ജമന്തിപ്പൂക്കള്‍ നീണ്ടകഥയുടെ കഥ

കവിതയായി ജമന്തി ‘‘അപ്പോള്‍ ഇന്നലെ നമ്മള്‍ എവിടെയാണ് പറഞ്ഞുനിര്‍ത്തിയത്?’’ കാര്‍ത്തികേയൻ സാര്‍ ചോദിച്ചു. ‘‘എവിടെയും നിര്‍ത്തിയില്ലല്ലോ,’’ ഞാന്‍ ചിരിച്ചു. ‘‘ജമന്തിപ്പൂക്കള്‍ ആദ്യത്തെ അധ്യായത്തില്‍ത്തന്നെ മുട്ടിനില്‍ക്കുകയല്ലേ?’’ ഇന്നലെ കോതച്ചിറ കുമാരന്‍ സാര്‍ വന്നുപോയതിനു ശേഷം കാര്‍ത്തികേയന്‍ സാര്‍ ഏറക്കുറെ മൗനിയായിരുന്നു. ഉച്ചക്ക് പതിവിലധികം സമയം കിടന്നുറങ്ങി. വൈകുന്നേരത്തെ ചായക്കുശേഷമാണ് കുറേശ്ശ മിണ്ടിത്തുടങ്ങിയത്. സന്ധ്യവരെ എന്തൊക്കെയോ വര്‍ത്തമാനം പറഞ്ഞ് ഇരുന്നതല്ലാതെ ഒന്നും പറഞ്ഞുതരാനുള്ള മൂഡിലായിരുന്നില്ല. ചോദിച്ചപ്പോള്‍ ഇനി നാളെയാവാം എന്നാണ് കാര്‍ത്തികേയന്‍ സാര്‍...
Your Subscription Supports Independent Journalism
View Plansകവിതയായി ജമന്തി
‘‘അപ്പോള്‍ ഇന്നലെ നമ്മള്‍ എവിടെയാണ് പറഞ്ഞുനിര്‍ത്തിയത്?’’ കാര്‍ത്തികേയൻ സാര്‍ ചോദിച്ചു.
‘‘എവിടെയും നിര്‍ത്തിയില്ലല്ലോ,’’ ഞാന്‍ ചിരിച്ചു. ‘‘ജമന്തിപ്പൂക്കള്‍ ആദ്യത്തെ അധ്യായത്തില്‍ത്തന്നെ മുട്ടിനില്‍ക്കുകയല്ലേ?’’
ഇന്നലെ കോതച്ചിറ കുമാരന്‍ സാര്‍ വന്നുപോയതിനു ശേഷം കാര്‍ത്തികേയന്‍ സാര്‍ ഏറക്കുറെ മൗനിയായിരുന്നു. ഉച്ചക്ക് പതിവിലധികം സമയം കിടന്നുറങ്ങി. വൈകുന്നേരത്തെ ചായക്കുശേഷമാണ് കുറേശ്ശ മിണ്ടിത്തുടങ്ങിയത്. സന്ധ്യവരെ എന്തൊക്കെയോ വര്‍ത്തമാനം പറഞ്ഞ് ഇരുന്നതല്ലാതെ ഒന്നും പറഞ്ഞുതരാനുള്ള മൂഡിലായിരുന്നില്ല. ചോദിച്ചപ്പോള്‍ ഇനി നാളെയാവാം എന്നാണ് കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞത്.
‘‘അതെങ്ങനെയാണ് തനിക്കു നോവലിന്‍റെ പേര് മനസ്സിലായത്? ഞാന്‍ തനിക്കു പറഞ്ഞുതന്നിരുന്നുവോ?’’
‘‘ഉവ്വല്ലോ. ജമന്തിപ്പൂക്കള്‍ എന്ന ആദ്യത്തെ അധ്യായം തുടങ്ങിയ സമയത്ത് പറഞ്ഞിരുന്നുവല്ലോ.’’
‘‘ഉവ്വല്ലേ? ഞാന്‍ പെട്ടെന്നു പെട്ടെന്ന് എല്ലാം മറന്നുപോവുന്നു. ഇപ്പോള്‍ ഓർമ വന്നു. ജമന്തിപ്പൂക്കള്‍. എന്‍റെ കാണാതായ നോവലിന്‍റെ പേരും അതായിരുന്നു.’’
‘‘അപ്പോള്‍ ജമന്തി നോവലിലെ നായികയാണോ? അല്ലെങ്കില്‍ ജമന്തിയുടെ കഥയായിരുന്നുവോ അത്?’’
