മംഗളം നേരുന്നു ഞാൻ

‘അജയനും വിജയനും’, ‘അമൃതവാഹിനി’, ‘ഹൃദയം ഒരു ക്ഷേത്രം’, ‘രാജയോഗം’ എന്നീ സിനിമകളിലെ ഗാനങ്ങളെ കുറിച്ചാണ് സംഗീതയാത്രയുടെ ഒന്നാം ഭാഗത്തിലെ അവസാന ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മികച്ച ഏതാനും ഗാനങ്ങളടങ്ങുന്ന സിനിമയാണ് ‘അമൃതവാഹിനി’. രാജേഷ് ഫിലിംസിന്റെ പേരിൽ ആർ.എസ്. പ്രഭു നിർമിച്ച ഈ ചിത്രം ശശികുമാർ സംവിധാനംചെയ്‌തു. പ്രേംനസീർ, ശാരദ, ജയൻ, എം.ജി. സോമൻ, തിക്കുറിശ്ശി, അടൂർ ഭാസി, കവിയൂർ പൊന്നമ്മ, ശങ്കരാടി, നെല്ലിക്കോട് ഭാസ്കരൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യംചെയ്‌തു. ‘അമൃതവാഹിനി’യുടെ തിരക്കഥയും സംഭാഷണവും എസ്.എൽ. പുരം സദാനന്ദൻ എഴുതി. സംഗീതസംവിധായകൻ എ.ടി. ഉമ്മറാണ്. ചിത്രത്തിലെ ഏഴു പാട്ടുകളിൽ അഞ്ചു...
Your Subscription Supports Independent Journalism
View Plans‘അജയനും വിജയനും’, ‘അമൃതവാഹിനി’, ‘ഹൃദയം ഒരു ക്ഷേത്രം’, ‘രാജയോഗം’ എന്നീ സിനിമകളിലെ ഗാനങ്ങളെ കുറിച്ചാണ് സംഗീതയാത്രയുടെ ഒന്നാം ഭാഗത്തിലെ അവസാന ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
മികച്ച ഏതാനും ഗാനങ്ങളടങ്ങുന്ന സിനിമയാണ് ‘അമൃതവാഹിനി’. രാജേഷ് ഫിലിംസിന്റെ പേരിൽ ആർ.എസ്. പ്രഭു നിർമിച്ച ഈ ചിത്രം ശശികുമാർ സംവിധാനംചെയ്‌തു. പ്രേംനസീർ, ശാരദ, ജയൻ, എം.ജി. സോമൻ, തിക്കുറിശ്ശി, അടൂർ ഭാസി, കവിയൂർ പൊന്നമ്മ, ശങ്കരാടി, നെല്ലിക്കോട് ഭാസ്കരൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യംചെയ്‌തു. ‘അമൃതവാഹിനി’യുടെ തിരക്കഥയും സംഭാഷണവും എസ്.എൽ. പുരം സദാനന്ദൻ എഴുതി. സംഗീതസംവിധായകൻ എ.ടി. ഉമ്മറാണ്. ചിത്രത്തിലെ ഏഴു പാട്ടുകളിൽ അഞ്ചു പാട്ടുകൾ ശ്രീകുമാരൻ തമ്പിയാണ് എഴുതിയത്. അടൂർ ഭാസിയും ഭരണിക്കാവ് ശിവകുമാറും ഒരു ഗാനം വീതം എഴുതി. ശ്രീകുമാരൻ തമ്പി രചിച്ച് എ.ടി. ഉമ്മർ ഈണം പകർന്ന് യേശുദാസ് ആലപിച്ച മൂന്നു പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു.
‘‘മരുഭൂമിയിൽ വന്ന മാധവമേ നീ മടങ്ങിപ്പോവുകയോ.../ മന്ദസ്മിതത്താലെൻ കണ്ണുനീരൊപ്പിയ/ നീയും മരീചികയോ... നീ/ മടങ്ങിപ്പോവുകയോ...’’ എന്ന പല്ലവിക്കു ശേഷം വരുന്ന ചരണം ഇങ്ങനെ: ‘‘അറിയാതിളം പൈതൽ തെറ്റു ചെയ്തീടുകിൽ അമ്മ പിണങ്ങീടുമോ.../ ചിറകറ്റ പൈങ്കിളി തൻ തൂവൽ മുട്ടിയാൽ ചില്ലയുണങ്ങീടുമോ.../ പൂമരച്ചില്ലയുണങ്ങീടുമോ.../പൂമരച്ചില്ലയുണങ്ങീടുമോ...’’
