Begin typing your search above and press return to search.
proflie-avatar
Login

തപോമയിയുടെ അച്ഛൻ

തപോമയിയുടെ അച്ഛൻ
cancel

ഞാനാകെ തകര്‍ന്നുപോയി. പിന്നീട് ഒന്നിലും എനിക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചില്ല. എന്നെ അവര്‍ പിരിച്ചുവിടും എന്ന് ഉറപ്പായിരുന്നു. പക്ഷേ, ശിക്ഷിക്കുമോ? സൈനികരായിരുന്നു ആ വാഹനത്തില്‍. അവരുടെ കൈവശം തോക്കുകള്‍ കാണും. പട്ടാളക്കാരന്‍ എന്നെ പ്രഹരിച്ചതിന്‍റെ നീറ്റം ഇപ്പോഴും മുഖത്തുനിന്നും വിട്ടുപോയിട്ടില്ല. ഓടിപ്പോയാലോ എന്ന് ഒരുവേള ഞാന്‍ ആലോചിച്ചു. പക്ഷേ, എവിടേക്ക്? പോയാലും അവരെന്നെ പിടികൂടാതിരിക്കില്ല. കുറച്ചുനേരം അവിടെ നിലത്തു കുന്തിച്ചിരുന്നു. ചുറ്റുപാടും ചിതറിക്കിടക്കുന്ന പത്രങ്ങളുടെ നിര. പക്ഷേ, ആ പദപ്രശ്നങ്ങളൊന്നും എന്നെയപ്പോള്‍ ആകര്‍ഷിക്കുന്നുണ്ടായിരുന്നില്ല. അങ്ങനെ ഏറെനേരം...

Your Subscription Supports Independent Journalism

View Plans

ഞാനാകെ തകര്‍ന്നുപോയി. പിന്നീട് ഒന്നിലും എനിക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചില്ല. എന്നെ അവര്‍ പിരിച്ചുവിടും എന്ന് ഉറപ്പായിരുന്നു. പക്ഷേ, ശിക്ഷിക്കുമോ? സൈനികരായിരുന്നു ആ വാഹനത്തില്‍. അവരുടെ കൈവശം തോക്കുകള്‍ കാണും. പട്ടാളക്കാരന്‍ എന്നെ പ്രഹരിച്ചതിന്‍റെ നീറ്റം ഇപ്പോഴും മുഖത്തുനിന്നും വിട്ടുപോയിട്ടില്ല. ഓടിപ്പോയാലോ എന്ന് ഒരുവേള ഞാന്‍ ആലോചിച്ചു. പക്ഷേ, എവിടേക്ക്? പോയാലും അവരെന്നെ പിടികൂടാതിരിക്കില്ല. കുറച്ചുനേരം അവിടെ നിലത്തു കുന്തിച്ചിരുന്നു. ചുറ്റുപാടും ചിതറിക്കിടക്കുന്ന പത്രങ്ങളുടെ നിര. പക്ഷേ, ആ പദപ്രശ്നങ്ങളൊന്നും എന്നെയപ്പോള്‍ ആകര്‍ഷിക്കുന്നുണ്ടായിരുന്നില്ല.

അങ്ങനെ ഏറെനേരം കഴിഞ്ഞു. ചില വാഹനങ്ങള്‍ വന്നു, യാന്ത്രികമായി ഞാന്‍ വാതില്‍ തുറക്കുകയും അടക്കുകയും ചെയ്തു. അഞ്ചുമണി നേരമായപ്പോള്‍ ദൂരെ ഫാക്ടറിയില്‍നിന്നും ഒരു സൈറണ്‍ വിളി കേട്ടു. ഈ സമയത്ത് എനിക്കു പകരമുള്ള കാവല്‍ക്കാരന്‍ വരേണ്ടതാണ്. പക്ഷേ, ഞങ്ങള്‍ തമ്മിലുള്ള ഒരു ധാരണയനുസരിച്ച് അയാള്‍ കുറച്ചുകൂടി വൈകും. അയാള്‍ വന്നാലും കുറേക്കൂടി നേരം അവിടെത്തന്നെയിരുന്ന ശേഷം ഏറെ വൈകിയാണ് ഞാന്‍ ഞങ്ങള്‍ക്കു താമസിക്കാനുള്ള സമുച്ചയത്തിനു പിന്നിലെ ഒരു ചെറിയ പുരയിലേക്കു പോവുക. അപ്പോള്‍ വിചിത്രമായ ഒരു സംഗതിയുണ്ടായി.

