ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ
camera_altചിത്രീകരണം: ചിത്ര എലിസബത്ത്
എഴുത്തുകാരനെയും കാത്ത്
കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടില്‍നിന്നു തിരിച്ചു നടക്കുമ്പോള്‍ എവിടേക്ക് പോകണമെന്ന് എനിക്ക് ഒരു തിട്ടവുമുണ്ടായിരുന്നില്ല. ആരുടെയെങ്കിലും വീട്ടില്‍ പോയി കുറച്ചുനേരം ഇരിക്കാമെന്നുവെച്ചാല്‍ കലയൂരില്‍ പരിചയക്കാര്‍ ആരുമില്ല. കലയൂര്‍ എന്നൊരു ദേശമുണ്ടെന്നു തന്നെ എഡിറ്റര്‍ പറഞ്ഞപ്പോഴാണല്ലോ ഞാന്‍ അറിയുന്നത്.
തിരിച്ച് ലോഡ്ജില്‍ ചെന്നിരുന്ന് വൈകുന്നേരം മടങ്ങിവന്നാലോ എന്ന് ചിന്തിച്ചുവെങ്കിലും വേണ്ടെന്നു വെച്ചു. അങ്ങോട്ടുമിങ്ങോട്ടും മുക്കാല്‍ മണിക്കൂര്‍ വീതം ബസിലിരിക്കണം. മുറിയില്‍ ഒന്നു സ്വസ്ഥമായി ഇരിക്കാനുള്ള സമയംപോലും കിട്ടില്ല. വെറുതെ രണ്ടു ബസ് യാത്ര നടത്തുന്നതു മാത്രമാവും ഫലം.
അതിലും ഭേദം ഇവിടെത്തന്നെ എവിടെയെങ്കിലുമിരുന്ന് വൈകുന്നേരമാക്കുകയാവും. കുറെനേരം എവിടെയെങ്കിലും വെറുതെയിരിക്കാം; ഉച്ചക്ക് എവിടെനിന്നെങ്കിലും ഊണു കഴിച്ച് വൈകുന്നേരമാവുമ്പോള്‍ കാര്‍ത്തികേയന്‍ സാര്‍ എത്തിയിട്ടുണ്ടോ എന്ന് വീണ്ടും ചെന്നു നോക്കാം. കലയൂര്‍ സിറ്റിയിലേക്ക് തന്നെ തിരിച്ചുനടന്നു.
ഹെല്‍ത്ത് സെന്‍ററിലെ പെട്ടിക്കടയുടെ മുന്നിലെത്തി. അതിന്‍റെ മുന്‍വശത്ത് ഒരു ചരടില്‍ വരിവരിയായി ഒരു മാലപോലെ കോര്‍ത്തിട്ട വാരികകളാണ് പെട്ടെന്ന് എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചത്. ഓരോന്നിന്‍റെയും പേര് വായിച്ചെടുക്കാന്‍ തക്കവണ്ണമാണ് അത് വിന്യസിച്ചിരിക്കുന്നത്. ചുരുങ്ങിയത് ഒരു ഇരുപതെണ്ണമെങ്കിലും ഉണ്ട്. എല്ലാം ജനപ്രിയവാരികകള്‍ തന്നെ. പ്രസിദ്ധീകരണം നിലച്ചുപോയ വാരികകളാണ് ഭൂരിഭാഗവും. ‘മാലേയം’, ‘ദേശദ്ധ്വനി’, ‘സുന്ദരി’, ‘മനോരഥം’, ‘കല്‍ക്കണ്ടം’, ‘മൈനാകം’, ‘മധുരം’, ‘പ്രിയദ’, ‘നന്ദിനി’, ‘നിറമാല’... അവയുടെ പുറംചട്ടയിലെ സിനിമാനടികളുടെ മുഖങ്ങള്‍ പഴകി നിറംകെട്ടിരുന്നു. കൂട്ടത്തില്‍ ‘ശാരിക’യും ‘മനോമയ’വും ‘നാളീക’വുമൊക്കെയുണ്ടോ എന്നു നോക്കി. കണ്ടില്ല.
വാരികകളിലേക്കു തന്നെ നോക്കിനില്‍ക്കുമ്പോള്‍ അതില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ കാര്‍ത്തികേയന്‍ സാറിന്‍റെ നോവല്‍ ഉണ്ടാവുമോ എന്ന് വെറുതെ ആലോചിച്ചു.
ഏകദേശം അറുപതു വയസ്സു തോന്നിക്കുന്ന ഒരാളാണ് പെട്ടിക്കടയില്‍ നില്‍ക്കുന്നത്.
‘‘ഇവിടെ തൂക്കിയിട്ടിരിക്കുന്ന വാരികകളൊക്കെ വില്‍ക്കാനാണോ?’’ ഒരു ഉപ്പുസോഡ പറഞ്ഞ് നില്‍ക്കുമ്പോള്‍ കടക്കാരനോടു ചോദിച്ചു.
‘‘ഇതൊക്കെ എന്നോ നിന്നുപോയ വാരികകളാണ് സാറേ,’’
ഇതുപോലും അറിയാത്ത ഒരാളോ എന്ന മട്ടില്‍ കടക്കാരന്‍ ഒരു നോട്ടം നോക്കി.
‘‘ഇപ്പോള്‍ നിലവിലുള്ള വാരികകള്‍ ഒന്നുമില്ലേ?’’
