Begin typing your search above and press return to search.
proflie-avatar
Login

വാക്കുകളിലൂടെയുള്ള ജീവിതം

വാക്കുകളിലൂടെയുള്ള  ജീവിതം
cancel

ഏപ്രിൽ 30ന്​ വിടപറഞ്ഞ,ലോകപ്രശസ്​ത എഴുത്തുകാരൻ പോൾ ഒാസ്​റ്ററി​ന്റെരചനാലോകത്തെയും സാഹിത്യസംഭാവനകളെയും കുറിച്ച് എഴുതുകയാണ്​ നിരൂപകൻകൂടിയായ ലേഖകൻ.പോൾ ഓസ്റ്ററിന്റെ എഴുത്തുരീതിയെ കുറിച്ചുള്ള ആലോചനയിൽ ജീവിതത്തോടൊപ്പം മരണം എന്ന സങ്കൽപവും യാഥാർഥ്യവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. എഴുപത്തേഴാമത്തെ വയസ്സിൽ മരണപ്പെടുമ്പോൾ ഈ അമേരിക്കൻ എഴുത്തുകാരന്റെ സംഭാവനയായി മുപ്പത്തിനാല് പുസ്തകങ്ങൾ സാഹിത്യലോകത്ത് ശാശ്വതമായി നിലനിൽക്കുന്നു. ‘City of Glass’, ‘Ghosts’, ‘The Locked Room’ എന്നീ നോവെല്ലകളടങ്ങിയ ‘The New York Trilogy’ (1987) പോൾ ഓസ്റ്ററിനെ പ്രസിദ്ധനാക്കി. പോൾ ഓസ്റ്റർ എന്ന എഴുത്തുകാരൻ രൂപപ്പെട്ട ചരിത്രം ‘The Invention of Solitude’ എന്ന...

Your Subscription Supports Independent Journalism

View Plans
ഏപ്രിൽ 30ന്​ വിടപറഞ്ഞ,ലോകപ്രശസ്​ത എഴുത്തുകാരൻ പോൾ ഒാസ്​റ്ററി​ന്റെരചനാലോകത്തെയും സാഹിത്യസംഭാവനകളെയും കുറിച്ച് എഴുതുകയാണ്​ നിരൂപകൻകൂടിയായ ലേഖകൻ.

പോൾ ഓസ്റ്ററിന്റെ എഴുത്തുരീതിയെ കുറിച്ചുള്ള ആലോചനയിൽ ജീവിതത്തോടൊപ്പം മരണം എന്ന സങ്കൽപവും യാഥാർഥ്യവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. എഴുപത്തേഴാമത്തെ വയസ്സിൽ മരണപ്പെടുമ്പോൾ ഈ അമേരിക്കൻ എഴുത്തുകാരന്റെ സംഭാവനയായി മുപ്പത്തിനാല് പുസ്തകങ്ങൾ സാഹിത്യലോകത്ത് ശാശ്വതമായി നിലനിൽക്കുന്നു. ‘City of Glass’, ‘Ghosts’, ‘The Locked Room’ എന്നീ നോവെല്ലകളടങ്ങിയ ‘The New York Trilogy’ (1987) പോൾ ഓസ്റ്ററിനെ പ്രസിദ്ധനാക്കി.

പോൾ ഓസ്റ്റർ എന്ന എഴുത്തുകാരൻ രൂപപ്പെട്ട ചരിത്രം ‘The Invention of Solitude’ എന്ന പുസ്തകത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അച്ഛൻ മകനായി മാറ്റിവെച്ച തുച്ഛമായ വരുമാനത്തിന്റെ ബലത്തിലായിരുന്നു ഓസ്റ്ററിന്റെ എഴുത്തുജീവിതം പിച്ചവെക്കുന്നത്. അപരിചിതത്വത്തിന്റെ പുറന്തോടുമായി ജീവിച്ച അച്ഛന്റെ സ്വത്വബോധം കണ്ടു വളർന്ന ഓസ്റ്ററും ലോകവുമായി അതിരു കടന്ന പരിചിതഭാവം സൂക്ഷിച്ചില്ല. മറവിയുടെ ആഴങ്ങളിലേക്ക് വീണുപോകാതിരിക്കാൻ അച്ഛന്റെ കൈകൾ തിരിച്ചുപിടിക്കുന്നതുപോലെ അദ്ദേഹം ഓർമകളെ ചേർത്തുവെക്കുകയാണ് ഈ പുസ്തകത്തിൽ. നഷ്ടപ്പെടുന്നതിന്റെയും നഷ്ടമാകുന്നതിന്റെയും വ്യഥ മകനെ പഠിപ്പിച്ചത് അച്ഛന്റെ അനുഭവപാഠങ്ങളായിരുന്നു എന്ന് വിശ്വസിക്കാതെ തരമില്ല.

