Begin typing your search above and press return to search.
proflie-avatar
Login

ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ
cancel

തിരസ്കാരം ‘ജമന്തിപ്പൂക്കളു’ടെ ഏഴാമത്തെ അധ്യായത്തിന്‍റെ പണിയിലായിരുന്നു ഞങ്ങള്‍. കഴിഞ്ഞ നാല് അധ്യായങ്ങള്‍ തീവ്രമായ ഒരു പ്രേമകഥയുടെ എല്ലാ ലക്ഷണങ്ങളും ഉള്ളതായിരുന്നു. ബോംബെ യാത്ര വേണ്ടെന്നുവെക്കാന്‍ തക്കവണ്ണം കാര്‍ത്തികേയനും ജമന്തിയും തമ്മിലുള്ള പ്രേമത്തിന് ഇഴയടുപ്പം കൈവന്നിരുന്നു. എന്നാലും തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ദാമു കാര്‍ത്തികേയന് വലിയ ഒരു പ്രതിബന്ധംതന്നെയായിരുന്നു. ദാമുവിന്‍റെ പ്രേമകവിതകള്‍ ജമന്തിയെ വല്ലാതെ ഭ്രമിപ്പിക്കുന്നുണ്ടെന്ന സംശയം കാര്‍ത്തികേയനെ പരിഭ്രാന്തനാക്കി. ദാമു തന്നേക്കാള്‍ സുന്ദരനാണെന്ന അറിവും അയാളുടെ മനസ്സിനെ മഥിച്ചു. അവസരം കിട്ടുമ്പോഴൊക്കെ അയാള്‍...

Your Subscription Supports Independent Journalism

View Plans

തിരസ്കാരം

‘ജമന്തിപ്പൂക്കളു’ടെ ഏഴാമത്തെ അധ്യായത്തിന്‍റെ പണിയിലായിരുന്നു ഞങ്ങള്‍.

കഴിഞ്ഞ നാല് അധ്യായങ്ങള്‍ തീവ്രമായ ഒരു പ്രേമകഥയുടെ എല്ലാ ലക്ഷണങ്ങളും ഉള്ളതായിരുന്നു. ബോംബെ യാത്ര വേണ്ടെന്നുവെക്കാന്‍ തക്കവണ്ണം കാര്‍ത്തികേയനും ജമന്തിയും തമ്മിലുള്ള പ്രേമത്തിന് ഇഴയടുപ്പം കൈവന്നിരുന്നു. എന്നാലും തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ദാമു കാര്‍ത്തികേയന് വലിയ ഒരു പ്രതിബന്ധംതന്നെയായിരുന്നു. ദാമുവിന്‍റെ പ്രേമകവിതകള്‍ ജമന്തിയെ വല്ലാതെ ഭ്രമിപ്പിക്കുന്നുണ്ടെന്ന സംശയം കാര്‍ത്തികേയനെ പരിഭ്രാന്തനാക്കി. ദാമു തന്നേക്കാള്‍ സുന്ദരനാണെന്ന അറിവും അയാളുടെ മനസ്സിനെ മഥിച്ചു. അവസരം കിട്ടുമ്പോഴൊക്കെ അയാള്‍ ദാമുവിനെ ചെറുതാക്കാന്‍ ശ്രമിച്ചു.

‘‘പൂച്ചക്കണ്ണാണ് അവന്‍റെ,’’ കാര്‍ത്തികേയന്‍ ഒരിക്കല്‍ അവളോടു പറഞ്ഞു.

‘‘അങ്ങനെ പറയരുത്,’’ ജമന്തി പറഞ്ഞു. ‘‘വെള്ളാരങ്കണ്ണ് എന്നാണ് പറയേണ്ടത്. എനിക്കിഷ്ടമാണ് വെള്ളാരങ്കണ്ണ്.’’

കാര്‍ത്തികേയനെ ദേഷ്യം പിടിപ്പിക്കാന്‍ അതുമതിയായിരുന്നു.

കഥ പറഞ്ഞുതരുമ്പോള്‍ കാര്‍ത്തികേയന്‍ സാര്‍ പലപ്പോഴും പ്രക്ഷുബ്ധനായിരുന്നു. ശതാഭിഷേകം കഴിഞ്ഞ എഴുത്തുകാരന്‍ അധികസമയവും ഇരുപതുകാരന്‍റെ ചാപല്യങ്ങള്‍ കാണിക്കുന്നത് എനിക്ക് കൗതുകമുണ്ടാക്കി. കാര്‍ത്തികേയനും ദാമുവും തമ്മിലുള്ള പ്രണയയുദ്ധം കഥയും കവിതയും തമ്മിലുള്ള യുദ്ധംപോലെ എനിക്ക് അനുഭവപ്പെട്ടു. എങ്ങനെയും ജമന്തിയെ സ്വന്തമാക്കാനുള്ള ആഗ്രഹം കാര്‍ത്തികേയനെ ഉന്മാദത്തോളം എത്തിച്ചിരുന്നു.

രാത്രികളിലായിരുന്നു അവരുടെ കണ്ടുമുട്ടലുകള്‍ അധികവും നടന്നിരുന്നത്. കലയൂര്‍പ്പുഴയെയും നിലാവിനെയും സാക്ഷിയാക്കി അവര്‍ പരസ്പരം മുഴുകിയിരിക്കുന്ന രംഗങ്ങള്‍ നോവലില്‍ പലവട്ടം ആവര്‍ത്തിക്കപ്പെട്ടു. പഴയ മലയാളം സിനിമകളിലെ രംഗങ്ങള്‍പോലെയാണ് എനിക്കവ അനുഭവപ്പെട്ടത്.

എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു. എങ്ങനെയാണ് ആ കാമുകീകാമുകന്മാര്‍ ഇത്രയും നിര്‍ബാധം കണ്ടുമുട്ടിയിരുന്നത്? അറുപതുകളില്‍ പെണ്‍കുട്ടികള്‍ ഇത്രമാത്രം സ്വാതന്ത്ര്യം അനുഭവിച്ചിരുന്നുവോ? അതോ ഇത് എഴുത്തുകാരന്‍റെ മോഹപ്രകടനം മാത്രമാണോ?

എങ്ങനെയായാലും ആ നാല് അധ്യായങ്ങള്‍ ‘ശാരിക’യുടെ വായനക്കാരെ ആകര്‍ഷിക്കാന്‍ തക്കവണ്ണം കെട്ടുറപ്പുള്ളതാണ്. പൂർണ രൂപത്തില്‍ എഴുതിക്കിട്ടിയാല്‍ ദൗത്യം സഫലമാവുമെന്ന് ഉറപ്പുതോന്നുന്നുണ്ട് ഇപ്പോള്‍.

