ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

അന്ത്യശ്വാസം ഓഫീസില്‍ കയറിച്ചെന്നപ്പൊഴേ അവിടത്തെ അന്തരീക്ഷം ആകെ മാറിയതായി എനിക്കു തോന്നി. ജോലിക്കു ചേര്‍ന്നിട്ട് ഇത്രയും ദീര്‍ഘകാലാവധിയില്‍ പോയ എന്നെപ്പറ്റി എല്ലാവര്ക്കും ഒരവിശ്വാസമുള്ളതുപോലെ. ഞാന്‍ അവിടത്തെ ജീവനക്കാരന്തന്നെയാണോ എന്നുപോലും സംശയമുള്ളതുപോലെ. അതില്‍ അവരെ കുറ്റം പറയാനാവില്ല. കഷ്ടിച്ച് ഒരു മാസമേ ഞാന്‍ ഓഫീസില്‍ വന്നിട്ടുള്ളൂ. ഒരു സ്ഥാപനത്തിലും ഒരു പുതുമുഖത്തിന് ഇത്രയും ആനുകൂല്യം അനുവദിക്കുകയില്ലല്ലോ. എല്ലാവര്ക്കും...
Your Subscription Supports Independent Journalism
View Plansഅന്ത്യശ്വാസം
ഓഫീസില്‍ കയറിച്ചെന്നപ്പൊഴേ അവിടത്തെ അന്തരീക്ഷം ആകെ മാറിയതായി എനിക്കു തോന്നി. ജോലിക്കു ചേര്‍ന്നിട്ട് ഇത്രയും ദീര്‍ഘകാലാവധിയില്‍ പോയ എന്നെപ്പറ്റി എല്ലാവര്ക്കും ഒരവിശ്വാസമുള്ളതുപോലെ. ഞാന്‍ അവിടത്തെ ജീവനക്കാരന്തന്നെയാണോ എന്നുപോലും സംശയമുള്ളതുപോലെ. അതില്‍ അവരെ കുറ്റം പറയാനാവില്ല. കഷ്ടിച്ച് ഒരു മാസമേ ഞാന്‍ ഓഫീസില്‍ വന്നിട്ടുള്ളൂ. ഒരു സ്ഥാപനത്തിലും ഒരു പുതുമുഖത്തിന് ഇത്രയും ആനുകൂല്യം അനുവദിക്കുകയില്ലല്ലോ.
എല്ലാവര്ക്കും അറിയേണ്ടത് എന്റെ അച്ഛന്റെ ആരോഗ്യനിലയെപ്പറ്റിയായിരുന്നു. പക്ഷേ, അതു ചോദിച്ചതുപോലും സംശയത്തോടെയാണ് എന്ന് അവരുടെ മുഖം കണ്ടപ്പോള്‍ തോന്നി. അത് ഒരു കള്ളക്കഥയാണെന്ന് അവര്ക്കുറപ്പുള്ളതുപോലെ. എഡിറ്റര്‍ അതാണ് ഓഫീസില്‍ പറഞ്ഞിട്ടുള്ളതെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നതുകൊണ്ട് മറുപടി പറയാന്‍ എനിക്ക് ഒട്ടും തപ്പലുണ്ടായിരുന്നില്ല.
‘‘സ്ട്രോക് വന്നതാണ്. കുറച്ച് ക്രിട്ടിക്കലായിരുന്നു, തല്ക്കാലം രക്ഷപ്പെട്ടിരിക്കുന്നു, വൈകാതെ തിരിച്ചുപോണം.’’
എല്ലാവരോടും ഒന്നുതന്നെയാണ് പറഞ്ഞത്.
ദൗത്യം തീരുന്നതുവരെ വിട്ടുനില്‍ക്കാനുള്ള കാരണം വേണമല്ലോ. അതാണ് മൂന്നാമത്തെ വാചകത്തിന്റെ പ്രസക്തി.
അവരൊക്കെ ഞാന്‍ പറഞ്ഞത് ശരിവെച്ചുവെന്ന് ഭാവിച്ചുവെങ്കിലും ആരും അത് വിശ്വസിച്ചിട്ടില്ലെന്ന് അവരുടെ മുഖം വിളിച്ചുപറഞ്ഞു. പ്രത്യേകിച്ചും ശ്രീരാഗ്.
ഓരോരുത്തരായി പിരിഞ്ഞുപോയിട്ടും അയാള്‍ അവിടെത്തന്നെ നിന്നു.
‘‘അച്ഛന് എത്ര വയസ്സായി?’’ അയാള്‍ ചോദിച്ചു.
‘‘അമ്പത്തിനാല്.’’
‘‘അതൊന്നും ഒരു പ്രായമല്ല ഇപ്പോള്‍,’’ അതും പറഞ്ഞുകൊണ്ട് അയാള്‍ തന്റെ സീറ്റിലേക്ക് നടന്നു.
ശ്രീരാഗ് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കു മനസ്സിലായില്ല. ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല.
