‘പൊന്നി’: കാടിന്റെ ഗന്ധമുള്ള പാട്ടുകൾ

‘പൊന്നി’യുടെ വിജയത്തിന് പാട്ടുകൾ നൽകിയ പിന്തുണയും ചെറുതല്ല. സിനിമയുടെ പശ്ചാത്തലം മനസ്സിലാക്കി അതുമായി ലയിച്ചു ചേരുന്ന ഗാനങ്ങൾ രചിക്കാൻ പി. ഭാസ്കരനുള്ള കഴിവും ജി. ദേവരാജന്റെ അസാമാന്യമായ സ്വരസന്നിവേശ പാടവവും എല്ലാ പ്രശംസകൾക്കുമപ്പുറമാണ് -സംഗീതയാത്ര തുടരുന്നു. കെ.ആർ. വിജയ നായികയായി അഭിനയിച്ച സൂപ്പർഹിറ്റ് തമിഴ് സിനിമയാണ് എ.സി. ത്രിലോകചന്ദർ സംവിധാനംചെയ്‌ത ‘ദീർഘസുമംഗലി’ (1974 -നായകൻ മുത്തുരാമൻ). ഈ കഥയെ അടിസ്ഥാനമാക്കി നിർമാതാവും വിതരണക്കാരനുമായ എസ്. പാവമണി മലയാളത്തിൽ നിർമിച്ച സിനിമയാണ് ‘ആയിരം ജന്മങ്ങൾ’. ബാനറിന്റെ പേര് ‘പ്രതാപ് ചിത്ര’ മലയാള ചിത്രത്തിലും നായിക കെ.ആർ. വിജയ തന്നെയായിരുന്നു....
Your Subscription Supports Independent Journalism
View Plans‘പൊന്നി’യുടെ വിജയത്തിന് പാട്ടുകൾ നൽകിയ പിന്തുണയും ചെറുതല്ല. സിനിമയുടെ പശ്ചാത്തലം മനസ്സിലാക്കി അതുമായി ലയിച്ചു ചേരുന്ന ഗാനങ്ങൾ രചിക്കാൻ പി. ഭാസ്കരനുള്ള കഴിവും ജി. ദേവരാജന്റെ അസാമാന്യമായ സ്വരസന്നിവേശ പാടവവും എല്ലാ പ്രശംസകൾക്കുമപ്പുറമാണ് -സംഗീതയാത്ര തുടരുന്നു.
കെ.ആർ. വിജയ നായികയായി അഭിനയിച്ച സൂപ്പർഹിറ്റ് തമിഴ് സിനിമയാണ് എ.സി. ത്രിലോകചന്ദർ സംവിധാനംചെയ്‌ത ‘ദീർഘസുമംഗലി’ (1974 -നായകൻ മുത്തുരാമൻ). ഈ കഥയെ അടിസ്ഥാനമാക്കി നിർമാതാവും വിതരണക്കാരനുമായ എസ്. പാവമണി മലയാളത്തിൽ നിർമിച്ച സിനിമയാണ് ‘ആയിരം ജന്മങ്ങൾ’. ബാനറിന്റെ പേര് ‘പ്രതാപ് ചിത്ര’ മലയാള ചിത്രത്തിലും നായിക കെ.ആർ. വിജയ തന്നെയായിരുന്നു. പ്രേംനസീർ നായകനും.
