Begin typing your search above and press return to search.
proflie-avatar
Login

‘മാമ്പഴം’ കവിതയിലെ അമ്മയും കുഞ്ഞും എം.എൻ. വിജയ​നും

‘മാമ്പഴം’ കവിതയിലെ   അമ്മയും കുഞ്ഞും   എം.എൻ. വിജയ​നും
cancel

വൈലോപ്പിള്ളിയുടെ, ‘മാമ്പഴം’ കവിതയിലെ അമ്മയെയും കുഞ്ഞിനെയും എം.എന്‍. വിജയന്‍ വധിച്ചതെന്തുകൊണ്ട് എന്ന ചോദ്യമുന്നയിക്കുകയാണ് ലേഖകൻ. ‘മാമ്പഴം’ കവിതയെ പുനർവായനക്ക് വിധേയമാക്കുന്നതിനൊപ്പം എം.എൻ. വിജയന്റെ നിരൂപണത്തെയും നിരൂപണം ചെയ്യുന്നു.അയഥാർഥവും കാലഹരണപ്പെട്ടതുമായ മനഃശാസ്ത്ര ആശയങ്ങളുടെ ഇരുണ്ടവൃത്തങ്ങളില്‍ കുടുങ്ങിയ അനേകം പേരില്‍ ഒരാളായിരുന്നു പ്രശസ്ത സാഹിത്യനിരൂപകനായ എം.എന്‍. വിജയന്‍. മലയാള സാഹിത്യത്തില്‍ മനഃശാസ്ത്രനിരൂപകനായിട്ടാണ് വിശേഷിച്ചും അദ്ദേഹം അറിയപ്പെടുന്നത്. പക്ഷേ, സിഗ്മണ്ട് ഫ്രോയ്ഡിന്‍റെ മനഃശാസ്ത്രസിദ്ധാന്തങ്ങളുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് അദ്ദേഹത്തിന്...

Your Subscription Supports Independent Journalism

View Plans
വൈലോപ്പിള്ളിയുടെ, ‘മാമ്പഴം’ കവിതയിലെ അമ്മയെയും കുഞ്ഞിനെയും എം.എന്‍. വിജയന്‍ വധിച്ചതെന്തുകൊണ്ട് എന്ന ചോദ്യമുന്നയിക്കുകയാണ് ലേഖകൻ. ‘മാമ്പഴം’ കവിതയെ പുനർവായനക്ക് വിധേയമാക്കുന്നതിനൊപ്പം എം.എൻ. വിജയന്റെ നിരൂപണത്തെയും നിരൂപണം ചെയ്യുന്നു.

അയഥാർഥവും കാലഹരണപ്പെട്ടതുമായ മനഃശാസ്ത്ര ആശയങ്ങളുടെ ഇരുണ്ടവൃത്തങ്ങളില്‍ കുടുങ്ങിയ അനേകം പേരില്‍ ഒരാളായിരുന്നു പ്രശസ്ത സാഹിത്യനിരൂപകനായ എം.എന്‍. വിജയന്‍. മലയാള സാഹിത്യത്തില്‍ മനഃശാസ്ത്രനിരൂപകനായിട്ടാണ് വിശേഷിച്ചും അദ്ദേഹം അറിയപ്പെടുന്നത്. പക്ഷേ, സിഗ്മണ്ട് ഫ്രോയ്ഡിന്‍റെ മനഃശാസ്ത്രസിദ്ധാന്തങ്ങളുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് അദ്ദേഹത്തിന് സഞ്ചരിക്കാന്‍ കഴിയാത്തതുകൊണ്ട്, ഫ്രോയ്ഡിന്‍റെ പരിമിതികള്‍ തിരിച്ചറിയാനായില്ല. ഫ്രോയ്ഡ് അനന്തര മനഃശാസ്ത്രദാര്‍ശനിക വികാസത്തിന്‍റെ വെളിച്ചമേല്‍ക്കാതെ, ഫ്രോയ്ഡിനെയും മാര്‍ക്സിസത്തെയും കൂട്ടിയിണക്കാനുള്ള വിഫലശ്രമവും നടത്തി. ‘ആധുനിക മനഃശാസ്ത്രത്തിന്‍റെ സ്ഥാപകന്‍’ എന്ന നിലയില്‍ തന്‍റെ വിഖ്യാതമായ മനഃശാസ്ത്ര ആശയങ്ങളാല്‍ ഫ്രോയ്ഡ് മനഃശാസ്ത്രരംഗത്ത് വിപ്ലവംതന്നെ സൃഷ്ടിച്ചുവെന്നത് അനിഷേധ്യമായ യാഥാർഥ്യമാണ്. മനുഷ്യമനസ്സിന്‍റെ അബോധതലങ്ങള്‍ക്ക് ബോധമനസ്സിനെ നിയന്ത്രിക്കുന്നതില്‍ നിർണായക പ്രാധാന്യമുണ്ടെന്ന് സ്ഥാപിച്ചതാണ് ഫ്രോയ്ഡിന്‍റെ മഹത്വം.

