ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

ഒരു ദൗത്യംകൂടി ബാലഗോപാലന്‍ നായരുമായുള്ള കൂടിക്കാഴ്ചയുടെ ഫലം എഡിറ്ററെ നേരിട്ടറിയിക്കാന്‍ ‘ശാരിക’യുടെ ഓഫീസിലേക്ക് രാവിലെ നേരത്തേത്തന്നെ എത്തിയെങ്കിലും ഫലമുണ്ടായില്ല. വാസ്തവത്തില്‍ ഇന്നലെ രാത്രിതന്നെ അദ്ദേഹം എന്നെ വിളിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷേ, രാത്രിയെന്നല്ല ഇന്നു രാവിലെയും വിളിച്ചില്ല. ഓഫീസിലെത്തിയപ്പോഴാവട്ടെ എഡിറ്ററുടെ കാബിന്‍ ശൂന്യം. മാനേജിങ് എഡിറ്ററുടെ കാബിനും ശൂന്യമായിരുന്നു. എഡിറ്ററെ അങ്ങോട്ടു വിളിച്ച് വിവരമറിയിക്കാന്‍ എനിക്കു മടി തോന്നി. കൈയില്‍ വലിയ ഒരു ‘നോ’ ആയിട്ടാണല്ലോ ഞാന്‍ എത്തിയിരിക്കുന്നത്. ദൗത്യം തോറ്റ് ചെല്ലുന്ന എന്നെ എഡിറ്റര്‍ സ്വീകരിക്കാന്‍...
Your Subscription Supports Independent Journalism
View Plansഒരു ദൗത്യംകൂടി
ബാലഗോപാലന്‍ നായരുമായുള്ള കൂടിക്കാഴ്ചയുടെ ഫലം എഡിറ്ററെ നേരിട്ടറിയിക്കാന്‍ ‘ശാരിക’യുടെ ഓഫീസിലേക്ക് രാവിലെ നേരത്തേത്തന്നെ എത്തിയെങ്കിലും ഫലമുണ്ടായില്ല. വാസ്തവത്തില്‍ ഇന്നലെ രാത്രിതന്നെ അദ്ദേഹം എന്നെ വിളിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷേ, രാത്രിയെന്നല്ല ഇന്നു രാവിലെയും വിളിച്ചില്ല. ഓഫീസിലെത്തിയപ്പോഴാവട്ടെ എഡിറ്ററുടെ കാബിന്‍ ശൂന്യം. മാനേജിങ് എഡിറ്ററുടെ കാബിനും ശൂന്യമായിരുന്നു. എഡിറ്ററെ അങ്ങോട്ടു വിളിച്ച് വിവരമറിയിക്കാന്‍ എനിക്കു മടി തോന്നി.
കൈയില്‍ വലിയ ഒരു ‘നോ’ ആയിട്ടാണല്ലോ ഞാന്‍ എത്തിയിരിക്കുന്നത്. ദൗത്യം തോറ്റ് ചെല്ലുന്ന എന്നെ എഡിറ്റര്‍ സ്വീകരിക്കാന്‍ പോവുന്നത് എങ്ങനെയാണെന്ന് എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. എന്നാലും എനിക്ക് ഒരാശ്വാസമുണ്ടായിരുന്നു. അധർമത്തിന്‍റെ പേരിലാണല്ലോ ഈ ദൗത്യം പരാജയപ്പെട്ടത്. അതിന് ഞാനല്ലല്ലോ കുറ്റക്കാരന്‍. അത്തരം ഒരു നീക്കം നടത്തിയ എഡിറ്ററല്ലേ? മാനേജിങ് എഡിറ്ററല്ലേ? കെ. ബാലഗോപാലന്‍ നായര്‍ അതിനു വഴങ്ങാതിരുന്നതും എന്‍റെ കുറ്റമല്ലല്ലോ.
അദ്ദേഹം എന്‍റെ പക്കല്‍ തന്നയച്ചിരിക്കുന്ന ‘നോ’ അധാർമികതക്ക് എതിരെയുള്ള ‘നോ’ ആണല്ലോ. ആ സന്ദേശം കൈമാറുന്നതില്‍ ഞാന്‍ ശരിക്ക് അഭിമാനിക്കുകയല്ലേ വേണ്ടത്? എന്നാലും ഉള്ളില്‍ ഒരാന്തലുണ്ടായിരുന്നു. ഈ നോവല്‍ ‘ശാരിക’യുടെ ജീവന്മരണ പ്രശ്നമായിരുന്നു. അതിന്‍റെ നിലനിൽപ് എന്‍റെമാത്രം ആവശ്യമല്ല. മാനേജിങ് എഡിറ്ററുടെയും എഡിറ്ററുടെയും ആവശ്യമായിരുന്നു. ‘ശാരിക’യിലെ ജീവനക്കാരുടെ ആവശ്യമായിരുന്നു. അതിന്‍റെ ഏജന്‍റുമാരുടെ ആവശ്യമായിരുന്നു.
എല്ലാം ഒരൊറ്റ ‘നോ’വില്‍ അവസാനിച്ചിരിക്കുന്നു.
