Begin typing your search above and press return to search.
proflie-avatar
Login

പാർവതി

പാർവതി
cancel

11. ഇനിയും പഠിക്കണം പാർവതിക്ക്ഈയിടെയായി അമ്മ വല്ലാതെ അധ്വാനിക്കുന്നത് ശ്രദ്ധിക്കുകയാണ് പാർവതി. വൈകീട്ട് സ്കൂൾ വിട്ടുവന്നാൽ കുളിച്ചൊരുങ്ങി ഒരേയിരിപ്പാണ്. അത്രക്കുണ്ട് ട്യൂഷൻ. ഒരുകാലത്തു താനൊരിക്കലും പ്രൈവറ്റ് ട്യൂഷൻ എടുക്കില്ലെന്ന് വാശി പിടിച്ചയാ ളാണ് സൗമിനി. ക്ലാസിൽ ശരിക്ക് പഠിപ്പിക്കാതെ അധിക വരുമാനത്തിനു വേണ്ടി ട്യൂഷനെടുക്കുന്നവരാണ് ടീച്ചർമാർ എന്നൊരു ആരോപണം പൊതുവെയുണ്ട്. അത് കുറച്ചൊക്കെ ശരിയുമാണ്. അങ്ങനെ കുറേക്കാലം പിടിച്ചുനിന്നെങ്കിലും പിന്നീട് ചില കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും സമ്മർദം കൂടിവന്നപ്പോൾ പതിയെ വഴങ്ങേണ്ടിവന്നു. എല്ലാ കുട്ടികൾക്കും ഒരേ...

Your Subscription Supports Independent Journalism

View Plans

11. ഇനിയും പഠിക്കണം പാർവതിക്ക്

ഈയിടെയായി അമ്മ വല്ലാതെ അധ്വാനിക്കുന്നത് ശ്രദ്ധിക്കുകയാണ് പാർവതി. വൈകീട്ട് സ്കൂൾ വിട്ടുവന്നാൽ കുളിച്ചൊരുങ്ങി ഒരേയിരിപ്പാണ്. അത്രക്കുണ്ട് ട്യൂഷൻ. ഒരുകാലത്തു താനൊരിക്കലും പ്രൈവറ്റ് ട്യൂഷൻ എടുക്കില്ലെന്ന് വാശി പിടിച്ചയാ ളാണ് സൗമിനി. ക്ലാസിൽ ശരിക്ക് പഠിപ്പിക്കാതെ അധിക വരുമാനത്തിനു വേണ്ടി ട്യൂഷനെടുക്കുന്നവരാണ് ടീച്ചർമാർ എന്നൊരു ആരോപണം പൊതുവെയുണ്ട്. അത് കുറച്ചൊക്കെ ശരിയുമാണ്.

അങ്ങനെ കുറേക്കാലം പിടിച്ചുനിന്നെങ്കിലും പിന്നീട് ചില കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും സമ്മർദം കൂടിവന്നപ്പോൾ പതിയെ വഴങ്ങേണ്ടിവന്നു. എല്ലാ കുട്ടികൾക്കും ഒരേ ബുദ്ധിയുണ്ടാവില്ലല്ലോ. ക്ലാസിൽ എത്ര കണ്ട് ക്ഷമയോടെ പറഞ്ഞുകൊടുത്താലും ചിലർക്ക് വേണ്ടത്ര മനസ്സിലായെന്ന് വരില്ല. പ്രത്യേകിച്ച് കണക്കും സയൻസും. വിഷമം പിടിച്ച ഈ രണ്ടു വിഷയങ്ങളും ലളിതമായി പഠിപ്പിക്കാൻ പ്രത്യേക കഴിവുണ്ട് സൗമിനി ടീച്ചർക്ക്.

ആദ്യം തുടങ്ങിയത് ഏറ്റവും പുറകിലത്തെ ​െബഞ്ചിൽ മറ്റു കുട്ടികൾ ഒറ്റപ്പെടുത്തിയ ഒരു ആൺകുട്ടിക്കാണ്. അതും സൗജന്യ ട്യൂഷൻ. ആ വർഷം പുതുതായി ക്ലാസിൽ ചേർന്ന പയ്യനെ മറ്റു കുട്ടികൾ തെല്ലൊരു പരിഹാസത്തോടെ മാറ്റിനിറുത്തുന്നത് കണ്ടപ്പോഴാണ് സൗമിനി അവനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ക്ലാസ് കഴിഞ്ഞാലും മറ്റുള്ളവരുടെ കൂട്ടത്തിൽ ചേരാതെ തലയും താഴ്ത്തിയാണ് അവൻ നടന്നുപോകുക.