‘‘അതിനെപ്പറ്റിയൊക്കെ പറയുന്നതിനുമുമ്പ് എനിക്ക് രാമവാരിയരെപ്പറ്റി പറയണം. കലയൂര്‍ കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെപ്പറ്റി പറയണം. ഞാന്‍ എഴുത്തിലേയ്ക്കു വന്ന കഥയാണ്.’’
ഞാന്‍ മൊബൈലിലെ വോയ്സ് റെക്കോർഡര്‍ ഓണാക്കി കാര്‍ത്തികേയന്‍ സാറിന്‍റെ മുന്നില്‍ വെച്ചു.
പന്ത്രണ്ടു കൊല്ലം ബോംബെയില്‍ ഒരു കമ്പനിയില്‍ സ്റ്റെനോ ആയി പണിയെടുത്ത് നാട്ടിലേക്ക് തിരിച്ചുവന്ന രാമവാരിയര്‍ തുടങ്ങിയ സ്ഥാപനമായിരുന്നു കലയൂര്‍ കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. രാമവാരിയര്‍ കമ്യൂണിസ്റ്റുകാരനായിരുന്നു. ബോംബെയിലെ ജോലി വേണ്ടെന്നു വെച്ചതിന്‍റെ പ്രധാനകാരണം കേരളത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റതായിരുന്നു. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കാണാന്‍ വേണ്ടി നാട്ടിലെത്തിയ അദ്ദേഹം പിന്നെ ബോംബെക്ക് തിരിച്ചുപോയില്ല. കേരളത്തില്‍ മടങ്ങിവന്ന് നാടിന് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.
നാട്ടിലെ ചെറുപ്പക്കാരെ ടൈപ് റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്‍ഡും പഠിപ്പിച്ച് ബോംബെയിലേക്ക് അയക്കുകയായിരുന്നു രാമവാരിയരുടെ ഉദ്ദേശ്യം. അന്നൊക്കെ ഇന്നത്തെ ദുബായ് ആയിരുന്നല്ലോ ബോംബെ. പത്താം ക്ലാസ് കഴിഞ്ഞ് ഇനി എന്ത് എന്ന ചോദ്യവുമായി ഞാന്‍ നില്‍ക്കുമ്പോഴാണ് ഇതു തുടങ്ങുന്നത്. ഞാനും അവിടെ ചേര്‍ന്നു.
എന്‍റെ പിന്നാലെ അവിടെ ദാമുവും പഠിക്കാനെത്തി. ദാമുവിനെപ്പറ്റി കൂടുതല്‍ പറയാനുണ്ട്. അവന്‍ ഈ കഥയില്‍ പിന്നെയും വരുന്നുണ്ട്. ദാമു നന്നായി കവിതയെഴുതിയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു കയ്യെയെഴുത്തു മാസിക തുടങ്ങാനുള്ള ആശയം അവന്‍റെയായിരുന്നു. പേരും അവന്‍തന്നെ കണ്ടെത്തി: ‘പൂമൊട്ടുകള്‍’. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ വരുന്നവര്‍ക്കു മാത്രമല്ല; ദേശത്ത് എഴുത്തിനുള്ള വാസനയുള്ളവര്‍ക്കെല്ലാം ഒരു പ്ലാറ്റ് ഫോം എന്ന നിലക്കാണ് ഞങ്ങള്‍ അതു തുടങ്ങിയത്.
എന്നാല്‍, ദേശത്തുനിന്ന് അധികമാരും മുന്നോട്ടു വന്നില്ല എന്നതാണ് സത്യം. വല്ലതും കിട്ടിയതുതന്നെ കൈയെഴുത്തു മാസികയില്‍ ചേര്‍ക്കാന്‍ നിലവാരമുള്ളതായിരുന്നില്ല. അതുകൊണ്ട് മാസിക നിറക്കാന്‍ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും പലതും എഴുതിക്കൂട്ടേണ്ടിവന്നു. ദാമുവിന് പദ്യമായിരുന്നു പഥ്യം എന്നു പറഞ്ഞുവല്ലോ. എനിക്ക് ഗദ്യവും. ആദ്യത്തെ ലക്കത്തില്‍ത്തന്നെ ഞാന്‍ രണ്ടു ചെറുകഥകളെഴുതി. പല പേരിലായി ദാമു മൂന്നു കവിതകളെഴുതി.
അതിനും പുറമെ ഒരു നോവല്‍ ഖണ്ഡശ്ശയായി എഴുതാനുള്ള ഉദ്ദേശ്യവും ഉണ്ടായിരുന്നു എനിക്ക്. നോവലിന്‍റെ പേരു പറയാതെ ‘ഉടന്‍ പ്രസിദ്ധീകരണം തുടങ്ങുന്നു: കലയൂര്‍ കാര്‍ത്തികേയന്‍റെ നോവല്‍’ എന്ന ഒരു പരസ്യവും കൊടുത്തു.
