ഞാൻ ഔറംഗസേബ്

അധ്യായം 11 എന്നാലും ബാബറിന്റെ ചരിത്രത്തില്‍ വിധിയുടെ വിളയാട്ടം നോക്കൂ, ശഹെന്ഷാഹ്. ഹിന്ദുസ്ഥാൻ എന്ന ഭൂപ്രദേശത്ത് തനിക്കു പിറകെ വന്ന സന്തതികള്‍ക്ക് വിപുലമായൊരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറ പാകിയ ബാബറിന്, തന്റെ പൂർവികർ നൂറ്റമ്പത് വർഷം ഭരിച്ചിരുന്ന സമർഖണ്ഡിൽ നൂറ്റമ്പത് ദിവസംപോലും തുടര്‍ന്ന് ഭരിക്കാൻ സാധിച്ചില്ല. നൂറു ദിവസത്തിനുള്ളിൽ തന്നെ സമർഖണ്ഡിൽനിന്ന് രക്ഷപ്പെടേണ്ടതായി വന്നു. സമർഖണ്ഡ് അദ്ദേഹത്തിന്റെ ജീവിതത്തിലൊരു...
Your Subscription Supports Independent Journalism
View Plansഅധ്യായം 11
എന്നാലും ബാബറിന്റെ ചരിത്രത്തില്‍ വിധിയുടെ വിളയാട്ടം നോക്കൂ, ശഹെന്ഷാഹ്. ഹിന്ദുസ്ഥാൻ എന്ന ഭൂപ്രദേശത്ത് തനിക്കു പിറകെ വന്ന സന്തതികള്‍ക്ക് വിപുലമായൊരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറ പാകിയ ബാബറിന്, തന്റെ പൂർവികർ നൂറ്റമ്പത് വർഷം ഭരിച്ചിരുന്ന സമർഖണ്ഡിൽ നൂറ്റമ്പത് ദിവസംപോലും തുടര്‍ന്ന് ഭരിക്കാൻ സാധിച്ചില്ല. നൂറു ദിവസത്തിനുള്ളിൽ തന്നെ സമർഖണ്ഡിൽനിന്ന് രക്ഷപ്പെടേണ്ടതായി വന്നു. സമർഖണ്ഡ് അദ്ദേഹത്തിന്റെ ജീവിതത്തിലൊരു നിറവേറാത്ത സ്വപ്നമായി അവശേഷിച്ചു.
1501ൽ അദ്ദേഹം വീണ്ടും സമർഖണ്ഡിന്റെ രാജാവാകുന്നുണ്ട്. അന്ന് അദ്ദേഹത്തിന് പതിനെട്ട് വയസ്സായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾക്കിടയിലും അദ്ദേഹം തന്റെ പൂര്‍വികരുടെ ഭൂമി തിരിച്ചുപിടിച്ചു. പക്ഷേ, അതും കുറച്ചുദിവസം മാത്രമാണ് നിലനിന്നത്. അദ്ദേഹത്തിന്റെ ശത്രുക്കൾ സമർഖണ്ഡിനെ ഉപരോധിച്ചു. ഉപരോധത്തെ നേരിടണമെങ്കിൽ ആ കോട്ടക്ക് ഒരു തലയും രണ്ടു കൈകളും രണ്ടു കാലുകളും വേണം. തലയാണ് കോട്ടയുടെ തലവൻ. ഇരുവശത്തുനിന്നും വരുന്ന സൈന്യമാണ് കൈകള്‍. വെള്ളവും ആവശ്യത്തിനുള്ള ഭക്ഷണവസ്തുക്കളുമാണ് കാലുകള്‍. ബാബറിന്റെ സമർഖണ്ഡ് കോട്ടയിലാണെങ്കില് തലവന്‍ മാത്രമാണ് ധൈര്യത്തോടെ നിന്നിരുന്നത്. യാതൊരു ഭാഗത്തുനിന്നും സഹായം ലഭിച്ചില്ല. വെള്ളവുമില്ല ഭക്ഷണവസ്തുക്കളുമില്ല. ജനങ്ങള്‍ പട്ടികളെയും കഴുതകളെയും അടിച്ചുകൊന്നു തിന്നാൻ തുടങ്ങി. കുതിരകൾക്ക് ഇലകളും പുല്ലും നൽകി. ബാബറിന്റെ പല സൈന്യാധിപന്മാരും സൈനികരും മതില് കയറിച്ചാടിയും മറ്റു വഴികളിലൂടെയും രക്ഷപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ മറ്റൊരു വഴിയുമില്ലാതെ സമർഖണ്ഡ് കോട്ടയില്‍നിന്ന് ബാബർ രഹസ്യമായി പുറത്തുകടക്കുന്നു.
ഓടിരക്ഷപ്പെടുമ്പോള്‍ കുതിരയില്‍നിന്ന് കമിഴ്ന്നു വീണതിനാല്‍ തലക്ക് പരിക്കുപറ്റുകയുണ്ടായി. ഉടനെ എഴുന്നേറ്റെങ്കിലും ഒരുദിവസം മുഴുവനും തന്റെ മുന്നിൽ നടക്കുന്നതെല്ലാം അദ്ദേഹത്തിന് സ്വപ്നലോകത്തെ സംഭവങ്ങള്‍പോലെ തരംഗിതമായി വെളിപ്പെട്ടു. പിന്നീട് അദ്ദേഹവും സൈന്യാധിപന്മാരും ഒരു കുതിരയെ അടിച്ചു ഭക്ഷിക്കുന്നു. അതുകഴിഞ്ഞ് തക്കദ് എന്ന ഗ്രാമത്തിലേക്കു ചെന്ന് ഗ്രാമത്തലവന്റെ വീട്ടില്‍ താമസിക്കുന്നു. എൺപത് വയസ്സുള്ള ഒരു വൃദ്ധൻ. നോക്കുമ്പോഴുണ്ട്, അയാളുടെ മാതാവും ജീവിച്ചിരിപ്പുണ്ട്. നൂറ്റിപതിനൊന്നു വയസ്സ്. തൈമൂര്‍ ഹിന്ദുസ്ഥാനിലേക്ക് സൈന്യവുമായി വന്നപ്പോള്‍ ആ വൃദ്ധയുടെ ഒരു ബന്ധു തൈമൂറിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നത്രെ. അന്നു പത്തുവയസ്സുകാരിയായ ബാലികയായിരിക്കണം ആ വൃദ്ധ. ബാബര്‍ അവരെ കാണുമ്പോള്‍ അവര്‍ക്ക് ആ ഗ്രാമത്തിൽ തൊണ്ണൂറ്റിയാറ് മക്കളും അവരിലൂടെ എണ്ണമറ്റ പേരക്കുട്ടികളും അവരുടെ പേരക്കുട്ടികളുമുണ്ടായിരുന്നു. അവരിൽ ഇരുനൂറോളം പേരക്കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ട്. അവസാനമായി മരിച്ച പേരക്കുട്ടിയുടെ പ്രായം ഇരുപത്തഞ്ച്. ബാബറിന്റെ ആത്മകഥയിലെ ഈ ഭാഗം വായിച്ചപ്പോൾ, അക്കാലത്ത് പുരുഷന്മാരുടെ ജോലി യുദ്ധംചെയ്ത് മരിക്കലും സ്ത്രീകളുടെ ജോലി കുട്ടികളെ പ്രസവിക്കലുമായിരുന്നു എന്ന് ഞാനോര്‍ത്തു.
അതു മാത്രമല്ല ശഹെന്ഷാഹ്, ഒരിക്കൽ ഞാൻ മുഗൾ കാലഘട്ടത്തിലെ വര്‍ണച്ചിത്രങ്ങൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അതിൽനിന്നുള്ള ഒരു ചിത്രം മാത്രം എന്റെ ഓർമയിൽനിന്ന് വിട്ടുപോകാൻ വിസമ്മതിച്ചിരുന്നു. ഒരിടത്ത് മനുഷ്യതലകള്‍ കൂനകൂനയായി കൂട്ടിയിട്ടിരിക്കുന്നു. അത് അക്കാലത്തെ പതിവായിരുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. എന്നാൽ ആ തലകളിൽ പലതിന്റെയും വായിൽ പുല്ലുകളുണ്ടായിരുന്നു. കീഴടങ്ങാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ വായിൽ പുല്ല് കടിച്ചുപിടിച്ചു വന്നാല്‍ ചിലപ്പോൾ ജീവന് തിരിച്ചുകിട്ടിയേക്കാമെന്ന ഒരു സമ്പ്രദായം അന്നുണ്ടായിരുന്നുവെന്ന് പിന്നീട് വായിച്ചപ്പോഴാണ് അറിഞ്ഞത്. അതറിഞ്ഞതോടെ ആ ചിത്രത്തിലെ ഭീകരത വർധിക്കുകയാണ് ചെയ്തത്. ചരിത്രത്തിന്റെ മധ്യകാലഘട്ടം മനസ്സിലാക്കുക വളരെ ബുദ്ധിമുട്ടാണ്.
