Begin typing your search above and press return to search.
proflie-avatar
Login

സ്വന്തം ഗാനത്തിന്​ പാരഡി എഴുതിയ കവി

സ്വന്തം ഗാനത്തിന്​   പാരഡി എഴുതിയ കവി
cancel

‘‘ജീവിതനൗക’ക്ക് കഥയും സംഭാഷണവും എഴുതിയ മുതുകുളം രാഘവൻ പിള്ള മറ്റൊരു സൂപ്പർഹിറ്റ് ഒരുക്കാൻ പാകത്തിൽ എല്ലാ ഫോർമുലകളും ‘ബാല്യപ്രതിജ്ഞ’യിൽ പ്രയോഗിച്ചു നോക്കി. എന്നാൽ, കുപ്പിയും വീഞ്ഞും ഒരുപോലെ പഴയതായതിനാൽ ജനങ്ങൾ ഈ ചിത്രത്തെ സ്വീകരിച്ചില്ല. ഏതു രീതിയിലും തനിക്കു പാട്ടുകളെഴുതാൻ കഴിയുമെന്നും തന്റെ ഭാവനക്ക് അതിരുകളില്ലെന്നും പി. ഭാസ്കരൻ ഒരിക്കൽക്കൂടി തെളിയിച്ചു’’ -പിന്നണി ഗാനങ്ങളിലൂടെയുള്ള യാത്ര തുടരുന്നു.കെ. സുരേന്ദ്രന്റെ ‘മായ’ എന്ന പ്രശസ്ത നോവൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ ജയ് മാരുതിക്കു വേണ്ടി പ്രശസ്ത നിർമാതാവായ ടി.ഇ. വാസുദേവൻ ചലച്ചിത്രമാക്കി. ഡീസന്റ് ശങ്കരപ്പിള്ള എന്ന...

Your Subscription Supports Independent Journalism

View Plans

‘‘ജീവിതനൗക’ക്ക് കഥയും സംഭാഷണവും എഴുതിയ മുതുകുളം രാഘവൻ പിള്ള മറ്റൊരു സൂപ്പർഹിറ്റ് ഒരുക്കാൻ പാകത്തിൽ എല്ലാ ഫോർമുലകളും ‘ബാല്യപ്രതിജ്ഞ’യിൽ പ്രയോഗിച്ചു നോക്കി. എന്നാൽ, കുപ്പിയും വീഞ്ഞും ഒരുപോലെ പഴയതായതിനാൽ ജനങ്ങൾ ഈ ചിത്രത്തെ സ്വീകരിച്ചില്ല. ഏതു രീതിയിലും തനിക്കു പാട്ടുകളെഴുതാൻ കഴിയുമെന്നും തന്റെ ഭാവനക്ക് അതിരുകളില്ലെന്നും പി. ഭാസ്കരൻ ഒരിക്കൽക്കൂടി തെളിയിച്ചു’’ -പിന്നണി ഗാനങ്ങളിലൂടെയുള്ള യാത്ര തുടരുന്നു.

കെ. സുരേന്ദ്രന്റെ ‘മായ’ എന്ന പ്രശസ്ത നോവൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ ജയ് മാരുതിക്കു വേണ്ടി പ്രശസ്ത നിർമാതാവായ ടി.ഇ. വാസുദേവൻ ചലച്ചിത്രമാക്കി. ഡീസന്റ് ശങ്കരപ്പിള്ള എന്ന തികച്ചും വ്യത്യസ്തമെന്നു പറയാവുന്ന ഒരു കഥാപാത്രമാണ് ഈ കഥയെ നയിക്കുന്നത്. തിക്കുറിശ്ശി സുകുമാരൻ നായരാണ് ഡീസന്റ് ശങ്കരപ്പിള്ളയെ അവതരിപ്പിച്ചത്. പ്രേംനസീർ, ശാരദ, കെ.പി. ഉമ്മർ, വിജയശ്രീ, അടൂർ ഭാസി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു.

