Begin typing your search above and press return to search.
proflie-avatar
Login

ഏകാന്തപഥികൻ ഞാൻ

ഏകാന്തപഥികൻ ഞാൻ
cancel

പി. ഭാസ്കരൻ-കെ. രാഘവൻ കൂട്ടുകെട്ടിൽ വീണ്ടും ഹിറ്റായ പാട്ടുകളെ കുറിച്ചാണ്​ ഇത്തവണ. കഥയുടെ അന്തരീക്ഷവുമായി ലയിച്ചുചേരുന്ന രാഘവൻ മാസ്റ്ററുടെ സംഗീതത്തെ ഉദാത്തം എന്നുതന്നെ വിശേഷിപ്പിക്കണമെന്ന്​ ലേഖകൻ.പ്രശസ്‌ത തമിഴ് നടനും നിർമാതാവുമായ പി.എസ്. വീരപ്പ ‘അനാഥശിൽപങ്ങൾ’ക്കു ശേഷം ചെലവ് പരമാവധി കുറച്ച് നിർമിച്ച മലയാള സിനിമയാണ് ‘സുമംഗലി’. എം.കെ. രാമു സംവിധാനംചെയ്ത ‘സുമംഗലി’യിൽ പ്രസാദ് (വർഗീസ് കാട്ടിപ്പറമ്പൻ), ഷീല എന്നിവർ നായകനും നായികയുമായി. ‘അനാഥശിൽപങ്ങൾ’ എന്ന മുൻ സിനിമയിലെ നായികയായ സരസ്വതി ഈ സിനിമയിൽ ഉപനായികയുടെ വേഷത്തിലെത്തി. ശങ്കരാടി, ബഹദൂർ, ടി.ആർ. ഓമന, ഖദീജ, പോൾ വെങ്ങോല തുടങ്ങിയവരും...

Your Subscription Supports Independent Journalism

View Plans

പി. ഭാസ്കരൻ-കെ. രാഘവൻ കൂട്ടുകെട്ടിൽ വീണ്ടും ഹിറ്റായ പാട്ടുകളെ കുറിച്ചാണ്​ ഇത്തവണ. കഥയുടെ അന്തരീക്ഷവുമായി ലയിച്ചുചേരുന്ന രാഘവൻ മാസ്റ്ററുടെ സംഗീതത്തെ ഉദാത്തം എന്നുതന്നെ വിശേഷിപ്പിക്കണമെന്ന്​ ലേഖകൻ.

പ്രശസ്‌ത തമിഴ് നടനും നിർമാതാവുമായ പി.എസ്. വീരപ്പ ‘അനാഥശിൽപങ്ങൾ’ക്കു ശേഷം ചെലവ് പരമാവധി കുറച്ച് നിർമിച്ച മലയാള സിനിമയാണ് ‘സുമംഗലി’. എം.കെ. രാമു സംവിധാനംചെയ്ത ‘സുമംഗലി’യിൽ പ്രസാദ് (വർഗീസ് കാട്ടിപ്പറമ്പൻ), ഷീല എന്നിവർ നായകനും നായികയുമായി. ‘അനാഥശിൽപങ്ങൾ’ എന്ന മുൻ സിനിമയിലെ നായികയായ സരസ്വതി ഈ സിനിമയിൽ ഉപനായികയുടെ വേഷത്തിലെത്തി.

ശങ്കരാടി, ബഹദൂർ, ടി.ആർ. ഓമന, ഖദീജ, പോൾ വെങ്ങോല തുടങ്ങിയവരും അഭിനേതാക്കളായി ഉണ്ടായിരുന്നു. സ്വാമി എന്ന തൂലികാനാമത്തിൽ അഡ്വ. വെങ്കിടേശ്വരൻ കഥയെഴുതി. ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവും രചിച്ചു. ശ്രീകുമാരൻ തമ്പി ഗാനങ്ങൾ എഴുതി. ആർ.കെ. ശേഖർ സംഗീതസംവിധാനം നിർവഹിച്ചു. യേശുദാസ്, ജയചന്ദ്രൻ, എസ്. ജാനകി എന്നിവർ ഗാനങ്ങൾ പാടി. ചിത്രത്തിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു.

