ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ
നോവൽ -3

‘ശാരിക’യുടെ നവതി ബോര്‍ഡ് റൂമില്‍ ശ്രീരാഗും ബാബുവും നേരത്തേയെത്തി ഇരിപ്പുറപ്പിച്ചുകഴിഞ്ഞിരുന്നു. എഡിറ്ററും മാനേജിങ് എഡിറ്ററും എത്താന്‍ ഇനിയും സമയമുണ്ട്. രണ്ടു മണിയാവുന്നതല്ലേയുള്ളൂ. ഞാനും നേരത്തേ എത്തേണ്ടതായിരുന്നു. കാബിനില്‍നിന്ന് എഴുന്നേറ്റു പോരാന്‍ ഭാവിച്ചപ്പോള്‍ വന്ന ഫോണ്‍വിളിയില്‍ കുറച്ചുനേരം കുടുങ്ങിപ്പോയി. കെ.കെ. പാര്‍വതിയുടെ ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വിളി. അത്തരം ആവശ്യങ്ങളൊന്നും നിറവേറ്റിക്കൊടുക്കാനുള്ളതല്ലെന്ന് മുമ്പേത്തന്നെ എഡിറ്റര്‍ എന്നോടു പറഞ്ഞിരുന്നു. പിന്നെ കയ്പമംഗലം കരുണാകരനാണ് ഈ കെ.കെ. പാര്‍വതി എന്ന് ആരോടും...
Your Subscription Supports Independent Journalism
View Plans‘ശാരിക’യുടെ നവതി
ബോര്‍ഡ് റൂമില്‍ ശ്രീരാഗും ബാബുവും നേരത്തേയെത്തി ഇരിപ്പുറപ്പിച്ചുകഴിഞ്ഞിരുന്നു. എഡിറ്ററും മാനേജിങ് എഡിറ്ററും എത്താന്‍ ഇനിയും സമയമുണ്ട്. രണ്ടു മണിയാവുന്നതല്ലേയുള്ളൂ. ഞാനും നേരത്തേ എത്തേണ്ടതായിരുന്നു. കാബിനില്‍നിന്ന് എഴുന്നേറ്റു പോരാന്‍ ഭാവിച്ചപ്പോള്‍ വന്ന ഫോണ്‍വിളിയില്‍ കുറച്ചുനേരം കുടുങ്ങിപ്പോയി. കെ.കെ. പാര്‍വതിയുടെ ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വിളി. അത്തരം ആവശ്യങ്ങളൊന്നും നിറവേറ്റിക്കൊടുക്കാനുള്ളതല്ലെന്ന് മുമ്പേത്തന്നെ എഡിറ്റര്‍ എന്നോടു പറഞ്ഞിരുന്നു. പിന്നെ കയ്പമംഗലം കരുണാകരനാണ് ഈ കെ.കെ. പാര്‍വതി എന്ന് ആരോടും വെളിപ്പെടുത്തരുതെന്നും ശട്ടമുണ്ടായിരുന്നു. അത്തരം രഹസ്യങ്ങളൊന്നും ആര്‍ക്കും കൈമാറാനുള്ളതല്ല. ആരാധകര്‍ എഴുത്തുകാര്‍ക്ക് ശല്യമായിത്തീരാന്‍ പാടില്ലല്ലോ.
റിസീവറുടെ ജോലി ഒരു ഞാണിന്മേല്‍ക്കളിയാണ്. വായനക്കാരെ പിണക്കാതിരിക്കുകയും വേണമല്ലോ. ആരാധകനെ പിരിച്ചുവിടാന്‍ അല്‍പനേരത്തെ ഗുസ്തി വേണ്ടിവന്നു. ഇത് ഞാന്‍ പങ്കെടുക്കുന്ന മൂന്നാമത്തെ എഡിറ്റോറിയല്‍ ബോര്‍ഡ് മീറ്റിങ്ങാണ്. ജോലിക്കു ചേര്‍ന്ന ദിവസത്തെ മീറ്റിങ്ങില്‍ റിസീവറുടെ ഭാഗം ദേവന്‍തന്നെയാണ് നിറവേറ്റിയത്. ഞാന്‍ ഒരു നിരീക്ഷകനായി ഇരുന്നുവെന്നു മാത്രം. അതും കൂടി കൂട്ടിയാല്‍ ഇത് നാലാമത്തെ മീറ്റിങ്ങാണ്. അതായത് ‘ശാരിക’യില്‍ ചേര്‍ന്നിട്ട് നാലാഴ്ച പിന്നിട്ടിരിക്കുന്നുവെന്നർഥം.
