ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

പലായനം അകത്തേക്ക് പിടഞ്ഞെത്തി ഫോണ്‍ എടുത്തപ്പോഴേക്കും മണിയടി നിലച്ചിരുന്നു. എഡിറ്ററുടെ ഫോണായിരുന്നു. ഇന്ന് ഇത് എത്രാമത്തെ വിളിയാണ്? ഉടനെ തിരിച്ചുവിളിച്ചു. അല്ലെങ്കില്‍ അദ്ദേഹം വിളിച്ചുകൊണ്ടേയിരിക്കും. ‘‘സാര്‍, ഞാനല്‍പം തിരക്കിലാണ്. ഒരഞ്ചു മിനിറ്റു കഴിഞ്ഞിട്ട് തിരിച്ചുവിളിക്കാം. പോരേ?’’ എഡിറ്റര്‍ അവിടെയിരുന്ന് ഇവിടെ നടക്കുന്നതെല്ലാം അപ്പപ്പോള്‍ കാണുന്നുണ്ടോ എന്ന് സിറ്റൗട്ടിലേക്ക് നടക്കുമ്പോള്‍ ഞാന്‍ സംശയിച്ചു. ‘മനോമയ’ത്തില്‍നിന്നുള്ള ദൂതന്‍ ഇവിടെ എത്തിയത് അദ്ദേഹം അറിഞ്ഞിട്ടുണ്ടോ? സിറ്റൗട്ടില്‍ ദൂതന്‍ നിന്ന നിൽപില്‍ത്തന്നെയായിരുന്നു. രണ്ടിലൊന്നറിഞ്ഞിട്ടേ പോവൂ എന്ന...
Your Subscription Supports Independent Journalism
View Plansപലായനം
അകത്തേക്ക് പിടഞ്ഞെത്തി ഫോണ്‍ എടുത്തപ്പോഴേക്കും മണിയടി നിലച്ചിരുന്നു. എഡിറ്ററുടെ ഫോണായിരുന്നു. ഇന്ന് ഇത് എത്രാമത്തെ വിളിയാണ്? ഉടനെ തിരിച്ചുവിളിച്ചു. അല്ലെങ്കില്‍ അദ്ദേഹം വിളിച്ചുകൊണ്ടേയിരിക്കും.
‘‘സാര്‍, ഞാനല്‍പം തിരക്കിലാണ്. ഒരഞ്ചു മിനിറ്റു കഴിഞ്ഞിട്ട് തിരിച്ചുവിളിക്കാം. പോരേ?’’
എഡിറ്റര്‍ അവിടെയിരുന്ന് ഇവിടെ നടക്കുന്നതെല്ലാം അപ്പപ്പോള്‍ കാണുന്നുണ്ടോ എന്ന് സിറ്റൗട്ടിലേക്ക് നടക്കുമ്പോള്‍ ഞാന്‍ സംശയിച്ചു. ‘മനോമയ’ത്തില്‍നിന്നുള്ള ദൂതന്‍ ഇവിടെ എത്തിയത് അദ്ദേഹം അറിഞ്ഞിട്ടുണ്ടോ?
സിറ്റൗട്ടില്‍ ദൂതന്‍ നിന്ന നിൽപില്‍ത്തന്നെയായിരുന്നു. രണ്ടിലൊന്നറിഞ്ഞിട്ടേ പോവൂ എന്ന ഭാവത്തിലാണ് അയാള്‍ എന്നു തോന്നി.
‘‘നോവല്‍ എഴുതിത്തീര്‍ന്നിട്ടില്ല,’’ ഞാന്‍ പറഞ്ഞു. ‘‘പകുതിപോലുമായിട്ടില്ല.’’
‘‘അതുപറയാന്‍ നിങ്ങളാരാണ്?’’
‘‘നോവല്‍ കേട്ടെഴുതുന്ന ആളാണ് ഞാന്‍. കഷ്ടിച്ച് ഏഴ് അധ്യായങ്ങള്‍ തീര്‍ന്നിട്ടേയുള്ളൂ.’’
‘‘ഏഴ് അധ്യായമോ? ഒരു മാസംകൊണ്ടോ?’’
‘‘അതെ. എല്ലാ ദിവസവും എഴുത്തു നടക്കുന്നില്ല. അതുകൊണ്ടാണ്.’’
ഇങ്ങനെയെല്ലാം പറയുന്നതിനിടക്കും ഞാനെന്തിനാണ് ഇങ്ങനെ കുറ്റവാളിയെപ്പോലെ സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് ഒരാത്മനിന്ദ തോന്നി. അല്ലെങ്കില്‍ എന്തിനാണ് ഇയാളോട് ഇതെല്ലാം ബോധിപ്പിക്കാന്‍ ഒരുമ്പെടുന്നത്?
‘‘കാര്‍ത്തികേയന്‍ സാറിനെ കണ്ടിട്ടേ തിരിച്ചുവരാവൂ എന്നാണ് പത്രാധിപര്‍ സാര്‍ എന്നോടു പറഞ്ഞിരിക്കുന്നത്,’’ അയാള്‍ അറിയിച്ചു.
അത് ഏതായാലും അനുവദിച്ചുകൊടുക്കാന്‍ പറ്റില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു.
‘‘സാറിനെ ഇപ്പോള്‍ കാണാന്‍ പറ്റില്ല,’’ ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.