‘‘ഉവ്വല്ലോ,’’ കടയുടെ ഇടത്തുവശത്തുള്ള മേശപ്പുറത്ത് അടുക്കിവെച്ചിരിക്കുന്ന വാരികകളിലേക്ക് അയാള്‍ വിരല്‍ ചൂണ്ടി.
‘ശാരിക’യും ‘മനോമയ’വും കണ്ടു.
‘‘വേറൊന്നു കൂടിയില്ലേ? നാളികേരം എന്നോ മറ്റോ പേരുള്ള ഒരെണ്ണം?’’
‘‘നാളീകമല്ലേ?’’ കടക്കാരന്‍റെ ചുണ്ടത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. ‘‘അതിപ്പോള്‍ ഇവിടെ വരുത്താറില്ല.’’
‘‘വേറെ ഏതെങ്കിലും വാരികയുണ്ടോ?’’ അജ്ഞത നടിച്ച് ചോദിച്ചു.
‘‘ഇപ്പോള്‍ ആകെ ഈ മൂന്നെണ്ണമേയുള്ളൂ,’’ -കടക്കാരന്‍ പറഞ്ഞു. ‘‘മറിച്ച് ഒരു കാലമുണ്ടായിരുന്നു. പതിനാറോ പതിനേഴോ എണ്ണം. അതില്‍ ആറേഴെണ്ണത്തിന് എന്തായിരുന്നു സര്‍ക്കുലേഷന്‍! ഒക്കെ നിര്‍ത്തിപ്പോയില്ലേ!’’
കടക്കാരന് എന്തോ ഒരു നിരാശയുണ്ടെന്നു തോന്നി.
‘‘ആ കാലം ഓർമിക്കാനാണോ ഇതൊക്കെ ഇങ്ങനെ കെട്ടിത്തൂക്കിയിരിക്കുന്നത്?’’
‘‘അങ്ങനെയും പറയാം. പക്ഷേ കാര്യം അതല്ല. ഉച്ചക്ക് മൂന്നു മണി കഴിഞ്ഞാല്‍ പടിഞ്ഞാറുനിന്ന് വെയിലടിക്കും. അവയേക്കൊണ്ട് ഇങ്ങനെയെങ്കിലും ഒരു ഗുണമുണ്ടാവട്ടെ എന്നുവെച്ചു.’’
‘‘എന്താ പറ്റിയത് അതൊക്കെ നിന്നുപോവാന്‍?’’
‘‘അതിനെപ്പറ്റിയൊക്കെ പറയാതിരിക്കുകയാണ് ഭേദം,’’
ഉപ്പുസോഡ എനിക്കു നേരെ നീട്ടി അയാള്‍ തുടര്‍ന്നു. ‘‘വലിയൊരു ചരിത്രമാണത്.’’
എന്താ ആ ചരിത്രം എന്നു ചോദിക്കാന്‍ ഭാവിക്കുകയായിരുന്നു. അപ്പോള്‍ കടയിലേക്ക് രണ്ടുപേര്‍ എത്തി. അത് ഒരുതരത്തില്‍ നന്നായി എന്നു തോന്നി. എന്‍റെ ഭാഗത്തുനിന്ന് കൂടുതല്‍ അന്വേഷണമുണ്ടായാല്‍ കടക്കാരന് സംശയം തോന്നും. സ്വന്തം അസ്തിത്വം മൂടിവെയ്ക്കണമെന്ന് എഡിറ്റര്‍ പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. എല്ലാം രഹസ്യമായിരിക്കണം.
ഉപ്പുസോഡ വേഗം കുടിച്ചുതീര്‍ത്ത് കൂടുതല്‍ ചോദിക്കാനും പറയാനും നില്‍ക്കാതെ ഞാന്‍ അവിടെനിന്നു നീങ്ങി.
എവിടേക്കാണ് നടക്കേണ്ടതെന്ന് ഒരു തിട്ടവുമുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും വൈകുന്നേരമാക്കണമല്ലോ. പന്ത്രണ്ടു മണിയേ ആയിട്ടുള്ളൂ. ചന്ദ്രേട്ടന്‍റെ മോഡേണ്‍ കഫേയില്‍ ഊണു കിട്ടുമോ ആവോ. ഉണ്ടെങ്കില്‍ത്തന്നെ ഒരു മണിയോടെയല്ലാതെ ഉച്ചയൂണു തുടങ്ങാന്‍ സാധ്യതയില്ല. ഒരു മണിക്കൂറെങ്കിലും എവിടെയെങ്കിലും കറങ്ങിയടിച്ചിട്ട് അവിടേക്ക് പോകുന്നതാണ് നല്ലത്.
പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെയായിരുന്നു നടത്തം. കലയൂര്‍ സിറ്റി കടന്ന് വീണ്ടും മുന്നിലേക്കു തന്നെ നടന്നപ്പോള്‍ കുറച്ചകലെ ഒരു പുഴയുടെ ശബ്ദം കേട്ടു. കലയൂരില്‍ പുഴയുണ്ടെന്ന് അറിഞ്ഞിരുന്നില്ല.
അടുത്തെത്തിയപ്പോഴാണ് അറിഞ്ഞത്: പുഴയില്‍ വെള്ളം കുറവാണ്. വളരെ ശാന്തമായി ഒഴുകുകയാണ്. കലയൂര്‍പ്പുഴ എന്നുതന്നെയാവുമോ ഇതിന്‍റെ പേര്?
