Begin typing your search above and press return to search.
proflie-avatar
Login

ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ
cancel

...അതുകൊണ്ടുതന്നെ പ്ലാറ്റ്ഫോമില്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വന്നുനിന്ന വണ്ടിയില്‍ കയറിപ്പറ്റാന്‍ ആകെ രണ്ടുപേരേ പ്ലാറ്റ്ഫോമിലുണ്ടായിരുന്നുള്ളൂ. അതേസമയം, പ്ലാറ്റ്ഫോമില്‍ നിലയുറപ്പിച്ച വണ്ടിയില്‍നിന്ന് ഇറങ്ങാന്‍ ഒരു യാത്രക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കാഴ്ചയില്‍ എണ്‍പതു വയസ്സിലധികം തോന്നിക്കുന്ന ആ മനുഷ്യന്‍ അല്‍പം പ്രയാസപ്പെട്ടാണ് വണ്ടിയുടെ വാതില്‍ക്കല്‍ എത്തിയത്. വീണുപോകാതിരിക്കാന്‍ വളരെ ശ്രദ്ധയോടെയാണ് അയാള്‍ വണ്ടിയുടെ പടികളില്‍ കാലുകള്‍ വെച്ചത്. ആ ആയാസത്തില്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അയാള്‍ കിതക്കുന്നുണ്ടായിരുന്നു. വാതില്‍ക്കല്‍നിന്നിരുന്ന...

Your Subscription Supports Independent Journalism

View Plans

...അതുകൊണ്ടുതന്നെ പ്ലാറ്റ്ഫോമില്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വന്നുനിന്ന വണ്ടിയില്‍ കയറിപ്പറ്റാന്‍ ആകെ രണ്ടുപേരേ പ്ലാറ്റ്ഫോമിലുണ്ടായിരുന്നുള്ളൂ.

അതേസമയം, പ്ലാറ്റ്ഫോമില്‍ നിലയുറപ്പിച്ച വണ്ടിയില്‍നിന്ന് ഇറങ്ങാന്‍ ഒരു യാത്രക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കാഴ്ചയില്‍ എണ്‍പതു വയസ്സിലധികം തോന്നിക്കുന്ന ആ മനുഷ്യന്‍ അല്‍പം പ്രയാസപ്പെട്ടാണ് വണ്ടിയുടെ വാതില്‍ക്കല്‍ എത്തിയത്. വീണുപോകാതിരിക്കാന്‍ വളരെ ശ്രദ്ധയോടെയാണ് അയാള്‍ വണ്ടിയുടെ പടികളില്‍ കാലുകള്‍ വെച്ചത്. ആ ആയാസത്തില്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അയാള്‍ കിതക്കുന്നുണ്ടായിരുന്നു. വാതില്‍ക്കല്‍നിന്നിരുന്ന സഹയാത്രികന്‍ നീട്ടിക്കൊടുത്ത ട്രോളിബാഗ് ഏറ്റുവാങ്ങി അല്‍പം പണിപ്പെട്ട് അയാള്‍ നിലത്തേക്ക് ഇറക്കിവെച്ചു.

‘‘ഞാന്‍ ഇറക്കിത്തന്നേനെ,’’ താരതമ്യേന പ്രായക്കുറവുള്ള സഹയാത്രികന്‍ പറഞ്ഞു. ‘‘പക്ഷേ വണ്ടി ഇവിടെ ഒരു മിനിട്ടേ നിര്‍ത്തുകയുള്ളൂ; അതുകൊണ്ടാണ്.’’

‘‘ഇതുതന്നെ വലിയ ഉപകാരം,’’ യാത്രക്കാരന്‍ പറഞ്ഞു. ‘‘നിങ്ങള്‍ വിളിച്ചുണര്‍ത്തിയിരുന്നില്ലെങ്കില്‍ ഞാന്‍ ഈ സ്റ്റേഷന്‍ കടന്നുപോയേനെ.’’

തലേന്നു രാത്രി ഒമ്പതുമണിയോടെ വണ്ടിയില്‍ കയറിപ്പറ്റിയതായിരുന്നു അയാള്‍. തിടുക്കത്തില്‍ അത്താഴം കഴിച്ച് ഒമ്പതരയോടെ കിടക്കുകയുംചെയ്തു. പക്ഷേ ഈറോഡ് എത്തുന്നതുവരെ അയാള്‍ക്ക് ഉറക്കം കിട്ടിയില്ല. വണ്ടി തുടക്കം മുതലേ അര മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരുന്നത്. ഈറോഡിലെത്തിയപ്പോഴേക്കും അത് മുക്കാല്‍ മണിക്കൂറോളമായി. അതുകൊണ്ട് രാധാദേവീപുരത്ത് എത്തേണ്ട സമയമായ ആറേമുക്കാലിന് എത്തുകയില്ല എന്ന തോന്നല്‍ അയാളെ ഗാഢമായ ഉറക്കത്തിലേക്ക് തള്ളിവിട്ടു. പക്ഷേ, വണ്ടി അതിനിടയില്‍ കുറച്ചു വേഗത്തില്‍ ഓടി ആ താമസം മുഴുവനും പരിഹരിച്ചിരുന്നു.