യേശുദാസ് ചിത്രത്തിനുവേണ്ടി പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘ഇരുട്ടിൽ കൊളുത്തിവെച്ച മൺവിളക്കായിരുന്നു... അവൾ/ ചിരിയുടെ പൂക്കൾ വിൽക്കും വേദനയായിരുന്നു/ സ്വയമെരിഞ്ഞൊളി പരത്തി അമ്പലത്തിരി പോലെ/ മനസ്സേ സുഗന്ധമാക്കി ചന്ദനത്തിരി പോലെ.../ അവളുടെ പുഞ്ചിരിയും പ്രാർഥനയായിരുന്നു/ അവളുടെ ഗദ്ഗദവും സാന്ത്വനമായിരുന്നു...’’ എന്നിങ്ങനെ ആദ്യചരണം ആരംഭിക്കുന്നു.
ഈ രണ്ടു ഗാനങ്ങളും ശോകഛായയുള്ളതാണെങ്കിൽ യേശുദാസ് പാടിയ മൂന്നാമത്തെ ഗാനം ആഹ്ലാദഭരിതമത്രേ. ഈ ഗാനവും കുറെയൊക്കെ ജനപ്രീതി നേടി.
‘‘ചെമ്പരത്തിക്കാടു പൂക്കും മാനം/ പൂങ്കിനാക്കൾ പൂത്തുലയും പൂവനം/ ഈ സന്ധ്യയിൽ എന്റെ ചിന്തയിൽ... ഒരു പൊൻതാരകത്തിന്റെ നർത്തനം...’’
എസ്. ജാനകി ആലപിച്ച ശ്രീകുമാരൻ തമ്പി ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘കൊടുങ്കാറ്റേ നീ ഇളംകാറ്റാകൂ/ ഈ പുഷ്പനികുഞ്ജത്തിലുറങ്ങൂ/ ഈ സ്നേഹമഞ്ചത്തിലുറങ്ങൂ... ഉറങ്ങൂ... ഉറങ്ങൂ...’’ പാട്ട് ഇങ്ങനെ തുടരുന്നു: ‘‘പൂന്തിങ്കൾ പൂങ്കൊടിക്ക്/ പൂമേഘം വെൺചാമരം/ പൂഞ്ചോലപ്പെണ്മണിക്ക്/ പൂനിലാപ്പൊൻചാമരം/ കാറ്റായലറി പൂവായ് അടങ്ങുമെൻ/ കണ്ണനെയുറക്കാനായ്/ കണ്ണീരിൻ വിശറി മാത്രം... എന്റെ കണ്ണീരിൻ വിശറി മാത്രം.’’
എസ്. ജാനകി പാടിയ ‘‘അഭയദീപമേ തെളിയൂ’’ എന്നാരംഭിക്കുന്ന ഗാനമാണ് ശ്രീകുമാരൻ തമ്പിയുടെ അഞ്ചാമത്തെ രചന. ‘‘അഭയദീപമേ തെളിയൂ/ അമൃതകിരണമഴ ചൊരിയൂ/ അനാദിമധ്യാന്ത ശാന്തസ്വരൂപമേ/ അപ്രമേയ പ്രതിഭാപ്രകാശമേ’’ എന്നു തുടങ്ങുന്നു. പാട്ട് ഇങ്ങനെ തുടരുന്നു: ‘‘അസ്‌തമയംപോലും നീ ചിരിയാക്കും/ ആ ദുഃഖമുകിലിലും മഴവില്ലു പൂക്കും/ ഉദയവുമെൻ മനസ്സിൽ അസ്‌തമയം/ ഇനിയെന്റെ വാനിലുണ്ടോ ചന്ദ്രോദയം..?/ ആ വെളിച്ചത്തിൻ കടലിൽനിന്നൊരു തുള്ളി എനിക്കു തരൂ... ഒരു രശ്‌മി തരൂ...’’
