Begin typing your search above and press return to search.
proflie-avatar
Login

തപോമയിയുടെ അച്ഛൻ

തപോമയിയുടെ അച്ഛൻ
cancel

ഗോപാല്‍ ബറുവ എഴുതിയ സങ്കടകരമായ ആ ജീവിതകഥ വായിച്ചു കഴിഞ്ഞപ്പോള്‍ പാതിരാത്രി കഴിഞ്ഞിരുന്നു. ആദ്യപുസ്തകത്തിനുശേഷം ഡോക്ടര്‍ സന്താനം പിന്നീടൊന്നുംതന്നെ പ്രസിദ്ധീകരിക്കാതിരുന്നതിന്‍റെ കാരണം ജീവിതത്തിലുണ്ടായ ഒരു ദുരന്തമായിരുന്നല്ലോ എന്ന അറിവ് എന്നെ ദുഃഖിപ്പിച്ചു. അതേസമയം, അവസാനഘട്ടത്തില്‍ അദ്ദേഹം സൈന്ധവമുദ്രകളിലെ ചിഹ്നങ്ങളിലൂടെ മാത്രം എഴുതാനാരംഭിച്ചു എന്നത് ഒട്ടൊക്കെ അമ്പരപ്പിക്കുന്ന വിവരമായിരുന്നു. ഗോപാല്‍ദാ പറയുന്നതുപോലെ ഒരുപക്ഷേ, അദ്ദേഹം സൈന്ധവലിപികള്‍ വായിച്ചിരിക്കുമോ? അങ്ങനെയാണെങ്കില്‍ അതെന്തുകൊണ്ട് പുറംലോകം അറിഞ്ഞില്ല? അക്കാലത്തെ മാനസികനില വെച്ച് അത്തരമൊരു...

Your Subscription Supports Independent Journalism

View Plans

ഗോപാല്‍ ബറുവ എഴുതിയ സങ്കടകരമായ ആ ജീവിതകഥ വായിച്ചു കഴിഞ്ഞപ്പോള്‍ പാതിരാത്രി കഴിഞ്ഞിരുന്നു. ആദ്യപുസ്തകത്തിനുശേഷം ഡോക്ടര്‍ സന്താനം പിന്നീടൊന്നുംതന്നെ പ്രസിദ്ധീകരിക്കാതിരുന്നതിന്‍റെ കാരണം ജീവിതത്തിലുണ്ടായ ഒരു ദുരന്തമായിരുന്നല്ലോ എന്ന അറിവ് എന്നെ ദുഃഖിപ്പിച്ചു. അതേസമയം, അവസാനഘട്ടത്തില്‍ അദ്ദേഹം സൈന്ധവമുദ്രകളിലെ ചിഹ്നങ്ങളിലൂടെ മാത്രം എഴുതാനാരംഭിച്ചു എന്നത് ഒട്ടൊക്കെ അമ്പരപ്പിക്കുന്ന വിവരമായിരുന്നു.

ഗോപാല്‍ദാ പറയുന്നതുപോലെ ഒരുപക്ഷേ, അദ്ദേഹം സൈന്ധവലിപികള്‍ വായിച്ചിരിക്കുമോ? അങ്ങനെയാണെങ്കില്‍ അതെന്തുകൊണ്ട് പുറംലോകം അറിഞ്ഞില്ല? അക്കാലത്തെ മാനസികനില വെച്ച് അത്തരമൊരു കണ്ടെത്തല്‍ പുറത്തറിയിക്കാനുള്ള താൽപര്യമോ മനസ്സാന്നിധ്യമോ അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നു വരാം. അദ്ദേഹത്തിന്‍റെ ആ കത്തുകളെല്ലാം ഇപ്പോഴും ലഭ്യമാണെന്നുണ്ടെങ്കില്‍ വിദഗ്ധരായ പണ്ഡിതന്മാരെ കാണിക്കേണ്ടതാണ്. വൈകാതെത്തന്നെ ഗോപാല്‍ ബറുവയെ ഒന്നുകൂടി കാണണമെന്ന് ഞാന്‍ തീരുമാനിച്ചു.

ഒരുമണി നേരമായിട്ടുണ്ട്. കിടക്കുന്നതിനുമുമ്പ് ഞാന്‍ ഫോണില്‍ നോക്കി. ഏതാണ്ട് രണ്ട് മണിക്കൂര്‍ മുമ്പ് വാട്സ്ആപ്പില്‍ തപോമയി ഒരു ശബ്ദസന്ദേശം അയച്ചിരിക്കുന്നുവെന്നു കണ്ടു. കേട്ടപ്പോള്‍ അയാളുടെ ശബ്ദത്തില്‍ ആശ്വാസവും ഒട്ടൊക്കെ ഉത്സാഹവും കലര്‍ന്നിട്ടുണ്ടെന്ന് എനിക്കു തോന്നി. അയാള്‍ പറഞ്ഞു: ‘‘ചിലപ്പോള്‍ ദൈവമുണ്ടെന്നു തോന്നും. ഇന്ന് ദൈവം മഴയുടെ രൂപത്തിലാണ് വന്നത്. ഈ തണുപ്പില്‍ വൈകുന്നേരം മഴ പെയ്തപ്പോള്‍ ഞാന്‍ പ്രകൃതിയെ ശപിക്കുകയായിരുന്നു. ക്യാമ്പ് ചോരുമല്ലോ എന്നായിരുന്നു എന്‍റെ പേടി. വിചാരിക്കാതെ വന്ന മഴ നിങ്ങളെയും അലോസരപ്പെടുത്തിക്കാണണം, അല്ലേ? പക്ഷേ, അങ്ങനെ പെയ്തതു വെറുതെയല്ല! ദൈവത്തിന്‍റെ സന്ദേശമായിരുന്നു അത്. അല്ലെങ്കില്‍ ക്യാമ്പിലെ ഷെഡുകളെല്ലാം കത്തിനശിക്കുമായിരുന്നു...’’

