ജമന്തി പൂക്കൾ നീണ്ടകഥയുടെ കഥ

ജോലി അക്കൗണ്ട്സ് റൂമിന്‍റെ തൊട്ടടുത്തുള്ള മുറിയായിരുന്നു എനിക്കുള്ള കാബിന്‍. അത് എഡിറ്ററുടെ കാബിന്‍റെ എതിര്‍വശത്താണ്. കാബിന്‍ എന്നു പറഞ്ഞെന്നേയുള്ളൂ. വളരെ ചെറിയ മുറിയാണ്. കാര്യമായ ഫര്‍ണിച്ചറൊന്നുമില്ല. ഒരു മേശയും കസേരയും. അതിഥികള്‍ ആരെങ്കിലും വന്നാല്‍ ഇരിക്കാന്‍ മുന്നില്‍ ഒരു കസേര. മേശപ്പുറത്ത് ഒരു ഫോണ്‍. ട്രേയില്‍ പെന്‍ സ്റ്റാന്‍ഡും കുറച്ചു കടലാസും. മേശക്കു പിന്നിലുള്ള റാക്കില്‍ കുറച്ച് ബോക്സ് ഫയലുകള്‍ കുത്തിച്ചാരി വെച്ചിട്ടുണ്ട്. അതിന്‍റെ താഴത്തെ തട്ടില്‍ കുറെ വാരികകള്‍ അട്ടിയട്ടിയായി വെച്ചിരിക്കുന്നു. ‘ശാരിക’യുടെ മുന്‍ ലക്കങ്ങളാവണം. എഡിറ്റര്‍ എന്നെ അവിടെ കൊണ്ടു...
Your Subscription Supports Independent Journalism
View Plansജോലി
അക്കൗണ്ട്സ് റൂമിന്‍റെ തൊട്ടടുത്തുള്ള മുറിയായിരുന്നു എനിക്കുള്ള കാബിന്‍. അത് എഡിറ്ററുടെ കാബിന്‍റെ എതിര്‍വശത്താണ്. കാബിന്‍ എന്നു പറഞ്ഞെന്നേയുള്ളൂ. വളരെ ചെറിയ മുറിയാണ്. കാര്യമായ ഫര്‍ണിച്ചറൊന്നുമില്ല. ഒരു മേശയും കസേരയും. അതിഥികള്‍ ആരെങ്കിലും വന്നാല്‍ ഇരിക്കാന്‍ മുന്നില്‍ ഒരു കസേര. മേശപ്പുറത്ത് ഒരു ഫോണ്‍. ട്രേയില്‍ പെന്‍ സ്റ്റാന്‍ഡും കുറച്ചു കടലാസും. മേശക്കു പിന്നിലുള്ള റാക്കില്‍ കുറച്ച് ബോക്സ് ഫയലുകള്‍ കുത്തിച്ചാരി വെച്ചിട്ടുണ്ട്. അതിന്‍റെ താഴത്തെ തട്ടില്‍ കുറെ വാരികകള്‍ അട്ടിയട്ടിയായി വെച്ചിരിക്കുന്നു. ‘ശാരിക’യുടെ മുന്‍ ലക്കങ്ങളാവണം. എഡിറ്റര്‍ എന്നെ അവിടെ കൊണ്ടു ചെന്നാക്കി തിരിഞ്ഞുനടക്കുമ്പോഴേക്കും ടെലിഫോണ്‍ അടിച്ചു. ആദ്യത്തെ വിളിയാണ്. കസേരയിലിരിക്കുംമുമ്പുതന്നെ ഞാന്‍ ഫോണെടുത്തു.
‘‘സാറിത് എവിടെപ്പോയി കിടക്കുവാ?’’ അപ്പുറത്ത് അല്‍പം അക്ഷമ സ്ഫുരിക്കുന്ന ശബ്ദം. എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ഒരുമാത്ര വാക്കുകള്‍ക്കുവേണ്ടി പരതിയപ്പോള്‍ മറുപുറത്തെ ശബ്ദം തുടര്‍ന്നു. ‘‘ഞാന്‍ ഒരാഴ്ചയായി വിളിച്ചോണ്ടിരിക്കുവാ. സാറെന്താ ലീവായിരുന്നോ?’’