ഭരണിക്കാവ് ശിവകുമാർ രചിച്ച ഭക്തിഗാനം ഗായിക അമ്പിളിയാണ് പാടിയത്.
‘‘വൃന്ദാവനം സ്വർഗമാക്കിയ ശ്രീകൃഷ്ണാ –രാഗ/ മന്ദാകിനീതീർഥമൊരുക്കിയ കാർവർണാ/ വനമാലയും മയിൽപീലിയും ചൂടി നീയെന്നുമെൻ/ മനസ്സിന്റെ ഗോകുലത്തിൽ കണി കാണാൻ വാ’’ എന്നാരംഭിക്കുന്നു ഈ ഗാനം.
‘‘ഭജഗോവിന്ദങ്ങൾ കേട്ടു ഗുരുവായൂരമ്പലത്തിൽ/ ഭക്തകോടികൾക്കു നീ ദർശനം നൽകി...’’ എന്നിങ്ങനെ ആദ്യചരണം തുടങ്ങുന്നു.
അടൂർ ഭാസി ഈ സിനിമയിൽ പാടി അഭിനയിച്ച ഹാസ്യഗാനം അദ്ദേഹം തന്നെയാണ് രചിച്ചത്. ശ്രീലതയും ഭാസിയും ചേർന്ന് ഗാനം ആലപിച്ചു. പാട്ടിതാണ്.
‘‘അങ്ങാടി മരുന്നുകൾ ഞാൻ/ ചൊല്ലിത്തരാമോരോന്നായ്/ ചൊല്ലിത്തരാമോരോന്നായ്/ അയമോദകം, ആശാളി, അതിമധുരം, അതിവിടയം, അതിതാരം, അമുക്കിരം, അത്തിക്കറുക/ അക്രമരത്തേയും അത്തി തൃപ്പലി/ ഇലവംഗം, ഇന്തുപ്പ്, ഇരുവേലി, ഇരുപ്പായം...’’
അങ്ങാടിമരുന്നുകളുടെ പേരുകൾ ഇങ്ങനെ തുടർച്ചയായി ഈണത്തിൽ പറയുന്നു എന്നല്ലാതെ ഒരു ഗാനത്തിന്റെ രൂപഭാവങ്ങൾ കൊണ്ടുവരാൻ രചയിതാവായ അടൂർ ഭാസിക്ക് കഴിഞ്ഞിട്ടില്ല. 1976 ഡിസംബർ 24ന് തിയറ്ററുകളിലെത്തിയ ‘അമൃതവാഹിനി’ സാമ്പത്തികവിജയം നേടി.
വിജയ പ്രൊഡക്ഷൻസ് (വിജയ-വാഹിനി സ്റ്റുഡിയോ) നിർമിച്ച് തമിഴിലും ഹിന്ദിയിലും വൻവിജയം നേടിയ ഇരട്ടസഹോദരന്മാരുടെ കഥയെ അവലംബമാക്കി ജാഫർഷാ എന്ന നിർമാതാവ് ജെ.എസ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ മലയാളത്തിൽ നിർമിച്ച സിനിമയാണ് ‘അജയനും വിജയനും’. ശശികുമാർ ചിത്രം സംവിധാനംചെയ്‌തു. തമിഴിൽ എം.ജി.ആറും (എങ്ക വീട്ടുപിള്ള ) ഹിന്ദിയിൽ ദിലീപ്‌കുമാറും (റാം ഔർ ശ്യാം) അവതരിപ്പിച്ച ഇരട്ട സഹോദരന്മാരായി മലയാളത്തിൽ പ്രേംനസീർ അഭിനയിച്ചു. ലക്ഷ്മിയും വിധുബാലയും നായികമാരായി. കെ.പി. ഉമ്മർ, തിക്കുറിശ്ശി, ശങ്കരാടി, കവിയൂർ പൊന്നമ്മ, സുകുമാരി, മീന, സുരാസു, കുഞ്ചൻ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ടായിരുന്നു. തിരക്കഥയും സംഭാഷണവും ഗാനങ്ങളും ശ്രീകുമാരൻ തമ്പി രചിച്ചു. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റുകളായി. യേശുദാസ് മൂന്നു ഗാനങ്ങളും പി. സുശീലയും സംഘവും ഒരു ഗാനവും ജയചന്ദ്രനും എൽ.ആർ. ഈശ്വരിയും ചേർന്ന് ഒരു യുഗ്മഗാനവും ആലപിച്ചു.