എന്തുകൊണ്ട് എന്ന് അയാള്‍ ചോദിച്ചില്ല. എന്‍റെ മുഖത്തേക്ക് ഒന്നു തുറിച്ചുനോക്കി. പിന്നെ അല്‍പനേരം എന്തോ ചിന്തിച്ചുകൊണ്ടുനിന്നു.
‘‘എന്നാല്‍ എന്‍റെ സാറിനോട് ഒന്നു സംസാരിക്കാമോ?’’
അയാള്‍ ഫോണില്‍ നമ്പര്‍ ഡയല്‍ ചെയ്തതും കേട്ടെഴുത്തുകാരനു കൊടുക്കാം എന്നു പറഞ്ഞ് എന്‍റെ കൈയില്‍ തന്നതും എല്ലാം വളരെ പെട്ടെന്നു കഴിഞ്ഞു. എനിക്ക് എന്തെങ്കിലും ആലോചിക്കാന്‍പോലും സമയം കിട്ടിയില്ല.
‘‘കാര്‍ത്തികേയന്‍ സാറിനു തീരെ സുഖമില്ലാതിരിക്കുകയാണ്,’’ അപരിചിതനായ പത്രാധിപരോട് ഞാന്‍ പറഞ്ഞു. ‘‘പരിപൂർണവിശ്രമം വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. അതിനിടയില്‍ ആരെയും കാണുകയില്ല. സുഖപ്പെട്ടാല്‍ ഉടനെ ഞാന്‍ തിരിച്ചുവിളിപ്പിക്കാം.’’
എന്തൊക്കെയാണ് ഞാന്‍ പറയുന്നതെന്ന് എനിക്കുതന്നെ നിശ്ചയമുണ്ടായിരുന്നില്ല. പത്രാധിപര്‍ എല്ലാം സശ്രദ്ധം കേട്ടു. ഒടുവില്‍ കേട്ടെഴുത്തിന്‍റെ ഏറ്റവും ഒടുവിലത്തെ സ്ഥിതി അറിയിച്ചപ്പൊഴേ ‘മനോമയം’ പത്രാധിപര്‍ക്ക് കുറച്ചെങ്കിലും തൃപ്തിയായുള്ളൂ.
‘‘കാന്‍ യൂ ഗിവ് മീ ആന്‍ എക്സ്പെക്ടഡ് ഡെയ്റ്റ്?’’ അദ്ദേഹം അന്വേഷിച്ചു. ‘‘സേ, ടൂ വീക്സ് ഓര്‍ എ മന്ത്?’’
‘‘രണ്ടുമാസംകൂടി വേണ്ടിവരും,’’ സമയം കുറച്ച് കൂട്ടിത്തന്നെ പറയുകയാണ് നല്ലതെന്ന് എനിക്കു തോന്നി.
‘‘ദാറ്റ്സ് ഫൈന്‍,’’ പത്രാധിപര്‍ പറഞ്ഞു. ‘‘പരസ്യം കൊടുത്തുതുടങ്ങാനാണ്. ടൂ മന്ത്സ് ഈസ് എ സഫിഷ്യന്‍റ് മാര്‍ജിന്‍. ഐ തിങ്ക് വി കുഡ് സ്റ്റാര്‍ട്ട് ദ ആഡ് റൈറ്റ് നൗ.’’
അപ്പോള്‍ എന്തുപറയണമെന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല. ഞാന്‍ വീണ്ടും വാക്കുകള്‍ക്കുവേണ്ടി തപ്പി.
‘‘രണ്ടാഴ്ചകൂടി കഴിഞ്ഞോട്ടെ സര്‍,’’ എന്‍റെ ശബ്ദത്തില്‍ വിറയലുണ്ടായിരുന്നു എന്നു തീര്‍ച്ച. ‘‘കാര്‍ത്തികേയന്‍ സാറിന്‍റെ ആരോഗ്യം ഇടക്കിടെ മോശമാവുന്നുണ്ട്. എല്ലാ ദിവസവും എഴുത്തു നടക്കുന്നില്ല. അതുകൊണ്ടാണ്. ഇപ്പോള്‍ സംസാരിക്കാനുള്ള സ്ഥിതിയിലല്ല അദ്ദേഹം.’’
‘‘ഔഖേയ്, ഔഖേയ്.’’
കാര്‍ത്തികേയന്‍ സാറിന്‍റെ ദേഷ്യത്തെപ്പറ്റി പത്രാധിപര്‍ക്ക് അറിവുള്ളതുകൊണ്ടാവണം അദ്ദേഹം സാറിന് ഫോണ്‍ കൊടുക്കണം എന്നു ശാഠ്യം പിടിച്ചില്ല. ഫോണ്‍ ദൂതനുതന്നെ തിരിച്ചുകൊടുക്കാന്‍ പറഞ്ഞു. തിരിച്ചുപോരാനുള്ള നിറദേശം കിട്ടിയപ്പോള്‍ ദൂതന്‍ അടങ്ങി.
‘‘നമുക്കിനിയും കാണാം,’’ എനിക്കു കൈ തന്ന് അയാള്‍ യാത്ര പറഞ്ഞു. ‘‘രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വരണമെന്നാണ് പത്രാധിപര്‍ പറഞ്ഞിട്ടുള്ളത്.’’
ഗേറ്റിലെത്തിയ അയാള്‍ വീണ്ടും തിരിച്ച് എന്‍റെ അടുത്തേക്കുതന്നെ എത്തി.
