Begin typing your search above and press return to search.

പി. ഭാസ്കരൻ-വയലാർ ആധിപത്യം തുടരുന്നു; യൂസഫലിയുടെ തുടക്കം

പി. ഭാസ്കരൻ-വയലാർ ആധിപത്യം തുടരുന്നു; യൂസഫലിയുടെ തുടക്കം
cancel

പി. ഭാസ്കരൻ ബാബുരാജുമായി ചേർന്നും വയലാർ രാമവർമ ദേവരാജനുമായി ചേർന്നും മനോഹരങ്ങളായ ഗാനങ്ങൾ ഒരുക്കുന്നതിനിടയിൽ ചില ചിത്രങ്ങളിൽ പി. ഭാസ്കരൻ ദേവരാജനോടൊപ്പവും വയലാർ ബാബുരാജിനോടൊപ്പവും ചേർന്ന് പ്രവർത്തിക്കാറുണ്ടായിരുന്നു. യഥാർഥ സംഗീതപ്രേമികൾ ഈ മാറ്റത്തെ സന്തോഷപൂർവം സ്വാഗതം ചെയ്തിരുന്നു....

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

പി. ഭാസ്കരൻ ബാബുരാജുമായി ചേർന്നും വയലാർ രാമവർമ ദേവരാജനുമായി ചേർന്നും മനോഹരങ്ങളായ ഗാനങ്ങൾ ഒരുക്കുന്നതിനിടയിൽ ചില ചിത്രങ്ങളിൽ പി. ഭാസ്കരൻ ദേവരാജനോടൊപ്പവും വയലാർ ബാബുരാജിനോടൊപ്പവും ചേർന്ന് പ്രവർത്തിക്കാറുണ്ടായിരുന്നു. യഥാർഥ സംഗീതപ്രേമികൾ ഈ മാറ്റത്തെ സന്തോഷപൂർവം സ്വാഗതം ചെയ്തിരുന്നു. 1963 മാർച്ച് മാസത്തിൽ പുറത്തുവന്ന കലാലയായുടെ 'ഡോക്ടർ' എന്ന ചിത്രത്തിൽ പി. ഭാസ്കരനും ദേവരാജനും ഒരുമിച്ചു. 'പാലാട്ട് കോമനി'ൽ വയലാറും ബാബുരാജും ചേർന്നപ്പോൾ സൂപ്പർഹിറ്റ് ഗാനങ്ങളുണ്ടായതു നാം കണ്ടുകഴിഞ്ഞു. കെ.പി.എ.സി തോപ്പിൽ ഭാസിയുടെ നാടകമായ 'പുതിയ ആകാശം പുതിയ ഭൂമി' അവതരിച്ചപ്പോൾ അവിടെനിന്ന് വിട്ടുപോയവർ ആരംഭിച്ച കാളിദാസ കലാകേന്ദ്രം അതിനു സമാന്തരമായി അവതരിപ്പിച്ചതാണ് വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ 'ഡോക്ടർ' എന്ന നാടകം.

'പുതിയ ആകാശം പുതിയ ഭൂമി' ടി.ഇ. വാസുദേവൻ ചലച്ചിത്രമാക്കിയപ്പോൾ 'ഡോക്ടർ' സിനിമയാക്കാൻ കലാലയായുടെ H.H. ഇബ്രാഹിം മുന്നോട്ടു വന്നു. 'പുതിയ ആകാശം പുതിയ ഭൂമി' സത്യസന്ധനും കർമനിരതനുമായ ഒരു എൻജിനീയറുടെ കഥ പറഞ്ഞപ്പോൾ 'ഡോക്ടർ' സത്യസന്ധനും ധർമനിരതനുമായ ഒരു ഡോക്ടറുടെ കഥയാണ് പറയുന്നത്. 'ഡോക്ടറി'ലും സത്യൻ തന്നെയായിരുന്നു നായകൻ. നായിക ഷീലയും. 'പുതിയ ആകാശം പുതിയ ഭൂമി' സംവിധാനം ചെയ്ത എം.എസ്. മണി തന്നെയാണ് 'ഡോക്ടർ' എന്ന സിനിമയും സംവിധാനം ചെയ്തത്. ഈ ചിത്രത്തിൽ പി. ഭാസ്കരൻ എഴുതി ദേവരാജൻ ഈണമിട്ട എട്ടു പാട്ടുകൾ ഉണ്ടായിരുന്നു. എട്ടു പാട്ടുകളും ജനങ്ങളുടെ ഇഷ്ടഗാനങ്ങളായി തീർന്നു. യേശുദാസും പി. സുശീലയും ചേർന്ന് പാടിയ ''കൽപനയാകും യമുനാനദിയുടെ /അക്കരെയക്കരെയക്കരെ...''എന്ന യുഗ്മഗാനമാണ് ആദ്യം ഓർമയിലെത്തുന്നത്. ഭാസ്കരൻ മാസ്റ്ററുടെ കാൽപനികത മുഴുവൻ വെട്ടിത്തിളങ്ങുന്ന രചനയാണിത്. യേശുദാസും പി. സുശീലയും തന്നെ പാടിയ ''വരണൊണ്ട് വരണൊണ്ട് മണവാളൻ -നല്ല/ വാകപ്പൂങ്കുലയ്ക്കൊത്ത മണവാട്ടി /വെയിലേറ്റു വാടല്ലേ മണവാട്ടീ-നല്ല / മയിലിന്റെ പീലിയാൽ മഞ്ചൽ തരാം'' എന്ന പാട്ടും ഹൃദ്യമായിരുന്നു.