തികഞ്ഞ പ്രായോഗിക ബുദ്ധിയോടെ മാത്രമേ ജീവിതത്തെ അഭിമുഖീകരിക്കാൻ പാടുള്ളൂ എന്ന് വിശ്വസിക്കുകയും അങ്ങനെ ജീവിച്ച് സ്വന്തം മകളുടെ ഹൃദയവും ജീവിതവും ഒരുപോലെ തകർക്കുകയും ചെയ്ത പ്രായോഗികവാദിയായ ഡീസന്റ് ശങ്കരപ്പിള്ള ഒടുവിൽ ആത്മഹത്യ ചെയ്യുന്നു. ബിഗ് ബജറ്റ്‌ സിനിമയെ സ്നേഹിച്ച രാമു കാര്യാട്ട് ഒരു മാറ്റത്തിന്റെ ചരിത്രം രചിച്ച് ശരാശരി ബജറ്റിൽ സൃഷ്ടിച്ച സിനിമയാണ് ‘മായ’. കെ. സുരേന്ദ്രൻതന്നെയാണ് ഈ സിനിമക്ക് തിരക്കഥയും സംഭാഷണവും രചിച്ചത്. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം പകർന്നു. ശ്രീകുമാരൻ തമ്പി പാട്ടുകളെഴുതിയ ഒരേയൊരു രാമു കാര്യാട്ട് ചിത്രമാണ് ‘മായ’; ദക്ഷിണാമൂർത്തി സംഗീത സംവിധായകനാകുന്ന രണ്ടാമത്തെ ചിത്രവും (ആദ്യചിത്രം -അഭയം). സ്വതന്ത്രമായി സംവിധാനംചെയ്ത ആദ്യ സിനിമയായ ‘മിന്നാമിനുങ്ങ്’ മുതൽ രാമു കാര്യാട്ട് സംവിധാനംചെയ്ത എല്ലാ സിനിമകളിലും പാട്ടുകൾ സൂപ്പർഹിറ്റുകളായിരുന്നു (‘അഭയം’ എന്ന സിനിമയൊഴികെ.

‘അഭയ’ത്തിൽ പാട്ടുകൾക്കു പകരം പ്രശസ്ത കവികളുടെ കവിതകളാണ് ഉപയോഗിച്ചത്). ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തി ടീം വന്നപ്പോഴും ചരിത്രം മാറിയില്ല. ‘മായ’യിലെ എല്ലാ പാട്ടുകളും ഹിറ്റുകളായി. ജയചന്ദ്രൻ പാടിയ ‘‘സന്ധ്യക്കെന്തിനു സിന്ദൂരം’’, യേശുദാസ് പാടിയ ‘‘ചെന്തെങ്ങു കുലച്ച പോലെ’’, എസ്. ജാനകി പാടിയ ‘വലംപിരിശംഖിൽ തീർഥവുമായി’’, ‘‘അമ്മതൻ കണ്ണിനമൃതം’’, ‘‘പോയ ജന്മത്ത് ചെയ്ത സുകൃതം’’ എന്നീ ഗാനങ്ങളും പി. ലീല പാടിയ ‘‘ധനുമാസത്തിൽ തിരുവാതിര’’, മാധുരി പാടിയ ‘‘കാട്ടിലെ പൂമരം ആദ്യം പൂക്കുമ്പോൾ കാറ്റിന്റെ പാട്ടും താരാട്ട്’’ എന്നീ പാട്ടുകളുമാണ് ‘മായ’ എന്ന ചിത്രത്തിൽ ഉണ്ടായിരുന്നത്.

‘‘സന്ധ്യക്കെന്തിനു സിന്ദൂരം/ ചന്ദ്രികക്കെന്തിനു വൈഡൂര്യം/ കാട്ടാറിനെന്തിനു പാദസരം -എൻ/ കണ്മണിക്കെന്തിനാഭരണം...’’ എന്നു തുടങ്ങുന്ന പാട്ട് ജയചന്ദ്രന്റെ അംഗീകരിക്കപ്പെട്ട ഹിറ്റുകളിലൊന്നാണ്. ഈ പാട്ടിനുശേഷം വി. ദക്ഷിണാമൂർത്തി തുടർന്നും ചില സെമി ക്ലാസിക്കൽ ഗാനങ്ങൾ ജയചന്ദ്രനു നൽകി.

