ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

പുതിയ ദൗത്യം നേരെ ഓഫീസിലേക്കാണ് ചെന്നത്. അവിടെയെത്തിയപ്പോഴാണ് കൈയിലെ പെട്ടിയെപ്പറ്റി ഓർമിച്ചത്. അത് ലോഡ്ജില്‍ വെച്ചാല്‍ മതിയായിരുന്നു. പെട്ടിയും കൊണ്ടുവരുന്നത് മറ്റുള്ളവര്‍ കണ്ടാല്‍ ഞാന്‍ എവിടെനിന്നാണ് വരുന്നതെന്ന സംശയമുണ്ടാവും. ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രതപുലര്‍ത്താന്‍ ഞാന്‍ ഇനിയും പഠിക്കേണ്ടതായിട്ടുണ്ട്.ഉച്ചയൂണിന്‍റെ സമയമായിരുന്നത് ഭാഗ്യമായി. ആശയൊഴിച്ച് ആരും സ്വന്തം ഇരിപ്പിടങ്ങളില്‍ ഉണ്ടായിരുന്നില്ല. ആശയാവട്ടെ സുപ്രഭാതമാശംസിക്കുന്നതിനിടെ എന്‍റെ കൈയിലെ പെട്ടി ശ്രദ്ധിച്ചതുമില്ല. ഞാന്‍ നേരെ എന്‍റെ കാബിനിലേക്ക് ചെന്ന് പെട്ടി സുരക്ഷിതമായ ഒരു...
Your Subscription Supports Independent Journalism
View Plansപുതിയ ദൗത്യം
നേരെ ഓഫീസിലേക്കാണ് ചെന്നത്. അവിടെയെത്തിയപ്പോഴാണ് കൈയിലെ പെട്ടിയെപ്പറ്റി ഓർമിച്ചത്. അത് ലോഡ്ജില്‍ വെച്ചാല്‍ മതിയായിരുന്നു. പെട്ടിയും കൊണ്ടുവരുന്നത് മറ്റുള്ളവര്‍ കണ്ടാല്‍ ഞാന്‍ എവിടെനിന്നാണ് വരുന്നതെന്ന സംശയമുണ്ടാവും. ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രതപുലര്‍ത്താന്‍ ഞാന്‍ ഇനിയും പഠിക്കേണ്ടതായിട്ടുണ്ട്.
ഉച്ചയൂണിന്‍റെ സമയമായിരുന്നത് ഭാഗ്യമായി. ആശയൊഴിച്ച് ആരും സ്വന്തം ഇരിപ്പിടങ്ങളില്‍ ഉണ്ടായിരുന്നില്ല. ആശയാവട്ടെ സുപ്രഭാതമാശംസിക്കുന്നതിനിടെ എന്‍റെ കൈയിലെ പെട്ടി ശ്രദ്ധിച്ചതുമില്ല. ഞാന്‍ നേരെ എന്‍റെ കാബിനിലേക്ക് ചെന്ന് പെട്ടി സുരക്ഷിതമായ ഒരു മൂലയിലേക്ക് നീക്കിവെച്ചു.
ഒട്ടും സമയം കളയാനില്ല. ലാപ്ടോപ്പിലെ മാറ്റര്‍ രണ്ടു ദിവസം മുമ്പു വന്നപ്പോള്‍ എഡിറ്റര്‍ക്കു കൊടുത്തിരുന്നതാണല്ലോ. ഇനി കൊടുക്കാന്‍ നോവലിന്‍റെ കൈയെഴുത്തുപ്രതി മാത്രമേയുള്ളൂ. ഞാന്‍ തിടുക്കത്തില്‍ എഡിറ്ററുടെ കാബിനിലേക്ക് ചെന്നു. ഭാഗ്യം, എഡിറ്റര്‍ കാബിനില്‍ത്തന്നെയുണ്ടായിരുന്നു.
ബാക്പാക്കില്‍നിന്ന് കൈയെഴുത്തുപ്രതിയെടുത്ത് എഡിറ്റര്‍ക്കു സമര്‍പ്പിച്ചിട്ട് ഞാന്‍ അദ്ദേഹത്തിനെതിരെയുള്ള കസേരയില്‍ ഇരുന്നു.