അതേസമയം, ഈ നോവല്‍ നഷ്ടപ്പെട്ടതുകൊണ്ടുമാത്രം ‘ശാരിക’യുടെ നിലനില്‍പ് അപകടത്തിലായി എന്നുവരുന്നുണ്ടോ? ഈ ഒരൊറ്റ നോവല്‍ കിട്ടിയതുകൊണ്ടുമാത്രം ‘ശാരിക’ അഭിവൃദ്ധിപ്പെടുമായിരുന്നുവോ?
പ്രസിദ്ധീകരിക്കാന്‍ ലഭിക്കും എന്നുറപ്പിച്ച നോവല്‍ കൈവിട്ടു പോവുമ്പോള്‍ ‘മനോമയ’ത്തിന്‍റെ പത്രാധിപര്‍ക്ക് എത്ര മനഃപ്രയാസമുണ്ടായിട്ടുണ്ടാവും? അതു കണക്കിലെടുക്കാതെ അത്തരമൊരു ഹീനദൗത്യത്തിന് കൈ കൊടുത്തത് എന്‍റെ തെറ്റല്ലേ? വീണ്ടും അത്തരമൊരു തെറ്റില്‍നിന്ന് കരകയറാന്‍ കഴിഞ്ഞതില്‍ ഇപ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?
ദൗത്യം പരാജയപ്പെട്ടുവെങ്കിലും ആ വിവരം എഡിറ്ററെ എത്രയും വേഗം അറിയിക്കണം എന്ന എന്‍റെ ആഗ്രഹത്തിന് തടയിട്ടു എഡിറ്ററുടെ അഭാവം.
എഡിറ്റര്‍ ലീവാണെന്ന് ഓഫീസില്‍ അറിയിച്ചിട്ടുണ്ടായിരുന്നില്ല എന്ന് അന്വേഷണത്തില്‍നിന്നു മനസ്സിലായി. ഏതു നിമിഷവും കയറിവന്നേക്കാമെന്നു കരുതി ഞാന്‍ കാബിനില്‍ത്തന്നെയിരുന്ന് ജോലിയില്‍ മുഴുകി.
നീണ്ടകാലത്തെ അഭാവം ജോലിയില്‍ എന്നെ തികച്ചും അപരിചിതനാക്കി മാറ്റിയിരുന്നു. ഈ ജോലിയായിരുന്നു കഴിഞ്ഞ ഒന്നര മാസവും ഞാന്‍ ചെയ്തിരുന്നതെങ്കില്‍ ഇതിനകം ഞാന്‍ രാജിവെച്ചുപോവുമായിരുന്നു എന്നു തോന്നി. അത്രമാത്രം മുഷിപ്പനായിരുന്നു റിസീവറുടെ ജോലി.
ദേവനും ശ്രീരാഗും ബാബുവുമൊക്കെ കൊല്ലങ്ങളായി സ്വന്തം ജോലി ഇങ്ങനെ മടുപ്പില്ലാതെ തുടരുന്നതില്‍ അവരെ സമ്മതിക്കാതെ വയ്യ. ഒരേ പണിതന്നെ ചെയ്തുചെയ്ത് അവരെല്ലാം യന്ത്രങ്ങളായിത്തീര്‍ന്നിട്ടുണ്ടാവണം. പിന്നെ കുടുംബം പോറ്റാന്‍ വേണ്ടിയാണല്ലോ പണിയെടുക്കുന്നത്. എത്ര മടുപ്പുതോന്നിയാലും ജോലി വിട്ടെറിഞ്ഞു പോവാന്‍ പറ്റില്ലല്ലോ.
ഇതിനു മുമ്പത്തെ റിസീവര്‍ പെട്ടെന്ന് ഒരുദിവസം ജോലി രാജി വെച്ചുപോയി എന്നത് എന്നെ ഇപ്പോള്‍ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല.
മാത്രമല്ല, പ്രതികരണവുമായി എത്തുന്ന വായനക്കാരില്‍ ചെറുപ്പക്കാര്‍ വളരെ വളരെ കുറവാണ്. ഇല്ലെന്നുതന്നെ പറഞ്ഞാലും തെറ്റില്ല. ഇത്തരം വാരികകളില്‍നിന്ന് പുതിയ തലമുറ ഏറക്കുറെ വിട്ടുപോയിക്കഴിഞ്ഞു എന്നല്ലേ അതിന്‍റെ അർഥം? എങ്കില്‍ എത്ര കാലം ഈ വാരികകള്‍ നിലനില്‍ക്കും?
സിനിമകളും വെബ് സീരിയലുകളും ഇന്‍സ്റ്റഗ്രാമും റീലുകളുമൊക്കെയുള്ള ലോകത്താണല്ലോ അവരിപ്പോള്‍. അവിടെനിന്ന് ഇനി ഒരു മടക്കമുണ്ടാവുമോ?
ഈ വാരികകളില്‍നിന്നു മാത്രമല്ല പുതുതലമുറ വായനയില്‍നിന്നുതന്നെ അകന്നുപോവുകയാണോ?
ഇത്ര നാളത്തെ പണിക്കിടയില്‍ വാരികക്ക് ഉപകാരമുള്ളതായ എന്തെങ്കിലും ഒരു കത്തോ വിളിയോ പ്രതികരണമായി കിട്ടിയിട്ടില്ല. നടപ്പാക്കാവുന്ന ഒരു നിർദേശംപോലും വന്നിട്ടില്ല. ആരൊക്കെയോ സമയം പോക്കാന്‍വേണ്ടി എന്തെങ്കിലുമൊക്കെ വിളിച്ചുപറയുന്നു എന്നല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല.