‘‘തലിയാര്‍ഖാന്‍, ഇന്നെന്തെങ്കിലും തമാശക്കുള്ള വകുപ്പുണ്ടോ?’’ സീറ്റില്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ ശ്രീരാഗ് ചോദിച്ചു.
ഫോണ്‍ വിളികളിലോ വാട്സ്ആപ് സന്ദേശങ്ങളിലോ കത്തുകളിലോ പതിവുള്ള എന്തെങ്കിലും കുരുത്തക്കേടുകളാണ് ശ്രീരാഗ് ഉദ്ദേശിച്ചത്. ചിലര്‍ക്ക് നോവലിന് ഇനി എത്ര അധ്യായങ്ങളുണ്ടെന്നറിയണം. മറ്റു ചിലര്‍ക്ക് നോവലിന്‍റെ അന്ത്യത്തെക്കുറിച്ചാണ് അറിയേണ്ടതുണ്ടാവുക. കഴിഞ്ഞ ആഴ്ചയാണ് വലിയ പ്രശ്നമുണ്ടായത്. അതിനു മുമ്പിലത്തെ ലക്കത്തില്‍ വന്ന ചെറുകഥ തന്‍റെ കഥയാണെന്ന് അവകാശപ്പെട്ട ഒരാള്‍ക്ക് അറിയേണ്ടത് ആ കഥ എങ്ങനെ കഥാകൃത്തിനു കിട്ടി എന്നായിരുന്നു. കഥാകൃത്തിന്‍റെ ഫോണ്‍ നമ്പറോ വീട്ടുവിലാസമോ കിട്ടണമെന്ന് അയാള്‍ ശഠിച്ചുകൊണ്ടിരുന്നു. അവസാനം ഗതികെട്ട് എനിക്ക് അയാളുടെ വിളി കട്ട് ചെയ്യേണ്ടിവന്നു.
ശ്രീരാഗിന് എല്ലാം തമാശയാണ്. ആരാധകന്‍റെ ഉള്ളുചുട്ടുള്ള വിളിയൊന്നും അയാള്‍ക്ക് മനസ്സിലാവില്ല. കെ.കെ. പാര്‍വതിയുടെ ഫോണ്‍നമ്പര്‍ ചോദിച്ച അജ്ഞാതന്‍റെ വിളിയെപ്പറ്റി ഞാന്‍ പറഞ്ഞില്ല.
‘ചിരിപ്പുറ’ത്തിന്‍റെയും നക്ഷത്രഫലത്തിന്‍റെയും വായനക്കാരുടെ കത്തുകളുടെയും കാര്‍ട്ടൂണുകളുടെയും ചില നുറുങ്ങുകളുടെയും ഒക്കെ ചുമതലയാണ് ശ്രീരാഗിന്. ഇതിനൊക്കെ ഒരു എഡിറ്റര്‍ വേണോ എന്ന് എനിക്കു സംശയം തോന്നിയിട്ടുണ്ട്. പക്ഷേ, വാരികയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട പംക്തികളാണ് അവ. നക്ഷത്രഫലം പ്രത്യേകിച്ചും. അത് സ്ഥിരമായി എഴുതിത്തരുന്ന ജോത്സ്യന്‍ ഒരാഴ്ച അത് എത്തിക്കാന്‍ കഴിയാതെ അസുഖം ബാധിച്ചു കിടന്നപ്പോള്‍ താന്‍തന്നെ അത് എഴുതിയുണ്ടാക്കിയെന്നും അത് പലര്‍ക്കും അച്ചട്ടായിരുന്നുവെന്നും ഒരിക്കല്‍ ശ്രീരാഗ് പറഞ്ഞിരുന്നു.