എന്തോ, വലിയ ആശ്വാസമാണ് ഇപ്പോള്‍ തോന്നുന്നത്. ഉറക്കത്തില്‍ ഈയിടെയായി പല ദുഃസ്വപ്നങ്ങളും കണ്ടിരുന്നത് ഈ കൈയെത്തുപ്രതിയെ ചുറ്റിപ്പറ്റിയായിരുന്നു. ആരോ തട്ടിയെടുത്തു കൊണ്ടുപോവുന്നത്, ഞാന്‍തന്നെ അത് ചുട്ടെരിച്ചു കളയുന്നത്, പുഴയിലെ നിറഞ്ഞ വെള്ളത്തില്‍ വീണ് മുങ്ങിത്താഴ്ന്നു പോവുന്നത്... ആ പേക്കിനാവുകള്‍ക്കെല്ലാം ഒരറുതിയാവട്ടെ.
എഡിറ്റര്‍ ആ ഫോള്‍ഡറെടുത്ത് സശ്രദ്ധം തുറന്നു. പേജുകള്‍ ഓരോന്നായി മറിച്ചുനോക്കിക്കൊണ്ടിരിക്കേ അദ്ദേഹത്തിന്‍റെ മുഖത്ത് ഒരു ചിരി തെളിഞ്ഞു.
‘‘വെറുതെയല്ല കാര്‍ത്തികേയന്‍ സാര്‍ തന്‍റെ വലയില്‍ വീണത്. ഈ കയ്യക്ഷരം കണ്ടാല്‍ ആരും വീണുപോവും!’’
അദ്ദേഹം അത് പിന്നെയും മറിച്ചുനോക്കിക്കൊണ്ടിരുന്നു.
‘‘പക്ഷേ, താന്‍ അഭിമാനിക്കുകയൊന്നും വേണ്ട,’’ അദ്ദേഹം ചിരിച്ചു. ‘‘കാര്‍ത്തികേയന്‍ സാര്‍ പഴയ ആളായതുകൊണ്ടാണ് ഇതില്‍ വീണുപോയത്. കയ്യക്ഷരത്തിനൊന്നും ഒരു വിലയുമില്ലാത്ത കാലമാണ് ഇപ്പോള്‍. കയ്യക്ഷരം എന്ന ഐഡന്‍റിറ്റി തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു. നമ്മുടെ ഓഫീസില്‍ ഇപ്പോള്‍ കൈയെഴുത്തുപ്രതിയായി കിട്ടുന്ന മാറ്ററുകളൊന്നും സ്വീകരിക്കാറില്ല; കയ്പമംഗലത്തിന്‍റെ നോവലൊഴികെ.’’
എഡിറ്റര്‍ കൈയെഴുത്തുപ്രതി തിരിച്ച് ഫോള്‍ഡറിലേക്കുതന്നെ തിരുകിവെച്ചു.
‘‘അങ്ങനെ ഒരു ദൗത്യം നമ്മള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു,’’ എഡിറ്റര്‍ ചിരിച്ചു. ‘‘വെല്‍ ഡണ്‍ തലിയാര്‍ഖാന്‍!’’
എഡിറ്റര്‍ നല്ല മൂഡിലായിരുന്നു. പദ്ധതി എവിടെയുമെത്താതെ പോയതിലുള്ള വൈക്ലബ്യത്തോടെയാണ് ഞാന്‍ എത്തിയിരുന്നത്. വളരെ മോശപ്പെട്ട മൂഡിലുള്ള എഡിറ്ററെ നേരിടാന്‍ തയ്യാറായിട്ടാണ് അദ്ദേഹത്തിന്‍റെ കാബിനിലേക്ക് കടന്നുചെന്നതു തന്നെ. പക്ഷേ ആ കുണ്ഠിതമൊന്നും അദ്ദേഹത്തില്‍ കണ്ടില്ല.
അപ്പോള്‍ പറയാമെന്നു തന്നെ തീരുമാനിച്ചു.
‘‘സര്‍, ഇന്നലെ ഞാന്‍ സാറിനോട് ആലോചിക്കാതെ ഒരു കാര്യം ചെയ്തു.’’
എഡിറ്റര്‍ ചോദ്യഭാവത്തില്‍ നോക്കിയപ്പോള്‍ ഞാന്‍ എന്‍റെ മാവേലിക്കരയാത്രയെപ്പറ്റി വിശദമായി പറഞ്ഞുകേള്‍പ്പിച്ചു. അദ്ദേഹം അതെല്ലാം സശ്രദ്ധം കേട്ടതിനുശേഷം കുറച്ചുനേരം എന്തോ ആലോചിച്ചുകൊണ്ടിരുന്നു.