ഇവിടെത്തന്നെ കുറച്ചുനേരം ഇരുന്നുകളയാം. സമയംപോക്കാന്‍ ഏറ്റവും നല്ലവഴി പുഴയോ കടലോ നോക്കിയിരിക്കുകയാണ്. ഒരിക്കലും അവസാനിക്കാത്ത കാഴ്ചയാണത്. മടുപ്പു തോന്നാത്ത കാഴ്ച. നമ്മള്‍ വെറുതെയിരിക്കുകയാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നുകയുമില്ല.
ഞാന്‍ പുഴവക്കത്തെ കാഞ്ഞിരത്തിന്‍റെ ചുവട്ടിലേക്ക് നടന്നു. അവിടെ കുറച്ചു തണലുണ്ട്. ഇവിടെയിരുന്നാല്‍ പുഴ പടിഞ്ഞാട്ടു തിരിയുന്നതിനു മുമ്പുള്ള ഭാഗം മുഴുവനായി കാണാം. അക്കരേക്ക് ഒരു പാലവുമുണ്ട്. കലയൂരിന്‍റെ അക്കരെയുള്ള പ്രദേശത്തിന്‍റെ പേര് എന്താവാം?
കലയൂര്‍ ഇന്നലെ വരെ എന്‍റെ മനസ്സിലെ ഭൂപടത്തില്‍ ഇല്ലാത്ത ദേശമായിരുന്നു. ഇന്ന് ഒരു പുതിയ ഭൂപ്രദേശം കണ്ടെത്തിയിരിക്കുന്നു. അവിടെ ഒരു മോഡേണ്‍ കഫേയും ചന്ദ്രേട്ടനും മോഹനേട്ടനും ജന്മമെടുത്തിരിക്കുന്നു. അത്യാവശ്യമായി കണ്ടുമുട്ടേണ്ട കലയൂര്‍ കാര്‍ത്തികേയന്‍ എന്ന ഒരെഴുത്തുകാരനും ജാതനായിരിക്കുന്നു. ഇപ്പോള്‍ എന്തുകൊണ്ടും എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലരാശിയായിരിക്കുന്നു കലയൂര്‍.
കുറച്ച് പാഴിലകള്‍ പരത്തിയിട്ട് ഞാന്‍ അതില്‍ ഇരിപ്പുറപ്പിച്ചു.
ഏതെങ്കിലും പുസ്തകം കൈയില്‍ കരുതിയിരുന്നുവെങ്കില്‍ അതു വായിക്കാമായിരുന്നു. ലോഡ്ജില്‍നിന്ന് ഇറങ്ങുമ്പോള്‍ അത്തരം ആലോചനകളൊന്നുമുണ്ടായിരുന്നില്ല. കാര്‍ത്തികേയൻ സാറിനെ കണ്ട് വൈകാതെ മടങ്ങിപ്പോവാമെന്നായിരുന്നുവല്ലോ കരുതിയത്.
ഇത്തരം ഒരു ദൗത്യത്തിനു പുറപ്പെടുമ്പോള്‍ ആവശ്യമുള്ള ഒരു തയ്യാറെടുപ്പും ഞാന്‍ നടത്തിയിരുന്നില്ല എന്ന് ഇപ്പോഴാണ് ബോധമുദിക്കുന്നത്. എഡിറ്റര്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല എന്നതു ശരി തന്നെ. പക്ഷേ അടിസ്ഥാനപരമായ ചിലതെല്ലാം ഞാനും ഓര്‍ക്കേണ്ടതായിരുന്നു.
ഇനി എല്ലാം വന്നപാടു ചന്തം എന്നപോലെ നേരിടാം. അല്ലാതെന്തു ചെയ്യാന്‍?
മറ്റൊന്നും ചെയ്യാനില്ലാത്ത ഇത്തരം അവസരങ്ങളിലാണ് ഫേസ്ബുക്ക് ഉപകാരമാവുന്നത്. പരിചിതമായ ഒരാള്‍ക്കൂട്ടത്തിലേക്ക് ചെന്നുകയറുന്നതുപോലെയാണത്. മറ്റൊരുതരത്തില്‍ അത് തന്നോടുതന്നെ സംസാരിക്കുന്നതുപോലെയുമാണ്.
ഞാന്‍ മൊബൈലിലെ ഫേസ്ബുക്ക് ഐക്കണില്‍ അമര്‍ത്തി.
‘ശാരിക’യില്‍ ചേര്‍ന്ന ദിവസം ഒന്നു കയറിയതാണ്. അന്ന് ഒരു പോസ്റ്റിട്ടിരുന്നു. പതിവില്ലാതെ അത് ഇംഗ്ലീഷിലായിരുന്നു.
Joined as receiver in a reputed Media.
ഈ പോസ്റ്റിട്ട ഉടനെ അടച്ചുവെച്ചതാണ്. ‘ശാരിക’യിലെ ഇന്‍റര്‍വ്യൂ കഴിഞ്ഞ് നാട്ടിലേക്കുള്ള ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അത്. കമന്‍റുകള്‍ വരാന്‍പോലും കാത്തിരുന്നില്ല.
കുറെ ലൈക്കുകളുണ്ട്. കുറച്ചുപേര്‍ അനുമോദനങ്ങളുടെ പൂക്കൂടകള്‍ സമ്മാനിച്ചിട്ടുണ്ട്. അധികംപേര്‍ക്കും അറിയേണ്ടത് റിസീവര്‍ എന്നാല്‍ എന്താണെന്നായിരുന്നു.
