Begin typing your search above and press return to search.
proflie-avatar
Login

അമരകോശം

അമരകോശം
cancel

2. ആന്റൻ ദൈവസഹായം -1978 1976ലെ, ‘ഓപറേഷൻ ഫൂട്ട്ഹിൽ’ കഴിഞ്ഞിട്ടപ്പോൾ രണ്ടു വർഷം പിന്നിട്ടിരുന്നു. സ്പെഷൽ പോലീസ് സേന ആയുധങ്ങളുമായി ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ഓപറേഷനു ശേഷമുള്ള ഒരു വർഷം, കാര്യങ്ങൾ പൊതുവേ ശാന്തമായിരുന്നു. അണ്ണലാരെയും അയാളുടെ സംഘത്തെയും ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കിയതായി പോലീസ് സേനയിൽ എല്ലാവരും കരുതി. സേനയിൽ പുതുതായി ചേരാൻ വന്നവർക്ക് അതൊരു വീരകഥ പോലെ പറഞ്ഞുകൊടുക്കാനും തുടങ്ങിയിരുന്നു. ആ ഘട്ടത്തിൽ ഗ്രാമത്തിലും സർവവും ശാന്തമായി തുടർന്നു. എന്നു മാത്രമല്ല, തുണയില്ലാതായ കുട്ടിയുടെ മുഖമായിരുന്നു ഓരോ ഗ്രാമീണനും. സ്പെഷൽ പോലീസ് സേന, അതിന്റെ കുതിച്ചുകയറ്റം, സംഭവിച്ച അരുംകൊലകൾ...

Your Subscription Supports Independent Journalism

View Plans

2. ആന്റൻ ദൈവസഹായം -1978

1976ലെ, ‘ഓപറേഷൻ ഫൂട്ട്ഹിൽ’ കഴിഞ്ഞിട്ടപ്പോൾ രണ്ടു വർഷം പിന്നിട്ടിരുന്നു. സ്പെഷൽ പോലീസ് സേന ആയുധങ്ങളുമായി ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ഓപറേഷനു ശേഷമുള്ള ഒരു വർഷം, കാര്യങ്ങൾ പൊതുവേ ശാന്തമായിരുന്നു. അണ്ണലാരെയും അയാളുടെ സംഘത്തെയും ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കിയതായി പോലീസ് സേനയിൽ എല്ലാവരും കരുതി. സേനയിൽ പുതുതായി ചേരാൻ വന്നവർക്ക് അതൊരു വീരകഥ പോലെ പറഞ്ഞുകൊടുക്കാനും തുടങ്ങിയിരുന്നു.

ആ ഘട്ടത്തിൽ ഗ്രാമത്തിലും സർവവും ശാന്തമായി തുടർന്നു. എന്നു മാത്രമല്ല, തുണയില്ലാതായ കുട്ടിയുടെ മുഖമായിരുന്നു ഓരോ ഗ്രാമീണനും. സ്പെഷൽ പോലീസ് സേന, അതിന്റെ കുതിച്ചുകയറ്റം, സംഭവിച്ച അരുംകൊലകൾ ഇതൊന്നും വലുതായി പത്രങ്ങളുടെ ചർച്ചയിൽ വന്നില്ല. അന്നു നിലനിന്ന സെൻസറിങ് ഇക്കാര്യത്തിൽ കൃത്യമായി ഉപയോഗിക്കാൻ സർക്കാരും ശ്രദ്ധിച്ചു.

ആക്രമണത്തിനുമുമ്പ്, സേന ഒരു മാസത്തോളമാണ് അവിടെ തമ്പടിച്ചത്. ഗ്രാമത്തിന്റെ കവാടം വരെ ദിനേന മാർച്ച് ചെയ്തു. ഗ്രാമത്തെ നിരീക്ഷിച്ചു. ചിലർ ചെറു സംഘങ്ങളായി തിരിഞ്ഞ് ഗ്രാമത്തിനുള്ളിലേക്ക് കയറി. പെട്ടെന്ന് ഏതെങ്കിലും ഒരു ജനൽപ്പാളി തുറന്ന്, തങ്ങൾക്കുനേരെ ആരെങ്കിലും നിറയൊഴിക്കുന്നതോ, മൂർച്ചയുള്ളത് എന്തെങ്കിലും വലിച്ചെറിയുന്നതോ ഒക്കെ അവരെപ്പോഴും പ്രതീക്ഷിച്ചു. മരപ്പൊത്തുകളിലോ ചില്ലകളിലോ ഒരു ജീവിയുടെ ചാതുര്യത്തോടെ ഒളിച്ചിരിക്കാനിടയുള്ള അക്രമികളെക്കുറിച്ചും ജാഗരൂകരായി. പക്ഷേ, അങ്ങനെയൊന്നും ഉണ്ടാകാൻ പോകുന്നതിന്റെ അടയാളങ്ങൾ തന്നെ ഉണ്ടായിരുന്നില്ല. ആയതിനാൽ, ‘നോ ട്രൈസസ്’ എന്ന സന്ദേശം ആ ക്യാമ്പിൽനിന്നും പട്ടണത്തിലെ സേനാ ആസ്ഥാനത്തേക്ക് അയക്കുന്നത് പതിവായി.

‘എക്സ്പെക്ട് ആൻ ആംബുഷ്’ എന്ന വാക്യം ക്യാമ്പിലെ ഓരോ പോലീസുകാരന്റെയും ഹൃദയമന്ത്രമായി. ഇലച്ചാർത്തുകളുടെ അനക്കങ്ങൾപോലും എതിരാളികളുടെ നീക്കങ്ങളായി തോന്നി. അങ്ങനെ ഒരു ആക്രമണം നടന്നില്ല എങ്കിലും, അവർ ഒരിക്കലും പട്രോളിങ് മുടക്കിയില്ല. സേനയുടെ വരവും പോക്കും ഗൗനിക്കാതെ, ഗ്രാമം മഞ്ഞനിറമുള്ള വെയിൽകാഞ്ഞുകൊണ്ട് സുഖമുള്ള ഉച്ചകൾ ആസ്വദിച്ചുകിടന്നു.

മഴയും ഇരുട്ടും എല്ലാം അണ്ണലാരുടെ വരവിനു നിലമൊരുക്കുമെന്ന് പോലീസുകാർ കേട്ടിട്ടുണ്ട്.

