Begin typing your search above and press return to search.
proflie-avatar
Login

വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ -71

വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ   മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ -71
cancel
ജോൺ ശങ്കരമംഗലം സംവിധാനം ചെയ്ത രണ്ടാമത്തെ കഥാചിത്രമാണ് ‘അവൾ അൽപം വൈകിപ്പോയി’. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോഡക്ട് ആയ ജോൺ ‘ജന്മഭൂമി’യുടെ പരാജയം നിമിത്തം നടത്തിയ കോംപ്രമൈസ് ആണ് ‘അവൾ അൽപം വൈകിപ്പോയി’ എന്ന കമേഴ്‌സ്യൽ സിനിമ. പാട്ടുകളുടെ പിന്നണിചരിത്രം എഴുതുന്ന പംക്തി തുടരുന്നു.

1971ൽ കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ആദ്യചിത്രം ‘കളിത്തോഴി’ ആയിരുന്നു. ദിവസം 1971 ജനുവരി 8. മലയാള കവിതയിൽ പുതുമയുടെ വസന്തം കൊണ്ടുവന്ന മഹാകവി ചങ്ങമ്പുഴ എഴുതിയ നോവലാണ് ‘കളിത്തോഴി’. വളരെയേറെ കഷ്ടതകളും സാമ്പത്തികപ്രയാസങ്ങളും സഹിച്ച് ചങ്ങമ്പുഴയുടെ ‘രമണൻ’ ചലച്ചിത്രമാക്കിയ ഡി.എം. പൊറ്റെക്കാട് തന്നെയായിരുന്നു ‘കളിത്തോഴി’യുടെ നിർമാതാവും സംവിധായകനും. പുരോഗമന സാഹിത്യപ്രസ്ഥാനത്തിലൂടെ പേരെടുത്ത കറതീർന്ന കമ്യൂണിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന ഡി.എം. പൊറ്റെക്കാടിനെക്കുറിച്ച് ‘രമണൻ’ എന്ന സിനിമയെപ്പറ്റി എഴുതിയപ്പോൾ വിശദമായി പറഞ്ഞിട്ടുണ്ട്. സത്യൻ, പ്രേംനസീർ, ഷീല, ജയഭാരതി തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയുടെ ഗാനരചയിതാവ് വയലാർ രാമവർമ ആയിരുന്നു. ദേവരാജൻ വയലാറിന്റെ പാട്ടുകൾക്ക് ഈണം പകർന്നു. ചങ്ങമ്പുഴയുടെ പ്രശസ്ത കവിതയായ ‘കാവ്യനർത്തകി’യും ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. ‘‘കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി... കാഞ്ചനകാഞ്ചി കുലുങ്ങി കുലുങ്ങി’’ എന്നു തുടങ്ങുന്ന ഈ പ്രശസ്ത കവിതക്കു മാത്രം കെ. രാഘവനാണ് സംഗീതം നൽകിയത്. ‘രമണൻ’ എന്ന സിനിമയുടെ സംഗീത സംവിധായകൻ കെ. രാഘവൻ ആയിരുന്നു എന്നോർക്കുക. യേശുദാസ് പാടിയ ‘‘പ്രിയതോഴീ കളിത്തോഴീ’’ എന്ന ഗാനം, അദ്ദേഹം തന്നെ പാടിയ ‘‘സ്നേഹഗംഗയിൽ...’’ എന്നാരംഭിക്കുന്ന ഗാനം, പി. സുശീല പാടിയ രണ്ടു ഗാനങ്ങൾ, മാധുരി പാടിയ ‘‘ഇളനീർ...’’ എന്ന ഗാനം, ജയചന്ദ്രൻ പാടിയ ഒരു വിരുത്തം –ഇങ്ങനെ പാട്ടുകളാൽ സമൃദ്ധമായിരുന്നു ‘കളിത്തോഴി’. എന്നിട്ടും ‘കളിത്തോഴി’ ഒരു മികച്ച സംഗീതചിത്രമായില്ല എന്നതാണ് ഏറ്റവും ഖേദകരം.

‘‘പ്രിയ തോഴീ കളിത്തോഴി -നിൻ/ പ്രേമനികുഞ്ജം എനിക്കല്ലേ... എനിക്കല്ലേ/ പ്രിയ തോഴീ കളിത്തോഴീ...