‘‘അടുത്താൽ അടി പണിയും... ഞാൻ/ അടിച്ചാൽ തിരിച്ചടിക്കും/ ശത്രുവിൻ മദം തകർക്കും... ഞാൻ സത്യത്തിൻ കൊടി പിടിക്കും... ഞാൻ സത്യത്തിൻ കൊടി പിടിക്കും’’ എന്ന ഗാനത്തിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘സ്നേഹിച്ചാൽ ഞാനൊരു തൊഴിലാളി/ എതിർത്താൽ ഞാനൊരു പടയാളി/ കണ്ണന്റെ മാറിലെ പൂമാല ഞാൻ... കള്ളന്റെ മുമ്പിലെ തീജ്വാല/ കരയും തോഴന്റെ കണ്ണീരു തുടയ്ക്കും/ ഞാനൊരു യാത്രക്കാരൻ.’’

യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ‘‘പവിഴമല്ലിപ്പൂവിനിപ്പോൾ പിണക്കം’’ എന്നു തുടങ്ങുന്നു. ‘‘പവിഴമല്ലിപ്പൂവിനിപ്പോൾ പിണക്കം... നിന്റെ പവിഴക്കമ്മലിനതിനേക്കാൾ തിളക്കം/സ്വർണമല്ലിക്കണ്ണുകൾക്കും പിണക്കം... നിന്റെ/ രത്നമാലക്കല്ലു കണ്ട നടുക്കം.’’
യേശുദാസ് പാടിയ മൂന്നാമത്തെ ഗാനമിതാണ്: ‘‘കഥകളിക്കേളി തുടങ്ങി... നെഞ്ചിൽ കാഞ്ചന തിരശ്ശീലയനങ്ങി/ അരങ്ങത്തു വന്നതു രഘുരാമൻ/ സീതാസ്വയംവരനായകൻ/ അറുപതു തിരിവിളക്കെരിഞ്ഞു/‘കലയസദാപദ’ മുയർന്നു/ ഹൃദയങ്ങൾ ശ്രീകോവിൽനടയായി/ പ്രണയോത്സവത്തിൻ ഇരവായി... അനുഭൂതികളുടെ അമ്പലത്തിൽ/ ആതിരയായ് തിരുവാതിരയായ്...’’
ജയചന്ദ്രനും എൽ.ആർ. ഈശ്വരിയും ചേർന്ന് പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘നീലക്കരിമ്പിൻ തോട്ടം മേലെ/ നീലമേഘക്കൂട്ടം/ ആറ്റിലോളം ഞാറ്റുപാട്ടുകൾ/ ഏറ്റുപാടും കാലം...’’ എന്ന് ഗായിക പാടുന്നു. അപ്പോൾ ഗായകന്റെ പല്ലവിയിങ്ങനെ: ‘‘നീലക്കരിമ്പിൻ തോട്ടം മേലെ നീലമേഘക്കൂട്ടം/ ആറ്റുവഞ്ചിപ്പൂവു കണ്ടു ഞാൻ കൊതിക്കും കാലം...’’
തുടർന്ന് ഗായിക പാടുന്ന വരികൾ: ‘‘ഒരു ഞായറാഴ്ച വൈകിട്ട്... പകൽവിളക്കണയും നേരത്ത്/ വയൽവരമ്പിൽ ഞാൻ മയങ്ങി/ കനവിൽ കള്ളച്ചിരി മുഴങ്ങി/ നെഞ്ചിലൊരു ഭാരം പിന്നെ/ചുണ്ടിലൽപം മധുരം...’’
ഗായകന്റെ മറുപടിയിങ്ങനെ: ‘‘കരിമ്പ് ചാഞ്ഞതല്ലേ... ചുണ്ടിൽ/ പഞ്ചാരത്തരി വീണതല്ലേ/ ഞാനരികിൽ വന്നുപോയി...പച്ചക്കരിമ്പിലൊന്നു തൊട്ടുപോയി...’’