ജഹാന്‍ കുറച്ചുമുമ്പ് തപോമയിയെ വിളിച്ചിരുന്നുവത്രേ. രാത്രിയോടെ ക്യാമ്പിന്‍റെ പല ഭാഗങ്ങളിലായി തീ കത്തിപ്പടരുന്നത് കുട്ടികള്‍ കണ്ടു. അവര്‍ക്കതു സന്തോഷമായിരുന്നു. തീനാളങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നു, കാറ്റില്‍ ഇളകിയാടുന്നു; അയല്‍പക്കത്തെല്ലാം കുറച്ചുനാള്‍ മുമ്പ് അവര്‍ കണ്ട, പക്ഷേ സ്വയം ആഘോഷിക്കാതെ പോയ ഒരു ദീപാവലി സ്വന്തമായി രൂപപ്പെട്ടുവരുന്നതായി അവര്‍ക്കു തോന്നിക്കാണണം. പക്ഷേ, അറിഞ്ഞുവന്നപ്പോള്‍ മറ്റെല്ലാവരും ഭയന്നുപോയി. ആകാശത്തിനും ഭൂമിക്കും ഇടയില്‍ അവര്‍ക്ക് ആകെയുള്ളത് ആ മേല്‍ക്കൂരയായിരുന്നു. അതു കത്തിനശിച്ചാല്‍? കൈക്കുഞ്ഞുങ്ങള്‍, വയസ്സുചെന്ന മനുഷ്യര്‍, രോഗികള്‍... എല്ലാവരും കൂടാരങ്ങള്‍ക്കുള്ളിലുണ്ട്. അവരെ മാറ്റേണ്ടേ? എങ്ങോട്ടുപോകും? തീപ്പൊള്ളലേല്‍ക്കുകയോ മരണം സംഭവിക്കുക തന്നെയോ ചെയ്തുകൂടെന്നില്ല.

അതുകൊണ്ടാണ് തപോമയി ദൈവമുണ്ടെന്നു പറഞ്ഞത്. ദൈവം അടയാളം കാണിക്കുകയായിരുന്നു. അയാള്‍ വിശദീകരിച്ചു: ‘‘പകല്‍സമയത്ത് ഒരു കാര്‍മേഘം പോലുമില്ലാത്ത ആകാശം ഞാന്‍ കണ്ടതാണ്. പക്ഷേ, അപ്രതീക്ഷിതമായി മഴ പെയ്തുതുടങ്ങി. പിന്നെ നിര്‍ത്താതെ പെയ്തു. അപൂർവം ചില ഷെഡുകളുടെ കുറച്ചുഭാഗങ്ങള്‍ നശിച്ചുപോയിട്ടുണ്ട്. പക്ഷേ, എന്തൊരു ഭാഗ്യം! ആ വലിയ പെയ്ത്തില്‍ തീനാളങ്ങള്‍ അണഞ്ഞുപോയി.’’

വൈകിയതുകൊണ്ടാണ് വിളിക്കാതിരുന്നതെന്ന് അയാള്‍ പറഞ്ഞു. പക്ഷേ, തന്‍റെ ആശ്വാസം ആരോടെങ്കിലും ഒന്നു പങ്കുവെക്കാമെന്നു തോന്നി. അയാളെ വേദനിപ്പിക്കുന്നത് മറ്റൊരു കാര്യമായിരുന്നു. തപോമയി തന്‍റെ സന്ദേശം തുടര്‍ന്നു: ‘‘ആരോ തീയിട്ടതാണെന്നാണ് ജഹാന്‍ പറഞ്ഞത്. പക്ഷേ, ആരാണെന്ന് അയാള്‍ സൂചിപ്പിച്ചില്ല. തുറന്നുപറയാന്‍ ഭയമുണ്ടാവും. പരിസരങ്ങളില്‍ പെട്രോളിന്‍റെ രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നത്രേ.’’ ആരാണ് ആ ഷെഡുകള്‍ക്ക് തീയിടുന്നത്? തപോമയിയുടെ സന്ദേശം കേട്ടപ്പോള്‍ ഭിക്ഷക്കാരേക്കാളും ദരിദ്രരായിത്തോന്നിച്ച അഭയാർഥികളെയും അവരുടെ തുന്നിച്ചേര്‍ത്തതുപോലുള്ള താമസസ്ഥലങ്ങളെയും എനിക്കോര്‍മ വന്നു. ഏതായാലും നന്നായി, ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ വിചാരിച്ചു. ദൈവം ദരിദ്രരായ മനുഷ്യര്‍ക്ക് അനുകൂലമായി ഇടപെടുന്നത് ചരിത്രത്തില്‍ത്തന്നെ വളരെ അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണല്ലോ.

–പക്ഷേ, ആ ആശ്വാസത്തിന് കുറച്ചുസമയം മാത്രമേ ആയുസ്സുണ്ടായുള്ളൂ.

ഉറക്കം പിടിക്കുമ്പോഴേക്കും ഫോണില്‍ ഒരു വിളി വന്നു. ഞെട്ടിയെഴുന്നേറ്റു. സ്ക്രീനില്‍ തപോമയി ബറുവ എന്ന നമ്പര്‍ തെളിയുന്നു. ഫോണ്‍ എടുത്തെങ്കിലും നിശ്ശബ്ദതയായിരുന്നു. ഞാന്‍ കുറച്ചുനേരം ചോദിച്ചിട്ടും മറുപടി കിട്ടിയില്ല. റേഞ്ച് കിട്ടാതെയാവില്ല, കാരണം ആ പരിസരത്തുനിന്നുള്ള വാഹനങ്ങളുടെ ശബ്ദം കേള്‍ക്കാനുണ്ട്. എന്തോ ചില വാക്കുകള്‍ അയാള്‍ പറയുന്നുണ്ടെന്നു തോന്നി. പക്ഷേ, ഒന്നും വ്യക്തമല്ല. ഇനി അയാള്‍ തെറ്റിവിളിച്ചതാവുമോ? കുറച്ചുനേരം കൂടി കാത്തതിനുശേഷം ഞാന്‍ ഫോണ്‍ ​െവച്ചു.

പിറ്റേന്ന് അവധിദിനമായിരുന്നു. പതിവിലും വൈകിയാണ് എഴുന്നേറ്റത്. അപ്പോഴും ഒരു വിളംബിതരാഗം പോലെ മഴ തുടരുന്നു. പത്രങ്ങള്‍ വിശദമായി വായിക്കാനിരുന്നു. എല്ലാം കഴിഞ്ഞ് ഫോണില്‍ നോക്കിയപ്പോള്‍ വീണ്ടും തപോമയിയുടെ സന്ദേശം. രാത്രി വിളിച്ചിട്ടു സംസാരിക്കാനാവാത്തതിനു ശേഷമുള്ള സമയത്തിന് തൊട്ടുതന്നെയാണ് വന്നിരിക്കുന്നത്. ഇങ്ങനെയായിരുന്നു അത്: ‘There is no God.’ ദൈവം ഇല്ല! ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ ദൈവസാന്നിധ്യം അനുഭവപ്പെടാനും അത്രയും വേഗത്തില്‍ അപ്രത്യക്ഷമാവാനും മാത്രം എന്തുണ്ടായി? വീണ്ടും തീപിടിത്തമുണ്ടായോ? മഴയുടെ ദൈവത്തിന് തീയണക്കാന്‍ കഴിയാതെ പോയോ?

എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഞാന്‍ തപോമയിയെ ഫോണ്‍ ചെയ്തുനോക്കി. പലതവണ റിങ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും അയാള്‍ ഫോണെടുത്തില്ല. പിന്നെ ഞാനതു വിട്ടു. അവധിദിനത്തിന്‍റെ അലസതയിലേക്കു പോയി. ഏറെനേരം കഴിഞ്ഞ് ടെലിവിഷനിലെ പരിപാടികള്‍ക്കായി നോക്കുമ്പോള്‍ സ്ക്രീനില്‍ തെളിയുന്നു: നഗരത്തിന്‍റെ പല ഭാഗത്തും വെള്ളം കയറിയിരിക്കുന്നു. മഴ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. നദി കരകവിഞ്ഞ് ഒഴുകി. അപ്പോള്‍ ഇന്നലെ രാത്രി മുഴുവന്‍ മഴ പെയ്യുകയായിരുന്നു.

ഇപ്പോള്‍ കുറച്ചുനേരം മുമ്പാണ് അതു നിലച്ചത്. പ്രളയദുരന്തമായിരിക്കാം തപോമയിയുടെ സന്ദേശത്തിനു പിന്നില്‍ എന്നു ഞാന്‍ ഊഹിച്ചു. ഞാന്‍ വീണ്ടും അയാളെ ഫോണില്‍ വിളിച്ചു. അപ്പോള്‍ അയാള്‍ സംസാരിച്ചു: ‘‘ഉവ്വ്, മഴ വല്ലാതെ പെയ്തു. ഷെഡുകളെല്ലാം തകര്‍ന്നുവീണു. ഞാനിപ്പോള്‍ അവിടെയാണ്. ഇന്നലെ വിളിക്കുമ്പോള്‍ അങ്ങോട്ടുള്ള യാത്രയിലായിരുന്നു.’’ അത്ഭുതംതന്നെ, അത്രയും പറയാന്‍ അയാള്‍ എത്രയോ സമയമെടുത്തു. ഇടക്കിടെ വാക്കുകള്‍ക്കായി കഷ്ടപ്പെടുന്നതുപോലെ തോന്നി. കണ്ടെത്തിയ വാക്കുകള്‍ക്കിടയിലും നിശ്ശബ്ദത നിറയുന്നു.

അയാളപ്പോള്‍ വളരെ വേദനിച്ചുകൊണ്ടാണ് സംസാരിച്ചത് എന്നെനിക്കു തോന്നി. ഒരവധിദിവസം യാത്രചെയ്യാനുള്ള മടിയൊക്കെയുണ്ടായിരുന്നെങ്കിലും അവിടെവരെ ഒന്നു പോകാം എന്നുതീരുമാനിച്ചു. ട്രാഫിക് കുറഞ്ഞ ദിവസമായതുകൊണ്ട് ബസിലായിരുന്നു യാത്ര. സമയം ഉച്ചയായിട്ടുണ്ട്. കുറച്ചുനേരം മാറിനിന്നതിനുശേഷം മഴ വീണ്ടും പെയ്യാനാരംഭിച്ചിരുന്നു.

കെട്ടിക്കിടക്കുന്ന വെള്ളം ഇരുഭാഗത്തേക്കും വകഞ്ഞുമാറ്റിക്കൊണ്ട് ബസ് പതുക്കെ നഗരത്തിന്‍റെ പാതകളില്‍നിന്നും പുറത്തേക്കു കടന്നു. മുന്‍ഭാഗത്തെ ചില്ലിേന്മല്‍ വൈപ്പറിന്‍റെ ചലനം ദ്രുതഗതിയിലായിരുന്നു. ചില്ലുജാലകങ്ങളിലൂടെ നോക്കുമ്പോള്‍ ഏറക്കുറെ വിജനമായ തെരുവുകളും ഇടയിലിടയിലായി നനഞ്ഞുകൂമ്പിനിൽക്കുന്ന മരങ്ങളും കണ്ടു. കുതിര്‍ന്നൊട്ടിയ വസ്ത്രങ്ങളുമായി ഒരു നിഴല്‍രൂപം റോഡു മുറിച്ചു കടക്കുന്നു. ഒരു വൃദ്ധയാചകന്‍. അയാള്‍ക്കുവേണ്ടി ബസ് കുറച്ചുനേരം കാത്തുനിന്നു. ഒപ്പം, അശാന്തമായി ഹോണ്‍ മുഴക്കി.

ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. അടച്ചിട്ടതുകൊണ്ടാവണം, കുതിര്‍ന്ന വസ്ത്രങ്ങളുടെ ഗന്ധം അതിനുള്ളില്‍ കെട്ടിനിൽക്കുന്നു. മുകളിലും വശങ്ങളിലും മഴത്തുള്ളികള്‍ വീണുടയുന്നതിന്‍റെ ഒച്ച കേള്‍ക്കാം. ഇടക്കിടെ നിര്‍ത്തിയിട്ടും വരാനുള്ള ഏതോ യാത്രികനായി കാത്തുനിന്നും വണ്ടി വളരെ സാവധാനം ഓഖ്ലയിലെ ക്യാമ്പിനു സമീപമുള്ള സ്റ്റോപ്പില്‍ എത്തിച്ചേര്‍ന്നു. പുറത്തേക്കിറങ്ങാന്‍പോലും പ്രയാസമുള്ള നിലയില്‍, ബസിന്‍റെ ഫുട്ബോര്‍ഡിനോളം ഉയരത്തില്‍ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. ഏറെ ദൂരത്തോളം ഒരേ കാഴ്ചയാണ്. പാടശേഖരങ്ങളില്‍ മഴ നിറഞ്ഞുനിൽക്കുമ്പോലെ വെള്ളം പരന്നുകിടക്കുന്നു. നദിയില്‍നിന്നും പുറത്തേക്കാണോ പുറത്തുനിന്നും നദിയിലേക്കാണോ ഒഴുക്ക് എന്നു നിര്‍ണയിക്കാനാവുകയില്ല.

