Begin typing your search above and press return to search.
proflie-avatar
Login

ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ
cancel

അന്വേഷണം മൂന്നാമത്തെ പ്രഭാതത്തിലും ‘ജമന്തി’ അടഞ്ഞുതന്നെ കിടന്നു. അതോടെ ഇനി കാര്‍ത്തികേയന്‍ സാര്‍ തിരിച്ചെത്തുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ലാതായി. ഇനിയും ഒരു ദിവസം മുഴുവന്‍ കലയൂരില്‍ കഴിച്ചുകൂട്ടുന്നതാവട്ടെ എനിക്ക് ഓര്‍ക്കാന്‍പോലും പറ്റാതെയുമായി.കാര്‍ത്തികേയന്‍ സാറിനെ അന്വേഷിച്ച് മാവേലിക്കരക്ക് ഞാന്‍ പോകേണ്ടതില്ല എന്ന് എഡിറ്റര്‍ പറയാനുള്ള കാരണം എനിക്ക് മനസ്സിലായതേയില്ല. വീണ്ടും ചെന്നാല്‍ ‘ശാരിക’ നടത്തുന്ന ആള്‍മാറാട്ടം വെളിച്ചത്താവുമെന്ന പേടികൊണ്ടാണോ? എങ്കില്‍ അതിന് പ്രത്യേകിച്ച് ഒരർഥവുമുണ്ടെന്ന് എനിക്കു തോന്നിയില്ല. കേട്ടെഴുത്തുകാരനായ തലിയാര്‍ഖാന്‍ ആണല്ലോ ഞാന്‍. ആ വേഷം...

Your Subscription Supports Independent Journalism

View Plans

അന്വേഷണം

മൂന്നാമത്തെ പ്രഭാതത്തിലും ‘ജമന്തി’ അടഞ്ഞുതന്നെ കിടന്നു. അതോടെ ഇനി കാര്‍ത്തികേയന്‍ സാര്‍ തിരിച്ചെത്തുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ലാതായി. ഇനിയും ഒരു ദിവസം മുഴുവന്‍ കലയൂരില്‍ കഴിച്ചുകൂട്ടുന്നതാവട്ടെ എനിക്ക് ഓര്‍ക്കാന്‍പോലും പറ്റാതെയുമായി.

കാര്‍ത്തികേയന്‍ സാറിനെ അന്വേഷിച്ച് മാവേലിക്കരക്ക് ഞാന്‍ പോകേണ്ടതില്ല എന്ന് എഡിറ്റര്‍ പറയാനുള്ള കാരണം എനിക്ക് മനസ്സിലായതേയില്ല. വീണ്ടും ചെന്നാല്‍ ‘ശാരിക’ നടത്തുന്ന ആള്‍മാറാട്ടം വെളിച്ചത്താവുമെന്ന പേടികൊണ്ടാണോ? എങ്കില്‍ അതിന് പ്രത്യേകിച്ച് ഒരർഥവുമുണ്ടെന്ന് എനിക്കു തോന്നിയില്ല. കേട്ടെഴുത്തുകാരനായ തലിയാര്‍ഖാന്‍ ആണല്ലോ ഞാന്‍. ആ വേഷം തന്നെ തുടര്‍ന്ന് അഭിനയിക്കാന്‍ എനിക്ക് പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടുമില്ല.

മാത്രമല്ല, തലിയാര്‍ഖാന്‍ എന്ന കേട്ടെഴുത്തുകാരനെ കാര്‍ത്തികേയന്‍ സാറിന് നല്ല വാത്സല്യവുമാണ്. അതുകൊണ്ട് എനിക്ക് അദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ ഒരു വിഷമവും തോന്നുന്നില്ല. എങ്ങനെയും മാവേലിക്കരയിലേക്ക് പോകണമെന്ന് ഞാന്‍ ഉറപ്പിച്ചു. അത് എഡിറ്ററെ ധിക്കരിക്കുകയാണെങ്കില്‍ക്കൂടി. യാത്ര അദ്ദേഹത്തോട് വെളിപ്പെടുത്താതിരുന്നാല്‍ മതിയല്ലോ. ഇപ്പോള്‍ ‘ജമന്തിപ്പൂക്കളു’ടെ പൂര്‍ത്തീകരണം എന്‍റെ മാത്രം ആവശ്യമായിരിക്കുകയാണ്. പരാജയമായാലും വിജയമായാലും ഈ ദൗത്യം എവിടെയെങ്കിലും കൊണ്ടുകെട്ടാതെ എനിക്കു സമാധാനം കിട്ടില്ല എന്നും തീര്‍ച്ചയായി.

മറ്റൊരാവശ്യവുമുണ്ടായിരുന്നു: കലയൂരില്‍നിന്ന് എങ്ങനെയും വിട്ടു നില്‍ക്കുക. മാവേലിക്കരയിലേക്കെന്നല്ല എവിടേക്കെങ്കിലും ഓടിപ്പോയാല്‍ മതിയെന്നായി. രണ്ടു പകലും രാത്രിയും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ വീട്ടില്‍ത്തന്നെയിരിക്കേണ്ടിവന്നത് എനിക്കു തികച്ചും ദുസ്സഹമായി. അതും വേശുവമ്മയുടെ സൂക്ഷ്മമായ നിരീക്ഷണത്തില്‍.

