Begin typing your search above and press return to search.
proflie-avatar
Login

ബ്രഹ്മാനന്ദന്റെ സൂപ്പർഹിറ്റ് ഗാനം

ബ്രഹ്മാനന്ദന്റെ സൂപ്പർഹിറ്റ് ഗാനം
cancel

‘‘പ്രേംനസീർ നായകനാകുന്ന ആക്ഷൻ ചിത്രങ്ങൾക്ക് അക്കാലത്ത് വിജയം സുനിശ്ചിതമായിരുന്നു. രണ്ടോ മൂന്നോ ഹിറ്റ് ഗാനങ്ങൾ കൂടിയുണ്ടെങ്കിൽ പിന്നെ പറയാനുമില്ല. ‘സി.ഐ.ഡി നസീർ’ വിജയിച്ചതോടെ അതേരീതിയിൽ ഒരു ചിത്രപരമ്പരതന്നെ നിർമിക്കാൻ വേണു തീരുമാനിക്കുകയായിരുന്നു. ആ പരമ്പരയിൽപെട്ട ചിത്രമാണ് ‘ടാക്സി കാർ’ ’’ -സംഗീതയാത്രകളിൽ ഇത്തവണ ‘പ്രൊഫസ്സർ’, ‘പ്രീതി’, ‘ടാക്​സി കാർ’ തുടങ്ങിയ സിനിമകളിലെ പാട്ടിനെക്കുറിച്ച്​ എഴുതുന്നു.പി. സുബ്രഹ്മണ്യം സംവിധാനംചെയ്ത ‘പ്രൊഫസ്സർ’ എന്ന നീലാ പ്രൊഡക്ഷൻസ് സിനിമയിൽ തമിഴ് നടനായ ജമിനി ഗണേശൻ ആയിരുന്നു നായകൻ. ശാരദയും വിജയശ്രീയും ശാന്തിയും പ്രധാന സ്ത്രീകഥാപാത്രങ്ങളെ...

Your Subscription Supports Independent Journalism

View Plans

‘‘പ്രേംനസീർ നായകനാകുന്ന ആക്ഷൻ ചിത്രങ്ങൾക്ക് അക്കാലത്ത് വിജയം സുനിശ്ചിതമായിരുന്നു. രണ്ടോ മൂന്നോ ഹിറ്റ് ഗാനങ്ങൾ കൂടിയുണ്ടെങ്കിൽ പിന്നെ പറയാനുമില്ല. ‘സി.ഐ.ഡി നസീർ’ വിജയിച്ചതോടെ അതേരീതിയിൽ ഒരു ചിത്രപരമ്പരതന്നെ നിർമിക്കാൻ വേണു തീരുമാനിക്കുകയായിരുന്നു. ആ പരമ്പരയിൽപെട്ട ചിത്രമാണ് ‘ടാക്സി കാർ’ ’’ -സംഗീതയാത്രകളിൽ ഇത്തവണ ‘പ്രൊഫസ്സർ’, ‘പ്രീതി’, ‘ടാക്​സി കാർ’ തുടങ്ങിയ സിനിമകളിലെ പാട്ടിനെക്കുറിച്ച്​ എഴുതുന്നു.

പി. സുബ്രഹ്മണ്യം സംവിധാനംചെയ്ത ‘പ്രൊഫസ്സർ’ എന്ന നീലാ പ്രൊഡക്ഷൻസ് സിനിമയിൽ തമിഴ് നടനായ ജമിനി ഗണേശൻ ആയിരുന്നു നായകൻ. ശാരദയും വിജയശ്രീയും ശാന്തിയും പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിക്കുറിശ്ശി സുകുമാരൻ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, ടി.കെ. ബാലചന്ദ്രൻ, ബഹദൂർ, ആലുമ്മൂടൻ, ബേബി സുമതി, ബേബി രാജശ്രീ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ടായിരുന്നു. വയലാർ-ദേവരാജൻ ടീമാണ് സംഗീതവിഭാഗം കൈകാര്യംചെയ്തത്. യേശുദാസ്, പി. ലീല, മാധുരി എന്നിവർ പാട്ടുകൾ പാടി. യേശുദാസ് പാടിയത് ‘‘ആരാധനാവിഗ്രഹമേ...’’ എന്നു തുടങ്ങുന്ന പാട്ടാണ്.

