Begin typing your search above and press return to search.
proflie-avatar
Login

രണ്ടു കവികൾ ചേർന്നൊരുക്കിയ സൂപ്പർഹിറ്റ് സിനിമ

രണ്ടു കവികൾ ചേർന്നൊരുക്കിയ   സൂപ്പർഹിറ്റ് സിനിമ
cancel

വിലയ്‌ക്കു വാങ്ങിയ വീണ’, ‘ഗംഗാസംഗമം’, ‘കൊച്ചനിയത്തി’ എന്നീ സിനിമകളിലെ ഗാനങ്ങളെയും പിന്നണിയെയും കുറിച്ച്​ എഴുതുന്നു. ‘വിലയ്‌ക്കു വാങ്ങിയ വീണ’യിൽ വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ രൂപംകൊണ്ട ഒമ്പതു പാട്ടുകൾ ഉണ്ടായിരുന്നു. അഞ്ചു പാട്ടുകൾ പി. ഭാസ്കരനും നാല് പാട്ടുകൾ ശ്രീകുമാരൻ തമ്പിയും എഴുതി. ആ പാട്ടുകൾ ജനം ഏറ്റെടുത്തതി​ന്റെ ഒാർമകൾ കൂടിയാണ് ഇൗ ലക്കത്തിലെ കുറിപ്പ്​.വർഷം 1971ൽ മൂന്നു സിനിമകൾകൂടി പുറത്തുവന്നു. ജെ.ഡി. തോട്ടാൻ സംവിധാനംചെയ്ത ‘ഗംഗാസംഗമം’, പി. ഭാസ്കരൻ സംവിധാനംചെയ്ത ‘വിലയ്‌ക്കു വാങ്ങിയ വീണ’, പി. സുബ്രഹ്മണ്യം സംവിധാനംചെയ്ത ‘കൊച്ചനിയത്തി’ എന്നിവയാണ് ഈ ചിത്രങ്ങൾ. പി.കെ ഫിലിംസിന്റെ പേരിൽ...

Your Subscription Supports Independent Journalism

View Plans

വിലയ്‌ക്കു വാങ്ങിയ വീണ’, ‘ഗംഗാസംഗമം’, ‘കൊച്ചനിയത്തി’ എന്നീ സിനിമകളിലെ ഗാനങ്ങളെയും പിന്നണിയെയും കുറിച്ച്​ എഴുതുന്നു. ‘വിലയ്‌ക്കു വാങ്ങിയ വീണ’യിൽ വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ രൂപംകൊണ്ട ഒമ്പതു പാട്ടുകൾ ഉണ്ടായിരുന്നു. അഞ്ചു പാട്ടുകൾ പി. ഭാസ്കരനും നാല് പാട്ടുകൾ ശ്രീകുമാരൻ തമ്പിയും എഴുതി. ആ പാട്ടുകൾ ജനം ഏറ്റെടുത്തതി​ന്റെ ഒാർമകൾ കൂടിയാണ് ഇൗ ലക്കത്തിലെ കുറിപ്പ്​.

വർഷം 1971ൽ മൂന്നു സിനിമകൾകൂടി പുറത്തുവന്നു. ജെ.ഡി. തോട്ടാൻ സംവിധാനംചെയ്ത ‘ഗംഗാസംഗമം’, പി. ഭാസ്കരൻ സംവിധാനംചെയ്ത ‘വിലയ്‌ക്കു വാങ്ങിയ വീണ’, പി. സുബ്രഹ്മണ്യം സംവിധാനംചെയ്ത ‘കൊച്ചനിയത്തി’ എന്നിവയാണ് ഈ ചിത്രങ്ങൾ.