അതുവഴി ലൈംഗികത (sexuality) രഹസ്യമാക്കിവെക്കേണ്ട വിഷയമല്ലെന്നും ധൈഷണിക മേഖലയില്‍ സംവദിക്കപ്പെടേണ്ട ഒരു സാമൂഹിക പ്രശ്നമാണെന്നും തെളിയിക്കാന്‍ ഫ്രോയ്ഡിന് കഴിഞ്ഞു. പക്ഷേ, അതോടൊപ്പം തന്നെ അയഥാർഥമായ ഒട്ടേറെ നിഗമനങ്ങളാല്‍ വായനക്കാര്‍ക്കൊപ്പം ഫ്രോയ്ഡും വഞ്ചിക്കപ്പെടുകയായിരുന്നു. അതിലേറ്റവും പ്രധാനമാണ് ‘ഈഡിപ്പസ് തിയറി’. വിശ്വവിഖ്യാത ഫ്രഞ്ച് ദാര്‍ശനികരും മനഃശാസ്ത്രജ്ഞരുമായ ഷീല്‍ ഡല്യൂസ്, ഫിലിക്സ് ഗട്ടാരിയും ചേര്‍ന്ന് രചിച്ച ‘ആന്‍റി ഈഡിപ്പസ്: കാപിറ്റലിസം ആൻഡ് സ്കിസോഫ്രീനിയ (Gilles Deleuze, Felix Guattari) എന്ന ഗ്രന്ഥം 1972ല്‍ പ്രസിദ്ധീകരിച്ചതോടെ ലോകം ഫ്രോയ്ഡിയന്‍ ആശയങ്ങളുടെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി. മേല്‍പറഞ്ഞ ഗ്രന്ഥത്തിന്‍റെ രണ്ടാം ഭാഗമാണ് (A Thousand Plateaus -1982). ഈ രണ്ടു കൃതികള്‍ ഫ്രോയ്ഡിന്‍റെ മനഃശാസ്ത്രസിദ്ധാന്തങ്ങളെ തകര്‍ത്തെറിയുക മാത്രമല്ല, തികച്ചും നവീനവും മാനവരാശി ഇതുവരെ ചിന്തിച്ചിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതുമായ ആശയങ്ങളിലേക്കും യാഥാർഥ്യങ്ങളിലേക്കും പ്രയാണം നടത്തി. ഇതിന്‍റെ പശ്ചാത്തലത്തില്‍ വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ കവിതയെ മാത്രമല്ല, പൊതുവില്‍ കലയെയും സാഹിത്യത്തെയും സര്‍ഗാത്മകമായി വീണ്ടെടുക്കാനുള്ള ശ്രമമാണ് ഈ ലേഖനം.

