Begin typing your search above and press return to search.
proflie-avatar
Login

ജമന്തിപൂക്കൾ നീണ്ടകഥയുടെ കഥ

novel
cancel
camera_alt

ചിത്രീകരണം: ചിത്ര എലിസബത്ത്

മൗനഭഞ്ജനം

ശനിയാഴ്ചയായി.

വെള്ളിയാഴ്ച കാണാമെന്നാണ് പറഞ്ഞതെങ്കിലും ഇന്നലെ എഡിറ്റര്‍ ഓഫീസില്‍ വന്നില്ല. അതിനു മുമ്പുള്ള രണ്ടു ദിവസവും ലീവായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കാണണമെന്നു പറഞ്ഞത് മറന്നതാവുമോ?

എഡിറ്റര്‍ ലീവില്‍ പോയതിനെപ്പറ്റി ശ്രീരാഗിനും ബാബുവിനും ദേവനും കാര്യമായ വിവരമൊന്നുമുണ്ടായിരുന്നില്ല. എന്നാണ് തിരിച്ചുവരിക എന്ന ചോദ്യത്തിന് അവര്‍ കൈമലര്‍ത്തുകയാണുണ്ടായത്. അല്ലെങ്കിലും ഓഫീസില്‍ നിരന്തരസാന്നിധ്യം ആവശ്യമുള്ള ഒരാളല്ലല്ലോ എഡിറ്റര്‍.

‘‘ഇടക്ക് ഇങ്ങനെയൊരു അജ്ഞാതവാസം പതിവുണ്ട് മൂപ്പര്‍ക്ക്,’’ എന്തോ അർഥംവെച്ചു ചിരിച്ചുകൊണ്ട് ശ്രീരാഗ് പറഞ്ഞു.

ലോഡ്ജില്‍ നേരത്തേ ചെന്നിട്ട് ഒന്നും ചെയ്യാനില്ല. അവിടെ ഏറ്റവും കുറച്ചുസമയം കഴിച്ചുകൂട്ടുക എന്നതാണ് ഈയിടെയായി എന്‍റെ രീതി.

ആ തീരുമാനം വെറുതെ എടുത്തതല്ല. ഓഫീസു വിട്ടാല്‍ നഗരത്തില്‍ കുറച്ചുനേരം കറങ്ങിനടന്നിട്ടേ സാധാരണയായി അവിടെ ചെല്ലാറുള്ളൂ. നേരെ ചെന്നാല്‍ മഹാബോറാണ്. ആകെയുള്ള പണി വായനയാണ്. ‘ശാരിക’യുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ ലക്കങ്ങളെല്ലാം ഒരുവിധം നോക്കിത്തീര്‍ന്നിരിക്കുന്നു. പുസ്തകങ്ങള്‍ ചിലത് ഉണ്ടെങ്കിലും സ്വസ്ഥമായിരുന്നു വായിക്കാന്‍ കൊതുകുകള്‍ സമ്മതിക്കാറില്ല. നഗരത്തിലെ എല്ലാ കൊതുകുകള്‍ക്കും അഭയംകൊടുക്കുന്നത് ‘സഹൃദയാ’ ലോഡ്ജാണെന്നു തോന്നുന്നു. മൂളിപ്പറക്കുന്ന കൊതുകുകള്‍ കാരണം സ്വസ്ഥമായിരുന്ന് വായിക്കുന്നതു പോട്ടെ രാത്രി ശരിക്ക് ഉറങ്ങാന്‍പോലും കഴിഞ്ഞിട്ടില്ല ലോഡ്ജിലെ താമസത്തിനിടക്ക്.

കൊതുകുകള്‍ മാത്രമൊന്നുമല്ല പ്രശ്നം. വെള്ളക്ഷാമം. ഒന്നു കുളിച്ചുവരാം എന്നു തീരുമാനിച്ച് കുളിമുറിയില്‍ കയറുമ്പോഴാവും വെള്ളമില്ലെന്ന് അറിയുക. പിന്നെ അതു വരുന്നതുവരെ കാത്തുകെട്ടിയിരിപ്പുതന്നെ. എപ്പോഴെങ്കിലും വരുമെന്നു മാത്രം.

അതിനൊക്കെ പുറമെയാണ് ഇടക്കിടക്കുള്ള കറന്‍റ് പോക്ക്.

അതുകൊണ്ട് ഈ ശനിയാഴ്ച സന്ധ്യക്ക് ഒരു സിനിമക്ക് കയറാം എന്നു തീരുമാനിച്ചു. ഒന്നുമില്ലെങ്കിലും തിയറ്ററിലെ തണുപ്പില്‍ രണ്ടര മണിക്കൂര്‍ സ്വസ്ഥമായി ഇരിക്കാമല്ലോ. ‘വിനായക’യില്‍നിന്നോ ‘ശരവണ’യില്‍നിന്നോ അത്താഴം കഴിച്ച് സാവധാനം മടങ്ങാം. നാളെ ഞായറാഴ്ചയായതുകൊണ്ട് രാവിലെ നേരത്തേ എഴുന്നേല്‍ക്കുകയും വേണ്ടല്ലോ.

