Begin typing your search above and press return to search.
proflie-avatar
Login

കുട്ട്യേടത്തി’യും കുട്ടികൾക്കുള്ള ചിത്രവും

കുട്ട്യേടത്തി’യും കുട്ടികൾക്കുള്ള ചിത്രവും
cancel

1971 ഫെബ്രുവരി 5ന് കേരളത്തിൽ പ്രദർശനമാരംഭിച്ച ചിത്രമാണ് ‘ശിക്ഷ’. അസിം കമ്പനിക്കുവേണ്ടി എം. അസിം നിർമിച്ച ‘ശിക്ഷ’ എന്ന സിനിമ എൻ. പ്രകാശ് സംവിധാനം ചെയ്തു. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പിൽ ഭാസിയാണ്. വയലാർ-ദേവരാജൻ ടീം ഗാനങ്ങളൊരുക്കി. യേശുദാസ്, പി. സുശീല, എൽ.ആർ. ഈശ്വരി എന്നീ മൂന്നു പേരാണ് പിന്നണിയിൽ പാടിയത്. യേശുദാസും പി. സുശീലയും രണ്ടു പാട്ടുകൾ വീതം, ഈശ്വരി ഒരു പാട്ട് -അങ്ങനെ ആകെ അഞ്ചു പാട്ടുകൾ. യേശുദാസ് ആലപിച്ച ‘‘പ്രണയകലഹമോ പരിഭവമോ...’’ എന്നു തുടങ്ങുന്ന ഗാനം ചില ശ്രോതാക്കൾക്കെങ്കിലും പരിചിതമായിരിക്കും. പല്ലവിയുടെ പൂർണരൂപം ഇങ്ങനെയാണ്: ‘‘പ്രണയകലഹമോ പരിഭവമോ/പ്രിയസഖി നീ...

Your Subscription Supports Independent Journalism

View Plans

1971 ഫെബ്രുവരി 5ന് കേരളത്തിൽ പ്രദർശനമാരംഭിച്ച ചിത്രമാണ് ‘ശിക്ഷ’. അസിം കമ്പനിക്കുവേണ്ടി എം. അസിം നിർമിച്ച ‘ശിക്ഷ’ എന്ന സിനിമ എൻ. പ്രകാശ് സംവിധാനം ചെയ്തു. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പിൽ ഭാസിയാണ്. വയലാർ-ദേവരാജൻ ടീം ഗാനങ്ങളൊരുക്കി. യേശുദാസ്, പി. സുശീല, എൽ.ആർ. ഈശ്വരി എന്നീ മൂന്നു പേരാണ് പിന്നണിയിൽ പാടിയത്. യേശുദാസും പി. സുശീലയും രണ്ടു പാട്ടുകൾ വീതം, ഈശ്വരി ഒരു പാട്ട് -അങ്ങനെ ആകെ അഞ്ചു പാട്ടുകൾ. യേശുദാസ് ആലപിച്ച ‘‘പ്രണയകലഹമോ പരിഭവമോ...’’ എന്നു തുടങ്ങുന്ന ഗാനം ചില ശ്രോതാക്കൾക്കെങ്കിലും പരിചിതമായിരിക്കും. പല്ലവിയുടെ പൂർണരൂപം ഇങ്ങനെയാണ്:

‘‘പ്രണയകലഹമോ പരിഭവമോ/പ്രിയസഖി നീ അഭിനയിക്കും/പ്രേമനാടകമോ -ഇതു/പ്രേമനാടകമോ’’ ഗാനം ഇതേ ഭാവത്തിൽ തുടരുന്നു:

‘‘നിറഞ്ഞു കണ്ടിട്ടില്ലല്ലോ ഇതുവരെ നിൻ/നീലോൽപല മിഴികൾ ഞാൻ/നിൻ കവിളിൽ, നിൻ ചൊടിയിൽ/വിടരാതിരുന്നിട്ടില്ലല്ലോ/ വികാരസിന്ദൂരപുഷ്പങ്ങൾ...’’