ബുദ്ധിമുട്ടല്ല, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ! താങ്കൾ പരാമർശിക്കുന്ന ചിത്രം ഞാനും കണ്ടിട്ടുണ്ട്. ഹംഗു യാത്ര എന്നാണ് ബാബറിന്റെ സംഭവം അറിയപ്പെടുന്നത്. കോഹത്തില്നിന്ന് പുറപ്പെട്ട് ഖുര്‍റം താഴ്വര ലക്ഷ്യമാക്കി ബാബര്‍ ഹംഗുവിലേക്ക് നീങ്ങുകയാണ്. ഇപ്പോൾ ഈ സ്ഥലങ്ങളെല്ലാം പാകിസ്ഥാനിലാണുള്ളത്. കോഹത്തില്നിന്ന് ഹംഗുവിലേക്ക് ഇരുപത്തിമൂന്നു മൈലാണ് ദൂരം. കോഹത്തിനും ഹംഗുവിനും മധ്യേ ഉയർന്ന പർവതങ്ങൾക്കിടയിലൊരു ഇടുക്കുവഴിയുണ്ട്. അവിടെ കോഹത്തിലെ അഫ്ഗാനികളും മുഗൾ സൈന്യവും തമ്മിൽ യുദ്ധം നടക്കുന്നു. നൂറ്റമ്പത് അഫ്ഗാനികള്‍ കൊല്ലപ്പെടുന്നു. അവരായിരുന്നു കീഴടങ്ങുമ്പോൾ വായിൽ പുല്ല് കടിച്ചുപിടിച്ചു വന്നത്. “ഞങ്ങള്‍ നിങ്ങളുടെ പശുക്കള്‍, ഞങ്ങളെ കൊല്ലരുതേ” എന്നാണർഥം. അങ്ങനെ കീഴടങ്ങുന്നവരെയും കൊല്ലുന്നതായിരുന്നു മംഗോളിയരുടെ ശീലം.
തൈമൂറിൽനിന്നുള്ളവരുടെ ശീലവും അതായിരുന്നു. ആ രണ്ടു വംശങ്ങളുടെയും പിന്‍ഗാമിയായിരുന്നു ഫിർദൗസെ മക്കാനി. അദ്ദേഹം വ്യത്യസ്തമായി ചിന്തിക്കാൻ വഴിയില്ല. കൂടാതെ, ദാരായെ ഞാന്‍ വധിച്ചില്ലായിരുന്നെങ്കിൽ അവനെന്നെ കൊല്ലുമായിരുന്നു. അതുമാത്രമോ, സ്റ്റാലിന് പകരം ട്രോട്സ്കി വന്നിരുന്നെങ്കിൽ, ട്രോട്സ്കി സ്റ്റാലിനെ കൊല്ലുമായിരുന്നില്ലേ? സൈനിക ബലത്തോടൊപ്പം രാഷ്ട്രീയ തന്ത്രങ്ങളും അറിയുന്നതാരോ, അവനായിരിക്കും വിജയം കൈവരിക്കുക. ആ ഹംഗു യുദ്ധത്തിൽ മുഗളന്മാർക്ക് പകരം അഫ്ഗാനികൾ വിജയിച്ചിരുന്നെങ്കിൽ മുഗളന്മാരുടെ തലകളായിരിക്കും കുമിഞ്ഞുകൂടുക. പക്ഷേ വായിൽ പുല്ലുണ്ടായിരുന്നിരിക്കില്ല. ഒരു സാധ്യതയുമില്ല. കാരണം താങ്കള്‍ക്കു തന്നെയറിയാം. പുലിയൊരിക്കലും പശുവാകില്ല. വിശന്നാലും പുലി പുല്ല് തിന്നില്ല.
എനിക്കു മനസ്സിലാകുന്നുണ്ട് ശഹെന്ഷാഹ്... ബാബർനാമ വായിക്കുമ്പോൾ എന്നിലുടലെടുത്ത ഒരു പ്രധാന സംശയം അല്ലെങ്കിൽ ആശയക്കുഴപ്പം എന്തെന്നാല്‍, ആ ഗ്രന്ഥത്തില്‍ ദൃശ്യമാകുന്ന ഹിംസ. ചരിത്രത്തിലെ ആ പ്രത്യേക കാലഘട്ടത്തിലെ സന്ദര്‍ഭത്തിനനുസരിച്ച് ഞാനത് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും എനിക്കത് സാധിച്ചില്ല. ഇളനീര് വെട്ടുന്നതുപോലെ വളരെ സാധാരണമായി രാജാക്കന്മാര് മനുഷ്യരുടെ തല കൊയ്തെറിയുന്നു. നഖം വെട്ടുന്നതുപോലെ അവർ വിരലുകൾ മുറിക്കുന്നു. ഇക്കാലത്ത് ഭിഷഗ്വരന്മാര് കുത്തിവെക്കുന്നതുപോലെ സൂചികൊണ്ട് കണ്ണുകള്‍ തുളക്കുന്നു. ഏതു വിഷയമെടുത്താലും, “സൂചികൊണ്ട് കണ്ണ് തുളയ്ക്ക്, സൂചികൊണ്ട് കണ്ണ് തുളയ്ക്ക്” എന്ന രാജകൽപനകൾ വായിക്കുമ്പോൾ താങ്കളുടെ കാലത്ത് പകുതിയോളം പേര് അന്ധരായിരുന്നോയെന്ന് ആശ്ചര്യപ്പെടേണ്ടിയിരിക്കുന്നു. എന്തൊരു കാടത്തം! ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യനെപ്പോലെ സൂക്ഷ്മബോധമുള്ള ബാബർപോലും ഇതെല്ലാം നിസ്സാരമായി കണ്ടുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ! നമ്മുടെ സംഭാഷണം ഈ രീതിയിൽ തുടര്‍ന്നുപോയാല്‍ എത്ര മണിക്കൂർ സംസാരിച്ചാലും നമ്മള് പരസ്പരം മനസ്സിലാക്കുകയില്ലെന്നു മാത്രമല്ല, താങ്കള്‍ക്ക് ഞങ്ങളാരെയും മനസ്സിലാക്കുവാനും കഴിയില്ല. ഒരാളെ മനസ്സിലാക്കാതെ അയാളുടെ കഥ പറയുന്നത് പുറത്തുനിന്ന് എത്തിനോക്കുന്നതുപോലെയായിരിക്കുമെന്ന് താങ്കള്‍ക്കറിയാം. അകത്തേക്ക് കടക്കാന്‍ പറ്റില്ല. ഒന്നാമതായി, നിങ്ങൾ അഭിമാനത്തോടെ പറയുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യരാശി എത്രത്തോളം കാടത്തമാണെന്നതിന്റെ ഉദാഹരണമല്ലേ എല്ലാ രാജ്യങ്ങൾക്കും അതിരുകളുണ്ടെന്നത്? ഓരോ രാജ്യവും വിദ്യാഭ്യാസത്തിനും വൈദ്യശാസ്ത്രത്തിനും വേണ്ടി ചെലവഴിക്കുന്നതിനേക്കാൾ പതിന്മടങ്ങിലധികം തങ്ങളുടെ സൈനികാവശ്യങ്ങൾക്കായി ചെലവഴിക്കുന്നുവെങ്കിൽ ഏതുതരം മനുഷ്യ നാഗരികതയാണത്? ഏതു തരം സംസ്കാരം? പൊടുന്നനെ ഞാൻ താങ്കളുടെ പോക്കറ്റിൽ കൈയിട്ട് താങ്കളുടെ പണമെടുത്താൽ താങ്കളെന്നെ കള്ളനെന്ന് വിളിക്കും.
അറിയാതെ ചെയ്താല്‍ സാരമില്ല. അറിഞ്ഞുകൊണ്ട് ചെയ്താൽ അത് തെമ്മാടിത്തരവും പ്രാകൃതവുമാണ്. എന്നാൽ എല്ലാ രാജ്യങ്ങളും ഇതേ കാര്യം തങ്ങളുടെ സൈന്യത്തെയുപയോഗിച്ച് ചെയ്യുന്നു. നമ്മൾ അൽപം അശ്രദ്ധ കാണിച്ചാൽ നമ്മുടെ ഭൂമി ശത്രുവിന്റെ കൈകളിലാകും. ശത്രു അൽപം അശ്രദ്ധ കാണിച്ചാലും ഇതുതന്നെയാണ് കഥ. പിന്നീട് ഈ തർക്കം ഐക്യരാഷ്ട്രസഭയിൽ വെച്ച് പരിഹരിക്കപ്പെടുന്നതിനുള്ളില് ആ ഭൂമി കടലിൽ മുങ്ങും. തിബത്ത് എന്ന മഹത്തായ രാഷ്ട്രത്തില്‍ ചൈന അതിക്രമിച്ച് കടന്നുകയറി കൈക്കലാക്കിയതിനെക്കുറിച്ചും ലോകരാജ്യങ്ങള്‍ അതു കണ്ടു നോക്കിനിന്നതിനെക്കുറിച്ചും താങ്കളെന്തു പറയുന്നു? ഇതൊക്കെയാണെങ്കിലും ഇരു രാജ്യങ്ങളിലെയും ഭാഷകള്‍ വ്യത്യസ്തമാണ്, വംശം വ്യത്യസ്തമാണ്, സംസ്കാരം വ്യത്യസ്തമാണ്, വിശ്വാസങ്ങൾ വ്യത്യസ്തമാണ്. ചരിത്രത്തിലെ മധ്യകാലഘട്ടം പ്രാകൃതമാണെന്നു പറഞ്ഞിട്ട് അതേ കഥതന്നെയല്ലേ ഇപ്പോഴും മറ്റൊരു രീതിയിൽ തുടരുന്നത്? അതിനാല്‍ ആ വിഷയത്തിലേക്ക് നമ്മള് കടക്കേണ്ടതില്ലെന്നാണ് ഞാൻ കരുതുന്നത്...