ആർ.കെ. ശേഖറിന്റെ സംഗീതത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ‘‘ഉഷസ്സോ സന്ധ്യയോ സുന്ദരി, ഓമനേ നീ ഉണരുമ്പോഴോ ഉറങ്ങുമ്പോഴോ സുന്ദരി?’’ എന്ന പ്രശസ്‌ത ഗാനം ഈ ചിത്രത്തിലാണുള്ളത്. യേശുദാസാണ് ഈ ഗാനം പാടിയത്.

‘‘ഉഷസ്സോ സന്ധ്യയോ സുന്ദരി/ ഓമനേ നീ ഉണരുമ്പോഴോ/ ഉറങ്ങുമ്പോഴോ സുന്ദരി/ ഉഷസ്സോ സന്ധ്യയോ സുന്ദരി’’ എന്നിങ്ങനെ പല്ലവി. ആദ്യത്തെ ചരണം ഇങ്ങനെ: ‘‘പനിനീർപ്പൂവോ പവിഴാധരമോ/ പരിമളമാദ്യം കവർന്നെടുത്തു/ അംബരമുകിലോ അമ്പിളിക്കുടമോ/ നിൻ കവിളോ ആദ്യം തടുത്തു.../ പറയുമോ... മനോഹരീ... മനോഹരീ’’ യേശുദാസ് പാടിയ രണ്ടാമത്തെ പ്രണയഗാനം ‘‘പുളകമുന്തിരിപ്പൂവനമോ...’’ എന്ന് തുടങ്ങുന്നു. പാട്ടിന്റെ പല്ലവിയും അനുപല്ലവിയും ആദ്യചരണവും താഴെ ചേർക്കുന്നു.

‘‘പുളകമുന്തിരിപ്പൂവനമോ -നീ/ പൂജയ്ക്കൊരുക്കിയ പൂത്താലമോ/ അമരാവതിയിലെ അമൃത നിർഝരിയോ/ അഴകിൻ യമുനാനദിയോ..?/ കണ്ണിൽ കൗമുദി വിടരുന്നു -നിൻ/ മാറിൽ താമര പിടയുന്നു/ പ്രണയിനീ.../ പ്രണയിനീ നിൻ ഇടയിളകുമ്പോൾ/പ്രേമകവിതകൾ തുളുമ്പുന്നു...’’

എസ്. ജാനകിയും സംഘവും പാടിയ ‘‘നിശാഗീതമായ് ഒഴുകിയൊഴുകി വരൂ...’’ എന്ന ഗാനവും ഹിറ്റ് ചാർട്ടിൽ വന്നതാണ്.

‘‘നിശാഗീതമായ് ഒഴുകിയൊഴുകി വരൂ/ നീ വരൂ നീ വരൂ/ നിത്യമോഹനഗാനമായ്/ ഗഗനസീമയിൽ ഇടറിവീണൊരു/ രജതതാരക മാഴ്‌കവേ/ എന്റെ ഹൃദയവസന്തതളികയിൽ/ നിന്റെയോർമ തുളുമ്പവേ/ നീന്തി വരൂ നീന്തി വരൂ/ നിത്യമാദക ഗീതമായ്...’’

പി. ജയചന്ദ്രനും എസ്. ജാനകിയും ചേർന്നു പാടിയ യുഗ്മഗാനവും പ്രശസ്തി നേടി.

‘‘നീലക്കരിമ്പിന്റെ നാട്ടിൽ ഒരു/ നീലത്താമരപ്പൊയ്ക/ താമരപൊയ്കയിൽ പൂ തുള്ളാൻ വന്ന/ തങ്കക്കുടത്തിനെ കണ്ടവരുണ്ടോ..?’’ എന്നു ഗായകൻ ചോദിക്കുമ്പോൾ ഗായിക ഇങ്ങനെ മറുപടി പറയുന്നു.

‘‘നീലക്കരിമ്പിന്റെ നാട്ടിൽ/ ഒരു നീലത്താമരപ്പൊയ്ക/ താമരപ്പൂ നുള്ളും തോഴിയെ തേടും/ പ്രേമസ്വരൂപനെ കണ്ടവരുണ്ടോ..?’’