‘‘ഒരു കാര്യം,’’ സ്വന്തം ഫോണ്‍ ഉയര്‍ത്തിക്കാട്ടി അയാള്‍ ചോദിച്ചു. ‘‘ഇതിലേക്ക് ഒരു മിസ്ഡ് കോള്‍ തരാമോ? ഇടക്ക് ഒന്നു വിളിച്ച് അന്വേഷിക്കാമല്ലോ.’’
‘‘ഇല്ല... ഞാന്‍ അങ്ങനെ എല്ലാവര്‍ക്കും ഫോണ്‍ നമ്പര്‍ കൊടുക്കാറില്ല.’’ അപ്പോള്‍ അങ്ങനെ പറയാനാണ് തോന്നിയത്.
അയാള്‍ എന്നെ സംശയത്തോടെ ഒന്നു നോക്കിയശേഷം തിരിച്ചു നടന്നു.
അകത്തേക്ക് തിരിച്ചെത്തിയ എനിക്ക് ഇതിനിടയില്‍ എന്തെല്ലാമാണ് സംഭവിച്ചതെന്ന ബോധംപോലും നഷ്ടപ്പെട്ടിരുന്നു.
കാര്‍ത്തികേയന്‍ സാര്‍ നോവലിന്‍റെ കൈയെഴുത്തു പ്രതി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ‘മനോമയ’ത്തിന്‍റെ ദൂതന്‍ വന്നതും പോയതും എഡിറ്ററുടെ ഫോണ്‍ വന്നതും ഒന്നും അദ്ദേഹം അറിഞ്ഞിട്ടില്ല.
‘‘താന്‍ സത്യം പറയണം,’’ എന്‍റെ നേരെ തിരിഞ്ഞ് അദ്ദേഹം തുടര്‍ന്നു. ‘‘എന്‍റെ ഈ നോവല്‍ നന്നാവുന്നുണ്ടോ?’’
‘‘അത് വായനക്കാരല്ലേ തീരുമാനിക്കേണ്ടത് സാര്‍,’’ ഞാന്‍ ഒഴിഞ്ഞുമാറി.
ഇപ്പോഴത്തെ വാരികകളൊന്നും കാണാറില്ലെന്നും പുതിയ നോവലുകളെപ്പറ്റിയൊന്നും ഒരു വിവരവുമില്ലെന്നും സാര്‍ പറഞ്ഞിരുന്നു. ‘നാളീകം’ കിട്ടിയില്ലെങ്കിലും ‘ശാരിക’യുടെ ഏതാനും ലക്കങ്ങള്‍ ഞാന്‍ സാറിന് മിനിയാന്നു തന്നെ എത്തിച്ചിരുന്നു. ‘മനോമയ’ത്തിന്‍റെ കോപ്പികള്‍ അവര്‍തന്നെ എത്തിച്ചുകൊടുത്തിരുന്നുവല്ലോ.
‘‘താന്‍ പറഞ്ഞതു ശരിയാണ്,’’
ഇന്നലെ രാവിലെ ഞാന്‍ കയറിച്ചെല്ലുമ്പോള്‍ അദ്ദേഹം സിറ്റൗട്ടില്‍ എന്നെ കാത്ത് ഇരിക്കുകയായിരുന്നു. ‘‘എഴുത്തിന്‍റെ രീതിയൊക്കെ നല്ലവണ്ണം മാറിയിട്ടുണ്ട്,’’ കൈയിലെ ‘ശാരിക’ ഉയര്‍ത്തിക്കാട്ടി അദ്ദേഹം തുടര്‍ന്നു. ‘‘പഴയ മട്ടിലുള്ള പ്രേമകഥകളൊന്നും ഇപ്പോള്‍ ആരും എഴുതുന്നില്ല അല്ലേ?’’
കാര്‍ത്തികേയന്‍ സാറിന് എഴുത്തില്‍ ഒരു ബ്ലോക് വന്നിട്ടുണ്ടെന്ന് എനിക്ക് ആദ്യത്തെ ദിവസം തോന്നിയിരുന്നു. ഇപ്പോള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന വാരികകള്‍ ഒന്നു മറിച്ചുനോക്കിയാല്‍ അതു തീരാന്‍ സാധ്യതയുണ്ട്. മിനിയാന്ന് കലയൂര്‍ ഹെല്‍ത്ത് സെന്‍ററിനടുത്തുള്ള സോമേട്ടന്‍റെ പെട്ടിക്കടയിലേക്ക് ചെന്നു.
‘‘ശാരിക മൂന്നോ നാലോ ലക്കം കാണും,’’ സോമേട്ടന്‍ പറഞ്ഞു. ‘‘നാളീകം ഇപ്പോള്‍ വരുത്താറില്ല. അത് കൃത്യമായി കിട്ടാത്തതുകൊണ്ട് ഞാന്‍ നിര്‍ത്തി. നോവലുകളൊക്കെ തുടര്‍ച്ചയായി കിട്ടണം. ഒരു ലക്കം മുടങ്ങിയാല്‍ മതി, വായനക്കാര്‍ വിടും.’’
‘ശാരിക’യുടെ പഴയ അഞ്ചു ലക്കങ്ങള്‍ കിട്ടി.
