Begin typing your search above and press return to search.
proflie-avatar
Login

9mm ബെരേറ്റ -നോവൽ

9mm ബെരേറ്റ -നോവൽ
cancel

സ്വയം അവരോധിതന്‍റെ കിരീടം1948 ജനുവരി 23 ഡോൺ ബ്രാഡ്മാൻ 272 മിനിട്ടുകൊണ്ട് 201 റൺസ് നേടി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ നാണംകെടുത്തിയ ദിവസം. പരാജയ ഭീതി ഉണ്ടായിരുന്നുവെങ്കിലും ടീം മൈതാനത്തു പൊരുതാനുറച്ചിരുന്നു. ഇതേ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് വിക്ടോറിയ ടെര്‍മിനന്‍സിൽ വന്നുനിന്ന പഞ്ചാബ് മെയിലിൽനിന്ന് നാഥുറാം ഗോഡ്സെ നട്ടുച്ചയിലേക്കു ഇറങ്ങിയത്. ബോംബെ നഗരം ശാന്തമായിരുന്നു. കുതിരവണ്ടികളും ചെറു കാറുകളും നിരത്തു കീഴടക്കിയിരുന്നു. ആളുകൾക്ക് യാതൊരു ധൃതിയും ഇല്ലാത്തതുപോലെയാണ് അന്ന് നഗരം ചലിച്ചിരുന്നത്. ഗോഡ്‌സെ ഇറങ്ങി മുന്നിൽ നടന്നു. ഇന്നലെവരെ പിന്നിൽ നടന്നവൻ മുന്നിൽ നടക്കാൻ തുടങ്ങിയിരിക്കുന്നു......

Your Subscription Supports Independent Journalism

View Plans

സ്വയം അവരോധിതന്‍റെ കിരീടം

1948 ജനുവരി 23

ഡോൺ ബ്രാഡ്മാൻ 272 മിനിട്ടുകൊണ്ട് 201 റൺസ് നേടി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ നാണംകെടുത്തിയ ദിവസം. പരാജയ ഭീതി ഉണ്ടായിരുന്നുവെങ്കിലും ടീം മൈതാനത്തു പൊരുതാനുറച്ചിരുന്നു. ഇതേ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് വിക്ടോറിയ ടെര്‍മിനന്‍സിൽ വന്നുനിന്ന പഞ്ചാബ് മെയിലിൽനിന്ന് നാഥുറാം ഗോഡ്സെ നട്ടുച്ചയിലേക്കു ഇറങ്ങിയത്. ബോംബെ നഗരം ശാന്തമായിരുന്നു. കുതിരവണ്ടികളും ചെറു കാറുകളും നിരത്തു കീഴടക്കിയിരുന്നു. ആളുകൾക്ക് യാതൊരു ധൃതിയും ഇല്ലാത്തതുപോലെയാണ് അന്ന് നഗരം ചലിച്ചിരുന്നത്.

ഗോഡ്‌സെ ഇറങ്ങി മുന്നിൽ നടന്നു. ഇന്നലെവരെ പിന്നിൽ നടന്നവൻ മുന്നിൽ നടക്കാൻ തുടങ്ങിയിരിക്കുന്നു... കാറ്റ് മാറി വീശുന്നത് ആപ്‌തെയുടെ നെഞ്ചിൽ തട്ടി. ഗോഡ്‌സെയുടെ ട്രങ്ക് പെട്ടിപോലും നാരായൺ ആപ്തെക്കു ചുമക്കേണ്ടിവന്നു. കൂട്ടുകാരന്റെ ഉള്ളിലിരുപ്പ് മാറിയതിന്റെ ബഹുമാനക്കുറവ് നാരായൺ ആപ്തെക്കു അപ്പോൾ തന്നെ പിടികിട്ടി. യുദ്ധം തോറ്റ പടത്തലവന് പഴിയുടെ കിരീടം ലോകനീതിയാണ്. ക്രിക്കറ്റ് മൈതാനത്തായാലും തീവ്രവാദത്തിലായാലും ഈ കാവ്യനീതി അവരോഹണത്തിനു കാരണമായിത്തീരുന്നു. ഏറ്റവും മികച്ച അവസരം വരുമ്പോൾ സംഘാംഗങ്ങൾക്കു രണബോധവും ആത്മവിശ്വാസവും ഏകാഗ്രതയും പകർന്നു കൊടുക്കാൻ കഴിയാത്ത നേതാവ് ചീഞ്ഞ വസ്തുവാണ്. അതിനുപിന്നെ മറ്റുള്ളവർക്ക് വളമാകാനേ കഴിയൂ.

നാരായൺ ആപ്‌തെക്കു കൈ കഴച്ചപ്പോൾ പെട്ടി നിലത്തുവെച്ചു. ''എന്തൊരു ഭാരമാണിതിന്?''

തോറ്റ മനുഷ്യരുടെ ഹൃദയങ്ങൾ കുത്തിനിറച്ച ഒരു പെട്ടിയാണിതെന്നു നാരായൺ ആപ്തെക്കു വെളിപാടുണ്ടായി. പെട്ടി കൈമാറ്റി പിടിച്ചുകൊണ്ടു അയാൾ നിരാശാജ്വരം ബാധിച്ചവനെപോലെ ഗോഡ്‌സെയെ അനുഗമിച്ചു. അയാളെ മറികടക്കാതിരിക്കാൻ വേഗതകുറച്ചു നടന്നു.

സ്റ്റേഷനു പുറത്തുകടന്നതും ഗോപാൽ ഗോഡ്‌സെ ഒന്ന് നിന്നു.

''എവിടെ മുറിയെടുക്കണം?''

''ഹോട്ടൽ ആര്യപഥക് ആശ്രമത്തിൽ നോക്കാം'' പെട്ടി നിലത്തുവെച്ച ശേഷം ആപ്‌തെ പറഞ്ഞു.

ഗോഡ്‌സെ ഒന്നും മിണ്ടിയില്ല. ഒരു ടോങ്ക വിളിച്ചു ആപ്‌തെ അതിൽ കയറിയിരുന്നു. തലക്കടി കിട്ടിയവനെപോലെ ഗോഡ്‌സെ അനങ്ങാതെ നിന്നപ്പോൾ, പറയാൻ വന്ന വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ശ്വാസം നിലച്ചുപോകുമെന്നു ആപ്‌തെ കരുതി.

''കയറൂ'', ആജ്ഞാപിക്കുന്ന സ്വരത്തിലാണ് ആപ്‌തെ പറഞ്ഞത്. ഗോഡ്‌സെ ടോങ്കയിൽ കയറി ഇരുന്നു. വണ്ടി നീങ്ങിയിട്ടും ഇരുവരും ഒന്നും സംസാരിച്ചില്ല. ആര്യ പഥക് ആശ്രമത്തിൽ താമസിക്കാൻ ആപ്തെക്കു വലിയ ഇഷ്ടമാണ്. മനോരമ സാൽവിയുമായി എത്രയോ തവണ അവിടെ കഴിഞ്ഞിട്ടുണ്ട്. പതിവുകാരനായതുകൊണ്ടു അയാൾക്ക്‌ എപ്പോൾ ചെന്നാലും മുറികിട്ടും. ഹോട്ടലിന്റെ മാനേജർ ഗയാപ്രസാദ്‌ ദുബെക്കും നാരായൺ ആപ്തെയെ വലിയ ഇഷ്ടമായിരുന്നു. അധികം കാശാവുകയുമില്ല, സുരക്ഷിതവുമാണ്. പക്ഷേ സ്ഥിരമായി ഇനി ഒരിടത്തു തങ്ങുന്നത് അപകടമാണ്. തങ്ങളെ ആരോ പിന്തുടരുന്നുണ്ടെന്ന ഉൾഭയം അവരുടെ ശരീര ചലനങ്ങളെ പോലും പരിമിതപ്പെടുത്തി. കുതിരവണ്ടി ആര്യപഥക്കിലെത്തി. ഹോട്ടലിൽ പതിവിൽ കൂടുതൽ തിരക്കുണ്ടായിരുന്നു.

''ക്ഷമിക്കണം രണ്ടു കിടക്കകളുള്ള മുറിയില്ല. എല്ലാം ഫുൾ ആണ്. പിന്നെയുള്ളത് ഡോർമെറ്ററിയാണ്. അവിടെ ആറുപേരുണ്ട്. അതുമതിയോ?'' ഗയാപ്രസാദ്‌ പറഞ്ഞു. ആപ്‌തെ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.