കാവിൽ കാർത്തികയുത്സവമായി/ കാണാൻ കൊതിയായി/ആപാദചൂഡം രോമാഞ്ചവുമായ് വാരിപ്പുണരാൻ കൊതിയായി... വന്നു/വാരിപ്പുണരാൻ കൊതിയായി’’ എന്ന യേശുദാസ് ഗാനം രചനയിലും ഈണത്തിലും വളരെ ലളിതം.

യേശുദാസ് തന്നെ പാടിയ ‘‘സ്നേഹഗംഗയിൽ പൂത്തുവന്നൊരു/രോഹിണീപുഷ്പമാണു നീ/പ്രാണഹർഷങ്ങൾ ചൂടിയെത്തുന്ന/പാതിരാക്കുളിരാണു നീ...’’ എന്ന പാട്ടിന്റെ അവസ്ഥയും വ്യത്യസ്തമല്ല.

പി. സുശീല പാടിയ ‘‘അതിഥികളേ...’’ എന്നാരംഭിക്കുന്ന ഗാനം ഇങ്ങനെ: ‘‘അതിഥികളേ... അതിഥികളേ.../ പുതിയൊരു മാനവധർമത്തിൻ പ്രതിനിധികളേ.../ അഭിവാദ്യങ്ങൾ, നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ/അതിഥികളേ.../കിഴക്കേ മാനം ചുവന്നു/ ഉഷസ്സിൻ കൊടികളുയർന്നു.../പുതിയ യുഗത്തിൻ പ്രിയശിൽപികളെ/ ഇവിടെ കാണാൻ വന്നു... ഞങ്ങൾ/ ഇവിടെ കാണാൻ വന്നു...’’ സത്യനും കുട്ടികളുമായുള്ള ഒരു രംഗത്തിൽ ഷീല പാടുന്ന ഗാനമാണിത്.

പി. സുശീലതന്നെ പാടിയ ‘‘നാഴികമണിയുടെ സൂചികളേ/കാലമാകും യാത്രക്കാരന്റെ/ കൂടെ നടക്കും തോഴികളേ/പേടിയാകുന്നു, നിങ്ങളെ പേടിയാകുന്നു’’ എന്നിങ്ങനെ തുടങ്ങുന്ന പാട്ടാണ് രചനയിൽ ഉയർന്നുനിൽക്കുന്നത്. ആദ്യചരണത്തിലെ വരികൾ ഇങ്ങനെ: ‘‘നിങ്ങൾ പിന്നിട്ട വീഥികളിൽ എത്ര/നിശ്ശബ്ദ നിമിഷങ്ങൾ മരിച്ചുവീണു/വിടരും മുമ്പെത്ര മധുരപ്രതീക്ഷകൾ/വനഭൂമികളിൽ കൊഴിഞ്ഞുവീണു.../വാടിക്കൊഴിഞ്ഞുവീണു.’’

പി. മാധുരി പാടിയ ഗാനം ‘‘ഇളനീർ... ഇളനീർ...’’ എന്നു തുടങ്ങുന്നു. ‘‘ഇളനീർ, ഇളനീർ, ഇളനീർ/ഇളനീരിളനീരിളനീർ/ കന്നിത്തയ്യിലെ ഇളനീർ/എടുക്കാം, കുടിക്കാം, ദാഹം തീർക്കാം...’’ തുടർന്നുള്ള വരികളിലും ഇതേ ഭാവംതന്നെ തുടരുന്നു.

‘‘ഇടതിങ്ങി വളരും കടിഞ്ഞൂൽക്കുലയിലെ ഇളനീർ/ ഇതിനകത്തമൃതാണുള്ളത്/ കാറ്റ് കടക്കാത്ത കുമ്പിളിനുള്ളിലെ കുളിര്‌ കുളിര്/ കുടിച്ചു നോക്കൂ... കുടിച്ചുനോക്കൂ...’’

ചങ്ങമ്പുഴയുടെ ‘‘കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി...’’ എന്ന പ്രശസ്ത വരികൾ പാടിയത് രാധ എന്ന ഗായികയും സംഘവുമാണ്. ഈ നൃത്തരംഗത്ത് പ്രധാന നർത്തകിയായി അഭിനയിച്ചിരിക്കുന്നത് ജയഭാരതിയും ഈ വരികൾക്ക് സംഗീതം നൽകിയത് കെ. രാഘവനുമാണ് എന്ന കാര്യം തുടക്കത്തിൽതന്നെ സൂചിപ്പിച്ചു കഴിഞ്ഞു.

