ജമന്തിപൂക്കൾ നീണ്ടകഥയുടെ കഥ

തിരുത്ത് കെ. ബാലഗോപാലന് നായരെ കാണാന്‍ ചെല്ലുന്ന കാര്യം എഡിറ്റര്‍ ഫോണ്‍ ചെയ്ത് അറിയിക്കാമെന്നു പറഞ്ഞത് എനിക്കു കുറച്ച് ആശ്വാസമുണ്ടാക്കി. ഇത്തരം ഒരു മുഖവുരയുമില്ലാതെയാണല്ലോ കാര്ത്തികേയന് സാറിന്റെ അടുത്തേക്ക് എന്നെ പറഞ്ഞുവിട്ടത്. ഇത്തവണ ഏതായാലും എഡിറ്റര്‍ കുറച്ചുകൂടി ഔചിത്യം കാണിച്ചിരിക്കുന്നു. എങ്കിലും ഒരധൈര്യം എന്നെ കീഴടക്കിയിരുന്നു. കാര്ത്തികേയന് സാറുമായുള്ള ദൗത്യം പരിപൂര്‍ണവിജയം ആയില്ലല്ലോ. എന്നാല്‍, അത്...
Your Subscription Supports Independent Journalism
View Plansതിരുത്ത്
കെ. ബാലഗോപാലന് നായരെ കാണാന്‍ ചെല്ലുന്ന കാര്യം എഡിറ്റര്‍ ഫോണ്‍ ചെയ്ത് അറിയിക്കാമെന്നു പറഞ്ഞത് എനിക്കു കുറച്ച് ആശ്വാസമുണ്ടാക്കി. ഇത്തരം ഒരു മുഖവുരയുമില്ലാതെയാണല്ലോ കാര്ത്തികേയന് സാറിന്റെ അടുത്തേക്ക് എന്നെ പറഞ്ഞുവിട്ടത്. ഇത്തവണ ഏതായാലും എഡിറ്റര്‍ കുറച്ചുകൂടി ഔചിത്യം കാണിച്ചിരിക്കുന്നു. എങ്കിലും ഒരധൈര്യം എന്നെ കീഴടക്കിയിരുന്നു. കാര്ത്തികേയന് സാറുമായുള്ള ദൗത്യം പരിപൂര്‍ണവിജയം ആയില്ലല്ലോ. എന്നാല്‍, അത് എഡിറ്റര്‍ അനുവദിച്ചുതന്നിരിക്കുന്നു. അതുപോലെയാവില്ല ഈ ദൗത്യം. ഇതില്‍ പരാജയപ്പെട്ടാല്‍ അത് അദ്ദേഹം ക്ഷമിച്ചുകൊള്ളണമെന്നില്ല. സമ്പൂര്‍ണ പരാജയം എന്റെ പേരിലാണ് എഴുതിച്ചേര്‍ക്കപ്പെടുക. എനിക്കു നിരത്താന്‍ ഒഴികഴിവുകളൊന്നുമില്ലല്ലോ.
വൈറ്റിലയിലെ കൂറ്റന്‍ അപ്പാര്ട്മെന്റുകളിലൊന്നിന്റെ ഏഴാം നിലയിലായിരുന്നു ബാലഗോപാലന് നായരുടെ ഫ്ലാറ്റ്.
ലിഫ്റ്റിൽ ഏഴാം നിലയിലേക്ക് എത്തി 1704ന്റെ വാതിലിനു മുന്നിലെത്തി കോളിങ് ബെല്ലിന്റെ സ്വിച്ചില്‍ വിരലമര്‍ത്തി നില്ക്കുമ്പോള് എന്റെ മനസ്സ് അല്പം സംഭ്രമംപൂണ്ടിരുന്നു.
ബാലഗോപാലന് നായര്തന്നെയാണ് വാതില്‍ തുറന്നത്. പിന്നിലേക്കു ചീകിവെച്ച വെളുത്ത തലമുടി ഈ പ്രായത്തിലും സമൃദ്ധമാണ്. വെള്ളിനിറത്തിലുള്ള ഫ്രെയ്മുള്ള കണ്ണട. ചന്ദനനിറമുള്ള ജുബ്ബയും വെളുത്ത ഡബിള്‍ മുണ്ടുമാണ് വേഷം.
കൈ തന്നപ്പോള്‍ അതിന്റെ മൃദുത്വം എനിക്കനുഭവപ്പെട്ടു. പ്രായത്തിന്റെയാവാം, ആ കൈകള്‍ക്ക് നേരിയ ഒരു വിറയലുണ്ടെന്നു തോന്നി. വാതില്‍ മലര്‍ക്കെ തുറന്നു തന്ന് എനിക്ക് അകത്തേക്കു കടക്കാന്‍വേണ്ടി അദ്ദേഹം അരികിലേക്ക് ഒതുങ്ങിനിന്നു.
അഭിജാതമായ ചലനങ്ങള്‍.
‘‘നിങ്ങളുടെ എഡിറ്റര്‍ വിളിച്ചിരുന്നു,’’ സോഫയിലിരിക്കാന്‍ ക്ഷണിച്ച് അദ്ദേഹം പറഞ്ഞു. പ്രായത്തിന്റെ അവശത അദ്ദേഹത്തിന്റെ ശബ്ദത്തെയും ബാധിച്ചിരുന്നു. കഫംകെട്ടിയ തൊണ്ടയില്‍നിന്ന് അതു പുറത്തുവരാന്‍ പണിപ്പെടുന്നുണ്ടെന്നു തോന്നി.
