Begin typing your search above and press return to search.
proflie-avatar
Login

സുഗതകുമാരി എന്ന ഗാനരചയിതാവ്

സുഗതകുമാരി എന്ന   ഗാനരചയിതാവ്
cancel

‘കളിപ്പാവ’ എന്ന ഒരേയൊരു സിനിമയിൽ മാത്രമാണ് സുഗതകുമാരി പാട്ടുകൾ എഴുതിയത്. എ.ബി. രാജിന്റെ സംവിധാനത്തിൽ മദ്രാസിലെ ഹോട്ടലുടമയായിരുന്ന പന്തിയിൽ ശ്രീധരൻ നിർമിച്ച ‘കളിപ്പാവ’ എന്ന ചിത്രത്തിൽ മാത്രം. ഈ ചിത്രത്തിലേക്ക് സുഗതകുമാരിയെ ക്ഷണിച്ചത് നിർമാതാവിന്റെ ഭാര്യയായ കവിയൂർ സി.കെ. രേവമ്മയും –പിന്നണി ഗാനങ്ങളിലൂടെയുള്ള യാത്ര തുടരുന്നു.സംഗീതാത്മകവും താളനിബദ്ധവുമാണ് സുഗതകുമാരിയുടെ എല്ലാ കവിതകളും. ‘രാത്രിമഴ’, ‘അമ്പലമണി’, ‘കൃഷ്ണ, നീയെന്നെയറിയില്ല’, ‘ഒരു പാട്ടു പിന്നെയും, ‘ഒറ്റയ്ക്ക്’, ‘പെൺകുഞ്ഞ്’ തുടങ്ങിയുള്ള അവരുടെ പല കവിതകളും ആലാപനത്തിലൂടെ പ്രശസ്തി നേടിയിട്ടുമുണ്ട്. ആ നിലക്ക് ഗാനരചയിതാവ് എന്ന...

Your Subscription Supports Independent Journalism

View Plans
‘കളിപ്പാവ’ എന്ന ഒരേയൊരു സിനിമയിൽ മാത്രമാണ് സുഗതകുമാരി പാട്ടുകൾ എഴുതിയത്. എ.ബി. രാജിന്റെ സംവിധാനത്തിൽ മദ്രാസിലെ ഹോട്ടലുടമയായിരുന്ന പന്തിയിൽ ശ്രീധരൻ നിർമിച്ച ‘കളിപ്പാവ’ എന്ന ചിത്രത്തിൽ മാത്രം. ഈ ചിത്രത്തിലേക്ക് സുഗതകുമാരിയെ ക്ഷണിച്ചത് നിർമാതാവിന്റെ ഭാര്യയായ കവിയൂർ സി.കെ. രേവമ്മയും –പിന്നണി ഗാനങ്ങളിലൂടെയുള്ള യാത്ര തുടരുന്നു.

സംഗീതാത്മകവും താളനിബദ്ധവുമാണ് സുഗതകുമാരിയുടെ എല്ലാ കവിതകളും. ‘രാത്രിമഴ’, ‘അമ്പലമണി’, ‘കൃഷ്ണ, നീയെന്നെയറിയില്ല’, ‘ഒരു പാട്ടു പിന്നെയും, ‘ഒറ്റയ്ക്ക്’, ‘പെൺകുഞ്ഞ്’ തുടങ്ങിയുള്ള അവരുടെ പല കവിതകളും ആലാപനത്തിലൂടെ പ്രശസ്തി നേടിയിട്ടുമുണ്ട്. ആ നിലക്ക് ഗാനരചയിതാവ് എന്ന നിലയിലും അവർ വിജയിക്കാൻ സാധ്യത ഏറെയാണ്. എന്നിട്ടും എന്തുകൊണ്ടോ അവർക്കു നാടകരംഗത്തും സിനിമാരംഗത്തും പാട്ടുകളെഴുതാൻ വേണ്ടത്ര അവസരം ലഭിച്ചില്ല.

‘കളിപ്പാവ’ എന്ന ഒരേയൊരു സിനിമയിൽ മാത്രമാണ് സുഗതകുമാരി പാട്ടുകൾ എഴുതിയത്. എ.ബി. രാജിന്റെ സംവിധാനത്തിൽ മദ്രാസിലെ ഹോട്ടലുടമയായിരുന്ന പന്തിയിൽ ശ്രീധരൻ നിർമിച്ച ‘കളിപ്പാവ’ എന്ന ചിത്രത്തിൽ മാത്രം. ഈ ചിത്രത്തിലേക്ക് സുഗതകുമാരിയെ ക്ഷണിച്ചത് നിർമാതാവിന്റെ ഭാര്യയായ കവിയൂർ സി.കെ. രേവമ്മയും.