ഇന്‍റര്‍വ്യൂ സമയത്ത് എഡിറ്ററും മാനേജിങ് എഡിറ്ററും വാഴ്ത്തിയ മഹത്വമൊന്നും ഈ റിസീവര്‍ തസ്തികയിലില്ല എന്ന് ‘ശാരിക’യില്‍ ചേര്‍ന്ന് അധികം വൈകാതെത്തന്നെ എനിക്കു ബോധ്യമായിരുന്നു. അപ്പോഴാണ് എഡിറ്റര്‍ എന്നെ ഈ ദൗത്യം ഏൽപിക്കുന്നത്. തികച്ചും അധാര്‍മികമാണെങ്കിലും ഏറ്റെടുത്ത ദൗത്യത്തിന് ഒരു ത്രില്ലുണ്ടായിരുന്നു. പ്രത്യേകിച്ചും അതിന്‍റെ രഹസ്യസ്വഭാവംകൊണ്ട്. ആരെയൊക്കെയോ കബളിപ്പിക്കുന്നു എന്ന രസമുണ്ടായിരുന്നു. ഇനിയെന്ത് ഇനിയെന്ത് എന്ന ഉദ്വേഗം ഉടനീളമുണ്ടായിരുന്നു.
തീര്‍ച്ചയായും ഈ ദൗത്യം എനിക്ക് ഒരു നഷ്ടവുമുണ്ടാക്കിയിട്ടില്ല. കലയൂര്‍ കാര്‍ത്തികേയന്‍ എന്ന വ്യക്തിയെ പരിചയപ്പെടാന്‍ കഴിഞ്ഞുവല്ലോ. അദ്ദേഹവുമായി വളരെ വിലപ്പെട്ട ഒരു സൗഹൃദം എനിക്കു സ്ഥാപിക്കാനായല്ലോ. കാര്‍ത്തികേയന്‍ സാര്‍ മാത്രമല്ല; ദാമുവേട്ടനും വേശുവമ്മയും ഒക്കെ അന്യഥാ എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടാന്‍ ഒരു സാധ്യതയുമില്ലാത്തവരായിരുന്നു.
കലയൂര്‍ എന്ന ഗ്രാമവും അതുവരെ ഞാന്‍ അറിയാത്ത ദേശമായിരുന്നു. ദൗത്യത്തിന്‍റെ പ്രത്യേകതകൊണ്ട് കലയൂര്‍ നിവാസികളുമായി ബന്ധംപുലര്‍ത്താന്‍ കഴിയാതെ പോയത് കഷ്ടമായി. ചന്ദ്രേട്ടനുമായി മനപ്പൂർവം അകന്നുനില്‍ക്കേണ്ടിവന്നതും അതുകൊണ്ടാണല്ലോ.
അതെ. ഈ ദൗത്യം എനിക്കു ലാഭമേ ഉണ്ടാക്കിയിട്ടുള്ളൂ. കലയൂരില്‍ എന്തൊക്കെയോ ബാക്കിവെച്ചിട്ടാണ് ഞാന്‍ മടങ്ങിപ്പോന്നിരിക്കുന്നതെന്ന് ഇപ്പോള്‍ തോന്നുന്നു. എന്തെല്ലാമോ അവിടേക്ക് എന്നെ തിരിച്ചുവിളിക്കുന്നുണ്ട്. അവരെയൊക്കെ ഇനിയും കണ്ടുമുട്ടുമെന്ന് ഒരുറപ്പു തോന്നുന്നുണ്ട്. ഒന്നിനും ഒരു പൂർണവിരാമമായിട്ടില്ല.
പക്ഷേ, അതൊന്നും നടക്കണമെന്നുമില്ല. കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞതുപോലെ യാദൃച്ഛികതകളുടെ ഒരു പരമ്പരതന്നെയാണ് എന്‍റെ ജീവിതവും. ദൗത്യം അവസാനിച്ചതോടെ വിരാമമില്ലാത്തതും വിരസവുമായ ഈ പണിയാണ് എന്നെ കാത്തിരിക്കുന്നത്. ഇനി ‘ശാരിക’യില്‍ തുടരണം എന്ന് എഡിറ്റര്‍ നിർബന്ധിക്കുകയാണെങ്കില്‍ത്തന്നെ മറ്റെന്തെങ്കിലും ജോലി തരണമെന്ന് പറയേണ്ടിവരും. ഈ കസേരയില്‍ ഇനി തുടരാന്‍ താല്‍പര്യമില്ല എന്ന് ഉറപ്പിച്ചുതന്നെ പറയണം.