‘‘സാറിന്‍റെ ആദ്യത്തെ നോവല്‍ താന്‍ തപ്പിയെടുത്തുകൊടുത്തത് നന്നായി,’’ എഡിറ്റര്‍ ചിരിച്ചു. ‘‘അങ്ങനെയെങ്കിലും ഒരു നല്ല കാര്യം നമ്മുടെ ഈ ദൗത്യത്തില്‍നിന്നുണ്ടായല്ലോ!’’
‘‘പക്ഷേ അത് സാറിന് വലിയ കാര്യമൊന്നും ആയിരുന്നില്ല.’’
എഡിറ്റര്‍ അതു ശ്രദ്ധിച്ചില്ല. അദ്ദേഹം എന്തോ ആലോചനയിലായിരുന്നു. തന്നെ അനുസരിക്കാതെ ഞാന്‍ നടത്തിയ നീക്കത്തില്‍ എഡിറ്റര്‍ ക്ഷോഭിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടത് വെറുതെയായി. എനിക്ക് ആശ്വാസം തോന്നി.
‘‘തലിയാര്‍ഖാന്‍, ഒരു കാര്യം ചോദിക്കട്ടെ: തുടക്കത്തില്‍ താന്‍ ഒരു ഇക്ബാലിന്‍റെ കാര്യം പറഞ്ഞിരുന്നില്ലേ? ആരാണയാള്‍?’’
‘‘ഇക്ബാലോ?’’
‘‘അതെ. കേട്ടെഴുത്തിനു വേണ്ടി ഒരു യൂസഫ്ഖാനെ കാര്‍ത്തികേയന്‍ സാറിന്‍റെ അടുത്തേയ്ക്ക് അയച്ച ആള്‍?’’
‘‘ഞാനത് പ്രത്യേകം ചോദിച്ചില്ല. സാറിന്‍റെ ഒരു സ്നേഹിതനാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. എന്തെങ്കിലും ആവശ്യം വരുമ്പോള്‍ സാറ് ആശ്രയിക്കാറുള്ള ആളാണെന്നു തോന്നുന്നു.’’
‘‘അയാള്‍ക്ക് മനോമയവുമായി വല്ല ബന്ധവുമുണ്ടോ? അതാണ് എനിക്കറിയേണ്ടത്.’’
‘‘ഉണ്ടെന്ന് എനിക്കു തോന്നിയില്ല.’’
‘‘ഒരു കാര്യംകൂടി: തന്നെ കാര്‍ത്തികേയന്‍ സാര്‍ വെറും കേട്ടെഴുത്തുകാരനായി മാത്രമല്ലേ കണ്ടിരിക്കുന്നത്? ശാരികയില്‍നിന്ന് ഞാനയച്ചതാണ് തന്നെ എന്ന് ഒരു സൂചന അബദ്ധത്തില്‍പ്പോലും കൊടുത്തിട്ടില്ലല്ലോ?’’
ചൂഴ്ന്നുചൂഴ്ന്നുകൊണ്ടുള്ള ഈ ചോദ്യങ്ങള്‍ കേട്ട് എനിക്കു ചെടിച്ചു. എഡിറ്ററുടെ സംശയങ്ങള്‍ ദൈവം തമ്പുരാനുപോലും തീര്‍ത്തുകൊടുക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.
ഞാന്‍ വെറുതെ ഒരു ചിരിയില്‍ ഉത്തരം ഒതുക്കി.
എഡിറ്റര്‍ വീണ്ടും കുറച്ചുനേരം എന്തോ ആലോചിച്ച് ഇരുന്നു.
‘‘അപ്പോള്‍ മനോമയത്തിന്‍റെ ദൂതന്‍ ഇനി തലിയാര്‍ഖാനെ അന്വേഷിച്ച് ഇറങ്ങും,’’ തന്നോടുതന്നെയെന്ന പോലെ അദ്ദേഹം പറഞ്ഞു. ‘‘ഏതു നിമിഷവും അതു സംഭവിക്കാം. അന്വേഷിച്ചന്വേഷിച്ച് അവര്‍ ഈ ഓഫീസില്‍ എത്തിപ്പെടാനും വഴിയുണ്ട്.’’ പിന്നെ എന്‍റെ നേരെ തിരിഞ്ഞു. ‘‘ശരിയല്ലേ?’’
‘‘ഞാന്‍ ഇവിടെയുണ്ടെന്ന് അവര്‍ എങ്ങനെ അറിയാനാണ് സര്‍?’’ എനിക്കു ചിരി വന്നു.
