Begin typing your search above and press return to search.
proflie-avatar
Login

ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ
cancel

കലയൂരിലെ പുലരി ഇന്നലെ പണികഴിഞ്ഞ് നേരത്തേയെത്തി. പണികഴിഞ്ഞ് എന്നു പറയുന്നതില്‍ വലിയ കാര്യമില്ല. ഇന്നലെ ഒന്നും നടന്നില്ല. കാര്‍ത്തികേയന്‍ സാര്‍ ഒട്ടും സംസാരിക്കാനുള്ള ഒരു മൂഡിലല്ലായിരുന്നു. ഒരുപക്ഷേ, തന്‍റെ ഭൂതകാലത്തിലൂടെ നടത്തിയ നിർബന്ധപൂര്‍വമായ ആ യാത്രയാവും അദ്ദേഹത്തെ ബാധിച്ചത്. ആകെ ഒരു തളര്‍ച്ചയിലായിരുന്നു അദ്ദേഹം. ഗൃഹാതുരത്വം, മധുരസ്മരണ എന്നൊക്കെ പറയാറുണ്ടെങ്കിലും ഭൂതകാലം ഓർമിച്ചെടുക്കുന്നത് എല്ലാവര്‍ക്കും ഒരുപോലെ അത്ര നല്ല അനുഭവമായിക്കൊള്ളണമെന്നില്ലല്ലോ. ഈ പണി തുടങ്ങിയിട്ട് ഇന്നേക്ക് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ഇപ്പോഴും ആദ്യത്തെ അധ്യായത്തില്‍ത്തന്നെ...

Your Subscription Supports Independent Journalism

View Plans

കലയൂരിലെ പുലരി

ഇന്നലെ പണികഴിഞ്ഞ് നേരത്തേയെത്തി. പണികഴിഞ്ഞ് എന്നു പറയുന്നതില്‍ വലിയ കാര്യമില്ല. ഇന്നലെ ഒന്നും നടന്നില്ല. കാര്‍ത്തികേയന്‍ സാര്‍ ഒട്ടും സംസാരിക്കാനുള്ള ഒരു മൂഡിലല്ലായിരുന്നു. ഒരുപക്ഷേ, തന്‍റെ ഭൂതകാലത്തിലൂടെ നടത്തിയ നിർബന്ധപൂര്‍വമായ ആ യാത്രയാവും അദ്ദേഹത്തെ ബാധിച്ചത്. ആകെ ഒരു തളര്‍ച്ചയിലായിരുന്നു അദ്ദേഹം. ഗൃഹാതുരത്വം, മധുരസ്മരണ എന്നൊക്കെ പറയാറുണ്ടെങ്കിലും ഭൂതകാലം ഓർമിച്ചെടുക്കുന്നത് എല്ലാവര്‍ക്കും ഒരുപോലെ അത്ര നല്ല അനുഭവമായിക്കൊള്ളണമെന്നില്ലല്ലോ.

ഈ പണി തുടങ്ങിയിട്ട് ഇന്നേക്ക് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ഇപ്പോഴും ആദ്യത്തെ അധ്യായത്തില്‍ത്തന്നെ മുട്ടിനില്‍ക്കുകയാണ്. അതില്‍നിന്ന് ഒരിഞ്ചെങ്കിലും മുന്നോട്ടുനീങ്ങാതെ രക്ഷയില്ല. കാര്‍ത്തികേയന്‍ സാറിനു മൂഡ് വരാന്‍ കാത്തിരിക്കുകയാണ് ഞാന്‍. സാറിന്‍റെ പ്രായവും പരിഗണിക്കണമല്ലോ.

ഇന്നലെ ഞാന്‍ കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടിലിരിക്കുമ്പോഴാണ് എഡിറ്റര്‍ വിളിച്ചത്. പതിവുപോലെ താന്‍ എവിടെയാണ് എന്ന ചോദ്യത്തോടെത്തന്നെയായിരുന്നു തുടക്കം. സാറിന്‍റെ വീട്ടിലാണ് എന്നറിയിച്ചപ്പോള്‍ വീടിന്‍റെ പുറത്തേക്ക് ഇറങ്ങിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. മുറ്റത്തേക്ക് എത്തുന്നതുവരെ അദ്ദേഹം നിശ്ശബ്ദത പാലിച്ചു. എഡിറ്ററും ഞാനും തമ്മിലുള്ള സംഭാഷണം കാര്‍ത്തികേയന്‍ സാര്‍ കേള്‍ക്കരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ട്.

‘‘തലിയാര്‍ഖാന്‍, താന്‍ ഒരു കാര്യം മനസ്സിലാക്കണം.’’ അദ്ദേഹത്തിന്‍റെ ശബ്ദത്തിലെ അക്ഷമ എനിക്കു തൊട്ടറിയാന്‍ പറ്റി. ‘‘മനോമയം മൂന്നുമാസം കൊടുത്തിട്ടുണ്ടെന്നതു ശരിതന്നെ. പക്ഷേ, നമുക്ക് അത്രയൊന്നും സമയമില്ല. ഏറിയാല്‍ ഒരുമാസം. അപ്പോഴേക്കും എല്ലാം വാരിക്കൂട്ടിയെടുത്ത് താന്‍ ഇങ്ങ് എത്തിക്കോളണം.’’