വേശുവമ്മ ഒന്നും ചോദിച്ചില്ല. പക്ഷേ ആ മൗനത്തിന് ആയിരം നാവുകളുണ്ടായിരുന്നു. ഒരു കുറ്റവാളിയെപ്പോലെയാണ് ഞാന്‍ രണ്ടു ദിവസം കഴിച്ചുകൂട്ടിയത്. നേര്‍ക്കുനേര്‍ കാണുമ്പോഴൊക്കെ എന്‍റെ മുഖം കുനിഞ്ഞു. കഞ്ഞി കുടിക്കാനിരിക്കുമ്പോള്‍പ്പോലും ഞാന്‍ മൗനം പാലിച്ചു.

ഈ മൗനം എന്‍റെ നിസ്സഹായതയായിരുന്നു. എന്തു പറഞ്ഞാലും പ്രവര്‍ത്തിച്ചാലും അത് അബദ്ധമാവുമെന്ന ഭീതിയായി എനിക്ക്. എന്തിനാണ് ഞാന്‍ ചൂളിപ്പോവുന്നത് എന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. വീട്ടിലാരെങ്കിലും വന്നിരുന്നോ എന്നും ആ കൈയെഴുത്തുപ്രതി ആരെങ്കിലും വായിച്ചിരുന്നുവോ എന്നുമുള്ള എന്‍റെ ചോദ്യം തിരിച്ചടിച്ചതുപോലെയായി. ഞാന്‍ രഹസ്യമായി എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് സ്വയം വെളിപ്പെടുത്തിയതുപോലെയായി. വേണ്ടിയിരുന്നില്ല.

അതെനിക്ക് കൂടുതല്‍ ജാഗരൂകനായി ഇരിക്കാനുള്ള കാരണമായി. പ്രധാനപ്പെട്ടതെന്തോ ആണ് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത് എന്ന തോന്നല്‍ വേശുവമ്മയില്‍ ഉണ്ടാക്കിയല്ലോ. കൈയെഴുത്തുപ്രതി എപ്പോഴും കൂടെ കൊണ്ടുനടക്കണമെന്നായി. രാവിലെ നടക്കാന്‍ പോവുമ്പോള്‍ അതു കൈയിലെടുക്കാന്‍ വയ്യല്ലോ എന്നതുകൊണ്ടു മാത്രമാണ് അങ്ങനെ ചെയ്യാതിരിക്കുന്നത്. അതുകൊണ്ട് നടത്തം കഴിഞ്ഞു മടങ്ങിവന്നാല്‍ ഉടന്‍ അതിനു വല്ല ഇളക്കവും തട്ടിയിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് എന്‍റെ പതിവായി.

മാവേലിക്കരയിലേക്ക് പോവുകതന്നെ.

എന്നാല്‍, മാവേലിക്കരയില്‍ കാര്‍ത്തികേയന്‍ സാര്‍ എവിടെയാണ് താമസിക്കുന്നത് എന്ന് കണ്ടുപിടിക്കണം. യാത്ര തുടങ്ങുന്നതിനു മുമ്പുതന്നെ അതിനെപ്പറ്റി ഒരു ധാരണയുണ്ടാക്കണം. അതിനെന്താണ് വഴി എന്നാണ് ആലോചിക്കേണ്ടത്. എഡിറ്റര്‍ക്ക് അറിയാതെ വരില്ല. പക്ഷേ, എഡിറ്ററെക്കൂടി അറിയിക്കാത്ത യാത്രയായതുകൊണ്ട് വിലാസം അദ്ദേഹത്തോടു ചോദിക്കാന്‍ വയ്യല്ലോ.

കലയൂരില്‍ ആര്‍ക്കും അത് അറിയുമെന്നു തോന്നുന്നില്ല. ആകെ സാധ്യതയുള്ളത് ദാമുവേട്ടനാണ്. പക്ഷേ കലയൂര്‍ ഹൈസ്കൂള്‍ കഴിഞ്ഞ് ഇടത്തുവശത്തേക്കുള്ള വഴിയിലൂടെ പോയാല്‍ എത്തുന്ന എവിടെയോ ആണ് താമസം എന്നതിൽ കവിഞ്ഞ് ദാമുവേട്ടന്‍റെ വിലാസവും അറിയില്ലല്ലോ. അത് കിട്ടണമെങ്കില്‍ ചന്ദ്രേട്ടനോടു ചോദിക്കണം. അതോടെ, അറിയാന്‍ പാടില്ലാത്തവരൊക്കെ അറിയും. യാത്രയുടെ രഹസ്യസ്വഭാവം തന്നെ അപകടത്തിലാവും.

ശ്രീരാജിനോ ബാബുവിനോ അറിവുണ്ടാവാന്‍ വഴിയുണ്ട്. പക്ഷേ അവരോടും ചോദിക്കാന്‍ വയ്യ. ഈ ദൗത്യം അവരെക്കൂടി അറിയിക്കാതെയാണല്ലോ ആസൂത്രണം ചെയ്തിരിക്കുന്നത്.

‘മനോമയ’ത്തിലും ചോദിക്കാന്‍ വയ്യ.