‘‘തന്‍റെ പേരുതന്നെ പോരേ? രാമനെന്നോ കൃഷ്ണനെന്നോ അല്ലല്ലോ. ഒരിടിവെട്ടു പേര്! ഇത്തരം പേരുകള്‍ക്ക് ഒരു കുഴപ്പമുണ്ട്. ആരും പെട്ടെന്ന് പിടിച്ചെടുക്കും. പിന്നെ ഒരിക്കലും മറക്കുകയുമില്ല.’’
‘‘എന്നാലും ഇവിടേക്ക് അന്വേഷിച്ചു വരാനുള്ള സാധ്യത? എനിക്കു മനസ്സിലാവുന്നില്ല.’’

‘‘പത്രലോകം ഒട്ടും നിഷ്കളങ്കമല്ല തലിയാര്‍ഖാന്‍. ഓട്ടപ്പന്തയമല്ലേ? എവിടെയും ചാരന്മാരുണ്ടാവും. അത്തരം ഒരു പണിയില്‍ ആരൊക്കെയാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയുകയുമില്ല. ചെയ്യുന്നതെല്ലാം രഹസ്യമായാണല്ലോ.’’
അതെനിക്കു നല്ലവണ്ണം മനസ്സിലാവുന്നുണ്ട്. അത്തരം ഒരു പണി കഴിഞ്ഞിട്ടാണല്ലോ ഞാന്‍ ഇപ്പോള്‍ ഇവിടെ എത്തിയിരിക്കുന്നത്. എന്നാലും -
‘‘അതായത് മനോമയത്തിന് നമ്മുടെ സ്ഥാപനത്തില്‍ ചാരന്മാരുണ്ടെന്നാണോ?’’
പുറത്തേക്കു വന്ന ചിരി എഡിറ്റര്‍ പണിപ്പെട്ടൊതുക്കി.
‘‘താന്‍ സൂക്ഷിച്ചിരിക്കണം. രണ്ടു ദിവസത്തേക്ക് താന്‍ അറിയാത്ത നമ്പറില്‍നിന്നുള്ള വിളികളൊന്നും എടുക്കണ്ട. എന്തെങ്കിലും പുതിയ സംഭവവികാസങ്ങളുണ്ടെങ്കില്‍ എനിക്ക് ഉടനെ റിപ്പോര്‍ട്ടു ചെയ്യണം.’’
കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അങ്ങനെ ഒരു വിളി വന്ന കാര്യം ഞാന്‍ പറഞ്ഞില്ല. ആ നമ്പര്‍ ബ്ലോക് ചെയ്തതിനു ശേഷം ആ നമ്പറില്‍നിന്ന് വിളിയൊന്നും വന്നതായി കണ്ടതുമില്ല.
കൈയെഴുത്തുപ്രതി എഡിറ്ററുടെ പക്കലെത്തിയല്ലോ. ഇനി എന്നെ പിന്തുടരുന്നവര്‍ക്ക് എന്നില്‍നിന്ന് ഒന്നും കിട്ടാനില്ല. എന്‍റെ കാര്യം സുരക്ഷിതമാണ്.
പക്ഷേ, എന്‍റെ ദൗത്യം പൂർണമായി അവസാനിച്ചിട്ടില്ലല്ലോ.
‘‘എന്താണ് സര്‍ നമുക്ക് അടുത്തു ചെയ്യേണ്ടത്?’’ നോവലിന്‍റെ കൈെയഴുത്തുപ്രതിയിലേക്ക് ചൂണ്ടി ഞാന്‍ ചോദിച്ചു.
‘‘എന്തു ചെയ്യാന്‍!’’ എഡിറ്റര്‍ ചിരിച്ചു. ‘‘പാതി വെന്ത ചോറു വിളമ്പി ആര്‍ക്കും സദ്യ നടത്താനാവില്ലല്ലോ.’’
‘‘എന്താണുദ്ദേശിച്ചത് എന്ന് എനിക്കു മനസ്സിലായില്ല സര്‍.’’
ഞാന്‍ പറഞ്ഞത് കേട്ടുവെന്നു ഭാവിക്കാതെ എഡിറ്റര്‍ എന്തോ ആലോചിച്ചുകൊണ്ടിരുന്നു.
‘‘അടുത്ത ലക്കത്തില്‍ നമ്മള്‍ ഒരു പരസ്യം കൊടുക്കാന്‍ പോകുന്നു: പ്രശസ്ത നോവലിസ്റ്റ് കലയൂര്‍ കാര്‍ത്തികേയന്‍ മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം എഴുതുന്ന നോവല്‍! ഉടന്‍ പ്രസിദ്ധീകരണം തുടങ്ങുന്നു!”