സുധീർ, കെ.പി. ഉമ്മർ, തിക്കുറിശ്ശി, അടൂർ ഭാസി, വീരൻ, ബഹദൂർ, സുജാത, ശ്രീപ്രിയ, സുകുമാരി, മാസ്റ്റർ രഘു തുടങ്ങി ഒട്ടേറെ നടീനടന്മാർ ഈ ചിത്രത്തിൽ അണിനിരന്നു. ബാലസുബ്രഹ്മണ്യം എഴുതിയ മൂലകഥക്ക് തിരക്കഥയും സംഭാഷണവും തോപ്പിൽ ഭാസി രചിച്ചു. ഛായാഗ്രഹണത്തിൽ എ. വിൻസെന്റ് മാസ്റ്ററുടെ ശിഷ്യനും ദീർഘകാല സഹായിയുമായിരുന്ന പി.എൻ. സുന്ദരമാണ് ‘ആയിരം ജന്മങ്ങൾ’ സംവിധാനം ചെയ്തത്. പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതം പകർന്നു. തമിഴ് സിനിമയിലും (ദീർഘസുമംഗലി) സംഗീത സംവിധായകൻ അദ്ദേഹം തന്നെയായിരുന്നു. ചിത്രത്തിൽ അഞ്ചു പാട്ടുകളുണ്ട്. യേശുദാസ്, ജയചന്ദ്രൻ, പി. സുശീല, എസ്. ജാനകി, വാണിജയറാം, എൽ.ആർ. ഈശ്വരി, അമ്പിളി, ഷക്കീല ബാലകൃഷ്ണൻ, സെൽമ ജോർജ് എന്നിവർ ഗാനങ്ങൾ പാടി. ഒരു ഗാനത്തിൽ എം.എസ്. വിശ്വനാഥൻ സ്വന്തം ശബ്ദവും ഉൾപ്പെടുത്തി.
വാണിജയറാം ആലപിച്ച ‘‘മുല്ലമാല ചൂടിവന്ന വെള്ളിമേഘമേ...’’ എന്ന ഗാനമാണ് ഏറ്റവുമധികം ജനപ്രീതി നേടിയത്.
‘‘മുല്ലമാല ചൂടിവന്ന വെള്ളിമേഘമേ/ ഇന്നു നിന്റെ പൂർണചന്ദ്രൻ പിണങ്ങി നിന്നല്ലോ...’’ എന്നു തുടങ്ങുന്ന ഗാനം രചനാസൗകുമാര്യംകൊണ്ടും രാഗത്തിന്റെ ഗരിമകൊണ്ടും ആലാപന വിശുദ്ധികൊണ്ടും വേറിട്ടുനിൽക്കുന്നു. ഗാനം ഇങ്ങനെ തുടരുന്നു: ‘‘സുന്ദരിയാം വസന്തരാത്രി/ മാളികത്തളത്തിൽ മട്ടുപ്പാവിൽ/ പൂനിലാവിൻ പൂമെത്ത നീർത്തി/ ആത്മനാഥനെ കാത്തിടുന്നു... കാമുകനാം സുഗന്ധ പവനൻ/ പാതിരാപ്പൂവിൻ കാതുകളിൽ/ പ്രേമമധുരമന്ത്രങ്ങൾ ചൊല്ലി/ ആനന്ദപുളകം ചാർത്തിടുന്നു... മുല്ലമാല ചൂടിവന്ന വെള്ളിമേഘമേ...’’
ജയചന്ദ്രനും എൽ.ആർ. ഈശ്വരിയും ശബ്ദം നൽകിയ ഗാനം ഇതാണ്:
‘‘ഡാൻസ് ഫെസ്റ്റിവൽ ഡാൻസ് ഫെസ്റ്റിവൽ/ താരുണ്യലഹരിയിൽ ഈ പദങ്ങൾ/ താളത്തിൽ ചലിക്കട്ടേ/ ഗാനത്തിൻ തരംഗിണിയിൽ കരങ്ങൾ/ മേളത്തിൽ പിണയട്ടേ/ താരുണ്യ ലഹരിയിൽ ഈ പദങ്ങൾ/ താളത്തിൽ ചലിക്കട്ടേ/ ആനന്ദസങ്കൽപമാകെ/ തളിരിടും സംഗീതമേള/ മനസ്സും മനസ്സും സല്ലപിക്കും വേള/ മദകര നർത്തനലീല/ ദ നൈറ്റ് ഈസ് യങ്/ ദ ലൈഫ് ഈസ് യങ്/ സിങ് അസ് ദ സോങ് ഓഫ്/ യൂത്ത്‌ഫുൾ സ്പ്രിങ്...’’