കയറിവന്നിട്ട് ഒന്നു ശ്വാസം വിടാന്‍പോലും സമയം കിട്ടാതിരുന്നതുകൊണ്ട് എനിക്ക് അയാളുടെ വാക്കുകള്‍ കുറച്ച് അലോസരമുണ്ടാക്കി. ടെലിഫോണിന്‍റെ മോണിറ്ററില്‍ തെളിയുന്ന നമ്പര്‍ എഴുതിയെടുക്കുകയും വേണമല്ലോ. മേശപ്പുറത്തുനിന്ന് പേനയും പാഡും കൈയെത്തിച്ചെടുക്കുന്നതിനിടയില്‍ ശബ്ദത്തില്‍ കഴിയുന്നത്ര ശാന്തത വരുത്തി ഞാന്‍ തിരിച്ചുചോദിച്ചു:
‘‘പേരു പറയൂ സര്‍. സര്‍ എവിടന്നാ വിളിക്കുന്നത്?’’
‘‘അതൊക്കെ അറിഞ്ഞിട്ടെന്തു കാര്യം സാറേ? വേണ്ട സമയത്ത് ഫോണെടുക്കാതെ ഇപ്പോള്‍ ഈ പുന്നാരംപറച്ചില്‍! ജോണീടെ കാര്യം അറിയാനാ വിളിച്ചത്. അവനെ ആശുപത്രീന്ന് ഡിസ്ചാര്‍ജ് ചെയ്തുവോ?’’
‘‘ഏതു ജോണി?’’
‘‘സോറി, റോങ് നമ്പര്‍,’’ ഞാന്‍ ഫോണ്‍ താഴെ വെച്ചു.
ഉടനെത്തന്നെ അത് വീണ്ടുമടിച്ചു. അത് അയാള്‍തന്നെയായിരുന്നു.
‘‘എന്താ സാറേ ഫോണ്‍ വെച്ചത്? എന്‍റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലല്ലോ.’’
‘‘ഇത് ശാരിക വാരികയുടെ ഓഫിസാണ്,’’ ഞാന്‍ പറഞ്ഞു. ‘‘നിങ്ങള്‍ക്കു തെറ്റിയതാണ്.’’
‘‘സാറിനാണ് തെറ്റുപറ്റിയത്. ശാരികയിലേക്കുതന്നെയാണ് ഞാന്‍ വിളിച്ചത്. ‘കണ്ണീര്‍ക്കയ’ത്തിലെ ജോണീടെ കാര്യമാ ഞാന്‍ ചോദിച്ചത്. ആക്സിഡന്‍റ് പറ്റി അവനെ ഐസീയൂവില് ഇട്ടേയ്ക്കുവല്ലായിരുന്നോ?’’
ഒരുള്‍ക്കിടിലം എന്നിലൂടെ കടന്നുപോയി. എഡിറ്റര്‍ മൂന്നു മാസത്തെ ‘ശാരിക’ തന്നുവിട്ടുവെങ്കിലും വീട്ടില്‍പ്പോക്കും ഒരുക്കങ്ങളുമൊക്കെയായി ശരിക്കു വായിക്കാന്‍ കഴിഞ്ഞില്ല. എന്നാലും ‘കണ്ണീര്‍ക്കയം’ എന്ന പേര് ഓർമ വരുന്നുണ്ട്.
‘‘അടുത്ത ലക്കം മറ്റന്നാള്‍ ഇറങ്ങും സര്‍,’’ പാഡിലേക്ക് ഫോണ്‍ നമ്പര്‍ പകര്‍ത്തുന്നതിനിടയില്‍ ഞാന്‍ തുടര്‍ന്നു.
‘‘കഥ ആരോടും മുന്‍കൂട്ടി പറയരുതെന്നാണ് വാരികയിലെ നിയമം. മുമ്പത്തെ ലക്കങ്ങളിലുള്ള ഭാഗങ്ങളില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിച്ചോളൂ. ഞാന്‍ പറഞ്ഞുതരാം.’’
അപ്പോള്‍ അങ്ങനെ പറയാനാണ് തോന്നിയത്.
എന്തോ പിറുപിറുത്തുകൊണ്ട് അങ്ങേത്തലക്കല്‍ ഫോണ്‍ താഴെ വെച്ചു.
തുടക്കം വേണ്ടതുപോലെയായില്ല എന്ന ഒരു കുണ്ഠിതം എന്നെ പിടികൂടി. കയറിവന്നപ്പോൾതന്നെ മുറ്റത്ത് ബൈക്കുകളും കാറുകളും കിടക്കുന്നതു കണ്ടു. പത്തു മണി കഴിഞ്ഞിരുന്നു. ഞാന്‍ വൈകിയോ എന്ന് അപ്പോൾതന്നെ സംശയം തോന്നിയതാണ്. റിസപ്ഷനിലിരിക്കുന്ന പെണ്‍കുട്ടി ഗുഡ് മോണിങ് എന്ന സ്വാഗതോക്തിക്കൊപ്പം ഗൂഢമായ ഒരു പുഞ്ചിരിയോടെയാണ് എന്നെ എതിരേറ്റത്. അകത്തേക്ക് കടന്നപ്പോള്‍ മനസ്സിലായി: ഓഫീസില്‍ എല്ലാവരും പണി തുടങ്ങിയിരിക്കുന്നു.