തുടർന്നുള്ള എഴുത്തുജീവിതത്തിൽ ഉടനീളം ഉറ്റവരെയും കഥാപാത്രങ്ങളെയും നഷ്ടമാകാതെ ഹൃദയത്തിൽ ചേർത്തുവെക്കാൻ അദ്ദേഹം ഊന്നൽ കൊടുക്കുന്നുണ്ട്. ഒരു നോട്ടത്തിലും സ്പർശത്തിലും വാക്കിലും വികാരവിചാരങ്ങളുടെ ഭൂപടങ്ങൾ വരച്ചെടുക്കാൻ ശ്രമിക്കുന്ന എഴുത്തുകാരനായി ഓസ്റ്റർ പരിണമിക്കുകയായിരുന്നു.

നഷ്ടപ്പെടലുകളുടെ അധ്യായങ്ങളെ കുറിച്ച് വാചാലനാവുമ്പോഴും അടുപ്പം കൊരുക്കുന്ന പ്രക്രിയക്ക് വ്യവസ്ഥാപിതമായ അടിസ്ഥാനമില്ലെന്നും അത് പലപ്പോഴും യുക്തിപൂർവമാവില്ലെന്നും ഓസ്റ്റർ കരുതുന്നുണ്ട്. ചുരുക്കത്തിൽ ലോകത്തെ കുറിച്ചുള്ള സംവാദങ്ങളും മനുഷ്യരെ സംബന്ധിച്ച ചിന്തയും നേർരേഖയിൽ സഞ്ചരിക്കണമെന്നില്ല. ആഖ്യാനങ്ങളായ ‘City of Glass’ലും ‘The Book of Illusions’ലും നഷ്ടമാകലിന്റെ വൈഷമ്യങ്ങൾ അലട്ടുന്ന കഥാപാത്രങ്ങൾ അതിജീവനത്തിനായി യത്നിക്കുന്നു. നഷ്ടമാകലിന്റെ ചരിത്രവും പേറി സ്വയം നിരാസം കൽപിക്കുന്ന കഥാപാത്രങ്ങൾ വേറൊരു കൃതിയായ ‘Moon light’ന്റെ കരുത്താണ്.

യാഥാർഥ്യത്തിന്റെ ഒത്തുമാറ്റങ്ങളെ പലവിധം സാധ്യതകളിലൂടെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ‘The New York Trilogy’ പോസ്റ്റ് മോഡേൺ സാഹിത്യത്തിൽ ചലനങ്ങൾ സൃഷ്ടിച്ച കൃതിയാണ്. ഭാവുകത്വത്തെ അഴിച്ചുപണിയാൻ സദാ സന്നദ്ധനായ ഒരെഴുത്തുകാരന്റെ നിശ്ചയദാർഢ്യമാണ് ഈ കൃതിയിലൂടെ വെളിപ്പെട്ടത് എന്നതിൽ സംശയമില്ല. ഭാഷയുടെ വിന്യാസം, പാഠാന്തര സാധ്യതകൾ, കഥാപാത്രങ്ങളുടെ സങ്കീർണമായ സ്വത്വനിലകൾ എന്നിങ്ങനെയുള്ള വിഷയങ്ങളെ സൂചിപ്പിച്ചുകൊണ്ട് മൂന്ന് ഭാഗങ്ങളായി വേർതിരിച്ച് അവതരിപ്പിച്ച കൃതി ഡിറ്റക്ടിവ് കൃതിയുടെ ആവരണം സൂക്ഷിക്കുമ്പോഴും ഉത്തരാധുനിക സങ്കേതങ്ങളെ നിലനിർത്താൻ സജീവശ്രദ്ധ പുലർത്തുന്നുണ്ട്. പോൾ ഓസ്റ്റർ എന്ന കഥാപാത്രവും ‘ഡോൺക്വിക്​േസാട്ട്’ എന്ന വിഖ്യാത കൃതിയുടെ വ്യാഖ്യാനവുമൊക്കെ അങ്ങനെ ആഖ്യാനത്തിൽ കടന്നുവരുന്നു.