യേശുദാസ്, പി. സുശീല, അമ്പിളി, സെൽമ ജോർജ് എന്നിവർ പാടിയ ഗാനം ഇങ്ങനെ: ‘‘അച്ഛൻ നാളെയൊരപ്പൂപ്പൻ/ അമ്മ നാളെയൊരമ്മൂമ്മ/ ലാലലാലാ ലാലാ ലാലല്ലാ/ ഹിപ് ഹിപ് ഹുറേ ഹിപ് ഹിപ് ഹുറേ/ ഹിപ് ഹിപ് ഹുറേ... അച്ഛൻ നാളെയൊരപ്പൂപ്പൻ/ അമ്മ നാളെയൊരമ്മൂമ്മ’’ എന്ന പല്ലവിയിൽ ആരംഭിക്കുന്നു.

പി. ജയചന്ദ്രൻ,ത്രിലോകചന്ദർ
ഈ കുടുംബോത്സവ ഗീതം തുടരുന്നതിങ്ങനെ: ‘‘കാലം കടന്നു നടന്നു പോകുമ്പോൾ/ കുട്ടനൊരച്ഛൻ കുട്ടനും അച്ഛൻ/ കുട്ടനു കുട്ടികൾ വേറേ/ ഇത്തിരിപ്പെണ്ണുമൊരമ്മ... ഈ ഇത്തിരിപ്പെണ്ണുമൊരമ്മ... അച്ഛനെപ്പോലെ വലുതാകും/ അക്കാലം നിങ്ങൾ ആരാകും..?/ വക്കീൽ നോ... ഡോക് ടു ഡോക് ടു ഡോക് ടു.’’
എസ്. ജാനകി, ഷക്കീല ബാലകൃഷ്ണൻ, രവീന്ദ്രൻ, സായിബാബ എന്നിവരോടൊപ്പം എം.എസ്. വിശ്വനാഥനും ചേർന്നു പാടിയ ഗാനം ശ്രദ്ധേയമാണ്. മാതാവിന്റെ മഹത്വം വർണിക്കുന്ന ഗാനം.
‘‘ഉത്തമ മഹിളാമാണിക്യം നീ ജനനീ/ നിസ്തുലാദർശത്തിൻ നിറകുടം നീ/ പരമസ്നേഹത്തിൻ പാരാവാരം നീ/ വാത്സല്യ നവരത്നദീപം നീ... ആയിരം ജന്മങ്ങൾ വീണ്ടും ലഭിച്ചാലും/ ആശയും മോഹവും സ്വപ്നവുമൊന്നല്ലോ/ ജനനിയിവൾ നമ്മൾക്കിനിയും ജന്മം നൽകേണം/ രമണിയിവൾ നമ്മൾക്കെന്നും മാതാവാകേണം...’’ എന്നിങ്ങനെ തുടരുന്നു ഈ ഗാനം.
ഗാനം അവസാനിക്കുന്ന വരികൾ ഇങ്ങനെ: ‘‘സ്വർഗത്തേക്കാൾ സുന്ദരമാണീ മക്കൾ വാഴും മനോജ്ഞഭവനം...’’
‘‘വിളിക്കുന്നു വിളിക്കുന്നു കണ്ണുകൾ...’’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് ജയചന്ദ്രനാണ്.
‘‘ആഹാഹാ... ആഹാഹാ...’’ എന്നിങ്ങനെയൊരു ഹമ്മിങ്ങിലാണ് പാട്ടു തുടങ്ങുന്നത്.
‘‘വിളിക്കുന്നു വിളിക്കുന്നു കണ്ണുകൾ... പക്ഷേ വിലക്കുന്നു വിലക്കുന്നു കയ്യുകൾ/ കളിത്തോഴീ കളിത്തോഴീ/ കാമദേവന്റെ കടംകഥ നീ...’’
ചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘കാമദേവന്റെ കടംകഥയോ/ കാമുകദേവന്റെ പഴംകഥയോ/ മധുരരാഗത്തിൻ ദീപം കൊളുത്തും/ മനസ്സിൽ തപ്പിയാൽ ഉത്തരം കിട്ടും...’’