വയലാർ ഗാനങ്ങളിൽ പതിവായി കാണുന്ന പ്രഭാവം ഈ വരികളിൽ പ്രകടമല്ല. യേശുദാസ് പാടിയ രണ്ടാമത്തെ ഗാനവും ഏതാണ്ട് അതേരീതിയിൽതന്നെ:

‘‘സ്വപ്നമെന്നൊരു ചിത്രലേഖ/ സ്വർഗനർത്തകി ചിത്രലേഖ/ഒരു സുന്ദരിതൻ വർണചിത്രം/ഉള്ളിൽ വരച്ചു; നെഞ്ചിനുള്ളിൽ വരച്ചു’’ എന്നു പല്ലവി. ആദ്യചരണം ഇങ്ങനെ:

‘‘നൂറു മനോരാജ്യങ്ങൾ കണ്ടു /നൂറു മുഖഛായകൾ കണ്ടു /അവയൊന്നുമിത്രനാൾ എൻ വികാരങ്ങളെ/അണിയിച്ചൊരുക്കിയിട്ടില്ല/ നിത്യസഖീ സ്വപ്നസഖീ /നീയെന്റെ ഹൃദയേശ്വരി.’’

ഈ ഗാനത്തിന് ദേവരാജൻ നൽകിയ സംഗീതവും ശരാശരി നിലവാരത്തിൽനിന്നുയർന്നില്ല.

‘‘പി. സുശീല പാടിയ രഹസ്യം ഇതു രഹസ്യം/അനുരാഗ കഥയിലെ ഒരു നായികയുടെ/രഹസ്യം പ്രേമരഹസ്യം’’ എന്ന പാട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഗാനത്തിലെ തുടർന്നുള്ള വരികൾ താഴെ ചേർക്കുന്നു.

‘‘ഒരു നാൾ... ഹായ്... ഹായ്... ഹായ്... /ഒരുനാൾ അന്നൊരു നാൾ /കാറ്റു വന്നൊരുമ്മ കൊടുത്തു /കാട്ടുപൂവിൻ കവിളുതുടുത്തു/ആ പൂവെടുത്തവൾ ഒളിച്ചുവെച്ചു/കാമുകൻ വന്നതു കണ്ടുപിടിച്ചു/കാമുകി പൊട്ടിച്ചിരിച്ചു /ആ ചിരി ചിറകുവിതിർത്തപ്പോൾ/ആദ്യത്തെ പൂക്കാലമുണ്ടായി.’’ ഈ ചരണത്തിന്റെ അവസാനത്തെ രണ്ടുവരികളിൽമാത്രം യഥാർഥ വയലാറിനെ കാണാം.

പി. സുശീല പാടിയ രണ്ടാമത്തെ ഗാനം ‘‘മല്ലികേ... മല്ലികേ...’’ എന്നു തുടങ്ങുന്നു.

‘‘മല്ലികേ... മല്ലികേ... മാലതീ മല്ലികേ/വന്നുവോ വന്നുവോ/വസന്തസേനൻ വന്നുവോ..?/ നീ വിരിച്ച പുഷ്പശയ്യ ചുളിഞ്ഞുവല്ലോ /നീ നിറച്ച പാനഭാജനം ഒഴിഞ്ഞുവല്ലോ /കാറ്റു കേട്ടു, കിളികൾ കേട്ടു കാട്ടുമല്ലികേ നീ /കാത്തിരുന്ന കാമുകന്റെ കാൽപ്പെരുമാറ്റം.’’

എൽ.ആർ. ഈശ്വരി പതിവുരീതിയിൽ മാദകത്വം തുളുമ്പുന്ന ഗാനമാണ് പാടിയത്‌.

‘‘വെള്ളിയാഴ്ച നാൾ ചന്ദ്രനെ കണ്ടാൽ /വെളുക്കുവോളം വിരുന്ന് /വിരുന്ന് പ്രേമവിരുന്ന്‌/ വീഞ്ഞിൽ മുക്കിയ വിരുന്ന്/മേലേ മാനവും താഴെ ഭൂമിയും /പാനപാത്രങ്ങൾ നീട്ടുമ്പോൾ/ എന്നിൽ മാദകലഹരിയുണർത്താൻ/എന്തേ എന്തേ നാണം ...ഏയ്/എന്തിത്ര നാണം..?’’

സത്യൻ, പ്രേം നസീർ, ഷീല, വിജയശ്രീ, കവിയൂർ പൊന്നമ്മ, കെ.പി. ഉമ്മർ, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, എൻ. ഗോവിന്ദൻകുട്ടി, ടി.ആർ. ഓമന തുടങ്ങിയ അഭിനേതാക്കൾ ഉണ്ടായിട്ടും ‘ശിക്ഷ’ എന്ന ചിത്രം വലിയ സാമ്പത്തിക വിജയം നേടിയില്ല (ഈ കാലത്ത് വിജയശ്രീ നായികാസ്ഥാനത്തേക്കു വന്നിട്ടില്ല).