‘‘ആരാധനാവിഗ്രഹമേ... അഞ്ജനവിഗ്രഹമേ... ദേവാലയത്തിലിരുന്നപ്പോൾ നീ ആരായിരുന്നു..?’’ എന്നാരംഭിക്കുന്ന ഈ ഗാനം സന്ദർഭവുമായി ഇണങ്ങിച്ചേരുന്നുണ്ട്. ആരാധ്യനും നന്മയുടെ പ്രതീകവുമായ ഒരു പ്രഫസർ താരതമ്യേന പ്രായം കുറഞ്ഞ ഒരു യുവതിയുമായി ബന്ധപ്പെട്ട് അപവാദച്ചുഴിയിൽ വീഴുന്നതാണ് കഥാമുഹൂർത്തം. ഗാനം ഇങ്ങനെ തുടരുന്നു: ‘‘വഴിയിൽ, പെരുവഴിയിൽ/ നിന്നെയെറിഞ്ഞതു വിധിയോ കാലമോ.../ ജ്ഞാനക്കണ്ണു തുറക്കാനറിയാത്ത/ ഞാനെന്ന ഭാവങ്ങളോ/ പൂജാരികളെവിടെ, ഇന്നു നിൻ/ പൊന്നമ്പലമെവിടെ..?’’

പി. ലീലയും സംഘവും പാടിയ ഒരു ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘കന്യാകുമാരിക്കടപ്പുറത്ത് / സന്ധ്യ മയങ്ങും കടപ്പുറത്ത് -ഒരു/സ്വർണമഞ്ചൽ താണു പറന്നുപോൽ -അതിൽ/ ഇന്ദ്രജാലക്കാരൻ വന്നുപോൽ...’’ ഇത്രയും പാടിക്കഴിയുമ്പോൾ ഒരു പെൺകുട്ടിയുടെ ചോദ്യം. ‘‘എന്നാണമ്മേ...എന്നാണ്?’’ അപ്പോൾ ഉത്തരം –‘‘പണ്ടു പണ്ട്.’’ ഗാനത്തിലുടനീളം കുട്ടിയുടെ ചോദ്യങ്ങളും ഗായികയുടെ ഉത്തരങ്ങളുമുണ്ട്. തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘കൺപുരികക്കൊടി ചലിച്ചപ്പോൾ/കൈ, മയിൽ‌പീലി ഉഴിഞ്ഞപ്പോൾ/ കടലൊരു കണ്ണാടിപ്പലകയായി/ കാർത്തിക താരവിളക്കായി –ഒരു/ കാഞ്ചന ശ്രീകോവിലുണ്ടായി...’’

അപ്പോൾ കുട്ടിയുടെ വാക്കുകൾ: ‘‘ഹായ്... ഹായ്... നല്ല കഥ. ബാക്കി കൂടി പറയൂ അമ്മേ...’’ ഈ ഗാനത്തിന്റെ പല്ലവി ശോകഭാവത്തിലും പി. ലീല പാടിയിട്ടുണ്ട്. ചിത്രത്തിന്റെ മറ്റൊരു രംഗത്തിൽ ആ ഗാനശകലം ഭംഗിയായി വിന്യസിക്കപ്പെട്ടിട്ടുമുണ്ട്.

ഈ ചിത്രത്തിൽ ആകെ അഞ്ചു പാട്ടുകളാണ് ഉണ്ടായിരുന്നത്. അവശേഷിക്കുന്ന ബാക്കി മൂന്നു പാട്ടുകളും മാധുരി പാടി.

 

‘‘ക്ഷേത്ര പാലകാ ക്ഷമിക്കൂ, രാത്രിയിൽ/ ലജ്ജാലസഗാത്രിയായ് ഞാനീ/ ആസ്ഥാനമണ്ഡപത്തിൽ കടന്നുപോയി’’ എന്നു തുടങ്ങുന്നു ഒരു ഗാനം. ‘‘അവിടത്തെ അനുവാദമില്ലാതെ ഞാനീ /അസുലഭപുഷ്പദലം ഇറുത്തുപോയി/ അമൃതനിഷ്യന്തിയാം പൂവിന്റെ ചുണ്ടിലെൻ/ അധരസിന്ദൂരം പൊഴിഞ്ഞുപോയി’’ എന്നിങ്ങനെ ഗാനത്തിലെ വരികൾ തുടരുന്നു. ‘‘പ്രീതിയായോ പ്രിയമുള്ളവനേ/ പ്രീതിയായോ പറഞ്ഞതെല്ലാം/ തന്നതിനുള്ളൊരു പാരിതോഷികമെവിടെ..?’’ എന്നിങ്ങനെ ആരംഭിക്കുന്നു മാധുരിയുടെ രണ്ടാമത്തെ ഗാനം. ആദ്യ ചരണത്തിലെ വരികൾ...