കാബിനില്‍ ചെന്ന് കസേരയില്‍ ഇരുന്നപ്പോള്‍ ഇവിടെയാണ് ജോലിയെടുത്തിരുന്നതെന്ന് എനിക്ക് എന്നെത്തന്നെ വിശ്വസിപ്പിക്കേണ്ടിവന്നു. ഷെല്‍ഫ്, അതിലെ ഫയലുകള്‍, വിളികള്‍ രേഖപ്പെടുത്തിവെക്കുന്ന രജിസ്റ്റര്‍, ലാന്‍ഡ് ലൈന്‍ ഫോണ്‍. എല്ലാം അതേപടിയിരിക്കുന്നുണ്ടെങ്കിലും എല്ലാം ആദ്യമായി കാണുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. എന്റെ അസാന്നിധ്യത്തില്‍ ദേവനായിരുന്നുവല്ലോ ചുമതല. എന്തെല്ലാമാണ് കഴിഞ്ഞ നാലാഴ്ചക്കിടെ സംഭവിച്ചത് എന്ന് അയാളോടു ചോദിക്കണം.
മീറ്റിങ്ങിനു വിളിച്ചപ്പോള്‍ ഞാന്‍ എന്റെ ബാക്പാക്കും എടുത്താണ് ബോര്‍ഡ് റൂമില്‍ എത്തിയത്. അതിലെ ലാപ്ടോപ് അലക്ഷ്യമായി കാബിനില്‍ വെച്ചുപോരാന്‍ എനിക്കു പേടി തോന്നി. എന്റെ പുറത്തു തൂങ്ങുന്ന ബാക്പാക്ക് കണ്ട് ദേവന് ചിരിച്ചു.
‘‘തനിക്കിത് കർണന്റെ കവചകുണ്ഡലങ്ങള്‍ പോലെയാണല്ലോ!’’
പതിവുപോലെ ബോര്‍ഡ് റൂമില്‍ വെച്ചായിരുന്നു മീറ്റിങ്. പക്ഷേ, പതിവില്ലാതെ ഓഫീസിലെ എല്ലാവര്ക്കും ക്ഷണമുണ്ടായിരുന്നു. അല്ലെങ്കില്‍ റിസപ്ഷനിസ്റ്റ് ആശയൊന്നും വാരാന്ത്യം തോറുമുള്ള എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ പങ്കെടുക്കാറില്ല. സര്‍ക്കുലേഷന്‍ ഡിപ്പാർട്മെന്റിന്റെ മീറ്റിങ് വേറെയാണ് നടക്കാറുള്ളത്. ഇന്ന് സര്‍ക്കുലേഷന്‍ മാനേജറും അസിസ്റ്റന്റും എല്ലാം ഉണ്ട്.
അതുകൊണ്ടൊക്കെ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങാണ് നടക്കാന്‍ പോവുന്നതെന്ന് എനിക്കു തോന്നി.
എഡിറ്ററും മാനേജിങ് എഡിറ്ററും വരാന്‍ കാത്ത് ഇരിക്കുമ്പോള്‍ ഞങ്ങള്‍ പരസ്പരം ശബ്ദം താഴ്ത്തി സംസാരിച്ചുകൊണ്ടിരുന്നു.
ദേവന് എന്റെ അടുത്താണിരുന്നത്. റിസീവറുടെ റോള്‍കൂടി ഉള്ളതുകൊണ്ട് നല്ലതിരക്കാണെന്ന് അയാള്‍ പറഞ്ഞു. എന്നുമുതലാണ് ഞാന്‍ ജോലിക്കു വന്നുതുടങ്ങുക എന്നാണ് അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. അച്ഛന് ഇപ്പോഴും എഴുന്നേറ്റു നടക്കാറായിട്ടില്ലെന്നും അതിനു ശേഷമേ വരാന്‍ സാധ്യതയുള്ളൂ എന്നും ഞാന്‍ അയാളോടും പറഞ്ഞു. ആവശ്യമില്ലാതെ നുണകള്‍ പറയേണ്ടിവരുന്നതില്‍ എനിക്ക് നല്ല വിഷമമുണ്ടായിരുന്നു.
‘‘മുഖ്യധാരയിലുള്ള എഴുത്തുകാരുടെ രചനകള്‍ കൊടുക്കാന്‍ തുടങ്ങിയത് ചെറിയ ചില തമാശകള്‍ ഉണ്ടാക്കിയിട്ടുണ്ട്,’’ ദേവന് പറഞ്ഞു. ‘‘മിനിയാന്ന് കെ. രഘുനാഥന് വന്നിരുന്നു. അദ്ദേഹത്തിന്റെ നോവലെറ്റിന് വാരികയില്‍ വൻ സ്വീകരണമാണ് കിട്ടിയത്. പക്ഷേ, അദ്ദേഹത്തിന് അത് അസ്വസ്ഥതയാണ് ഉണ്ടാക്കിയത്. നിരവധി വായനക്കാര്‍ അദ്ദേഹത്തെ നേരിട്ടു വിളിച്ചുവത്രേ. ബയോഡാറ്റ കൊടുത്തപ്പോള്‍ അതില്‍ ഫോണ്‍ നമ്പറും ഉണ്ടായിരുന്നുവല്ലോ. അപ്പോള്‍ എഡിറ്റര്‍ അദ്ദേഹത്തോടു പറഞ്ഞു. ഇതാണ് നിങ്ങളുടെ വായനക്കാരും ഞങ്ങളുടെ വായനക്കാരും തമ്മിലുള്ള വ്യത്യാസം. നിങ്ങളുടെ വായനക്കാര്‍ എന്തു വായിച്ചാലും ഗൗരവം നടിച്ച് ഇരിക്കും. ഇഷ്ടമായാലും ഇഷ്ടമായി എന്നുപറയില്ല. ഞങ്ങളുടെ വായനക്കാര്‍ കാപട്യമില്ലാത്തവരാണ്. ഇഷ്ടമായാലും ഇല്ലെങ്കിലും അവരത് നേരിട്ടുപറയും.’’