''എപ്പഴത്തേക്കു ഒഴിയും'', ഗോഡ്‌സെ ചോദിച്ചു.

''വൈകുന്നേരമാകുമ്പോഴേക്കും നോക്കാം, ഒന്നും ഉറപ്പിച്ചു പറയാൻ കഴിയില്ല.''

മാനേജർ പറഞ്ഞു.

ഗോഡ്‌സെ അതു കേട്ടഭാവം നടിച്ചില്ല.

''എന്തായാലും ഞങ്ങൾ ഈ പെട്ടികൾ ഇവിടെ വെക്കുന്നുണ്ട്. വൈകീട്ട് വരാം'', ആപ്‌തെ പറഞ്ഞു.

''എന്താ കൂട്ടുകാരന് നല്ല സുഖമില്ലേ, ക്ഷീണം തോന്നുന്നുവല്ലോ?'' മാനേജർ ചോദിച്ചു.

''ഞങ്ങൾ ഹൈദ്രബാദ് പോയിവരുന്ന വഴിയാണ്. യാത്രാക്ഷീണമുണ്ട്'', ആപ്‌തെ ചിരിക്കാൻ ശ്രമിച്ചു. തന്റെ മനസ്സിലുള്ളത് ശരീരത്തെ ബാധിച്ച കാര്യം അപ്പോഴാണ് ഗോഡ്‌സെ മനസ്സിലാക്കിയത്. ആപ്‌തെ ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. ''മനോരമയെ വിളിക്കണോ?''

ഗോഡ്‌സെ ഹോട്ടലിനു പുറത്തേക്കിറങ്ങിയപ്പോൾ ആപ്തെയും അയാളെ അനുഗമിച്ചു.

''എവിടെയെങ്കിലും ഒന്ന് വിശ്രമിച്ച ശേഷം കാര്യങ്ങൾ പ്ലാൻ ചെയ്യാം. ഇനി ഒട്ടും സമയം കളയാനില്ല'', ഗോഡ്‌സെ പിറുപിറുത്തു. മുറി ലഭിക്കാത്തതിൽ ഉള്ള നീരസത്തേക്കാൾ മറ്റെന്തോ അയാളെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.

''ഡൽഹിയിലെ വാർത്ത നാളെ ഈ നഗരവും ചർച്ച ചെയ്യാൻ തുടങ്ങും. അതിന് മുമ്പ് എന്തെങ്കിലും ചെയ്തേ പറ്റൂ. ഓപർച്യൂണിറ്റി കോസ്റ്റ്!'' ഗോഡ്‌സെ തന്റെ ഇടത്തെ ഷൂസ് റോഡിൽ അമർത്തി ചവിട്ടി.

''ശാന്തനാവൂ ഞാൻ പരിഹാരം ഉണ്ടാക്കാം'', ആപ്‌തെ കൂട്ടുകാരന്റെ മനസ്സ് വായിച്ചുകൊണ്ട് പറഞ്ഞു.

''സാബ്... മാനേജർ വിളിക്കുന്നു'', ഹോട്ടൽ ജീവനക്കാരനായ മാലേക്കർ, ആപ്‌തെയുടെ അരികിലേക്ക് വന്നുകൊണ്ടു പറഞ്ഞു.

''വരൂ... ഞാൻ മനോരമയെ വിളിച്ചു കാര്യങ്ങൾ കരക്കടുപ്പിക്കാം. ഗോപാലിനെയും കാർക്കറെയും വരുത്താം.''

''കാർക്കറെ ഡൽഹിയിൽ പിടികൊടുത്തു കാണുമോ'', ഗോഡ്‌സെയുടെ മുഖം വിളറി.

''വേണ്ടാ... ഒന്നും വഴിയിൽെവച്ച് ചർച്ച ചെയ്യണ്ട. നീയൊരു മൂലയിലേക്ക് മാറിനിൽക്കൂ. ഞാനിപ്പോൾ വരാം.''

നാരായൺ ആപ്‌തെ മാനേജർ ഗയാപ്രസാദിനോട് എന്തോ സംസാരിച്ച ശേഷം ഹോട്ടലിലെ ഫോണിൽനിന്ന് മനോരമയെ വിളിച്ചു. നോർത്ത് കോട്ട് പൊലീസ് ഹോസ്പിറ്റൽ ഹോസ്റ്റലിലേക്ക്, ടെലിഫോൺ ഓപറേറ്റർ എത്ര ശ്രമിച്ചിട്ടും ലൈൻ കണക്ട് ആയില്ല.

''കഷ്ടകാലം കന്യാസ്ത്രീകളെപോലെയാണ്, വരുമ്പോൾ കൂട്ടത്തോടെയാണ് വരിക.'' ആപ്‌തെ അക്ഷമനായി ഫോണിനരികിൽ നിന്നു.

ഏതാനും നിമിഷങ്ങൾക്ക് ശേഷം മനോരമ സാല്‍വിയെ അയാൾക്ക്‌ ലൈനിൽ കിട്ടി.

ആപ്‌തെയുടെ ശബ്ദം കേട്ടപ്പോൾ അവൾക്കു കോരിത്തരിപ്പുണ്ടായി. ''ഇത്ര പെെട്ടന്ന്‍ ഡൽഹിയിൽനിന്നു തിരിച്ചെത്തിയോ?''

''കുറച്ചു കാര്യങ്ങൾ ഉണ്ട്, ഞാൻ നേരിട്ട് പറയാം. ഇന്ന് വൈകീട്ട് തീർച്ചയായും കാണണം.''

കാമുകന്റെ മനോഹരമായ ശബ്ദം കേട്ടപ്പോൾ തന്നെ അവൾക്കു സ്വർഗം കിട്ടിയ പ്രതീതിയായിരുന്നു. അന്ന് രാവിലെ അയാളെ കുളിപ്പിച്ച് കൊടുക്കുന്നത് അവൾ സ്വപ്നം കണ്ടതേയുള്ളൂ. വല്ലാത്ത അത്ഭുതം തന്നെ, മനോരമയുടെ ഹൃദയാഹ്ലാദം പെരുകാൻ തുടങ്ങി.

ആപ്‌തെ ദീർഘനേരമൊന്നും സംസാരിച്ചില്ല. അയാൾ മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടി പുറത്തേക്കിറങ്ങി. ഉടുതുണിയിൽ കാര്യം സാധിച്ച കുട്ടിയെപ്പോലെ നാഥുറാം ഗോഡ്‌സെ ഒരു പകല്‍കിനാവിൽ നിൽക്കുന്നതാണ് ആപ്‌തെ കണ്ടത്.

''നമുക്ക് ജോഷി സാബിന്റെ വീട്ടിലേക്കു പോകാം'', ഗോഡ്‌സെ വിചാരങ്ങളിൽ നിന്നു വിടുതൽ നേടിക്കൊണ്ട് പറഞ്ഞു. ഈ കാര്യം തന്നെയായിരുന്നു ആപ്തെയും പറയാൻ ഉദ്ദേശിച്ചിരുന്നത്. വിധി ബാറ്റൺ കൈമാറിയതിന്റെ സൂചനയായിരുന്നു അത്. ഗോഡ്‌സെ മാനത്തു കാണാൻ തുടങ്ങിയിരിക്കുന്നു.

അവർ ഒരു ടാക്സി വിളിച്ചു താനയിലേക്കു വിട്ടു. മനോരമയോട് സംസാരിച്ചതിന്റെ കുളിർമ ആപ്തെക്കുണ്ടായിരുന്നു, ഗോഡ്‌സെയുടെ പിരിമുറുക്കത്തിന് യാതൊരയവും വന്നിരുന്നില്ല. സ്നേഹത്തെകുറിച്ചു ഓർക്കാനില്ലാത്തവർക്കു ഉൾനോവാണ് വിധി. ജി.എം ജോഷി ശിവാജി പ്രിന്റിങ് പ്രസിന്റെ ഉടമയാണ്. ഡൽഹിയിൽ പോകുന്നതിനു മുമ്പ് ആപ്തെയും ഗോഡ്സെയും അയാളെ കണ്ടിരുന്നു. ഹിന്ദു രാജ്യം സ്വപ്നം കാണുന്ന മനുഷ്യനാണ് ജോഷി.