കാര്‍ത്തികേയന്‍ സാര്‍ ആശങ്കപ്പെട്ടതില്‍ അത്ഭുതമൊന്നുമില്ല. മുപ്പത്തിമൂന്നു വര്‍ഷമായി അദ്ദേഹം ഒന്നും എഴുതിയിട്ടില്ലെന്നു മാത്രമല്ല; വാരികകള്‍ കാര്യമായി ഒന്നും വായിച്ചിട്ടുമില്ല. ‘ജമന്തിപ്പൂക്കള്‍’ പറഞ്ഞുതരുമ്പോള്‍ തുടക്കത്തില്‍ വലിയ തോതില്‍ തട്ടും തടവുമുണ്ടായിരുന്നു. ഇടക്കിടെ അദ്ദേഹം ചിന്തയില്‍ ആണ്ടുപോവുകയും ചെയ്തിരുന്നു. അര മണിക്കൂറോ ഒരു മണിക്കൂറോ ഒക്കെ ഇടവേളയും പതിവുണ്ട്. ക്രമേണ അതെല്ലാം മാറിയിരുന്നു. എന്നാലും എഴുത്തു തീര്‍ന്നിട്ട് എല്ലാം ഒന്നുകൂടി മിനുക്കിയെടുക്കണം. അതോടെ ‘ജമന്തിപ്പൂക്കള്‍’ സൗരഭ്യം പൊഴിക്കും എന്നുതന്നെയാണ് എന്‍റെ പ്രതീക്ഷ.
എന്നാലും തുടക്കത്തില്‍ത്തന്നെയുള്ള സംശയം എനിക്കിപ്പോഴും മാറിയിട്ടില്ല: കാര്‍ത്തികേയന്‍ സാറിന്‍റെ നോവലിനുവേണ്ടി ഇപ്പോള്‍ ആരെങ്കിലും കാത്തിരിക്കുന്നുണ്ടാവുമോ? ഇപ്പോഴത്തെ വരിക്കാരില്‍ എത്ര പേര്‍ അദ്ദേഹത്തിന്‍റെ നോവലുകള്‍ വായിച്ചിട്ടുണ്ടാവും? കൈയാലെ തേടിപ്പിടിച്ച് കൊണ്ടുവന്ന് നോവലെഴുതിക്കാന്‍ മാത്രം ജനപ്രിയനായ എഴുത്തുകാരനാണോ കാര്‍ത്തികേയന്‍ സാര്‍?
‘‘എല്ലാവരും എന്നെ മറന്നുകഴിഞ്ഞു എന്ന് ഉറപ്പിച്ചതായിരുന്നു.’’ ചിന്തയില്‍നിന്ന് പാതിയുണര്‍ന്ന് അദ്ദേഹം പറഞ്ഞു. ‘‘അപ്പോഴാണ് പുതിയ ഒരു നോവല്‍ എഴുതിത്തരാമോ എന്നു ചോദിച്ചുകൊണ്ട് ‘മനോമയ’ത്തില്‍നിന്ന് വിളിവരുന്നത്. എനിക്കാദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല. പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതാണ്. പക്ഷേ കാര്യമുണ്ടായില്ല.’’
അദ്ദേഹം വീണ്ടും ചിന്തയിലേക്ക് വീണുപോയി.
‘‘നമുക്ക് എഴുത്തു തുടര്‍ന്നാലോ സര്‍?’’
‘‘ആട്ടെ. നമ്മള്‍ എവിടെയാണ് നിര്‍ത്തിയത്?’’
‘‘രാധാദേവീപുരത്തുനിന്ന് വണ്ടി കയറിയതേയുള്ളൂ.’’
‘‘അതെ; ഇപ്പോള്‍ ഓർമ വന്നു,’’ കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞു. ‘‘എന്‍റെ ജീവിതത്തില്‍ എല്ലാം യാദൃച്ഛികതകളാണ്.’’
എവിടേക്കുള്ള വണ്ടിയാണെന്നുപോലും നോക്കാതെ കയറിയതാണല്ലോ. മംഗലാപുരത്തേക്കുള്ള തീവണ്ടിയായിരുന്നു അത്. പെട്ടിപ്പുറത്തിരുന്ന് ഞാനല്‍പം മയങ്ങിയിരുന്നു. കോഴിക്കോട്ടെത്തിയപ്പോള്‍ ഞാന്‍ സമയം നോക്കി: പുലര്‍ച്ചെ നാലുമണി. വണ്ടി അവിടെനിന്നെടുക്കാന്‍ പിന്നെയും വൈകിയപ്പോള്‍ പെട്ടിയെടുത്ത് ഞാന്‍ പുറത്തിറങ്ങി. എന്തിനാണെന്ന് എനിക്കുതന്നെ അറിയില്ല. പുറത്തിറങ്ങി ഒരു ചായ കുടിച്ചു. അപ്പോള്‍ അതുവഴി മാനന്തവാടിക്കുള്ള ഒരു ബസ് വന്നു. ഞാനതില്‍ കയറിയിരുന്നു. അതും എന്തിനാണെന്ന് എനിക്കു മനസ്സിലായില്ല.
ബസ് മാനന്തവാടി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ രാവിലെ ഏഴു മണി കഴിഞ്ഞിരുന്നു. എല്ലാവരും ഇറങ്ങിപ്പോയപ്പോഴും ഞാന്‍ ബസില്‍ത്തന്നെയിരുന്നു. ഒടുവില്‍ ഡ്രൈവര്‍ വന്ന് മാനന്തവാടി എത്തിയെന്നും ഇറങ്ങണമെന്നും പറഞ്ഞപ്പോഴാണ് ഞാന്‍ സീറ്റില്‍നിന്ന് എഴുന്നേറ്റത്.