ഏഴാമത്തെ അധ്യായം ഇങ്ങനെ തുടങ്ങി:

സന്ധ്യ കഴിഞ്ഞിരുന്നു. കറുത്തപക്ഷത്തിലെ ഇരുട്ടത്രയും ആവാഹിച്ചെടുത്ത് കലയൂര്‍പ്പുഴ ഒഴുകുകയാണ്.

പുഴയുടെ തീരത്ത് ജമന്തിയെ കാത്തുകൊണ്ടുള്ള ഈ ഇരിപ്പു തുടങ്ങിയിട്ട് എത്ര നേരമായി എന്ന് എനിക്കുതന്നെ നിശ്ചയമില്ല. അവള്‍ ഇനിയും വന്നില്ലല്ലോ എന്ന ആധി എന്‍റെ മനസ്സിനെയും ഇരുട്ടു പുതപ്പിച്ചു.

ഇന്ന് എങ്ങനെയും അവള്‍ വരേണ്ടതാണ്. ഞാന്‍ ബോംബെക്കു പോവുന്ന ദിവസമാണ്. ജമന്തിയോടു യാത്രപറയാതെ എനിക്ക് ഇറങ്ങാനാവില്ല. എന്നുമെന്നപോലെ കണ്ടുമുട്ടിയിരുന്ന ഞങ്ങള്‍ക്കിടയില്‍ നീണ്ട ഒരിടവേളക്ക് തുടക്കം കുറിക്കുകയാണ് ഇന്ന്.

കലയൂര്‍പ്പുഴയെ സാക്ഷിയാക്കി ഞങ്ങള്‍ താല്‍ക്കാലികമായി വേര്‍പിരിയുകയാണ്.

അടുത്തൊന്നും ഇനി അവളെ കാണാനാവില്ല.

കാത്തിരിക്കാം എന്ന് അവള്‍ പറഞ്ഞിട്ടുണ്ട്. എത്ര കാലത്തേക്ക് എന്നു ഞാന്‍ ചോദിച്ചു. ആയുസ്സ് ഒടുങ്ങും വരെ എന്നാണ് അവള്‍ മറുപടി പറഞ്ഞത്. ആ മറുപടിതന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചതും.

പോവുന്നതിനുമുമ്പ് ജമന്തിയുടെ വീട്ടില്‍ച്ചെന്ന് അവളുടെ അമ്മയെ കണ്ട് കാര്യങ്ങള്‍ പറയണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പക്ഷേ, അവള്‍ സമ്മതിച്ചില്ല. വീട്ടിലേക്ക് ചെല്ലാനുള്ള സമയമായിട്ടില്ല എന്നായിരുന്നു അവളുടെ ഉത്തരം.

അവള്‍ തികച്ചും പ്രായോഗികമതിയാണ്. ആരോട് എപ്പോള്‍ എങ്ങനെയൊക്കെ പെരുമാറണമെന്ന് അവള്‍ക്കു തിട്ടമുണ്ട്. കലയൂര്‍പ്പുഴയെ സാക്ഷിയാക്കാം എന്നതും അവളുടെ തീരുമാനമായിരുന്നു. രണ്ടാം സാക്ഷിയായി അസ്തമയസൂര്യനും ഉണ്ടാവുമല്ലോ.

എന്നിട്ടിപ്പോള്‍ സൂര്യന്‍ അസ്തമിച്ചിരിക്കുന്നു. കലയൂര്‍പ്പുഴയാവട്ടെ കറുത്ത കംബളം പുതച്ച് ഉറങ്ങാനൊരുങ്ങുകയാണ്.

എന്നാലും എന്താണ് അവള്‍ ഇത്രക്ക് വൈകുന്നത്?

ദാമുവിന്‍റെ ‘ജമന്തിപ്പൂക്കള്‍’ എന്ന ഖണ്ഡകാവ്യത്തിലെ രണ്ടാമത്തെ ഖണ്ഡമാണ് എനിക്ക് ഓർമ വന്നത്. കലയൂര്‍പ്പുഴയുടെ തീരത്ത് ഇതുപോലെ ഒരു കാത്തിരിപ്പുണ്ട്. പക്ഷേ, കാത്തിരിക്കുന്നത് കാമുകിയാണെന്ന വ്യത്യാസമുണ്ട്. നേരം ഇരുട്ടിയിട്ടും കാമുകന്‍ വരുന്നില്ല.

കാമുകി വിലപിക്കുന്നു:

പ്രാണനായകാ, മാമകസൂര്യന്‍

മാമലയ്ക്കുള്ളില്‍ മാഞ്ഞുപോയ്

താവകരൂപം കാണുവാന്‍ വേണ്ടി

മോഹമാര്‍ന്നിരിപ്പാണു ഞാന്‍.

കല്ലോലിനിയിരുണ്ടുപോയ്, രാത്രി

വന്നുചേരുവാന്‍ താമസ-

മില്ല, മാമകചിത്തത്തിന്‍ മിടി-

പ്പങ്ങു കേള്‍ക്കുന്നതില്ലെന്നോ?

ഈ വരികളോടെയാണ് ആ ലക്കം അവസാനിക്കുന്നത്. കാമുകന്‍ വന്നുവോ ഇല്ലയോ എന്നറിയാന്‍ അടുത്ത ലക്കം വരെ കാത്തിരിക്കേണ്ടിവരും.

എന്‍റെ നോവലും ഈ ലക്കത്തില്‍ത്തന്നെ തുടങ്ങേണ്ടതായിരുന്നു. പക്ഷേ അത് കൊടുത്തിരുന്നില്ല. കാരണം ചോദിച്ചപ്പോള്‍ ദാമു പറഞ്ഞു:

‘‘എന്‍റെ കവിത കഴിയട്ടെ. എന്നിട്ടു തുടങ്ങാം നിന്‍റെ നോവല്‍.’’

ഞാന്‍ എതിര്‍ത്തിട്ടും ഖണ്ഡകാവ്യത്തിന്‍റെ പേരു മാറ്റാന്‍ അവന്‍ തയാറായില്ല. ‘ജമന്തിപ്പൂക്കള്‍’ എന്നു തന്നെയായിരുന്നു അതിന്‍റെ പേര്.