അങ്ങനെ അവനോട് മാത്രം ചില ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോൾ മറ്റു കുട്ടികളുടെ മുഖങ്ങളിലെ അതിശയം അവർ ശ്രദ്ധിച്ചു. എന്തു ചോദിച്ചാലും കൃത്യമായി ഉത്തരം പറയാറുള്ള കുട്ടിക്ക് കണക്കിനുമാത്രം സംശയങ്ങൾ ഏറെയുണ്ട്. എന്നാലും അതൊന്നും പുറത്തുകാട്ടാതെ പരുങ്ങലോടെ കുനിഞ്ഞിരിക്കുന്നത് കാണാം. അവന്റെ മുഖത്തെ അപകർഷബോധം വ്യക്തമായിരുന്നു.

അവന്റെ ആ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ചു പറഞ്ഞുകൊടുത്തത് കുമുദം ടീച്ചറായിരുന്നു. അവൻ ഒരു ട്രാൻസ്‌ജെൻഡർ ആണത്രേ. ആ സ്കൂളിലെ ഏക ട്രാൻസ്‌ജെൻഡർ. അതായത് ഒരു ട്രാൻസ്മാൻ.

‘‘സൊ വാട്ട്? ലോകം മുഴുവൻ മാറിയിട്ടും ഈ ശാന്തിനഗർ മാത്രം എന്തേ ഇങ്ങനെ?’’

“ശരിയാണ്.” കുമുദം തലകുലുക്കി. “അവനെ സ്കൂളിൽ ചേർക്കാൻ കൊണ്ടുവന്നപ്പോൾതന്നെ എതിർക്കാൻ ആളുകളുണ്ടായത്രെ. ഹെഡ് മാസ്റ്റർ ഉറച്ചുനിന്നതുകൊണ്ടു മാത്രമാണ് ഒടുവിൽ അവനു ചേരാൻ കഴിഞ്ഞത്. ഏറെക്കാലം പാവാടയിട്ടു നടന്നവൾ എങ്ങനെ ഇങ്ങനെ മാറിയെന്നാണ് ചില കുട്ടികൾക്ക് മനസ്സിലാകാത്തത്. ഓപറേഷനെ പറ്റി പറഞ്ഞാൽ അവർക്ക് വിശ്വാസമാവില്ല.”

അതിൽ പിന്നെയാണ് അവന്റെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വേണമെങ്കിൽ കണക്കിന് താൻ സൗജന്യ ട്യൂഷൻ എടുക്കാമെന്ന് പറഞ്ഞത്.

പിന്നീട് കേട്ടറിഞ്ഞു പലരും വരാൻ തുടങ്ങി. മറ്റു സ്കൂളിലെ കുട്ടികളും എത്തിയതോടെ സൗമിനിക്ക് വലിയ തിരക്കായി. സ്കൂൾബസ് കോളനിമുറ്റംവരെ എത്തുന്നതുകൊണ്ട് ഏതാണ്ട് അഞ്ചരമണിയോടെ ക്ലാസുകൾ തുടങ്ങാനാകും. പിന്നീട് ചില ഇടവേളകളോടെ അത് എട്ട് എട്ടര വരെ നീണ്ടുപോകും. ഫ്ലാറ്റിലെ ഒരു മുറി ഇതിനായി പ്രത്യേകം ഒരുക്കിയിരുന്നു. പിന്നീട് കോളനിയിലെ താമസക്കാരുടെ കമ്മിറ്റികൂടി വേണമെങ്കിൽ മുറ്റത്തെ ഒഴിഞ്ഞുകിടക്കുന്ന ഒരു ഷെഡ് സൗമിനി ടീച്ചർക്ക് ക്ലാസുകൾ നടത്താൻ സൗജന്യമായി അനുവദിക്കാമെന്ന് തീരുമാനിച്ചു.

ഇക്കാര്യത്തിൽ ഏറ്റവും താൽപര്യം അസോസിയേഷൻ സെക്രട്ടറിക്കായിരുന്നു. അദ്ദേഹത്തിന്റെ ഒരു അടുത്ത ബന്ധുവിന്റെ മറ്റൊരു സ്കൂളിൽ പഠിക്കുന്ന മകൻ എപ്പോഴും കണക്കിൽ മോശം മാർക്ക്‌ വാങ്ങുന്നത് ഒരു സർക്കാർ വകുപ്പിൽ ചീഫ് എൻജിനീയറായ അച്ഛന് താങ്ങാനാകുന്നില്ല. അവനെ എങ്ങനെയെങ്കിലും എൻജിനീയറാക്കാൻ എത്ര പണം വേണമെങ്കിലും ചെലവാക്കാൻ അദ്ദേഹം തയാറാണത്രെ. സാധാരണയായി ഏതു പുതിയ കാര്യത്തിലും ഉടക്കിടാൻ വരാറുള്ള ഒരു സ്ത്രീകൂടി ഇക്കാര്യത്തെ പിന്താങ്ങി. അവരുടെ മകളെ പഠിപ്പിക്കുന്നുണ്ടെന്ന് മാത്രമല്ല മറ്റു താമസക്കാരുടെ മക്കൾക്കും വേണം ട്യൂഷൻ… അങ്ങനെ കണക്കിൽ കുരുങ്ങി വലയുന്ന എത്രയോ കുട്ടികൾ.