‘‘ഹാവ് എ നൈസ് ടൈം,’’ വണ്ടി വൈകാതെ സ്റ്റേഷന്‍ വിട്ട് നീങ്ങിത്തുടങ്ങിയപ്പോള്‍ സഹയാത്രികന്‍ കൈവീശി യാത്ര പറഞ്ഞു. ‘‘ടെയ്ക് കെയര്‍.’’

‘‘താങ്ക് യൂ.’’

അങ്ങനെ രണ്ടു വാക്കുകളില്‍ ഒതുക്കാവുന്നതായിരുന്നില്ല സഹയാത്രികനോടുള്ള കടപ്പാട്. സ്വന്തം ലോവര്‍ ബെര്‍ത്ത് സമ്മാനിച്ച് തന്‍റെ മിഡില്‍ ബെര്‍ത്ത് ഏറ്റെടുത്തവനാണ്. പ്രായത്തിന് അവകാശപ്പെട്ടത് എന്നു പറയാമെങ്കിലും അത് തികച്ചും സഹയാത്രികന്‍റെ സൗമനസ്യമാണ്. ഇത്തരം നന്മകളൊക്കെ ക്രമേണ തിരോഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ.

വണ്ടി കണ്ണില്‍നിന്ന് മറഞ്ഞപ്പോള്‍ അയാള്‍ വിജനമായ പ്ലാറ്റ്ഫോമും പരിസരവും കണ്ണുകൊണ്ട് ആവാഹിച്ചെടുത്തു. അപ്പോള്‍ ആ സ്റ്റേഷനും പരിസരവും അയാള്‍ക്ക് അപരിചിതമായി തോന്നിയില്ല.

രാധാദേവീപുരത്തിന് കാര്യമായ ഒരു മാറ്റവും വന്നിട്ടില്ല. രണ്ടാമത്തെ പ്ലാറ്റ്ഫോമിന് ഇപ്പോഴും പൂര്‍ണമായ മേല്‍ക്കൂരയില്ല. റെയില്‍വേ ഗേറ്റ് ഒഴിവാക്കാന്‍ ഒരു മേല്‍പ്പാലം വരുന്നു എന്ന് അന്നേ കേട്ടിരുന്നുവെങ്കിലും ഇപ്പോഴും അത് യാഥാർഥ്യമായിട്ടില്ല. വണ്ടി കടന്നുപോയപ്പോള്‍ തുറന്ന ഗേറ്റിലൂടെ അക്ഷമ പൂണ്ട വാഹനങ്ങള്‍ രണ്ടു ദിശയിലേക്കും തിടുക്കപ്പെട്ട് നീങ്ങുന്നുണ്ട്.

49 വര്‍ഷം, അയാള്‍ തന്നോടു തന്നെയെന്നപോലെ പറഞ്ഞു. രാധാദേവീപുരത്തിനെന്നപോലെ അമലശ്ശേരിക്കും കലയൂരിനും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടുണ്ടാവില്ലെന്നുണ്ടോ?

ട്രോളിബാഗ് ഉരുട്ടി അയാള്‍ ഗേറ്റിനു നേരെ നടന്നു. വലത്തോട്ടുള്ള ഗേറ്റിനരികില്‍ മൂന്നുനാല് ഓട്ടോറിക്ഷകള്‍ കിടപ്പുണ്ട്.

‘‘വണ്ടി പോവില്ല,’’ അമലശ്ശേരി എന്നു കേട്ടപാടെ ആദ്യത്തെ ഓട്ടോറിക്ഷക്കാരന്‍ പറഞ്ഞു. ‘‘അവിടെ കലയൂര്‍പ്പാലം പൊളിച്ചിട്ടിരിക്കുകയാണ് സാര്‍.’’

പാലം വന്നത് അയാള്‍ അറിഞ്ഞിരുന്നില്ല. താന്‍ ഇവിടെനിന്നു പോയതിനു ശേഷമാവണം അതു പണിതത്. എന്നിട്ട് അമ്പതു കൊല്ലം പോലും തികയുന്നതിനു മുമ്പ് അത് പൊളിച്ചിട്ടിരിക്കുന്നു!

ഒന്നാമന്‍ മാത്രമല്ല പിന്നിലുള്ള നാലുപേരും അമലശ്ശേരിക്കു പോവാന്‍ തയാറായിരുന്നില്ല.

പണ്ടൊക്കെ കലയൂരുനിന്ന് രാധാദേവീപുരത്തേക്കും തിരിച്ചും നടക്കുകയാണ് പതിവ്, അയാള്‍ ഓര്‍ത്തു. കലയൂര്‍പ്പുഴയിലേക്ക് പിന്നെയും പോണം. അമലശ്ശേരിക്ക് അന്ന് പാലമില്ല. തോണി കടക്കണം.