 

കഥകൾക്കൊപ്പം അതികഥകളും വഴങ്ങിയ ഓസ്റ്ററിന്റെ പ്രധാനപ്പെട്ട നോവലായി ‘The Book of Illusions’ എക്കാലവും നിലനിൽക്കും. ദൃശ്യങ്ങളുടെ ഭംഗി ചലച്ചിത്രത്തെ മായാദർശനം (Illusion) ആക്കുന്നതും ത്രിമാന ഇടങ്ങളിലൂടെ വ്യാപരിക്കുന്ന പുസ്തകം അഗാധതലങ്ങളിലേക്ക് എത്തിച്ചേരുന്നതും അദ്ദേഹം ആലോചിച്ചിട്ടുണ്ട്. ഹെക്റ്റർ മൻ എന്ന ഹോളിവുഡ് നിശ്ശബ്ദ സിനിമാചരിത്രത്തിലെ ഹാസ്യനടന്റെ ജീവിതത്തെയാണ് ഈ കൃതിയിൽ അനാവരണം ചെയ്യുന്നത്. ഡേവിഡ് സിമ്മെർ എന്ന സർവകലാശാല അധ്യാപകന്റെ വീക്ഷണത്തിലൂടെയാണ് ‘The Book of Illusions’ലെ മിക്ക സംഭവങ്ങളും മുന്നോട്ടുപോകുന്നത്. നിശ്ശബ്ദത തളംകെട്ടി കിടക്കുന്ന അന്തരീക്ഷത്തിന്റെ പ്രക്ഷുബ്ധത നോവലിന്റെ അഗാധതലം സൂചിപ്പിക്കുന്നു.

ഭാര്യയും രണ്ടു മക്കളും അവിചാരിതമായ ഒരു വിമാനാപകടത്തിൽ മരണപ്പെട്ടതിനുശേഷം വിഷാദരോഗവുമായി പതുക്കെ മല്ലിടുകയായിരുന്നു സിമ്മെർ. ചാർളി ചാപ്ലിനെയും ബസ്റ്റർ കീറ്റനെയും പോലെ നിശ്ശബ്ദ ചലച്ചിത്രങ്ങളിലെ കൊമേഡിയനായിരുന്ന ഹെക്റ്റർ മൻ നോവലിസ്റ്റിന്റെ ഭാവനാസൃഷ്ടിയാണ്. എങ്കിലും കടുത്ത സാഹചര്യങ്ങളുടെ ഇരയായിത്തീർന്ന അയാളിലൂടെ തന്റെ ജീവിതത്തിന്റെ അടയാളങ്ങൾ നോക്കിക്കാണാൻ ശ്രമിക്കുന്ന സിമ്മെർ ഓസ്റ്ററിന്റെ മറ്റൊരു നോവലായ ‘Moon Palace’ലെയും കഥാപാത്രമാണ്. അതുപോലെ പോൾ ഓസ്റ്റർ ആയി കണക്കാക്കപ്പെട്ടിരുന്ന കഥാപാത്രമായ ഡാനിയൽ ക്വിൻ ‘City of Glass’ലും പിൽക്കാല നോവലുകളിലൊന്നും ഉത്തരാധുനിക കഥന സമ്പ്രദായത്തിന്റെ ഉത്തമ ഉദാഹരണവുമായ ‘Travels in Scriptorium’ത്തിലും പ്രത്യക്ഷപ്പെടുന്നു.

അധ്യാപനം ഉപേക്ഷിച്ച സിമ്മെറിനു ദുഃഖസാന്ദ്രമായ ചുറ്റുപാടിൽനിന്ന് കരകയറേണ്ടത് അത്യാവശ്യമായിരുന്നു. അങ്ങനെ ഹെക്റ്റർ മന്നിന്റെ ചലച്ചിത്രങ്ങളെ കേന്ദ്രീകരിച്ച് ഒരു പുസ്തകമെന്ന ആശയത്തിലേക്ക് അയാൾ എത്തിച്ചേരുന്നു. അയത്നലളിതമായ രീതിയിൽ ഹാസ്യ കഥാപാത്രങ്ങളെ മിഴിവുറ്റതാക്കിയ ഹെക്റ്റർ നേരിട്ടിരുന്ന വ്യക്തിപരമായ സമസ്യകൾ വെള്ളിത്തിരയിൽനിന്ന് ഏറെ ദൂരെയായി അവശേഷിച്ചു. പലതരം പ്രതിനിധാനങ്ങളെ ചലച്ചിത്രങ്ങളിലൂടെ പകർന്നാടിയ മഹാനടൻ യഥാർഥലോകവുമായി സമരസപ്പെടുന്നതിൽ പൂർണമായും വിജയിക്കുന്നില്ല. ഒരുപക്ഷേ, സിമ്മെറിന്റെ തന്നെ അപരസ്വത്വമായി ഹെക്റ്ററിനെ കാണുന്നതിൽ തെറ്റില്ല.