അങ്ങനെ ആ ഷെഡിൽ പങ്കകളും മറ്റു സൗകര്യങ്ങളും ഒരുക്കിയതോടെ സൗമിനിയുടെ ട്യൂഷൻ സെന്റർ സജ്ജമായി. ഇതൊക്കെ നിശ്ശബ്ദമായി ശ്രദ്ധിക്കുകയായിരുന്നു പാർവതി. സ്കൂളിൽ തന്നെ പിടിപ്പത് പണിയുണ്ട്. അതുകഴിഞ്ഞു ഇതൊക്കെ… അമ്മ എന്തിനിങ്ങനെ കഷ്ടപ്പെടുന്നു? ആയിടെ അവരുടെ ഉറക്കംകൂടി തടസ്സപ്പെടാൻ തുടങ്ങിയതോടെ അവൾക്ക് ഇടപെടാതിരിക്കാൻ കഴിഞ്ഞില്ല. രാത്രി ഇടക്കെല്ലാം അടുത്ത മുറിയിൽ വെളിച്ചം തെളിയുന്നതും വാഷ്‌റൂമിലെ ഫ്ലഷ് ശബ്ദിക്കുന്നതും അറിയാറുണ്ട്. ഉറക്കക്കുറവു തന്നെ കാരണം, അവൾ ഉറപ്പിച്ചു.

സാധാരണ കൃത്യം പത്തുമണിക്ക് തന്നെ ഉറങ്ങാൻ കിടക്കുന്ന അമ്മ നാലുമണിക്ക് എഴുന്നേറ്റ് നിത്യകർമങ്ങൾ നടത്താറുണ്ട്. കുറച്ചു നേരത്തെ ധ്യാനം അപ്പോഴാണ്. കണക്കിൽ ഏകാഗ്രത പാലിക്കാൻ ഈ ധ്യാനം അത്യാവശ്യമാണെന്ന് അവർ ആവർത്തിക്കാറുണ്ട്. ഇപ്പോൾ ആ ക്രമമെല്ലാം താറുമാറായിരിക്കുന്നു. വൈകി കിടക്കുന്നു, വൈകി എഴുന്നേൽക്കുന്നു. അതിനിടയിൽ ധ്യാനത്തിനുള്ള സമയം കിട്ടുന്നുണ്ടോയെന്ന് സംശയമാണ്.

കാലത്തെ പ്രാതൽ ഒരുക്കി സ്കൂളിലേക്കുള്ള ആഹാരവും കൂടി തയാറാക്കാനുണ്ട്. സഹായിക്കാൻ പാർവതി ചെന്നാൽ അടുക്കളയിലേക്ക് കയറ്റാറില്ല. നിനക്കിപ്പോൾ പഠിക്കേണ്ട പ്രായമാണ്. അടുക്കളയിലെ പണിക്ക് ഞാനുണ്ടല്ലോ, അമ്മ പറയും. അതാണ് പാർവതിക്ക് തീരെ മനസ്സിലാകാത്തതും. ഡിഗ്രി കഴിഞ്ഞ് അടുത്ത പരിപാടി തുടങ്ങുന്നതു വരെ തനിക്ക് സമയമുണ്ടെന്ന് പറഞ്ഞാലും സമ്മതിക്കില്ല.

പക്ഷേ, ഈയിടെയായി പ്രാതൽ തയാറാക്കാൻ മകൾ സഹായിക്കാൻ തുടങ്ങിയപ്പോൾ സൗമിനി തടയാൻ നോക്കിയില്ല. എല്ലാംകൂടി കൈകാര്യംചെയ്യാൻ തന്നെക്കൊണ്ടാവില്ലെന്ന് അവർക്കുതന്നെ തോന്നിയിരിക്കണം. അതോടെ രാത്രിയിൽ അത്താഴം തയാറാക്കാനും അവൾ ഒപ്പം കൂടാൻ തുടങ്ങി.

 

ഒടുവിൽ ഒരു രാത്രിയിൽ അത്താഴം കഴിക്കാനിരിക്കുമ്പോൾ അമ്മയെ നേരിടാൻ മകൾ തയാറായി.