‘‘ഒമ്പതു മണിയാണ് നമ്മുടെ സമയം,’’ എഡിറ്ററുടെ കാബിനിലേക്ക് കൂട്ടിക്കൊണ്ടുപോവുമ്പോള്‍ പെണ്‍കുട്ടി പറഞ്ഞു.
അപ്പോഴാണ് പ്രവൃത്തിസമയത്തെപ്പറ്റി ഞാന്‍ ഒന്നും ചോദിച്ചില്ലല്ലോ എന്ന് ഓർമിച്ചത്. അതു മാത്രമല്ല, ശമ്പളം എത്രയാണെന്നുതന്നെ ഞാന്‍ അന്വേഷിച്ചില്ല. എഡിറ്ററോ മാനേജിങ് എഡിറ്ററോ അത് ഇങ്ങോട്ടു സൂചിപ്പിച്ചതുമില്ല.
അല്ലെങ്കില്‍ എന്താണ് എന്‍റെ ജോലി എന്നുപോലും കൃത്യമായി പറഞ്ഞു തന്നിട്ടില്ലല്ലോ.
മേശപ്പുറത്തിരിക്കുന്ന ഗ്ലാസില്‍നിന്ന് കുറച്ചു വെള്ളം കുടിച്ചു. മേശയുടെ ഇടതുവശത്തെ ഡോര്‍ തുറന്ന് ബാക്പാക് നിക്ഷേപിച്ച് കാബിന്‍ വീണ്ടും ആകെയൊന്നു നിരീക്ഷിച്ചു. പിന്നിലെ റാക്കില്‍ ‘ശാരിക’യുടെ കോപ്പികള്‍തന്നെയാണ്. മുകളില്‍നിന്ന് മൂന്നാലെണ്ണം വലിച്ചെടുത്തു.
ഏഴു നോവലുകളാണ്. അതില്‍ ‘കണ്ണീര്‍ക്കയ’വും ‘ചെന്നായ്ക്കൂട്ട’വും എഴുതുന്നത് ഒരാള്‍തന്നെയാണ്. ‘ചെന്നായ്ക്കൂട്ട’ത്തിന് ക്രൈം ഫിക്ഷന്‍റെ സ്വഭാവമാണുള്ളതെന്നു തോന്നി. ‘കണ്ണീര്‍ക്കയ’ത്തിലെ ജോണിക്ക് എന്തു സംഭവിച്ചു എന്നാണ് ആദ്യം പരിശോധിച്ചത്. ശരിയാണ്, അയാള്‍ ഗുരുതരമായ ഒരപകടത്തില്‍പ്പെട്ട് ഐ.സി.യുവില്‍ത്തന്നെയാണ്. അവിടേക്ക് പ്രവേശിപ്പിച്ചു എന്ന പ്രസ്താവനയോടെയാണ് കഴിഞ്ഞലക്കം അവസാനിക്കുന്നത്. അജ്ഞാതന്‍ ഉത്കണ്ഠപ്പെട്ടതില്‍ കുറ്റം പറയാനാവില്ല.
ഫോണ്‍ അടിച്ചു. ഇത്തവണ ഒരു സ്ത്രീശബ്ദമാണ്. എഡിറ്ററെ അന്വേഷിച്ചുകൊണ്ടുള്ളതായിരുന്നു. തനിക്കുള്ളതാണെങ്കിലും അത്ര പ്രധാനമല്ലാത്തതിനൊക്കെ ഔചിത്യപൂര്‍വം മറുപടി പറഞ്ഞുകൊള്ളാന്‍ രാവിലെത്തന്നെ എഡിറ്റര്‍ പറഞ്ഞിരുന്നു.
‘ചിരിപ്പുറ’ത്തിലേക്ക് ഒരു രചന അയച്ചിട്ട്, ഇതുവരെ പ്രസിദ്ധീകരിച്ചുകാണാത്തതില്‍ പരിഭവിച്ചുകൊണ്ടാണ് വിളി. എഡിറ്ററുടെ ശ്രദ്ധയിൽപെടുത്താം എന്നു പറഞ്ഞ് സമാധാനിപ്പിച്ചു.