യേശുദാസ് ആലപിച്ച ‘‘ചെന്തെങ്ങു കുലച്ചപോലെ/ചെമ്പകം പൂത്തപോലെ/ ചെമ്മാനം തുടുത്തപോലൊരു പെണ്ണ്/ പെണ്ണവൾ ചിരിച്ചുപോയാൽ വെളുത്തവാവ് / കണ്മണി പിണങ്ങിയെന്നാൽ കറുത്ത വാവ്’’ എന്ന പാട്ടും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു.

പി. ലീലയും സംഘവും ആലപിച്ച ‘‘ധനുമാസത്തിൽ തിരുവാതിര/ തിരുനൊയമ്പിൻ നാളാണല്ലോ/ തിരുവൈക്കം കോവിലിൽ എഴുന്നള്ളത്ത്/ തിരുവേഗപ്പുറയിലും എഴുന്നള്ളത്ത്’’ എന്ന ഗാനവും പ്രശസ്തി നേടി. വരികൾ ഇങ്ങനെ തുടരുന്നു:

‘‘ശ്രീമഹാദേവൻ തപോനിരതൻ/ കാമനെ ഭസ്മീകരിച്ച നാളിൽ/ പാവം രതീദേവി തേങ്ങിനിന്നു/ പാർവതിയാശ്വാസമോതി നിന്നു/ ആ തിരുനാൾ, പൂത്തിരുനാൾ/ആഗതമായിതാ തോഴിമാരേ...’’ എസ്. ജാനകി രണ്ടു ഗാനങ്ങൾ പാടി. അവയിൽ ‘‘വലംപിരി ശംഖിൽ തീർഥവുമായി/ വന്നു ദ്വാദശിപുലരി.../വാരണ വിടുവാൻ വരിനെല്ലുമായി/ വന്നു വണ്ണാത്തിക്കുരുവി’’ എന്നാരംഭിക്കുന്ന പാട്ടാണ് കൂടുതൽ പ്രശസ്തി നേടിയത്.

എസ്. ജാനകി പാടിയ അടുത്ത പാട്ട് ഒരു താരാട്ടു പോലെയാണ്. ‘‘അമ്മതൻ കണ്ണിനമൃതം -പോയ/ ജന്മത്തു ചെയ്ത സുകൃതം/ അമ്പിളിപ്പൊൻകുടം വന്നു -എന്റെ/ തങ്കക്കുടമായ്‌ പിറന്നു’’ എന്നു തുടങ്ങുന്ന ഈ ഗാനത്തിന്റെ ഈണവും ലളിതസുന്ദരമായിരുന്നു.

 

പ്രേംനസീർ,കെ.പി. ഉമ്മർ

പ്രേംനസീർ,കെ.പി. ഉമ്മർ

‘‘കാട്ടിലെ പൂമരം ആദ്യം പൂക്കുമ്പോൾ/ കാറ്റിന്റെ പാട്ടും താരാട്ട്/ കദളിത്തൈ പൂത്തുകുലയ്ക്കുമ്പോൾ കിളിയുടെ/ കളിചിരിയൊച്ചയും താരാട്ട്’’ എന്നാരംഭിക്കുന്ന ഗാനം പി. സുശീലയെക്കൊണ്ട് പാടിക്കണമെന്നാണ് സംഗീതസംവിധായകൻ ആഗ്രഹിച്ചത്.

എന്നാൽ ‘മായ’ എന്ന സിനിമയിൽ ഒരു പാട്ട് മാധുരിയെക്കൊണ്ട് പാടിക്കണമെന്ന സംഗീതസംവിധായകൻ ദേവരാജന്റെ അഭ്യർഥന താൻ സ്വീകരിച്ചുപോയെന്നും രാമു കാര്യാട്ട് ഈ കാര്യം അംഗീകരിച്ചിട്ടുണ്ടെന്നും നിർമാതാവായ ടി.ഇ. വാസുദേവൻ സ്വാമിയോട് പറഞ്ഞു. ദക്ഷിണാമൂർത്തി സ്വാമിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘‘സാറിന്റെ പടം. സാറിന്റെ പണം. ഇഷ്ടമുള്ളവരെക്കൊണ്ട് പാടിക്കാം. പക്ഷേ, പാട്ട് റെക്കോഡ് ചെയ്യുമ്പോൾ ഞാൻ തിയറ്ററിൽ ഉണ്ടാവില്ല.’’ മാധുരി തന്നെ ആ ഗാനം പാടി. സ്വാമി റെക്കോഡിങ്ങിൽ പങ്കെടുക്കുകയുണ്ടായില്ല. സ്വാമിയുടെ സഹായിയായ ആർ.കെ. ശേഖറിന്റെ നേതൃത്വത്തിൽ മാധുരിയുടെ പാട്ടിന്റെ റെക്കോഡിങ് നടന്നു.