ബാലഗോപാലന്‍ നായര്‍ പറഞ്ഞതു ശരിയാണ്. ചില നേരങ്ങളില്‍ ആരുടെയും മുഖത്തുനോക്കി ‘നോ’ എന്നുപറയാന്‍ ശീലിക്കുക തന്നെ വേണം. നീണ്ട ഒരാഴ്ച തുടര്‍ച്ചയായി റിസീവര്‍പ്പണി ചെയ്യേണ്ടിവന്നു എഡിറ്ററെ ഒന്നു കണ്ടുമുട്ടാന്‍. അത്രയും ദിവസം എഡിറ്റര്‍ അജ്ഞാതവാസമായിരുന്നു എന്നുതന്നെ കരുതണം. കാത്തുകാത്തു മടുത്ത് ഒടുവില്‍ അങ്ങോട്ടു വിളിച്ചപ്പോഴൊക്കെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. അദ്ദേഹം ഇടക്കിടെ ഇങ്ങനെ അജ്ഞാതവാസം നടത്തുന്ന ആളായതുകൊണ്ട് അത് ഓഫീസില്‍ ഒരു വാര്‍ത്തയേ ആയിരുന്നില്ല. അദ്ദേഹത്തെ കാണാന്‍ എനിക്കല്ലാതെ മറ്റാര്‍ക്കും ഒരു തിടുക്കവും ഉണ്ടായിരുന്നതുമില്ല.

എഡിറ്റര്‍ തിരിച്ചുവന്നാല്‍ ഉടനെ എന്നെ കാബിനിലേക്കു വിളിപ്പിക്കുമെന്ന എന്‍റെ പ്രതീക്ഷയും അസ്ഥാനത്തായി. ഉച്ച തിരിയും വരെ അദ്ദേഹം എന്നെ അന്വേഷിച്ചതു തന്നെയില്ല. ഒരാഴ്ചത്തെ കുടിശ്ശിക തീര്‍ക്കാന്‍ തിരക്കിട്ടു പണിയെടുക്കുകയാവുമെന്നു കരുതി ഞാന്‍ അദ്ദേഹത്തെ ശല്യപ്പെടുത്താന്‍ പോയതുമില്ല.
വൈകുന്നേരമായിട്ടും വിളി വരാതിരുന്നതുകൊണ്ട് ഞാന്‍ എഡിറ്ററുടെ കാബിനിലേക്കു ചെല്ലാന്‍ തന്നെ നിശ്ചയിച്ചു. എനിക്ക് എന്‍റെ ഭാരം ഇറക്കിവെക്കേണ്ടതുണ്ടല്ലോ. ഓഫീസില്‍നിന്ന് എല്ലാവരും പിരിയാന്‍ വേണ്ടി ഞാന്‍ കാത്തുനിന്നു. ഒരുപക്ഷേ എഡിറ്ററും അതിനുവേണ്ടി കാത്തിരിക്കുകയായിരുന്നിരിക്കും. ഞങ്ങളുടെ ദൗത്യം ഓഫീസില്‍ മറ്റാരെയും അറിയിച്ചിരുന്നില്ലല്ലോ.
തിരക്കിട്ട് എന്തോ മാറ്റര്‍ നോക്കുകയായിരുന്നു എഡിറ്റര്‍. ഹാഫ് ഡോറില്‍ തട്ടിയപ്പോള്‍ അകത്തേക്കുവരാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ അകത്തുകടന്ന് കസേരയില്‍ ഇരുന്നപ്പോഴും എഡിറ്റര്‍ തിരക്കിട്ട് എന്തൊക്കെയോ എഴുതുകയും അതില്‍ എന്തൊക്കെയോ തിരുത്തലുകള്‍ നടത്തുകയുമായിരുന്നു.
എഡിറ്ററുടെ പെരുമാറ്റത്തില്‍ എനിക്കെന്തോ പന്തികേടു തോന്നി. ഏൽപിച്ച ദൗത്യത്തിന്‍റെ ഫലത്തെപ്പറ്റി അറിയാന്‍ അദ്ദേഹത്തിന് ഒരു തിടുക്കവുമില്ലാത്തത് എന്തുകൊണ്ടാണ്?
ഇതിനിടെ ബാലഗോപാലന്‍ നായരെ അദ്ദേഹം വിളിച്ചിട്ടുണ്ടാവുമോ? അതോ ബാലഗോപാലന്‍ നായര്‍ എഡിറ്ററെ വിളിച്ച് വിവരം പറഞ്ഞിട്ടുണ്ടാവുമോ? അവര്‍ നല്ല സുഹൃത്തുക്കളാണെന്നല്ലേ പറഞ്ഞത്?
പണി തീര്‍ത്ത് മാറ്റര്‍ മേശയുടെ ഒരു വശത്തേക്കു നീക്കിവെച്ച് എഡിറ്റര്‍ എന്‍റെ മുഖത്തു നോക്കി. അദ്ദേഹത്തിന്‍റെ മുഖത്തുനിന്ന് എനിക്ക് ഒന്നും വായിച്ചെടുക്കാനായില്ല. അത്രമാത്രം ശൂന്യമായിരുന്നു അദ്ദേഹത്തിന്‍റെ മുഖത്തെ ഭാവം.
ബാലഗോപാലന്‍ നായരുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി അദ്ദേഹം എന്തെങ്കിലും ഇങ്ങോട്ടു ചോദിക്കും എന്നു കരുതിയെങ്കിലും ഒന്നുമുണ്ടായില്ല. ഞാന്‍ പറയട്ടെ എന്ന് കാത്തിരിക്കുന്നതുപോലെയുണ്ടായിരുന്നു.