1976 ആഗസ്റ്റ് 27ന് തിയറ്ററുകളിൽ എത്തിയ ‘ആയിരം ജന്മങ്ങൾ’ വമ്പിച്ച സാമ്പത്തിക വിജയം നേടി.
സംവിധായക നിർമാതാവായ എം. കുഞ്ചാക്കോ എക്സെൽ പ്രൊഡക്ഷൻസിനുവേണ്ടി ഉദയാ സ്റ്റുഡിയോയിൽ ഒരുക്കിയ സിനിമയാണ് ‘മല്ലനും മാതേവനും’.
ശാരംഗപാണി കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ഈ ചിത്രത്തിൽ പ്രേംനസീർ, ഷീല, ജയൻ, കെ.പി. ഉമ്മർ, തിക്കുറിശ്ശി, റാണി ചന്ദ്ര, ഉണ്ണിമേരി, ജനാർദനൻ, മാസ്റ്റർ രഘു, ആലുമ്മൂടൻ, പറവൂർ ഭരതൻ തുടങ്ങിയവർ അഭിനയിച്ചു. ചിത്രത്തിലുള്ള ഏഴു ഗാനങ്ങളിൽ ആറു ഗാനങ്ങൾ പി. ഭാസ്കരനും ഒരു ഗാനം പൂച്ചാക്കൽ ഷാഹുൽ ഹമീദും രചിച്ചു. പി. ഭാസ്കരന്റെ പാട്ടുകൾക്ക് കെ. രാഘവനും ഷാഹുൽ ഹമീദിന്റെ പാട്ടിന് കുമരകം രാജപ്പനും സംഗീതം നൽകി.
ജയചന്ദ്രനും പി. സുശീലയും ചേർന്നു പാടിയ ‘‘കണ്ടാലഴകുള്ള പൊൻപുള്ളിക്കാള...’’ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധേയം.

പി.എൻ. സുന്ദരം, പൂച്ചാക്കൽ ഷാഹുൽ ഹമീദ്,കുഞ്ചാക്കോ, കെ.ആർ. വിജയ
‘‘കണ്ടാലഴകുള്ള പൊൻപുള്ളിക്കാള/ കണ്ടിയൂരപ്പന്റെ കരിമ്പുള്ളിക്കാള/ ശംഭുവിൻ വരമുള്ള ചെമ്പുള്ളിക്കാള/ ഒൻപതു ചുഴിയുള്ളോരോച്ചിറക്കാള...’’
മാവേലിക്കരക്കടുത്തുള്ള കണ്ടിയൂർ എന്ന സ്ഥലത്തെ ശിവക്ഷേത്രം ചരിത്രപ്രസിദ്ധമാണ്. ഗാനം ഇങ്ങനെ തുടരുന്നു: ‘‘അരമണി കിലുങ്ങി കുടമണി കുലുങ്ങി/ പുരഹരദേവനെ കൈവണങ്ങി/ കൂട്ടത്തെ നമിച്ച് തലകുനിയ്ക്ക്, കുഞ്ഞ്/ നാട്ടാരെ വന്ദിച്ച് നമസ്കരിക്ക്...’’
പി. സുശീലയും സംഘവും ആലപിച്ച ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘കളിക്കുട്ടിപ്രായം പടികടന്നു/ കൗമാരം വിരുന്നുവന്നു/ പതിനേഴാം തിരുവയസ്സ്/ പുഷ്‌പവിമാനത്തിൽ പറന്നുവന്നു... മന്മഥന്റെ മലർക്കാവിൽ -ഇന്നു മലർപൊലി പൂപ്പൊലി താലപ്പൊലി/ മനസ്സിനുള്ളിൽ കുയിൽ പാടി/ മാറിടത്തിൽ മയിലാടി...’’
പട്ടണക്കാട് പുരുഷോത്തമനും ആലപ്പി ജയശ്രീയും പാടിയ ഗാനമാണ് അടുത്തത്.