‘‘അതിനു നമുക്കുള്ള സാമാന്യബുദ്ധിയുടെ ചെറിയ ഒരു ഭാഗം മാത്രം ഉപയോഗിച്ചാല്‍ മതി,’’ ശ്രീരാഗ് അന്നു പറഞ്ഞത് ഓർമയുണ്ട്. ‘‘അത് മാര്‍ച്ച് മാസമായിരുന്നു. ഉത്സവങ്ങളുടെയും പരീക്ഷകളുടെയും സമയം. ആഴ്ചഫലമെഴുതേണ്ടി വന്നപ്പോള്‍ ഉത്സവങ്ങളില്‍ പങ്കെടുക്കും, വിജയകരമായി പരീക്ഷകള്‍ എഴുതും എന്നൊക്കെ തലങ്ങും വിലങ്ങും അങ്ങു തട്ടിവിട്ടു. അത്രതന്നെ.’’
ബാബുവിന്‍റെ ചുമതല നോവലുകളാണ്. അതത് നോവലുകള്‍ വായിച്ചു നോക്കി അതിനുവേണ്ട ചിത്രങ്ങള്‍ക്കുള്ള നിർദേശങ്ങള്‍ കൊടുക്കണം. ചിത്രകാരന്മാര്‍ക്ക് എല്ലാം വായിച്ചുനോക്കാനുള്ള സമയമൊന്നും കിട്ടിയെന്നു വരില്ലല്ലോ. ചിത്രങ്ങള്‍ തമ്മില്‍ മാറിപ്പോവാതെ നോക്കേണ്ടതും അവക്ക് അടിക്കുറിപ്പുകള്‍ എഴുതിയുണ്ടാക്കേണ്ടതും ബാബുവിന്‍റെ ജോലിയില്‍പ്പെട്ടതാണ്. നോവല്‍ വഴിതെറ്റിപ്പോവുന്നുണ്ടെങ്കില്‍ അതു കണ്ടെത്തി നോവലിസ്റ്റിനെ അറിയിക്കുന്നതും ആവശ്യമായ നിർദേശങ്ങള്‍ കൊടുക്കുന്നതും ബാബുവാണ്.
‘‘നോവലുകളാണ് വാരികയുടെ നട്ടെല്ല്,’’ ബാബു അവകാശപ്പെട്ടു. ‘‘നോ നോവല്‍, നോ വീക്കിലി!’’
അതു ശരിയാണെന്ന് സമ്മതിച്ചുകൊടുക്കണം. എനിക്കു കിട്ടുന്ന വിളികളിലും കത്തുകളിലും ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നത് നോവലുകളാണ്. അതു കാണുമ്പോള്‍ വാരികയില്‍ നോവലുകള്‍ മാത്രമേ ഉള്ളൂവെന്നു തോന്നാറുണ്ട്.
ഫീച്ചറുകള്‍ കൊടുത്തിരുന്ന കാലത്ത് അതിന്‍റെ ചുമതലയും തനിക്കായിരുന്നു എന്ന് ബാബു പറഞ്ഞിരുന്നു. അതു നിര്‍ത്തിയതോടെ വലിയ ഒരു ഭാരമാണ് ഒഴിഞ്ഞുകിട്ടിയത്. സംഭവങ്ങള്‍ അപ്പപ്പോള്‍ അറിയാനും അതിനു പിന്നാലെ റിപ്പോര്‍ട്ടര്‍മാരെ അയക്കാനുമൊക്കെ എപ്പോഴും ജാഗ്രതയായി ഇരിക്കേണ്ടതുണ്ടായിരുന്നു.
ദേവന്‍ പതിവുപോലെ ‘മനോമയ’ത്തിന്‍റെയും ‘നാളീക’ത്തിന്‍റെയും വായനയിലായിരുന്നു. ജോലിക്കിടെ അതിനു സമയം കിട്ടാത്തതുകൊണ്ടാണോ ആവോ അയാള്‍ എപ്പോഴും മീറ്റിങ്ങിനിടക്കാണ് അവ വായിക്കാറുള്ളത്.
‘‘തലിയാര്‍ഖാന്‍, താന്‍ നോക്കിയില്ലേ ലേറ്റസ്റ്റ് നാളീകം?’’ ശ്രീരാഗ് ചോദിച്ചു.
‘‘ഉവ്വല്ലോ!’’