പക്ഷേ എന്‍റെ പദ്ധതികളെല്ലാം തകിടം മറിഞ്ഞു.

ഉച്ചയോടെ എഡിറ്റര്‍ ഓഫീസില്‍ തിരിച്ചെത്തി. എത്തിയ ഉടനെ എന്നെ കാബിനിലേക്ക് വിളിപ്പിച്ചു.

‘‘ഇന്നലത്തെ കാര്യം മറന്നതല്ല. പെട്ടെന്ന് ഒരിടത്തു പോവേണ്ടിവന്നു,’’ എഡിറ്റര്‍ പറഞ്ഞു. ‘‘ഇന്നു വൈകുന്നേരം നമുക്ക് ഒന്നിരിക്കണം. ഞാന്‍ വിളിക്കാം.’’

ഓഫീസില്‍നിന്ന് എല്ലാവരും പോയിക്കഴിഞ്ഞതിനു ശേഷമാണ് എഡിറ്റര്‍ കാബിനിലേക്ക് വിളിച്ചത്. സമയം ആറുമണിയോടടുത്തിരുന്നു.

ഇരിക്കാന്‍ പറഞ്ഞ് അദ്ദേഹം ഒരു സിഗരറ്റ് കത്തിച്ചു.

‘‘കരുണാകരന്‍ പോവുന്നതിനു മുമ്പ് രണ്ടു ചായ പറയാം’’, എഡിറ്റര്‍ മേശപ്പുറത്തിരിക്കുന്ന മണിയില്‍ വിരലമര്‍ത്തി.

എഡിറ്റര്‍ ഒരു ദിവസം എത്ര ചായ കുടിക്കുന്നുണ്ടാവും എന്നു ഞാന്‍ ഓര്‍ത്തുനോക്കി. ആറേഴെണ്ണമെങ്കിലും ഉണ്ടാവണം. വലിക്കുന്ന സിഗരറ്റിന്‍റെ എണ്ണത്തിന് എഡിറ്റര്‍ക്കുപോലും കണക്കുണ്ടോ എന്നു സംശയമാണ്.

‘‘ചായയും സിഗരറ്റും കുറക്കാന്‍ കുറേയായി ശ്രമിക്കുന്നു’’, എന്‍റെ ചിന്ത പിടിച്ചെടുത്തെന്നിട്ടെന്നപോലെ എഡിറ്റര്‍ പറഞ്ഞു. ‘‘പക്ഷേ വിപരീതഫലമാണ് കിട്ടുന്നത്. ഇനി അതൊന്നും ഈ ജന്മത്തില്‍ നടക്കുമെന്നു തോന്നുന്നില്ല. അതു പോട്ടെ, തന്‍റെ ജോലിയൊക്കെ എങ്ങനെ പോവുന്നു?’’

പ്രത്യേകിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. ആദ്യത്തെ അപരിചിതത്വമൊക്കെ ഇപ്പോള്‍ മാറിയിരിക്കുന്നു. ഇപ്പോള്‍ ഫോണ്‍ വരുമ്പോള്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ ആരോടും സംസാരിക്കാമെന്നായിട്ടുണ്ട്. നോവലുകളൊക്കെ ഏറക്കുറെ പരിചയമായിക്കഴിഞ്ഞു. പരീക്ഷക്ക് എവിടെനിന്നു ചോദിച്ചാലൂം ഉത്തരം പറയാന്‍ കഴിയും.

‘‘വലിയ കുഴപ്പമില്ലാതെ പോവുന്നു സര്‍.’’

ഫോണ്‍വിളികള്‍ പൊതുവെ കുറവാണ്. അല്‍പം മുതിര്‍ന്നവരാണ് ഫോണ്‍വിളിക്കാര്‍. അറുപതോ എഴുപതോ വയസ്സിനു മീതെയുള്ളവര്‍. അമ്പതിനു താഴെയുള്ളവര്‍ അധികവും വാട്സാപ് വഴിയാണ് സന്ദേശങ്ങള്‍ തരുന്നത്. ഒരുതരത്തില്‍ അതാണ് സൗകര്യവും. നല്ലവണ്ണം ആലോചിച്ച് മറുപടി പറയാനുള്ള സാവകാശം കിട്ടുമല്ലോ. കത്തുകളാവട്ടെ ഇല്ലെന്നു തന്നെ പറയാം. ആഴ്ചയില്‍ ഏറിവന്നാല്‍ മൂന്നോ നാലോ എണ്ണം മാത്രം.