ഖണ്ഡകാവ്യത്തോടൊപ്പം ജമന്തിയുടെ കവിതയുമുണ്ടായിരുന്നു. മാസികയില്‍ ഇംഗ്ലീഷ് കവിത വേണ്ട എന്നു ഞാന്‍ പറഞ്ഞിട്ടും അവന്‍ അത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് എന്നോടുള്ള വെല്ലുവിളിപോലെയായിരുന്നു. ഖണ്ഡകാവ്യത്തിനു തൊട്ടടുത്തായിട്ടാണ് അതു കൊടുത്തിരുന്നത്. മാസികയിലെങ്കിലും അവര്‍ രണ്ടുപേരും തൊട്ടുരുമ്മി ഇരിക്കുന്നതായി എനിക്കു തോന്നി. അതെന്നെ കൂടുതല്‍ പ്രകോപിപ്പിച്ചു. പോരാത്തതിന് ആ ലക്കത്തിലെ എല്ലാ ചിത്രങ്ങളും ജമന്തി വരച്ചതായിരുന്നു. ചുരുക്കത്തില്‍ ആ ലക്കം ഒരു ദാമു-ജമന്തി പ്രകടനമായിരുന്നു. ‘പൂമൊട്ടുകളി’ല്‍ ദാമു തന്‍റെ ആധിപത്യം പൂർണമായി സ്ഥാപിച്ചുകഴിഞ്ഞതായി ഞാന്‍ തിരിച്ചറിഞ്ഞു.

എന്‍റെ നോവല്‍ മുഴുവന്‍ രൂപത്തില്‍ എഴുതിക്കഴിഞ്ഞിരുന്നു. ബോംബെയാത്രക്കുള്ള തയാറെടുപ്പിന്‍റെ ഭാഗമായി ഞാന്‍ അത് ദാമുവിനു കൊടുത്തതുമാണ്. എന്നിട്ടും ‘ഉടന്‍ പ്രസിദ്ധീകരണം തുടങ്ങുന്നു’ എന്ന പഴയ പരസ്യം വീണ്ടും കൊടുക്കുകയാണ് അവന്‍ ചെയ്തത്. അതിലും ‘കലയൂര്‍ കാര്‍ത്തികേയന്‍റെ നോവല്‍’ എന്നല്ലാതെ നോവലിന്‍റെ പേരു പറഞ്ഞിരുന്നില്ല. ചോദിച്ചപ്പോള്‍ അവന്‍ എന്തൊക്കെയോ മുട്ടുന്യായങ്ങള്‍ നിരത്തി.

അതിന്‍റെ പേരില്‍ ഞാന്‍ അന്ന് അവനോടു വഴക്കിട്ടു. എന്നാല്‍ ‘പൂമൊട്ടുകള’ല്ല; ജമന്തിയായിരുന്നു എന്‍റെ വിഷയം. അത് അവനും മനസ്സിലായിക്കാണണം. ജമന്തിയോട് അവന്‍ വേണ്ടതിലധികം സ്വാതന്ത്ര്യം എടുക്കുന്നുണ്ട്. അത് അവസാനിപ്പിക്കണം. അവള്‍ എന്‍റേതാണ്.

എന്‍റെ താക്കീതുകള്‍ക്ക് മറുപടിയായുള്ള അവന്‍റെ ചിരി എന്നെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചു. ‘പൂമൊട്ടുകള്‍’ മറയാക്കി അവന്‍ അവളോട് അടുക്കാന്‍ ശ്രമിക്കുകയാണ്.

പക്ഷേ, ഞാന്‍ നിസ്സഹായനായിരുന്നു. ബോംബെക്കു പോവാന്‍ തീരുമാനിച്ചതോടെ കൈയെഴുത്തു മാസികയില്‍ ഇനി ശ്രദ്ധിക്കാനാവില്ലെന്ന് എനിക്കറിയാമായിരുന്നു. ‘പൂമൊട്ടുകള്‍’ അല്ല ജീവിതം എന്ന് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. ജീവിതത്തില്‍ ജമന്തി എന്‍റെയാണല്ലോ. അവിടെ അന്തിമവിജയം കാര്‍ത്തികേയന്‍റെയാണ്; ദാമുവിന്‍റെയല്ല.

പെട്ടെന്ന് എനിക്ക് ഓർമ വന്നു. ദാമു ഇന്ന് വീട്ടില്‍ വരാം എന്നു പറഞ്ഞിട്ടുണ്ടല്ലോ.

‘‘പോവുന്നതിനുമുമ്പ് എനിക്കു നിന്നെ കാണണം,’’ മിനിയാന്ന് അവന്‍ പറഞ്ഞു. ‘‘ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്.’’

ദാമു വീട്ടില്‍ എത്തിക്കാണുമോ?

ഞാന്‍ വാച്ചില്‍ നോക്കി. എഴു മണിക്ക് ഇനി അഞ്ചു മിനിറ്റ്.

ഇത്രയും വൈകാന്‍ മാത്രം ജമന്തിക്കെന്തു പറ്റി?

പിന്നെയും കുറച്ചുകൂടി കാത്തിരുന്നുവെങ്കിലും സമയം കഴിയുംതോറും അവളിനി വരില്ലെന്ന് എനിക്കു തീര്‍ച്ചയായി. എന്തെങ്കിലും പ്രതിബന്ധം ഉണ്ടായിക്കാണണം. അല്ലെങ്കില്‍ അവള്‍ വരാതിരിക്കില്ല.

ഇപ്പോള്‍ തികച്ചും ഇരുട്ടിക്കഴിഞ്ഞിരിക്കുന്നു. ഇനി അവളെ ഇവിടെ കാത്തിരിക്കുന്നതില്‍ അർഥമില്ല. വീട്ടിലേക്കു മടങ്ങാന്‍ തോന്നിയില്ല. ജമന്തിയെ കാണാതെ യാത്രയാവുന്ന കാര്യം എനിക്ക് ആലോചിക്കാന്‍ പോലുമാവുന്നില്ല.

അവളുടെ വിലക്ക് ലംഘിക്കുകതന്നെ. മുണ്ടില്‍ പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ തട്ടിക്കുടഞ്ഞ് ഞാന്‍ എഴുന്നേറ്റു.