അതുകേട്ട് രഘുനാഥൻ സാര്‍ ചിരിച്ചുവത്രേ. ‘‘ഇതൊക്കെ അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ എന്നേ പൈങ്കിളി നോവലുകള്‍ എഴുതിയേനെ!’’
മുഖ്യധാരയില്‍പ്പെട്ട എഴുത്തുകാരുടെ നോവലെറ്റുകള്‍ ഉദ്ദേശിക്കപ്പെട്ട അത്ര ജനപ്രിയമായിട്ടില്ലെന്ന് ദേവന് പറഞ്ഞു. അതിനു കിട്ടിയ പ്രതികരണങ്ങള്‍ പൊതുവെ കുറവാണ്. അത്തരം എഴുത്തുകള്‍ നമ്മുടെ വായനക്കാര്‍ക്ക് പരിചിതമല്ലല്ലോ.
‘‘ഒന്നുകില്‍ അവര്‍ നമ്മുടെ വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ എഴുതാന്‍ പഠിക്കണം. അല്ലെങ്കില്‍ നമ്മുടെ വായനക്കാര്‍ അവരുടെ എഴുത്തുകള്‍ ആസ്വദിക്കാന്‍ പഠിക്കണം. രണ്ടും അത്ര എളുപ്പമല്ല. ഓരോന്നും വെവ്വേറെ കളങ്ങളിലായി വേര്തിരിച്ചുവെച്ചിരിക്കുകയല്ലേ?’’
കോപ്പികളുടെ എണ്ണത്തില്‍ പ്രത്യേകിച്ച് ഒരനക്കവും ഉണ്ടായിട്ടില്ലെന്ന് സര്‍ക്കുലേഷന്‍ മാനേജര്‍ സജേഷ് പിറുപിറുത്തു.
‘‘പരിചയമില്ലാത്ത വിഭവങ്ങള്‍ കണ്ട് ആരും സദ്യക്കിടയില്നിന്ന് എഴുന്നേറ്റുപോവാതിരുന്നാല് മതിയായിരുന്നു.’’
എഡിറ്ററും മാനേജിങ് എഡിറ്ററും കയറിവന്നതോടെ ഞങ്ങളുടെ സംസാരം നിലച്ചു.
എഡിറ്ററുടെ മുഖത്ത് അടക്കിപ്പിടിച്ച ഒരു വിജയോന്മാദമുണ്ടെന്ന് എനിക്കു തോന്നി. മാനേജിങ് എഡിറ്ററാവട്ടെ പതിവുപോലെത്തന്നെ തികച്ചും നിസ്സംഗനായാണ് കാണപ്പെട്ടത്.
‘‘ഇന്നലെ രണ്ട് എഴുത്തുകാര്‍ നമ്മളെ കാണാന്‍ വന്നിരുന്നു,’’ എഡിറ്റര്‍ തുടങ്ങിവെച്ചു. ‘‘നാളീകത്തില് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന രണ്ടു നോവലുകളുടെ രചയിതാക്കളാണ്. ഒന്ന് ഏഴും മറ്റേത് രണ്ടും അധ്യായങ്ങളേ ആയിട്ടുള്ളൂ. അത് ‘ശാരിക’ക്ക് വേണോ എന്നു ചോദിക്കാനാണ് അവര്‍ വന്നത്. ‘നാളീകം’ അടുത്ത ലക്കത്തോടെ പൂട്ടുകയാണെന്ന് അറിയിക്കാനും കൂടിയായിരുന്നു അവരുടെ വരവ്.’’
‘നാളീകം’ പൂട്ടുകയോ!
ഞങ്ങള്‍ എല്ലാവരും എഡിറ്ററെ ആകാംക്ഷാപൂര്‍വം നോക്കി. ഏറ്റവും അവസാനം വന്ന ലക്കത്തിലും അങ്ങനെയൊരു സൂചന ‘നാളീക’ത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ല.
‘‘വേണോ വേണ്ടേ എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. ഞാന്‍ അവരോട് ഒന്നും വിട്ടുപറഞ്ഞിട്ടില്ല. നമ്മളെ സംബന്ധിച്ചേടത്തോളം പ്രധാനം അതല്ല. ‘നാളീകം’ അടച്ചുപൂട്ടുന്നു എന്നതാണ്.’’
ഒരു വാരികയില്‍ വന്നുകൊണ്ടിരിക്കുന്ന നോവലിന്റെ ബാക്കി മറ്റൊരു വാരികയില്‍ തുടരുക എന്നത് എനിക്കു മനസ്സിലായില്ല. പക്ഷേ, അതു സാധ്യമാവും എന്ന് അപ്പോള്‍ത്തന്നെ തിരിച്ചറിയുകയും ചെയ്തു. ‘കഥ ഇതുവരെ’ വായിച്ചാല്‍ മതിയല്ലോ.
‘‘ഏതായാലും അതുടനെ കൊടുത്തുതുടങ്ങാന്‍ നമ്മള്‍ക്കാവില്ല. ഏഴില്‍ക്കൂടുതല്‍ നോവലുകള്‍ കൊടുക്കാന്‍ കഴിയില്ലല്ലോ. നമുക്ക് സമയം വേണം.’’
