Begin typing your search above and press return to search.
proflie-avatar
Login

ജമന്തിപ്പൂക്കൾ ഒരു നീണ്ടകഥയുടെ കഥ

ജമന്തിപ്പൂക്കൾ ഒരു നീണ്ടകഥയുടെ കഥ
cancel

മണവാട്ടി ‘‘ഒരർഥത്തില്‍ സാറിനെ എഴുത്തുകാരനാക്കിയത് ജമന്തിയാണെന്നു പറയാം അല്ലേ?’’ ഞാന്‍ ചോദിച്ചു. ‘‘പറയാം,’’ കാര്‍ത്തികേയന്‍ സാര്‍ സമ്മതിച്ചു. ‘‘അവളുടെ ഓർമയില്‍നിന്നു മുക്തിനേടാന്‍ വേണ്ടിയായിരുന്നു അന്നത്തെ എന്‍റെ നിരന്തരമായ എഴുത്ത്. ആ നിലക്ക് ഞാന്‍ അവളോടു കടപ്പെട്ടിരിക്കുന്നു.’’ ‘‘എന്നിട്ടും ജമന്തിയുടെ വിവാഹവാര്‍ത്ത സാറില്‍ ഒരു ചലനവുമുണ്ടാക്കിയില്ല എന്നു പറയുന്നതില്‍ അല്‍പം അതിശയോക്തിയില്ലേ?’’ കാര്‍ത്തികേയന്‍ സാര്‍ എന്നെ തലചെരിച്ചു നോക്കി. ‘‘എഴുത്തിന്‍റെ തുടക്കത്തില്‍ നമ്മള്‍ തമ്മില്‍ ഒരു കരാറുണ്ടായിരുന്നില്ലേ തലിയാര്‍ഖാന്‍,’’ അദ്ദേഹം ചിരിച്ചു. ‘‘ഉവ്വ്. സര്‍ കഥ തുടര്‍ന്നോളൂ....

Your Subscription Supports Independent Journalism

View Plans

മണവാട്ടി

‘‘ഒരർഥത്തില്‍ സാറിനെ എഴുത്തുകാരനാക്കിയത് ജമന്തിയാണെന്നു പറയാം അല്ലേ?’’ ഞാന്‍ ചോദിച്ചു.

‘‘പറയാം,’’ കാര്‍ത്തികേയന്‍ സാര്‍ സമ്മതിച്ചു. ‘‘അവളുടെ ഓർമയില്‍നിന്നു മുക്തിനേടാന്‍ വേണ്ടിയായിരുന്നു അന്നത്തെ എന്‍റെ നിരന്തരമായ എഴുത്ത്. ആ നിലക്ക് ഞാന്‍ അവളോടു കടപ്പെട്ടിരിക്കുന്നു.’’

‘‘എന്നിട്ടും ജമന്തിയുടെ വിവാഹവാര്‍ത്ത സാറില്‍ ഒരു ചലനവുമുണ്ടാക്കിയില്ല എന്നു പറയുന്നതില്‍ അല്‍പം അതിശയോക്തിയില്ലേ?’’

കാര്‍ത്തികേയന്‍ സാര്‍ എന്നെ തലചെരിച്ചു നോക്കി.

‘‘എഴുത്തിന്‍റെ തുടക്കത്തില്‍ നമ്മള്‍ തമ്മില്‍ ഒരു കരാറുണ്ടായിരുന്നില്ലേ തലിയാര്‍ഖാന്‍,’’ അദ്ദേഹം ചിരിച്ചു.

‘‘ഉവ്വ്. സര്‍ കഥ തുടര്‍ന്നോളൂ. ഞാനിനി ഇടയില്‍ക്കടന്ന് ഒന്നും ചോദിക്കില്ല.’’

കാര്‍ത്തികേയന്‍ സാര്‍ ഉറക്കെ ചിരിച്ചു.

ജമന്തിയുടെ വിവാഹവാര്‍ത്ത എന്നില്‍ പ്രത്യേകിച്ച് ഒരു വികാരവുമുണ്ടാക്കിയില്ല എന്നു പറഞ്ഞുവല്ലോ. അതിന് ഒരു കാരണം കൂടിയുണ്ടായിരുന്നു. അപ്പോഴേക്കും ഞാന്‍ കലയൂരില്‍നിന്ന് ഏറെ അകന്നുപോയിരുന്നു. രണ്ടോ മൂന്നോ വട്ടം അമ്മയെ കാണാന്‍വേണ്ടി വീട്ടില്‍ ചെന്നിരുന്നുവെങ്കിലും ഞാന്‍ പുറത്തിറങ്ങിയതേയില്ല. ആരെയും കാണണമെന്ന് എനിക്കു തോന്നിയില്ല. രാമവാരിയര്‍ മരിച്ചപ്പോള്‍ കലയൂര്‍ കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റെടുക്കാന്‍ ആളില്ലാതെ അതു പൂട്ടിപ്പോയി. നാട്ടുകാരുമായുള്ള ബന്ധം എനിക്ക് ആ ഇന്‍സ്റ്റിറ്റ്യൂട്ട് വഴിയായിരുന്നുവല്ലോ. അതില്ലാതായതോടെ ആ വഴിയും അടഞ്ഞുപോയി.

ജമന്തിയുടെ വിവാഹം കഴിഞ്ഞ് രണ്ടു കൊല്ലം കഴിഞ്ഞാണ് പിന്നെ ഞാന്‍ നാട്ടില്‍ പോയത്. അത് അമ്മ മരിച്ചപ്പോഴായിരുന്നു. അമ്മയുടെ മരണത്തോടെ എനിക്ക് കലയൂരുമായുള്ള ബന്ധം തീരെ അറ്റുപോയതുപോലെയായി.

