ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

വിരാമം ‘മണവാട്ടി’യുടെ പ്രശസ്തി ചില്ലറയൊന്നുമായിരുന്നില്ല. ‘മനോരഥം’ വാരികയില്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അതിന് ലക്ഷക്കണക്കിന് വായനക്കാര്‍ ഉണ്ടായിരുന്നു. ആ നോവല്‍കൊണ്ടു മാത്രം ‘മനോരഥ’ത്തിന്റെ പ്രചാരം നാലു മടങ്ങായി. പറഞ്ഞുവെച്ചതിനേക്കാള് പ്രതിഫലം അവര്‍ എനിക്കുതന്നു. അടുത്ത നോവലിനുള്ള മുന്‍കൂര്‍ പണവും തന്നു. 1990ല്‍ അത് പുസ്തകരൂപത്തിലായപ്പോള്‍ ആയിരക്കണക്കിനു പ്രതികള്‍ വിറ്റുപോയി. പ്രസാധകര്‍ക്കു ഞാന്‍ പ്രിയപ്പെട്ടവനായി....
Your Subscription Supports Independent Journalism
View Plansവിരാമം
‘മണവാട്ടി’യുടെ പ്രശസ്തി ചില്ലറയൊന്നുമായിരുന്നില്ല. ‘മനോരഥം’ വാരികയില്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അതിന് ലക്ഷക്കണക്കിന് വായനക്കാര്‍ ഉണ്ടായിരുന്നു. ആ നോവല്‍കൊണ്ടു മാത്രം ‘മനോരഥ’ത്തിന്റെ പ്രചാരം നാലു മടങ്ങായി. പറഞ്ഞുവെച്ചതിനേക്കാള് പ്രതിഫലം അവര്‍ എനിക്കുതന്നു. അടുത്ത നോവലിനുള്ള മുന്‍കൂര്‍ പണവും തന്നു.
1990ല്‍ അത് പുസ്തകരൂപത്തിലായപ്പോള്‍ ആയിരക്കണക്കിനു പ്രതികള്‍ വിറ്റുപോയി. പ്രസാധകര്‍ക്കു ഞാന്‍ പ്രിയപ്പെട്ടവനായി. അതുവരെ പുസ്തകരൂപത്തില്‍ വരാത്ത എന്റെ നോവലുകള്‍ക്കു വേണ്ടി അവര്‍ പരസ്പരം മത്സരിച്ചു. ചുരുക്കത്തില്‍ എനിക്ക് ധാരാളം പണം വരാന്‍ തുടങ്ങി.
അപ്പോഴാണ് മറ്റൊരു സംഭവം. കഷ്ടകാലത്താണ് വീടു പണിയാന്‍ തോന്നുക എന്നു പറയാറുണ്ടല്ലോ.
ഇന്ന് താന്‍ കാണുന്ന ഈ വീട്ടില്‍ത്തന്നെയായിരുന്നു അന്നും എന്റെ താമസം. പക്ഷേ, ഈ രൂപത്തിലല്ലായിരുന്നു അത്. ചെറിയ രണ്ടു കിടപ്പുമുറികള്‍. വളരെ ചെറിയ ഒരിരിപ്പുമുറി. ചെറിയ ഒരടുക്കള; മുന്നിലും പിന്നിലും ഇറയം. നാലുപേരുള്ള ഒരു കുടുംബത്തിന് അത്യാവശ്യം കഴിയാനുള്ള സൗകര്യമൊക്കെയുണ്ട്.
പക്ഷേ ശ്രീജയും പ്രീജയും വളര്‍ന്നുവരികയല്ലേ? അവരെ ഇങ്ങനെ ഒരു കൂരയില്‍ താമസിപ്പിക്കുന്നതു ശരിയാണോ? കാലം ഏറെ കഴിയും മുമ്പുതന്നെ അവര്‍ക്കു വിവാഹപ്രായമാവും. അവര്‍ക്കു നല്ലൊരു ബന്ധം വരണ്ടേ? ജീവിതാവസാനത്തില്‍ നമുക്കും കുറച്ചു സുഖമായി വേണ്ടേ കഴിയാന്‍?
-ലീലാവതി ഇടക്കിടെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.
എല്ലാം ശരിയായിരുന്നു. അപ്രതീക്ഷിതമായി വന്നുകൊണ്ടിരുന്ന പണം എന്റെ കണ്ണുതുറപ്പിച്ചു. എന്നെപ്പോലെയല്ല; വീട് മാറ്റിപ്പണിയുന്നതിന് ലീലാവതിക്ക് കൃത്യമായ സങ്കല്പമുണ്ടായിരുന്നു. പണിയുടെ മേല്‍നോട്ടം നടത്തിയതും അവള്‍തന്നെ.
പണി തുടങ്ങിയതോടെ പണത്തിനുള്ള ആവശ്യങ്ങള്‍ കൂടിക്കൂടിവന്നു. അറിയാമല്ലോ, വീടുപണി തുടങ്ങിയാല്‍ കൈയില്‍ എത്ര പണം വന്നാലും മതിയാവില്ല. ആദ്യം കരുതിവെച്ചതിന്റെ ഇരട്ടിയോ രണ്ടിരട്ടിയോ ഒക്കെയായി അത് വളര്‍ന്നുകൊണ്ടിരിക്കും.
ഇക്കാലത്തുതന്നെയാണ് ഞാന്‍ മുമ്പു സൂചിപ്പിച്ച പൈങ്കിളി വാരികകളുടെ മഹാപ്രളയമുണ്ടായതും. 1985നുശേഷം പിന്നാലെപ്പിന്നാലെ പത്തോ പന്ത്രണ്ടോ പുതിയ വാരികകള്‍. ഓരോന്നിന്റെയും പേരുപോലും ഓർമിക്കാന്‍ പറ്റാത്തവിധത്തില്‍ അതു പെരുകിക്കൊണ്ടിരുന്നു.