പി.കെ ഫിലിംസിന്റെ പേരിൽ പോൾ കല്ലുങ്കൽ നിർമിച്ച ചിത്രമാണ് ‘ഗംഗാസംഗമം’. പോൾ കല്ലുങ്കലിന് മലയാള സിനിമയിൽ ഒരു വലിയ സ്ഥാനമുണ്ട്. 1952ൽ ചിറയിൻകീഴ് അബ്ദുൽഖാദർ എന്ന ചെറുപ്പക്കാരനെ നായകനും നെയ്യാറ്റിൻകര കോമളം എന്ന യുവതിയെ നായികയുമാക്കി ‘മരുമകൾ’ എന്ന സിനിമ നിർമിച്ച മലയാളത്തിലെ ആദ്യകാല സിനിമാ നിർമാതാവാണ് അദ്ദേഹം. ആ ചിറയിൻകീഴ് അബ്ദുൽ ഖാദറാണ് മലയാളത്തിലെ അജയ്യനായകനായ പ്രേംനസീർ ആയി വളർന്നത്. ഈ സിനിമയിലും പ്രേംനസീർതന്നെയായിരുന്നു നായകൻ.

രാഗിണി നായികയും. തിക്കുറിശ്ശി സുകുമാരൻ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, ടി.എസ്. മുത്തയ്യ, ജയഭാരതി, ഉണ്ണിമേരി, ജേസി, ബഹദൂർ, മീന, ആലുമ്മൂടൻ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ടായിരുന്നു. പൊൻകുന്നം വർക്കി കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. ജെ.ഡി. തോട്ടാനും ബി.കെ. പൊറ്റെക്കാടും ചേർന്ന് ചിത്രം സംവിധാനംചെയ്തു. സംഗീതവിഭാഗത്തിന്റെ ചുമതല വയലാർ-ദേവരാജൻ ടീമിനായിരുന്നു. ആകെ നാല് പാട്ടുകളാണ് ‘ഗംഗാസംഗമ’ത്തിൽ ഉണ്ടായിരുന്നത്. യേശുദാസ്, പി. സുശീല, പി. ജയചന്ദ്രൻ, മാധുരി എന്നീ ഗായകർ ഓരോ ഗാനം പാടി. യേശുദാസ് പാടിയ ‘‘മനസാ വാചാ കർമണാ...’’ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. ഇന്നും ആ ഗാനം ഗാനാസ്വാദകരുടെ ഓർമയിലുണ്ടാവും.

‘‘മനസാ വാചാ കർമണാ -ഞാൻ/ മനുഷ്യപുത്രനെ സ്നേഹിച്ചു/ അവന്റെ ശത്രുവിനെ ഞാനെതിർത്തു/ അവന്റെ ബന്ധുവിനെ സ്വീകരിച്ചു... സ്വീകരിച്ചു.../ ഉടുക്കാൻ തുകിൽ കൊടുത്തു/ നടക്കാൻ വഴി കൊടുത്തു/ അരമനത്തിരുനട തുറന്നുവെച്ചു -ഞാൻ/ അവനു വേണ്ടി പ്രാർഥിച്ചു.../ ഈശോ... ഈശോ... ഇതു തെറ്റായിരുന്നെങ്കിൽ/ ആ തെറ്റിനെന്നെ ശിക്ഷിക്കൂ...’’

പി. ജയചന്ദ്രൻ പാടിയ ഗാനം ‘‘മുന്തിരിക്കുടിലിൽ മുത്തു നിരത്തും മഞ്ജുളാംഗീ’’ എന്ന് തുടങ്ങുന്നു. ‘‘മുന്തിരിക്കുടിലിൽ മുത്തു നിരത്തും/ മഞ്ജുളാംഗീ/ മുന്നിൽ നിൽക്കുമീ ഇടയനു നൽകുമോ/ മുഖശ്രീ സിന്ദൂരം -നിന്റെ/ മുഖശ്രീ സിന്ദൂരം’’ എന്ന് പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘കുന്നിൻമുകളിൽ വനദേവതമാർ / കുന്തിരിക്കം പുകയ്ക്കും രാത്രികളിൽ/ വിടരും ലജ്ജയിൽ നിറച്ചു നീ തരുമോ/ വികാരമധുപാത്രം...’’ ഗാനം കേൾക്കാൻ ഇമ്പമുള്ളതായിരുന്നെങ്കിലും ഈ ഗാനം ജയചന്ദ്രൻ പാടിയ ഹിറ്റ് ഗാനങ്ങളിൽ ഉൾപ്പെട്ടിട്ടില്ല.