‘‘കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി/ കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി/ കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി/കതിരുതിർ പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽ തങ്ങി/ഒഴുകുമുടയാടയിൽ/ ഒളിയലകൾ ചിന്നി അഴകൊരുടലാർന്നപോൽ അങ്ങനെ മിന്നി/ മതിമോഹന ശുഭനർത്തനമാടുന്നയി മഹിതേ മമ/ മുന്നിൽ വന്നു നീ മലയാളകവിതേ...’’ എന്നിങ്ങനെയൊഴുകുന്ന ചങ്ങമ്പുഴയുടെ കാവ്യധാര കേട്ടിട്ടില്ലെങ്കിൽ ഏതു മലയാളിക്കും അതൊരു മഹാനഷ്ടംതന്നെയായിരിക്കും.

ജയചന്ദ്രൻ പാടിയ ‘‘ഗായകാ ഗന്ധർവഗായകാ...’’ എന്നു തുടങ്ങുന്ന ഏതാനും വരികളും ഈ ചിത്രത്തിലുണ്ട്. ഇത് മഹാകവി ചങ്ങമ്പുഴക്കുള്ള ആദരാഞ്ജലിയാണ്.

‘‘ഗായകാ ഗന്ധർവഗായകാ/ നിൻ മൗനഗാനങ്ങൾ കാതോർത്തു നിൽക്കുന്നു കൈരളി/ സ്പന്ദിക്കും അസ്ഥിമാടത്തിലൊരഞ്ജലീ.../സിന്ദൂരപുഷ്പം വിടർത്തുന്നു ഞങ്ങളും.’’ യേശുദാസ് പാടിയ രണ്ടു ഗാനങ്ങളിലെയും ചില വരികൾ ചിത്രത്തിൽ ആവർത്തിക്കപ്പെടുന്നുണ്ട്. ഇവിടെയുള്ള ചരണങ്ങളിൽ ചെറിയ മാറ്റമുണ്ട്. അതിവിടെ വിശദീകരിക്കുന്നില്ല.

ഡി.എം. പൊറ്റെക്കാടിനെ അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ ‘കളിത്തോഴി’യും സാമ്പത്തികമായി രക്ഷിച്ചില്ല. സാഹിത്യത്തിൽനിന്ന് സിനിമയിൽ വന്ന ആ നല്ല ചെറുകഥാകൃത്തിനു സിനിമ നൽകിയത് പ്രയാസങ്ങൾ മാത്രമാണ്.

പി. ഭാസ്കരന്റെ സംവിധാനത്തിൽ 1971 ജനുവരി എട്ടിന് പുറത്തുവന്ന ‘മൂന്നു പൂക്കൾ’ നിർമാതാവും ഫിനാൻസിയറുമായ സുന്ദർലാൽ നഹാത്തയും സൗന്ദപ്പനും ചേർന്ന് ശ്രീകാന്ത് പ്രൊഡക്ഷൻസിന്റെ പേരിൽ നിർമിച്ച സിനിമയാണ്. എസ്.എൽ പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും എഴുതി. പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് പുകഴേന്തിയാണ് ഈണം നൽകിയത് (പുകഴേന്തി എന്ന വേലപ്പൻ നായർക്ക് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയത് പി. ഭാസ്കരൻ മാസ്റ്ററാണ്). സത്യനും പ്രേംനസീറും മധുവും ഈ ചിത്രത്തിൽ അഭിനയിച്ചു. ഷീല, അംബിക, ചന്ദ്രകല, ജയഭാരതി, വിൻസന്റ്, അടൂർ ഭാസി എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. യേശുദാസ്, ജയചന്ദ്രൻ, എസ്. ജാനകി എന്നിവരായിരുന്നു ഗായകർ. ചിത്രത്തിലെ അഞ്ചു പാട്ടുകളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് പി. ജയചന്ദ്രൻ പാടിയ ‘‘വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ..?’’ എന്നു തുടങ്ങുന്നതാണ്. പി. ഭാസ്കരന്റെ ഏറ്റവും മികച്ച രചനകളിലൊന്നായി ഈ പാട്ടിനെ കണക്കാക്കാം.

