Begin typing your search above and press return to search.
proflie-avatar
Login

അതൃപ്തരായ ആത്മാക്കൾ -9

അതൃപ്തരായ ആത്മാക്കൾ -9
cancel

ഒരാൾ മറ്റൊരാളോട് അയാളുടെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ എന്ത് മാനസികാവസ്ഥയിലാണ് അയാൾക്ക് പറയേണ്ട കാര്യങ്ങൾ തെരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. ഡെൽഫിയുടെ ജീവിതവുമായി ഇഴചേർന്നു കിടക്കുന്ന കുറേ ആളുകളുണ്ട്. അവരുടെ അപ്പച്ചൻ, അമ്മിച്ചി, മകൻ, ആങ്ങളമാർ... എന്നാൽ, അവരെക്കുറിച്ചൊന്നും ഡെൽഫി അധികം പറഞ്ഞില്ല. വിവാഹത്തിനു മുമ്പുള്ള കുടുംബജീവിതത്തെക്കുറിച്ചും വളരെ കുറച്ചേ പറഞ്ഞിട്ടുള്ളൂ. പറഞ്ഞതാകട്ടെ, പ്രണയനൈരാശ്യങ്ങൾ, വിലക്കുകൾ, സഹനങ്ങൾ എന്നിവയെക്കുറിച്ചും. വിവാഹശേഷമാകട്ടെ, ആത്മാക്കളുടെയും പ്രേതങ്ങളുടെയും കഥകളാണ് ഡെൽഫിയെ കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്. പിന്നെ അതിനോട് ചേർന്നുകിടക്കുന്ന ആത്മീയത,...

Your Subscription Supports Independent Journalism

View Plans

ഒരാൾ മറ്റൊരാളോട് അയാളുടെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ എന്ത് മാനസികാവസ്ഥയിലാണ് അയാൾക്ക് പറയേണ്ട കാര്യങ്ങൾ തെരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. ഡെൽഫിയുടെ ജീവിതവുമായി ഇഴചേർന്നു കിടക്കുന്ന കുറേ ആളുകളുണ്ട്. അവരുടെ അപ്പച്ചൻ, അമ്മിച്ചി, മകൻ, ആങ്ങളമാർ... എന്നാൽ, അവരെക്കുറിച്ചൊന്നും ഡെൽഫി അധികം പറഞ്ഞില്ല. വിവാഹത്തിനു മുമ്പുള്ള കുടുംബജീവിതത്തെക്കുറിച്ചും വളരെ കുറച്ചേ പറഞ്ഞിട്ടുള്ളൂ. പറഞ്ഞതാകട്ടെ, പ്രണയനൈരാശ്യങ്ങൾ, വിലക്കുകൾ, സഹനങ്ങൾ എന്നിവയെക്കുറിച്ചും. വിവാഹശേഷമാകട്ടെ, ആത്മാക്കളുടെയും പ്രേതങ്ങളുടെയും കഥകളാണ് ഡെൽഫിയെ കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്. പിന്നെ അതിനോട് ചേർന്നുകിടക്കുന്ന ആത്മീയത, ഭക്തി, സ്വപ്നങ്ങൾ...

ഈ അധ്യായത്തിൽ ചില യാത്രകളെക്കുറിച്ചെഴുതുന്നുണ്ട്. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചാണെങ്കിൽ ഈ യാത്രകളിൽ പറയുന്ന കാര്യങ്ങൾ ഓർത്തുവെച്ച് വിശദമായും വൈകാരികമായും ഒരെഴുത്തുകാരനോട് പറയേണ്ടവയാകില്ല എന്നുറപ്പ്. ഒരു പ്രത്യേക രീതിയിലുള്ള വിചിത്ര മാനസികനിലയുള്ള തെരഞ്ഞെടുപ്പ് ഇവയിലുണ്ട്.

ഡെൽഫി ഒരിക്കലും നിത്യജീവിതവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികം പറയാറില്ല. ഉദാഹരണത്തിന് ഭക്ഷണത്തെക്കുറിച്ച് എത്രയോ കുറവാണ് പറയുക. രാവിലെ എന്തുകഴിച്ചു, ഉച്ചക്ക് കറിയെന്തു കിട്ടി, വൈകീട്ട് എന്താണ് കഴിക്കാനെന്ന് കുശലം ചോദിച്ച് വിളിക്കുന്ന പെണ്ണുങ്ങളെ ഡെൽഫിക്ക് പുച്ഛമാണ്. എന്നോടും ഒരിക്കലും ഊണുകഴിച്ചോ, ചായകുടിച്ചോ എന്നൊന്നും ചോദിച്ചിട്ടില്ല.

ഇതിൽ എഴുതാതെ വിട്ട, ചില യാത്രകളെക്കുറിച്ചുകൂടി എന്നോട് ഡെൽഫി പറഞ്ഞിട്ടുണ്ട്. ഡെൽഫിയെ സ്കൂളുകളിൽ പഠിപ്പിച്ച അധ്യാപകരെയും കൂട്ടുകാരെയും സന്ദർശിക്കാൻ പോയത് അതിൽ പ്രധാനങ്ങളാണ്. പറയാനായി ഒരാൾ തെരഞ്ഞെടുക്കുന്ന കാര്യങ്ങളിൽനിന്ന് അയാൾ എന്താണെന്ന് നമുക്ക് ബോധ്യമാകും. ഡെൽഫി പറയാത്ത കാര്യങ്ങൾ എഴുതാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അത് ഡെൽഫിയോടു ഞാൻ പുലർത്തുന്ന നീതിതന്നെയാണ്.

ഡെൽഫിയുടെ ചേച്ചി പേളിയെക്കുറിച്ച് അവർ പറഞ്ഞ കഥ ഇവിടെ എഴുതേണ്ടതാണ് എന്നുതോന്നി. ആത്മാവി​നെയും പ്രേതങ്ങളെയും കുറിച്ച് അവർ നേരത്തേ പറഞ്ഞവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നായിരുന്നു ഇത്. പക്ഷേ, ഇപ്പോളാണ് അവരിത് പറയുന്നത്.

പേളി ഡെൽഫിയെപ്പോലെയല്ല. ഡെൽഫി വളരെ സിംപിൾ ആയ ഒരാളാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. പേളിക്ക് സ്വർണത്തിനോടും സാരികളോടുമൊക്കെ വല്ലാത്ത ഭ്രമമാണ്. പെണ്ണുങ്ങൾക്ക് സാധാരണ ഉള്ളതുതന്നെ. അൽപം കൂടുതലാണെന്ന് മാത്രം. സാരികൾ വാങ്ങി അടുക്കിവെക്കാൻ മാത്രമായി പേളിക്ക് വീട്ടിലൊരു അലമാരയുണ്ട്. ഒരിക്കൽപോലും ആ അലമാര തുറക്കാനോ സാരികൾ എടുത്തുനോക്കാനോ പേളി ​െഡൽഫിയെ അനുവദിച്ചിട്ടില്ല. എന്തോ ഒരു അവഗണന ഡെൽഫിയോട് ​േപളി കാണിച്ചിട്ടുണ്ട്. എല്ലായിടത്തും എല്ലാവരിൽനിന്നും ഡെൽഫി ഇത്തരം അവഗണനയും ഒറ്റപ്പെടലും അനുഭവിക്കാറുണ്ടെന്നവർ പരിതപിക്കാറുണ്ട്.