‘‘കിനാവിൻ മണിമഞ്ജുഷയിൽ/ പകൽക്കിനാവു കുലുക്കിയ മുത്തുകളോ/ മാറിലെ രോമാഞ്ചങ്ങളിൽ/ മദനനൊളിപ്പിച്ച മുത്തുകളോ/ കാണട്ടെയൊന്നു കാണട്ടെ/ എന്റെ നാണത്തിലവയെ ഞാൻ പൊതിയട്ടെ...’’

അവർ പാടിയ മൂന്നാമത്തെ ഗാനം ‘‘സ്വയംവരം സ്വയംവരം സ്വയംവരം...’’ എന്നു തുടങ്ങുന്നു. ‘‘സ്വയംവരം സ്വയംവരം സ്വയംവരം/ നിങ്ങളിലാരോ ഒരുവൻ ഇന്നെന്റെ വരൻ/ ആരവനാരോ ആരോ.../ സ്വപ്നത്തിൽ ഞാൻ കണ്ട കാമസ്വരൂപനീ/ സദസ്സിലുണ്ടോ... എന്റെ/ പ്രാണഹർഷങ്ങളെ പൂ കൊണ്ടു മൂടിയ/ഗായകനിവിടെയുണ്ടോ -ഏകാന്ത/ ഗായകനിവിടെയുണ്ടോ.../വരൂ വരൂ സ്വീകരിക്കൂ വിവാഹമാല്യം...’’

‘പ്രൊഫസ്സർ’ എന്ന ചിത്രത്തിലെ ഗാനങ്ങൾ കഥാസന്ദർഭങ്ങളുമായി പൊരുത്തപ്പെടുന്നവയായിരുന്നു. എന്നാൽ, ഗാനങ്ങൾ എന്ന നിലയിൽ അവ വേണ്ടത്ര ഉയർന്നില്ല. തമ്മിൽ ഭേദം യേശുദാസ് ആലപിച്ച ‘‘ആരാധനാവിഗ്രഹമേ...’’ എന്ന ഗാനം തന്നെയായിരുന്നു. 1972 ഏപ്രിൽ ഒന്നിന് പ്രദർശനമാരംഭിച്ച ‘പ്രൊഫസ്സർ’ എന്ന സിനിമ ഒരു പരാജയമായില്ല. അതേസമയം, പൂർണവിജയം നേടിയതുമില്ല.

 

ജമിനി ഗണേശൻ,കൊട്ടാരക്കര ശ്രീധരൻ നായർ

ജമിനി ഗണേശൻ,കൊട്ടാരക്കര ശ്രീധരൻ നായർ

കെ.കെ.എസ്. കൈമൾ എന്ന പുതിയ നിർമാതാവ് കെ.കെ ഫിലിംസ് കാമ്പൈൻസ് എന്ന ബാനറിൽ നിർമിച്ച ചിത്രമാണ് ‘പ്രീതി’. സിനിമയുടെ സംവിധായകനായ വില്യം തോമസും നവാഗതനായിരുന്നു. നടനും എഴുത്തുകാരനുമായ എൻ. ഗോവിന്ദൻകുട്ടിയാണ് ഹംറബി എന്നയാളിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതിയത്. ദീർഘകാലത്തെ ഇടവേളക്കുശേഷം ഗാനരചയിതാവായി ഡോ. പവിത്രൻ വന്നു. എ.ടി. ഉമ്മർ സംഗീത സംവിധാനം നിർവഹിച്ചു.