‘ചിരിപ്പുറം’ എന്ന ഫലിതപംക്തി വാരികയുടെ മുഖച്ചട്ടയുടെ ഉള്‍പ്പുറത്താണ്. അത് മുക്കാല്‍ പുറത്തോളം വരും. അതിനുതാഴെ ഒരു സ്ട്രിപ് കാര്‍ട്ടൂണ്‍. വാരികയില്‍ കവിത മരുന്നിനുപോലുമില്ല. നോവലുകള്‍ക്കാണ് പ്രാമുഖ്യം. നാലാംപുറം മുതല്‍ തുടങ്ങുന്നു അത്. അവസാനത്തെ പുറം വരെ നോവലുകള്‍തന്നെ. അതിനിടയില്‍ പല വലുപ്പത്തിലുള്ള പെട്ടികളിലായി മഹദ് വാക്യങ്ങള്‍, ആരോഗ്യക്കുറിപ്പുകള്‍, ചെറിയ ചെറിയ അസുഖങ്ങള്‍ക്കുള്ള പൊടിക്കൈകള്‍, വാരികയുടെ ഏകദേശം നടുവിലായി രണ്ടു പുറം നിറയെ ഒരു പ്രശസ്ത പാചകവിദഗ്ധന്‍റെ കുറിപ്പാണ്. ‘അടുക്കള വിശേഷം’. ചിത്രസഹിതം. ‘നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍’ക്ക് ഒന്നര പേജുണ്ട്. ‘മനശ്ശാസ്ത്രജ്ഞനോടു ചോദിക്കാം’ എന്ന പംക്തി അവസാനത്തെ പുറത്തിന് തൊട്ടുമുമ്പാണ്. അവസാനത്തെ പുറത്ത് വാരഫലം. പിന്‍ചട്ടയുടെ ഉള്‍പ്പുറത്തില്‍ കാര്‍ട്ടൂണ്‍. പുറംചട്ടയില്‍ അടുത്തു തുടങ്ങാന്‍ പോവുന്ന നോവലിന്‍റെ പരസ്യം.
കുറച്ചു ലക്കങ്ങള്‍ ഉടനെ വായിച്ചുതീര്‍ക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ചോദ്യങ്ങള്‍ക്ക് ശരിക്കുള്ള മറുപടികള്‍ പറയാന്‍ ബുദ്ധിമുട്ടാവും. എഡിറ്റര്‍ അന്നു തന്നുവിട്ട ലക്കങ്ങള്‍തന്നെ ആദ്യം വായിക്കാം.
ബാക്പാക് എടുത്തപ്പോഴാണ് അതിലെ നോവല്‍ കണ്ടത്. എഡിറ്റര്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നുവല്ലോ. പുറത്തെടുത്ത് എഡിറ്ററുടെ കാബിനിലേക്ക് ചെന്നു.
തിരക്കിട്ട് എന്തോ എഴുതുകയായിരുന്നു എഡിറ്റര്‍. കടന്നുചെന്ന എന്നെ ചോദ്യഭാവത്തില്‍ നോക്കി. നോവല്‍ മുന്നില്‍ വെച്ചുകൊടുത്തു.
‘‘എന്താ ഇത്?’’ അദ്ദേഹം ചോദിച്ചു.
നോവലിന്‍റെ കാര്യം ഞാന്‍ ഓർമിപ്പിച്ചു. എഡിറ്റര്‍ അത് ഒന്നു തുറന്നുനോക്കുകപോലും ചെയ്യാതെ മേശയുടെ ഒരരികിലേക്ക് നീക്കിവെച്ചു. ആ നോട്ടവും തലകുലുക്കലും ഇനി അവിടെ നില്‍ക്കേണ്ടതില്ല എന്ന വ്യക്തമായ സന്ദേശമായിരുന്നു.

ഞാന്‍ എന്‍റെ കാബിനിലേക്ക് മടങ്ങി. പിന്നെ വിളികളൊന്നും വരാത്തതു കാരണം വായിക്കാന്‍ സമയം കിട്ടി. ‘കഥ ഇതുവരെ’യുടെ സഹായത്തോടെ എല്ലാ നോവലുകളുടെയും ഈ ലക്കത്തിലുള്ള അധ്യായങ്ങള്‍ മുഴുവന്‍ വായിച്ചുതീര്‍ത്തു. ഏഴെണ്ണത്തില്‍ ഒരെണ്ണം അല്‍പം ത്രില്ലര്‍ സ്വഭാവമുള്ളതാണ്. ബാക്കിയെല്ലാം പ്രേമവും പ്രതിബന്ധങ്ങളുംതന്നെ. ചിത്രങ്ങളാണ് ഏറ്റവും ആകര്‍ഷകമായി തോന്നിയത്. ചിത്രകാരന്‍റെ സങ്കൽപത്തിലുള്ള ഇവരോളം സൗന്ദര്യമുള്ള യുവതികളും യുവാക്കളും യഥാർഥത്തില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. വാരികയുടെ പ്രചാരത്തിന് ഈ ചിത്രങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല എന്ന് ആരോ പറഞ്ഞത് ശരിയാണെന്നു തോന്നി. അതുവരെ ആരും ഫോണില്‍ വിളിക്കാത്തതുകൊണ്ട് വായന തടസ്സപ്പെട്ടില്ല.