അമാവാസി രാത്രികൾ, അയാളുടെ ഇഷ്ടരാത്രികളെന്നാണ് വെപ്പ്. ഒരു വെളുത്ത പൂവിരിഞ്ഞു നിന്നാലും കാണാൻ പറ്റാത്തത്ര ഇരുണ്ട രാത്രിയിൽ അയാൾ കുന്നിറങ്ങിവരും. ആ വരവിൽ ഒരു അഗ്നിവരപോലെ ചൂട്ടുകറ്റകൾ കുന്നിൽ തെളിയുന്നത് കാണാം. പലയിടങ്ങളിൽനിന്നും വന്നുചേർന്നവ ഒരു പടയായി മാറിക്കൊണ്ട് ഗ്രാമത്തിലേക്ക് ഇറങ്ങുകയാണ്. ഗ്രാമമാകെ അവർ റോന്ത്ചുറ്റും.

രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെയെല്ലാം രത്നച്ചുരുക്കം ഇതായിരുന്നു.

അതുകൊണ്ടുതന്നെ എല്ലാ കറുത്തവാവ് ദിനങ്ങളിലും പോരാട്ടത്തിനുള്ള തയാറെടുപ്പുകൾ ക്യാമ്പിൽ ഉണ്ടാകും. അതിഭയങ്കരമായ ഇരുട്ടിൽ, ദിശയറിയാതെ നിൽക്കുന്ന പോലീസുകാർ. അവർക്ക് ആത്മവിശ്വാസം പകർന്നു നൽകാൻ സജ്ജരായിക്കൊണ്ട് പ്രത്യേക ഉദ്യോഗസ്ഥരും ക്യാമ്പിലുണ്ടാകും.

ദിവസങ്ങൾ കടന്നുപോയി.

നല്ല മഴയുള്ള ഒരു അമാവാസി രാത്രിയാണ് ആ സന്ദേശം ക്യാമ്പിലേക്ക് എത്തുന്നത്.

‘‘വൈപ്പ് ഔട്ട്‌. തുടച്ചു നീക്കുക.’’

ഗ്രാമം കാണാതെ, വായിച്ചറിവുകളിൽനിന്നു മാത്രം ഉത്തരവുകൾ എഴുതിയുണ്ടാക്കുന്നവർക്ക് എന്തും ആകാമല്ലോ. അതിനാൽ സന്ദേശം സംബന്ധിച്ച് ചെറിയ ആശയക്കുഴപ്പം ക്യാമ്പിലുണ്ടായി.

ആരെ തുടച്ചുനീക്കും?

അണ്ണലാരെയോ? അതിനയാളെ എങ്ങനെ തിരിച്ചറിയും? അയാളെ കണ്ടിട്ടുള്ളവർ ആരെങ്കിലും ഉണ്ടോ? പിന്നയാളുടെ സംഘത്തെ എങ്ങനെ തുടച്ചുനീക്കാം? അവരെ എങ്ങനെ തിരിച്ചറിയാം? അതും അറിയില്ല! ആകെ അറിയുന്നത് ചില പേരുകൾ. പൈവ, ആനന്ദമിത്രൻ, കമാൽസാബ്. പക്ഷേ ചിന്തിക്കാനും ചർച്ചകൾ നടത്താനും സമയം തീരെയും ഇല്ലായിരുന്നു. തയാറായി ഇറങ്ങാനുള്ള ആജ്ഞകൾ ക്യാമ്പിൽ എങ്ങും മുഴങ്ങി. ഗ്രാമം ലക്ഷ്യമാക്കി നീങ്ങുമ്പോൾ ‘എക്സ്പെക്ട് ആൻ ആംബുഷ്’ എന്ന വാക്യം പോലീസുകാർക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

അതുവരെ പോലീസുകാർ കണ്ട പകലുകളെക്കാൾ എത്രയോ ശാന്തമായ രാത്രി. ഘോരമായ മഴയിലും സ്വച്ഛന്ദത കൈവിടാതെ ഗ്രാമം കിടന്നു. മഴ ഒന്നു ശമിച്ചാൽ ചിലപ്പോൾ പതിഞ്ഞ ശബ്ദത്തിലുള്ള താരാട്ടുകൾ കേട്ടേക്കാം. പെരുമഴയുള്ള രാത്രി ആ ഗ്രാമത്തിനുള്ളിലേക്ക് എൺപത് ബൂട്ടുകൾ ഒരുമിച്ചു പതിഞ്ഞപ്പോൾ ഒരു നദി ഒഴുകുന്ന ശബ്ദം മുഴങ്ങി. ആ നാൽപ്പതു തലകളിലും ഒരേ മന്ത്രം -വൈപ്പ് ഔട്ട്‌. പക്ഷേ വിധി മറ്റൊന്നാണ് കാത്തു​െവച്ചിരുന്നത്.

ഈ സംഭവം നടന്ന് ഒരു വർഷം പിന്നിട്ടിട്ടുണ്ടാകും; ഗ്രാമത്തിലേക്ക് പോയി മടങ്ങിവന്ന ചില വനപാലകർ ഒരു വാർത്ത കൊണ്ടുവന്നു. അണ്ണലാർ ഇപ്പോഴും ജീവിച്ചിരിക്കുന്നു!

കാട്ടിലേക്ക് യാത്രപോയ ചിലർ അയാളെ കണ്ടു. ചെറിയ പരിക്കുകൾ പറ്റിയതിന്റെ വടുക്കൾ ഉണ്ടെന്നേയുള്ളൂ, അയാൾ ഇപ്പോഴും കരുത്തനാണത്രെ. പരുന്തിൻകാൽപോലെ ഉറച്ച കാൽപ്പേശികൾ ബലപ്പിച്ച് ഒരുരുളൻ പാറപ്പുറത്ത് അയാൾ നിൽക്കുന്നതാണ് കണ്ടത്. നീളൻ കൈകൾക്ക് ഇപ്പോഴും പഴയ കരുത്തുണ്ട്. രോമാവൃതമായ ആ നെഞ്ച് ശ്വാസഗതിക്ക് ചേരാത്ത പോലെ വേഗത്തിൽ ഉയർന്നുതാഴ്ന്നുകൊണ്ടിരിക്കുന്നുമുണ്ട്. ആമന്ത്രണംപോലത്തെ ശബ്ദത്തിൽ ഓരോരുത്തരോടായി അയാൾ സംസാരിച്ചതായും കേട്ടു.