ഒരുതവണ വിളിച്ചു നിര്‍ത്തിയ സൈറണ്‍ വീണ്ടും വിളിക്കുന്നു. തെറ്റിയതാവുമോ? അതോ, ഫാക്ടറിയില്‍ എന്തെങ്കിലും അപകടമുണ്ടായിക്കാണുമോ? ഏതായാലും അതൊരു സൂചനയാണെന്ന് എനിക്കു തോന്നി. ഇനി ഇവിടെ നിൽക്കേണ്ട. പകരക്കാരനായ കാവല്‍ക്കാരന്‍ വരുമ്പോള്‍ വരട്ടെ. ഞാന്‍ കോമ്പൗണ്ടിനുള്ളിലേക്കു തിരിഞ്ഞുനോക്കി. ഉച്ചസമയത്തു വന്ന വാഹനം പാര്‍ക്കിങ് സ്ഥലത്തു നിര്‍ത്തിയിട്ടിരിക്കുകയാണ്. അവര്‍ പോയിട്ടില്ലെന്നാണ് അതിന്‍റെയർഥം. കുറച്ചു കഴിയുമ്പോള്‍ തീര്‍ച്ചയായും അവര്‍ വരും, എന്നെ വിളിക്കുകയും തക്കതായ ശിക്ഷ വിധിക്കുകയും ചെയ്യും. ഞാന്‍ പുറത്തേക്കു പോകാനായി വാതില്‍ തുറന്നു.

‘‘ഏയ്, നീ കൂടെ വാ.’’ അപ്പോള്‍ വാഹനത്തിന്‍റെ ഡ്രൈവറായ പട്ടാളക്കാരന്‍ കൈകൊട്ടി വിളിച്ചു. അയാളുടെയൊപ്പം അപ്പോള്‍ എന്നെ ജോലിക്കു നിര്‍ത്തിയ കെട്ടിടത്തിന്‍റെ മാനേജര്‍കൂടിയുണ്ടായിരുന്നു. ഞാന്‍ തിരിഞ്ഞ് അവരുടെ നേര്‍ക്കു ചുവടുവെച്ചു.

‘‘സാബുമാര്‍ വരുമ്പോള്‍ നീ കിടന്നുറങ്ങിപ്പോയോ?’’ മാനേജര്‍ രോഷത്തോടെ തിരക്കി.

‘‘എങ്കില്‍ മനസ്സിലാക്കാമായിരുന്നു’’, പട്ടാളക്കാരന്‍ രോഷത്തോടെ പറഞ്ഞു, ‘‘ഇവന്‍ കുട്ടികളെപ്പോലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ പത്തു മിനിറ്റെങ്കിലും വെളിയില്‍ കാത്തുനിന്നു.’’ എനിക്കു ശിക്ഷ വാങ്ങിത്തന്ന് മേലുദ്യോഗസ്ഥരുടെ മുന്നില്‍ മേനിനടിക്കാനുള്ള ഒരു ഭ്രമം അയാളുടെ വാക്കുകളിലുണ്ടായിരുന്നു. പക്ഷേ, എന്‍റെ വിധിയാണ്. അല്ലെങ്കില്‍ എന്‍റെ പിഴവാണ്, ആരെ പഴിച്ചിട്ടെന്ത്!

‘‘പോയി മാപ്പ് പറഞ്ഞേക്ക്. എന്നിട്ട് ബാക്കിയുള്ള കൂലി വാങ്ങി സ്ഥലം വിട്ടോ’’, മാനേജര്‍ പറഞ്ഞു. അയാള്‍ ഇതുവരെ എന്നോട് ഇത്രയും രൂക്ഷമായി സംസാരിച്ചിട്ടില്ല. എല്ലാം എന്‍റെ കുഴപ്പമാണല്ലോ. എനിക്ക് ഒന്നും പറയാനായില്ല. എന്‍റെ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ പ്രവഹിക്കുന്നുണ്ടായിരുന്നു.