വഴിവിളക്കുകളില്ലാത്ത ഒരിടവഴിയിലാണ് ജമന്തിയുടെ വീട്. നാട്ടുവെളിച്ചം പോലുമില്ലാത്ത ഊടുവഴി. കഷ്ടിച്ച് ഒരാള്‍ക്കുമാത്രം നടക്കാനാവുന്നത്ര ഇടുങ്ങിയ വഴിയാണ്. വഴിയുടെ രണ്ടു വശത്തുനിന്നും മുള്ളുചെടികള്‍ എന്നെ കോറിവലിക്കുന്നുണ്ട്. എന്നാലും എനിക്ക് അതൊന്നും ഒരു പ്രതിബന്ധമായിരുന്നില്ല.

ആദ്യത്തെ കാഴ്ചയില്‍ ജമന്തിയുടെ വീട് ഇരുട്ടില്‍ പുതഞ്ഞുകിടക്കുകയാണെന്നു തോന്നി. മുളംപടികള്‍ കവച്ചുവെച്ച് മുറ്റത്തേക്കെത്തിയപ്പോള്‍ ഇറയത്തെ തിണ്ണയില്‍ മുനിഞ്ഞുകത്തുന്ന ചെറിയൊരു നിലവിളക്കു കണ്ടു. സന്ധ്യാദീപം കൊളുത്തിയതാവണം.

ഞാന്‍ ജമന്തിയെ ഉറക്കെ വിളിച്ചു.

അകത്തുനിന്ന് മറുപടിയുണ്ടായില്ല. വീണ്ടും വീണ്ടും വിളിച്ചപ്പോഴും പ്രതികരണമൊന്നുമുണ്ടായില്ല.

ഇറയത്തേക്കു കയറി വാതിലില്‍ മുട്ടിയാലോ എന്ന് ആലോചിക്കുമ്പോള്‍ പൊടുന്നനെ വാതില്‍ ആരോ വലിച്ചുതുറന്നു. ജമന്തിയുടെ അമ്മയാണ്.

‘‘അവള്‍ ഇവിടെയില്ല,’’ കനത്ത ശബ്ദത്തില്‍ അവര്‍ പറഞ്ഞു. ‘‘കാര്‍ത്തികേയന്‍ ഇനി ഇവിടെ നില്‍ക്കരുത്.’’

അതിന് ഒരു താക്കീതിന്‍റെ സ്വരമായിരുന്നു. അതും പറഞ്ഞ് അവര്‍ വാതില്‍ എനിക്കു മുന്നില്‍ കൊട്ടിയടച്ചു.

അതിന്‍റെ ആഘാതത്തില്‍ തരിച്ചുനിന്നുവെങ്കിലും ഞാനത് അനുസരിക്കാന്‍ തയാറല്ലായിരുന്നു. ജമന്തിയെ ഉച്ചത്തില്‍ വിളിച്ചുകൊണ്ട് ഞാന്‍ അവിടെത്തന്നെ നിന്നു. എന്‍റെ തൊണ്ടയിലെ വെള്ളം വറ്റി. ശബ്ദം കാറി.

ജമന്തി പക്ഷേ പുറത്തുവന്നില്ല.

എന്‍റെ തല പുകഞ്ഞുകൊണ്ടിരുന്നു. എനിക്ക് സ്വബോധം നഷ്ടപ്പെട്ടതുപോലെയായി. ഇറയത്തേക്ക് ചാടിക്കയറി വാതിലില്‍ തുടരത്തുടരെ ഇടിക്കാന്‍ തുടങ്ങി. ഒറ്റച്ചവിട്ടിന് പൊളിക്കാന്‍ വേണ്ടി കാലോങ്ങുമ്പോള്‍ പൊടുന്നനെ വാതില്‍ പകുതി തുറന്നു.

പുറത്തേക്കുവന്ന ഒരു കൈയാണ് കണ്ടത്. പൊയ്ക്കോളൂ എന്ന് ആംഗ്യം കാണിച്ച കൈ.

അരണ്ട വെളിച്ചത്തില്‍ എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞു: അത് ജമന്തിയുടെ കൈയായിരുന്നു. ആ കൈയിലെ കുപ്പിവളകളുടെ ചുവപ്പ് ഒരപായ ചിഹ്നംപോലെ എനിക്കു തോന്നി.

പിന്നാലെ വാതില്‍ വീണ്ടും അടയുകയും അകത്ത് സാക്ഷ വീഴുന്ന ശബ്ദം കേള്‍ക്കുകയും ചെയ്തു.

അതേസമയം തന്നെ തിണ്ണയില്‍ മുനിഞ്ഞുകത്തിക്കൊണ്ടിരുന്ന നിലവിളക്കിലെ തിരി കെട്ടു.

കൂരിരുട്ട്.

എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ഞാന്‍ നിന്നു. അപ്പോള്‍ അകത്തുനിന്ന് ഒരു പുരുഷന്‍റെ ശബ്ദം കേട്ടതുപോലെ തോന്നി.

അത് ദാമുവിന്‍റെ ശബ്ദമാണല്ലോ. അവനാണോ ജമന്തിയെ പിടിച്ചുവെച്ചിരിക്കുന്നത്?

പിന്നെയും കാതോര്‍ത്തുനിന്നുവെങ്കിലും തുടര്‍ന്ന് ഒന്നും കേട്ടില്ല.

ജമന്തിയോട് പുറത്തിറങ്ങിവരാന്‍ ഞാന്‍ വീണ്ടും വീണ്ടും ആവശ്യപ്പെട്ടു. പക്ഷേ അവള്‍ പുറത്തുവന്നതേയില്ല.

ഇരുട്ടില്‍ കുറെനേരം കാത്തുനിന്നതിനുശേഷം ആ സത്യം ഞാന്‍ ഉള്‍ക്കൊണ്ടു. ഞാന്‍ എന്നത്തേക്കുമായി നിഷ്കാസിതനായിരിക്കുന്നു. എല്ലാം അവസാനിച്ചിരിക്കുന്നു. ഇനി കാത്തുനിന്നിട്ടു കാര്യമില്ല.

തിരിച്ച് ഊടുവഴിയിലേക്ക് എത്തിയപ്പോള്‍ ഈ ഭൂമിയിലെ ഇരുട്ടു മുഴുവന്‍ അവിടെ നിറഞ്ഞുനില്‍ക്കുകയാണെന്നു തോന്നി. തപ്പിത്തടഞ്ഞ് ഞാന്‍ മുന്നോട്ടുനടന്നു. വശങ്ങളില്‍ നിന്നിരുന്ന ചില മുൾച്ചെടികളില്‍നിന്ന് വീണ്ടും എന്‍റെ ശരീരത്തിന് പോറലേറ്റു.