അപ്പോള്‍ എന്‍റെ മനസ്സില്‍ നോവലിനുള്ള കഥയൊന്നും രൂപപ്പെട്ടിരുന്നില്ല. കൗമാരപ്രായമല്ലേ? വലിയ മാസികകളിലൊക്കെ പതിവുള്ളതുപോലെ ഒരു പരസ്യം കൊടുക്കുന്നത് ഒരന്തസ്സായി കരുതിയെന്നുമാത്രം. ദാമുവും വിട്ടില്ല. സ്വന്തം പേരില്‍ ഒരു ഖണ്ഡകാവ്യത്തിന്‍റെ പരസ്യം അവനും കൊടുത്തു. അതിന്‍റെയും പേര് പറഞ്ഞിരുന്നില്ല. അന്ന് ‘രമണന്‍’ ഉയര്‍ത്തിയ അലകള്‍ ഏറക്കുറെ അടങ്ങിക്കഴിഞ്ഞിരുന്നുവെങ്കിലും ദാമു അതില്‍നിന്ന് മുക്തനായിരുന്നില്ല. ദാമു ചങ്ങമ്പുഴയുടെ കടുത്ത ഒരാരാധകനായിരുന്നു.
ഏതായാലും ‘പൂമൊട്ടു’കളില്‍ തുടര്‍ന്നു ശ്രദ്ധിക്കാന്‍ എനിക്കു കഴിയില്ലെന്ന് തീര്‍ച്ചയായി. കാരണം ടൈപ് റൈറ്റിങ് ഹയറും ഷോര്‍ട്ട് ഹാന്‍ഡ് ലോവറും ജയിച്ച് ഞാന്‍ ബോംബെക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്നു. കലയൂര്‍ കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഞാന്‍ കുട്ടികളെ ടൈപ് റൈറ്റിങ് പഠിപ്പിക്കുന്നുണ്ടായിരുന്നു. അതില്‍നിന്നു സ്വരൂപിച്ചുവെച്ച പണംകൊണ്ടാണ് ബോംബെക്കുള്ള യാത്രക്ക് തയാറെടുത്തത്. ബോംബെയില്‍ പരിചയക്കാര്‍ ആരുമുണ്ടായിട്ടല്ല. അതൊക്കെ രാമവാരിയര്‍ ഏര്‍പ്പാടാക്കുമായിരുന്നു. മൂപ്പരുടെ ഒരു കൂട്ടുകാരനുണ്ട് അവിടെ: ബാലന്‍ മേനോന്‍. ജോലി തേടി വരുന്ന ചെറുപ്പക്കാരെ അദ്ദേഹം സ്വന്തം വീട്ടില്‍ സൗജന്യമായി പാര്‍പ്പിക്കും അവര്‍ക്കു ജോലിയാവുന്നതുവരെ. രണ്ടു മൂന്നു പേര്‍ അതിനകംതന്നെ രാമവാരിയരുടെ ഒത്താശയോടെ ബോംബെക്ക് പോയിക്കഴിഞ്ഞിരുന്നു. ഞാനും അതിന് തയാറായി ഇരിക്കുകയായിരുന്നു.
യാത്ര ഏകദേശം തീരുമാനിച്ച സമയത്താണ് കേരളത്തിലെ രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാവുന്നത്. ഇ.എം.എസിന്‍റെ ആദ്യത്തെ മന്ത്രിസഭക്കെതിരെ വിമോചന സമരം പൊട്ടിപ്പുറപ്പെട്ടു. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിനെതിരെ ക്രിസ്തീയസഭകളും നായര്‍ സര്‍വീസ് സൊസൈറ്റിയും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നീ രാഷ്ട്രീയകക്ഷികളും ഒത്തുചേര്‍ന്നു നടത്തിയ സമരമായിരുന്നു അത്. വിദ്യാഭ്യാസ ബിൽ കേരളീയ പാഠ്യപദ്ധതിയില്‍ കമ്യൂണിസം അടിച്ചേൽപിക്കാനുള്ള ശ്രമമായി അവര്‍ കണ്ടു. സ്കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടുകൊണ്ടായിരുന്നു സമരം. സ്വാഭാവികമായി കുട്ടികളുടെ പഠിപ്പു മുടങ്ങി.