‘‘സന്ധ്യക്കെന്തിനു സിന്ദൂരം’’ എന്ന പാട്ടിന്റെ രചനക്ക് സംസ്ഥാന അവാർഡ് കിട്ടുമെന്നു പറഞ്ഞ് സംവിധായകൻ രാമു കാര്യാട്ട് ഈ ലേഖകനെ അഭിനന്ദിക്കുകയുണ്ടായി. പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല. ‘മായ’യിലെ അഭിനയത്തിന് തിക്കുറിശ്ശി സുകുമാരൻ നായർക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ‘മായ’ എന്ന ചിത്രം ഒരു വിജയമായിരുന്നു. 1972 മാർച്ച് ഒമ്പതാം തീയതിയാണ് സിനിമ പുറത്തിറങ്ങിയത്.

‘ലങ്കാദഹനം’ എന്ന സിനിമയിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായതോടെ പ്രതിഫലം താരതമ്യേന കൂടുതലാണെങ്കിലും എം.എസ്. വിശ്വനാഥനെ സ്വന്തം ചിത്രങ്ങളിൽ സംഗീതസംവിധായകനാക്കാൻ പല മലയാള ചലച്ചിത്ര നിർമാതാക്കളും ആഗ്രഹിച്ചു. പിന്നെ, മലയാള സിനിമ നിർമിക്കുന്ന തമിഴ് നിർമാതാക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. ആർ.എം. വീരപ്പൻ എന്ന തമിഴ്‌ സിനിമാ നിർമാതാവ് മലയാളത്തിൽ നിർമിച്ച ‘മന്ത്രകോടി’ എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനും എം.എസ്. വിശ്വനാഥനായിരുന്നു. എം. കൃഷ്ണൻ നായരാണ് ‘മന്ത്രകോടി’യുടെ സംവിധായകൻ. ആർ.എം. വീരപ്പൻ തമിഴിൽ എം.ജി.ആറിനെ നായകനാക്കി നിർമിച്ച ‘ദൈവത്തായ്’ എന്ന സിനിമയുടെ മലയാളം റീമേക്ക് ആയിരുന്നു ‘മന്ത്രകോടി.’ നിർമാതാവായ ആർ.എം. വീരപ്പന്റെ തിരക്കഥക്ക് എസ്.എൽ. പുരം സദാനന്ദൻ സംഭാഷണമെഴുതി.

പാട്ടുകളെഴുതിയത് ശ്രീകുമാരൻ തമ്പിയാണ്. ‘ലങ്കാദഹന’ത്തിലെ ‘‘സ്വർഗനന്ദിനീ സ്വപ്നവിഹാരിണീ ഇഷ്ടദേവതേ സരസ്വതീ...’’ എന്ന ഗാനത്തിന്റെ റെക്കോഡിങ്‌ വേളയിൽ ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് യേശുദാസും എം.എസ്. വിശ്വനാഥനും അകന്നുകഴിയുന്ന സമയമായതിനാൽ ഈ സിനിമയിൽ പുരുഷശബ്ദത്തിലുള്ള എല്ലാ പാട്ടുകളും പാടിയത് ജയചന്ദ്രൻ ആണ് (‘കറുപ്പും വെളുപ്പും മായാവർണങ്ങളും -ശ്രീകുമാരൻ തമ്പിയുടെ ചലച്ചിത്രജീവിതം’ എന്ന ഗ്രന്ഥത്തിൽ ഈ വിഷയം വിശദമായി പറഞ്ഞിട്ടുണ്ട്.). പി. സുശീലയും എൽ.ആർ. ഈശ്വരിയുമായിരുന്നു ഗായികമാർ. ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റുകളായി.

