Begin typing your search above and press return to search.
proflie-avatar
Login

സംഗമം സംഗമം ത്രിവേണീ സംഗമം -69

സംഗമം സംഗമം ത്രിവേണീ സംഗമം -69
cancel

‘ത്രിവേണി’യിലെ ഹിറ്റ് ഗാനങ്ങ​െളയും ‘ശബരിമല ശ്രീധർമ്മശാസ്​താ’ എന്ന സിനിമയിലെ ഗാനങ്ങളെയും കുറിച്ച്​ എഴുതുന്നു. സിനിമയിലെ സന്ദർഭങ്ങൾ അനുസരിച്ച് കവികൾ എഴുതിയ ഗാനങ്ങളും ആദിശങ്കരാചാര്യരുടെ വരികളും ചില പരമ്പരാഗത ശ്ലോകങ്ങളുമടക്കം 18 പാട്ടുകൾ ഉണ്ടായിരുന്നു ‘ശബരിമല ശ്രീധർമ്മശാസ്​താ’യിൽ. ‘നെഞ്ചിൽ ഒരാലയം’, ‘മീണ്ടസ്വർഗം’, ‘നെഞ്ചം മറപ്പതില്ലൈ’ തുടങ്ങിയ സിനിമകളിലൂടെ തമിഴ്‌ സിനിമയിൽ ഒരു പുതിയ വഴി വെട്ടിത്തുറന്ന എഴുത്തുകാരനും സംവിധായകനുമായ സി.വി. ശ്രീധർ തന്റെ സ്വന്തം കമ്പനിയായ ചിത്രാലയാ പിക്‌ചേഴ്‌സിന്റെ ബാനറിൽ മലയാളത്തിൽ നിർമിച്ച സിനിമയാണ് ‘ത്രിവേണി’. ശ്രീധർ സംവിധാനംചെയ്ത ആദ്യ ചിത്രത്തിന്റെ...

Your Subscription Supports Independent Journalism

View Plans
‘ത്രിവേണി’യിലെ ഹിറ്റ് ഗാനങ്ങ​െളയും ‘ശബരിമല ശ്രീധർമ്മശാസ്​താ’ എന്ന സിനിമയിലെ ഗാനങ്ങളെയും കുറിച്ച്​ എഴുതുന്നു. സിനിമയിലെ സന്ദർഭങ്ങൾ അനുസരിച്ച് കവികൾ എഴുതിയ ഗാനങ്ങളും ആദിശങ്കരാചാര്യരുടെ വരികളും ചില പരമ്പരാഗത ശ്ലോകങ്ങളുമടക്കം 18 പാട്ടുകൾ ഉണ്ടായിരുന്നു ‘ശബരിമല ശ്രീധർമ്മശാസ്​താ’യിൽ. 