 

പി. സുശീല പാടിയ ‘‘മോഹാലസ്യം/ മധുരമാമൊരു മോഹാലസ്യം/ മാനം മണ്ണിൻ മനസ്സിൽ കുറിക്കും/ മൗനത്തിനെന്തൊരു സ്വാരസ്യം’’ എന്ന പാട്ടും മാധുരി പാടിയ ‘‘ഉഷസ്സേ ഉഷസ്സേ വേഗമുദിക്കൂ...’’ എന്നു തുടങ്ങുന്ന പാട്ടും ചിത്രത്തിൽ ഉണ്ടായിരുന്നു.

മാധുരി പാടിയ പാട്ടിന്റെ പല്ലവി ഇങ്ങനെ: ‘‘ഉഷസ്സേ ഉഷസ്സേ ഉദിക്കൂ വേഗമുദിക്കൂ/ മനസ്സേ, പൂ പോലെ ചിരിക്കൂ...’’ അൽപം വ്യത്യസ്തമെന്നു പറയാവുന്ന ഈ പാട്ടിലെ വരികൾ ഇപ്രകാരം തുടരുന്നു: ‘‘മുത്തിലും മുള്ളിലും ചവിട്ടിനടന്നപ്പോൾ/ മുറിഞ്ഞിട്ടുണ്ടാവാം പാദം/ മന്ത്രകോടി കൊണ്ടതു മറയ്ക്കൂ/ മധുവിധുമണിയറ അലങ്കരിക്കൂ/ കിളിർത്തുവല്ലോ കിനാക്കൾ/ കിളിർത്തുവല്ലോ...’’ അടുത്ത ചരണവും ഇതേ ആശയംതന്നെ മറ്റൊരു തരത്തിൽ അവതരിപ്പിക്കുന്നു. ജെ.ഡി. തോട്ടാനാണ് ചിത്രത്തിന്റെ സംവിധായകൻ. ഷൂട്ടിങ് പുരോഗമിക്കുമ്പോൾ സംവിധായകനും നിർമാതാവും തമ്മിൽ ഇടയുകയും തോട്ടാൻ പിൻവാങ്ങുകയും ചെയ്തു. തുടർന്ന് സഹസംവിധായകനായ ബി.കെ. പൊറ്റെക്കാട് ചിത്രം പൂർത്തിയാക്കി. അങ്ങനെയാണ് ‘ഗംഗാസംഗമം’ എന്ന സിനിമക്ക് രണ്ടു സംവിധായകർ ഉണ്ടായത്.

‘ഗംഗാസംഗമം’ ഭേദപ്പെട്ട സിനിമയായിരുന്നു. 1971 ഡിസംബർ 17ന് ചിത്രം തിയറ്ററുകളിലെത്തി. ചിത്രത്തിന് ശരാശരി സാമ്പത്തികവിജയം നേടാനേ സാധിച്ചുള്ളൂ.

‘കാക്കത്തമ്പുരാട്ടി’ എന്ന ചിത്രത്തിനുശേഷം ശ്രീകുമാരൻ തമ്പി കഥയും തിരക്കഥയും സംഭാഷണവും എഴുതി പി. ഭാസ്കരൻ സംവിധാനംചെയ്ത സിനിമയാണ് ‘വിലയ്‌ക്കു വാങ്ങിയ വീണ’. ഈ സിനിമയുടെ നിർമാതാവും പി. ഭാസ്കരൻ തന്നെയായിരുന്നു. സംഗീതത്തിന് പ്രാധാന്യം നൽകി തയാറാക്കിയ ഈ ചിത്രം ഇല്ലായ്മയിൽനിന്ന് സാവധാനം വളർന്ന് ഉയരങ്ങളിലെത്തുന്ന ഒരു ഗായകന്റെ കഥയാണ് പറയുന്നത്. ‘വിലയ്‌ക്കു വാങ്ങിയ വീണ’യിൽ വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ രൂപംകൊണ്ട ഒമ്പതു പാട്ടുകൾ ഉണ്ടായിരുന്നു. അഞ്ചു പാട്ടുകൾ പി. ഭാസ്കരനും നാല് പാട്ടുകൾ ശ്രീകുമാരൻ തമ്പിയും എഴുതി.