അപൂർണമായ നോവല്‍ പ്രസിദ്ധീകരിച്ചിട്ട് എന്തു കിട്ടാന്‍? പാതി വെന്ത ചോറ് വിളമ്പാനാവില്ലല്ലോ എന്ന് എഡിറ്റര്‍ തന്നെയല്ലേ ഇപ്പോള്‍ പറഞ്ഞത്? എനിക്ക് ഒന്നും മനസ്സിലായില്ല.
‘‘നോവലിന്‍റെ പേരും തുടങ്ങുന്ന തീയതിയും നമ്മള്‍ പറയുന്നില്ല. എന്നാല്‍ പരസ്യം വരണം; ‘മനോമയ’ത്തില്‍ അതു വരുന്നതിനു മുമ്പുതന്നെ.”
‘‘അപ്പോള്‍ നോവലിന്‍റെ ബാക്കി ഭാഗമോ?”
‘‘കാര്‍ത്തികേയന്‍ സാറിന്‍റെ അപൂർണമായ നോവല്‍ എന്ന് പരസ്യത്തില്‍ പറഞ്ഞാലോ?”
എഡിറ്റര്‍ എന്നെ കളിയാക്കുകയാണെന്ന് എനിക്കുറപ്പായി. അപൂർണമായ നോവല്‍ എന്ന പരസ്യം കണ്ടാല്‍പ്പിന്നെ ആരു വായിക്കാനാണ് അത്?
ഞാനൊന്നും മിണ്ടിയില്ല.
എഡിറ്റര്‍ എന്നെ നോക്കി വീണ്ടും ചിരിക്കുകയാണ്.
‘‘എങ്ങനെയും പൂര്‍ത്തിയാക്കിക്കൊള്ളാന്‍ കാര്‍ത്തികേയന്‍ സാര്‍ അനുമതി തന്നിട്ടുണ്ടെന്നല്ലേ താന്‍ പറഞ്ഞത്?” അദ്ദേഹം ചോദിച്ചു.
‘‘അതെ. എന്തു വേണമെങ്കിലും ചെയ്തുകൊള്ളാനാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ അങ്ങനെ ചെയ്യുന്നതു ശരിയാണോ? ആണെങ്കില്‍ത്തന്നെ അത് ആരാണ് ചെയ്തുതരിക? ഒരാള്‍ പാതി നിര്‍ത്തിയ നോവല്‍ മറ്റൊരാള്‍ പൂര്‍ത്തിയാക്കുന്നതു ശരിയാണോ?”
‘‘അതുകൊണ്ടെന്താ? ഒ. ചന്തുമേനോന്‍റെ ശാരദയുടെ രണ്ടാം ഭാഗം കെ. സുരേന്ദ്രന്‍ എഴുതി പൂര്‍ത്തിയാക്കിയില്ലേ?”
‘‘അത് ചന്തുമേനോന്‍ മരിച്ചതിനു ശേഷമല്ലേ സര്‍?”
‘‘അല്ലാതെയുമുണ്ട്. എഴുതപ്പെടാത്ത സാഹിത്യചരിത്രത്തില്‍ മറ്റു പലതും സംഭവിച്ചിട്ടുണ്ട്. ഒരെഴുത്തുകാരന്‍ പത്രാധിപരോടു പിണങ്ങി ആ വാരികയില്‍ അപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന തന്‍റെ നോവല്‍ പകുതിക്കുവെച്ചു നിര്‍ത്തി അതിന്‍റെ ബാക്കി മറ്റൊരു വാരികയ്ക്കു കൊടുത്ത സംഭവം വരെയുണ്ടായിട്ടുണ്ട്. ഏതായാലും നമുക്ക് അതൊന്നും നോക്കേണ്ടതില്ല. കാര്‍ത്തികേയന്‍ സാര്‍ അനുവാദം തന്ന സ്ഥിതിക്ക് നമുക്ക് അതു സന്തോഷപൂർവം ചെയ്യാം.”
‘‘പക്ഷേ ആരാണ് സര്‍ അതിനു തയ്യാറാവുക? മാത്രമല്ല, പ്രഗല്ഭനായ ഒരാള്‍ ചെയ്താലല്ലേ അതു വേണ്ടതുപോലെയാവൂ”
‘‘വേണമെങ്കില്‍ തനിക്കുതന്നെ പൂര്‍ത്തിയാക്കാമല്ലോ,” എഡിറ്റര്‍ എന്‍റെ മുഖത്തു നോക്കി ഉറക്കെ ചിരിച്ചു. ‘‘എന്താ തനിക്കെഴുതാന്‍ കഴിയുമോ?”
