേ/ കൈവെടിയരുതേ കന്യാമറിയാമേ/ കനിവിൻ കേദാരമേ -അമ്മേ/ കനിവിൻ കേദാരമേ...’’

ദുഃഖകരമായ ഒരു വസ്തുത ഈ ഗാനത്തിന്റെ ശിൽപികൾ ശ്രീകുമാരൻ തമ്പിയും ആർ.കെ. ശേഖറുമാണെന്ന് പലർക്കും അറിയില്ല എന്നതാണ്. ഗാനത്തിന്റെ ആദ്യ ചരണം ഇങ്ങനെ:

‘‘എന്റെ ഹൃദയം തളരും നേരം/ എനിക്കു താങ്ങായ്‌ നിൽക്കേണമേ/ നിന്റെ ദയ തൻ കൽപടവിൽ നീ/ എന്നെയിരുത്തേണമേ -അമ്മേ/ കനിവിൻ കേദാരമേ...’’ പി. ജയചന്ദ്രനും പി. സുശീലയും ചേർന്നു പാടിയ ‘‘മണിവർണനില്ലാത്ത വൃന്ദാവനം/ മധുമാസം പുണരാത്ത പൂങ്കാവനം/ഉയിരിന്നുമുയരാണ് കണ്ണൻ-അവൻ/ഊരാകെ വണങ്ങുന്ന കാർമേഘവർണൻ’’ എന്ന ഗാനം ഹിറ്റ്ഗാനങ്ങളിൽ ഉൾപ്പെട്ടു.

വരികൾ ഇങ്ങനെ തുടരുന്നു: ‘‘യദുകുലഗന്ധർവൻ പാടും/ യമുനയിൽ ഓളങ്ങളാടും/ മയിലുകൾ പീലി നിവർത്തും/മണിവില്ലാൽ മദനനും മലരമ്പയക്കും...’’ ജയചന്ദ്രനും പി. സുശീലയും ചേർന്നുപാടുന്ന രണ്ടാമത്തെ യുഗ്മഗാനവും ജനശ്രദ്ധ നേടുകയുണ്ടായി.

‘‘പൊന്നമ്പിളിയുടെ പൂമുഖവാതിൽ/കണ്ണീർമേഘമടച്ചു/ അരുമനിലാവേ നിന്നെപ്പോലെ/ അപമാനിതയായി -ഞാനും/ അപമാനിതയായി.../നിനക്കുവേണ്ടി കരയുകയാണീ/ നിശാസുമങ്ങൾ നീളേ/ എൻ കഥയോർക്കാൻ എന്നഴൽ കാണാൻ / ഇല്ലൊരു പൂവിതൾപോലും -തുണയായ്‌/ ഇല്ലൊരു പൂവിതൾപോലും’’ എന്നിങ്ങനെ നായിക പാടുമ്പോൾ നായകന്റെ സാന്ത്വന വാക്കുകൾ വരുന്നു.

‘‘പൊന്നമ്പിളിയുടെ പൂമുഖവാതിൽ/ മെല്ലെ വീണ്ടും തുറക്കും/ അരുമനിലാവേ നീയൊരുനാളും/ അപമാനിതയാവില്ല...’’ യേശുദാസ് പാടിയ ‘‘ആകാശത്തിന്റെ ചുവട്ടിൽ...’’ എന്ന പാട്ടാണ് മറ്റൊന്ന്.

‘‘ആകാശത്തിന്റെ ചുവട്ടിൽ/ അറ്റം കാണാത്ത ഭൂമി/അലയുന്നു പാവങ്ങൾ മനുഷ്യർ/ അവർക്കായിരം ചിറകുള്ള മോഹം’’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികൾ ഇങ്ങനെ തുടരുന്നു:

‘‘ഓരോ ചിറകായ്‌ വിടർത്തും/ ഒരു ഞൊടി പൊങ്ങിപ്പറക്കും/ വേദന തൻ തീവെയിലിൽ/ പേലവത്തൂവൽ കരിയും/ എന്തിനീ യാത്ര തുടങ്ങി -കാലം/ എന്തിനീ ചിറകുകളേകി..?’’