ഏതാണ് മീഡിയ? എന്താണ് റിസീവറുടെ ചുമതലകള്‍? മീഡിയയില്‍ ഇങ്ങനെയും ഒരു തസ്തികയുണ്ടോ? അത് സബ് എഡിറ്റര്‍ക്കു മേലെയോ താഴെയോ?
സംശയങ്ങള്‍ പലര്‍ക്കും പലതായിരുന്നു.
ഇപ്പോള്‍ എനിക്കുതന്നെ സംശയം തോന്നുന്നുണ്ട്: വാക്ക് സൂചിപ്പിക്കുന്നതു പോലെ എല്ലാ തിരിച്ചടികളും ഏറ്റുവാങ്ങേണ്ട ആള്‍ എന്നാണോ ‘ശാരിക’യിലെ റിസീവര്‍ എന്ന തസ്തികയുടെ അർഥം?
ഈ തസ്തികയിലേക്ക് എന്നെ തിരക്കിട്ടു നിയമിച്ചത് ഈ ഒരു ദൗത്യത്തിനു വേണ്ടിയായിരുന്നുവോ?
എഡിറ്ററും മാനേജിങ് എഡിറ്ററും കൂടി ഒരു ഗൂഢപദ്ധതിയിടുന്നു. പ്രചാരത്തില്‍ എതിരാളിയായ ഒരു വാരികക്ക് വാഗ്ദാനം ചെയ്യപ്പെട്ട നോവല്‍ ഏതു വിധേനയും കൈക്കലാക്കാനുള്ള നീക്കം. ധാര്‍മികമായി ഒരു നീതീകരണവുമില്ലാത്ത ഒരു പദ്ധതിയാണ്. സ്ഥാപനത്തില്‍ ഒരു മുന്‍കാലപരിചയവുമില്ലാത്ത ആളെത്തന്നെ തിരഞ്ഞെടുത്ത് അതു നിര്‍വഹിക്കാന്‍ നിയോഗിക്കുന്നു. ജൂനിയറായതുകൊണ്ട് എല്ലാം കണ്ണടച്ച് അനുസരിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ ഇതിലേക്ക് എന്നെത്തന്നെ തിരഞ്ഞെടുത്ത് അയച്ചത്?
തന്ത്രം പരാജയപ്പെട്ടാല്‍ കറിവേപ്പില പോലെ എടുത്തു കളയാന്‍ സൗകര്യമുണ്ടല്ലോ. പുതിയ ആളല്ലേ? ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ലല്ലോ.
എന്തിന് എഡിറ്ററെയും മാനേജിങ് എഡിറ്ററെയും പറയുന്നു? കേട്ട പാതി കേള്‍ക്കാത്ത പാതി അത് അനുസരിക്കാന്‍ ചാടിപ്പുറപ്പെട്ട ഞാനല്ലേ യഥാർഥത്തില്‍ അപരാധി?
പതിവുപോലെ ‘ഇവിടെ എന്തെങ്കിലും എഴുതൂ’ എന്ന് ഫേസ്ബുക്ക് പ്രേരിപ്പിക്കുന്നുണ്ട്.
എഴുതി:
‘‘റിസീവര്‍ എന്നാല്‍ മുകളില്‍നിന്നുള്ള എല്ലാ ആജ്ഞകളും മുന്‍-പിൻ നോക്കാതെ അനുസരിക്കേണ്ട ആളാണ്. അക്ഷരാർഥത്തില്‍ എല്ലാം സ്വീകരിക്കുന്ന ആള്‍. പഞ്ചേന്ദ്രിയങ്ങളില്‍ അയാള്‍ക്ക് കാതുകള്‍ മാത്രമേ ആവശ്യമുള്ളൂ.’’
മനസ്സിലെ കയ്പ് അല്‍പമെങ്കിലും തുപ്പിക്കളയാന്‍ ഇത്തരം പോസ്റ്റുകള്‍ സഹായിക്കും എന്ന് എനിക്കു തോന്നാറുണ്ട്. ഒരു തരത്തില്‍ ഒരാത്മസാന്ത്വനമാണ് അത്.
പണ്ടുള്ള ആളുകള്‍ ഡയറിയെഴുതിയിരുന്നു. ജീവിതം സംഭവബഹുലമായതുകൊണ്ടൊന്നുമല്ല അത്. അവര്‍ക്കത് ആത്മഭാഷണങ്ങളായിരുന്നു. സ്വയം വിശകലനം ചെയ്യാനുള്ള ഒരുപാധിയായിരുന്നു. അതു പോരാതെ വരുമ്പോള്‍ സമാനമനസ്കര്‍ക്ക് കത്തുകളെഴുതുമായിരുന്നു. വിശേഷങ്ങള്‍ കൈമാറുന്നതിനു പുറമേ അത് പരസ്പരം സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കാനുമായിരുന്നു.
ഇന്ന് കത്തെഴുത്തില്ല; ഡയറിയെഴുത്തുമില്ലാതായി. ആ വിടവിലേക്കാണ് ഫേസ്ബുക്ക് കയറിപ്പറ്റിയത്. അവിടെയാണെങ്കില്‍ ഒരു തരത്തില്‍ ഈ രണ്ട് ഉപാധികളും നിറവേറുന്നുണ്ട്.