വിശാലമായ മുറിയായിരുന്നു അത്. വളരെ ലളിതമായി ഇന്റീരിയര്‍ ചെയ്ത ഇരിപ്പുമുറി. രണ്ടു ചുമരുകളില്‍ പെയിന്റിങ്. അതില്‍ ഒരെണ്ണം അമൃതാ ഷെര്‍ഗിലിന്റെ ത്രീ വിമെന്‍ ആണ്. മറ്റേത് വാന്‍ഗോഗിന്റെ പൊട്ടാറ്റോ ഈറ്റേഴ്സ്. സോഫാ സെറ്റിനു മുകളില്‍ സീലിങ് ഫാന്‍ വളരെ സാവധാനം കറങ്ങുന്നുണ്ട്.
‘‘വേഗം കൂട്ടണോ?’’ ഞാന്‍ ഫാനിലേക്ക് നോക്കുന്നതു കണ്ട് ബാലഗോപാലന് നായര്‍ ചോദിച്ചു.
‘‘വേണ്ട.’’
‘‘എന്താണ് അദ്ദേഹത്തിനു വേണ്ടത് എന്ന് വ്യക്തമായി പറഞ്ഞില്ല,’’ ഞാന്‍ ഇരുന്നപ്പോള്‍ ബാലഗോപാലന് നായര്‍ പറഞ്ഞു. ‘‘അത് നിങ്ങള്‍ പറയും എന്നാണ് പറഞ്ഞത്.’’
അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എഡിറ്റര്‍ നേരിട്ട് കാര്യങ്ങള്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടാവുമെന്നും ബാലഗോപാലന് നായര്‍ എല്ലാം സമ്മതിച്ചിട്ടുണ്ടാവുമെന്നുമാണ് ഞാന്‍ കരുതിയിരുന്നത്. ലാപ്ടോപ്പിലെ നോവലിന്റെ കോപ്പി ഭംഗിയായി അച്ചടിച്ചെടുത്തത് ഒരു ഫോള്‍ഡറിലാക്കി കൈയില്‍ വെച്ചിട്ടുണ്ട്. അതു കൊടുക്കുക മാത്രമാണ് എന്റെ ജോലി എന്നാണ് ഞാന്‍ കരുതിയിരുന്നത്.
ഇത്തവണയും എഡിറ്റര്‍ എന്നെ ചതിച്ചിരിക്കുന്നു. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറു വാരിക്കുക എന്ന തന്റെ വിനോദം അദ്ദേഹം ഇനിയും തുടരുകയാണ്. എനിക്ക് അരിശം തോന്നി.
തികച്ചും അധാര്‍മികമായ ഒരാവശ്യവുമായാണ് ഞാന്‍ എത്തിയിരിക്കുന്നതെന്ന പരിപൂര്‍ണമായ ബോധ്യം എനിക്കുണ്ടായിരുന്നു. എന്റെ ആവശ്യം നിരാകരിച്ച് ബാലഗോപാലന് നായര്‍ എന്നെ ആട്ടിയോടിച്ചാല്‍ ദൗത്യം അതോടെ അവസാനിക്കും. എന്റെ രണ്ടാമത്തെ ദൗത്യവും ചീറ്റിപ്പോവും.
അതുകണ്ട് ചിരിക്കാനാണോ എന്നെ എഡിറ്റര്‍ ഇങ്ങോട്ടയച്ചിരിക്കുന്നത്?
എന്തായാലും ഇനി ഒഴിഞ്ഞുമാറാനാവില്ലല്ലോ. ബാക്പാക്കില്‍നിന്ന് ഫോള്‍ഡറെടുത്ത് അദ്ദേഹത്തിന്റെ മുന്നിലേക്കുവെച്ചു. അദ്ദേഹം ഫോള്‍ഡറില്‍നിന്ന് നോവലിന്റെ അച്ചടിച്ച കോപ്പി വലിച്ചെടുത്ത് മടിയിലേക്കു വെച്ചു. ഓരോ നീക്കത്തിലും വാർധക്യത്തിന്റെ സ്പര്‍ശം. കൈകള്‍ ചെറുതായി വിറയ്ക്കുന്നുണ്ട്. എങ്കിലും ചലനങ്ങള്‍ തികച്ചും അഭിജാതം തന്നെ.
നോവല്‍ സാവധാനം ഒന്നു മറിച്ചുനോക്കി അദ്ദേഹം എന്റെ മുഖത്തേത്ത് നോക്കി. ഇത് ആരെഴുതിയതാണ് എന്ന ചോദ്യമായിരുന്നു ആ നോട്ടത്തില്‍. നോവലില്‍ എഴുത്തുകാരന്റെ പേരൊന്നും വെച്ചിരുന്നില്ല. എന്തുപറയണം? കലയൂര് കാര്ത്തികേയന് സാറിന്റെയാണ് എന്നു പറയണോ? ഏതായാലും മറച്ചുവെക്കാനൊന്നുമില്ല. ഇനി മറച്ചുവെച്ചിട്ടു കാര്യവുമില്ല. ദൗത്യംതന്നെ അതാണല്ലോ.
ഞാന്‍ വിഷയം മുഴുവന്‍ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം എല്ലാം സശ്രദ്ധം കേട്ടു.
അതിനിടക്ക് പരിചാരകനെന്നു തോന്നിപ്പിച്ച ഒരാള്‍ രണ്ടു കപ്പില്‍ ചായയുമായി വന്നു. അതിലൊരു കപ്പെടുത്ത് ബാലഗോപാലന് നായര്‍ എനിക്കു നേരെ നീട്ടി. മറ്റേ കപ്പ് സാവധാനം എടുത്ത് അല്പനേരം എന്തോ ചിന്തിച്ചുകൊണ്ടിരുന്നു.