‘‘നാളീകത്തിലെ ഒരു സബ് എഡിറ്റര്‍ ജോലി അന്വേഷിച്ച് എന്റെ അടുത്തുവന്നിരുന്നു,’’ അതുവരെ മിണ്ടാതിരുന്ന മാനേജിങ് എഡിറ്റര്‍ പറഞ്ഞു.
‘‘എന്നാല്‍ ‘നാളീക’ത്തിന്റെ അടച്ചുപൂട്ടല്‍ മാത്രമല്ല ഇന്നത്തെ നമ്മുടെ വിഷയം. എന്നാല്‍, അതുമായി ബന്ധമുള്ള ഒന്നാണു താനും. അത് നമുക്ക് അത്ര സന്തോഷിക്കാനുള്ള കാര്യവുമല്ല. സമീപകാലത്തെ ചരിത്രം നമ്മള് പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂട്ടിപ്പോയ വാരികകളുടെ എണ്ണം നമ്മളെ കൂടുതല്‍ ഗൗരവമുള്ള ചര്‍ച്ചയിലേക്ക് കൊണ്ടുപോവുന്നുണ്ട്. ഇന്നത്തെ മീറ്റിങ്ങിന്റെ പ്രധാനവിഷയം അതാണ്. സര്‍ക്കുലേഷന്‍ ഡിപ്പാർട്മെന്റ് തരുന്ന കണക്കുകള്‍ നോക്കിയാല്‍ മതി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് ഏഴു വാരികകള്‍ പൂട്ടിപ്പോയിട്ടും നമുക്ക് അവരുടെ വായനക്കാരെ കിട്ടിയിട്ടില്ല. നമ്മുടെ കോപ്പികളുടെ പ്രചാരത്തില്‍ വർധനയുണ്ടായിട്ടില്ല. കോപ്പികള്‍ കുറഞ്ഞിട്ടില്ലെന്നേയുള്ളൂ. അങ്ങനെയല്ലേ സജേഷ്?’’
അദ്ദേഹം സര്‍ക്കുലേഷന്‍ മാനേജര്‍ക്കുനേരെ തിരിഞ്ഞു.
‘‘ശരിയാണ്,’’ സജേഷ് കഴിഞ്ഞ ഒരുമാസത്തെ കണക്കുകള്‍ നിരത്തി. ‘‘സര്‍ക്കുലേഷന്‍ കൂട്ടാന്‍വേണ്ടി നമ്മള് പല പദ്ധതികളും ആവിഷ്കരിച്ചുവെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായിട്ടില്ല. ഇനി എന്താണ് നമുക്കു ചെയ്യാന്‍ സാധിക്കുക എന്നുകൂടി ചര്‍ച്ച ചെയ്യേണ്ടതാണ്.’’

‘‘പരീക്ഷിച്ചു നോക്കാത്തതായി ഇനി ഒന്നും ബാക്കിയുണ്ടെന്നു തോന്നുന്നില്ല,’’ എഡിറ്റര്‍ പറഞ്ഞു. ‘‘മുഖ്യധാരാ എഴുത്തുകാരെ വാരികയിലേയ്ക്കു കൊണ്ടുവന്നത് അതിന്റെ ഭാഗമായിട്ടാണ്. അതു വേണ്ടത്ര വിജയിക്കുമോ എന്നു പറയാറായിട്ടില്ല. ഇതിനിടെ എന്തെല്ലാം നമ്മള് പരീക്ഷിച്ചുനോക്കിക്കഴിഞ്ഞു! അമ്മ ദുഃഖങ്ങള്‍, നഴ്സുമാരുടെ കദനകഥകള്‍, കന്യകാപ്രശ്നങ്ങള്, കൊലപാതക ഫീച്ചറുകള്‍... നമ്മുടെ ഫീച്ചറുകള്‍ കാരണമാണ് കേരളത്തില്‍ കൊലപാതകങ്ങള്‍ കൂടിയത് എന്ന ആരോപണം വന്നപ്പോഴല്ലേ നമ്മള് അതു നിര്‍ത്തിയത്?’’
‘‘ഒന്നും ഒരു കാലഘട്ടത്തിനപ്പുറം നീട്ടിക്കൊണ്ടുപോവാന്‍ കഴിയില്ല എന്നാണ് നമുക്ക് ഇതുവരെ കിട്ടിയിട്ടുള്ള പാഠങ്ങളില്‍ പ്രധാനം,’’ മാനേജിങ് എഡിറ്റര്‍ പറഞ്ഞു. ‘‘ഒരിക്കല്‍ നോവലുകളുടെ എണ്ണമാണ് കാര്യം എന്നു തീരുമാനിച്ച് അതിന്റെ എണ്ണം കൂട്ടിക്കൂട്ടിക്കൊണ്ടുവന്നതല്ലേ നമ്മള്? എന്നിട്ടെന്തുണ്ടായി? നമ്മള് കൊടുക്കുന്ന നോവലുകള്‍ എല്ലാം ഒരേ അളവില്‍ വായിക്കപ്പെടുന്നുണ്ടോ? അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞതുപോലെയായി.’’
‘‘പ്രണയം മാത്രം പോരാ എന്നുവെച്ചിട്ടാണ് ഡിറ്റക്ടിവ് നോവലുകളും മാന്ത്രിക നോവലുകളും ക്രൈം നോവലുകളും ഒക്കെ നോക്കിയത്,’’ എഡിറ്റര്‍ കൂട്ടിച്ചേര്‍ത്തു. ‘‘ഒന്നും അധികകാലം ഓടിയില്ല. വായനക്കാര്‍ ശരിക്കും നമ്മളെ കുഴക്കുന്നുണ്ട്.’’