കെട്ടും മട്ടും ഉള്ളടക്കവുമൊക്കെ ഏകദേശം ഒരുപോലെ. ഉള്പ്പുറങ്ങള് കണ്ടാല്‍ ഏതാണ് വാരിക എന്ന് മനസ്സിലാക്കാന്‍ പറ്റാത്തത്ര സാമ്യം. മുഖചിത്രംപോലും തമ്മില്‍ത്തമ്മില്‍ തെറ്റിപ്പോവുമായിരുന്നു. മിക്കവാറും എല്ലാം അക്കാലത്ത് പോപ്പുലര്‍ ആയിരുന്ന സിനിമാനടികളുടെ ഫോട്ടോകള്‍. കാര്ട്ടൂണുകള്, നുറുങ്ങുവാര്ത്തകള്, ആരോഗ്യപംക്തികള്‍, ആഴ്ചഫലങ്ങള്, ഫലിതങ്ങള്‍. പല പല പംക്തികളുണ്ടായിരുന്നെങ്കിലും അവക്കുപോലും ഐകരൂപ്യമുണ്ടായിരുന്നു. അതിലുമധികമായിരുന്നു കൊലപാതക ഫീച്ചറുകള്‍. ഇത്രയും ഫീച്ചറുകള്‍ക്കുള്ള കൊലപാതകങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടോ എന്നു പേടി തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു അത്. വൈകാതെ ഈ കൊലപാതകവാര്‍ത്തകള്‍ കൂടുതല്‍ കൊലപാതകങ്ങളിലേക്ക് നയിക്കുന്നു എന്ന ആരോപണമുണ്ടായി.
നോവലുകളോ? പലതിലും പ്രേമബന്ധങ്ങളായിരുന്നു വിഷയം. ഭഗ്നപ്രണയങ്ങള്‍, നിലവിളികള്‍, ആത്മഹത്യകള്‍. വാരികകളുടെ അമിതപ്രചാരം യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്നു എന്ന ആരോപണവുമുണ്ടായി.
ചില സംഘടനകള്‍ ഈ വാരികകള്‍ക്കെതിരെ പ്രക്ഷോഭം തുടങ്ങിയത് തൊണ്ണൂറുകളിലാണ്. സമ്മേളനങ്ങള്‍, പ്രതിഷേധജാഥകള്‍. പലയിടത്തുമായി അവര്‍ വാരികകള്‍ കെട്ടുകെട്ടായി കത്തിച്ചുകളഞ്ഞു. ‘മനോരഥ’മാണ് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത്.
പറഞ്ഞുപറഞ്ഞ് കാടു കയറി. നമുക്കതു വിടാം. തല്ക്കാലം നമ്മുടെ വിഷയം അതല്ലല്ലോ. പോരാത്തതിന് അതൊക്കെ വേഗം കെട്ടടങ്ങുകയും ചെയ്തു.
പത്തുപതിനേഴു വാരികകള്‍. അതിലേക്കൊക്കെ എട്ടും ഒമ്പതും നോവലുകള്‍. നിലവിലുള്ള നോവലിസ്റ്റുകള്‍ മതിയാവാതെവന്നു. അതുകൊണ്ട് നിരവധി എഴുത്തുകാര്‍ രംഗത്തുവന്നു. പത്രാധിപന്മാര് അവരെ കണ്ടെത്തുകയാണുണ്ടായത്.
‘മണവാട്ടി’യുടെ പ്രശസ്തി ഈ രംഗത്ത് എന്റെ മൂല്യം വർധിപ്പിച്ച സമയവുമായിരുന്നുവല്ലോ അത്. അതുവരെ എന്നോട് നോവല്‍ ആവശ്യപ്പെടാത്ത വാരികകള്പോലും എന്റെ നോവല്‍ കിട്ടാന്‍വേണ്ടി സമ്മർദം ചെലുത്താന്‍ തുടങ്ങി. ഒരേസമയത്ത് ഒന്നിലധികം നോവലുകള്‍ എഴുതുന്ന രീതി പലരും വളരെ അനായാസമായി ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും എനിക്കത് ഒട്ടും വശമുണ്ടായിരുന്നില്ല. അത്തരം ആവശ്യവുമായി വരുന്നവരെ ഞാന്‍ നിർദയം ഒഴിവാക്കുകയായിരുന്നു പതിവ്. പക്ഷേ, പുതിയ സാഹചര്യത്തില്‍ ആ രീതി പരീക്ഷിക്കാന്‍തന്നെ ഞാന്‍ നിർബന്ധിതനായി. വീടുപണി നടക്കുകയാണല്ലോ.
കോട്ടയത്തെ ലോഡ്ജുകളെല്ലാം എഴുത്തുകാരെക്കൊണ്ടു നിറഞ്ഞ കാലമായിരുന്നു അത്. ഓരോന്നിലും എട്ടും ഒമ്പതും നോവലുകള്‍ വേണമല്ലോ. ഒരേസമയം, നൂറ്റമ്പതോളം നോവലുകളുടെ നിർമാണം നടക്കുന്ന ഫാക്ടറികളായിരുന്നു കോട്ടയത്തെ ആ ലോഡ്ജുകള്‍. മുപ്പതോളം എഴുത്തുകാര്‍ രാവും പകലുമെന്നില്ലാതെ ജോലി ചെയ്തിരുന്ന സമയം.
ഒരു ലോഡ്ജില്‍ ഞാനും കയറിപ്പറ്റി.
ആറ് എഴുത്തുകാര്‍ ആ ലോഡ്ജില്ത്തന്നെയുണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കിലും ഞാന്‍ ആരെയും കാണാന്‍ പോയില്ല. അതിനുള്ള സമയംകൂടി നോവലെഴുത്തോ അല്ലെങ്കില്‍ അതിനുവേണ്ടിയുള്ള ചിന്തകളോ ഒക്കെയായി മുറിയില്‍ത്തന്നെ ചടഞ്ഞുകൂടി.
തികച്ചും യാന്ത്രികമായിരുന്നു ലോഡ്ജിലെ എന്റെ ജീവിതം. കാര്ത്തികേയന് എന്ന ഒരെഴുത്തുയന്ത്രം! എഴുത്തുകാരുടെ കാനേഷുമാരിക്കണക്കിലെ ഒരക്കം.
തടവില്ക്കിടക്കുന്നതുപോലെയായിരുന്നു. രാവിലെ ആറു മണിക്ക് ബെഡ് കോഫി. എട്ടരക്ക് പ്രാതലെത്തും. പതിനൊന്നു മണിക്ക് വീണ്ടും ചായ. കൃത്യം ഒരു മണിക്ക് ഉച്ചയൂണിനുള്ള അടുക്കുപാത്രം എത്തും. പിന്നെ നാലു മണിക്ക് ചായ. രാത്രി എട്ടു മണിക്ക് അത്താഴം. ഇടക്ക് കുടിക്കാനായി മേശപ്പുറത്തെ കൂജ എപ്പോഴും നിറഞ്ഞിരിക്കും. ഒരാവശ്യത്തിനും പുറത്തിറങ്ങേണ്ടി വരാറില്ല. ആ സമയവും കൂടി എഴുത്തിന് ഉപയോഗിക്കാമല്ലോ. കടലാസും മഷിയുമൊക്കെ അപ്പപ്പോള്‍ എത്തിക്കാന്‍ ഏര്‍പ്പാടുണ്ടാക്കിയിരുന്നു.