അതു കേട്ടതോടെ എന്‍റെ മൂഡും പോയി. എഡിറ്റര്‍ വിചാരിക്കുന്നതുപോലെ അത്ര എളുപ്പത്തില്‍ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് എനിക്ക് ഇതിനകം ബോധ്യമായിട്ടുണ്ട്. എഡിറ്ററുടെ നിർദേശം പല കാര്യങ്ങളിലുമുണ്ടായിരുന്നു.

‘‘നടപടികള്‍ വൈകുന്നത് പല പ്രശ്നങ്ങളുമുണ്ടാക്കും. ഉദാഹരണമായി ഓഫീസിലെ കാര്യംതന്നെ നോക്കൂ. താന്‍ ഒരാഴ്ചയായി റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ഇവിടെ പലര്‍ക്കും സംശയമുണ്ടാക്കിയിട്ടുണ്ട്. ആരും എന്നോട് നേരിട്ടു ചോദിച്ചിട്ടില്ലെന്നേയുള്ളൂ. മാനേജിങ് എഡിറ്റര്‍ ഇന്നലെ ഇതിന്‍റെ പ്രോഗ്രസ് അന്വേഷിച്ചിരുന്നു. തുടങ്ങിയിട്ടുണ്ടെന്നും എന്നാലും ഒന്നുമായിട്ടില്ലെന്നും ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന് ഒരു അതൃപ്തിയുള്ളതുപോലെ. താന്‍ എന്നാണ് വരിക എന്ന് ഇന്നലെ ദേവന്‍ ചോദിച്ചിരുന്നു. റിസീവറുടെ പണി ഇപ്പോള്‍ അയാളുടെ തലയിലാണല്ലോ. അച്ഛന് പെട്ടെന്ന് അസുഖമായതുകൊണ്ട് വീട്ടില്‍ പോയിരിക്കുകയാണെന്നാണ് അയാളോടു പറഞ്ഞത്.’’

ഒന്നു നിര്‍ത്തി എഡിറ്റര്‍ തുടര്‍ന്നു.

‘‘ഓഫീസില്‍നിന്ന് ആരു ചോദിച്ചാലും താന്‍ അതുതന്നെ പറഞ്ഞാല്‍ മതി. ബാബുവോ ശ്രീരാഗോ ഒക്കെ വിളിക്കാന്‍ വഴിയുണ്ടല്ലോ. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കലയൂരില്‍ ആരുമായും അങ്ങനെ കാര്യമായ ചങ്ങാത്തത്തിനു പോകണ്ട. താന്‍ താമസിക്കുന്ന ആ വീട്ടില്‍പോലും തന്‍റെ ഉദ്യോഗം എന്താണെന്ന് വെളിപ്പെടുത്തരുത്.’’

ഇല്ല. വേശുവമ്മയോട് ഒന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കാര്‍ത്തികേയന്‍ സാറിന് മൂഡില്ലാത്തതു കാരണം ഇന്നലെ വൈകുന്നേരം നേരത്തേ പണി നിര്‍ത്തി. ഇരുട്ടും മുമ്പ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വേശുവമ്മ അത്ഭുതപ്പെട്ടു.

‘‘ഇന്നു നേര്‍ത്തെ ജോലികഴിഞ്ഞു പോന്നുവല്ലോ.’’

എനിക്ക് എന്താണ് പണിയെന്ന് വേശുവമ്മയോടു പറഞ്ഞിട്ടില്ല. എന്താണെന്ന് വേശുവമ്മ ഇതുവരെ ചോദിച്ചിട്ടുമില്ലായിരുന്നു. പക്ഷേ, ഇന്നലെ വൈകുന്നേരം നേരത്തേ മടങ്ങിയെത്തിയപ്പോള്‍ അവര്‍ എനിക്കൊരു ചായ ഇട്ടുതന്ന് അടുത്തുവന്നിരുന്നു.

‘‘പകലൊക്കെ എവിടേയ്ക്കാ പോകുന്നത്?’’

ഞാന്‍ വെറുതെ ചിരിച്ചതേയുള്ളൂ. എവിടെയെങ്കിലും ജോലിയാണ് എന്നുപറയാന്‍ കലയൂരില്‍ എന്തെങ്കിലും ഉണ്ടായിട്ടുവേണ്ടേ? ഇനി അഥവാ എന്തെങ്കിലും ഉണ്ടാക്കിപ്പറഞ്ഞാല്‍പ്പിന്നെ ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി അതില്‍നിന്ന് പടര്‍ന്നുകയറിപ്പോവും. ഒന്നും പറയാതിരിക്കുകയാണ് നല്ലത് എന്നു ഞാന്‍ തീരുമാനിച്ചു.

‘‘എഴുത്താണ് പണി അല്ലേ? എനിക്ക് ആദ്യം കണ്ടപ്പോള്‍ത്തന്നെ സംശയം തോന്നി.’’

ഞാന്‍ അവരുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. അവര്‍ക്ക് കാഴ്ച കുറവാണെന്ന് ചന്ദ്രേട്ടന്‍ പറഞ്ഞത് അത്ര ശരിയാണെന്ന് എനിക്കപ്പോള്‍ തോന്നിയില്ല. അവര്‍ ഇല്ലാത്ത അന്ധത നടിക്കുകയാണോ?