അൽമ ഗ്രൻഡ് എന്ന ഹെക്റ്ററിന്റെ ഛായാഗ്രാഹക സുഹൃത്തിന്റെ മകൾ ആയിടക്കാണ് സിമ്മെറിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. കാലശേഷനായി എന്ന് കരുതപ്പെട്ട ഹെക്റ്റർ ജീവിച്ചിരിപ്പുണ്ട് എന്ന സത്യം സിമ്മെറിനെ സംബന്ധിച്ചിടത്തോളം ഒരു ഭ്രമാത്മക കഥപോലെ അവിശ്വസനീയമായിത്തീർന്നു. ആറ് പതിറ്റാണ്ടോളമായി അയാളെ ആരെങ്കിലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ല എന്നത് സിമ്മെറിന്റെ അതിശയത്തിന്റെ ആക്കംകൂട്ടി. ഹെക്റ്ററിന്റെ ജീവിതത്തെ കുറിച്ച് ഗൗരവമായി പഠിച്ച അവൾ സിമ്മെറിനെ അയാളുടെ വാസസ്ഥലത്തിലേക്ക് നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ഹെക്റ്ററിന്റെ തിരോധാനത്തിനുള്ള കാരണം സിമ്മെർ അവളിൽനിന്ന് മനസ്സിലാക്കി. ജീവിതത്തിലെ നിർണായകഘട്ടത്തിൽ അടുത്ത സുഹൃത്തുക്കളായ രണ്ടു സ്ത്രീകളുടെ ഇടയിൽപെട്ടുപോയ അയാൾ ചില ദാരുണസംഭവങ്ങൾക്ക് സാക്ഷ്യംവഹിക്കുകയായിരുന്നു.

അയാളുടെ മുൻ കാമുകിയായ ബ്രിജിറ്റ് ഒ. ഫാലനെ ഹെക്റ്ററിന്റെ പങ്കാളി ഡോളോറസ് സെന്റ് ജോൺ ആകസ്മികമായി കൊല്ലുന്നതോടെ അയാളുടെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിക്കുകയായി. ഇത് അനേകം വേഷപ്പകർച്ചകൾ നടത്തിയ നടനെ മടക്കമില്ലാത്ത ഒളിച്ചോട്ടത്തിലേക്കും പുതിയ സ്വത്വത്തിലേക്കും നയിക്കുകയാണ്. ഹെക്റ്റർ മൻ അങ്ങനെ ഹെർമൻ ലോസ്ർ ആയി അവതരിച്ചു. ഗത്യന്തരമില്ലാതെ സ്വത്വത്തെ തള്ളിപ്പറഞ്ഞുകൊണ്ട് പുതിയ ഒരു ജീവിതം സ്വീകരിക്കാൻ അയാൾ നിർബന്ധിതനായി. മാത്രമല്ല, പൂർവകാലത്തെ ജീവിതവുമായി ബന്ധപ്പെട്ട അടയാളങ്ങളും അയാൾക്ക് മായ്ച്ചു കളയേണ്ടിവന്നു. രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട്, മറ്റു പല ജോലികളും ചെയ്യാനായി ഹെക്റ്റർ ഇറങ്ങിപ്പുറപ്പെട്ടു.