വൈലോപ്പിള്ളി ശ്രീധര മേനോന്‍ 1936ല്‍ എഴുതിയ ‘മാമ്പഴം’ ആദ്യം പ്രസിദ്ധീകരിച്ചത് ‘മാതൃഭൂമി’ ഓണപ്പതിപ്പിലാണ്. അമ്മയും മകനും തമ്മിലുള്ള അഗാധമായ സ്നേഹത്തിന്‍റെ ആര്‍ദ്രത തേങ്ങുന്ന ഹൃദയഹാരിയായ നിരവധി സാഹിത്യകൃതികള്‍ മലയാളത്തിലുണ്ട്. ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’ എന്ന കവിതയും ഒ.വി. വിജയന്‍റെ ‘ഖസാക്കിന്‍റെ ഇതിഹാസം’ എന്ന നോവലിലെ വിസ്മയാവഹമായ മാതൃ-പുത്ര ബന്ധ വർണനയും അവിസ്മരണീയമാണ്. ഇവക്കൊപ്പം ഉയര്‍ന്നുനില്‍ക്കുന്ന കവിതയാണ് ‘മാമ്പഴം’.

വീട്ടുമുറ്റത്തെ തൈമാവില്‍നിന്ന് ആദ്യം മാമ്പഴം വീണപ്പോള്‍ ഒരമ്മ, തന്‍റെ മരിച്ചുപോയ മകനെ വേദനയോടെ സ്മരിക്കുന്നതും വിലപിക്കുന്നതുമാണ് കവിതയുടെ ഉള്ളടക്കം. ആ തൈമാവില്‍നിന്ന് പൂങ്കുല പൊട്ടിച്ചെടുത്തപ്പോള്‍ അവനെ ശാസിച്ചതോര്‍ത്ത് അമ്മ പശ്ചാത്തപിക്കുന്നു. ഒരമ്മയുടെയും മകന്‍റെയും പരസ്പരസ്നേഹം എന്നതിലുപരി മനുഷ്യസ്നേഹത്തിന്‍റെയും ജീവസ്നേഹത്തിന്‍റെയും പുത്രനോടുള്ള സ്നേഹത്തിലുപരി ജീവിതസ്നേഹത്തിന്‍റെ തന്നെ സാന്ദ്രതയും വ്യാപനശേഷിയും സ്നേഹം, സ്നേഹത്തില്‍തന്നെ ലയിക്കുന്നതിന്‍റെ നിര്‍വൃതിയും നിറവാര്‍ന്ന് ആവിഷ്‍കരിക്കുന്ന കവിതയാണ് ‘മാമ്പഴം’.

എം.എന്‍. വിജയന്‍ തന്‍റെ ലേഖനം തുടങ്ങുന്നത് ‘മാമ്പഴം’ കവിതയുടെ ജനകീയ പ്രശസ്തിയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ്. ‘‘കേരളക്കരയെമ്പാടും ഇടറിയ തൊണ്ടയോടെ അമ്മമാര്‍ ഈ പാട്ടുപാടി...’’ എന്ന അതിശയോക്തിയില്‍തന്നെ, കവിതയെ ‘പാട്ട്’ എന്ന് മാറ്റിയെഴുതി ന്യൂനോക്തി കലർത്തുകവഴി ‘മാമ്പഴം’ കവിതയെ അതിന്‍റെ സര്‍ഗാത്മകതയുടെ നെഞ്ചില്‍ കൈവെക്കാനുള്ള എം.എന്‍. വിജയന്‍റെ ബോധപൂർവമായ ശ്രമം പ്രകടമാണ്. എന്നാല്‍, ‘മാമ്പഴം’ കവിതയുടെ സര്‍ഗാത്മകതയെ മുറിവേൽപിക്കാന്‍ തന്‍റെ വിമര്‍ശനത്തിന്‍റെ മൂര്‍ച്ച മതിയാവില്ല എന്നു മനസ്സിലാക്കിയ ലേഖകന്‍ ‘മാമ്പഴം’ എന്ന കവിതയോളം ഹൃദയാവർജകമായി മറ്റൊന്ന് മലയാളത്തില്‍ എഴുതപ്പെട്ടിട്ടില്ല എന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് കവിതയെ ശസ്ത്രക്രിയ ചെയ്യുന്നത്. അനാവശ്യവും അപ്രസക്തവുമായ താരതമ്യപഠനം, വിരുദ്ധപക്ഷങ്ങളെ സാഹിത്യത്തിലേക്ക് വലിച്ചിഴക്കല്‍, സാഹിത്യപ്രസ്ഥാനങ്ങളുടെ കൂടാരങ്ങളിലേക്ക് കവിതയെയും കലയെയും വലിച്ചിഴക്കല്‍ തുടങ്ങി കാലഹരണപ്പെട്ട വിമര്‍ശന രീതിശാസ്ത്രത്തിന്‍റെ ഇരുണ്ടലോകത്തെ താനറിയാതെതന്നെ വെളിപ്പെടുത്തുന്നുണ്ട് അദ്ദേഹം.