ഞാന്‍ അവരെ അനുഗമിച്ചു. മുറ്റത്തെ മരങ്ങളുടെമേല്‍ പോക്കുവെയില്‍ പടര്‍ന്നുകിടന്നു. ഉയര്‍ന്നും താഴ്ന്നും കളിക്കാവുന്ന ഊഞ്ഞാലുകള്‍ക്കു ചുറ്റും ചെറിയ കുട്ടികള്‍ ഓടിക്കളിക്കുന്നുണ്ടായിരുന്നു. പക്ഷേ, അവരെല്ലാം വെറും നിഴലുകള്‍ പോലെയായിരുന്നു എനിക്ക്. പതുക്കെപ്പതുക്കെ അന്ത്യവിധിയിലേക്ക് അടുക്കുന്നവനെപ്പോലെ ഞാന്‍ നടന്നു. ആ കെട്ടിടസമുച്ചയത്തിലെത്തന്നെ വലിയൊരു ബംഗ്ലാവിലേക്കാണ് ഞങ്ങള്‍ പ്രവേശിച്ചത്. ഇത്രയും നാള്‍ ഇവിടെ കാവല്‍ നിന്നിട്ടും ഒരിക്കലും വീടുകളുടെ അകത്തളങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

ബംഗ്ലാവിനുള്ളിലേക്കു പ്രവേശിച്ചപ്പോള്‍ ഒരു സ്ഥലകാലവിഭ്രമം എന്നെ ബാധിച്ചു. അത്രയും കമനീയമായിരുന്നു ആ വീടുകളുടെ ഉള്‍മുറികള്‍. ആ ചുവരുകള്‍പോലും പ്രകാശിക്കുന്നു. ഇരിപ്പിടങ്ങളും മേശകളുമൊക്കെ ഭംഗിയില്‍ നിരത്തിയിട്ടിരിക്കുന്നു. അലങ്കാരസമൃദ്ധമായ വാതിലുകള്‍, ചിത്രങ്ങള്‍. മൃഗശിരസ്സുകള്‍ ശിൽപങ്ങളെപ്പോലെ ചുവരില്‍ തൂങ്ങുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന പങ്കകള്‍. ഇതെല്ലാം ശരിക്കും ഉള്ളതാണോ എന്നൊരു തോന്നല്‍ എന്നെ അലട്ടി. ഒരിക്കലും മനസ്സിലാക്കാനാവാത്ത പദപ്രശ്നങ്ങള്‍ പോലെയാണ് വലിയവരുടെ ജീവിതം. അവ നമ്മെ കുഴക്കുന്നു.

അവിടെ കറങ്ങുന്ന കസേരകളിലായി മൂന്നുപേര്‍ ഇരിപ്പുണ്ടായിരുന്നു. ഒരാള്‍ തലപ്പാവു ​െവച്ച ഒരു സിഖുകാരനാണ്. നല്ല ഉയരമുള്ള മനുഷ്യന്‍. അദ്ദേഹമാണ് നടുക്കുള്ള കസേരയില്‍ ഇരിക്കുന്നത്. മറ്റൊരാള്‍ കുറച്ചു തടിച്ച് കഴുത്തും മുഖവും ഏതാണ്ട് ഒട്ടിയപോലിരിക്കുന്നു. ഇനിയുമൊരാളുടെ മുഖം വ്യക്തമല്ല, അദ്ദേഹം എന്തോ കടലാസുകള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതോ എഴുതുകയോ! എല്ലാവരും വലിയ ഉദ്യോഗസ്ഥന്മാരെപ്പോലെയുള്ള ഉടുപ്പുകളും തൊപ്പികളും ധരിച്ചിരുന്നു. അനവധി നക്ഷത്രങ്ങള്‍ അവരുടെ ഉടുപ്പുകളെ അലങ്കരിക്കുന്നു. എന്നെ കൂട്ടിക്കൊണ്ടുപോയ പട്ടാളക്കാരന്‍ അവരുടെ നേര്‍ക്കുനോക്കി അഭിവാദ്യം ചെയ്തു.

‘‘മാപ്പു പറയാന്‍ വന്നിരിക്കയാണ്, സാബ്’’, അയാള്‍ പറഞ്ഞു.

‘‘മാപ്പോ? ആരാണിയാള്‍?’’ തടിച്ച ഓഫീസര്‍ ചോദിച്ചു.

‘‘ഉച്ചക്ക് വാതില്‍ തുറക്കാന്‍ വൈകിയ കാവല്‍ക്കാരന്‍.’’ പട്ടാളക്കാരന്‍ മറുപടി പറഞ്ഞു.

തലപ്പാവുകാരന്‍ ചിരിച്ചുകൊണ്ടു ചോദിച്ചു: ‘‘എന്താ നീ ഉറങ്ങിപ്പോയോ?’’

ഞാന്‍ ഒന്നും പറഞ്ഞില്ല. കണ്ണുകള്‍ നനഞ്ഞിരുന്നത് അവര്‍ കാണാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു.