‘‘കുളിര് കുളിര്/
കുളിര് കുളിര് കുളിര്/ മണിമാറിൽ കുളിര് തളിര് തളിര്/ തളിര് തളിര് തളിര് -എൻ അധരപുടം തളിര്’’ എന്നിങ്ങനെ വ്യത്യസ്തമായ പല്ലവി.
‘‘ഡുമുക്ക് ഡുമുക്ക് ഡുമുക്ക് ഡുമുക്ക്/ ഗുരുകുലം യക്ഷിയിന്നു/ ചിരിച്ചു ചിരിച്ചു ചിരിച്ചു/ നമുക്കു മരിക്കാം നമുക്കു മരിക്കാം’’ എന്നിങ്ങനെ തുടരുന്നു കാമോദ്ദീപകമായ ഈ ഗാനം.
യേശുദാസ്, കെ.പി. ബ്രഹ്മാനന്ദൻ, സെൽമ ജോർജ് എന്നിവർ ചേർന്നു പാടിയ ഗാനം ‘‘പ്രണയമലർക്കാവിൽ...’’ എന്നാരംഭിക്കുന്നു.
‘‘പ്രണയമലർക്കാവിൽ വിരിഞ്ഞു പൊന്തിയ/ കനകസൗഗന്ധിക പുഷ്പമേ...’’
ഈ വരികൾ യേശുദാസ് പാടിയതിനുശേഷം ബ്രഹ്മാനന്ദൻ ആവർത്തിക്കുന്നു. ക്ലാസിക് ശൈലിയിൽ ചിട്ടപ്പെടുത്തിയ ഒരു ഹാസ്യഗാനമാണിത്. നിറയെ സ്വരങ്ങളുണ്ട്. ഖവാലി രീതിയിലാണ് ആലാപനമെങ്കിലും കർണാടക സംഗീതമാണ് അടിസ്ഥാനം. ഗാനം തുടരുന്നതിങ്ങനെ: ‘‘ഈ പ്രണയമലർക്കാവിൽ വിരിഞ്ഞുപൊന്തിയ/ തായേ പുഷ്പമേ... ഇന്നീ നായർകുലത്തിൽ വന്ന താതൻ/ ഈ ആനബോറൻ ചെയ്യും ദ്രോഹത്തെ കാണെടീ/ തായേ പുഷ്പമേ.../ സരിസനി ധനിസനി ധപമഗ മപധനി.../ തായേ... പുഷ്പമേ...’’
തുടർന്നുള്ള വരികളും സ്വരങ്ങളും ഇവിടെ ഉദ്ധരിക്കുന്നില്ല. വരികളും ആലാപനരീതിയും ഹാസ്യഭരിതമാണ്.
ബി. വസന്ത പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ഒട്ടിയ വയറ്റിലെ കൊട്ടുമേളം... എന്റെ പട്ടിണിപ്പാട്ടിന്റെ പക്കമേളം/ കേട്ടുനിൽക്കും നാട്ടുകാരേ/ നീട്ടൂ രണ്ടു പൈസ...’’
വരികൾ ഇങ്ങനെ തുടരുന്നു: ‘‘വരവ് ശീമക്കാറിലേറി/ നഗരം ചുറ്റും സാറന്മാരേ/ പട്ടിലും കസവിലും മുങ്ങിപ്പൊങ്ങി/ ഷോപ്പുകൾ ചുറ്റും കൊച്ചമ്മമാരേ/ തെരുവുതെണ്ടി എന്നെ കണ്ടു/ കരുണ കാട്ടൂ... കൈ നീട്ടൂ...’’
പൂച്ചാക്കൽ ഷാഹുൽ ഹമീദ് എഴുതി കുമരകം രാജപ്പൻ ഈണം നൽകിയ ഗാനം ആലപ്പി ജയശ്രീയും കൂട്ടരും പാടി.