എല്ലാംകൂടി അഞ്ചു നാഴിക; അതായത് എട്ടു കിലോമീറ്റര്‍. ഇന്ന് ഈ 85ാം വയസ്സില്‍ അത് അത്ര പ്രായോഗികമായി അയാള്‍ക്കു തോന്നിയില്ല. ഇനി അഥവാ മനസ്സു സമ്മതിച്ചാല്‍ത്തന്നെ ശരീരം വഴങ്ങിത്തന്നുകൊള്ളണമെന്നില്ല.

‘‘സാറിന് പാലം വരെ പോയാല്‍ മതിയെങ്കില്‍ ഞാന്‍ കൊണ്ടുവിടാം,’’ എന്തുചെയ്യേണ്ടൂ എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ മൂന്നാമത്തെ ഓട്ടോറിക്ഷക്കാരന്‍ പറഞ്ഞു.

‘‘പക്ഷേ അവിടെനിന്ന് അമലശ്ശേരിക്ക് പിന്നെ എങ്ങനെയാണ് പോവുക?’’

‘‘അതു വിഷമമില്ല. വണ്ടി പോവില്ലെന്നേയുള്ളൂ. നടക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.’’

പാലം എവിടെയാണ് എന്ന് കൃത്യമായി അറിയില്ല. അവിടെനിന്ന് തനിക്കു പോവേണ്ട സ്ഥലത്തേക്ക് എത്ര നടക്കേണ്ടിവരും എന്നും അയാള്‍ക്കു തിട്ടമില്ലായിരുന്നു. ഏതായാലും പോവുന്നിടത്തോളം പോവട്ടെ എന്നു തീരുമാനിച്ച് കയറിയിരുന്നു.

‘‘സാറ് എവിടന്നാ?’’ വണ്ടി ഓടിത്തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ ചോദിച്ചു.

എന്തു മറുപടി പറയണം? കലയൂര്‍ക്കാരനാണ് എന്നു വെളിപ്പെടുത്തിയാല്‍ നൂറു ചോദ്യങ്ങള്‍ വരും. സ്വന്തം ദേശം 49 കൊല്ലം മുമ്പ് ഉപേക്ഷിച്ചുപോയതിന്‍റെ കഥ പറയേണ്ടിവരും. വഞ്ചനയുടെയും പ്രതികാരത്തിന്‍റെയും പരാജയത്തിന്‍റെയും കഥകള്‍.

താന്‍ തന്നെ വീണ്ടും ഓർമിക്കാന്‍ ഇഷ്ടപ്പെടാത്ത കഥകള്‍. വേദനിക്കും എന്ന് അറിയുന്നതുകൊണ്ടുതന്നെ മറക്കാന്‍ ശ്രമിക്കുന്ന കഥകള്‍.

വേണ്ട; സംഭവിച്ചതെല്ലാം തല്‍ക്കാലം വിസ്മൃതിയില്‍ത്തന്നെ കിടക്കട്ടെ.

‘‘കുറച്ച് അകലെനിന്നാണ്,’’ എവിടെയും തൊടാതെ അങ്ങനെ ഒരുത്തരം പറയാനാണ് അയാള്‍ക്കു തോന്നിയത്.

‘‘അല്ല, പാലം പൊളിച്ചിട്ടിട്ട് ഇപ്പോള്‍ രണ്ടു മാസത്തോളമായി. ഇവിടേക്ക് പോരുമ്പോള്‍ ആരും പറഞ്ഞില്ല അല്ലേ?’’

ആരു പറയാനാണ്? അല്ലെങ്കിലും ആരോടും പറയാതെയല്ലേ തന്‍റെ ഈ യാത്ര തന്നെ?

‘‘സര്‍ക്കാര്‍ കാര്യങ്ങളെല്ലാം അങ്ങനെയാണ് സാറേ,’’ ഓട്ടോറിക്ഷയുടെ ശബ്ദം മറികടക്കാന്‍ വേണ്ടി ഡ്രൈവര്‍ ഉച്ചത്തില്‍ പറഞ്ഞു.

‘‘അത് പാലത്തിന്‍റെ കഥ. ഇനി മേല്‍പ്പാലത്തിന്‍റെ കാര്യമോ? വരുന്നു വരുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കൊല്ലം പത്തായി. ഇപ്പോഴും ഒരനക്കംപോലും കാണുന്നില്ല.’’

സമയം ആറര കഴിഞ്ഞുവെങ്കിലും വീടുകള്‍ ഉണര്‍ന്നുവരുന്നതേയുള്ളൂ. റോഡില്‍ വാഹനങ്ങളും കുറവാണ്.

വഴിയോരത്തുള്ള കാഴ്ചകളിലേക്ക് കണ്ണുനട്ട് അയാള്‍ ഇരുന്നു. ഇരുവശത്തും ധാരാളം വീടുകള്‍ വന്നിട്ടുണ്ട്. താന്‍ ഇവിടെനിന്നു പോവുമ്പോള്‍ ഏറക്കുറെ വിജനമായിരുന്നു ഈ പ്രദേശം മുഴുവനും.