ആകെ ബന്ധമുണ്ടായിരുന്നത് ദാമുവുമായിട്ടായിരുന്നു. പക്ഷേ, ഞാന്‍ അവനുമായി വളരെ അകന്നുപോയിരുന്നു. അന്ന് എന്നെ യാത്രയാക്കാന്‍ വന്നപ്പോള്‍ ഞാന്‍ അവനോട് ഒട്ടും നന്നായിട്ടല്ലല്ലോ പെരുമാറിയത്. അത്രതന്നെ മോശമായിട്ടു പെരുമാറേണ്ടിയിരുന്നില്ല എന്ന് എനിക്കു പിന്നീടു തോന്നിയിരുന്നു. എന്നിട്ടും അമ്മ മരിച്ച സമയത്ത് അവന്‍ എന്നെ കാണാന്‍ വരാതിരുന്നതില്‍ എനിക്കവനോട് പരിഭവം തോന്നി. അന്വേഷിച്ചപ്പോഴാണറിയുന്നത് അവന്‍ നാട്ടിലില്ലത്രേ. ഞാന്‍ കലയൂര്‍ വിട്ടുപോയി അധികം വൈകാതെ അവനും നാടു വിട്ടുപോയിപോല്‍. അതോടെ, കലയൂരില്‍ കാണാന്‍ എനിക്ക് ആരുമില്ലാതായി. സ്വന്തം ദേശത്ത് ഏറക്കുറെ ഞാന്‍ ഒരന്യനായി...

കാര്‍ത്തികേയന്‍ സാറിന് കുറച്ചുനേരം ഒരു ബ്രേക് കൊടുക്കാമെന്ന് എനിക്കു തോന്നി. എനിക്കും കുറച്ച് വിശ്രമം ആവശ്യമാണ്.

കാര്‍ത്തികേയന്‍ സാര്‍ കലയൂരില്‍ ഇടക്ക് വരുമ്പോഴെങ്കിലും ദാമുവേട്ടനെ അന്വേഷിക്കാത്തത് എന്തുകൊണ്ടാവും? ദാമുവേട്ടന്‍ കലയൂരില്‍ത്തന്നെയുണ്ട് എന്ന് അറിയാത്തതുകൊണ്ടാവുമോ? പറഞ്ഞുകേട്ടിടത്തോളം ഇത്രമാത്രം അകലാന്‍ തക്കവണ്ണം കാര്യമായി അവര്‍ തമ്മില്‍ ഒന്നും സംഭവിച്ചിട്ടില്ല. എന്നുമാത്രമല്ല, സാറിനെ എന്തെങ്കിലും തരത്തില്‍ വെറുക്കുന്നതായി ദാമുവേട്ടന്‍റെ സംസാരത്തില്‍നിന്ന് ഇതുവരെ എനിക്കു തോന്നിയിട്ടില്ല. തിരിച്ച് സാറിനോട് ബഹുമാനവും ഇഷ്ടവുമുള്ളതായിട്ടാണ് തോന്നിയിട്ടുള്ളത്. എന്നിട്ടും ദാമുവേട്ടന്‍ കാര്‍ത്തികേയന്‍ സാറിനെ കാണാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാവും? ഒന്നു മനസ്സുവെച്ചാല്‍ അവര്‍ തമ്മില്‍ എളുപ്പത്തില്‍ കൂടിച്ചേരാവുന്നതേയുള്ളൂ.

ദാമുവേട്ടനെ ഞാന്‍ സ്ഥിരമായി കാണാറുണ്ട് എന്ന കാര്യം കാര്‍ത്തികേയന്‍ സാറിനോടു പറയണോ?

വേണ്ട. കുറച്ചുദിവസങ്ങളായി എഴുത്തിന് നല്ല ഒഴുക്കുണ്ട്. വര്‍ത്തമാനങ്ങളില്‍ വ്യതിയാനം വന്നാല്‍ ചിലപ്പോള്‍ അതു നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. എഴുത്ത് തീര്‍ന്നതിനുശേഷം അതിനെപ്പറ്റി ചോദിക്കാം. രണ്ടുപേരെയും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമോ എന്നും നോക്കണം.

‘‘ദാമു ഇപ്പോഴും പുറത്താണോ?’’ ഞാന്‍ ചോദിച്ചു. ‘‘അതോ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ടോ? സാര്‍ ഇതുവരെ അത് അന്വേഷിച്ചിട്ടില്ലേ?’’

‘‘ഇല്ല. എനിക്കെന്തോ അവനെ പിന്നെ കാണണമെന്നു തോന്നിയിട്ടില്ല. പഴയതൊക്കെ വീണ്ടും ഓർമിക്കുന്നത് സുഖമുള്ള കാര്യമല്ല. സൗഹൃദങ്ങള്‍ക്കൊക്കെ ഒരു കാലമുണ്ടെടോ. മുറിഞ്ഞുപോയ ബന്ധങ്ങള്‍ എത്ര വേണമെന്നു വിചാരിച്ചാലും പിന്നെ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. ഞാനതൊക്കെ വിട്ടു.’’

‘‘എന്നാലും ഇത്ര അടുത്ത കൂട്ടുകാരനായിട്ട്? കലയൂരില്‍ സാറിനുള്ള ഒരേയൊരു കൂട്ടുകാരനായിരുന്നില്ലേ? കാണാന്‍ ഒന്നു ശ്രമിച്ചുനോക്കേണ്ടതായിരുന്നു.’’