‘‘മാമ്പഴം ഒരു അനുരാഗീതയല്ല: അതില്‍ സാമൂഹ്യമായ സജീവപ്രശ്നങ്ങളില്ല: ഗംഭീരമെന്നു വിശേഷിപ്പിക്കാവുന്ന വിഷയമോ അനുപമമെന്നു വിളിക്കാവുന്ന ആവിഷ്കരണ രീതിയോ ഇല്ല’’ എന്നു തുടങ്ങി മാമ്പഴത്തിലെ ‘ഇല്ലായ്മ’കളുടെ ഒരു പട്ടികനിരത്തിയിട്ടും അത് ഏറ്റവും ഹൃദയാവർജകമാണെന്ന് നിരീക്ഷിക്കുന്ന എം.എന്‍. വിജയന്‍ അതിനു കാരണം കണ്ടെത്താതെയാണ് ലേഖനം അവസാനിപ്പിക്കുന്നത്. ഇവിടെ കവിതയുടെ സർഗാത്മക പ്രവാഹത്തിന്‍റെ പ്രഹരശേഷിയെക്കുറിച്ചുള്ള യാന്ത്രികഭൗതിവാദത്തിന്‍റെ ശുഷ്കിച്ച ധാരണകളുടെ ശേഷിപ്പുകള്‍ വ്യക്തമാണ്. പ്രണയഗീതമായിരിക്കണം, സാമൂഹികമായ വിഷയങ്ങള്‍ ഉണ്ടായിരിക്കണം, ഗംഭീരമെന്ന് പറയാവുന്ന സജീവപ്രശ്നങ്ങള്‍ ആയിരിക്കണം എന്നെല്ലാമുള്ള വഷളന്‍ യഥാതഥവാദത്തിന്‍റെ (Vulgal Realism) ഭാണ്ഡമിറക്കിവെക്കുകയാണ് ലേഖകന്‍.

കവിതയെ പല വിഷയങ്ങളും ആവിഷ്കരിക്കാനുള്ള കേവല മാധ്യമമായി വെട്ടിച്ചുരുക്കുന്ന റിയലിസത്തിന്‍റെ സങ്കുചിതലോകത്തുനിന്നും വിശ്വസാഹിത്യം വളര്‍ന്നതുകാണാത്ത ദാര്‍ശനികമായ അന്ധതയാണ് ഇവിടെ പ്രകടമാകുന്നത്. അല്ലായിരുന്നെങ്കില്‍ ‘‘അനുപമമെന്നു വിളിക്കാവുന്ന ആവിഷ്കരണ രീതിയോ ഇല്ല’’ ‘മാമ്പഴം’ കവിതയില്‍ എന്നുപറഞ്ഞ എം.എന്‍. വിജയന്‍, ആ കവിതക്കുശേഷം മറ്റൊരു നാൽപത്തിയെട്ടുവരി കവിത ഇത്ര ഹൃദയാവര്‍ജകമായി മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നു പറയില്ലായിരുന്നു. അനുപമമെന്നു വിളിക്കാവുന്ന ആവിഷ്കാരരീതി അതിനില്ലെങ്കില്‍ ആ കവിതയെങ്ങനെ ഹൃദയാവര്‍ജകമാകും? നൂറ്റാണ്ടുകളുടെ പഴക്കമുള്ള അസഹിഷ്ണുതയുടെയും പുരുഷാധിപത്യത്തിന്‍റെയും വിരലടയാളങ്ങള്‍ അറിയാതെ തന്‍റെ ലേഖനത്തിന്‍റെ തുറസ്സുകളില്‍ പതിഞ്ഞുപോവുന്നതിനു പരമ്പരാഗത സാഹിത്യനിരൂപകരുടെ പരിമിതിയല്ല കാരണം അവര്‍ പിന്തുടരുന്ന ആശയസംഹിതകളുടെ ദാര്‍ശനിക ദാരിദ്ര്യമാണ്.