‘‘വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ/ മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ/ അന്ധനാര്, ഇപ്പോൾ അന്ധനാര്/ അന്ധകാരപ്പരപ്പിലെ അന്ധനാര്..?’’ എന്നിങ്ങനെ ആരംഭിക്കുന്ന ഈ ഗാനത്തിന് പുകഴേന്തി നൽകിയ ഈണവും വൈകാരികതീവ്രത ഉൾക്കൊള്ളുന്നു.

‘‘ലക്ഷ്യമേതുമറിയാത്ത ജീവിതത്തിൻ പാതയിൽ/തപ്പിത്തടയുന്നു നിഴലുകൾ/കത്തിജ്ജ്വലിക്കുന്നു കതിരവനെങ്കിലും/നട്ടുച്ചയുമിന്നെനിക്കു പാതിരാ...’’ എന്നിങ്ങനെ തുടരുന്ന വരികൾ വളരെ അർഥദീപ്തമാണ്‌. ജയചന്ദ്രൻ അത് നന്നായി പാടിയിട്ടുണ്ട്.

ഹാസ്യവും പ്രണയവും തമ്മിൽ ലയിക്കുന്ന വരികൾ എഴുതാൻ പി. ഭാസ്കരൻ സമർഥനാണല്ലോ. യേശുദാസ് ‘മൂന്നു പൂക്കൾ’ക്കുവേണ്ടി ഈ വകുപ്പിൽപെട്ട ഒരു പാട്ടാണ് പാടിയിട്ടുള്ളത്. ‘‘കണ്മുനയാലേ ചീട്ടുകൾ കശക്കി/ നമ്മളിരിപ്പൂ കളിയാടാൻ/ പെണ്ണേ കളിയിൽ തോറ്റൂ ഞാൻ -ഈ കണ്ണീരാണ് നിൻ തുറുപ്പുഗുലാൻ’’ എന്നിങ്ങനെയാണ് പല്ലവി. വരികൾ തുടരുന്നു:

‘‘കളിച്ചില്ലെങ്കിൽ വെല്ലുവിളി കളിക്കാനിരുന്നാൽ കള്ളക്കളി എപ്പോഴുമെപ്പോഴും നിനക്ക് ജയം -ഞാൻ/ ഇസ്പേഡ് ഏഴാംകൂലി -/ ഞാൻ ഇസ്പേഡ് ഏഴാംകൂലി...’’

യേശുദാസും എസ്. ജാനകിയും പാടിയ യുഗ്മഗാനമിതാണ്.

‘‘സഖീ കുങ്കുമമോ നവയൗവനമോ -നിൻ/പൂങ്കവിൾത്തടത്തിൽ നിറം കലർത്തി?’’ എന്ന് നായകൻ ചോദിക്കുമ്പോൾ നായികയുടെ മറുപടി ഇങ്ങനെ... ‘‘വെറും പുഞ്ചിരിയോ സ്നേഹമുന്തിരിയോ -നിൻ/ മാന്തളിർചുണ്ടിൽ മധുപുരട്ടി..?’’

എസ്. ജാനകി പാടിയ രണ്ടു ഗാനങ്ങൾകൂടി ഈ ചിത്രത്തിലുണ്ട്. ‘‘ഒന്നാനാം പൂമരത്തിൽ, ഒരേയൊരു ഞെട്ടിൽ ഒന്നല്ല, രണ്ടല്ല... മൂന്നു പൂക്കൾ -മൂന്നേ മൂന്നു പൂക്കൾ ഒന്നായ് പിറന്നവർ, ഒന്നായ് വളർന്നവർ ഒരു നാളും പിരിയാത്ത മൂന്നു പൂക്കൾ...ഒന്നല്ല രണ്ടല്ല മൂന്നു പൂക്കൾ...’’

എന്നിങ്ങനെ വളരെ ലളിതമായി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെക്കുറിച്ചു പറയുന്നു.

‘‘പുഷ്പതാലമൊരു തുള്ളി തേൻ കൊടുത്താൽ -അവർ ഒപ്പമതു പങ്കുവെക്കും... മൂന്നുപേരും മൂന്നുപേരിലൊരാൾക്കൽപനോവു വന്നാൽ മൂന്നുപേർക്കും വേദനിക്കും ഒന്നുപോലെ...’’

എന്നിങ്ങനെ തുടരുന്ന ഈ ഗാനം ഏവർക്കും മനസ്സിലാകണം എന്ന ലക്ഷ്യത്തോടെയാണ് സംവിധായകൻകൂടിയായ കവി വളരെ ലളിതമായി എഴുതിയിട്ടുള്ളത്.