കാബിന്‍ തുറന്ന് ആരോ അകത്തു പ്രവേശിച്ചു. ഇതുവരെ കാണാത്ത ആളാണ്. കൈയിലെ സഞ്ചിയില്‍നിന്ന് കുറച്ചു കത്തുകള്‍ എടുത്ത് അയാള്‍ എന്‍റെ മേശപ്പുറത്തേക്കു വെച്ചു. ഞാന്‍ അയാളുടെ മുഖത്തുനോക്കി.
‘‘കരുണാകരന്‍’’, സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അയാള്‍ തുടര്‍ന്നു, ‘‘ഇന്നത്തെ തപാലാണ്.’’
ഓഫീസിലെ ശിപായി ആവണം. ഞാന്‍ കയറിവന്നപ്പോള്‍ അയാള്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല.
എഡിറ്റര്‍ക്കും മാനേജിങ് എഡിറ്റര്‍ക്കും ഓരോ കത്തുണ്ട്. ബാക്കിയുള്ള മൂന്നെണ്ണം തുറന്നുനോക്കി. രണ്ടെണ്ണം അപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന നോവലുകളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതാണ്.
മറ്റു രണ്ടു കത്തുകളിലെ വിലാസം അത് എഴുതിവെക്കാനുള്ള പുസ്തകത്തില്‍ പകര്‍ത്തി. എല്ലാ കത്തുകള്‍ക്കും മറുപടി എഴുതേണ്ടതില്ല എന്ന് എഡിറ്റര്‍ പറഞ്ഞിരുന്നു. പക്ഷേ, വിലാസം പകര്‍ത്തിവെക്കാനും കത്തുകള്‍ ഫയല്‍ചെയ്യാനും മറക്കരുത്.
ഏഴു ബോക്സ് ഫയലുകളുണ്ടായിരുന്നു റാക്കില്‍. കഴിഞ്ഞ ഏഴു വര്‍ഷത്തെയാണ്. ഓരോ വര്‍ഷത്തേക്കും ഓരോന്ന്. ഈ വര്‍ഷത്തെ ഫയലെടുത്ത് മറിച്ചുനോക്കി. അധികം കത്തുകളൊന്നുമില്ല. കത്ത് കിട്ടിയ തീയതി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അയച്ച മറുപടിയുടെ കോപ്പികളുമുണ്ട്. മറുപടി അയക്കാത്തതിനാവണം Noted എന്ന് എഴുതിവെച്ചിരിക്കുന്നു.
അരവാതിലില്‍ ഒന്നു തട്ടി ശബ്ദമുണ്ടാക്കി ഒരു ചെറുപ്പക്കാരന്‍ കാബിനിലേക്ക് കടന്നുവന്നു. എഡിറ്റര്‍ പരിചയപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ഇയാളുമുണ്ടായിരുന്നിരിക്കണം. പേര് ഓർമ വരുന്നില്ല.
മിനിയാന്ന് ഇന്‍റര്‍വ്യൂവിന് ഇവിടെ വന്നപ്പോള്‍ ജീവനക്കാരെയൊന്നും പരിചയപ്പെട്ടിരുന്നില്ല. അതുകൊണ്ട് ഇന്ന് അവരെയെല്ലാം പരിചയപ്പെടുത്തുകയാണ് എഡിറ്റര്‍ ആദ്യംതന്നെ ചെയ്തത്. അകത്തേക്ക് കടന്നാല്‍ വലതു വശത്ത് എഡിറ്റിങ് റൂമാണ്. അവിടെ ആറു പേരുണ്ട്. രണ്ട് സബ് എഡിറ്റര്‍മാര്‍, ഒരു ഫോട്ടോഗ്രാഫര്‍, ഒരു പ്രൂഫ് റീഡര്‍, ഒരു ചിത്രകാരന്‍, പിന്നെ കമ്പ്യൂട്ടറില്‍ പ്രൂഫ് നോക്കിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടി. എഡിറ്റിങ് റൂമിന് എതിര്‍വശത്തുള്ള ചെറിയ മുറിയില്‍ രണ്ടുപേരുണ്ട്. അക്കൗണ്ടന്‍റും ക്ലര്‍ക്കും.