മുറിയില്‍ത്തന്നെയിരുന്ന് ഭ്രാന്തുപിടിക്കുമെന്നായപ്പോള് ഒരു ദിവസം രാവിലെ ഒന്നു നടന്നുവരാമെന്ന് കരുതി ഞാന്‍ പുറത്തിറങ്ങി. ലോഡ്ജിനു പുറത്ത് ഒരു ലോകമുണ്ടെന്നു തന്നെ ഞാന്‍ മറന്നുകഴിഞ്ഞിരുന്നു. തലയില്‍ നിറയെ നോവലുകളും അതിലെ കഥാപാത്രങ്ങളുമായിരുന്നുവല്ലോ. പരിസരം മുഴുവന്‍ എനിക്ക് അപരിചിതമായിത്തോന്നി.
കോട്ടയം നഗരത്തിന്റെ തിരക്കുപിടിച്ച റോഡിലൂടെയുള്ള ആ നടത്തം ഒട്ടും സുഖകരമായിരുന്നില്ല. ഞാനൊരു റെസ്റ്റോറന്റില്‍ കയറി. അത് ചായ കുടിക്കാനായിരുന്നു എന്നു പറയാന്‍ വയ്യ. നഗരത്തെരുവില്‍നിന്ന് പെട്ടെന്ന് രക്ഷപ്പെടാനായിരുന്നു.
റെസ്റ്റോറന്റിലും തിരക്കായിരുന്നു. ചായ വേഗം കുടിച്ച് അവിടെ നിന്നു പുറത്തുചാടണമെന്നു തീരുമാനിച്ച് ഞാന്‍ ഒരു മേശക്കുമുന്നില്‍ ഇരിപ്പുറപ്പിച്ചു.
അപ്പോഴാണ് രണ്ടു ചെറുപ്പക്കാര്‍ എന്റെ മേശക്കടുത്തേക്ക് വരുന്നത്. അത് എന്നെ പരിചയപ്പെടാനായിരുന്നു. എന്റെ നോവലുകള്‍ വായിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് അവര്‍ അടുത്തുവന്നത്. അവര്‍ സ്വയം പരിചയപ്പെടുത്തി. പുതിയ എഴുത്തുകാരായിരുന്നു. അവരുടെ പേരുകള്‍ ഇപ്പോള്‍ എനിക്ക് ഓർമയില്ല. ഞാന്‍ താമസിക്കുന്ന ലോഡ്ജിലെ അന്തേവാസികളായിരുന്നു. അവരും പല വാരികകള്‍ക്കും വേണ്ടി എന്നെപ്പോലെത്തന്നെ നോവലുകള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്.
എന്നോട് അനുവാദം ചോദിക്കാതെ അവര്‍ എതിരെയുള്ള കസേരകളില്‍ ഇരുന്നു. ഏതൊക്കെ വാരികകളിലേക്കാണ് ഞാന്‍ നോവല്‍ എഴുതുന്നതെന്ന് അവര്‍ ആരാഞ്ഞു. നോവലിന്റെ പേരുകള്‍ എന്തൊക്കെയാണെന്നു ചോദിച്ചു. എത്രയൊക്കെയാണ് പ്രതിഫലം കിട്ടുന്നതെന്ന് അന്വേഷിച്ചു.
എനിക്കവരുടെ നീക്കങ്ങള്‍ കടുത്ത അലോസരമുണ്ടാക്കി. എന്നാലും അതു പുറത്തുകാണിക്കാതെ എല്ലാത്തിനും ചുരുക്കത്തില്‍ മറുപടി കൊടുത്തു. ഒടുവില്‍ എന്റെ മടുപ്പ് വാക്കുകളിലൂടെ പുറത്തുവന്നു:
‘‘എല്ലാം തീര്‍ത്ത് ഇവിടെനിന്നു വേഗം രക്ഷപ്പെട്ടാല്‍ മതിയെന്നായിട്ടുണ്ട് എനിക്ക്.’’
അവരത് പക്ഷേ വലിയൊരു തമാശയായാണ് എടുത്തത്.
‘‘ഇതിലൊക്കെ ഇത്ര ടെന്‍ഷനടിക്കാന്‍ എന്താണ് സര്?’’ അവരിലൊരാള്‍ ചോദിച്ചു. ‘‘ഒന്നും ഗൗരവമായി എടുക്കരുത്. അവര്‍ക്ക് നോവല്‍ വേണം; നമുക്കു കാശും കിട്ടണം. അങ്ങനെയെടുത്താല്‍ പോരേ?’’
‘‘അല്ലാതെ പിന്നെ?’’ രണ്ടാമത്തെയാള്‍ ചിരിച്ചു. ‘‘കുറച്ചുകൂടി കാശു തരുമെങ്കില്‍ ഞാന്‍ എന്തും എഴുതിക്കൊടുക്കാന്‍ തയ്യാറാണെന്ന് ഒരു പത്രാധിപരോടു പറഞ്ഞു. അപ്പോള്‍ അയാളുടെ മറുപടി എന്തായിരുന്നുവെന്നോ?’’ ശബ്ദം അല്പം വക്രിപ്പിച്ച് അയാള്‍ തുടര്‍ന്നു: ‘‘ഞങ്ങളുടേത് കുടുംബവാരികയാണ്. അമ്മയും അച്ഛനും മക്കളും ഒന്നിച്ചിരുന്നു വായിക്കാനുള്ളതാണ്!’’
‘‘കുടുംബവാരിക! മണ്ണാങ്കട്ടയാണ്,’’ ഒന്നാമന് പറഞ്ഞു. ‘‘അച്ഛന്റെയും അമ്മയുടെയും കാര്യമറിയില്ല. മക്കള്‍ക്ക് അങ്ങനെയല്ലല്ലോ. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്. അവര്‍ക്ക് അത്യാവശ്യം ഇക്കിളിപ്പെടുത്തുന്ന കഥകളാണ് ആവശ്യം. എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്. പക്ഷേ, അതൊക്കെ പറഞ്ഞാല്‍ നമ്മുടെ പത്രാധിപന്മാര്ക്ക് മനസ്സിലാവണ്ടേ?’’