‘‘തിരിയോ തിരി പൂത്തിരി/കണിയോ കണി വിഷുക്കണി/ കാലിൽ കിങ്ങിണി/ കയ്യിൽ പൂത്തിരി/ നാളെ പുലരിയിൽ വിഷുക്കണി...’’ എന്നു തുടങ്ങുന്ന ഗാനം ലേശം മേളക്കൊഴുപ്പുള്ളതാണ്. എസ്. ജാനകിയാണ് ഈ ഗാനവും പാടിയത്. പി. ഭാസ്കരനും പുകഴേന്തിയും ചേരുമ്പോൾ പാട്ടുകൾ ഒരിക്കലും ശരാശരിയിൽ താഴാറില്ല. ഒരു നല്ല പാട്ട് തീർച്ചയായും ഉണ്ടാകും. ഈ ചിത്രത്തിലെ ‘‘വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ..?’’ എന്ന പാട്ട് ഉദാഹരണം. ‘മൂന്നു പൂക്കളും’ ‘കളിത്തോഴി’യും ഒരേ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. ‘മൂന്നു പൂക്കൾ’ സാമ്പത്തികമായി വിജയിച്ചു.

‘അവൾ അൽപം വൈകിപ്പോയി’ എന്ന സിനിമയിൽനിന്ന്

‘ജന്മഭൂമി’ എന്ന ചിത്രം സംവിധാനംചെയ്ത ജോൺ ശങ്കരമംഗലം സംവിധാനംചെയ്ത രണ്ടാമത്തെ കഥാചിത്രമാണ് ‘അവൾ അൽപം വൈകിപ്പോയി’. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോഡക്ട് ആയ ജോൺ ‘ജന്മഭൂമി’യുടെ പരാജയം നിമിത്തം നടത്തിയ കോംപ്രമൈസ് ആണ് ‘അവൾ അൽപം വൈകിപ്പോയി’ എന്ന കമേഴ്‌സ്യൽ സിനിമ. യുനൈറ്റഡ് പ്രൊഡ്യൂസേഴ്‌സ് നിർമിച്ച ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് നാഗവള്ളി ആർ.എസ്. കുറുപ്പ് ആണ്. പ്രേംനസീർ, ഷീല, ജയഭാരതി, അടൂർ ഭാസി, ജോസ് പ്രകാശ്, പ്രേമ, ശോഭ, മീന തുടങ്ങിയവർ അഭിനയിച്ചു. വയലാർ-ദേവരാജൻ ടീമിനായിരുന്നു സംഗീതവിഭാഗത്തിന്റെ ചുമതല. യേശുദാസ്, പി. സുശീല, പി. മാധുരി എന്നിവർ ഗാനങ്ങൾ ആലപിച്ചു. രണ്ടു പാട്ടുകൾ യേശുദാസും രണ്ടു പാട്ടുകൾ സുശീലയും ഒരു പാട്ട് മാധുരിയും പാടി. യേശുദാസ് പാടിയ ഗാനം ‘‘ജീവിതമൊരു ചുമടുവണ്ടി ’’ എന്ന് തുടങ്ങുന്നു.

‘‘ജീവിതമൊരു ചുമടുവണ്ടി/ ജനനമരണ വീഥികളിൽ/ മനുഷ്യനും ദൈവവും/ ചുമച്ചു കിതച്ചുകൊണ്ടുവന്ന ചുമടുവണ്ടി...’’ തത്ത്വചിന്താപരമായ ഗാനം ഇങ്ങനെ തുടരുന്നു.

‘‘എത്രയെത്ര ദൈവങ്ങൾ തകർന്നുവീണു/എത്രയെത്ര പ്രവചനങ്ങൾ കൊഴിഞ്ഞുവീണു/ ദുഃഖിതരേ ദുഃഖിതരേ/ സ്വർഗരാജ്യമിപ്പോഴുമൊരു പഴയ വാഗ്‌ദാനം...’’

യേശുദാസ് പാടിയ രണ്ടാമത്തെ ഗാനമിതാണ്.