‘മാമ്പഴം’ കവിതയുടെ ജനസമ്മതിക്കുള്ള കാരണം ലേഖകന്‍ പറയുന്നു: ‘‘ ‘മാമ്പഴം’ ഒരമ്മയേയും ഉണ്ണിയേയും വിഷയമാക്കി കവി എഴുതുന്ന വാക്യങ്ങളല്ല, അമ്മയെക്കുറിച്ചുള്ള ഉണ്ണിയുടെ ചിന്തകളാണ്.’’ അനന്തരം ലേഖനത്തില്‍ അവതരിപ്പിക്കുന്നതെല്ലാം, സിഗ്മണ്ട് ഫ്രോയ്ഡിന്‍റെ, ‘ഈഡിപ്പസ് സിദ്ധാന്ത’(Oedipus theory) മസ്തകമായ ‘ഈഡിപ്പസ് കോപ്ലക്സി’ന്‍റെ പാഠബന്ധിതമായ വിവര്‍ത്തനമാണ്.

 

സിഗ്മണ്ട് ഫ്രോയ്ഡിന്റെ സിദ്ധാന്തത്തിന്റെ പതനം

1899ലാണ് ഫ്രോയ്ഡിന്‍റെ ബൃഹത്ഗ്രന്ഥമായ ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’(Interpretation of Dreams) പ്രസിദ്ധീകരിക്കപ്പെടുന്നത്. മനുഷ്യമനസ്സിന്‍റെ അബോധതലങ്ങളുടെ സങ്കീര്‍ത്തന പ്രവര്‍ത്തനങ്ങളെ അനാവൃതമാക്കുകയും അതിന്‍റെ നിയാമകശക്തി വെളിപ്പെടുത്തുകയും വ്യക്തികളുടെ ലൈംഗിക അഭിലാഷങ്ങള്‍ അമര്‍ത്തപ്പെടുന്നതിനെയും (repression) സംബന്ധിച്ച ഫ്രോയ്ഡിന്‍റെ പ്രസ്തുത കൃതിയിലെ നിരീക്ഷണങ്ങള്‍ പ്രാധാന്യമുള്ളതായിരുന്നു. എന്നാല്‍, സ്വപ്നങ്ങളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ന് പ്രസക്തിയില്ല. 1905ല്‍ പ്രസിദ്ധീകരിച്ച ‘Three Essays on the Theory of Sexuality’ എന്ന ഗ്രന്ഥത്തിലാണ് ഈഡിപ്പസ് കോപ്ലക്സ് തിയറി വിശദീകരിക്കപ്പെടുന്നത്.