‘‘മിസ്റ്റര്‍ തലിയാര്‍ഖാന്‍, നിങ്ങള്‍ ഏതു വര്‍ഷമാണ് ജനിച്ചത്?’’
ഞാനെന്റെ ജനനത്തീയതി പറഞ്ഞു: ജനുവരി 15, 2004.
‘‘അപ്പോള്‍ നിങ്ങള്‍ എ.എഫ്.എസ് തലിയാര്ഖാനെ കേട്ടിട്ടുണ്ടാവില്ല; അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ശബ്ദം കേട്ടിട്ടുണ്ടാവില്ല.’’ ബാലഗോപാലന് നായര്‍ മൃദുവായി പുഞ്ചിരിച്ചു. ‘‘അദ്ദേഹം വെറുമൊരു കമന്റേറ്റര്‍ മാത്രമായിരുന്നില്ല; അതായത് കളിസ്ഥലത്തു നടക്കുന്നത് വെറുതെ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നില്ല അദ്ദേഹം. തലിയാര്‍ഖാന്‍ ഉറച്ച നിലപാടുകളും കടുത്ത അഭിപ്രായങ്ങളും ഉണ്ടായിരുന്നു. കനത്ത ശബ്ദം മാത്രമല്ല, മൂര്‍ച്ചയുള്ള പേനയും അദ്ദേഹത്തിന്റെ സ്വത്തായിരുന്നു. ഞങ്ങളുടെ തലമുറ ക്രിക്കറ്റ് കാണുകയായിരുന്നില്ല; തലിയാര്‍ഖാന്റെ ശബ്ദത്തിലൂടെ അനുഭവിക്കുകയായിരുന്നു.’’
എനിക്ക് കാര്യമായി ഒന്നും പിടികിട്ടിയില്ല. തലിയാര്‍ഖാന്റെ ആരാധകനായി ഇതിപ്പോള്‍ മൂന്നാമത്തെ ആളെയാണ് കണ്ടുമുട്ടുന്നത്. ആദ്യം എഡിറ്റര്‍, പിന്നെ ദാമുവേട്ടന്, ഇപ്പോള്‍ കെ. ബാലഗോപാലന് നായര്‍.
ഞാന്‍ ഒന്നും മിണ്ടാതെ അദ്ദേഹം പറയുന്നതില്‍ താല്പര്യം ഭാവിച്ചുകൊണ്ട് ഇരുന്നു.
‘‘മിസ്റ്റര്‍ തലിയാര്‍ഖാന്‍, നിങ്ങള്‍ ശാരികയില്‍ ചേര്‍ന്നിട്ട് എത്ര കാലമായി?’’
ഞാന്‍ മാസം പറഞ്ഞു. റിസീവര്‍ എന്ന തസ്തികയെപ്പറ്റി പറഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തെ ‘ശാരിക’യും ‘മനോമയ’വും ‘നാളീക’വും വായിച്ചിട്ടുള്ള അനുഭവത്തെപ്പറ്റി പറഞ്ഞു.
ബാലഗോപാലന് നായര്‍ വീണ്ടും കുറച്ചുനേരം ചിന്തയിലാണ്ടിരുന്നു.
‘‘അതില്‍ ‘നാളീകം’ കഴിഞ്ഞ ആഴ്ച പൂട്ടിപ്പോയത് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവുമല്ലോ. ഇങ്ങനെ പൂട്ടിപ്പോവുന്ന എത്രാമത്തെ വാരികയാണ് ‘നാളീകം’ എന്ന് അറിയുമോ?’’
അറിയില്ലെന്നു ഞാന്‍ പറഞ്ഞു.
‘‘സാഹിത്യചരിത്രത്തില്‍ അതിന്റെ കൃത്യമായ കണക്കുണ്ട്. അക്ഷരനഗരം എന്നു വിളിക്കപ്പെടുന്ന കോട്ടയത്തിനെ അത്തരം വാരികകളുടെ സെമിത്തേരി എന്നും ഇന്നു വിശേഷിപ്പിക്കാനാവും. 1985 മുതല്‍ 1995 വരെ നീണ്ട ഒരു പ്രതിഭാസമായിരുന്നു കോട്ടയം വാരികകള്‍. അതിനു മുമ്പ് അതുണ്ടായിരുന്നില്ലെന്നല്ല; നിങ്ങളുടെ വാരികയായ ‘ശാരിക’ തന്നെയാണ് ഉദാഹരണം. ഒരു കാലത്ത് ‘ശാരിക’ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഇത്തരം നീണ്ടകഥകളൊക്കെ കൊടുത്തിരുന്നത് ‘ദേശധ്വനി’യിലായിരുന്നു. അതായത് അതിന്റെ ഞായറാഴ്ചപ്പതിപ്പിലായിരുന്നു. അങ്ങനെ രണ്ടു പ്രസിദ്ധീകരണങ്ങളിലായി കുറെ നോവലുകള്‍ വന്നു. ഇത്തരം നോവലുകള്‍ക്ക് വിളനിലമൊരുക്കിയത് ആ രണ്ട് പ്രസിദ്ധീകരണങ്ങളായിരുന്നു.’’
അദ്ദേഹം എന്റെ മുഖത്തു നോക്കി വളരെ മൃദുവായി പുഞ്ചിരിച്ചു.