കരൾരോഗം മൂർച്ഛിച്ച് പേളി മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്കുമുമ്പ് അവർ ഡെൽഫിയെ വിളിച്ചിട്ട് പറഞ്ഞു, എടീ, എനിക്ക് നല്ല സുഖം തോന്നുന്നില്ല. എന്തോ ഒരു വല്ലായ്ക –എങ്കിലും അവർ മുടങ്ങാതെ ജോലിക്ക് പോകുന്നുണ്ടായിരുന്നു– നീയൊരു കാര്യം ചെയ്യ്. എന്റെ സാരികളിരിക്കുന്ന അലമാര തുറന്ന് അതിലിരിക്കുന്ന സാരികളൊക്കെ എടുത്ത് കിടക്കയുടെ പുറത്തിട്.

മുമ്പ്, ആരെന്ത് പറഞ്ഞാലും ഉടനെ അവർ അതനുസരിക്കുമായിരുന്നത്രെ. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. അനുഭവംകൊണ്ട് ആകെ മാറിപ്പോയെന്നവർ അഭിമാനം കൊള്ളുന്നു.

കിടക്കയിൽ നിരത്തിയിട്ട സാരികൾ കണ്ട് ഡെൽഫിയുടെ കണ്ണുതള്ളിപ്പോയി. ഓരോ സാരിയും കൈയിലെടുത്ത് ദേഹത്ത് വെച്ചുനോക്കിയും മണത്തും രസിക്കുന്നതിനിടയിൽ പേളി പറഞ്ഞു. അതിൽനിന്ന് സ്റ്റിഫുള്ള ഓയിൽ കോട്ടൻസാരികളൊക്കെ നീ തെരഞ്ഞെടുത്തോ ഡെൽഫീ. നിനക്ക് വണ്ണം കുറവായതുകൊണ്ട് അതാണ് നല്ലത്.

ഡെൽഫി അങ്ങനെയുള്ളത് തെരഞ്ഞെടുത്തു. പത്തുപന്ത്രണ്ട് സാരികൾ അവർക്ക് കിട്ടി. അല്ലെങ്കിൽ ഡെൽഫി അതേ എടുത്തുള്ളൂ.

ഡെൽഫീ, അതിൽനിന്ന് തളർന്നുകിടക്കുന്ന പോളിസ്റ്റർ, ഷിഫോൺ സാരികൾ തിരഞ്ഞു മാറ്റിവെച്ചേക്ക്. അവയൊക്കെ എന്റെ നാത്തൂന് നീ തന്നെ കൊടുത്തേക്കണം. പട്ടുസാരികളൊക്കെ ആങ്ങളമാരായ ഡാന്റസി​ന്റെയും ടിറ്റോയുടെയും ഭാര്യമാർക്ക് വീതിച്ചുകൊടുക്കാനും പേളി പറഞ്ഞു.

ചേച്ചിക്കിതെന്തുപറ്റിയെന്ന് ഡെൽഫി സങ്കടത്തോടെ ഓർത്തു. മരിക്കാനുള്ള പ്രായമായിട്ടില്ല. അസുഖങ്ങളുണ്ടെങ്കിലും അതത്ര കടുത്ത അവസ്ഥയിലല്ല.

ഡെൽഫി ആരുടെയും എന്തെങ്കിലും വാങ്ങി ഉടുക്കുന്നത് ജെർസന് ഇഷ്ടമല്ലെന്ന് അവർക്കറിയാം. സാരികളോട് ഡെൽഫിക്ക് ഭ്രമവുമില്ല. പിന്നെ പേളി സന്തോഷത്തോടെ കൊടുത്തതായതുകൊണ്ട് വാങ്ങാതിരിക്കുന്നതെങ്ങനെയെന്ന് കരുതി ഡെൽഫി ആ സാരികളൊക്കെ കൊണ്ടുപോയി അവരുടെ അലമാരയിൽവെച്ച് പൂട്ടി. അതുകഴിഞ്ഞ് ഒരുമാസം തികയുന്നതിന് മുമ്പേ പേളി മരിച്ചു. എല്ലാ മൃതദേഹങ്ങളും കിടത്തുന്ന പെട്ടികളിലെന്നതുപോലെ പേളിയുടെ പെട്ടിയിലും ധാരാളം, സുഗന്ധമുള്ള പൂക്കൾ വെച്ചലങ്കരിച്ചിരുന്നു.

ഡെൽഫിയും ആങ്ങളമാരും കുഞ്ഞായിരുന്നപ്പോളേ ഡെൽഫിയുടെ അപ്പൻ മരിച്ചുപോയിരുന്നു. പിന്നെ മൂത്ത ചേച്ചിയായ പേളിയും അമ്മയും കൂടിയാണ് കുടുംബം നോക്കിയത്. അതുകൊണ്ട് പേളി മരിച്ചുകിടന്നപ്പോൾ സ്വന്തം അമ്മ മരിച്ചുകിടക്കുന്നതുപോലുള്ള ദുഃഖം ഡെൽഫിക്കുണ്ടായി. ഡെൽഫി നിർത്താതെ കരച്ചിലായിരുന്നു. ശവമടക്ക് കഴിഞ്ഞ് പിറ്റേന്ന് പള്ളിയിൽ പോകാനായി ഉടുക്കാൻ സാരിക്കുവേണ്ടി അലമാര തുറന്നപ്പോൾതന്നെ പേളി കൊടുത്ത സാരികൾ ഡെൽഫിയുടെ കണ്ണുകളിലുടക്കി. ആ നിമിഷംതന്നെ അലമാരയിൽനിന്ന് പേളിയുടെ ശവപ്പെട്ടിയിൽ അലങ്കരിച്ചുവെച്ചിരുന്ന പൂക്കളിൽനിന്ന് പ്രസരിച്ച അതേ മണം ഡെൽഫിയുടെ മൂക്കിലേക്കടിച്ചുകയറാൻ തുടങ്ങി. അപ്പോൾ ഡെൽഫിയുടെ ദേഹം മുഴുവൻ പൂത്തുകയറി. ഡെൽഫി അന്ന് ആ സാരികൾ എടുത്തുതരുമ്പോളും അതിനുശേഷവും ആ സാരികൾ യാദൃച്ഛികമായി ഡെൽഫി മണത്തുനോക്കിയിരുന്നു. പുതിയ തുണിയുടെ മണമല്ലാതെ മറ്റൊരു മണവും അവക്കുണ്ടായിരുന്നില്ല. അലമാരയിൽ ഇത്ര ദിവസവും ഇരുന്നപ്പോളും സുഗന്ധമൊന്നും അനുഭവപ്പെട്ടിരുന്നില്ല. ഡെൽഫി ആ സാരികളിലൊന്ന് കൈയിലെടുത്ത് മണത്തുനോക്കി. ഇന്നലെ പേളിയുടെ പെട്ടിയിലുണ്ടായിരുന്ന പൂക്കളുടെ അതേ മണം. പിന്നെ കുറേ നാളത്തേക്ക് അലമാര തുറക്കുമ്പോളെല്ലാം ആ സുഗന്ധം ഡെൽഫിക്കനുഭവപ്പെട്ടിരുന്നു. അതുകാരണം പേളി കൊടുത്ത ഒരൊറ്റ സാരിപോലും ഡെൽഫി പിന്നീട് ഉടുത്തില്ല. ഇപ്പോളും അവയെല്ലാം ഭദ്രമായവിടെത്തന്നെയുണ്ട്. പഴയ സുഗന്ധം പക്ഷേ, ഇന്നവക്കില്ല. ക്രമേണ കുറഞ്ഞില്ലാതാകുകയും ചെയ്തു.