പി. ലീല പാടുന്ന വളരെ പ്രശസ്തമായ ''വിരലൊന്നു മുട്ടിയാൽ'' എന്നാരംഭിക്കുന്ന ഭാവമധുരമായ ഗാനവും ഈ സിനിമയിലാണുള്ളത്. ''വിരലൊന്നു മുട്ടിയാൽ പൊട്ടിച്ചിരിക്കുന്ന/മണിവീണക്കമ്പികളേ /ആനന്ദമാധുരിയിൽ /ഞാനലിഞ്ഞാടുമ്പോൾ /ഗാനം നിർത്തരുതേ –നിങ്ങളുടെ/ഗാനം നിർത്തരുതേ../'' പി. ലീല തന്നെ പാടിയ മറ്റൊരു ഗാനവും ശോകനിർഭരവും ഭാവസാന്ദ്രവുമാണ്. രചനയും സംഗീതവും ഒരുപോലെ ഉദാത്തമായി തീരുന്ന അനുഭവം! ''പൊന്നിൻ ചിലങ്കയണിഞ്ഞപ്പോഴിന്നെന്റെ/കണ്ണു നിറഞ്ഞുവല്ലോ/ നർത്തനശാലയിൽ വന്നപ്പോഴെന്തിനോ /പൊട്ടിക്കരഞ്ഞുവല്ലോ-ഹൃദയം /പൊട്ടിക്കരഞ്ഞുവല്ലോ.'' പി. ലീലയും പി. സുശീലയും ചേർന്നുപാടിയ ''കിനാവിന്റെ കുഴിമാടത്തിൽ/ നിലാവത്ത് നിൽപ്പോളേ/ ഒരു തുള്ളി കണ്ണീരിൽ നിൻ/കദനക്കടലൊതുങ്ങുമോ..?/പദങ്ങളിൽ ചോരയൊലിക്കെ/പാടിയാടി നിന്നു നീ / തീപിടിച്ചു ചിറകെന്നാലും /പാട്ടു പാടി രാക്കിളി'' എന്ന ഗാനത്തിലെ മുഴുവൻ വരികളും ശുദ്ധകവിതയുടെയും ശുദ്ധസംഗീതത്തിന്റെയും സംഗമംതന്നെയാണ്. ഈ സിനിമക്കു വേണ്ടി മെഹ്ബൂബ് പാടിയ മൂന്നു പാട്ടുകളും അന്നും ഇന്നും കേൾക്കാൻ രസമുള്ളവയാണ്. ഒരു യാചകൻ തീവണ്ടിയിൽ നടന്നു പാടുന്ന പാട്ടിൽ പി. ഭാസ്കരൻ ഉപയോഗിക്കുന്ന പദങ്ങളും ആശയങ്ങളും എത്രമാത്രം ഉചിതവും ഹൃദ്യവും ആണെന്നു നോക്കുക. തീവണ്ടിയോടു ഭിക്ഷക്കാരൻ പറയുന്നു... ''നിന്റെ വയറ്റിലും എന്റെ വയറ്റിലും തീയാണ്''എന്ന്. പണ്ട് കൽക്കരിയാണ് തീവണ്ടിയോടിക്കാൻ ഇന്ധനമായി ഉപയോഗിച്ചിരുന്നത് എന്നോർക്കുമ്പോഴാണ് ഈ പ്രയോഗത്തിന്റെ സൗന്ദര്യം വെളിപ്പെടുന്നത്. ''വണ്ടീ പുകവണ്ടീ /വണ്ടീ വണ്ടീ നിന്നെപ്പോലെ /വയറിലെനിക്കും തീയാണേ/ തെണ്ടിനടന്നാൽ രണ്ടുപേർക്കും/ കയ്യിൽ വരുന്നതു കായാണേ /കായാണേ ...( വണ്ടീ...)/ പള്ള വിശന്നാൽ തൊള്ള തുറക്കും /തൊള്ള തുറന്നാൽ കൂക്കി വിളിക്കും/ എല്ലാ ഭാരവുമേറ്റി നടക്കും / ചെല്ലുന്നേടം തണ്ണി കുടിക്കും.( വണ്ടീ...) / ചക്രത്തിന്മേൽ നിന്റെ കറക്കം/ ചക്രം കിട്ടാണെന്റെ കറക്കം /വെള്ളം കിട്ടാൻ നിനക്ക് മോഹം/കഞ്ഞി കുടിക്കാനെനിക്ക് ദാഹം( വണ്ടീ...)'' 

എത്തേണ്ടിടത്ത് എത്താതെ മദ്യത്തിനടിമയായി അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മെഹ്ബൂബ് എന്ന ഗായകനെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം ഈ ഗാനം കാറ്റിലൂടെ ഒഴുകിവന്ന് എന്നെ തലോടുന്നതുപോലെ തോന്നും. പി. ഭാസ്കരന്റെ തമാശപ്പാട്ടുകളുടെ ചാരുതയെപ്പറ്റി ആവർത്തിച്ചു പറയേണ്ട കാര്യമില്ല. എന്നാൽ ദേവരാജൻ മാസ്റ്റർ അങ്ങനെയൊരു രചനക്ക് ഈണംനൽകുകയും അത് മെഹ്ബൂബ് തന്നെ പാടുകയും ചെയ്താലോ? എങ്ങനെയിരിക്കും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഡോക്ടർ എന്ന ചിത്രത്തിലെ ഈ പാട്ട്. മെഹ്ബൂബും ശാന്ത എന്ന ഗായികയും ചേർന്നാണ് ഈ പാട്ട് പാടിയിട്ടുള്ളത്. മലയാളികൾ എന്നും ഓർമിക്കുന്ന ഹാസ്യഗാനം.