‘‘ജ്യോതിർമയീ ദേവീ പ്രിയദർശിനീ/ യോഗബലമരുളും തേജോമയീ/ ദുഃഖക്കരിമുകിൽ പെയ്തൊഴിയാൻ/ ശക്തിസ്വരൂപിണീ അനുഗ്രഹിക്കൂ...’’ എന്നു പല്ലവി. ചരണം ഇങ്ങനെ: ‘‘മോഹങ്ങളിന്നലെ ചൂടിയുപേക്ഷിച്ച/ ജ്വാലാമുഖിപ്പൂക്കൾ ഞങ്ങൾ/ നിൻ പാദപീഠത്തിൽ മോക്ഷം ലഭിക്കുന്ന/ പൊന്നശോകങ്ങളാക്കൂ... ഞങ്ങളെ പൊന്നശോകങ്ങളാക്കൂ...’’
മണ്മറഞ്ഞ കുഞ്ചാക്കോയെ സ്‌മരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഏതാനും വരികൾ ചിത്രത്തിന്റെ തുടക്കത്തിൽ ചേർത്തിരുന്നു. ഈ വരികൾ ‘‘ചക്രവാളത്തിൽ’’ എന്നാരംഭിക്കുന്നു.
പി. ഭാസ്കരൻ എഴുതി കെ. രാഘവൻ ചിട്ടപ്പെടുത്തിയ ഈ വരികൾ ആലപിച്ചത് പട്ടണക്കാട് പുരുഷോത്തമനാണ്.
1976 ആഗസ്റ്റ് 27നാണ് കുഞ്ചാക്കോ സംവിധാനംചെയ്ത അവസാന ചിത്രമായ ‘മല്ലനും മാതേവനും’ റിലീസ് ചെയ്തത്. ഏതാണ്ട് ഒന്നരമാസത്തിനു മുമ്പ് 1976 ജൂലൈ 15നു ചെന്നൈയിൽവെച്ച് കുഞ്ചാക്കോ അന്തരിച്ചു. അദ്ദേഹത്തിന് ഹൃദയസ്തംഭനം വരുമ്പോൾ സംഗീതസംവിധായകൻ കെ. രാഘവൻ അരികത്തുണ്ടായിരുന്നു. അന്ന് അവർ ‘മല്ലനും മാതേവനും’ എന്ന സിനിമയുടെ പശ്ചാത്തല സംഗീതം റെക്കോഡ് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. അക്കാലത്ത് ചെന്നൈയിൽ വരുമ്പോൾ ചെന്നൈ അണ്ണാനഗറിനടുത്തുള്ള അരുമ്പാക്കം എന്ന സ്‌ഥലത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അണ്ണാനഗറിലായിരുന്നു ഈ ലേഖകന്റെ താമസം. മരണവാർത്തയറിഞ്ഞ് ആദ്യം ഓടിയെത്തിയവരുടെ കൂട്ടത്തിൽ ഈ ലേഖകനും ഉണ്ടായിരുന്നു.

‘മല്ലനും മാതേവനും’ എന്ന സിനിമയും സാമ്പത്തികമായി പരാജയപ്പെട്ടില്ല.
മലയാറ്റൂർ രാമകൃഷ്ണന്റെ പ്രശസ്ത നോവലായ ‘പൊന്നി’യെ അടിസ്ഥാനമാക്കി മഞ്ഞിലാസിനുവേണ്ടി കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ചിത്രം സംഗീതപ്രധാനമായിരുന്നു. കമൽഹാസൻ, ലക്ഷ്മി, എം.ജി. സോമൻ, കെ.പി.എ.സി ലളിത, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, ജനാർദനൻ തുടങ്ങിയവർ അഭിനേതാക്കളായ ‘പൊന്നി’ക്ക് തിരക്കഥയും സംഭാഷണവും തോപ്പിൽ ഭാസി എഴുതി.
പി. ഭാസ്കരൻ രചിച്ച പാട്ടുകൾ ‘പൊന്നി’യുടെ അലങ്കാരമായിരുന്നു. ജി. ദേവരാജനാണ് സംഗീത സംവിധായകൻ. യേശുദാസ് ആലപിച്ച ‘‘മാർകഴിയിൽ മല്ലിക പൂത്താൽ...’’ എന്നു തുടങ്ങുന്ന ഗാനം സൂപ്പർഹിറ്റ് ആയി.