മധു, ഷീല, പ്രേംനവാസ്, എൻ. ഗോവിന്ദൻകുട്ടി, എസ്.പി. പിള്ള, ബഹദൂർ, ഫിലോമിന, കടുവാക്കുളം ആന്റണി തുടങ്ങിയവർ അഭിനേതാക്കളായി. ചിത്രത്തിലെ ആറു പാട്ടുകളിൽ രണ്ടെണ്ണം യേശുദാസും ഒരെണ്ണം ജയചന്ദ്രനും പാടി. എസ്. ജാനകി, എൽ.ആർ. ഈശ്വരി, ലതാ രാജു എന്നീ ഗായകരോടൊപ്പം കെ.സി. വർഗീസ്, കുന്നംകുളം എന്ന പുതിയ ഗായകനും ‘പ്രീതി’ എന്ന സിനിമക്കുവേണ്ടി പാടുകയുണ്ടായി. ചിത്രത്തിലെ യേശുദാസിന്റെ ആദ്യഗാനത്തിലെ വരികൾ ഇങ്ങനെ: ‘‘അധരം മധുചഷകം/ ഹൃദയം അമൃതകലശം/ നയനം പുഷ്പബാണം -സഖീ/നീയൊരു പ്രേമകാവ്യം.../ പ്രേമലോലയായ് നീ പകർന്നിടും/ രാഗസുധാരാസലഹരിയിൽ/ നിരർഥമാകുന്നു വാക്കുകളെല്ലാം/വാചാലമാകുന്നു മൗനം...’’

യേശുദാസ് പാടിയ രണ്ടാമത്തെ പാട്ടിലെ വരികൾ ഇങ്ങനെ: ‘‘കണ്ണുനീരിൽ കുതിർന്ന മണ്ണിൽ/ കാലുകൾ ഇടറുന്നു -പിഞ്ചു / കാലുകളിടറുന്നു.../ മൃത്യുവിൻ നിഴലുകൾ ഇഴയുന്ന വഴികൾ / പത്തി വിരിച്ചാടും നാഗങ്ങൾ/ ദുഃഖം മാത്രം കണ്ണിലും കരളിലും/ മുത്തേ നീയെങ്ങു പോകുന്നു...’’ ഒരു കുട്ടിയുടെ ദുഃഖം വിഷയമാക്കിയ പശ്ചാത്തലഗാനമാണിത്.

എസ്. ജാനകി പാടിയ പ്രാർഥനാ ഗാനത്തിലെ വരികൾ ഇങ്ങനെ തുടങ്ങുന്നു: ‘‘കണ്ണാ കാർവർണാ/ തൂവെണ്ണ കണ്ടാൽ ഉരുകും ഹൃദയം/ കാർവർണാ കണ്ണീരിലലിയില്ലേ/ മാനസം കവരും മോഹനരൂപം/ മാമക വേദനയറിയില്ലേ/ കണ്ണാ കനിവില്ലേ..?’’

‘പ്രീതി’ എന്ന ചിത്രത്തിനു വേണ്ടി ജയചന്ദ്രൻ പാടിയ പാട്ട് ‘‘കിഴക്കു പൊന്മലയിൽ...’’ എന്ന് തുടങ്ങുന്നു. പല്ലവിയുടെ പൂർണരൂപം താഴെ ചേർക്കുന്നു:

‘‘കിഴക്കു പൊന്മലയിൽ/ വിളക്ക് മണിവിളക്ക്/ ആയിരം തിരിയുള്ള നിലവിളക്ക്/ ആയിരം തിരിയുള്ള നിലവിളക്ക്/ ആദ്യചരണം ഇങ്ങനെ: കുളിച്ചു കണ്ണെഴുതി ചിന്ദൂരപ്പൊട്ടു തൊട്ട്/ വിളക്ക് കാണാൻ പോന്നവളേ -നിൽക്ക്/ തുണക്കു വേണ്ടേ ആണൊരുത്തൻ നിനക്ക്/ തുണക്കു വേണ്ടേ ആണൊരുത്തൻ നിനക്ക്...’’

എൽ.ആർ. ഈശ്വരി പാടിയ ഒരു മാദകത്വം നിറഞ്ഞ ഗാനവും ‘പ്രീതി’യിലുണ്ട്.