അപ്പോള്‍ ബാലഗോപാലന്‍ നായരെ കാണാന്‍ പോയതും സംസാരിച്ചതും അദ്ദേഹത്തിന്‍റെ മറുപടിയും അല്‍പം വിസ്തരിച്ചുതന്നെ ഞാന്‍ പറഞ്ഞു. എഡിറ്റര്‍ എല്ലാം വിശേഷിച്ച് ഒരു ഭാവഭേദവുമില്ലാതെ സശ്രദ്ധം കേട്ടുകൊണ്ടിരുന്നു.
ഈ തീരുമാനം അവര്‍ തമ്മിലുള്ള സുഹൃദ്ബന്ധത്തില്‍ ഒരു തരത്തിലും പോറലേൽപിക്കരുതെന്ന ബാലഗോപാലന്‍ നായരുടെ സന്ദേശംകൂടി കൈമാറിയപ്പോള്‍ എഡിറ്റര്‍ വളരെ നേരിയ തോതില്‍ ഒന്നു ചിരിച്ചു.
‘‘കഴിഞ്ഞോ?’’ അദ്ദേഹം ചോദിച്ചു.
ബാക്പാക്കില്‍നിന്ന് ‘ജമന്തിപ്പൂക്കളു’ടെ ഫോള്‍ഡറെടുത്ത് ഞാന്‍ എഡിറ്ററുടെ മുന്നില്‍ വെച്ചു.
എഡിറ്റര്‍ അതിലേക്ക് ഒന്നു നോക്കുകപോലും ചെയ്യാതെ മേശപ്പുറത്തു കിടക്കുന്ന ഫയല്‍ക്കൂട്ടങ്ങളില്‍നിന്ന് എ-ഫോര്‍ ഷീറ്റില്‍ സ്പൈറല്‍ ബൈന്‍ഡ് ചെയ്ത ഒരു പുസ്തകം എടുത്ത് എന്‍റെ നേരെ നീക്കിവെച്ചു. തുറന്നുനോക്കാതെത്തന്നെ എനിക്കത് എന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു.
ഞാന്‍ എഴുതിയ നോവല്‍.
ഇവിടെ ജോലിക്കു ചേര്‍ന്ന ദിവസംതന്നെ ഞാനത് എഡിറ്റര്‍ക്കു സമര്‍പ്പിച്ചതാണെങ്കിലും അദ്ദേഹം അതിനെപ്പറ്റി ഇതുവരെ ഒന്നും പറഞ്ഞിരുന്നില്ല. വായിച്ചു എന്നോ ഇല്ല എന്നോ എന്നെ അറിയിച്ചിരുന്നില്ല. ഞാന്‍ അതിനെപ്പറ്റി കാര്യമായി ഒന്നും ചിന്തിച്ചിരുന്നതുപോലുമില്ല. നോവല്‍ കൊടുത്ത് ആദ്യത്തെ കുറച്ചുദിവസങ്ങള്‍ എഡിറ്ററുടെ അഭിപ്രായം പ്രതീക്ഷിച്ചിരുന്നു എന്നതു ശരിതന്നെ. പക്ഷേ, പിന്നീട് എന്‍റെ നോവലില്‍ ഒരു പൈങ്കിളി വാരികയുടെ എഡിറ്റര്‍ക്ക് എന്തു കാര്യം എന്ന് അല്‍പം അഹന്തയോടെ ചിന്തിച്ചിരുന്നു എന്നതും നേര്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ അഭിപ്രായമെന്തെന്ന് അങ്ങോട്ടു ചോദിക്കേണ്ടതില്ല എന്ന് ആ ദിവസങ്ങളിലൊക്കെ ഞാന്‍ ചിന്തിച്ച് ഉറപ്പിച്ചിരുന്നു.
പിന്നീട് അക്കാര്യംതന്നെ ഞാന്‍ മറന്നുപോവുകയും ചെയ്തു. ഞാന്‍ ചോദ്യഭാവത്തോടെ അദ്ദേഹത്തിന്‍റെ മുഖത്തേക്കു നോക്കി.
‘‘ഞാനിതു തിരിച്ചു തരാന്‍ മറന്നു,’’ തിരിച്ചെടുത്തുകൊള്ളാന്‍ കൈകള്‍കൊണ്ട് ആംഗ്യം കാണിച്ച് അദ്ദേഹം തുടര്‍ന്നു: ‘‘എല്ലാത്തിനും ഒരവസാനം വേണമല്ലോ.’’
തിരിച്ചുതരുമ്പോഴെങ്കിലും അതിനെപ്പറ്റി എന്തെങ്കിലും പറഞ്ഞില്ലല്ലോ എന്ന് എനിക്ക് എഡിറ്ററോട് പരിഭവം തോന്നി. നല്ലതായാലും ചീത്തയായാലും ഒരു വാക്ക്. അതൊന്നുമില്ലാത്ത ഈ പ്രതികരണം തികച്ചും അവഗണനയാണ്. ഇതിൽപരം എങ്ങനെയാണ് ഒരാളെ അവഹേളിക്കാനാവുക?
‘‘ശരി. ഇത് ഞാന്‍ കയ്യില്‍ വെച്ചോളാം,’’ സ്പൈറല്‍ ബൈന്‍ഡ് ചെയ്ത നോവല്‍ കൈയിലേക്ക് എടുത്തുകൊണ്ട് ഞാന്‍ ‘ജമന്തിപ്പൂക്കളു’ടെ ഫോള്‍ഡറിലേക്ക് ചൂണ്ടിക്കാട്ടി.