ആപ്തെക്കു അയാൾ ഫണ്ട് നൽകാറുണ്ട്. ഡല്‍ഹിയാത്രക്ക് തൊട്ടുമുമ്പ് ജോഷി ഇവരെ അകമഴിഞ്ഞ് സഹായിച്ചിരുന്നു. കാർക്കറെയാണ് ഇരുവരെയും ജോഷിക്ക് പരിചയപ്പെടുത്തിയത്. ആപ്‌തെ തന്റെ വാക്‌ചാതുര്യം കൊണ്ട് ജോഷിയുടെ മതിപ്പു പിടിച്ചുപറ്റിയിരുന്നു. പണത്തിനു മുട്ട് വരുമ്പോഴെല്ലാം സംഘം ജോഷിയെ പോയി കാണും.

''കാർക്കറെ ബോംെബയിൽ എത്തിയാൽ ജോഷിയുടെ അടുത്ത് വരാതിരിക്കില്ല'', ടാക്സി താനെയിൽ എത്തിയതും ആപ്‌തെ പറഞ്ഞു. ഗോഡ്സെ മറുത്തൊന്നും മിണ്ടിയില്ല.

ശാന്താ സദൻ!

ടാക്സി വീടിന്റെ കുറച്ചകലെയാണ് നിർത്തിയത്. അവർ ജോഷിയുടെ വീട്ടിലേക്കു നടന്നു ചെന്നു. ജോഷി അവിടെയുണ്ടായിരുന്നു. ചിരപരിചിതരായതുകൊണ്ട് കാവൽക്കാരൻ അവരെ അകത്തേക്ക് കടത്തിവിട്ടു.

''കാർക്കറെ സാബ് ബന്ധപ്പെട്ടിരുന്നോ?'' ആപ്‌തെ ചോദിച്ചു.

ഇരുവരെയും കണ്ടതും ജോഷിയുടെ മുഖം ചുവന്നു. നെറ്റി വിയർത്തു.

''നിങ്ങൾ എന്തിനാണിപ്പോൾ ഇങ്ങോട്ടു കയറിവന്നത്?''

ജോഷി മുഖം തിരിക്കുമെന്നവർ ഒരിക്കലും കരുതിയിരുന്നില്ല.

''പൊലീസ് നിങ്ങളുടെ പിന്നാലെ വന്നാൽ ഞാനും വെറുതെ പുലിവാലുപിടിക്കേണ്ടിവരും.''

ജോഷി അവരെ വേഗം ഒഴിവാക്കി വിട്ടു.

''ഇനി നിങ്ങൾ എന്നെ കാണാൻ എന്റെ പ്രസിലോ വീട്ടിലോ വരരുത്.''

''ഹിന്ദു രാജ്യം സ്വപ്നം കാണുന്നവർ ഇത്രക്ക് ഭീരുക്കളാണോ?'' ആപ്തെക്കു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഗോഡ്‌സെ അപ്പോഴേക്കും അയാളുടെ തോളിൽ കൈയിട്ടുകൊണ്ടു ജോഷിയോട് യാത്രപറഞ്ഞു.

''ഞാൻ പറഞ്ഞത് മറക്കണ്ട. ഈ വഴി മറന്നേക്കുക.''

''ഞങ്ങളെച്ചൊല്ലി ഇനി നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. ഹിന്ദുവിന്റെ രാജ്യം ഉടനെ പിറക്കും.'' ഗോഡ്‌സെ ജോഷിയോടു പുഞ്ചിരിച്ചുകൊണ്ട് കൈകൂപ്പി. അവർ മടങ്ങുന്നത് നോക്കിനിൽക്കാതെ ജോഷി അകത്തു കയറി നെടുവീർപ്പിട്ടു.

നാല് ദിവസമായി ഇരുവരും ഷേവ് ചെയ്തിട്ട്, നന്നായൊന്നുറങ്ങിയിട്ട്. ഇങ്ങനെ ഒരു അവസ്ഥ മുമ്പുണ്ടായിട്ടില്ല. നിത്യവും ഷേവ് ചെയ്തിരുന്ന, നല്ല വസ്ത്രങ്ങൾ അണിഞ്ഞിരുന്ന ആപ്‌തെ ആളാകെ മാറിപ്പോയിരുന്നു. ആപ്‌തെയുടെ കണ്ണിനു ചുറ്റും കറുത്ത വലയം രൂപംകൊണ്ടിരുന്നു. ഇരുവരും കണ്ണാടി നോക്കിയിട്ടു ഒരാഴ്ചയായി. കാലം ചിട്ടപ്പെടുത്തി വെച്ച സാഹചര്യങ്ങളെ നേരിടേണ്ടിവരുമ്പോൾ ജീവിതത്തിന്റെ ചിട്ടകൾ തെറ്റുമല്ലോ. കുളിക്കാത്തതിനാൽ വിയർപ്പുണങ്ങാത്ത തുടകൾ ഉരഞ്ഞുപൊട്ടിയതിന്റെ അസ്വസ്ഥത ഗോഡ്‌സെയെ വലച്ചിരുന്നു

എങ്കിലും അയാൾ നടക്കാൻ തീരുമാനിച്ചു. കാർക്കറെയെ കണ്ടെത്തണം. അപരിചിത തീർഥാടകരെപോലെ ഇരുവരും വ്യാസിനെ തേടി ആ നഗരം മുഴുവനും അലഞ്ഞു.

പകൽ അവസാനിക്കാറായിരുന്നു. ''വ്യാസ് ഈ നഗരത്തിൽ എത്തിയിട്ടില്ല, ഒളിവിൽ പോകാൻ മാത്രം ഭീരുവല്ല അയാൾ. ഇനി അഹമ്മദ് നഗറിൽ പോയി കാണുമോ. ഇല്ല അതിനുള്ള സമയം ആയിട്ടില്ല. മാത്രമല്ല, ബോംെബയിൽ വരാതെ പൂനക്കു പോകുന്നതെങ്ങിനെ?''

ആപ്തെയും ഗോഡ്സെയും അലഞ്ഞു തളർന്നിരുന്നു.

''നമുക്കെന്തെങ്കിലും കഴിച്ചാലോ, ഉച്ചക്കും ഒന്നും കഴിക്കാത്തതല്ലേ?''

''കാപ്പി കുടിക്കാം'', ഗോഡ്‌സെ പറഞ്ഞു.

''പക്ഷേ ഹോട്ടലിൽ കയറി കഴിക്കുന്നത് സുരക്ഷിതമല്ല. നേരം വൈകുംതോറും നാം കൂടുതൽ ജാഗ്രത കാണിക്കണം.''

അവർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഒരു കാന്റീനിൽനിന്ന് കാപ്പിയും ലഘുഭക്ഷണവും കഴിച്ചു. ഒരാൾ കഴിക്കുമ്പോൾ മറ്റെയാൾ കാവൽ നിന്നു. ബോംബെ ചതിക്കില്ലെന്നു അവർക്കറിയാമായിരുന്നുവെങ്കിലും സന്ധ്യ മയങ്ങുംതോറും അവിശ്വാസം അവരിൽ കനപ്പെട്ടുവന്നു.

ഇംഗ്ലീഷ് കാപ്പിയുടെ ആരാധകനായ ഗോഡ്സെക്ക് അവിടത്തെ കാപ്പി ഒട്ടും ഇഷ്ടപ്പെട്ടില്ല, എങ്കിലും അയാളത് ആറ്റി കുടിച്ചു.