‘‘എന്തിനാ അമ്മ ഇത്രക്ക് കഷ്ടപ്പെടണേ? ഇങ്ങനെ പോയാ അമ്മ കെടപ്പിലാവുംന്നു ഉറപ്പ്.”

“ഹേയ്” സൗമിനി ചിരിച്ചു തള്ളി. “അത്രക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലമ്മക്ക്.”

“എന്നാലും ഒരു സ്ത്രീ തനിച്ചു ഭാരം വലിക്കാന്നുവച്ചാ? വണ്ടിക്കാളയെപ്പോലെ.”

ഇത്തിരി നേരം കഴിഞ്ഞു ചപ്പാത്തി കടിച്ചു ചവച്ചാണ് സൗമിനി മറുപടി പറഞ്ഞത്. അതുകൊണ്ട് പലതും വ്യക്തമായില്ല.

“കാര്യം ഇപ്പൊ പഴയപോലെ ബുദ്ധിമുട്ടില്ലാന്നത് ശരിയാണ്. അന്നെടുത്ത ഉപകരണങ്ങളുടെ ലോൺ മിക്കവാറും തീർന്നുകഴിഞ്ഞു. പിന്നെ ഫ്ലാറ്റിന്റെ ലോൺ. അതും പതുക്കെപ്പതുക്കെ തീർക്കാന്നെ…’’

“പിന്നെ?”

അതിനു സൗമിനി പെട്ടെന്ന് മറുപടി പറഞ്ഞില്ല.

പണത്തിനു പഴയപോലെ ഞെരുക്കമില്ലെന്ന് പാർവതിക്ക് തന്നെയറിയാം. സ്കൂളിൽനിന്ന് പിരിയുമ്പോൾ നല്ലൊരു തുക ആനുകൂല്യങ്ങളായി കിട്ടിയിരുന്നു. പിന്നെ ടീച്ചർമാർ എല്ലാവരുംകൂടി തുടങ്ങിയ വലിയൊരു ചിട്ടി. അതു വട്ടമെത്തിയിരുന്നു. ഇതു രണ്ടും ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടിട്ടുണ്ട്. അതിന്റെ പലിശ മുമ്മൂന്ന് മാസം കൂടുമ്പോൾ കിട്ടും. പിന്നെ മാസംതോറും പഴയ ശമ്പളത്തിന്റെ പാതി പെൻഷനായും കിട്ടുന്നുണ്ട്.

കൂടാതെ, ഒരു ഗ്രൂപ്പ് ഇൻഷുറൻസ് വഴിയുള്ള കുടുംബത്തിനുള്ള ആരോഗ്യസഹായവും. ഇതെല്ലാം ലാലാജിയുടെ കാലത്തെടുത്ത വലിയ തീരുമാനങ്ങൾ. തന്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് പിരിഞ്ഞുപോയാലും തരക്കേടില്ലാതെ ജീവിക്കാനുള്ള ചുറ്റുപാടുണ്ടാകണമെന്നു അദ്ദേഹത്തിന് വലിയ നിർബന്ധമായിരുന്നു. വയസ്സുകാലത്തെ അവരുടെ ആശീർവാദം തന്നെയാകും തന്റെ കുടുംബത്തിന്റെ ഐശ്വര്യവും എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

‘‘പിന്നെ?’’ പാർവതി ചോദ്യം ആവർത്തിച്ചപ്പോൾ മയക്കത്തിൽ നിന്നു ഞെട്ടിയുണർന്നതു പോലെ സൗമിനി ചോദിച്ചു.

‘‘എന്താ മോള് ചോയ്ച്ചേ?’’

‘‘അതിന് പാകത്തിന് എന്തു ബുദ്ധിമുട്ടാ അമ്മക്കിപ്പോന്നു...’’

‘‘നിന്റെ ഭാവിക്കു വേണ്ടിയും പ്ലാൻ ചെയ്യേണ്ടിയിരിക്കണു.’’

‘‘ഓ!’’

‘‘ഡിഗ്രി കഴിഞ്ഞുള്ള പഠിപ്പന്നെ. അതിനുള്ള ചെലവ് കൂടും.’’

‘‘അതിന് ചെല പ്ലാനൊക്കെണ്ട് പാർവതിക്ക്.’’

‘‘ഏതു കോഴ്സാന്നു തീരുമാനിച്ചോ?’’

‘‘ചെല ഐഡിയകളൊക്കെയുണ്ട് മനസ്സിൽ. പക്ഷേ ഒന്നും ഫൈനലൈസ് ചെയ്തിട്ടില്ല.’’