‘മനോമയ’വും ‘നാളീക’വും വായിച്ചുനോക്കുന്നത് ഓരോ ബോര്‍ഡ് മീറ്റിങ്ങിനു മുമ്പുമുള്ള കീഴ്വഴക്കമാണ്. സഹവാരികകളില്‍ എന്തെല്ലാമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ‘ശാരിക’യിലുള്ള എല്ലാ ജീവനക്കാരും അപ്പപ്പോള്‍ മനസ്സിലാക്കിക്കൊള്ളണം. അതില്‍ എന്തെങ്കിലും പുതിയ പംക്തികള്‍ തുടങ്ങിയിട്ടുണ്ടോ, നോവലുകളുടെ ഗതി എന്താണ് എന്നെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് എഡിറ്റര്‍ക്കു റിപ്പോര്‍ട്ട് ചെയ്യണം. ചിലപ്പോള്‍ എനിക്കു തോന്നാറുണ്ട് ‘ശാരിക’യെക്കാള്‍ നിഷ്കൃഷ്ടമായി ആ വാരികകളാണ് ഞങ്ങള്‍ പരിശോധിക്കുന്നതെന്ന്.
എഡിറ്റര്‍ അതെല്ലാം ഞങ്ങളേക്കാളും ജാഗ്രതയോടെ നോക്കുന്നുണ്ട് എന്നത് വേറെക്കാര്യം.
‘‘എന്തെങ്കിലും മാറ്റം തോന്നിയോ തനിക്ക്?’’
മറിച്ചു നോക്കിയിരുന്നെങ്കിലും അതില്‍ എന്തെങ്കിലും പ്രത്യേകത എന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ബാബു തന്‍റെ കൈയിലെ ‘നാളീകം’ എറിഞ്ഞുതന്നു. വീണ്ടും മറിച്ചുനോക്കിയിട്ടും എനിക്കത് കണ്ടുപിടിക്കാനായില്ല.
‘‘ഇരുമ്പുവേലി ശ്രദ്ധിച്ചില്ലേ? ഇല്ലെങ്കില്‍ ഒന്നുകൂടി ശ്രദ്ധിച്ചുനോക്കൂ.’’
ആ നോവലിന്‍റെ പേജെടുത്ത് വീണ്ടും നോക്കിയെങ്കിലും എനിക്കപ്പോഴും ഒന്നും മനസ്സിലായില്ല. ഞാന്‍ ശ്രീരാഗിനെ മിഴിച്ചുനോക്കി.
‘‘അതിന്‍റെ അവസാനം പത്രാധിപരുടെ ഒരു കുറിപ്പുണ്ട്. അതു വായിച്ചുവോ?’’
അപ്പോഴാണ് ഞാനതു കണ്ടത്:
‘‘ചില സാങ്കേതിക കാരണങ്ങളാല്‍ ഈ ലക്കത്തില്‍ നോവലിന് പതിവുള്ള ഫോട്ടോ ചിത്രങ്ങള്‍ക്കു പകരം പ്രശസ്ത ചിത്രകാരന്‍ രാഗേഷ് വരച്ച രേഖാചിത്രങ്ങള്‍തന്നെയാണ് ചേര്‍ത്തിരിക്കുന്നത്. വായനക്കാര്‍ സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു.’’
‘ഇരുമ്പുവേലി’ക്ക് ഇതുവരെ ഫോട്ടോകളാണ് കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ അത് മറ്റു നോവലുകളില്‍നിന്ന് വേറിട്ടുനിന്നിരുന്നു. കഴിഞ്ഞ ലക്കം ‘നാളീക’ത്തില്‍ നായകനോടൊപ്പം മാവിന്‍ചുവട്ടില്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടി ഇരിക്കുന്ന നായികയുടെ ഫോട്ടോയും അതിന് ‘ഈ നക്ഷത്രങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍!’ എന്ന അടിക്കുറിപ്പും കണ്ടത് ഓർമ വന്നു.