ആത്മവിശ്വാസക്കുറവും ഭയവും പിന്തുടരുന്നതിനാൽ, ഡൽഹിയിൽനിന്നുള്ള ട്രെയിന്‍ മധുര സ്റ്റേഷൻ എത്തുന്നതിനു മുമ്പ് വിഷ്ണു കാർക്കറെ വണ്ടിയിൽനിന്ന് എടുത്തുചാടിയിരുന്നു. പൊലീസുകാർ കംപാർട്മെന്റിൽ കയറി തിരയുന്നുണ്ടോ എന്ന് സംശയം തോന്നിയതിനാൽ ആണ് അയാൾ സാഹസം കാണിച്ചത്. ഭയം ഒരു മനുഷ്യന്റെ ചെയ്തികളെ കൂടുതൽ അപകടപ്പെടുത്തുമെന്ന് ട്രാക്കിൽ വീണു കാലുരഞ്ഞപ്പോഴാണ് കാർക്കറെക്കു ബോധ്യപ്പെട്ടത്. അയാൾ ഓടിയും നടന്നും കിതപ്പോടെ റോഡിലെത്തി. ഇരുട്ടിത്തുടങ്ങും മുമ്പ് ആഗ്രയിലേക്കുള്ള ബസ് പിടിച്ചു. കാതിൽ കാറ്റുകയറാതിരിക്കാൻ ഷാൾ കൊണ്ട് തലമൂടിയാണ് അയാൾ യാത്ര തുടർന്നത്. ദൂരം ചെല്ലുംതോറും സാഹസികതയുടെ നീറ്റൽ അയാളെ ധൈര്യപ്പെടുത്തികൊണ്ടിരുന്നു.

നാരായൺ ആപ്തെയും നാഥുറാം ഗോഡ്സെയും തീവണ്ടിയിൽ കയറി വി.ടി സ്റ്റേഷനിൽ പോകാൻ തീരുമാനിച്ചു.

''ഞാൻ ഗോപാലിനെ ഫോൺ ചെയ്തിട്ട് വരാം'', ഗോഡ്‌സെ എന്തോ ആലോചനക്ക് ശേഷം, ഫോൺ ചെയ്യാൻ പോയ നേരമത്രയും നാരായൺ ആപ്‌തെ സ്റ്റേഷൻ പരിസരത്ത്, കനലിൽ ചവിട്ടിനിൽക്കുന്നതുപോലെ അസ്വസ്ഥനായി. റെയിൽവേ പോര്‍ട്ടര്‍മാര്‍ തന്നെ സംശയത്തോടെ നോക്കുന്നതായി അയാൾക്ക്‌ തോന്നി. അതിൽനിന്ന് ശ്രദ്ധ തിരിക്കാനായി ആപ്‌തെ, മനോരമയുമായി പങ്കിട്ട രാത്രികളെപ്പറ്റി ആലോചിക്കാൻ തുടങ്ങി, സിനിമാതാരം ലീല ചിട്ട്നീസ് മോഡലായ, ലക്സ് സോപ്പ് തേച്ച വാസനാശരീരവുമായി വരുന്ന മനോരമ ഈ ലോകത്തിലെ ഏറ്റവും സുന്ദരിയാണ്. ആപ്തെക്കു അന്ന് രാത്രി അവളുടെ കൂടെ കഴിയാൻ കൊതിയായി. ഈ വിചാരത്തിനു ശേഷം അയാളുടെ ഉള്ളിൽ തളം കെട്ടിനിന്ന വിഷാദത്തിന്റെ നേർത്ത പാടുകൾപോലും മാഞ്ഞുപോയി. ഒരു ഉന്മാദിയെപോലെ താൻ സമ്മാനിക്കുന്ന സോപ്പിന്റെ മണം വലിച്ചെടുത്തുകൊണ്ടു നാരായൺ ആപ്‌തെ ഒരു നിമിഷം കണ്ണടച്ച് നിന്നു.

''നമുക്ക് പോകാം'', ഗോഡ്‌സെ വന്നു ആപ്‌തെയുടെ തോളിൽ തട്ടി.

''അപ്പോൾ വണ്ടി പിടിക്കണ്ടേ?''

''വേണ്ട, നമുക്ക് വി.ടി സ്റ്റേഷനിൽ പോവണ്ട.''

ശരിയാണ്, നേരവും കാലവും അത്ര പന്തിയല്ല. അവർ ആര്യാപഥക് ഹോട്ടലിൽ അന്ന് രാത്രി കഴിച്ചുകൂട്ടാൻ തീരുമാനിച്ചു. ദാദർ സ്റ്റേഷൻ പരിസരത്തുനിന്ന് ഒരു ടാക്സി വിളിച്ചു. ജനുവരി ഇരുപതാം തീയതിക്കു മുമ്പുള്ള ആപ്തെയെ തിരിച്ചുകിട്ടിയതായി ഗോഡ്സെക്ക് അനുഭവപ്പെടാൻ തുടങ്ങി. പക്ഷേ അയാളുടെ ഉള്ളിൽ ഉരുട്ടിവെച്ച വാക്കുകൾ വലിയ പാറക്കഷണങ്ങളായി ഭാരംവെച്ച് തുടങ്ങിയിരുന്നു, അത് പുറത്തെടുത്തു പൊട്ടിച്ചുകളയാനുള്ള മാനസികാവസ്ഥ ഗോഡ്സെക്ക് ഉണ്ടായില്ല. കാറിൽ ഇരുന്നു അയാൾ മയങ്ങി. മൈഗ്രൈൻ ഗോഡ്‌സെയെ വല്ലാതെ വലച്ചുതുടങ്ങിയിരുന്നു.

ആര്യാപഥക് ഹോട്ടലിൽ മുറികളൊന്നും ഒഴിഞ്ഞിരുന്നില്ല. അന്ന് രാത്രി ഇരുവരും ഡോർമെട്രിയിൽ കഴിയാൻ തീരുമാനിച്ചു. എട്ടു കട്ടിലുകൾ ഉള്ള വിശാലമായ ഒരു ഇടം ആയിരുന്നു അത്. ഗോഡ്‌സെ പെട്ടിയെടുത്തു കട്ടിലിന്റെ അടിയിൽവെച്ചു, നരച്ച വിരിപ്പുള്ള കട്ടിലില്‍ കിടന്നു. അയാൾക്കു തല പിളരുന്നതുപോലെ തോന്നി. പ്രഷർ പോയന്റിൽ പിടിച്ചിട്ടൊന്നും യാതൊരു ശമനവും ഉണ്ടായില്ല. പിരിമുറുക്കം കൂടുമ്പോൾ മൈഗ്രൈൻ അയാളെ ഭ്രാന്തുപിടിപ്പിക്കുന്നതു പതിവാണ്. യോഗ ചെയ്‌താൽ അൽപ്പം ആശ്വാസം ലഭിക്കാറുള്ളതാണ്, പക്ഷേ ഭക്ഷണം കഴിച്ചതിനാൽ ഇനി അതും നടപ്പില്ല. ഡോക്ടറെ ചെന്ന് കാണാമെന്നു വെച്ചാൽ, അത് കൂടുതൽ അപകടമുണ്ടാക്കുകയും ചെയ്യും. സഹനശയനം അതേ ഇനി പോംവഴിയുള്ളൂ.


നാരായൺ ആപ്‌തെ ഉത്സാഹവാനായിരുന്നു. അയാൾ മനോരമയെ വിളിച്ചു. നാളെ കാണാം എന്ന് പറഞ്ഞു.

''ഇന്ന് ഡോർമെട്രിയിൽ നിന്നെ മാത്രം ഓർത്തുകൊണ്ട് ഞാൻ നേരം വെളുപ്പിക്കും.''

ഇത്രയും നേരമായിട്ടും തന്നെ വിളിക്കാത്തതിൽ അവൾക്കു പരിഭവം ഉണ്ടായിരുന്നു. അയാളുടെ ലാളനയിൽ അത് അലിഞ്ഞുപോയി.

മനോരമ സാല്‍വി കുരിശുവരച്ചു കിടന്നിട്ടും ഏറെ കഴിഞ്ഞാണ് നാരായൺ ആപ്‌തെ ഉറങ്ങാൻ തീരുമാനിച്ചത്. അവസാനത്തെ സിഗരറ്റ് വലിക്കുകയായിരുന്നു അയാൾ.

''കിടക്കയെല്ലാം ഞാൻ തട്ടിവിരിച്ചിട്ടുണ്ട് സാബ്.''

ഹോട്ടൽ ജീവനക്കാരൻ വന്നു ആപ്തെയോട് പറഞ്ഞു. പതിവുകാരോട് സ്നേഹപൂർവം പെരുമാറാനുള്ള പരിശീലനം മാനേജർ ഗംഗാപ്രസാദ്‌ ദുബൈ ജീവനക്കാർക്ക് നൽകിയിരുന്നു.