''കേളെടീ നിന്നെ ഞാൻ കെട്ടുന്ന കാലത്ത് /നൂറിന്റെ നോട്ടുകൊണ്ടാറാട്ട് /കണ്ണാണെ, നീയെന്നെ/ കിട്ടിയില്ലെങ്കിലോ/ കണ്ണീരിലാണെന്റെ നീരാട്ട്...''

യേശുദാസ് പാടിയ ''എന്നാണേ നിന്നാണേ എമൂരെ തേവിയാണേ, പൊന്നോണ നിലാവൊരു കോടി നെയ്തു...'' എന്ന നാടോടി ശൈലിയിലുള്ള ഗാനംപോലും ആകർഷകമായിരുന്നു. ''നെയ്തെടുത്ത കൊടിമുണ്ടിനു കാട്ടാറിൽ പൊന്തിയ നെയ്യാമ്പൽപൂവുകൊണ്ടു കസവും വെച്ചു'' എന്ന് കൂടി കേൾക്കുമ്പോൾ ആ കവിയുടെ ഭാവനക്ക് മുന്നിൽ ആസ്വാദകർ ആദരവോടെ തല കുനിച്ചുപോകും.

ഹിന്ദു പുരാണകഥകൾ മാത്രമല്ല ബൈബിളുമായി ബന്ധമുള്ള ഒരു കഥകൂടി സിനിമയാക്കണം എന്ന് തീരുമാനിച്ച പി. സുബ്രഹ്മണ്യം നീലാ പ്രൊഡക്ഷൻസിനു വേണ്ടി ഒരുക്കിയ സിനിമയാണ് 'സ്നാപക യോഹന്നാൻ'. മുട്ടത്തു വർക്കി തിരക്കഥയും സംഭാഷണവും എഴുതിയ ഈ ചിത്രത്തിൽ തിരുനയിനാർ കുറിച്ചി മാധവൻ നായർ 'മുരളി' എന്ന തൂലികാനാമത്തിൽ എട്ടു ഗാനങ്ങൾ എഴുതി. വയലാർ രാമവർമ രണ്ടു ഗാനങ്ങൾ രചിച്ചു. വയലാർ ആദ്യമായി ഒരു മെറിലാൻഡ് ചിത്രത്തിന് വേണ്ടി പാട്ടുകൾ എഴുതിയത് 'സ്നാപകയോഹന്നാൻ' എന്ന ചിത്രത്തിലാണ്. ഓൾ ഇന്ത്യ റേഡിയോയിൽ ഉദ്യോഗസ്ഥനായിരുന്ന തിരുനയിനാർകുറിച്ചി മാധവൻനായർ തന്റെ ഉദ്യോഗം നിലനിർത്തുന്നതിനു വേണ്ടിയാണ് 'മുരളി' എന്ന തൂലികാനാമം സ്വീകരിച്ചത്. ചിത്രത്തിലെ പത്തു പാട്ടുകൾക്കും സംഗീതം നൽകിയത് ബ്രദർ ലക്ഷ്മൺ തന്നെ. പ്രേംനസീർ ഈ ചിത്രത്തിൽ അഭിനയിച്ചെങ്കിലും സ്നാപകയോഹന്നാന്റെ വേഷം ജോസ്പ്രകാശ് ആണ് കൈകാര്യം ചെയ്തത്. ക്രിസ്തുവായി അഭിനയിച്ചത് മുരളി എന്ന നടനാണ്. അന്തിപ്പാസിന്റെ മുന്നിൽ ചെയ്ത മാദകനൃത്തത്തിനു പ്രതിഫലമായി സ്നാപകയോഹന്നാന്റെ ശിരസ്സ് ആവശ്യപ്പെടുന്ന നർത്തകി സലോമിയായി, അക്കാലത്ത് തമിഴിലും മലയാളത്തിലും ഒട്ടൊക്കെ പ്രശസ്തയായിരുന്ന എൽ. വിജയലക്ഷ്മിയും സലോമിയുടെ കാമുകനായ ജൂലിയൻ എന്ന കഥാപാത്രമായി പ്രേംനസീറും അഭിനയിച്ചു. കമുകറ പുരുഷോത്തമൻ, യേശുദാസ്, പി.ബി. ശ്രീനിവാസ്, പി. ലീല, എസ്. ജാനകി, എ.പി. കോമള, ജോസ്പ്രകാശ്, രാധാദേവി എന്നിവർ പാട്ടുകൾ പാടി. 'സ്നാപക യോഹന്നാൻ' എന്ന ചിത്രത്തിൽ ആകെ പതിനൊന്നു പാട്ടുകൾ ഉണ്ട്. പി. ലീലയും സംഘവും പാടിയ ''ബത് ലഹേമിന്റെ തിരുമടിത്തട്ടിലെ/പുൽക്കൂടിൽ തന്ന മണിക്കിടാവേ./നിന്നിളം പുഞ്ചിരി പൂന്തേനുണ്ണുവാൻ വന്നു നിൽക്കുന്നോരിടയർ ഞങ്ങൾ...'' എന്ന ഗാനം ഉണ്ണിയേശുവിന്റെ പിറവിസമയത്ത് ആ ദിവ്യശിശുവിനെ കാണാൻ വന്നവർ പാടുന്ന ഗാനമാണ്. പി. ലീല തന്നെ പാടിയ ''ആകാശത്തിൻ മഹിമാവേ.../ ആശ്രയം നീയെൻ യഹോവേ...''എന്ന ഗാനവും യേശുദാസും എ.പി. കോമളയും പാടിയ ''ഗലീലിയാ കടലില്'' എന്ന ഗാനവും കമുകറ പുരുഷോത്തമൻ പാടുന്ന ''ഓശാനാ ...ഓശാന'' എന്ന ഗാനവും പി.ബി. ശ്രീനിവാസ് പാടിയ ''കാൽവരി...കാൽവരി...കാലം ചരിത്രമായ് മാറി'' എന്ന ഗാനവും വിഷയത്തോട് അങ്ങേയറ്റം നീതിപുലർത്തി എഴുതപ്പെട്ടിട്ടുള്ളവയാണ്.