‘‘പത്രാധിപന്മാര്ക്ക് അറിയില്ലെങ്കിലും ചിത്രകാരന്മാര്ക്ക് അതിനെപ്പറ്റി നല്ല ബോധ്യമുണ്ട്. അവര്‍ വരക്കുന്ന ചിത്രങ്ങള്‍ നോക്കിയിട്ടില്ലേ? ‘ചിത്രലേഖ’ എന്ന എന്റെ നോവലില്‍ ചിത്രലേഖയുടെ ചിത്രം കണ്ട് എനിക്കുതന്നെ അവളോടു പ്രേമമായി. പണ്ട് ഒരു ശില്പിയുടെ കഥ കേട്ടിട്ടില്ലേ? താനുണ്ടാക്കിയ പ്രതിമയുമായി ആ ശില്പി കടുത്ത പ്രേമത്തില്‍ കുടുങ്ങുന്നത്? അതുപോലെ.’’
‘‘ഒന്നും പറയണ്ട. ഞാനിന്നലെ രാത്രി മധുമക്ഷികയെ സ്വപ്നം കണ്ടു. എന്റെ നോവലിലെ നായികയാണ്. അവള് എന്നെ കാണാന്‍ വന്നു എന്നതായിരുന്നു സ്വപ്നം. എന്തായിരുന്നു അവളുടെ ആവശ്യം എന്നറിയാമോ? അല്ലെങ്കില്‍ വേണ്ട; സാറിരിക്കുമ്പോള് ഞാന്‍ അതു പറയുന്നില്ല.’’
‘‘സാറിന് ഇതൊന്നും പിടിക്കില്ല. പഴയ ആളാണല്ലോ.’’
‘‘എന്നുവെച്ച്? ആ കോതച്ചിറ സാറിനും ഇത്രയൊക്കെ പ്രായമായിട്ടുണ്ടാവില്ലേ? എന്നിട്ടോ? ചെറുപ്പക്കാരുടെ പോലെയല്ലേ?’’
അവരുടെ സംസാരം കേട്ട് എന്റെ തല തരിച്ചു. അടുത്ത നിമിഷം ഞാന്‍ എന്തെങ്കിലും പറയുമായിരുന്നു. ഭാഗ്യത്തിന് അപ്പോള്‍ ചായ വന്നു. അതു പെട്ടെന്നു കുടിച്ചുതീര്‍ത്ത് ഞാന്‍ വേഗം മുറിയിലേക്ക് തന്നെ പോന്നു.
ഇനി നോവലുകള്‍ എഴുതിത്തീരുന്നതുവരെ മുറി വിട്ട് പുറത്തിറങ്ങില്ലെന്ന് ഞാന്‍ തീര്‍ച്ചയാക്കി. പക്ഷേ, പിറ്റേന്നു വൈകുന്നേരം വാതില്ക്കല് ഒരു മുട്ടു കേട്ട് എനിക്കു തുറക്കേണ്ടിവന്നു. കുമാരനായിരുന്നു അത്. കോതച്ചിറ കുമാരന്.
അവന് ഈ ലോഡ്ജില്ത്തന്നെയുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. എന്നോടു ചോദിക്കാതെത്തന്നെ അവന് അകത്തേക്കു കടന്നു.
‘‘എത്രയെണ്ണമുണ്ട്?’’ ഞാന്‍ പാതി എഴുതിവെച്ചിരിക്കുന്ന കടലാസിലേക്ക് നോക്കി അവന് ചോദിച്ചു.
‘‘നാല്,’’ ഞാന്‍ പറഞ്ഞു.
‘‘ഓ, ഭാഗ്യവാന്! എനിക്ക് മൂന്നെണ്ണമേയുള്ളൂ. ഒരു മൂന്നാലെണ്ണം കൂടി കിട്ടിയാല്‍ വേണ്ടില്ലെന്നുണ്ട്. നാലു കുട്ടികളാ. എവിടെയുമെത്തിയിട്ടില്ല.’’
ഒരു ലക്കത്തിന് താന്‍ മുന്നൂറു വെച്ചാണ് വാങ്ങുന്നതെന്ന് അവന് വെളിപ്പെടുത്തി. എനിക്ക് എത്രയാണ് കിട്ടുന്നതെന്ന് ആരാഞ്ഞു. എനിക്ക് അഞ്ഞൂറു വെച്ച് കിട്ടുന്നുണ്ടായിരുന്നു. ഞാനത് അവനോടു പറഞ്ഞില്ല.
‘‘വൈകുന്നേരം തൊണ്ട നനയ്ക്കാന്‍ എന്തെങ്കിലും സംവിധാനമുണ്ടായാല് നാലെണ്ണമൊന്നും ഒരു പ്രശ്നമല്ല,’’ കുമാരന് തുടര്‍ന്നു. ‘‘രണ്ടെണ്ണം അകത്തുചെന്നാല്‍ ഒറ്റയെഴുത്താണ്. പിന്നീട് വായിച്ചുനോക്കിയാല്‍ ഇത് നമ്മള്‍തന്നെ എഴുതിയതാണോ എന്ന് സംശയം തോന്നും.’’
എഴുത്തിന് മദ്യം സഹായിക്കുമെന്ന് എനിക്ക് അനുഭവമില്ല. ഞാന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടേയുണ്ടായിരുന്നില്ല. കുമാരനാണെങ്കില്‍ ഏറക്കുറെ അതിന്റെ പിടിയിലായിരുന്നു. എഴുത്തില്‍നിന്ന് എത്ര പണം കിട്ടിയാലും അവന് അതൊക്കെ മതിയാവാതെ വന്നു. വീട്ടിലെ സ്ഥിതിയൊക്കെ പരുങ്ങലാണെന്ന് ഞാന്‍ കേട്ടിരുന്നു.
‘‘എനിക്ക് താന്‍ ഒരു നൂറു രൂപ തരണം,’’ കുമാരന് പറഞ്ഞു.
‘‘കയ്യിലെ പൈസയൊക്കെ തീര്‍ന്നു. അഡ്വാന്‍സ് ചോദിച്ചിട്ട് ആരും തരുന്നില്ല.’’
‘‘ഇനി ഈ ആവശ്യം പറഞ്ഞ് എന്റെ അടുത്തു വരരുത്.’’ പണം എടുത്തുകൊടുക്കുമ്പോള്‍ ഞാന്‍ കര്‍ശനമായി അവനോടു പറഞ്ഞു.