‘നെഞ്ചിൽ ഒരാലയം’, ‘മീണ്ടസ്വർഗം’, ‘നെഞ്ചം മറപ്പതില്ലൈ’ തുടങ്ങിയ സിനിമകളിലൂടെ തമിഴ്‌ സിനിമയിൽ ഒരു പുതിയ വഴി വെട്ടിത്തുറന്ന എഴുത്തുകാരനും സംവിധായകനുമായ സി.വി. ശ്രീധർ തന്റെ സ്വന്തം കമ്പനിയായ ചിത്രാലയാ പിക്‌ചേഴ്‌സിന്റെ ബാനറിൽ മലയാളത്തിൽ നിർമിച്ച സിനിമയാണ് ‘ത്രിവേണി’. ശ്രീധർ സംവിധാനംചെയ്ത ആദ്യ ചിത്രത്തിന്റെ (‘നെഞ്ചിൽ ഒരാലയം’) ഛായാഗ്രാഹകനായിരുന്ന എ. വിൻസെന്റ് ആണ് ‘ത്രിവേണി’ എന്ന ചിത്രം സംവിധാനംചെയ്തത്. ഒരു ഹിന്ദി ചിത്രത്തിന്റെ കഥയെ അടിസ്ഥാനമാക്കി നിർമിച്ച ഈ ചിത്രത്തിന് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും എഴുതി. സത്യൻ, പ്രേംനസീർ, ശാരദ, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി സുകുമാരൻ നായർ, ശങ്കരാടി, കെ.പി.എ.സി ലളിത, ആലുമ്മൂടൻ, പറവൂർ ഭരതൻ, ബേബി സവിത തുടങ്ങിയവർ അഭിനയിച്ചു. സംഗീതത്തിന് ഏറെ സ്ഥാനമുള്ള ഈ സിനിമയിൽ വയലാറിന്റെ ഗാനങ്ങൾക്ക് ദേവരാജൻ ഈണം നൽകി. യേശുദാസ്, പി. സുശീല, പി.ബി. ശ്രീനിവാസ്, ലതാരാജു എന്നിവരാണ് ഗാനങ്ങൾ പാടിയത്. ‘ത്രിവേണി’യിലെ മിക്കവാറും എല്ലാ ഗാനങ്ങളും ഹിറ്റുകളായി. വയലാറിന്റെ മികച്ച രചനയും ദേവരാജന്റെ അതുപോലെതന്നെ മികച്ച സംഗീതവും ഇന്ത്യയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകൻകൂടിയായ സംവിധായകൻ എ. വിൻസെന്റിന്റെ ഉജ്ജ്വലമായ ചിത്രീകരണവും പാട്ടുകളെ ജനകീയമാക്കി.

മലയാളികൾ എന്നും ഓർമിക്കുന്ന യേശുദാസ് പാടിയ ‘‘സംഗമം സംഗമം ത്രിവേണീ സംഗമം’’ എന്ന ഗാനവും പി. സുശീല പാടിയ ‘‘പാമരം പളുങ്കുകൊണ്ട്’’ എന്ന ഗാനവും ഈ സിനിമയിലുള്ളവയാണ്.

‘‘സംഗമം സംഗമം ത്രിവേണീ സംഗമം/ശൃംഗാര പദമാടും യാമം/ മദാലസ യാമം /ഇവിടെയോരോ ജീവതരംഗവും/ ഇണയെ തേടും രാവിൽ/ നാണത്തിൽ മുങ്ങിയ കായലിൻ കവിളിൽ/ നഖചിത്രമെഴുതും നിലാവിൽ /നീയും ഞാനും നമ്മുടെ പ്രേമവും /കൈമാറാത്ത വികാരമുണ്ടോ..?’’ എന്നിങ്ങനെയൊഴുകുന്ന മനോഹരമായ വരികളും ദേവരാജൻ ആ വരികളെ ലാളിക്കുന്ന രീതിയും തികച്ചും ഉദാത്തമാണെന്നേ പറയാൻ കഴിയൂ. അടുത്ത ചരണത്തിലും കവി ഉജ്ജ്വല ബിംബങ്ങൾ നിരത്തുന്നുണ്ട്. ‘‘നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാൻ ഉടയാട നെയ്യുന്ന നിലാവി’’നെപ്പറ്റി പറയുന്നു. ഇതേ ഗാനം യേശുദാസ് സങ്കടഭാവത്തിലും പാടിയിട്ടുണ്ട്. പക്ഷേ, വരികളിൽ മാറ്റമില്ല.

പി. സുശീല പാടിയ ‘‘പാമരം പളുങ്കുകൊണ്ട്...’’ എന്ന് തുടങ്ങുന്ന ഗാനവും വളരെ മികച്ചതുതന്നെ.