‘‘നാഥാ വരൂ പ്രാണനാഥാ വരൂ വരൂ/ സ്വർഗ ഗോപുരവാതിൽ തുറന്നു തരൂ... തരൂ.../തൊട്ടാൽ വിരിയും -ഹോയ്/ ഈ താമരമൊട്ടുകൾ വിരിയും... ഹായ് ഹായ്/ മുത്തമിട്ടാൽ നിറയും -ഈ/ തേൻകുടങ്ങൾ നിറയും...’’ ‘‘ഉമ്മ തരുമോ’’ എന്ന് തുടങ്ങുന്ന ഗാനം എസ്. ജാനകി, ലതാരാജു എന്നിവരോടൊപ്പം കുന്നംകുളം കെ.സി. വർഗീസ് എന്ന ഗായകനും ചേർന്നു പാടി. ഈ പാട്ട് കുറെയൊക്കെ ജനപ്രീതി നേടിയെടുത്തു. എങ്കിലും കെ.സി. വർഗീസിന് തുടർന്ന് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല.

 

തിക്കുറിശ്ശി,ബഹദൂർ

തിക്കുറിശ്ശി,ബഹദൂർ

‘‘ഉമ്മ തരുമോ ഉമ്മ തരുമോ പൂമ്പാറ്റേ/ പൂവു ചോദിച്ചു പൂങ്കവിളിൽ/ ഉമ്മ തരുമോ പൂമ്പാറ്റേ... ഉമ്മ തരുമോ പൂമ്പാറ്റേ...’’ തുടർന്നുള്ള വരികൾ: ‘‘ഉമ്മ തരാം ഉമ്മ തരാം/ കുഞ്ഞിക്കവിളിൽ കുങ്കുമക്കവിളിൽ/ അമ്മതരാം പൊന്നുമ്മ/ വെണ്മുകിൽ മെത്തയിൽ ചന്ദ്രൻ താരത്തെ/ ചുംബിച്ചുറക്കും നേരത്ത്/ പ്രാണസഖിയെ തേടിത്തേടി/ വാനമ്പാടി പാടുന്നു...’’

ആദ്യത്തെ നാലു വരികൾ കുട്ടിയും രണ്ടാമത്തെ നാല് വരികൾ അമ്മയും തുടർന്നുള്ള നാലു വരികൾ അച്ഛനും പാടുന്നു. അച്ഛന്റെ ഭാഗമാണ് കെ.സി. വർഗീസ് പാടിയത്. അവസാനത്തെ ചരണം അമ്മയും അച്ഛനും ചേർന്നു പാടുന്നു (എസ്. ജാനകിയും കെ.സി. വർഗീസും) ‘‘കുഞ്ഞിക്കവിളത്തുമ്മ തന്നാൽ/ അമ്മക്കിങ്ങോട്ടെന്തു തരും?’’

‘‘അച്ഛൻ നല്ലൊരുമ്മ തരും...’’

1972 ഏപ്രിൽ ആറിന് കേരളത്തിലെ തിയറ്ററുകളിലെത്തിയ ‘പ്രീതി’ സാമ്പത്തികമായി വിജയിച്ചില്ല. നിർമാതാവും സംവിധായകനുമായ പി. വേണു ‘സി.ഐ.ഡി നസീർ’ പരമ്പരയിലെടുത്ത ‘ടാക്സി കാർ’ എന്ന ചിത്രത്തിൽ വിജയശ്രീ ആയിരുന്നു നസീറിന്റെ നായിക. വിൻസന്റ് ഉപനായകനായി. ശോഭ, ജോസ് പ്രകാശ്, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ബഹദൂർ, ശ്രീലത, ഹരി, പാലാ തങ്കം തുടങ്ങിയവരോടൊപ്പം അതിഥി താരമായി വിധുബാലയും അഭിനയിച്ചു. തിരക്കഥയും സംഭാഷണവും വേണു തന്നെ എഴുതി.

ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ആർ.കെ. ശേഖർ ഈണം നൽകി. ബ്രഹ്മാനന്ദൻ പാടിയ ഹിറ്റ് ഗാനങ്ങളിലൊന്നായ ‘‘താമരപ്പൂ നാണിച്ചു’’ എന്നു തുടങ്ങുന്ന പാട്ട് ഈ സിനിമയിലാണുള്ളത്.