മാവേലിക്കരയില്‍ ഇറങ്ങി ആരോടെങ്കിലും അന്വേഷിക്കാമെന്നു വെച്ചാല്‍ കാര്‍ത്തികേയന്‍ സാറിനെ അവിടെയാരും അറിയാന്‍ വഴിയില്ല. സ്വന്തം നാട്ടില്‍ത്തന്നെ അപരിചിതനാണല്ലോ കാര്‍ത്തികേയ സാർ. അവിടെയും അങ്ങനെത്തന്നെ ആയിരിക്കാനാണ് വഴി.

തല ഒന്നു തണുപ്പിക്കാന്‍ വേണ്ടി ഫേസ്ബുക്ക് തുറന്നു. ഇന്നലെയിട്ട എന്‍റെ പോസ്റ്റിനുള്ള പ്രതികരണങ്ങളൊക്കെ നിലച്ചിരിക്കുന്നു. ആകെ 117 ലൈക്കാണ് കിട്ടിയിരിക്കുന്നത്. 14 കമന്‍റുകളും. മടുപ്പു തോന്നി.

വീണ്ടും ‘ജനപ്രിയസാഹിത്യ’ത്തിലൂടെ കടന്നുപോവുമ്പോള്‍ കുറേ പുസ്തകങ്ങളുടെ പുറംചട്ടകള്‍ കണ്ടു. എന്തെല്ലാം പേരുകളാണ്! പേരുകള്‍ക്ക് സമാനതകളുണ്ടെന്നു തോന്നി. പല വാക്കുകളും ആവര്‍ത്തിക്കുന്നുണ്ട്.

നൂറിലധികം പുസ്തകങ്ങള്‍ കാര്‍ത്തികേയന്‍ സാര്‍ തന്നെ എഴുതിയിട്ടുണ്ടെന്നല്ലേ പറഞ്ഞത്? സാറിനു തന്നെ അവ കൃത്യമായി ഓർമിച്ചെടുക്കാന്‍ പറ്റുന്നില്ലെന്നും പറഞ്ഞില്ലേ?

പെട്ടെന്നാണ് മനസ്സില്‍ ഒരു മിന്നല്‍ പാളിയത്: കാര്‍ത്തികേയൻ സാറിന്‍റെ വിലാസം ഏതെങ്കിലും പുസ്തകക്കടയില്‍ അന്വേഷിച്ചാല്‍ കിട്ടില്ലേ?

കലയൂരില്‍ പുസ്തകക്കടകളൊന്നുമില്ല. അതിനു തക്കവണ്ണം വലിയ പട്ടണമല്ലല്ലോ കലയൂര്‍. ഏതായാലും മാവേലിക്കരയില്‍ പുസ്തകക്കട ഉണ്ടാവാതെ വരില്ല. ചിലപ്പോള്‍ ഒന്നിലധികം കടകള്‍ ഉണ്ടാവാനും വഴിയുണ്ട്. അവിടെ അന്വേഷിച്ചാല്‍ അറിയാതെ വരില്ല.

എനിക്ക് ഉത്സാഹം തോന്നി.

പിറ്റേന്ന് രാവിലെ നടത്തത്തിനു ശേഷം കുളി കഴിഞ്ഞ് ഞാന്‍ യാത്രക്ക് തയ്യാറായി. വേശുവമ്മയുണ്ടാക്കിയ ഉപ്പുമാവ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്‍റെ മുഖത്തെ ഉണർവ് കണ്ടിട്ടാവണം അവര്‍ ചോദിച്ചു.

‘‘സാറ് തിരിച്ചുവന്നുവോ?’’

ആ ചോദ്യം എന്നെ ഞെട്ടിച്ചു. ഇത്ര ദിവസമായിട്ടും കാര്‍ത്തികേയൻ സാര്‍ അപ്രത്യക്ഷമായ കാര്യം ഞാന്‍ വേശുവമ്മയോടു പറഞ്ഞിരുന്നില്ല. കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടില്‍ കേട്ടെഴുത്തിനാണ് പോവുന്നതെന്നു പോയിട്ട് എന്താണ് എന്‍റെ ജോലി എന്നുപോലും ഇതുവരെ അവരോടു വെളിപ്പെടുത്തിയിട്ടില്ലല്ലോ. പിന്നെ എങ്ങനെയാണ് അവരതു മനസ്സിലാക്കിയത്? എഡിറ്ററോടു സംസാരിക്കുമ്പോള്‍പ്പോലും വേശുവമ്മയില്‍നിന്ന് വേണ്ടതിലധികം അകലം പാലിച്ചു നില്‍ക്കാറുണ്ട്. എന്നിട്ടും വേശുവമ്മ അതെങ്ങനെ അറിഞ്ഞു?

അപ്പോള്‍ പൂച്ച കണ്ണടച്ചു പാലു കുടിക്കുന്നതുപോലെയായിരുന്നില്ലേ ഇത്രയും ദിവസം ഞാന്‍ ഇവിടെ കഴിച്ചുകൂട്ടിയത്?

പ്രത്യേകിച്ച് ഒരർഥവും തോന്നിക്കാത്ത ഒരു തലയാട്ടലിലൂടെ ഞാന്‍ വേശുവമ്മയുടെ ചോദ്യത്തോടു പ്രതികരിച്ചു. തന്‍റെ ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാവണം വേശുവമ്മ തുടര്‍ന്ന് ഒന്നും ചോദിച്ചില്ല. എന്നെ ബുദ്ധിമുട്ടിക്കേണ്ടെന്നും കരുതിയിട്ടുണ്ടാവാം.