പി. ലീല പാടിയ ഗാനം ‘‘ഗന്ധർവ ഗായകാ’’ എന്ന് ആരംഭിക്കുന്നു: ഗന്ധർവ ഗായകാ സ്വീകരിക്കൂ -ഞാനാം/ സുന്ദരവീണയെ അനുഗ്രഹിക്കൂ/ പ്രേമാനുഭൂതി തൻ കോമളവിരലിനാൽ/ മാമകജീവനെ താലോലിക്കൂ...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘ഞാനറിയാത്തൊരു വാസരസ്വപ്നമായ്/നീയെന്നിലെന്നും അലിഞ്ഞിരുന്നു/ പീലിനിവർത്തുമൊരായിരം മോഹങ്ങൾ/ പാടാത്ത രാഗംപോൽ/ മറഞ്ഞിരുന്നു -എന്നിൽ/ മറഞ്ഞിരുന്നു.../ സംഗീതമേ മധുരസംഗീതമേ/ സപ്തസ്വരനദീസംഗമമേ’’ എന്നു തുടങ്ങുന്ന ഒരു ഗാനശകലം എസ്. ജാനകിയും അമ്പിളിയും ചേർന്നു പാടിയിരിക്കുന്നു. പാട്ടു പഠിപ്പിക്കുന്ന രംഗമാണിത്. മറ്റൊരുഗാനശകലമിതാണ്; ഒരു കുട്ടിപ്പാട്ട്:

‘‘മഞ്ഞായാൽ മാവു പൂക്കുന്നു/ മാമ്പൂക്കൾ മാങ്ങയാകുന്നു/ മാങ്ങ നന്നായ് പഴുക്കുന്നു/ മാമ്പഴം നമ്മൾ തിന്നുന്നു/ മധുരിക്കുന്ന തൻ പഴം/ മാവു തിന്നുന്നതില്ലല്ലോ/ മറ്റുള്ളവർക്കു നൽകുവാൻ/ മടി കാട്ടുന്നതില്ലല്ലോ/അന്യർക്കായ് മാവു പൂക്കുന്നു/ അന്യർക്കായ് മാവു കായ്ക്കുന്ന/ മാവു കാണിക്കുമീ ഗുണം/ മഹാന്മാരുടെ ലക്ഷണം!’’

പ്രേംനസീർ, രേണുക, ജൂനിയർ ഷീല, അടൂർ ഭാസി, ടി.എസ്. മുത്തയ്യ, വീരൻ, ശങ്കരാടി, പ്രേമ, ബഹദൂർ, ടി.ആർ. ഓമന, നെല്ലിക്കോട് ഭാസ്കരൻ തുടങ്ങിയവർ അഭിനയിച്ച്‌ ശ്രീമതി കാമ്പൈൻസിന്റെ ബാനറിൽ സി.പി. ജംബുലിംഗം എന്ന ജംബു നിർമാതാവും സംവിധായകനുമായ ‘മിസ് മേരി’ എന്ന ചിത്രം 1972 ആഗസ്റ്റ് നാലിന് തിയറ്ററുകളിലെത്തി.

മലയാള ഭാഷക്കും സംസ്കാരത്തിനും വിലയേറിയ സംഭാവനകൾ നൽകിയ എഴുത്തുകാരും നാടകകൃത്തുക്കളും നടന്മാരുമായിരുന്നു കൈനിക്കര സഹോദരന്മാർ എന്ന പേരിൽ അറിയപ്പെട്ട കൈനിക്കര കുമാരപിള്ളയും കൈനിക്കര പത്മനാഭപിള്ളയും. കൈനിക്കര പത്മനാഭപിള്ളയുടെ പുത്രനായ പി. കർമചന്ദ്രൻ കലാരംഗത്ത് ഉയർന്ന നിലയിലെത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. പിതാവിനെപ്പോലെ തന്നെ ഒരു ബഹുമുഖ പ്രതിഭാശാലിയായിരുന്നു പി. കർമചന്ദ്രൻ. പ്രേംനവാസിനെ നായകനും രാഗിണിയെ നായികയുമാക്കി പി. കർമചന്ദ്രൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘തോറ്റില്ല’. മുടങ്ങിപ്പോയ ചിത്രം ജയഭാരതിയെക്കൂടി താരനിരയിലുൾപ്പെടുത്തി വളരെ പ്രയാസങ്ങൾ സഹിച്ച് അദ്ദേഹം പൂർത്തിയാക്കി. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ആർ.കെ. ശേഖർ ഈണം പകർന്നു. എസ്. ജാനകി പാടിയ ‘ആകാശത്തൊട്ടിലിൽ...’’ എന്ന ഗാനത്തിന്റെ ഈണം വളരെ മികച്ചതായി.