സ്കൂളുകള്‍ അടച്ചതോടെ പഠിപ്പു മുടങ്ങിയ കുട്ടികള്‍ക്ക് അതു തുടരാനുള്ള സൗകര്യം ഒരുക്കാന്‍ അദ്ദേഹവും ദേശത്തെ രണ്ടു മൂന്നു സഖാക്കളുംകൂടി പദ്ധതിയിട്ടു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവര്‍ക്ക് സൗജന്യമായി സമാന്തര ക്ലാസുകള്‍ കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കെട്ടിടത്തിന് ആകെ ഒരു മുറിയേ ഉണ്ടായിരുന്നുള്ളൂ. അവിടെ നടക്കുന്ന ടൈപ് റൈറ്റിങ് ക്ലാസുകള്‍ മുടങ്ങിക്കൂടാ. അതുകൊണ്ട് അദ്ദേഹം തന്‍റെ വാരിയത്തെ രണ്ടു മുറികള്‍ ക്ലാസുകള്‍ക്കു വേണ്ടി ശരിയാക്കിയെടുത്തു. സയന്‍സും കണക്കും രാമവാരിയര്‍ തന്നെ എടുത്തു. അദ്ദേഹത്തിന്‍റെ അടുത്ത കൂട്ടുകാരനായിരുന്ന കുട്ടന്‍മാഷ് സാമൂഹ്യപാഠവും ഹിന്ദിയും പഠിപ്പിക്കാന്‍ തയാറായി. ഇംഗ്ലീഷിന് തല്‍ക്കാലം ആളില്ലാത്തതുകൊണ്ട് രാമവാരിയര്‍ അത് എടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. അതുകൊണ്ട് എന്‍റെ ബോംബെയാത്ര തല്‍ക്കാലത്തേക്ക് മാറ്റിവെക്കേണ്ടിവന്നു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി മുപ്പതോളം പേര്‍ പഠിക്കാനെത്തി. അക്കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
ആ പെണ്‍കുട്ടിയായിരുന്നു ജമന്തി. മറ്റു പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നിട്ടല്ല. പക്ഷേ, ജമന്തി അവരില്‍നിന്നൊക്കെ വേറിട്ട പെണ്‍കുട്ടിയായിരുന്നു...
കാര്‍ത്തികേയന്‍ സാര്‍ എന്തോ ചിന്തയില്‍ മുഴുകി കുറച്ചുനേരം നിശ്ശബ്ദനായി ഇരുന്നു.
‘‘വേറിട്ട എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് സാര്‍?’’ ഒരിടവേള കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.
സാറ് എന്നെ രൂക്ഷമായി നോക്കി.
‘‘എടോ അന്ന് എനിക്ക് എന്തായിരുന്നു പ്രായം എന്നറിയാമോ തനിക്ക്?’’
‘‘ഇരുപത്?’’
‘‘1940ലാണ് എന്‍റെ ജനനം. വിമോചനസമരം നടന്നത് 1959ല്‍. അപ്പോള്‍? താന്‍ തന്നെ കണക്കു കൂട്ടി പറയണം.’’
‘‘പത്തൊമ്പത്. ഒരു കൊല്ലമല്ലേ വ്യത്യാസം വന്നുള്ളൂ!’’
‘‘ഓ, തന്‍റെ ഒരു കാര്യം!’’ കാര്‍ത്തികേയന്‍ സാര്‍ ചിരിച്ചു.
ദാമുവിന് എന്നെക്കാള്‍ മൂന്നു വയസ്സു കൂടും. അവന്‍ മൂന്നു പ്രാവശ്യം എഴുതിയിട്ടാണ് പത്തു പാസായത്. അതിന്‍റെ ഒരപകര്‍ഷബോധം അവനുണ്ടായിരുന്നു. എന്നാല്‍, താന്‍ വലിയൊരു കവിയാണെന്ന ബോധ്യംകൊണ്ട് അവന്‍ അതിനെ മറികടക്കാന്‍ ശ്രമിച്ചിരുന്നു. ട്യൂഷന്‍റെ ചുമതല ഇല്ലാതിരുന്നതുകൊണ്ട് അവന് ‘പൂമൊട്ടു’കളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടി. അവന്‍ അതിന്‍റെ അധിപതിയായി സ്വയം കരുതിത്തുടങ്ങിയിരുന്നുവോ എന്ന് എനിക്കു സംശയം തോന്നി. ചില മാറ്ററുകള്‍ ചേര്‍ത്തത് എന്നോടു ചോദിക്കാതെയായിരുന്നു. അതെനിക്ക് ഒട്ടും ഇഷ്ടമായില്ലെങ്കിലും തല്‍ക്കാലം ഞാനൊന്നും മിണ്ടാന്‍ പോയില്ല.