പേളിക്ക് അസുഖം കടുത്ത്, മരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഡെൽഫി അവരുടെ കിടക്കക്കരികിൽ പോയിരിക്കുകയായിരുന്നു. അപ്പോൾ ആരോ തന്നെ അന്വേഷിച്ചുവരുന്നതുപോലെ ഇടക്കിടക്ക് പേളി പുറത്തേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു. ആരെയാണ് അന്വേഷിക്കുന്നതെന്ന് ഡെൽഫി പേളിയോട് ചോദിച്ചു. പേളി അതിന് മറുപടിയൊന്നും പറഞ്ഞില്ല. ഇത് കേട്ടപ്പോൾ ഞാൻ മനസ്സിൽ കരുതിയിരുന്നു ഈ സംഭവം നോവലിൽ എഴുതേണ്ട എന്ന്. കാരണം, പ്രസിദ്ധമായ ഒരു നോവലിലോ കഥയിലോ ഇതിനോട് സാമ്യമുള്ള ഒന്ന് വായിച്ചതുപോലെ ഓർക്കുന്നു.

ഇതിനോട് ചേർത്തുവെക്കാവുന്ന മറ്റൊരനുഭവം ഡെൽഫി ഒരിക്കൽ പറഞ്ഞു: ഇടുക്കിയിൽനിന്ന് മൂലമ്പിള്ളിയിൽ വന്നു വാടകക്ക് താമസിക്കുന്ന ഒരു മേഴ്സിയുമായി ഡെൽഫി ചങ്ങാത്തത്തിലായി. അത്യാവശ്യം സാമ്പത്തികശേഷിയുള്ള കുടുംബത്തിൽ ജനിച്ച മേഴ്സി, സാബു എന്ന ചെറുപ്പക്കാരനുമായി വിവാഹം കഴിച്ചു. അമ്മായിഅമ്മ പോര് സഹിക്കാനാകാതെ നാട്ടിൽനിന്ന് പോന്നതാണ്. മൂലമ്പിള്ളിയിൽ വന്നതിനുശേഷമാണ് കുട്ടികൾ രണ്ടും ഉണ്ടായത്. ഒഴിവുസമയങ്ങളിൽ ഡെൽഫി മേഴ്സിയുടെ അടുക്കൽ വന്ന് വർത്തമാനം പറഞ്ഞിരിക്കും. ഡെൽഫി അവരുടെ കഥ മുഴുവൻ മേഴ്സിയോടുള്ള അടുപ്പവും സ്നേഹവുംകൊണ്ട് കൂട്ടുകാരിയോട് പറഞ്ഞുതീർത്തിരുന്നു. ആയിടക്കാണ് മേഴ്സിയുടെ വലതു കാലിന്റെ തള്ളവിരൽ കല്ലിൽ തട്ടി മുറിഞ്ഞത്. പ്രമേഹരോഗിയായിരുന്നതിനാൽ ആ മുറിവ് പെട്ടെന്ന് പഴുത്ത് കാലിന്റെ തള്ളവിരൽ മുറിച്ചുകളയേണ്ടിവന്നു. അതോടുകൂടി മേഴ്സി രോഗിയായിത്തീർന്നു. അത്രയും കാലം സ്വർണത്തിന്റെ വലിയ മാലയും പാദസരവും വളയുമൊക്കെ ഇട്ട് നടന്നിരുന്ന ഗെറ്റപ്പുകാരത്തിയായിരുന്നു മേഴ്സി. ഒരുപാട് കാലത്തെ ചികിത്സയും മറ്റും കഴിഞ്ഞപ്പോൾ അവരുടെ വീട്ടിൽ ഭയങ്കര ദാരിദ്ര്യമായി. രണ്ടു കുട്ടികളെയും രോഗിയായ മേഴ്സിയെയും വീട്ടിൽ ഒറ്റക്കാക്കി സാബുവിന് നേരേചൊ​െവ്വ അയാളുടെ കാർപെന്റർ ജോലിക്ക് പോകാൻ കഴിയാതെ വന്നു. ഇല്ലാത്ത സമയമുണ്ടാക്കി ഡെൽഫി അവിടെ എന്തെങ്കിലും സഹായത്തിന് ചെല്ലും. ഒരിക്കൽപോലും ഇടുക്കിയിലുള്ള ബന്ധുക്കളും സഹോദരങ്ങളും ഒരു സഹായത്തിനും മേഴ്സിയുടെ അടുക്കലേക്ക് വന്നില്ല. എല്ലാവരും കൃഷിയും മറ്റുമായി തിരക്കിലാണെന്നാണ് മേഴ്സി പറഞ്ഞത്. ഇനി അവരെ അറിയിക്കാഞ്ഞതാണോ എന്ന് ഡെൽഫിക്ക് സംശയമുണ്ടായിരുന്നു.

ഒരു ഞായറാഴ്ച രാവിലെ കുട്ടികൾ വേദോപദേശ ക്ലാസിൽ പോകാൻ എഴുന്നേറ്റു​െചന്ന് വിളിച്ചപ്പോൾ മേഴ്സി ചരിഞ്ഞുകിടന്നുറങ്ങുന്നു. കുട്ടികൾ കുലുക്കിവിളിച്ചിട്ടും മേഴ്സി ഉണർന്നില്ല.