‘‘പാമരം പളുങ്കുകൊണ്ട്/ പന്നകം കരിമ്പുകൊണ്ട്/ പഞ്ചമിയുടെ തോണിയിലെ/പങ്കായം പൊന്നുകൊണ്ട്...’’ എന്ന പല്ലവി മാത്രമല്ല, തുടർന്നു വരുന്ന രണ്ടു ചരണങ്ങളും നല്ല വരികൾ ഉൾക്കൊള്ളുന്നു. ഒരു നീണ്ട ഹമ്മിങ്ങിൽ ആരംഭിക്കുന്ന യേശുദാസിന്റെ അടുത്ത ഗാനം ഇതാണ്:

‘‘കൈതപ്പുഴക്കായലിലെ/ കാറ്റിന്റെ കൈകളിലെ/ കളിചിരി മാറാത്ത/ കന്നിയോളമേ കാണാകുടം നിറയെ കക്കയോ/ കവിതയോ കറുത്ത പൊന്നോ...’’ പി.ബി. ശ്രീനിവാസും ബേബി ലതയും പാടിയ ഒരു കുട്ടിപ്പാട്ടും ഈ ചിത്രത്തിലുണ്ട്. സത്യനും ബേബി സവിതയുമാണ് ചിത്രത്തിൽ ഈ ഗാനം പാടി അഭിനയിക്കുന്നത്.

‘‘കെഴക്കു കെഴക്കൊരാന/ പൊന്നണിഞ്ഞുനിൽക്കണ്‌/ആലവട്ടം വെഞ്ചാമരം/താലി പീലി നെറ്റിപ്പട്ടം’’ എന്ന് വൃദ്ധൻ പാടുമ്പോൾ കുട്ടി ഇങ്ങനെ പാടുന്നു: ‘‘എനിച്ചറിയാമെനിച്ചറിയാം... അമ്പിളിമാമൻ.’’ 1970 ഡിസംബർ നാലിന് ചിത്രം തിയറ്ററുകളിലെത്തി. ചിത്രം നല്ല അഭിപ്രായം നേടി. സാമ്പത്തികമായി വിജയിക്കുകയും ചെയ്തു.

ശബരിമല ധർമശാസ്താവിനെക്കുറിച്ച് മലയാളത്തിൽ നിർമിക്കപ്പെട്ട രണ്ടാമത്തെ സിനിമയാണ് ‘ശബരിമല ശ്രീ ധർമ്മശാസ്താ’. പ്രത്യുഷചിത്രയുടെ ബാനറിൽ സി.ആർ.കെ. നായർ ആണ് ഈ സിനിമ നിർമിച്ചത്. നിർമാതാവാകുന്നതിനുമുമ്പ് ഒന്നോ രണ്ടോ സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ആയി ജോലിചെയ്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് സി.ആർ.കെ. നായർ നിർമാണരംഗത്ത് പ്രവേശിച്ചത് എന്നാണറിവ്. ജഗതി എൻ.കെ. ആചാരിയാണ് തിരക്കഥയും സംഭാഷണവും തയാറാക്കിയത്. എം. കൃഷ്ണൻനായർ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചു. വയലാർ ആയിരുന്നു പ്രധാന ഗാനരചയിതാവ്. പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി എന്നിവരോടൊപ്പം കെ. നാരായണപിള്ള, എം.പി. ശിവം എന്നിവരും ഗാനങ്ങൾ എഴുതി. കൂടാതെ, ആദിശങ്കരാചാര്യരുടെ കൃതികളിൽനിന്നുള്ള വരികളും ചില പരമ്പരാഗത ശ്ലോകങ്ങളും പാട്ടുകളുടെ സ്ഥാനത്ത് ഉപയോഗിക്കുകയുണ്ടായി. വി. ദക്ഷിണാമൂർത്തിയായിരുന്നു സംഗീതസംവിധായകൻ. എം.പി. ശിവം എഴുതിയ രണ്ടു പാട്ടുകൾക്ക് ജയ-വിജയ സഹോദരന്മാരും സംഗീതം നൽകി. പ്രേംനവാസ്, വിൻ​െസന്റ്, അംബിക, രാഗിണി, കൊട്ടാരക്കര ശ്രീധരൻ നായർ, ടി.എസ്. മുത്തയ്യ, ബേബി ശ്രീദേവി, ബേബി രജനി, മീന, സാധന, വി.ടി. അരവിന്ദാക്ഷ മേനോൻ, ശങ്കരാടി, ജോസ് പ്രകാശ്, ടി.കെ. ബാലചന്ദ്രൻ, നെല്ലിക്കോട് ഭാസ്കരൻ, പറവൂർ ഭരതൻ തുടങ്ങിയവർ അഭിനയിച്ചു.