പ്രേംനസീറിന്റെ അനുജനും നടനുമായ പ്രേംനവാസ് ദൃശ്യ എന്ന ബാനറിൽ നിർമിച്ച ചിത്രമാണ് ‘നീതി’. എ.ബി. രാജ് ആയിരുന്നു സംവിധായകൻ... ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവും എഴുതി. ഈ കുറ്റാന്വേഷണ ചിത്രത്തിൽ പാട്ടുകൾ ആവശ്യമില്ലെന്ന് തീരുമാനിച്ച പ്രേംനവാസിനെയും എ.ബി. രാജിനെയും അഭിനന്ദിക്കണം. പശ്ചാത്തലസംഗീതം (റീറെക്കോഡിങ്) നൽകിയത് എം.എസ്. ബാബുരാജ് ആയിരുന്നു. ഈ ലേഖകന്റെ അറിവിൽ ഗാനങ്ങൾ ഇല്ലാത്ത ആദ്യ മലയാളചിത്രം പ്രേംനവാസ് നിർമിച്ച നീതിയാണ്. 1971 ഫെബ്രുവരി 12നാണ് ‘നീതി’ എന്ന ചിത്രം റിലീസ് ചെയ്തത്.

സംവിധായകൻ പി.എൻ. മേനോനും എം.ബി. പിഷാരടിയും ചേർന്നു നിർമിച്ച ‘കുട്ട്യേടത്തി’ എന്ന ചിത്രത്തിന് എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു (‘നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകനും നോവലിസ്റ്റുമായ എൻ.എൻ. പിഷാരടിയുടെ സഹോദരീപുത്രനാണ് എം.ബി. പിഷാരടി).

ഈ ചിത്രത്തിൽ നായികയായി അഭിനയിച്ച നാടകനടി വിലാസിനി ഈ ചിത്രം പുറത്തുവന്നതിനുശേഷം കുട്ട്യേടത്തി വിലാസിനി എന്ന പേരിൽ അറിയപ്പെട്ടു. സത്യനായിരുന്നു ഈ സിനിമയിലെ നായകൻ. ബാലൻ കെ. നായർ, ജേസി, ജയഭാരതി, എസ്.പി. പിള്ള, കുതിരവട്ടം പപ്പു, ഫിലോമിന, ശാന്താദേവി, നിലമ്പൂർ ബാലൻ തുടങ്ങിയവരും അഭിനേതാക്കളായി ഉണ്ടായിരുന്നു. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് ഈണം നൽകി. സ്വാതിതിരുനാളിന്റെ ‘‘അലർശര പരിതാപം...’’ എന്നുതുടങ്ങുന്ന പ്രശസ്തകൃതിയും മറ്റുചില പരമ്പരാഗത രചനകളും ചിത്രത്തിൽ ഉണ്ടായിരുന്നു (‘മുടിയാട്ടം’, ‘പാവകളി’ തുടങ്ങിയവ). എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതിയ ചിത്രങ്ങളിലും പി.എൻ. മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങളിലും പാട്ടുകളെഴുതാനുള്ള അവസരം അതുവരെ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചിരുന്നില്ല. ‘കുട്ട്യേടത്തി’ എന്ന സിനിമയുടെ നിർമാതാക്കളിലൊരാളായ എം.ബി. പിഷാരടി ഈ ലേഖകന്റെ കെട്ടിടനിർമാണക്കമ്പനിയായ തമ്പീസ് കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിൽ പാർട്ട് ടൈം അക്കൗണ്ടന്റ് ആയിരുന്നു. അങ്ങനെയാണ് ഈ ലേഖകന് ആ സിനിമയിൽ ഗാനങ്ങൾ എഴുതാൻ അവസരം ലഭിച്ചത് (ഗാനരചനക്ക് പ്രതിഫലം തരുകയില്ല എന്ന വ്യവസ്ഥയിൽ).