‘‘നാളീകം നടത്തിയ ഒരു പരീക്ഷണമായിരുന്നു അത്,’’ ശ്രീരാഗ് പറഞ്ഞു. ‘‘പണ്ട് നമ്മളും നോവലുകള്‍ക്ക് ഇതുപോലെ ഫോട്ടോകളാണ് കൊടുത്തിരുന്നത്. അന്നൊക്കെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളാണ്. മാത്രമല്ല, നോവല്‍ എന്നല്ല അന്നൊക്കെ പറയുക. നീണ്ടകഥ എന്നാണ്. അതും ഒരെണ്ണമേ ഉണ്ടാവുകയുള്ളൂ.’’
‘‘ആദ്യകാലത്ത് നമ്മള്‍ ഇന്നത്തെപ്പോലെ ചിത്രങ്ങള്‍ തന്നെയാണ് നീണ്ടകഥക്ക് കൊടുത്തിരുന്നത്,’’ ബാബു ഏറ്റുപിടിച്ചു. ‘‘അതു പിന്നീട് ഫോട്ടോകളാക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. കഥാപാത്രങ്ങളുടെ ഫോട്ടോകള്‍ കണ്ടുതുടങ്ങിയതോടെ വായനക്കാര്‍ക്ക് അവര്‍ ജീവിച്ചിരിക്കുന്നവരാണെന്ന തോന്നലുണ്ടായി. നോവലിന്‍റെ വായന കൂട്ടാന്‍ അത് സഹായിച്ചു. പിന്നെ അന്നൊക്കെ വാരികയില്‍ സ്വന്തം ചിത്രങ്ങള്‍ കാണാനുള്ള അവസരം തേടി ധാരാളം സുന്ദരികളും സുന്ദരന്മാരും ‘ശാരിക’യുടെ ഓഫിസിനു മുന്നില്‍ വരിനിന്നിരുന്നു. നീണ്ടകഥയുടെ അവസാനത്തെ ലക്കത്തില്‍ ‘ഈ നീണ്ടകഥയില്‍ അഭിനയിച്ചവര്‍’ എന്ന തലക്കെട്ടിനു താഴെ സ്വന്തം ചിത്രവും പേരും കണ്ട് ആരെങ്കിലുമൊക്കെ സിനിമയിലേക്ക് വിളിച്ചുകൊണ്ടുപോവുമെന്ന് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവണം. ഭാവിയിലെ പ്രേംനസീറോ മിസ് കുമാരിയോ ആയിക്കൂടെന്നില്ലല്ലോ. അതുകൊണ്ടൊക്കെ ഒരു പ്രതിഫലവും കൂടാതെയാണ് അവര്‍ അഭിനയിച്ചിരുന്നത്.’’
‘‘അതിന് മറ്റൊരു കാരണവുമുണ്ടായിരുന്നു,’’ ശ്രീരാഗ് പൂരിപ്പിച്ചു. ‘‘സ്വന്തം ഫോട്ടോ ഉള്ള വാരികകള്‍ സ്വന്തം ബന്ധുക്കളെയും കൂട്ടുകാരെയും കാണിക്കാന്‍ അവര്‍തന്നെ ഉത്സാഹിച്ചിരുന്നു. നമുക്കത് സര്‍ക്കുലേഷനില്‍ ഗുണംചെയ്തിരുന്നു.’’
‘‘അന്നത്തെ കാലമൊന്നുമല്ലല്ലോ ഇത്!’’ ബാബു തുടര്‍ന്നു. ‘‘ഇന്ന് സ്വന്തം ചിത്രങ്ങള്‍ മറ്റുള്ളവരെ കാണിക്കാന്‍ എന്തെല്ലാം വഴികളുണ്ട്!’’

‘‘അതാണ്,’’ ശ്രീരാഗ് പറഞ്ഞു. ‘‘സോഷ്യല്‍ മീഡിയ ഇത്രമാത്രം പ്രബലമാണെന്ന് നാളീകക്കാര്‍ കാണാതെ പോയി.’’