‘‘താമരപ്പൂ നാണിച്ചു -നിന്റെ/ തങ്കവിഗ്രഹം വിജയിച്ചു/ പുളകം പൂക്കും പൊയ്ക പറഞ്ഞു/ യുവതീ നീയൊരു പൂവായ് വിടരൂ... പൂവായ് വിടരൂ...’’ എന്ന പല്ലവി പ്രശസ്തമാണ്. തുടരുന്ന വരികൾ ഇങ്ങനെ: ‘‘നദിയുടെ ഹൃദയം ഞാൻ കണ്ടു -നിൻ/ നടയിൽ ഞാനാ ഗതി കണ്ടു.../ കാറ്റാം കാമുക കവി പാടി/ കരളേ, നീയൊരു പുഴയായൊഴുകൂ.../ പുഴയായ് ഒഴുകൂ...’’

യേശുദാസ് പാടിയ ഗാനം ‘‘സങ്കൽപ വൃന്ദാവനത്തിൽ...’’ എന്നു തുടങ്ങുന്നു: ‘‘സങ്കൽപ വൃന്ദാവനത്തിൽ പൂക്കും/ സൗഗന്ധികമേ, പറയൂ/ നിന്നിലുലാവും നറുമണമേതൊരു/ കന്നൽ മിഴിയുടെ സ്വന്തം?’’ എന്നു പല്ലവി. തുടർന്നുള്ള വരികൾ ഇങ്ങനെയാണ്: ‘‘മാന്ത്രികനിദ്രയിൽ എന്നെ ലയിപ്പിച്ചു/ മായിക സൗരഭപൂരം/ ആത്മഹർഷങ്ങളിലാലോലമാടുന്നോ -/ രനുരാഗ ഹേമന്തഗന്ധം ആരു നൽകി, നിനക്കാരു നൽകി..?’’

ജയചന്ദ്രൻ പാടിയ ഗാനം ‘‘പ്രാസാദചന്ദ്രിക’’ എന്നു തുടങ്ങുന്നു: (പ്രാസാദചന്ദ്രിക എന്നാൽ മട്ടുപ്പാവിൽ വീഴുന്ന നിലാവ് എന്നാണ് അർഥം.)

‘‘പ്രാസാദചന്ദ്രിക പാൽത്തിര മെഴുകിയ/ പല്ലവകേളീശയനത്തിൽ/ പാർവണചന്ദ്രമുഖീ നീ മയങ്ങി/ പാരിജാതക്കൊടി പോലെ –ഒരു/ പാരിജാതക്കൊടി പോലെ...’’ ചരണം ഇങ്ങനെ തുടരുന്നു: ‘‘പാലാഴിത്തെന്നൽ പരിമളം കവരാൻ/ പാവാടഞൊറികളിൽ മുഖമണച്ചു/ പരിഭവംകൊണ്ടോ പരിചയംകൊണ്ടോ/ കിളിവാതിൽ കൊളുത്തുകൾ പരിഹസിച്ചു –മെല്ലെ/ കിളിവാതിൽ കൊളുത്തുകൾ പരിഹസിച്ചു...’’

പുതിയ ഗായകരായ സദാനന്ദനും സുധർമയും ചേർന്നു പാടിയ ഒരു യുഗ്മഗാനം ഈ സിനിമയിൽ ഉണ്ടായിരുന്നു. ആ ഗാനമിതാണ്.

‘‘കൽപനകൾ തൻ കൽപകത്തോപ്പിൽ/ കനകമനോരഥ വാനപഥത്തിൽ/ എത്ര പ്രതീക്ഷകൾ പൂത്തിറങ്ങി/ എത്ര പ്രഭാതങ്ങൾ പൂത്തിറങ്ങി...’’ ആദ്യ ചരണത്തിലെ വരികൾ ഇങ്ങനെ: ‘‘മിഴികൾകൊണ്ടു നീയെഴുതിയ ചിത്രങ്ങൾ/ ഹൃദയംകൊണ്ടു ഞാൻ പൂർണമാക്കി/ ആ വർണചിത്രത്തിൻ അരുണാഭയല്ലോ / ആദ്യ സങ്കൽപമായി...’’ ‘‘ഹൃദയംകൊണ്ടു നീയെഴുതിയ കവിതകൾ/ അധരംകൊണ്ടു ഞാൻ ഏറ്റുപാടി...’’ എന്നിങ്ങനെ അടുത്ത ചരണം ആരംഭിക്കുന്നു. മാധുരി പാടിയ ഒരു പാട്ടുകൂടി ‘ടാക്സി കാർ’ എന്ന സിനിമയിലുണ്ട്. അതൊരു മാദക നൃത്തഗാനമാണ്. അക്കാലത്ത് ആക്ഷൻ ചിത്രങ്ങളിൽ അത് ഒരു അത്യാവശ്യഘടകമായിരുന്നു. പതിവായി ആ പാട്ട് എൽ.ആർ. ഈശ്വരിക്കുള്ളതാണ്. ‘ടാക്സി കാറി’ൽ ഈശ്വരിക്കു പകരം മാധുരി വന്നു എന്നുമാത്രം.