 

തിക്കുറിശ്ശി,വിജയശ്രീ

തിക്കുറിശ്ശി,വിജയശ്രീ

ജയചന്ദ്രനും സംഘവും പാടിയ ‘‘അറബിക്കടലിളകി വരുന്നു/ ആകാശപ്പൊന്നു വരുന്നു/ ആലോലം തിരകളിലെ/ അമ്മാനവഞ്ചിയിലെ/ അരുമപ്പൂമീനേ വാ -പൊൻമീനേ വാ വാ’’ എന്ന ഗാനവും ജയചന്ദ്രനും പി. സുശീലയും ചേർന്നു പാടിയ ‘‘കിലുക്കാതെ കിലുങ്ങുന്ന കിലുക്കാം പെട്ടീ -നിൻ/ കിങ്ങിണിയരമണിയെവിടെ/ ചിരിക്കാതെ ചിരിക്കുന്ന ചിരിക്കുടുക്കേ -നിൻ/ ചിത്തിരച്ചിലമ്പുകൾ എവിടെ..?’’ എന്ന് തുടങ്ങുന്ന യുഗ്മഗാനവും മാത്രമല്ല, പി. സുശീല തനിച്ചു പാടിയ ‘‘കതിർ മണ്ഡപം ഒരുക്കീ -ഞാനൊരു/ മണ്ഡപമൊരുക്കി -ഞാനൊരു/ കല്യാണപ്പന്തലൊരുക്കി/ മനസ്സിന്റെ നാലുകെട്ടിൻ മണിമുറ്റത്ത്/ മന്ദാരപ്പൂങ്കാവിൻ തിരുമുറ്റത്ത്’’ എന്ന ഗാനവും ജയചന്ദ്രൻ തനിച്ചു പാടിയ

‘‘മലരമ്പനെഴുതിയ മലയാളകവിതേ/ മാലേയക്കുളിർ താവും മായാശിൽപമേ/ കവിതേ... കവിതേ... കന്യകേ...’’ എന്ന ഗാനവും ഹിറ്റുകളായി.

എൽ.ആർ. ഈശ്വരി പാടിയ ‘‘ആടിവരുന്നു ആടിവരുന്നു/ ആയിരമായിരം പൗർണമികൾ/ രാഗമനോഹര ഭാവലയങ്ങളിൽ/ ആടിവരും നവഭാവനകൾ’’ എന്ന നൃത്തഗാനവും ‘മന്ത്രകോടി’യിൽ ഉണ്ടായിരുന്നു.

പ്രേംനസീർ, വിജയശ്രീ, കെ.പി. ഉമ്മർ, കവിയൂർ പൊന്നമ്മ, ടി.എസ്. മുത്തയ്യ, ജോസ് പ്രകാശ്, അടൂർ ഭാസി, ഫിലോമിന, സാധന, പട്ടം സദൻ തുടങ്ങിയവർ അഭിനയിച്ച ‘മന്ത്രകോടി’ 1972 മാർച്ച് 16ന് ആണ് റിലീസായത്. സിനിമ സാമ്പത്തികമായി വിജയിച്ചു.

അടുത്തയാഴ്ച -അതായത് 1972 മാർച്ച് 24ന്​ കേരളത്തിലെ തിയറ്ററുകളിലെത്തിയ ‘മനുഷ്യബന്ധങ്ങൾ’ എന്ന ചിത്രം ക്രോസ്ബെൽറ്റ് മണിയാണ് സംവിധാനം ചെയ്തത്. എം.കെ. മണി എഴുതിയ കഥക്ക് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും രചിച്ചു. പ്രേംനസീർ, മധു, ഷീല, ജയഭാരതി, എൻ.എൻ. പിള്ള, പി.ജെ. ആന്റണി, അടൂർ ഭാസി, എസ്.പി. പിള്ള, പറവൂർ ഭരതൻ, ജെ.എ.ആർ. ആനന്ദ് തുടങ്ങിയവർ അഭിനേതാക്കളായി. പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി. യേശുദാസ്, പി. സുശീല, പി. ജയചന്ദ്രൻ എന്നിവർ ആലപിച്ചിട്ടും ചിത്രത്തിലെ ഒരു പാട്ടുപോലും ഹിറ്റ് ചാർട്ടിൽ എത്തിയില്ല. യേശുദാസ് പാടിയ പ്രമേയഗാനം (തീം സോങ്) പോലും എന്തുകൊണ്ടോ ജനങ്ങൾ ഏറ്റുപാടിയില്ല.