‘‘ആകാശത്തൊട്ടിലിൽ നക്ഷത്രക്കുഞ്ഞുങ്ങൾ/ ആയിരമായിരം ആലോലം/ കടമുറിത്തിണ്ണയിൽ കണ്ണുനീർത്തൊട്ടിലിൽ/ കണ്മണിയാലോലമാലോലം.../ കളമൊഴിക്കാറ്റത്ത് കണ്ണനണിയുവാൻ/ കുളിരല തുന്നിയ കുപ്പായം/ അമ്മിഞ്ഞപ്പാലില്ല നൽകുവാനമ്മതൻ/ ഉമ്മകൾ മാത്രമാണത്താഴം.../ ഒരു കൊച്ചുകാലിന്റെ നിഴൽ കാണാനില്ലാതെ/ ഇരുനിലമാളിക തേങ്ങുമ്പോൾ/ തെരുവിന്റെ ദുഃഖത്തിൽ നീന്തിത്തുടിക്കുവാൻ/ പിറവിയെടുത്തല്ലോ കുഞ്ഞേ നീ...’’ യേശുദാസ് പാടിയ ‘‘നിൻ നടയിൽ അന്നനട കണ്ടു’’ എന്ന ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘നിൻ നടയിൽ അന്നനട കണ്ടു/ നിന്നുടലിൽ ശിൽപമേള കണ്ടു/നിൻ മുടിയിൽ മേഘപാളി കണ്ടു/ നിൻ ചിരിയിൽ ചന്ദ്രകാന്തി കണ്ടു...’’

ഗാനത്തിന്റെ തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘മാന്മിഴിനോട്ടത്തിൽ മലർമന്ദഹാസത്തിൽ/ മലയാളിപ്പെണ്ണിന്റെ മാറ്റു കണ്ടു/ മധുരാംഗി പാടിയ കവിതകളിൽ/ മലയാളമണ്ണിന്റെ മഹിമ കണ്ടു...’’

അടുത്ത ഗാനം എൽ.ആർ. ഈശ്വരി പാടിയെന്നാണ് ഓർമ. അതൊരു നൃത്തഗാനമാണ്. ‘‘ഒമർഖയാമിന്റെ നാട്ടുകാരി/ ഓമനസ്വപ്നത്തിൻ കൂട്ടുകാരി/ ഓരോ രാവിലുമുണരും മുരളി/ ഓരോ സിരയിലുമലിയും ലഹരി’’ ഇങ്ങനെയാണ് പല്ലവി. ആദ്യചരണം താഴെ കൊടുക്കുന്നു:

‘‘പ്രണയവികാരത്തിൻ പ്രമദവനങ്ങളിൽ/ പ്രിയ ഭൃംഗങ്ങളെ വളർത്തി -ഞാൻ/ പ്രിയ ഭൃംഗങ്ങളെ വളർത്തി/ മാദകയൗവന നാടകശാലയിൽ/ മായാജാലങ്ങൾ പകർത്തി/ വരുവാൻ വൈകിയതെന്തേ നീയീ/ വസന്തവനമേള കാണാൻ...’’

ഈ പാട്ടുകളുടെ ഗ്രാമഫോൺ ഡിസ്ക് ഇറങ്ങിയോ എന്ന് സംശയമുണ്ട്. 1972 ആഗസ്റ്റ് 11ന് പുറത്തുവന്ന ‘തോറ്റില്ല’ എന്ന ചിത്രത്തിൽ കൊട്ടാരക്കര ശ്രീധരൻ നായർ, ആറന്മുള പൊന്നമ്മ, പങ്കജവല്ലി, ആലുമ്മൂടൻ തുടങ്ങിയ നടീനടന്മാരും അഭിനയിച്ചിരുന്നു. ഈ ചിത്രം തുടങ്ങുമ്പോൾ ചിത്രത്തിന്റെ പേര് മറ്റെന്തോ ആയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാൽ ഷൂട്ടിങ് മുടങ്ങി. ഏറെനാൾ കഴിഞ്ഞ് ഷൂട്ടിങ് പുനരാരംഭിച്ചപ്പോഴാണ് ചിത്രത്തിന്റെ പേര് ‘തോറ്റില്ല’ എന്ന് മാറ്റിയത്.

നായകനായി പ്രേംനസീറിനെ അംഗീകരിച്ച് സ്വന്തമാക്കിയ മലയാളികൾ എന്തുകൊണ്ടോ സഹോദരനും സുന്ദരനുമായ പ്രേംനവാസിന് ആ പദവി നൽകിയില്ല. പി. കർമചന്ദ്രന് പിന്നീട് സിനിമ സംവിധാനം ചെയ്യാൻ സാധിച്ചില്ല. പി. കർമചന്ദ്രന്റെ പിതാവായ കൈനിക്കര പത്മനാഭപിള്ളയുടെ അനുജൻ കൈനിക്കര മാധവൻ പിള്ളയുടെ മകളാണ് പ്രശസ്ത നടിയും ഇന്ദ്രജിത്ത്-പൃഥ്വിരാജ് സഹോദരന്മാരുടെ അമ്മയുമായ മല്ലിക സുകുമാരൻ.

(തുടരും)

News Summary - weekly sangeetha yathrakal