‘‘അതു മാത്രമല്ല അവര്‍ കാണാതെ പോയത്,’’ ബാബു തുടര്‍ന്നു. ‘‘അതിന്‍റെ പ്രായോഗികവശംകൂടിയാണ്. ഒരു നോവലിനുള്ള ഫോട്ടോകള്‍ എല്ലാം ഒരൊറ്റ സെഷനില്‍ എടുക്കാന്‍ കഴിയുമെങ്കില്‍ ഇത്ര പ്രശ്നമുണ്ടായിരുന്നില്ല. അതെങ്ങനെ? നമ്മുടെ എഴുത്തുകാര്‍ ഓരോ ലക്കത്തിനുംവേണ്ടി ആഴ്ചതോറും എഴുതിത്തരികയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്. ഓരോ ആഴ്ചയും മോഡലുകളെ വിളിച്ചുവരുത്തി ഫോട്ടോഷൂട്ട് ചെയ്യുന്നത് പ്രായോഗികമാണോ? ചില മോഡലുകള്‍ പകുതിക്കുവെച്ച് വിട്ടുപോവാന്‍ തുടങ്ങി. ഫോട്ടോഗ്രാഫര്‍മാരും പ്രതിഫലം കൂട്ടിച്ചോദിച്ചു തുടങ്ങിയതോടെ പത്രാധിപര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. ഈ എടുത്തുചാട്ടം നാശത്തിനാവുമെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു. നമ്മളെ കടത്തിവെട്ടാനുള്ള നെട്ടോട്ടത്തിനിടയില്‍ ചിലപ്പോള്‍ അവര്‍ക്ക് സ്വബോധം നഷ്ടപ്പെടുന്നുണ്ട്.’’
എഡിറ്ററും മാനേജിങ് എഡിറ്ററും കടന്നുവന്നതോടെ ബാബു പെട്ടെന്നു നിര്‍ത്തി. ഞാന്‍ മൊബൈലില്‍ നോക്കി: കൃത്യം രണ്ടുമണി. കഴിഞ്ഞ മൂന്നു തവണയും ഞാന്‍ ശ്രദ്ധിച്ച കാര്യങ്ങളിലൊന്ന് ഇതാണ്: മീറ്റിങ്ങിന് അവര്‍ രണ്ടുപേരും കൃത്യസമയത്ത് റൂമിലേക്ക് കടന്നുവരും. അതുകൊണ്ട് ഞങ്ങള്‍ക്ക് അതിനു മുമ്പേതന്നെ അവിടെ ഹാജരായേ തീരൂ. എന്തെങ്കിലും കൊച്ചുവര്‍ത്തമാനങ്ങള്‍ പറയാനുള്ള സമയമാണത്. ആ അവസരം ഞങ്ങള്‍ പാഴാക്കാറുമില്ല. തിങ്കളാഴ്ചകളില്‍ ഉച്ചയൂണ് ഉപായത്തില്‍ കഴിച്ച് ഞങ്ങള്‍ ബോര്‍ഡ് റൂമിലെത്തും.
എഡിറ്ററുടെ മുഖത്ത് ഒരു വിജയഭാവമുണ്ടായിരുന്നു എന്ന് എനിക്കു തോന്നി.
‘‘കണ്ടില്ലേ?,’’ ‘നാളീക’ത്തിന്‍റെ ഈയാഴ്ചത്തെ ലക്കം ഞങ്ങള്‍ക്കു മുന്നിലേക്കിട്ടു തന്നുകൊണ്ട് എഡിറ്റര്‍ ചിരിച്ചു.
‘‘നിലനില്‍ക്കാനുള്ള തത്രപ്പാടില്‍ അവരുടെ പരീക്ഷണം പാളിപ്പോയിരിക്കുന്നു!’’
നോവലുകള്‍ക്കുള്ള ഫോട്ടോകള്‍ നിര്‍ത്തിയതു തന്നെയാണ് വിഷയം.
‘‘നമ്മള്‍തന്നെ എന്നോ ഉപേക്ഷിച്ച ശൈലിയാണത്. പുതുമകള്‍ കൊണ്ടുവരുമ്പോള്‍ അതിന്‍റെ പ്രായോഗികതകൂടി അവര്‍ നോക്കേണ്ടതായിരുന്നു. അതില്ലാതെ പോയതിന്‍റെ ഫലമാണ്.’’
‘‘എന്നാല്‍, ഇന്നത്തെ മീറ്റിങ്ങിന്‍റെ പ്രധാന അജണ്ട ഇതൊന്നുമല്ല,’’ മാനേജിങ് എഡിറ്റര്‍ വലതു കൈ ഉയര്‍ത്തി ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു.