ആപ്‌തെ അയാൾക്ക്‌ മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചശേഷം, സിഗരറ്റു കുത്തിക്കെടുത്തി ഡോർമെട്രിയിലേക്കു ചെന്നു. എട്ടുകട്ടിലുകൾ ഉള്ള മുറിയിലെ അഞ്ചു കട്ടിലിലും അപരിചിതർ പുതച്ചു കിടക്കുന്നുണ്ടായിരുന്നു. നാഥുറാം ഗോഡ്‌സെ ശീര്‍ഷാസനത്തിൽ ആയിരുന്നു!

മുറിയിൽ അരണ്ട വെളിച്ചമേയുണ്ടായിരുന്നുള്ളൂ. നീണ്ട ജനൽ കർട്ടൻ അസ്വസ്ഥമായി പാറുന്നുണ്ട്. ആപ്‌തെ കട്ടിലിലിരുന്നു. പുരുഷരോമങ്ങൾ വിരിയിൽ വീണു. അയാളുടെ ശ്രദ്ധ അതിലായിരുന്നില്ല. ഗോഡ്‌സെ അഴിച്ചു വെച്ച ഷൂസിന്റെ ഉള്ളിൽ അഴുക്കുപിടിച്ച ഒരു ചിത്രം വികൃതമായി കിടപ്പുണ്ടായിരുന്നു.

നാരായൺ ആപ്‌തെ കിടക്കയിലേക്ക് ചാഞ്ഞു. തലയണ ഒരു വലിയ ലക്സ് സോപ്പാണെന്നു നാരായൺ ആപ്‌തെ ചുണ്ടുനനച്ചു. അതിൽ തലവെച്ചു കണ്ണുതുറന്നു കിടന്നു.

നാഥുറാം ശീര്‍ഷാസനത്തിൽനിന്നു പൂർവ സ്ഥിതി പ്രാപിച്ചു. കുറച്ചു നേരം ശക്തിയായി ശ്വാസം എടുക്കുകയും വിടുകയും ചെയ്തശേഷം നിവർന്നിരുന്നു. ശ്വസന നിയന്ത്രണം ഒരു കലയാണ്. ആപ്‌തെ മനസ്സില്‍ വിചാരിച്ചു.

''നീ ഉറങ്ങിയോ?''

''ഇല്ല.''

നാരായൺ ആപ്‌തെ എഴുന്നേറ്റിരുന്നു. ഷൂസ് കട്ടിലിന്റെ അടിയിലേക്ക് നീക്കിവെച്ച ശേഷം, ഗോഡ്സെയും അയാൾക്ക്‌ അഭിമുഖമായിരുന്നു. ''നമ്മുടെ ദൗത്യസംഘം മൃത്യു വരിച്ചിരിക്കുന്നു. ഇനി അയാളെ കൊല്ലുന്ന കാര്യം എനിക്ക് വിട്ടേക്കൂ. ആളുകൂടിയാൽ പാമ്പു ചാവില്ല. ഇനിയാരും അനുശാസിക്കേണ്ട, എന്നെ അനുസരിച്ചാൽ മതി.''

ഗോഡ്‌സെ ജീവിതത്തിൽ ആദ്യമായാണ് തന്നോട് കാർക്കശ്യത്തിൽ സംസാരിക്കുന്നത്. കണ്ണിൽ നോക്കി മിണ്ടാൻപോലും പ്രയാസമുള്ള ആളായിരുന്നു.

തന്റെ ചുറ്റിലും കിടക്കുന്നവർ കട്ടിലടക്കം വായുവില്‍ ഉയർന്നുനിൽക്കുന്നതായി ആപ്‌തെ കണ്ടു. നെഞ്ചിൽ ആണിയടിക്കുന്നതുപോലെയാണ് അവരുടെ കൂർക്കംവലി.

തോറ്റവന് മിണ്ടാട്ടം മുട്ടി. ആപ്‌തെ മൂളുകമാത്രം ചെയ്തു. വായുവിൽനിന്നു കട്ടിലുകൾ നിലത്തുവീണാൽ ഉണ്ടാവുന്ന ശബ്ദം നാരായൺ ആപ്‌തെയുടെ ചെവിയിൽ മുഴങ്ങി.

''കാര്യങ്ങൾ വിശദമായി ഞാൻ നേരം വെളുക്കുമ്പോൾ പറയാം'', ഗോഡ്‌സെ വിയർപ്പുണങ്ങിയ ശരീരം പുതച്ചുകിടന്നു. നാരായൺ ആപ്തെക്കു ഉറക്കം വന്നില്ല. പേടിപ്പെടുത്തുംവിധം ഇളകുന്ന കര്‍ട്ടന് പിറകിൽ ആരോ നിൽക്കുന്നുണ്ടോ?

എല്ലാം തോന്നലാണ്!

ഈ ഭയവും ഒരു തോന്നൽ മാത്രം. പ്രണയവും, ജീവിതവും എല്ലാം ഒരു തോന്നലാണ്. ആപ്തെക്കു വളരെ കാലത്തിനുശേഷം തന്‍റെ കുഞ്ഞിനെ ഓർമ വന്നു. ഉറക്കം വരാതിരിക്കാൻതക്കവണ്ണം ആപൽ സന്ദേശങ്ങൾ അയാളുടെ മനസ്സിൽ നിറഞ്ഞു. തിരിഞ്ഞുമറിഞ്ഞു കിടന്നിട്ടും അയാള്‍ക്കുറങ്ങാനായില്ല.

''The old man haunts me, in my waking hours and in my Dreams.''

പക്ഷേ ഒരു ജനതയുടെ സ്വപ്നമായ ആ വൃദ്ധൻ മാത്രമായിരുന്നില്ല ആ രാത്രി ആപ്‌തെയുടെ ഉറക്കംകെടുത്തിയത്.

ജനുവരി ഇരുപതാം തീയതി അയാളെ അവസാനിപ്പിക്കാൻ പോകുന്നതിനു മുമ്പ് നാഥുറാം ചെയ്ത കാര്യങ്ങളിലേക്ക് ആപ്‌തെയുടെ മനസ്സ് പുഴുവായി ഇഴഞ്ഞു.

കഴിഞ്ഞ പതിമൂന്നാം തീയതി എന്തിനാണ് നാഥുറാം രണ്ടു ഇൻഷുറൻസ് പോളിസികൾ എടുത്തത്?

ഒന്ന് രണ്ടായിരം രൂപയുടേത്, മറ്റൊന്ന് മൂവായിരം രൂപയുടേത്. രണ്ടായിരം രൂപയുടെ പോളിസിയുടെ നോമിനി ചംപതായ് ആണ്! മൂവായിരം രൂപയുടെ നോമിനി ഗോപാൽ ഗോഡ്‌സെയുടെ ഭാര്യയും. ''എന്തിനാണിയാൾ രക്തബന്ധമില്ലാത്തവരെ നോമിനികളാക്കിയത്?''

ചില ചങ്ങാതിക്കൾക്കൊപ്പം കിടന്നാലും രാപ്പനിയറിയില്ല. ആപ്‌തെയുടെ മനസ്സില്‍ വിഷം നിറയാൻ തുടങ്ങി. തയ്യൽക്കാരനായി ജീവിതം തുടങ്ങിയ നാഥുറാം ഗോഡ്സെക്ക് അധികം പഠിപ്പില്ലായിരുന്നു. ആ വിചാരം അവന്റെ മേൽ ആധിപത്യം സ്ഥാപിക്കാൻ നാരായൺ ആപ്‌തെയെ സദാ പ്രേരിപ്പിച്ചു. കുറഞ്ഞ അളവിൽ മാത്രമുണ്ടായിരുന്ന അയാളോടുള്ള പുച്ഛം ഒറ്റ രാത്രികൊണ്ട് വെറുപ്പായി പരിണമിക്കാൻ തുടങ്ങിയപ്പോൾ, അരണ്ട വെളിച്ചമുള്ള മുറിയിലൂടെ അപാര പൊക്കമുള്ള ഒരു മെലിഞ്ഞ രൂപം ഒഴിഞ്ഞുകിടന്ന കട്ടിലിനരികിലേക്കു പോകുന്നതായി ആപ്‌തെ കണ്ടു. വലിയ ചെവിയും നീണ്ട മൂക്കും ഉള്ള ആ രൂപത്തെ കൂടുതൽ വെളിപ്പെടാതിരിക്കാൻ ആപ്‌തെ പുതപ്പു മുഖത്തേക്ക് വലിച്ചിട്ടു. തലയണയില്‍നിന്നുള്ള സോപ്പിന്റെ നറുമണം താരാട്ടായി അനുഭവിക്കാൻ തുടങ്ങിയപ്പോൾ, അർധരാത്രിക്കുശേഷം അയാൾ, നവജാത ശിശുവിനെപോലെ സുഖമായുറങ്ങി.