‘‘പാലം പൊളിച്ചിട്ടതോടെ വണ്ടികളൊന്നും ഈ വഴി വരാതായി,’’ ഡ്രൈവര്‍ പറഞ്ഞു.

‘‘പാലം കഴിഞ്ഞാല്‍ രണ്ടു നാഴിക നടക്കാനൊന്നും ഇപ്പോള്‍ ആളുകള്‍ തയാറല്ല സാറേ. അതുകൊണ്ട് അത്യാവശ്യക്കാരല്ലാതെ ആരും വീട്ടില്‍നിന്ന് പുറത്തിറങ്ങാറില്ല. അതുകൊണ്ടൊക്കെ എന്തുണ്ടായി? ഞങ്ങള്‍ക്കു കിട്ടിയിരുന്ന ഓട്ടം കുറഞ്ഞു.’’

അമലശ്ശേരിക്കെന്നല്ല; രാധാദേവീപുരത്തുനിന്ന് കലയൂര്‍ക്കും ബസുണ്ടായിരുന്നില്ല. പാലം വന്നാല്‍ ധാരാളം ബസുകള്‍ വരുമെന്നും യാത്ര സുഗമമാവുമെന്നുമൊക്കെ അന്ന് അമലശ്ശേരി നിവാസികള്‍ സ്വപ്നം കണ്ടിരുന്നു. ഒരുകാലത്തും നടക്കാന്‍ വഴിയില്ലാത്ത സ്വപ്നമാണ് അതെന്നും കരുതിയിരുന്നു.

‘‘രാധാദേവീപുരത്തുനിന്ന് അമലശ്ശേരിക്ക് ഇപ്പോള്‍ ബസ്സുകളുണ്ടോ?’’

‘‘അഞ്ചെണ്ണമുണ്ട്. പക്ഷേ ഇന്ന് ഒന്നും ഓടുന്നില്ല സര്‍. പാലം പൊളിച്ചിട്ടതിന്‍റെ പ്രതിഷേധമായി പണിമുടക്ക്. അനുഭാവസൂചകമായി കലയൂര്‍ക്കുള്ള ബസുകളും ഇന്ന് ഓടുന്നില്ല. യാത്രക്കാര്‍ക്കു ദുരിതംതന്നെ സാറേ ദുരിതം.’’ ഒന്നു നിര്‍ത്തി അയാള്‍ തുടര്‍ന്നു: ‘‘സാറ് ഏതു നാട്ടുകാരനാ? ഇവിടെയൊക്കെ നല്ല പരിചയമുള്ളതുപോലെ തോന്നുന്നു.’’

‘‘കുറേ കാലം മുമ്പ് ഇവിടെയുണ്ടായിരുന്നു. അന്ന് താന്‍ ജനിച്ചിട്ടുകൂടിയുണ്ടാവില്ല.’’

‘‘ഓ, എന്നിട്ട് സാര്‍ ഈ നാടു വിട്ടുപോയതാണോ?’’

അതെ. താന്‍ ജനിച്ചു വളര്‍ന്ന നാട്. തന്നെ ഇരിക്കപ്പിണ്ഡംവെച്ച നാട്.

വേണ്ട; കഴിഞ്ഞുപോയതെല്ലാം തല്‍ക്കാലം വിസ്മൃതിയില്‍ത്തന്നെ കിടക്കട്ടെ.

റിക്ഷ കലയൂര്‍ സിറ്റിയിലെത്തിയപ്പോള്‍ അയാള്‍ തല പുറത്തേക്കിട്ട് എത്തിച്ചുനോക്കി. സിറ്റി ഉണര്‍ന്നു വരുന്നതേയുള്ളൂ. മോഡേണ്‍ കഫേ എന്ന ഒരു ചായക്കട തുറന്നിട്ടുണ്ടെങ്കിലും മറ്റു കടകളൊക്കെ അടഞ്ഞുകിടക്കുകയാണ്.

കഷ്ടിച്ച് അരനൂറ്റാണ്ടു മുമ്പ് താനിവിടെനിന്നു പോവുമ്പോള്‍ കലയൂര്‍ സിറ്റിയില്‍ ഇത്രമാത്രം കടകളൊന്നും ഉണ്ടായിരുന്നില്ല. ഇത്രയും മാറ്റങ്ങളൊക്കെ സ്വാഭാവികമാണ്.

‘‘സാര്‍ ഈ നാടു വിട്ടുപോയതാണോ?’’ റിക്ഷക്കാരന്‍ ചോദ്യം ആവര്‍ത്തിച്ചു.

‘‘ആ, അങ്ങനെയൊക്കെയുണ്ടായി,’’ അയാള്‍ അലക്ഷ്യമായി പറഞ്ഞു. ‘‘എന്നാലും സ്വന്തം നാട് മറക്കാന്‍ പാടില്ലല്ലോ. അതുകൊണ്ട് വീണ്ടും എല്ലാം ഒന്നു കാണാന്‍ വന്നതാണ്.’’