പി. സുശീലയും കൂട്ടരും പാടുന്ന ഗാനം ‘‘വർഷമേഘമേ...’’ എന്ന് തുടങ്ങുന്നു.
‘‘വർഷമേഘമേ കാലവർഷമേഘമേ/ ഹർഷഗംഗാ തീർഥവുമായ് ആടിവാ ആടിവാ, നീയാടിവാ.../ അമൃതകലശമേന്തി അനുഗ്രഹവും തേടി/ അംബുജാക്ഷിമാർ നിന്നെ കാത്തിടുന്നു.../ ചഞ്ചലാക്ഷിമാർ നിന്നെ കാത്തിടുന്നു.’’
1976 ഡിസംബർ 24ന് പുറത്തുവന്ന ‘അജയനും വിജയനും’ വമ്പിച്ച സാമ്പത്തികവിജയം നേടി.
‘ഹൃദയം ഒരു ക്ഷേത്രം’ നീലാ പ്രൊഡക്ഷൻസിനുവേണ്ടി പ്രശസ്‌ത സംവിധായക നിർമാതാവായ പി. സുബ്രഹ്മണ്യം ഒരുക്കിയതാണ്. തമിഴ് സംവിധായകനായ സി.വി. ശ്രീധർ രചിച്ച കഥക്ക് തിരക്കഥയും സംഭാഷണവും നാഗവള്ളി ആർ.എസ്. കുറുപ്പ് എഴുതി. തമിഴിൽ ‘നെഞ്ചിൽ ഒരാലയം’ എന്ന പേരിലും ഹിന്ദിയിൽ ‘ദിൽ ഏക് മന്ദിർ’ എന്ന പേരിലും ഈ കഥ മുമ്പ് സിനിമയാക്കിയിരുന്നു.
മധു, ശ്രീവിദ്യ, രാഘവൻ, കെ.പി.എ.സി ലളിത, ആറന്മുള പൊന്നമ്മ, ബഹദൂർ, കുതിരവട്ടം പപ്പു, ബേബി സുമതി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകി. യേശുദാസും മാധുരിയും ഗാനങ്ങൾക്ക് ശബ്‌ദം നൽകി. യേശുദാസ് ആലപിച്ച ഈ സിനിമയിലെ ഗാനങ്ങൾ ഹിറ്റുകളായി.
‘‘മംഗളം നേരുന്നു ഞാൻ’’, ‘‘ഒരു ദേവൻ വാഴും ക്ഷേത്രം’’, ‘‘കണ്ണുപൊത്തിക്കളിയാണ് ജീവിതം’’ എന്നിങ്ങനെ ആരംഭിക്കുന്നു ഈ ഗാനങ്ങൾ. ‘‘കണ്ണുപൊത്തിക്കളിയാണ് ജീവിതം’’ എന്ന മികച്ച ഗാനം ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിൽ ഉൾപ്പെടുത്തിയില്ല. എങ്കിലും ഈ പാട്ടും ജനപ്രീതി നേടിയിട്ടുണ്ട്. പാട്ടുകളിലെ വരികൾ താഴെ കൊടുക്കുന്നു.
‘‘മംഗളം നേരുന്നു ഞാൻ... മനസ്വിനീ/ മംഗളം നേരുന്നു ഞാൻ/ അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ/ പിരിഞ്ഞുപോയ് നീയെങ്കിലും –ഇന്നും മംഗളം നേരുന്നു ഞാൻ...’’

ഈ ഗാനത്തിലെ വരികൾ കേരളത്തിലെ ഗാനാസ്വാദകർക്കു സുപരിചിതമാണ്.
‘‘ഒരു ദേവൻ വാഴും ക്ഷേത്രം/ ഓർമതൻ കൊടിയേറും ക്ഷേത്രം/ ഉദയം പോലൊളി തൂകും ക്ഷേത്രം/ ഹൃദയത്തിൽ ഒരു ക്ഷേത്രം.’’ സിനിമയിൽ ഉപയോഗിക്കാത്ത ഗാനത്തിന്റെ പല്ലവിയിങ്ങനെ. ഈ ചിത്രത്തിന്റെ ഗ്രാമഫോൺ ഡിസ്ക് പുറത്തിറങ്ങുകയുണ്ടായി.