തലേദിവസംകൂടി ഡെൽഫി മേഴ്സിയുമായി ഏറെനേരം വർത്തമാനം പറഞ്ഞിരുന്നതാണ്. ചില സഹായങ്ങളും അവൾക്കവർ ചെയ്തുകൊടുത്തിരുന്നു. അപ്പോളൊക്കെ മേഴ്സിയുടെ കാലിലെ പഴുത്ത മുറിവിൽനിന്ന് വല്ലാത്ത ഒരു മണം വരുന്നുണ്ടായിരുന്നു. അഴുകിയ മാംസത്തിന്റെ മണം. ഡെൽഫി പക്ഷേ, ഒരിക്കലും അത് വകവെക്കുകയോ മേഴ്സിയോടത് പറയുകയോ ചെയ്തില്ല. മേഴ്സിയുടെ ശവപ്പെട്ടിക്കടുത്തിരുന്നപ്പോളും പൂക്കളുടെയും പെർഫ്യൂമിന്റെയും ചന്ദനത്തിരിയുടെയും രൂക്ഷഗന്ധങ്ങൾക്കിടയിലും അവളുടെ കാലിന്റെ മാംസം അഴുകിയ മണം ഡെൽഫിക്കനുഭവപ്പെട്ടിരുന്നു. ശവമടക്ക് കഴിയുന്നതുവരെ ഇവിടെയും ഡെൽഫി ഒരുപാട് കരഞ്ഞു. അന്നു രാത്രി ഏറെ ക്ഷീണിച്ചാണ് അവർ ഉറങ്ങിയത്. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ണും മുഖവും വീർത്തുവിങ്ങിയിരുന്നു. അന്നേരം ഡെൽഫിക്ക് അവരുടെ തൊട്ടടുത്ത് മേഴ്സിയുടെ കാലിലെ മുറിവിന്റെ മണം അനുഭവപ്പെട്ടു. അപ്പോളും ഡെൽഫിക്ക് മേലാകെ പൂത്തുകയറുന്നതുപോലെ തോന്നി. രോമങ്ങൾ എല്ലാം എഴുന്നേറ്റുനിന്നു. പിറ്റേന്ന് അത്യാവശ്യമുള്ള ചില തുണികൾ തയ്ക്കാനിരുന്നപ്പോളും പ്രാർഥന ചൊല്ലുമ്പോളും അടുക്കളയിൽ പാത്രം കഴുകുമ്പോളുമൊക്കെ പല ദിവസങ്ങളിലും ഡെൽഫിക്ക് മേഴ്സിയുടെ കാലിലെ മണം അനുഭവപ്പെട്ടു.

ആ ദിവസങ്ങളിൽ ഡെൽഫി വീടിന് പുറത്തിറങ്ങിയതേയില്ല. പ്രത്യേകിച്ച് രാത്രികളിൽ. അവർക്ക് കടുത്ത ഡിപ്രഷനുണ്ടായി. പക്ഷേ, ഡെൽഫി അന്നും മരുന്നൊന്നും കഴിച്ചില്ല. അതിനൊരു കാരണമുണ്ട്. ഡെൽഫിയുടെ അടുത്ത ഒരു കൂട്ടുകാരിക്ക് കടുത്ത ഡിപ്രഷൻ വരുമായിരുന്നു. അവർ ഡോക്ടറുടെ നിർദേശപ്രകാരം ഡിപ്രഷനുള്ള മരുന്ന് കഴിക്കാൻ തുടങ്ങി. അതിനുശേഷമുള്ള ദിവസങ്ങളിൽ അവർ എപ്പോളും വെറുതെ തലതാഴ്ത്തി കീഴ്പ്പോട്ട് നോക്കിയിരിക്കും. നടപ്പും അങ്ങനെതന്നെ. ഡിപ്രഷനുള്ള മരുന്ന് അവരുടെ തലച്ചോറിനെ തളർത്തിക്കളഞ്ഞു.

ഡിപ്രഷൻ വരുമ്പോളൊക്കെ ഡെൽഫി ചിറ്റൂരുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാൻ പോകും. ഒരിക്കൽ അവിടെവെച്ച് മനുഷ്യരല്ലാത്ത ആരോ ഒരാൾ തന്നെ ഉരുമ്മി കടന്നുപോയ ഒരനുഭവം ഡെൽഫിക്കുണ്ടായി. പരിശുദ്ധാത്മാവിനെ നമുക്ക് തീയായും വെള്ളമായും കാറ്റായും അനുഭവിക്കാനാകുമെന്ന് ധ്യാനം തുടങ്ങിയ അന്ന് ധ്യാനപ്പട്ടക്കാരൻ പ്രഭാഷണമധ്യേ പറഞ്ഞിരുന്നു. അന്ന് ഡെൽഫിക്ക് അനുഭവിക്കാൻ കഴിഞ്ഞു.

ഇന്ന് പരിശുദ്ധാത്മാവിന്റെ അഭിഷേക ദിവസമാണ്. അതിനായി നിങ്ങൾ ഓരോരുത്തരും ഒരുങ്ങേണ്ടതുണ്ട് എന്ന് അച്ചൻ പറഞ്ഞപ്പോൾ മുതൽ, ഇന്ന് തന്റെ ദിവസമാണെന്ന് ഡെൽഫിക്ക് തോന്നിത്തുടങ്ങി. അതുപോലെത്തന്നെ പ്രാർഥനാസമയത്ത് ഡെൽഫിയുടെ ദേഹത്തേക്ക് മുകളിൽനിന്ന് വെള്ളത്തുള്ളികൾ വന്നുവീണു. അച്ചൻ പുത്തൻവെള്ളം തളിച്ചതാണോ എന്നറിയാൻ ഡെൽഫി ചുറ്റും നോക്കി. എന്നാൽ, അച്ചൻ വളരെ ദൂരെയാണ് നിന്നിരുന്നത്. മാത്രമല്ല, ആ നേരത്ത് അച്ചൻ പുത്തൻവെള്ളം തളിക്കുന്നുമില്ലായിരുന്നു.

പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിന്റെയന്ന് ഭക്ഷണങ്ങളൊന്നും കഴിക്കരുതെന്ന് അച്ചൻ പറഞ്ഞിരുന്നു. ​വേണമെങ്കിൽ വെള്ളം മാത്രം അൽപം കുടിക്കാം. ധ്യാനഹാളിലെ കസേരകളൊക്കെ അരികിലേക്ക് മാറ്റിയിട്ട് എല്ലാവരും മുട്ടിന്മേൽ നിന്നുവേണം പ്രാർഥിക്കാൻ. അതുപ്രകാരം പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ നല്ലൊരു കുളിർകാറ്റ് പെട്ടെന്ന് എവിടെനിന്നോ വന്ന് ഡെൽഫിയെ തഴുകി കടന്നുപോയി. പുറത്തുനിന്ന് വരുന്ന സാധാരണ കാറ്റല്ല അതെന്ന് ഡെൽഫിക്ക് ഉറപ്പായിരുന്നു. പരിശുദ്ധാത്മാവിന്റെ വരവറിയിക്കുന്നതുപോലൊരനുഭവം. അതിനുശേഷം കണ്ണടച്ച് പ്രാർഥിക്കുമ്പോൾ ഡെൽഫിയുടെ നെറുകയിൽ ഒരു ചൂട് അനുഭവിപ്പിച്ചുകൊണ്ടാണ് തീയുടെ രൂപത്തിൽ പരിശുദ്ധാത്മാവ് ഡെൽഫിക്കരികിൽ വന്നത്. ഡെൽഫി കണ്ണുതുറന്ന് മേൽപോട്ട് നോക്കിയപ്പോൾ മെഴുകുതിരിനാളം പോലെയൊന്ന് നെറ്റിയിൽനിന്ന് വേർപെട്ട് മുകളിലേക്ക് പോകുന്നത് അവർ കണ്ടു. ഡെൽഫിക്കപ്പോൾ കുറച്ചുനേരത്തേക്ക് തന്റെ ബോധം മങ്ങുന്നതുപോലെ തോന്നി.