‘‘നമ്മുടെ വാരികയൊക്കെ കൃത്യമായി വായിക്കുന്നുണ്ടല്ലോ അല്ലേ? എന്തു തോന്നുന്നു?’’

സ്ഥിരമായി വായിക്കുമ്പോള്‍ ഒരുതരം മടുപ്പുണ്ടാക്കുന്നതാണ് ജനപ്രിയ നോവലുകള്‍. മിക്കവാറും എല്ലാ നോവലുകള്‍ക്കും തമ്മില്‍ത്തമ്മില്‍ സാമ്യവുമുണ്ട്. സര്‍വഗുണസമ്പന്നരായ നായകന്മാര്‍, ദുർഗുണരായ വില്ലന്മാര്‍, പ്രണയം, പ്രണയവിഘ്നം... പലേ നോവലുകളുടെയും അന്ത്യം എന്തായിരിക്കും എന്ന് ഇപ്പോള്‍ തുടക്കത്തിൽതന്നെ ഊഹിക്കാന്‍ കഴിയുമെന്നായിരിക്കുന്നു.

പിന്നെ ക്രൈം ത്രില്ലറുകള്‍.അധോലോകം, മയക്കുമരുന്നു കടത്ത്, പോലീസ്, അറസ്റ്റ്, കോടതി, ജയില്‍... അത്തരം കഥകള്‍ അധികവും നടക്കുന്നത് ഹൈറേഞ്ച് പരിസരങ്ങളിലാണ് എന്ന് ഞാന്‍ കണ്ടെത്തിയിട്ടുണ്ട്.

‘‘വായിക്കാറുണ്ട് സര്‍’’, ഞാന്‍ ചിരിച്ചു.

‘‘മലയാളത്തിലെ മുഖ്യധാരയിൽപെട്ട നോവലുകള്‍ ധാരാളം വായിക്കുന്ന ആളല്ലേ!’’ എഡിറ്ററും ചിരിച്ചു. ‘‘തനിക്കിതൊന്നും ശരിക്ക് ആസ്വദിക്കാനാവില്ല എന്ന് എനിക്കറിയാം.’’

‘‘അങ്ങനെയൊന്നുമില്ല സര്‍. ഇതെന്‍റെ ജോലിയുടെ കൂടി ഭാഗമാണല്ലോ.’’

‘‘ജോലിയുടെ ഭാഗമായതുകൊണ്ട് പറയുകയാണ്. നിരൂപകന്മാര്‍ പറയുന്ന ഈ പൈങ്കിളി വാരികകളുടെ ചരിത്രം താന്‍ ഒന്നു മനസ്സിലാക്കിയിരിക്കേണ്ടതാണ്. അതു പഠിക്കാന്‍ ഇതേവരെ പുസ്തകങ്ങളൊന്നും ഇറങ്ങിയിട്ടില്ല. അതിനെപ്പറ്റി പറയുന്നതും എഴുതുന്നതുമൊക്കെ മോശമാണെന്ന് ചിലര്‍ കരുതുന്നതുകൊണ്ടാവാം. എന്നാലും നമ്മളെങ്കിലും അതു മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ മുന്നോട്ടുള്ള യാത്രക്കും അത് ആവശ്യമാണെന്നു തോന്നുന്നുണ്ട് എനിക്ക്. ഒരു തിരിഞ്ഞുനോട്ടം ഏതു വിധത്തിലായാലും നല്ലതാണല്ലോ.’’

‘‘മനസ്സിലായില്ല സര്‍.’’

‘‘ഒരിടയ്ക്ക് ഒരേസമയം പതിനേഴ് വാരികകള്‍ ഉണ്ടായിരുന്നു. അതില്‍ ഭൂരിഭാഗവും കോട്ടയത്തുനിന്നായിരുന്നു. ഇപ്പോള്‍ എത്രയുണ്ടെന്നറിയാമോ? ശാരികയടക്കം വെറും മൂന്നെണ്ണം. അതിനുതന്നെ പണ്ടത്തെ പ്രചാരമൊന്നുമില്ല. നമുക്ക് കാര്യമായ ഒരന്വേഷണം നടത്തിനോക്കേണ്ടതുണ്ട്.’’

ഒന്നു നിര്‍ത്തി എഡിറ്റര്‍ തുടര്‍ന്നു.