സിമ്മെറിന്റെ ‘ഹെക്റ്റർ മന്നിന്റെ നിശ്ശബ്ദലോകം’ എന്ന പുസ്തകത്തിൽ ഇടം പിടിക്കാത്ത അനേകം അനുഭവങ്ങളും ലോകങ്ങളും അയാൾ സ്വായത്തമാക്കി. അപ്രതീക്ഷിതമായി ബ്രിജിറ്റിന്റെ അച്ഛന്റെയും സഹോദരിയുടെയും അടുത്തും തൊഴിലിനായി അയാൾ എത്തിപ്പെടുന്നുണ്ട്. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന സ്ഥിതിയിൽ അയാൾ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. അതിനിടെ ഹെക്റ്റർ പരിചയപ്പെട്ട സിൽവിയ മീർസ് അയാളുമായി ചേർന്ന് ഒരു ‘ഭോഗ’പ്രദർശനം ആസൂത്രണം ചെയ്തു. തൽപരകക്ഷികൾക്ക് മുന്നിൽ നടത്തുന്ന ഈ പ്രദർശനത്തിലൂടെ അവർ പണം സമ്പാദിച്ചു. എന്നാൽ, അധികകാലം അതും തുടരാൻ അയാൾക്ക് കഴിഞ്ഞില്ല. മുഖം മറച്ചുവെച്ചുകൊണ്ടായിരുന്നു അയാൾ ആ ‘പ്രവൃത്തിയിൽ’ പങ്കെടുത്തത്.

അസ്തിത്വപരമായ വെല്ലുവിളികളെ തരണം ചെയ്യാനായി വേറിട്ട മാർഗങ്ങൾ സ്വീകരിക്കുന്ന കഥാപാത്രങ്ങൾ ചിലപ്പോഴെങ്കിലും കാഫ്കയുടെ കഥാപാത്ര നിർമിതിയെ ഓർമിപ്പിക്കുന്നു. ഭൂതകാല സംഭവങ്ങളെ നിയന്ത്രണവിധേയമായി കാണാൻ വർത്തമാനകാലത്ത് സാധിക്കുന്നു എന്ന തത്ത്വത്തെ നോവലിൽ ഒരിടത്ത് ആഖ്യാതാവ് സൂചിപ്പിക്കുന്നു. മരണപ്പെട്ടവർക്ക് ഭൂമിയിൽ ചെലവഴിക്കാനുള്ള സമയത്തിന്റെ ധാരാളിത്തത്തെക്കുറിച്ചും ആശയപരമായി ആഖ്യാനത്തിൽ ചിന്തിക്കുന്നുണ്ട്. ജീവിതം മരണത്തിൽ അവസാനിക്കുന്നതിലൂടെ മരണം ജീവിതത്തിന്റെ ഉടമസ്ഥാവകാശം കൈയാളുന്നുവെന്നാണ് എഴുത്തുകാരൻ എന്ന നിലയിൽ ഓസ്റ്ററിന്റെ കാഴ്ചപ്പാട്. സങ്കീർണമായ വഴികളിലൂ​െട നടന്നു ഹെക്റ്ററിന്റെ ജീവിതം അനാവൃതമാക്കുന്നതോടെ അടഞ്ഞുകിടന്ന തുരങ്കങ്ങളിൽ വെളിച്ചക്കീറ് എത്തിക്കാനാണ് എഴുത്തുകാരന്റെ ഉദ്യമം.

നഷ്ടപ്പെടലുകളിലൂടെ വഴിതിരിയുന്ന മനുഷ്യജാതിയുടെ ഏറ്റക്കുറച്ചിലുകളിലാണ് പോൾ ഓസ്റ്റർ എന്ന നോവലിസ്റ്റ് ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തം. ഓസ്റ്ററിന്റെ കഥനരീതിയെ പരിശോധിക്കുമ്പോൾ, ഒരു കഥയുടെ പാളികളായി അനവധി ഉപകഥകൾ കലർത്തുന്ന ശൈലിയിൽ അദ്ദേഹം അഭിരമിക്കുന്നുവെന്നു ശ്രദ്ധയിൽപെടും. പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് എഴുത്തുകാരനായ ഫ്രാങ്സ്വ ചാറ്റോബ്രിയാൻഡിന്റെ ബൃഹദ് ഓർമക്കുറിപ്പിനെ പറ്റിയുള്ള സുലഭമായ പരാമർശത്തിലൂടെ കാലാതീതമായ എഴുത്തിന്റെ കരുത്തും ചാരുതയും ‘The Book of Illusions’ൽ ഉച്ചത്തിൽ പറയുന്നുണ്ട്. ഹെക്റ്ററിന്റെ മാനസികവിനിമയങ്ങളുടെ പൊരുളും സത്തയും വ്യവച്ഛേദിക്കാനുള്ള സിദ്ധി അദ്ദേഹം പ്രകടമാക്കുന്നു.