ആണ്‍കുട്ടികള്‍ക്ക് അമ്മയോട് തോന്നുന്ന അഗമ്യഗമന വാസനയും അച്ഛനോടു തോന്നുന്ന ശത്രുതാബോധത്തെയും സംബന്ധിച്ച ഫ്രോയ്ഡിയന്‍ ആശയങ്ങള്‍ ഇന്ന് അയഥാർഥമാണെന്നു തെളിയിക്കപ്പെട്ടിരിക്കുകയാണ്. യവനപുരാവൃത്ത (Greek Mythology) കഥകളിലെ ഈഡിപ്പസ് രാജാവിന്‍റെ പേരുമായി ബന്ധിപ്പിച്ച ഈ സിദ്ധാന്തത്തിന് അത്ഭുതാവഹമായ പ്രസിദ്ധി ലഭിച്ചു. എന്നാല്‍, മകന് അമ്മയോട് തോന്നുന്ന തൃഷ്ണ ഫ്രോയ്ഡിന്‍റെ ഒരു സാങ്കൽപിക സൃഷ്ടിമാത്രമാണ്. കാരണം, ഇത് വ്യക്തിനിഷ്ഠമാണ്. ലൈംഗികവികാരം അഥവാ ലൈംഗികാഭിനിവേശം (Sexual or Libidinal Drive) അടിസ്ഥാനപരമായി മനുഷ്യന്‍റെ സൃഷ്ടിപരമായ ഊർജമാണെന്നു പറയുന്ന ഫ്രോയ്ഡ്, മനുഷ്യന്‍റെ അടിസ്ഥാനപരമായ, അഭിലാഷത്തിന്‍റെ (Desire) ഒരുഭാഗം മാത്രമാണ് ലൈംഗികാഭിലാഷം എന്നു തിരിച്ചറിയുന്നില്ല.

ഫ്രോയ്ഡിന്‍റെ ലൈംഗിക മനഃശാസ്ത്രത്തിന്‍റെ അടിസ്ഥാനപരമായ ദൗര്‍ബല്യം, അത് ലൈംഗികതൃഷ്ണയെ ജന്മസിദ്ധവികാരമായി കാണുന്നു എന്നുള്ളതാണ്. ജന്മസിദ്ധമായ ഈ വികാരം അമര്‍ത്തപ്പെടുന്നതുകൊണ്ട് ഉദ്ദീപിപ്പിക്കപ്പെടുന്നതാണ് ഈ തൃഷ്ണയെന്നാണ് ഫ്രോയ്ഡിയന്‍ സിദ്ധാന്തം. എന്നാല്‍, അടിച്ചമര്‍ത്തപ്പെടുന്നതുകൊണ്ട് രൂപംകൊള്ളുന്ന അജൈവികമായ ആസക്തിയാണ് മാനുഷിക ലൈംഗികത. ഇത് ഇതരജീവികളില്‍ ദൃശ്യമല്ല. കുട്ടികളില്‍ ജന്മസിദ്ധമായി നിലകൊള്ളുന്ന വികാരത്തെ ദമനം ചെയ്യുമ്പോള്‍ രൂപം കൊള്ളുന്നതാണ് ലൈംഗികാഭിനിവേശം എന്ന ഫ്രോയ്ഡിയന്‍ നിഗമനം വസ്തുനിഷ്ഠമല്ല. കാരണം, ജീവികളിലെ ലൈംഗിക ചോദന പ്രത്യുൽപാദനവുമായി ബന്ധപ്പെട്ടതാകയാല്‍ അത്, പ്രായപൂര്‍ത്തിയാവാത്ത ജൈവശരീരത്തില്‍ തീവ്രചോദനയായി രൂപപ്പെടുകയില്ല. മറിച്ച്, സമൂഹം, കുടുംബം, സദാചാരങ്ങള്‍, മതങ്ങള്‍, വിദ്യാഭ്യാസരീതികള്‍, ക്ലാസ്മുറികള്‍, സാമൂഹികബന്ധങ്ങള്‍, ഭൗതിക ഉൽപാദനരീതികള്‍ എന്നിവയാല്‍ മനുഷ്യരുടെ വികാരങ്ങള്‍ അമര്‍ത്തപ്പെടുകയും അവ വക്രീകരിക്കപ്പെടുകയും ചെയ്യുന്നതാണ്. ലൈംഗികാഭിലാഷങ്ങളുടെ അടിസ്ഥാനം എന്ന് ഡല്യൂസ്, ഗട്ടാരി എന്നീ എഴുത്തുകാര്‍ വിശദമാക്കുന്നു.