മലയാള സിനിമയിലെ ആദ്യകാല പിന്നണി ഗായികയായ കവിയൂർ സി.കെ. രേവമ്മയെക്കുറിച്ച് ആദ്യത്തെ അധ്യായങ്ങളിൽ വിശദമായി പറഞ്ഞിട്ടുണ്ട്. പി. സുശീലയുടെയും എസ്. ജാനകിയുടെയും വരവോടെ മലയാളത്തിൽ പി. ലീലക്കു പോലും അവസരങ്ങൾ കുറയുന്നു എന്ന സത്യം മനസ്സിലാക്കി രേവമ്മയുടെ പിതാവ് മകളെ ഉപരിപഠനത്തിനയച്ചു, മാസ്റ്റർ ബിരുദം നേടി അവർ അക്കാദമിക് രംഗത്ത് ഉയർന്ന നിലയിലെത്തി.

വ്യവസായിയും സമ്പന്നനുമായ പന്തിയിൽ ശ്രീധരന്റെ ഭാര്യയുമായി. ഭർത്താവ് നിർമിക്കുന്ന സിനിമയിൽ തന്റെ സുഹൃത്ത് കൂടിയായ സുഗതകുമാരി ഗാനങ്ങളെഴുതണമെന്നത് ഗായികയായ സി.കെ. രേവമ്മയുടെ മോഹമായിരുന്നു. ശ്രീലങ്കൻ ഭാഷയിൽ ചിത്രങ്ങൾ സംവിധാനംചെയ്തുകൊണ്ടിരുന്ന മലയാളിയായ ആന്റണി ഭാസ്കർ രാജ് എന്ന എ.ബി. രാജ് ഇന്ത്യയിലെത്തിയ ശേഷം മലയാളത്തിൽ സംവിധാനംചെയ്ത ആദ്യത്തെ സിനിമയാണ് പന്തിയിൽ ഫിലിംസിന്റെ ‘കളിപ്പാവ.’

 

ആലപ്പി ഷെരീഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. ഹരിഹരൻ ആയിരുന്നു അസോസി​േയറ്റ് ഡയറക്ടർ. ഈ സിനിമയുടെ മറ്റൊരു പ്രത്യേകത ഐ.വി. ശശി ഈ ചിത്രത്തിന്റെ കലാസംവിധായകൻ ആയിരുന്നു എന്നതാണ്. സത്യൻ, അംബിക, വിജയനിർമല, കെ.പി. ഉമ്മർ, തിക്കുറിശ്ശി സുകുമാരൻ നായർ, കവിയൂർ പൊന്നമ്മ, അടൂർ ഭാസി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു. സുഗതകുമാരി എഴുതിയ നാല് ഗാനങ്ങൾ ‘കളിപ്പാവ’യിൽ ഉണ്ടായിരുന്നു. ബി.എ. ചിദംബരനാഥ് ആയിരുന്നു സംഗീതസംവിധായകൻ.

ഡോ. എം. ബാലമുരളീകൃഷ്ണ, എസ്. ജാനകി, ബി. വസന്ത എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. പിന്നണിഗായകരുടെ കൂട്ടത്തിൽ യേശുദാസ് ഇല്ലാതിരുന്നത് അക്കാലത്ത് സ്വാഭാവികമായും സംസാരവിഷയമായിരുന്നു. ചിദംബരനാഥ് ഈണം പകർന്ന ഹിറ്റ് ഗാനങ്ങളെല്ലാം യേശുദാസ് ആണല്ലോ പാടിയിട്ടുള്ളത് (‘‘കരയുന്നോ പുഴ ചിരിക്കുന്നോ’’, ‘‘കുങ്കുമപ്പൂവുകൾ പൂത്തു എന്റെ തങ്കക്കിനാവിൻ താഴ്വരയിൽ’’, ‘‘സുറുമ നല്ല സുറുമ’’, ‘‘പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ’’... തുടങ്ങിയ പാട്ടുകൾ ഓർമിക്കുക).