‘‘പത്രത്തിലെ കളി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു’’, പട്ടാളക്കാരന്‍ പറഞ്ഞു, ‘‘ഒരു ആയിരം പത്രമെങ്കിലും കാണും ആ മുറിയില്‍.’’

‘‘ഇത്തരം കുട്ടിക്കളി കളിച്ചുകൊണ്ടിരിക്കുന്നവരെയാണോ നിങ്ങള്‍ സെക്യൂരിറ്റി നിര്‍ത്തുന്നത്?’’ സിഖുകാരനായ ഓഫീസര്‍ വീണ്ടും ചിരിച്ചു. അദ്ദേഹത്തിന്‍റെ ശബ്ദം കനത്തതായിരുന്നു. പക്ഷേ, ചോദ്യത്തില്‍ കാലുഷ്യമുണ്ടെന്നു തോന്നിയില്ല. മാനേജര്‍ കൈകൂപ്പി നിന്നു. അവര്‍ മറ്റേതോ ജോലിയില്‍ മുഴുകിയിരിക്കുകയാണെന്നു തോന്നിച്ചു. ഇടക്കിടെ ശബ്ദം താഴ്ത്തി സംസാരിക്കുകയും ചില കടലാസുകള്‍ കൈമാറി വായിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പെരുമാറ്റംകൊണ്ട് അവര്‍ ഉന്നതരായ പട്ടാളക്കാരാണെന്ന് എനിക്കു മനസ്സിലായി. ആരും അവരോട് എന്തെങ്കിലും ചോദിക്കുകയോ തിരിച്ചുപറയുകയോ ഒന്നും ചെയ്യുന്നില്ല.

‘‘നീയെന്താണ് കളിക്കുന്നത്?’’ കുറച്ചുനേരം കഴിഞ്ഞ് സിഖുകാരന്‍ എന്‍റെ നേരെ നോക്കിക്കൊണ്ടു ചോദിച്ചു. അദ്ദേഹം തന്‍റെ ജോലി തീര്‍ത്തിരിക്കുന്നുവെന്നു തോന്നി. ആ മുഖത്തെ ചെറിയ പുള്ളികള്‍പോലും എനിക്കിപ്പോഴും ഓർമയുണ്ട്. അവരുടെ ചെറിയ ചലനങ്ങള്‍പോലും എന്‍റെ വിധി നിര്‍ണയിക്കുമെന്നു ഞാന്‍ ഭയന്നിരുന്നു. എന്‍റെ ജീവിതം തുലാസ്സില്‍ ആടിനിന്ന നേരങ്ങള്‍...

അദ്ദേഹം ഭംഗിയുള്ള ഒരു കേസില്‍നിന്നും ഒരു സിഗരറ്റെടുത്തു കൈയില്‍പ്പിടിച്ചു. വീണ്ടും എന്നെ നോക്കി.

‘‘ചില... പദപ്രശ്നങ്ങള്‍...’’ ഞാന്‍ വിക്കി.

‘‘ക്രോസ് വേഡ്സ്?’’ അദ്ദേഹം ചിരിച്ചു.

‘‘ഏതു പത്രത്തില്‍?’’ എഴുതിക്കൊണ്ടിരിക്കുന്ന, അതുവരെ നിശ്ശബ്ദനായിരുന്ന ഓഫീസറാണ് അതു തിരക്കിയത്. അപ്പോഴും അദ്ദേഹം മുഖമുയര്‍ത്തിയില്ല.

–ഒന്നല്ല, ഞാന്‍ പല പത്രങ്ങളുടെ പേരു പറഞ്ഞു.

അതു കേട്ടപ്പോള്‍ ചോദ്യം ചോദിച്ച ഓഫീസര്‍ മുഖമുയര്‍ത്തി എന്നെ നോക്കി. എന്നിട്ടു തുടര്‍ന്നു. ‘‘റിയലി?’’

ഞാന്‍ തലയാട്ടി. പിന്നെ അങ്ങനെ ചെയ്തത് ശരിയാണോ എന്നു സംശയിച്ചു.

അപ്പോള്‍ അദ്ദേഹം തിരക്കി: ‘‘ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയിലെ പ്രശ്നം സോള്‍വ് ചെയ്തോ?’’

മറ്റു രണ്ടുപേരും ഒരു ഫലിതം കേട്ടതുപോലെ ചിരിച്ചു.

അദ്ദേഹം ശരിക്കും എന്നെ പരിഹസിക്കുകയാണെന്ന് എനിക്കു തോന്നി. ഒന്നും പറയാതെ ഞാന്‍ ആ മുഖത്തേക്കു നോക്കിനിന്നു.