നോവലിന്റെ എണ്ണം ഞാന്‍ കുമാരനോടു പറഞ്ഞത് സത്യമായിരുന്നു. നാലു നോവലുകള്‍ എഴുതാനുള്ള ദൗത്യവുമായാണ് ഞാന്‍ ലോഡ്ജില്‍ ചേക്കേറിയത്. പക്ഷേ, അവിടെ താമസമാക്കിയതോടെ പലപ്പോഴായി മൂന്നു വാരികകളുടെ പത്രാധിപന്മാര്കൂടി എന്നെ കാണാന്‍ വന്നു. ആരെയും തിരസ്കരിക്കാനായില്ല. അങ്ങനെ ആഴ്ചയില്‍ ഏഴു നോവലുകള്‍ എന്ന ടാര്ഗെറ്റിലെത്തി. വീണ്ടും ആവശ്യക്കാരുണ്ടായിരുന്നുവെങ്കിലും ഞാനവരെ തിരിച്ചയച്ചു. ഒരു ദിവസം ഒന്നില്‍ക്കൂടുതല്‍ നോവലുകളോ!
രാവിലെ നേരത്തേ ഉറക്കമെഴുന്നേറ്റ് എഴുത്തു തുടങ്ങും. ഉറക്കമെഴുന്നേറ്റ് എന്നു പറയുന്നതു ശരിയല്ല. ഉറങ്ങിയിട്ടുവേണമല്ലോ അതില്‍നിന്ന് എഴുന്നേല്ക്കാന്! ആദ്യമാദ്യമൊക്കെ വലിയ പ്രശ്നം തോന്നിയില്ല. പക്ഷേ പിന്നീട് അത് എന്നെ വല്ലാതെ അസ്വസ്ഥനാക്കാന്‍ തുടങ്ങി.
രാവിലെ ഇന്ന് ഏതു നോവലിന്റെ അധ്യായം എഴുതണം എന്ന ചിന്തയോടെയാണ് എഴുന്നേല്ക്കുക. അതിലെ കഥ എന്താണെന്നും കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നും ആദ്യംതന്നെ നോക്കിവെക്കും. കഴിഞ്ഞ അധ്യായം എവിടെയാണ് നിര്‍ത്തിയത് എന്നും നോക്കും. ഇത്തരം നോവലുകളുടെ രീതി അറിയാമല്ലോ. ഓരോ അധ്യായവും അവസാനിക്കുന്നത് വായനക്കാര്‍ക്ക് എന്തെങ്കിലും ഉദ്വേഗം ഇട്ടുകൊടുത്തുകൊണ്ടാണ്. അതിനുള്ള വകുപ്പ് കണ്ടെത്തലാണ് ആദ്യത്തെ പണി. നോവല്‍ അതിന്റെ മുഴുവന്‍ രൂപത്തില്‍ സങ്കൽപിക്കാനൊന്നും പറ്റിയിരുന്നില്ല. ഓരോന്നും ഓരോ വഴിക്ക് പോവാന്‍ തുടങ്ങി. എങ്ങനെയെങ്കിലും പുതിയ അധ്യായം എഴുതി സമയത്തിനു കൊടുക്കുക എന്ന രീതിയായി.
ഏറ്റവും ദുര്‍ഘടം ബുധനാഴ്ചയായിരുന്നു. മിക്കവാറും എല്ലാവര്ക്കും ബുധനാഴ്ചകളിലാണ് നോവല്‍ കിട്ടേണ്ട അവസാന തീയതി. പക്ഷേ, ബുധനാഴ്ചയാവാന്‍ നില്‍ക്കാറില്ല. അതിനുമുമ്പുതന്നെ എഴുതിത്തയാറാക്കി വെക്കും. പക്ഷേ, ചിലപ്പോള്‍ എത്ര കുത്തിയിരുന്ന് എഴുതാന്‍ ശ്രമിച്ചാലും ചിലത് വഴിമുട്ടിനില്ക്കും. ശരിക്ക് തലപുകയുന്നത് അപ്പോഴാണ്. നോവലുകളിലെ അടുത്ത അധ്യായം എന്തുവേണമെന്ന് ആലോചിച്ചാലോചിച്ച് മുറിയില്‍ തലങ്ങും വിലങ്ങും നടക്കും. ഏതു നിമിഷവും എന്റെ തല നൂറുനൂറു കഷണങ്ങളായി പൊട്ടിത്തെറിക്കുമെന്ന് എനിക്കു തോന്നി.
ഞാന്‍ ദിവസവും മാസവും മറന്നു. എനിക്ക് രാത്രിയും പകലും തിരിച്ചറിയാതായി. കോളിങ് ബെല്‍ അലറുമ്പോഴൊക്കെ ഞെട്ടിത്തരിച്ചു. വരാന്തയിലെ കാലൊച്ചകള്‍ എന്നെ പേടിപ്പിച്ചു. എല്ലാം തീര്‍ത്ത് എന്നെങ്കിലും സ്വസ്ഥമായി ഉറങ്ങണമെന്നുള്ള മോഹം മാത്രമായി എനിക്ക്.

എന്തൊക്കെയാണ് എഴുതിക്കൊണ്ടിരിക്കുന്ന നോവലുകളുടെ പേര് എന്നുപോലും ഓർമിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടി. വാരികകളില്നിന്നുള്ള പ്രതിനിധി വാതില്ക്കല് മുട്ടുന്നതിനുമുമ്പ് എന്തെങ്കിലും എഴുതിക്കൊടുക്കുക എന്ന മട്ടിലായി എന്റെ പ്രവര്‍ത്തനം. ഒന്നും മുടക്കാനുള്ള അനുവാദമില്ലല്ലോ. എല്ലാവരും മുന്‍കൂര്‍ പണം തന്നിരുന്നു. അതുവെച്ച് വീടുപണി പുരോഗമിച്ചുകൊണ്ടിരുന്നു.
വീടിന്റെ വിശേഷങ്ങള്‍ അറിയിക്കാന്‍ വേണ്ടി ലീലാവതി വിളിക്കാറുണ്ടായിരുന്നു. മുറിയിലെ ടെലിഫോണ്‍ മണിയടിക്കുമ്പോഴൊക്കെ ഞാന്‍ ഞെട്ടിത്തെറിച്ചു. ലീലാവതി പറയുന്നതു മുഴുവന്‍ എനിക്ക് മനസ്സിലായതുപോലുമില്ല. മറ്റൊന്നിലും ശ്രദ്ധിക്കാന്‍ എന്നെക്കൊണ്ടായില്ല. ഏഴു നോവലുകളും അതിലെ കഥാപാത്രങ്ങളും എന്നെ സദാസമയവും ചൂഴ്ന്നുനിന്നു. അവരുടെ പേരുകള്‍ മാറിപ്പോവാതിരിക്കാന്‍ നോവലിന്റെ പേരും കഥാപാത്രങ്ങളുടെ പേരും എഴുതിയ വലിയ ഒരു ചാര്‍ട്ട് മേശപ്പുറത്ത് പതിച്ചുവെച്ചു. അതില്‍ അതതു വാരികകളുടെ പേരും ഏതൊക്കെ ദിവസങ്ങളിലാണ് അവ എഴുതേണ്ടതെന്നും കൊടുക്കേണ്ടതെന്നും രേഖപ്പെടുത്തിവെച്ചു. അത് ലീലാവതി പറഞ്ഞുതന്ന സൂത്രമായിരുന്നു. അവള് എല്ലാത്തിലും പ്രായോഗികമതിയായിരുന്നു.