‘‘മനുഷ്യബന്ധങ്ങൾ കടങ്കഥകൾ/ മനസ്സിലാകാത്ത ഭാഷയിൽ/ മന്നിടം കുറിച്ചിട്ട ഗ്രന്ഥങ്ങൾ.../ അരമുറിക്കരിക്കൊത്ത മാനവഹൃദയം/ അലയാഴിയെക്കാൾ അതിനാഴം/ ആജീവനാന്തം ഒരുമിച്ചുവാണാലും/ അറിഞ്ഞവരാരുണ്ട് പരസ്പരമുലകിൽ’’ എന്നിങ്ങനെയുള്ള വരികൾ അർഥസമ്പൂർണമാണെങ്കിലും ഗാനം എന്ന നിലയിൽ ശോഭിച്ചില്ല.

യേശുദാസ് പാടിയ ‘‘ഏഴു സുന്ദരകന്യകമാർ/ എഴുന്നള്ളി എഴുന്നള്ളി/ എന്റെ വീണയിൽ നൃത്തം ചെയ്യാൻ/ പൊൻചിലങ്കകൾ കെട്ടി’’ എന്ന ഗാനവും അദ്ദേഹംതന്നെ ആലപിച്ച ‘‘മാസം പൂവണിമാസം/ നേരം മധുവിധുയാമം/ ആദ്യചുംബനത്തിൻ അധരം നീട്ടുന്നു/ അശോകമരവും കാറ്റും’’ എന്ന ഗാനവും ഗാനാസ്വാദകർ വേണ്ടവിധത്തിൽ സ്വീകരിച്ചില്ല. യേശുദാസും പി. സുശീലയും ചേർന്നുപാടിയ യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു:

‘‘കനകസ്വപ്നങ്ങൾ മനസ്സിൽ ചാർത്തുന്നു/ കാർത്തികനവദീപമാല/ ഇന്ദുകിരണങ്ങൾ പൂക്കളിറുത്തു/ ഇന്ദ്രധനുസ്സിനാൽ മാല കെട്ടി/ ഇന്നു നമ്മുടെ സങ്കൽപസുന്ദരിമാർ/ ഇരവും പകലും നൃത്തമാടി...’’

പി. സുശീല പാടിയ പ്രാർഥനാഗാനവും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി- ‘‘മിഴിയില്ലെങ്കിലും കമലാകാന്തന്റെ/ അഴകേറും രൂപം കണികാണ്മൂ/ കരുണക്കാതലേ, ഭഗവാനേ, നിന്നെ.../ കരളിൻകണ്ണിനാൽ കണികാണ്മൂ.../ നിരന്ന പീലികൾ നിരനിരയാടും നിറുകയും നീലച്ചികുരവും/ കുറുനിരകളും കുളുർനെറ്റി തന്നിൽ/ തെളിയും കസ്തൂരിതിലകവും...’’ എന്നിങ്ങനെ മനോഹരമായി തന്നെ പി. ഭാസ്കരൻ കൃഷ്ണവർണന നടത്തുന്നുണ്ട്.

പി. ഭാസ്കരനും വി. ദക്ഷിണാമൂർത്തിയും ചേർന്നപ്പോഴൊക്കെ മികച്ച പാട്ടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ‘മനുഷ്യബന്ധങ്ങൾ’ എന്ന സിനിമയിൽ ആ ബന്ധത്തിന്റെ വ്യാകരണം പൂർണത നേടിയില്ല. സിനിമയും വിജയമായില്ല.