സിനിമയിലെ സന്ദർഭങ്ങൾ അനുസരിച്ച് കവികൾ എഴുതിയ ഗാനങ്ങളും ആദിശങ്കരാചാര്യരുടെ വരികളും ചില പരമ്പരാഗത ശ്ലോകങ്ങളുമടക്കം ചിത്രത്തിൽ 18 പാട്ടുകൾ ഉണ്ടായിരുന്നു. സിനിമക്കുവേണ്ടി ഗാനരചയിതാക്കൾ രചിച്ച് സംഗീതസംവിധായകൻ ഈണം പകർന്ന് ഉണ്ടായ പാട്ടുകളെക്കുറിച്ചു മാത്രമേ ഇവിടെ പ്രസ്താവിക്കുന്നുള്ളൂ. ആദിശങ്കരാചാര്യരുടെ കൃതികളിൽനിന്നുള്ള വരികളും... (‘‘മധുരാപുര നായികേ...’’) ‘‘കാരാഗ്രേ വസതേലക്ഷ്മി, കരമൂലേ സരസ്വതീ’’പോലെയും ‘‘ഗണേശ പഞ്ചരത്നം’’പോലുള്ള പരമ്പരാഗത രചനകളും ഇവിടെ ഉദ്ധരിക്കുന്നില്ല. അവയെ ചലച്ചിത്രഗാനങ്ങളായി കണക്കാക്കാൻ പാടില്ല. യേശുദാസ് പാടിയ രണ്ടു പാട്ടുകൾ എം.പി. ശിവം എഴുതി ജയവിജയന്മാർ സംഗീതം നൽകി എച്ച്.എം.വി റെക്കോഡ് ആയി പുറത്തിറങ്ങിയവയാണ് എന്നാണ് കേൾക്കുന്നത്. അയ്യപ്പഭക്തിഗാനങ്ങൾ എന്നനിലയിൽ വളരെ പ്രശസ്തി നേടിയ ഈ പാട്ടുകൾ ‘ശബരിമല ധർമ്മശാസ്താ’ എന്ന സിനിമയിൽ ഉൾപ്പെടുത്തുകയാണുണ്ടായത്.


‘‘ദർശനം പുണ്യദർശനം/ ശബരിമലവാസൻ സ്വാമി അയ്യപ്പൻ/ മകരദീപം ദിവ്യദർശനം’’ എന്ന് തുടങ്ങുന്ന ഗാനവും ‘‘അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ/ ഹരിഹരസുതനേ ശരണമെന്റയ്യപ്പാ/ ആയിരമായിരം നിൻ തിരുനാമങ്ങൾ/ ധ്യാനം ചെയ്യുവാൻ അയ്യപ്പാ’’ എന്ന ഗാനവുമാണ് ഇവിടെ പരാമർശിക്കപ്പെടുന്നവ. ചിത്രത്തിനുവേണ്ടി മാത്രം എഴുതപ്പെട്ട എല്ലാ പാട്ടുകൾക്കും ഈണം പകർന്നത് വി. ദക്ഷിണാമൂർത്തിയാണ്. വയലാർ, പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, കെ. നാരായണപിള്ള എന്നിവരാണ് ഗാനരചയിതാക്കൾ. വയലാർ രാമവർമ നാല് ഗാനങ്ങൾ എഴുതി. ആദ്യഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ഹരിശ്രീയെന്നാദ്യമായ് വിരൽപ്പൂ കൊണ്ടെഴുതിച്ച/ ഗുരുവിന്റെ പാദപദ്മം തൊഴുന്നു/ ഞങ്ങൾ കുലപതി ഗണപതിഭഗവാനെ തൊഴുന്നു.../ കളവാണി ശ്രീവാണിദേവിയെ തൊഴുന്നു/ അഴകോടെ അറുമുഖസ്വാമിയെ തൊഴുന്നു/ പമ്പയാറിനപ്പുറത്തെ പവിഴമലകൾക്കപ്പുറത്തെ/ പൊന്നമ്പലമേട്ടിലെ തിരുമുടി തൊഴുന്നു...’’ നാണു ആശാൻ എന്ന ഗായകനാണ് ഈ ഗാനം പാടിയത്. അയ്യപ്പൻ പാട്ടുകൾ പാടുന്ന പ്രശസ്തനായിരുന്നു അദ്ദേഹം. പക്ഷേ, ആദ്യമായിട്ടാണ് സിനിമയിൽ പാടിയത്. വയലാർ എഴുതിയ രണ്ടാമത്തെ ഗാനം പാടിയത് പി. ലീലയാണ്. ആ ഗാനമിതാണ്:

‘‘ഹേമാംബരാഡംബരീ ഹേമന്തയാമിനീ /തരൂ തരൂ നിൻ തിരുവാഭരണ/ത്തളികയിൽനിന്നൊരു/ നവരത്നമണിമയമഞ്ജീരം...’’ വയലാർതന്നെ എഴുതിയ ‘‘ഉന്മാദിനികൾ...’’ എന്ന് തുടങ്ങുന്ന ഗാനവും പി. ലീലയാണ് പാടിയത്. ‘‘ഉന്മാദിനികൾ ഉദ്യാനലതകൾ/ മന്മഥപൂജയ്ക്കു പൂവണിഞ്ഞു /ഋതുമതികൾ, പുഷ്പമധുമതികൾ/ ഒരു ചുംബനത്തിലുണർന്നു...’’ സുശീലാദേവി എന്ന പുതിയ ഗായിക (ബിച്ചു തിരുമലയുടെ സഹോദരി) പാടിയതും വയലാർ എഴുതിയ ഗാനമാണ്. ‘‘ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം/ ആറ്റു നോറ്റു പൂ കുത്തി/ ആദ്യത്തെ പൂവുമായ് കാവിൽ ഞാൻ പോകുമ്പോൾ/ ആ പൂനുള്ളാനൊരാളെത്തി...’’ ഈ പാട്ടും ശ്രദ്ധിക്കപ്പെട്ടു.

പി. ഭാസ്കരൻ രണ്ടു പാട്ടുകളാണ് ഈ ചിത്രത്തിനുവേണ്ടി എഴുതിയത്. ആദ്യഗാനം പി. ലീല, അമ്പിളി, സുശീലാദേവി, ലീലാവാര്യർ, ലതാരാജു എന്നിവർ ചേർന്ന് പാടി. ‘‘പാർവണേന്ദുചൂഡൻ തന്റെ സ്മരണയാലേ/ പർവതകുമാരി വലഞ്ഞു/ വൻതപസ്സിലലിഞ്ഞു ചേർന്നൊരു/ ശംഭു തൻ പദപങ്കജത്തിൽ/ചിത്തമരാളമണഞ്ഞതുമൂലം/ ഭക്തിയോടു വരപൂജ തുടർന്നാൾ’’ എന്നിങ്ങനെ തുടരുന്ന ഒരു സ്ത്രീശബ്ദ സംഘഗാനം.

പി. ഭാസ്കരൻ എഴുതിയ രണ്ടാമത്തെ ഗാനം ‘‘എല്ലാമെല്ലാമയ്യപ്പൻ’’ എന്ന് തുടങ്ങുന്നു. ജയ-വിജയ സഹോദരന്മാരും കെ.പി. ബ്രഹ്മാനന്ദനും കേശവൻ നമ്പൂതിരി തുടങ്ങിയ ഒരുസംഘം ഗായകരും ചേർന്നാണ് ഈ ഗാനം പാടിയത്.