ലോഡ്ജിലെ ഫോണിലേക്ക് എന്നെ വിളിക്കരുതെന്ന് ഞാന്‍ പത്രാധിപന്മാരോട് നിബന്ധനവെച്ചിരുന്നു. ആരുടെയെങ്കിലും ഫോണ്‍ വന്നാല്‍ എന്നെ വിളിച്ചുതരാന്‍ പാടില്ലെന്ന് ലോഡ്ജിന്റെ റിസപ്ഷനിലും ഞാന്‍ ശട്ടംകെട്ടിയിരുന്നു. ലീലാവതിയുടെ ഫോണ്‍ മാത്രമേ മുറിയിലേക്ക് കടത്തിവിടാവൂ എന്ന് പറഞ്ഞുവെച്ചിരുന്നു. പക്ഷേ, ലീലാവതിയുടെ വിളികളും എന്നെ സംഭ്രാന്തനാക്കാന് തുടങ്ങിയപ്പോള്‍ ഞാന്‍ അതും വിലക്കി. ലീലാവതി കത്തുകള്‍ അയക്കാന്‍ തുടങ്ങിയത് അപ്പോഴാണ്. വീടുപണിയുടെ പുരോഗതി അറിയിക്കാന്‍ മാത്രമായിരുന്നില്ല. കുട്ടികളുടെ വിശേഷങ്ങളും ലീലാവതി പറയാറുണ്ടായിരുന്നു. എനിക്കു ചിലപ്പോള്‍ അവരുടെ പേരുകള്‍ തന്നെ നോവലിലെ കഥാപാത്രങ്ങളുമായി ഇടകലര്‍ന്ന് തെറ്റിക്കൊണ്ടിരുന്നു. ലീലാവതി കഥയാണോ പറയുന്നത് എന്നുപോലും തോന്നിത്തുടങ്ങി. അതെന്നെ വല്ലാതെ സംഭ്രമിപ്പിക്കാന്‍ തുടങ്ങി. അവളുടെ കത്തുകള്‍ വരുമ്പോഴെല്ലാം തുറക്കാന്‍ പേടിച്ചു.
ഉന്മാദത്തിന്റെ ദിവസങ്ങളായിരുന്നു അവ.
എന്നിട്ടും ഒരു പത്രാധിപരുടെ ഫോണ്‍ എന്നെ തേടിവന്നു. നോവല്‍ പച്ചപിടിക്കുന്നില്ലെന്നും ഒന്നുകൂടി ശ്രദ്ധിക്കണമെന്നും പറയാനായിരുന്നു അത്. അരിശംവന്നെങ്കിലും ഒന്നും തിരിച്ചുപറയാതിരിക്കാന് ഞാന്‍ വല്ലാതെ പണിപ്പെട്ടു. അവരുടെ പണംകൊണ്ടാണല്ലോ ഞാന്‍ വീടു പണിതുകൊണ്ടിരിക്കുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ എന്നെ അവര്‍ ലേലത്തിനെടുത്തിരിക്കുകയാണല്ലോ. അടിമകള്ക്കെന്ത് അവകാശങ്ങള്‍?
കൂടുതല്‍ ശ്രദ്ധിക്കാം എന്ന് എനിക്കു പറയേണ്ടിവന്നു.
എന്നിട്ടും ഒരിക്കല്‍ എന്റെ നിയന്ത്രണം പാടെ വിട്ടുപോയി. പാടില്ലായിരുന്നു. ഏഴു നോവലുകളില്‍ ഒന്ന് അതിന്റെ സ്വാഭാവികമായ അന്ത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. 27 അധ്യായങ്ങള്‍ പിന്നിട്ടിരുന്നു. ഒരുപക്ഷേ ഞാന്‍ കുറച്ചെങ്കിലും ആസ്വദിച്ച് എഴുതിക്കൊണ്ടിരിക്കുന്ന നോവലായിരുന്നു അത്. 32 അധ്യായത്തില്‍ അത് അവസാനിപ്പിക്കാനായിരുന്നു എന്റെ പദ്ധതി. അത്രത്തോളം സംഭവങ്ങളെല്ലാം തിട്ടമാക്കിവെച്ചിരുന്നു.
നോവല്‍ അന്ത്യത്തിലേക്ക് നീങ്ങുകയാണെന്ന് മണത്തറിഞ്ഞ ആ വാരികയുടെ പത്രാധിപര്‍ എന്റെ മുറിയിലെത്തി. നോവല്‍ പെട്ടെന്ന് അവസാനിപ്പിക്കരുതെന്നും ചുരുങ്ങിയത് അമ്പത് അധ്യായങ്ങള്‍ വരെയെങ്കിലും നീട്ടിക്കൊണ്ടുപോവണമെന്നും അയാള്‍ ആവശ്യപ്പെട്ടു. എന്റെ നോവലാണ് ആ വാരികയില്‍ ഏറ്റവും കൂടുതല്‍ പ്രിയമായിരിക്കുന്നതത്രേ. അതു നിലച്ചാല്‍ പ്രചാരം കുറഞ്ഞുപോകുമത്രേ.
സാധ്യമല്ലെന്ന് ഞാന്‍ വെട്ടിത്തുറന്നു പറഞ്ഞു. എഴുത്തുകാരന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ് അതെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ നോവലിനുള്ള പ്രതിഫലം കൂട്ടിത്തരാമെന്ന് പറഞ്ഞു. എനിക്കത് താങ്ങാനായില്ല.
‘‘നിങ്ങളുടെ കൂലിവേലക്കാരനല്ല ഞാന്‍,’’ അയാളുടെ മുഖത്തുനോക്കി ഞാന്‍ അലറി. ‘‘എന്റെ നോവല്‍ എവിടെ എങ്ങനെ നിര്‍ത്തണമെന്ന് എനിക്കറിയാം. ഞാനൊരെഴുത്തുകാരനാണ്. അതു നിങ്ങള്‍ മറക്കരുത്.’’