ഞാന്‍ എഴുത്തുകാരനാണ് എന്നു ധരിച്ചിട്ടുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കഴിഞ്ഞ മൂന്നുദിവസമായി രാത്രി വൈകുംവരെ ലാപ്ടോപ്പിലും കടലാസിലുമൊക്കെയായി ഞാന്‍ ചെയ്യുന്ന പണികള്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നു തീര്‍ച്ച. ആദ്യത്തെ ദിവസം അവര്‍ ഉറങ്ങിയിട്ടു മതി എന്നുവെച്ച് ലാപ്ടോപ് നിവര്‍ത്താന്‍ കുറച്ചുനേരം വൈകിപ്പിച്ചുവെങ്കിലും കാര്യമുണ്ടായില്ല. വേശുവമ്മ അങ്ങനെ നേരത്തേ ഉറങ്ങാന്‍ പോവുന്ന കൂട്ടത്തിലല്ല എന്ന് എനിക്ക് ആദ്യത്തെ ദിവസംതന്നെ മനസ്സിലായിരുന്നു.

അവര്‍ക്ക് ഉറക്കം കുറവാണെന്നു തോന്നുന്നു. അഞ്ചുമണിക്ക് ഞാന്‍ ഉണരുന്നതിനുമുമ്പ് അവര്‍ അടുക്കളയില്‍ കടന്ന് പണി തുടങ്ങിയിരിക്കും. അവര്‍ നല്ല പാചകക്കാരിയാണെന്ന് ചന്ദ്രേട്ടന്‍ പറഞ്ഞിരുന്നു. ചന്ദ്രേട്ടന്‍റെ അച്ഛന്‍ ഹോട്ടല്‍ നടത്തിയിരുന്ന കാലത്ത് ഹോട്ടലിലേക്ക് അവരുടെ അമ്മ വെള്ളേപ്പം ഉണ്ടാക്കിക്കൊടുത്തിരുന്നുവത്രേ. അമ്മക്കുശേഷം വേശുവമ്മയും അതു തുടര്‍ന്നുവത്രേ.

‘‘വേശുവമ്മയുടെ അപ്പം വാങ്ങാന്‍ ആളുകള്‍ ക്യൂ നില്‍ക്കുമായിരുന്നു എന്ന് അച്ഛന്‍ പറയാറുണ്ട്.’’

ഞാന്‍ പകല്‍ കാര്‍ത്തികേയന്‍ സാറിന്‍റെ അടുത്തേക്കാണ് പോവുന്നതെന്ന് ചന്ദ്രേട്ടനല്ലാതെ മറ്റാരും അറിഞ്ഞിട്ടില്ല. ചന്ദ്രേട്ടനില്‍നിന്ന് അതു മറച്ചുവെക്കുന്നത് എളുപ്പവുമല്ല. ആദ്യം വഴി ചോദിച്ചതുതന്നെ ചന്ദ്രേട്ടനോടായിരുന്നുവല്ലോ. പിന്നെ ഇവിടെ താമസിക്കാന്‍ ഒരു വീടു കിട്ടാനൊക്കെ മൂപ്പരെയാണല്ലോ ആശ്രയിച്ചത്. ചിലതെല്ലാം എത്രയായാലും ഒഴിവാക്കാന്‍ പറ്റില്ലല്ലോ.

എന്നാലും ചന്ദ്രേട്ടനെ അവിശ്വസിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇതുവരെ കണ്ടതില്‍നിന്ന് ഒന്നും ചൂഴ്ന്നെടുക്കുന്ന കൂട്ടത്തിലാണെന്നു തോന്നിയിട്ടില്ല. എഡിറ്ററുടെ നിർദേശം കിട്ടിയതോടെ പ്രാതലിന് അവിടേക്ക് പോകണ്ട എന്നു നിശ്ചയിച്ചു. അവിടെ ആ സമയത്ത് ധാരാളം ആളുകള്‍ വരുന്നതാണ്. പലരുടെയും കണ്ണില്‍പ്പെടും. സംശയങ്ങളും ചോദ്യങ്ങളുമുണ്ടാവും. നാട്ടിന്‍പുറമല്ലേ?

രണ്ടാമത്തെ ദിവസം പ്രാതലിന് പുറപ്പെടാതിരുന്നത് വേശുവമ്മയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവര്‍ ഉപ്പുമാവ് ഉണ്ടാക്കിത്തന്നു. സ്വതേ ഉപ്പുമാവ് എനിക്കത്ര ഇഷ്ടമൊന്നുമല്ലെങ്കിലും വേശുവമ്മ ഉണ്ടാക്കിയതിന് നല്ല സ്വാദു തോന്നി. വേശുവമ്മക്ക് നല്ല കൈപ്പുണ്യമുണ്ട്. രാത്രി അവരുണ്ടാക്കിത്തരുന്ന കഞ്ഞിയും ചെറുപയർ കൂട്ടാനും ഇതുപോലെത്തന്നെ സ്വാദിഷ്ഠമാണ്. കഞ്ഞി കുടിച്ചുതീരുന്നതു വരെ അവര്‍ അടുത്തിരിക്കും.

അവര്‍ അടുത്തിരിക്കുമ്പോഴും അവരോട് വഴിവിട്ട് ഒന്നും സംസാരിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. വേശുവമ്മക്ക് കൂടപ്പിറപ്പുകളൊന്നുമില്ല എന്ന് വര്‍ത്തമാനത്തിനിടക്ക് മനസ്സിലാക്കാന്‍ പറ്റി. അവര്‍ കല്യാണം കഴിച്ചിട്ടുണ്ടോ, കുട്ടികളുണ്ടോ എന്നൊന്നും ഇതുവരെ വര്‍ത്തമാനത്തില്‍നിന്ന് വീണുകിട്ടിയിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ ചോദിക്കാന്‍ എന്തുകൊണ്ടോ എനിക്കു മടിതോന്നി.

ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീട് ആരുടെയാണെന്ന് ചോദിച്ചറിഞ്ഞതും ഇങ്ങനെ അവര്‍ അടുത്തിരിക്കുന്ന നേരത്താണ്. വേശുവമ്മയുടെ വലിയച്ഛന്‍റെ വീടായിരുന്നു അത്. വലിയച്ഛനും വലിയമ്മക്കും കുട്ടികളൊന്നുമുണ്ടായിരുന്നില്ല. സ്വന്തമായി ഒരു കുട്ടിയെന്നു പറയാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാത്സല്യംകൊണ്ട് വലിയമ്മയാണ് തന്നെ വേശുമണി എന്നുവിളിക്കാന്‍ തുടങ്ങിയത്.

‘‘അപ്പോള്‍ വേശ്വമ്മേടെ ശരിക്കുള്ള പേര് എന്താ?’’

‘‘അത് എനിക്കുതന്നെ ഇപ്പോള്‍ ഓർമയില്ല,’’ വേശ്വമ്മ ചിരിച്ചു. നിരയൊത്ത പല്ലുകള്‍. ഭംഗിയുള്ള ചിരി.

ഇപ്പോള്‍ ജരാനര ബാധിച്ചിട്ടുണ്ടെങ്കിലും വേശുവമ്മ ഒരു കാലത്ത് സുന്ദരിയായിരുന്നു എന്ന് എനിക്കു തോന്നി. അറ്റം കൂര്‍ത്ത നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും. ആകൃതിയൊത്ത മുഖമാണ് അവരുടേത്. ദേശത്ത് അറിയപ്പെടുന്ന ഒരാളായിരുന്നു അവരെന്ന് അന്ന് ചന്ദ്രേട്ടന്‍ പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല. പിന്നെ അതിനെപ്പറ്റി ചന്ദ്രേട്ടനോട് ചോദിക്കാന്‍ അവസരം കിട്ടിയില്ല. ചായക്കടയിലെ തിരക്കുകഴിഞ്ഞ് ചന്ദ്രേട്ടനെ കണ്ടുകിട്ടുന്നത് എളുപ്പമല്ല. രഹസ്യാത്മകത ചോരുമോ എന്നു പേടിച്ച് ചായക്കടയിലേക്ക് ഞാന്‍ പിന്നെ പോയിട്ടുമില്ല.

ഭാഗ്യത്തിന് വേശുവമ്മ എന്നെക്കുറിച്ച് കാര്യമായൊന്നും ഇതുവരെ അന്വേഷിച്ചിട്ടില്ല. ഇങ്ങോട്ട് എന്തെങ്കിലും ചോദിച്ചാല്‍ പറയാന്‍ വേണ്ടി ഞാന്‍ തയാറാക്കിവെച്ചിരുന്ന ഉത്തരങ്ങള്‍ ഇതുവരെ ഉപയോഗിക്കേണ്ടിവന്നിട്ടില്ല. കളവുകള്‍ കെട്ടിപ്പടുക്കുന്നതിനും ഒരു പരിധിയൊക്കെയുണ്ടല്ലോ. മീതേക്കുമീതെ കെട്ടിപ്പൊക്കി അവസാനം എല്ലാംകൂടി ഇടിഞ്ഞുപൊളിഞ്ഞുവീഴാതിരിക്കാനും ശ്രദ്ധിക്കേണ്ടിവരും. അതുകൊണ്ട് വേശുവമ്മയോടു സംസാരിക്കുന്നത് വളരെ കരുതലോടുകൂടിയാണ്.

ആരെയും വിശ്വസിക്കരുത് എന്നാണല്ലോ എഡിറ്റര്‍ പറഞ്ഞിരിക്കുന്നത്. അതാണെങ്കില്‍ എന്നും എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

‘‘മനോമയത്തിന്‍റെ ചാരന്മാര്‍ എവിടെയുമുണ്ടാവും,’’ ഇന്നലെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘‘ആരോടും വലിയ സൗഹൃദം ഭാവിക്കരുത്. ആരെങ്കിലും അതിനു തുനിഞ്ഞാല്‍ അവരെ അങ്ങനെ എന്‍റര്‍ടെയ്ന്‍ ചെയ്യാതെ വിടണം. അതേസമയം, ഇങ്ങോട്ടു വല്ലതും ചോര്‍ത്തിയെടുക്കാനുള്ള അവസരമൊന്നും വിട്ടുകളയുകയുമരുത്.’’

സിദ്ധാന്തപരമായി എല്ലാം ശരിതന്നെ. പക്ഷേ, ഇതൊക്കെ എത്രകണ്ട് പ്രായോഗികമാക്കാനാവും എന്നറിയില്ല.

ഒരുമാസം എന്ന നിബന്ധനയാണ് എനിക്ക് ഒട്ടും പ്രായോഗികമായി തോന്നാത്തത്. കാര്‍ത്തികേയന്‍ സാറിന്‍റെ കാര്യം ഒന്നും പറയാന്‍ വയ്യാത്ത നിലയാണ്. കുടുംബത്തെ പിരിഞ്ഞിരിക്കുന്നതിന്‍റെ വിഷമമുണ്ട്. ഇന്നലെയും മകള്‍ വിളിച്ചിരുന്നു. അതാണ് മൂഡോഫ് ആവാനുള്ള പ്രധാനകാരണം എന്നുതോന്നുന്നു. പിന്നെ പണ്ട് ലോഡ്ജില്‍ ഒറ്റക്കു താമസിച്ചിരുന്നതു പോലെയൊന്നും ഈ പ്രായത്തില്‍ സാധ്യമല്ലല്ലോ.