എസ്. ജാനകി പാടിയ ''പ്രണയം പ്രണയമേ പാരെങ്ങും പകർന്നു പകർന്നു തരും ഞാനെന്നും'' എന്ന പാട്ടും ''താരാകുമാരികളേ താഴെ വരൂ... /താഴെവരൂ...താമരക്കണ്ണുകളാൽ/തങ്ങളിൽ തങ്ങളിൽ കളമെഴുതും/ താരാകുമാരികളെ ...'' എന്ന പാട്ടും മദാലസയായ സലോമി നൃത്തം ചെയ്തു പാടുന്നവയാണ്. ''തിരി കൊളുത്തുവിൻ ചക്രവാളങ്ങളേ, വഴിയൊരുക്കുവിൻ മാലാഖമാരേ'' എന്ന ഗാനവും ''താരാ കുമാരികളെ താഴെ വരൂ താഴെ വരൂ'' എന്ന ഗാനവുമാണ് വയലാർ എഴുതിയത്. ചിത്രത്തിന്റെ പേര് 'സ്നാപകയോഹന്നാൻ' എന്നാണെങ്കിലും യേശുവിന്റെ ജനനം മുതൽ അദ്ദേഹം കുരിശിൽ തറയ്ക്കപ്പെടുന്നതുവരെയുള്ള സംഭവങ്ങൾ ഈ ചിത്രത്തിൽ വരുന്നുണ്ട്.

1963 ഏപ്രിലിൽ പുറത്തു വന്ന 'മൂടുപടം' എന്ന ചിത്രം എസ്.കെ. പൊറ്റെക്കാട്ടിന്റെ കഥയെ ആസ്പദമാക്കി രാമു കാര്യാട്ട് ആണ് സംവിധാനം ചെയ്തത്. ചന്ദ്രതാരാ പ്രൊഡക്ഷൻസിനു വേണ്ടി ടി.കെ. പരീക്കുട്ടി നിർമിച്ച 'മൂടുപട'ത്തിനു തിരക്കഥയും സംഭാഷണവും എഴുതിയത് കെ.ടി. മുഹമ്മദും കെ. പത്മനാഭൻനായരും ചേർന്നാണ്. കാലത്തെ അതിജീവിച്ച പി. ഭാസ്കരൻ-ബാബുരാജിന്റെ അവിസ്മരണീയ ഗാനങ്ങളാൽ സമ്പന്നമായിരുന്നു 'മൂടുപടം' എന്ന സിനിമ. എസ്. ജാനകി പാടിയ ''തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ'' എന്ന പ്രശസ്ത ഗാനം ഈ ചിത്രത്തിലുള്ളതാണ്. സത്യൻ, മധു, അംബിക, ഷീല, പ്രേംജി തുടങ്ങിയവർ അഭിനയിച്ചു. പി. മാധവൻ നായർ എന്ന മധു ആദ്യമായി അഭിനയിച്ച ചിത്രം 'മൂടുപടം' ആണ്. എന്നാൽ അതേ കാലഘട്ടത്തിൽ അദ്ദേഹം അഭിനയിച്ച 'നിണമണിഞ്ഞ കാൽപ്പാടുകൾ' എന്ന സിനിമ ആദ്യം തിയറ്ററുകളിൽ എത്തി. യേശുദാസും പി. ലീലയും പാടിയ ''അയലത്തെ സുന്ദരീ / അറിയാതെ വലയ്ക്കല്ലേ /അപരാധമൊന്നും ഞാൻ /ചെയ്തില്ലല്ലോ /കാലത്തെ തന്നെ ഞാൻ / വേലയ്ക്കു പോയപ്പോൾ/ വേലിയ്ക്കരികിലൊരു /വളകിലുക്കം -കേട്ടു/ ജാലത്തിലകപ്പെട്ടു മിഴിച്ചുനിന്നു'' എന്ന ഗാനത്തിലെ ലാളിത്യമാണ് അതിനെ ജനകീയമാക്കിയത്.