എഡിറ്റര്‍ എല്ലാവരെയും പേരു പറഞ്ഞാണ് പരിചയപ്പെടുത്തിയത്.
മുന്നിലിരിക്കുന്ന പെണ്‍കുട്ടി റിസപ്ഷനിസ്റ്റ്-കം-പി.ആര്‍.ഒ ആണ്. ആശ ആധാറിന്‍റെ കോപ്പിയടക്കം രേഖകളൊക്കെ വാങ്ങിവെച്ചു. കഴുത്തില്‍ തൂക്കിയിടാനുള്ള ടാഗ് വൈകുന്നേരത്തോടെ തരാമെന്ന് അറിയിച്ചു.
എല്ലാവരും തല കുലുക്കുകയും ചിരിക്കുകയും കൈ തരുകയുമൊക്കെ ചെയ്തുവെങ്കിലും റിസപ്ഷനിലിരിക്കുന്ന പെണ്‍കുട്ടിയുടെ പേരു മാത്രമേ ഇപ്പോള്‍ മനസ്സിലുള്ളൂ. എല്ലാവരെയും ഒരുമിച്ചു പരിചയപ്പെട്ടതുകൊണ്ടാവാം.
‘‘ദേവന്‍’’, അയാള്‍ എനിക്കു കൈ തന്ന് മുന്നിലുള്ള കസേരയില്‍ ഇരുന്നു. കൈയിലെ മൊബൈല്‍ ഫോണും നോട്ടുപുസ്തകവും മേശപ്പുറത്തേക്ക് വെച്ചു.
‘‘വന്നപ്പോള്‍ത്തന്നെ ഏൽപിക്കേണ്ടതായിരുന്നു’’, അയാള്‍ പറഞ്ഞു, ‘‘കുറച്ചു മാറ്റര്‍ അടിയന്തരമായി തീര്‍ക്കുന്നതിനിടയില്‍ വിട്ടുപോയതാണ്.’’
പിന്നെയാണ് അയാള്‍ താന്‍ വാരികയിലെ ഡി.ടി.പി ഓപറേറ്ററാണെന്ന് സ്വയം പരിചയപ്പെടുത്തിയത്.
‘‘തിങ്കളാഴ്ചയല്ലേ? മൂന്നെണ്ണം ഇന്നാണ് എത്തുക. ഒരെണ്ണമേ ഇതുവരെ വന്നിട്ടുള്ളൂ. അത് ഉടനെ ചെയ്തുകൊടുത്തു. അതു കഴിഞ്ഞിട്ടു വേണമല്ലോ വർമയ്ക്ക് കൊടുക്കാന്‍.’’
വർമ ആര്‍ട്ടിസ്റ്റാണ്. വന്നപ്പോള്‍ പരിചയപ്പെട്ടിരുന്നു.
നോവലിസ്റ്റുകളില്‍ രണ്ടുപേര്‍ക്കേ മലയാളം ടൈപ്പിങ് അറിയൂ. ബാക്കി അഞ്ചെണ്ണവും കൈയെഴുത്തായിട്ടാണ് കിട്ടുക. അത് നേരെ ആര്‍ട്ടിസ്റ്റിന്‍റെ കൈയില്‍ കൊടുത്തിട്ടു കാര്യമില്ല. അതില്‍ ഒരാളുടെ കൈയക്ഷരം മലയാളമാണെന്നുതന്നെ തോന്നില്ല. അതുകൊണ്ട് നല്ലവണ്ണം ശ്രദ്ധിക്കണം. കഥാപാത്രങ്ങളുടെ പേരുകളൊന്നും മാറിപ്പോവരുതല്ലോ.
ദേവന്‍ ജോലിക്കു കയറിയിട്ട് എട്ടു കൊല്ലമായി. അന്നത്തേക്കാളും പണി കുറഞ്ഞിട്ടുണ്ട്. അന്ന് എല്ലാ നോവലുകളുടെയും കൈയെഴുത്തുപ്രതിയാണ് കിട്ടിക്കൊണ്ടിരുന്നത്. പോരാത്തതിന് ഫീച്ചറുകളും ഉണ്ടാവും. ഫീച്ചറുകള്‍ നിര്‍ത്തിയപ്പോള്‍ത്തന്നെ പകുതി പണി കുറഞ്ഞു.