ഡെൽഫി പറയുന്ന ഇത്തരം അനുഭവങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ, സ്ഥിരബുദ്ധിയോടെയാണോ അവരിത് പറയുന്നതെന്ന് എനിക്ക് സംശയം തോന്നും. അതൃപ്തിയും വേദനയും ഒറ്റപ്പെടലും ഏകാന്തതയും മാത്രം നിറഞ്ഞ ഡെൽഫിയുടെ മനസ്സ് അതിജീവനത്തിന് ഓരോ വഴികൾ തേടുകയാകാം.

ജെർസനൊപ്പം വീടിനകത്തുതന്നെയിരുന്ന് ഭ്രാന്തെടുക്കുന്നതുപോലെ തോന്നുമ്പോൾ ഡെൽഫി, വിൻസിയുമായി ചില യാത്രകൾ പോകും. വിൻസിയും കെട്ടിയവനില്ലാതെ വീട്ടിലിരിക്കുന്നവളാണ്.

ജെർസന്റെ സ്വന്തം ചേട്ടനായിട്ടുകൂടി ജോൺസനെയും കുടുംബത്തെയും കുറിച്ച് ഡെൽഫി അധികം പറഞ്ഞിട്ടില്ല. ജോ​ൺസന് ഒരിക്കൽ പ്രേതബാധയുണ്ടായതിനെക്കുറിച്ച് പറഞ്ഞിരുന്നു. അയാൾ ഒരുദിവസം ഉച്ചക്ക് മൂലമ്പിള്ളിപ്പള്ളിയിൽ കയറി അതിനകത്തിരുന്ന പുണ്യാളന്മാരുടെയും പുണ്യാളത്തികളുടെയും തിരുസ്വരൂപങ്ങൾ ഒറ്റക്ക് എടുത്തുപൊക്കി പള്ളിക്ക് പുറത്തുകൊണ്ടുവന്ന് നിരത്തിവെച്ചു. നട്ടുച്ച നേരത്തായിരുന്നതിനാൽ മറ്റാരും പള്ളിപരിസരത്തുണ്ടായിരുന്നില്ല. ആ നേരത്ത് ജോൺസൻ എങ്ങനെ അടഞ്ഞുകിടന്ന പള്ളിവാതിൽ തുറന്നു എന്ന് ആർക്കും അറിയില്ല. കപ്യാർ പള്ളിയുടെ ഏതെങ്കിലും വാതിൽ പൂട്ടാതെ പോകാൻ സാധ്യതയില്ലെന്ന് എല്ലാവരും പറയുന്നു. സെബസ്ത്യാനോസ് പുണ്യാളന്റെയും ഗീവർഗീസ് പുണ്യാളന്റെയുമൊക്കെ രൂപങ്ങൾ വലിയ കൂടടക്കമാണ് എടുത്തുകൊണ്ടുവന്നിരിക്കുന്നത്. പെരുന്നാളുകൾ വരുമ്പോൾ നാലും ആറും ആളുകൾ ഒരുമിച്ച് ചേർന്നാണ് അവ​ പ്രദക്ഷിണത്തിന് എഴുന്നള്ളിക്കുന്നത്. അത്രയും ഭാരമുള്ള രൂപങ്ങൾ കൂടോടെ ഒറ്റക്ക് എടുത്തുയർത്തുക മനുഷ്യസാധ്യമായ കാര്യമല്ല.

ജോൺസന്റെ വിക്രിയയെക്കുറിച്ച് കേട്ടറിഞ്ഞ് ഇടവകക്കാർ പള്ളിമുറ്റത്ത് തടിച്ചുകൂടി. ജോൺസൻ രൂപങ്ങൾക്കടുത്ത് ബലം കയറിയതുപോലെ വിറച്ചുനിൽപാണ്. അറിഞ്ഞുവന്നവരെല്ലാം ജോൺസനും രൂപങ്ങൾക്കും ചുറ്റും അതിശയത്തോടെ നോക്കിനിന്നു. പിന്നെ, എല്ലാ രൂപങ്ങളും അയാളോടുതന്നെ പള്ളിയിലേക്ക് തിരികെ എടുത്തുവെക്കാൻ അവർ ആവശ്യപ്പെട്ടു. ജോൺസൻ ബലം കയറിനിന്നതല്ലാതെ ഒട്ടും വഴങ്ങിയില്ല. ഒടുവിൽ എവിടെയോ പോയിരുന്ന വികാരിയച്ചൻ വന്ന് ശാസിച്ചപ്പോളാണ് ജോൺസൻ എല്ലാ രൂപങ്ങളും പള്ളിയിലേക്ക് തിരികെ എടുത്തുവെച്ചത്.

വർഷങ്ങൾക്കുമുമ്പ് മഞ്ഞപ്പിത്തം വന്ന് കടുത്തുപോയാണ് ജോൺസൻ മരിച്ചത്.

വിൻസിയുമൊത്ത് ആലുവയിലെ ശിവരാത്രി മണപ്പുറത്തുപോയ ഒരനുഭവം ഡെൽഫി പറഞ്ഞു. ആലുവക്ക് പത്തുപന്ത്രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള നാനാജാതി മതസ്ഥർ എല്ലാ കൊല്ലവും ശിവരാത്രി കഴിഞ്ഞുള്ള ദിവസങ്ങളിൽ മണപ്പുറത്ത് ചുറ്റിക്കറങ്ങാൻ പോകുക പതിവുണ്ട്. എല്ലാത്തരം കച്ചവടക്കാരും വിനോദങ്ങളുമൊക്കെയായി ഒരു വലിയ കാർണിവൽ പോലെയാണ് ആ ദിവസങ്ങളിൽ മണപ്പുറം. പലതരം കളികൾ കൂടാതെ വിവിധതരം ഭക്ഷണശാലകൾ, കച്ചവടക്കാർ, പ്രദർശനങ്ങൾ... ആകെ തിക്കും തിരക്കും ബഹളവും.