ബാലമുരളീകൃഷ്ണയും എസ്. ജാനകിയും ചേർന്നു പാടിയ ‘‘നീലനീല വാനമതാ വാരിധിപോലെ അനന്തമായ്...’’ എന്ന ഗാനം രചനകൊണ്ടും ഈണംകൊണ്ടും മികച്ചതായി. ബാലമുരളീകൃഷ്ണയുടെ ഉച്ചാരണത്തിൽ വന്ന അപാകതകൾ വിസ്മരിക്കാതെയാണ് ഇങ്ങനെ പറയുന്നത്.

‘‘നീലനീല വാനമതാ/ വാരിധിപോലെ അനന്തമായ്/ ചേലേഴുന്നൊരു മേഘമതാ/ ലോല മേഘ തരംഗമായ്/ നീലനീല വാനമതാ.../ തെളിമഞ്ഞലിയും താഴ്വര മേലേ/ഇളവെയിൽ കുഞ്ഞല പോലെ/ ഇളവെയിലേൽക്കെ തളരും മുല്ലകൾ/ ഒരു മണിമുത്തൊളി നീളേ...’’

ഗാനത്തിന്റെ അവസാന വരികൾ ലളിതവും ആകർഷകവുമാണ്: ‘‘എന്റെ കൺകളിൽ ഈ മുഖം മാത്രം/ എന്റെ ചിന്തയിൽ ഈ മുഖം മാത്രം/ പ്രേമാസക്തമാം എന്റെ ആത്മാവിൽ/ ഓമനേ നിന്റെയീ മുഖം മാത്രം...’’

 

ബാലമുരളീകൃഷ്ണ,എം.ബി. ശ്രീനിവാസൻ

ബാലമുരളീകൃഷ്ണ,എം.ബി. ശ്രീനിവാസൻ

എസ്. ജാനകി പാടിയ ‘‘ഓളം കുഞ്ഞോളം...’’ എന്ന പാട്ട് പെട്ടെന്ന് ഏറ്റുപാടാൻ പാകത്തിലുള്ളതാണ്. ‘‘ഓളം കുഞ്ഞോളം ഓണനിലാവോളം/ ഓളക്കൈകളിൽ താലോലമാടും താമരയല്ലേ നീ.../ താമരയല്ലേ നീ -താളം ചേർന്നാടൂ...’’ എന്ന് പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘ഓണനിലാവൊഴുകി വരും രാവുകൾ തോറും/ ഓളമെഴും കാറ്റിളകും ചില്ലകൾ തോറും/ ചിറകിളക്കി പാട്ടുപാടിയാടിയിരിക്കും/ നറുമലർപോൽ അഴകിയലും കുരുവിയല്ലേ നീ...’’

എസ്. ജാനകി പാടിയ മറ്റൊരു ഗാനം ‘‘താമരപ്പൂവേ...’’ എന്ന് തുടങ്ങുന്നു. ‘‘കടലും മലയും കടന്ന് -ഒരു/ കരളിൻ തുടിപ്പുകൾ വരവായ്/ വിരിയും മുകിൽനിരകൾ സദയമേകിയ/ കുളിർച്ചിറകേറി പറന്നിതാ വരവായ്...’’ എന്ന ഗാനം പാടിയത് ബി. വസന്തയാണ്.

‘‘നീലനീല വാനമതാ വാരിധിപോലെ അനന്തമായ്’’ എന്ന ഗാനം സംഗീതപ്രിയരുടെ അംഗീകാരം നേടി. എന്നാൽ, ഈ പാട്ടിന്റെ രചയിതാവ് സുഗതകുമാരിയാണെന്ന് പലർക്കും അറിയില്ല എന്ന ദുഃഖസത്യവും പറയാതെ വയ്യ. ഒരിക്കൽ ഈ ലേഖകൻ സുഗതചേച്ചിയോട് ചോദിച്ചു, ‘‘എന്തുകൊണ്ടാണ് ‘കളിപ്പാവ’ക്കു ശേഷം സിനിമക്ക് പാട്ടെഴുതാതിരുന്നത്..? സിനിമാഗാനമെഴുതിയാൽ കവി എന്ന നിലയിലുള്ള അംഗീകാരം കുറയുമെന്ന് ഭയന്നാണോ..?’’

അവർ ചിരിച്ചുകൊണ്ട് പറഞ്ഞു: ‘‘ഒരിക്കലുമല്ല തമ്പി. ‘കളിപ്പാവ’ക്കു ശേഷം പാട്ടെഴുതാൻ എന്നെ ആരും വിളിച്ചില്ല’’ എന്ന്. എത്ര സത്യസന്ധമായ മറുപടി!