ഞാന്‍ തിരിച്ച് കടവിലേക്കുതന്നെ എത്തി. കടത്തുതോണി അക്കരേക്കു നീങ്ങിത്തുടങ്ങിയിരുന്നു. അവസാനത്തെ ഓട്ടമാണ്. ഞാന്‍ കടത്തുകാരനെ കൈകൊട്ടി വിളിച്ചു.

കടത്തുതോണിയില്‍ കലയൂര്‍ക്കു നീങ്ങുമ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി: അമലശ്ശേരി അകന്നകന്നു പോവുകയാണ്. അഥവാ ജമന്തിയോടു യാത്രപറയുകയാണ്.

എന്‍റെ ജീവിതത്തില്‍നിന്ന് അവള്‍ ഇറങ്ങിപ്പോയിരിക്കുന്നു.

കടവില്‍ തോണിയിറങ്ങി നിന്ന് ഞാന്‍ അക്കരേക്കു നോക്കി: അമലശ്ശേരി ഇരുണ്ടുപോയിരിക്കുന്നു.

‘‘എന്താണിത്ര താമസിച്ചത്?’’ വാതില്‍ തുറന്നുതന്ന അമ്മ ചോദിച്ചു.

ഒരു മറുചോദ്യംകൊണ്ടാണ് ഞാനതിനു മറുപടി പറഞ്ഞത്.

‘‘ദാമു ഇവിടെ വന്നിരുന്നോ അമ്മേ?’’

ഇല്ലെന്നു തലയാട്ടി അമ്മ തുടര്‍ന്നു. ‘‘എപ്പോഴാ നിന്‍റെ വണ്ടി?’’

ഒമ്പതരക്കാണ് ബോംബെക്കുള്ള കേരള എക്സ്പ്രസ്. അത് രാധാദേവീപുരത്തു നിര്‍ത്തില്ല. എട്ടരയുടെ പാസഞ്ചറില്‍ കേറിപ്പറ്റിയാലേ അഞ്ചു സ്റ്റേഷനുകള്‍ക്കപ്പുറമുള്ള ജങ്ഷനില്‍നിന്ന് ആ വണ്ടി കിട്ടൂ.

ഇപ്പോള്‍ സമയം എട്ടര കഴിഞ്ഞിരിക്കുന്നു. ഇനി ബോംബെ വണ്ടി കിട്ടില്ല.

എന്നാലും എനിക്കു പോണം. എവിടേക്കായാലും വേണ്ടില്ല; ഇന്നു രാത്രിതന്നെ കലയൂര്‍ വിടണം.

തിടുക്കത്തില്‍ അത്താഴം കഴിച്ചു. പിന്നാമ്പുറത്തു ചെന്ന് കൈകഴുകുമ്പോള്‍ മുറ്റത്ത് ഒരു കാല്‍പ്പെരുമാറ്റം കേട്ടതുപോലെ തോന്നി.

‘‘ഞാനാണ്; വാതില്‍ തുറക്ക്.’’

അത് ദാമുവിന്‍റെ ശബ്ദമായിരുന്നു. അവന്‍ ഇനി വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ നേരെ പൂമുഖത്തേക്കു ചെന്നു.

‘‘ഞാന്‍ വൈകി,’’ ദാമു നിന്നു കിതച്ചു.

‘‘സത്യം പറയണം. നീയെവിടെയായിരുന്നു?’’ അകത്തേക്കു കയറാന്‍ തുടങ്ങിയ അവനെ തടഞ്ഞുകൊണ്ട് ഞാന്‍ വാതില്‍ക്കല്‍ നിന്നു.

‘‘ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല,’’ അവന്‍ പറഞ്ഞു. ‘‘വീട്ടില്‍ പോവാതെ നേരെ ഇങ്ങോട്ടുവരികയാണ്. നീ പോവുന്നതിനുമുമ്പ് എത്താന്‍ വേണ്ടി ഓടിയാണ് വന്നത്.’’

‘‘ഞാനിതു വിശ്വസിക്കണോ?’’

‘‘പോവുന്നതിനുമുമ്പ് നിന്നോടൊരു കാര്യം പറയാനുണ്ടായിരുന്നു. അതാണ് ഓടിക്കിതച്ചുവന്നത്. നിന്‍റെ നോവല്‍ എന്‍റെ കൈയില്‍നിന്നു പോയി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചുവെച്ചിരുന്ന അത് ആരോ എടുത്തുകൊണ്ടുപോയി. മാത്രമല്ല; ഇതുവരെയുള്ള പൂമൊട്ടുകളെല്ലാം നഷ്ടപ്പെട്ടു. എല്ലാം ആരൊക്കെയോ ചേര്‍ന്ന് കെട്ടിയെടുത്ത് കൊണ്ടുപോയി.’’

കൈയെഴുത്തു മാസിക എടുത്തുകൊണ്ടുപോയെന്ന്! നോവല്‍ നഷ്ടപ്പെട്ടുവെന്ന്! ദാമുവിന്‍റെ നുണക്കഥകള്‍!

‘‘ഞാനിതും വിശ്വസിക്കണോ?’’

‘‘വേണം,’’ ദാമു പറഞ്ഞു. ‘‘നീ ഒന്നു മനസ്സിലാക്കണം. നമുക്കിവിടെ ശത്രുക്കളുണ്ട്. നീയിനി ഇവിടെ നില്‍ക്കണ്ട. വേഗം സ്ഥലംവിടാന്‍ നോക്ക്. വണ്ടിയുടെ സമയമായോ?’’

അവന്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍നിന്ന് പത്തിന്‍റെ കുറച്ചു നോട്ടുകളെടുത്ത് എന്‍റെ നേരെ നീട്ടി.

‘‘നൂറു രൂപയുണ്ട്. നിനക്ക് ആവശ്യം വരും.’’

ഞാനതു വാങ്ങിയില്ല.

‘‘പണമല്ല എനിക്കാവശ്യം; എന്‍റെ നോവലാണ്. അതു നീയെനിക്കു തിരിച്ചുതരുന്നുണ്ടോ?’’

ദാമു ദയനീയമായി എന്നെ നോക്കി.

‘‘ദയവു ചെയ്ത് അസാധ്യമായതൊന്നും നീയെന്നോട് ആവശ്യപ്പെടരുത്. കാര്യങ്ങള്‍ എല്ലാം ഞാന്‍ നിന്നോടു പറഞ്ഞതല്ലേ? നീയെന്നെ വിശ്വസിക്കണം.’’