എന്തിനാണ് ഞാന്‍ അയാളോട് അങ്ങനെ തട്ടിക്കയറിയതെന്ന് ആലോചിച്ച് ഞാന്‍ പിന്നീട് പശ്ചാത്തപിച്ചിട്ടുണ്ട്. അതു ശരിയായില്ല എന്ന് എനിക്ക് പിന്നീട് നല്ലവണ്ണം ബോധ്യംവന്നിട്ടുണ്ട്. വായനക്കാര്‍ക്ക് ഇഷ്ടമുള്ളത് എഴുതിക്കൊടുക്കുകയല്ലേ ഞാന്‍ ചെയ്യേണ്ടിയിരുന്നത്? അവര്‍ക്കുവേണ്ടിയല്ലേ ആ പത്രാധിപര്‍ അത് നീട്ടിക്കൊണ്ടുപോവണമെന്നു പറഞ്ഞത്? അതല്ലെങ്കില്‍പ്പിന്നെ എന്താണ് എഴുത്തുകാരന് എന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ടത്? പത്രാധിപരുടെ മാത്രമല്ല; എന്റെയും ആവശ്യമല്ലേ അത്?
ആ നോവല്‍ ഏതായാലും ഞാന്‍ ഉദ്ദേശിച്ചതുപോലെത്തന്നെ അവസാനിപ്പിച്ചു. എന്നാലും ആ പത്രാധിപര്‍ എന്നോടു പിണങ്ങിയില്ല. മാത്രമല്ല നോവല്‍ തീരാറായപ്പോള്‍ അടുത്ത നോവലിന്റെ പേരു തരണമെന്നു പറഞ്ഞു. അത് നോവല്‍ കഴിയുന്ന ആ ലക്കത്തില്‍ത്തന്നെ പരസ്യം കൊടുക്കാനാണെന്നും പറഞ്ഞു. വരിക്കാരെ പിടിച്ചുനിര്ത്താനാണത്രേ. രണ്ടു മാസത്തിനുള്ളില്‍ കൊടുത്താല്‍ മതിയെന്നു പറഞ്ഞു.
‘‘ഞാനിനി നോവല്‍ എഴുതുന്നില്ലെങ്കിലോ?’’
പെട്ടെന്ന് അങ്ങനെ ചോദിച്ചുപോയതാണ്. അതുവരെ ചിന്തിച്ച കാര്യമായിരുന്നില്ല. പക്ഷേ അത് എന്റെ ഉള്ളില്‍നിന്നു വന്ന മറുപടിയായിരുന്നു. അപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ആറു നോവലുകള്‍ക്കു ശേഷം പുതിയത് ഒന്നും ഏറ്റെടുക്കില്ല എന്ന് ആ നിമിഷത്തില്‍ ഞാനെടുത്ത തീരുമാനമായിരുന്നു. ഇനി ഒരു പ്രലോഭനത്തിനും വഴങ്ങില്ല എന്ന് ദൃഢനിശ്ചയം എടുത്തു. ആ നിമിഷം വരെ ആലോചിക്കാത്ത ഒരു കാര്യമായിരുന്നു അത്.
‘‘അവസാനവാക്കാണോ?’’ പത്രാധിപര്‍ ചോദിച്ചു.
‘‘അതെ,’’ എനിക്ക് മറുപടിക്കുവേണ്ടി ആലോചിക്കേണ്ടിവന്നില്ല.
‘‘ഞങ്ങളുടെ വാരികക്കുള്ളതു മാത്രമല്ലല്ലോ ഈ തീരുമാനം?’’ പത്രാധിപര്‍ വീണ്ടും ചോദിച്ചു.
അപ്പോള്‍ ആ ദൃഢനിശ്ചയം എനിക്ക് അയാളുടെ മുന്നില്‍ ആവര്‍ത്തിക്കേണ്ടിവന്നു.
‘‘അല്ല. അല്ല. അല്ല. ഞാനിനി ഇത്തരത്തിലുള്ള നോവല്‍ എഴുതില്ല.’’
കടുത്ത നിരാശയോടെ ആ പത്രാധിപര്‍ സ്ഥലം വിട്ടു.
വീടുപണി ഏറക്കുറെ അവസാനത്തെ ഘട്ടത്തിലെത്തിയെന്ന് ലീലാവതി അറിയിച്ചു. ഇടക്ക് ഒരിക്കല്‍പ്പോലും ഞാന്‍ അതു കാണാന്‍ ചെന്നിരുന്നില്ല. ലീലാവതി അതെല്ലാം ഭംഗിയായി നോക്കുന്നുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇനി വേണമെന്നു വിചാരിച്ചാലും ലോഡ്ജില്‍നിന്ന് ഒരുദിവസം പോലും വിട്ടുനില്‍ക്കാന്‍ എന്നെക്കൊണ്ട് ആവുമായിരുന്നില്ല.
ഓരോരോ നോവലായി ആറെണ്ണവും അവസാനിക്കാന്‍ എട്ടു മാസത്തോളമെടുത്തു. അവസാനത്തെ നോവലിന്റെ അവസാനത്തെ അധ്യായം എഴുതിത്തീര്‍ന്നപ്പോള്‍ വലിയ ഒരു ഭാരം ഇറക്കിവെച്ചതുപോലെയായി എനിക്ക്. ജീവപര്യന്തത്തടവു കഴിഞ്ഞ് കുറ്റവാളികള്‍ പുറത്തിറങ്ങുന്നതുപോലെ...
കാര്ത്തികേയന് സാറിന്റെ വാക്കുകള്‍ മുറിച്ചുകൊണ്ട് എന്റെ മൊബൈലില്‍ ഒരു വിളി വന്നു.
‘‘തലിയാര്‍ഖാന്‍!’’ ഫോണ്‍ എടുത്തപ്പോള്‍ എഡിറ്ററുടെ ശബ്ദത്തിലെ അക്ഷമ എനിക്കു മനസ്സിലാക്കാനായി. ‘‘ഞാന്‍ വിളിച്ചപ്പോള്‍ താനെന്താ ഫോണ്‍ കട്ട് ചെയ്തത്? തിരിച്ചുവിളിച്ചതുമില്ലല്ലോ.’’
‘‘അതെപ്പോഴാണ്?’’ എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
‘‘മറന്നുപോയോ?’’ എഡിറ്ററുടെ ശബ്ദം കനത്തു. എന്തോ തിരക്കിലാണെന്നും കുറച്ചുകഴിഞ്ഞ് തിരിച്ചുവിളിക്കാമെന്നും പറഞ്ഞ് താന്‍ ഫോണ്‍ കട്ട് ചെയ്തു.