1972 മേയ് ഇരുപത്തെട്ടിന് തിയറ്ററുകളിൽ എത്തിയ ‘കളിപ്പാവ’ ഭേദപ്പെട്ട കുടുംബചിത്രമായിരുന്നു. ഏതായാലും നിർമാതാവായ പന്തിയിൽ ശ്രീധരൻ പിന്നീട് സിനിമ നിർമിച്ചില്ല. എന്നാൽ ‘കളിപ്പാവ’ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ എ.ബി. രാജ് നല്ല ടെക്‌നീഷ്യൻ എന്ന് പേരെടുത്തു.

 

ബ്രഹ്മാനന്ദൻ,കവിയൂർ സി​.കെ. രേവമ്മ

ബ്രഹ്മാനന്ദൻ,കവിയൂർ സി​.കെ. രേവമ്മ

കെ.പി കൊട്ടാരക്കരയുടെ ആക്ഷൻ-കോമഡി ചിത്രമായ ‘സംഭവാമി യുഗേയുഗേ’ എ.ബി. രാജ് ആണ് സംവിധാനംചെയ്തത്. സ്ഥിരമായി സിനിമകൾ നിർമിക്കുന്ന എഴുത്തുകാരൻ കൂടിയായ കെ.പി കൊട്ടാരക്കരയുടെ സിനിമയിൽ അവസരം ലഭിച്ചതോടെ കമേഴ്‌സ്യൽ സിനിമാരംഗത്ത് എ.ബി. രാജ് അംഗീകാരം നേടി എന്നു പറയാം. ഈ സിനിമയുടെ നിലവാരത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാം. പക്ഷേ, ചിത്രം വമ്പിച്ച കലക്ഷൻ നേടി. എം. കൃഷ്ണൻ നായർ, ശശികുമാർ എന്നീ സംവിധായകരുടെ പിന്നിൽ എ.ബി. രാജ് അങ്ങനെ ഇടംനേടിയെടുത്തു.

കെ.പി കൊട്ടാരക്കരയുടെ എല്ലാ സിനിമകൾക്കും അദ്ദേഹംതന്നെയാണ് രചന നിർവഹിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് സംഗീതം നൽകി. ഇവരുടെ സൃഷ്ടിയിൽ യേശുദാസ് പാടിയ ‘‘ഭഗവാൻ ഭഗവദ്ഗീതയിൽ പാടി സംഭവാമി യുഗേ യുഗേ...’’ എന്ന സൂപ്പർഹിറ്റ് ഗാനം തന്നെയാണ് പാട്ടുകളിൽ ഒന്നാംസ്ഥാനത്ത്. യേശുദാസും സുശീല ദേവിയും പാടിയ ‘‘മൂക്കില്ലാ രാജ്യത്തെ രാജാവിന് മൂക്കിന്റെ തുമ്പത്ത് കോപം’’ എന്ന യുഗ്മഗാനവും ജനങ്ങൾ ഇഷ്ടപ്പെട്ടു. (ഗാനരചയിതാവ് ബിച്ചു തിരുമലയുടെ സഹോദരിയാണ് -സുശീലാദേവി.)

‘‘മൂക്കില്ലാ രാജ്യത്തെ രാജാവിന്/ മൂക്കിന്റെ തുമ്പത്ത് കോപം -മുറി/ മൂക്കിന്റെ തുമ്പത്ത് കോപം/ ഇണങ്ങുമ്പോൾ അവനൊരു മാൻകുട്ടി/ പിണങ്ങുമ്പോൾ കലിവന്ന പുലിക്കുട്ടി’’ എന്ന് ഗായിക പാടുമ്പോൾ ഗായകൻ പാടുന്ന വരികൾ ഇങ്ങനെ: ‘‘പേരില്ലാ രാജ്യത്തെ രാജകുമാരിക്ക്/ മേനകയാണെന്ന ഭാവം -ഒരു/ മേനകയാണെന്ന ഭാവം/ അടുത്താലകലും കനവുപോലെ/ അകന്നാൽ അടുക്കും നിഴലുപോലെ/ എല്ലാം മായാജാലം...’’ എന്ന് തുടങ്ങുന്ന ഗാനം യേശുദാസും ജയചന്ദ്രനും ചേർന്നാണ് പാടിയത്. ഇത് ഹാസ്യരസപ്രധാനമായ പാട്ടാണ്.