‘‘എല്ലാമെല്ലാമയ്യപ്പൻ/ എല്ലാർക്കും പൊരുളയ്യപ്പൻ/കല്യാണാംഗൻ കാരുണ്യാകരൻ/ അല്ലലൊഴിപ്പോൻ അയ്യപ്പൻ/ കല്ലും മലയും കാറ്റും നദിയും/ പുല്ലും പുലിയും പൂങ്കാവനവും/ ലക്ഷം ലക്ഷം ഭക്തരുമവരുടെ/ ലക്ഷ്യവും ശബരി ഗിരീശ്വരനയ്യൻ’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനത്തിൽ പമ്പ മുതൽ ശബരിമല സന്നിധാനം വരെയുള്ള യാത്രയാണ് കവി വർണിക്കുന്നത്.

ശ്രീകുമാരൻ തമ്പിയും ഈ ചിത്രത്തിനുവേണ്ടി രണ്ടു പാട്ടുകൾ എഴുതി. ‘‘ത്രിപുരസുന്ദരീനാഥൻ നൽകിയ/ തൃകാല ജ്ഞാന സൗഗന്ധികമേ/ മോഹമായാബന്ധമഴിക്കുക/ മോഹിനീ നന്ദനനേ.../ ശരണം ശരണം/ശബരിഗിരീശാ ശരണം/ ശരണം ജഗദീശാ...’’ എന്നിങ്ങനെ ആരംഭിക്കുന്ന പ്രാർഥനാഗീതം കെ.പി. ബ്രഹ്മാനന്ദനും ജയ-വിജയ സംഘവുമാണ് പാടിയത്. ശ്രീകുമാരൻ തമ്പി എഴുതിയ രണ്ടാമത്തെ ഗാനം ‘‘ശരണം ശരണം ശബരിഗിരീശാ/ ശരണം ശരണം ജഗദീശാ’’ എന്ന് തുടങ്ങുന്നു. ഇരുമുടിക്കെട്ട് ശിരസ്സിലേറ്റിയതിനുശേഷം വീട് മുതൽ പമ്പ വരെയുള്ള ഭക്തന്റെ യാത്രയാണ് ഈ പാട്ടിൽ വർണിക്കുന്നത്. പാട്ടിലെ ഓരോ രണ്ടു വരികൾ കഴിയുമ്പോഴും ‘‘ശരണം ശരണമേ ശരണം പൊന്നയ്യപ്പാ/ അയ്യപ്പാ ദൈവമേ ശരണം പൊന്നയ്യപ്പാ’’ എന്ന വരികൾ (പല്ലവി) ആവർത്തിക്കണം.

‘‘ശരണം ശരണമേ ശരണം പൊന്നയ്യപ്പാ/ അയ്യപ്പാ ദൈവമേ ശരണം പൊന്നയ്യപ്പാ/ ഇരുമുടിക്കെട്ടുമേന്തി പടിയിറങ്ങുമ്പോൾ/ -നെഞ്ചിൽ വിരിയുന്നു ഭക്തിയുടെ കതിർക്കുലകൾ/ ശരണം ശരണമേ... എരുമേലിയമ്പലത്തിൽ പേട്ട തുള്ളി /പാട്ടുപാടി ഒരുമയോടയ്യപ്പന്മാർ പുറപ്പെടുന്നു.../വാവരുസ്വാമിയെ നന്നായ് വണങ്ങുന്നു/ പൂങ്കാവനം പോയ കാലവൈഭവത്തിൻ പൂവിടർത്തുന്നു’’ ഇങ്ങനെ തുടരുന്ന സാമാന്യം ദീർഘമായ പാട്ടാണിത്. പമ്പയുടെ കരയിൽ സദ്യ നടത്തിയിട്ടു വേണം നീലിമല കയറാൻ. ഈ വിഷയം അവതരിപ്പിച്ചുകൊണ്ട് പാട്ട്‌ അവസാനിക്കുന്നു. ‘‘ഇമ്പമോടെയന്നദാനം നടത്തി നാം മുന്നേറുമ്പോൾ തമ്പുരാന്റെ പമ്പവിളക്കകലെ കാണാം...’’ ബ്രഹ്മാനന്ദന്റെയും ജയവിജയന്മാരുടെയും നേതൃത്വത്തിൽ ഒരുസംഘം ഗായകർ ചേർന്നാണ് ഈ പാട്ടും പാടിയത്.