ഓഖ്ലയിലെ ക്യാമ്പിന്‍റെ കാഴ്ച ദയനീയമായിരുന്നു. വെള്ളം ഒഴുകുകയല്ല, തടവിലിട്ടതുപോലെ കെട്ടിനിൽക്കുകയായിരുന്നു, അവിടെ. ക്യാമ്പ് എന്നുപറയാന്‍ അപ്പോള്‍ അവിടെ ഒന്നും അവശേഷിക്കുന്നുണ്ടായിരുന്നില്ല. ജലത്തിനുമുകളില്‍ ടാർപോളിനുകളുടെയും ഫ്ലക്സുകളുടെയും തലകളുയര്‍ന്നുനിന്നു. കുടിലുകളെ താങ്ങിനിര്‍ത്തിയിരുന്ന മുളന്തൂണുകള്‍ നിലത്തുവീണു കിടക്കുന്നു. പൊളിഞ്ഞുകിടക്കുന്ന പൊട്ടിയ ഇഷ്ടികകള്‍. മേല്‍ക്കൂരയും ഭിത്തികളുമായി നിലനിന്നിരുന്ന ഫ്ലക്സ് ബോര്‍ഡുകളുടെ കുറച്ചെല്ലാം കരിഞ്ഞ അവശിഷ്ടങ്ങള്‍.

മാലിന്യങ്ങളില്‍നിന്നും പെറുക്കി അവിടെ ആരോ സൂക്ഷിച്ച ഇരുമ്പുകഷ്ണങ്ങള്‍, കാറുകളുടെയും എ.സികളുടെയും റേഡിയേറ്ററുകള്‍, വാഹനങ്ങളുടെ പൊട്ടിയ ടയറുകള്‍, ചക്രങ്ങള്‍, കുപ്പികള്‍, നനഞ്ഞ കടലാസുകൂനകള്‍, ചട്ടകള്‍, സൈക്കിളുകളുടെ ഭാഗങ്ങള്‍, കേടുവന്ന വളരെ പഴക്കം ചെന്ന റെഫ്രിജറേറ്ററുകള്‍, ഉടുപ്പുകളുടെ അംശങ്ങള്‍, റിബണുകള്‍, ഫാനുകളുടെ ദലങ്ങള്‍: എല്ലാം വശങ്ങളിലായി ചിതറിക്കിടക്കുന്നു. ചെളിയാണ് എല്ലായിടത്തും. അലൂമിനിയം കലങ്ങളും സ്റ്റീല്‍ ഗ്ലാസുകളും പാത്രങ്ങളും അനാഥമായിക്കിടക്കുന്നു.

കെട്ടിക്കിടക്കുന്ന വെള്ളം തെറിപ്പിച്ചു കളിക്കുന്ന ചെറിയ കുട്ടികളെ കണ്ടു. അവരുടെ കളിപ്പാട്ടങ്ങളും പന്തുകളും വെള്ളത്തില്‍ പൊങ്ങിക്കിടപ്പുണ്ട്. ചിതറിക്കിടക്കുന്ന ചെരിപ്പുകളുണ്ട്, പൊട്ടിപ്പിളര്‍ന്നുപോയ ചില്ലുഗ്ലാസുകളുണ്ട്. കുറച്ചപ്പുറത്തായി ആ ക്യാമ്പിലെ മനുഷ്യര്‍ കൂട്ടംകൂടി നിൽക്കുന്നതു കണ്ടു. നിഴലുകളുടേതുപോലുള്ള ഒരു ഭാരരാഹിത്യമുണ്ട് അവരിലെല്ലാം. ആ മുഖങ്ങള്‍ അവിശ്വസനീയമാം വിധം നിസ്സംഗമായിരുന്നു. പ്രാചീനമായ ഒരു കാലത്തിലേക്കു മണ്‍മറഞ്ഞുപോയവരെ അവര്‍ ഓർമിപ്പിക്കുന്നുവെന്നു തോന്നി.

ഞാന്‍ ചെല്ലുമ്പോള്‍ തപോമയിയോ ജഹാനോ അവിടെ ഉണ്ടായിരുന്നില്ല. പക്ഷേ, കൂടിനിൽക്കുന്ന ആളുകള്‍ക്കിടയില്‍ ആ പെണ്‍കുട്ടി –അവളുടെ പേര് പര്‍വീണ എന്നല്ലേ തപോമയി പറഞ്ഞത്? –ഉണ്ടായിരുന്നു. അവളെ കണ്ടപ്പോള്‍ ഞാന്‍ അരികിലേക്കു ചെന്നു.

ഒരുതവണ മാത്രമേ കണ്ടിരുന്നുള്ളൂവെങ്കിലും അവള്‍ക്ക് എന്നെ അറിയാമെന്നു തോന്നുന്നു. അവള്‍ ചിരിക്കുകയോ സംസാരിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. ചോദിച്ചതിനുമാത്രം മൂളുകയോ ഒന്നുരണ്ടു വാക്കുകളില്‍ ഉത്തരം പറയുകയോ ചെയ്തു. ഇന്നലെ വൈകുന്നേരം പര്‍വീണ ക്യാമ്പിലുണ്ടായിരുന്നില്ല, പുറത്ത് ജോലിക്കുപോയിരിക്കുകയായിരുന്നു. തീ കത്തിയതിനെപ്പറ്റി പറഞ്ഞുകേട്ടപ്പോള്‍ വന്നതാണ്. അവളുടെ കുടിലിനായിരുന്നു ആദ്യം തീ പിടിച്ചത്. എത്തിയപ്പോഴേക്കും മഴ തുടങ്ങി. കൂടുതലൊന്നും തനിക്ക് അറിഞ്ഞുകൂടെന്നല്ലാതെ പര്‍വീണ തുടര്‍ന്നില്ല. പര്‍വീണ മാത്രമല്ല, അവിടെ നിന്നിരുന്ന ആളുകളാരും എന്തെങ്കിലും സംസാരിക്കുന്നുണ്ടെന്നു തോന്നിയില്ല. കുട്ടികളുടെ ശബ്ദം മാത്രമാണ് കേള്‍ക്കാനുള്ളത്.