യേശുദാസ്, ജയചന്ദ്രൻ, എസ്. ജാനകി, ബി. വസന്ത എന്നിവരായിരുന്നു ഗായകർ. ചിത്രത്തിലെ ഒമ്പതു പാട്ടുകളും സംഗീതാസ്വാദകർ ഇഷ്ടപ്പെട്ടു. പി. ഭാസ്കരൻ എഴുതി യേശുദാസ് ആലപിച്ച ‘‘കാട്ടിലെ പാഴ്‌മുളം തണ്ടിൽനിന്നും പാട്ടിന്റെ പാലാഴി തീർത്തവളേ...’’ എന്ന പാട്ട് മലയാള സിനിമയിലെ അനശ്വരഗാനങ്ങളിലൊന്നായി മാറി. പി. ഭാസ്കരൻ ഈ ചിത്രത്തിനുവേണ്ടി രചിച്ച അഞ്ചു പാട്ടുകൾ താഴെ പറയുന്നവയാണ്:

ഒന്ന്: ‘‘ഇനിയുറങ്ങൂ... ഇനിയുറങ്ങൂ...’’ എന്നു തുടങ്ങുന്ന എസ്. ജാനകിയുടെ താരാട്ട്.

രണ്ട്: ‘‘ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു...’’ (യേശുദാസ്)

മൂന്ന്: ‘‘ഇന്നത്തെ രാത്രി ശിവരാത്രി...’’ (ബി. വസന്ത)

നാല്: ‘‘കളിയും ചിരിയും മാറി കൗമാരം വന്നുകേറി’’ (ജയചന്ദ്രൻ)

അഞ്ച്: ‘‘കാട്ടിലെ പാഴ്‌മുളം തണ്ടിൽനിന്നും...’’ (യേശുദാസ്)

ശ്രീകുമാരൻ തമ്പി എഴുതിയ നാല് പാട്ടുകൾ ഇനി പറയുന്നു: ഒന്ന്, ‘‘ഇഴ നൊന്തു തകർന്നൊരു മണിവീണ ഞാൻ’’ (യേശുദാസ്). രണ്ട്, ‘‘ദേവഗായകനെ ദൈവം ശപിച്ചു...’’ (ബ്രഹ്മാനന്ദൻ ). മൂന്ന്, ‘‘അവൾ ചിരിച്ചാൽ മുത്തു ചിതറും’’ (യേശുദാസ്). നാല്, ‘‘സുഖമെവിടെ... ദുഃഖമെവിടെ..?’’ (യേശുദാസ്)

‘‘നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധീ നടുവിൽ ഞാൻ’’ എന്ന പരമ്പരാഗത ഗാനശകലവും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു, ബി. വസന്തയാണ് അതു പാടിയത്. ഇനി ഓരോ ഗാനത്തിലും കണ്ണോടിക്കാം. എസ്. ജാനകി പാടിയ ‘‘ഇനിയുറങ്ങൂ ഇനിയുറങ്ങൂ/ മനതാരിൽ മലരിടും സ്വപ്നങ്ങളേ/ മാനവവ്യാമോഹ പുഷ്പങ്ങളേ...’’ എന്നു തുടങ്ങുന്ന ഗാനം രചനകൊണ്ടും ഈണംകൊണ്ടും വളരെ മികച്ചതായി. ആ ഗാനത്തിന് ആർ.കെ. ശേഖർ നൽകിയ ഓർക്കസ്ട്ര ക്രമീകരണവും അത്യാകർഷകം. കാമുകനായ ഗായകനെ (പ്രേംനസീർ) മടിയിൽ കിടത്തി കാമുകി (ശാരദ) പാടുന്ന സാന്ത്വനഗാനമാണത്. അത് ശരിക്കും ഒരു താരാട്ടായി മാറി. വരികൾ ഇങ്ങനെ തുടരുന്നു: ‘‘ഓടിയോടിത്തളർന്നു കിടക്കുന്നു/ ഒരു ഗാനസാമ്രാജ്യ രാജകുമാരൻ/ ആശകൾ തന്നുടെ ചുമടും പേറി/ അലഞ്ഞു വന്നൊരു രാജകുമാരൻ/ ഇനിയുറങ്ങൂ ഇനിയുറങ്ങൂ/ ഇരുൾമുല്ലക്കാട്ടിലെ താരകളേ/ കാലത്തിൻ താളൊന്നു മറിഞ്ഞിടുമ്പോൾ/ കാലത്തെ നിങ്ങൾ വാടിയാലോ...’’