‘‘ഉള്ളവരെ നഷ്ടപ്പെടാതെ നോക്കുക; പുതിയവരെ കണ്ടുപിടിക്കുക എന്നാണല്ലോ സര്‍ക്കുലേഷന്‍ ഡിപ്പാര്‍ട്മെന്റിന്റെ മുദ്രാവാക്യം,’’ സജേഷ് പറഞ്ഞു. ‘‘അതിനു നമ്മള് ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, നഷ്ടപ്പെട്ട വരിക്കാരെ തിരിച്ചുപിടിക്കുന്നത് അത്ര എളുപ്പമാവില്ല. സന്ധ്യക്ക് ആറു മണി കഴിഞ്ഞാല്‍ ടി.വിയുടെ മുന്നിലിരിക്കുന്ന ഇന്നത്തെ വീട്ടമ്മമാരെല്ലാം ഒരു കാലത്ത് നമ്മുടെ വരിക്കാരായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് നമ്മളെ വേണ്ടാതായി. എളുപ്പമുണ്ടല്ലോ. മിനക്കെട്ട് വായിക്കാനിരിക്കണ്ട. ടി.വിയുടെ മുന്നില്‍ വെറുതെ ഇരുന്നുകൊടുത്താല്‍ മതിയല്ലോ.’’
‘‘മാത്രമല്ല ഒരുതരത്തില്‍ അതൊക്കെ കാണുന്നത് അവര്‍ക്കു ലഹരി കൊടുക്കുന്നുണ്ട്,’’ ശ്രീരാഗ് കൂട്ടിച്ചേര്‍ത്തു. ‘‘അവരുടെ ഉടുപ്പുകള്‍, ആഭരണങ്ങള്‍ എല്ലാം വീട്ടമ്മമാരെ വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്. ഒരു കഥാപാത്രം ഇന്ന് ഏതു സാരി ഉടുത്താണ് പ്രത്യക്ഷപ്പെടുക എന്ന് പെണ്ണുങ്ങള് തമ്മില്‍ ബെറ്റ് വെയ്ക്കുന്നതും പതിവായിട്ടുണ്ടത്രേ.’’
‘‘നമ്മള് കുറേ കാലമായി ടി.വിയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു,’’ മാനേജിങ് എഡിറ്റര്‍ പറഞ്ഞു. ‘‘ചുരുങ്ങിയത് ഒരു കാല് നൂറ്റാണ്ടെങ്കിലുമായില്ലേ ഈ പരമ്പരകള്‍ വരാന്‍ തുടങ്ങിയിട്ട്? എന്താണ് ഇതുവരെ അവര്‍ക്കതു മടുക്കാത്തത്? അതും നമ്മള് അന്വേഷിക്കേണ്ടതല്ലേ?’’
‘‘മടുക്കുന്നില്ല എന്നു പറയാറായിട്ടില്ല,’’ ബാബു പറഞ്ഞു. ‘‘മറ്റൊന്നുമില്ലാത്തതാണ് അവര്‍ അവിടെത്തന്നെ തുടരാനുള്ള കാരണം. സിനിമയായാലും പരമ്പരകളായാലും കണ്ടതുതന്നെ കണ്ടുകൊണ്ടിരിക്കുകയാണ് പാവങ്ങള്‍. അടുത്തുതന്നെ വേറൊരു വഴി തുറന്നാല്‍ അവര്‍ അവിടേക്ക് ഒഴുകും. എന്നാലും അത് നമ്മുടെ വാരികയിലേക്കാവുമെന്ന് തോന്നുന്നില്ല.’’
‘‘ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന നോവലുകള്‍ എഡിറ്റ് ചെയ്യാനിരിക്കുമ്പോള്‍ എനിക്ക് വായനക്കാരെ ബഹുമാനമാണ് തോന്നാറുള്ളത്,’’ ശ്രീരാഗ് ചിരിച്ചു. ‘‘അവരോളം ക്ഷമ ഭൂമീദേവിക്കുപോലും ഉണ്ടാവില്ല.’’
‘‘ജോലിക്കാരായ നമ്മളെയും സമ്മതിക്കണ്ടേ,’’ ബാബു പറഞ്ഞു. ‘‘ചെയ്തതു തന്നെയല്ലേ നമ്മള് വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നത്!’’
‘‘എഴുത്തുകാര്‍ക്കും നല്ല ക്ഷമയുണ്ട്,’’ ദേവന് ചിരിച്ചു. ‘‘എത്രകാലമായി അവര്‍ എഴുതിയതുതന്നെ വീണ്ടും വീണ്ടും എഴുതിക്കൊണ്ടിരിക്കുന്നു!’’
‘‘കഴിക്കുന്നതെന്തായാലും സ്ഥിരമായി കഴിച്ചുകൊണ്ടിരുന്നാല്‍ അതിനോട് ഒരു അഡിക്ഷന് വരും എന്നാണല്ലോ പറയുക,’’ മാനേജിങ് എഡിറ്റര്‍ പറഞ്ഞു. ‘‘പക്ഷേ, നമ്മുടെ വായനക്കാരില്‍ ഇത് അങ്ങനെയല്ല. അവര്‍ക്ക് എല്ലാം വളരെവേഗം മടുക്കുന്നുണ്ട്.’’