അദ്ദേഹം അത് തമാശയായിട്ടാണോ കാര്യമായിട്ടാണോ പറഞ്ഞത് എന്ന് എനിക്കു സംശയം തോന്നി. എന്നെ കളിയാക്കുകയുമാവാം. എന്നാല്‍ അതില്‍ ഒരു വെല്ലുവിളിയുള്ളതായി എനിക്കു തോന്നി. ഞാന്‍ മറുപടി പറഞ്ഞില്ല.
‘‘അതിനു നമുക്കു വഴിയുണ്ടാക്കാം,” എന്‍റെ മൗനത്തിനു മറുപടിയായി എഡിറ്റര്‍ പറഞ്ഞു. ‘‘രണ്ടു ദിവസം മുമ്പ് ഞാന്‍ തന്നോടു പറഞ്ഞില്ലേ ‘മനോമയ’ത്തിലുണ്ടായിരുന്ന ഒരെഡിറ്ററെപ്പറ്റി? നമുക്ക് അദ്ദേഹത്തെ ഉപയോഗിക്കണം.’’
‘‘ഉപയോഗിക്കുക എന്നുവെച്ചാല്‍?”

‘‘നോവലിന്‍റെ ബാക്കി അദ്ദേഹത്തെക്കൊണ്ട് എഴുതിക്കണം. നാളെ രാവിലെത്തന്നെ അദ്ദേഹത്തെ ചെന്നു കാണണം. തന്നെയാണ് ഈ ദൗത്യവും ഏൽപിക്കുന്നത്.”
എനിക്ക് അപ്പോഴും കാര്യങ്ങള്‍ ശരിക്കു പിടികിട്ടിയിരുന്നില്ല. ‘വേണമെങ്കില്‍ തനിക്കുതന്നെ പൂര്‍ത്തിയാക്കാം’ എന്ന് എഡിറ്റര്‍ പറഞ്ഞത് എന്തുദ്ദേശിച്ചിട്ടാണ്? അപൂർണമായ നോവല്‍ അല്ലെങ്കില്‍ അവസാനത്തെ നോവല്‍ എന്നു പരസ്യം ചെയ്യാമെന്നല്ലേ അദ്ദേഹം ആദ്യം പറഞ്ഞത്?
‘‘ഇപ്പറയുന്നതൊന്നും എനിക്കു മനസ്സിലാവുന്നില്ലല്ലോ സര്‍!”
‘‘താന്‍ ഇപ്പോഴും ശിശുവാണ്. യുദ്ധത്തില്‍ ധർമവും നീതിയുമൊന്നും ആരും നോക്കാറില്ല. ഈ യുദ്ധം നമുക്കു ജയിച്ചേ തീരൂ. താന്‍ തയ്യാറല്ലേ?”
അല്ല എന്നു പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ട് അതെ എന്നു തലയാട്ടി. അപ്പോഴും ചില സംശയങ്ങളുണ്ടായിരുന്നു. ആരാണ് ആ മുൻ പത്രാധിപര്‍? എന്താണ് അദ്ദേഹത്തിനുള്ള ഓഫര്‍? എത്ര ദിവസംകൊണ്ടു തീര്‍ക്കണം? ഇത്ര പ്രായമുള്ള ഒരാളെക്കൊണ്ട് വളരെ കുറച്ചു സമയംകൊണ്ട് അത് സാധ്യമാവുമോ? പരസ്യം കൊടുത്തുകഴിഞ്ഞാല്‍പ്പിന്നെ അതൊരു ബാധ്യതയാവില്ലേ?
സംശയങ്ങള്‍ തീരുന്നില്ല.
‘‘ഞാന്‍ ‘ശാരിക’യുടെ ആളായിട്ടുതന്നെയാണോ പോവേണ്ടത്?”
‘‘തീര്‍ച്ചയായിട്ടും.” എഡിറ്റര്‍ ചിരിച്ചു. ‘‘തട്ടിപ്പില്‍ വഞ്ചനയില്ലെടോ. തന്‍റെ പേരിനും മാറ്റമില്ല. തലിയാര്‍ഖാന്‍ ദ റിസീവര്‍.”
തലിയാര്‍ഖാന്‍ എന്ന പേരിന് അത്യാവശ്യം ഒരു മുഴക്കമൊക്കെയുണ്ടെന്ന് അപ്പോള്‍ എനിക്കു തോന്നി. വലിയൊരു ദൗത്യം ഏറ്റെടുക്കാന്‍ പര്യാപ്തമായ പേര്.