‘‘അത് അവനും ആകാമല്ലോ. ഇത്രകാലം കഴിഞ്ഞിട്ടും അവന്‍ എന്നെ ഒന്ന് അന്വേഷിച്ചുവന്നിട്ടുണ്ടോ? ഒന്നു ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടോ? എഴുത്തുകാരന്‍ എന്ന നിലയില്‍ അവനെന്നെ അറിയാതിരിക്കുകയില്ലല്ലോ. മാത്രമല്ല, ഞാന്‍ ഒളിച്ചിരിക്കുകയൊന്നുമല്ലല്ലോ. കലയൂരില്‍ ഇല്ലെങ്കില്‍ത്തന്നെയെന്ത്? ഏതെങ്കിലും പത്രമാപ്പീസില്‍ വിളിച്ചാല്‍ എന്‍റെ വിലാസം കിട്ടുമായിരുന്നില്ലേ? അപ്പോള്‍ എന്നെ ഇനി കാണേണ്ട ആവശ്യമില്ലെന്ന് അവനും തോന്നിക്കാണും.’’

‘‘ശരി. ദാമുവിന്‍റെ കാര്യം അവിടെ നില്‍ക്കട്ടെ. ജമന്തിയെയോ? ഒരിക്കലെങ്കിലും പണ്ടത്തെ ഇഷ്ടക്കാരിയെ കാണണമെന്ന് തോന്നിയിട്ടില്ലേ സര്‍?’’

കാര്‍ത്തികേയന്‍ സാര്‍ തലചെരിച്ച് എന്നെ പാതിച്ചിരിയോടെ നോക്കി.

‘‘ഇപ്പോള്‍ അവളെ കാണാന്‍ എന്നെക്കാള്‍ തിടുക്കം തനിക്കാണെന്നു തോന്നുന്നല്ലോ!’’

‘‘പിന്നില്ലാതെ? ജമന്തിപ്പൂക്കള്‍ എന്നല്ലേ നോവലിന്‍റെ പേരുതന്നെ.’’

‘‘അതൊക്കെ ശരിതന്നെ. പക്ഷേ എന്‍റെ മനസ്സിലുള്ള ജമന്തിയാവില്ലല്ലോ അവളിപ്പോള്‍. മുടിയൊക്കെ നരച്ച്, പല്ലുകൊഴിഞ്ഞ്, ജരാനര ബാധിച്ച ഒരു വയസ്സത്തി!’’ കാര്‍ത്തികേയൻ സാര്‍ ചിരിച്ചു. ‘‘വേണ്ട. എന്‍റെ മനസ്സിലെ ജമന്തി ഇപ്പോഴും സുന്ദരിയാണെടോ. അത് അങ്ങനെത്തന്നെ ഇരുന്നോട്ടെ.’’

‘‘ചുരുങ്ങിയപക്ഷം ആരാണ് ജമന്തിയെ വിവാഹം കഴിച്ചത് എന്നെങ്കിലും അന്വേഷിച്ചില്ലേ?’’ ഫ്ലാസ്കിൽനിന്ന് ചായ പകര്‍ന്ന് സാറിനു കൊടുക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.

‘‘കേരളത്തിനു വടക്ക് എവിടെയോ ഉള്ള ആളാണ് ജമന്തിയുടെ വരന്‍ എന്ന് അമ്മയുടെ കത്തില്‍ ഉണ്ടായിരുന്നല്ലോ. കൂടുതല്‍ അറിയണമെന്ന് എനിക്കു തോന്നിയതുമില്ല. ഞാന്‍ പറഞ്ഞില്ലേ, ആ ഏഴുവര്‍ഷങ്ങള്‍ എന്നില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പ്രേമകഥകള്‍ എഴുതിയെഴുതി അതിലൊന്നും ഒരു കാര്യവുമില്ലെന്ന അറിവില്‍ എത്തിയിരുന്നു ഞാന്‍. അപ്പോഴേക്കും ചുരുങ്ങിയത് അമ്പതു നോവലെങ്കിലും ഞാന്‍ എഴുതിക്കഴിഞ്ഞിരിക്കണം. ഏതൊക്കെ തരത്തിലുള്ള പ്രേമങ്ങള്‍! പക്ഷേ ഒന്നുണ്ട്: എന്‍റെ ഒരു നോവലിലും ജമന്തി എന്നുപേരുള്ള ഒരു നായികയെ ഞാന്‍ സൃഷ്ടിച്ചിരുന്നില്ല. അച്ചടക്കവും ആത്മാർഥതയുമുള്ള ഒരു കാമുകന്‍, അല്ലേ?’’

അതുപറഞ്ഞ് കാര്‍ത്തികേയന്‍ സാര്‍ ചിരിച്ചു.

‘‘തീര്‍ച്ചയായിട്ടും. എന്നാല്‍ ആത്മാർഥതയുള്ള ആ കാമുകനും പിന്നീട് വിവാഹിതനായല്ലോ. അക്കഥ പറഞ്ഞാലും.’’