കെ. നാരായണപിള്ള എന്ന പുതിയ ഗാനരചയിതാവും ഈ ചിത്രത്തിനുവേണ്ടി രണ്ടു പാട്ടുകൾ എഴുതി. ജയചന്ദ്രനും ബ്രഹ്മാനന്ദനും ജയവിജയന്മാരും നേരത്തേ പറഞ്ഞ ഗായകസംഘവും പാടിയ അദ്ദേഹത്തിന്റെ ആദ്യഗാനം ഒരു സംസ്കൃത ശ്ലോകമാണ്: ‘‘ഓം... നമസ്തേ സർവശക്തായ/ നിത്യായപരമാത്മനേ/ പുരുഷായാദിബീജായ/ പരേശായ നമോനമഃ/തസ്മൈ നമോ നിർമലായ/ ബ്രഹ്മണേ നന്ദമൂർത്തയേ/ നാമോഗിരാം വിദൂരായ /പരമാശ്ചര്യ കർമണേ...’’

‘‘നെയ്യിട്ട വിളക്ക്...’’ എന്ന് തുടങ്ങുന്ന ഒരു പാട്ടാണ് കെ. നാരായണപിള്ള എഴുതിയ രണ്ടാമത്തെ ഗാനം എന്ന് ചില രേഖകളിൽ കാണുന്നു. എന്നാൽ, ‘ശബരിമല ശ്രീധർമ്മശാസ്താ’ എന്ന ചിത്രത്തിന്റെ പാട്ടുപുസ്തകത്തിൽപോലും ഈപാട്ട്‌ ഉൾപ്പെടുത്തിയിട്ടില്ല. ചിത്രത്തിലെ ഗാനരചയിതാക്കളിൽ ഒരാളായ ഈ ലേഖകനും ഇങ്ങനെയൊരു ഗാനം കേട്ട ഓർമയില്ല. സാധാരണയായി കോറസ് പാടുന്ന ഗായകരുടെ പേരുകൾ ടൈറ്റിൽസിലോ പാട്ടുപുസ്തകത്തിലോ കൊടുക്കാറില്ല. എന്നാൽ, ‘ശബരിമല ശ്രീ ധർമ്മശാസ്താ’ എന്ന സിനിമയിൽ പാടിയ സംഘഗായകരുടെ പേരു വിവരങ്ങൾ ലഭ്യമാണ്. പി.കെ. കേശവൻ നമ്പൂതിരി, വി.ടി. അരവിന്ദാക്ഷ മേനോൻ, എം. ഹെൻറി, കെ.കെ. ബാലൻ, ആർ.സി. സുരേഷ്, എസ്. ജോസഫ്, വൈക്കം ഗോപിനാഥ്, ലീലാവാര്യർ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പാടിയ സംഘഗായകർ. 1970 ഡിസംബർ 12ന്​ ‘ശബരിമല ശ്രീധർമ്മശാസ്താ’ എന്ന ചിത്രം പ്രദർശനമാരംഭിച്ചു. ചിത്രം ഭേദപ്പെട്ട വിജയം നേടിയെങ്കിലും നിർമാതാവായ സി.ആർ.കെ. നായർ തുടർന്ന് സിനിമകൾ നിർമിച്ചില്ല. പിൽക്കാലത്ത് ഗാനരചയിതാവ് എന്ന നിലയിൽ പ്രസിദ്ധനായിത്തീർന്ന ബിച്ചു തിരുമല ഈ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ എന്നനിലയിലാണ് മലയാള സിനിമയിൽ പ്രവേശിച്ചത്.

(തു​​​​​ട​​​​​രും)

News Summary - Sreekumaran Thampi sangeetha yathrakal