ലോകമെമ്പാടുമുള്ള കുറച്ച് സമാനമനസ്കരുമായുള്ള പരസ്പരസമ്പര്‍ക്കം സാധ്യമാക്കി എന്നതിലാണ് ഫേസ്ബുക്ക് തന്‍റെ ജന്മം സഫലമാക്കുന്നത്.
മൂന്നു മിനിട്ടിനുള്ളില്‍ 15 പേര്‍ എന്‍റെ പോസ്റ്റ് കണ്ടിരിക്കുന്നു.
എന്തുപറ്റി എന്ന അന്വേഷണങ്ങളാണ് കൂടുതലും വന്നത്. റിസീവറുടെ തസ്തികയെപ്പറ്റിയുള്ള സൂചന ചിലര്‍ക്കു മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നു. ‘പറ്റില്ലെങ്കില്‍ വലിച്ചെറിയെടോ’ എന്നായിരുന്നു ഒരു കമന്‍റ്. പ്രതികൂലമായി വരുന്ന എല്ലാ വെല്ലുവിളികളും മനസ്സാന്നിധ്യത്തോടെ നേരിടാനുള്ള ഉപദേശങ്ങളും കിട്ടി.
അല്ലെങ്കിലും ഫേസ്ബുക്കില്‍ ഉപദേശങ്ങള്‍ക്ക് പഞ്ഞം പതിവില്ലല്ലോ.
പന്ത്രണ്ടരയായപ്പോള്‍ എഴുന്നേറ്റ് മോഡേണ്‍ കഫേയിലേക്ക് നടന്നു.
കടയില്‍ അപ്പോള്‍ മൂന്നു നാലു പേര്‍ ഉണ്ടായിരുന്നു. വിളമ്പാനും പണം വാങ്ങിവെക്കാനും ചന്ദ്രേട്ടന്‍ മാത്രമേയുള്ളൂ.
‘‘ഊണില്ല. കുറച്ചു കനത്തില്‍ വേണമെങ്കില്‍ മസാലദോശയോ ഊത്തപ്പമോ എടുക്കാം,’’ ചന്ദ്രേട്ടന്‍ പറഞ്ഞു.
കലയൂര്‍പോലൊരു നാട്ടിന്‍പുറത്തെ ഹോട്ടലില്‍ ഉച്ചയൂണ് ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ഊഹിക്കേണ്ടതായിരുന്നു.
‘‘കക്ഷി എത്തിയെന്ന് മോഹനനു വെറുതെ തോന്നിയതാവും എന്ന് എനിക്കപ്പൊഴേ തോന്നിയിരുന്നു’’ -മസാലദോശ വിളമ്പുമ്പോള്‍ ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘ഞാനെന്നും അതിനു മുന്നിലൂടെയല്ലേ പോവുന്നതും വരുന്നതും. അവിടെ എന്തെങ്കിലും അനക്കമുണ്ടായാല്‍ ഞാന്‍ അറിയാതിരിക്കുമോ?’’
പതിവായി അടഞ്ഞുകിടക്കുന്നതായാണ് കാണാറെങ്കിലും അതിലൂടെ കടന്നുപോവുമ്പോള്‍ അറിയാതെ ആ വീട്ടിലേക്ക് നോക്കിപ്പോവുമെന്ന് ചന്ദ്രേട്ടന്‍ പറഞ്ഞു. അത് ഒരു ശീലത്തിന്‍റെ ഭാഗമാണ്. മാത്രമല്ല കാര്‍ത്തികേയന്‍ സാര്‍ അവിടെ എത്താന്‍ പോവുന്നത് മുന്‍കൂട്ടി അറിയാറുമുണ്ട്. അവിടത്തെ കാര്യങ്ങള്‍ നോക്കാന്‍ ഒരു സ്ത്രീയെ ഏൽപിച്ചിട്ടുണ്ട്. ദിവസേന മുറ്റമൊക്കെ അടിച്ചുവാരി വൃത്തിയാക്കിവെക്കാനാണ് അവളെ നിര്‍ത്തിയിരിക്കുന്നത്. പറഞ്ഞിട്ടെന്താ? കാര്‍ത്തികേയന്‍ സാ ര്‍ വരുന്നതിന് തൊട്ടുമുമ്പാണ് അവള്‍ അവിടേക്കെത്തുക. പിന്നെ തകൃതിയായി മുറ്റമടിയും വീടു വൃത്തിയാക്കലുമൊക്കെയാണ്.
‘‘അങ്ങനെ ഒരു നീക്കവും അവിടെ കണ്ടില്ലല്ലോ,’’ ഞാന്‍ പറഞ്ഞു. ‘‘മുറ്റത്ത് കാല്‍പ്പെരുമാറ്റം ഉള്ളതായി തോന്നിയില്ല. ആകെ വൃത്തികേടായി കിടക്കുകയാണ്.’’
‘‘കാര്‍ത്തികേയന്‍ സാര്‍ വീട്ടിലേക്ക് വരുന്നില്ല എന്നതിന്‍റെ ലക്ഷണമാണ് അത്,’’ ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘സാറ് വരുന്നുണ്ടെങ്കില്‍ മുറ്റം ഇങ്ങനെ വൃത്തികേടായി കിടക്കില്ല.’’
അതായത് ഇന്നിനി കാര്‍ത്തികേയന്‍ സാര്‍ വരില്ല എന്നുതന്നെയാണോ ചന്ദ്രേട്ടന്‍ തരുന്ന സൂചന?