എങ്ങനെയായാലും ഈ വീട്ടില്‍ ഇനി അധികകാലം തുടരുന്നത് അപകടമാണ്. എന്നെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കൂടെ താമസിക്കുന്നത് സുഖമുള്ള കാര്യമല്ല. മാവേലിക്കരയില്‍ ചെന്നിട്ട് എന്താണുണ്ടാവുന്നതെന്നു നോക്കാം.

‘‘ഞാനൊന്ന് വീട്ടില്‍ പോയി വരട്ടെ വേശ്വമ്മേ,’’ ഇറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു. ‘‘ഇന്നുതന്നെ തരിച്ചെത്തും.’’

‘‘വല്ലാതെ വൈകുമോ മടങ്ങിയെത്താന്‍?’’

‘‘അറിയില്ല. ഏതായാലും വേശ്വമ്മയുടെ കഞ്ഞി കുടിക്കാന്‍ പാകത്തില്‍ എത്തും.’’

കലയൂര്‍നിന്ന് മാവേലിക്കരയിലേക്ക് നേരിട്ടു ബസില്ല. ആദ്യം നഗരത്തിലെത്തണം. അവിടെനിന്ന് മാവേലിക്കരക്ക് ഇഷ്ടംപോലെ ബസുകള്‍ കിട്ടും.

കലയൂര്‍ സിറ്റിയില്‍നിന്ന് ഞാന്‍ നഗരത്തിലേക്കുള്ള ബസില്‍ കയറിയിരുന്നു.

 

പ്രധാനപ്പെട്ട ഒരു യാത്രയാണ് തുടങ്ങുന്നത്. എനിക്ക് അടക്കാനാവാത്ത ഉത്സാഹം അനുഭവപ്പെട്ടു. ഇതുവരെ മറ്റുള്ളവരെ ഒളിച്ചുനടത്തിയിരുന്ന ദൗത്യത്തിന്‍റെ ആവേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഇത് എഡിറ്ററെക്കൂടി കാണാമറയത്തു നിര്‍ത്തി നടത്തുന്ന നീക്കമാണല്ലോ. അതുകൊണ്ട് ആവേശത്തിന് അതിരുണ്ടായിരുന്നില്ല.

ഇനി അഥവാ കാര്‍ത്തികേയന്‍ സാറിനെ കണ്ടുപിടിക്കാനാവാതെ തിരിച്ചുവരേണ്ടിവന്നാലും ആരോടും സമാധാനം പറയേണ്ടതില്ലല്ലോ.

ബസ് ഹെല്‍ത്ത് സെന്‍ററും കലയൂര്‍ സ്കൂളും പിന്നിട്ട് ഇടത്തോട്ടു തിരിഞ്ഞു. ദാമുവേട്ടനെ കണ്ടുമുട്ടുന്ന സ്ഥലരാശിയാണ്. ഇന്നലെയും ഇന്നും നടക്കാന്‍ പോയപ്പോള്‍ ദാമുവേട്ടനെ കണ്ടില്ല. മിനിയാന്ന് കാഞ്ഞിരത്തിന്‍റെ ചോട്ടിലിരുന്ന് സംസാരിച്ചതിനുശേഷം ദാമുവേട്ടന്‍ നടക്കാന്‍ വന്നിട്ടില്ല.

ഇന്നു രാവിലെ ‘ജമന്തി’യില്‍ എത്തിയപ്പോള്‍ സരോജിനിയെയും കണ്ടില്ല. ഇന്നലെ ചെന്നപ്പോള്‍ മുറ്റമടിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ലീലാവതിയമ്മ വിളിച്ചിരുന്നുവോ എന്ന എന്‍റെ ചോദ്യത്തിന് അവര്‍ നിഷേധരൂപത്തില്‍ തലയാട്ടി. അങ്ങോട്ടു വിളിച്ചുചോദിച്ചുവോ എന്നന്വേഷിച്ചപ്പോള്‍ സരോജിനി പറഞ്ഞു: ‘‘ഞാന്‍ അങ്ങോട്ടു വിളിക്കാറൊന്നുമില്ല കുട്ടീ. അവര്‍ ആവശ്യമുള്ളപ്പോള്‍ എന്നെ വിളിക്കുകയാണ് പതിവ്.’’

പെട്ടെന്ന് എന്‍റെ തലയില്‍ ഒരു മിന്നലുണ്ടായി: സരോജിനിയോട് ലീലാവതിയമ്മയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചാല്‍ മതിയായിരുന്നല്ലോ. അല്ലെങ്കില്‍ അവരെ ആ ഫോണില്‍നിന്നു തന്നെ വിളിക്കാമായിരുന്നല്ലോ. എങ്കില്‍ വിവരങ്ങള്‍ കിട്ടിയേനെ. വിലാസവും കിട്ടിയേനെ.

എന്തേ ഈ ബുദ്ധി എനിക്ക് തോന്നാതിരുന്നത്? എനിക്കിപ്പോഴും വേണ്ടത് വേണ്ട സമയത്ത് തോന്നുന്നില്ലല്ലോ!

ഏതായാലും ഇനി തിരിച്ചുപോവുന്നില്ല. എഡിറ്ററുടെ കണ്ണു വെട്ടിച്ചുള്ള ഈ യാത്രക്ക് അതിന്‍റേതായ രസമുണ്ട്.