പറയാം. അക്കാലത്ത് പത്രമാപ്പീസുകള്‍ വഴി എനിക്ക് ധാരാളം കത്തുകള്‍ വരുമായിരുന്നു. ആരാധകരുടെ എന്നല്ല പറയേണ്ടത്; ആരാധികമാരുടെ എന്നുതന്നെ പറയണം. പലതും ഞാന്‍ വിസ്തരിച്ചു വായിച്ചു നോക്കാറുപോലുമില്ലായിരുന്നു. മിക്കവാറും എല്ലാവരും ഒന്നോ രണ്ടോ വട്ടം കത്തയച്ച് അതിനു മറുപടി കിട്ടാതെ വരുമ്പോള്‍ തുടര്‍ന്ന് എഴുതില്ല. പക്ഷേ, അതിലൊരാളുടെ കത്ത് അങ്ങനെയായിരുന്നില്ല. ഞാന്‍ മറുപടി അയച്ചില്ലെങ്കിലും അവള്‍ വീണ്ടും വീണ്ടും എനിക്ക് എഴുതിക്കൊണ്ടിരുന്നു. ആദ്യത്തെ ഒന്നോ രണ്ടോ കത്തുകളേ ഞാന്‍ വായിച്ചുള്ളൂ. പിന്നെ കവറിലെ കൈയക്ഷരം കണ്ടാല്‍ത്തന്നെ എനിക്ക് അത് ആരുടെയാണെന്നു മനസ്സിലായിത്തുടങ്ങി. വായിക്കാന്‍ താല്‍പര്യമില്ലാഞ്ഞിട്ടൊന്നുമല്ല. എഴുത്തിന്‍റെ തിരക്കില്‍ വിട്ടുപോയി. എന്നാലും ഞാനാ കത്തുകളൊക്കെ മാറ്റിവെച്ചു. ആറേഴു മാസം നീണ്ടുനിന്നു ആ കത്തിടപാട്.

അങ്ങനെയിരിക്കെ ഒരുദിവസം അവളുടെ വീട്ടുകാര്‍ എന്നെ അന്വേഷിച്ചുവന്നു. വീട്ടുകാര്‍ എന്നുവെച്ചാല്‍ അവളുടെ അമ്മയും അമ്മാമനും. അച്ഛന്‍ അവള്‍ക്കു മൂന്നുവയസ്സുള്ളപ്പോള്‍ മരിച്ചുപോയത്രേ. അവള്‍ക്ക് എന്നെ വിവാഹം കഴിക്കണം. അമ്മയുടെയും അമ്മാമന്‍റെയും ആവശ്യവും അതുതന്നെ. പിന്നീട് വിവരം അറിയിക്കാമെന്നു പറഞ്ഞ് ഞാനവരെ മടക്കിയയച്ചു. അന്നു രാത്രി തിരക്കൊഴിഞ്ഞ സമയത്ത് അപ്പോഴും തുറന്നിട്ടില്ലാത്ത ആ കത്തുകള്‍ ഞാന്‍ എണ്ണിനോക്കി. നാല്‍പത്തേഴെണ്ണമുണ്ടായിരുന്നു. ഞാന്‍ മറുപടി അയയ്ക്കാതിരുന്നിട്ടും അവള്‍ എനിക്കു കത്തുകള്‍ എഴുതിക്കൊണ്ടേയിരിക്കുകയാണല്ലോ.

അവളുടെ അമ്മക്ക് ഞാന്‍ എഴുതി: ‘‘എനിക്ക് മകളെ ഒന്നു കാണണം.’’

രണ്ടാമത്തെ ദിവസംതന്നെ അമ്മയും മകളും കൂടി വന്നു. എനിക്ക് അവളെ ഒറ്റനോട്ടത്തില്‍ത്തന്നെ ഇഷ്ടമായി. നല്ല മുഖശ്രീ. നമ്മുടെ വാരികകളില്‍ കാണുന്നതുപോലെയുള്ള മാദകത്തിടമ്പൊന്നുമല്ല. മെലിഞ്ഞ ഒരു കുട്ടി. ലീലാവതിയെ വിവാഹം കഴിക്കാന്‍ ഞാന്‍ സമ്മതിച്ചു.

എനിക്കപ്പോള്‍ ചിരിവന്നു. ജനപ്രിയ നോവലെഴുത്തുകാരന് അതേ ശൈലിയില്‍ത്തന്നെ ഒരു കല്യാണം! കാര്‍ത്തികേയന്‍ സാര്‍ കാണാതിരിക്കാന്‍ ഞാന്‍ ചിരിയടക്കി.

‘‘താനെന്താ ചിരിക്കുന്നത് എന്ന് എനിക്കു മനസ്സിലായി. വാരികകളിലെ നോവലുകള്‍ മാത്രമല്ല; ജീവിതവും ചിലപ്പോള്‍ പൈങ്കിളിക്കഥകള്‍പോലെയാവാറുണ്ടെടോ.’’

കാര്‍ത്തികേയന്‍ സാര്‍ തന്‍റെ പേഴ്സ് എടുത്ത് അതില്‍ തിരുകിവെച്ചിരുന്ന ഒരു ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോ എനിക്കു കാണിച്ചുതന്നു. ചുരുണ്ടമുടിയുള്ള ഒരു സുന്ദരനും വാലിട്ടു കണ്ണെഴുതിയ ഒരു സുന്ദരിയും.

‘‘വിവാഹത്തിന്‍റെ പിറ്റേന്ന് എടുത്ത ഫോട്ടോയാണ്.’’

ഫോട്ടോ പേഴ്സില്‍ത്തന്നെ തിരിച്ചുവെച്ച് കാര്‍ത്തികേയൻ സാര്‍ തുടര്‍ന്നു.

‘‘എന്താ എന്‍റെ കത്തുകള്‍ക്കൊന്നും മറുപടി അയയ്ക്കാതിരുന്നത്?’’ ആദ്യരാത്രിയില്‍ അവള്‍ ചോദിച്ചു. ഞാനതിന് മറുപടി പറഞ്ഞില്ല. ആ കത്തുകളൊന്നും ഞാന്‍ വായിച്ചിട്ടില്ല എന്ന് ആദ്യരാത്രിയില്‍ത്തന്നെ ഭാര്യയോടു പറയുന്നത് ചിതമാണോ? കാര്‍ത്തികേയന്‍ സാര്‍ ചിരിച്ചു.