‘‘ഇത് ഏറ്റെടുക്കണ്ടായിരുന്നു എന്ന് എനിക്കിപ്പോള്‍ തോന്നുന്നുണ്ട്,’’ ഇന്നലെ എന്തോ ആലോചനക്കിടയില്‍ അദ്ദേഹത്തിന്‍റെ നാവില്‍നിന്ന് വീണുപോയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. മകളുടെ ഫോണ്‍ വന്നതിനു ശേഷമായിരുന്നു അത്.

കാര്‍ത്തികേയന്‍ സാര്‍ എഴുത്തിന്‍റെ ലോകത്തില്‍നിന്ന് എന്നോ വിട്ടുപോന്നിരിക്കുന്നു എന്ന് എനിക്കിപ്പോള്‍ തോന്നുന്നുണ്ട്. പണ്ടത്തെപ്പോലെ അദ്ദേഹത്തിന് പണത്തിന്‍റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അതൊക്കെ മുപ്പത്തിമൂന്നു കൊല്ലം മുമ്പ് അവസാനിച്ചിരിക്കണം. അതാവുമല്ലോ അദ്ദേഹം എഴുത്തു നിര്‍ത്തിയതിന്‍റെ കാരണങ്ങളിലൊന്ന്.

‘മനോമയം’ അദ്ദേഹത്തെ ബന്ധപ്പെടുന്നുണ്ടോ എന്ന് എഡിറ്റര്‍ അന്വേഷിച്ചിരുന്നു. എന്‍റെ സാന്നിധ്യത്തില്‍ അത് ഇതുവരെ ഉണ്ടായിട്ടില്ല. അവര്‍ ഇതുവരെ പരസ്യമൊന്നും കൊടുത്തിട്ടില്ല എന്നാണല്ലോ എഡിറ്റര്‍ പറഞ്ഞത്. അവസാനം ഇത് ‘ശാരിക’യുടെ ആവശ്യമായി മാറുകയാണോ? എഡിറ്ററുടെ മാത്രം ആവശ്യം? അതില്‍പ്പരം എന്‍റെ ആവശ്യം? ഇങ്ങനെ ഞെക്കിപ്പഴുപ്പിച്ചെടുക്കുന്ന എഴുത്തില്‍നിന്ന് എന്തെങ്കിലും കിട്ടിയിട്ടു കാര്യമുണ്ടാവുമോ എന്നും ഉറപ്പില്ല. അവസാനം ഈ അധ്വാനംതന്നെ വൃഥാവിലായിപ്പോവാതിരുന്നാല്‍ മതിയായിരുന്നു.

വേശുവമ്മയുടെ വീട്ടില്‍ താമസമാക്കിയതിന്‍റെ പിറ്റേന്നുതന്നെ ഞാന്‍ രാവിലത്തെ നടത്തം തുടങ്ങണമെന്ന് തീരുമാനിച്ചിരുന്നു. ഒരു കട്ടന്‍ കിട്ടിയാല്‍ നന്നായിരുന്നു എന്നു തോന്നിയെങ്കിലും വേശുവമ്മയെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ശബ്ദമുണ്ടാക്കാതെയാണ് ഞാന്‍ എഴുന്നേറ്റത്. പക്ഷേ, മുറിയില്‍നിന്നു പുറത്തുകടന്ന ഉടന്‍ അടുക്കളയില്‍ വെളിച്ചം കണ്ടു. ചോദിക്കാതെത്തന്നെ അവര്‍ കട്ടനുണ്ടാക്കിത്തന്നു.

‘‘മോന്‍ ഇത്ര നേര്‍ത്തെ നടക്കാന്‍ പോണ്ടാ,’’ വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ വേശുവമ്മ പറഞ്ഞു. ‘‘വെളിച്ചമുണ്ടാവില്ല. പിന്നെ വല്ല ഇഴജന്തുക്കളോ പട്ടികളോ ഒക്കെയുണ്ടാവും വഴിയില്.’’

പറഞ്ഞതു ശരിയായിരുന്നു. വഴിയില്‍ ചിലയിടത്ത് വിളക്കുകാലുകളില്ല. അവിടെയൊക്കെ മൊബൈലിലെ ടോര്‍ച്ചിന്‍റെ സഹായം വേണ്ടിവന്നു. പാലം എത്തുന്നതു വരെയേ പ്രശ്നമുള്ളൂ. അവിടന്നങ്ങോട്ട് കാല്‍വിളക്കുകളുണ്ട്.

പട്ടികളെപ്പറ്റി പറഞ്ഞതും ശരിതന്നെ. കലയൂരിലേക്കുള്ള പാലത്തിന്‍റെ ഇങ്ങേപ്പുറത്തുള്ള മാവിന്‍ ചുവട്ടില്‍ ആറോ ഏഴോ എണ്ണം കിടന്നുറങ്ങുന്നതു കണ്ടു. എന്‍റെ കാല്‍പ്പെരുമാറ്റം കേട്ട് എല്ലാവരും ഉണര്‍ന്നെഴുന്നേറ്റ് എന്‍റെ നേരെ കുതിച്ചുചാടി. കൈ ഓങ്ങിയിട്ട് കാര്യമൊന്നുമുണ്ടായില്ല. ഒടുവില്‍ കുനിഞ്ഞ് കല്ലെടുത്തെറിയുന്നതു പോലെ ഭാവിച്ചപ്പോള്‍ എല്ലാവരും വാലു താഴ്ത്തി എവിടേക്കൊക്കെയോ ഓടിമറഞ്ഞു.