ഹൈകോടതി ജങ്ഷനിൽ ബസിറങ്ങി അവിടെനിന്ന് ആദ്യം വന്ന ആലുവ ബസിലേക്ക് ഇരുവരും ഓടിക്കയറി, സീറ്റുപിടിച്ചുകഴിഞ്ഞ് ടിക്കറ്റെടുത്ത് യാത്ര തുടർന്നു. കളമശ്ശേരി കഴിഞ്ഞപ്പോളാണ് പെട്ടെന്ന് ഇരുവർക്കും മനസ്സിലായത് ആ ബസ് നേരെ ആലുവക്കല്ല NAD വഴി ചുറ്റിക്കറങ്ങിയാണ് പോകുന്നതെന്ന്. ബസിന്റെ നെയിംബോർഡ് സൂക്ഷിച്ചുനോക്കിയിരുന്നെങ്കിൽ ഇക്കാര്യം ആദ്യമേ അറിയാമായിരുന്നു. ഇക്കാര്യം ബോധ്യമായതും വിൻസി ശരിക്കും പ്രാന്ത് കയറിയതുമാതിരിയായി. ഹോ... എന്ത് കഷ്ടമാണിത്, നമ്മൾ എപ്പോൾ ആലുവയിലെത്താനാണിനി. ഈ ബസിങ്ങനെ എല്ലായിടത്തും നിർത്തിനിർത്തി പതുക്കെ പോകുന്നതെന്താണ്, എന്നൊക്കെ ചോദിച്ച് ഡെൽഫിയുടെ സ്വൈരം കെടുത്താൻ തുടങ്ങി വിൻസി. അവരുടെ ആ നേരത്തെ ധിറുതിയും അരിശവും കണ്ടാൽ മണപ്പുറത്ത് അടുത്ത ബന്ധുക്കളാരോ അത്യാസന്ന നിലയിൽ കിടക്കുന്നതുപോലെയാണ് എന്നു തോന്നുമത്രെ. വിൻസിക്ക് ചെവികൊടുക്കാതെ ഡെൽഫി ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോളുണ്ട് പുറത്ത് മോഹിപ്പിക്കുംവിധം പ്രകൃതിരമണീയമായ പച്ചപ്പുനിറഞ്ഞ വെളിമ്പ്രദേശങ്ങൾ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നു. ഡെൽഫി ഉള്ളം കുളിർത്ത് ശരിക്കും ത്രില്ലടിച്ചുപോയി. ഒരു ടൂർ പോയതുപോലെയുണ്ട്. ഡെൽഫി വിൻസിയോട് പറഞ്ഞു. വിൻസീ, ഏതായാലും നമുക്ക് ഒരബദ്ധം പറ്റി, എന്നാലും നമ്മൾ ആലുവയിൽ എത്തും. കൂടിവന്നാൽ അരമണിക്കൂർ വൈകും. പക്ഷേ, ദേ പുറത്തേക്കൊന്ന് കണ്ണുതുറന്നു നോക്കിയേ എന്തു രസമാണല്ലേ കാണാൻ. മെയിൻറോഡിലൂടെയായിരുന്നെങ്കിൽ കുറേ വാഹനങ്ങളും കടകളുമല്ലാതെ ഈ പച്ചപ്പ് നമുക്ക് കാണാൻ കഴിയുമായിരുന്നോ വിൻസീ. ബസ് തെറ്റി കയറിയില്ലായിരുന്നെങ്കിൽ ഒരുകാലത്തും നമ്മൾ ഈ വഴി വരാൻ പോകുന്നില്ല. പക്ഷേ, എന്തൊക്കെ പറഞ്ഞിട്ടും വിൻസിക്ക് ഒരു മാറ്റവുമുണ്ടായില്ല. ചെവിട്ടോർമ ചൊല്ലുന്നതുപോലെ പരാതി പറഞ്ഞുകൊണ്ടിരുന്നു. ഡെൽഫിയെ സന്തോഷത്തോടെ സ്ഥലങ്ങൾ കാണിച്ചുമില്ല, വിൻസിയൊട്ട് കണ്ടതുമില്ല. അസ്വസ്ഥമായ മനസ്സുമായാണ് അവർ ആലുവയിൽ ബസിറങ്ങിയത്. എന്നാൽ, ബസിൽനിന്നിറങ്ങിയപ്പോൾ വിൻസി ബസിലെ കിളിയോട് പറയുകയാണ്, കാര്യം കുറച്ചുസമയം അധികം പോയെങ്കിലും പുതിയ സ്ഥലങ്ങളും കാഴ്ചകളും കാണാൻ പറ്റിയെട്ടാ എന്ന്. അത് കേട്ടപ്പോൾ ഒരു ഓലമടലെടുത്ത് ഡെൽഫിക്ക് വിൻസിയുടെ മുതുകിലിട്ട് അടിക്കാൻ തോന്നിയെന്നാണ് ഡെൽഫി പറഞ്ഞത്.

മറ്റൊരു ദിവസം എറണാകുളം മറൈൻഡ്രൈവിൽ മഴവിൽപാലത്തിൽ വിൻസിയുമായി ഡെൽഫി നടക്കാൻ പോയി. മുമ്പ്, ഹൈക്കോടതിയുടെ പരിസരത്തുള്ള, ഫെലിക്കുമായി ഒരുമിച്ച് ചായ കുടിക്കാൻ കയറിയ അതേ കടയിൽ കയറി അവർ ഓരോ പഴംപൊരിയും ചായയും കഴിച്ചു.

പഴംപൊരിക്ക് ഹോട്ടലുകാർ പത്തുരൂപയാണെടുത്തത്. അപ്പോൾ വിൻസി ഹോട്ടലുകാരോട് ചോദിക്കുകയാണ്, ആലുവയിൽ പഴംപൊരിക്ക് ഏഴു രൂപയേ ഉള്ളല്ലോ എന്ന്. അത് കേട്ട് ഡെൽഫി വല്ലാതെ ചൂളിപ്പോയത്രെ. കടയിൽനിന്നിറങ്ങിയപ്പോൾ അവർ വിൻസിയോട് ചോദിച്ചു, എന്തിനാണിങ്ങനെ ചോദിക്കാൻ പോയത് എന്ന്. നമ്മൾ ആലുവയിൽ കയറിയത് ആദാമിന്റെ കാലത്തെപ്പോലെ കാലപ്പഴക്കം വന്ന ഒരു കടയിലല്ലേ. അവർ വെള്ളമെടുക്കുന്നത് സ്വന്തം കിണറ്റിൽനിന്ന് കോരിയാണ്. കറണ്ടുബില്ലും കൊടുക്കേണ്ട അവർക്ക്. ഈ കടയിലെ ഫർണിച്ചറുകളും സെറ്റപ്പും നോക്കിയേ. അങ്ങനെയാണെങ്കിൽ വിൻസി താജ്ഹോട്ടലിൽ കയറിയാൽ എന്തുപറയും?