പ്രത്യേകിച്ച് എന്തു ചെയ്യണമെന്നോ എവിടേക്ക് പോകണമെന്നോ നിശ്ചയമില്ലാതെ ഞാന്‍ ബസ് സ്റ്റാന്‍ഡില്‍ത്തന്നെ നിന്നു. ആരും എന്നെ ശ്രദ്ധിക്കുന്നില്ല. ഇത് കലയൂര്‍ അല്ലല്ലോ. ബാക്കിയായ ഉറക്കം എന്‍റെ സിരകളെ വല്ലാതെ തളര്‍ത്തിയിരുന്നു. തലേന്നത്തെ അനുഭവവും ആവാം അതിനു കാരണം. ഒരു ചുടുചായ കുടിക്കണമെന്നു തോന്നി. ബസ് സ്റ്റാന്‍ഡിന്‍റെ അടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ കയറി.
തല്‍ക്കാലത്തേക്ക് എവിടെയെങ്കിലും താമസമാക്കി ഇവിടെത്തന്നെ എന്തെങ്കിലും ജോലി അന്വേഷിക്കണം, ചായ കുടിക്കുമ്പോള്‍ ഞാന്‍ തീരുമാനിച്ചു. ഏതെങ്കിലും ചെറിയ ലോഡ്ജില്‍ മുറിയെടുക്കാം.
ഹോട്ടലിന്‍റെ അടുത്തുതന്നെ ഒരു ലോഡ്ജില്‍ മുറി കിട്ടി. അത്യാവശ്യം നിന്നുതിരിയാനുള്ള ഇടമേ മുറിയിലുണ്ടായിരുന്നുള്ളൂ. കട്ടിലും ചെറിയ ഒരു മേശയും കസേരയുമുണ്ട്. അതൊക്കെ എനിക്കു ധാരാളമായിരുന്നു.
വീട്, ജമന്തി, നോവല്‍.
വീട്ടിലേക്ക് ഇനിയും എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോവാം. അവിടെ അമ്മയുണ്ട്.
ജമന്തിയുടെ കാര്യം അതല്ല. പകുതി തുറന്ന വാതിലിനിടയിലൂടെ നീണ്ടുവന്ന ആ കൈകള്‍ വലിയ ഒരു തിരസ്കാരമാണ്. അതിനുള്ള കാരണം എനിക്ക് മനസ്സിലാവുന്നില്ല. അവള്‍ ആരെയാണ് സ്നേഹിക്കുന്നത്? ദാമു പറഞ്ഞത് ശരിയാവുമോ?

ജമന്തിയിലേക്ക് ഏതായാലും തിരിച്ചുപോക്കില്ല. അവളെ എനിക്കിനി കാണണ്ട.
പിന്നെ നോവല്‍. അത് ആരോ എടുത്തുകൊണ്ടുപോയി എന്നത് ദാമുവിന്‍റെ കള്ളക്കഥയല്ലേ? അതിപ്പോഴും അവന്‍റെ കൈയിലുണ്ട് എന്ന് ഞാന്‍ ഉറച്ചുവിശ്വസിച്ചു.
നോവലിന്‍റെ കൈയെഴുത്തുപ്രതി നഷ്ടപ്പെട്ടുവെങ്കിലും എന്‍റെ തലച്ചോറില്‍ അതിലെ ഓരോ വാചകവും കല്ലിൽ കൊത്തിവെച്ചപോലെ കിടപ്പുണ്ട്. അന്നു രാത്രി ഞാന്‍ കടലാസും പേനയുമെടുത്ത് മനസ്സില്‍നിന്ന് അതു പകര്‍ത്തിയെഴുതാന്‍ തുടങ്ങി. അത് എന്നോടുതന്നെ ഞാന്‍ നടത്തിയ പന്തയമായിരുന്നു. മൂന്നു രാത്രികളും നാലു പകലുകളും കഴിഞ്ഞതോടെ അതു പൂര്‍ത്തിയായി.
‘ജമന്തിപ്പൂക്കള്‍’ എവിടെയെങ്കിലും പ്രസിദ്ധീകരിക്കുന്ന കാര്യമാണ് പിന്നെ ഞാന്‍ ആലോചിച്ചത്. അതിനുമുമ്പ് എല്ലാം ഒന്നു മിനുക്കണമെന്നും എനിക്കു തോന്നി. പിന്നീടുള്ള ഒരാഴ്ച ഞാന്‍ അതിനുവേണ്ടി നീക്കിവെച്ചു.
‘ശാരിക’ക്കു പുറമേ അക്കാലത്ത് മറ്റൊരു പ്രസിദ്ധീകരണമാണ് ഉണ്ടായിരുന്നത്: ‘ദേശധ്വനി’. ‘ശാരിക’ വാരികയുടെ രൂപത്തിലാണെങ്കില്‍ ‘ദേശധ്വനി’ പത്രത്തിന്‍റെ രൂപത്തിലായിരുന്നു. എന്നാല്‍, അതിന്‍റെ ഞായറാഴ്ചപ്പതിപ്പില്‍ നോവലുകള്‍ ഖണ്ഡശഃയായി പ്രസിദ്ധീകരിക്കാറുണ്ട്. എന്നാലും ‘ശാരിക’യില്‍ വരുന്നതായിരുന്നു എനിക്കു കൂടുതല്‍ താല്‍പര്യം. ഞാന്‍ ‘ശാരിക’യുടെ ഓഫീസിലേക്ക് തിരിച്ചു.