നഗരത്തില്‍ ചെന്നിറങ്ങി ഒരു ചായ കുടിക്കുമ്പോഴാണ് തോന്നിയത്: മാവേലിക്കരയിലേക്ക് ബസ് കയറുന്നതിനുമുമ്പ് ഇവിടത്തെ പുസ്തകക്കടകളില്‍ത്തന്നെ ഒന്ന് പരതിനോക്കിയാലെന്താ കാര്‍ത്തികേയന്‍ സാറിന്‍റെ വിലാസം? ഈ നഗരം ഒരിക്കല്‍ ഇത്തരം എഴുത്തുകാരുടെ സങ്കേതമായിരുന്നുവല്ലോ. അവസാനഘട്ടത്തില്‍ കാര്‍ത്തികേയന്‍ സാറും ഇവിടത്തെ ലോഡ്ജിലിരുന്നാണല്ലോ എഴുതിയത്.

മൂന്നു പുസ്തകക്കടകളുണ്ട് നഗരത്തില്‍. മൂന്നിലും കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. അവരൊന്നും അങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല. റാക്കുകളില്‍ കാര്‍ത്തികേയന്‍ സാറിന്‍റെ ഒരു പുസ്തകംപോലും കണ്ടുകിട്ടിയില്ല. കാര്‍ത്തികേയന്‍ സാര്‍ എഴുത്തു നിര്‍ത്തിയിട്ട് ഇത്രയും കാലമായല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ അധികമാരും വില്‍പനക്ക് വെച്ചിട്ടില്ല എന്ന സത്യം ഇപ്പോഴാണ് അറിയുന്നത്.

33 കൊല്ലം തീര്‍ച്ചയായും വലിയ ഒരു കാലയളവു തന്നെയാണ്. ഒരെഴുത്തുകാരനെ മുച്ചൂടും മറക്കാന്‍ പ്രാപ്തമായ കാലയളവ്.

മാവേലിക്കരദൗത്യം അത്ര എളുപ്പമല്ല എന്നു തുടക്കത്തിലേ തീര്‍ച്ചയായി. പക്ഷേ ഒരു തരത്തില്‍ അത് എന്‍റെ ആവേശം ഇരട്ടിപ്പിക്കുകയാണുണ്ടായത്. ഏതു വിധേനയും കാര്‍ത്തികേയന്‍ സാറിനെ കണ്ടിട്ടേ മാവേലിക്കരയില്‍നിന്നു മടങ്ങൂ എന്ന് ഞാന്‍ ഉറപ്പിച്ചു.

മാവേലിക്കരയില്‍ എത്തിയപ്പോള്‍ പതിനൊന്നര കഴിഞ്ഞിരുന്നു. ബസ് സ്റ്റാന്‍ഡിനടുത്തുള്ള ചായക്കടയില്‍നിന്നുതന്നെ അന്വേഷണം തുടങ്ങാമെന്നു തീര്‍ച്ചപ്പെടുത്തി. ചായക്കുള്ള പണം കൊടുക്കുമ്പോള്‍ കൗണ്ടറിലിരിക്കുന്ന ആളോടുതന്നെ അന്വേഷിച്ചു.

അയാള്‍ക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല. സംശയം കേട്ട് ഒന്നു രണ്ടാളുകള്‍ കൗണ്ടറില്‍ എത്തിയെങ്കിലും അവരാരും കാര്‍ത്തികേയൻ സാറിനെ കേട്ടിട്ടുണ്ടായിരുന്നില്ല. അതിലൊരാള്‍ അടുത്തുള്ള പുസ്തകക്കട ചൂണ്ടിക്കാണിച്ച് അവിടെ അന്വേഷിക്കാന്‍ നിർദേശിച്ചു.

‘മണവാട്ടി’ എന്ന പുസ്തകം ഉണ്ടോ എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. അത് കാര്‍ത്തികേയന്‍ സാറിന്‍റെ ഏറ്റവും പ്രചാരമുള്ള പുസ്തകമാണെന്നതിനു പുറമേ കുറച്ച് കോളിളക്കമുണ്ടാക്കിയതുമാണല്ലോ.

അയാള്‍ക്ക് അതിനെപ്പറ്റി ഒരറിവുമുണ്ടായിരുന്നില്ല. മാത്രമല്ല, കലയൂര്‍ കാര്‍ത്തികേയന്‍ എന്ന പേരുപോലും അയാള്‍ കേട്ടിട്ടുണ്ടായിരുന്നില്ല.

എനിക്ക് എന്തോ ഒരു സങ്കടം തോന്നി. അത് എന്‍റെ ദൗത്യം പരാജയപ്പെടുമോ എന്ന ആശങ്ക കൊണ്ടു മാത്രമായിരുന്നില്ല. ഒരു കാലത്ത് എത്ര പ്രസിദ്ധനായിരുന്നിട്ടെന്താ, എത്ര വേഗമാണ് വായനക്കാര്‍ എഴുത്തുകാരെ മറന്നുപോവുന്നത് എന്ന് ഓര്‍ത്തിട്ടു കൂടിയായിരുന്നു. 30 വര്‍ഷംപോലും ഒരെഴുത്തുകാരന്‍റെ പേരിന് ആയുസ്സില്ലല്ലോ. ഇത് ഇത്തരം എഴുത്തുകാര്‍ക്കു മാത്രം സംഭവിക്കുന്നതാണോ? ആവണം. മുഖ്യധാരയില്‍പ്പെട്ട തകഴിയും ബഷീറും പൊറ്റെക്കാട്ടുമൊക്കെ പുസ്തകക്കടകളില്‍ ഇപ്പോഴും സജീവസാന്നിധ്യമാണല്ലോ.