‘‘മനുഷ്യർക്ക് ഒരേ ജീവിതമല്ല. ഒരു ജീവിതകാലത്ത് അവർക്ക് അനേകം ജീവിതങ്ങളുണ്ട്, അത് തന്നെയാണ് അവരുടെ ദുരിതത്തിന് കാരണം’’ എന്ന ചാറ്റോബ്രിയാൻഡിന്റെ വാക്കുകൾ ഈ കൃതിയുടെ അടിപ്പടവായി വർത്തിക്കുന്നു. എഴുത്തിന്റെ സർഗാത്മകസാധ്യതകളെ ആരാഞ്ഞുകൊണ്ട് ആഖ്യാനം രൂപപ്പെടുത്താൻ ഓസ്റ്റർ യത്നിക്കാറുണ്ട് എന്നത് അതിശയോക്തിയല്ല.

എങ്ങനെയാണ് എഴുത്തുകാർ നവീന ഭാവുകത്വത്തിന്റെ പതാകവാഹകരും കഥപറച്ചിലിൽ നൈപുണ്യം പ്രകടിപ്പിക്കുന്നവരും ആയിത്തീരുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളാണ് ഓസ്റ്ററിന്റെ കൃതികൾ. പത്തൊമ്പതാം നൂറ്റാണ്ടിലെ സാഹിത്യപ്രതിഭകളെ ആഴത്തിൽ ആരാധിച്ച ഓസ്റ്റർ അമേരിക്കൻ എഴുത്തുകാരനായ നഥാനിയേൽ ഹാത്തോണിനെ പല കൃതികളിലും പരാമർശിക്കുകയോ ഓർക്കുകയോ ചെയ്തിട്ടുണ്ട്. ഹാത്തോണിന്റെ നോവലായ ‘ഫാൻഷോ’യെ ഓർത്തുകൊണ്ടാണ് ‘The Locked Room’ലെയും ‘Travels in the Scriptorium’ത്തിലെയും കഥാപാത്രമായ ഫാൻഷോയെ രൂപകൽപന ചെയ്തിട്ടുള്ളത്.

 ഒരുപക്ഷേ, ഇരുണ്ട വഴിത്താരകളിലൂടെ നടന്നുനീങ്ങുന്ന കഥാപാത്രങ്ങൾക്ക് ദീപയഷ്ടി വെളിച്ചമേകാൻ എഴുത്തുകാരൻ കണ്ണും കാതും ബുദ്ധിയും കൂർപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഓസ്റ്ററിന്റെ നോവലുകൾ പ്രദാനംചെയ്യുന്നത്. അദ്ദേഹത്തിന്റെ എടുത്തുപറയ​േണ്ട മറ്റൊരു പുസ്തകം കുറ്റ്സിയുമായുള്ള എഴുത്തുകളുടെ സമാഹാരമായ ‘Here and Now’ (Letters 2008-2011) ആണ്. പിൽക്കാലത്ത് എഴുതിത്തുടങ്ങിയ എഴുത്തുകാർക്ക് പ്രചോദനമുണർത്തുന്ന ആഖ്യാനങ്ങൾ ഓസ്റ്റർ രചിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇത്തവണത്തെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിലുള്ള സ്വീഡിഷ് എഴുത്തുകാരിയായ ഇയ യെൻബെർഗിന്റെ (Ia Genberg) നോവലായ ‘The Details’ലെ ആഖ്യാതാവിന് ഓസ്റ്ററിന്റെ ‘The New York Trilogy ഏറെ ഇഷ്ടപ്പെട്ടിരുന്നു.

കെട്ടുകഥകളും കൽപിതകഥകളും അറിവ് പകർന്നുതരുന്നുണ്ട് എന്ന അഭിപ്രായമുള്ള ഓസ്റ്റർ യാഥാർഥ്യത്തിനും ഭാവനക്കും ഇടയിലുള്ള രേഖ നേർത്തതാണെന്നും യാഥാർഥ്യം എന്താണെന്ന നിർവചനത്തിൽ തീർച്ചയില്ലാത്തവനുമായിരുന്നു. വിമർശനത്തിന്റെ നിശിത യുക്തിയും അനുഭവങ്ങളുടെ അഗാധതയും കവിയുടെ കലയും അദ്ദേഹത്തിന്റെ ആഖ്യാനങ്ങളിൽ ഇഴചേർന്ന് വരാനുള്ള ഒരു കാരണം ഓസ്റ്റർ കവിയും നോൺ ഫിക്ഷൻ എഴുത്തുകാരനുംകൂടിയാവുന്നതുകൊണ്ടാണ്. ‘‘ഓരോ പുസ്തകത്തിലും ലയിച്ചുചേരുന്ന സംഗീതത്തിന്റെ താളം അന്യൂനമാണെ’’ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. എഴുത്തിന്റെ ഫലശ്രുതിയോടൊപ്പം വാക്കുകൾ പെറുക്കിക്കൂട്ടിവെച്ച് രൂപപ്പെടുന്ന പദ്ധതിയിൽ അദ്ദേഹം അങ്ങേയറ്റം തൽപരനായിരുന്നു.