എനിക്ക് ചായയും ബിസ്കറ്റും വരുത്തിത്തന്ന് എഡിറ്റര്‍ നോവലിലൂടെ കടന്നുപോയി. അദ്ദേഹത്തിന്‍റെ മുഖത്തു തെളിയുന്ന ഭാവങ്ങള്‍ ശ്രദ്ധിച്ച് ഞാന്‍ ആകാംക്ഷയോടെ ഇരുന്നു. നോവല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.
‘‘മിസ്റ്റര്‍ കാര്‍ത്തികേയന്‍,’’ വായിച്ചു തീര്‍ന്നപ്പോള്‍ എഡിറ്റര്‍ പറഞ്ഞു. ‘‘നിങ്ങളുടെ നോവല്‍ വളരെ നന്നായിട്ടുണ്ട്. എന്നാല്‍, ഇത് ഞങ്ങളുടെ വായനക്കാര്‍ സ്വീകരിക്കുമോ എന്ന് എനിക്കുറപ്പില്ല. ഇത്തരം നോവലുകളുടെ വായനക്കാരല്ല ഞങ്ങളുടെ വാരികക്കുള്ളത് എന്ന് നിങ്ങള്‍ക്കറിയാമല്ലോ. അതുകൊണ്ട് നിങ്ങള്‍ക്ക് രണ്ടിലൊന്നു ചെയ്യാവുന്നതാണ്. ഒന്ന്: ഇത് ഒന്നു മാറ്റിയെഴുതി ഞങ്ങളുടെ വായനക്കാര്‍ക്കു കൂടി സ്വീകാര്യമാകുന്ന തരത്തിലാക്കുക. രണ്ട്: അതിനു നിങ്ങള്‍ക്കു വിഷമമുണ്ടെങ്കില്‍ മുഖ്യധാരയിലുള്ള ഏതെങ്കിലും വാരികക്ക് കൊടുത്തുനോക്കുക. ഏതു വേണമെന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ മതി.’’
മാറ്റിയെഴുതുന്നത് തല്‍ക്കാലം എനിക്ക് ആലോചിക്കാന്‍ പറ്റുമായിരുന്നില്ല. നോവല്‍ മടക്കിവാങ്ങി എഴുന്നേറ്റപ്പോള്‍ എഡിറ്റര്‍ തുടര്‍ന്നു.
‘‘നല്ലവണ്ണം ആലോചിച്ചു തീരുമാനിച്ചാല്‍ മതി. നിങ്ങളെ ഇങ്ങനെ മടക്കി അയക്കാന്‍ എനിക്കു സത്യത്തില്‍ സങ്കടമുണ്ട്. എനിക്ക് അത്രയും ഇഷ്ടപ്പെട്ടു ഈ നോവല്‍. മാത്രമല്ല നിങ്ങള്‍ ഞങ്ങളുടെ വാരികയുമായി സഹകരിക്കണം എന്ന ഒരപേക്ഷയുമുണ്ട്.’’
‘ശാരിക’യില്‍ അപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന നീണ്ടകഥ അവസാനത്തോടടുക്കുകയാണെന്ന് എഡിറ്റര്‍ പറഞ്ഞു.
‘‘പുതിയത് എന്തെങ്കിലും എഴുതുന്നുണ്ടെങ്കില്‍ ഞങ്ങളെ ഓര്‍ക്കണം,’’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറുപടിയൊന്നും പറയാതെ ഞാന്‍ നേരെ ‘ദേശധ്വനി’യുടെ ഓഫീസിലേക്ക് തിരിച്ചു. അത് ‘ശാരിക’യുടെ ഓഫീസില്‍നിന്ന് അധികം ദൂരെയായിരുന്നില്ല.
കാര്യമുണ്ടായില്ല. പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുത്തുവെച്ച മൂന്നു നോവലുകള്‍ ഉണ്ടെന്നും ഇത് സ്വീകരിച്ചാല്‍ത്തന്നെ പ്രസിദ്ധീകരണം തുടങ്ങാന്‍ കുറച്ചു താമസമുണ്ടാവുമെന്നും പത്രാധിപര്‍ അറിയിച്ചു. ഞാന്‍ കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ലോഡ്ജിലേക്ക് മടങ്ങി.
ജനപ്രിയവാരികകള്‍ എന്ന ഗണത്തില്‍പ്പെട്ട രണ്ടേ രണ്ടു പ്രസിദ്ധീകരണങ്ങളേ അന്നുണ്ടായിരുന്നുള്ളൂവെങ്കില്‍ മുഖ്യധാരയില്‍പ്പെട്ട വാരിക എന്നുപറയാന്‍ ഒരൊറ്റയെണ്ണമേ ഉണ്ടായിരുന്നുള്ളൂ: ‘കലാക്ഷേത്രം’. അവരുടെ നിലവാരത്തിലേക്ക് എന്‍റെ നോവല്‍ എത്തില്ല എന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും ഭാഗ്യം പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.
നോവല്‍ വാങ്ങിവെച്ച് വൈകാതെ വിവരം അറിയിക്കാമെന്ന് ‘കലാക്ഷേത്രം’ പത്രാധിപര്‍ പറഞ്ഞു. ഓരോ ദിവസവും ഞാന്‍ അവിടെനിന്ന് വിവരമറിയിക്കുന്ന കത്തും കാത്തിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും ഒരറിയിപ്പും കിട്ടാതെ വന്നപ്പോള്‍ ‘ജമന്തിപ്പൂക്കളു’ടെ ജാതകം തീരുമാനമായി എന്ന് എനിക്കുറപ്പായി. പ്രസിദ്ധീകരിക്കുന്നില്ലെങ്കില്‍ നോവല്‍ തിരിച്ചുതരണം എന്ന് ഞാനവര്‍ക്ക് എഴുതി. അതിന് അവര്‍ മറുപടിപോലും അയച്ചില്ല.