ഗായകന്റെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘സ്വർണക്കിന്നരി സാരിയുടുത്ത്/ സ്വപ്നംപോലവൾ ഈ വഴി വന്നാൽ/ സ്വർഗം ഭൂമിയിൽ പൂത്തു വിളയാടും/ താഴമ്പൂവുകൾ പൂമണം നൽകും/ തണ്ണീർച്ചോലകൾ നൂപുരം നൽകും/ പൂവാലൻകിളി പാട്ടുകൾ പാടീടും...’’ നാടൻപാട്ടിന്റെ ശൈലിയിൽ ആർ.കെ. ശേഖർ നൽകിയ ഈണം അത്യാകർഷകമാണ്. പി. ജയചന്ദ്രൻ പാടിയ ‘‘മാന്മിഴികളടഞ്ഞു....’’ എന്നു തുടങ്ങുന്നു ‘സുമംഗലി’ എന്ന സിനിമയിലെ അഞ്ചാമത്തെ ഗാനം.

 

പി. ഭാസ്കരൻ, കെ. രാഘവൻ

പി. ഭാസ്കരൻ, കെ. രാഘവൻ

‘‘മാന്മിഴികളടഞ്ഞു -തേൻ/ ചൊടികളുണർന്നു/ തളിർമേനി നളിനംപോൽ/ കുളിർമാല ചൂടി നിന്നു/ അരുതേ...അരുതേ... ആ കനി തിന്നരുതേ/ ആ കനി തിന്നരുതേ/ മദിച്ചു തുള്ളും മായാലഹരിയിൽ/ മനസ്സു മുങ്ങുന്നു/ ശരിയുടെ മുന്നിൽ തെറ്റിൻ ഗോപുരം/ ഉയർന്നു പൊങ്ങുന്നു/ തകരുകയില്ലീ ഗോപുരം/ പിൻതിരിയുകയില്ലീ യൗവനം...’’ ഈ പാട്ടിന്റെ സന്ദർഭം എന്താണെന്ന് വരികൾ കേട്ടാൽതന്നെ ആർക്കും മനസ്സിലാകും.

1971 നവംബർ അഞ്ചിന്​ റിലീസ് ചെയ്ത ‘സുമംഗലി’ ശരാശരി വിജയംപോലും നേടിയില്ല. വർഗീസ് കാട്ടിപ്പറമ്പൻ (പ്രസാദ്) എന്ന നാടകനടനെ സത്യൻ, പ്രേംനസീർ, മധു എന്നീ മൂന്നു നായകന്മാരുടെ നിരയിലേക്കുയർത്താൻ മലയാളി പ്രേക്ഷകർ തയാറായില്ല, ഉദയായുടെ ‘ഉമ്മ’ എന്ന സിനിമയിൽ ‘സ്നേഹജാൻ’ എന്ന പേരിൽ നായകനായി വന്ന സുന്ദരനായ നടൻ കെ.പി. ഉമ്മറിനുപോലും മലയാളികൾ ആ സ്ഥാനം നൽകിയില്ലെന്നോർക്കുക (സ്നേഹജാൻ എന്ന പേരിൽ ‘ഉമ്മ’യിൽ അഭിനയിക്കുന്നതിന് മുമ്പ് പി. ഭാസ്കരൻ സംവിധാനംചെയ്ത ‘രാരിച്ചൻ എന്ന പൗരൻ’ എന്ന ചിത്രത്തിൽ വൃദ്ധന്റെ വേഷത്തിൽ കെ.പി. ഉമ്മർ അഭിനയിച്ചിരുന്നു, അതാണ് ഉമ്മറിന്റെ ആദ്യസിനിമ). രണ്ടു സിനിമകളിൽ നായകനായെങ്കിലും പ്രസാദ് എന്ന വർഗീസ് കാട്ടിപ്പറമ്പന് തുടർന്ന് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. പി.എസ്. വീരപ്പയും പിന്നീട് മലയാള സിനിമകൾ നിർമിച്ചില്ല.

‘തെറ്റ്’ എന്ന ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടിട്ടും എം.എസ് പ്രൊഡക്ഷൻസ് (നിർമാതാക്കൾ സി.സി. ബേബിയും വി.എം. ചാണ്ടിയും) കെ.എസ്. സേതുമാധവനെ തന്നെയാണ് അവരുടെ രണ്ടാമത്തെ ചിത്രമായ ‘ലൈൻബസ്സി’ന്റെ സംവിധാനചുമതല ഏൽപ്പിച്ചത്. മുട്ടത്തുവർക്കിയുടെ അതേ പേരിലുള്ള നോവലായിരുന്നു ചിത്രത്തിന് ആധാരം. മധു, കെ.പി. ഉമ്മർ, ജയഭാരതി, അടൂർ ഭാസി, ബഹദൂർ, പ്രമീള, ആലുമ്മൂടൻ, മീന എന്നിവരോടൊപ്പം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാള നടിയായ ജമീലമാലിക്കും ‘ലൈൻബസ്സി’ൽ അഭിനയിച്ചു.