ഒരു അയഥാർഥ സിദ്ധാന്തത്തെ മറ്റൊരു ‘യഥാർഥ’ സിദ്ധാന്തംകൊണ്ട് അപ്രസക്തമാക്കുകയല്ല, ഡല്യൂസും ഗട്ടാരിയും തങ്ങളുടെ ഗ്രന്ഥങ്ങളിലൂടെ ചെയ്യുന്നത്. അതില്‍നിന്നും വ്യത്യസ്തമായി, ഒരുവിധ സിദ്ധാന്തങ്ങളും രൂപപ്പെടുത്താതെ പ്രകൃതിയെയും, ജീവല്‍പ്രപഞ്ചത്തിലെയും മനുഷ്യജീവിതത്തിലെയും വസ്തുക്കളെയും മൂര്‍ത്തവും അപ്രസക്തമെന്നു മുദ്രകുത്തി ‘സംസ്കാരം’ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച അമൂര്‍ത്ത യാഥാർഥ്യങ്ങളെയും ലോകത്തിനു മുമ്പാകെ ഉയര്‍ത്തിക്കാണിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതിലേറ്റവും ലളിതമായ ഉദാഹരണമാണ്, ‘മേല്‍ത്തട്ട്/കീഴ്ത്തട്ട്’ എന്ന ലംബമാന (vertical) സങ്കൽപനത്തെ അധികാര സൂചനാമാതൃകയില്‍നിന്നും പുറന്തള്ളി മണ്ണിൽ വേരുകള്‍ പടരുന്ന ഘടനയെ (Rhizome) യഥാർഥജീവിത ഘടനയായി വീണ്ടെടുക്കുന്നത്. ഡല്യൂസ്, ഫ്രോയ്ഡിന്‍റെ ഈഡിപ്പല്‍ ത്രിമാനത്തെ തള്ളിക്കളയുകയല്ല, മറിച്ച് അത് ലൈംഗികചോദനയുടെ കുടുംബബന്ധിതമായ അച്ചുതണ്ടില്‍ കുരുക്കി, ലൈംഗികതയെ വൃക്തിനിഷ്ഠവും സ്വകാര്യവുമാക്കുന്നതും സ്രോതസ്സാക്കി മാറ്റുന്നതുമായ ഫ്രോയ്ഡിന്‍റെ സിദ്ധാന്തത്തെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്.

ഡല്യൂസിന്‍റെ അഭിപ്രായത്തില്‍ ലൈംഗികതയുടെ ദമനമെന്നത് ആശയശാസ്ത്രപരവും (ideological) സാമൂഹികവുമായ ഒരു പ്രക്രിയയാണ്. മുതലാളിത്ത സമൂഹത്തില്‍ അണുകുടുംബഘടന ലൈംഗിക ചോദനയെ അമര്‍ത്തി ഒതുക്കുന്നതിലൂടെ (repression) സൃഷ്ടിക്കപ്പെടുന്നതാണ്. അത് യഥാർഥത്തില്‍ മനുഷ്യന്‍റെ നിലനിൽപിന്‍റെയും അതിജീവനത്തിന്‍റെയും അടിസ്ഥാനമായ അഭിലാഷത്തിന്‍റെ അറ്റമില്ലാത്ത വിസ്തൃതിയില്‍ ഒന്നുമാത്രമാണ്. എന്നാല്‍, സര്‍ഗാത്മവും പ്രാപഞ്ചിക ഊർജത്തിന്‍റെയും (Cosmic energy) സംഘാത്മക അബോധമനസ്സിന്‍റെയും (Collective unconscious) ഈ അഭിലാഷത്തിന്‍റെയും ഒഴുക്കിനെ ദിശമാറ്റിയും വക്രീകരിച്ചും കുടുംബഘടനയിലെ വ്യക്തിസ്വത്വതലത്തിലെ സ്വകാര്യവിഷയമാക്കി മാറ്റുന്നത് ഒരു സാമൂഹിക പ്രക്രിയയാണ്. മതങ്ങള്‍, ആചാരങ്ങള്‍, സദാചാരസങ്കൽപങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവയിലൂടെ സമൂഹത്തിന്‍റെ വിഭിന്നതലങ്ങളിലെ അധികാരബന്ധങ്ങളുടെ സമഗ്രമായ പ്രക്രിയയിലൂടെയാണ് ഈ അമര്‍ത്തല്‍ സംഭവിക്കുന്നത്.