‘‘നന്നായി’’, എന്തൊക്കെയോ ഓർത്തുകൊണ്ട് സൗമിനി തുടർന്നു. ‘‘അവനവനു ഇഷ്ടള്ള സബ്ജക്ട് തന്നെ പഠിക്കണം. ഞങ്ങടെയൊക്കെ കാലത്ത് അങ്ങനെ ചോയ്ക്കാൻ ആരൂല്ല്യായിരുന്നു. എനിക്ക് ഇംഗ്ലീഷ് ബി.എക്ക് ചേരണംന്നായിരുന്നു മോഹം. അപ്പൊ ബുദ്ധീള്ള കുട്ട്യോളൊക്കെ സയൻസ് തന്നെ പഠിക്കണംന്ന് അമ്മക്ക് ഒരേ നിർബന്ധം. സപ്പോർട്ട് ചെയ്യാനായി വല്യമ്മാനും.

അങ്ങനെ ഒരു താൽപര്യവുമില്ലാതെ ഫിസിക്‌സും മാത് സും പഠിച്ചു. ഡിഗ്രി കഴിഞ്ഞപ്പോൾ പോസ്റ്റ് ഗ്രാജുവേഷന് പോണംന്നുണ്ടായിരുന്നു. എം.എ ഇംഗ്ലീഷ്, അല്ലെങ്കിൽ എം.എസ്.സി ആയാലും മതി. അപ്പോൾ എതിർത്തത് വല്യമ്മാനായിരുന്നു. പെങ്കുട്ട്യോള് തനിച്ചു രണ്ടു ബസൊക്കെ മാറിക്കേറി ടൗണിലൊന്നും പോയി പഠിക്കണ്ടാന്നായി അങ്ങോര്. വല്യമ്മാൻ പറയണതിനു എതിര് പറയാൻ ധൈര്യണ്ടായിരുന്നില്ല അമ്മക്ക്.’’

“വല്ലാത്തൊരു കാലം! പക്ഷേ അതോണ്ട് കൊഴപ്പൊന്നും ഉണ്ടായില്ലല്ലോ അമ്മക്ക്. ഇപ്പൊ ഇവിടത്തെ ​െബസ്റ്റ് കണക്കു ടീച്ചറല്ലേ?”

“അതൊക്കെ ശര്യാ. പക്ഷേ അവനവനു ഇഷ്ടള്ള വിഷയന്നെ പഠിക്കണതല്ലേ എപ്പഴും നല്ലത്. മനസ്സിലെ മോഹായിരിക്കില്ല ചെലർക്ക് ജീവിതത്തില് കിട്ടണത്.” അമ്മ നെടുവീർപ്പിട്ടു.

“എന്താ അമ്മ പറഞ്ഞത്?…”

പെട്ടെന്ന് അരുതാത്തതു എന്തോ പറഞ്ഞതുപോലെ സൗമിനി ചുമൽ വെട്ടിച്ചു.

എന്തായാലും തനിക്ക് പഠിക്കേണ്ട വിഷയങ്ങളെപ്പറ്റി ഏതാണ്ട് ചില ധാരണയുണ്ട് പാർവതിക്ക്. അവൾക്ക് താൽപര്യമുള്ള വിഷയം ആർക്കിയോളജി ആണത്രെ.

“ആർക്കിയോളജിയോ?” അത്ഭുതമായി സൗമിനിക്ക്. “എനിക്കതിനെപ്പറ്റി കാര്യമായൊന്നും അറിയില്ല.’’

“പാർവതി കൊറച്ചൊക്കെ വായിച്ചു മനസ്സിലാക്കിയിട്ടുണ്ട്. പലരിൽനിന്നും കേട്ടിട്ടുമുണ്ട്. എന്തായാലും, ഇപ്പഴത്തെ പിള്ളേരെ പോലെ ഐ.ടിയുടെ പൊറകെ പോകാൻ പാർവതിയെ കിട്ടില്ല. ഐ വാണ്ട് സം തിങ് എക്‌സൈറ്റിങ്… പുണെയിലെ ഡെക്കാൻ കോളേജ് ഈ വിഷയത്തിൽ പേരുകേട്ട സ്ഥാപനമാണത്രെ. ആർക്കിയോളജിക്ക് പുറമെ ആന്ത്രോപ്പോളജിയും ഉണ്ടെന്നാ കേട്ടിരിക്കണേ. ശരിയാണോന്ന് ഒറപ്പില്ല.”

‘‘എന്തൊക്കെ പുതിയ വിഷയങ്ങൾ! കേക്കുമ്പൊ തന്നെ രസം തോന്നണുണ്ട്. എന്തായാലും, കുട്ടിക്ക് ഭൂമീടെ മോളിലുള്ള കാര്യങ്ങളിലല്ല, അടിയിലുള്ളതിലാണ് നോട്ടം. അല്ലേ?’’