‘‘അറിയാമല്ലോ, ശാരിക തുടങ്ങിയത് 1936ലാണ്. പല കാരണങ്ങളാല്‍ ഇടക്ക് രണ്ടുവട്ടം മുടങ്ങിപ്പോയിട്ടുണ്ടെങ്കിലും ഇത്രയും കാലം ഈ രംഗത്ത് പിടിച്ചുനിന്ന മറ്റൊരു വാരികയുമില്ല.’’
‘‘തീര്‍ച്ചയായിട്ടും,’’ എഡിറ്റര്‍ പിന്താങ്ങി. ‘‘ഇന്നത്തെ മീറ്റിങ്ങിന്‍റെ അജണ്ട ശാരികയുടെ നവതിയാണ്.’’
എല്ലാവരും നിശ്ശബ്ദരായിരുന്നപ്പോള്‍ എഡിറ്റര്‍ ഞങ്ങളെയൊക്കെ ഒന്നു നോക്കി ഒരിടവേളയെടുത്തു.
‘‘മലയാള മാസികാരംഗം ഇപ്പോള്‍ മുഖ്യധാര എന്നും ജനപ്രിയം എന്നുമുള്ള രണ്ട് വാട്ടര്‍ടൈറ്റ് കംപാര്‍ട്ട്മെന്‍റുകളാണ്. മുഖ്യധാരയിലുള്ളവര്‍ക്ക് നമ്മളോടു പുച്ഛമാണ്. നമ്മുടെ വായനക്കാരാവട്ടെ ഇതിലുള്ളതിനപ്പുറമൊന്നും കാണുന്നുമില്ല. മുഖ്യധാരക്കാര്‍ തിരിച്ചും. മുഖ്യധാരയിലുള്ളവരെ നമ്മുടെ വാരികയിലേക്ക് അടുപ്പിക്കാന്‍ ഒരു ശ്രമം നടത്തിയാലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.’’
‘‘മാത്രമല്ല, ഈ സോ കോള്‍ഡ് മുഖ്യധാരയിലുള്ള എഴുത്തുകാരുടെ പല കൃതികളും ഇപ്പോള്‍ വായനക്കാരെ പിടിച്ചിരുത്താന്‍ പര്യാപ്തമാണ്,’’ ശ്രീരാഗ് പറഞ്ഞു. ‘‘ഞാനീയിടെ കുറച്ചു നോവലുകള്‍ വായിച്ചു. അവയിലിപ്പോള്‍ പണ്ടത്തേപ്പോലെ ദുരൂഹതയൊന്നുമില്ല. ആധുനികം, അത്യന്താധുനികം, ആധുനികാനന്തരം തുടങ്ങിയ ജാടകളൊക്കെ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. അവര്‍ പത്രാസൊന്നുമില്ലാതെ നേരെ ചൊവ്വെ കഥ പറയാന്‍ പഠിച്ചിട്ടുണ്ട്.’’
‘‘ഞാനും ഈയിടെ ചിലതു വായിച്ചു,’’ ബാബു പറഞ്ഞു. ‘‘ബെന്യാമിന്‍, ടി.ഡി. രാമകൃഷ്ണന്‍, കെ.ആര്‍. മീര തുടങ്ങിയവരുടെ നോവലുകള്‍ക്ക് ലക്ഷക്കണക്കിനാണ് വായനക്കാര്‍.’’
‘‘എം. മുകുന്ദനും പുനത്തില്‍ കുഞ്ഞബ്ദുള്ളക്കും സി.വി. ബാലകൃഷ്ണനുമൊക്കെ പണ്ടേ ധാരാളം വായനക്കാരുണ്ടല്ലോ.’’
‘‘അതാണ് ഞാനും പറഞ്ഞത്.’’ എഡിറ്റര്‍ ഏറ്റുപിടിച്ചു.
‘‘നമുക്കവരോട് തീണ്ടലൊന്നും ആവശ്യമില്ല. മാത്രമല്ല ചിലപ്പോള്‍ നമ്മുടെ വായനക്കാര്‍ അത് ഇഷ്ടപ്പെടാനും വഴിയുണ്ട്. ഒരേ അച്ചിലിട്ടതുപോലെയുള്ള കഥകള്‍ വായിച്ചുവായിച്ച് അവര്‍ക്കു മടുപ്പു തോന്നുന്നില്ലെന്ന് എന്താണുറപ്പ്? നമ്മുടെ സര്‍ക്കുലേഷന്‍ കുറയുന്നതിന് അതും ഒരു ഘടകമാവണം.’’