‘‘എല്ലാം മായാജാലം/ ഏടലർ മിഴിയുടെ കാലം/ സുന്ദരിമാരും പ്രേമതീർഥവും/ നന്ദകുമാരഹരേ...’’ ഒരാൾ ശിഷ്യാ എന്ന് വിളിക്കുന്നു അടുത്തയാൾ സ്വാമീ എന്ന് തിരിച്ചു വിളിക്കുന്നു.

‘‘കാളിന്ദി നദി നീന്തൽക്കുളമായ്/ കാമദേവനോ കരയിലിരിപ്പായ്/ ആശകളെങ്ങനെ കരളിലൊതുക്കും/ ആനന്ദരൂപഹരേ...ഹരേ...നന്ദകുമാരഹരേ...’’ ജയചന്ദ്രൻ പാടിയ ‘‘അമ്മയല്ലാതൊരു ദൈവമുണ്ടോ’’ എന്ന പ്രശസ്ത ഗാനവും ഈ സിനിമയിലുള്ളതാണ്.

‘‘അമ്മയല്ലാതൊരു ദൈവമുണ്ടോ/ അതിലും വലിയൊരു കോവിലുണ്ടോ/ കാലം മറക്കാത്ത ത്യാഗമല്ലേ... -അമ്മ/ കാണപ്പെടുന്നതാം ദൈവമല്ലേ..? അമ്മേ...അമ്മേ...അമ്മേ...’’

തികച്ചും പ്രാധാന്യമർഹിക്കുന്ന ഈ ഗാനംപോലും ഹാസ്യരൂപത്തിൽ ചിത്രീകരിക്കുകയും ഗാനത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുകയുംചെയ്തു, കൊച്ചുകുട്ടി കരയുന്ന ശബ്ദം മിക്സ് ചെയ്തു. കുട്ടിയുടെ ഭാവരൂപങ്ങളോടെ നായകനായ പ്രേംനസീർ തൊട്ടിലിൽ കിടന്നു കരയുന്ന രീതിയിലായിരുന്നു ഗാനം ചിത്രീകരിച്ചത്. ഈ പാട്ടിൽ കൊച്ചുകുഞ്ഞിന്റെ ശബ്ദം നൽകിയത് നടനും ഗായകനുമായ പട്ടംസദൻ ആണ്. ഗാനം ഇങ്ങനെ അവസാനിക്കുന്നു:

 

പാറപ്പുറത്ത്,എസ്. ജാനകി

പാറപ്പുറത്ത്,എസ്. ജാനകി

‘‘സർവവും മറക്കും കോടതിയമ്മ/ സത്യപ്രഭ തൻ സന്നിധിയമ്മ/ സ്നേഹസാരം നീ തന്നെയല്ലേ/ സേവനഭാവം നിൻ പ്രാണനല്ലേ.../ അമ്മേ... അമ്മേ... അമ്മേ...’’ ജയചന്ദ്രനും ബ്രഹ്മാനന്ദനും ചേർന്നു പാടിയ ‘‘തുടുതുടെ തുടിക്കുന്നു ഹൃദയം’’ എന്ന ഗാനമാണ് ഇനിയൊന്ന്.

‘‘തുടുതുടെ തുടിക്കുന്നു ഹൃദയം -ആഹാ/ കുടുകുടെ ചിരിക്കുന്നിതധരം/ കൊടിമലരണിയുന്നു മോഹം/ കോരിത്തരിക്കുന്നു ദേഹം/ രോഗം ഇത് രോഗം -അയ്യോ/ പ്രേമമെന്നാണിതിൻ നാമം.../ തെളുതെളെ തിളങ്ങുന്ന കവിളിൽ - ആ/ വിരിയുന്ന നുണക്കുഴിയിതളിൽ/ അറിയാതെ നിറയും കുളിരിൽ/ അലിയാൻ വരുമോ മലരേ..?/ ദാഹം -ഇത് ദാഹം -അയ്യോ/ കാമമെന്നാണിതിൻ നാമം.’’ ജയചന്ദ്രൻ, പി. ലീല, എം.എസ്. ബാബുരാജ് എന്നിവർ ചേർന്ന് പാടിയ ‘‘നാടോടി മന്നന്റെ പട്ടാഭിഷേകം/ നാട്ടുകാർക്കെല്ലാർക്കും പൂത്തിരുവോണം/ അഭിനന്ദനങ്ങളാൽ പാലഭിഷേകം/ അഭിവാദങ്ങളാൽ തേനഭിഷേകം.’’ ഈ ഗാനത്തിൽ പരിഹാസഭാവം തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്.