ഒരു മുട്ടത്തു വര്‍ക്കിയെയോ കാനം ഇ.ജെ.യെയോ മാറ്റിനിര്‍ത്തിയാല്‍ ജനപ്രിയസാഹിത്യകാരന്മാര്‍ക്ക് ഇത്രമാത്രമേ ആയുസ്സുള്ളൂ എന്നാണോ? എഴുതിക്കൊണ്ടിരിക്കുമ്പോള്‍ മാത്രം ജീവിച്ചിരിക്കുന്നവരാണോ ജനപ്രിയ സാഹിത്യകാരന്മാര്‍?

വായനക്കാര്‍ ഇത്രമാത്രം മറന്നുപോയ ഒരാളുടെ നോവലിനു വേണ്ടിയാണല്ലോ ‘മനോമയ’വും ‘ശാരിക’യും കടിപിടി കൂടുന്നത് എന്നാലോചിച്ചപ്പോള്‍ എഡിറ്ററുടെ ദൗത്യം ഒരു പാഴ്​േവലയാവുമോ എന്ന ആശങ്കയും തോന്നി.

അപ്പോള്‍ വേറെ ഒരു സംശയവും ഉദിച്ചു: ജനപ്രിയ സാഹിത്യകാരന്മാരില്‍ കലയൂര്‍ കാര്‍ത്തികേയന്‍ മാത്രമാണോ വിസ്മൃതിയിലേക്കു തള്ളപ്പെട്ടുപോയത്? മറ്റുള്ളവരുടെ പുസ്തകങ്ങളൊക്കെ പുസ്തകക്കടയില്‍ വെച്ചിട്ടുണ്ടോ?

മുട്ടത്തു വര്‍ക്കി, കാനം ഇ.ജെ., വല്ലച്ചിറ മാധവന്‍, കോട്ടയം പുഷ്പനാഥ്, ബാറ്റണ്‍ ബോസ്, കെ.കെ. സുധാകരന്‍, ജോയ്സി, തോമസ് ടി. അമ്പാട്ട്, മാത്യു മറ്റം, സുധാകര്‍ മംഗളോദയം, മല്ലികാ യൂനുസ്... മുട്ടത്തു വര്‍ക്കിയുടെ പുസ്തകങ്ങളില്‍ ചിലതു കാണാനുണ്ട്. മറ്റുള്ളവരില്‍ ചിലരുടെയൊക്കെ പുസ്തകങ്ങള്‍ കാണാനുണ്ടെങ്കിലും അവ മുന്നിലൊന്നും പ്രദര്‍ശിപ്പിച്ചിട്ടില്ല. മാത്രമല്ല, അവരില്‍ പലരുടെയും പുസ്തകങ്ങള്‍ ചെറുകിട പ്രസാധകരാണ് ഇറക്കിയിട്ടുള്ളത്. ചിലരുടെ പുസ്തകങ്ങളാവട്ടെ വന്‍കിട പ്രസാധകരുടേതുതന്നെയാണെങ്കിലും മറ്റു ചില പേരുകളാണ് പ്രസാധകരെന്ന നിലയില്‍ ചേര്‍ത്തിട്ടുള്ളത്. അവ സ്വന്തം പേരില്‍ പ്രസാധനം ചെയ്യുന്നത് അന്തസ്സിനു ചേരില്ലെന്ന് കരുതുന്നതുകൊണ്ടാണോ അത്?

മൂന്നു പുസ്തകക്കടകളില്‍ കയറിയിറങ്ങിയപ്പോഴും ഇതേ അനുഭവം തന്നെയായിരുന്നു. അവരാരും കേട്ടിട്ടില്ല കലയൂര്‍ കാര്‍ത്തികേയനെ. അദ്ദേഹത്തിന്‍റെ പുസ്തകങ്ങളും ഇല്ല.

നിരാശപ്പെട്ടിട്ടു കാര്യമില്ല, ഞാന്‍ എന്നോടുതന്നെ പറഞ്ഞു. ദൗത്യത്തില്‍നിന്ന് പിന്നാക്കം പോകാന്‍ വയ്യ. എന്തൊക്കെ പ്രതിബന്ധമുണ്ടായാലും കാര്‍ത്തികേയന്‍ സാറിനെ കാണാതെ മാവേലിക്കരയില്‍നിന്നു മടങ്ങുന്നില്ല.

‘‘പഴയ എഴുത്തുകാരുടെ പുസ്തകങ്ങളൊന്നും ഞങ്ങള്‍ വെയ്ക്കാറില്ല,’’ മൂന്നാമത്തെ കടയിലെ സെയില്‍സ്മാന്‍ അല്‍പം അഭിമാനത്തോടെ പറഞ്ഞു. പിന്നെ എതിരെയുള്ള കടയിലേക്ക് ചൂണ്ടിക്കാട്ടി: ‘‘അവര്‍ അതൊക്കെ വില്‍ക്കുന്നുണ്ട്. ചിലപ്പോള്‍ അവിടെ കാണും.’’