എസ്.എൽ പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും എഴുതി. വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. ‘ലൈൻബസ്സ്’ സേതുമാധവന്റെ ഇതര സിനിമകളുടെ നിലവാരത്തിലേക്കുയർന്നില്ലെങ്കിലും ചിത്രത്തിൽ മികച്ച പാട്ടുകളുണ്ടായിരുന്നു. യേശുദാസ് പാടിയ ‘‘അദ്വൈതം ജനിച്ച നാട്ടിൽ...’’ എന്ന ഗാനമാണ് ഏറ്റവും മികച്ചത്.

‘‘അദ്വൈതം ജനിച്ച നാട്ടിൽ/ ആദിശങ്കരൻ ജനിച്ച നാട്ടിൽ/ആയിരം ജാതികൾ ആയിരം മതങ്ങൾ/ ആയിരം ദൈവങ്ങൾ / മതങ്ങൾ ജനിക്കും മതങ്ങൾ മരിക്കും/ മനുഷ്യനൊന്നേ വഴിയുള്ളൂ/ നിത്യസ്നേഹം തെളിക്കുന്ന വീഥി/ സത്യാന്വേഷണവീഥി -യുഗങ്ങൾ/ രക്തം ചിന്തിയ വീഥി...’’

ഈ പാട്ടിലെ ഏറ്റവും വിലപിടിപ്പുള്ള വരികൾ രണ്ടാമത്തെ ചരണത്തിലാണുള്ളത്. ‘‘പ്രപഞ്ചം മുഴുവൻ വെളിച്ചം നൽകാൻ/പകലിനൊന്നേ വിളക്കുള്ളൂ/ ലക്ഷം നക്ഷത്രദീപങ്ങൾ കൊളുത്തി/ സ്വപ്നം കാണുന്നു രാത്രി -വെളിച്ചം/ സ്വപ്നം കാണുന്നു രാത്രി...’’

‘ലൈൻബസ്സി’ലെ ഇതരഗാനങ്ങൾക്ക് ഇത്രയും മേന്മ അവകാശപ്പെടാനില്ലെങ്കിലും മാധുരി പാടിയ ‘‘തൃക്കാക്കര പൂ പോരാഞ്ഞ്/ തിരുനക്കരെ പൂ പോരാഞ്ഞ്/ തിരുമാന്ധാം കുന്നിലെത്തിയ തെക്കൻകാറ്റേ/ നിന്റെയോമൽപൂപ്പാലിക ഞാനൊന്നു കണ്ടോട്ടെ’’ എന്ന പാട്ട് മേളക്കൊഴുപ്പുള്ളതായിരുന്നു.

മാധുരിയും ലതാരാജുവും ചേർന്നു പാടിയ ‘‘വില്ലു കെട്ടിയ കടുക്കനിട്ടൊരു വല്യമ്മാവൻ’’ എന്ന കുട്ടിപ്പാട്ടും പി. ലീല പാടിയ ‘‘മിന്നും പൊന്നും കിരീടം ചാർത്തിയ ചന്ദ്രബിംബമേ... സ്വർഗമാക്കൂ/ ഭൂമിയെ നീയൊരു സ്വർഗമാക്കൂ...’’ എന്നു തുടങ്ങുന്ന ഗാനവുമാണ് ‘ലൈൻബസ്സി’ലെ മറ്റു പ്രധാന രചനകൾ.

 

കെ.പി. ഉമ്മർ, ആർ.കെ. ശേഖർ

കെ.പി. ഉമ്മർ, ആർ.കെ. ശേഖർ

‘‘വില്ലു കെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ -തലയിൽ/വെള്ളിരോമ കുടുമവെച്ചൊരു വലിയമ്മാവൻ/ വടക്കു വടക്കു വേലേം പൂരോം കാണാൻ പോയപ്പോൾ -ഒരു/ വെളുത്ത കുതിരയെ വിലയ്ക്കു വാങ്ങി വലിയമ്മാവൻ’’ എന്നു തുടങ്ങുന്ന കഥാഗാനം കുട്ടികൾക്ക് ഇഷ്ടമാകും.