‘‘പക്ഷേ മുമ്പു പറഞ്ഞ ആ ഒരു കാലഘട്ടമുണ്ടല്ലോ. 1985 മുതല്‍ 1995 വരെയുള്ള പതിറ്റാണ്ട്. അത് കോട്ടയം വാരികകളുടെ ബൂം പിരീഡ് ആണ്. നാഗമ്പടം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള പത്തു കിലോമീറ്ററിനിടക്ക് ഇരുപതോളം വാരികകള്‍. അവക്ക് മലയാള സാഹിത്യ ചരിത്രകാരന്മാര് അടയാളപ്പെടുത്താതെ പോയ ചരിത്രമുണ്ട്. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ച ചരിത്രം എന്നുതന്നെ പറയണം. പൈങ്കിളി സാഹിത്യം വായിക്കുന്നതും അതിനെപ്പറ്റി എഴുതുന്നതും അതിനെപ്പറ്റി സംസാരിക്കുന്നതുപോലും നമ്മുടെ നിരൂപകര്‍ക്ക് ആഭിജാത്യക്കുറവാണല്ലോ.’’
കപ്പ് ഒന്നു മൊത്തി അദ്ദേഹം തുടര്‍ന്നു.
‘‘ഈ വിഭാഗത്തില്‍ ആകെ വന്നിട്ടുള്ളൊരു പഠനം ശ്രീകുമാര്‍ എ. ജി എഡിറ്റ് ചെയ്ത ഒരു പുസ്തകമാണ്: ‘ജനപ്രിയസാഹിത്യം മലയാളത്തില്‍’. കുറേ സത്യങ്ങള്‍ അതില്‍ വെളിപ്പെട്ടിട്ടുമുണ്ട്. എന്നാലും അതൊക്കെ സൈദ്ധാന്തികമായ വിശകലനമേ ആയിട്ടുള്ളൂ. നേരിട്ട് അനുഭവമുള്ള ആരും അതില്‍ എഴുതിയിട്ടില്ല. ഈ വിഷയത്തില്‍ ആധികാരികമായ ഒരു പുസ്തകം ഈയിടെ പുറത്തുവന്നിട്ടുണ്ട്. ദീര്‍ഘകാലം പത്രാധിപരായിരുന്ന അമ്പാട്ട് സുകുമാരന്‍ നായരുടെ ‘മംഗളത്തിന്റെ കഥ; എന്റെയും’ എന്ന പുസ്തകം. അനുഭവത്തിന്റെ തീര്‍ച്ചയും മൂര്‍ച്ചയുമുള്ള പുസ്തകമാണ് അത്. ഒരു കാലഘട്ടത്തിന്റെ നേര്‍സാക്ഷ്യം എന്ന് അതിനെ വിശേഷിപ്പിക്കാം.’’
‘‘സര്, ഞാനൊന്നു ചോദിച്ചോട്ടെ?’’ തികട്ടിവന്ന ചോദ്യം എനിക്ക് അടക്കാനായില്ല. ‘‘സാഹിത്യചരിത്രത്തില്‍ അത്രമാത്രം ഗൗരവമുള്ളതാണോ പൈങ്കിളി വാരികാ പ്രസ്ഥാനം?’’
ബാലഗോപാലന് നായര്‍ എന്റെ മുഖത്തു നോക്കി ചിരിച്ചു.
‘‘തലിയാര്‍ഖാന്‍, സാധാരണക്കാരായ ഒരുപാടു വായനക്കാരുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ക്ക് വായിക്കണമെന്നുമുണ്ട്. ‘ഖസാക്കിന്റെ ഇതിഹാസ’വും ‘ആള്‍ക്കൂട്ട’വുമൊന്നും അവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. മനുഷ്യര്‍ തമ്മിലുള്ള ചെറിയ ചെറിയ പിണക്കങ്ങള്‍, ഇണക്കങ്ങള്‍, ഇഷ്ടങ്ങള്‍, പ്രേമബന്ധങ്ങള്‍, പ്രതിബന്ധങ്ങള്‍, പ്രതിസന്ധികള്‍, സാഫല്യങ്ങള്‍.... അങ്ങനെ തങ്ങള്‍ക്കു മനസ്സിലാവുന്ന കുറച്ചു വിഷയങ്ങള്‍ കേള്‍ക്കാനും വായിക്കാനും ഉള്ള മാറ്റര്‍ ആയിരുന്നു അവര്‍ക്കുവേണ്ടിയിരുന്നത്. 1953ല്‍ മുട്ടത്തു വര്‍ക്കിയുടെ ‘ഇണപ്രാവുകള്‍’ വായിച്ചപ്പോള്‍ അവരില്‍ ചിലര്‍ക്കെങ്കിലും അത് തങ്ങളുടെ കഥകൂടിയാണെന്നു തോന്നിയിരിക്കണം. തലിയാര്‍ഖാന്‍ ‘ഇണപ്രാവുകള്‍’ വായിച്ചിട്ടുണ്ടോ?’’
‘‘ഇല്ല സര്.’’
‘‘ഈ പ്രസ്ഥാനത്തിന്റെ തുടക്കം ആ നോവലിലാണെന്നു പറയാം. രണ്ടു കൊല്ലം കഴിഞ്ഞ് ‘പാടാത്ത പൈങ്കിളി’. അമ്പതുകളിലെ ദാരിദ്ര്യവും നിർധനയായ യുവതിയും സമ്പന്നനായ യുവാവും തമ്മിലുള്ള പ്രണയവും അവരെ ആകര്‍ഷിച്ചു. ‘ഇണപ്രാവുകളേ’ക്കാള്‍ വായിക്കപ്പെട്ട നോവലായിരുന്നു അത്. അതുകൊണ്ടാണ് ഈ സാഹിത്യരൂപത്തിന് പൈങ്കിളി എന്ന വിശേഷണം കിട്ടിയത് എന്നും പറയുന്നുണ്ടല്ലോ. ഒരുപക്ഷേ ആ നോവലിനു കിട്ടിയ ജനപ്രീതിയായിരിക്കാം അങ്ങനെയൊരു സംജ്ഞ കിട്ടാനുള്ള കാരണം.’’