ഭയരഹിതരുടെ പൂന്തോട്ടമായിരുന്നു ആപ്‌തെയുടെ ഗൂഢസംഘം. ഒരേ നോമ്പുനോറ്റവരുടെ ശരത്കാലം അവസാനിച്ചിരിക്കുന്നു. അടുത്ത പ്രഭാതം ഉണർന്നത് രണ്ടുഗ്രവാദികളുടെ കരുനീക്കങ്ങൾ കാണാനാണ്. ഗ്രൗണ്ടിൽ ഇന്ത്യ അപ്പോഴേക്കും കളി തോറ്റിരുന്നു. ആദ്യം ഉണർന്നത് ഗോഡ്സെയാണ്. അയാളുടെ തലവേദന അതിർത്തികടന്നിരുന്നു. പൊരുതിവിജയിച്ച ഒരു ക്യാപ്റ്റന്റെ ആഹ്ലാദമുണ്ടായിരുന്നു പുതുപുലരിയിൽ അയാൾക്ക്‌.

''നീ നേരത്തേ ഉണർന്നോ?'' ആപ്‌തെ കോട്ടുവായിട്ടുകൊണ്ടു ചോദിച്ചു.

''കാമുകിമാരില്ലാത്തവർക്കു കൃത്യസമയത്തു ഉറങ്ങാനും ഉണരാനും കഴിയും.'' ഗോഡ്‌സെ കൈനീട്ടി കിടക്കയിൽനിന്നു അയാളെ വലിച്ചെഴുന്നേൽപ്പിച്ചു. വെളിച്ചം നിറഞ്ഞ മുറിയിൽ കട്ടിലുകൾ എല്ലാം ഒഴിഞ്ഞുകിടന്നു.

''ഞാൻ ഇന്നലെ മുഹമ്മദ് അലി ജിന്നയെയാണ് ഉറക്കത്തിൽ കണ്ടത്. ആ കട്ടിലിൽ അയാൾ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അയാളുടെ രണ്ടു കാലുകളും കട്ടിലിനു പുറത്തേക്കു തള്ളിനിന്നു. അതാണെന്റെ ഉറക്കം കെടുത്തിയത്.'' ആപ്‌തെ കണ്ണ് തിരുമ്മിക്കൊണ്ടു പറഞ്ഞു.

ഗോഡ്‌സെ ചിരിച്ചു. ഇത്ര മനോഹരമായി അയാൾ ചിരിക്കുന്നത് ആപ്‌തെ അതുവരെ കണ്ടിട്ടില്ലായിരുന്നു.

''താത്യാ റാവുവിനെ കാണണമെന്നുണ്ട്. പക്ഷേ രഹസ്യപൊലീസുകാർ ആ പരിസരത്തു തീർച്ചയായും കാണും.''

''അവിടെ പോകുന്നത് പന്തിയല്ല, ഞാനിനി എന്തുചെയ്യണമെന്ന് നിങ്ങൾ പറഞ്ഞാൽ മതി.''

'' എത്രയും പെട്ടെന്ന് ഫണ്ട് ശേഖരിക്കണം. ബിർള ഹൗസിൽവെച്ച് തന്നെ അയാളുടെ പ്രാർഥന അവസാനിപ്പിക്കണം.''

''ഫണ്ടിന്റെ കാര്യം എനിക്ക് വിട്ടേക്കൂ.''

''ഇന്ന് 24 ആണ്. 2 +4 =6, ഇന്നേക്ക് ആറാംനാൾ നമ്മൾ ദൗത്യം നിറവേറ്റിയിരിക്കും. രാജ്യം ലഡു വിളമ്പും. ഹിന്ദുക്കൾ മധുരം നുണയും. ഭാരതമാതാവാണെ സത്യം.'' ഗോഡ്‌സെ നെഞ്ചിൽ കൈവെച്ചു. ഗോഡ്‌സെയുടെ ഹൃദയത്തുടിപ്പ് ആപ്‌തെ അറിഞ്ഞു.


വിഷ്ണു കാർക്കറെ ആഗ്രയിൽനിന്നു മറ്റൊരു ട്രെയിൻ പിടിച്ചു. അലസമായ യാത്രയായിരുന്നു അത്. അയാൾക്ക്‌ എത്രയും പെട്ടെന്ന് ബോംെബയിൽ എത്തിപ്പെട്ടാൽ മതിയെന്നായി. നല്ല ഭക്ഷണമോ ഉറക്കമോ ലഭിക്കാത്തതു അയാളുടെ സ്വസ്ഥതയെ ബാധിച്ചിരുന്നു. മദൻ ലാൽ പൊട്ടാത്ത ഒരു ബോംബായി അയാളുടെ ഉള്ളിൽ കിടന്നു പുകഞ്ഞു. രാത്രിയായാൽ ഇറ്റാർസിയിൽ ഇറങ്ങി മറ്റൊരു ട്രെയിൻ പിടിക്കാൻ കാർക്കറെ തീരുമാനിച്ചിരുന്നു. മധ്യപ്രദേശിലെ ഏറ്റവും വലിയ െറയിൽവേ ജംഗ്ഷനായിരുന്നു ഇറ്റാർസി. അവിടെനിന്നു കള്ളവണ്ടി പിടിക്കണം, എന്നിട്ടു കല്യാണിൽ ചെന്നിറങ്ങി ബോംെബയിലെത്താൻ ആയിരുന്നു പരിപാടി. അവിടെ ചെന്നു എത്രയും പെട്ടെന്ന് ജോഷിയെ കാണണം. വിഷ്ണു കാർക്കറെ തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ യാത്ര തുടർന്നു. താത്കാലിക ആശ്വാസത്തിനായി ജീവിതത്തിലെ ഒരു നല്ല മൂഹുർത്തംപോലും ഓർത്തെടുക്കാൻ ശക്തിയില്ലാത്തവനെപോലെ...

ആപ്‌തെ കുളിച്ചൊരുങ്ങിവന്നപ്പോഴേക്കും, ഗോഡ്‌സെ പെട്ടിയെല്ലാം അടുക്കിവെച്ച് പോകാൻ ഒരുങ്ങിക്കഴിഞ്ഞിരുന്നു.

''നമ്മൾ ഒരേ സ്ഥലത്തു തങ്ങുന്നത് സുരക്ഷിതമല്ല.''

ഈ കാര്യത്തോട് ആപ്തെക്കും പൂർണ യോജിപ്പായിരുന്നു. അവർ കാപ്പികുടിക്കാനായി താഴത്തെ നിലയിലേക്കിറങ്ങി. ഗോഡ്‌സെ പതിവുപോലെ ഇംഗ്ലീഷ് കാപ്പി പറഞ്ഞു.

നാരായൺ ആപ്‌തെ ചപ്പാത്തിയും ദാൽക്കറിയും കഴിച്ചു. വയറുനിറയെ പ്രാതൽ കഴിക്കുന്നത് അയാളുടെ ബാല്യംതൊട്ടുള്ള ശീലമായിരുന്നു. സ്ത്രീകൾ കഴിഞ്ഞാൽ അയാൾ ഏറ്റവും ആസ്വദിക്കുന്നത് പ്രാതലാണ്!

''എൽഫിൻസ്റ്റൺ അനെക്സ് ഹോട്ടലിൽ ഞാൻ മുറിയെടുക്കാം'', ഗോഡ്‌സെ കാപ്പി മൊത്തിക്കൊണ്ടു പറഞ്ഞു.