‘‘പക്ഷേ അവര്‍ നമ്മുടെ വാരികയില്‍ എഴുതാന്‍ സന്നദ്ധരാവുമോ? നമ്മളോട് ഒരയിത്തം പാലിക്കുന്നവരല്ലേ അവര്‍?’’
അതുവരെ എഡിറ്ററുടെയും ബാബുവിന്‍റെയും അഭിപ്രായങ്ങള്‍ സശ്രദ്ധം കേട്ടുകൊണ്ടിരിക്കുകയായിരുന്നു മാനേജിങ് എഡിറ്റര്‍.
‘‘അതിനു വഴിയുണ്ട്,’’ എഡിറ്റര്‍ പറഞ്ഞു. ‘‘കനത്ത പ്രതിഫലം ഓഫര്‍ ചെയ്യണം. എത്ര വലിയ മുഖ്യധാരക്കാരനും പണത്തില്‍ വീഴാതിരിക്കില്ല. നമുക്ക് തല്‍ക്കാലം അവരുടെ നോവലുകളൊന്നും വേണ്ട. ഒരൊറ്റ ലക്കത്തില്‍ ഒതുങ്ങുന്ന അനുഭവക്കുറിപ്പുകളോ അല്‍പം നീണ്ട ചെറുകഥകളോ ഒക്കെ മതി. അവരെ പരിചയപ്പെടുത്തുന്ന ഒരാമുഖവും കൊടുക്കാം. അവരുടെ ചിത്രത്തോടെ. എന്താണ് പ്രതികരണം എന്നു നോക്കാമല്ലോ.’’
എഡിറ്റര്‍ എല്ലാവരെയും ഒന്ന് ഉഴിഞ്ഞുനോക്കി തുടര്‍ന്നു.

‘‘ഒരുതരത്തില്‍ നമുക്ക് അത് പുതിയ കാഴ്ചപ്പാടുകള്‍ തരും എന്നാണ് എനിക്കു തോന്നുന്നത്. മുഖ്യധാരയിലെ നല്ല രീതിയിലുള്ള പ്രവണതകള്‍ നമുക്ക് എന്തുകൊണ്ട് പ്രയോഗത്തില്‍ വരുത്തിക്കൂടാ?’’
മാനേജിങ് എഡിറ്റര്‍ ഇടയില്‍ക്കടന്നു.
‘‘ഇതുകൊണ്ടും ഒന്നുമാവുന്നില്ല. നവതിയുടെ ഭാഗമായി നമുക്ക് കൂടുതല്‍ പദ്ധതികള്‍ വേണം. നമുക്കത് വിപുലമായി ആഘോഷിക്കണം. അതിനുവേണ്ടി കമ്മിറ്റികളും സബ്കമ്മിറ്റികളും രൂപീകരിക്കണം. നമ്മള്‍ അതിനുവേണ്ടി ഒരു പ്രത്യേക മീറ്റിങ് വൈകാതെ വിളിച്ചുകൂട്ടുന്നുണ്ട്. അതില്‍ നമ്മുടെ സ്റ്റാഫ് എല്ലാവരും പങ്കെടുക്കും.’’
മീറ്റിങ് തീര്‍ന്ന് കാബിനിലേക്ക് തിരിച്ചെത്തി അധികം വൈകാതെ ഇന്‍റര്‍കോം ശബ്ദിച്ചു. എഡിറ്ററായിരുന്നു.
‘‘തലിയാര്‍ഖാന്‍! എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട്.’’
‘‘ഞാനിപ്പോള്‍ വരാം സര്‍.’’
‘‘ഇപ്പോള്‍ വേണ്ട,’’ എഡിറ്റര്‍ തുടര്‍ന്നു. ‘‘ഇന്ന് തിങ്കളല്ലേ? ഇനി മൂന്നു ദിവസം ഞാനുണ്ടാവില്ല. വെള്ളിയാഴ്ച. വെള്ളിയാഴ്ച മതി.’’