കൂടുതല്‍ സമയം പാഴാക്കാതെ ഞാന്‍ നേരെ നാലാമത്തേതിലേക്കു കയറിച്ചെന്നു. ഇവിടെനിന്നും വിവരങ്ങളൊന്നും കിട്ടിയില്ലെങ്കില്‍ ഈ വഴിക്കുള്ള അന്വേഷണം എവിടെയുമെത്താതെ അവസാനിക്കും എന്ന തികഞ്ഞ ബോധ്യം ഉണ്ടായിരുന്നു എനിക്ക്. അവിടത്തെ സെയില്‍സ്മാനെ കണ്ടപ്പോള്‍ ഒരു കോളേജ് വിദ്യാർഥിയാണെന്നു തോന്നി. അത്രയും ചെറുപ്പം. പുതിയ പുസ്തകങ്ങളെക്കുറിച്ചും അവയില്‍ നല്ലത് എന്നു തോന്നിയവയെക്കുറിച്ചും അയാള്‍ വാചാലനായി. ഞാന്‍ ഒരു നല്ല വായനക്കാരനാണെന്ന് അയാള്‍ ധരിച്ചതുപോലെയുണ്ടായിരുന്നു.

‘‘കലയൂര്‍ കാര്‍ത്തികേയന്‍ എന്ന ഒരെഴുത്തുകാരനെ വായിച്ചിട്ടുണ്ടോ?’’ ഞാന്‍ ചോദിച്ചു.

അയാള്‍ ആലോചിക്കുന്നതായി ഭാവിച്ചു.

‘‘പേര് എവിടെയോ കേട്ടിട്ടുള്ളതുപോലെ. എന്നാലും ഞാന്‍ അദ്ദേഹത്തിന്‍റെയൊന്നും വായിച്ചിട്ടില്ല.’’

‘‘മുട്ടത്തു വര്‍ക്കി, കാനം തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഉണ്ടോ?’’

അയാള്‍ എന്നെ സൂക്ഷിച്ചുനോക്കി. എന്‍റെ വായനാസംസ്കാരം വിലയിരുത്തുന്നതുപോലെയായിരുന്നു ആ നോട്ടം.

‘‘മുട്ടത്തു വര്‍ക്കിയൊക്കെ ഇപ്പോഴും നല്ലവണ്ണം പോകുന്നുണ്ട്. അതു പിന്നെ അദ്ദേഹത്തിന്‍റെ പേരില്‍ ഇപ്പോള്‍ ഒരു പുരസ്കാരമുണ്ടല്ലോ. അതുകൊണ്ടാവും. മറ്റുള്ളവരുടെ കാര്യം അങ്ങനെ പറയാന്‍ വയ്യ.’’

 

അയാള്‍ എന്നെ കടയുടെ കുറച്ച് ഇരുണ്ട മൂലയിലേക്ക് കൊണ്ടുപോയി. അവിടെ അല്‍പം പഴക്കം തോന്നിച്ച കുറേ പുസ്തകങ്ങള്‍ അടുക്കിവെച്ചിട്ടുണ്ട്. കാനം ഇ.ജെ., മാത്യു മറ്റം, കോട്ടയം പുഷ്പനാഥ്, നീലകണ്ഠന്‍ പരമാര, മുട്ടത്തു വര്‍ക്കി, ബാറ്റണ്‍ ബോസ്, ജോയ്സി, ജോസി വാഗമറ്റം, കെ.കെ. സുധാകരന്‍, സുധാകര്‍ മംഗളോദയം എന്നിവരെയൊക്കെ ഇവിടെയും കണ്ടുമുട്ടി.

‘‘സാറു ചോദിച്ചത് ആരുടെ പുസ്തകമാ?’’ പുസ്തകം പരതുന്നതിനിടയില്‍ സെയില്‍സ്മാന്‍ ചോദിച്ചു.

‘‘കലയൂര്‍ കാര്‍ത്തികേയന്‍റെ,’’ ഞാന്‍ ഓർമിപ്പിച്ചു.

‘‘ഇക്കൂട്ടത്തിലൊന്നും അത് ഇല്ല,’’ ഷെല്‍ഫില്‍നിന്നു പിന്‍വാങ്ങിക്കൊണ്ട് അയാള്‍ പറഞ്ഞു. പിന്നെ കാര്യമായി എന്തോ ആലോചിക്കുന്നതുപോലെ നിന്നു. ‘‘പക്ഷേ ആ പേര് എവിടെയോ കണ്ടിട്ടുള്ളതുപോലെ.’’

സാറിവിടെ നില്‍ക്കൂ എന്നു പറഞ്ഞ് അയാള്‍ കടയുടെ പിന്‍വശത്തുള്ള മുറിയിലേക്കു കടന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടുണ്ടാവണം, അയാള്‍ കൈയിലെടുത്ത ചെറിയൊരു പുസ്തകം പൊടിതട്ടിക്കൊണ്ട് പുറത്തേക്കുവന്നു. ഒരു വിജയിയുടെ മുഖഭാവത്തോടെ പുസ്തകം എന്‍റെ നേരെ നീട്ടി.

‘ഈറ്റുനോവ്’. കലയൂര്‍ കാര്‍ത്തികേയന്‍. പുറംചട്ടയുടെ ചുവന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഇങ്കില്‍ വരച്ച ഒരു പെണ്ണിന്‍റെ മുഖം. 1963ല്‍ പ്രസിദ്ധീകരിച്ചത്. ക്രൗണ്‍ സൈസിലുള്ളത്. 163 പേജ്. വില 75 ന.പ.