 

കുന്നിൻ മുകളിൽനിന്നും ഗ്രാമത്തിലേക്ക് ധാരയായിറങ്ങിയ ഈ കഥ പതിയെ എല്ലായിടത്തും പരന്നു. ഒടുവിൽ വനപാലകരുടെ ചെവികളിലുമെത്തി. അതേക്കുറിച്ച് അവർ വിവരിച്ചുനൽകിയത് ഇങ്ങനെയാണ്.

ഇപ്പോഴും രാത്രികളിൽ അണ്ണലാർ കാടിറങ്ങി വരാറുണ്ട്. ഒരു പന്തം കൊളുത്തി ​െവച്ച് ഗ്രാമത്തിലെ തന്റെ അനുയായികളോട് സംസാരിക്കും, നിർദേശങ്ങൾ കൊടുത്ത് പുലരും മുന്നേ മടങ്ങിപ്പോകും. അയാൾ തിരിച്ചു വരുംവരെ കുന്നിൻ ചരുവിൽ അയാളെക്കാത്ത് അനുയായികളുണ്ടാകും.

ഈ വിവരണത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൃഷ്ടിക്കപ്പെട്ടു.

സത്യവും മിഥ്യയും തമ്മിലുള്ള അന്തരം കണക്കാക്കാൻ അപ്പോഴും പോലീസ് സേനയിലാർക്കും കഴിഞ്ഞില്ല. ഒരു വർഷം മുമ്പത്തെ രാത്രിയുടെ അനുഭവവിവരണം അത്രക്കും പൊലിപ്പിക്കപ്പെട്ട ഒന്നായിരുന്നു.

അണ്ണലാരെ തുടച്ചുനീക്കി എന്നു പറയുമ്പോഴും അയാളുടെ മൃതദേഹം കണ്ടെടുത്തിട്ടില്ല. അയാളുടേത് എന്നു പറയാവുന്ന യാതൊരു അവശിഷ്ടവും കിട്ടിയിട്ടില്ല. കുന്നിൻചെരുവിൽ അയാളെക്കാത്ത് സംഘം ഉണ്ടെന്നാണ് അന്നു കിട്ടിയ വിവരം. അപ്പോൾ അയാളും അവിടെ എവിടെയെങ്കിലും ഉണ്ടായിരുന്നിരിക്കും. അണ്ണലാരെ ഇല്ലാതാക്കി എന്നുറപ്പിച്ചു പറയാൻ, സ്പെഷൽ പോലീസ് നടപടി കഴിഞ്ഞ് പിന്നെയും ആറു മാസം സർക്കാർ കാത്തിരുന്നു. മറ്റു വിവരങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമാണ് അങ്ങനെയൊരു നിഗമനത്തിലെത്തിയത്. അതിനായി അമാവാസി രാത്രികളിൽ പ്രത്യേക പട്രോളിങ് തന്നെ നടത്തിയിരുന്നു. പക്ഷേ ഇപ്പോൾ ഒരു വർഷം പിന്നിടുമ്പോൾ അയാൾ തിരികെ വന്നിരിക്കുന്നു.

ഇനിയെന്തു സമാധാനം പറയും?

സ്പെഷൽ പോലീസ് സേനക്കും സർക്കാരിനും ഉണ്ടായ നഷ്ടങ്ങൾക്ക് പഴി ഉറപ്പ്. കളവു പറഞ്ഞെന്ന പഴി വേറെയും.

ഇനിയും അയാളെ പിടിക്കാൻ ഒരു സ്പെഷൽ സേനാനീക്കം ബുദ്ധിയല്ല. കാരണം അന്നത്തെ കാലമല്ല. അന്ന് പത്രങ്ങൾക്കു സെൻസറിങ് ഉണ്ടായിരുന്നു. വാർത്തകൾ പുറംലോകം അറിഞ്ഞിരുന്നില്ല. എന്നിട്ടും എങ്ങനെയോ ഓപറേഷൻ ഫൂട്ട്ഹില്ലും അതിലുണ്ടായ ആൾനാശവും പുറംലോകമറിഞ്ഞു. വലിയ പ്രതിഷേധങ്ങളുണ്ടായി. ഇത്തവണ കരുതലോടെ വേണം നീങ്ങാൻ. പരിശോധനകൾ മുറപോലെ നടക്കണം. എന്നാൽ ഒരു സേനാനീക്കത്തിന്റെ പ്രതീതി ഉണ്ടാവുകയുമരുത്. ഒരു ഇൻസ്‌പെക്ടറും മൂന്ന് പോലീസുകാരും മാത്രമടങ്ങുന്ന സംഘത്തെ താൽക്കാലിക നിരീക്ഷണത്തിനു വിടാൻ സർക്കാർ തീരുമാനിച്ചത് അതുകൊണ്ടാണ്.

ആന്റൻ ദൈവസഹായം എന്ന ആറരയടി പൊക്കക്കാരനായ ഇൻസ്‌പെക്ടർ, അങ്ങനെയാണ് ഗ്രാമത്തിനു സമീപമുള്ള പോലീസ് പോസ്റ്റിന്റെ ചുമതലക്കാരനായി എത്തുന്നത്. മറ്റ് ഇൻസ്പെക്ടർമാർക്കു ലഭിച്ച പരിശീലനമേ അയാൾക്കും ലഭിച്ചിട്ടുണ്ടായിരുന്നുള്ളൂ. മനുഷ്യവേട്ടകൾക്കുള്ള പ്രത്യേക പരിശീലനമൊന്നും കിട്ടിയിരുന്നുമില്ല. ഒപ്പമുള്ള മൂന്ന് പോലീസുകാരാകട്ടെ, നന്നേ ചെറുപ്പം. സ്പെഷൽ പോലീസ് സേന തമ്പടിച്ചിരുന്ന കാലത്ത് പണികഴിപ്പിച്ച ക്യാമ്പിന്റെ ചില ശേഷിപ്പുകൾ അവിടെയുണ്ട്. അതിനടുത്തുവരെ ബസ് വരും. അതും ആഴ്ചയിൽ ഒരു ദിവസം. പോലീസുകാർക്ക് പോകാനും വരാനും വേണ്ടി മാത്രം. അവർക്കാവശ്യമുള്ള സാധനങ്ങളും ബസിൽ എത്തും. ആ രീതി വീണ്ടും തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. ആദ്യത്തെ ബസിൽ തന്നെ ആന്റനെയും സഹായികളെയും അയച്ചു.