‘ശാരിക’യുടെ എഡിറ്റര്‍ തന്നിരുന്ന വാഗ്ദാനം അപ്പോഴും എന്‍റെ മനസ്സിലുണ്ടായിരുന്നു. എത്ര പേര്‍ എഴുതുന്നുണ്ട്? എന്തുകൊണ്ട് എനിക്കും ഒരു നോവല്‍ എഴുതിക്കൂടാ? എനിക്കതിനു കഴിയും എന്നാണല്ലോ എഡിറ്റര്‍ പറഞ്ഞത്...
‘‘സര്‍, അക്കാലത്തെ പ്രധാനപ്പെട്ട എഴുത്തുകാര്‍ ആരൊക്കെയായിരുന്നു?’’
‘‘ഓ, താന്‍ ഒരു ഗവേഷകനാണല്ലോ,’’ കാര്‍ത്തികേയന്‍ സാര്‍ ചിരിച്ചു. ‘‘ഞാനതു മറന്നുപോയി. ഒരുകാര്യം ചെയ്യാം. തല്‍ക്കാലം ഗവേഷണം അവിടെ നില്‍ക്കട്ടെ. അതൊക്കെ നമുക്കു പിന്നീടാവാം. ഇതൊന്നു പറഞ്ഞുതീര്‍ന്നോട്ടെ.’’
ഞാന്‍ ലോഡ്ജിലിരുന്ന് പുതിയ ഒരു നോവലെഴുതാന്‍ തുടങ്ങി.
ജമന്തി എന്നെ തിരസ്കരിച്ചതിന്‍റെ കാലുഷ്യം തീര്‍ക്കാന്‍കൂടിയായിരുന്നു അത്. മനസ്സിന്‍റെ അശാന്തിക്കും ഒരു ശമനമായി എനിക്ക് അത് അനുഭവപ്പെട്ടു. ‘ഈറ്റുനോവ്’ എന്നു പേരിട്ട ആ നോവലുമായി ഞാന്‍ വീണ്ടും ‘ശാരിക’യുടെ ഓഫീസിലെത്തി.
പുതിയ എഴുത്തുകാരന്‍റെ നോവല്‍ വലിയ പ്രാധാന്യത്തോടെയാണ് ‘ശാരിക’ പ്രസിദ്ധീകരിച്ചത്. ഒന്നോ രണ്ടോ മാസങ്ങള്‍ കഴിഞ്ഞ് വാരികയുടെ പ്രചാരം വർധിച്ചുവരുന്നുണ്ട് എന്ന് എനിക്കു വിവരം കിട്ടിയിരുന്നു. ആ വിവരം ‘ദേശധ്വനി’ക്കും കിട്ടിക്കാണണം. അടുത്തു പ്രസിദ്ധീകരിക്കാന്‍ എന്‍റെ ഒരു നോവല്‍ ആവശ്യപ്പെട്ടുകൊണ്ട് അവര്‍ എനിക്കു കത്തെഴുതി. അവരുടെ കത്തു വരുന്നതിനു മുമ്പുതന്നെ ഞാന്‍ പുതിയ ഒരു നോവല്‍ എഴുതിത്തുടങ്ങിയിരുന്നു. ‘ശാരിക’യുടെ വായനക്കാരില്‍നിന്നു കിട്ടിക്കൊണ്ടിരുന്ന കത്തുകളായിരുന്നു പ്രചോദനമായത്.
ആദ്യത്തെ നോവലിന് ‘ശാരിക’ ലക്കത്തിന് 25 രൂപ എന്ന നിരക്കിലാണ് പ്രതിഫലം തന്നത്. ‘ദേശധ്വനി’ അത് 30 രൂപയാക്കി. ഇവര്‍ക്കുള്ളത്ര പ്രചാരമൊന്നുമില്ലെങ്കിലും ചില ചെറുകിട മാസികകളും ഉണ്ടായിരുന്നു. അവര്‍ക്കും നോവലുകള്‍ ആവശ്യമായി വന്നു. അതോടെ മാസത്തില്‍ ഇരുനൂറ്റമ്പത്-മുന്നൂറു രൂപയൊക്കെ എനിക്കു കിട്ടിത്തുടങ്ങി. അറുപതുകളില്‍ അതത്ര മോശപ്പെട്ട തുകയല്ല. വലിയ മുട്ടൊന്നുമില്ലാതെ ജീവിച്ചുപോവുന്നതിനു പുറമെ അമ്മക്ക് വല്ലതുമൊക്കെ അയച്ചുകൊടുക്കാനും എനിക്കായി.
പ്രസിദ്ധീകരണങ്ങള്‍ മാത്രമല്ല, ചെറുകിട പ്രസാധകരില്‍ ചിലരും നോവലിന്‍റെ ആവശ്യക്കാരായി എന്നെ സമീപിച്ചു. ലളിതമായി വായിച്ചുപോകാവുന്ന നോവലുകളായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്. നൂറ്-നൂറ്റിയിരുപതു പേജൊക്കെ മതി നോവലിന്. വില ഒരു രൂപ; ഏറിയാല്‍ ഒന്നര. അതിനിടക്ക് ഒരു വാരിക മാസം തോറും ഒരു സമ്പൂര്‍ണ നോവല്‍ ഇറക്കാന്‍ തുടങ്ങി. രണ്ടു നോവലുകള്‍ ഞാന്‍ അവര്‍ക്കു വേണ്ടിയും എഴുതി. ചുരുക്കത്തില്‍ രാവും പകലും എഴുത്തുതന്നെയാക്കി. അതോടെ കുറച്ചുകൂടി സൗകര്യമുള്ള ഒരു ലോഡ്ജിലേക്ക് താമസം മാറ്റി.