ഉച്ചഭക്ഷണം സംഘടിപ്പിക്കാനായി പോയിരിക്കുകയാണ് തപോമയിയും ജഹാനുമെന്നാണ് അവരില്‍നിന്നും അറിഞ്ഞത്. നനഞ്ഞുകുതിര്‍ന്ന മനുഷ്യര്‍ക്കിടയില്‍ കുട ചൂടിനിന്നുകൊണ്ട് ഞാന്‍ തപോമയി വരുന്നതു കാത്തു. ഇടക്കിടെ മഴ നിലയ്ക്കുകയും പിന്നെ ശക്തിയില്‍ പെയ്യാനാരംഭിക്കുകയും ചെയ്തു. മഴയുടെ കയറ്റിറക്കങ്ങളെ അവിടെ നിൽക്കുന്നവരാരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ലെന്നു തോന്നി. കുട്ടികളെപ്പോലെത്തന്നെ. ആകെയുള്ള വ്യത്യാസം കുട്ടികള്‍ മഴയില്‍ ചലിച്ചുകൊണ്ടിരിക്കുന്നു, മുതിര്‍ന്നവര്‍ നിശ്ചലരായി നിന്ന് മഴ കൊള്ളുകയും. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു റിക്ഷയില്‍ ഭക്ഷണവുമായി അവര്‍ എത്തി. വലിയ രണ്ടോ മൂന്നോ കലങ്ങളും കടലാസു പ്ലേറ്റുകളും താഴെയിറക്കിവെച്ച് ഭക്ഷണം വിളമ്പാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തശേഷം തപോമയി എന്‍റെയരികിലേക്കു വന്നു.

‘‘മൂന്നുമണി കഴിഞ്ഞല്ലോ, ഇവരാരും ഒന്നും കഴിച്ചിട്ടില്ല. തീരെ ചെറിയ കുട്ടികള്‍ക്കു മാത്രമാണ് രാവിലെ എന്തെങ്കിലും കൊടുത്തത്’’, അയാള്‍ പറഞ്ഞു.

അയാള്‍ ആകെ ക്ഷീണിച്ച മട്ടുണ്ടായിരുന്നു. രാത്രിയില്‍ വീട്ടില്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ തന്നെയായിരുന്നു വേഷം. കുറച്ചു പഴയൊരു ടീഷേര്‍ട്ടും മുട്ടോളം ഇറക്കമുള്ള ഷോര്‍ട്സും. നനഞ്ഞ വസ്ത്രങ്ങള്‍ ശരീരത്തിന്‍റെ ചൂടുപറ്റി ഉണങ്ങിത്തുടങ്ങിയതായി കണ്ടു.

‘‘നിങ്ങള്‍ വല്ലതും കഴിച്ചോ?’’ ഞാന്‍ ചോദിച്ചു.

‘‘ഓ, അതു ശരിയാണ്. ഞാനും ഒന്നും കഴിച്ചിട്ടില്ല’’, അയാള്‍ പറഞ്ഞു, ‘‘പക്ഷേ, വിശപ്പുതോന്നുന്നില്ല. എന്നാലും എന്തെങ്കിലും കഴിക്കാം. അവരുടെ ഭക്ഷണം കഴിയട്ടെ.’’

തീ കത്തിപ്പിടിച്ച് നാശമുണ്ടായോ എന്നു ഞാന്‍ ചോദിച്ചു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മുളങ്കാലുകളില്‍ പലതും കരിഞ്ഞിട്ടുണ്ടായിരുന്നു.

‘‘തീയോ മഴയോ! ഇനിയിപ്പോള്‍ ഏതാണ് കൂടുതല്‍ നാശം വരുത്തിയതെന്നു പറയുന്നതില്‍ കാര്യമില്ല’’, അയാള്‍ പറഞ്ഞു, ‘‘തീയിനു കഴിയാഞ്ഞത് വെള്ളം ചെയ്തു എന്നാവാം.’’

‘‘തീ പടര്‍ന്നത് ആകസ്മികമായിട്ടാണെന്നായിരുന്നു ആദ്യം വിചാരിച്ചത്’’, അയാള്‍ പറഞ്ഞു. വിലകുറഞ്ഞ വയറുകളിലൂടെയാണ് വൈദ്യുതി എത്തിയിരുന്നത്. അല്ലെങ്കില്‍ മോശം സ്വിച്ചുകളും വിളക്കുകളുമായിരുന്നു. അവയില്‍നിന്നുള്ള ഷോർട്ട് സര്‍ക്യൂട്ടാവാം. അതല്ലെങ്കില്‍ പാചകം ചെയ്യുന്നതില്‍നിന്നുമാവുമോ? അതൊക്കെയായിരുന്നു സംശയം.

 

‘‘പക്ഷേ, ആരോ കത്തിച്ചതാവാനാണ് സാധ്യതയെന്ന് ജഹാന്‍ ഊഹിക്കുന്നു’’, തപോമയി പറഞ്ഞു. കാരണം, ഏതെങ്കിലും ഒരു സ്ഥലത്തുനിന്നല്ല തീ പടര്‍ന്നിട്ടുള്ളത്. ഷെഡുകളുടെ ഏറ്റവും ഇടത്തും ഏറ്റവും വലത്തും തീയുണ്ടായിരുന്നു. നടുക്കുള്ള ഷെഡിലും അതു കണ്ടു. തപോമയിയുടെ സന്ദേശത്തില്‍ പറഞ്ഞതുപോലെ അന്തരീക്ഷത്തില്‍ പെട്രോളിന്‍റെ മണമുണ്ടായിരുന്നതായി അനുഭവപ്പെട്ടിരുന്നു. പക്ഷേ, അതു പറയാന്‍ അവര്‍ പേടിക്കുന്നുണ്ട്.

ക്യാമ്പിലുള്ളവരെ ഇന്ത്യയില്‍നിന്നുതന്നെ പുറത്താക്കണമെന്ന രീതിയിലുള്ള ശക്തമായൊരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ കുറേക്കാലമായി ഉണ്ടായിരുന്നു. ഒരിക്കല്‍ നഗരത്തില്‍ അതുമായി ബന്ധപ്പെട്ട ഒരു പ്രകടനവും നടന്നതാണ്. അറിയപ്പെടുന്ന ചില നേതാക്കള്‍കൂടി അന്നു പ്രസംഗിച്ചിരുന്നു. ഈ രാജ്യത്തുള്ള മനുഷ്യര്‍ക്കുപോലും ജീവിക്കാനുള്ള സാഹചര്യങ്ങളില്ലാത്തപ്പോള്‍ പുറത്തുനിന്നുള്ള ബാധ്യതകള്‍ കൈയേല്‍ക്കുന്നതെന്തിന്? അതായിരുന്നു അവരുടെ ന്യായം. അതുമാത്രമല്ല, ഈ നാൽപതു ഷെഡുകള്‍ ഭീകരപ്രവര്‍ത്തനത്തിന്‍റെ അടയിരുപ്പുകേന്ദ്രങ്ങളാണെന്ന് അവര്‍ ആരോപിച്ചു. പതിവുപോലെ ഭീകരപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ക്ക് തെളിവ് ആവശ്യമുണ്ടായിരുന്നില്ല. പ്രസ്താവനകള്‍തന്നെ ധാരാളം. ഒന്നോ രണ്ടോ പെറ്റികേസുകളൊഴിച്ച് ആര്‍ക്കെതിരെയും സ്റ്റേഷനുകളില്‍ പരാതിയൊന്നും വന്നിട്ടില്ലായിരുന്നു.