ഒരു പകൽ മുഴുവനെടുത്ത യാത്രയായിരുന്നു അത്. പോകുന്ന വഴിയാകെ കാഴ്ചയെ മറയ്ക്കുന്ന ധൂളി. പാതയുടെ വശങ്ങളിലെ ഇലകൾക്കൊക്കെ ചാരപ്പൊടി നിറമാണ്. ഇനിയൊരു മഴ വരണം, ഇവ പച്ചിക്കാൻ. കൂടെയുള്ള യുവ പോലീസുകാരെല്ലാം ഒരു വിനോദയാത്രയുടെ സന്തോഷത്തിലാണ്. എന്നാൽ അതിലൊന്നും ശ്രദ്ധ ചെലുത്താതെ ഇരിക്കുകയായിരുന്നു ദൈവസഹായം.

ആ പടർപ്പുകൾക്കിടയിൽ എവിടെയെങ്കിലും അണ്ണലാർ ഉണ്ടാകുമോ? തങ്ങൾ വരുന്ന ബസിനെ ഒരൊറ്റ സ്ഫോടനത്താൽ അയാൾ തകർത്തു കളയുമോ? ഈയിടെ മറ്റെവിടെയോ അത്തരമൊരു സംഭവം നടന്ന വാർത്ത വായിച്ചത് അയാൾക്കോർമവന്നു. താൻ സർവീസിലേക്ക് വന്ന സമയത്ത് കേട്ട ഒരു കഥ കാണാതായ പോലീസുകാരെക്കുറിച്ചാണ്. പണ്ട് ഗ്രാമത്തിലേക്ക് പട്രോളിങ്ങിനു പോയി മടങ്ങി വരാത്തവർ. അവരെയെല്ലാം അണ്ണലാർ കൊന്നുവെന്നാണ് കേട്ടിട്ടുള്ളത്. ആധി വരുമ്പോൾ ചെയ്യാറുള്ളതുപോലെ ദൈവസഹായം തന്റെ കൈത്തണ്ടയിലെ വലിയ മറുകിൽ തടവി. മാസത്തിലൊരിക്കൽ വീട്ടിൽ പോകാം എന്ന് ധാരണയുണ്ടെങ്കിലും, ഇവിടെ നിന്നുള്ള മടക്കവും വരവും എങ്ങനെയെന്നു തിട്ടമില്ല. മടങ്ങിവരുമെന്നുറപ്പുള്ള ഒരു കാര്യമേ താൻ ചെയ്തിട്ടുള്ളൂവെന്നു ദൈവസഹായത്തിനു തോന്നി. അത് ബാല്യത്തിലേതാണ്.

അയാളുടെ വീട്ടിൽനിന്നും നോക്കിയാൽ വട്ടയാർ കാണാം. ഏതോ കുന്നിൻ മുകളിലെ ഒരിക്കലും വറ്റാത്ത തടാകത്തിൽനിന്നാണ് അതുറവ പൊട്ടുന്നത്. അതുകൊണ്ട്, അയാളുടെ നാട്ടുകാർ തന്നെ തടയണ പണിഞ്ഞ്, വെള്ളം കെട്ടിനിർത്തി വർഷം മുഴുക്കെ വട്ടയാറ്റിൽനിന്നു വെള്ളമെടുത്തിരുന്നു.

തടയണ ചൂണ്ടി പപ്പ അയാളോട് പറയും.

“പോടാ, പോ, നീന്തിപ്പോയി തൊട്ടിട്ട് വാ. കാണട്ടെ നിന്റെ ഉശിര്.”

ദൈവസഹായം പേടിച്ചുനിൽക്കും.

പപ്പയുടെ പിരിഞ്ഞ മീശ മുകളിലേക്ക് തിരിയും. കണ്ണുകൾ ചുവന്നു ചെറുതാകും. പപ്പ അലറും.

“നിനക്ക് നീന്താൻ അറിയില്ലേ?’’

“അറിയാം.’’ ശബ്ദം പുറത്തുവരാത്തപോലെ കുഞ്ഞു ദൈവസഹായം പറയും.

“നിനക്ക് നെലവെള്ളം ചവിട്ടാൻ അറിയില്ലേ?’’

“അറിയാം...’’

“എന്നാൽ ചാട്.’’

ആന്റൻ മനസ്സില്ലാമനസ്സോടെ തയാറെടുക്കും.

“എടാ... ചാടാൻ.”

 

പപ്പയുടെ അലർച്ചയിൽ അവൻ ചാടിപ്പോകും. തടയണ ലക്ഷ്യമാക്കി നീന്തും. ആദ്യമൊക്കെ അതിനടുത്ത് എത്തുമ്പോഴേക്കും തളരും; ഇനി എങ്ങനെ തിരിച്ചുപോകുമെന്ന് ഓർത്ത്. തിരികെ നീന്താൻ ശ്രമിച്ച് പരാജയപ്പെടുമ്പോഴും, ആഴത്തിലേക്ക് താഴാൻ പോകുമ്പോഴും, വെള്ളത്തിനടിയിലൂടെ വന്നു പപ്പ തോളിലൂടെ പൊക്കിയെടുക്കും. പിന്നെ തോളിൽ ​െവച്ചുകൊണ്ട് തിരിച്ചുനീന്തും. അപ്പോൾ പപ്പയോടു തോന്നിയ എല്ലാ വെറുപ്പും ഇല്ലാതാകും. പയ്യെപ്പയ്യെ ദൈവസഹായം ഉശിരൻ നീന്തൽക്കാരനായി. ആ കായക്കരുത്തിൽ പോലീസിൽ ഇൻസ്‌പെക്ടറുമായി.

“നിന്റെ പപ്പ ചെയ്ത പാപങ്ങൾ എന്നേം നിന്റെ കൊച്ചിനെയും കിടപ്പിലാക്കി. ഇനിയത് കൂട്ടാൻ പാപം ചെയ്യാതെ നോക്കിക്കോ.’’

പോലീസ് ജോലി കിട്ടിയ കാര്യം പറഞ്ഞപ്പോൾ അമ്മച്ചി കരയുന്ന സ്വരത്തിൽ ആന്റനോട് പറഞ്ഞു.