ഉപജീവനം എഴുത്തുവഴി മതി എന്ന് ഞാന്‍ അന്തിമമായി തീരുമാനിച്ചു.
മാസാമാസം ഞാന്‍ അയക്കാറുണ്ടായിരുന്ന തുക കിട്ടുമ്പോള്‍ അമ്മ മറുപടിയായി കത്തെഴുതും. കത്തില്‍ കലയൂരിലെ വിശേഷങ്ങളുണ്ടാവും.
ഒരു കത്തില്‍ അമ്മ എഴുതി:
‘‘ഒരു വിശേഷമുണ്ട്: ജമന്തിയെ പെണ്ണു കാണാന്‍ ആരോ വരുന്നുണ്ടെന്നു കേട്ടു. വടക്കുനിന്നാണത്രേ. കൂടുതല്‍ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.’’

ഞാന്‍ അപ്പോഴേക്കും ജമന്തിയെ മറന്നുപോയിരുന്നു എന്നു പറഞ്ഞാല്‍ അതു തെറ്റാവും. പക്ഷേ എന്നെ കൊളുത്തിവലിച്ചിരുന്ന ദുഃഖത്തില്‍നിന്ന് ഞാന്‍ ഏറക്കുറെ മുക്തനായിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് ആ വാര്‍ത്ത എന്നില്‍ കാര്യമായ ഒരു ചലനവും ഉണ്ടാക്കിയില്ല.
പക്ഷേ, എനിക്ക് മറ്റൊന്ന് ഓർമവന്നു. ജമന്തിപ്പൂക്കള്‍ എന്ന എന്‍റെ നോവല്‍. ‘കലാക്ഷേത്രം’ അപ്പോഴും അത് എനിക്ക് തിരിച്ചു തന്നിരുന്നില്ല. ആറേഴു മാസം കടന്നുപോയിരുന്നു. ഞാന്‍ പിറ്റേന്നുതന്നെ ‘കലാക്ഷേത്ര’ത്തിന്‍റെ ഓഫീസിലേക്ക് തിരിച്ചു.
അവിടെ ചെന്നപ്പോഴാണ്; അവര്‍ അങ്ങനെയൊരു നോവലിന്‍റെ പേരുപോലും കേള്‍ക്കാത്തതു പോലെ.
‘‘നോവലിന്‍റെ കോപ്പി നിങ്ങള്‍ സൂക്ഷിച്ചുവെക്കേണ്ടതല്ലേ?’’ ‘കലാക്ഷേത്രം’ പത്രാധിപര്‍ എന്നെ കുറ്റപ്പെടുത്തുന്നതുപോലെയാണ് സംസാരിച്ചത്.
‘‘ഇവിടെ നൂറു കണക്കിനു മാനുസ്ക്രിപ്റ്റുകള്‍ വരും. അതെല്ലാം സൂക്ഷിച്ചുവെക്കാന്‍ ഞങ്ങള്‍ക്കാവുമോ? ഞങ്ങള്‍ എപ്പോഴും പറയാറുള്ളതാണ് നോവലിന്‍റെ കോപ്പി മാത്രമേ ഇവിടേക്ക് അയച്ചുതരാവൂ എന്ന്. ഒറിജിനല്‍ എപ്പോഴും നിങ്ങള്‍ കയ്യില്‍ വെക്കണം.’’
‘ജമന്തിപ്പൂക്കള്‍’ എന്ന നോവല്‍ ഇത് രണ്ടാം പ്രാവശ്യമാണ് എനിക്കു നഷ്ടമാവുന്നത്. അതോടെ അത് എനിക്കുള്ളതല്ല എന്ന് എനിക്കുറപ്പായി. ആ വഴി എനിക്കു പറഞ്ഞിട്ടുള്ളതല്ല. എന്‍റെ വഴി ജനപ്രിയനോവലുകളാണ് എന്ന് ഞാന്‍ അന്നത്തോടെ തീരുമാനിച്ചു.
ലോഡ്ജിലേക്ക് തിരിച്ചെത്തിയ എന്നെ ഒരു കത്ത് കാത്തുകിടപ്പുണ്ടായിരുന്നു. അമ്മയുടേതാണ്. കത്തിന്‍റെ അവസാനം ഇങ്ങനെയായിരുന്നു.
‘‘പിന്നെ ഇവിടത്തെ വിശേഷങ്ങള്‍: ജമന്തിയുടെ വിവാഹം നിശ്ചയിച്ചു. വരന്‍ ആരാണെന്നോ എവിടെയുള്ളതാണെന്നോ ഞാന്‍ അന്വേഷിച്ചില്ല.’’
ഞാന്‍ ആ കത്ത് കീറിപ്പറിച്ച് ചവറ്റുകുട്ടയിലിട്ടു. നോവലെഴുത്തിനിടെ വെട്ടും തിരുത്തുംകൊണ്ട് അലങ്കോലപ്പെട്ട കടലാസുകള്‍ക്കു മീതെ ആ കത്ത് ചെന്നുവീണു.