‘‘ഇനിയുറങ്ങൂ’’ എന്ന ഗാനം എസ്. ജാനകി രണ്ടു രീതിയിൽ പാടിയിട്ടുണ്ട്. ഒന്ന് തികഞ്ഞ സന്തോഷത്തിലും മറ്റൊന്ന് കടുത്ത ശോകത്തിലും. അങ്ങനെ നോക്കുമ്പോൾ ചിത്രത്തിൽ പത്തു പാട്ടുകൾ ഉണ്ടെന്നു പറയാം.

യേശുദാസ് പാടിയ ‘‘ഏകാന്തജീവനിൽ ചിറകുകൾ മുളച്ചു/ ഏഴാം സ്വർഗത്തിൽ നീയെന്നെ ക്ഷണിച്ചു/ സ്വപ്നസുന്ദരിയാം സംഗീതമേ -നീയെൻ/ കൽപനാനന്ദനത്തിൽ ആരാമ നർത്തകി...’’ എന്ന ഗാനവും മനോഹരമാണ്.

 

പി. ഭാസ്കരൻ,ശ്രീകുമാരൻ തമ്പി

പി. ഭാസ്കരൻ,ശ്രീകുമാരൻ തമ്പി

ബി. വസന്ത പാടിയ ‘‘ഇന്നത്തെ രാത്രി...’’ എന്നു തുടങ്ങുന്ന ഗാനം ചിത്രത്തിലെ ഇതര ഗാനങ്ങളിൽനിന്ന് വ്യത്യസ്തമാണ്. ഇത് അന്നത്തെ അവസ്ഥയിൽ ഒരു ഫാസ്റ്റ് നമ്പർ ആയിരുന്നു എന്നു പറയാം. ‘‘ഇന്നത്തെ രാത്രി ശിവരാത്രി/ കയ്യും കയ്യും താളമടിക്കും/ കണ്ണും കണ്ണും കഥ പറയും/ കാൽച്ചിലങ്കകൾ പൊട്ടിച്ചിരിക്കും/ കാലടികൾ നർത്തനമാടും/ ഇന്നത്തെ രാത്രി ശിവരാത്രി...’’

ജയചന്ദ്രൻ പാടിയ ‘‘കളിയും ചിരിയും മാറി/ കൗമാരം വന്നു കേറി/ കന്നിരാവിൻ അരമന തന്നിലെ/ കൗമുദിയാളാകെ മാറി’’ എന്നാരംഭിക്കുന്ന പാട്ടും വേഗതയുള്ളതാണ്. പി. ഭാസ്കരൻ രചിച്ച ‘‘കാട്ടിലെ പാഴ്‌മുളം തണ്ടിൽനിന്നും/ പാട്ടിന്റെ പാലാഴി തീർത്തവളേ/ ആനന്ദകാരിണീ അമൃതഭാഷിണീ/ ഗാനവിമോഹിനീ വന്നാലും...’’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ​ൈക്ലമാക്സ് ഗാനം ഒരു രാഗമാലികയായാണ് ദക്ഷിണാമൂർത്തി സ്വാമി ചിട്ടപ്പെടുത്തിയിട്ടുള്ളത്.