ലതാരാജു പാടി പ്രശസ്തി നേടിയ അർഥമുള്ള കുട്ടിപ്പാട്ടും 'മൂടുപട'ത്തിലാണുള്ളത്. ''മാനത്തുള്ളൊരു വല്യമ്മാവന് /മതമില്ലാ ജാതിയുമില്ല / പൊന്നോണത്തിനു കോടിയുടുക്കും /പെരുന്നാളിന് തൊപ്പിയിടും/ ഓണനിലാവു പരന്നപ്പോൾ /പാലട വച്ച് വിളിച്ചല്ലോ/വലിയ പെരുന്നാൾ വന്നപ്പോൾ/പത്തിരി ചുട്ടു വിളിച്ചല്ലോ /ഓടുംനേരം കൂടെ വരും/ഓരോ കളിയിലും കൂടീടും /കാട്ടുപുഴയിൽ കുളിച്ചീടും /കരിമുകിൽ കണ്ടാലൊളിച്ചീടും...''

കൊച്ചുകുട്ടിയുടെ കുട്ടിപ്പാട്ടിലൂടെ മതേതരത്വത്തിന്റെ സന്ദേശം പകരാൻ 1963ൽ തന്നെ പി. ഭാസ്കരന് സാധിച്ചു. ശാന്ത പി. നായർ പാടിയ ''വെണ്ണിലാവുദിച്ചപ്പോൾ /വിണ്ണിൽ നിന്നൊരു നല്ല /കുഞ്ഞിക്കിനാവിന്റെ കുരുവി വന്നു./ കൺപീലിക്കിളിവാതിലടച്ചിട്ടുമതിൽ കൂടി/ എന്നുള്ളിലിളം കിളി കടന്നുവന്നു'' എന്ന സ്വപ്നഗാനം അതിമനോഹരമായ പ്രേമഗീതമാണ്.

പി. ലീലയും ശാന്ത പി. നായരും ചേർന്നു പാടിയ ''വട്ടൻ വിളഞ്ഞിട്ടും വരിനെല്ല് ചാഞ്ഞിട്ടും / തത്തമ്മയ്ക്കില്ലല്ലോ മുണ്ടാട്ടം-എന്റെ /തത്തമ്മയ്ക്കില്ലല്ലോ മുണ്ടാട്ടം. /കണ്ണെത്താതുള്ളൊരു ദൂരത്ത് -ഒരു /പൊന്നിൻ കിനാവിന്റെയോരത്ത് /എത്താത്ത കൊമ്പത്ത് കൂടൊന്നു കൂട്ടുവാൻ/ എന്തിനു മോഹിച്ചു തത്തമ്മേ-നീ എന്തിനു മോഹിച്ചു തത്തമ്മേ...'' എന്ന പാട്ടും മനോഹരംതന്നെ.

ഇതേ ചിത്രത്തിലൂടെയാണ് ''മയിലാഞ്ചിത്തോപ്പിൽ മയങ്ങിനിൽക്കുന്ന മൊഞ്ചത്തി...''എന്നാരംഭിക്കുന്ന ഒരു ഗാനവുമായി യൂസഫലി കേച്ചേരി എന്ന പുതിയ ഗാനരചയിതാവിന്റെ രംഗപ്രവേശം. യൂസഫലി എഴുതിയ ഈ ഗാനം പാടിയത് സംഗീതസംവിധായകനായ ബാബുരാജ് തന്നെയാണ്. അദ്ദേഹത്തിന്റെ ആലാപനം തികച്ചും വ്യത്യസ്തവും ഹൃദയത്തിൽ തൊടുന്നതുമാണ്. യൂസഫലിയുടെ ആദ്യഗാനമായതുകൊണ്ട് അതിന്റെ വരികൾ പൂർണമായി കൊടുക്കുന്നു. ''മയിലാഞ്ചിത്തോപ്പിൽ മയങ്ങി നിൽക്കുന്ന മൊഞ്ചത്തീ /മായക്കണ്ണാൽ ഖൽബിൽ അമിട്ടു കത്തിച്ച വമ്പത്തീ/കാമ്പില്ലാതുള്ള കരിമ്പുപോലുള്ള നിൻ മേനി/കണ്ടമുതൽക്കാരോ ഖൽബിൽ മേടുന്നു മുള്ളാണി / (മയിലാഞ്ചിത്തോപ്പിൽ...) / ഒളിയമ്പുകൊണ്ടെന്റെ ഉള്ളം നൂറായ്നുറുങ്ങുന്നു /ഒരുവാക്കുമിണ്ടാതൊളിച്ചുനിൽക്കുന്നതെന്തിന്ന് / കരളിന്റെ വാതിൽ ഞാൻ/ഏറെ മുട്ടിവിളിച്ചല്ലോ... കരൾ തുറന്നകം ഒന്നു കാണിച്ചതില്ലല്ലോ. (മയിലാഞ്ചിത്തോപ്പിൽ...) /ആരംഭത്തോപ്പിൽവിരിഞ്ഞ/പുന്നാരപ്പൂവല്ലേ / ആശിച്ച മാരൻ നിൻ മുന്നിൽ നീറിയിരിപ്പല്ലേ..? /കുനുചില്ലിവില്ലാട്ടം കാട്ടിയെന്നെ തളർത്തല്ലേ /കുട്ടിക്കുരങ്ങു കളിപ്പിച്ചെന്നെ കറക്കല്ലേ /അഴകുറ്റ ഹൂറിയെൻ ആശക്കോട്ട തകർക്കല്ലേ.../അടിയെല്ലാം ചെണ്ടയ്ക്കും കൂലി /മാരാർക്കുമാക്കല്ലേ...'' അങ്ങനെ 1963ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത 'മൂടുപട'ത്തിലൂടെ യൂസഫലി കേച്ചേരി കടന്നുവന്നു.