‘‘ഈ ഫീച്ചറെഴുത്തുകാര്‍ക്കൊന്നും എല്ലാ അക്ഷരങ്ങളും അറിയത്തില്ലെന്നേ.’’ അയാള്‍ ചിരിച്ചു.
‘‘എന്താ ഫീച്ചറുകള്‍ നിര്‍ത്തിയത്,’’ എനിക്ക് ആകാംക്ഷ തോന്നി.
‘‘ആരും വായിക്കാനില്ലാതായി; അതുതന്നെ. രാത്രി പത്തരയായാല്‍ തുടങ്ങില്ലേ ടി.വിയില്‍ ക്രൈം ഫയലും എഫ്.ഐ.ആറും കുറ്റപത്രവുമൊക്കെ. അതിനോടൊപ്പം നില്‍ക്കുമോ നമ്മുടെ ഫീച്ചറുകള്‍? പിന്നെ പോരാത്തതിന് ഫീച്ചറെഴുത്തുകാര്‍ മുടിഞ്ഞ ചാര്‍ജും പറഞ്ഞുതുടങ്ങി. ഹോട്ടല്‍ ബില്ലും വണ്ടിക്കൂലിയും പുറമെ. അതും പോരാഞ്ഞ് ഫോട്ടോഗ്രാഫറും വേണം. നടക്കുമോ?’’
ദേവന്‍ മേശപ്പുറത്തുവെച്ച മൊബൈല്‍ ഫോണ്‍ എടുത്ത് ഉയര്‍ത്തിക്കാട്ടി.
‘‘ഇത് അത്ര നിസ്സാരമാണെന്നു വിചാരിക്കണ്ട. വായനക്കാരുടെ പള്‍സ് അറിയാനുള്ള ഉപകരണമാണ്. ഫീച്ചറുകള്‍ നിര്‍ത്താനുള്ള കാരണവും ഇതില്‍നിന്നു കിട്ടിയ അഭിപ്രായങ്ങളാണ്. നിങ്ങളുടെ ജോലി വളരെ പ്രധാനപ്പെട്ടതാണെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ.’’
പിന്നെ ഫോണ്‍ എനിക്കു നേരെ നീട്ടി അയാള്‍ തുടര്‍ന്നു.
‘‘ഒരാഴ്ചയായി ഇതും എന്‍റെ പണിയായിരുന്നു. ഓരോ മണിക്കൂറിലും എടുത്തു നോക്കണം. അല്ലെങ്കില്‍ ഒന്നും വായിച്ചുതീര്‍ക്കാനാവില്ല. വായിച്ചാലും പോരല്ലോ. എല്ലാത്തിനും മറുപടി എഴുതണ്ടേ?’’
എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ ചോദ്യഭാവത്തോടെ ദേവനെ നോക്കി.
‘‘അപ്പോള്‍ എഡിറ്ററൊന്നും പറഞ്ഞില്ലേ?’’ അയാള്‍ ചിരിച്ചു. ‘‘വാട്സാപ്! ഇപ്പോള്‍ കത്തുകളും ഫോണുമൊന്നുമല്ല. അധികവും വാട്സാപ്പിലാണ്! റസീവറുടെ പണിയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ ഫോണ്‍ തോണ്ടല്‍!’’
ദേവന്‍ തന്ന മൊബൈല്‍ ഫോണ്‍ ഞാന്‍ കൈയിലെടുത്തു.
‘‘ഇന്നലെ വരെയുള്ളത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഇതുവരെ ഞാനിത് ഓണ്‍ ആക്കിയിട്ടില്ല. തുറന്നുനോക്കിക്കോളൂ. ലഞ്ച് ബ്രേക്ക് വരേക്കുള്ള പണി കിട്ടും.’’
അയാള്‍ നോട്ടുപുസ്തകം എനിക്കു നേരെ നീക്കിവെച്ചു.

‘‘ഇതിന്‍റെ ആവശ്യം?’’ ഞാന്‍ ചോദിച്ചു.