‘‘നമ്മുടെ നാടിന് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല സാറേ. ഉണ്ടെങ്കിലും കൂടുതല്‍ മോശമായിട്ടുണ്ടെന്നല്ലാതെ.’’

അകലെ നിന്നേ കലയൂര്‍പ്പുഴ കണ്ടുതുടങ്ങി. റിക്ഷ പുഴക്കരയോട് ഓടിയടുക്കുകയാണ്.

‘‘അതാ, ആ കാണുന്നതാണ് സാറേ പൊളിച്ചിട്ടിരിക്കുന്ന പാലം,’’ മുന്നിലേക്ക് ചൂണ്ടി ഡ്രൈവര്‍ പറഞ്ഞു. ‘‘വണ്ടി അങ്ങോട്ടു കടക്കില്ല. സാറിന് ഇറങ്ങിക്കടന്നു പോവാന്‍ പറ്റും.’’

റിക്ഷ കുറച്ചുകൂടി മുന്നോട്ടെടുത്ത് പാലത്തിനു മുമ്പുള്ള കാഞ്ഞിരത്തിന്‍റെ ചുവട്ടിലേക്ക് നീക്കിനിര്‍ത്തി.

പുഴക്കക്കരെ ഭഗവതിയുടെ അമ്പലത്തില്‍നിന്ന് ഭക്തിഗാനങ്ങള്‍ കേള്‍ക്കാനുണ്ട്. അമ്പലമുറ്റത്തിന്‍റെ ആല്‍ച്ചുവട്ടില്‍ തൊഴാന്‍ വന്നവര്‍ കൂടിനില്‍ക്കുന്നത് ഇവിടെനിന്നു കാണാനുണ്ട്.

ഇന്ന് അമ്പലത്തില്‍ എന്തെങ്കിലും വിശേഷമുണ്ടോ?

ഓട്ടോറിക്ഷയില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഡ്രൈവര്‍ ട്രോളി ബാഗ് എടുത്തു.

‘‘പുഴയ്ക്ക് ആഴമില്ല. വേണമെങ്കില്‍ ഞാന്‍ കടത്തിത്തരാം അക്കരെയ്ക്ക്.’’

വഴിയരികെ കുറച്ച് ആളുകള്‍ കൂടിനില്‍ക്കുന്നതു കണ്ടു. കാഞ്ഞിരത്തിന്‍റെ അരികെയുള്ള ഷട്ടറിട്ട ഒരു കടയുടെ മുന്നിലാണ് അവര്‍ നില്‍ക്കുന്നത്. കടക്ക് നെയിം ബോര്‍ഡ് ഒന്നുമില്ലെന്ന് അയാള്‍ ശ്രദ്ധിച്ചു.

‘‘ഞാന്‍ പൊയ്ക്കോളാം കുട്ടീ,’’ പേഴ്സില്‍നിന്ന് പണമെടുത്തു കൊടുക്കുമ്പോള്‍ അയാള്‍ പറഞ്ഞു. ‘‘ഇത്രയും ചെയ്തുതന്നതിന് നന്ദി.’’

‘‘അമലശ്ശേരിയില്‍ ആരെ കാണാനാണ് സാര്‍?’’

പേരു പറഞ്ഞാല്‍ നിങ്ങളൊന്നും അറിഞ്ഞുകൊള്ളണമെന്നില്ല. അയാള്‍ ആ ചോദ്യം കേട്ടതായി ഭാവിച്ചില്ല.

‘‘സാറിവിടെ കുറച്ചു ദിവസം ഉണ്ടാവുമോ?’’

 

അതാണ് ഇനിയും തനിക്കുപോലും അറിയാത്തത്, അയാള്‍ ചിന്തിച്ചു. എത്ര ദിവസത്തേക്കാണ് ഈ വരവ്? ദിവസങ്ങള്‍? മാസങ്ങള്‍? അത്രയും കാലം താമസിക്കുകയാണെങ്കില്‍ത്തന്നെ എവിടെ? കലയൂര് താമസിക്കാന്‍ പറ്റിയ ഹോട്ടലുകളുണ്ടോ? ഇല്ലെങ്കില്‍ എവിടെയാണ് താമസിക്കുക? നാട്ടുകാരനാണ് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. ഇവിടെ ആരെങ്കിലുമുണ്ടാവുമോ തന്‍റെ പരിചയക്കാരായി?

അയാള്‍ മറുപടി പറയാതെ വെറുതെ ഒന്നു ചിരിക്കുക മാത്രം ചെയ്തു.

‘‘സാറിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി,’’ സ്വന്തം ഫോണ്‍നമ്പര്‍ എഴുതിയ കടലാസു തുണ്ട് അയാളെ ഏൽപിച്ച് ഡ്രൈവര്‍ പറഞ്ഞു. ‘‘ഞാന്‍ ഇവിടെ വന്ന് സാറിനെ എടുത്തോളാം.’’

ഡ്രൈവര്‍ യാത്രപറഞ്ഞ് തിരിച്ചുപോയപ്പോള്‍ അയാള്‍ ആളുകള്‍ കൂടിനില്‍ക്കുന്ന കടയുടെ മുന്നിലേക്ക് ട്രോളിബാഗുമായി നടന്നെത്തി.