‘‘തന്നെ ഞാന്‍ കാണണമെന്നു പറഞ്ഞതിന് ഒരു കാരണമുണ്ട്. കഴിഞ്ഞ മീറ്റിങ്ങില്‍ ഞാന്‍ ഒരു പുതിയ പദ്ധതിയെപ്പറ്റി പറഞ്ഞിരുന്നുവല്ലോ. മുഖ്യധാരയിലുള്ള എഴുത്തുകാരെ സഹകരിപ്പിക്കുന്ന കാര്യം. ഞാനത് ഗൗരവമായിത്തന്നെ പറഞ്ഞതാണ്. ഞാന്‍ കഴിഞ്ഞ മുപ്പത്തഞ്ചു കൊല്ലമായി ഈ ഓഫീസില്‍ത്തന്നെയാണ് പണിയെടുക്കുന്നത്. ‘ശാരിക’യില്‍ വരുന്ന നോവലുകളല്ലാതെ മറ്റൊന്നും ഞാന്‍ വായിക്കാറില്ല. ഒരുകാലത്ത് വായിച്ചിട്ടില്ലെന്നല്ല. പക്ഷേ, കുറേ കാലമായി തീരെയില്ല. ആരൊക്കെയാണ് എഴുത്തുകാരെന്നോ എന്തൊക്കെയാണ് അവരെഴുതുന്നതെന്നോ ഒരു പിടിയുമില്ല. അതുകൊണ്ട് എനിക്ക് തന്‍റെ സഹായം വേണം. അവരെപ്പറ്റിയൊക്കെ കുറച്ച് വിവരങ്ങള്‍ തരണം; അവരെഴുതിയ പുസ്തകങ്ങളെപ്പറ്റിയടക്കം. നമുക്ക് അവരെയൊക്കെ ഒന്നു ബന്ധപ്പെടണം.’’

എനിക്കത് വളരെ സന്തോഷമുള്ള ഒരു ജോലിയായിത്തോന്നി. ഞാന്‍ ആരാധിക്കുന്ന കുറച്ച് എഴുത്തുകാരുണ്ട്. അവരെയൊക്കെ നേരിട്ടു ബന്ധപ്പെടാന്‍ ഒരവസരമായല്ലോ.

‘‘ആരെയൊക്കെയാണ് വിളിക്കേണ്ടതെന്ന് താന്‍ തീരുമാനിച്ചാല്‍ മതി. പറ്റുമെങ്കില്‍ ഫോണ്‍നമ്പറും വിലാസവുംകൂടി സംഘടിപ്പിച്ചു തരണം. ഞാന്‍ ബന്ധപ്പെട്ടോളാം. എഡിറ്റര്‍ തന്നെ നേരിട്ടു വിളിക്കുകയാണല്ലോ അതിന്‍റെ ശരി.’’

ഞാന്‍ തലയാട്ടി. ആരെയൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന ഒരു പട്ടിക ഇന്നുതന്നെ ഉണ്ടാക്കണം.

‘‘നമുക്ക് ഊഴമനുസരിച്ച് എല്ലാവരെയും സമീപിക്കാം. കഥ തന്നെ വേണമെന്നില്ല. അനുഭവക്കുറിപ്പുകള്‍ മതി. ഒരൊറ്റ പേജില്‍ ഒതുങ്ങുന്നതാവണം അത്. അതാണ് പ്രധാനം. മൂന്നാമത്തെ പേജില്‍ കൊടുക്കാം. എന്തെങ്കിലും ഒരു വിഷയം കണ്ടെത്തിയാല്‍ ഒരു പരമ്പരപോലെ ചെയ്യാം. എന്തു തോന്നുന്നു?’’

എനിക്കത് നന്നാവുമെന്നു തന്നെയാണ് തോന്നിയത്. മലയാളത്തിലെ എല്ലാ എഴുത്തുകാരെയും ഉള്‍ക്കൊള്ളണം ‘ശാരിക’. രണ്ടു ധാരകളെയും യോജിപ്പിച്ചുകൊണ്ടുപോവാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ പ്രചാരത്തിലും അത്ഭുതങ്ങള്‍ സംഭവിക്കാം. പരസ്പരം അകന്നു നില്‍ക്കേണ്ടവരല്ലല്ലോ അവര്‍.

‘‘പിന്നെ ഒരു കാര്യംകൂടിയുണ്ട്. മുഖ്യധാരയിലുള്ള പലരും നമുക്കുവേണ്ടി ഇതിനുമുമ്പും എഴുതിയിട്ടുണ്ട്: സി. രാധാകൃഷ്ണന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, കെ.എല്‍. മോഹനവർമ, സി.വി. ബാലകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ജി.ആര്‍. ഇന്ദുഗോപന്‍, വി. ദിലീപ്. പിന്നെ ആഷാ നായര്‍ എന്ന പേരിലാണെങ്കിലും സന്തോഷ് ഏച്ചിക്കാനവും നോവലെഴുതിയിട്ടുണ്ട്. അതുപോലെ കെ.ആര്‍. മീരയും എഴുതിയിട്ടില്ലേ എസ്. ശ്രീദേവി എന്ന പേരില്‍? പിന്നെ നോവലല്ലെങ്കിലും മാധവിക്കുട്ടിയുടെ ‘ഒറ്റയടിപ്പാത’ എന്ന അനുഭവക്കുറിപ്പുകള്‍ക്ക് ധാരാളം വായനക്കാരുണ്ടായിരുന്നല്ലോ.’’