ജമന്തി അന്ന് പത്തില്‍ പഠിക്കുകയാണ്. അവള്‍ക്ക് അന്നു പതിനഞ്ചു വയസ്സാവണം...
കാര്‍ത്തികേയന്‍ സാര്‍ വീണ്ടും കുറച്ചുനേരം ആലോചനയില്‍ മുഴുകി.
‘‘കഥ ഇവിടെ തുടങ്ങുകയാണ് അല്ലേ സാര്‍?’’
‘‘തുടങ്ങാം,’’ കാര്‍ത്തികേയന്‍ സാര്‍ ചിരിച്ചു. ‘‘ഇപ്പോള്‍ കഥാപാത്രങ്ങളുടെ പ്രായത്തെപ്പറ്റിയൊക്കെ തനിക്കു നല്ല തിട്ടമായല്ലോ. ശരി. വേണമെങ്കില്‍ ഒരു മഹദ് വചനം എഴുതിയെടുത്തോളൂ: പൈങ്കിളി നോവലുകള്‍ തുടങ്ങുന്നത് നായികക്കും നായകനും യൗവനമെത്തുമ്പോഴാണ്. അവര്‍ക്ക് കൗമാരം ഇല്ല. ബാല്യം ഇല്ലേയില്ല.’’
യൗവനയുക്തരായ നായികാ നായകന്മാര്‍. ‘ശാരിക’യിലെ ചിത്രങ്ങള്‍ എനിക്ക് ഓർമവന്നു. അവരില്‍ സൗന്ദര്യമില്ലാത്തവരായി ആരെയും ഇതുവരെ കണ്ടിട്ടില്ല.
മറ്റൊന്നുകൂടി ഇപ്പോള്‍ തോന്നുന്നു: കുട്ടികളുടെ ചിത്രങ്ങളൊന്നും ഇതുവരെ കണ്ടിട്ടില്ല. നോവലുകളിലും അവര്‍ ഇല്ലെന്നുണ്ടോ?
‘‘ആട്ടെ. എന്തായിരുന്നു ജമന്തിക്കുണ്ടായിരുന്ന പ്രത്യേകതകള്‍?’’
അവള്‍ സുന്ദരിയായിരുന്നു എന്നു പറഞ്ഞാല്‍ മാത്രം മതിയാവില്ല. അതുകൊണ്ട് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. നിരയൊത്ത പല്ലുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള അവളുടെ ചിരിയെപ്പറ്റി പറയാതിരിക്കാനാവില്ല. ആ ചിരി എല്ലാവരെയും മയക്കുന്നതായിരുന്നു. എന്നാല്‍, അവളെപ്പോലൊരു സുന്ദരിക്ക് ചേരാത്ത ഒന്നുണ്ടായിരുന്നു: അവളുടെ പരുക്കന്‍ ശബ്ദം.
അതെന്തായാലും ഇത്ര കാലം എങ്ങനെ ഈ സുന്ദരി എന്‍റെ കണ്ണില്‍പ്പെടാതെ പോയി എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. അവള്‍ അക്കരെയുള്ള കുട്ടിയാണ്. അന്ന് തോണി കടന്നുവേണം അവൾക്ക് ഇക്കരെയെത്താന്‍. അതുകാരണം അക്കരെയുള്ളവരെ അധികം പരിചയമുണ്ടായിരുന്നില്ല. അക്കരെയാണെങ്കില്‍ സ്കൂളുകളൊന്നുമില്ല. ഇക്കരെയുള്ള സ്കൂളിലാണ് അവള്‍ പഠിച്ചിരുന്നത്.
മറ്റുള്ള വിഷയങ്ങളില്‍ എങ്ങനെയായിരുന്നു എന്ന് എനിക്കറിയില്ല. പക്ഷേ, ഇംഗ്ലീഷില്‍ അവള്‍ക്ക് നല്ല അവഗാഹമുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ ക്ലാസില്‍ പറഞ്ഞ ഒരിംഗ്ലീഷ് വാക്കിന്‍റെ അർഥം അവള്‍ തിരുത്തി. അതോടെ അവള്‍ക്ക് ക്ലാസെടുക്കാന്‍ തന്നെ എനിക്കു പേടിയായിത്തുടങ്ങി.