അതെല്ലാം ഓർത്തിരിക്കുമ്പോൾ ബസ് കുടുങ്ങുന്ന ഒരു വഴിയിലേക്ക് കടന്നു. അപ്പോളയാൾക്ക് സന്ധികളിൽ വേദന അനുഭവപ്പെട്ടു. രോഗം പിടിപെട്ട് കിടക്കുന്ന തന്റെ കുഞ്ഞിനെ ഓർമ വന്നു. അവനെ ചികിത്സിക്കണം. അതിനു കുറച്ചു ദൂരെ കൊണ്ടുപോകേണ്ടി വരും. എന്നാലും സാരമില്ല, അവനെ ചികിത്സിക്കണം. നല്ലൊരു നീന്തൽക്കാരനാക്കണം. മടങ്ങിച്ചെല്ലട്ടെ, കാലാകാലം ഈ ഗ്രാമത്തിൽ പട്രോളിങ് നടത്തി പാർക്കാൻ പോകുന്നില്ലല്ലോ.

ബസ് എത്തിയപ്പോഴേക്കും സമയം വൈകുന്നേരമായിരുന്നു. ഒപ്പമുള്ള ചെറുപ്പക്കാർ പരിസരമാകെ നടന്നു കാണുകയാണ്.

കുറച്ചു കൊല്ലം മുമ്പ് അവിടെ ജോലി നോക്കിയിരുന്ന ഒരു ഓഫിസർ, പുറപ്പെടും മുമ്പേ ആന്റനോട് ഇങ്ങനെ പറഞ്ഞിരുന്നു.

“എത്രയോ കൊല്ലങ്ങളായി ഇതിങ്ങനെ കേൾക്കുന്നു. ആരെല്ലാം ശ്രമിച്ചു! അയാളെ കിട്ടിയോ? ഇല്ല. അയാളെ ആരെങ്കിലും കണ്ടോ? ഇല്ല. അയാൾ മരിച്ചുപോയോ? അതും അറിയില്ല. അണ്ണലാരെ കണ്ടുവെന്ന് പറയുന്നതെല്ലാം കെട്ടുകഥകൾ ആയിരിക്കാം. അതുങ്ങളുടെ എല്ലാം ജീവിതത്തിൽ അയാൾക്ക് വലിയ സ്വാധീനമുണ്ട്. നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം. ഓരോ ആഴ്ചയും ഒന്നോ രണ്ടോ തവണ അവിടെപ്പോയി വെറുതെ ഒന്ന് ചുറ്റി തിരിച്ചുവരിക. കാടും കുന്നും ഒക്കെ കണ്ടോ... പിന്നെ വല്ല മാനോ മുയലോ ഒക്കെ കിട്ടിയാൽ വിടണ്ട. അത്രയൊക്കെയേ വേണ്ടൂ. ആവശ്യമില്ലാതെ അവരുടെ ഒരു കാര്യത്തിലും തലയിടാൻ നിക്കണ്ട.”

തകർന്നു പോകാറായ ഒരു ചായ്‌പ്പ് മാത്രമാണ് അവിടെ അവശേഷിച്ചിരുന്നത്. കല്ലുകൊണ്ട് അരമട്ടം വരെ കെട്ടിയുണ്ടാക്കിയ അതിന്റെ കൂരയൊക്കെ പൊളിയാൻ തുടങ്ങിയിരുന്നു. അകത്ത് ഇൻസ്‌പെക്ടർ ദൈവസഹായത്തിനു മാത്രം ഒരു കയറ്റു കട്ടിൽ. ബാക്കിയുള്ളവർ നിലത്ത് കിടക്കണം. ഭക്ഷണം പാചകം ചെയ്യാൻ കുറച്ച് കല്ലടുപ്പുകൾ. വിറക് സ്വയം കണ്ടെത്തണം. ഒരുപാടു നേരമെടുത്തു അതൊന്ന് വൃത്തിയാക്കി എടുക്കാൻ. കൂട്ടത്തിലൊരുവൻ കട്ടൻ ചായയിട്ട് എല്ലാവർക്കും നൽകി.

“പേടിക്കാൻ ഒന്നുമില്ല. അവിടെ നിന്ന് ഇപ്പോൾ അത്തരം പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്യാറില്ല. അവരോട് കൂടുതൽ കാര്യങ്ങൾ ഒന്നും ചോദിക്കാതിരുന്നാൽ മതി. എല്ലാരും ശാന്തരാണ്. പേടിച്ചിട്ടുണ്ട്.”

ക്യാമ്പിൽനിന്നും ഇറങ്ങാൻ നേരം ഒരു ഏട്ട് പറഞ്ഞത് ആന്റന് ഓർമവന്നു.

പാവം ഗ്രാമവാസികൾ പേടിച്ചിട്ടുണ്ടാകും. പക്ഷേ അണ്ണലാരും അയാളുടെ സംഘവും എവിടെയാണ്? പെട്ടെന്ന് ഏതെങ്കിലും മരത്തിന്റെ മറവിൽനിന്ന്, അതുമല്ലെങ്കിൽ പാറക്കെട്ടുകൾക്ക് പിന്നിൽനിന്ന്, അതുമല്ലെങ്കിൽ മണ്ണിൽത്തന്നെ ഉണ്ടാക്കിയ ഒരു കുഴിയിൽനിന്ന് അയാളും സംഘവും വെളിപ്പെടുന്നത് ദൈവസഹായം ഓർത്തു. അങ്ങനെ സംഭവിച്ചാൽ കീഴടങ്ങുകയല്ലാതെ മറ്റു വഴികൾ ഒന്നുമില്ല.

രോഗം പിടിപെട്ടുകിടക്കുന്ന തന്റെ കുഞ്ഞിനെ ഓർത്ത് വെറുതെ വിടണം എന്ന് വേണമെങ്കിൽ ഒന്ന് അപേക്ഷിക്കാം. പക്ഷേ അതിലും കാര്യമില്ല. താൻ പുറത്തിട്ടിരിക്കുന്ന കുപ്പായത്തെ അയാൾ അത്രയേറെ വെറുക്കുന്നുണ്ടാവും.