നമ്മൾ ഈ യാത്ര ആസ്വദിക്കാൻ വന്നതല്ലേ, പഴംപൊരിയുടെ വില ചോദിക്കാൻ വന്നതാണോ, എങ്കിൽപിന്നെ വീട്ടിൽതന്നെ കുറച്ച് പഴംപൊരി ഉണ്ടാക്കി തിന്ന് ഇരുന്നാൽ പോരായിരുന്നോ വിൻസിക്ക്!

വിൻസിയുമൊത്തുള്ള കുറേ യാത്രകളിൽ ഇതുപോലെ രസക്കുറവുണ്ടായപ്പോൾ ഡെൽഫി പിന്നീടുള്ള യാത്രകൾ ഒറ്റക്കാക്കി. ഡെൽഫിയുടെ വാക്കുകളിൽതന്നെ കേൾക്കൂ: ‘‘നമ്മൾ ഒരിടത്ത് യാത്രപോകുന്നു. അവിടെ ചെല്ലുമ്പോൾ ചിലപ്പോൾ കോരിച്ചൊരിയുന്ന മഴയായിരിക്കും. അതിനെതിരെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ചിലപ്പോൾ എവിടെയെങ്കിലും ഏറെനേരം വെറുതെ ഒതുങ്ങിക്കയറി നിൽക്കേണ്ടിവരും. അതും സ​േന്താഷമാക്കിമാറ്റാൻ നമുക്ക് കഴിയണം.

ഡെൽഫി ജീവിക്കുന്ന ജീവിതം ഭയങ്കര നെഗറ്റീവാണ്. പക്ഷേ, അവരുടെ മനസ്സ് പൂർണമായും അങ്ങനെയല്ല.

ഡെൽഫി കോട്ടയം ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൺസാമ്മയുടെ പള്ളിയിൽ ഇടക്ക് പോകാറുണ്ട്. വിശുദ്ധ അൽഫോൺസാമ്മ ഒരു വിശുദ്ധയാണെന്ന് കരുതിക്കൊണ്ടല്ല മറിച്ച് അവരെ സ്നേഹിക്കുന്ന ഒരു നല്ല ചേച്ചി ഭരണങ്ങാനത്തുണ്ട്. അവരെ കാണാൻ പോകുന്നു എന്ന് വിചാരിച്ചുകൊണ്ടാണ് ഡെൽഫി അവിടേക്ക് പോകുന്നത്. അതുകൊണ്ടുതന്നെ ആ യാത്രയുടെ ദൂരവും ക്ഷീണവും ഡെൽഫി അറിയാറില്ല.

ബസിറങ്ങി പള്ളിയിലേക്ക് നടക്കുമ്പോൾ ഡെൽഫി ഓർക്കും: ഞാൻ കാണാൻ പോകുന്ന ഈ ചേച്ചി എത്ര വേദന സഹിച്ചുകൊണ്ടാണ് ഈ ഭൂമിയിൽ ജീവിച്ചത്. തന്റെ ജീവിതത്തിൽ ഇപ്പോളുള്ള സങ്കടങ്ങളും സഹനങ്ങളും തനിക്ക് ഇഷ്ടമോ ആഗ്രഹമോ ഇല്ലാതെ ഓരോ സാഹചര്യങ്ങൾ കൊണ്ടുവന്ന് ചേർന്നതാണ്. പക്ഷേ, അൽഫോൺസാമ്മ അങ്ങനെയായിരുന്നില്ല. അവർ തന്റെ സഹനങ്ങൾ യേശുവിനോട് ചോദിച്ചുവാങ്ങുകയായിരുന്നു. ഒരുദിവസം സഹനമില്ലെങ്കിൽ, വേദനയില്ലെങ്കിൽ അന്നൊക്കെ യേശു തന്നെ സ്നേഹിക്കുന്നില്ലെന്ന് അൽഫോൺസാമ്മ കരുതും. എന്നിട്ടവർ അൾത്താരയിൽ ചെന്ന് സഹനങ്ങൾ ചോദിച്ചുവാങ്ങും.

മാനുഷികബുദ്ധിയിൽ ജീവിക്കുന്ന ഒരു സാധാരണ പെണ്ണാണു ഞാൻ. എനിക്കീ സങ്കടങ്ങൾ ഒട്ടും പറ്റുന്നില്ല. അതുകൊണ്ട് എനിക്കീ സഹനങ്ങൾ വേണ്ട ദൈവമേ എന്നാണ് പക്ഷേ, ഡെൽഫി എന്നും പ്രാർഥിക്കുന്നത്.

ഭരണങ്ങാനത്ത് മൂന്നുതവണ പോയി ഡെൽഫി. ക്ലാരമഠത്തിലും പിന്നെ പുണ്യാളത്തിയെ എടുത്തുവള​ർത്തിയ വല്യമ്മച്ചിയുടെ വീടായ മുരിക്കൻ തറവാട്ടിലും പോയി. അൽഫോൺസാമ്മ ശ്വസിച്ച വായുവും വെള്ളംകോരി കുടിച്ച കിണറും ഉള്ള മുരിക്കൻ തറവാട്ടിൽ ഒരിക്കലെങ്കിലും പോകാത്തവരുണ്ട്. എന്തിന് പറയണം. ഇവിടെ തൊട്ടടുത്ത്, പുഴക്കക്കരെയുള്ള ചിറ്റൂര് പോലും ഒരുതവണ പോകാത്ത കുറേ പെണ്ണുങ്ങളുണ്ടിവിടെ. ചിറ്റൂരു പോയാൽ ഇന്നുതന്നെ വരുവാൻ പറ്റുമോ എന്ന് ചോദിക്കുന്നവരുണ്ട് ഇവിടെ എന്നുപറഞ്ഞ് ഡെൽഫി അന്ന് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു.

കണ്ടനാടുനിന്ന് ചേരാനല്ലൂർക്ക് പോകുന്ന ഭാഗ​ത്തെ പുഴ കാണണമെന്ന് ഡെൽഫിക്ക് ഒരാഗ്രഹം തോന്നി ഒരിക്കൽ. അന്ന് സാംസന്റെ കെട്ടിയവൾ മിനിയുമായി കണ്ടെയ്നർ റോഡുവഴി ഓട്ടോറിക്ഷക്ക് അവിടെ ചെന്നിറങ്ങി. നടന്നുനടന്ന് പുഴയുടെ അടുത്തെത്താറായപ്പോൾ ഡെൽഫിക്ക് ഭയങ്കര സന്തോഷമായി. ഡെൽഫിയൊക്കെ പണ്ട് കടത്തിറങ്ങിയിരുന്നത് ആ ഭാഗത്തുകൂടിയായിരുന്നെന്ന് മിനിയെ ചൂണ്ടിക്കാണിച്ചു കൊടുത്തു. കുറച്ചുകൂടി നടന്ന് പുഴയുടെ ആ ഭാഗത്ത് പോയിനിന്ന് നമുക്ക് തണുത്ത കാറ്റ് കുറേ നേരം കൊണ്ടാലോ മിനീ എന്ന് ഡെൽഫി ചോദിച്ചപ്പോൾ മിനി പറഞ്ഞത്രെ. ദേ, ചേച്ചീ അവിടെ രണ്ടുമൂന്നുപേർ നമ്മളെത്തന്നെ നോക്കിനിൽക്കുന്നത് കണ്ടോ? ഇനിയും പുഴയുടെ അരികിലേക്ക് ചെന്നാൽ അവർ കരുതും നമ്മൾ പുഴയിൽ ചാടി ചാകാൻ വന്നിരിക്കുകയാണെന്ന്. വാ നമുക്ക് പോകാം.