‘‘ശാസ്ത്രത്തിനെ മുഴുവന്‍ വിശ്വസിക്കരുത് എന്നാണ് നമ്മുടെ അടിസ്ഥാനപ്രമാണം. എന്തും ഏതു നിമിഷവും മാഞ്ഞുപോവാം. പ്രത്യേകിച്ചും മൊബൈല്‍ ഫോണ്‍ ഡേറ്റകള്‍. ചിലരാവട്ടെ സ്വയം പരിചയപ്പെടുത്തില്ല. അവ നമ്പറുകള്‍ മാത്രമായി അവശേഷിക്കും. അതുകൊണ്ട് പ്രധാനമായി തോന്നുന്നവയെല്ലാം രേഖപ്പെടുത്തിവെക്കണം. അതിനാണ് ഈ നോട്ട്ബുക്ക്. എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ ഇതെല്ലാം ചര്‍ച്ചക്കു വരും. അജണ്ടയില്‍ പ്രധാനപ്പെട്ട ഇനമാണ് വാട്സാപ് മെസേജുകള്‍.’’
‘‘എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ എനിക്കും പങ്കെടുക്കേണ്ടി വരുമോ?’’
‘‘തീര്‍ച്ചയായിട്ടും. കഴിഞ്ഞ രണ്ടാഴ്ചയായി ഞാനാണ് ഈ വാട്സാപ് നോക്കിക്കൊണ്ടിരുന്നത്. അതുകൊണ്ട് കഴിഞ്ഞ രണ്ടു മീറ്റിങ്ങില്‍ ഞാനാണ് പങ്കെടുത്തത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് എഡിറ്റോറിയല്‍ മീറ്റിങ് പതിവ്. അതായത്, ഇന്നുച്ചക്ക്. ഇന്ന് നിങ്ങള്‍ക്ക് പങ്കെടുക്കേണ്ടിവരില്ലെന്നു തോന്നുന്നു. ഇന്ന് എന്നോട് ഹാജരാവാന്‍ പറഞ്ഞിട്ടുണ്ട്. അടുത്ത ആഴ്ച മുതല്‍ നിങ്ങള്‍തന്നെയാവും.’’
‘‘ഒരുകാര്യം ചോദിച്ചോട്ടെ? ഇതിനുമുമ്പ് ഈ കസേരയില്‍ ആരായിരുന്നു?’’
‘‘മറ്റൊരാള്‍! അല്ലാതെന്ത്?’’
‘‘എന്നാലും അയാള്‍ വിട്ടുപോവാന്‍ ഒരു കാരണം ഉണ്ടാവുമല്ലോ. അതെന്താണെന്നാണ് ഞാന്‍ ചോദിച്ചത്.’’
‘‘അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ, അയാള്‍ പെട്ടെന്നാണ് രാജിവെച്ചുപോയത്. കമ്പനി നിയമമനുസരിച്ച് ഒരു മാസത്തെ നോട്ടീസ് വേണം. അയാള്‍ പക്ഷേ, അതിനൊന്നുമുള്ള മര്യാദ കാണിച്ചില്ല. അതുകൊണ്ടാണ് എനിക്ക് ഈ ഭാരം ഏല്‍ക്കേണ്ടിവന്നത്. പരസ്യം കൊടുത്തിട്ട് കാര്യമായ ഒരു പ്രതികരണവുമുണ്ടായില്ല. ആകെ ആറോ ഏഴോ പേരാണ് അപേക്ഷ അയച്ചത്. ഇന്‍റര്‍വ്യൂവില്‍ ആരെയും പിടിച്ചതുമില്ല. അതാണ് വാക് ഇൻ ഇന്‍റര്‍വ്യൂ ആവാമെന്നു വെച്ചത്. അതിനാവട്ടെ നിങ്ങള്‍ ഒരാള്‍ മാത്രമേ പ്രതികരിച്ചുള്ളൂ. നിങ്ങളുടെ ഫോണ്‍ വന്ന ഉടനെ നിങ്ങള്‍ക്ക് ഈ ജോലി കിട്ടിക്കഴിഞ്ഞിരുന്നു.’’
എനിക്ക് അതു വിശ്വസിക്കാന്‍ തോന്നിയില്ല. എന്തെങ്കിലും ജോലി കിട്ടിയാല്‍ മതി എന്നു പറഞ്ഞ് എത്രപേരാണ് ഓരോരിടത്ത് കയറിയിറങ്ങുന്നത്! എന്നിട്ട് ഒരു പത്രമോഫീസിലെ പണിക്ക് ആളെ കിട്ടാതിരിക്കുകയോ!
ദേവന്‍ എഴുന്നേറ്റുപോയപ്പോള്‍ ഞാന്‍ ഫോണ്‍ ഓണ്‍ ആക്കി. വൈഫൈ കണക്ട് ചെയ്തതോടെ വാട്സാപ്പിലേക്ക് സന്ദേശങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി വന്നുവീഴുന്നതിന്‍റെ ശബ്ദം കേട്ടുതുടങ്ങി.
(തുടരും)