‘‘ഇതിനും വേണ്ടേ ഒരവസാനം?’’
‘‘വേണം,’’ എഡിറ്റര്‍ ഫോള്‍ഡര്‍ കൈയിലെടുത്തു. ‘‘ഇതിനും തന്‍റെ സഹായം വേണ്ടിവരും.’’
‘‘ഇനിയും എന്തു സഹായം?’’ അരിശമടക്കി ഞാന്‍ ചോദിച്ചു.
‘‘മിസ്റ്റര്‍ തലിയാര്‍ഖാന്‍, തന്‍റെ പേരിന് ആവശ്യത്തിലധികം മുഴക്കവും പ്രത്യേകതയുമുണ്ട്,’’ എഡിറ്റര്‍ ചിരിച്ചു. ‘‘എനിക്ക് ഇടയ്ക്കു തോന്നിയിരുന്നു ഈ പേരിലാണ് കാര്‍ത്തികേയന്‍ സാര്‍ വീണുപോയതെന്ന്. ‘മനോമയ’ത്തില്‍നിന്ന് നോവല്‍ അന്വേഷിച്ചു ചെന്ന ആളോട് സാര്‍ തന്‍റെ പേര് കൃത്യമായി പറഞ്ഞുകൊടുത്തിട്ടുമുണ്ടാവും. ഇതുവരെ ആരും തന്നെ അന്വേഷിച്ച് എത്തിയിട്ടില്ല എന്നതു ശരിതന്നെ. പക്ഷേ അത് ഇന്നോ നാളെയോ സംഭവിക്കും. താന്‍ ഇവിടത്തെ ജോലിക്കാരനാണെന്നും വെളിപ്പെടും. അതോടെ നമ്മുടെ ഈ ഗൂഢപദ്ധതിയും പൊളിഞ്ഞുപോവും. എന്താ, ശരിയല്ലേ?’’
അതില്‍ എനിക്കു സംശയമൊന്നുമില്ല. അങ്ങനെയൊരാള്‍ ഇതിനകംതന്നെ വേശുവമ്മയുടെ അടുത്ത് എത്തിയിട്ടുണ്ടാവണം. വേശുവമ്മ അവരോട് എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക? ഞാന്‍ രണ്ടു ദിവസത്തിനകം തിരിച്ചുചെല്ലും എന്നായിരിക്കുമോ? അതോ തനിക്ക് ഒന്നും അറിയില്ലെന്നാവുമോ?
വേശുവമ്മയെ വിശ്വസിക്കാന്‍ വയ്യ. അവര്‍ എന്നെയും സംശയത്തിന്‍റെ അതിര്‍വരമ്പിലാണ് നിര്‍ത്തിയിരിക്കുന്നത്.
‘‘എന്‍റെ സഹായം എന്താണ് വേണ്ടത് എന്നു പറഞ്ഞില്ല.’’
‘‘ഇത് ഒരാള്‍ക്കു കൊണ്ടുകൊടുക്കണം,’’ മേശപ്പുറത്തെ ഫയല്‍ക്കൂട്ടങ്ങളില്‍നിന്ന് ജമന്തിപ്പൂക്കളുടെ കൈെയഴുത്തുപ്രതി വലിച്ചെടുത്ത് എന്‍റെ നേരെ നീക്കിവെച്ച് എഡിറ്റര്‍ പറഞ്ഞു. ‘‘തികച്ചും സുരക്ഷിതമായി ഇത് അവിടെ ഏൽപിക്കേണ്ടതുണ്ട്.’’
‘‘എവിടെ?’’
‘‘മനോമയത്തിന്‍റെ ഓഫീസില്‍.’’
കേട്ടത് വിശ്വസിക്കാനാവാതെ ഞാന്‍ എഡിറ്ററെ മിഴിച്ചുനോക്കി.
‘‘സര്‍ എന്താണ് പറഞ്ഞത്?’’
‘‘അവരുടെ ഓഫീസില്‍ പോയി ഇത് മനോമയത്തിന്‍റെ പത്രാധിപരെ ഏൽപിക്കണമെന്ന്.’’
‘‘സര്‍ എന്നെ കളിയാക്കുകയാണോ?’’ ഞാന്‍ കസേരയില്‍നിന്ന് എഴുന്നേറ്റു.
‘‘ഓരോന്നും അതാതിന്‍റെ ശരിക്കുള്ള ഉടമസ്ഥനെ ഏൽപിക്കാന്‍ പറയുന്നത് കളിയാക്കലാവുന്നതെങ്ങനെയാണ് തലിയാര്‍ഖാന്‍?’’ എഡിറ്റര്‍ ചിരിച്ചു. “താന്‍ ഇരിക്കെടോ.”
പിന്നെ എന്തിനാണ് എന്നോട് കാര്‍ത്തികേയന്‍ സാറിനെ കാണാന്‍ ആവശ്യപ്പെട്ടത്? ഇത്രയും ദിവസങ്ങള്‍ അതീവരഹസ്യമായി ഈ ദൗത്യം മുന്നോട്ടുകൊണ്ടുപോയത്? ബാലഗോപാലന്‍ സാറിന്‍റെ അടുത്തേക്കു വിട്ടത്? എല്ലാം എന്നെ വെറുതെ പരീക്ഷിക്കാന്‍ വേണ്ടിയായിരുന്നുവോ? ഇപ്പോള്‍ മറ്റൊരു വ്യർഥദൗത്യത്തിന് എന്നെ നിയോഗിക്കുകയാണോ?