‘‘എന്തൊക്കെപ്പറഞ്ഞാലും ഒരു സത്യം നമ്മളിപ്പോള്‍ അംഗീകരിച്ചേ തീരൂ,’’ കുറച്ചുനേരം നിശ്ശബ്ദനായിരുന്ന എഡിറ്റര്‍ ഇടപെട്ടു. ‘‘അടുത്ത ആഴ്ച കഴിഞ്ഞാല്‍ ഇനി രണ്ടേ രണ്ടു വാരികകളേയുണ്ടാവുള്ളൂ. ഇതില്‍ ആരാണ് ആദ്യം പൂട്ടിപ്പോവുക എന്നേ ഇനി തീരുമാനിക്കാനുള്ളൂ. അത് നമ്മളാവാതിരിക്കാന് എന്തെല്ലാം ചെയ്യാന്‍ പറ്റുമോ അതൊക്കെ നമുക്കു ചെയ്യേണ്ടതുണ്ട്. നിങ്ങളെല്ലാവരും കാര്യമായി ചിന്തിക്കണം. കാരണം, ഇത് നമ്മുടെയൊക്കെ ജീവിതത്തിന്റെ പ്രശ്നവുമാണ്. നമ്മള് കഞ്ഞികുടിക്കുന്നത് ഇതുകൊണ്ടാണല്ലോ.’’
‘‘പിരിയുന്നതിനുമുമ്പ് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്,’’ മാനേജിങ് എഡിറ്റര്‍ പറഞ്ഞു. ‘‘ഇതിനു മുമ്പ് ഒരു മീറ്റിങ്ങില്‍ ‘ശാരിക’യുടെ നവതിയെപ്പറ്റി ഞാന്‍ പറഞ്ഞിരുന്നല്ലോ. അടുത്ത ആഴ്ച നമ്മള് ഒരു പ്രത്യേക യോഗം കൂടുന്നുണ്ട്. എങ്ങനെയൊക്കെയാണ് നവതി ആഘോഷിക്കേണ്ടതെന്ന തീരുമാനം എടുക്കാനാണ് അത്. ഇപ്പോള്‍ നമുക്ക് പിരിയാം.’’
എല്ലാവരും എഴുന്നേറ്റു. മാനേജിങ് എഡിറ്ററാണ് ആദ്യം മുറി വിട്ടുപോയത്.
‘‘തലിയാര്‍ഖാന്‍!’’
ഞാന്‍ ബോര്‍ഡ് റൂമിന്റെ വാതില്ക്കല് എത്തിയപ്പോള്‍ എഡിറ്റര്‍ വിളിച്ചു.
തിരിഞ്ഞുനോക്കിയപ്പോള്‍ അദ്ദേഹം കണ്ണുകൊണ്ട് എന്നോട് അവിടെത്തന്നെ തങ്ങാന്‍ ആവശ്യപ്പെട്ടു. മറ്റെല്ലാവരും മുറിവിട്ട് പോയിരുന്നു. ഞാന്‍ തിരിച്ചുചെന്ന് എന്റെ കസേരയിലിരുന്നു.
‘‘തന്നോട് നേരിട്ടു ചോദിക്കണമെന്നുവെച്ചതാണ്,’’ എഡിറ്റര്‍ ശബ്ദം താഴ്ത്തി ചോദിച്ചു. ‘‘എങ്ങനെയുണ്ട് കാര്ത്തികേയന് സാറിന്റെ നോവല്‍? അത് ആത്മകഥയുടെ രൂപത്തിലാണെന്നൊക്കെയല്ലേ താന്‍ പറഞ്ഞത്? ഒരാത്മകഥക്കുള്ള എരിവും പുളിയുമൊക്കെയുണ്ടോ അതിന്?’’
എന്താണ് പറയേണ്ടത് എന്ന് എനിക്കു കൃത്യമായി തോന്നിയില്ല. ഒരാത്മകഥക്ക് പറ്റുന്നത്ര തീപിടിച്ച ജീവിതമൊന്നുമല്ല കാര്ത്തികേയന് സാറിന്റേത്. നോവല്‍ എന്നരീതിയില്‍ നോക്കുകയാണെങ്കില്‍ ഇപ്പോള്‍ വരുന്ന നോവലുകളുടെ സ്വഭാവമൊന്നുമല്ല ‘ജമന്തിപ്പൂക്കള്‍’ക്കുള്ളത്. എഴുതിയെടുത്തേടത്തോളം വലിയ അടുക്കും ചിട്ടയുമൊന്നും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ നോവലുകളില്‍ പതിവുള്ള ഉദ്വേഗമൊന്നും കാര്യമായി അതിലില്ല. വായനക്കാര്‍ സ്വീകരിക്കുമോ എന്ന് ഒരുറപ്പും എനിക്കു തോന്നുന്നില്ല.
എന്റെ അഭിപ്രായം കേട്ട് എഡിറ്റര്‍ ചിന്താകുലനായി ഇരുന്നു. പിന്നീട് പറഞ്ഞു.
‘‘ഇത്രയധികം റിസ്കെടുത്ത് നമ്മള് ഒന്ന് അറ്റെംപ്റ്റ് ചെയ്തിട്ട് അത് ചീറ്റിപ്പോവരുത്. ഇത് നമ്മുടെ ജീവന്മരണപ്രശ്നമാണ്. പറഞ്ഞല്ലോ, ഇനി ഗോദയില്‍ രണ്ടേ രണ്ടു പോരാളികളേ ഉള്ളൂ. ‘ശാരിക’യും ‘മനോമയ’വും. അതായത് അടുത്ത ആഴ്ച മുതല്‍ നമ്മള് ‘മനോമയ’ത്തോട് മുഖാമുഖം നില്ക്കാന് പോവുകയാണ്. നമുക്ക് ഒരു പിഴവും സംഭവിച്ചുകൂടാ.’’