ഉള്ള കേസുകള്‍തന്നെ സംശയാസ്പദവും. മുമ്പു പലപ്പോഴും തപോമയി ജാമ്യമെടുക്കാന്‍ പോയതുപോലുള്ള, ഉറപ്പൊന്നുമില്ലാത്ത മോഷണക്കുറ്റങ്ങള്‍. നന്നായി മോഷ്ടിക്കാനുള്ള ശേഷിയൊന്നും ഇവര്‍ക്കില്ലെന്നായിരുന്നു അപ്പോഴെല്ലാം പോലീസ് സ്റ്റേഷനില്‍ തപോമയിയുടെ വാദം. പോകപ്പോകെ തപോമയിയെ പോലീസുകാരും ഒരു വലിയ ഫലിതമായിട്ടെടുത്തു. അവരും അയാളെ ഇഷ്ടപ്പെടാന്‍ തുടങ്ങി.

‘‘എല്ലാം സൂത്രമാണ്. ഇപ്പോള്‍ നിശ്ശബ്ദരായി അഭിനയിക്കുകയാവാം. അധികം വൈകാതെ ഇവരൊക്കെ പൊട്ടിത്തെറിക്കും.’’ ഒരാള്‍ അഭയാർഥികളെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. നിമിഷങ്ങള്‍ക്കകം പതിനായിരക്കണക്കിനു ലൈക്കുകള്‍ ആ പോസ്റ്റിനു കിട്ടി. നൂറുകണക്കിനു ഗ്രൂപ്പുകളിലേക്ക് അതു ഷെയര്‍ ചെയ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ വായന വശമില്ലാത്തവരായിരുന്നു അധികവും എന്നതുകൊണ്ട് ക്യാമ്പിലുള്ളവര്‍ അതൊന്നും അറിഞ്ഞില്ല.

‘‘ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ?’’ തീപിടിത്തത്തെയും ശേഷം വന്ന പ്രളയത്തെയും കുറിച്ചു ഞാന്‍ തിരക്കി.

‘‘പറ്റാതിരുന്നതു ഭാഗ്യമാണ്. വയസ്സു ചെന്നവരെയും കുട്ടികളേയും മറ്റുള്ളവര്‍ എടുത്തു പുറത്തെത്തിച്ചു. അങ്ങനെ ചെയ്തവരില്‍ ചിലര്‍ക്കു പൊള്ളലേറ്റിട്ടുണ്ട്. പക്ഷേ, കാര്യമായിട്ടില്ല. അതിനിടയ്ക്കല്ലേ മഴ വന്നത്? ഒന്നുരണ്ടുപേരെ അടുത്തുള്ള ക്ലിനിക്കില്‍ കാണിച്ചു മരുന്നു പുരട്ടിയിട്ടുണ്ട്.’’

വൈകാതെത്തന്നെ തപോമയി സംഭവങ്ങള്‍ അറിഞ്ഞിരുന്നു. ഞാന്‍ അയാളുടെ സന്ദേശം ഓർമിച്ചു. മഴ തുടങ്ങിയതുകൊണ്ട് ഭാഗ്യമായി എന്ന് അയാള്‍ അതില്‍ പറഞ്ഞിരുന്നല്ലോ. ജഹാന്‍ ക്യാമ്പിലുണ്ടായിരുന്നില്ല, ഇന്നലെ. അവനെ ചില കാര്യങ്ങള്‍ക്കായി തപോമയി ഗുരുഗാവ് വരെ പറഞ്ഞയച്ചിരിക്കുകായിരുന്നു. എന്നാലും അവനാണ് അയാളെ വിളിച്ചുപറഞ്ഞത്. ക്യാമ്പില്‍ തനിക്കറിയാവുന്ന ആളുകളുടെ നമ്പറിലൊക്കെ തപോമയി വിളിച്ചുനോക്കി. ആരും ഫോണെടുക്കുന്നില്ല. ഫയര്‍ഫോഴ്സുകാരെ വിളിച്ചു. അവര്‍ അറിഞ്ഞിട്ടേയില്ലായിരുന്നു. അതാണ് ഒരത്ഭുതം. പിന്നെ, ഇത്രയും കുറച്ചു ദൂരത്തുനിന്നും അവര്‍ എത്തിച്ചേരാന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ എടുത്തു എന്നതുതന്നെ. അതിനും മുമ്പ് മഴയെത്തി. പിന്നെ അവര്‍ക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

അയാള്‍ കുറച്ചുനേരം നിശ്ശബ്ദനായി. അപ്പുറത്ത് ആ മനുഷ്യര്‍ വെറും നിലത്തെ ചെളിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതു കണ്ടു.

‘‘എല്ലാം പോയി!’’ തപോമയി നെഞ്ചില്‍ കൈ​െവച്ചുകൊണ്ടു പറഞ്ഞു, ‘‘പല ഓഫീസുകളിലും കൊടുക്കാനുള്ള രേഖകളടക്കം, എല്ലാം!’’ അങ്ങനെ പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു. കുറേ നേരത്തേക്ക് അയാള്‍ക്ക് സംസാരിക്കാന്‍ സാധിച്ചില്ല. ഞാന്‍ പതുക്കെ അയാളുടെ ചുമലില്‍ കൈ​െവച്ചു.

‘‘എന്‍റെ കുഴപ്പമാണ്’’, അയാള്‍ പതുക്കെ പറഞ്ഞു. അയാള്‍ വാക്കുകള്‍ കിട്ടാതെ കുറച്ചുനേരം വിഷമിച്ചു. ‘‘എല്ലാ രേഖകളും ജഹാന്‍ തയാറാക്കിയിരുന്നു. രണ്ടു ദിവസം മുമ്പ് അവനെന്നെ വിളിച്ചതുമാണ്. ഞാന്‍ അടുത്തയാഴ്ചയോടെ വന്നു വാങ്ങിക്കാമെന്നു വിചാരിച്ചു. അവനോടുതന്നെ അവിടെയെല്ലാം കൊണ്ടുവന്നു തരാന്‍ പറഞ്ഞാല്‍ മതിയായിരുന്നു.’’