മറ്റൊന്നുകൂടി, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ! ഞാൻ പറയാനുദ്ദേശിച്ചത് എന്തെന്നാല്‍, അത്രയും സങ്കടങ്ങള്‍ പേറിക്കൊണ്ട് ഗീത്തി സിത്താനി ഫിർദൗസെ മക്കാനി ബാബര്‍ ബാദുഷാ ഗാസിക്ക് ഹിന്ദുസ്ഥാന്‍ ലക്ഷ്യമാക്കി വരേണ്ട ആവശ്യമെന്തായിരുന്നു? മറ്റുള്ളവരെപ്പോലെ സ്വർണത്തിനും വസ്തുക്കള്‍ക്കും വേണ്ടിയല്ല അദ്ദേഹം വന്നത്. പാനിപ്പത്ത് യുദ്ധത്തിനുശേഷം അദ്ദേഹത്തിന് കാബൂളിലേക്ക് മടങ്ങാമായിരുന്നു, അല്ലേ? അതാണ് അദ്ദേഹത്തിന്റെ സൈന്യാധിപന്മാരും സൈനികരും ആഗ്രഹിച്ചതും. അതുതന്നെയാണ് നിങ്ങളുടെ ചോഴ രാജാക്കന്മാരെല്ലാവരും ചെയ്തത്. അവർ പട നയിച്ചു ജയിച്ച രാജ്യങ്ങളെല്ലാം സ്വന്തം രാജ്യമായി കരുതി അധിവസിച്ചില്ലല്ലോ? അവിടെയുമിവിടെയും ക്ഷേത്രങ്ങള്‍ പണിതിട്ട് തിരിച്ചു പോരുകയല്ലേ ചെയ്തത്? ഫിർദൗസെ മക്കാനി അങ്ങനെയാണോ ചെയ്തത്? പിന്നെയെന്തിനാണ് ‘അവർ വന്നു, കീഴടക്കി’ എന്നുപറയുന്നത്? നിങ്ങളുടെ ചോഴരാജാക്കന്മാരെ നോക്കിയാണ് ‘അവർ വന്നു, കീഴടക്കി’ എന്നു പറയേണ്ടത്. ഞങ്ങൾ വന്നു കീഴടക്കി നിങ്ങളുടെ മണ്ണിന്റെ പുത്രന്മാരായി നിലനിന്നു. എന്താണു കാരണം? അതു മനസ്സിലാക്കാൻ ഫിർദൗസെ മക്കാനി തന്റെ സൈനികർക്കിടയിൽ നടത്തിയ പ്രധാനപ്പെട്ടയൊരു പ്രസംഗം കേൾക്കണം.
1527 മാർച്ച് 16ന് സിക്രിക്കടുത്തുള്ള ഖൻവയിൽ ഗീത്തി സിത്താനി ഫിർദൗസെ മക്കാനിയുടെ മുഗൾ സൈന്യവും മേവാറിലെ റാണ സംഗയുടെ രജപുത്ര സേനയും തമ്മില്‍ ഏറ്റുമുട്ടി. അതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഫിർദൗസെ മക്കാനി തന്റെ സൈനികരെ അഭിസംബോധനചെയ്തു. വടക്കൻ ഹിന്ദുസ്ഥാനിൽ വസന്തം അവസാനിക്കുന്ന സമയമായിരുന്നു അത്. വേനൽ ഇനിയും തുടങ്ങിയിട്ടില്ല. സായാഹ്ന വേള. തന്റെ കടവായിലെ പല്ലുകള്‍ക്കിടയില്‍ അകത്തെ വായയുടെ ഓരത്തായി ഒരു ഉരുള മഅ്ജൂന്1 വെച്ചുകൊണ്ട് തന്റെ കൂടാരത്തിൽനിന്ന് പുറത്തേക്കുവന്ന് ഫിർദൗസെ മക്കാനി തന്റെ സൈന്യാധിപന്മാരെ വിളിക്കുന്നു. മുഗൾ സൈനികര്‍ എല്ലാവരും അദ്ദേഹത്തിന്റെ മുന്നിൽ ഒത്തുകൂടുന്നു. അപ്പോള്‍ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങുകയാണ്.

ബിസ്മില്ലാഹിർറഹ്മാനി റഹീം.
അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍.
അര്‍റഹ്മാനി റഹീം.
മാലിക്കി യൗമിദ്ദീന്.
ഇയ്യാക്ക നഅ്ബുദു വ ഇയ്യാക്ക നസ്തഈന്.
ഇഹ്ദിന സ്വിറാത്തല്‍ മുസ്തഖീം.
സ്വിറാത്തല്ലദീന അന്അംത്ത അലൈഹീം ഗൈരില് മഗ്ദൂബി അലൈഹീം വലദ്ദാല്ലീന്‍.
ആമീന്‍...
സൈന്യാധിപന്മാരേ! പടവീരന്മാരേ!
ദൈവത്തിന്റെ കൽപനപ്രകാരമാണ് ചരിത്രത്തിലെ ഈ പ്രത്യേക നിമിഷത്തിൽ നാം ഇവിടെ നിന്നുകൊണ്ടിരിക്കുന്നതും നിങ്ങളുടെ മുന്നിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതും. എന്റെ ഇരുപത്തിയൊന്നാം വയസ്സിൽ വെറും ഇരുന്നൂറ് സൈനികരുമായാണ് ഞാൻ പുറപ്പെട്ടത്. കുതിരകൾപോലുമില്ലാതെ കാൽനടയായി. സൈനികര്‍ക്കുള്ള വേഷവുമില്ല. അലക്ഷ്യമായ വസ്ത്രങ്ങളും റയ്യത്തുകള്2 ധരിക്കുന്ന പാദരക്ഷയുമണിഞ്ഞ് നമ്മുടെ സ്വപ്നം നിറവേറ്റാൻ നമ്മള് പുറപ്പെട്ടു. ആരുടെയും കൈയിലൊരു വാൾപോലുമില്ല. വെറും വടികള്‍ മാത്രം. പടച്ചവനില്‍ ഭരമേൽപിച്ച് ബദഖ്ശാനും കാബൂളും ലക്ഷ്യമാക്കി നമ്മള് നടന്നു...
ഇതാ ഇന്നു നമ്മളെല്ലാവരുടെയും സ്വപ്നങ്ങള്‍ യാഥാർഥ്യമാകുന്ന നിമിഷത്തിലാണ് നാം നില്‍ക്കുന്നത്. എനിക്ക് നന്നായറിയാം. പാനിപ്പത്ത് യുദ്ധത്താല്‍ നിങ്ങളെല്ലാവരും തളർന്നുപോയിരിക്കുന്നു. നിങ്ങളുടെ മുഖങ്ങള്‍ ക്ഷീണിച്ചുകിടക്കുകയാണ്. സംസാരത്തിൽ ഉത്സാഹമില്ല. ന്യായമാണത്. നമ്മള് കാബൂളില്‍നിന്നു പുറപ്പെട്ടിട്ട് പതിനാറു മാസമായി. നിങ്ങളെല്ലാവര്‍ക്കും കുടുംബങ്ങളെ കാണേണ്ടതുണ്ട്. നമ്മള് യുദ്ധത്തില്‍ ജയിച്ചുകഴിഞ്ഞു. ഇനിയും എന്തിനാണ് ബാദുഷാ ഇവിടെ നില്‍ക്കുന്നത്? മിണ്ടാതെ നാട്ടിലേക്ക് തിരിച്ചുപോകാതെ മറ്റൊരു വലിയ യുദ്ധം നേരിടേണ്ടത് എന്തിനാണ്? കഴിഞ്ഞ കുറച്ചു നാളുകളായി ഇങ്ങനെയുള്ള ചോദ്യങ്ങളാണ് നിങ്ങളുടെ മനസ്സിൽ ഓടിക്കൊണ്ടിരിക്കുന്നത്...
ഞാൻ മാത്രമല്ല, ഇവിടെ നില്ക്കുന്ന ഓരോ മനുഷ്യനും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതുവരെയുള്ള രണ്ടായിരം വർഷത്തെ ചരിത്രത്തിൽ എന്താണ് സംഭവിച്ചത്? ഖൈബർ കടന്നുചെല്ലും. സിന്ധുനദീതടത്തിന് ചുറ്റുമുള്ള ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിൽനിന്ന് ലഭ്യമായവ എടുത്തുകൊണ്ട് മടങ്ങും. മറ്റു ചിലർ അതിനു താഴേക്കും പോകും. ഇങ്ങോട്ടു വന്ന് കുറച്ച് സൈനികരുമായി പോരാടിയിട്ട് കൈയില്‍ കിട്ടുന്നതുംകൊണ്ട് എടുത്തോടാൻ നമ്മളെന്താ കൊള്ളക്കാരാണോ? ഭരിക്കാൻ ജനിച്ചവരാണ് നമ്മള്. ഈ വിശാലമായ ഭൂമിയിൽ നമ്മുടെ സാമ്രാജ്യം സ്ഥാപിക്കാനാണ് നമ്മള് വന്നിരിക്കുന്നത്. നമ്മൾ മാത്രമാണ് ആ രണ്ടായിരം വർഷം പഴക്കമുള്ള വിധി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നത്. ഹിന്ദുസ്ഥാന്റെ ചരിത്രത്തിൽ ഒരു പുതിയ യുഗം സൃഷ്ടിക്കുന്നതിനുവേണ്ടി യാതൊന്നിനോടും താരതമ്യപ്പെടുത്താന്‍ സാധിക്കാത്ത ത്യാഗം ചെയ്യാന്‍ നമ്മളിന്ന് തയ്യാറായി നില്‍ക്കുകയാണ്.