‘‘വെള്ളിക്കുടക്കീഴേ/അല്ലിക്കുടക്കീഴേ/ പള്ളിയിൽ പോകും മേഘങ്ങളേ/ കുരിശുമായ് കൂട്ടത്തിൽ നാണിച്ചുനിന്നൊരു/ യരുശെലേം പുത്രിയെ/ കൊണ്ടുപോന്നു ഞാൻ കൊണ്ടു പോന്നു...’’ പല്ലവിയെക്കാൾ മെച്ചപ്പെട്ട വരികൾ ചരണത്തിലുണ്ട്.

‘‘മുകളിൽ അൾത്താരയിൽ/മരതകക്കുമ്പിളിൽ മെഴുകുതിരികൾ പൂവിടുമ്പോൾ/ചിരികൊണ്ടു നിലാവിനു നിറംകൂട്ടുമിവളെ ഞാൻ/ചിറകുള്ള പൂന്തേരിൽ കൊണ്ടുപോന്നു...’’

പി. സുശീല പാടിയ ആദ്യഗാനം ‘‘വർഷമേഘമേ...’’ എന്ന് തുടങ്ങുന്നു. ‘‘വർഷമേഘമേ തുലാവർഷ/മേഘമേ ഈ അസ്തമനം മാറിൽ ചാർത്തിയോ-/രിന്ദ്രധനുസ്സെവിടെ..?/കാറ്റിൻ ചിറകിൽ കടലിന്നുള്ളിലെ/കണ്ണുനീരാവിയായുയരുമ്പോൾ/പീലികൾ നീർത്തുന്ന വാർമഴവില്ലിനെ/പ്രേമമെന്നു വിളിക്കും ഞാൻ-/എന്റെ പ്രേമമെന്നു വിളിക്കും ഞാൻ...’’ പി. സുശീല പാടിയ രണ്ടാമത്തെ ഗാനം ‘‘കാട്ടരുവീ കാട്ടരുവീ...’’ എന്നാണ് ആരംഭിക്കുന്നത്.

‘‘കാട്ടരുവീ കാട്ടരുവീ കൂട്ടുകാരീ കാറ്റിനോടു ഞാനൊരു കഥ പറഞ്ഞു.../ അവൾ കേട്ട പാതി കേൾക്കാത്ത പാതി/കാട്ടിൽ മറഞ്ഞു -ഓടി കാട്ടിൽ മറഞ്ഞു.’’

പി. മാധുരിയുടെ പാട്ട് അൽപം വ്യത്യസ്തമാണ്. ‘‘പത്താമുദയം... പത്താമുദയം’’ എന്നിങ്ങനെ തുടങ്ങുന്നു: ‘‘പത്താമുദയം പത്താമുദയം/ പ്രഭാതചിത്രരഥത്തിലിരിക്കും/ ഭഗവാന്റെ ജന്മദിനം -/ഇന്നു പത്താമുദയം...’’ മേടം പത്തിനാണ് പത്താമുദയം എന്നുപറയുന്നത്. പ്രഭാതചിത്രരഥത്തിലിരിക്കുന്ന ഭഗവാൻ സൂര്യനാണ്.

1971 ജനുവരി 14ന്​ ജോൺ ശങ്കരമംഗലത്തിന്റെ ‘അവൾ അൽപം വൈകിപ്പോയി’ റിലീസ് ചെയ്തു, വയലാർ-ദേവരാജൻ ടീമിന്റെ ഗാനങ്ങൾ വേണ്ടത്ര പ്രശസ്തി നേടിയില്ല. ചിത്രവും സാമ്പത്തികമായി പരാജയപ്പെട്ടു. അതിനുശേഷം ജോൺ ശങ്കരമംഗലം ഈ ലേഖകന്റെ ‘കുട്ടനാട്’ എന്ന നോവൽ സിനിമയാക്കാൻ തീരുമാനിച്ചു. തിരക്കഥ, സംഭാഷണം, ഗാനങ്ങൾ –എല്ലാം തയാറായി. നിർഭാഗ്യവശാൽ അദ്ദേഹത്തിന് യഥാസമയം താൻ പ്രതീക്ഷിച്ച ഫിനാൻസ് ലഭിച്ചില്ല. താമസിയാതെ അദ്ദേഹത്തിന് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രധാനാധ്യാപകന്റെ ജോലി ലഭിച്ചു. അദ്ദേഹം ജോലി സ്വീകരിച്ച് പുണെയിലേക്കു താമസം മാറ്റുകയും ചെയ്തു.

(തുടരും)

Show More expand_more
News Summary - madhyamam weekly sangeetha yathrakal