പക്ഷേ, പ്രധാനപ്പെട്ട സംശയം മറ്റൊന്നായിരുന്നു. ‘മനോമയ’ത്തിന്‍റെ മുൻ പത്രാധിപര്‍ തന്‍റെ പഴയ വാരികക്കെതിരായി അതു ചെയ്തുതരുമോ?
‘‘ഹഹഹ!” എഡിറ്റര്‍ ഉറക്കെ ചിരിച്ചു. ‘‘ചതുരംഗപ്പലകയിലെ ചില കരുനീക്കങ്ങളാണെടോ ഇതൊക്കെ. തനിക്കറിയുമോ, ബാലഗോപാലന്‍ നായരെ മനോമയത്തില്‍ നിന്നു പുറത്താക്കിയതാണ്. അതും എന്തോ ചെയ്യാത്ത കുറ്റത്തിന്. പകവീട്ടാന്‍ കിട്ടിയ അവസരം അദ്ദേഹം ഉപയോഗിക്കാതിരിക്കുകയില്ല.”
അപ്പോള്‍ ബാലഗോപാലന്‍ നായര്‍ എന്നാണ് ആ പത്രാധിപരുടെ പേര്!
അന്നു പക്ഷേ എഡിറ്റര്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞത് ഇതല്ലല്ലോ. അദ്ദേഹം സ്വമനസ്സാലെ വിട്ടുപോയതാണെന്നല്ലേ? ഞാനതു ചോദിച്ചു.
‘‘ഞാനന്നേ പറഞ്ഞില്ലേ തന്നോട് അതിനെപ്പറ്റി പല വ്യാഖ്യാനങ്ങളും ഉണ്ടെന്ന്? താനതു മറന്നോ? തല്‍ക്കാലം നമുക്ക് ഈ വ്യാഖ്യാനം എടുത്ത് ഞാന്‍ ഇപ്പോള്‍പ്പറഞ്ഞ പ്ലാനുമായി മുന്നോട്ടുപോവാം.”
എഡിറ്റര്‍ പറഞ്ഞതിനെപ്പറ്റി എനിക്ക് വലിയ ഉറപ്പൊന്നും തോന്നിയില്ല. എന്നാലും ഞാന്‍ ഒന്നും മിണ്ടിയില്ല.
‘‘എല്ലാം നമുക്ക് ഇന്നുതന്നെ തീരുമാനിക്കണം,” എഡിറ്റര്‍ പറഞ്ഞു. ‘‘കയ്യെഴുത്തുപ്രതി ഇവിടെ ഇരിക്കട്ടെ. താന്‍ ലാപ്പിന്‍റെ ഫോള്‍ഡറില്‍നിന്ന് നോവലിന്‍റെ ഒരു പ്രിന്‍റൗട്ട് എടുത്ത് കയ്യില്‍ വെയ്ക്കണം അദ്ദേഹത്തിനു കൊടുക്കാന്‍.”
കൈയെഴുത്തുപ്രതി എടുത്ത് അദ്ദേഹം തന്‍റെ ട്രേയിലേക്കു വെച്ചു.
‘‘മാത്രമല്ല, ഇതില്‍ ഒരു കാവ്യനീതിയുമുണ്ട്. വിസ്മൃതിയിലേയ്ക്കു പോയ ഒരെഴുത്തുകാരന്‍റെ പുനഃപ്രവേശംപോലെ കൊല്ലങ്ങളായി ഈ രംഗത്തുനിന്ന് അകന്നുനില്‍ക്കുന്ന ഒരെഡിറ്ററുടെ പുനരാഗമനംകൂടിയാവും അത്.”
കാവ്യനീതിപോലും, എനിക്കു ചിരി വന്നു. അല്ലെങ്കിലും ഈ കളിയില്‍ എന്തു നീതി? എന്തു ധർമം?
‘‘നമുക്ക് സമയം ഒട്ടും ബാക്കിയില്ല.” മേശയുടെ ഇടത്തു വശത്തുനിന്ന് ഒരു എ-ഫോര്‍ ഷീറ്റും ഒരു പേനയും എടുത്ത് എനിക്കു നേരെ നീട്ടി അദ്ദേഹം തുടര്‍ന്നു.
‘‘തന്‍റെ കിടിലന്‍ കയ്യക്ഷരത്തില്‍ത്തന്നെ എഴുതിയാട്ടെ:

പേര്: കെ. ബാലഗോപാലന്‍ നായര്‍.
നോവലിന്‍റെ പേര്: ജമന്തിപ്പൂക്കള്‍.
വിഷയം: നോവല്‍ തിരുത്തിയെഴുത്ത്.