നയാപൈസ പൈസക്ക് വഴിമാറിക്കൊടുക്കുന്നതിനുമുമ്പ് ഇറങ്ങിയത്.

കൊല്ലക്കണക്കു നോക്കിയാല്‍ കാര്‍ത്തികേയന്‍ സാര്‍ 23 വയസ്സില്‍ എഴുതിയ നോവലാണ്. സാറിന്‍റെ ആദ്യത്തെ നോവല്‍ ഇതാണെന്ന് എപ്പോഴോ പറഞ്ഞിട്ടുള്ളത് ഓർമ വന്നു.

‘‘ഇതിനെന്തു തരണം?’’ ഞാന്‍ ചോദിച്ചു.

‘‘ഞാന്‍ മാനേജരോടു ചോദിക്കാം,’’ സെയില്‍സ്മാന്‍ എന്നെ മാനേജരുടെ അടുത്തേക്കു കൂട്ടിക്കൊണ്ടുപോയി.

‘‘നിനക്കിത് എവിടെനിന്നാണ് കിട്ടിയത്?’’ പുസ്തകം തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ മാനേജര്‍ സെയില്‍സ്മാനോടു ചോദിച്ചു.

‘‘ഗോഡൗണില്‍നിന്ന്,’’ അവന്‍ പറഞ്ഞു. ‘‘ഈ സാറിന്‍റെ ആഗ്രഹം കണ്ടപ്പോള്‍ വെറുതെ ഒന്നു തപ്പിനോക്കിയതാണ്.’’

‘‘ഇതിനെന്തു തരണം?’’ ഞാന്‍ മാനേജരോട് ചോദ്യം ആവര്‍ത്തിച്ചു.

‘‘താങ്കള്‍ ഇത് വെറുതെ കൊണ്ടുപോയാലും വിരോധമൊന്നുമില്ല,’’ മാനേജര്‍ ചിരിച്ചു.

‘‘സൗജന്യമായി എന്തായാലും വേണ്ട,’’ ഞാന്‍ പറഞ്ഞു. ‘‘ഇന്നത്തെ നിരക്കനുസരിച്ച് ഇരുനൂറു രൂപയെങ്കിലും വില വരേണ്ട പുസ്തകമാണ്. പകുതിയെങ്കിലും ഇരിക്കട്ടെ.’’

ഞാന്‍ ഒരു നൂറു രൂപാ നോട്ടെടുത്ത് മാനേജര്‍ക്കു നീട്ടി. വാങ്ങിയ നോട്ട് ​ൈകയില്‍ത്തന്നെ പിടിച്ച് അയാള്‍ നിന്നു.

‘‘ആരും ചോദിച്ചുവരാത്ത പഴയ കുറേ പുസ്തകങ്ങള്‍ എടുത്തു വെയ്ക്കണോ തൂക്കി വില്‍ക്കണോ എന്നു സംശയിച്ച് ഗോഡൗണില്‍ കൊണ്ടു തട്ടിയിരുന്നു. അടുത്ത സീസണ്‍ തുടങ്ങുന്നതിനു മുമ്പ് ഒന്നുകൂടി പരിശോധിക്കാന്‍ മാറ്റിവെച്ചതായിരുന്നു. ഇതു കണ്ടെത്തിയത് ഭാഗ്യം.’’

കൈയിലെ നോട്ടിലേക്കു തന്നെ നോക്കിനിന്ന് അയാള്‍ തുടര്‍ന്നു.

‘‘എഴുപത്തഞ്ചു നയാപൈസ! ഞാന്‍ ഈ നൂറു രൂപാ നോട്ടു വാങ്ങുന്നതിന് ഒരു ന്യായീകരണവുമില്ല. സാര്‍ ഈ പുസ്തകം ഞങ്ങളുടെ കോംപ്ലിമെന്‍റായി വെച്ചോളൂ.’’

അയാള്‍ ആ നോട്ട് തിരികെ എനിക്കു നേരെ നീട്ടിയെങ്കിലും ഞാന്‍ വാങ്ങിയില്ല.

ഞാന്‍ പുസ്തകം മറിച്ചുനോക്കി. ആദ്യത്തെ പുറങ്ങളിലൊന്നും കാര്‍ത്തികേയന്‍ സാറിന്‍റെ ബയോഡാറ്റ ഇല്ല.

‘‘ഇതില്‍ എഴുത്തുകാരന്‍റെ വിലാസമില്ലല്ലോ!’’ ഞാന്‍ മാനേജരോടു പറഞ്ഞു.

മാനേജര്‍ പുസ്തകം കൈയില്‍ വാങ്ങി തിരിച്ചും മറിച്ചും നോക്കി.

‘‘അല്ലെങ്കിലും പഴയ പുസ്തകങ്ങളിലൊന്നും അതു പതിവില്ലല്ലോ,’’ അയാള്‍ ചിരിച്ചു. ‘‘ഇപ്പോഴല്ലേ എഴുത്തുകാരുടെ വര്‍ണചിത്രങ്ങളൊക്കെ പുറംചട്ടയായി ചേര്‍ക്കാന്‍ തുടങ്ങിയത്!’’

(തുടരും) 

News Summary - Malayalam novel