‘‘എന്താ ചോദിച്ചതു കേട്ടില്ലേ? ഇന്നത്തെ ക്വോട്ട കഴിഞ്ഞോ എന്നാ ചോദിച്ചത്.’’ തടിച്ച മനുഷ്യന്‍ പരിഹാസത്തോടെ എന്നെ നോക്കി. അദ്ദേഹം തന്‍റെ കൈയിലുള്ള സിഗരറ്റ് ലൈറ്റര്‍ തലപ്പാവുകാരനു കൊടുത്തു. പുകയിലയുടെ സുഖകരമായ ഗന്ധം ആ മുറിയില്‍ പടര്‍ന്നു.

 

‘‘ഉവ്വ്, സര്‍.’’ ഞാന്‍ പിറുപിറുക്കുന്നതുപോലെ പറഞ്ഞു.

കടലാസില്‍ നോക്കിക്കൊണ്ടിരുന്ന ഓഫീസര്‍ ഡ്രൈവറോടു പറഞ്ഞു: ‘‘കാറിന്‍റെ പിന്‍സീറ്റില്‍ ഇന്നത്തെ പത്രമുണ്ട്. താന്‍ പോയി അതെടുത്തു കൊണ്ടുവരൂ.’’

–അയാള്‍ അതുമായി തിരികെ വന്നു.

പത്രം എന്‍റെ നേര്‍ക്കു നീട്ടിക്കൊണ്ട് അദ്ദേഹം ചോദിച്ചു. ‘‘ഇതിലെ ക്രോസ് വേഡില്‍, 6ാമത്തെ വരിയില്‍ വലത്തോട്ടുള്ള എട്ടക്ഷരമുള്ള വാക്ക് ഏതാണ്? നിങ്ങള്‍ പൂരിപ്പിച്ചു എന്നു പറഞ്ഞ പദപ്രശ്നത്തില്‍നിന്നുതന്നെയാണ്.’’

‘STRAIGHT’ ഞാന്‍ പെട്ടെന്നു പറഞ്ഞു. പത്രത്തിലേക്കു നോക്കാതെത്തന്നെ അതെനിക്കറിയാമായിരുന്നു.

‘‘ങേ? Straight. അതുകൊള്ളാമല്ലോ.’’ അദ്ദേഹം എന്‍റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. പിന്നെ ആ പദപ്രശ്നത്തെ ഒന്നുകൂടി പരിശോധിച്ചു. ആ മുഖം സന്തോഷംകൊണ്ടു വികസിക്കുന്നത് എനിക്കപ്പോള്‍ അറിയാം. അദ്ദേഹം പറഞ്ഞു. ‘‘കൃത്യമായിരിക്കുന്നു. വെരി ഗുഡ്. ഇത്രയും സരളമായ വാക്കായിട്ടും എനിക്കതു തോന്നിയില്ല.’’

‘‘ഓ! എസ്.എസ്’’, അങ്ങനെയാണ് സിഖുകാരനായ ഓഫീസര്‍ അദ്ദേഹത്തെ വിളിച്ചത്, ‘‘നിങ്ങള്‍ക്കും ഈ അസുഖമുണ്ടോ?’’ ‘‘പ്രൈം മിനിസ്റ്റര്‍ക്കുപോലുമുണ്ട് സര്‍, ഈ ഹോബി. അവര്‍ ദിവസവും പ്രഭാതത്തില്‍ ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു ക്രോസ് വേഡ് പൂരിപ്പിക്കുമെന്ന് ജനറല്‍ അറോറ ഒരു മീറ്റിങ്ങില്‍ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.’’ അദ്ദേഹം ചിരിച്ചു.

‘‘എന്താ നിങ്ങളുടെ പേര്?’’ അദ്ദേഹം വീണ്ടും എന്‍റെ നേര്‍ക്കു തിരിഞ്ഞു. ഞാന്‍ പേരു പറഞ്ഞു.

‘‘ആട്ടേ ഗോപാല്‍, കണക്കുകളുടെ ഗെയിമുകളും നിങ്ങള്‍ നോക്കാറുണ്ടോ?’’ അദ്ദേഹം ചോദിച്ചു.