മിനിയുടെ വർത്തമാനം ഡെൽഫിയുടെ സന്തോഷം കെടുത്തിക്കളഞ്ഞു. അവർ വേഗം തിരിച്ചുപോന്നു.

ഡെൽഫി ജനിച്ചുവളർന്ന, അവരെ മാമോദീസ മുക്കിയ ഇടവകപ്പള്ളി പുതുക്കിപ്പണിയാനായി പൊളിച്ചപ്പോൾ സ്വന്തം വീട്ടുകാർ അക്കാര്യം അറിയിക്കാതിരുന്നത് ഡെൽഫിക്ക് ഭയങ്കര വിഷമമായിരുന്നു. ഒരുപാട് ദൂരെയല്ലാതിരുന്നിട്ടും അവരങ്ങനെ ചെയ്തുകളഞ്ഞല്ലോ എന്ന് ഡെൽഫി പിന്നെയും പിന്നെയും ഓർത്തു. തറവാട് വീട് പുതുക്കിപ്പണിയാൻ പൊളിക്കുന്നതിനുമുമ്പുള്ള ക്രിസ്തുവിന് ഡെൽഫി ചേച്ചിയും ആങ്ങളമാരുമൊത്ത് വീട്ടിൽ കൂടി, കേക്ക് മുറിച്ച്, മൊബൈൽ ഫോണിൽ എല്ലാവരും കൂടി ഫോട്ടോയെടുത്തു. സന്ധ്യയായപ്പോൾ ഡെൽഫിക്കൊരാഗ്രഹം, പള്ളിമുറ്റത്ത് തൂക്കിയിട്ടിരിക്കുന്ന നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും രാത്രിയിൽ ഒന്ന് കാണണമെന്ന്.


ജെർസൻ യഹോവാ സാക്ഷിയിലായിരുന്നപ്പോൾ നക്ഷത്രം തൂക്കലും പുൽക്കൂട് കെട്ടലും ഒന്നും ഉണ്ടായിരുന്നില്ല എന്നവർ ഇത് പറയുമ്പോൾ ഓർത്ത് എന്നോട് പറഞ്ഞു.

ജെർസന് സുഖമില്ലാതായത് മുതൽ ഒരു രാത്രിപോലും വീട്ടിൽനിന്ന് വിട്ടുനിന്നിട്ടില്ല. ബിനോയിയോട് പറഞ്ഞ് ഡെൽഫി അനുവാദം വാങ്ങി. ആ രാത്രി ജെർസനെ അവൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. സന്ധ്യയായപ്പോൾ പേളി ഡെൽഫിയോട് ചോദിച്ചു, നമുക്ക് കൊച്ചാപ്പന്റെ വീട്ടിൽ പോയാലോ എന്ന്. കൊച്ചാപ്പന്റെ വീട് പള്ളിയിൽനിന്ന് കുറച്ച് ദൂരെയാണ്. ഡെൽഫി അതുകൊണ്ട് വരുന്നില്ലെന്ന് പറഞ്ഞു.

പക്ഷേ, പേളി നിർബന്ധിച്ച് ഡെൽഫ​ിയെ അവിടേക്ക് കൊണ്ടുപോയി; രാത്രിയാകുമ്പോൾ തിരിച്ചുവരാമെന്ന് പറഞ്ഞ്. പക്ഷേ, അവിടെ ചെന്നപ്പോൾ പേളി കാലുമാറി. അവർ ഡെൽഫിയോട് പറയുകയാണ്, ഇതിലും നല്ല കാഴ്ചകൾ വേറെ ഏതൊക്കെ പള്ളിയിലുണ്ട്, അവിടെ എവിടെയെങ്കിലും പിന്നെ എപ്പോളെങ്കിലും പോയാൽ പോരേ എന്ന്. ഞാനെന്ത് മറുപടി പറയാനാണ് എന്ന് ഡെൽഫി ചോദിക്കുന്നു. കൊച്ചാപ്പന്റെ വീട്ടിൽനിന്ന് ഒറ്റക്ക് നടന്നുപോകാമെന്ന് വെച്ചപ്പോൾ എല്ലാവരുംകൂടി ഡെൽഫിയോട് ചോദിച്ചു, നീ​യൊരു പെണ്ണല്ലേ. ഈ രാത്രിയിൽ ഒറ്റക്ക് പോയാൽ ആളുകളെന്ത് വിചാരിക്കുമെന്ന്.

ഡെൽഫി അവരുടെ സഹനങ്ങളുടെ കഥകൾ പറഞ്ഞുപറഞ്ഞ് പോകുകയാണല്ലോ. എ​പ്പോളാണ് അവർ കഥയുടെ പരിസമാപ്തിയിലേക്ക് കടക്കുക എന്ന് ഞാനോർത്തു. കൈയിലുള്ള ഇതുപോലുള്ളവയെല്ലാം തീരുമ്പോൾ അറിയാതെ സ്വാഭാവികമായി ക്ലൈമാക്സിലേക്കെത്തുമായിരിക്കും. ആവേശത്തോടെ കാടും പടലും തല്ലി മുന്നോട്ടുപോകുമ്പോൾ നേരത്തേ എനിക്ക് തന്ന മുന്നറിയിപ്പിനെക്കുറിച്ച് മറന്നുപോകാനും മതി. ഒരു ലഹരിയിലങ്ങനെ പറയട്ടെ അവർ. ഭയന്ന് ഞാൻ വേണ്ടെന്ന് പറയുമെന്ന് അവർ പറയുന്ന ആ പരിസമാപ്തിയിലേക്ക് ഇനി എത്രദൂരമുണ്ടെന്ന് എനിക്കൊരു നിശ്ചയവുമില്ല. മരണത്തിലേക്ക് എത്ര ദൂരമുണ്ടെന്ന് നിശ്ചയമില്ലാത്തതുപോലെ!

ഈ വരികളെഴുതിയപ്പോൾ എന്തോ എനിക്ക് അജ്ഞാതമായ ഒരു ഭയമുണ്ടായി; ഞാനറിയാതെ.

(തുടരും)

News Summary - madhyamam weekly novel