വില്ലന്റെ മേൽ നായകനും നായികയും ചേർന്ന് നടത്തുന്ന വ്യാജസ്തുതിയാണ് ഗാനത്തിൽ നിറയുന്നത്.

‘‘ആ...ആ...ആ.../പുരുഷന്റെ ഭാഗ്യവും പെണ്ണിന്റെ മനസ്സും/ കാറ്റിന്റെ നിഴലും കണ്ടവരുണ്ടോ?/ ഓടയിൽനിന്നവൻ മേടയിലേറും/ മേടയിൽനിന്നവൻ ഓടയിൽ വീഴും/കൈ വന്ന ഭാഗ്യത്തിൽ തന്നെ മറന്നാൽ/ കാലമാം ദേവൻ മാപ്പുതരില്ല...’’ ഏറക്കുറെ ഒരു ഖവാലി ഗാനത്തിന്റെ രീതിയിലാണ് ഈ ഗാനത്തിന്റെ ഈണം ബാബുരാജ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

1972 ജൂൺ 20ന്‌ തിയറ്ററുകളിലെത്തിയ ‘സംഭവാമി യുഗേ യുഗേ’ സാമ്പത്തികമായി വൻവിജയം നേടി. അമ്മ പ്രൊഡക്ഷൻസ് നിർമിച്ച് കെ. വിജയൻ സംവിധാനം ചെയ്ത ‘ഇനിയൊരു ജന്മം തരൂ’ എന്ന സിനിമ 1972 ജൂൺ 23ന് റിലീസ് ആയി. ഈ ചിത്രത്തിൽ മധു ആയിരുന്നു നായകൻ. ജയഭാരതി നായികയും. അടൂർ ഭാസി, വീരൻ, ഫിലോമിന, പറവൂർ ഭരതൻ, ശാന്താദേവി, സി.എ. ബാലൻ തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.

പാറപ്പുറത്ത് തിരക്കഥയും സംഭാഷണവും രചിച്ചു. വയലാറിന്റെ ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ സംഗീതം നൽകി. യേശുദാസ്, പി.ബി. ശ്രീനിവാസ്, എസ്. ജാനകി എന്നീ മൂന്നു ഗായകർ മാത്രമേ ഈ സിനിമയിൽ പാടിയിട്ടുള്ളൂ. ആകെയുള്ള ആറു പാട്ടുകളിൽ നാലെണ്ണത്തിനും ശബ്ദം നൽകിയത് യേശുദാസ് ആണ്.

‘‘കന്മദം മണക്കും കാറ്റിൽ പൂക്കുമൊ-/രുന്മാദിനിപുഷ്പമേ പുഷ്പമേ/ ഉന്മാദിനീപുഷ്പമേ/ നിന്റെ മന്ദസ്മിതത്തിൻ/ഇതൾപൊതിക്കുള്ളിലെ/ മായാപരാഗം എനിക്കല്ലേ.../ നിശാന്തകാമുകൻ നൽകിയതോ/ ഇളം നിലാവ് നൽകിയതോ/ നിൻ മാർ നിറയുമീ സൗരഭ്യം/ ഞാനതു വാരിവാരി പൂശും/ വസന്തമാകട്ടെ...’’

യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ‘‘മാംസപുഷ്പം വിരിഞ്ഞു’’ എന്നാരംഭിക്കുന്നു. ‘‘മാംസപുഷ്പം വിരിഞ്ഞു -ഒരു/ മാദകഗന്ധം പരന്നു/ ആരാമ മേനകേ നീയെന്തിനാ വസന്താരംഭപുഷ്പത്തെ/ തെരുവിൽ വിട്ടു..? തെരുവിൽ വിട്ടു?/ കൗമാരം കഴിഞ്ഞപ്പോൾ നീലിമ കൂടിയ/ കന്നിയിതൾമിഴിയിൽ/ ആയിരം വിരലുകളാൽ അഞ്ജനമെഴുതുവാൻ അനുവദിക്കരുതായിരുന്നു -നീ അനുവദിക്കരുതായിരുന്നു...’’