എസ്. ജാനകി പാടിയ ‘‘പ്രപഞ്ച ചേതന വിടരുന്നു...’’ എന്നു തുടങ്ങുന്ന ഗാനവും പി. ലീലയും മച്ചാട് വാസന്തിയും ചേർന്നു പാടിയ ‘‘ചിത്രലേഖേ, പ്രിയംവദേ...’’ എന്നു തുടങ്ങുന്ന ഗാനവുമാണ് ശ്രീകുമാരൻതമ്പി എഴുതിയത്.

‘‘പ്രപഞ്ചചേതന വിടരുന്നു/പ്രദോഷം അഞ്ജലി തൂവുന്നു/അനന്തമേ അദ്വൈത/മേ നമോനമ, നമോനമ...

ഇരവും പകലും നിഴലും നിലാവും /ഈശ്വരചൈതന്യമേള /താരാപഥവും താരണിവനവും/ഈ രംഗ തോരണമാല’’ എന്നിങ്ങനെ തുടരുന്ന പ്രാർഥന ഈ വരികളിൽ അവസാനിക്കുന്നു:

‘‘വായുവും വഹ്നിയും വരുണനും ഋതുവും/വാനവും ഭൂമിയും നീയേ/കാലവും ഗാനവും രാഗവും താളവും/ ഓംകാരനാദവും നീയേ...’’

പി. ലീലയും മച്ചാട് വാസന്തിയും ചേർന്നു പാടിയ ‘‘ചിത്രലേഖേ, പ്രിയംവദേ...” എന്ന ഗാനം ഇങ്ങനെയാണ്: ‘‘ചിത്രലേഖേ പ്രിയംവദേ /എത്രനാൾ സഹിച്ചീടും ഞാൻ/ചിത്രമെത്രയുമെൻ ദാഹം/ വ്യർഥമോയീ മനോരഥം...?/ മന്മഥോപമനെൻ നാഥൻ/മൽസഖീയെൻ അനിരുദ്ധൻ/എൻ മടിയിൽ മയങ്ങിയെ.../ന്നിന്നലെയും സ്വപ്നം കണ്ടു...’’

ഇങ്ങനെ തുടരുന്ന ഈ ഗാനം കഥകളിപ്പദത്തിന്റെ രീതിയിലാണ് എഴുതിയത്. സ്വാതിതിരുനാളിന്റെ ‘‘അലർശരപരിതാപം’’ എന്നു തുടങ്ങുന്ന വരികളും മറ്റു പരമ്പരാഗത രചനകളും ഇവിടെ ഉദ്ധരിക്കുന്നില്ല. ‘‘അലർശരപരിതാപം...’’ എന്നു തുടങ്ങുന്ന പദം പാടിയത് മച്ചാട് വാസന്തിയും നർത്തകിയായ കലാമണ്ഡലം സരസ്വതിയും ചേർന്നാണ്. 1971 ഫെബ്രുവരി 26നു പുറത്തുവന്ന ‘കുട്ട്യേടത്തി’ പി.എൻ. മേനോൻ സംവിധാനം ചെയ്ത മികച്ച ചിത്രങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