‘‘നിനക്കായ് സർവവും ത്യജിച്ചൊരു ദാസൻ/ വിളിക്കുന്നു നിന്നെ വിളിക്കുന്നു/ കനകഗോപുരനടയിൽനിന്നും/ ക്ഷണിക്കുന്നു, നിന്നെ ക്ഷണിക്കുന്നു...’’ എന്ന വരികൾ കഴിഞ്ഞു വരുന്ന ‘‘മൻ മനോവീണയിൽ നീ ശ്രുതി ചേർത്തൊരു/ തന്ത്രിയിലാകവേ തുരുമ്പു വന്നു...’’ എന്ന ഭാഗം അത്യധികം ഹൃദയസ്പർശിയായിരിക്കുന്നു.

ശ്രീകുമാരൻ തമ്പി എഴുതിയ നാല് ഗാനങ്ങളിൽ ഒരെണ്ണം കെ.പി. ബ്രഹ്മാനന്ദനും മൂന്നെണ്ണം യേശുദാസും പാടി. ‘‘ദേവഗായകനെ ദൈവം ശപിച്ചു/ ഭൂമിയിൽ വന്നവൻ യാചിച്ചു.../ നൊമ്പരക്കിളിയുടെ ഗാനശലാകകൾ/ സുന്ദരരാഗമായുയർന്നു -വാനിൽ/ സുന്ദരരാഗമായുയർന്നു’’ എന്ന ഗാനമാണ് ബ്രഹ്മാനന്ദൻ പാടിയത്. ആ ഗാനത്തിലെ ‘‘നെഞ്ചെരിഞ്ഞുയരുന്ന പുക കണ്ടു ലോകം/ പുഞ്ചിരിയാണെന്നു പറഞ്ഞു’’ എന്ന രണ്ടു വരികൾ നിരൂപകപ്രശംസ നേടി.

‘‘ഇഴ നൊന്തു തകർന്നൊരു മണിവീണ ഞാൻ/ ഹൃദയത്തിൽ അപശ്രുതി മാത്രം/ ഇതൾ വാടിക്കരിയുന്ന കദളീമുകുളം/ ഹൃദയത്തിൽ എരിവേനൽ മാത്രം -എൻ/ ഹൃദയത്തിൽ എരിവേനൽ മാത്രം’’ എന്ന ഗാനവും

‘‘അവൾ ചിരിച്ചാൽ മുത്തു ചിതറും/ ആ മുത്തോ നക്ഷത്രമാകും/ അതു കണ്ടാൽ കരളിൽ കൊണ്ടാൽ/ ഏതു പകലും രാത്രിയാകും/ ആ നക്ഷത്ര രത്നങ്ങൾ വാരിയണിഞ്ഞാൽ/ ആകാശമാകും.../ വാനവും ഭൂമിയും കപ്പം കൊടുക്കും/ വരവർണിനിയല്ലേ -അവളൊരു വരവർണിനിയല്ലേ/ വാർമഴവില്ലിന്നേഴു നിറങ്ങൾ പകർന്നതവളല്ലേ -നിറങ്ങൾ/ പകർന്നതവളല്ലേ.../ അവൾ നടന്നാൽ ഭൂമി തരിക്കും/ ആ കുളിരിൽ പൂക്കൾ വിടരും’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനത്തിന്റെ ഘടനയിൽ പുതുമയുണ്ടായിരുന്നു. ശ്രീകുമാരൻ തമ്പി എഴുതിയ നാലാമത്തെ ഗാനം

‘‘സുഖമെവിടെ ദുഃഖമെവിടെ എന്നു തുടങ്ങുന്നു... സുഖമെവിടെ ദുഃഖമെവിടെ/ സ്വപ്നമരീചിക മാഞ്ഞുകഴിഞ്ഞാൽ/ ആശയെവിടെ... നിരാശയെവിടെ.../ സുഖമെവിടെ ദുഃഖമെവിടെ.../ പല കുറി കരയുമ്പോൾ ചിരിക്കാൻ പഠിക്കും/ പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും/ സ്നേഹിച്ചു വളരുമ്പോൾ മറക്കാൻ പഠിക്കും / മനസ്സിനെ പോലും ചതിക്കാൻ പഠിക്കും’’ എന്നിങ്ങനെ തുടരുന്ന ഗാനം ശ്രോതാക്കൾക്ക് പ്രിയങ്കരമായി.