യുദ്ധക്കളം കാണാതെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുക സാധ്യമല്ല. പല വര്‍ഷങ്ങളായി പലവിധത്തിലുള്ള സങ്കടങ്ങള്‍ പേറിക്കൊണ്ടും അസാധ്യമായ പല യാത്രകള്‍ നടത്തിയും പല അപകടങ്ങള്‍ അതിജീവിച്ചും നമ്മുടെയും നമ്മുടെ ശത്രുക്കളുടെയും പതിനായിരക്കണക്കിന് ജീവനുകള്‍ പരിത്യാഗം ചെയ്തുമാണ് ഈ സ്ഥലത്ത് നാമെത്തിച്ചേര്‍ന്നിരിക്കുന്നത്. ദൈവഹിതമാണ് എല്ലാം. ഇല്ലെങ്കിൽ, ഇബ്രാഹിം ലോദിയുടെ ഒരു ലക്ഷത്തി ഇരുപതിനായിരം പേരടങ്ങുന്ന സൈന്യത്തെ അതിന്റെ പത്തിലൊരു അംശമുള്ള നമ്മുടെ സൈനികർക്ക് ജയിക്കാന്‍ കഴിയുമായിരുന്നുവോ? ലോക ചരിത്രത്തിൽ എന്റെ മുന്‍ഗാമിയായ ചെങ്കിസ്ഖാനല്ലാതെ മറ്റാർക്കെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? ആ വിജയം സാധ്യമാക്കിയത് ദൈവേച്ഛയല്ലാതെ മറ്റെന്തായിരിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? പടച്ചവന് മാത്രമാണ് മനുഷ്യചരിത്രമെന്ന ബൃഹത്തായ ചതുരംഗക്കളിയിലെ കരുക്കളായി നീക്കി ഖൻവയെന്ന ഈ ചെറുഗ്രാമത്തില്‍ നമ്മെ കൊണ്ടുവന്നു നിര്‍ത്തിയിരിക്കുന്നത്. അതിനാൽ, ഇത്രയും കഷ്ടപ്പെട്ടും ഒരുപാട് സഹോദരങ്ങളുടെ ജീവൻ ബലിയർപ്പിച്ചും നാം കെട്ടിപ്പടുത്ത ഈ ബൃഹത്തായ സാമ്രാജ്യത്തിന്റെ അവസാന യുദ്ധംപോലുമായിരിക്കാമിത്.
നിങ്ങളെപ്പോലെ തന്നെ എനിക്കും കുടുംബമുണ്ട്. ഏഴു മാസങ്ങള്‍ക്ക് മുമ്പ്, എന്റെ ജീവനെക്കാളും പ്രിയപ്പെട്ട മാഹിം ബീഗം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന വിവരം എനിക്കു ലഭിക്കുകയുണ്ടായി. അവന് ഫാറൂഖ് എന്നു പേരിട്ടിരുന്നു. അതുകഴിഞ്ഞ് ഏതാനും മാസങ്ങൾക്കു ശേഷം ഫാറൂഖ് സ്വര്‍ഗലോകം പൂകിയതായി വാർത്ത വരുന്നു. കുഞ്ഞിന്റെ മുഖംപോലും കാണാന്‍ അവസരം കിട്ടിയില്ല. ഒരുദിവസം കാബൂളിൽനിന്ന് വന്ന പഴങ്ങൾ കണ്ട് ഞാൻ കരഞ്ഞുകളഞ്ഞു3. എന്നാലും നമ്മൾ എന്തിനാണ് നമ്മുടെ മണ്ണിലേക്ക് മടങ്ങാതെ ഇവിടെത്തന്നെ നില്‍ക്കേണ്ടത്? നിങ്ങൾക്ക് നന്നായറിയാം, പത്തൊമ്പതു വർഷം കാബൂളിലെ ചക്രവർത്തിയായി ഞാൻ ശോഭിച്ചു. അതുപേക്ഷിച്ചിട്ട് ഞാനെന്തിനാണ് ഈ നാട്ടിലേക്ക് വരേണ്ടത്? സിന്ധു നദി കടന്നുചെല്ലണമെന്നത് പത്തൊമ്പതു വർഷത്തെ എന്റെ സ്വപ്നമാണ്.
നാടു ഭരിക്കണമെന്ന ആഗ്രഹമാണോ അത്? അല്ലെങ്കില്‍ ഇവിടെയുള്ള പൊന്നും സമ്പത്തും ആശിച്ചാണോ വന്നത്? നമ്മുടെ ജീവനേക്കാൾ വലുതാണോ സ്വർണവും വജ്രവും? അതിനുവേണ്ടിയാണോ ഇത്രയും ജീവനുകള്‍ ബലിയര്‍പ്പിച്ചത്? അതിനുവേണ്ടിയാണോ ഇത്രയും കൊടുങ്കാറ്റും വെള്ളപ്പൊക്കവും തരണംചെയ്ത് ഇവിടെ വന്നെത്തിച്ചേര്ന്നിരിക്കുന്നത്? നമ്മുടെ മണ്ണില്‍നിന്ന് പുറപ്പെട്ട് ഈ ഹിന്ദുസ്ഥാനിൽ എത്തിച്ചേരുന്നതുവരെ നമ്മൾ നേരിട്ട യുദ്ധങ്ങളിലെല്ലാം നമ്മള് നേടിയതെന്താണ്? ആയിരക്കണക്കിന് മനുഷ്യ തലകൾ... കൂനകൂനയായി ശത്രുക്കളുടെ തലകള്‍. നമ്മൾ കീഴടക്കിയ നഗരങ്ങളിൽ കാലുകുത്താൻ നമുക്ക് സ്ഥലമില്ല. നിലത്തെങ്ങും തലയറ്റ മനുഷ്യ കബന്ധങ്ങള്‍. അത്രയും ശവശരീരങ്ങൾക്കു മുകളിലൂടെ നടന്നാണ് നമ്മള് ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്. വഴിയിൽ നമ്മളൊരു ദിവസം നേരിട്ട മഞ്ഞുവീഴ്ച4 നിങ്ങളാരും മറന്നിട്ടില്ലെന്ന് കരുതുന്നു. പടച്ചവന്റെ കൃപയാല്‍ അന്നത്തെ ദിവസം നമ്മളെല്ലാവര്‍ക്കും വീണ്ടുമൊരിക്കല്‍കൂടി ജീവന് തിരിച്ചുകിട്ടി. ഇത് ദൈവത്തിന്റെ കൽപനയാണ്. ഈ വിശാലമായ ഭൂമിയിൽ നമ്മുടെ സാമ്രാജ്യം കെട്ടിപ്പടുക്കണമെന്നത് ദൈവത്തിന്റെ ഉത്തരവാണ്.
ഇബ്രാഹിം ലോദി നമ്മുടെ ശത്രുവല്ല. നമ്മുടെ മഹത്തായ ലക്ഷ്യത്തിന് അദ്ദേഹമൊരു തടസ്സമായിരുന്നു. ആ കരുവിനെ പുറന്തള്ളുകയാണ് നമ്മള് ചെയ്തത്. അത്രമാത്രം. അതിനാൽ അദ്ദേഹത്തിന്റെ മാതാവിനും മക്കള്‍ക്കും സംരക്ഷണം നല്‍കേണ്ടത് നമ്മുടെ കടമയായി മാറി. അങ്ങനെ അവർക്ക് കൊട്ടാരത്തിൽ ഇടം നൽകി. എന്നാല്‍, പകരം നമുക്ക് ലഭിച്ചതെന്താണ്? വിഷം. ഇബ്രാഹിം ലോദിയുടെ മാതാവ്, ദിലാവർ ബീഗം എന്ന ആ പിശാച് നാം സഹായിച്ചതിന് പകരമായി നൽകിയത് വിഷമായിരുന്നു. അന്നും പടച്ചവനാണ് എന്നെ രക്ഷിച്ചത്. പൊതുവെ ആ സമയത്ത് നല്ല വിശപ്പുണ്ടാകുന്ന എനിക്ക് അന്നത്തെ ദിവസം വിശപ്പില്ലാതിരുന്നതിനാല്‍ ഒരെയോരു കഷണം മാംസം മാത്രമാണ് കടിച്ചത്. മുഴുവനായും കഴിച്ചിരുന്നെങ്കിൽ നമ്മുടെ മഹത്തായ ഉദ്ദേശം പൂർത്തിയാക്കാതെ അന്നു തന്നെ ഞാൻ സ്വര്‍ഗം പൂകുമായിരുന്നു. പടച്ചവന്റെ കാരുണ്യത്താൽ രക്ഷപ്പെട്ടെങ്കിലും എന്റെ ശരീരത്തിൽനിന്ന് വിഷാംശം പൂർണമായും വിട്ടുപോയിട്ടില്ല. അതിന്റെ ഫലങ്ങൾ ദിവസവും ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
നിങ്ങള്‍ക്കെന്നെ നന്നായറിയാം. ഞാൻ ജനിച്ച ഫർഗാനയെ എന്റെ സ്വന്തം നാടായി കരുതുന്നില്ല. ഭരിക്കുന്ന അഫ്ഗാൻ മണ്ണിനെ ഞാൻ എന്റേതായി കരുതുന്നില്ല. ഞാന്‍ കലന്ദര്‍. എന്താണിത്, ചക്രവര്‍ത്തി കലന്ദര്‍ എന്നു പറയുന്നല്ലോയെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. നിങ്ങള്‍ക്ക് എന്നെയറിയാം. സ്വത്തൊന്നുമില്ലാതെയും താമസിക്കാന്‍ ഒരിടവുമില്ലാതെയും നാടോടിയായി അലയുന്ന ഒരു ഫക്കീറിന്റെ മാനസികാവസ്ഥയുമായാണ് ഞാൻ കൊട്ടാരത്തിൽ ജീവിക്കുന്നത്. കൊട്ടാരത്തിലെ ആഡംബരത്തേക്കാളും നിങ്ങളോടൊപ്പം താമസിക്കുന്ന ഈ കൂടാരങ്ങളാണ് എനിക്കു പ്രിയപ്പെട്ടത്. ആ അർഥത്തിൽ എന്നിൽ തൈമൂറിന്റെ രക്തം കലർന്നിട്ടുണ്ട്. കൊട്ടാരങ്ങളേക്കാളും കൂടാരങ്ങളിലാണ് അദ്ദേഹം കഴിഞ്ഞത്. ജീവിതത്തിന്റെ പല നിമിഷങ്ങളില്‍ ഞാനെന്റെ ദേശത്തുനിന്നും എന്റെ മണ്ണിൽനിന്നും ആട്ടിയോടിക്കപ്പെടുകയും എന്റെ കുതിരയുടെയും പത്തിരുപത് സൈനികരുടെയും കൂടെ ഒറ്റപ്പെടുത്തപ്പെടുകയുംചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം എനിക്കായി എവിടെയോ ഒരു രാജ്യം കിടപ്പുണ്ടെന്ന് എനിക്കു തോന്നും. തൈമൂറിന്റെയും ചെങ്കിസ് ഖാന്റെയും പിൻഗാമിയായ ഒരുവന് അനാഥനായി ഒരു മരുഭൂമിയിൽ മരിക്കില്ലെന്നും, എപ്പോഴെങ്കിലുമൊരു ദിവസം അവനും വലിയൊരു രാഷ്ട്രം ഭരിക്കുമെന്നും പലപ്പോഴും പറഞ്ഞിരുന്ന ദിവസങ്ങളുണ്ടായിരുന്നു. അതിപ്പോൾ ഫലിക്കാൻ പോവുകയാണ്.