ജനപ്രിയം എന്ന പേരില്‍ എഴുതപ്പെടുന്നവയും മുഖ്യധാരയില്‍പ്പെട്ട എഴുത്തും തമ്മിലുള്ള ദൂരം കുറഞ്ഞുവരികയാണെന്നാണോ എഡിറ്റര്‍ പറഞ്ഞുവരുന്നത്? ഒരു കാര്യം സമ്മതിക്കാം. വായനക്കാരുടെ ക്ഷമ പരീക്ഷിക്കാതെ എഴുതണമെന്ന് ഇപ്പോള്‍ അധികം പേരും പഠിച്ചിട്ടുണ്ട്.

‘‘ഒരുകാലത്ത് നമുക്ക് ഒരുപാട് എഴുത്തുകാരുണ്ടായിരുന്നു’’, എഡിറ്റര്‍ തുടര്‍ന്നു. ‘‘അക്കാലത്ത് ആരുടെ നോവലാണ് കൊടുക്കേണ്ടത് എന്നായിരുന്നു നമ്മുടെ മുന്നിലുള്ള പ്രശ്നം. മാത്യു മറ്റം, പ്രസന്നന്‍ ചമ്പക്കര, പതാലില്‍ തമ്പി, ഏറ്റുമാനൂര്‍ ശിവകുമാര്‍, മെഴുവേലി ബാബുജി, സുധാകര്‍ മംഗളോദയം, ബാറ്റണ്‍ ബോസ്, കമലാ ഗോവിന്ദ്, എന്‍.കെ. ശശിധരന്‍, മല്ലികാ യൂനുസ്, തോമസ് ടി. അമ്പാട്ട്, എം.ഡി. രത്നമ്മ, സതീഷ് കച്ചേരിക്കടവ്, രാജന്‍ ചിന്നങ്ങത്ത്, പി.വി. തമ്പി... അങ്ങനെ എത്രയോ പേര്‍. ‘ശാരിക’യിൽതന്നെ അവരില്‍ എത്രപേര്‍ നോവലെഴുതിയിരിക്കുന്നുവെന്നോ! അവരില്‍ കോട്ടയം പുഷ്പനാഥും രാജന്‍ ചിന്നങ്ങത്തും സുധാകര്‍ മംഗളോദയവും തോമസ് ടി. അമ്പാട്ടും മാത്യു മറ്റവുമൊക്കെ മരിച്ചുപോയി എന്നുവെക്കുക. മറ്റുള്ളവരുടെ കാര്യമോ? പഴയ വാരികകളൊക്കെ ഒന്നു മറിച്ചുനോക്കിയാല്‍ നമ്മള്‍ അന്തം വിട്ടുപോവും. ഇരുന്നൂറോളം നോവലിസ്റ്റുകളുണ്ടായിരുന്നു! അവരൊക്കെ പണി നിര്‍ത്തി പോയി. അതുകൊണ്ടാണിപ്പോള്‍ കയ്പമംഗലത്തിനു തന്നെ മൂന്നും നാലും നോവലുകള്‍ പല പേരില്‍ എഴുതേണ്ടിവരുന്നത്.’’

കയ്പമംഗലത്തിന്‍റെ കാര്യം അത്ഭുതംതന്നെയാണ്. വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിലായി പിന്നാലെപ്പിന്നാലെ മൂന്നു നോവലുകളും ഓഫീസിലെത്തും. സ്കാന്‍ചെയ്ത കോപ്പിയാണ് കിട്ടുക. അദ്ദേഹത്തിന് ടൈപ് റൈറ്റിങ് അറിയില്ല. പക്ഷേ അതിലും ഭംഗിയുള്ള കൈയക്ഷരമാണ്. ഒരു വെട്ടും തിരുത്തുമുണ്ടാവില്ല. ഒരൊറ്റയെഴുത്താണ് എന്നാണ് ദേവന്‍ പറഞ്ഞത്. രണ്ടാമതൊന്ന് വായിച്ചു നോക്കുക പോലുമില്ലത്രേ. എന്നിട്ടും ഒരു തെറ്റുമുണ്ടാവില്ല.

‘‘പണ്ട് ഒരു തമാശയുണ്ടായിട്ടുണ്ട്. ഒരു വാരികയില്‍ വിവാഹവാര്‍ഷികം എന്ന പേരില്‍ സി.വി. നിർമലയുടെ ഒരു നോവല്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഒരു ദിനപത്രം അത് വാര്‍ത്തയാക്കി: ജോയ്സി പണ്ട് ഒരു വാരികയുടെ ഓണപ്പതിപ്പില്‍ എഴുതിയ നോവലെറ്റ് ആണതെന്നും സി.വി. നിർമല അതു കോപ്പിയടിക്കുകയാണെന്നുമായിരുന്നു പത്രത്തിന്‍റെ ആരോപണം. ഒടുവില്‍ ആ വാരികക്ക് രണ്ടുപേരും ഒരാളാണെന്ന സത്യം പുറത്തുവിടേണ്ടിവന്നു.’’

വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കുത്തിക്കെടുത്തി എഡിറ്റര്‍ എന്‍റെ മുഖത്തുനോക്കി ഒന്നു ചിരിച്ചു.

‘‘ഞാന്‍ കുറേയധികം സംസാരിച്ചുവല്ലേ? അതിരിക്കട്ടെ. മുഖ്യധാരയിലുള്ള എഴുത്തുകാരെക്കൊണ്ട് എഴുതിച്ചതുകൊണ്ട് നമ്മുടെ സര്‍ക്കുലേഷന്‍ കൂടുമെന്ന് എനിക്കു വിശ്വാസമുണ്ടായിട്ടൊന്നുമല്ല. ഒരു പുതുമ പരീക്ഷിക്കാമെന്നു വെച്ചുവെന്നു മാത്രം. ഭാഗ്യം എവിടെയൊക്കെയാണ് കിടക്കുന്നതെന്ന് അറിയില്ലല്ലോ!’’ ഒന്നു നിര്‍ത്തി എഡിറ്റര്‍ തുടര്‍ന്നു.

‘‘തലിയാര്‍ഖാന്‍, ഞാന്‍തന്നെ കാണണമെന്നു പറഞ്ഞത് ഇതിനൊന്നുമല്ല.’’

എഡിറ്റര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല.

‘‘നമ്മുടെ വായനക്കാരുടെ ഫീഡ്ബാക്ക് കിട്ടാനാണല്ലോ തന്നെ ഇവിടെ വെച്ചിരിക്കുന്നത്. ചിലപ്പോള്‍ അതും മതിയാവില്ല. നമ്മുടെ ഏജന്‍റുമാരുടെ വാക്കുകളും കേള്‍ക്കണം. ആത്യന്തികമായി സര്‍ക്കുലേഷന്‍റെ പള്‍സ് അറിയുക അവര്‍ക്കാണല്ലോ. അതുകൊണ്ട് ഞാന്‍ വല്ലപ്പോഴുമൊക്കെ അവരെയും ചെന്നുകാണാറുണ്ട്. അതാണ് കഴിഞ്ഞ നാലു ദിവസം ഓഫീസില്‍ വരാതിരുന്നത്. ഈ ഓഫീസില്‍ത്തന്നെ ചടഞ്ഞിരുന്നാല്‍ പുറത്തു നടക്കുന്നതൊന്നും നമുക്കു മനസ്സിലാവില്ലല്ലോ. മാത്രമല്ല നമ്മള്‍ വിചാരിക്കാത്ത ചില രഹസ്യങ്ങള്‍ എവിടെനിന്നെങ്കിലുമൊക്കെ ചോര്‍ന്നുകിട്ടുകയും ചെയ്യും.’’

എഡിറ്റര്‍ക്ക് മറ്റു വാരികകളില്‍ ചാരന്മാരുണ്ടെന്ന് എനിക്കു മുമ്പേ സംശയം തോന്നിയിട്ടുള്ളതാണ്. ‘നാളീക’ത്തില്‍ ഫോട്ടോകള്‍ കൊടുക്കുന്നത് അധികം നീണ്ടുപോവില്ലെന്നും അത് പിന്‍വലിക്കുമെന്നും അദ്ദേഹം നേരത്തേ മനസ്സിലാക്കിയിരുന്നു എന്ന് എനിക്കൊരു തോന്നലുണ്ട്. മത്സരം നേരിടുമ്പോള്‍ ഒരു പത്രാധിപര്‍ക്ക് അതൊക്കെ ആവശ്യമുണ്ടായേക്കാം.

‘‘പൈങ്കിളി എന്നാണല്ലോ നമ്മുടെ വാരികകളില്‍ വരുന്ന നോവലുകളെ നിരൂപകര്‍ വിശേഷിപ്പിക്കാറ്. മുട്ടത്തു വര്‍ക്കിയുടെ ‘പാടാത്ത പൈങ്കിളി’യാണ് ആ വാക്കിന് നിദാനമായതെന്നും പറയാറുണ്ട്. അതെത്രകണ്ടു ശരിയാണെന്ന് അറിയില്ല. ‘ഇണപ്രാവുകളാ’ണല്ലോ അതിനുമുമ്പ് ഇറങ്ങിയ നോവല്‍. വര്‍ക്കി വെറും പൈങ്കിളി എഴുത്തുകാരനല്ല, അദ്ദേഹം ഡോക്ടര്‍ ഷിവാഗോ വിവര്‍ത്തനം ചെയ്തിട്ടുണ്ടല്ലോ എന്നൊക്കെ പറയാറുണ്ടെങ്കിലും ഈ സാഹിത്യത്തിന്‍റെ കുലപതി മുട്ടത്തു വര്‍ക്കി തന്നെ. സംശയമില്ല.’’