സത്യഭാമ, സുശീല, കടലമ്മ, കാട്ടുമൈന,ചിലമ്പൊലി, അമ്മയെകാണാൻ, റബേക്കാ, കലയും കാമിനിയും എന്നിങ്ങനെ എട്ടു ചിത്രങ്ങൾ കൂടി ഇതേ വർഷം പുറത്തു വന്നു. ഈ സിനിമകളിലെല്ലാംതന്നെ ഭേദപ്പെട്ട പാട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കടലമ്മ, ചിലമ്പൊലി, അമ്മയെ കാണാൻ എന്നീ ചിത്രങ്ങൾ രചനയിലും സംഗീതത്തിലും മികച്ചു നിൽക്കുന്ന ഗാനങ്ങളാൽ സമൃദ്ധമായിരുന്നു. അതുകൊണ്ട് ആ ചിത്രങ്ങളിലെ പാട്ടുകളെക്കുറിച്ച് ആദ്യം പറയുന്നു. 'കടലമ്മ'യിൽ വയലാറും ദേവരാജനും ചേർന്നൊരുക്കിയ എല്ലാ പാട്ടുകളും നന്നായി. ഇന്ന് നമ്മൾ ആ ചിത്രത്തെ ഓർക്കുന്നതുതന്നെ അതിലെ പാട്ടുകൾ കൊണ്ടാണ്. ജിക്കിയും സംഘവും പാടിയ ''ആയിരത്തിരി കൈത്തിരി നെയ്ത്തിരി/അമ്മൻകോവിലിൽ താലപ്പൊലി'' എന്ന ഗാനവും ജിക്കിയും എസ്. ജാനകിയും ചേർന്നു പാടുന്ന ''മുങ്ങിമുങ്ങി മുത്തുകൾ വാരും മുക്കുവനേ മുന്നാഴി മുത്തു കടം തരുമോ -കടം തരുമോ...''എന്ന ഗാനവും യേശുദാസും പി. സുശീലയും പാടുന്ന ''പാലാഴിക്കടവിൽ നീരാട്ടിനിറങ്ങിയ/ പാലപ്പൂങ്കാവിലെ പൂനിലാവേ/ പൂനിലാവേ പൂനിലാവേ പുഷ്പവിമാനമെനിക്കു തരൂ'' എന്ന ഗാനവുമൊക്കെ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു. എസ്. ജാനകി പാടിയ ''തിരുവാതിരയുടെ നാട്ടീന്നോ / തിരമാലകളുടെ വീട്ടീന്നോ /വരുന്നതെവിടുന്നെവിടുന്നാണെൻ / വാനമ്പാടി...''എന്ന പാട്ടും പി. ലീല പാടിയ ''വരമരുളുക വനദുർഗേ /വസന്തവനദുർഗേ'' എന്ന പ്രാർഥനാഗീതവും പുതിയ ഭാവതലങ്ങൾ ഉയർത്താൻ പോരുന്നവയാണ്.

പി. ഭാസ്കരനും കെ. രാഘവനും ഒരു നീണ്ട ഇടവേളക്കുശേഷം ഒരുമിച്ച ചിത്രമാണ് 'അമ്മയെ കാണാൻ'. പി. ഭാസ്കരൻ തന്നെ സംവിധാനം ചെയ്ത ഈ പടത്തിലെ എല്ലാ പാട്ടുകളും ചേതോഹരങ്ങളായിരുന്നു. എസ്. ജാനകി പാടിയ ''ഉണരുണരൂ...ഉണ്ണിപ്പൂവേ...'' എന്നാരംഭിക്കുന്ന ഗാനം ഇന്ന് കേൾക്കുമ്പോഴും ആർക്കാണ് ഗൃഹാതുരത്വം തോന്നാതിരിക്കുക. എസ്. ജാനകി തന്നെ പാടുന്ന ''കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ /ഇന്നെന്നെ കണ്ടാലെന്തു തോന്നും /കിങ്ങിണിപ്പൂവേ...'' എന്ന പാട്ടിലെ ചടുലത ഒന്നു വേറെതന്നെ. യേശുദാസ് പാടിയ ''മധുരപ്പതിനേഴുകാരി-എന്റെ/ മധുരപ്പതിനേഴുകാരി / ഹൃദയത്തറവാട്ടിൻ ഭാഗത്തിനെത്തിയ / മധുരപ്പതിനേഴുകാരി'' എന്ന അതീവ ഹൃദ്യമായ പ്രേമഗാനം മാത്രമല്ല, പി. ലീല പാടിയ ''പ്രാണന്റെ പ്രാണനിൽ പ്രേമപ്രതീക്ഷ തൻ/വീണ മുറുക്കിയ പാട്ടുകാരാ /പാടാൻ തുടങ്ങും മുമ്പെന്റെ മണിവീണ/പാടേ തകർത്തു നീയെങ്ങുപോയി..?'' എന്ന ഗാനകവിതയും കാലത്തെ അതിജീവിക്കുന്നു.