കണക്കുകളും ഞാന്‍ നോക്കാറുള്ളതാണ്. കണക്കുകളെന്നല്ല, വിനോദത്തിന്‍റെ പേജില്‍ വരുന്ന പ്രശ്നങ്ങളിലൂടെയാണ് എന്‍റെ ജീവിതം. അതിലെ ഓരോ അക്ഷരവും ഒാരോ വാക്കും ഞാന്‍ വായിച്ചു പഠിക്കുന്നു, ഹൃദിസ്ഥമാക്കുന്നു. പക്ഷേ, ഉത്തരം എന്തുപറയും എന്നറിയാതെ ഞാന്‍ നിശ്ശബ്ദനായി.

‘‘ആട്ടെ. മിനിയാന്ന് ഞായറാഴ്ചയിലെ ടൈംസ് ഓഫ് ഇന്ത്യയുടെതന്നെ വീക്കെന്‍ഡ് മാസികയില്‍, ഒരു...യേസ്, ഒമ്പത് അക്കങ്ങളുള്ള ഒരു സീരീസ് ഉണ്ടായിരുന്നു. ആ നമ്പര്‍ ഗെയിം. ഏറ്റവും വലത്തേ അറ്റത്തുള്ള കോളം. താഴോട്ട്. ശരിക്കും അതു രണ്ടു സംഖ്യകളുടെ കോമ്പിനേഷനായിട്ടാണ് എനിക്കു തോന്നിയത്. പക്ഷേ, എനിക്കതു ശരിയാകുന്നില്ല. ഒന്നു വയ്ക്കുമ്പോള്‍ ഇടതുഭാഗത്തുള്ള നമ്പറുകള്‍ പിഴയ്ക്കുന്നു.’’

അദ്ദേഹം ആ പത്രം എടുത്തുകൊണ്ടുവരാനായി ഡ്രൈവറെ വീണ്ടും വിളിച്ചു.

‘‘ആദ്യത്തേത് 1597 എന്നാണ് സര്‍.’’ എനിക്കതു പെട്ടെന്നുതന്നെ മനസ്സിലായി. പത്രം കാണേണ്ട ആവശ്യമൊന്നുമില്ല. ആ നമ്പറിനുവേണ്ടി ഞാന്‍ കുറേ നേരം പണിയെടുത്തതാണല്ലോ.

അദ്ദേഹം സമ്മതിച്ചു: ‘‘1... 5... 9... 7. ശരി, കൃത്യമാണ്. അത് ഞാനും നോക്കിയിരുന്നു. പക്ഷേ, മറ്റേ സംഖ്യ? അതില്‍ അഞ്ച് അക്കങ്ങളുണ്ടാവണമല്ലോ. അതു കിട്ടിയോ? ഞാന്‍ പലതും പരീക്ഷിച്ചുനോക്കി. കോമ്പിനേഷന്‍ ശരിയാവുന്നില്ല.’’

ആ സംഖ്യ എനിക്ക് പെട്ടെന്ന് ഓർമ വന്നില്ല. ഞാന്‍ ചോദിച്ചു: ‘‘സര്‍, ആ കടലാസില്‍ എനിക്കൊന്ന് എഴുതാന്‍ സാധിക്കുമോ?’’ അദ്ദേഹം അപ്പോള്‍ത്തന്നെ ആ കടലാസും പേനയും എനിക്കു കൈമാറി.

ഞാന്‍ ചില സംഖ്യകള്‍ കൂട്ടിയും കുറച്ചും നോക്കിയശേഷം പറഞ്ഞു, ‘‘അത് 2 8 6 5 7 ആണ് സര്‍.’’

അദ്ദേഹം കടലാസ് തിരികെ വാങ്ങി അതിലേക്ക് ഉറ്റുനോക്കി. വേഗത്തില്‍ സംഖ്യകളുടെ ഒരു കളം വരച്ചു കണക്കുകൂട്ടി. മറ്റു സംഖ്യകളുമായി താരതമ്യം ചെയ്തു. അപ്പോഴെല്ലാം കുട്ടികളെപ്പോലെ ഉത്സാഹവാനായിരുന്നു അദ്ദേഹം. കുറച്ചുനേരം അങ്ങനെ തുടര്‍ന്നു. എന്നിട്ട് ഉച്ചത്തില്‍ പറഞ്ഞു: ‘‘സബാഷ്! ഇറ്റ് ഫിറ്റ്സ്. റിയലി ഫിറ്റ്സ് ദേര്‍.’’

അവിടെയുണ്ടായിരുന്ന മറ്റു രണ്ടുപേരും തെല്ലൊരു അതിശയത്തോടെ, കൗതുകത്തോടെയും അദ്ദേഹത്തെ നോക്കി.

അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു: ‘‘അതിശയകരം! പക്ഷേ, ഇയാള്‍ ഇതു കണ്ടുപിടിച്ചു എന്ന് എനിക്കു വിശ്വസിക്കാനാവുന്നില്ല.’’

തടിച്ച ഓഫീസര്‍ പറഞ്ഞു: ‘‘അതിന്‍റെ സൊല്യൂഷന്‍ പത്രത്തില്‍ വന്നുകാണും.’’

‘‘ഇല്ല സര്‍, അത് വരുന്ന ഞായറാഴ്ചയേ വരൂ’’, ഞാന്‍ പറഞ്ഞു. പിന്നെ അവരുടെ മുന്നില്‍ അങ്ങനെ സംസാരിച്ചത് കുഴപ്പമായോ എന്നു ഭയന്നു, മുഖം കുനിച്ചു.

‘‘അതേയതേ, ഞാന്‍ അടുത്ത ഞായറാഴ്ചയ്ക്കു കാത്തിരിക്കുകയായിരുന്നു.’’ ക്രോസ് വേഡുകളില്‍ താൽപര്യമുള്ള ഓഫീസര്‍ സമ്മതിച്ചു. പിന്നെ കുറച്ചുനേരം എന്‍റെ നേര്‍ക്കു നോക്കിയതിനുശേഷം തിരക്കി: ‘‘ഈ രണ്ടു നമ്പറുകളുടെയും സവിശേഷത എന്താണെന്നു നിങ്ങള്‍ക്കറിയാമോ?’’ ഞാന്‍ മറുപടി പറഞ്ഞില്ല. എന്താണ് ഈ സംഖ്യകളുടെ പ്രത്യേകത, അല്ലെങ്കില്‍ ഏതെങ്കിലും രണ്ടു സംഖ്യകളുടെ തന്നെ സവിശേഷത, എനിക്കറിയില്ലായിരുന്നു.

‘‘ഓ, ഗോഡ്! അവ ഫിബനോച്ചി പ്രൈം നമ്പേഴ്സാണ്. ഫിബനോച്ചി സീരീസ് കേട്ടിട്ടുണ്ടോ?’’

–ഇല്ലെന്നു ഞാന്‍ പറഞ്ഞു. അത്തരമൊരു കാര്യം എങ്ങനെയാണ് ഞാനറിയുന്നത്! അതെന്നല്ല, ഒരു സംഖ്യാശ്രേണിയെക്കുറിച്ചും ഞാനക്കാലത്തു കേട്ടിരുന്നില്ല.

‘‘നൂറു കോടിക്കുള്ളില്‍ പത്ത് സംഖ്യകള്‍ മാത്രമേയുള്ളൂ ഈ സീരീസില്‍. അതറിയാതിരുന്നിട്ടും നിങ്ങള്‍ അവിടേക്കുതന്നെ എത്തി.’’ അദ്ദേഹത്തിന്‍റെ ഉത്സാഹം നിലക്കുന്നില്ല. ‘‘മാര്‍വലസ്, റിയലി ഗ്രേറ്റ്. ഇറ്റ് വാസ് ദ ടഫസ്റ്റ് പസിള്‍ ഐ ഹാവ് എന്‍കൗണ്ടേഡ് സോ ഫാര്‍. പറയൂ, ഇതെങ്ങനെ തനിക്കു കിട്ടി?’’

എങ്ങനെ കിട്ടി എന്ന് എനിക്കും അറിഞ്ഞുകൂടാ. പത്രങ്ങളുമായുള്ള നിരന്തരമായ സമ്പര്‍ക്കം എന്നെ വാക്കുകളുടെയും സംഖ്യകളുടെയും കുതിരസവാരിക്കാരനാക്കി മാറ്റിയിരുന്നു. പക്ഷേ, ഒന്നെനിക്കു മനസ്സിലായി: നാടുവിട്ടു പോന്നതിനുശേഷം ആദ്യമായിട്ടാണ് ഒരാള്‍ എന്നെക്കുറിച്ച് നല്ലതെന്തെങ്കിലും പറയുന്നത്. ഒരു നിഴല്‍ എന്നു പറയാവുന്ന ഒരസ്തിത്വത്തില്‍നിന്നും വീണ്ടും ഒരു വ്യക്തിയായി മാറുന്നതുപോലെയായിരുന്നു എന്‍റെ അവസ്ഥ. അദ്ദേഹം അവിടെയിരുന്നുകൊണ്ട് അഭിനന്ദനരൂപത്തില്‍ എന്‍റെ നേര്‍ക്കു കൈയുയര്‍ത്തിക്കാണിച്ചപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞുപോയി.