‘‘അതെല്ലാം നമുക്ക് പിന്നീട് ആലോചിക്കാം’’, ഞാന്‍ പറഞ്ഞു. പക്ഷേ, അക്കാര്യത്തില്‍ എനിക്കുതന്നെ ഒട്ടും ഉറപ്പുണ്ടായിരുന്നില്ല. എല്ലാ രേഖകളും കൃത്യമായാല്‍പോലും പലവിധ കാരണങ്ങള്‍ പറഞ്ഞ് പദ്ധതികള്‍ മുടക്കുകയോ നീട്ടിക്കൊണ്ടുപോവുകയോ ചെയ്യുന്ന ഒരു രീതി ഔദ്യോഗിക മേഖലകളില്‍ എവിടേയുമുണ്ട്. സാധുക്കളായ മനുഷ്യരെ ബുദ്ധിമുട്ടിക്കാനുള്ള അവകാശത്തെയാണ് നാം പലപ്പോഴും അധികാരമെന്ന പേരിട്ടു വിളിക്കുന്നതെന്നു തോന്നും. അതിനുള്ള കേന്ദ്രങ്ങളാണ് മിക്കവാറും എല്ലാ ഓഫീസുകളും.

‘‘കുറേ പേരുടെ രേഖകളും പോയി. എത്രകാലംകൊണ്ട് ഉണ്ടാക്കിയെടുത്തതാണ്! ഇനി അതൊക്കെ എവിടെനിന്നു കിട്ടാന്‍!’’

അയാള്‍ സൂചിപ്പിക്കുന്നത് ഐക്യ രാഷ്ട്രസഭയുടെ അഭയാർഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വിഭാഗമായ UNCHRല്‍നിന്നും കിട്ടുന്ന കാര്‍ഡിനെക്കുറിച്ചാണ്. അവരുടെ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കിട്ടുന്ന രേഖയാണ് അത്. ഓരോ അഭയാർഥിയുടെ കൈയിലും ഉണ്ടാവും അത്തരമൊരു കാര്‍ഡ്. അതുകൊണ്ടു വലിയ കാര്യമുണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല. കാരണം ഇന്ത്യ ആ രേഖയെ അംഗീകരിക്കുന്നില്ല, ഐക്യ രാഷ്ട്രസഭയുടെ അത്തരം ഉടമ്പടികളില്‍ രാജ്യം പങ്കാളിയല്ല. പക്ഷേ, ഈ മനുഷ്യരെ സംബന്ധിച്ച് അതു മാത്രമേയുള്ളൂ. ആര് എന്തു ചോദിച്ചാലും എടുത്തുകാട്ടാന്‍ ലാമിനേറ്റു ചെയ്ത ആ ഒരൊറ്റ കാര്‍ഡ് മാത്രം. അധികം പേര്‍ക്കും സ്വയം വായിക്കാനാവാത്ത ചില അക്ഷരങ്ങള്‍, തെളിച്ചമില്ലാത്ത ഒരു ഫോട്ടോഗ്രാഫ്. നാഡീമിടിപ്പുപോലെ, ഭൂമിയില്‍ ജീവിച്ചിരിക്കുന്നു എന്നതിനുള്ള ഒരു തെളിവ്. തീയിലും വെള്ളത്തിലും പോയത് അതൊക്കെയായിരുന്നു.

മനസ്സിലാക്കിയേടത്തോളം പെട്ടെന്ന് ഷെഡുകള്‍ തീ കത്തിക്കാനുള്ള കാരണം വിചിത്രമായിരുന്നു. കുറച്ചുനാള്‍ മുമ്പ് വിദേശത്തെവിടെയോ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം വാശിയേറിയ ഒരു കളി തോറ്റു. തോറ്റ സമയത്ത് ഈ ക്യാമ്പില്‍നിന്നും പടക്കം പൊട്ടി എന്നാണ് ആരോപണം. ഒന്നോ രണ്ടോ പടക്കം പൊട്ടിക്കാണും. അതു ക്രിക്കറ്റിന്‍റെ ചെലവിലൊന്നുമാവില്ല. ദീപാവലി കഴിഞ്ഞപ്പോള്‍ പൊട്ടാതെ കിടന്ന പടക്കങ്ങള്‍ പെറുക്കിക്കൂട്ടിയിട്ടുണ്ടാവും, കുട്ടികള്‍. അവയില്‍ വളരെയപൂർവമേ പൊട്ടുകയുള്ളൂ. അതു കൊണ്ടുവന്ന് ആഘോഷിച്ച സമയത്ത് ക്രിക്കറ്റ് ടീം തോറ്റതാവാനാണ് വഴി. ഏതായാലും ആ രീതിയിലുള്ള പോസ്റ്ററുകളാണ് അടുത്ത ദിവസങ്ങളില്‍ ക്യാമ്പിനടുത്തു പ്രത്യക്ഷപ്പെട്ടത്. നഗരത്തില്‍, തപോമയിയുടെ ഓഫീസിനു മുന്നിലും അത്തരമൊന്ന് കൊണ്ടുവന്ന് ഒട്ടിച്ചിരുന്നു.

അയാള്‍ ചോദിച്ചു: ‘‘ആര്‍ക്കാണ് ഇവിടെ ക്രിക്കറ്റൊക്കെ അറിയുന്നത്? അന്നാട്ടില്‍ അതൊന്നുമില്ല. ഇനി കുട്ടികള്‍ വല്ല പന്തും കോലും ​െവച്ചു കളിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും വിദേശത്തു നടക്കുന്ന മത്സരമൊക്കെ അവരു ശ്രദ്ധിക്കുമോ? എല്ലാം കരുതിക്കൂട്ടിയുണ്ടാക്കുന്ന കാരണങ്ങളാണ്.’’

അപ്പോള്‍ ജഹാന്‍ ഒരു പാത്രത്തില്‍ കുറച്ചു ഭക്ഷണവുമായി തപോമയിയുടെ അരികിലേക്കു വന്നു.