പി. ലീല പാടിയ ‘‘മിന്നും പൊന്നും കിരീടം ചാർത്തിയ ചന്ദ്രബിംബമേ/ സ്വർഗമാക്കൂ ഭൂമിയെ നീയൊരു സ്വർഗമാക്കൂ/ നീലയവനികയഴിയുമ്പോൾ/ നവനീതചന്ദ്രിക പൊഴിയുമ്പോൾ/ നീ വരുമ്പോൾ... നീ വരുമ്പോൾ/ നിന്റെ പരിചരണത്തിനു നിൽപ്പൂ നിശീഥിനി/ നിന്നെ മാത്രം സ്വപ്നം കാണും മനോഹരി/ മനോഹരി...’’ എന്ന പാട്ടും ഒട്ടും മോശമല്ല.

സേതുമാധവൻ സംവിധാനംചെയ്ത ‘ലൈൻബസ്സ്’ എന്ന ചിത്രം 1971 നവംബർ അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്. അതായത് ഒട്ടും താരമൂല്യമില്ലാത്ത ‘സുമംഗലി’ എന്ന സിനിമയും കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ‘ലൈൻബസ്സും’ തമ്മിൽ മത്സരിച്ചു. ‘സുമംഗലി’ പിന്നിലായിപ്പോയതിൽ അത്ഭുതമില്ലല്ലോ. ഇന്നത്തെ തലമുറ പുതുമുഖങ്ങളെ സ്വീകരിക്കാൻ മടി കാണിക്കുന്നില്ല. എന്നാൽ, എഴുപതുകളിലെ രീതി അങ്ങനെയായിരുന്നില്ല.

പ്രശസ്ത നോവലിസ്റ്റായ ഉറൂബിന്റെ (പി.സി.കുട്ടികൃഷ്ണൻ) ‘ഉമ്മാച്ചു’ എന്ന നോവൽ പി. ഭാസ്കരന്റെ സംവിധാനത്തിൽ സിനിമയായതും 1971ൽതന്നെ. ‘ഉമ്മാച്ചു’ എന്ന നോവലിലെ നായക കഥാപാത്രമായ ‘മായന്റെ’ വേഷത്തിൽ മധുവാണ് അഭിനയിച്ചത്. ഷീലയായിരുന്നു നായിക. രാഘവൻ, വിധുബാല, അടൂർ ഭാസി, നെല്ലിക്കോട്ടു ഭാസ്കരൻ, ഫിലോമിന, ടി.ആർ. ഓമന, ശാന്താദേവി, മാസ്റ്റർ സത്യജിത്‌ തുടങ്ങിയവരും ‘ഉമ്മാച്ചു’വിൽ ഉണ്ടായിരുന്നു. പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് കെ. രാഘവനാണ് ഈണംനൽകിയത്. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത രണ്ടു പാട്ടുകൾ ‘ഉമ്മാച്ചു’ എന്ന സിനിമയിൽ ഉണ്ടായിരുന്നു. കഥയുടെ അന്തരീക്ഷവുമായി ലയിച്ചു ചേരുന്ന രാഘവൻ മാസ്റ്ററുടെ സംഗീതത്തെ ഉദാത്തം എന്നുതന്നെ വിശേഷിപ്പിക്കണം.

യേശുദാസ് പാടിയ ‘‘ആറ്റിനക്കരെയക്കരെയാരാണോ...’’ എന്ന ഗാനം നൽകുന്ന അനുഭൂതി അവർണനീയം തന്നെയാണ്. ഈ പാട്ടിലെ വരികളും ഉജ്ജ്വലം തന്നെയെന്നു പറയണം.

‘‘ആറ്റിനക്കരെയക്കരെയാരാണോ... ഓ... ഓ... ഓ.../ പൂത്തു നിക്കണ പൂമരമോ -എന്നെ /കാത്തു നിക്കണ പൈങ്കിളിയോ.../ആറ്റിനക്കരെയക്കരെ നിക്കണതാരാണോ...’’ ഈ പാട്ടിലെ തുടർന്നുള്ള വരികളിൽ പി. ഭാസ്കരൻ എന്ന കവിയുടെ ഭാവനാസൗന്ദര്യം ആവോളം ആസ്വദിക്കാം.