രണ്ടാം ദിവസവും അങ്ങനെത്തന്നെ. ഇന്നലെ ഏതായാലും അതുണ്ടായില്ല. ഉറങ്ങുകയായിരുന്നോ അതോ എന്നെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചതാണോ എന്നറിയില്ല.

മാവിന്‍റെ ചുവട്ടിലുള്ള പട്ടികള്‍ക്ക് ഇന്നേക്ക് എന്നോട് അല്‍പം സൗഹൃദമായിട്ടുണ്ട്. കടന്നുപോവുമ്പോള്‍ ഒന്ന് തലയുയര്‍ത്തി നോക്കി. അവയിലൊന്ന് ഒന്നു മുരണ്ടുനോക്കിയെങ്കിലും മറ്റുള്ളവര്‍ ഒട്ടും പ്രോത്സാഹിപ്പിച്ചില്ല. മാത്രമല്ല, അവയില്‍ ഒന്ന് ചെറുതായി വാല് ഒന്നനക്കുകയും ചെയ്തു.

നല്ലത്. പട്ടികളെ വിശ്വസിക്കാം. അവര്‍ ഒന്നും ചോര്‍ത്തിയെടുക്കില്ലല്ലോ. എഡിറ്റര്‍ പറഞ്ഞ കരുതല്‍ ഇവരോട് ആവശ്യമില്ല.

വാകച്ചുവട്ടില്‍ ടൗണിലേക്കുള്ള ശ്രീലക്ഷ്മി കിടക്കുന്നുണ്ട്. യാത്രക്കാര്‍ എത്തുന്നതേയുള്ളൂ. ആറരക്കാണല്ലോ ബസ് പുറപ്പെടുന്നത്. സീറ്റുകളൊക്കെ തുടച്ചുവൃത്തിയാക്കുകയാണ് കിളി. അമ്പലത്തില്‍നിന്നു പ്രസാദമായി കിട്ടിയ ചന്ദനം ബസിനെ തൊടുവിക്കുന്നതിനിടെ കണ്ടക്ടര്‍ എന്നെ തിരിഞ്ഞുനോക്കി ചിരിച്ചു.

ഇപ്പോള്‍ ഇതൊരു പതിവു കാഴ്ചയാണ്. നാലാമത്തെ ദിവസമായപ്പോഴേക്കും കണ്ടക്ടര്‍ക്ക് ഞാന്‍ പരിചിതനായിരിക്കുന്നു. പാലം കടക്കുമ്പോള്‍ താഴെ കലയൂര്‍പ്പുഴയിലേക്ക് നോക്കി. വളരെ ശാന്തയായി ഒഴുകുകയാണ്. കിഴക്കേ ചക്രവാളത്തിന്‍റെ ചുവപ്പ് പുഴയില്‍ കലര്‍ന്നുതുടങ്ങിയിരിക്കുന്നു. പാലത്തില്‍നിന്നുള്ള പുഴയുടെ കാഴ്ച മനോഹരമാണ്. അതുകാണാന്‍ വേണ്ടി രണ്ടു മിനിട്ട് ഇവിടെ നില്‍ക്കുന്നത് ഒരു പതിവായിട്ടുണ്ട്.

ഇതിനിടക്ക് രാവിലത്തെ നടത്തത്തില്‍ സ്ഥിരമായ ചില കാഴ്ചകള്‍ പലതുമുണ്ട്. ഭഗവതിയമ്പലത്തില്‍ കുളിച്ചു തൊഴാന്‍ വരുന്നവര്‍; ആറര മണിക്ക് നഗരത്തിലേക്കുള്ള ശ്രീലക്ഷ്മി പിടിക്കാന്‍ തിരക്കുപിടിച്ചു നടക്കുന്നവര്‍; മോട്ടോര്‍ ബൈക്കില്‍ എതിരെ വരുന്ന പത്രക്കാരന്‍; ആറു മണി കഴിഞ്ഞാല്‍ സൈക്കിളില്‍ പിടിപ്പിച്ച മെഗാഫോണിലൂടെ ഭക്തിഗാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കടന്നുപോവുന്ന ലോട്ടറി ടിക്കറ്റ് വില്‍പനക്കാരന്‍...

മൂന്നു ദിവസത്തെ നടത്തംകൊണ്ട് കലയൂരിലെ കുറച്ചു പേരെയൊക്കെ മുഖപരിചയമായിട്ടുണ്ട്.

 

കലയൂര്‍ ഹൈസ്കൂള്‍ കഴിഞ്ഞ് ഇടത്തോട്ടു തിരിയുന്ന വഴിയില്‍നിന്ന് ആവിര്‍ഭവിക്കുന്ന വൃദ്ധനും അക്കൂട്ടത്തിലുണ്ട്. മിനിയാന്ന് ആദ്യമായി കണ്ടപ്പോള്‍ത്തന്നെ അദ്ദേഹം എന്നെ സൂക്ഷിച്ചുനോക്കി. സ്വന്തം നാട്ടില്‍ അതുവരെ കാണാത്ത ഒരു മുഖമാണല്ലോ എന്നു ചിന്തിച്ചുകാണും. അന്ന് ആ നോട്ടത്തില്‍ ഒതുക്കിയെങ്കിലും ഇന്നലെ ഞാന്‍ കടന്നുപോയപ്പോള്‍ എന്തോ എന്നോടു ചോദിച്ചതുപോലെ തോന്നി. ഞാനതു കേട്ടില്ലെന്നു നടിച്ച് വേഗം നടക്കുകയാണുണ്ടായത്.