‘‘എനിക്കൊരു ചെറിയ പ്രശ്നമുണ്ട്’’, ഒറ്റയൊറ്റ വറ്റെടുത്ത് പക്ഷികളെപ്പോലെ ഭക്ഷണം കഴിക്കുമ്പോള്‍ തപോമയി പറഞ്ഞു, ‘‘ചില ഘട്ടങ്ങളില്‍ സംസാരിക്കാന്‍ പറ്റാതാവും. വാക്കുകള്‍ കിട്ടിയെന്നു വരില്ല. ചെറുപ്പത്തില്‍ അതു കൂടുതലായിരുന്നു. കുറേ ചികിത്സകളൊക്കെ ചെയ്തു. പരിശീലനങ്ങള്‍ക്കു പോയി. നില മെച്ചപ്പെട്ടു. എന്നാലും അപൂര്‍വം ചില സമയങ്ങളില്‍ അങ്ങനെ ഉണ്ടാവും. കുറേ വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് അത് വീണ്ടും വന്നു. അതാണ് രാവിലെ വിളിക്കുമ്പോള്‍ കുറച്ചുനേരം ഒന്നും പറയാതിരുന്നത്.’’

പിന്നെ അയാള്‍ പര്‍വീണയുടെ കാര്യം പറഞ്ഞു. അവളുടെ കുടിലിലാണ് തീ പിടിച്ചത്. അവള്‍ സൂക്ഷിച്ചുവെച്ച നാലായിരം രൂപയുണ്ടായിരുന്നു. അതും കരിഞ്ഞുപോയി. അവള്‍ക്ക് തുകല്‍പ്പണിയായിരുന്നു. ചത്തുപോയ മൃഗങ്ങളുടെ തുകല്‍ ഊറക്കിടുന്ന സ്ഥലത്തുള്ള ജോലി. നാറ്റംകൊണ്ട് അവിടെയടുത്തേക്കു പോകാന്‍ പറ്റില്ല. ശ്വാസം മുട്ടിക്കുന്ന ജോലിയാണെങ്കിലും പര്‍വീണ അവിടെ പോയത് കുറച്ചു പണം കൂടുതല്‍ കിട്ടും എന്നതുകൊണ്ടായിരുന്നു. എല്ലാ ദിവസവും പണിയുണ്ട്. പക്ഷേ, കുറേക്കഴിഞ്ഞപ്പോള്‍ തീരെ പറ്റാതെയായിരിക്കുന്നു. ഇപ്പോള്‍ എല്ലാദിവസവും പോകാന്‍ സാധിക്കുന്നില്ല. വീട്ടില്‍കൊണ്ടുപോയി തന്‍റെ അച്ഛനെ പരിചരിക്കാന്‍ നിര്‍ത്തിയാലോ എന്നാലോചിക്കുന്നുണ്ട്. പക്ഷേ, ഹോം നഴ്സായി പ്രവര്‍ത്തിക്കാന്‍ അവള്‍ക്കു പ്രശ്നങ്ങളുണ്ട്. പരിശീലനമില്ല, രേഖകളില്ല. പിന്നെ അഭയാർഥികളിലൊരാളെ വീട്ടില്‍ ജോലിക്കു കൊണ്ടുനിര്‍ത്തിയാല്‍ ആളുകള്‍ പ്രശ്നമുണ്ടാക്കുമെന്നു പേടിയുണ്ട്. എന്നാലും നോക്കണം. രാജുവിന്‍റെ കാലാവധി തീര്‍ന്നാല്‍ പിന്നെ അയാളെ വേണ്ടെന്നുവെക്കാം.

ഒരു ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചതുകൊണ്ട് സംഘടനയുടെ സീലുകളും കുറച്ചു ലെറ്റര്‍ ഹെഡുകളും സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് ജഹാന്‍ പറഞ്ഞു.

‘‘എന്നാല്‍ എന്‍റെ പാസ്പോര്‍ട്ട് കാണാനില്ല സര്‍. അതു ഞാന്‍ ടി.വിയുടെ മേലേ ​െവച്ചിരിക്കുകയായിരുന്നു. ടീവി തന്നെ ഒഴുകിപ്പോയി.’’

 

ഞാന്‍ അയാളുടെ പാസ്പോര്‍ട്ടിനെക്കുറിച്ച് ഓർമിച്ചു. അതിര്‍ത്തിപ്രദേശത്തു​െവച്ച് അയാള്‍ അമ്മയുടെ കമ്മല്‍ വിറ്റുകിട്ടിയ പണംകൊണ്ടു സമ്പാദിച്ച പാസ്പോര്‍ട്ട്. അതില്‍ പക്ഷേ, അയാളുടെ പേരോ ചിത്രമോ ഉണ്ടായിരുന്നില്ല എന്നല്ലേ പറഞ്ഞത്? എന്നാലും ഒരുതരത്തില്‍ അത് പാസ്പോര്‍ട്ട് തന്നെയായിരുന്നു. രണ്ട് അതിര്‍ത്തികള്‍ അയാള്‍ക്കു കടന്നുപോരാന്‍ കഴിഞ്ഞത് അതു വീശിക്കാണിച്ചതുകൊണ്ടല്ലേ! ആരുമല്ലാത്ത ഒരാളുടേതായതുകൊണ്ടാണ് അതില്‍ ഫോട്ടോയോ പേരോ ഇല്ലാതിരുന്നതെന്ന് തപോമയി മുമ്പ് പറഞ്ഞത് ഞാനോർമിച്ചു.

ഇപ്പോള്‍ അതുമില്ലാതായി. രേഖകളൊന്നുമില്ലാത്ത, ശൂന്യമനുഷ്യനായി അയാള്‍ മാറി.

‘‘ചിലപ്പോള്‍ അതും ഒരു ഭാഗ്യമാണെന്നു തോന്നും. ഒന്നും സൂക്ഷിക്കേണ്ട എന്നതുതന്നെ വലിയ സ്വാതന്ത്ര്യമാണ്.’’ അയാള്‍ ആകാശത്തേക്കു കൈകളുയര്‍ത്തിക്കൊണ്ട് ഞങ്ങളെ നോക്കി ചിരിച്ചു. ഭാരമില്ലായ്മയുടെ ചിരി. അയാള്‍ ചിരിക്കുന്നത് ആദ്യമായി കാണുകയാണെന്ന് അപ്പോള്‍ ഞാനോര്‍ത്തു.

–ഇക്കാലത്ത് ഒരാള്‍ക്ക് ചിരിക്കാനറിയാമെന്നു വരുന്നതുതന്നെ ഒരത്ഭുതമല്ലേ?

(തുടരും)

News Summary - weekly novel