‘‘പിന്നില്ലാണ്ടു? ഭൂമീല് നടക്കണതിനെ പറ്റി നമ്മക്ക് ചെലതൊക്കെ അറിയാന്നല്ലേ വയ്പ്? അറിയാത്ത കാര്യങ്ങള്ടെ പൊറകെയല്ലേ എപ്പഴും പോണ്ടത്, അതിലല്ലേ ത്രില്ലുള്ളൂ. ഭൂമീടെ അടീല് എന്തൊക്കെയാ കെടക്കണെന്നു ആർക്കറിയാം? നൂറ്റാണ്ടുകളുടെ അവശിഷ്ടങ്ങൾ കാണില്ലേ? നീലിമേടെ ഒരു ബന്ധു പറഞ്ഞ ഈജിപ്തിലെ കാഴ്ചകളെപ്പറ്റിയുള്ള ചെല കഥകൾ കേട്ടിട്ടുണ്ട്.’’

‘‘ഈജിപ്തിനെ പറ്റി ചെലത് ഞാനും വായിച്ചിട്ടുണ്ട്.’’

“അക്കാലത്തു അവടെ ഒരേസമയം ഇരുന്നൂറിലേറെ സൈറ്റുകളിൽ കുഴിച്ചുകൊണ്ടിരുന്നത്രെ. മിക്കയിടത്തുനിന്നും ചെലതൊക്കെ കിട്ടുകയും ചെയ്തു. രാജാക്കന്മാരുടെ താഴ്‌വര എന്ന പ്രദേശത്തെ നിലവറകളിൽനിന്നു കണ്ടെത്തിയത് മൂവായിരം വർഷംവരെ പഴക്കമുള്ള മമ്മികൾ. അതിൽ ചെലത് കെയ്റോ മ്യൂസിയത്തിൽ ഉണ്ടത്രെ. അതിലൊന്ന് പത്തൊമ്പതാം വയസ്സിൽ മരിച്ച ട്യൂട്ടൻഖാമൻ എന്ന ഫറവോയുടെ ശവകുടീരമായിരുന്നു. അദ്ദേഹത്തിന്റെ തലയോട്ടിയുടെ പിറകിലൊരു മുറിപ്പാടുണ്ട്. ശത്രുക്കൾ ഏൽപ്പിച്ചതാവും.”

“റിയലി എക്‌സൈറ്റിങ്.”

“ഇതുപോലത്തെ ഒരുപാട് രസകരമായ കഥകളുണ്ട് ഈജിപ്തിലെ ചെല പഴയ വിശ്വാസങ്ങളെപ്പറ്റി. ഈ ഫറവോ കാലത്തെ വിശ്വാസായിരുന്നു, അവരുടെ രാജാക്കന്മാർ ഒരിക്കലും മരിക്കില്ലെന്നും അവർ ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നവരാണെന്നും. അതുകൊണ്ട് ഒരാൾ മരിച്ചാൽ അയാളുടെ ശവശരീരം ആഴത്തിലുള്ള ഒരു നിലവറയിൽ സൂക്ഷിക്കുന്നുവെന്ന് മാത്രമല്ല, അതിന് ആവശ്യമായ ഭക്ഷണവും വസ്ത്രങ്ങളുംവരെ അവടെ നിക്ഷേപിക്കുകയും ചെയ്യും. ഒരുനാൾ ആ ആത്മാവ് തിരിച്ചു വന്നു ആ ശരീരത്തിൽ കേറുംന്നാ അവരുടെ വിശ്വാസം.”

“രസാവണുണ്ട്.”

“എന്തായാലും ആർക്കിയോളജി പഠിച്ചു അതുപോലൊരു എസ്‌കവേഷൻ ടീമിൽ പ്രവർത്തിക്കണംന്നാ പാർവതീടെ മോഹം. ഈജിപ്തിൽ മാത്രല്ല ഇത്തരം അന്വേഷണങ്ങള് നടന്നിട്ടുള്ളത്. മോഹൻജൊദാറൊ, ഹാരപ്പ, ശ്രീലങ്കയിലെ അനുരാധപുര പിന്നെ കേരളത്തിലെ പട്ടണത്തും.’’

‘‘നമ്മടെ കേരളത്തിലോ..?’’