മൂന്നുദിവസംകൊണ്ട് ഞാന്‍ കണ്ടുപിടിച്ച ഒരു കാര്യമുണ്ട്: അദ്ദേഹത്തിന്‍റെ സമയം കിറുകൃത്യമാണ്. കലയൂര്‍ സിറ്റിയും ഹെല്‍ത്ത് സെന്‍ററും കടന്ന് ഒരു കിലോമീറ്ററോളം പോയാല്‍ കലയൂര്‍ ഹൈസ്കൂളായി. അതിനുശേഷം രണ്ടു ഫര്‍ലോങ് കഴിഞ്ഞാല്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി. എന്‍റെ നടത്തം അതുവരെയാണ്. പള്ളിയെത്തിയാല്‍ എബൗട്ടേണ്‍ അടിക്കും.

ഓര്‍ത്തഡോക്സ് പള്ളിയെത്തുന്നതിനു തൊട്ടുമുമ്പ് ഇടത്തോട്ടുള്ളതാണ് ടൗണിലേക്കുള്ള വഴി. ശ്രീലക്ഷ്മിയുടെ റൂട്ട് അതാണ്. ഈ പറഞ്ഞ വൃദ്ധന്‍ പ്രത്യക്ഷപ്പെടുന്നത് ആ വഴിയില്‍നിന്നാണ്. അത് കൃത്യം ആറരക്ക് കഴിഞ്ഞ രണ്ടുദിവസവും അങ്ങനെയാണുണ്ടായത്. ഇന്നും അതു തെറ്റാന്‍ വഴിയില്ല.

ഇതുവരെയുള്ള കാഴ്ചകള്‍ക്കൊന്നും നാലാം ദിവസവും മാറ്റമില്ല. അതുകൊണ്ട് ഇനിയുള്ള കാഴ്ചകള്‍ക്കും വ്യത്യാസമുണ്ടാവാന്‍ വഴിയില്ല.

കലയൂര്‍ സിറ്റിയില്‍ എത്തിയപ്പോള്‍ ഞാന്‍ മൊബൈലില്‍ നോക്കി. ആറ്-ഇരുപത്തഞ്ച്. ഹെല്‍ത്ത് സെന്‍റര്‍ കടന്ന് ഹൈസ്കൂള്‍ കഴിഞ്ഞതേയുള്ളൂ. ടൗണിലേക്കുള്ള വഴിയില്‍നിന്ന് ആ വൃദ്ധന്‍ പ്രത്യക്ഷനായി.

ഇന്നും സമയം തെറ്റിയിട്ടില്ല. കൃത്യം ആറര.

ഷര്‍ട്ടും കാവിമുണ്ടും തന്നെയാണ് വേഷം. മുണ്ട് മടക്കിക്കുത്തിയിരിക്കുന്നു. മുട്ടിനു താഴെ രണ്ടു കാലിലും എന്തൊക്കെയോ പാണ്ടുകള്‍ ഉണ്ട്. കാലുകള്‍ കുറച്ച് അകത്തിപ്പിടിച്ച് ഇരുവശത്തേക്കും അല്‍പം ആടിയാടി വളരെ പതുക്കെയാണ് നടപ്പ്. കയ്യില്‍ ഒരു കാലന്‍കുടയുണ്ട്. ഇടക്കിടെ അത് നിലത്തു കുത്തുന്നുണ്ട്.

‘‘ഹലോ!’’

ഒന്ന് ആലോചിച്ച് ഞാന്‍ തിരിഞ്ഞുനിന്നു. അദ്ദേഹം അടിവെച്ചടിവെച്ച് എന്‍റെ അടുത്തെത്തി.

‘‘രണ്ടു ദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു,’’ അദ്ദേഹം പറഞ്ഞു. ‘‘നിങ്ങള്‍ ഈ നാട്ടിലുള്ള ആളാണെന്നു തോന്നുന്നില്ലല്ലോ!’’

ഇപ്പോള്‍ എനിക്ക് അദ്ദേഹത്തിന്‍റെ മുഖം വ്യക്തമായി കാണാനാവുന്നുണ്ട്. എണ്‍പതിനുമേല്‍ പ്രായമായിട്ടുണ്ട്, തീര്‍ച്ച. തല മുക്കാലും കഷണ്ടിയാണ്. മുഖത്ത് വൃത്തിയില്ലാതെ വളര്‍ന്നുനില്‍ക്കുന്ന നരച്ച രോമങ്ങള്‍. പുരികംപോലും നരച്ചതാണ്. വെള്ളാരങ്കണ്ണുകള്‍.

‘‘യുവാവേ, നിങ്ങളെപ്പോലെ ഓടാനൊന്നും വയ്യ എനിക്ക്,’’ ഞാന്‍ നടക്കാന്‍ ഭാവിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു. ‘‘ഒരു രണ്ടു മിനിട്ട് എനിക്കു തന്നുകൂടെ? എന്താ നിങ്ങള്‍ക്കിത്ര തിരക്ക്?’’