ചായ കുടിച്ചു തീര്‍ത്ത് അദ്ദേഹം കപ്പ് താഴെ വെച്ചു.
‘‘പക്ഷേ ആ സാഹിത്യവും പിന്നീട് മാറിപ്പോയി. സാഹിത്യം വെറും കച്ചവടമായി മാറിയതായിരുന്നു കാരണം. നോവലുകളില്‍ ആദ്യകാലത്തുണ്ടായിരുന്ന ലാളിത്യമൊക്കെ പിന്നെപ്പിന്നെ പൊയ്പ്പോയി. അതില്‍ ക്രൗര്യവും പ്രതികാരവും അധോലോകവും മന്ത്രവാദവുമൊക്കെ കടന്നുവന്നു. ജോലിയുടെ ഭാഗമായിട്ടാണെങ്കിലും തലിയാര്‍ഖാന്‍ ഇപ്പോള്‍ വരുന്ന നോവലുകളൊക്കെ വായിക്കാറുണ്ടാവുമല്ലോ.’’
“ഉവ്വ് സര്.’’
“1985 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തെപ്പറ്റി പറഞ്ഞുവല്ലോ. പുതിയ വാരികകളോടൊപ്പം പുതിയ പുതിയ എഴുത്തുകാരും വന്നു. വായനക്കാരുടെ എണ്ണവും അതിനനുസരിച്ച് പെരുകിയോ എന്ന് കൃത്യമായി പറയാനാവില്ല. പക്ഷേ, അവര്‍ ഒന്നിലധികം വാരികകള്‍ വായിക്കാന്‍ തുടങ്ങി. അതുകൊണ്ടാണല്ലോ അതിലൊരു വാരികക്ക് പതിനേഴു ലക്ഷത്തിലധികം പ്രചാരമുണ്ടായത്. ഇപ്പറഞ്ഞ വാരികകളില്‍ ഒരു ഡസന്‍ വാരികകള്ക്കെങ്കിലും ഒരു ലക്ഷത്തിലേറെ പ്രചാരമുണ്ടായിരുന്നു. സോകോള്‍ഡ് മുഖ്യധാരാ വാരികകള്‍ക്ക് ഇരുപത്തയ്യായിരമോ ഏറിവന്നാല്‍ അമ്പതിനായിരമോ കോപ്പികള്‍ മാത്രം പ്രചാരമുണ്ടായിരുന്ന കാലമായിരുന്നു അതെന്ന് ഓര്‍ക്കണം.” കുറച്ചുനേരം ഓർമകളില്‍പ്പെട്ട് അദ്ദേഹം നിശ്ചലനായി ഇരുന്നു.
“പതിനേഴു വാരികകള്‍. അവയിലൊക്കെ എട്ടും ഒമ്പതും നോവലുകള്‍. ഫലത്തില്‍ ഒരേസമയത്ത് നൂറ്റമ്പതോളം നോവലുകളുടെ ആവശ്യമുണ്ടായി. അത്രയും എഴുത്തുകാരുണ്ടായിരുന്നോ നമുക്ക്? ഇല്ല. പുതിയ പുതിയ എഴുത്തുകാര്‍ രംഗത്തുവന്നു. നഗരത്തിലെ ലോഡ്ജുകള്‍ എഴുത്തുകാരെക്കൊണ്ടു നിറഞ്ഞു. ചിലര്‍ക്ക് എഴുതുന്നതിനെക്കാളും സ്വാധീനം പറഞ്ഞുകൊടുത്ത് എഴുതിക്കുന്നതായിരുന്നു. അപ്പോള്‍ അതിനു സന്നദ്ധരായ കേട്ടെഴുത്തുകാരും ലോഡ്ജുകളിലെത്തി. കൈയക്ഷരം വളരെ മോശമായിരുന്നതുകൊണ്ട് പകര്ത്തിയെഴുത്തുകാരുടെയും ആവശ്യം വന്നു.
ഓരോ മുറിയുടെ മുന്നിലും വാരികകളില്നിന്നുള്ള ശിപായിമാര്‍ അതത് ആഴ്ചയിലേക്കുള്ള അധ്യായങ്ങള്‍ വാങ്ങിക്കൊണ്ടുപോവാന്‍ അക്ഷമരായി കാത്തുനിന്നു. എഴുത്തുകാര്‍ക്കും സഹായികള്‍ക്കും ചായയും വടയും എത്തിക്കാനുള്ള ആളുകളും കയറിയിറങ്ങി. ഹോട്ടലിലേക്കുള്ള പോക്കും വരവും എഴുത്തിന്റെ വേഗത്തെ ബാധിക്കുമെന്നു കരുതി പല എഴുത്തുകാര്‍ക്കും അവിടെനിന്ന് അടുക്കുപാത്രങ്ങളില് പകര്‍ച്ച എത്തിക്കുകയായിരുന്നു പതിവ്. എല്ലാവരുംകൂടി നഗരത്തിലെ ലോഡ്ജുകളില്‍ തിക്കുംതിരക്കുമായി. കോട്ടയം നഗരത്തില്‍ കടലാസും മഷിയും കിട്ടാതായി എന്നാണ് അക്കാലത്തെപ്പറ്റി തമാശയായി പറയാറുള്ളത്.”