‘‘ഏതാണ്ട് പത്തു രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഒരു മഹാപ്രളയത്തിൽ നശിച്ചുപോയ മുചിരിപട്ടണമെന്ന മുസിരിസ് തുറമുഖത്തെപ്പറ്റിയുള്ള ചെല വിവരങ്ങള് അവടന്നു കിട്ടിയുണ്ടത്രേ. ഒരുകാലത്തു നമ്മടെ പടിഞ്ഞാറൻ തീരത്തെ ഏറ്റവും വലിയ പോർട്ട്‌ ആയിരുന്നത്രെ മുസിരിസ്. ഇവടത്തെ കുരുമുളക് വാങ്ങാനായി ഗ്രീക്കുകാരും റോമാക്കാരും പൊന്നുമായി വന്നിരുന്നുവെന്നാണ് ചരിത്രം.’’

‘‘മൈ ഗോഡ്!’’ വാസ്തവത്തില് നമക്കൊക്കെ നമ്മടെ പഴയ ചരിത്രത്തെപ്പറ്റി എത്ര കൊറച്ചേ അറിയുള്ളൂ. എന്തായാലും മോള് ഈ വിഷയംതന്നെ തെരഞ്ഞെടുക്കണത് കേമായി. ഇപ്പൊ മനസ്സിലായില്ലേ അമ്മ എന്തിനാ ഇത്രണ്ടു പണിയെടുക്കണേന്നു? പുണെയിലൊക്കെ പോയി പഠിക്കണംന്ന് വച്ചാ നല്ല പണച്ചെലവുണ്ടാവില്ലെ?”

“അതിന് പാർവതീം ചെല പ്ലാനൊക്കെ ഇട്ടിട്ടുണ്ട്.”

“എന്താത്?”

“ഇവടെ ഒരു ഇൻസ്റ്റിറ്റ്യൂട്ടില് ഇംഗ്ലീഷില് ക്ലാസ് എടുക്കാന്നു പറഞ്ഞിട്ടുണ്ട്. അവർക്ക് വേണെങ്കിൽ ഹിസ്റ്ററിയിലും ജോഗ്രഫിയിലും ക്ലാസെടുക്കാം. പാർവതീടെ ഫേവറിറ്റ് സബ്ജെക്ട്.’’

‘‘ഇപ്പഴേ അതൊക്കെ വേണോ മോളേ?’’ അമ്മ വാത്സല്യത്തോടെ അവളുടെ ശിരസ്സിൽ തലോടി. ‘‘ഇപ്പൊ പഠിക്കണ്ട പ്രായല്ലേ?’’

‘‘ഇതൊക്കെ നമ്മടെ നാട്ടിലല്ലേ അമ്മേ? വിദേശത്തെ കുട്ട്യോളൊക്കെ അച്ഛനമ്മമാരെ ആശ്രയിക്കാതെ ജോലിയും പഠിത്തവും ഒപ്പം കൊണ്ടുനടക്കാറില്ലേ? സ്റ്റോറിലും ഹോട്ടലിലും പണിയെടുത്താണ് പെൺകുട്ട്യോള് വരുമാനംണ്ടാക്കണത്. ആൺപിള്ളേർ പലരും വെളുപ്പിനേ വീടുകളിൽ പത്രമിടാൻ വരെ പോകാറുണ്ട്. ഡിഗ്നിറ്റി ഓഫ് ലേബർ അംഗീകരിക്കുന്നവരാണ് അവർ. നമ്മടെ നാട്ടിലേ ഇതിനൊക്കെ അഭിമാനക്കൊറവുള്ളൂ.’’

‘‘അത് ശരിയാ… പിന്നെ ഇവിടെ പഠിപ്പിക്കാൻ ഇംഗ്ലീഷിന് കുട്ടികളെ കിട്ടും. ഇവിടത്തുകാർ അതിൽ കൊറച്ചു വീക്ക് ആണല്ലോ. മറ്റു സബ്ജെക്ടിനെ പറ്റി അറിയില്ല.’’

‘‘മറ്റു പലതിലും വീക്ക് ആയ കുട്ട്യോളുണ്ട്.’’

‘‘ആട്ടെ, നോക്കിക്കോ. ഈ പ്രായത്തിൽ സ്വന്തം കാലിൽ നിക്കാൻ നോക്കണോരെ ഇഷ്ടാണ് അമ്മക്ക്. പക്ഷേ ഒരു കാര്യംണ്ട്. ഇത് മത്സരങ്ങളുടെ കാലാണ്. മത്സര പരീക്ഷകൾ ജയിച്ചു ഭാവി ഒറപ്പാക്കാനാണ് മിക്ക കുട്ട്യോൾക്കും താൽപര്യം. അല്ലാണ്ട് അറിവ് തേടാനല്ല.’’

‘‘ശര്യന്നെ. എന്നാലും എടേലും കാണാണ്ടിരിക്കോ ചെല കുട്ട്യോള് ലോകത്തെ അറിയണംന്ന താൽപര്യമുള്ളോര്...’’