ഞാന്‍ നടത്തം നിര്‍ത്തി അദ്ദേഹത്തിന്‍റെ മുന്നില്‍ നിന്നു.

കൃത്യം ആ സമയത്ത് ഷര്‍ട്ടിന്‍റെ കിശയില്‍ കിടക്കുന്ന എന്‍റെ മൊബൈല്‍ ഒന്നു വിറച്ചു. എടുത്തുനോക്കിയപ്പോള്‍ എഡിറ്ററുടെ വിളിയാണ്.

എന്‍റെ വയറ്റില്‍ ഒരാന്തലുണ്ടായി. അദ്ദേഹം ഈ പരിസരത്തെങ്ങാനുമുണ്ടോ? ഞാന്‍ ചുറ്റിലും നോക്കി. വിറച്ചുകൊണ്ടുതന്നെ ഫോണ്‍ എടുത്തു.

‘‘തലിയാര്‍ഖാന്‍,’’ എഡിറ്ററുടെ ശബ്ദമുയര്‍ന്നു. ‘‘ഇന്നലെ രാത്രി തന്നെ വിളിച്ചിട്ടു കിട്ടിയില്ലല്ലോ. താനെവിടെപ്പോയിക്കിടക്കുകയാണ്?’’

ആളു തെറ്റി വരുന്ന വിളികള്‍ രണ്ടു ദിവസമായി മൂന്നാലു പ്രാവശ്യം എന്നെ ഉറക്കത്തില്‍നിന്ന് ഉണര്‍ത്തിയിരുന്നു. അതുകൊണ്ട് ഇന്നലെ രാത്രി മൊബൈല്‍ ഫോൺ വൈബ്രേഷന്‍ മോഡിലിട്ടിട്ടാണ് കിടന്നത്. അതു മാറ്റാന്‍ മറന്നുപോയി.

‘‘എന്താ സര്‍? അത്യാവശ്യമായി എന്തെങ്കിലും?’’

‘‘ചോദിച്ചതു കേട്ടില്ലേ? താനെവിടെയാണ്?’’

‘‘രാവിലെ നടക്കാനിറങ്ങിയതാണ് സര്‍.’’

‘‘എവിടെ?’’

‘‘ഇവിടെ ഈ നാട്ടിന്‍പുറത്തുതന്നെ.’’

‘‘ശരി ശരി. താന്‍ ഫോണ്‍ വെച്ചോ. ഞാന്‍ പിന്നെ വിളിക്കാം.’’

ഞാന്‍ മൊബൈലില്‍ നോക്കി. മൂന്ന് മിസ്ഡ് കോളുകള്‍ ഉണ്ട്. ഒന്ന് ശ്രീരാഗിന്‍റെയാണ്. രാത്രി രണ്ടു മണിക്ക്. മറ്റേതു രണ്ടും എഡിറ്ററുടെയാണ്. രാത്രി മൂന്നരക്കും നാലു മണിക്കും എഡിറ്റര്‍ വിളിച്ചിട്ടുണ്ട്.

ഈ എഡിറ്റര്‍ക്ക് ഉറക്കമില്ലെന്നുണ്ടോ?

അതിനിടക്ക് ശ്രീരാഗ് എന്തിനാണ് വിളിച്ചതാവോ? അതും ഇങ്ങനെയൊരു നേരത്ത്.

ഞാന്‍ നിന്നനില്‍പ്പില്‍ത്തന്നെ ശ്രീരാഗിനെ തിരിച്ചുവിളിച്ചു. മുഴുവന്‍ അടിച്ചുകഴിഞ്ഞിട്ടും അയാള്‍ ഫോണെടുത്തില്ല.

‘‘ചോദിച്ചതു കേട്ടില്ലേ? ഒരു രണ്ടു മിനിട്ട് എനിക്കു തന്നുകൂടെ?’’

ഒരു നിമിഷത്തേക്ക് ഞാന്‍ വൃദ്ധന്‍റെ സാന്നിധ്യം മറന്നുപോയിരുന്നു. അദ്ദേഹത്തിന്‍റെ മുഖത്തെ ചിരിക്ക് ഇപ്പോള്‍ ഒരു കുസൃതിഭാവമായിരുന്നു.

‘‘തിരക്കൊക്കെയുണ്ട്,’’ അപ്പോള്‍ അങ്ങനെ പറയാനാണ് എനിക്കു തോന്നിയത്. അദ്ദേഹത്തിന്‍റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് ഞാന്‍ തുടര്‍ന്നു: ‘‘എന്നാലും ഒരു രണ്ടു മിനിട്ടൊക്കെ സ്പെയര്‍ ചെയ്യാം.’’

‘‘എന്നാല്‍ നമുക്ക് പരിചയപ്പെടാം,’’ അദ്ദേഹം എന്‍റെ നേരെ കൈ നീട്ടി. ‘‘എന്‍റെ പേര് ദാമോദരന്‍. നാട്ടുകാര്‍ ദാമുവേട്ടന്‍ എന്നു വിളിക്കും. എന്‍റെ പ്രായത്തിന് അവര്‍ കൽപിച്ചുതന്ന ഔദാര്യം.’’

ഒന്നു മടിച്ചുനിന്നിട്ടാണെങ്കിലും ഞാന്‍ തിരിച്ചു കൈ നീട്ടി.

(തുടരും)

News Summary - Malayalam novel