എങ്ങനെയാണ് ഇംഗ്ലീഷില്‍ അവള്‍ക്കിത്ര സ്വാധീനമുണ്ടായത് എന്ന് ഇന്നും എനിക്കറിയില്ല. അക്ഷരാഭ്യാസമൊന്നുമില്ലാത്ത ഒരു കുടുംബത്തില്‍നിന്നാണ് അവള്‍ വരുന്നത് എന്ന് അന്വേഷണത്തില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ചിലതെല്ലാം കഥകളിലേ കാണൂ എന്നു പറയാറുണ്ടല്ലോ. ഇതും അങ്ങനെയാണെന്നു വെച്ചോളൂ.

ക്ലാസുകള്‍ കഴിഞ്ഞിട്ടും അവള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടോ എന്ന് എനിക്കു സംശയം തോന്നിത്തുടങ്ങി. അവള്‍ ആരെയോ കാത്തുനില്‍ക്കുകയാണോ? ഞാന്‍ അവളെ കൂടുതല്‍ക്കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ദാമു ‘പൂമൊട്ടു’കളുടെ പണികളില്‍ മുഴുകിയിരിക്കുമ്പോള്‍ അവള്‍ അടുത്തു ചെന്നു നില്‍ക്കുന്നത് ഒരു ദിവസം എന്‍റെ കണ്ണില്‍പ്പെട്ടു. അവള്‍ക്ക് നന്നായി ചിത്രം വരക്കാന്‍ കഴിയുമായിരുന്നു. ‘പൂമൊട്ടു’കളിലെ എഴുത്തു മുഴുവന്‍ ചെയ്തിരുന്നത് ഗുണശേഖരനായിരുന്നെങ്കിലും അവന് വരക്കാനുള്ള വാസന കുറവായിരുന്നു. അവന്‍റെ വരകള്‍ പലപ്പോഴും വികലങ്ങളായിരുന്നു. ‘പൂമൊട്ടു’കള്‍ക്ക് അത് ഒരു കുറവുതന്നെയായിരുന്നു. പക്ഷേ, പടം വരക്കാന്‍ ദാമുവിനും എനിക്കും ഒരു വാസനയുമുണ്ടായിരുന്നില്ല. ജമന്തി ക്ലാസിനു വന്നുതുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ ലക്കം അവള്‍ വരച്ച അതിമനോഹരമായ പുറംചട്ടയോടെയാണ് ഇറങ്ങിയത്. അത് ഒരു പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു. അത് ജമന്തി കണ്ണാടി നോക്കി വരച്ചതാണെന്ന് എനിക്കു തോന്നി. അവളുടെ രൂപവുമായി അതിന് അത്രമാത്രം സാദൃശ്യമുണ്ടായിരുന്നു.
അതിനിടെ, അപ്രതീക്ഷിതമായി ഇ.എം.എസിന്‍റെ മന്ത്രിസഭ പിരിച്ചുവിടപ്പെട്ടു. അതിനെപ്പറ്റിയൊക്കെ തനിക്കറിയാമെന്നു കരുതുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭയെ പിരിച്ചുവിടുന്ന ആദ്യത്തെ സംഭവമായിരുന്നു അത് എന്നറിയാമല്ലോ. ഏതായാലും സ്കൂളുകള്‍ തുറന്നതോടെ വാരിയത്തു നടത്തിപ്പോന്ന ക്ലാസുകള്‍ അവസാനിപ്പിച്ചു. എല്ലാം വീണ്ടും പഴയ പടിയായി.
എനിക്കതുണ്ടാക്കിയ സങ്കടം ചെറുതായിരുന്നില്ല. കാര്യമറിയാമല്ലോ. ജമന്തി ഇനി ക്ലാസിനു വരില്ലല്ലോ എന്നോര്‍ത്തായിരുന്നു അത്. അപ്പോഴാണ് എനിക്ക് അവളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് എന്ന് സ്വയം ബോധ്യപ്പെടുന്നത്. ബോംബെക്ക് പോവാന്‍ ഒരുക്കങ്ങള്‍ വീണ്ടും തുടങ്ങിക്കൊള്ളാന്‍ രാമവാരിയര്‍ പറഞ്ഞുവെങ്കിലും എനിക്ക് അത് അനുസരിക്കാന്‍ തോന്നിയില്ല. ബോംബെക്ക് പോവുക എന്നു പറഞ്ഞാല്‍ അത് ജമന്തിയെ പിരിഞ്ഞിരിക്കുക എന്നാണല്ലോ. എനിക്കത് അപ്പോള്‍ ആലോചിക്കാന്‍പോലും പറ്റാത്തതായിരുന്നു.