പി. ഭാസ്കരൻ നിർമാതാവും സംവിധായകനുമായ ‘വിലയ്ക്കു വാങ്ങിയ വീണ’ എന്ന സംഗീതപ്രധാനമായ ചിത്രം സൂപ്പർഹിറ്റ് ആയി മാറി. റിലീസ് ചെയ്ത പ്രധാന കേന്ദ്രങ്ങളിൽ ചിത്രം അമ്പതു ദിവസം ഓടി. ചില കേന്ദ്രങ്ങളിൽ നൂറു ദിവസവും. ഇതിനെ തുടർന്ന് ഈ ലേഖകൻ പി. ഭാസ്കരൻ സംവിധാനംചെയ്ത ആറു സിനിമകൾക്കു കൂടി തിരക്കഥയും സംഭാഷണവും എഴുതുകയുണ്ടായി. അവയിൽ ‘ആറടി മണ്ണിന്റെ ജന്മി’, ‘വീണ്ടും പ്രഭാതം’, ‘മറ്റൊരു സീത’, ‘ചുമടുതാങ്ങി’ തുടങ്ങിയ സിനിമകൾ വാണിജ്യവിജയം നേടി.

പി. സുബ്രഹ്മണ്യം നിർമാണവും സംവിധാനവും നിർവഹിച്ച നീലാ പ്രൊഡക്ഷൻസിന്റെ ‘കൊച്ചനിയത്തി’ എന്ന സിനിമയിൽ മധുവാണ് നായകൻ. ജയഭാരതി, കെ.വി. ശാന്തി, വിൻസന്റ്, എസ്.പി. പിള്ള, ആറന്മുള പൊന്നമ്മ, ടി.ആർ. ഓമന, പറവൂർ ഭരതൻ, ആലുമ്മൂടൻ, മാസ്റ്റർ പ്രഭാകർ, ബേബി സുമതി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കഥയും തിരക്കഥയും സംഭാഷണവും എസ്.എൽ പുരം സദാനന്ദൻ രചിച്ചു. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ടി.കെ. പുകഴേന്തി ഈണം നൽകി. യേശുദാസ്, പി. ലീല, ജയചന്ദ്രൻ, എസ്. ജാനകി എന്നിവർ ഗാനങ്ങൾ ആലപിച്ചു. എസ്. ജാനകി പാടിയ ‘‘സുന്ദരരാവിൽ...’’ എന്നു തുടങ്ങുന്ന ഗാനമാണ് ‘കൊച്ചനിയത്തി’യിലെ ഏറ്റവും മികച്ച ഗാനം.

‘‘സുന്ദരരാവിൽ ചന്ദനമുകിലിൽ/ മന്ത്രങ്ങളെഴുതും ചന്ദ്രികേ / അനുരാഗത്തിൻ ആദ്യനൊമ്പരം/ ആത്മനാഥനോടെങ്ങിനെ പറയും’’ എന്ന പാട്ടിന്റെ ഈണവും ജാനകിയുടെ ആലാപനവും അതിമനോഹരമായി.

 

പ്രേംനസീർ, യേശുദാസ്

പ്രേംനസീർ, യേശുദാസ്

‘‘വാസരസ്വപ്നം ഇതളുകൾ വിരിക്കും/ വാടിക്കൊഴിയും രാവിൻ മടിയിൽ/ ആയിരം കഥകൾ പറയാൻ കൊതിക്കും/ അരികത്തു വന്നാൽ അടിമുടി വിറയ്ക്കും/ എങ്ങിനെ... എങ്ങിനെ... പറയുവതെങ്ങിനെ..?’’ എന്നിങ്ങനെ ഗാനം തുടരുന്നു. യേശുദാസ് രണ്ടു പാട്ടുകൾ ഈ ചിത്രത്തിനുവേണ്ടി പാടി. ‘‘കൊച്ചിളം കാറ്റേ...’’ എന്നു തുടങ്ങുന്നു ആദ്യഗാനം.