സമയപരിധി: പത്തു ദിവസം.”
എഴുതിയ കടലാസു നോക്കി തൃപ്തി വരുത്തി എഡിറ്റര്‍ അത് എനിക്കു തിരിച്ചുതന്നു.
‘‘ബാലഗോപാലൻ സാറിനെ ഇന്നുതന്നെ ഞാന്‍ വിളിച്ചുപറയാം. നാളെ രാവിലെ നേരത്തേത്തന്നെ താന്‍ അവിടേക്കു പോവുക.”
‘‘എവിടേയ്ക്ക്?”
എഡിറ്റര്‍ കടലാസുതുണ്ട് എന്‍റെ കയ്യില്‍നിന്നു തിരിച്ചുവാങ്ങി അതില്‍ ഇത്രയുംകൂടി എഴുതിച്ചേര്‍ത്തു.
‘‘1704, മംഗളം അപാര്‍ട്മെന്‍റ്സ്, വൈറ്റില.”
എഡിറ്ററോടു യാത്രപറഞ്ഞ് കടലാസുതുണ്ടുമായി ഞാന്‍ എഴുന്നേറ്റു. എഡിറ്ററുടെ കാബിന്‍റെ അരവാതില്‍ തുറന്നപ്പോള്‍ അത് ആരുടെയോ മേല്‍ ചെന്നുമുട്ടി.
നോക്കിയപ്പോള്‍ ശ്രീരാഗാണ്.
അയാള്‍ ഇത്രയും നേരം കാബിനു പുറത്തു പതുങ്ങിനിന്ന് എഡിറ്ററും ഞാനുമായുള്ള സംഭാഷണം ശ്രദ്ധിക്കുകയായിരുന്നുവോ? ഞാന്‍ ശ്രീരാഗിന്‍റെ മുഖത്തേക്ക് സംശയത്തോടെ നോക്കി.
‘‘താന്‍ എത്തിയത് അറിഞ്ഞില്ല,” എന്നെ കണ്ടപ്പോള്‍ അയാള്‍ ചിരിച്ചു. ‘‘എപ്പോഴാണെത്തിയത്?”
അയാളുടെ മുഖത്തെ ചമ്മല്‍ കണ്ടപ്പോള്‍ എന്‍റെ സംശയം ബലപ്പെട്ടു. എത്ര നേരമായിട്ടുണ്ടാവും അയാളിവിടെ വന്ന് നില്‍ക്കാന്‍ തുടങ്ങിയിട്ട്? ബാലഗോപാലന്‍ സാറിനെ കാണാന്‍ പോവുന്നതിന്‍റെ വിശദാംശങ്ങള്‍ മുഴുവനും അയാള്‍ പിടിച്ചെടുത്തിട്ടുണ്ടാവുമോ?
‘‘അകത്ത് തന്‍റെ ശബ്ദം കേട്ടുവെന്നു തോന്നി,” ശ്രീരാഗ് എന്‍റെ ഒപ്പം നടന്നുകൊണ്ട് വിശദീകരിച്ചു. ‘‘അതാണ് ഞാന്‍ അവിടെ നിന്നത്.”
ഞാനതു കേട്ടുവെന്നു നടിക്കാതെ എന്‍റെ കാബിനിലേക്കു നടന്നു. കലയൂരില്‍ മാത്രമല്ല ‘ശാരിക’യുടെ ഓഫീസിലും നല്ല കരുതല്‍ വേണം, ശ്രീരാഗ് യാത്ര പറഞ്ഞ് സ്വന്തം ഇരിപ്പിടത്തിലേക്ക് നടക്കുമ്പോള്‍ ഞാന്‍ തീരുമാനിച്ചു.
ആദ്യം തന്നെ നോവലിന്‍റെ ഒരു പ്രിന്‍റൗട്ട് എടുക്കണം. അത് മറ്റാരും കാണാതെ വേണം. ഓഫീസില്‍നിന്ന് ശ്രീരാഗ് അടക്കം എല്ലാവരും പോയി എന്ന് ഉറപ്പുവരുത്തിയിട്ടു മാത്രമേ അതു ചെയ്യുന്നുള്ളൂ.
കാബിനിലേക്ക് കയറും മുമ്പ് ഞാന്‍ എഡിറ്റോറിയല്‍ സെക്ഷനിലേക്ക് നോക്കി.
ശ്രീരാഗ് കസേരയില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. ഉച്ചയൂണു കഴിഞ്ഞ് ഓരോരുത്തരായി സ്വന്തം ഇരിപ്പിടങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