‘‘കുട്ടി ഇത്രയും വൈകാറില്ല,’’ കൂടിനില്‍ക്കുന്നവരില്‍ ഒരാള്‍ പറയുന്നതു കേട്ടു.

‘‘അഞ്ചേ മുക്കാല്‍ വിട്ടുപോയ ചരിത്രമില്ല,’’ മറ്റൊരാള്‍ പറഞ്ഞു. ‘‘ഇന്നെന്തു പറ്റിയാവോ!’’

‘‘രാവിലെ അലാറം വെച്ച് എഴുന്നേറ്റ് ഓടിവന്നതാണ്,’’ മൂന്നാമത്തെ ആള്‍ നിരാശയോടെ പറഞ്ഞു. ‘‘കുറച്ചുകൂടി കിടന്നിട്ടുപോന്നാല്‍ മതിയായിരുന്നു.’’

ആളുകളുടെ സംസാരം ശ്രദ്ധിച്ച് അയാള്‍ അവരുടെ അടുത്തുതന്നെ നിന്നു. ആരും തന്‍റെ സാന്നിധ്യം ശ്രദ്ധിക്കുന്നില്ലെന്നത് അയാള്‍ക്ക് ആശ്വാസമായി. കുറച്ചുനേരംകൂടി ഇവിടെ നില്‍ക്കുകതന്നെ. തനിക്ക് ഇഷ്ടംപോലെ സമയമുണ്ടല്ലോ.

അപ്പോള്‍ അവിടേക്ക് പാഞ്ഞുവരുന്ന ഒരു സ്കൂട്ടറിലേക്ക് എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞു.

‘‘അതാ, വന്നല്ലോ വാസന്തിക്കുട്ടി!’’

അവരില്‍ ഒന്നിലേറെപ്പേര്‍ ആഹ്ലാദത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.

സ്കൂട്ടറില്‍ ഒരു പെണ്‍കുട്ടിയായിരുന്നു. അതിവേഗം ഓടിച്ചുവന്നതുകൊണ്ട് ഉടുപ്പ് പാടെ ഉലഞ്ഞിരുന്നു. അലങ്കോലപ്പെട്ട് മുഖത്തേക്ക് പാറിവീണ തന്‍റെ മുടി ഒന്ന് ഒതുക്കാന്‍പോലും നില്‍ക്കാതെ അവള്‍ സ്കൂട്ടറില്‍നിന്ന് ചാടിയിറങ്ങി കാത്തുനിന്നവരുടെ മുഖത്തേക്ക് ക്ഷമാപണപൂര്‍വം നോക്കി.

‘‘നല്ലൊരു ഞായറാഴ്ചയായിട്ട് ഇന്നത്തെ പ്രാതല്‍ കുന്തമാവുമോ എന്ന് ആശങ്കപ്പെട്ടു നില്‍ക്കുകയായിരുന്നു ഞങ്ങള്‍,’’ എല്ലാവരുടെയും പ്രാതിനിധ്യം അവകാശപ്പെട്ടിട്ടെന്നപോലെ അവരില്‍ ഏറ്റവും പ്രായംകൂടിയവന്‍ എന്നു തോന്നിച്ചയാള്‍ പറഞ്ഞു.

‘‘എന്തേ ഇത്ര വൈകിയത് മോളേ?’’ മറ്റൊരാള്‍ ആരാഞ്ഞു.

പെണ്‍കുട്ടി അതൊന്നും ശ്രദ്ധിക്കാന്‍ മിനക്കെടാതെ തിടുക്കത്തില്‍ താക്കോലെടുത്ത് ഷട്ടര്‍ തുറക്കാന്‍ തുടങ്ങി. പൂട്ടു തുറന്നപ്പോള്‍ ഷട്ടര്‍ ഉയര്‍ത്തിക്കൊടുക്കാന്‍ അവരില്‍ കുറച്ചുപേര്‍ സന്നദ്ധരായി.

പെണ്‍കുട്ടി സ്കൂട്ടറില്‍നിന്ന് രണ്ടു സഞ്ചികളെടുത്ത് കടയിലെ മേശമേല്‍ വെച്ചു. പല വലുപ്പത്തിലുള്ള വാഴയിലയില്‍ എണ്ണിത്തിട്ടപ്പെടുത്തിവെച്ച പൊതികള്‍ ആളു തെറ്റാതെ ഓരോരുത്തരുടെ കയ്യില്‍ വെച്ചുകൊടുത്തു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കെട്ടിക്കൊണ്ടുവന്ന പൊതികളത്രയും തീര്‍ന്ന് കാലിയായ സഞ്ചി അവള്‍ മേശപ്പുറത്ത് ഒരരികിലേക്ക് നീക്കിവെച്ചു. ആളുകള്‍ എണ്ണിക്കൊടുത്ത പണം വാങ്ങി മേശവലിപ്പിലിടുന്ന തിടുക്കത്തിലായിരുന്നു അവള്‍. ഏതാനും മാത്രകള്‍ക്കുള്ളില്‍ അവിടെ കൂടിയ ആളുകളൊക്കെ സ്വന്തം വാഹനങ്ങളിലും അതില്ലാത്തവര്‍ നടന്നും അവിടെനിന്നു മറഞ്ഞു.