Noir എഴുത്തിന്റെ വിവിധ അടരുകൾ പരീക്ഷണാത്മകമായി ഉപയോഗിച്ച അദ്ദേഹത്തിന് ഒരു ചലച്ചിത്രകാരൻ എന്ന നിലയിലും സ്ഥാനമുണ്ട്. സമകാലത്തിനു യോജിച്ച രീതിയിലുള്ള പരീക്ഷണങ്ങളെ അവതരിപ്പിക്കാൻ ലുബ്ധ് കാണിക്കാത്ത അദ്ദേഹം എന്നാൽ അനുഭവമുദ്രകളുടെ കൈയൊപ്പ് ആഖ്യാനത്തിൽ ചാർത്താൻ എന്നും എപ്പോഴും ജാഗരൂകനായിരുന്നു. പ്രശസ്ത എഴുത്തുകാരി ലിഡിയ ഡേവിസുമായുള്ള വിവാഹബന്ധം വേർപെടുത്തിയ അദ്ദേഹം പിന്നീട് നോവലിസ്റ്റായ സിരി ഹ്യൂസ്റ്റ് വേഡ്ട്ടിനെ വിവാഹംകഴിച്ചു.

അമേരിക്കയിലെ ഒരിടത്തരം ജൂതകുടുംബത്തിൽ ജനിച്ച ഓസ്റ്റർ എന്നാൽ ഫിലിപ് റോത്തും ജോസഫ് ഹെല്ലറും സോൾ ബെല്ലോയും ജൂതസ്വത്വത്തെ സംബന്ധിച്ച് നിലപാടുകൾ സ്വീകരിച്ചതുപോലെ വാദഗതികളൊന്നും ശക്തമായി മുന്നോട്ടുവെച്ചിട്ടില്ല. ആറു വയസ്സുള്ള ബാലനായിരുന്നപ്പോഴുള്ള ഒരു ഓർമ ഓസ്റ്റർ വെളിപ്പെടുത്തുന്നുണ്ട്. മനുഷ്യവംശത്തെ (Human beings) ഹ്യൂമൻ ബീൻ എന്ന പേരിലാണ് അവൻ വിളിച്ചിരുന്നത്. സർവസാധാരണമായി കാണപ്പെടുന്ന ഒരു പച്ചക്കറി എങ്ങനെയാണ് മനുഷ്യരുടെ ഭാഗധേയത്തെ നിർണയിക്കുന്നതെന്നു ചിന്തിച്ചു വശംകെട്ട ഓസ്റ്ററിന് ഇങ്ങനെയുള്ള ചോദ്യങ്ങളും പദപ്രശ്നങ്ങളുമാണ് എഴുത്തുവഴിയിൽ മുഴുവൻ തുണയായത് എന്നുറപ്പാണ്.

‘A Life in Words’ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ എഴുത്തിനെക്കുറിച്ചുള്ള സർഗാത്മകമായ അഭിമുഖങ്ങളാണ്. പ്രസ്തുത പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ പോൾ ഓസ്റ്റർ അടിമുടി എഴുത്തുകാരനായിരുന്നു. ജീവിതം വാക്കുകൾകൊണ്ട് മാത്രം കെട്ടിയുയർത്തിയ പ്രതിഭാധനനായ ഈ എഴുത്തുകാരൻ സർവാത്മനാ സ്നേഹിച്ചത് എഴുത്ത് എന്ന പ്രക്രിയയെയാണ്. ഓരോ കൃതിയിലും അവതരിപ്പിക്കപ്പെടുന്ന പരീക്ഷണാത്മകമായ ശിൽപഘടന ഇത് ശരിവെക്കുകയുംചെയ്യുന്നു.


News Summary - weekly literature