എന്നാൽ, എന്റെ പൂർവികര്‍ക്കും എനിക്കും തമ്മിൽ വ്യത്യാസമുണ്ട്. ഞാനൊരിക്കലും വസ്തുക്കളുടെ മീതെ കൊതിയുള്ളവനല്ല. അതിനാലാണ് ഞാനെപ്പോഴും സ്വയമൊരു കലന്ദര്‍ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ അങ്ങനെ പറയുമ്പോഴെല്ലാം ബാദുഷ വിളയാടുകയാണെന്നായിരിക്കും മറ്റുള്ളവർ കരുതുക. അല്ല. കലന്ദര്‍ എന്നതാണ് എന്റെ യഥാർഥ സ്വത്വം. കലന്ദര്‍ എന്നത് ഒരു മാനസികാവസ്ഥയാണ്. ഞാന്‍ ബാദുഷയായിരിക്കാം. എന്നാലും അതെന്റെ സ്വത്വമല്ല. ഞാനെപ്പോഴും അലഞ്ഞുകൊണ്ടിരിക്കുന്നവന്. അതുകൊണ്ടാണ് ഞാൻ ജനിച്ച് വളർന്ന ഫർഗാനയിലും വസിക്കാത്തത്. അത്യാഗ്രഹികളാണ് ഫർഗാനയിലെ ജനങ്ങൾ. ഞാൻ ഭരിച്ചിരുന്ന കാബൂളിലും വസിച്ചില്ല. വിശ്വാസയോഗ്യരല്ല അഫ്ഗാനിലെ ജനങ്ങൾ. ഈ ഹിന്ദുസ്ഥാനും എന്റെ സ്വന്തമായി എനിക്കു തോന്നിയില്ല. പണത്തോട് അത്യാഗ്രഹമുള്ളവരാണ് ഹിന്ദുസ്ഥാനികള്‍. അവർക്ക് പണത്തെക്കുറിച്ചല്ലാതെ മറ്റൊന്നും അറിയില്ല. സംസാരത്തിലോ ശരീരഭാഷയിലോ അൽപംപോലും വിനയമില്ലാത്ത മൂഢന്മാരാണിവര്.
അവരെപ്പോലെത്തന്നെയാണ് അവരുടെ ഭാഷയും. തല്ലാൻ വരുന്നതുപോലെയാണ് ഇവരുടെ സംസാരം. ഈ ഭാഷ കേൾക്കുമ്പോള്‍ മലകള്‍ക്കിടയിൽ പാറകൾ ഉരുട്ടുന്നതുപോലെയാണ് തോന്നുന്നത്. സംഗീതത്തിന്റെ മറ്റൊരു രൂപമാണ് നമ്മുടെ ചഗ്തായ്5 ഭാഷ. കാണാനോ വര്ണച്ചിത്രംപോലെ. ഇവിടെയുള്ള ആളുകളുടെയടുത്ത് സൗന്ദര്യമില്ല. സൗകുമാര്യതയില്ല. കവിതയില്ല. നാഗരികതയില്ല. ശ്രേഷ്ഠതയില്ല. ആണത്തമില്ല. ഇവരുടെ കലയിലും കൈവേലയിലും ലയമില്ല. ഗാംഭീര്യമുള്ളവയല്ല ഇവരുടെ കുതിരകൾ. മാംസത്തിന് രുചിയില്ല. ഫർഗാനയിലെ നീർക്കോഴിയെ അടിച്ചു ഭക്ഷിച്ചാല്‍ നാലുപേർ കഴിച്ചാലും ബാക്കികിടക്കും. ഇവിടെയാണെങ്കില്‍ ഒരു നീർക്കോഴി ഒരാൾക്കു തന്നെ മതിയാകില്ല. മയിലിന്റെ മാംസമാണെങ്കില്‍ മണൽ കഴിക്കുന്നതുപോലെയാണ്. മുന്തിരിക്ക് നല്ല പുളി. പുളിയാണെങ്കില്‍ മധുരിക്കുന്നു. തണുത്ത വെള്ളമില്ല. മഞ്ഞുകട്ടകളില്ല. നല്ല ഭക്ഷണമില്ല. നല്ല പാഠശാലകളില്ല. നല്ല നല്ല പൊതു കുളിമുറികളില്ല. മെഴുകുതിരികൾപോലുമില്ല.

എന്നാൽ, സ്വർണം മാത്രം മലപോലെ കുമിഞ്ഞുകിടക്കുന്നു. ശിലായുഗ മനുഷ്യർ കല്ലുകൊണ്ട് തീയുണ്ടാക്കുന്നതുപോലെ ഇപ്പോഴും കിണറിനു മുകളിൽ ഒരു കപ്പിയും കയറും കെട്ടി തൊട്ടിയുപയോഗിച്ച് വെള്ളമെടുക്കുന്ന ഈ സമൂഹത്തിന്റെ പക്കല്‍ ഇത്രയധികം സ്വർണം എങ്ങനെ ലഭിച്ചുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരുപക്ഷേ ജിന്നുകളെക്കൊണ്ട് ഇരുമ്പിനെ സ്വർണമാക്കുന്ന വിദ്യ അവർക്കറിയാമോ എന്തോ! ഓരോ കൊട്ടാരവും സ്വർണഖനിപോലെ തിളങ്ങുന്നു. മലപോലെ ഒരു കല്ല് സ്ഥാപിച്ച് അവര്‍ ആരാധിക്കുന്നു. ആ കല്ലിൽ നോക്കിയാൽ അതു മുഴുവന്‍ സ്വര്‍ണം!
നാമിവിടെ ഇപ്പോഴും തങ്ങുന്നത് എന്റെ സുഹൃത്തുക്കൾ ഇഷ്ടപ്പെടുന്നില്ല. ഈ സ്ഥലവും ചൂടും ഭക്ഷണവുമായി അവർ ഒത്തുപോകുന്നില്ല. നമ്മുടെ മണ്ണ് നമ്മെ വാ വാ എന്ന് വിളിക്കുന്നു. ഇവിടെയുള്ള ആളുകൾക്കും നമ്മെ ഇഷ്ടമല്ല. എന്നിട്ടും എന്തിനാണ് ജീവൻ നൽകാൻ തയാറായി നമ്മളിവിടെനിന്നുകൊണ്ടിരിക്കുന്നത്? ചരിത്രം എന്ന ഒറ്റവാക്ക്. ഹിന്ദുസ്ഥാൻ എന്ന ഈ രാജ്യം ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായി ശോഭിക്കുകയാണ്. ആയുധബലം കൂടാതെ, ലോകത്തിലെ മറ്റു വംശങ്ങളേക്കാളും ശ്രേഷ്ഠര്‍ തങ്ങളാണെന്ന് കരുതുന്ന യൂറോപ്പുകാര്‍ ഈ ദേശത്തു വന്ന് തങ്ങളുടെ അധ്വാനം സ്വർണത്തിനായി വിറ്റുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും ആ സ്വർണത്തിന് വേണ്ടിയുമല്ല ഞാനിവിടെ നിൽക്കുന്നത്. സ്വർണം തേടിയെത്തിയവർ അതുമാത്രം കണ്ടവരാണ്. അതിനു പകരം ചരിത്രത്തിൽ നിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചരിത്രം സൃഷ്ടിക്കാനാണ് താൽപര്യപ്പെടുന്നത്. ഒരു മഹത്തായ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന്റെ ആരംഭ നിമിഷത്തിലാണ് നിങ്ങൾ നിന്നുകൊണ്ടിരിക്കുന്നത്. ആ അർഥത്തിൽ മരണത്തെയും താണ്ടി ജീവിക്കുന്നതിനായി എന്നോടൊപ്പം ചേരാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഈ ഹിന്ദുസ്ഥാൻ ഉള്ളിടത്തോളം കാലം നമ്മുടെ പേര് പറഞ്ഞുകൊണ്ടിരിക്കും, എന്നോടൊപ്പം വരിക...