അപ്പോഴാണ് അയാള്‍ക്ക് കട ശരിക്കൊന്നു കാണാനായത്. ഏതാനും ചില്ലലമാരകളും ഷെല്‍ഫുകളുമുള്ള ചെറിയ ഒരു കടയായിരുന്നു അത്. സോഡക്കുപ്പികളും റെഡിമെയ്ഡ് ശീതളപാനീയങ്ങളും സ്റ്റാന്‍ഡില്‍ നിരത്തിവെച്ചിട്ടുണ്ട്. കടയുടെ ഇടത്തെ വശത്ത് ഒരു സമോവറുമുണ്ട്.

പെണ്‍കുട്ടി അപ്പോഴും കാലിയാകാത്ത സഞ്ചിയെടുത്തു തുറന്ന് അതില്‍നിന്ന് ഏതാനും പൊതികള്‍ പുറത്തെടുത്തു. പൊതിയഴിച്ച് ബോണ്ട, ഉഴുന്നുവട, പഴംപൊരി മുതലായ വിഭവങ്ങള്‍ ചില്ലലമാരയിലേക്കു വെച്ചു.

‘‘ഒരു ചായ കിട്ടുമോ?’’

അവള്‍ അപ്പോഴാണ് തന്‍റെ മുന്നില്‍ നില്‍ക്കുന്ന ആളെ ശ്രദ്ധിച്ചത്. അവളുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു.

‘‘പിന്നെന്താ!’’ അവള്‍ പറഞ്ഞു. ‘‘പഞ്ചസാരയാവാമോ?’’

‘‘പ്രായമൊന്നും കൂട്ടണ്ട,’’ അയാള്‍ ചിരിച്ചു. ‘‘അധികം വേണ്ട എന്നുമാത്രം.’’

‘‘സാറ് ഇരിക്കൂ,’’ കടക്കുള്ളിലെ ഒരു ചെറിയ സ്റ്റൂള്‍ ചൂണ്ടിക്കാട്ടി അവള്‍ പറഞ്ഞു. ‘‘രണ്ടു മിനിറ്റ്.’’

തിടുക്കത്തില്‍ ചായ കൂട്ടുന്ന പെണ്‍കുട്ടിയെ അയാള്‍ ശ്രദ്ധിച്ചു. പ്രായം ഇരുപത്തഞ്ചില്‍ക്കൂടില്ല. വീതിയുള്ള നെറ്റി. നീണ്ടിടംപെട്ട കണ്ണുകള്‍. കൂര്‍ത്ത നാസിക. എല്ലാ അർഥത്തിലും നല്ല മുഖശ്രീയുള്ള പെണ്‍കുട്ടി.

അവള്‍ക്ക് മറ്റൊരു പെണ്‍കുട്ടിയുമായി സാദൃശ്യമുണ്ടെന്നത് തന്‍റെ വെറും തോന്നലാവുമോ? ഇനി ഒരുപക്ഷേ അവളുടെ ആരെങ്കിലുമായിരിക്കുമോ?

അവളെ തേടിയുള്ള ഈ യാത്രയില്‍ ഒരു നിമിത്തമായി നിയതി എന്‍റെ മുന്നില്‍ എത്തിച്ചതാണോ ഈ പെണ്‍കുട്ടിയെ?

ആവില്ല. ഈ യാത്ര അത്രക്ക് സുഗമമാവാന്‍ തക്കവണ്ണം പുണ്യം ചെയ്ത ആളൊന്നുമല്ലല്ലോ താന്‍.

 

പരാജയപ്പെടാനും വിജയിക്കാനും ഒരേപോലെ സാധ്യതയുള്ള ഒരു യാത്ര.

പരാജയപ്പെട്ടാല്‍ ഇത് ഇവിടേക്കുള്ള തന്‍റെ അവസാനത്തെ യാത്രയാണ്.

ആലോചിച്ചു തീരും മുമ്പേ അയാള്‍ സ്വയം തിരുത്തി: വിജയിച്ചാലും അങ്ങനെത്തന്നെയാണല്ലോ. തനിക്ക് ഇവിടെനിന്ന് മടങ്ങിപ്പോവാതിരിക്കാനാവില്ല. വെറുമൊരു വഴിപോക്കനായേ തനിക്ക് ഈ ദേശത്ത് ഇനി അസ്തിത്വമുള്ളൂ.

‘‘എന്തെങ്കിലും കടി എടുക്കട്ടെ?’’ ചായ നീട്ടിയാറ്റി അയാള്‍ക്കു നേരെ നീട്ടുമ്പോള്‍ അവള്‍ ചോദിച്ചു.

അയാള്‍ വേണ്ടെന്ന് തലയാട്ടി.