1972 മാർച്ച് 30ന് തിയറ്ററുകളിലെത്തിയ ‘ബാല്യപ്രതിജ്ഞ’ എന്ന സിനിമ എ.എസ്. നാഗരാജനാണ്​ സംവിധാനംചെയ്തത്. ജയവിജയി പിക്ചേഴ്സിനു വേണ്ടി അമ്മുക്കുട്ടി നാരായണനും പി.എൻ.കെ. മാരാരും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. സംവിധായകനായ എ.എസ്. നാഗരാജൻ എഴുതിയ കഥക്ക് മുതുകുളം രാഘവൻപിള്ള തിരക്കഥയും സംഭാഷണവും എഴുതി. സത്യനും ഷീലയും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ സിനിമയിൽ ശങ്കരാടി, ബഹദൂർ, മാസ്റ്റർ ചന്ദ്രശേഖരൻ, ബേബി ഇന്ദിര, ഖദീജ, മുതുകുളം രാഘവൻപിള്ള, കോട്ടയം ശാന്ത തുടങ്ങിയവരും അഭിനയിച്ചു. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് കെ.കെ. ആന്റണിയാണ് സംഗീതം നൽകിയത്. യേശുദാസ്, എസ്. ജാനകി, ജയചന്ദ്രൻ, പി. ലീല, സി.ഒ. ആന്റോ എന്നിവരോടൊപ്പം ജെ.എം. രാജു, പി.ആർ. നിർമല എന്നിവരും പാട്ടുകൾ പാടി.

 

യേശുദാസ്,എസ്. ജാനകി

യേശുദാസ്,എസ്. ജാനകി

യേശുദാസ് പാടിയ ‘‘ഇന്നലെ നീ കുബേരൻ/ ഇന്നു തെരുവിൽ യാചകൻ/ നീങ്ങീടുന്നു പരിണാമചക്രം/ നിയതീരഥമോ ചഞ്ചലം’’ എന്ന് തുടങ്ങുന്ന ഗാനം രചനകൊണ്ട് ശ്രദ്ധേയമായി എന്ന് പറയാം.

‘‘ലക്ഷ്യമില്ലാതേതോ വഴിയിൽ/ ചുറ്റിടുന്നു മേദിനി/ അലഞ്ഞിടുന്നു ആശ്രയമെന്യേ/ അവനിയിങ്കൽ മാനവൻ/ നീങ്ങിടുന്നു പരിണാമചക്രം/ നിയതീരഥമോ ചഞ്ചലം’’ എന്നിങ്ങനെ ഗാനം തുടരുന്നു. എസ്. ജാനകി പാടിയ ‘‘ജീവിതം ഒരു വൻനദി...’’ എന്ന പാട്ടും ദാർശനികഛായയുള്ളതു തന്നെ.

‘‘ജീവിതം ഒരു വൻ നദി/ ഒഴുകും ജലമിതിൽ ദുർവിധി/ ഈ ഒഴുക്കിൽ ഒലിച്ചുപോകും/ മനുജൻ ഒരു ചെറു പുൽക്കൊടി’’ എന്നിങ്ങനെയാണ് ആ ഗാനം തുടങ്ങുന്നത്.

സി.ഒ. ആന്റോയും ജെ.എം. രാജുവും ചേർന്നു പാടിയ ഗാനം ഒരു പാരഡി സ്വഭാവമുള്ളതാണ്. ‘‘പൊട്ടിത്തകർന്ന കിനാവുകൾ കൊണ്ടിതാ/ കെട്ടിത്തൂങ്ങാൻ കയർകെട്ടി -ഞാൻ/ കെട്ടിത്തൂങ്ങാൻ കയർകെട്ടി/ കരുവന്നൂർ പുഴയുടെ അക്കരെയക്കരെ/ കണിയാന്മാർ പാർക്കുന്ന പാഴ്‌പറമ്പിൽ/ പെണ്ണിനെ കാത്തു ഞാൻ ചാരിയിരുന്നൊരീ / അമ്മച്ചിപ്ലാവിന്റെ കൊമ്പത്ത്...’’

എന്നിങ്ങനെയാണ് ഈ ഹാസ്യഗാനത്തിലെ വരികൾ. ‘‘പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു പട്ടുനൂലൂഞ്ഞാല് കെട്ടീ ഞാൻ’’ എന്ന പ്രശസ്ത ഗാനം ഓർമിക്കുക. സ്വന്തം വരികൾക്ക് കവിതന്നെ പാരഡി എഴുതുന്ന സാഹചര്യം എത്ര രസകരം. പി. ഭാസ്കരൻ എന്ന അനുഗൃഹീത കവിയുടെ നർമബോധത്തെ പുകഴ്‌ത്താൻ വാക്കുകളില്ല.