ഇബ്രാഹിം ലോദിയിൽനിന്ന് ലഭിച്ച നിധികൾ കാബൂളിലേക്ക് –നിങ്ങളുടെ ബന്ധുക്കൾക്ക്– ഞാൻ അയച്ചിട്ടുണ്ട്. എന്റെ പക്കല്‍ അവശേഷിച്ചതും ഞാൻ നിങ്ങള്‍ക്ക് നൽകിയിരിക്കുന്നു. എനിക്കായി ഒരു തുരുമ്പുപോലും എന്റെ പക്കലില്ല. എന്റെ കൈയിലുണ്ടായിരുന്ന സ്വര്‍ണംകൊണ്ടുള്ള മദ്യക്കുപ്പികൾ ഞാൻ സൂക്ഷിച്ചില്ല. എല്ലാറ്റിനെയും ഉടച്ചുടച്ച് നിങ്ങള്‍ക്ക് തന്നു. നിങ്ങൾക്ക് ആവശ്യമായ ആയുധങ്ങളും നിങ്ങള്‍ക്ക് ഞാൻ നൽകിയിട്ടുണ്ട്. എന്നാൽ മറ്റൊരു ആയുധം നിങ്ങളുടെ പക്കലാണുള്ളത്. ഇതാ, അതുപയോഗിക്കാനുള്ള നിമിഷം എത്തിയിരിക്കുന്നു. ധീരതയാണ് അത്. സ്ഥൈര്യമാണ് അത്. ഭയമില്ലായ്മയും. എന്തു വേണമെങ്കിലും വിളിച്ചുകൊള്ളുക. എന്റെ ജീവിതംതന്നെ അതിനുദാഹരണമാണ്.
എന്റെ ജീവിതകാലം മുഴുവൻ ഞാൻ തനിച്ചാണ് കഴിഞ്ഞത്. ഏകനാണെന്നാണ് എനിക്ക് സ്വയം തോന്നിയത്. പലതവണ കൂട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട് പത്തിരുനൂറ് സൈനികരോടൊപ്പം ഒറ്റപ്പെടുത്തപ്പെട്ടപ്പോള് എന്റെ വികാരങ്ങൾ എന്തായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു അമീറിന്റെ മകൻ –മധ്യേഷ്യയിൽ ഒരു സാമ്രാജ്യം സ്ഥാപിച്ച തൈമൂറിന്റെയും ലോകത്തെ തന്നെ തന്റെ ആധിപത്യത്തിനു കീഴില്‍ കൊണ്ടുവന്ന ചെങ്കിസ് ഖാന്റെയും പിൻഗാമി –മരുഭൂമിയിലെ ഒരു കൊള്ളക്കാരനെപ്പോലെയാണോ അലഞ്ഞുതിരിയുന്നതും അലഞ്ഞുതിരിഞ്ഞതും? പോകാനായി ഇടമില്ല. എന്തുചെയ്യണമെന്ന നിശ്ചയമില്ല. പലപ്പോഴും അങ്ങനെയൊരു നിസ്സഹായാവസ്ഥയിൽ വിശ്വാസത്തിന്റെ ജ്വാലകള്‍ എരിഞ്ഞുയരുന്ന സാഹചര്യത്തിലേക്ക് ഞാനെന്നെ കൊണ്ടുവന്നു നിർത്തി. നാളെയെന്ന നിശ്ചയമില്ലാതെ, ശത്രുക്കളാൽ നിരന്തരം ഭയപ്പെട്ടുകൊണ്ട് ജീവിച്ച ഞാൻ, അസഹനീയമായ കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ചു. ജനിച്ച നാട്ടിൽതന്നെ ഞാനൊരു അപരിചിതനായി, സാമ്രാജ്യമില്ലാതെ, എന്തിന്, സാമ്രാജ്യം ലഭിക്കുമെന്ന പ്രതീക്ഷയുടെ നേരിയ അംശംപോലുമില്ലാതെ കഴിഞ്ഞിട്ടുണ്ട്. ആ വേളയിലെല്ലാം “ഇത്തരമൊരു അപചയത്തിലും മോശാവസ്ഥയിലും എന്റെ കാലുകള്‍ എന്നെ എങ്ങോട്ടാണോ കൊണ്ടുപോകുന്നത് –അത് ഈ ഭൂമിയുടെ അറ്റമാണെങ്കിൽപോലും– ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം എനിക്ക് ഒറ്റയ്ക്ക് പോകണം” എന്ന് എന്റെയുള്ളില്‍ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു.
ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും ഞാനൊരു ഫീനിക്സ് പക്ഷിയെപ്പോലെ വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടേയിരുന്നു. 1497. 14 വയസ്സായിരുന്നു എനിക്ക്. നമ്മുടെ സൈന്യം സമർഖണ്ഡ് ഉപരോധിച്ച് വിജയം നേടിയിരുന്നു. എന്നാൽ സമർഖണ്ഡിൽ നമ്മുടെ സൈന്യത്തിന് ശരിയായ ഇര ലഭിച്ചില്ല. നേരത്തേതന്നെ പട്ടിണിയില്‍ കിടന്നവരുടെ പക്കലെവിടെയാണ് ആഭരണങ്ങളും സമ്പത്തും? ഒരു യാചകന്റെ വിടുതിയെ കൊള്ളയടിക്കുന്നതുപോലെയായിരുന്നു അത്. സൈനികരും സൈന്യാധിപന്മാരും ഓരോരുത്തരായി എന്നെ വിട്ടുപോകാൻ തുടങ്ങി. സമർഖണ്ഡ് പിടിച്ചെടുക്കാനായി ആന്ദിജാന് കോട്ടയെ നാം നമ്മുടെ സൈന്യാധിപന് അലി ദോസ്ത് തഗായിയുടെ ഉത്തരവാദിത്തത്തില്‍ ഏൽപിച്ച് വന്നിരുന്നു. ഇതിനിടയില്‍, ദ്രോഹികളായ സുൽത്താൻ അഹമ്മദ് ദംബലും ആസൂൻ ഹസനും ആന്ദിജാന് കോട്ട തങ്ങൾക്കു ലഭിക്കാൻ കോട്ട ഉപരോധിച്ചു.
അപ്പോളൊരു ദിവസം സമർഖണ്ഡിൽവെച്ച് എനിക്ക് കടുത്ത പനി പിടിപെട്ടു. കണ്ണുകള്‍ തുറക്കാൻ സാധിച്ചില്ല. ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. ശരീരം തീയായ് തിളച്ചു. നാലു ദിവസമായി വെള്ളം പോലുമിറക്കാൻ കഴിയാത്തതിനാൽ വെള്ളത്തില്‍ പഞ്ഞി മുക്കി തുള്ളി തുള്ളിയായി എനിക്കു നൽകുന്നുണ്ടായിരുന്നു. ഇതെല്ലാം കൊട്ടാരത്തിലല്ല. ഒരു യുദ്ധാന്തരീക്ഷത്തിൽ. ആ വിവരം അലി ദോസ്ത് തഗായിയുടെ അടുക്കല്‍ എത്തിച്ചേരുന്നു. വാര്‍ത്ത എത്തിച്ചുകൊടുത്ത ചാരന്, ബാബറിന്റെ നില അതീവ ഗുരുതരമാണെന്നും അതിജീവിക്കാൻ പ്രയാസമാണെന്നും അറിയിക്കുന്നു. അത് കേട്ടയുടനെ അലി ദോസ്ത് തഗായി താൻ കാവലിരുന്ന കോട്ട തന്റെ ശത്രുവിനെ ഏൽപിച്ച് കീഴടങ്ങുന്നു.
എന്നാൽ പടച്ചവന്റെ കാരുണ്യത്താൽ എന്റെ പനി മാറുകയും ഞാന്‍ എഴുന്നേല്ക്കുകയുംചെയ്തു. ആന്ദിജാന് കോട്ടയെക്കുറിച്ച് കേട്ടറിഞ്ഞ് സമർഖണ്ഡില്‍നിന്ന് ഞാന്‍ പുറപ്പെട്ടു. പാതിവഴിയിലെത്തിയപ്പോൾ സമർഖണ്ഡിൽ നമ്മുടെ സൈന്യം ശത്രുക്കളോട് പരാജയപ്പെട്ടുവെന്ന വിവരം ലഭിക്കുന്നു. അങ്ങനെ സമര്‍ഖണ്ഡും നഷ്ടപ്പെട്ടു; ആന്ദിജാനും നഷ്ടപ്പെട്ടു. അപ്പോൾ ഞാൻ ചഗ്തായ് ഭാഷയില്‍ ‘ഗാഫില്‍ അസ് ഈന് ഝാ രാന്താ, അസ് ആന്‍ ഝാ മാന്താ’ –അറിവില്ലായ്മകൊണ്ട് ഈ സ്ഥലത്തുനിന്ന് പുറപ്പെട്ടു, അതിനാല്‍ ആ സ്ഥലവും നഷ്ടപ്പെട്ടു! –എന്നു പറഞ്ഞു. കൂടാതെ എന്റെ ജീവിതത്തിലൊരിക്കലും എന്റെ പ്രജകളില്‍നിന്നും രാജ്യത്തുനിന്നും ഞാനിങ്ങനെ വേര്പ്പെടുത്തപ്പെട്ടിട്ടില്ല. ആ നിമിഷം എന്റെ കണ്ണിലെ കണ്ണുനീർ മുഴുവൻ വറ്റിത്തീരുംവരെ ഞാൻ കരഞ്ഞു.