അത് എല്ലാവരുടെയും മനസ്സലിയിച്ചെന്നു തോന്നുന്നു. ‘‘ഒക്കെ ശരി, എന്നാലും കാവലിനു പറ്റിയ ആളല്ല ഇയാള്‍’’, സിഖുകാരനായ ഓഫീസര്‍ പറഞ്ഞു.

കെട്ടിടത്തിന്‍റെ മാനേജര്‍ പറഞ്ഞു: ‘‘ഇയാളെ ഇന്നുതന്നെ വിടാം സാബ്. കൂലി കുറച്ചു ബാക്കി കൊടുക്കാന്‍ കാണും. അതു കണക്കുകൂട്ടുകയേ വേണ്ടൂ.’’

‘‘എന്നെ തുടരാനനുവദിക്കണം സര്‍’’, ഞാന്‍ തൊഴുതുപിടിച്ചുകൊണ്ടു പറഞ്ഞു, ‘‘ഇനിയൊരിക്കലും എന്‍റെ വശത്തുനിന്നും ഒരു തെറ്റുപറ്റുകയില്ല.’’

അപ്പോള്‍ പദപ്രശ്നത്തിന്‍റെ വാക്കുകളും സംഖ്യയും ചോദിച്ച് എന്നെ അഭിനന്ദിച്ച ഓഫീസര്‍ എഴുന്നേറ്റ് എന്‍റെയടുത്തുവന്നു. എന്നിട്ട് പതുക്കെ പറഞ്ഞു: ‘‘മിസ്റ്റര്‍ ഗോപാല്‍, നിങ്ങളുടെ അഭ്യർഥന ഒരിക്കലും അനുവദിക്കുകയില്ല. ഇവര്‍ ക്ഷമിച്ചാലും ഞാന്‍ അതിന് അനുകൂലമല്ല. കാരണം, നിങ്ങള്‍ ഇതിനു പറ്റിയ ആളല്ല. ദിസീസ് നോട്ട് യുവര്‍ ഡൊമെയിന്‍. അക്കാര്യം വിട്ടേക്കൂ. ...യൂവാര്‍ ഔട്ട് ഫ്രം ദിസ് പ്ലേസ്. ഫ്രം ദിസ് വെരി മൊമന്‍റ്.’’ –എന്‍റെ ശരീരം വിറക്കാന്‍ തുടങ്ങി. ഞാന്‍ കുഴഞ്ഞുവീഴുമെന്നു പേടിച്ചു.

 

അപ്പോള്‍ അദ്ദേഹം എന്‍റെ ചുമലില്‍ കൈ​െവച്ചുകൊണ്ടു പറഞ്ഞു, ‘‘ബട്ട്, കൂള്‍. യൂ ഡോണ്ട് വറി. നിങ്ങളെ എനിക്കാവശ്യമുണ്ട്.’’

‘‘ഹലോ എസ്സെസ്സ്, എന്താ നിങ്ങള്‍ സൈന്യത്തിലെ പണി നിര്‍ത്തി ഈ ഉഴപ്പനോടൊപ്പം ക്രോസ് വേഡു കളിക്കാന്‍ പോകുന്നോ?’’ തലപ്പാവുകാരന്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

‘‘യേസ് സര്‍. ക്രോസ് വേഡു തന്നെ. പക്ഷേ, സൈന്യത്തിനുവേണ്ടിയായിരിക്കും ആ കളി.’’ അദ്ദേഹം ചിരിച്ചുകൊണ്ട് സിഖുകാരനെ നോക്കി. ‘‘കുറച്ചായി പറ്റിയ ഒരാളെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇയാളുടെ കാര്യത്തില്‍ ഞാനൊരു പ്രൊപ്പോസല്‍ വക്കും. ഹീ ക്യാന്‍ ബി എ ബെറ്റര്‍ സെക്യൂരിറ്റി ഗാര്‍ഡ്. ബട്ട് ഇന്‍ ഔര്‍ ഫോഴ്സ്. ചില വാക്കുകളുടെയും ചിഹ്നങ്ങളുടെയും കാവല്‍ക്കാരന്‍. സാറത് അനുവദിച്ച് ഓര്‍ഡറാക്കിത്തരണം’’ –അദ്ദേഹത്തിന്‍റെ പേര് സന്താനം എന്നായിരുന്നു. കേണല്‍ ഷണ്‍മുഖം സന്താനം.

(തുടരും)

News Summary - weekly novel