എസ്. ജാനകി പാടിയ ഭക്തിഗാനത്തിന്റെ രചനയും വ്യത്യസ്തമാണ്. ‘‘ഭാരതവംശജർ യുദ്ധം നടത്തിയ/ സമരഭൂവാം കുരുക്ഷേത്രം വിട്ടു നീ/ ഗുരുപവനന്മാർ കൂടി ക്ഷണിക്കയാൽ/ ഗുരുവായൂർ വന്നു താമസിച്ചില്ലയോ/ ഭുവനപാലകാ ഭക്തർ തൻ ഈ/ ചെറുഭവനത്തിൽ നിൻ കാലടി കാണാം.../ കമലനേത്രാ ദേവാ കണിയായി വീട്ടിൽ നീ വാവാ...’’ എന്നിങ്ങനെ തുടങ്ങുന്ന ഗുരുവായൂരപ്പ ഭക്തിഗാനം രചനകൊണ്ട് ശ്രദ്ധേയമാണ്.

യേശുദാസും ജാനകിയും ചേർന്നു പാടിയ ‘‘മലരൊളി തിരളുന്ന അധരനിരകളിൽ/ സുരവനരമണികൾ തൻ സുഹാസം/ സ്മരശരം ചൊരിയുന്ന കടമിഴിമുനയിൽ/ അമരകുലങ്ങൾ ചിരിക്കും പ്രകാശം’’ എന്ന യുഗ്മഗാനവും ജയചന്ദ്രൻ, പി. ലീല, ജെ.എം. രാജു, പി.ആർ. നിർമല എന്നീ ഗായകർ ചേർന്നു പാടിയ ‘‘മരതകപ്പട്ടുടുത്ത വിലാസിനി/ മഹാബലിനാടൊരു സുന്ദരി/ കൽപകപ്പൂമണം കാറ്റിൽ തൂവിടും/ അത്ഭുത സുമഫല മനോഹരി’’ എന്ന സംഘഗാനവും ‘ബാല്യപ്രതിജ്ഞ’ എന്ന സിനിമയിൽ ഉണ്ടായിരുന്നു. സി.​ഒ. ആന്റോയും പി.ആർ. നിർമലവും പാടിയ ഹാസ്യഗാനം ഇങ്ങനെ:

‘‘കിട്ടീ കിട്ടീ നറുക്കെടുപ്പിൽ കല്യാണച്ചിട്ടി/ കൊത്തീ കൊത്തീ പ്രേമച്ചൂണ്ടിൽ ആവോലി/ കൊണ്ടൂ കൊണ്ടൂ പ്രേമബാണം/ കൊണ്ടൂ ലക്ഷ്യത്തിൽ/ ഇന്നു പെട്ടൂ പെട്ടൂ വലയിൽ പെട്ടൂ വണ്ണാത്തി...’’

അമ്പതുകളുടെ തുടക്കത്തിലെ സൂപ്പർഹിറ്റ് ചിത്രമായ ‘ജീവിതനൗക’ക്ക് കഥയും സംഭാഷണവും എഴുതിയ മുതുകുളം രാഘവൻ പിള്ള മറ്റൊരു സൂപ്പർഹിറ്റൊരുക്കാൻ പാകത്തിൽ എല്ലാ ഫോർമുലകളും ഈ സിനിമയിൽ പ്രയോഗിച്ചു നോക്കി. എന്നാൽ, കുപ്പിയും വീഞ്ഞും ഒരുപോലെ പഴയതായതിനാൽ ജനങ്ങൾ ഈ ചിത്രത്തെ സ്വീകരിച്ചില്ല. ഏതു രീതിയിലും തനിക്കു പാട്ടുകളെഴുതാൻ കഴിയുമെന്നും തന്റെ ഭാവനക്ക് അതിരുകളില്ലെന്നും പി. ഭാസ്കരൻ ഒരിക്കൽക്കൂടി തെളിയിച്ചു. എന്നാൽ, സംഗീത സംവിധായകൻ കെ.കെ. ആന്റണിക്ക് അവസരത്തിനൊത്ത് ഉയരാൻ കഴിഞ്ഞില്ല. അതുകൊണ്ട് മലയാള സിനിമാ സംഗീതത്തിന് കൂടുതൽ സംഭാവനകൾ നൽകാനുള്ള അവസരങ്ങളും അദ്ദേഹത്തിന് ലഭിച്ചില്ല.

(തുടരും)

News Summary - weekly sangeetha yathrakal