‘‘കണ്ണുപൊത്തിക്കളിയാണു ജീവിതം –ഒരു/ കണ്ണുപൊത്തിക്കളിയാണു ജീവിതം –കാണാത്ത കനകത്തിൻ ഖനി തേടിപ്പോകുന്നു/ കാണുന്ന കല്ലെല്ലാം കയ്യെത്തിപ്പിടിക്കുന്നു.’’
ചിത്രത്തിലെ അവശേഷിക്കുന്ന ഗാനങ്ങൾ മാധുരിയാണ് പാടിയത്.
‘‘എന്തിനെന്നെ വിളിച്ചു, വീണ്ടുമീ/ മന്ത്രകോടിയുടുപ്പിച്ചു/ കണ്ണുനീരിനാൽ തോരണം ചാർത്തുമീ/ കതിർമണ്ഡപത്തിൽ നിന്നുരുകാനോ..?’’ എന്നു തുടങ്ങുന്നു ആദ്യഗാനം.
മാധുരി പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘മനസ്സിൽ തീനാളമെരിയുമ്പോഴും/ മടിയിൽ മണിവീണ പാടും -നിനക്കായെൻ/ മടിയിൽ മണിവീണ പാടും...’’
ഗാനം ഇങ്ങനെ തുടരുന്നു: ‘‘ത്രേതായുഗത്തിൽ രാമനാം നിനക്കായ്/ സീതയായ് അഗ്നിയിൽ കടന്നവൾ ഞാൻ/ ദ്വാപരയുഗത്തിൽ കൃഷ്ണനാം നിന്നെ/ തേടിവന്നു ഞാൻ രുഗ്മിണിയായ്...’’
മാധുരി ആലപിച്ച മൂന്നാമത്തെ ഗാനം ഇതാണ്: ‘‘പുഞ്ചിരിയോ പൂവിൽ വീണ പാൽത്തുള്ളിയോ/ പൂമുഖമോ മണ്ണിൽ വീണ പൂന്തിങ്കളോ/ ഇതൾ വിടർന്ന പുലരിയിൽ ചെങ്കതിരിൻ തിരകളിൽ/ ഈശ്വരൻ എഴുതിയ കവിതയോ...’’
ഓമനയായ ഒരു പെൺകുട്ടിയെ ലാളിക്കുന്ന ഈ ഗാനം ഇങ്ങനെ തുടരുന്നു: ‘‘ചുണ്ടുകളോ പൊന്നശോകമൊട്ടുകളോ/ ചെണ്ടുമല്ലി പൂത്തുതിർന്ന പൂമണമോ... കൊഞ്ചൽമൊഴി കളമൊഴിയോ, കിളിമൊഴിയോ/ മഞ്ചലേറി വന്ന വണ്ടിൻ ചിറകടിയോ..?’’
താരാട്ടു പോലെയുള്ള ഈ പാട്ട് ചിത്രത്തിൽ ആവർത്തിക്കുന്നുണ്ട്.
‘ഹൃദയം ഒരു ക്ഷേത്രം’ എന്ന സിനിമയും 1976 ഡിസംബർ 24ന് തന്നെയാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച ചിത്രം എന്ന പേരും മികച്ച കലക്ഷനും ലഭിച്ചു.
ഹരിഹരൻ സംവിധാനംചെയ്‌ത ‘രാജയോഗം’ എന്ന സിനിമയും 1976 ഡിസംബർ 24നാണ് പുറത്തുവന്നത്. വിദ്യാ ആർട്സ് എന്ന ബാനറിൽ ഗോപിനാഥും കെ.വി. നായരും ചേർന്നു നിർമിച്ച ഈ ചിത്രത്തിലെ പ്രധാന നടീനടന്മാർ പ്രേംനസീർ, ജയഭാരതി, വിധുബാല, കെ.പി. ഉമ്മർ, അടൂർ ഭാസി, മീന, നെല്ലിക്കോട്ട് ഭാസ്കരൻ, ബഹദൂർ, മുതുകുളം രാഘവൻ പിള്ള എന്നിവരാണ്. എസ്.എൽ. പുരം സദാനന്ദൻ രചന നിർവഹിച്ചു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ വരികൾക്ക് എം.എസ്. വിശ്വനാഥൻ ഈണം പകർന്നു. യേശുദാസും പി. സുശീലയും മാത്രമാണ് പിന്നണിയിൽ പാടിയത്. മൂന്നു പാട്ടുകൾ യേശുദാസും ഒരു പാട്ട് പി. സുശീലയും ആലപിച്ചു.
എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നടത്തിയിട്ടും ഈ ചിത്രത്തിലെ പാട്ടുകൾ അദ്ദേഹത്തിന്റെ പഴയ പാട്ടുകളുടെ നിലവാരത്തിലേക്കുയർന്നില്ല, പി. സുശീല പാടിയ ‘‘മുത്തുക്കുടക്കീഴിൽ’’ എന്ന ഗാനത്തിന്റെ പല്ലവി ഇങ്ങനെ:
‘‘മുത്തുക്കുടക്കീഴിൽ മുറ്റത്തു പൂവിടും/ നക്ഷത്ര പൗർണമീ/അറിയാതെ ഞാനൊരു കാമസ്വരൂപനിൽ/ അനുരാഗവതിയായി... ഇന്നു ഞാൻ ആരാധികയായി...’’
ആദ്യ ചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘അവന്റെ ഹൃദയസരോവരത്തിലെ/ അരയന്നപ്പിടയായ് ഞാൻ... അവനെന്റെ ജീവന്റെ ചിത്രവിപഞ്ചിയിലെ/ അഭൗമ സംഗീതമായ്...’’

ശ്രീകുമാരൻ തമ്പിയും യേശുദാസും പഴയകാലത്ത്
യേശുദാസ് പാടിയ ആദ്യഗാനം ‘‘അക്കരപ്പച്ച തേടി...’’ എന്ന് തുടങ്ങുന്നു.
‘‘അക്കരപ്പച്ച തേടിപ്പോയോളേ നീ/ ഇക്കരയ്ക്കുടൻ തോറ്റു പോരുകയോ.../ അജ്ഞാതവാസം മടുത്തുപോയോ... നീ/ ആശിച്ച മധുവിധു മതിയായോ...’’
യേശുദാസ് ആലപിച്ച രണ്ടാമത്തെ ഗാനം ഇതാണ്: ‘‘ഏഴുനിലപ്പന്തലിട്ട നീലവാനം/ ഏഴിലം പാല പൂക്കും വൃന്ദാവനം/ അഷ്ടപദിപ്പാട്ടുമായ് ആത്മാവിൽ മോഹങ്ങൾ/ നൃത്തമാടും നമ്മുടെ നവയൗവനം...’’
ആദ്യ ചരണം ഇങ്ങനെ: ‘‘ചൈത്രമേഘങ്ങളെ കൈനീട്ടിപ്പുണരുന്ന/ ചക്രവാളങ്ങളെപ്പോലെ/ പ്രേമോദയങ്ങളിൽ ആലിംഗനങ്ങൾക്കു/ പ്രാണനും പ്രാണനും തുടിയ്ക്കുന്നു/ രാഗദാഹങ്ങളുള്ളിൽ ഉണരുന്നു.’’
‘‘രത്‌നാകരത്തിന്റെ മടിയിൽനിന്നും...’’ എന്നാരംഭിക്കുന്നു യേശുദാസ് പാടിയ മൂന്നാമത്തെ ഗാനം. ‘‘രത്‌നാകരത്തിന്റെ മടിയിൽനിന്നും/ ചിത്രാപൗർണമി തിരുനാളിൽ തേജോമയിയാം കാലമെനിക്കൊരു/ ഗോമേദക മണിച്ചിപ്പി തന്നു...’’ എന്ന് തുടങ്ങുന്നു.
‘രാജയോഗം’ ഹരിഹരന്റെ മുൻ ചിത്രങ്ങളെപ്പോലെ വമ്പിച്ച സാമ്പത്തികവിജയം നേടിയില്ല. അതേസമയം പരാജയപ്പെട്ടതുമില്ല.
(‘സംഗീതയാത്രകൾ’ എന്ന മലയാള ചലച്ചിത്രഗാന ചരിത്രത്തിന്റെ ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു)