പിന്നീട് എപ്പോഴെങ്കിലും അത് ലീലാവതിയമ്മയെ അറിയിച്ചിട്ടുണ്ടോ? കാര്‍ത്തികേയന്‍ സാറിനോട് ഞാന്‍ ചോദിച്ചില്ല. എങ്കില്‍ ഈ നോവല്‍ അല്ലെങ്കില്‍ ആത്മകഥ അച്ചടിച്ചുവരുമ്പോഴാവും അവര്‍ ആ സത്യം അറിയുന്നത്.

അവള്‍ക്ക് അത്യാഗ്രഹങ്ങളൊന്നുമുണ്ടായിരുന്നില്ല. കലയൂരിലെ ഈ പഴയ വീട്ടില്‍ത്തന്നെയായിരുന്നു ഞങ്ങള്‍ താമസിച്ചത്. പിന്നീട് ശ്രീജയും പ്രീജയും വലുതായപ്പോഴാണ് ഈ വീട് പുതുക്കിപ്പണിതത്. വീടിന്‍റെ പ്ലാനുണ്ടാക്കിയതും പണിക്കു മേല്‍നോട്ടം വഹിച്ചതുമൊക്കെ അവളായിരുന്നു. എനിക്കതിലൊന്നും ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. ഈ വീടു പണിതത് ഒരു പ്രത്യേക സന്ദര്‍ഭത്തിലായിരുന്നു. അതിന്‍റെ കഥ പിന്നെപ്പറയാം. അതുവരെ ലോഡ്ജില്‍നിന്ന് ലോഡ്ജിലേക്കുള്ള ഓട്ടമായിരുന്നു എന്‍റെ ജീവിതം.

ലോഡ്ജില്‍നിന്ന് ലോഡ്ജിലേക്കുള്ള ഓട്ടം എന്ന് ഞാന്‍ ആലങ്കാരികമായി പറഞ്ഞതല്ല. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകള്‍. എന്താണ് കാരണമെന്നൊന്നുമറിയില്ല. ‘ശാരിക’ക്കു പുറമേ ‘മനോമയ’മടക്കം നിരവധി വാരികകള്‍ വരാന്‍ തുടങ്ങി. അവയില്‍ പലതിന്‍റെയും പേരുകള്‍ ‘മ’ എന്നു വെച്ചു തുടങ്ങിയതുകൊണ്ട് ‘മ വാരികകള്‍’ എന്നാണ് അവ വിശേഷിപ്പിക്കപ്പെട്ടത്. ഓരോന്നിലും ഏഴും എട്ടും ഒമ്പതും വരെ നോവലുകള്‍. കോട്ടയത്തെ ലോഡ്ജുകളിലിരുന്ന് ആഴ്ചതോറും നോവലുകളുടെ അതത് അധ്യായങ്ങള്‍ എഴുതിക്കൊടുക്കുന്ന സമ്പ്രദായമൊക്കെ തുടങ്ങിയത് അന്നാണ്. അതിലേക്ക് പിന്നെ വരാം. ഇപ്പോള്‍ എനിക്ക് എന്‍റെ മറ്റൊരു നോവലിന്‍റെ കഥ പറയാനുണ്ട്.

സ്ഥിരമായി ഒരേ ലോഡ്ജില്‍ത്തന്നെയിരുന്ന് ഞാന്‍ എഴുതാറില്ല. പല നഗരങ്ങളിലെ പല ലോഡ്ജുകളില്‍ ഇരുന്ന് എഴുതുകയായിരുന്നു എന്‍റെ രീതി. കഥകളിലെ ആവര്‍ത്തനം ഒഴിവാക്കാനുള്ള ശ്രമമായിരുന്നു അതിന്‍റെ പിന്നില്‍. സ്ഥലവും ചുറ്റുപാടുകളും മാറിയാല്‍ അത് കഥയിലും പ്രതിഫലിക്കുമെന്ന് എനിക്ക് അനുഭവമുണ്ട്. അതുകൊണ്ട് ഓരോ നോവല്‍ എഴുതിത്തീരുമ്പോഴും പുതിയ സ്ഥലത്തേക്ക് ഞാന്‍ യാത്രചെയ്യും. ചിലപ്പോള്‍ ആ യാത്രയിലായിരിക്കും എനിക്ക് കഥ വീണുകിട്ടുക. മാത്രമല്ല ലോഡ്ജുകളിലെ ഇടുങ്ങിയ അന്തരീക്ഷത്തില്‍നിന്ന് ഒരു മോചനവുമായിരുന്നു എനിക്ക് അത്തരം യാത്രകള്‍. ഇടക്ക് വീട്ടില്‍ വരുന്നതും ലീലാവതിയെയും കുട്ടികളെയും കാണുന്നതും എനിക്ക് ഉന്മേഷം തരുമായിരുന്നു. രണ്ടോ മൂന്നോ ദിവസം; ഏറിയാല്‍ ഒരാഴ്ച. അതില്‍ക്കൂടുതല്‍ സമയം വീട്ടില്‍ താമസിക്കാന്‍ എനിക്ക് സാധിക്കാറില്ല.