‘‘ഒരുപാട് കുട്ട്യോളെ പഠിപ്പിച്ചു വിട്ടിട്ടും അവസാനം അക്കൂട്ടത്തിലെ വിടരുന്ന മുഖവും തിളങ്ങുന്ന കണ്ണുകളുമുള്ള ചെലരു മാത്രം ഇപ്പഴും ഓർമയിൽ വരാറുണ്ട്. അവർക്ക് വേണ്ടിയാണ് നമ്മള് ഇത്രണ്ടു കഷ്ടപ്പെട്ട് ക്ലാസ് എടുത്തിരുന്നതെന്നും തോന്നാറുണ്ട്…’’

‘‘വേറൊന്നു കൂടിയുണ്ട്. നമ്മള് എന്തൊക്കെ തൊഴിൽ ചെയ്താലും വല്ലോടത്തുംവച്ചു പഴയ കുട്ട്യോള് ആരെങ്കിലും തിരിച്ചറിയുമ്പോഴുള്ള ആ സന്തോഷം! അതിന് വെല ഇടാനാവില്ല. അതന്നെയാണ് ഈ തൊഴിലിന്റെ മഹത്ത്വവും.’’

‘‘ശര്യാ’’, സൗമിനി തലയാട്ടി.

‘‘പിന്നൊരു മോഹംണ്ട് പാർവതിക്ക്. കൊറച്ചു കാശൊക്കെ ശര്യായാൽ അമ്മക്കൊരു ഫോറിൻ ട്രിപ്പ്‌ ഒപ്പിക്കണന്നു.’’

‘‘അതൊക്കെ നടക്കണ കാര്യാണോ മോളേ?’’ ഉത്സാഹമായി സൗമിനിക്ക്. ഇതേ വരെ രാജ്യത്തിന്റെ അതിർത്തി കടന്നിട്ടില്ല അവർ.

‘‘പിന്നില്ലാണ്ട്? പറ്റുമെങ്കിൽ ഈജിപ്തിലേക്കന്നെ. അവടന്ന് പാർവതിക്കും കൊറെ വിവരം കിട്ടുവല്ലോ.’’

അപ്പോഴാണ് സ്കൂളിലെ അടുത്ത ചങ്ങാതിയായിരുന്ന കുമുദം ടീച്ചറും ചില സുഹൃത്തുക്കളുംകൂടി ഇടക്കിടെ നടത്താറുള്ള വിദേശയാത്രകളെപ്പറ്റി സൗമിനിക്ക് ഓർമ വന്നത്. കുമുദത്തിന്റെ ഭർത്താവും അക്കൂട്ടത്തിൽ ചേരാറുണ്ട്. അയാൾ ഏതോ കമ്പനിയിൽ വലിയ പൊസിഷനിൽ ആയതുകൊണ്ട് അവർക്ക് പണത്തിന് വലിയ പഞ്ഞമില്ല.

 

അങ്ങനെ പിറ്റേന്ന് തന്നെ കുമുദം ടീച്ചറെ വിളിച്ചപ്പോൾ ഈജിപ്ത് ഇതുവരെ അവർ പോകാത്ത സ്ഥലമാണെന്ന് മനസ്സിലായി. സൗമിനിക്ക് താൽപര്യമുണ്ടെങ്കിൽ ഈ സമ്മർ വെക്കേഷന് തന്നെ പ്ലാൻ ചെയ്യാൻ അവർ തയാറാണ്. സ്കൂൾ വിട്ടെങ്കിലും സൗമിനിയുടെ കൂട്ടു കിട്ടുമല്ലോ. അവരുടെ ഗ്രൂപ്പ്‌ ഒരുപാട് ബിസിനസ് കൊടുത്തിട്ടുള്ളതുകൊണ്ട് ട്രാവൽ ഓപറേറ്റർമാർ നിരക്കുകളിൽ കുറച്ചു ഡിസ്‌കൗണ്ടും കൊടുക്കാറുണ്ട്.

‘‘ഓക്കേ, ഡൺ!’’ പാർവതി പ്രഖ്യാപിച്ചു. ‘‘ഈ ട്രിപ്പ്‌ പാർവത്യന്നെ സ്പോൺസർ ചെയ്യണു.’’

ഇനിയുള്ള കാലത്ത് അമ്മയുടെ രക്ഷാകർത്താവ് താൻതന്നെ, അവൾ ഓർത്തു. ഭർത്താവും മകളുമെല്ലാം… അവൾ അഭിമാനത്തോടെ ഓർത്തു.

(തുടരും)

ചിത്രീകരണം: സതീഷ്​ ചളിപ്പാടം

News Summary - weekly novel