ആപ്‌തെയുടെ മനസ്സിലിരിപ്പ് മറ്റൊന്നായിരുന്നു. പക്ഷേ അതിപ്പോൾ ഗോഡ്‌സെയോട് പറയാൻ വയ്യ. മനോരമയുടെ കൂടെ കുറച്ചു നേരം പങ്കിടണം. അയാൾക്ക്‌ ഒരു കപ്പൽ നിറയെ കാര്യങ്ങൾ പറയാനുണ്ടായിരുന്നു. രണ്ടാമതും ഡൽഹിക്കു പോകും മുമ്പ് അതെല്ലാം പറഞ്ഞുതീർക്കണം. മടങ്ങിവരവ് തീർച്ചയില്ലാത്ത യാത്രയാണ്. മിണ്ടാൻ ഒരുപാടുണ്ട്...

''മുറിയെടുത്ത് ഈ പകൽ മുഴുവനും എനിക്ക് നന്നായി കിടന്നുറങ്ങണം.'' ഗോഡ്‌സെ പറഞ്ഞു. ''ഡൽഹിക്കു പോകാനുള്ള പണവും മറ്റു കാര്യങ്ങളും നമുക്ക് വിശദമായി സംസാരിക്കാം.''

രണ്ടാളും പ്രാതൽ കഴിച്ചു എഴുന്നേറ്റു. അപ്പോഴാണ് ഗയാപ്രസാദ്‌ അങ്ങോട്ട് വന്നത്.

''ഒരു മുറി ഒഴിഞ്ഞിട്ടുണ്ട്. രണ്ടു കിടക്കകൾ ഉള്ളതാണ്'', അയാൾ ആപ്തെയോട് പറഞ്ഞു.

പൊടുന്നനെ ആപ്‌തെ അമിതാവേശത്താൽ വിശുദ്ധനായി.

''നല്ല കാര്യം, നാരായൺ ആപ്‌തെ & ഫ്രണ്ട് എന്ന പേരിൽ അത് ബുക്ക് ചെയ്തോളൂ.'' ഗയാപ്രസാദ്‌ ഇരുവർക്കും ശുഭദിനം നേർന്നു കടന്നുപോയി.

ഏകാന്തമായ ഒരു പകൽ ഗോഡ്സെയും ആഗ്രഹിച്ചിരുന്നു. അതിനാൽ അയാൾ മറുത്തൊന്നും പറഞ്ഞില്ല. ഒരു ടോങ്ക വിളിച്ചു രണ്ടാളും വിക്ടോറിയ ടെർമിനസിലേക്കു വിട്ടു. സ്റ്റേഷന്റെ അടുത്തുള്ള കർണാൽ റോഡിലായിരുന്നു എൽഫിൻസ്റ്റൺ അനക്സ് ഹോട്ടൽ. അതിനടുത്തു തന്നെയായിരുന്നു ബോംബെ പൊലീസ് കമീഷണറുടെ കാര്യാലയവും പൊലീസ് ഹെഡ് ക്വാർട്ടേഴ്സും. ആപ്‌തെ ഹോട്ടൽ എത്തുന്നതിനു മുമ്പേ വഴിയിൽ ഇറങ്ങി പത്രം പരതി. കാർക്കറെ പിടിക്കപ്പെട്ട വാർത്ത പത്രത്തിൽ ഉണ്ടായിരുന്നില്ല. സമാധാനം ഉണ്ടാക്കുന്ന ഈ അറിവ് ഗോഡ്‌സെയെ പൊടുന്നനെ കരുത്തുള്ളവനാക്കി. അയാൾ പകൽ മുഴുവൻ തന്റെ ഭാഗ്യമുറിയിൽ കിടന്നുറങ്ങാൻ തീരുമാനിച്ചു.

മനോരമ സാൽവിയുടെ മുന്നിൽ ഒരു അത്ഭുത മനുഷ്യനെപോലെയാണ് ആപ്‌തെ പ്രത്യക്ഷപ്പെട്ടത്. ഷേവ് ചെയ്യാത്ത മുഖവുമായി ആപ്തെയെ അവൾ അന്നേവരെ കണ്ടിട്ടില്ല. കണ്ണിനു ചുറ്റുമുള്ള കറുത്ത വലയം നന്നായി ഉറങ്ങിയുണർന്നപ്പോഴേക്കും കുറച്ചൊക്കെ മാഞ്ഞുപോയിരുന്നു.

''ഇന്നലെ കാണാമെന്നു പറഞ്ഞു പറ്റിച്ചു. ദുഷ്ടൻ.''

''കൊതിയില്ലാഞ്ഞിട്ടല്ല, സാഹചര്യം അതായിരുന്നു. ഇന്നത്തെ രാത്രിയും പകലും നിനക്കുമാത്രമുള്ളതാണ്.''

ആപ്‌തെ അവളുടെ തോളിൽ കൈയിട്ടുകൊണ്ടു തെരുവിലൂടെ നടന്നു. ഒരു പിടികിട്ടാപുള്ളിയാണെന്നുള്ള കാര്യമൊന്നും അയാൾ ഗൗനിച്ചിരുന്നില്ല.

നടത്തത്തിനിടയിൽ അവൾ തന്റെ മൃദുലമായ വിരൽകൊണ്ട് കുറ്റിത്താടിയിൽ തടവി. അയാൾ മനോരമയുടെ കഴുത്തിലും. വെയിൽ വകവെക്കാതെ അവര്‍ കടൽ കാണാൻ പോയി. അയാൾ കുടപിടിച്ചുകൊടുത്തു. പൊലീസുകാരെ കണ്ടപ്പോഴും ആപ്തെക്കു യാതൊരു കൂസലും ഉണ്ടായില്ല. അവളുടെ തൂവാല അയാൾ വാങ്ങി കുറെ നേരം കൈയിൽ പിടിച്ചു. അയാൾ അങ്ങനെ ചെയ്തപ്പോൾ അവൾക്കും ആനന്ദം ഉണ്ടായി. അവർ ഹോട്ടലിൽ കയറി അടുത്തടുത്തിരുന്നു ഭക്ഷണം കഴിച്ചു. ലോകക്രമത്തെ വെല്ലുവിളിച്ചു നടക്കുന്ന രണ്ടു തുമ്പികളായിരുന്നു അവർ. ബസിൽ ഒരേ സീറ്റിൽ ഇരുന്നു സഞ്ചരിക്കുമ്പോള്‍ അവൾ അയാളുടെ കൈപ്പത്തി തന്റെ മടിയിൽ എടുത്തുവെച്ചു. എന്നിട്ടു അയാളുടെ കൈരേഖകളിലേക്കു നോക്കിയിരുന്നു. എന്താണ് ആലോചിക്കുന്നതെന്നു അയാൾക്ക്‌ ചോദിക്കണമെന്നുണ്ടായിരുന്നു. ലോകം കേൾക്കാതെപോയ ആ ഉത്തരം അവളുടെ മനസ്സിൽ ബസിന്റെ വേഗതക്കൊപ്പം ഓടിക്കൊണ്ടിരുന്നു.

''ഞാൻ മരിച്ചാൽ തുമ്പിയായി പുനർജനിക്കും. അന്നെന്റെ ചിറകുകളിൽ നിങ്ങളുടെ രേഖകൾ ഉണ്ടാവും.''

ബസിൽ അധികം തിരക്കുണ്ടായിരുന്നില്ല. അയാൾ കൈപിൻവലിച്ച ശേഷം, സ്നേഹപൂർവം അവളുടെ കൈ തന്റെ മടിയിൽ എടുത്തുവെച്ചു. എന്നിട്ടു ഉള്ളം കൈയിൽ തലോടികൊണ്ടിരുന്നു.

''നീ മരിച്ചാൽ ഞാൻ തുമ്പിയായി പുനർജനിക്കും, അന്നെന്റെ ചിറകുകളിൽ നിന്റെ പ്രണയത്തിന്റെ കൈരേഖകൾ ഉണ്ടാവും.''

അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ അവർ ധൃതിയിൽ ഇറങ്ങി. അയാള്‍ അടുത്തുകണ്ട കടയിൽ കയറി എന്തോ വാങ്ങി പോക്കറ്റിലിട്ടു. തീവണ്ടി പിടിച്ചും ടോങ്കയിൽ കയറിയും അവർ ആര്യാപഥക് ഹോട്ടലിൽ എത്തി. വിശാലമായ ഹോട്ടൽ മുറി രാവിലെ മുതൽ അവരെ കാത്തിരിക്കുകയായിരുന്നു.

അവരുടെ രാത്രി നേരത്തേ തുടങ്ങി.