‘പാടാത്ത പൈങ്കിളി’ എന്നും ‘ഇണപ്രാവുകള്‍’ എന്നുമൊക്കെ കേട്ടിട്ടുണ്ടെന്നേയുള്ളൂ. ഇതുവരെ വായിച്ചിട്ടില്ല. അതുകൊണ്ട് എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.

‘‘എന്നാല്‍ ഈ പ്രസ്ഥാനം തുടര്‍ന്നുകൊണ്ടുപോയത് വേറെ ചിലരാണ്. കവിത്രയം എന്നൊക്കെ പറയുന്നപോലെ മൂന്നുപേര്‍. അവരില്‍ രണ്ടുപേരെ താന്‍ കേട്ടിട്ടുണ്ടാവും: കാനം ഇ.ജെ, കോതച്ചിറ കുമാരന്‍. ഇവരില്‍ കാനം മരിച്ചുപോയി. കോതച്ചിറ കുമാരന്‍ മരിച്ചിട്ടില്ലെങ്കിലും കുറച്ചുകാലമായി ഒന്നും എഴുതിക്കണ്ടിട്ടില്ല. മൂന്നാമത്തെ എഴുത്തുകാരനോ? പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ എഴുത്തുരംഗം വിട്ടുപോയ ആളാണ്. താന്‍ കേട്ടിട്ടുണ്ടോ അങ്ങനെയൊരെഴുത്തുകാരനെപ്പറ്റി?’’

ഞാന്‍ ഇല്ലെന്നു തലയാട്ടി.

‘‘കലയൂര്‍ കാര്‍ത്തികേയന്‍!’’

‘‘ഇല്ല സര്‍.’’

‘‘എന്നാല്‍ കേട്ടോളൂ. അദ്ദേഹം എണ്‍പത്തിയഞ്ചാം വയസ്സില്‍ പറയത്തക്ക ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ആര്‍ക്കും പിടിതരാതെ. കഴിഞ്ഞ മുപ്പത്തിമൂന്നു കൊല്ലം അദ്ദേഹം ഒരു വരിപോലും എഴുതിയിട്ടില്ല എന്ന് ഓര്‍ക്കണം.’’

ഞാന്‍ വെറുതെ കേട്ടുകൊണ്ടിരുന്നു.

‘‘33 കൊല്ലത്തിന്‍റെ കാര്യം പറയാന്‍ ഇപ്പോള്‍ ഒരു കാരണമുണ്ട്. അദ്ദേഹം ആ നീണ്ട നിശ്ശബ്ദതക്കു ശേഷം ഒരു നോവലെഴുതാന്‍ പോവുന്നു. അതിന് വലിയ പബ്ലിസിറ്റി കിട്ടാനുള്ള സാധ്യതയുണ്ട്.’’

‘‘അതു നന്നായി സര്‍.’’

‘‘എന്തു നന്നായിയെന്ന്?’’ എഡിറ്റര്‍ ശബ്ദമുയര്‍ത്തി. ‘‘താന്‍ എന്തറിഞ്ഞിട്ടാ? ആ നോവല്‍ വരുന്നത് ‘ശാരിക’യിലല്ല. ‘മനോമയ’ത്തിലാണ്. അടുത്ത ഏതാനും ലക്കത്തിനുള്ളില്‍ അവര്‍ പരസ്യം കൊടുത്തുതുടങ്ങും. അതിന് എന്തു പ്രതികരണമാണുണ്ടാവുക എന്ന് ഇപ്പോള്‍ പറയാന്‍ വയ്യ. പക്ഷേ ഒന്നുണ്ട്. അത് ‘ശാരിക’ക്ക് വലിയ ഒരടിയാവും.’’

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. സമയമറിയാന്‍ ഞാന്‍ മൊബൈല്‍ എടുത്തു നോക്കി. ഏഴാവാറാവുന്നു.

‘‘തനിക്കറിയുമോ, അദ്ദേഹത്തിന്‍റെ വീടിനു മുന്നില്‍ നോവലെഴുതിക്കിട്ടാന്‍ പത്രാധിപന്മാര്‍ കാത്തുകെട്ടിനിന്ന ഒരു കാലമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ നോവലുകള്‍ സിനിമയാക്കാനുള്ള സമ്മതം കിട്ടാന്‍ വേണ്ടിയുള്ള സംവിധായകരും നിർമാതാക്കളുമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം ആര്‍ക്കും വഴങ്ങിയില്ല. വിജയിച്ചുവിലസിക്കൊണ്ടിരുന്ന ആ കാലത്തുതന്നെയാണ് അദ്ദേഹം പൊടുന്നനെ എഴുത്തുനിര്‍ത്തിയത്. അതിന്‍റെ കാരണം ഇപ്പോഴും ആര്‍ക്കുമറിയില്ല.’’

കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം എഡിറ്റര്‍ തുടര്‍ന്നു.

‘‘ആ മനുഷ്യനാണ് ഇപ്പോള്‍ ഒരു പുതിയ നോവലെഴുതാന്‍ പുറപ്പെടുന്നത്. ഇവിടെയാണ് എനിക്ക് തന്നെക്കൊണ്ടുള്ള ആവശ്യം. മനസ്സിലായോ തലിയാര്‍ഖാന്‍?’’

എനിക്കു മനസ്സിലായില്ല. മുപ്പത്തിമൂന്നു വര്‍ഷത്തിനു ശേഷം കലയൂര്‍ കാര്‍ത്തികേയന്‍ നോവലെഴുതാന്‍ പോവുന്നതിന് ഞാനെന്തു വേണമെന്നാണ് എഡിറ്റര്‍ പറയുന്നത്?

ഞാനൊന്നും മിണ്ടിയില്ല. പക്ഷേ എന്‍റെ ഭാവം കണ്ട് എഡിറ്റര്‍ തുടര്‍ന്നു.

‘‘ആ നോവല്‍ നമുക്കു കിട്ടണം. ‘മനോമയ’ത്തില്‍ അതിന്‍റെ പരസ്യം വരുന്നതിനുമുമ്പ് നമുക്ക് അദ്ദേഹത്തെ പിടിക്കണം. അതാണ് തനിക്കുള്ള ദൗത്യം.’’

എഡിറ്റര്‍ തമാശ പറയുകയാണോ? പക്ഷേ അദ്ദേഹത്തിന്‍റെ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു.

‘‘തിങ്കളാഴ്ചത്തെ മീറ്റിങ്ങില്‍ മാനേജിങ് എഡിറ്റര്‍ നമ്മുടെ നവതിയാഘോഷത്തിന്‍റെ കാര്യം പറഞ്ഞില്ലേ? ആ നോവല്‍ പ്രസിദ്ധീകരിച്ചുകൊണ്ടു തുടങ്ങണം നമ്മുടെ നവതി ആഘോഷങ്ങള്‍. തനിക്കു മനസ്സിലായോ?’’

‘‘എനിക്കൊന്നും മനസ്സിലാവുന്നില്ല സര്‍.’’

‘‘അതായത് ആ നോവല്‍ നമുക്കുള്ളതാണ്,’’ എഡിറ്റര്‍ തുടര്‍ന്നു. ‘‘വെറും ഇരുപത്തിരണ്ടു കൊല്ലത്തെ പാരമ്പര്യം മാത്രമുള്ള ‘മനോമയ’ത്തിന് അവകാശപ്പെട്ടതല്ല ആ നോവല്‍. മാത്രമല്ല കാര്‍ത്തികേയന്‍റെ ആദ്യത്തെ നോവല്‍ പ്രസിദ്ധീകരിച്ചതും നമ്മളാണ്. അതായത് ആ എഴുത്തുകാരനെ കണ്ടുപിടിച്ചത് നമ്മളാണ്.’’

‘‘എനിക്കിപ്പോഴും മനസ്സിലായില്ല സര്‍.’’

‘‘എല്ലാം ഞാന്‍ വിശദമായി പറഞ്ഞുതരാം,’’ എഡിറ്റര്‍ പറഞ്ഞു. ‘‘ഇനി കുറച്ചു ദിവസങ്ങള്‍ തന്‍റെ ഡ്യൂട്ടി ഈ ഓഫീസിലല്ല. തനിക്കിനി ഫീല്‍ഡ് വര്‍ക്കാണ്. താന്‍ നാളെ രാവിലെത്തന്നെ കലയൂര്‍ക്കു പുറപ്പെടാന്‍ തയ്യാറായിക്കൊള്ളുക. മനസ്സിലായോ?’’

പിന്നെയും ഒന്നും മനസ്സിലാക്കാന്‍ കഴിയാതെ ഞാന്‍ എഡിറ്ററുടെ മുഖത്തേക്ക് നോക്കി. അദ്ദേഹം എന്തൊക്കെയോ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നി.

‘‘അവിടെ പോയിട്ട് ഞാന്‍ എന്തുചെയ്യണമെന്നാണ്?’’

‘‘അതൊക്കെ ഞാന്‍ പറഞ്ഞുതരാം.’’

എഡിറ്റര്‍ മറ്റൊരു സിഗരറ്റിന് തീ പിടിപ്പിച്ചു.

(തുടരും)

Show More expand_more
News Summary - malayalam novel