‘‘മാർകഴിയിൽ മല്ലിക പൂത്താൽ/ മണ്ണാർക്കാട് പൂരം മണ്ണാർക്കാട് പൂരം/ കാടിറങ്ങി നീയും ഞാനും കാണാൻ പോകണ പൂരം... മാർകഴിയിൽ മല്ലിക പൂത്താൽ/ മണ്ണാർക്കാട് പൂരം മണ്ണാർക്കാട് പൂരം...’’
ഗാനത്തിലെ ആദ്യ ചരണം ഇങ്ങനെ ആരംഭിക്കുന്നു: ‘‘കണ്ണേ നിൻ കൈപിടിച്ച് കാവു ചുറ്റണ നേരം/ ചിന്നക്കട പെരിയകട ചിന്തൂരക്കട കേറാം.’’ മാധുരി പാടിയ ‘‘മാമരമോ... പൂമരമോ...’’ എന്ന ഗാനവും ജനശ്രദ്ധ നേടിയെടുത്തു.

‘‘മാമരമോ പൂമരമോ/ മൈന ചെന്നു കൂടുവെച്ചു/ മരിക്കൊളുന്തോ മല്ലികയോ/ മനസ്സു ചൂടാൻ മോഹിച്ചു’’ എന്നാരംഭിക്കുന്നു. ഗാനത്തിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘മൊഴി കേട്ടാൽ തേൻതുള്ളി/ മിഴി കണ്ടാൽ ആൺപുലി/ ചെമ്പുലിയോ കരിമ്പുലിയോ/ ചെറുക്കനെ ഞാൻ സ്നേഹിച്ചു.’’
കഥാസന്ദർഭത്തോടും കഥാപാത്രത്തോടും അങ്ങേയറ്റം നീതി പുലർത്തുന്ന ഗാനമാണിത്. ജയചന്ദ്രൻ, പി. ലീല, ശ്രീകാന്ത്, മാധുരി എന്നിവരും ഗായകസംഘവും (കോറസ്) ചേർന്നു പാടിയ ‘‘മാട്ടുപൊങ്കൽ... മകരപ്പൊങ്കൽ...’’ എന്ന പാട്ടും ദൃശ്യസമൃദ്ധമായ ഗാനമാണ്.
‘‘മാട്ടുപൊങ്കൽ മകരപ്പൊങ്കൽ/ ശിരുവാണി തേനാറ്റിൽ ശിങ്കാരപ്പൊങ്കൽ’’ എന്നു തുടക്കം. ഗാനം തുടരുന്നു: ‘‘മല്ലീശരൻ കാവിലിന്ന് പൂമരത്തിൽ കൊടിയേറ്റ്/ മുല്ലവള്ളിക്കുടിലുകളിൽ പൂങ്കൊടിക്കു മുടിയേറ്റ്/ നിലമ്പൂരെ കാടുകളിൽ നെന്മേനിവാക പൂത്തു/ കണ്ണാടിപ്പുഴക്കരയിൽ കൺമണിയെ ഞാൻ കാത്തു.’’
പി. ലീല, മാധുരി, സി.ഒ. ആന്റോ എന്നിവർ ചേർന്നു പാടിയ ‘‘കാവേരീ... തലക്കാവേരി’’ എന്ന ഗാനം ‘‘ജാംബാഹോ... ജംബോ ജാംബാവോ...’’ എന്നിങ്ങനെയാണ് ആരംഭിക്കുന്നത്. ആദിവാസി ഭാഷയോട് അടുപ്പമുള്ള ശൈലിയിലാണ് ഈ ഗാനത്തിന്റെ രചന.
‘‘കാവേരീ തലക്കാവേരീ/ പുത്തരി പുത്തരി പുത്തരി ഹോയ്/ മാലിലേ മാലിലേ/ മാകാളീ മാകാളീ/ മാകാളീ ശൊക്കമ്മാ/ മാരിയമ്മാ വേലമ്മാ’’ ഇങ്ങനെ തുടരുന്നു ഈ സംഘഗാനം.