‘‘അന്നു മുഴുവന്‍ ഞാന്‍ തന്റെ ഫോണും പ്രതീക്ഷിച്ച് ഇരുന്നു. അവിടെ കുഴപ്പമൊന്നുമില്ലല്ലോ.’’
‘‘ഇല്ല സര്. എല്ലാം നല്ലരീതിയില്‍ പോകുന്നു. ‘മനോമയ’ത്തില്‍നിന്ന് ദൂതന് വന്നപ്പോഴാണ് എഡിറ്ററുടെ ഫോണ്‍ വന്നതെന്ന് അപ്പോള്‍ ഞാന്‍ ഓർമിച്ചു. അതെന്നായിരുന്നു? ഇന്നോ ഇന്നലെയോ മിനിയാന്നോ? ലോഡ്ജിലെ താമസക്കാലത്തുള്ള കാര്ത്തികേയന് സാറിനെപ്പോലെ എനിക്കും സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കുകയാണോ?
ദൂതന് വന്ന കാര്യം എഡിറ്ററോടു പറയണോ എന്ന് ഒന്നു സംശയിച്ചെങ്കിലും ഉടനെത്തന്നെ അതു വേണ്ടെന്നു വെച്ചു. വിവരങ്ങള്‍ കൊടുക്കുംതോറും എഡിറ്ററുടെ സംശയങ്ങളും കൂടും. അല്ലെങ്കില്‍ത്തന്നെ ഇപ്പോള്‍ ദിവസത്തില്‍ ആറേഴു പ്രാവശ്യം വിളിക്കാറുണ്ടല്ലോ.
‘‘അവിടെ സംഭവിക്കുന്നത് ഒന്നും എന്നില്‍നിന്നു മറച്ചുവെക്കരുത് എന്ന് ഞാന്‍ മുമ്പും തന്നോടു പറഞ്ഞിട്ടുണ്ട്,’’ എഡിറ്റര്‍ തുടര്‍ന്നു. ‘‘ഓരോന്നും ചെയ്യുമ്പോള്‍ എന്നോടു ചോദിക്കണം. നമ്മുടെ നീക്കങ്ങളില്‍ ഒരു പിഴവും പറ്റാന്‍ പാടില്ല. അതുകൊണ്ടാണ്.’’

ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.
‘‘അതുപോട്ടെ. തന്നെ ഞാനിപ്പോള്‍ വിളിച്ചതിന് ഒരു കാരണമുണ്ട്. നാളെ താന്‍ ഓഫീസിലേക്ക് വരണം. രാവിലെ ഒരു മീറ്റിങ് വെച്ചിട്ടുണ്ട്.’’
എത്തിക്കോളാമെന്നു സമ്മതിച്ചപ്പോള്‍ എഡിറ്റര്‍ തുടര്‍ന്നു.
‘‘ഇതിനിടക്കെങ്ങാനും താന്‍ കാര്ത്തികേയന് സാറിനോട് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലല്ലോ. നാളെ ഓഫീസിലെത്തിയിട്ട് അത്യാവശ്യമുണ്ട് എന്നോ മറ്റോ അബദ്ധത്തിലെങ്കിലും തന്റെ നാവില്‍നിന്നു വീണുപോവരുത്. അവിടെ താന്‍ ഇപ്പോഴും കാര്ത്തികേയന് സാറിന്റെ കേട്ടെഴുത്തുകാരന് മാത്രമാണ്. ഓർമയുണ്ടല്ലോ!’’
ഒന്നും ഇതുവരെ ചോര്‍ന്നുപോയിട്ടില്ല എന്ന് എഡിറ്റര്‍ക്ക് ഉറപ്പുകൊടുത്തു. ദാമുവേട്ടന്റെ കാര്യം ഏതായാലും പറയേണ്ടതില്ല. മാത്രമല്ല, അത് ദാമുവേട്ടന്വഴി ചോര്‍ന്നുപോവാന്‍ സാധ്യതയില്ല എന്ന് എനിക്ക് ഉറപ്പുമുണ്ടായിരുന്നു. ‘ശാരിക’യും ‘മനോമയ’വും തമ്മിലുള്ള കിടമത്സരത്തെക്കുറിച്ചൊന്നും ദാമുവേട്ടന് അറിയില്ലല്ലോ.
‘‘പിന്നെ. അന്നു പറഞ്ഞ കാര്യം തന്നെ ഒന്നുകൂടി ഓർമിപ്പിക്കുകയാണ്,’’ എഡിറ്റര്‍ തുടര്‍ന്നു. ‘‘ഓഫീസിലേക്ക് വരുമ്പോള്‍ ലാപ്ടോപ്പ് കയ്യിലെടുത്തോളൂ. കയ്യെഴുത്തുപ്രതി താന്‍ താമസിക്കുന്ന വീട്ടിലേക്ക് ഇന്നുതന്നെ കൊണ്ടുപോയി വെക്കണം. കാര്ത്തികേയന് സാറിന്റെ വീട് സുരക്ഷിതമായിക്കൊള്ളണമെന്നില്ല.’’
എഡിറ്ററുടെ ഫോണ്‍ തീര്‍ന്നപ്പോഴാണ് ഞാന്‍ കാര്ത്തികേയൻ സാറിന്റെ മുറിയില്‍ത്തന്നെ നില്ക്കുകയാണെന്നു മനസ്സിലായത്. സിറ്റൗട്ടിലേക്ക് നീങ്ങുന്ന കാര്യം തിടുക്കത്തിനിടയില്‍ ഞാന്‍ മറന്നുപോയിരുന്നു.
അതുകൊണ്ട് ഏതായാലും പ്രശ്നമൊന്നുമുണ്ടായില്ല. കാര്ത്തികേയന് സാര്‍ ഒന്നും കേട്ടിരുന്നില്ല. എന്തോ അഗാധമായ ചിന്തയിലായിരുന്നു.
‘‘സര്,’’ എന്റെ വിളി കേട്ട് അദ്ദേഹം പതുക്കെ ഒന്നു ഞെട്ടിയെന്നു തോന്നി. ‘‘എനിക്ക് വീട്ടിലൊന്നു പോണം. രണ്ടു ദിവസത്തെ ലീവു വേണം.’’
കാര്ത്തികേയന് സാര്‍ എന്റെ മുഖത്തേക്ക് നോക്കിയെങ്കിലും അദ്ദേഹം എന്നെയല്ല കാണുന്നതെന്നു തോന്നി. ചിന്തയില്‍നിന്ന് ഉണര്‍ന്നിട്ടില്ല. ഞാന്‍ ചോദിച്ചതും പറഞ്ഞതുമൊന്നും അദ്ദേഹം കേട്ടിട്ടില്ല.