ഇങ്ങനെ എന്റെ സ്വന്തം നാട്ടിൽതന്നെ നാടുകടത്തപ്പെട്ടവനെപ്പോലെയായിത്തീര്ന്ന എന്നോടൊപ്പം ആയിരം പടയാളികളായിരുന്നു അപ്പോഴുണ്ടായിരുന്നത്. അതില്‍തന്നെ മിക്കവരുടെയും കുടുംബങ്ങള്‍ ആന്ദിജാനിലുണ്ടായിരുന്നതിനാല് അവരും എന്നെ വിട്ടുപിരിഞ്ഞ് ആന്ദിജാനിലേക്ക് പുറപ്പെട്ടു. ഇപ്രകാരം, ഒടുവിൽ ഇരുനൂറ് പടയാളികള്‍ മാത്രമാണ് എന്നോടൊപ്പം അവശേഷിച്ചത്. ആ ഇരുനൂറ് സൈനികരുമായാണ് ഞാന്‍ സ്വപ്നം കണ്ട ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാൻ പുറപ്പെട്ടത്. ഞാൻ നേരത്തേ പരാമര്‍ശിച്ചതുപോലെ 1497ലാണ് ഇത് സംഭവിച്ചത്. എന്റെ വയസ്സ്? പതിനാല്! അല്ലാഹു അക്ബര്‍!
മറ്റൊരിക്കൽ, വഞ്ചകനായ സുൽത്താൻ അഹമ്മദ് ദംബൽ നൂറു സൈനികരുമായി എന്റെ മുന്നിൽ നിൽക്കുകയാണ്. തന്റെ സൈനികരോട് അവൻ ആക്രമിക്കാൻ ആജ്ഞാപിച്ചു. എന്നോടൊപ്പമാണെങ്കില് മൂന്നേ മൂന്നു പടയാളികള്‍. നിങ്ങളെന്തുചെയ്യും? ഞാനെന്റെ പക്കലുള്ള അമ്പെയ്തു. മറ്റൊരു അമ്പെടുത്തുകൊണ്ട് ഞാൻ മുന്നോട്ടു ചെന്നു. എന്റെ മൂന്നു പടയാളികളും പിറകില്‍നിന്ന് ഒരടി മുന്നോട്ടു വെച്ചില്ല. എന്റെ ജീവിതമവസാനിച്ചു. ഭയത്തേക്കാൾ മോശമായ മറ്റൊന്നും ഈ ലോകത്തില്ലായെന്ന് അപ്പോഴാണ് ഞാനോര്‍ത്തത്. അമ്പുമേന്തിക്കൊണ്ടു തന്നെ ഞാന്‍ ആ യുദ്ധക്കളത്തിലെ മുന്‍ഭാഗത്തേക്കു ചെന്നു. കൃത്യമായി ആ നിമിഷം ഒരു സൈന്യം എന്റെ സഹായത്തിനെത്തി. അല്‍ഹംദുലില്ലാഹ്! അന്നെന്റെ വയസ്സ് പത്തൊമ്പത്.
മറ്റൊരു സമയത്ത്, അതേ വര്‍ഷം. താഷ്കന്റില്‍ സംഭവിച്ചത്. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷതന്നെ അസ്തമിച്ചിരുന്നു. ഭൂരിപക്ഷം സൈനികരും എന്നെയുപേക്ഷിച്ചുപോയിക്കളഞ്ഞിരുന്നു. അവശേഷിച്ച ചുരുക്കം ചിലരാണെങ്കില്‍ ഒരു ചുവടുപോലും മുന്നോട്ടു വെക്കാനാവാത്തവിധം മോശമായ അവസ്ഥയിലായിരുന്നു. എങ്കിലും ക്ഷമയോടെ ഞാൻ കാത്തിരുന്നു. നാലുവർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല. ഇരുപത്തിമൂന്നാം വയസ്സിലേക്ക് ഞാന്‍ കാലെടുത്തുവെച്ചിരുന്നു. അപ്പോഴാണ് ആദ്യമായി ഞാനെന്റെ മുഖത്ത് കത്തിവെച്ചത്. അപ്പോഴാണ് കാബൂൾ എന്റെ കൈവശം വന്നതും. എന്നാലും ഒരേയൊരു കാര്യം മാത്രം ഈ കലന്ദര്‍ ഒരിക്കലും കൈവിട്ടില്ല. അതാണ് എന്റെ കവിത. എന്റെ കഥ. ഞാനെന്റെ കഥ തുടര്‍ന്നും എഴുതിക്കൊണ്ടേയിരുന്നു. ഇന്നു കാലത്തുപോലും ഞാൻ എഴുതിയിരുന്നു. എഴുതുന്ന സമയത്ത് മയിലുകളുടെ വലിയൊരു കൂട്ടം എനിക്ക് ചുറ്റും കറങ്ങിത്തിരിയുന്നുണ്ടായിരുന്നു. ഈ ദേശത്തെ മയിലുകളും കാറ്റും എനിക്കിഷ്ടമാണ്. ഒരിക്കൽ ഫർഗാനയിൽ ഞാനൊരു അനാഥനായി അലഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു മലമ്പ്രദേശത്ത് കിടന്നു. എഴുതാൻ കടലാസില്ല. കൂര്‍ത്തയൊരു കല്ലെടുത്ത് പാറയിൽ തന്നെ ഞാനെന്റെ കവിത കൊത്തിയെഴുതി. അതിപ്പോള്‍ ഈയൊരു നിമിഷത്തിനും യോജിക്കും.
നമ്മെപ്പോലെ എത്രയോ ആളുകള്‍
ഈ വസന്തകാലത്തില്‍ സംസാരിച്ചിട്ടുണ്ട്
എന്നാല്‍,
കണ്ണിമയ്ക്കുന്ന നേരത്തില്‍
അവര്‍
അപ്രത്യക്ഷരായി.
നമ്മളോ
നമ്മുടെ ധീരതയാലും
ശക്തിയാലും
ലോകം കീഴടക്കി.
എന്നാലും,
സ്വര്‍ഗം പൂകുമ്പോള്
നമ്മളോടൊപ്പമിത്
കൊണ്ടുപോകില്ല
അതാണ് ഉള്ളതും ഇല്ലാത്തതും
നമുക്ക്
ജയിക്കാം ജീവിക്കാം ആഘോഷിക്കാം.
നമ്മുടേതായി ഒന്നുമില്ല
ഒന്നുമില്ലാതെ വന്നു.
ഒന്നുമില്ലാതെ മടങ്ങാം...
എന്റെ ജീവനേക്കാളും പ്രിയപ്പെട്ട സൈനികരേ,
ഇനിയും ചില ദിവസങ്ങൾക്കുള്ളിൽ ഒരു പുതിയ യുഗം സൃഷ്ടിക്കാന്‍ പോവുകയാണ് നിങ്ങൾ. നമ്മെ എതിര്‍ത്തുനില്‍ക്കുന്ന സൈന്യം എണ്ണത്തിൽ നമ്മളെക്കാളും പത്തിരട്ടി കൂടുതലാണ്. ലോദിയോടു പൊരുതിയപ്പോഴും ഇതു തന്നെയായിരുന്നു അംഗസംഖ്യ. എന്നാലും പടച്ചവന്റെ അനുഗ്രഹത്താൽ നമ്മൾ വിജയം കൈവരിച്ചു. അതേ അവസ്ഥയാണ് ഇപ്പോഴും. എന്നാൽ ഒരു വ്യത്യാസമുണ്ട്. ഞാനും നിങ്ങളും ആദ്യമായി മുസ്ലിംകളല്ലാത്ത ഒരു വലിയ സൈന്യത്തെ നേരിടാന്‍ പോവുകയാണ്. ഇതുവരെ നമ്മൾ യുദ്ധം ചെയ്തതെല്ലാം മുസ്ലിംകളുമായിട്ടാണ്. ഇതാണ് മുസ്ലിംകളല്ലാത്തവരുമായുള്ള നമ്മുടെ ആദ്യത്തെ യുദ്ധം. ഇതാണ് നമ്മുടെ അവസാനത്തെ യുദ്ധം.
ഹിന്ദുസ്ഥാനിൽ നാം സ്ഥാപിച്ച സാമ്രാജ്യത്തിൽ ഇതുമാത്രമാണ് ഒരേയൊരു തടസ്സം. പടച്ചവന്റെ കാരുണ്യത്താൽ ഇതും നമ്മള്‍ക്കു തകര്ത്തെറിയാം. ശരീരംകൊണ്ടും മനസ്സുകൊണ്ടും ദുർബലരായിട്ടുള്ള നിങ്ങളെ പടച്ചവന്റെ പേരില്‍ ഞാൻ ക്ഷണിക്കുകയാണ്. ഇതിൽ നമ്മള് ജയിച്ചാൽ, നാം തന്നെ ഈ ഹിന്ദുസ്ഥാന്റെ ചരിത്രമെഴുതുന്ന രചയിതാക്കളായി മാറും. കാലമുള്ളിടത്തോളം ഈ വിശാലമായ രാജ്യത്തിന്റെ ചരിത്രം എന്നെന്നേക്കുമായി നമ്മളാല്‍ മാറ്റപ്പെടും. ഈ വിശുദ്ധ ദൗത്യത്തിൽ പടച്ചവന് നമ്മെ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പായും ഞാന്‍ വിശ്വസിക്കുന്നു.