അതേസമയം അതിന് പ്രത്യേകിച്ച് ഒരർഥവും ഇല്ലെന്നും തോന്നി. ഇതുവരെ ഞാനെന്‍റെ പ്രേമം അവളെ അറിയിച്ചിട്ടില്ല. ഇതുവരെ ഒരു സൂചനപോലും കൊടുത്തിട്ടില്ല. എന്തിന്, അവളോട് രണ്ടു വാക്കുപോലും തികച്ച് സംസാരിച്ചിട്ടില്ല. ക്ലാസില്‍ അവളോടു കഴിയുന്നത്ര സാധാരണമായി പെരുമാറാന്‍ ഞാന്‍ ശ്രദ്ധിച്ചുപോന്നിരുന്നു. ഉള്ളിലെ നിറഞ്ഞുപതയുന്ന ആരാധന ഒരു നോട്ടത്തിലോ കൈയനക്കത്തിലോ വരാതിരിക്കാന്‍ എനിക്കു കഠിനശ്രമം തന്നെ വേണ്ടിവന്നിരുന്നു. അതുകൊണ്ടുതന്നെ അവള്‍ക്ക് തിരിച്ചും അങ്ങനെയെന്തെങ്കിലുമുണ്ടോ എന്ന് എനിക്ക് ഒരു സൂചനപോലും കിട്ടിയില്ല.
കുറച്ചു ദിവസമായി ദാമു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വരാറുണ്ടായിരുന്നില്ല എന്ന് അവന്‍ വീണ്ടും വന്നപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. ‘പൂമൊട്ടുകളു’ടെ അടുത്ത ലക്കത്തിന്‍റെ പണി തുടങ്ങാറായി എന്ന് അവന്‍ പറഞ്ഞു. അവന്‍റെ കൈയില്‍ കുറച്ച് കടലാസുകളുണ്ടായിരുന്നു.
‘‘ഇത്തവണ വിശേഷപ്പെട്ട ഒരു കവിതയുണ്ട്,’’ ദാമു പറഞ്ഞു.
‘‘നിന്‍റെയല്ലേ?’’ ഞാന്‍ ചിരിച്ചു.
കലയൂരില്‍ അവനല്ലാതെ ആര് കവിതയെഴുതാനാണ്!
‘‘അല്ല. ഇത് വേറെ ഒരാള്‍ എഴുതിയതാണ്,’’ ദാമു ഷര്‍ട്ടിന്‍റെ കീശയില്‍നിന്ന് ഒരു കടലാസെടുത്ത് എന്‍റെ നേരെ നീട്ടി.
അത് ഒരിംഗ്ലീഷ് കവിതയായിരുന്നു. എഴുതിയ ആളുടെ പേരൊന്നും വെച്ചിട്ടില്ല. പക്ഷേ, അത് ജമന്തിയുടെ കയ്യക്ഷരമാണെന്ന് എനിക്കു തോന്നി. ഞാന്‍ ചോദ്യരൂപത്തില്‍ ദാമുവിന്‍റെ മുഖത്തേക്ക് നോക്കി.
‘‘അതെ; അവളുടെ തന്നെ!’’ ദാമു പറഞ്ഞു.
‘‘ഞാന്‍ കണ്ടില്ലല്ലോ. അവള്‍ ഇവിടെ വന്നിരുന്നോ?’’
‘‘ഇല്ല. ഇന്നലെ അവള്‍ വീട്ടില്‍ കൊണ്ടുവന്നു തന്നതാണ്.’’
ജമന്തി ദാമുവിന്‍റെ വീട്ടില്‍ പോയിരിക്കുന്നു! അപ്പോള്‍ അവര്‍ തമ്മില്‍ ഇവിടെയല്ലെങ്കിലും വേറെ എവിടെയെങ്കിലും വെച്ച് തമ്മില്‍ കാണുന്നുണ്ട്. എനിക്ക് കടുത്ത ദേഷ്യവും അസൂയയും തോന്നി. അത് പുറത്തു കാണിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:
‘‘ഇത് ഇംഗ്ലീഷാണല്ലോ. നമ്മുടെ കയ്യെഴുത്തു മാസിക മലയാളമല്ലേ?’’
‘‘അതിനെന്താ? നമ്മള്‍ ഇംഗ്ലീഷ് കവിത ചേര്‍ക്കില്ലെന്നു പറഞ്ഞിട്ടില്ലല്ലോ.’’
‘‘എന്നാലും അതു വേണ്ട.’’
എന്‍റെ ശബ്ദം വല്ലാതെ ഉച്ചത്തിലായിട്ടുണ്ടാവണം. ദാമു അത് മനസ്സിലാക്കിയിട്ടുമുണ്ടാവണം. അവന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
‘‘നീയിതൊന്നു വായിച്ചുനോക്ക്.’’