കാര്ത്തികേയന് സാറിന്റെ നോവലില്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് എനിക്ക് അക്കാലത്തെപ്പറ്റി ഒരേകദേശ ധാരണയുണ്ട്.
“നോവലുകള്‍ എഴുതിക്കിട്ടുന്നതും അത്രയൊന്നും എളുപ്പമായിരുന്നില്ല. കൃത്യസമയത്തുതന്നെ വേണമല്ലോ. അക്കാലത്ത് മിക്ക വാരികകളും ലെറ്റര്‍ പ്രസിലാണ് അച്ചടിച്ചിരുന്നത്. ഇന്നത്തെയത്ര വേഗത്തില്‍ കാര്യങ്ങള്‍ നടക്കില്ല. എന്നാലും നമ്മുടെ എഴുത്തുതൊഴിലാളികള്‍ ഓവര്‍ടൈം ജോലിചെയ്ത് ഉൽപാദനം കൂട്ടി. ലോഡ്ജുകള്‍ വ്യവസായശാലകള്പോലെയായിരുന്നു. സോപ്പു ഫാക്ടറിയില്‍നിന്ന് സോപ്പുകട്ടകള്‍ നിരനിരയായി പുറത്തേക്കു വരുന്നതുപോലെയായിരുന്നു ലോഡ്ജുകളില്‍നിന്ന് നോവലുകള്‍ പുറത്തുവന്നുകൊണ്ടിരുന്നത്.”
അതില്‍നിന്നുണ്ടായ മടുപ്പാണല്ലോ കാര്ത്തികേയൻ സാർ എഴുത്തുതന്നെ നിര്‍ത്താനുള്ള കാരണം.
“എല്ലാത്തിനും സാച്ചുറേഷന്‍ ലെവല്‍ എന്ന ഒന്നുണ്ടല്ലോ. ഒരു കാലഘട്ടത്തിനുശേഷം അവയുടെ പ്രചാരത്തില്‍ ഒരു കോപ്പി പോലും വർധിച്ചില്ല എന്നു മാത്രമല്ല ഓരോന്നോരോന്നായി പൂട്ടിപ്പോവാനും തുടങ്ങി. കേരളത്തില്‍ ടി.വി ചാനലുകള്‍ വന്നതും അവയിലൊക്കെ സീരിയലുകള്‍ തുടങ്ങിയതുമാണ് അതിനുള്ള കാരണം എന്ന് സാമാന്യമായി പറയാറുണ്ടെങ്കിലും അത് മുഴുവനും ശരിയല്ല. വാരികകള്‍ നടത്തിയിരുന്നവരുടെ ഭാവനാശൂന്യതയും ആര്‍ത്തിയുമാണ് അതിനു കാരണം. സര്‍ക്കുലേഷന്‍ എന്ന ഒറ്റ വാക്കിലായി അവരുടെ ശ്രദ്ധ മുഴുവനും.”

എഡിറ്ററുടെ വേവലാതി എപ്പോഴും സര്ക്കുലേഷനെപ്പറ്റിയാണല്ലോ എന്ന് ഞാനോര്‍ത്തു. ‘മനോമയം’ ‘ശാരിക’യെ മറികടക്കുന്നുണ്ടോ എന്ന ഉത്കണ്ഠ പലപ്പോഴും അദ്ദേഹത്തിന്റെ സംസാരത്തില്‍ കടന്നുവരാറുണ്ട്. അതില്‍ ജയിക്കാന്‍ വേണ്ടിയാണല്ലോ എഡിറ്റര്‍ പുതിയ പുതിയ പരീക്ഷണങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്നത്.
“എഡിറ്റര്‍മാര്‍ വായനക്കാരുടെ അഭിരുചിയെ വില കുറച്ചുകാണാന്‍ പാടില്ലായിരുന്നു. അവര്‍ക്കും ബുദ്ധിയും വിവേകവുമുണ്ടെന്ന് ഓര്‍ക്കേണ്ടതായിരുന്നു. എത്ര വളമിട്ടാലും ഒരു വിത്തും ഒരേ മണ്ണില്‍ അധികംകാലം നല്ല വിളവു തരില്ലെന്ന് കൃഷിചെയ്യുന്നവര്ക്കറിയാം. അത് രാസവളംകൂടിയായാലോ? ക്ഷമാ ധരിത്രീ എന്നൊക്കെ പറയാമെന്നല്ലേയുള്ളൂ!”
“അതായത് സര് പറയുന്നത് അക്കാലത്തെ പത്രാധിപന്മാരാണ് ആ പ്രസ്ഥാനം നശിപ്പിച്ചതെന്നാണോ?”