പി. ലീല തന്നെ പാടിയ കഥാഗാനവും ശ്രദ്ധേയമായി. ''കഥകഥപ്പൈങ്കിളിയും/കണ്ണുനീർപ്പൈങ്കിളിയും/ കാവേരിപുഴ തന്നിൽ / കുളിക്കാൻ പോയ്'' എന്ന പാട്ട് നല്ല പൈങ്കിളിയുടെയും അസൂയക്കാരി പൈങ്കിളിയുടെയും കഥ പറയുന്നു. കെ. രാഘവന്റെ പ്രിയഗായകനായ കെ.പി. ഉദയഭാനുവും ''പെണ്ണായി പിറന്നെങ്കിൽ/മണ്ണായി തീരുവോളം/ കണ്ണീരു കുടിക്കാനോ -ദിനവും / കണ്ണീരു കുടിക്കാനോ-''എന്ന ഗാനം പാടി തന്റെ സാന്നിധ്യം അറിയിച്ചു.

'റബേക്കാ' എന്ന ഉദയാ ചിത്രത്തിൽ 'മോളി' എന്ന പേരിനു പിന്നിൽ മറഞ്ഞുനിന്ന സംഗീത സംവിധായകനും കെ. രാഘവൻ ആയിരുന്നു. വയലാർ രാമവർമയും കെ. രാഘവനുമായുള്ള ഈ രണ്ടാമത്തെ കൂടിച്ചേരലും വിജയമായിരുന്നു. ''ആകാശത്തിലെ കുരുവികൾ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല'' (യേശുദാസ്), ''താലിപ്പീലി കാടുകളിൽ താളം തുള്ളി നടന്നപ്പോൾ'' (പി. സുശീല), ''യരൂശലേമിൻ നായകനെ എന്നു കാണും'' (പി. സുശീല ), ''കിളിവാതിലിൽ മുട്ടിവിളിച്ചത് കിളിയോ കാറ്റോ'' (എ.എം. രാജ, ജിക്കി) ''മാനത്തെ ഏഴുനിലമാളികയിൽ ഒരു മാലാഖയുണ്ടൊരു മാലാഖ'' (എ.എം. രാജാ, ജിക്കി) ''ബലിയല്ല, ബലിയല്ല എനിക്ക് വേണ്ടത് ബലിയല്ല'' (പി.ബി. ശ്രീനിവാസ്) എന്നിങ്ങനെയുള്ള എല്ലാ പാട്ടുകളും ജനങ്ങൾ ഏറ്റുപാടുന്ന ഗാനങ്ങളായി രൂപപ്പെട്ടു.


വൃന്ദാവൻ പിക്ചേഴ്സ് നിർമിച്ച 'ചിലമ്പൊലി' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ വില്വമംഗലവും ചിന്താമണി എന്ന നർത്തകിയുമാണ് (വില്വമംഗലം സ്വാമികളുടെ പൂർവാശ്രമ കഥ). തിക്കുറിശ്ശി സുകുമാരൻ നായർ തിരക്കഥയും സംഭാഷണവും എഴുതിയ ഈ കഥ നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യമുള്ളതാണ്. പ്രേംനസീർ, രാഗിണി, അംബിക, തിക്കുറിശ്ശി, മുത്തയ്യ, ബേബി വിനോദിനി, ബേബി വിലാസിനി തുടങ്ങിയവർ അഭിനയിച്ച 'ചിലമ്പൊലി'യുടെ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചത് ജി.കെ. രാമുവാണ്. അഭയദേവ് രചിച്ച പതിനൊന്നു ഗാനങ്ങൾക്കും ശ്രീകൃഷ്ണകർണാമൃതത്തിലെ ഒരു ശ്ലോകത്തിനും വി. ദക്ഷിണാമൂർത്തി ഈണം പകർന്നു. പി. ലീല, പി. സുശീല, കമുകറ പുരുഷോത്തമൻ എന്നിവർ പാടി. പി. ലീല പാടിയ ''പ്രിയമാനസാ നീ വാ വാ...'' എന്ന ഗാനം പ്രശസ്തമാണ്. ''പ്രിയമാനസാ നീ വാ വാ /പ്രേമമോഹനാ ദേവാ/വാതിലും തുറന്നു നിൻ വരവും കാത്തിരിപ്പൂ ഞാൻ. / ആടകളണിഞ്ഞെന്റെ /ആത്മനാഥാ നിൻ മുമ്പിൽ /ആടണം എനിക്കൊന്നു /മനം കുളിരെ ദേവാ...(പ്രിയമാനസാ).''

കമുകറ പുരുഷോത്തമനും പി. ലീലയും ചേർന്ന് പാടിയ ''പൂവിനു മണമില്ല /നിലാവിനു കുളിരില്ല/ നിന്നെ കാണും കണ്ണിനു വേറേ / ഒന്നിനുമഴകില്ല'' എന്ന യുഗ്മഗാനവും പി. സുശീല പാടിയ ''കെട്ടിയ കൈ കൊണ്ടീ മംഗല്യസൂത്രം /പൊട്ടിച്ചെറിയരുതേ...'' എന്ന പാട്ടും ഹിറ്റുകളാണ്. കമുകറ പുരുഷോത്തമൻ പാടിയ ''മായാമയനുടെ ലീല -അതു/മാനവനറിയുന്നീല./ജഗമൊരു നാടകശാല -അതിൽ /ആടാതാർക്കും മേലാ മേലാ...'' എന്ന ഗാനവും സുന്ദരമാണ്.

'സത്യഭാമ' എന്ന ചിത്രത്തിൽ അഭയദേവ് എഴുതി വി. ദക്ഷിണാമൂർത്തി ഈണം പകർന്ന പാട്ടുകളാണ് ഉണ്ടായിരുന്നത്. പി.ബി. ശ്രീനിവാസ് പാടിയ ''മന്നവനായാലും പണ്ഡിതനായാലും/മാനം പോയാൽ എന്തിനു പിന്നെ / മാനവജീവിതമുലകിൽ'' എന്ന ഗാനം നിലവാരം പുലർത്തി.