എന്നാലും ഇത്രയും നേരം കാത്തതിന്‍റെ അവസ്ഥക്ക് വൈകുന്നേരം വരെ കാത്തിരിക്കുന്നതാണ് ബുദ്ധി.
‘‘ഇവിടെ അടുത്ത് വല്ല സിനിമാ തീയേറ്ററുമുണ്ടോ ചന്ദ്രേട്ടാ?’’
വൈകുന്നേരം വരെ കഴിച്ചുകൂട്ടാന്‍ വേറെ വഴിയൊന്നുമുണ്ടെന്ന് എനിക്കു തോന്നിയില്ല. സിനിമ കണ്ടില്ലെങ്കിലും കുറച്ചുനേരം എ.സിയുടെ തണുപ്പില്‍ കിടന്നുറങ്ങുകയെങ്കിലുമാവാമല്ലോ. എന്നാലും കലയൂരില്‍ എ.സിയുള്ള തീയറ്ററുകളൊന്നുമുണ്ടാവാന്‍ സാധ്യതയില്ലെന്നു തോന്നി.
‘‘കലയൂര് രണ്ട് കൊട്ടകകളുണ്ടായിരുന്നു,’’ ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘ഒന്ന് ഓലപ്പുരയും മറ്റേത് ഷീറ്റടിച്ചതും. രണ്ടും അടച്ചുപോയി. ഇപ്പോള്‍ സിനിമ കാണാന്‍ എല്ലാവരും ടൗണിലേയ്ക്കല്ലേ പോവുക. ഇവിടെ കൊട്ടക തുറന്നുവെച്ചിട്ട് ആരു വരാനാണ്?’’
പടം കാണാന്‍ ആരും വരാതായപ്പോള്‍ രണ്ടും കല്യാണമണ്ഡപങ്ങളാക്കി. എന്നിട്ടും കാര്യമുണ്ടായില്ല. രണ്ടിലും വേണ്ടത്ര പാര്‍ക്കിങ് സൗകര്യമില്ല. അല്ലെങ്കിലും ഇപ്പോള്‍ കല്യാണങ്ങള്‍ ടൗണില്‍ വെച്ചു നടത്താനാണല്ലോ എല്ലാവര്‍ക്കും ഇഷ്ടം.
‘‘മൂന്നു കിലോമീറ്ററോളം പോയാല്‍ മതി,’’ കല്യാണമണ്ഡപചരിത്രത്തില്‍നിന്നു പുറത്തുകടന്ന് ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘ഹൈവേയില്‍ ശ്രീകൃഷ്ണ പിക്ചര്‍ പാലസുണ്ട്. ഞാന്‍ പോയിട്ടില്ല. രാവും പകലും കളി തന്നെയാണെന്നു കേട്ടു.’’
ഞാന്‍ ബുക്ക് മൈ ഷോ എടുത്തുനോക്കി. ശരിയാണ്. മള്‍ട്ടിപ്ലെക്സ് തീയറ്റര്‍ ആണ്. ഒന്നരക്ക് ഒരു ഇംഗ്ലീഷ് പടമുണ്ട്.
ഒന്നരയാവാന്‍ ഇനി പത്തു മിനിട്ടേയുള്ളൂ. മസാലദോശ ബദ്ധപ്പെട്ട് കഴിച്ച് ഞാന്‍ ഓട്ടോറിക്ഷയില്‍ കയറി.
ഉദ്ദേശിച്ചതുപോലെത്തന്നെയായി. തീയറ്ററില്‍ കയറി അധികം വൈകാതെ ഉറങ്ങിപ്പോയി. സിനിമ തുടങ്ങിയിരുന്നതുകൊണ്ട് കഥയൊന്നും മനസ്സിലായില്ല. ഇടക്കിടക്ക് ഉണര്‍ന്നിരുന്നതുകൊണ്ട് ഒക്കെ ഒരു സ്വപ്നംപോലെയാണ് തോന്നിയത്.
മൂന്നരയോടെ പടം തീര്‍ന്നു.
ഉറക്കച്ചടവു മാറ്റാന്‍ ഒരു ചായ കുടിച്ചാലോ എന്ന് വിചാരിച്ചുവെങ്കിലും അതിനു മുമ്പ് കാര്‍ത്തികേയൻ സാര്‍ വന്നുവോ എന്നറിയാന്‍ തിടുക്കം തോന്നി. നേരെ ഓട്ടോറിക്ഷ പിടിച്ചു.
കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടുമുറ്റത്തെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടി മുറ്റമടിക്കുന്നുണ്ട്. വീട് തുറന്നുവെച്ചിരിക്കുന്നു. അകത്തുനിന്ന് എന്തൊക്കെയോ അടക്കുന്നതിന്‍റെയും നിരക്കുന്നതിന്‍റെയും ശബ്ദങ്ങള്‍ കേള്‍ക്കാനുണ്ട്.
‘‘കാര്‍ത്തികേയന്‍ സാര്‍ എത്തിയോ?’’ മുറ്റമടിക്കുന്ന പെണ്‍കുട്ടിയോട് ഞാന്‍ അന്വേഷിച്ചു.
‘‘ഇല്ല,’’ പെണ്‍കുട്ടി പറഞ്ഞു. ‘‘ഇന്നു വൈകുന്നേരം എത്തുമെന്നാണ് പറഞ്ഞത്. സാര്‍ എവിടന്നാ?’’