ഒരു ഞായറാഴ്ച ദിവസമായിരുന്നു ആദ്യത്തെ പട്രോളിങ്. മൂന്നു നാല് കിലോമീറ്ററുകൾ മണ്ണ് നിറഞ്ഞ പാത. ഇരുവശവും പുളിമരങ്ങൾ. ചരങ്ങൾ ഒന്നിനെയും കണ്ടില്ല. ഇതിനും അപ്പുറത്തേക്ക് മനുഷ്യവാസമുണ്ടോ എന്നു തോന്നും. പോലീസ് സംഘം ഗ്രാമത്തിന്റെ കവാടത്തിൽ എത്തി. വൃത്തിയായി പണിത വീടുകൾ അടുത്തടുത്തിരിക്കുന്നത് കാണാം. എത്രയോ കാലംമുമ്പേ പണികഴിച്ചവയായിരിക്കണം, എന്നാലും എന്ത് വൃത്തിയാണ്. അതിലേറെ അവരെ ആകർഷിച്ചത് കവാടത്തിനോട്‌ ചേർന്നു കാണുന്ന വലിയ പറമ്പോട് കൂടിയ വീടായിരുന്നു. അതിനുമുന്നിൽ അറബി അക്ഷരങ്ങളിൽ എന്തോ എഴുതി​െവച്ചിരുന്നു.

“ദാറുസ്സലാം...”

ബോർഡിലെ പൊടി തുടച്ചിട്ട് കൂട്ടത്തിലെ ഒരു പോലീസുകാരൻ വായിച്ചു.

അതും കടന്ന് നാൽവരും അകത്തേക്ക് നടന്നു. പോലീസുകാരാണെന്നത് ആരും ശ്രദ്ധിക്കുന്നേയില്ല. അവർ നടന്നുനടന്നു കുന്നിൻചെരുവിലെത്തി. ചാലുപൊട്ടി മുകളിലേക്ക് കിടക്കുന്ന മൺപാത നോക്കി അൽപനേരം നിന്നു. ദൈവസഹായത്തിന് ആശ്വാസം തോന്നി. അത് പോലീസുകാരുടെയും മുഖത്ത് പ്രതിഫലിച്ചു. ഈ കുന്നിൻ മുകളിലേക്ക് അങ്ങ് കയറിപ്പോയാലോ? ഒരുപക്ഷേ കേട്ട കഥകളിലെ പോലെ അണ്ണലാരെ എവിടെയെങ്കിലും ​െവച്ച് കണ്ടാലോ? എന്താണ് നിങ്ങൾക്ക് വേണ്ടതെന്ന് അയാൾ ചോദിച്ചാലോ? അങ്ങനെയൊരു സംഭാഷണം ദൈവസഹായം ഭാവന ചെയ്തു.

“അസുഖം പിടിച്ചു കിടക്കുന്ന എന്റെ കുഞ്ഞിനെ ചികിത്സിക്കണം.”

“അതിനെന്തു വേണം?’’

“നിങ്ങൾ ഇതെല്ലാം നിർത്തണം. ഈ ഒളിവിൽനിന്ന് പുറത്തുവരണം. സർക്കാരുമായി സഹകരിക്കണം. എന്നാൽ ഞങ്ങൾക്ക് കുടുംബത്തിലേക്ക് തിരിച്ചുപോകാം...’’

ഇതെല്ലാം ഓർത്തുനിന്ന് ദൈവസഹായം ഒരു ബീഡി പുകച്ചു.

കുറച്ചു കൊല്ലങ്ങൾക്കുമുമ്പ് ഇവിടെനിന്ന് കാണാതെപോയ മനുഷ്യരെ തിരിച്ചുകൊണ്ടുവരാൻ അണ്ണലാർ പറഞ്ഞാലോ? എന്ത് ചെയ്യും? മൂന്നു വലി വലിച്ച ശേഷം അയാൾ ബീഡി തറയിൽ ഇട്ട് ചവിട്ടിയണച്ചു. കൂട്ടത്തിൽ ഒരു പോലീസുകാരന്, ബാക്കി ബീഡി കളയാതെ തനിക്ക് തരുമോയെന്ന് ചോദിക്കാൻ തോന്നിയിരുന്നു. സേനയിലെ മൂപ്പിളമ ചട്ടങ്ങൾ ഓർത്ത് ചോദ്യം കടിച്ചുപിടിച്ചതാണ്.

 

ഒരു സ്ത്രീരൂപം അൽപം അകലെ നിൽപ്പുണ്ട്. അവർ ദൈവസഹായത്തെ തുറിച്ചുനോക്കി. അയാൾ തിരികെ നോക്കി. നട്ടെല്ലിലൂടെ അയാൾക്കൊരു കൊള്ളിയാൻ മിന്നി. ആ ചെറുപ്പക്കാരി, അത് പൈവയാണ്. ശരിക്കും ഈ ഗ്രാമത്തിൽനിന്ന് താൻ നേരിൽ കാണുന്ന ആദ്യത്തെ വ്യക്തി. അതും ഏതാണ്ട് രണ്ടു കൊല്ലം മുമ്പ്.

ഓപറേഷൻ ഫൂട്ട്ഹില്ലിനു ശേഷം ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാവും. അപ്പോഴാണ് പൈവ പോലീസ് പിടിയിലാകുന്നത്. പിടിയിലായി എന്നു പുറംലോകം അറിയുന്നത് അപ്പോഴാണ് എന്നതാകും കൂടുതൽ ശരി. ദൈവസഹായം ഉൾപ്പെടുന്ന ബാച്ചിന്റെ പരിശീലനം അവസാനത്തോടടുക്കുന്ന കാലമായിരുന്നു അത്. ഗ്രാമത്തെക്കുറിച്ച്, അവിടെയുള്ള അണ്ണലാരെക്കുറിച്ച് അവരെല്ലാം കേട്ടിരുന്നു.