‘‘പക്ഷേ സാര്‍,’’ ഞാന്‍ പറഞ്ഞു. ‘‘കാര്ത്തികേയൻ സാറിന്റെ നോവല്‍ അങ്ങനെയൊന്നാവുമെന്ന് എനിക്കു തോന്നുന്നില്ല.’’
‘‘അത് നമുക്ക് ശരിയാക്കാം,’’ എഡിറ്റര്‍ ആത്മവിശ്വാസത്തോടെ തുടര്‍ന്നു. ‘‘ശാരികയുടെ ആദ്യകാലത്തൊക്കെ ഒരൊറ്റ നോവലേ ഉണ്ടായിരുന്നുള്ളൂ. മുഴുവന്‍ എഴുതിക്കിട്ടിയിട്ടേ അന്നൊക്കെ നോവല്‍ പ്രസിദ്ധീകരിക്കണോ വേണ്ടേ എന്നു തീരുമാനിക്കുകയുള്ളൂ. വാരികകളുടെ മഹാപ്രളയകാലത്താണ് ആ രീതിയൊക്കെ അട്ടിമറിക്കപ്പെട്ടത്. ഓരോ അധ്യായമായി അയച്ചത് അതേപടി അച്ചടിക്കുക. പല നോവലുകളും ഇടക്കുവെച്ച് പാളിപ്പോയിട്ടുണ്ട്. വായനക്കാരുടെ ക്ഷമയോട് ബഹുമാനമുണ്ടെന്ന് ശ്രീരാഗ് പറഞ്ഞത് വെറുതെയല്ല.’’
കുറച്ചുനേരം ആലോചിച്ചിരുന്ന് അദ്ദേഹം തുടര്‍ന്നു.
‘‘ഒരു വാരികയില്‍ പ്രഗല്ഭനായ ഒരു പത്രാധിപരുണ്ടായിരുന്നു. നോവല്‍ എഴുതിക്കിട്ടിയാല്‍ അതില്‍ ചില മാറ്റങ്ങളൊക്കെ സജസ്റ്റ് ചെയ്യും. അതിന്‍പ്രകാരം മാറ്റിയെഴുതിക്കൊണ്ടുവന്നിട്ടേ അദ്ദേഹം നോവല്‍ പ്രസിദ്ധീകരിച്ചു തുടങ്ങൂ. ഇന്നു കാണുന്ന ലബ്ധപ്രതിഷ്ഠരായ പല എഴുത്തുകാരുടെയും നോവലുകള്‍ ജനപ്രിയമായത് അദ്ദേഹത്തിന്റെ നിർദേശങ്ങള്‍ കൊണ്ടാണ്. മുഖ്യധാരയില്‍പ്പെട്ട ഒരെഴുത്തുകാരന്റെ നോവല്‍പോലും ഇങ്ങനെ അദ്ദേഹത്തിന്റെ നിർദേശപ്രകാരം തിരുത്തിയെഴുതപ്പെട്ടിട്ടുണ്ട്. ചില അധ്യായങ്ങള്‍ അദ്ദേഹംതന്നെ തിരുത്തിയെഴുതും. അറ്റ കയ്യിന് കാര്ത്തികേയന് സാറിന്റെ നോവലും അദ്ദേഹത്തെക്കൊണ്ട് ചെയ്യിക്കാം.’’

ആരാണ് അദ്ദേഹം എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, എഡിറ്ററോട് അത്രക്കു സ്വാതന്ത്ര്യം എടുക്കാറായിട്ടില്ല.
‘‘ആരാണ് അദ്ദേഹം എന്നു ചിന്തിക്കുകയല്ലേ താന്‍,’’ എന്റെ മനസ്സു വായിച്ച് എഡിറ്റര്‍ ചിരിച്ചു. ‘‘ഞാനത് തല്ക്കാലം പറയുന്നില്ല. അല്ല; പേരു പറഞ്ഞാലും തനിക്ക് മനസ്സിലാവുകയില്ല. തൊണ്ണൂറു വയസ്സുള്ള അദ്ദേഹം ഇപ്പോഴും ആരോഗ്യവാനാണെങ്കിലും ഇതിന് തയ്യാറാവുമോ എന്നു മാത്രമേ എനിക്കു സംശയമുള്ളൂ. അദ്ദേഹം ഇതെല്ലാം മതിയാക്കി രംഗം വിട്ടിട്ട് ഇപ്പോള്‍ കുറേ വര്‍ഷങ്ങളായി.’’
എഡിറ്റര്‍ പറഞ്ഞുതന്നില്ലെങ്കിലും ശ്രീരാജിനോടോ ബാബുവിനോടോ ചോദിച്ചാല്‍ അദ്ദേഹത്തിന്റെ പേര് കിട്ടുമായിരിക്കും. പക്ഷേ അവരോടു ചോദിക്കാന്‍ വയ്യല്ലോ.