നടൻ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും വളരെയേറെ കഴിവുകളുള്ള ഒരു വ്യക്തിയായിരുന്നു ബി.കെ. പൊറ്റെക്കാട്. സത്യൻ നായകനായി അഭിനയിച്ച ‘ദാഹം’ എന്ന സിനിമയിലെ മുസ്‍ലിം കഥാപാത്രത്തെ അനായാസമായ അഭിനയത്തിലൂടെ അവിസ്മരണീയമാക്കിയ കലാകാരനാണ് ബി.കെ. പൊറ്റെക്കാട്. ദീർഘകാലം അദ്ദേഹം കെ.എസ്. സേതുമാധവന്റെ ചിത്രങ്ങളിൽ സഹസംവിധായകനായിരുന്നു. എന്തുകൊണ്ടോ അഭിനയരംഗത്തും സംവിധാനരംഗത്തും യഥാസമയം ഉയർന്നുവരാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ബി.കെ. പൊറ്റെക്കാട് സ്വതന്ത്രമായി സംവിധാനം ചെയ്ത സിനിമയാണ് ‘പൂമ്പാറ്റ.’ ഇത് കുട്ടികൾക്കുള്ള സിനിമയാണ്. പിൽക്കാലത്ത് ഇന്ത്യൻ സിനിമയിൽ ഉയരങ്ങളിലെത്തിയ ശ്രീദേവിയാണ് ഈ ചിത്രത്തിലെ നായികയായ പെൺകുട്ടിയുടെ വേഷം അവതരിപ്പിച്ചത്. അമ്പിളി ഫിലിംസിന്റെ ബാനറിൽ വി.എം. ശ്രീനിവാസനാണ് ഈ കുട്ടികളുടെ ചിത്രം നിർമിച്ചത്. പ്രശസ്ത സാഹിത്യകാരനായ കാരൂർ നീലകണ്ഠപിള്ള എഴുതിയ ഒരു ചെറുകഥയെ അടിസ്ഥാനമാക്കി നിർമിച്ച ഈ സിനിമക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് സംവിധായകനായ ബി.കെ. പൊറ്റെക്കാട് തന്നെയാണ്. ശ്രീദേവിയെ കൂടാതെ റോജരമണി (ചെമ്പരത്തി ശോഭന), ശങ്കരാടി, ടി.ആർ. ഓമന, പ്രേമ, നെല്ലിക്കോട് ഭാസ്കരൻ, മാസ്റ്റർ പ്രഭാകർ തുടങ്ങിയവരും അതിഥിതാരമായി രാഗിണിയും ‘പൂമ്പാറ്റ’യിൽ അഭിനയിച്ചു. യൂസഫലി കേച്ചേരിയുടെ പാട്ടുകൾക്ക് ജി. ദേവരാജൻ സംഗീതം പകർന്നു. യേശുദാസ്, പി. ലീല, രേണുക, മാധുരി തുടങ്ങിയവർ പാട്ടുകൾ പാടി.

മഹാകവി കാളിദാസൻ രചിച്ച ‘‘വാഗർഥാ വിവ സംപൃക്തൗ വാഗർഥാ: പ്രതിപത്തയേ...’’ എന്ന് തുടങ്ങുന്ന ശ്ലോകം യേശുദാസ് പാടി.

‘‘പാടുന്ന പൈങ്കിളിക്കു പൊന്നിന്റെ കൂട്ടിനുള്ളിൽ /പാലും പഴവും നല്കുന്നവരേ/കണ്ണുനീർക്കവിതകൾ പാടിക്കൊണ്ടലയുമീ/മണ്ണിന്റെ മക്കൾക്ക് വിശക്കുന്നു’’ എന്നു തുടങ്ങുന്ന മനോഹരഗാനവും യേശുദാസാണ് പാടിയത്. ഈ പാട്ട് ഇങ്ങനെ തുടരുന്നു:

‘‘ഒഴുകുന്ന കണ്ണീരിൻ കഥകൾ പാടി/ഒരു ചാൺ വയറിനു വഴിയും തേടി /പാടാത്ത പാട്ടിന്റെ കാണാത്ത ചിറകിന്മേൽ/ പറക്കുമ്പോൾ വേദന മറക്കുന്നു/ മണ്ണിന്റെ മക്കൾക്ക് വിശക്കുന്നു.’’

ഈ ഗാനത്തിലെ ശേഷിക്കുന്ന വരികളും അർഥസമ്പുഷ്ടം തന്നെ. നീതിപാലകനായിരുന്ന ശിബി മഹാരാജാവിനെക്കുറിച്ചുള്ള പാട്ടും നല്ലതാണ്. മാധുരിയാണ് ഈ ഗാനം പാടിയത്. പരുന്തിന്റെ പിടിയിൽനിന്ന് ഒരു മാടപ്രാവിനെ രക്ഷിക്കാനായി പ്രാവിന്റെ ഭാരത്തിനു തുല്യമായ മാംസം സ്വന്തം തുടയിൽനിന്ന് അറുത്തുനൽകിയ ശിബി മഹാരാജാവിന്റെ കഥ പ്രസിദ്ധമാണല്ലോ. ആ പാട്ട് ഇങ്ങനെ ആരംഭിക്കുന്നു:

‘‘ശിബിയെന്നു പേരായ് പണ്ടുപണ്ടൊരു /രാജാവുണ്ടായിരുന്നു കരളിനു പകരം /രാജാവിന്നൊരു/കരുണതൻ കടലായിരുന്നു.’’

രേണുക പാടിയ ‘‘അരിമുല്ലച്ചെടി വികൃതിക്കാറ്റിനെ/അത്തറുവിൽക്കാൻ ഏൽപിച്ചു...’’ എന്ന ഗാനവും കുട്ടികൾക്ക് ഇഷ്ടപ്പെടും.