എന്നിങ്ങനെ തുടരുന്ന വരികളിൽനിന്നും സാഹചര്യങ്ങൾ മൂലം വഴിതെറ്റിപ്പോയ ഒരു സ്ത്രീയാണ് ഈ ചിത്രത്തിലെ നായിക എന്ന് വ്യക്തമാകുന്നു.

‘‘ശബ്ദസാഗര നന്ദിനിമാരേ സപ്തസ്വര സഖിമാരേ/ ഒരു ചുംബനത്താൽ ആ നഖലാളനത്താൽ/ ഉണർത്തൂ നിങ്ങളുണർത്തൂ/ എന്നെ പൊന്നോടക്കുഴലാക്കൂ...’’ എന്ന് തുടങ്ങുന്ന പാട്ടും യേശുദാസ് ആണ് പാടിയത്. കൂടെ എസ്. ജാനകിയും പാടുന്നു. ചരണം ഇങ്ങനെ: ‘‘ആര്യപഥങ്ങളിൽ അമൃതം തൂകിയ/ സൂര്യഗായത്രികളിൽ -ആ/ കാവ്യകൈരളി പാടിയാടിയ/ കഥകളിപ്പദങ്ങളിൽ/ കാൺമൂ ഞാൻ നിങ്ങൾ വിടർത്തും/ കനക കമലങ്ങൾ...’’

 

അടുത്ത ചരണത്തിൽ ഷഡ്കാല ഗോവിന്ദമാരാരെക്കുറിച്ചും ത്യാഗരാജ സ്വാമികളെക്കുറിച്ചുമൊക്കെ സൂചിപ്പിക്കുന്നുണ്ട്. യേശുദാസ് പാടിയ നാലാമത്തെ ഗാനം ‘‘സ്വാഗതം സ്വാഗതം സ്വപ്നസഖീ’’ എന്ന് തുടങ്ങുന്നു. ‘‘സ്വാഗതം സ്വാഗതം സ്വപ്നസഖീ/ സ്വപ്നസഖീ സ്വാഗതം/ ഈ സ്വർഗീയ നിമിഷപ്പൂ വിടരുന്നത്/ നമുക്കുവേണ്ടി ആഹാ നമുക്കു വേണ്ടി.../ ഇതിന്റെയിതളിലെ നിറമധു നുകരൂ/ ഈ രാത്രി കൂടെ വരൂ/ തുറന്നുവക്കാം ഞാൻ/ ശയ്യാമുറിയുടെ കിളിവാതിൽ/ എന്നോടൊത്തൊരു നൃത്തംവക്കാൻ വരൂ നീ/ എന്നെക്കൊണ്ടൊരു മുത്തണിയിക്കാൻ വരൂ നീ.’’

‘‘അരളി തുളസി രാജമല്ലി’’ എന്ന് തുടങ്ങുന്ന ഗാനം എസ്. ജാനകിയാണ് പാടിയത്. ‘‘അരളി തുളസി രാജമല്ലി/ അരമണി ചാർത്തിയ മുല്ലവള്ളി/ വസന്തത്തിൻ നന്ദിനികൾ -നിങ്ങൾ/ വസുമതി വളർത്തും സുന്ദരികൾ...’’

പി.ബി. ശ്രീനിവാസ് പാടിയ ക്രിസ്ത്യൻ ഭക്തിഗാനവും മോശമായിരുന്നില്ല. ‘‘അത്യുന്നതങ്ങളിലിരിക്കും ദൈവമേ...’’ എന്നാണു ഈ പ്രാർഥന തുടങ്ങുന്നത്. ആറു ഗാനങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. പക്ഷേ, ശ്രോതാക്കൾക്ക് ഏറ്റുപാടാൻ അനുയോജ്യമായ എത്ര ഗാനങ്ങൾ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടും. വർഷങ്ങൾക്കു മുമ്പ് ‘കണ്ണും കരളും’ എന്ന സിനിമക്കു വേണ്ടി വയലാറും എം.ബി. ശ്രീനിവാസനും ചേർന്നൊരുക്കിയ ഗാനങ്ങൾ എത്ര ഉന്നതങ്ങളായിരുന്നു എന്ന് നാം ഓർമിക്കും. വലിയ പ്രതിഭാശാലികൾക്കും വിജയം ആവർത്തിച്ചുകൊണ്ടേയിരിക്കുക സാധ്യമല്ലല്ലോ.

(തുടരും)

News Summary - weekly sangeetha yathrakal