‘‘ദീര്‍ഘകാലം ‘മനോമയ’ത്തിന്റെ എഡിറ്ററായിരുന്നു അദ്ദേഹം,’’ എഡിറ്റര്‍ തുടര്‍ന്നു. ‘‘ഒരിക്കല്‍ ‘മനോമയം’ നമ്മുടെ സര്‍ക്കുലേഷനെ കടത്തിവെട്ടിയിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. അദ്ദേഹം എന്തുകൊണ്ട് ‘മനോമയം’ വിട്ടുപോയി എന്നതിന് പല പല വ്യാഖ്യാനങ്ങളുമുണ്ട്. ഇനി വിശ്രമിക്കണം എന്ന തീരുമാനംകൊണ്ടുമാത്രമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആരും മുഖവിലക്കെടുത്തിട്ടില്ല. പക്ഷേ, ഒരു സത്യമുണ്ട്. പല വാരികകളും അദ്ദേഹത്തെ സമീപിച്ചുവെങ്കിലും അദ്ദേഹം ആ ക്ഷണങ്ങളൊക്കെ നിരസിച്ചു. ഈ രംഗത്തുനിന്നുതന്നെ വിരമിച്ചു. ഏതായാലും അദ്ദേഹം പോയത് ‘മനോമയ’ത്തെ സാരമായി ബാധിച്ചു. അവരെ വീണ്ടും പിന്നിലാക്കി ഒന്നാം സ്ഥാനം നമുക്കു തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതും അദ്ദേഹം മനോമയം വിട്ടുപോയതിനു ശേഷമാണ്.’’
‘‘അങ്ങനെയുള്ള ആള് ‘മനോമയ’ത്തെ ഒറ്റുകൊടുക്കാന്‍ കൂട്ടുനില്‍ക്കുമോ സാര്‍?’’ എനിക്കു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
‘‘അതൊന്നും ഉറപ്പിച്ചു പറയാന്‍ വയ്യ,’’ എഡിറ്റര്‍ ചിരിച്ചു. ‘‘അപ്പോള്‍ വേറെ എന്തെങ്കിലും വഴി തുറക്കും. തുറന്നില്ലെങ്കില്‍ നമ്മള് തുറക്കും!’’
എനിക്ക് എഡിറ്റര്‍ പറയുന്നതൊന്നും ശരിക്കു മനസ്സിലാവുന്നുണ്ടായിരുന്നില്ല. എന്റെ മുഖഭാവം കണ്ടായിരിക്കാം എഡിറ്റര്‍ ചിരിച്ചു.
‘‘ഒളിപ്പോരില്‍ ധർമവും നീതിയുമൊന്നുമില്ല. എങ്ങനെയും ജയിക്കുക എന്നു മാത്രമേയുള്ളൂ.’’ ഒന്നു നിര്‍ത്തി എന്തോ പെട്ടെന്ന് ആലോചിച്ചിട്ടെന്നപോലെ ചോദിച്ചു.
‘‘താന്‍ തന്റെ ലാപ്ടോപ് കൊണ്ടുവന്നിട്ടില്ലേ?’’
ഞാന്‍ ബാക്പാക്കില്‍നിന്ന് ലാപ്ടോപ് പുറത്തെടുത്തു.
‘‘ഗുഡ്! താനിത് ഒപ്പം കൊണ്ടുനടക്കുന്നുണ്ടല്ലോ.’’
ഞാന്‍ ലാപ്ടോപ് തുറന്ന് എഴുതിയേടത്തോളം അധ്യായങ്ങളുടെ ഫോള്‍ഡറെടുത്ത് എഡിറ്റര്‍ക്കു നേരെ തിരിച്ചുവെച്ചു.
‘‘കയ്യെഴുത്തുപ്രതിയോ? അതു കൊണ്ടുവന്നിട്ടില്ലേ?’’
അത് താമസിക്കുന്ന വീട്ടില്‍ വെച്ചു പോന്നിരിക്കുകയാണ് എന്നറിഞ്ഞപ്പോള്‍ എഡിറ്റര്‍ ഒന്ന് അമര്‍ത്തി മൂളി.
‘‘അതുംകൂടെ കയ്യിലെടുക്കാമായിരുന്നു. അവിടെ അത് സുരക്ഷിതമായിരിക്കും എന്ന് തനിക്ക് ഉറപ്പുണ്ടോ?’’
വീട്ടുടമസ്ഥയായ വേശുവമ്മയെപ്പറ്റി ഞാന്‍ എഡിറ്റര്‍ക്ക് വിശദീകരിച്ചുകൊടുത്തു. എണ്‍പതിലധികം വയസ്സായി, കണ്ണിനു കാഴ്ച കുറവാണ്, അവര്‍ക്ക് അക്ഷരാഭ്യാസം തന്നെയുണ്ടെന്ന് ഉറപ്പില്ല. പാവമാണ്.
ലാപ്ടോപ്പിലെ ഫയലുകളിലൂടെ കണ്ണോടിച്ചുകൊണ്ടിരിക്കുകയായിരുന്ന എഡിറ്റര്‍ അതൊന്നും ശരിക്കു കേട്ടുവെന്നു തോന്നിയില്ല.
‘‘താന്‍ പോവുന്നതിനുമുമ്പ് ഈ ഫോള്‍ഡര്‍ എന്റെ ലാപ്പിലേക്ക് പകര്ത്തിയിടണം,’’ ലാപ്ടോപ് എന്റെ നേരെ തിരിച്ച് അദ്ദേഹം പറഞ്ഞു. ‘‘ഞാനുമൊന്ന് വായിക്കട്ടെ. നമ്മുടെ പ്ലാന്‍ വിജയിക്കുമോ എന്നു തീരുമാനിക്കണമല്ലോ.’’