‘‘അരിമുല്ലച്ചെടി വികൃതിക്കാറ്റിനെ /അത്തറു വിൽക്കാനേൽപിച്ചു /നാഴൂരിയത്തറു കാറ്റെടുത്തു/നാടായ നാടാകെ കടം കൊടുത്തു.’’ എന്ന പല്ലവി ഏറെ സുന്ദരം. തുടർന്നുള്ള വരികൾ മുഴുവൻ കേൾക്കുക.

‘‘പൂക്കാലം പോയപ്പോൾ പൂമണം തീർന്നപ്പോൾ/ പൂങ്കാറ്റു മുല്ലയെ കയ്യൊഴിച്ചു/തെമ്മാടിക്കാറ്റിന്റെ ഭാവം കണ്ടിട്ട് /തേൻമുല്ല മൂക്കത്ത് വിരല് വെച്ചു...’’

പൂമണം കടം വാങ്ങുന്ന കാറ്റ് ചെടിയുടെ ഇലകളും നുള്ളി തറയിലിടും. വീണ്ടും മുല്ല പൂക്കും. അപ്പോൾ നാണമില്ലാത്ത കാറ്റ് വീണ്ടും വരും. യൂസഫലിയുടെ രചന വളരെ മികച്ചുനിൽക്കുന്നു.

ഗുരുവായൂരപ്പനെക്കുറിച്ച് യൂസഫലി എഴുതിയ ഒരു പ്രാർഥനാഗാനവും പൂമ്പാറ്റയിലുണ്ട്. പി. ലീലയും രേണുകയും ചേർന്നാണ് ഈ ഗാനം പാടിയത്. ‘‘മനതാരിലെപ്പോഴും ഗുരുവായൂരപ്പാ നിൻ /മലർമേനി കാണുമാറാകേണം/അഴകേറും നീലക്കാർവർണാ നിൻ/ പൊന്നോടക്കുഴൽവിളി കേൾക്കേണം’’ എന്നിങ്ങനെ തുടങ്ങുന്ന ലളിതമധുരമായ ഒരു പ്രാർഥനാഗീതമാണിത്.

‘‘പൂന്താനം നമ്പൂരി പാനയാൽ കോർത്തൊരു /പൂമാല മാറിലണിഞ്ഞവനേ/മീൻ തൊട്ടുകൂട്ടിയ ഭട്ടതിരിപ്പാടിൻ/മിഴിമുൻപിൽ നർത്തനം ചെയ്തവനേ...’’

എന്നിങ്ങനെ ലളിതമധുരമായ ശൈലിയിൽ ഗാനം തുടരുന്നു. ഈ ഗാനത്തിന്റെ പല്ലവിമാത്രം രേണുക ഒറ്റക്കും പാടിയിട്ടുണ്ട്. ശ്രീദേവിക്ക്‌ വേണ്ടിയാണ് രേണുക പാടിയത്, ശ്രീദേവിയുടെ സംഭാഷണം ഡബ് ചെയ്തത് ഗായികയായ ലതാരാജു ആണ്.

‘‘...ഗണപതേ മാം പാലയാ...’’ എന്നുതുടങ്ങുന്ന ഒരു സംഘഗാനവും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു എന്നു കാണുന്നു. എന്നാൽ, വരികൾ ലഭ്യമല്ല.

1971 മാർച്ച് 12ന്​ ‘പൂമ്പാറ്റ’ എന്ന കുട്ടികളുടെ ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തി. കുട്ടികളുടെ സിനിമകളെ പ്രോത്സാഹിപ്പിക്കാനുള്ള മനസ്സ് അന്നും ഇന്നും മലയാളി പ്രേക്ഷകർക്കില്ല, അതുകൊണ്ട് ഈ മികച്ച സിനിമ അർഹിക്കുന്ന സാമ്പത്തികവിജയം നേടിയില്ല. പ്രതിഭയും പ്രയത്നിക്കാനുള്ള നല്ല മനസ്സും ഉണ്ടായിട്ടും ബി.കെ. പൊറ്റെക്കാടിനും മലയാള സിനിമയിൽ സംവിധായകനെന്ന നിലയിൽ ഉയർന്നുവരാനും സാധിച്ചില്ല.

(തുടരും)

News Summary - Madhyamam weekly music travels