 

യാത്രക്കിടയില്‍ ചിലപ്പോള്‍ ഞാന്‍ ആലോചിക്കും: ഇതുവരെ ഞാന്‍ എത്ര നോവലുകള്‍ എഴുതിയിട്ടുണ്ട്? വിരലുകളില്‍ എണ്ണം പിടിക്കും. പക്ഷേ, പലപ്പോഴും പേരുകള്‍പോലും എനിക്ക് ഓർമിച്ചെടുക്കാന്‍ കഴിയാറില്ല. എണ്ണം തെറ്റും. എവിടെയെങ്കിലും എഴുതിവെക്കണമെന്നു വിചാരിക്കും. എല്ലാ നോവലുകളും പുസ്തകരൂപത്തില്‍ വന്നിരുന്നില്ല. വന്നതിന്‍റെതന്നെ കോപ്പികളെല്ലാം എന്‍റെ കൈയില്‍ ഉണ്ടായിരുന്നതുമില്ല. കുട്ടികളെ നോക്കാനും വീടു പരിപാലിക്കാനുമുള്ള ബദ്ധപ്പാടിനിടയിലും ലീലാവതി പരമാവധി അതിനു ശ്രമിച്ചിരുന്നുവെങ്കിലും എല്ലാ നോവലുകളും ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. നോവലെഴുതിക്കഴിഞ്ഞ് വീട്ടിലെത്തി അടുത്ത ലോഡ്ജിലേക്ക് നീങ്ങുന്നതിനിടയില്‍ എന്‍റെ വിഴുപ്പുകള്‍ അലക്കുന്നതും പുതിയത് ഇസ്തിരിയിട്ട് പെട്ടിയില്‍ അടുക്കിവെച്ചുതരുന്നതുമൊക്കെ കാണുമ്പോള്‍ എനിക്ക് സങ്കടം വരും. ഞങ്ങളുടെ ദാമ്പത്യത്തില്‍ എനിക്കവളോടു നീതിപുലര്‍ത്താനായിട്ടില്ല എന്ന് എനിക്കെപ്പോഴും തോന്നും...

‘‘കാമുകിക്കും വേണ്ടേ നീതി? ഇതിനിടയില്‍ ജമന്തിയെ ഒരിക്കലെങ്കിലും ഓര്‍ത്തിട്ടില്ല എന്നുപറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല സര്‍.’’

ചായ കുടിച്ചുകഴിഞ്ഞ് കാര്‍ത്തികേയന്‍ സാര്‍ കസേരയിലേക്ക് ചാഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. ഉല്‍ക്കടമായ പ്രേമമില്ലെങ്കില്‍പ്പിന്നെ എന്തു ജനപ്രിയ നോവല്‍? പിണങ്ങുന്നതും വേര്‍പിരിയുന്നതും വീണ്ടും കണ്ടുമുട്ടുന്നതുമൊക്കെയല്ലേ അതിന്‍റെ രീതി?

‘‘ഒരിക്കല്‍പ്പോലും ഓർമിച്ചിട്ടില്ലെന്നു ഞാന്‍ പറഞ്ഞില്ലല്ലോ തലിയാര്‍ഖാന്‍. ഒന്നുമില്ലെങ്കിലും ഈ വീടിന് ഞാനിട്ട പേര് ജമന്തി എന്നല്ലേ?’’

കുറച്ചുനേരം ചിന്തയിലാണ്ടിരുന്ന് അദ്ദേഹം തുടര്‍ന്നു.

‘‘പക്ഷേ, ഒരുകാര്യം ഉറപ്പിച്ചുപറയാന്‍ കഴിയും. അവളെ മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ ഒന്നും എഴുതിയിട്ടില്ല. അതായത് അവളെ നായികയാക്കി ഒരു നോവലും ഞാന്‍ എഴുതിയിട്ടില്ല എന്നർഥം... പക്ഷേ, അതിനിടക്ക് ഒരു സംഭവമുണ്ടായി.’’

കാര്‍ത്തികേയന്‍ സാര്‍ കഥയിലേക്കുതന്നെ തിരിച്ചുപോയി.

ഒരിക്കല്‍ ഒരു പുതിയ നോവലെഴുതാന്‍ കട്ടപ്പനയിലെ ഒരു ലോഡ്ജിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ബസ് കയറുമ്പോഴേ കുറേശ്ശ മഴ ചാറുന്നുണ്ടായിരുന്നു. നേരിയ തണുപ്പു തോന്നി. ഒരു ഷാളെടുത്തു പുതച്ച് ഞാന്‍ ജനാലക്കടുത്തുള്ള സീറ്റില്‍ കൂനിക്കൂടിയിരുന്നു.

ഇത്തവണയും പതിവുപോലെ എന്‍റെ കൈയില്‍ അഞ്ചാറു ക്വയര്‍ കടലാസുണ്ട്. പക്ഷേ, അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ശൂന്യമായ ആ കടലാസുപോലെയായിരുന്നു എന്‍റെ മനസ്സും. അതില്‍ പുതുമയൊന്നുമില്ല. സാധാരണയായി കടലാസ് വാങ്ങുന്ന സമയത്തൊന്നും പുതിയ കഥ എന്‍റെ മനസ്സിലുണ്ടാവാറില്ല. ബസ് യാത്ര എനിക്ക് ഇഷ്ടമായിരുന്നു എന്നുപറഞ്ഞുവല്ലോ. യാത്രക്കിടെ എന്തെങ്കിലുമൊക്കെ വീണുകിട്ടും. ചിലപ്പോള്‍ അത് പുറത്തെ കാഴ്ചകളില്‍നിന്നാവും: ഒരു കുട്ടിയെ ഒക്കത്തുവെച്ച് ആരെയോ കാത്തുനില്‍ക്കുന്ന ഒരു യുവതി; അല്ലെങ്കില്‍ പരസ്പരം കൈകോര്‍ത്ത് നടന്നുപോവുന്ന വൃദ്ധദമ്പതികള്‍; അതുമല്ലെങ്കില്‍ വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുന്ന മൂന്ന് യുവാക്കള്‍. എന്തില്‍നിന്നുമാവാം. മറ്റു ചിലപ്പോള്‍ അത് കൂടെയുള്ള യാത്രക്കാരില്‍നിന്നും ആവാറുണ്ട്. അവരുടെ ആരുടെയെങ്കിലും ഒരു മുഖം, അല്ലെങ്കില്‍ ഒരു നോട്ടം. അതുമല്ലെങ്കില്‍ അവര്‍ അലക്ഷ്യമായി പറയുന്ന ഒരു വാചകം. അതു മതി എന്‍റെ മനസ്സില്‍ ഒരു നോവലിന്‍റെ വിത്തുപാകാന്‍.