ഈ പുണ്യപ്രവൃത്തിക്കായി എന്റെ ഒരേയൊരു സന്തോഷം ബലിയർപ്പിക്കാന്‍ ഞാൻ മുതിര്‍ന്നു. ഇന്നത്തോടെ ഞാൻ മദ്യപാനം നിർത്തുകയാണ്. മദ്യവും അഫീനും എനിക്ക് മതിയായി. ഇന്ന് നിങ്ങളോടൊപ്പം എന്റെ അവസാനത്തെ മദ്യപാനമാണ്. കാബൂളില്‍നിന്ന് വീപ്പകണക്കിന് വീഞ്ഞ് ഇറക്കുമതി ചെയ്തിട്ടുണ്ട്. അതെല്ലാം കുടിച്ചുതീര്‍ക്കുക. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ ശത്രുവിന്റെ ചോരപ്പുഴ ഇവിടെയൊഴുകും. അതിനു നാന്ദിയായി ഇന്നിവിടെ മദ്യപ്പുഴ ഒഴുകട്ടെ. എന്നാല്‍, ഓര്‍ത്തുവെച്ചോളൂ, ഇതാണ് നമ്മുടെ അവസാനത്തെ മദ്യസല്‍ക്കാരം. ഇനിയൊരിക്കലും മദ്യം തൊടില്ലെന്ന് വിശുദ്ധ ഗ്രന്ഥത്തിനുമേലെ സത്യംചെയ്ത് യുദ്ധത്തിനിറങ്ങുക.6 ഇത് മണ്ണിന് വേണ്ടിയുള്ള യുദ്ധമല്ല. നമ്മുടെ മതത്തിനു വേണ്ടിയുള്ള യുദ്ധം7. അതു മാത്രം മറക്കാതിരിക്കുക.
അവസാനമായി ഒരു വാക്കു കൂടി. ഈ ഹിന്ദുസ്ഥാനിൽ പുതിയൊരു ചരിത്രമെഴുതപ്പെടാൻ പോകുന്ന ഈ നിമിഷത്തില്‍, നമ്മുടെ വിജയത്തിനായി നിങ്ങളോരോരുത്തരും നിങ്ങളുടെ ജീവൻപോലും ത്യജിക്കാൻ തയാറാണെന്ന് വിശുദ്ധ ഗ്രന്ഥം തൊട്ട് സത്യം ചെയ്യണം. വിജയിച്ചാല്‍ ദൈവനാമം പ്രതിഷ്ഠിക്കുന്നവരാകാം. പരാജയപ്പെട്ടാൽ നമുക്ക് രക്തസാക്ഷികളാകാം. എന്തു സംഭവിച്ചാലും അത് നമ്മുടെ വിമോചനത്തിനുള്ള പരിഹാരമായിരിക്കും.
വിജയം അല്ലെങ്കിൽ വീരമൃത്യു. അല്ലാഹു അക്ബര്‍.
ജഹാൻപനാഹ് ഗീത്തി സിത്താനി ഫിർെദൗസ് മക്കാനി ബാബര്‍ ബാദുഷ ഗാസിയുടെ ഇടിമുഴക്കം നിറഞ്ഞ ശബ്ദത്തെ തുടര്‍ന്ന് പതിനായിരം പടയാളികളുടെ വീരമുഴക്കം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു.
മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ്
(അവസാനിച്ചു)
1. മഅ്ജൂന് –ആഫീന്, നെയ്യ്, പഞ്ചസാര എന്നിവ കലര്‍ന്ന ലഹരി പദാർഥം.
2. റയ്യത്ത് –കര്ഷകന്
3. പഴങ്ങളോട് ഉല്‍ക്കടമായ ആഗ്രഹമുള്ളയാളായിരുന്നു ബാബര്‍. ഫർഗാനയിലെ സബര്‍ജന്‍, മുന്തിരി, തണ്ണിമത്തൻ, സമർഖണ്ഡിലെ ആപ്പിൾ എന്നിവ അദ്ദേഹത്തിന് ഹിന്ദുസ്ഥാനിൽ അലഭ്യമായിരുന്നു. ഫർഗാനയിലെ മാർഗിലാൻ നഗരത്തിലെ മാതളപ്പഴത്തിനു തുല്യമായി മറ്റൊന്നില്ലയെന്ന് തന്റെ ആത്മകഥയില്‍ പലയിടത്തും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ഒടുവിൽ തന്റെ കുടുംബത്തെ കാണാൻ ബാബറിന് മൂന്നുവർഷം കാത്തിരിക്കേണ്ടി വന്നു. അതിനുശേഷവും അദ്ദേഹത്തിന് കാബൂൾ കാണാന്‍ സാധിച്ചില്ല.
സ്വയം നാടോടിയാണെന്നൊക്കെ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം കാബൂളിലായിരുന്നു. ഈ ഹിന്ദുസ്ഥാനിലെ ചുട്ടുപൊള്ളുന്ന വെയിലും കനത്ത മഴയും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. കാബൂളിന്റെ മനോഹാരിത അദ്ദേഹത്തിന് ഇവിടെ കാണാൻ കഴിഞ്ഞില്ല. ഒരു കവിയായ ബാബറിന് ഹിന്ദുസ്ഥാനിലെ പരന്നതും പൊടിനിറഞ്ഞതുമായ ഭൂമി ഇഷ്ടപ്പെട്ടില്ല. നിമ്നോന്നത പ്രദേശമാണ് കാബൂള്‍. ചുറ്റിലും മലകള്‍. കുതിരപ്പുറത്ത് കയറി ഇരുന്നാൽ മരുഭൂമി. അദ്ദേഹത്തിന്റെ ഹൃദയം കാബൂളിനായി കൊതിച്ചു. താന്‍ മരണപ്പെട്ടാല്‍ കാബൂളില്‍ ഖബറടക്കം ചെയ്യണമെന്ന് മരണക്കിടക്കയിൽ വെച്ച് അദ്ദേഹം വ്യക്തമായി പറഞ്ഞു. പക്ഷേ, അദ്ദേഹം ആഗ്രഹിച്ചതുപോലെ ജീവിച്ചിരിക്കുമ്പോൾ പിന്നീടൊരിക്കലും അദ്ദേഹത്തിന് കാബൂൾ കാണാൻ സാധിച്ചില്ല. ശരീരം മാത്രമാണ് കാബൂളിലേക്ക് പോയത്.
4. ബാബർ തന്റെ സംഭാഷണത്തിൽ പരാമര്‍ശിക്കുന്ന മഞ്ഞുവീഴ്ചയുടെ സമയത്ത് പാറകൾക്കിടയിൽ ഒരാൾക്ക് മാത്രം സുരക്ഷിതമായി ഒളിക്കാൻ കഴിയുന്ന ഒരു സ്ഥലമുണ്ടെന്ന് മനസ്സിലാക്കുന്നു. ഒരു പാറയിടുക്കായിരുന്നു അത്. പടയാളികൾ ബാബറിനോട് ആ വിടവിൽ പോയി തങ്ങാന്‍ പറയുന്നു. മഞ്ഞുവീഴ്ചയുടെ സമയത്ത് രാത്രി മുഴുവൻ തുറസ്സായ സ്ഥലത്ത് തങ്ങിയാൽ മരണം ഉറപ്പാണ്. ഞങ്ങൾ മരണം വരിക്കാം, പക്ഷേ തലവനായ നിങ്ങൾ മരിക്കരുത് എന്നുപറയുന്നു സൈന്യാധിപന്മാർ. ജീവിതമോ മരണമോ, അതെന്തുതന്നെയായാലും, നിങ്ങളോടൊപ്പമാണെന്നും എന്റെ മാത്രം രക്ഷയെന്ന പറച്ചിലിനുതന്നെ ഇടമില്ലെന്നും പറഞ്ഞ് ബാബർ അതു നിരസിക്കുന്നു. പിന്നീട് ഭാഗ്യവശാല്‍ –ബാബറിന്റെ ഭാഷയിൽ പറഞ്ഞാൽ ‘പടച്ചവന്റെ കൃപയാൽ’– ആ പാറയിടുക്ക് ഒരു ഗുഹയാണെന്ന് മനസ്സിലാക്കുന്നു. ശേഷം എല്ലാ പടയാളികളും അതിൽ ചെന്ന് തങ്ങുന്നു. രാവിലത്തോടെ മഞ്ഞുവീഴ്ച അകലുന്നു.
5. ചഗ്തായ് –ബാബറിന്റെ മാതൃഭാഷ. ആ ഭാഷയിലാണ് ബാബർ തന്റെ ആത്മകഥയായ ബാബർനാമ എഴുതിയത്. പിന്നീട് അക്ബറിന്റെ നിർദേശപ്രകാരം അത് പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇന്ന് ചഗ്തായ് ഭാഷ ഉപയോഗത്തിലില്ല. നാമാവശേഷമായി.
6. അന്ന് ബാബറിനൊപ്പം 400 സൈനികര്‍ മദ്യപാനം വർജിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
7. ആ യുദ്ധം നേരിടാന്‍ അങ്ങനെ പറയുകയല്ലാതെ ബാബറിനു മുന്നില്‍ മറ്റൊരു വഴിയില്ലായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരാള്‍ക്കുപോലും യുദ്ധത്തിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടായിരുന്നില്ല. അതിനാലാണ് സൈനികരെ അത്തരത്തിൽ പ്രചോദിപ്പിക്കാൻ ബാബർ തന്റെ ജീവിതത്തിലാദ്യമായി മതത്തെ ഉപയോഗിച്ചത്. അത് വെറും വാക്കല്ലെന്ന് തെളിയിക്കാനായി അദ്ദേഹത്തിന് തന്റെ ഇഷ്ടങ്ങളായ വീഞ്ഞും അഫീനും ത്യജിക്കേണ്ടിവന്നു.