‘‘കൊച്ചിളം കാറ്റേ കളമൊഴിക്കാറ്റേ കൊച്ചുപെങ്ങളെ കണ്ടോ / പിച്ചകപ്പൂവുകൾ നുള്ളിനടക്കുമ്പോൾ/ കൊച്ചുകാൽപ്പാടുകൾ കണ്ടോ... മണ്ണിൽ/ കൊച്ചുകാൽപ്പാടുകൾ കണ്ടോ/ ചിത്രശലഭം പോലിരിക്കും -അവൾ/ ചിലങ്ക കിലുങ്ങുമ്പോൽ ചിരിക്കും/ അഴകിന്റെ വസന്തം എന്നോമന/ അണ്ണന്റെ സുകൃതമാം കുഞ്ഞോമന...’’

യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ‘‘അഗ്നിപർവതം പൊട്ടിത്തെറിച്ചു...’’ എന്നാണ് തുടങ്ങുന്നത്. ‘‘അഗ്നിപർവതം പൊട്ടിത്തെറിച്ചു/ അഗ്നിശലാകകൾ പാറിനടന്നു/ ഈ ദുഃഖജ്വാല തൻ തീരഭൂമിയിൽ/ ഇനിയെന്തു ചെയ്യും ചിറകറ്റ കുരുവീ...’’ എന്ന ഗാനം കഥാസന്ദർഭവുമായി ഒട്ടിനിൽക്കുന്ന ഗാനമാണ്. അതു തിരക്കഥയുടെ ഭാഗം തന്നെ.

പി. ലീല പാടിയ പാട്ട് കുട്ടികൾക്കുള്ള ഉപദേശമാണ്. ‘‘തിങ്കളെ പോലെ ചിരിക്കുന്ന പൂക്കളേ/ തിന്മകൾ ചെയ്യരുതേ/ കഷ്ടതയാൽ കരൾ നൊന്തുപോയാലും/ കള്ളം പറയരുതേ.../ മിന്നുന്നതെല്ലാം പൊന്നല്ല/ തിന്നുന്നതെല്ലാം ചെളിയല്ല/ വെളിച്ചമെല്ലാം തീയല്ല/ വെളുത്തതൊക്കെ പാലല്ല’’ എന്നിങ്ങനെ തുടരുന്ന ഗാനം. ഈ പാട്ട് എസ്. ജാനകിയും പാടിയിട്ടുണ്ട്. പി. ജയചന്ദ്രനും എസ്. ജാനകിയും സംഘവും പാടിയ ഒരു കർഷക നൃത്തഗാനവും ഈ സിനിമയിലുണ്ട്.

‘‘തെയ്യാരെ തക തെയ്യാരെ/ തെയ്യന്നം തെയ്യന്നം താരേ/ പൊലിയോ പൊലി പൊലിയോ പൊലി/ പൊലിയോ പൊലി/ ഓണക്കൊയ്ത്തരിവാള് കിലുങ്ങി/ ഓണത്തപ്പന്റെ തേര് കുലുങ്ങി/ ഓണപ്പാട്ടുകൾ പാടിവരൂ നീ പെണ്ണാളേ/ മുത്തം കിട്ടിയ പെണ്ണിന്റെ മോഹം/ പത്തുമേനി വിളഞ്ഞല്ലോ/ വേർപ്പ് തിന്ന വയലിന്റെ മോഹം/ നൂറുമേനി വിളഞ്ഞല്ലോ.../ തെയ്യാരെ തക തെയ്യാരെ/ തെയ്യന്നം തെയ്യന്നം താരേ...’’

‘വിലയ്ക്കു വാങ്ങിയ വീണ’യും ‘കൊച്ചനിയത്തി’യും 1971 ക്രിസ്മസിനാണ് (ഡിസംബർ 24) റിലീസ് ചെയ്തത്. ‘വിലയ്ക്കു വാങ്ങിയ വീണ’ എന്ന ചിത്രത്തെ പോലെ ഹിറ്റ് ആയില്ലെങ്കിലും ‘കൊച്ചനിയത്തി’ ഒരു പരാജയമായില്ല.

(തുടരും)

News Summary - weekly sangeetha yathrakal