അത്തരം വിവരങ്ങളൊന്നും ആരോടും പങ്കുവെക്കേണ്ടതില്ല എന്ന് മുമ്പേ തീരുമാനിച്ചതാണല്ലോ.
‘‘കുറച്ച് അകലെനിന്നാണ്,’’ ഞാന്‍ പറഞ്ഞു. ‘‘അകത്ത് ആരോ ഉണ്ടെന്നു തോന്നുന്നുണ്ടല്ലോ.’’
‘‘അമ്മയാണ്. വീട് അടിച്ചുവാരി വൃത്തിയാക്കുകയാണ്.’’
‘‘വൈകുന്നേരം എന്നു പറഞ്ഞാലോ? സാറ് അധികം താമസിയാതെ എത്തുമോ?’’
‘‘അതൊന്നും എനിക്കറിയില്ല,’’ അവള്‍ അകത്തേക്ക് നോക്കി അമ്മയെ ഉറക്കെ വിളിച്ചു.
കയ്യില്‍ ചൂലുമായി മെലിഞ്ഞ ഒരു സ്ത്രീ അകത്തുനിന്ന് പൂമുഖത്തേക്കെത്തി. പെണ്‍കുട്ടി കാര്യം പറഞ്ഞപ്പോള്‍ സ്ത്രീ ചിരിച്ചു.
‘‘ഇന്നു വരും എന്നാണ് പറഞ്ഞത്. സാറിന്‍റെ കാര്യമായതുകൊണ്ട് ഒന്നും പറയാന്‍ വയ്യ. ഇടയ്ക്കൊക്കെ വരുന്നു എന്നു പറഞ്ഞ് ഫോണ്‍ വരും. പക്ഷേ ചിലപ്പോള്‍ അതു മാത്രമേ ഉണ്ടാവൂ. ആള്‍ എത്തില്ല.’’
എനിക്കപ്പോള്‍ ചന്ദ്രേട്ടന്‍ പറഞ്ഞത് ഓർമവന്നു. ദിവസേന വേണമെന്ന് ഏൽപിച്ചിട്ടുള്ള വീടു വൃത്തിയാക്കല്‍ നടക്കട്ടെ എന്നുവെച്ചാവും ഇടക്ക് ഇങ്ങനെ കള്ളനോട്ടീസ് കൊടുക്കുന്നത്. അങ്ങനെയെങ്കിലും ഒരനക്കമുണ്ടാവുമല്ലോ.
സമയം നാലുമണി കഴിഞ്ഞിരിക്കുന്നു. കാര്‍ത്തികേയൻ സാർ ഇന്നുവരുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിക്ക് കലയൂരില്‍ തങ്ങുന്നതില്‍ ഒരർഥവുമില്ല. ഞാന്‍ ലോഡ്ജിലേക്കുതന്നെ തിരിച്ചുപോവാന്‍ തീരുമാനിച്ചു. നാളെ രാവിലെ സൗകര്യം പോലെ തിരിച്ചെത്താം. അപ്പോഴേക്കും കാര്‍ത്തികേയന്‍ സാര്‍ എത്താതിരിക്കില്ല. ഇതിനൊന്നും ഇനി എഡിറ്ററെ വിളിച്ചു ചോദിക്കേണ്ട കാര്യമില്ല.
ലോഡ്ജിലെ കൊതുകുകടി കൊണ്ട് ഉറക്കം പന്തിയായില്ല. രാവിലെ നേരത്തെ എഴുന്നേറ്റു. അപ്പോള്‍ തോന്നി: കാര്‍ത്തികേയന്‍ സാര്‍ ഇന്നലെ വൈകീട്ട് എത്തിക്കാണുമോ? ഇന്നു രാവിലെയാണ് എത്തുന്നതെങ്കില്‍ തിരക്കിട്ട് ഓടിപ്പോയിട്ട് ഫലമൊന്നുമില്ലല്ലോ. കുറച്ച് സമയം കൊടുക്കാം.
ഒമ്പതു മണി കഴിഞ്ഞിട്ടേ ലോഡ്ജില്‍നിന്ന് ഇറങ്ങിയുള്ളൂ. പത്തരയോടെ കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടിലെത്തി.
മുറ്റം വൃത്തിയായി കിടക്കുന്നുണ്ട്. പക്ഷേ ജനലുകളൊന്നും തുറന്നു കാണാനില്ല. കാര്‍ത്തികേയന്‍ സാർ എത്തിയിട്ടില്ലെന്നു വരുമോ?
അകത്ത് ആരോ ചുമയ്ക്കുന്ന ശബ്ദം കേട്ടതുപോലെ തോന്നി. ഞാന്‍ കുറച്ചുനേരം കാതോര്‍ത്തുനിന്നു. പിന്നീട് ഒരനക്കവുമില്ല. എനിക്കു വെറുതെ തോന്നിയതാവുമോ?
ഞാന്‍ സിറ്റൗട്ടിലേക്ക് കയറി. സിറ്റൗട്ടും വൃത്തിയായി കിടക്കുന്നു. ഇന്നലെ അമ്മയും മകളും നല്ലപോലെ പണിയെടുത്തിട്ടുണ്ട്.