ഗോഡ്സെ ഉറക്കമുണർന്നത് സന്ധ്യക്കായിരുന്നു. കുളികഴിഞ്ഞപ്പോഴേക്കും ഇരുട്ടി. അയാൾ മെട്രോ സിനിമയിലേക്ക് നടന്നു. ഹോളിവുഡ് മർഡർ ത്രില്ലറിൽ അയാൾ എല്ലാം മറന്നിരുന്നു.

സ്ക്രീനിലെ ചോരക്കളി അയാൾ മുമ്പെങ്ങും ഇല്ലാത്തവിധം ആസ്വദിച്ചു.

വല്ലാതെ സ്നേഹം തോന്നിയതിനാൽ മനോരമ സാൽവി, മുറിവേൽപ്പിക്കാതെ ആപ്തെക്കു ഷേവ് ചെയ്തു കൊടുത്തു. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ആപ്തെ അവളുടെ കുസൃതിക്കു വഴങ്ങി. അയാള്‍ മുഖം കഴുകിവന്നു കണ്ണാടി നോക്കിയപ്പോൾ മനോരമ പിന്നിൽനിന്നു കെട്ടിപ്പിടിച്ചു. കുനിഞ്ഞുകൊണ്ടു അയാളുടെ ഇരുപോക്കറ്റിലും കൈയിട്ടു. പാന്റ്സിന്റെ ഇടത്തെ കീശയിൽ എന്തോ തടഞ്ഞു. അയാൾ മതിമറന്നു ചിരിച്ചു. ''നിങ്ങളുടെ പോക്കറ്റ് സഞ്ചിപോലെ ഇരിക്കുന്നു. ഇതിൽ അഞ്ചു സെർ അരികൊള്ളുമല്ലോ?''

അസാമാന്യ വലുപ്പമുള്ള പോക്കറ്റ് ആപ്‌തെ പറഞ്ഞു തയ്പിക്കുന്നതായിരുന്നു. പൂനയിലെ തയ്യൽ കടയായ ദാബ്കെ & കമ്പനിയിൽ ആണ് ചെയ്തിരുന്നത്. തന്റെ വീടിന്റെ അടുത്തുള്ള ആ തയ്യൽ കട നടത്തിയിരുന്നത് നാരായൺ ഗണേഷ് ടാബ്‌കെയായിരുന്നു. അസാധാരണമായ കോട്ടും പാന്റ്സും തയ്പിക്കുന്നതിന് മുപ്പതു രൂപയാണ് ആപ്‌തെ നൽകിയിരുന്ന തുക.

ദാബ്കെയുടെ തുന്നൽ ആപ്തെക്കു വലിയ മതിപ്പാണ്. തോക്കും ഗ്രെനേഡുകളും ഭദ്രമായി കൊണ്ടുനടക്കാനുള്ളതായിരുന്നു വലിയ കീശ. ആ രഹസ്യം ആപ്‌തെ മനോരമയോട് പറഞ്ഞതേയില്ല.

അയാളുടെ വലിയ പോക്കറ്റിൽനിന്നു മനോരമ സാൽവി, ലക്സ് സോപ്പ് തപ്പിപ്പിടിച്ചെടുത്തു. ഇരുവരും കട്ടിലിൽ ഇരുന്നു. ആപ്‌തെ അവളുടെ മടിയിൽ തല ചായ്ച്ചു. അയാൾ ആ സോപ്പിന്റെ ചരിത്രം പറയാൻ തുടങ്ങി. 1900ത്തില്‍ ആണ് ഈ സോപ്പ് ലക്സ് എന്ന പേരിൽ ഇറങ്ങാൻ തുടങ്ങിയത്. തുടക്കത്തിൽ ടോയ് ലറ്റ് സോപ്പ് ആയിരുന്നു. പിന്നെ ബ്യൂട്ടി സോപ്പ് ആയി മാറി. ലക്സ് ഒരു ലാറ്റിൻ പദമാണ്. വെളിച്ചം എന്നാണതിന്റെ അർഥം. യുണിലിവർ കമ്പനിയാണ് ലോകം മുഴുവനും ലക്സ് ഉൽപാദിപ്പിക്കുന്നത്. ഭാരതത്തിൽ ഹിന്ദുസ്ഥാൻ യുണിലിവർ, പാകിസ്ഥാനിൽ പാകിസ്ഥാൻ യുണിലിവർ. രാജ്യം വിഭജിച്ചപ്പോൾ രണ്ടിടത്തും രണ്ടുപേരായി.

''സോപ്പും ജനങ്ങളും ഒന്ന് തന്നെ'', ആപ്തെയെ കൗതുകപൂർവം കേട്ടിരുന്ന മനോരമ സാൽവി ഇടക്ക് പറഞ്ഞു.

ആ വർത്തമാനം അയാൾക്കത്ര പിടിച്ചില്ലെങ്കിലും, ചരിത്രത്തിൽ കാമുകിമാർക്കും ഇടപെടാം എന്നയാൾ ആശ്വസിച്ചു. അയാളുടെ ഭാവമാറ്റം മനസ്സിലാകാതെ മനോരമ അയാളുടെ നെറ്റിയിൽ ഉമ്മവെച്ചു.

''സാൽവി കൊച്ചുപെണ്ണേ... നീ സുന്ദരിയാണ്. ലീല ചിട്ട്നീസിനേക്കാളും!''

അവൾ അയാളുടെ കവിളിൽ നുള്ളാൻ നോക്കിയതും, ആപ്‌തെ അവളുടെ കൈയിൽ കേറിപ്പിടിച്ചു.

''നിനക്കറിയോ ഭാരതത്തിലെ ആദ്യത്തെ പരസ്യ മോഡൽ ആണ് ലീല ചിട്ട്നീസ്. 1941ൽ ആണ് അവർ ലക്സിന്റെ മോഡലാവുന്നത്. അതുവരെ ഹോളിവുഡിലെ നടികൾ ആയിരുന്നു ഇവിടെയും ലക്സിന്റെ മോഡലുകൾ.''

''വെറുതെയല്ല നിങ്ങൾ ലക്സിന്റെ ആരാധകനായത്.''

''ഞാൻ നിന്റെ ആരാധകനാണ്, നിന്റെ മാത്രം.''

''എനിക്കിനി വിട്ടുനിൽക്കാൻ വയ്യ, ഞാനും നിങ്ങൾക്കൊപ്പം ഡൽഹിക്കു വരട്ടെ.''

കൂടുതലൊന്നും സംസാരിക്കാതിരിക്കാനായി മനോരമയുടെ ചുണ്ടിൽ അയാൾ ചുണ്ടമർത്തി. മനോരമ സാൽവിയുടെ വാസനാശരീരം നാരായൺ ആപ്‌തെയുടെ വിയർപ്പിൽ കുളിച്ചു. അവരുടെ നഗ്നതയോ ആനന്ദമോ ശ്വാസഗതിയോ വകവെക്കാതെ എവിടെനിന്നോ കുറെ തുമ്പികൾ ആ മുറിയിൽ വന്നുകൂടി. അവറ്റകളുടെ സുതാര്യമായ ചിറകുകളിൽ മൃതിയടഞ്ഞ പ്രണയത്തിന്റെ അജ്ഞാത രേഖകൾ ഉണ്ടായിരുന്നു.

സാൽവി വിയർപ്പുണങ്ങാനായി വെറുതെ കിടന്നു. നാരായൺ ആപ്‌തെ അവളോടൊന്നും മിണ്ടാതെ കിതപ്പടക്കിക്കൊണ്ടു തുമ്പികളുടെ ചിറകു നോക്കിക്കിടന്നു. ആ അജ്ഞാത രേഖകൾ ആരുടെ ജീവിതമാണ്!

വിയർപ്പുണങ്ങിയതും മനോരമ സാൽവി കുളിക്കാൻ കയറി. സാത്താനെ അകറ്റാനെന്നോണം അവളുടെ കഴുത്തിൽ കുരിശുമാല പറ്റികിടന്നു. കുളിമുറിയിൽനിന്നുള്ള സോപ്പിന്റെ വാസന മുറിയിൽ നിറഞ്ഞപ്പോഴേക്കും നാരായൺ ആപ്‌തെ ഉറങ്ങിപ്പോയിരുന്നു.

News Summary - 9mm beretta novel