ഒറ്റ വായനയില്‍ കവിതയിലെ വിഷയം എന്താണെന്ന് എനിക്കു മനസ്സിലായില്ല. പല വാക്കുകളുടെയും അർഥംപോലും എനിക്കു തിരിഞ്ഞില്ല. എന്നാലും ഞാനത് ഭാവിച്ചില്ല.
‘‘ഇത് ഒട്ടും നന്നായിട്ടില്ലല്ലോ,’’ ഞാന്‍ ആ കടലാസ് അലക്ഷ്യമായി മേശപ്പുറത്തേക്കിട്ടു.
‘‘എനിക്ക് മുഴുവന്‍ മനസ്സിലായില്ല. നന്നായിട്ടുണ്ടാവും എന്ന് വിചാരിച്ചു.’’
ദാമു ആ കടലാസ് വളരെ വിലപ്പെട്ടതെന്തോ ആണെന്ന
മട്ടില്‍ എടുത്ത് കയ്യില്‍പ്പിടിച്ചു. ഞാനത് കണ്ടിട്ടില്ലെന്നു നടിച്ച് ഇരുന്നു.
‘‘അടുത്ത ലക്കത്തില്‍ നിന്‍റെ നോവല്‍ തുടങ്ങണം,’’ ദാമു പറഞ്ഞു.
എഴുതാം എന്നു പറഞ്ഞിരുന്നുവെങ്കിലും അപ്പോഴും അതിന്‍റെ ഒരു രൂപവും എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നില്ല.
‘‘പറ്റുമെന്നു തോന്നുന്നില്ല,’’ ഞാന്‍ പറഞ്ഞു. ‘‘വൈകാതെ ഞാന്‍ ബോംബെയ്ക്കു പോവുകയാണ്.’’
‘‘അതിനെന്താ? നിനക്കത് തപാല്‍ വഴി അയച്ചുതരാമല്ലോ.’’ ദാമു പറഞ്ഞു.
കഥയൊന്നും മനസ്സില്‍ രൂപപ്പെട്ടിട്ടില്ലെന്നും അടുത്തതിന്‍റെ അടുത്ത ലക്കത്തില്‍ തുടങ്ങാമെന്നും ഞാന്‍ അവനോടു പറഞ്ഞു.
‘‘എന്നാല്‍ അതിന്‍റെ പേരെങ്കിലും ഒന്ന് പറഞ്ഞു താ. ഈ ലക്കത്തില്‍ കൊടുക്കാം.’’
പേര് ഞാന്‍ മുമ്പേത്തന്നെ നിശ്ചയിച്ചുവെച്ചിരുന്നു. എന്നാലും കാര്യമായി ആലോചിക്കുന്നതുപോലെ നടിച്ചതിനുശേഷം മേശപ്പുറത്തുനിന്ന് ഒരു കടലാസ് കഷണമെടുത്ത് ഞാന്‍ നോവലിന്‍റെ പേരെഴുതിക്കൊടുത്തു.
ഞാന്‍ നീട്ടിക്കാണിച്ച കടലാസു നോക്കി അവന്‍ നിഷേധാർഥത്തില്‍ തല കുലുക്കി:
‘‘ഇതു ശരിയാവില്ല,’’ അവന്‍ പറഞ്ഞു.
എന്തുകൊണ്ട് എന്ന അർഥത്തില്‍ ഞാന്‍ അവനെ നോക്കി.
‘‘ഇത് ഞാനെഴുതുന്ന ഖണ്ഡകാവ്യത്തിന്‍റെ പേരാണ്. അത് നിന്‍റെ നോവലിനിടാന്‍ ഞാന്‍ സമ്മതിക്കില്ല.’’
പിന്നെ അവന്‍ ഷര്‍ട്ടിന്‍റെ കീശയില്‍നിന്ന് ഒരു കടലാസെടുത്ത് ചുരുള്‍ നിവര്‍ത്തി എന്‍റെ നേരെ നീട്ടി. കറുത്ത ബോര്‍ഡറിട്ട അതിന്‍റെ നടുവിലായി വളരെ വലിപ്പമുള്ള അക്ഷരങ്ങളില്‍ അവന്‍ എഴുതിവെച്ചിരിക്കുന്നു:
‘ജമന്തിപ്പൂക്കള്‍’
(ഖണ്ഡകാവ്യം)
രചന: ദാമു കലയൂര്‍
എനിക്കത് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഞാന്‍ ആ കടലാസ് ചുരുള്‍ ചുരുട്ടിക്കൂട്ടി അവന്‍റെ മുഖത്തേക്കെറിഞ്ഞു.