കോളിങ് ബെല്‍ അടിച്ചു. അകത്തുനിന്ന് അനക്കമൊന്നുമില്ല. കുറച്ചുനേരം കാത്തുനിന്നിട്ടും ആരും വന്ന് വാതില്‍ തുറന്നില്ല.
തിരിച്ചുനടന്നാലോ എന്ന് ആലോചിച്ചു. കാര്‍ത്തികേയന്‍ സാറിനെ കണ്ടെത്താനായില്ല എന്ന് എഡിറ്ററോടു പറഞ്ഞാല്‍ മതിയല്ലോ. മാത്രമല്ല അദ്ദേഹം ഇനി എന്നാണ് മാവേലിക്കരയില്‍നിന്ന് എത്തുക എന്ന് കൃത്യമായി അറിഞ്ഞിട്ടു മതിയല്ലോ വീണ്ടും വരുന്നത്.
തിരിച്ചുപോവുക തന്നെ.
സിറ്റൗട്ടില്‍നിന്ന് മുറ്റത്തേക്ക് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. പിന്നില്‍ ഒരു ശബ്ദം കേട്ടു. വാതില്‍ ആരോ തുറക്കുകയാണ്. ഞാന്‍ തിരിഞ്ഞുനിന്നു.
വാതില്‍ മുഴുവനും തുറന്നു കഴിഞ്ഞപ്പോള്‍ ആജാനുബാഹുവായ ഒരാള്‍ മുന്നില്‍ നില്‍ക്കുന്നു. ചീര്‍ത്ത കവിളുകള്‍. തല മുക്കാലും കഷണ്ടിയാണ്. മുഴുക്കയ്യന്‍ ബനിയനും മുണ്ടുമാണ് വേഷം. വലിയ കുടവയര്‍ ആള്‍വലിപ്പത്തിന് മാറ്റു കൂട്ടുന്നുണ്ട്. മാത്രമല്ല വയറിന്‍റെ ഭാരംകൊണ്ട് മുന്നിലേക്ക് ചെറിയ ഒരു കുനിവുമുണ്ട്.
ചലനങ്ങളില്‍ വാർധക്യത്തിന്‍റെ മന്ദത. കണ്ണില്‍ ഉറക്കച്ചടവുണ്ട്.
‘‘ആരാ?’’
പെട്ടെന്ന് എന്തു മറുപടി പറയണമെന്നറിയാതെ ഞാന്‍ ഒന്നു പരുങ്ങി. ‘ശാരിക’യില്‍നിന്നാണ് വരുന്നതെന്നു പറയാന്‍ പാടില്ലല്ലോ. ‘മനോമയ’ത്തില്‍നിന്നാണെന്നു പറയാനും വയ്യ. പിന്നെ എന്താണ് പറയേണ്ടത്?
വെറുതെ ഒരാള്‍ കയറിവന്ന് നോവലിനെപ്പറ്റി ചോദിക്കുന്നതും പറയുന്നതും എങ്ങനെയാണ് ചിതമാവുക?
എഡിറ്റര്‍ എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞുവെച്ചിട്ടുണ്ടാവുമോ? ഒന്നും എന്നോടു പറഞ്ഞിട്ടില്ല. ഞാന്‍ ഒന്നും അങ്ങോട്ടു ചോദിച്ചതുമില്ല.
ഇത്തരം നീക്കങ്ങള്‍ നടത്തുമ്പോള്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചുവെക്കേണ്ടതായിരുന്നു.
തുടക്കത്തില്‍ത്തന്നെ പിഴവുകളാണ്. ഇനി പറഞ്ഞിട്ടു കാര്യമില്ല.
‘‘ആരാന്നാണ് ചോദിച്ചത്...’’
എനിക്കപ്പോഴും വാക്കുകള്‍ കിട്ടിയില്ല.
‘‘യൂസഫ്ഖാന്‍ ആണോ?’’
ഞാന്‍ മറുപടിയൊന്നും പറയാതെ നില്‍ക്കുന്നതു കണ്ട് കാര്‍ത്തികേയന്‍ സാര്‍ ചോദിച്ചു.
‘‘അല്ല സര്‍. തലിയാര്‍ഖാന്‍.’’
പെട്ടെന്ന് ഒരു കള്ളപ്പേര് മനസ്സില്‍ തോന്നാതെ പോയതിന് ഞാന്‍ എന്നെത്തന്നെ ശപിച്ചു. ആള്‍മാറാട്ടം നടത്തുമ്പോള്‍ ഏറ്റവും കുറഞ്ഞത് ഒരു കള്ളപ്പേരെങ്കിലും മുന്‍കൂട്ടി ആലോചിച്ചുവെക്കേണ്ടതായിരുന്നു. തുടരത്തുടരെ പിഴവുകള്‍ പിണയുകയാണ്.
കാര്‍ത്തികേയൻ സാര്‍ എന്നെ രൂക്ഷമായി നോക്കി.
‘‘വൈകുന്നേരം നാലുമണി എന്നാണല്ലോ പറഞ്ഞിരുന്നത്! പിന്നെന്താ ഇത്ര നേരത്തെ പോന്നത്?’’
ഉറക്കം തടസ്സപ്പെട്ടതിന്‍റെയാവാം, അദ്ദേഹത്തിന്‍റെ മുഖത്ത് പ്രകടമായ അലോസരം കാണപ്പെട്ടു. എന്തു പറയണമെന്നു നിശ്ചയമില്ലാതെ ഞാന്‍ മിഴിച്ചുനിന്നു.