‘‘ഞാനെല്ലാം വിശ്വസിച്ചോളാം. നോവല്‍ ആരോ എടുത്തുകൊണ്ടുപോയെന്നും നീ ജമന്തിയുടെ വീട്ടിലുണ്ടായിരുന്നില്ല എന്നും വിശ്വസിച്ചോളാം.’’

‘‘നീയെന്തു ഭ്രാന്താണ് ഈ പറയുന്നത്? ഞാനോ? ജമന്തിയുടെ വീട്ടിലോ?’’

‘‘അതെ. നീ എല്ലാ രംഗത്തും എന്നെ തോൽപിക്കാന്‍ നടക്കുകയാണല്ലോ.’’

‘‘കാര്‍ത്തീ, നിനക്കൊരു ധാരണയുണ്ട്,” സ്വരം പെട്ടെന്ന് കടുപ്പിച്ച് ദാമു പറഞ്ഞു. “ജമന്തിക്കു നിന്നോടാണ് പ്രേമമെന്ന്. അത് വെറും തെറ്റിദ്ധാരണയാണെടാ. അവള്‍ക്ക് നിന്നെയല്ല എന്നെയാണ് ഇഷ്ടം. പിന്നെ ഒരു കാര്യം -”

അവന്‍ അതു പറഞ്ഞു മുഴുമിക്കാന്‍ ഞാന്‍ അനുവദിച്ചില്ല. സർവശക്തിയുമുപയോഗിച്ച് ഞാനവനെ പിടിച്ചുതള്ളി പൂമുഖത്തെത്തിച്ചു. അവന്‍ എന്നെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും എന്‍റെ ശക്തിക്കു മുന്നില്‍ അവന് കീഴടങ്ങേണ്ടിവന്നു.

“നീ മാത്രമല്ലെടാ. നാട്ടില്‍ പലരും അവളെ മോഹിക്കുന്നുണ്ട്. അതാണ് ഇങ്ങനെയൊക്കെ സംഭവിക്കാന്‍ കാരണം.”

“മതി. എനിക്കിനി ഒന്നും കേള്‍ക്കണ്ട. ഇറങ്ങിപ്പോടാ വേഗം.”

“ഒരിക്കല്‍ നിനക്ക് എല്ലാം മനസ്സിലാകും,” പടിക്കലേക്കു നടക്കുന്നതിനിടയില്‍ തിരിഞ്ഞുനിന്ന് അവന്‍ പറഞ്ഞു. “അപ്പോള്‍ എന്നോട് ഇങ്ങനെ പെരുമാറിയതിന് നീ പശ്ചാത്തപിക്കും.”

ഞാന്‍ മുറ്റത്തേക്ക് കാര്‍ക്കിച്ചുതുപ്പി.

“എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ നീ എനിക്ക് എഴുതണം,” പടി കടക്കുമ്പോള്‍ അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു.

അമ്മ എല്ലാം കേട്ടുകൊണ്ട് വാതില്‍ക്കല്‍ത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ഒന്നും മനസ്സിലായിട്ടില്ലെന്നു വ്യക്തം. എന്നാലും അമ്മ ഒന്നും ചോദിച്ചില്ല.

അകത്തുചെന്ന് യാത്രക്കു ഞാന്‍ തയാറാക്കിവെച്ചിരുന്ന പെട്ടിയെടുത്തു.

“ഞാന്‍ പോട്ടെ അമ്മേ.”

എന്‍റെ മൂര്‍ദ്ധാവില്‍ കൈവെച്ച് അമ്മ പറഞ്ഞു: “എഴുതണം.”

അമ്മയെ നോക്കി തലകുലുക്കി ഞാന്‍ ഇറങ്ങി.

രാത്രി കുറേ വൈകുവോളം ഞാന്‍ പ്ലാറ്റ്ഫോമില്‍ത്തന്നെയിരുന്നു. അന്ന് വണ്ടികള്‍ ഇന്നത്തെയത്ര ധാരാളമില്ല. മാത്രമല്ല രാധാദേവീപുരത്ത് അധികം വണ്ടികളൊന്നും നിര്‍ത്തിയിരുന്നില്ല. ഏതൊക്കെയോ വണ്ടികള്‍ നിര്‍ത്താതെ സ്റ്റേഷന്‍ കടന്നുപോയി. അർധരാത്രി കഴിഞ്ഞപ്പോള്‍ ഒരു വണ്ടി വന്നുനിന്നു. എവിടെനിന്നു വരുന്നതാണെന്നോ എവിടേക്കുള്ളതാണെന്നോ എനിക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. ആരൊക്കെയോ ഇറങ്ങുകയും കയറുകയും ചെയ്യുന്നത് കണ്ടുകൊണ്ട് ഞാന്‍ പ്ലാറ്റ്ഫോമില്‍ത്തന്നെയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ വണ്ടി ഇളകിത്തുടങ്ങി. ഞാന്‍ പെട്ടെന്നെഴുന്നേറ്റ് അതില്‍ കയറിക്കൂടി. സീറ്റുകളിലെല്ലാം യാത്രക്കാര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഞാന്‍ പെട്ടി ഒരിടത്ത് ഒതുക്കിവെച്ച് നിലത്തിരുന്നു. എവിടേക്കാണ് പോവേണ്ടതെന്ന് അപ്പോഴും നിശ്ചയിച്ചിരുന്നില്ല...

കാര്‍ത്തികേയൻ സാര്‍ ആകെ തളര്‍ന്നിരുന്നു. കുറച്ചു വെള്ളം എടുത്തുകൊടുക്കാന്‍ ആംഗ്യം കാണിച്ച് അദ്ദേഹം സെറ്റിയിലേക്കു ചാഞ്ഞിരുന്നു.

കഥയില്‍ ഒരു ഘട്ടം പിന്നിടുകയാണ്. ഒരാഴ്ചയിലധികം മുടങ്ങിക്കിടന്ന എഴുത്ത് കഴിഞ്ഞ ആഴ്ചയാണ് വീണ്ടും തുടങ്ങാനായത്. ഒരു ജനപ്രിയ നോവലിന്‍റെ ചുവടുപിടിച്ചെഴുതിയ അവ മുഴുവനും ഇതിനിടെ ലാപ്ടോപ്പിലേക്ക് പകര്‍ത്തിക്കഴിഞ്ഞിരുന്നു. കാര്‍ത്തികേയന്‍ സാറിനു കാണാന്‍ വേണ്ടി മഷിയില്‍ എ-ഫോറിന്‍റെ കടലാസുകളിലും.