പക്ഷേ, ഇത്തവണ അങ്ങനെയൊന്നും ഉണ്ടായില്ല. കോതമംഗലം കഴിഞ്ഞപ്പോള്‍ മഴക്ക് ശക്തികൂടി. അതോടെ ബസിന്‍റെ ജനാലകളെല്ലാം ടാര്‍പോളിന്‍കൊണ്ട് മൂടിയിട്ടു. അതുകൊണ്ട് പുറത്തെ കാഴ്ചകളൊന്നും കാണാന്‍ കഴിഞ്ഞില്ല. മഴയുണ്ടായിരുന്നതുകൊണ്ടാവാം ബസില്‍ യാത്രക്കാരും വളരെ കുറവായിരുന്നു. ഉള്ളവര്‍തന്നെ പാതിമയക്കത്തിലായിരുന്നു. ബസിനകത്ത് തികഞ്ഞ നിശ്ശബ്ദത. വിളക്കുകള്‍ തെളിയിച്ചിട്ടില്ലാത്തതിനാല്‍ ബസില്‍ ഏറക്കുറെ ഇരുട്ടായിരുന്നു. ശൂന്യമായ മനസ്സോടെയാണ് കട്ടപ്പനയിലെ ലോഡ്ജില്‍ ചെന്നിറങ്ങിയത്.

നോവല്‍ കൊടുക്കാന്‍ എനിക്ക് ഒരുമാസമാണ് ഉണ്ടായിരുന്നത്. ലോഡ്ജിലെത്തിക്കഴിഞ്ഞിട്ടും എനിക്ക് പ്ലോട്ടുകളൊന്നും വീണുകിട്ടിയില്ല. ഊണും ഉറക്കവുമൊക്കെ സാധാരണപോലെ നടന്നിരുന്നു. പക്ഷേ, കടലാസില്‍ ഒരക്ഷരംപോലും വീണില്ല. ആദ്യത്തെ എട്ടു ദിവസം അങ്ങനെ കഴിഞ്ഞു. ഒമ്പതാമത്തെ രാത്രി പക്ഷേ എനിക്ക് ഉറക്കം വന്നില്ല. ലോഡ്ജിലെ അടുത്തമുറിയില്‍നിന്ന് എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നു തോന്നി. അതില്‍ ഒന്ന് ഒരു സ്ത്രീയുടേതാണെന്നും തോന്നി. കാതോര്‍ത്തപ്പോള്‍ ഒന്നും തെളിഞ്ഞുകിട്ടിയതുമില്ല. പിറ്റേന്നു രാവിലെ കട്ടന്‍കാപ്പി മോന്തിക്കൊണ്ട് വരാന്തയിലെത്തി ആ മുറിയുടെ മുന്നില്‍ കുറച്ചുനേരം നിന്നു. കാതോര്‍ത്തു നോക്കിയെങ്കിലും അപ്പോള്‍ ആ മുറിയില്‍നിന്ന് ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ല. പക്ഷേ, ഏതോ ഒരു നിമിഷത്തില്‍ മുറിയുടെ വാതില്‍ പാതി തുറന്ന് ഒരു കൈ പുറത്തേക്ക് വന്നു. ചുവന്ന കുപ്പിവളകളിട്ട വെളുത്ത കൈത്തണ്ട. കൈയിലുണ്ടായിരുന്ന ഒഴിഞ്ഞ കപ്പുകള്‍ മുറിക്കു പുറത്തേക്കു വെച്ച് വാതില്‍ അടഞ്ഞു.

 

ആ കാഴ്ച വര്‍ഷങ്ങളോളം പിന്നിലേക്ക് എന്നെ കൊണ്ടുപോയി. ആ രാത്രി ഞാന്‍ ജമന്തിയുടെ വീട്ടിലേക്ക് കുതിച്ചുചെന്നപ്പോള്‍ വാതില്‍പ്പാളികള്‍ക്കിടയിലൂടെ കൈയിട്ട് എന്നോട് പൊയ്ക്കോളൂ എന്ന് മുദ്രകാട്ടിയ ആ കൈകള്‍. ആ കൈകളിലെ ചുവന്ന കുപ്പിവളകള്‍.

അത്ര മാത്രമേ ഞാന്‍ കണ്ടുള്ളൂ. അജ്ഞാതയായ യുവതിയുടെ ചുവന്ന വളകളിട്ട വലത്തെ കൈ. അതുമാത്രം. പിന്നെ പലവട്ടം ആ വാതില്‍ക്കല്‍ ഞാന്‍ ചുറ്റിപ്പറ്റിനിന്നുവെങ്കിലും ആ കൈകളുടെ ഉടമസ്ഥ എനിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടതേയില്ല. അങ്ങനെ നാലുദിവസംകൂടി കടന്നുപോയി. അഞ്ചാം ദിവസം ആ മുറിയിലുണ്ടായിരുന്നവര്‍ താമസം അവസാനിപ്പിച്ച് മടങ്ങിയെന്ന് വാതില്‍ക്കലുള്ള പൂട്ടു കണ്ടാണ് ഞാന്‍ അറിഞ്ഞത്.