“എന്താ തലിയാര്‍ഖാന്‍ ആലോചിക്കുന്നത്?”
“എനിക്കു പലതും മനസ്സിലാവുന്നില്ല സര്‍,” ഞാന്‍ പറഞ്ഞു, “നമ്മള്‍ ഇത്രയും ബുദ്ധിമുട്ടിയത് ഇത് ‘മനോമയ’ത്തിന്‍റെ പത്രാധിപര്‍ക്കു സമര്‍പ്പിക്കാനായിരുന്നുവോ?”
“അതൊക്കെ നമുക്ക് പിന്നീടു സംസാരിക്കാം തലിയാര്‍ഖാന്‍,” എഡിറ്ററുടെ ശബ്ദം ഇപ്പോള്‍ അല്‍പം കനത്തുവെന്ന് എനിക്കു തോന്നി. “ആദ്യം ഞാന്‍ പറഞ്ഞത് അനുസരിച്ചാല്‍ മതി. എത്രയും വേഗം വേണം. ‘മനോമയ’ത്തിന്‍റെ ദൂതന്‍ തന്നെ അന്വേഷിച്ച് ഇവിടെയെത്തുന്നതിനു മുമ്പ്.”
ഒരു മാസത്തിലധികം അതീവരഹസ്യമായി കാത്തുസൂക്ഷിച്ച ദൗത്യം. അത്യധികം സൂക്ഷ്മമായി നടത്തിയ നീക്കങ്ങള്‍. രാത്രിയും പകലും നെഞ്ചോടടക്കി വെച്ച ൈകയെഴുത്തുപ്രതി. നാളെ അത് മറ്റൊരാളുടെ കൈയില്‍ ഏൽപിക്കണം പോലും.
എന്തിനായിരുന്നു കഴിഞ്ഞ ഒരു മാസത്തിലധികം ഞാന്‍ ഇത്രയും പണിപ്പെട്ടത്?
“എന്താ താന്‍ മിണ്ടാതിരിക്കുന്നത്? ഞാന്‍ പറഞ്ഞതു കേട്ടില്ലേ?”
“എനിക്കു ബുദ്ധിമുട്ടുണ്ട് സര്‍.” ശബ്ദത്തില്‍ അമര്‍ഷം പുരളാതിരിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞൊപ്പിച്ചു.
“തലിയാര്‍ഖാന്‍,” അത്യന്തം ശാന്തത സ്ഫുരിക്കുന്ന ശബ്ദത്തില്‍ എഡിറ്റര്‍ വിളിച്ചു. “എനിക്കു മനസ്സിലാവുന്നുണ്ട്. സ്വന്തം വ്യക്തിത്വത്തെപ്പോലും പണയംവെച്ച് ഇത്രയും കൃത്യമായി പണിയെടുത്തിട്ട് അത് എവിടെയും എത്താതെപോയതിലുള്ള തന്‍റെ വിഷമം. എനിക്കും വിഷമമില്ലെന്നാണോ താന്‍ കരുതുന്നത്? എല്ലാം ‘ശാരിക’യുടെ നിലനിൽപിനു വേണ്ടിയായിരുന്നു. അതായത് നമുക്കു രണ്ടു പേര്‍ക്കും വേണ്ടി മാത്രമായിരുന്നില്ല; ഇവിടത്തെ സ്റ്റാഫിനും അവരുടെ കുടുംബത്തിനും വേണ്ടിയായിരുന്നു. നമ്മുടെ ഏജന്‍റുമാര്‍ക്കു വേണ്ടിയായിരുന്നു. അത് വിജയിച്ചില്ല എന്നതു വേറെക്കാര്യം. എല്ലാ പരിശ്രമങ്ങളും വിജയിച്ചുകൊള്ളണമെന്നില്ലല്ലോ. ഞാനേെറ്റടുത്ത എത്രയെത്ര ഉദ്യമങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന് എനിക്കല്ലേ അറിയൂ.”

ഞാന്‍ എല്ലാം കേട്ട് ഒന്നും മിണ്ടാതെയിരുന്നു.
“ഇതുവരെ ഞാന്‍ പറഞ്ഞതെല്ലാം താന്‍ അക്ഷരംപ്രതി അനുസരിച്ചു,” എഡിറ്ററുടെ ശബ്ദം ആര്‍ദ്രമായി. “അതുകൊണ്ട് ഇതുകൂടി ചെയ്തുതരണം. താന്‍ നാളെ രാവിലെത്തന്നെ ‘മനോമയ’ത്തിന്‍റെ ഓഫീസില്‍ പോയി ഇത് അവരെ ഏൽപിക്കണം.”
“ഞാന്‍ പോവാം സര്‍,” എനിക്ക് പറയാതിരിക്കാന്‍ കഴിഞ്ഞില്ല. “പക്ഷേ ഒരുപകാരം ചെയ്യുമോ? ഞാന്‍ അവിടേക്കു പോവുന്നതിനുമുമ്പ് സര്‍ അദ്ദേഹത്തെ വിളിച്ച് ഞാന്‍ വരുന്നുണ്ടെന്നു പറയാമോ?”