“അങ്ങനെ തീര്‍ത്തുപറയാന്‍ വയ്യ. എഴുത്തില്‍ വലിയ വാസനയൊന്നുമില്ലാത്ത കുറച്ച് എഴുത്തുകാരും അതിനു കാരണമായിട്ടുണ്ട്.” ഒന്നുനിര്‍ത്തി ബാലഗോപാലന് നായര്‍ തുടര്‍ന്നു. “പിന്നെ നമുക്ക് ഇത് കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടിലൂടെ നോക്കണം. എഴുത്തും വായനയുമൊന്നും ഒരിടത്തും തങ്ങിനില്ക്കില്ല. എന്തെല്ലാം പ്രസ്ഥാനങ്ങളിലൂടെയാണ് നമ്മുടെ ഭാഷാസാഹിത്യം തന്നെ കടന്നുപോന്നിട്ടുള്ളത്! സ്ഥിരമായി ഒന്നുമില്ല. പൈങ്കിളിപ്രസ്ഥാനവും അതുപോലെത്തന്നെ. ഇനിയും അത് പലരൂപത്തിലും വന്നുകൂടെന്നില്ല. ഇപ്പോള്‍ ഇറങ്ങുന്ന ചില പുസ്തകങ്ങളില്‍ അതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ടല്ലോ. തലിയാര്‍ഖാന്‍, അതുകൊണ്ട് ഇതിനെപ്പറ്റിയൊന്നും നമ്മള് വേവലാതിപ്പെടേണ്ടതില്ല.”
ബാലഗോപാലന് നായര്‍ ഇടക്ക് ഒന്നു നിര്‍ത്തി എന്റെ മുഖത്തുനോക്കി ചിരിച്ചു.
“നിങ്ങള്‍ക്കു ബോറടിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്റെ പ്രഭാഷണം കേള്‍ക്കാനല്ല നിങ്ങള്‍ വന്നിട്ടുള്ളത് എന്നും എനിക്ക് നല്ലതുപോലെ അറിയാം. ഇങ്ങനെ ഒരു ദൗത്യവുമായി വരുന്ന ആള് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ.”
ആ വാക്കില്‍ ഈ കൂടിക്കാഴ്ച അവസാനിക്കുകയായി എന്ന സൂചനയുണ്ടെന്ന് എനിക്കു തോന്നി. പക്ഷേ ഇപ്പോഴും ‘ജമന്തിപ്പൂക്കള്‍’ വിഷയമായിട്ടില്ല. അതില്‍ എന്തു തീര്‍പ്പാണ് ഉണ്ടാവുക എന്നറിയാന്‍ ഉത്കണ്ഠ തോന്നി.
“ജീവിതത്തില്‍ നിരവധി തോല്‍വികള്‍ നേരിട്ടിട്ടുള്ള ഒരാളാണ് ഞാന്‍. പലതും എന്റെ പിടിപ്പുകേടുകൊണ്ടു തന്നെയായിരുന്നു. മുഖത്തു നോക്കി നോ എന്നു പറയാനുള്ള ബുദ്ധിമുട്ട് എനിക്കെന്നുമുണ്ടായിരുന്നു. വേണ്ട സമയത്ത് വേണ്ടതുപോലെ അതു പറയാന്‍ കഴിയണം. പക്ഷേ, സാഹിത്യത്തിന്റെ വിഷയം വന്നാല്‍ അങ്ങനെ പറയാന്‍ ഞാന്‍ ഇതുവരെ മടിച്ചിട്ടില്ല. ഇപ്പോഴും മടിക്കുന്നില്ല.”
അല്പംകൂടി ശബ്ദമുയര്‍ത്തി അദ്ദേഹം തുടര്‍ന്നു.
“അതുകൊണ്ട് ഞാനിപ്പോള്‍ നിങ്ങളുടെ മുഖത്തുനോക്കി ഒരു വലിയ നോ പറയുന്നു.”
എന്റെ വയറ്റില്‍ ഒരാന്തലുണ്ടായി. എഡിറ്ററുടെ ‘ഓപ്പറേഷന് ജമന്തിപ്പൂക്കള്‍’ ലക്ഷ്യത്തിലെത്താതെ പോവുകയാണല്ലോ. ഒടുവില്‍ എന്റെ ഈ ദൗത്യവും പരാജയപ്പെടുകയാണ്.
എന്താണ് പറയേണ്ടതെന്നറിയാതെ ഞാന്‍ ഒന്നും മിണ്ടാതെയിരുന്നു.
“എന്തുകൊണ്ട് നോ എന്ന ഒരു ചോദ്യം ഞാന്‍ നിങ്ങളുടെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ചിരുന്നു,” അദ്ദേഹം തുടര്‍ന്നു. “പക്ഷേ അതുണ്ടായില്ല. എന്നാലും ഞാന്‍ പറയാം. ഇത് കലയൂര് കാര്ത്തികേയന് മുപ്പത്തിമൂന്നു കൊല്ലത്തിനു ശേഷം എഴുതിയ നോവലാണെന്നല്ലേ നിങ്ങള്‍ പറഞ്ഞത്? അത് നിങ്ങള്‍ പറയാതെത്തന്നെ എനിക്കറിയാം. ഞാന്‍ ഇത് ഒന്നു മറിച്ചുനോക്കിയതല്ലാതെ മുഴുവന്‍ വായിച്ചിട്ടില്ല എന്ന് നിങ്ങള്‍ കണ്ടുവല്ലോ. എനിക്കതു വായിച്ചുനോക്കണമെന്നു തോന്നിയില്ല. മറ്റൊരു കാര്യം: മുപ്പത്തിമൂന്നു കൊല്ലം മുമ്പുതന്നെയാണ് ഞാനും പത്രാധിപരുടെ ജോലി വിട്ടത്. അതിനു ശേഷം ഈ സാഹിത്യശാഖയില്‍ എന്തൊക്കെ നടന്നു എന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല. ഞാന്‍ അതൊന്നും വായിക്കാറുമില്ല. അമ്പത്തേഴു വയസ്സുവരെ നിരന്തരം ഒരേ കാര്യം തന്നെ ചെയ്തുകൊണ്ടിരുന്നതാണ്. അത് അറുപതു വയസ്സുവരെയെങ്കിലും തുടര്‍ന്നുകൊണ്ടുപോവാന്‍ എനിക്കായില്ല. ഒരാളുടെ ആയുസ്സില്‍ അതൊക്കെ ധാരാളമാണ്. അതുകൊണ്ടു തന്നെയാവണം കാര്‍ത്തികേയനും ഈ രംഗം വിട്ടുപോയത്.”