പി. സുശീലയും കൂട്ടരും പാടിയ ‘‘നീരാട്ട് പൊങ്കൽ നീരാട്ട്’’ എന്ന പാട്ടും ഉത്സവഗാന രീതിയിലുള്ളതാണ്.
‘‘നീരാട്ട് പൊങ്കൽ നീരാട്ട്/ മംഗല്യക്കോവിലിങ്കൽ ആറാട്ട്/ ഇലവംഗത്താളി തേച്ചു മെഴുക്കിളക്കി/ കച്ചോലപ്പൊടി തേച്ചു മെയ് മിനുക്കി/ മയിലെണ്ണ പൂശിക്കൊണ്ടു മുടി മാടി/ കസ്തൂരി വരമഞ്ഞൾ കവിളിൽ പൂശി...’’ എന്നിങ്ങനെ രസകരമായി നീങ്ങുന്ന പാട്ട്.
പി. ലീലയും മാധുരിയും ചേർന്നു പാടിയ ഗാനം ഒരു കളിയാക്കൽപ്പാട്ടാണ്. പ്രണയിനിയായ നായികയെ അവളുടെ തോഴി സ്നേഹപൂർവം കളിയാക്കുന്നു.
‘‘ശിങ്കാരപ്പെണ്ണിന്റെ ചെമ്പുള്ളിച്ചേലയുടെ/ മുന്താണി കീറിയതാരാണ്..?
‘‘ഇല്ലില്ലംകാട്ടിലെ മുള്ളാണോ -നിന്റെ/ കല്യാണച്ചെറുക്കന്റെ കയ്യാണോ...’’
എന്നിങ്ങനെ തുടങ്ങുന്ന ഗാനം തുടരുന്നതിങ്ങനെ: ‘‘മാറത്തും കവിളത്തും മയിലാഞ്ചിയെന്താണ്ടി/ മാന്തിപ്പൊളിച്ചവനാരാണ്..?/ മലയിലെ കൊടിത്തൂവ കടിച്ചതാണോ.../ മാരന്റെയമ്പേറ്റു മുറിഞ്ഞതാണോ..?’’
പി. ലീല, ജയചന്ദ്രൻ, മാധുരി, ശ്രീകാന്ത് എന്നിവർ ചേർന്നു പാടിയ ഗാനം ‘‘തെങ്കാശി തെന്മല മേലേ തെന വെതച്ച പെണ്ണേ...’’ എന്നാരംഭിക്കുന്നു.
‘‘തെങ്കാശി തെന്മല മേലേ തെന വെതച്ച പെണ്ണേ.../ പൈങ്കിളിമാർ പയ്യാരവുമായ് തെന തിന്നാനോടിയിറങ്ങി.../ കിളിയോ കിളി കിളിയോ കിളി പൈങ്കിളി/ തെനയോ തെന തെനയോ തെന പൊൻതെന’’ എന്ന് പല്ലവി.
‘പൊന്നി’യിലെ ഗാനങ്ങൾക്ക് കാടിന്റെ ഗന്ധമുണ്ടായിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പാട്ടുകൾ നൽകിയ പിന്തുണയും ചെറുതല്ല.
സിനിമയുടെ പശ്ചാത്തലം മനസ്സിലാക്കി അതുമായി ലയിച്ചു ചേരുന്ന ഗാനങ്ങൾ രചിക്കാൻ പി. ഭാസ്കരനുള്ള കഴിവും ജി. ദേവരാജന്റെ അസാമാന്യമായ സ്വരസന്നിവേശ പാടവവും എല്ലാ പ്രശംസകൾക്കുമപ്പുറമാണ്. 1976 സെപ്റ്റംബർ മൂന്നിന് പുറത്തുവന്ന ‘പൊന്നി’ മികച്ച സിനിമ എന്ന പേരിനോടൊപ്പം സാമ്പത്തിക വിജയവും നേടിയെടുത്തു.