‘‘സ്വപ്‌നത്തിൽ വന്നവൾ ഞാൻ/ സ്വരധാര പെയ്തവൾ ഞാൻ/ മധുരാനുഭൂതി തൻ വർണരേണുക്കളാൽ/ മഴവില്ലു തീർത്തവൾ ഞാൻ –നിന്റെ മനസ്സിൽ/ മഴവില്ലു തീർത്തവൾ ഞാൻ.../ അഴകിന്റെ വനങ്ങളിൽ തപസ്സിരുന്നു/ ആനന്ദസ്വർഗങ്ങൾ കീഴടക്കി/ ആയിരമായിരം ആഷാഢരാത്രികൾ...’’

1972 ഏപ്രിൽ 14ന്​ ‘ടാക്സി കാർ’ തിയറ്ററുകളിലെത്തി. പ്രേംനസീർ നായകനാകുന്ന ആക്ഷൻ ചിത്രങ്ങൾക്ക് അക്കാലത്ത് വിജയം സുനിശ്ചിതമായിരുന്നു. രണ്ടോ മൂന്നോ ഹിറ്റ് ഗാനങ്ങൾകൂടിയുണ്ടെങ്കിൽ പിന്നെ പറയാനുമില്ല. താൻ അഭിനയിക്കുന്ന ചിത്രങ്ങളുടെ നിർമാണച്ചെലവ് കൂടരുതെന്ന നിഷ്‌കർഷ നിർമാതാവിനേക്കാൾ കൂടുതലുണ്ടായിരുന്നത് നായക നടനായ പ്രേംനസീറിനു തന്നെയാണ്. ഇത് കേൾക്കുമ്പോൾ ഇപ്പോഴത്തെ നിർമാതാക്കൾക്ക് അവിശ്വസനീയമായി തോന്നാം. പക്ഷേ ഇതു സത്യമാണ്. അദ്ദേഹം പതിവായി നിർമാതാക്കൾക്ക് നൽകുന്ന ഉപദേശമിതാണ്.

കെ.പി. ബ്രഹ്മാനന്ദൻ,വയലാർ

കെ.പി. ബ്രഹ്മാനന്ദൻ,വയലാർ

19‘‘വിറ്റ വില മൈനസ് വാങ്ങിയവില സമം ലാഭം. മലയാള സിനിമ ആരും വിലയ്ക്ക് വാങ്ങുന്നില്ല. തിയറ്ററിൽ കിട്ടുന്ന കലക്ഷനാണ് ഇവിടെ വിറ്റവില. അത് എത്രയെന്ന് നമുക്ക് നിശ്ചയമില്ല. അതുകൊണ്ട് വാങ്ങിയ വില കുറച്ചേ മതിയാകൂ. ഇവിടെ വാങ്ങിയ വില എന്നു പറയുന്നത് നിർമാണച്ചെലവാണ്. അതുകൊണ്ട് പിടിച്ചുനിൽക്കാൻ പ്രൊഡക്ഷൻ കോസ്റ്റ് പരമാവധി കുറയ്ക്കുക.’’ നായകനടന്റെ മനസ്സിന്റെ നന്മകൊണ്ട് അദ്ദേഹത്തെ നായകനാക്കി ചിത്രങ്ങൾ നിർമിച്ച മിക്കവാറും നിർമാതാക്കൾ രക്ഷപ്പെട്ടു. ‘സി.ഐ.ഡി നസീർ’ വിജയിച്ചതോടെ അതേ രീതിയിൽ ഒരു ചിത്രപരമ്പര തന്നെ നിർമിക്കാൻ വേണു തീരുമാനിക്കുകയായിരുന്നു. ആ പരമ്പരയിൽ പെട്ട ചിത്രമാണ് ‘ടാക്സി കാർ’.

(തുടരും)

News Summary - weekly sangeetha yathrakal