എന്‍റെ മനസ്സില്‍ എന്തൊക്കെയോ തകിടംമറിഞ്ഞു. മുറിയിലേക്ക് തിരിച്ചുവന്ന് ഞാന്‍ എഴുത്തുതുടങ്ങി. എന്‍റെ ഏറ്റവും പ്രശസ്തമായ ‘മണവാട്ടി’ എന്ന നോവലായിരുന്നു അത്. അതിലെ നായികയുടെ പേരും ജമന്തി എന്നായിരുന്നില്ല. എല്‍സി എന്നായിരുന്നു അവളുടെ പേര്. വീട്ടിലെ ദാരിദ്ര്യം അവളെ കര്‍ത്താവിന്‍റെ മണവാട്ടിയാവാന്‍ നിര്‍ബന്ധിതയാക്കുന്നതും സഭാമന്ദിരത്തിലെ അനീതികളും അനാശാസ്യങ്ങളും കണ്ട് അവള്‍ തിരുവസ്ത്രം ഉപേക്ഷിക്കുന്നതും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ സ്വീകരിക്കപ്പെടാതെ പോയതും നിസ്സഹായയായി തെരുവിലേക്ക് ഇറങ്ങേണ്ടിവന്നതുമായ ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു അത്. പ്രസിദ്ധീകരിച്ചുവരുമ്പോഴേ പലയിടങ്ങളില്‍നിന്നും മുറുമുറുപ്പ് ഉയരുന്നുണ്ടായിരുന്നു. പക്ഷേ, അതെല്ലാം പതിയെ കെട്ടടങ്ങി. പിന്നെ അത് പുസ്തകരൂപത്തില്‍ വന്നു. സ്കൂള്‍ ലൈബ്രറിയിലേക്ക് വാങ്ങാവുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ ‘മണവാട്ടി’ ഇടംപിടിച്ചു. അതോടെയാണ് കോലാഹലമുണ്ടായത്. വലിയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുംമുമ്പ് പട്ടികയില്‍നിന്ന് പുസ്തകത്തിന്‍റെ പേര് സര്‍ക്കാര്‍ ഒഴിവാക്കി.

36 കൊല്ലം മുമ്പായിരുന്നു അത്. നോവലെഴുതുമ്പോഴൊക്കെ നായികയായ എല്‍സിക്ക് എന്‍റെ മനസ്സില്‍ പാതി തുറന്ന വാതിലിലൂടെ ഞാന്‍ കണ്ട ചുവന്ന വളകളിട്ട കൈയിന്‍റെ ഉടമസ്ഥയുടെ കാണാത്ത രൂപമായിരുന്നു. പക്ഷേ, ആ രൂപം ജമന്തിയുടേതായിരുന്നു. അതുകൊണ്ട് പുസ്തകത്തിന്‍റെ അഞ്ചാം പേജില്‍ ഞാന്‍ ഒരു സമര്‍പ്പണം എഴുതിച്ചേര്‍ത്തു:

‘ജമന്തിക്ക്’.

ആ സമര്‍പ്പണം ജമന്തി കാണുമെന്ന് എനിക്കൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അത്തരം ഒരുദ്ദേശ്യത്തോടെയല്ല അത് എഴുതിച്ചേര്‍ത്തതും. മനസ്സില്‍നിന്ന് എന്തൊക്കെയോ ഇറക്കിവെക്കാന്‍ വേണ്ടിയായിരുന്നു. അതെഴുതിച്ചേര്‍ക്കുമ്പോള്‍, അപ്പോള്‍ മാത്രം, ഞാന്‍ ആലോചിച്ചു: ജമന്തി ജീവിച്ചിരിപ്പുണ്ടോ? ഉണ്ടെങ്കില്‍ എവിടെയാവും അവള്‍? അവളിപ്പോഴും കവിതയെഴുതുന്നുണ്ടോ? ഞാന്‍ ഒരെഴുത്തുകാരനായത് അവളറിഞ്ഞിട്ടുണ്ടോ? എന്‍റെ നോവലുകള്‍ അവള്‍ വായിച്ചിട്ടുണ്ടാവുമോ?

ദുരന്തനായിക എല്‍സിയാണെങ്കിലും ചുവന്ന വളയിട്ട ആ കൈകളാണല്ലോ എന്നെ ‘മണവാട്ടി’യിലേക്ക് നയിച്ചത്. അതിന് ഞാന്‍ ജമന്തിയോടു കടപ്പെട്ടിരിക്കുന്നു.

ഞാന്‍ മനസ്സില്‍ പറഞ്ഞു: എനിക്കു മാപ്പുതരൂ ജമന്തീ. ‘മണവാട്ടി’ ഒരിക്കലും ഒരിക്കലും നിന്‍റെ കഥയാവാതിരിക്കട്ടെ.

എവിടെയാണെങ്കിലും നിനക്കു നല്ലതുമാത്രം വരട്ടെ.

ആ നോവല്‍ എന്‍റെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. അത് നല്ലതിനാണോ ചീത്തക്കാണോ എന്ന് ഇപ്പോഴും എനിക്കറിയില്ല.

(തുടരും)

News Summary - Malayalam novel