“എന്തിന് തലിയാര്‍ഖാന്‍? താന്‍ അവിടെ പോവുന്നത് ഞാന്‍ പറഞ്ഞിട്ടല്ല. കാര്‍ത്തികേയന്‍ സാറിന്‍റെ നോവലിന്‍റെ കയ്യെഴുത്തുപ്രതി ‘മനോമയം’ പത്രാധിപര്‍ക്ക് കൈമാറാന്‍ വേണ്ടിയാണ്. അവിടെ താന്‍ ശാരികയുടെ ജീവനക്കാരനല്ല. തലിയാര്‍ഖാന്‍ എന്ന കേട്ടെഴുത്തുകാരന്‍ മാത്രമാണ്. മനസ്സിലായില്ലേ?”
മുഴുവന്‍ മനസ്സിലായില്ലെങ്കിലും ഒരുകാര്യം ഉറപ്പായി. എഡിറ്റര്‍ വീണ്ടും എന്നെ കുട്ടിക്കുരങ്ങനാക്കുകയാണ്. ‘മനോമയം’ പത്രാധിപര്‍ ഉതിര്‍ക്കുന്ന ചോദ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ എന്നെ തുറിച്ചുനോക്കുന്നുണ്ട്. ഉത്തരങ്ങള്‍ പലതും പിഴയ്ക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് എഡിറ്റര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ. എല്ലാ ക്ഷതവും തലിയാര്‍ഖാനു മാത്രം.
ശരി തന്നെ. പക്ഷേ ഇതു മാത്രമായി ഇനി ബാക്കിവെച്ചിട്ടെന്ത്? എന്തായാലും നനഞ്ഞു. ഇനി മുഴുവന്‍ മുങ്ങിനിവരാം. ആകെ മുങ്ങിയാല്‍ കുളിരില്ല എന്നാണല്ലോ.
“നാളെ രാവിലെ ഒരു പത്തു മണിയോടെ പോയാല്‍ മതി. പത്രാധിപര്‍ അതു കഴിഞ്ഞിട്ടേ എത്തൂ. അവിടെനിന്ന് കാര്യം കഴിഞ്ഞ് നേരെ ഇങ്ങോട്ടുപോരുക. ഞാന്‍ തന്നെ കാത്തിരിക്കും.”
“ശരി സര്‍.”
“പിന്നെ ഒരു കാര്യം,” എഴുന്നേല്‍ക്കാന്‍ തുടങ്ങിയ എന്നെ തടഞ്ഞുകൊണ്ട് എഡിറ്റര്‍ തുടര്‍ന്നു. “അവിടെ പത്രാധിപരില്ലെങ്കില്‍ നോവല്‍ മറ്റാരുടെയെങ്കിലും കയ്യില്‍ കൊടുത്ത് മടങ്ങിവരാന്‍ പാടില്ല. അദ്ദേഹം വരുന്നതുവരെ കാത്തിരിക്കണം. ഇനി അഥവാ അദ്ദേഹം ലീവോ മറ്റോ ആണെങ്കില്‍ കയ്യെഴുത്തുപ്രതി അതേപടി തിരിച്ചുകൊണ്ടു വരിക. മനസ്സിലായില്ലേ?”
കൈയെഴുത്തുപ്രതി വെച്ച ഫോള്‍ഡര്‍ കൈയിലെടുത്ത് എഴുന്നേറ്റു നടക്കാന്‍ തുടങ്ങുമ്പോള്‍ എഡിറ്റര്‍ പിന്നില്‍നിന്നു വിളിച്ചു.
“ഒരു കാര്യംകൂടി: പത്രാധിപരുടെ അടുത്ത് അധികം വിശേഷങ്ങളൊന്നും പറയാന്‍ നില്‍ക്കണ്ട. അയാള്‍ പലതും പറഞ്ഞെന്നും ചോദിച്ചെന്നുമിരിക്കും. ഒന്നിനും മറുപടി പറയണ്ട. ചെല്ലുക, കാണുക, നോവല്‍ കൊടുക്കുക, തിരിച്ചുപോരുക. മനസ്സിലായോ?”
അതെനിക്കു കൃത്യമായി മനസ്സിലായി. തല കുലുക്കി ഞാന്‍ കസേരയില്‍നിന്ന് എഴുന്നേറ്റു.
ഇതെന്‍റെ അവസാനത്തെ ദൗത്യമാണ്. ഇതെങ്കിലും എനിക്കു വിജയിപ്പിക്കേണ്ടതുണ്ട്. തുടരത്തുടരെയുള്ള പരാജയങ്ങള്‍ എനിക്ക് അത്രമേല്‍ മടുത്തിരിക്കുന്നു.
“ഓള്‍ ദ ബെസ്റ്റ് തലിയാര്‍ഖാന്‍!” എഡിറ്റര്‍ കൈ ഉയര്‍ത്തി വീശിക്കാണിച്ചു.
തലകുനിച്ച് ആശീര്‍വാദം സ്വീകരിച്ച് ഞാന്‍ കാബിനില്‍നിന്നു പുറത്തുകടന്നു.