“അപ്പോള്‍ ഞാന്‍ എഡിറ്ററോട് എന്താണ് പറയേണ്ടത്?”
“ദൂതന് എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് ഇനി ഇത്രയേ ചെയ്യാനുള്ളൂ. ഞാന്‍ ഉച്ചരിച്ച ഈ ‘നോ’ അതേപടി നിങ്ങളുടെ എഡിറ്ററുടെ പക്കല്‍ എത്തിക്കുക. അതു മാത്രമേ നിങ്ങളുടെ പക്കല്‍ ഇപ്പോള്‍ എനിക്കു തന്നയയ്ക്കാനുള്ളൂ.”
ഒന്നു നിര്‍ത്തി അദ്ദേഹം തുടര്‍ന്നു. “നിങ്ങളുടെ എഡിറ്റര്‍ എന്റെ നല്ല സുഹൃത്താണ്. കഴിഞ്ഞ നാല്പതു കൊല്ലമായി എനിക്കദ്ദേഹത്തെ അറിയാം. ‘ശാരിക’യെ ഈ നിലയില്‍ എത്തിച്ചത് അദ്ദേഹത്തിന്റെ കഠിനപരിശ്രമമാണ്. അതൊന്നും കുറച്ചുകാണരുത്. ഞങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധത്തെ എന്റെ ഈ ‘നോ’ ഒരിക്കലും ബാധിക്കുകയില്ലെന്ന് ഞാന്‍ ആശിക്കുന്നു. നമുക്ക് ഇനിയും കാണാം.”
അത് എന്റെ സന്ദര്‍ശനം അവസാനിപ്പിക്കാനുള്ള സൂചനയായി തോന്നിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു. ബാലഗോപാലന് നായരും ഒപ്പം എഴുന്നേറ്റു.
“തലിയാര്‍ഖാന്‍, ആദ്യം കണ്ടപ്പൊഴേ എനിക്കു തോന്നിയ ഒരു കാര്യം പറയട്ടെ,” നേരിയ ഒരു പുഞ്ചിരിയോടെ അദ്ദേഹം തുടര്‍ന്നു. “നിങ്ങള്‍ക്ക് ഒരെഴുത്തുകാരന്റെ ലുക്ക് ഉണ്ട്. എഴുത്തുകാരന്റെ ലുക്ക് എന്നുകേട്ട് ചിരിക്കുകയൊന്നും വേണ്ട. മൂന്നുനാലു വാരികകളില്‍ പത്രാധിപരായിരുന്ന കാലത്തൊക്കെ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ചിലരില്‍ ഞാന്‍ ഇതു കണ്ടിട്ടുണ്ട്. അവരെക്കൊണ്ടൊക്കെ എഴുതിച്ചിട്ടുണ്ട്. അവരില്‍ പലരും പിന്നീട് നല്ല എഴുത്തുകാരായിത്തീര്ന്നിട്ടുമുണ്ട്. പിന്നെ ഒരു കാര്യം: എഴുത്ത് എന്നു പറഞ്ഞതിന് നോവലെഴുത്ത് എന്നു മാത്രമല്ല അർഥം. പലതരം എഴുത്തുകളില്‍ അത് ഒന്നുമാത്രമാണ്.”
നോവല്‍ വെച്ച ഫോള്‍ഡര്‍ തിരിച്ചുതന്ന് അദ്ദേഹം എന്റെ പുറത്തു തട്ടി.
“പിന്നെ ഞാന്‍ പറഞ്ഞില്ലേ? എ.എഫ്.എസ് തലിയാര്‍ഖാന്‍ നല്ല കമന്റേറ്റര്‍ മാത്രമായിരുന്നില്ല. നല്ല എഴുത്തുകാരനുമായിരുന്നു.”
അദ്ദേഹം കൈ നീട്ടി എന്റെ ൈകയില്‍ പിടിച്ചു.
“നിങ്ങള്‍ ഇതിനകം വല്ലതും എഴുതിയിട്ടുണ്ടോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല. ഇല്ലെങ്കിലും സാരമില്ല. നിങ്ങള്‍ നല്ല ഒരെഴുത്തുകാരനാവട്ടെ. എന്റെ ആശീര്‍വാദങ്ങള്‍!”
പുറത്തേക്കുള്ള വാതില്‍ തുറന്നുതന്ന് അദ്ദേഹം ഒതുങ്ങിനിന്നു. ഞാന്‍ പുറത്തുകടന്നപ്പോള്‍ അദ്ദേഹം തന്റെ മന്ദചലനങ്ങളോടെ ലിഫ്റ്റ് വരെ എന്നെ അനുഗമിച്ചു. ലിഫ്റ്റിന്റെ വാതിലുകള്‍ തുറന്നപ്പോള്‍ അദ്ദേഹം തന്റെ രണ്ടു കൈകളും ഉപയോഗിച്ച് എന്റെ കൈ മുറുകെപ്പിടിച്ചു കുലുക്കി. ഒരു തൊണ്ണൂറു വയസ്സുകാരന്റെ വിറക്കുന്ന കൈകളായിരുന്നില്ല അപ്പോള്‍ അത്.