അറസ്റ്റ് ചെയ്ത് ക്യാമ്പിലേക്ക് കൊണ്ടുവരുന്നു എന്നു കേട്ടപ്പോൾ, ദേഹമാകെ ബുള്ളറ്റുകൾ ചുറ്റിയ, വലിയ തോക്ക് കഴുത്തിലൂടെയണിഞ്ഞ ഒരു സ്ത്രീയെയാണ് പ്രതീക്ഷിച്ചത്. പക്ഷേ പൈവയെ കണ്ടപ്പോളോ: വിലകുറഞ്ഞ കോട്ടൺ സാരിയുടുത്ത, മെലിഞ്ഞ ഒരു പെൺകുട്ടി. അണ്ണലാരുടെ സംഘത്തിലെ കമാൻഡന്റ് എന്ന് ആവർത്തിച്ചു കേട്ട പേര്. അണ്ണലാരോളംതന്നെ വലിപ്പത്തിൽ പോലീസ്, രേഖകളിലൂടെ സൃഷ്ടിച്ചെടുത്ത പേരിന്റെ ഉടമ. ഇത്രയും ദുർബലമായ ശരീരവും വേഷവിധാനങ്ങളും ആണല്ലോ അവർക്ക് എന്നു കണ്ട പോലീസുകാർ പലരും ഞെട്ടി. പത്രക്കാരിൽ ചിലർ പടം പിടിക്കുന്ന തിരക്കിലായിരുന്നു. അന്ന് ക്യാമ്പിനുള്ളിലേക്ക് കയറുമ്പോൾ പൈവ രണ്ട് കൈകളും ആൾക്കൂട്ടത്തിനുനേരെ ഉയർത്തി. കൈവിലങ്ങിന്റെ കെട്ടിൽ അവ ചേർന്നതുപോലെ തോന്നിച്ചു. വിലങ്ങിന്റെ ചിലമ്പിച്ച ഒച്ച അവർക്കൊരു മദയാനയുടെ പ്രതീതി നൽകി. ആ ചങ്ങലയുടെ കിലുക്കംകൊണ്ട് എല്ലാവരുടെയും ശ്രദ്ധയെ ആകർഷിച്ച ശേഷം പൈവ പറഞ്ഞു.

“ഒന്നും അവസാനിക്കുന്നില്ല. നഷ്ടപ്പെട്ടതിനെല്ലാം കണക്ക് ചോദിച്ച ശേഷമേ ഞങ്ങൾ ഈ ഭൂമി വിടൂ.”

അതും പറഞ്ഞ് അവർ അൽപനേരം നിശ്ചലമായി നിന്നു. ആൾക്കൂട്ടത്തിൽനിന്ന് ചില ആർപ്പുവിളികളും മുദ്രാവാക്യങ്ങളും ഉയർന്നു. പതിയെ തിരിഞ്ഞ് പോലീസുകാർക്കൊപ്പം പൈവ ഉള്ളിലേക്ക് കയറിപ്പോയി. പുറംലോകത്തിനു കാണുവാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു മാന്യതയുടെ പോലീസ് വളയം അത്ര നേരം അവരെ പൊതിഞ്ഞു നിന്നതായിരുന്നു. ക്യാമ്പിനുള്ളിലേക്ക് എത്തിയതോടുകൂടി എല്ലാം മാറിമറിഞ്ഞു. പോലീസുകാർക്കുണ്ടായ എല്ലാ ദുരിതങ്ങളുടെയും കാരണക്കാരി എന്ന നിലയിലാണ് അവരോട് പിന്നീടുണ്ടായ പെരുമാറ്റം മുഴുവൻ. പക്ഷേ അതിലൊന്നും പൈവ പതറിയില്ല.

ഉള്ളംകാലുകൾ മുൾക്കമ്പുകൾകൊണ്ട് അടിച്ചുപൊട്ടിച്ചു. നട്ടെല്ലിലൂടെ ലാത്തിയുരുട്ടി. കൈകളിലെ നഖങ്ങൾ പറിച്ചെടുത്തു. വേദനകൊണ്ട് ഞരങ്ങുകയല്ലാതെ പൈവക്ക് ഒരിക്കൽ പോലും തളർച്ച ബാധിച്ചതായി കണ്ടില്ല. പക്ഷേ ഏറ്റവും ക്രൂരമായ ശിക്ഷ അരങ്ങേറിയത് രാത്രിയിലായിരുന്നു. അത് നടപ്പാക്കാനായി തെരഞ്ഞെടുത്തതാകട്ടെ ദൈവസഹായത്തിന്റെ ബാച്ചുകാരെയും.

അത്രനേരവും പൈവയുടെ ശരീരത്തെ പൊതിഞ്ഞിരുന്ന വസ്ത്രങ്ങൾ പോലീസുകാർ അഴിച്ചെടുത്തു. മുലഞെട്ടുകളിൽ ക്ലിപ്പുകൾ ഇട്ടുമുറുക്കി. വായ്ക്കുള്ളിലേക്ക് തുണി തിരുകി, ശ്വാസം മുട്ടിച്ചു. ശേഷം കാൽമുട്ടുകളെ നെഞ്ചിനോട് ചേർത്തു കെട്ടി. ശ്വാസം കിട്ടാതെ ആ സ്ത്രീ ഞരങ്ങുന്ന ശബ്ദം എല്ലാവർക്കും കേൾക്കാമായിരുന്നു. ചൂരൽവള്ളികൊണ്ട് ഓരോരുത്തരും മുപ്പത് അടി വീതം അവളുടെ തുടകളിൽ കൊടുക്കണമായിരുന്നു. തല്ലാൻ പോകുമ്പോൾ ഒരു മുഖംമൂടി തരും. കൺതുളകൾ ഉള്ളത്. ആ മുറിയിൽനിന്നും പുറത്തിറങ്ങും വരെ അതു മാറ്റാൻ പാടില്ലായിരുന്നു. ഒടുവിലാണ് ദൈവസഹായത്തിന്റെ ഊഴം വന്നത്. അയാൾ മടിച്ചു നിന്നു. അമ്മച്ചിയുടെ വാക്കുകൾ മനസ്സിൽ മുഴങ്ങി. പെട്ടെന്ന് പപ്പ അയാൾക്ക് പിന്നിൽ വന്നുനിന്ന് അലറുംപോലെ തോന്നി.

തടയണ തൊടാൻ നീന്തുന്ന ആവേശത്തോടെ അയാൾ അവളുടെ പിൻതുടകളിൽ ആഞ്ഞടിച്ചു. അടിയുടെ ഊക്കിൽ ജനനേന്ദ്രിയത്തിൽനിന്നുവരെ ചോര ചിന്തി പുറത്തേക്കിറങ്ങി. ആ ചോര, പൈവയെ കിടത്തിയ ഇരുമ്പ് മേശയിലൂടെ ഒഴുകി അയാളുടെ ബൂട്ടിലേക്ക് വീണു. ഷൂ പോളിഷിന്റെ കൊഴുപ്പിൽ അൽപനേരം ആ ചുവപ്പങ്ങനെ തളംകെട്ടി നിന്നു.