എന്നാലും ഇത് ഒരു നോവലാണ് എന്ന് എനിക്ക് ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. നോവലെന്നതിനേക്കാള്‍ അതിന് കാര്‍ത്തികേയന്‍ സാറിന്‍റെ ആത്മകഥയുടെ രൂപമായിരുന്നു. എഡിറ്റര്‍ വിളിച്ച് പുരോഗതി തിരക്കിയപ്പോള്‍ ഞാന്‍ അത് അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തു.

‘‘എന്തു പണ്ടാരമെങ്കിലും ആവട്ടെ,’’ എഡിറ്റര്‍ പറഞ്ഞു. ‘‘താനത് പകര്‍ത്തിക്കൊണ്ടു വാ. ആത്മകഥയാണോ ആത്മഹത്യയാണോ എന്നൊക്കെ നമുക്കു പിന്നെ തീരുമാനിക്കാം. ആദ്യം എല്ലാം കയ്യിലാവട്ടെ.’’

കാര്‍ത്തികേയന്‍ സാര്‍ പിന്നാലെപ്പിന്നാലെ രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു.

‘‘ആ പഴയ കയ്യെഴുത്തു മാസികയുടെ പ്രതികള്‍ കിട്ടാന്‍ വല്ല വഴിയുമുണ്ടോ സാര്‍?”

“എവിടെ!” കാര്‍ത്തികേയൻ സാര്‍ കൈ മലര്‍ത്തി.

“രാമവാരിയരൊക്കെ എന്നോ മരിച്ചുപോയില്ലേ! ഒറ്റത്തടിയായിരുന്നു. അതുകൊണ്ട് വാരിയവും അന്യംനിന്നുപോയി. കലയൂര്‍ കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഒരു സ്ഥാപനം അവിടെ ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവും ഇന്ന് ബാക്കിയില്ല. ആ കെട്ടിടമൊക്കെ എന്നോ ഇടിഞ്ഞുപൊളിഞ്ഞുപോയിരുന്നു. പിന്നെയല്ലേ ആ മാസികകള്‍!”

പിന്നെ ഒന്നു നെടുവീര്‍പ്പിട്ടതിനുശേഷം തുടര്‍ന്നു.

“മാത്രമല്ല അവ നാട്ടുകാര്‍ എടുത്തുകൊണ്ടുപോയിട്ട് തിരിച്ചുകൊണ്ടുവന്നതുമില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.”

“അപ്പോള്‍ ദാമു പറഞ്ഞത് സത്യമായിരുന്നുവോ?”

“അവന്‍ പറഞ്ഞതില്‍ കുറേ സത്യവും കുറേ നുണയുമുണ്ടായിരുന്നു. ഏതാണ് സത്യം എതാണ് നുണ എന്ന് എനിക്കിനിയും കൃത്യമായി വേര്‍തിരിക്കാനായിട്ടില്ല.”

പക്ഷേ, നമുക്കത് കണ്ടുപിടിക്കേണ്ടതുണ്ടല്ലോ. അതിന് കഥ ഇനിയും തുടരേണ്ടതുമുണ്ട്. നാടുവിട്ടുപോയ കാര്‍ത്തികേയന്‍ സാര്‍ എവിടെയാണ് എത്തിച്ചേര്‍ന്നത്? ജമന്തിയെ പിന്നീട് ആരെങ്കിലും വിവാഹം കഴിച്ചുവോ? അതു ദാമുവാണോ? ദാമുവിന് പിന്നെ എന്തു സംഭവിച്ചു?

ഒരു മാസം എന്ന എഡിറ്ററുടെ അന്ത്യശാസനം നടക്കില്ലെന്നു തീര്‍ച്ചയായി. എങ്കില്‍ ഇന്നലത്തോടെ തീരേണ്ടതായിരുന്നുവല്ലോ. ഇതിനിടയില്‍ എഴുത്ത് കുറെ ദിവസങ്ങള്‍ മുടങ്ങിപ്പോയിരുന്നു. ഞാനതൊക്കെ എഡിറ്ററെ അപ്പപ്പോള്‍ ബോധിപ്പിച്ചതാണ്. പക്ഷേ, അദ്ദേഹം അക്ഷമനാണ്. ഇനി എല്ലാം എത്രയും വേഗം അവസാനിപ്പിച്ച് ‘ശാരിക’യിലേക്ക് മടങ്ങിച്ചെല്ലാനാണ് ഓര്‍ഡര്‍.

എഡിറ്ററെപ്പറ്റി ഓര്‍മവന്നതേയുള്ളൂ. മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. ദിവസത്തില്‍ നാലു പ്രാവശ്യമെങ്കിലും അദ്ദേഹത്തിന് എന്നെ വിളിക്കണം.

“താനിപ്പോള്‍ എവിടെയാണ്?” പതിവുള്ള ചോദ്യം തന്നെ.

കാര്‍ത്തികേയന്‍ സാറിന്‍റെ അടുത്താണ് എന്നു പറഞ്ഞപ്പോള്‍ അവിടെനിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതും പതിവുപോലെ.

സിറ്റൗട്ടില്‍ എത്താനുള്ള സമയം തന്ന് അദ്ദേഹം തുടര്‍ന്നു.

“നോവലിന്‍റെ ഏഴ് അധ്യായങ്ങള്‍ തീര്‍ന്നുവെന്നല്ലേ പറഞ്ഞത്? ഒന്നു ചോദിക്കട്ടെ. താന്‍ അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?”

ലാപ്ടോപ് എന്‍റെ കൈയില്‍ത്തന്നെയുണ്ട് എപ്പോഴും. കൈയെഴുത്തുപ്രതി കാര്‍ത്തികേയന്‍ സാറിന്‍റെ പക്കലാണ്. എഴുതിത്തീരുന്ന മുറക്ക് ഞാനത് അദ്ദേഹത്തെ ഏൽപിക്കുകയാണ് പതിവ്. ഞാനില്ലാത്ത സമയത്ത് അത് അദ്ദേഹം ഇടക്കൊക്കെ എടുത്തുനോക്കാറുണ്ടെന്ന് എനിക്കു മനസ്സിലായിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ കയറിച്ചെല്ലുമ്പോള്‍ അദ്ദേഹത്തിന്‍റെ മടിയില്‍ അതു കണ്ടിരുന്നു.

“നോവലല്ല; ഞാന്‍ തന്‍റെ കയ്യക്ഷരം കണ്ടുകൊണ്ടിരിക്കുകയാണ്!” അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു.