 

‘ലൈൻബസ്സ്​’-പോസ്​റ്റർ

‘ലൈൻബസ്സ്​’-പോസ്​റ്റർ

‘‘കരയിൽ നിൽക്കും നിന്നെ കാണാൻ/ കടവു തോണി -ഓ... ഓ... കടവുതോണി/ എന്റെ കണ്ണു മൂടിയാൽ നിന്നെ കാണാൻ / കനവു തോണി -എന്റെ/ കനവു തോണി...’’ കടവും കനവും വന്നു വീഴുന്ന ഇടങ്ങൾ ശ്രദ്ധിക്കുക.

ഈ പാട്ട് യേശുദാസ് തന്നെ ശോകഭാവത്തിലും ആവർത്തിക്കുന്നുണ്ട്. പി. ജയചന്ദ്രൻ പാടിയ പാട്ടുകളിൽ ഒന്നാം നിരയിൽ നിൽക്കുന്ന ‘‘ഏകാന്തപഥികൻ ഞാൻ’’ എന്ന ഗാനവും ഈ സിനിമയിലുള്ളതാണ്.

‘‘ഏകാന്തപഥികൻ ഞാൻ/ ഏതോ സ്വപ്ന വസന്തവനത്തിലെ ഏകാന്തപഥികൻ ഞാൻ’’ എന്ന പല്ലവി വളരെ പ്രശസ്തമാണല്ലോ.

‘‘എവിടെ നിന്നെത്തിയെന്നറിവീല/ ഏതാണ് ലക്ഷ്യമെന്നറിവീല/ മാനവസുഖമെന്ന മായാമൃഗത്തിനെ/ തേടുന്ന പാന്ഥൻ ഞാൻ/ തേടുന്ന പാന്ഥൻ ഞാൻ...’’ എന്നിങ്ങനെ തുടരുന്ന ഗാനം അന്നും ഇന്നും ഉന്നതംതന്നെ.

യേശുദാസ് പാടിയ രണ്ടാമത്തെ ഗാനവും ശ്രദ്ധേയമാണ്. ‘‘കൽപകത്തോപ്പന്യനൊരുവന് പതിച്ചു നൽകി -നിന്റെ/ ഖൽബിലാറടി മണ്ണിലെന്റെ ഖബറടക്കി/ എന്റെ ഖബറടക്കി.../ മരിച്ചെന്നു നിനച്ചു നീ മണ്ണു കോരിയെറിഞ്ഞിട്ടും/ സ്മരണപ്പൊൻ കിളിയിന്നും/ പിടയ്ക്കുന്നില്ലേ -നെഞ്ചിൽ/ പിടയ്ക്കുന്നില്ലേ..?’’ ഇങ്ങനെയുള്ള പ്രയോഗങ്ങൾ ഭാസ്കരൻ മാസ്റ്റർക്കു മാത്രം സ്വന്തം.

എസ്. ജാനകി പാടിയ ‘‘വീണക്കമ്പി തകർന്നാലെന്തേ/ വിരലിൻതുമ്പു മുറിഞ്ഞാലെന്തേ/ ഗാനമേ, നിൻ മധുവർഷത്താൽ/ ഞാനലിഞ്ഞു പോയീ.../ ഞാനലിഞ്ഞു പോയീ.../ വാനിന്റെ മാറിൽ വീണു/ വൈശാഖ ചന്ദ്രലേഖ/ കാണാത്ത ചിറകുകൾ വീശി/ പ്രാണൻ പറന്നുയർന്നു പോയീ...’’ എന്ന ദുഃഖഗാനവും ബി. വസന്ത ആലപിച്ച ‘‘കിളിയേ കിളിയേ ഉണ്ടോ സ്വാദുണ്ടോ/ പേരക്കായയ്ക്കു സ്വാദുണ്ടോ... എന്റെ/ പേരക്കായയ്ക്കു സ്വാദുണ്ടോ’’ എന്നു തുടങ്ങുന്ന പാട്ടും പ്രസിദ്ധി നേടിയില്ലെങ്കിലും അവ ഗാനസന്ദർഭവുമായി അലിഞ്ഞുചേർന്നു. ഒരു ചലച്ചിത്രഗാനത്തിന്റെ പ്രഥമ ധർമം അതുതന്നെയാണല്ലോ.

‘ഉമ്മാച്ചു’ എന്ന അവിസ്മരണീയ ചിത്രം 1971 നവംബർ പത്തൊമ്പതിന്​ പ്രദർശനം തുടങ്ങി.

(തുടരും)

News Summary - weekly sangeetha yathrakal