അടി കഴിഞ്ഞപ്പോൾ ഒരു വലിയ ചെമ്പിൽ ഉപ്പുവെള്ളം നിറച്ച് അവരുടെ തല മാത്രം പുറത്തേക്കാക്കി അതിലേക്ക് ഇറക്കിക്കിടത്തി. ആ ജലം അൽപനേരംകൊണ്ട് തന്നെ ചുവന്നു. യൗവനാരംഭത്തിലെത്തിയ ആ സ്ത്രീ അപ്പോൾ ബോധരഹിതയായി. ഈ സംഭവം നടന്ന് ആറു മാസങ്ങൾക്കുശേഷം, കോടതി പൈവയെ മോചിപ്പിച്ചു എന്ന വാർത്ത ദൈവസഹായം കണ്ടിരുന്നു. അസ്വസ്ഥത കൊണ്ടുതന്നെ അതു വിശദമായി വായിക്കാനും തോന്നിയില്ല. അന്നത്തെ സംഭവത്തിനുശേഷം ഇപ്പോഴാണ് പൈവയെ അയാൾ കാണുന്നത്.

പൈവ പോലീസ് സംഘത്തിന്റെ അടുത്തേക്ക് വന്നു. അവർക്ക്, തന്നെ മനസ്സിലായിട്ടുണ്ടാവുമോ എന്നായിരുന്നു ദൈവസഹായത്തിന്റെ ചിന്ത. പക്ഷേ യാതൊരു ഭാവഭേദവും ഇല്ലാതെ പൈവ സംസാരിക്കാൻ തുടങ്ങി.

“നിങ്ങളാണോ പുതിയ പട്രോളിങ് പാർട്ടി?’’

മറ്റു പോലീസുകാർക്ക് മുമ്പേ തന്നെ, ദൈവസഹായം ‘അതെ’ എന്നു മറുപടി നൽകി.

“അവിടേക്ക് പോയശേഷം എന്തെങ്കിലും കിട്ടിയോ?”

കുന്നിൻമുകളിലേക്ക് ചൂണ്ടി പൈവ ചോദിച്ചു.

പരിഹസിക്കുകയാണെന്ന് കൂടെയുള്ള പോലീസുകാർക്ക് മനസ്സിലായി. അവർ അമർഷം കടിച്ചമർത്തി.

“ഇന്ന് ഞങ്ങൾക്ക് നല്ലൊരു ദിവസമാണ്. ഞങ്ങൾ ഇവിടുത്തെ കുട്ടികൾക്കായി ഒരു സ്കൂൾ തുറക്കുകയാണ്. നിങ്ങൾക്ക് വേണമെങ്കിൽ യൂണിഫോം അഴിച്ചുെവച്ച് അതിഥികളായി പങ്കെടുക്കാം. അല്ലെങ്കിൽ പോകാം. ഇന്നും, ഞങ്ങളുടെ കുട്ടികൾക്ക് ഈ വേഷത്തിൽ ആരെയെങ്കിലും കാണുന്നത് പേടിയാണ്.”

ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ അയാൾ പതറി. പിന്നെ ക്ഷണം നിരസിച്ചു.

“ഓ നിങ്ങൾക്ക് ചോര തെറിക്കുംവരെ തല്ലാനല്ലേ അറിയൂ. അതെനിക്ക് നന്നായറിയാം.”

പൈവ അതുപറഞ്ഞശേഷം തിരികെപ്പോയി. പോലീസുകാർ എന്തുചെയ്യണം എന്നറിയാൻ ദൈവസഹായത്തെ നോക്കി. അയാൾക്കറിയാം, തന്റെ ഒരു സമ്മതത്തിൽ ആ യുവാക്കൾ പ്രതികരിച്ചേക്കുമെന്ന്.

എന്നാൽ, അയാളുടെ ചിന്ത പോയത് വേറൊരു നിലയിലാണ്. ആ സ്ത്രീയുടെ കാല് പിടിച്ചു മാപ്പ് പറയാമായിരുന്നു. പൈവക്ക് തന്നെ മനസ്സിലായിട്ടുണ്ടാകുമോ? അതോ പോലീസിനെക്കുറിച്ച് പൊതുവായി പറഞ്ഞതാകുമോ?

“നിങ്ങൾക്ക് ആളെ മനസ്സിലായോ?’’

ഗ്രാമകവാടത്തിൽനിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ദൈവസഹായം പോലീസുകാരോട് ചോദിച്ചു.

 

“ഇതാ സ്ത്രീയല്ലേ? പണ്ട് അറസ്റ്റ് ചെയ്‌ത..?”

ഒരാൾ പറഞ്ഞു.

“ആണ്. പൈവ. കമാൻഡന്റ് ഓഫ് അണ്ണലാർ ഗാങ്.’’

“അപ്പോൾ അവർ വെറുതെ വന്നതല്ല.’’

മറ്റൊരു പോലീസുകാരൻ പറഞ്ഞു.

ഭയമാണോ പകയാണോ അവർക്കെല്ലാം ഉള്ളിൽ നിറഞ്ഞതെന്ന് അപ്പോഴും തിട്ടമില്ലായിരുന്നു. കൈത്തണ്ടയിലെ കൂറ്റൻ മറുകിൽ വിരലോടിച്ചുകൊണ്ട് ദൈവസഹായം നടത്തം തുടർന്നു.

പിന്നീട് എല്ലായ്പോഴും ദൈവസഹായത്തിന്റെ പട്രോളിങ് പാർട്ടി ഗ്രാമകവാടം വരെ മാത്രം പോയി മടങ്ങി. അവർ ദിനങ്ങൾ ഓരോന്നും എണ്ണിക്കഴിഞ്ഞു. രാത്രികളിൽ ഒരാൾ എപ്പോഴും കാവലായി ഉണർന്നിരുന്നു. അമാവാസി രാത്രികളിൽ ആരും ഉറങ്ങിയതേയില്ല. കുന്നിറങ്ങി വരുന്ന അഗ്നിവരകൾ കാണുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് ഇരുന്നു.

ആറു മാസങ്ങൾക്കുശേഷം ഒരു സ്വകാര്യ കമ്പനിയുടെ ജോലി സ്വീകരിച്ച ദൈവസഹായം പോലീസ് സേനയിലെ ഔദ്യോഗിക ജീവിതം ഉപേക്ഷിച്ചു.

(തുടരും)

News Summary - weekly Novel