‘‘സാറ് കുറേ അകലെനിന്ന് വരികയാണെന്നു തോന്നുന്നല്ലോ.’’

‘‘കുട്ടി ജ്യോത്സ്യം പഠിച്ചിട്ടുണ്ടോ?’’ അയാള്‍ ചിരിച്ചു.

‘‘ഇല്ല. പക്ഷേ എനിക്ക് ദിവ്യദൃഷ്ടിയുണ്ട്,’’ അവളും ചിരിച്ചു. ‘‘സാറ് രാധാദേവീപുരത്ത് ട്രെയിനില്‍ വന്നിറങ്ങിയത് ഞാന്‍ കണ്ടിരുന്നു.’’

പെണ്‍കുട്ടിയുടെ മണി കിലുങ്ങുന്ന പോലെയുള്ള ചിരി അയാളെ വീണ്ടും ഓർമകളിലേക്ക് തിരിച്ചുനടത്തി.

‘‘കുറച്ചു ദിവ്യദൃഷ്ടിയൊക്കെ എനിക്കുമുണ്ട്,’’ അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. ‘‘ഞാന്‍ കുട്ടിയുടെ പേരു പറയാം. വാസന്തി എന്നല്ലേ?’’

‘‘അതെ.’’ അവള്‍ ഒട്ടും അത്ഭുതം പ്രകടിപ്പിച്ചില്ല. ‘‘സാറിന് ഇഷ്ടമായോ? എനിക്ക് ഒട്ടും ഇഷ്ടമല്ല എന്‍റെ പേര്. വല്ലാതെ പഴഞ്ചനായിപ്പോയി അല്ലേ?’’

‘‘എനിക്ക് ഇഷ്ടമായി,’’ അയാള്‍ പറഞ്ഞു. ‘‘പഴയ പേരുകള്‍ക്കും ഭംഗിയുണ്ടല്ലോ. വാസന്തി, മല്ലിക, ജമന്തി...’’

‘‘ജമന്തിയോ? അത് ഒരു പൂവിന്‍റെ പേരാണെങ്കിലും എനിക്കിഷ്ടമല്ല. കേള്‍ക്കുമ്പോള്‍ ഒരു പാണ്ടിപ്പെണ്ണിനെയാണ് ഓര്‍മവരിക. നമ്മുടെ നാട്ടുകാര്‍ക്കൊന്നും ഒട്ടും ചേരാത്ത ഒരു പേര്.’’

അല്ല കുട്ടീ, അയാള്‍ മനസ്സില്‍ പറഞ്ഞു. ചേരുന്ന പേരുതന്നെയാണ്. ഇവിടെ, ഈ കലയൂരില്‍ ഒരുവളുണ്ടായിരുന്നു. നിന്നെപ്പോലെത്തന്നെ സുന്ദരി. ഇതുപോലെത്തന്നെ വിശാലമായ നെറ്റിയും നീണ്ടിടംപെട്ട കണ്ണുകളും ഉയര്‍ന്ന നാസികയുമായി ഒരു പെണ്‍കുട്ടി. അവളുടെ പേര്‍ ജമന്തി എന്നായിരുന്നു.

അയാള്‍ പുറത്തേക്ക് നോക്കി. പാതയില്‍ ഇളംവെയില്‍ പരന്നിട്ടുണ്ട്.

ചായ കുടിച്ചുതീര്‍ത്ത് അയാള്‍ എഴുന്നേറ്റു. പണം കൊടുക്കുമ്പോള്‍ അയാള്‍ പെണ്‍കുട്ടിയുടെ മുഖത്തു നോക്കി ചിരിച്ചു.

‘‘പോട്ടെ കുട്ടീ.’’

‘‘സാറ് എവിടന്നാ?’’ അവള്‍ കടയുടെ പുറത്തേക്ക് വന്നു.

‘‘അപ്പോള്‍ അതു കണ്ടുപിടിക്കാന്‍ കുട്ടിക്കു ദിവ്യദൃഷ്ടിയൊന്നുമില്ലേ?’’ അയാള്‍ ചിരിച്ചു. ‘‘ഏതായാലും ഞാന്‍ കുറച്ചുകാലം ഇവിടെയൊക്കെ കാണും. നമുക്കിനിയും കാണാം.’’

അതെ; കുറച്ചു ദിവസം കലയൂരില്‍ത്തന്നെയുണ്ടാവും. ജമന്തിയെ തേടിവന്നതാണല്ലോ ഞാന്‍.

പ്രിയപ്പെട്ടവരേ, നിങ്ങള്‍ക്കവളെ അറിയില്ല.

ട്രോളി ബാഗ് വലിച്ച് പാലം ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ നിശ്ശബ്ദമായി പറഞ്ഞു:

എന്‍റെ ജീവിതത്തില്‍നിന്ന് എന്നോ മറഞ്ഞുപോയ ആ പെണ്‍കുട്ടിയെത്തേടി ഞാന്‍ യാത്ര ആരംഭിക്കുകയാണ്.

(തുടരും) 

News Summary - malayalam novel