എഴുതിത്തീരുന്നതൊക്കെ കാര്‍ത്തികേയന്‍ സാറിനു കൊടുക്കും. അദ്ദേഹം അത് കൃത്യമായി അടുക്കിവെക്കും. അതാണ് പതിവ്.

“അത് അവിടെ സൂക്ഷിച്ചാല്‍ ശരിയാവില്ല. താനത് തന്‍റെ താമസസ്ഥലത്ത് കൊണ്ടുവെക്കണം. ‘മനോമയ’ക്കാര്‍ എപ്പോഴാണ് സാറിന്‍റെ വീട്ടില്‍ ചാടിവീഴുക എന്നറിയില്ല. എഴുതിയേടത്തോളം അധ്യായങ്ങള്‍ അവര്‍ എടുത്തുകൊണ്ടുപോവാന്‍ സാധ്യതയുണ്ട്. അതു കിട്ടിയാല്‍ അവര്‍ക്ക് ഉറപ്പിക്കാമല്ലോ. എന്നിട്ടുവേണം പരസ്യം കൊടുക്കാന്‍ എന്ന് അവര്‍ കാത്തിരിക്കുകയാണ്.”

“ഞാന്‍ അത് എന്‍റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി വെക്കാം.”

അവിടെയാവുമ്പോള്‍ സുരക്ഷിതമാണ്. ഞാന്‍ അവിടെയാണ് താമസം എന്ന് ചന്ദ്രേട്ടനു മാത്രേ അറിയാവൂ.

‘‘ആരെയും വിശ്വസിക്കരുത്. എപ്പോഴും ആരെങ്കിലും തന്നെ പിന്തുടരുന്നുണ്ട് എന്നു കരുതി സൂക്ഷിച്ചിരിക്കണം. ഒരാളോടും വഴിവിട്ട് സംസാരിക്കരുത്.”

 

പതിവുള്ള ഉപദേശങ്ങള്‍ തന്നെ. ഇതെല്ലാം കേട്ടുകേട്ട് എനിക്ക് കാണാപ്പാഠമായിരിക്കുന്നു.

മൊബൈല്‍ ഓഫ് ചെയ്ത് അകത്തേക്ക് നടക്കുന്നതിനിടയില്‍ ഗേറ്റ് ആരോ തുറക്കുന്ന ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. ഹോട്ടലിലെ പയ്യന്‍ അടുക്കുപാത്രവുമായി വരുന്നുണ്ട്.

പക്ഷേ, കൂടെ മറ്റൊരാളുമുണ്ടല്ലോ.

ഞാന്‍ സിറ്റൗട്ടില്‍ത്തന്നെ നിന്നു. ഹോട്ടല്‍പ്പയ്യന്‍റെ ഒപ്പം വന്ന ആളാണെന്നാണ് വിചാരിച്ചത്. പക്ഷേ അടുക്കുപാത്രം തിണ്ണയില്‍വെച്ച് അവന്‍ തിരിഞ്ഞുനടന്നപ്പോഴും കൂടെ വന്ന ആള്‍ അവിടെത്തന്നെ നില്‍ക്കുകയാണ്.

‘‘എന്താ?’’ ഞാന്‍ അന്വേഷിച്ചു.

‘‘കാര്‍ത്തികേയന്‍ സാര്‍ ഉണ്ടോ?’’

തിടുക്കപ്പെട്ടുവന്നതുകൊണ്ട് അയാള്‍ അല്‍പം കിതക്കുന്നുണ്ടായിരുന്നു. സിറ്റൗട്ടിലേക്കുള്ള പടവില്‍ അയാളെ തടഞ്ഞുകൊണ്ട് ഞാന്‍ കഴിയുന്നിടത്തോളം വിടര്‍ന്നുനിന്നു.

“ആരാ?”

“ഞാന്‍ മനോമയത്തില്‍നിന്നാണ്,” അയാള്‍ പറഞ്ഞു, “എനിക്കു കാര്‍ത്തികേയന്‍ സാറിനെ അത്യാവശ്യമായി ഒന്നു കാണണം. സാര്‍ ഇവിടെയില്ലേ?”

ഉവ്വെന്നോ ഇല്ലെന്നോ പറയേണ്ടത് എന്നു സംശയിച്ച് ഞാന്‍ ഒരു നിമിഷം നിന്നപ്പോള്‍ അയാള്‍ തുടര്‍ന്നു.

“ഇന്നലത്തോടെ ഒരു മാസം കഴിഞ്ഞു. ഒരു മാസം കഴിയാതെ വിളിക്കുകയോ അന്വേഷിക്കുകയോ അരുതെന്ന് ഒരു നിബന്ധനയുണ്ടായിരുന്നു. ഇന്നലെ പത്രാധിപര്‍ സാര്‍ അദ്ദേഹത്തെ പലവട്ടം വിളിച്ചുനോക്കി. പക്ഷേ അദ്ദേഹം ഫോണ്‍ എടുത്തില്ല.”

ഞാന്‍ അത് അറിഞ്ഞിരുന്നില്ല. ‘മനോമയ’ത്തില്‍നിന്ന് വിളി വന്ന കാര്യം അദ്ദേഹം എന്നോടു പറഞ്ഞിരുന്നതുമില്ല. എന്താണ് സാര്‍ ഫോണ്‍ എടുക്കാതിരുന്നത് എന്നും മനസ്സിലായില്ല.

“അപ്പോള്‍ പത്രാധിപര്‍ സാര്‍ നേരിട്ട് അന്വേഷിക്കാന്‍ പറഞ്ഞയച്ചതാണ് എന്നെ. സാറ് അകത്തില്ലേ?”

വഴി തടഞ്ഞുനില്‍ക്കുന്ന എന്നെ മറികടന്ന് അയാള്‍ സിറ്റൗട്ടിലേക്കു കയറി.

അകത്ത് അദ്ദേഹം ഉണ്ട് എന്നതിനേക്കാള്‍ ഇതുവരെ എഴുതിയ അധ്യായങ്ങളുടെ കൈയെഴുത്തുപ്രതി കാര്‍ത്തികേയന്‍ സാറിന്‍റെ പക്കലാണല്ലോ എന്നോര്‍ത്തപ്പോള്‍ എന്‍റെ തലയില്‍ എന്തൊക്കെയോ ചിന്നിച്ചിതറി.

അതേ സമയത്താണ് അകത്തുനിന്ന് എന്‍റെ ഫോണ്‍ മണിയടിക്കുന്നതും കേട്ടത്.

(തുടരും) 

News Summary - Malayalam novel