കെ.പി. ഉദയഭാനുവും പി. ലീലയും ചേർന്നു പാടിയ /''വാടരുതീ മലരിനി, അതിനെന്തുവേണം / ആടകൾ വേണോ അലങ്കാരങ്ങൾ വേണോ?'' എന്ന ഗാനവും നന്നായി.

എസ്. ജാനകി പാടിയ ''ഇടതുകണ്ണിളകുന്നതെന്തിന്..?'' എന്ന ഗാനവും ഓർമയിലുണ്ടാവും. വലിയ മുതൽമുടക്കിൽ നിർമിച്ച ഈ പുരാണചിത്രം ബോക്സോഫിസിൽ തകർന്നു. ആ തകർച്ച പാട്ടുകളെയും ബാധിച്ചിരിക്കണം. ടി.ഇ. വാസുദേവൻ എന്ന പ്രശസ്തനും പ്രഗല്ഭനുമായ ചലച്ചിത്രനിർമാതാവിന്റെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയാണ് 'സത്യഭാമ'. പണം വാരിക്കോരി ചെലവാക്കി നിർമിച്ച സത്യഭാമ എന്ന ചിത്രത്തിന്റെ സാമ്പത്തികപരാജയം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവുണ്ടാക്കി. പിന്നീട് ഒരിക്കലും അദ്ദേഹം കൂടുതൽ മുതൽമുടക്കുള്ള സിനിമകൾ നിർമിച്ചിട്ടില്ല. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'സുശീല' എന്ന ചിത്രത്തിൽ പി. ഭാസ്കരനും അഭയദേവും ഗാനങ്ങൾ എഴുതി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു. പി. ഭാസ്കരൻ എഴുതിയ ''കണ്ടോട്ടെ ഒന്നു കണ്ടോട്ടെ, കണ്ടുകണ്ടിന്നു സാഫല്യം കൊണ്ടോട്ടെ'' എന്ന ഗാനം പി. സുശീലയാണ് പാടിയത്. പി. ഭാസ്കരൻ രചിച്ച ''കണ്ടു ഞാൻ കണ്ടു ഞാൻ നിൻ മുഖം'' എന്ന ഗാനം എസ്. ജാനകി പാടി. ആദ്യഗാനത്തിന്റെ ഈണം ആകർഷകമായി. അഭയദേവ് എഴുതിയ ''കുളിർകാറ്റേ നീ രവിയോട് പറയാമോ ചെന്ന്, ഭാമ തനിയെ നിൻ വരവും കാത്തിരിക്കുന്നു എന്ന്...''എന്ന പാട്ട് ആ കാലത്ത് യുവതികളുടെ ഇഷ്ടഗാനമായിരുന്നു; രചന അത്ര മെച്ചമല്ലെങ്കിലും.

നീലാ പ്രൊഡക്ഷൻസിന്റെ 'കാട്ടുമൈന' എന്ന വനചിത്രത്തിൽ ഒമ്പതു പാട്ടുകൾ ഉണ്ടായിരുന്നു. തിരുനയിനാർകുറിച്ചിയും (മുരളി) ബ്രദർ ലക്ഷ്മണും ചേർന്നൊരുക്കിയ ഗാനങ്ങളിൽ കമുകറ പുരുഷോത്തമൻ പാടിയ ''മലമുകളിൽ മാമരത്തിൽ മാണിക്യ ചെറുകൂട്, ചെറുകൂട്ടിൽ വാണീടുമെൻ ചേലുള്ള കിളിമകളെ...''എന്ന ഗാനം രചനയിലും സംഗീതത്തിലും മികച്ചു നിന്നു. 1963 ഡിസംബറിൽ വന്ന ഒടുവിലത്തെ ചിത്രം പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത 'കലയും കാമിനിയും' ആയിരുന്നു. പ്രേംനസീറും രാഗിണിയും ദമ്പതികളായി അഭിനയിച്ച ഈ സിനിമയിൽ സംഗീതസംവിധായകനായി എം.ബി. ശ്രീനിവാസൻ എത്തി. തിരുനയിനാർകുറിച്ചി (മുരളി) മൂന്നു ഗാനങ്ങളും പി. ഭാസ്കരൻ അഞ്ചു ഗാനങ്ങളും എഴുതി. പി. ഭാസ്കരൻ രചിച്ച ''ഇരന്നാൽ കിട്ടാത്ത പൊൻപണ്ടമേ-ഒന്നു / കരഞ്ഞാൽ അലിയുന്ന കൽക്കണ്ടമേ / കടിക്കാൻ പറ്റാത്ത കരിമ്പിൻതുണ്ടേ-മുത്തി /കുടിക്കാനൊക്കാത്ത തേൻകുഴമ്പേ... എന്ന താരാട്ടാണ് കൂടുതൽ ജനപ്രീതി നേടിയത്. യേശുദാസും പി. ലീലയും ചേർന്നാണ് ഈ താരാട്ട് പാടിയത്. തുടർന്നുള്ള വർഷങ്ങളിൽ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത മധുരഗാനങ്ങളുടെ പൂക്കാലം തുടരുകയായിരുന്നു.

News Summary - sreekumaran thampi sangeetha yathrakal