മുതലാളിത്ത പൂര്‍വകാലഘട്ടങ്ങളിലും ലൈംഗികമായ നിയന്ത്രണങ്ങളും നിരോധനങ്ങളും സദാചാരാനുശീലനങ്ങളും നിയമസംഹിതകളും വിഭിന്ന സമൂഹങ്ങളില്‍ വിഭിന്നരീതികളിലൂടെ ലോകത്താകെ നിലനിന്നിരുന്നു. പക്ഷേ, അതെല്ലാം ആധുനിക കാലഘട്ടങ്ങളിലേതില്‍നിന്നും വിഭിന്നമായിരുന്നു. മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ ക്രൈസ്തവസദാചാരം ആ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യൻ വര്‍ണജാതിവ്യവസ്ഥയില്‍ പുരുഷാധിപത്യം ശക്തമായ നിയന്ത്രണങ്ങള്‍ നടത്തി. എന്നാല്‍, പ്രാചീനസമൂഹങ്ങളില്‍ സംഘാത്മക അഭിലാഷങ്ങളുടെ ബഹിര്‍സ്ഫുരണമെന്നനിലയില്‍ അയവേറിയ ലൈംഗികജീവിതമാണ് നിലനിന്നിരുന്നത് എന്ന് നരവംശശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നു.

 

സ്വത്വ സങ്കൽപനങ്ങളുടെ തമോഗര്‍ത്തങ്ങള്‍

സ്വത്വരാഷ്ട്രീയം (Identity politics) 1970കളിലാണ് രൂപംകൊണ്ടതെങ്കിലും അതിനും എത്രയോ ദശകങ്ങള്‍ക്കു മുമ്പുതന്നെ ഫ്രോയ്ഡിയ ലൈംഗിക വിജ്ഞാനീയം (Sexology) സ്വത്വസങ്കൽപനങ്ങള്‍ രൂപപ്പെടുത്തി. അങ്ങനെ വ്യക്തി എന്നത്, പൊതുമാനവ സമൂഹത്തില്‍നിന്നും പ്രപഞ്ചചലന വികാസങ്ങളില്‍നിന്നും സംഘഅബോധത്തില്‍നിന്നും വേറിട്ട ഒരു ഉന്നത അഹംബോധ (Super ego) മായിമാറി. അച്ഛന്‍/അമ്മ, മകന്‍/മകള്‍, പുരുഷന്‍/സ്ത്രീ എന്നീ കൃത്രിമസ്വത്വങ്ങള്‍ മനുഷ്യരുടെമേല്‍ മാത്രം രൂഢമൂലമായി. മനുഷ്യന്‍ അവയവങ്ങളുടെ ഭാരവും മുദ്രയും ഉപഭോക്താവും ഉല്‍പാദകനുമായി മാറി. മനുഷ്യന്‍ എന്നത് മിത്തും സ്വത്വങ്ങള്‍ ‘യാഥാർഥ്യ’വുമായി പരിണമിച്ചു.

അങ്ങനെയാണ് എം.എന്‍. വിജയന്‍, സ്നേഹത്തെ ലൈംഗികതൃഷ്ണയായി വക്രീകരിച്ചതും ‘മാമ്പഴ’ത്തെ അമ്മയുടെ മുലകളുടെ ബിംബമായി അവതരിപ്പിച്ചതും. ഇങ്ങനെയാണെങ്കില്‍, ഒരു മനഃശാസ്ത്രവിദ്യാർഥിക്ക് ചങ്ങമ്പുഴയുടെ, ‘വാഴക്കുല’യെ മലയപ്പുലയന്‍റെ ലിംഗവുമായി ഏതെങ്കിലും സ്ത്രീ സങ്കൽപിക്കുന്നതായും ‘‘ഈ ഞാലിപ്പൂവന്‍റെ പഴമെത്രസാദോള്ളേതായിരിക്കും’’ എന്ന ‘വാഴക്കുല’യിലെ വരിയെടുത്ത്, അത് വദനസുരതാസക്തിയുടെ പ്രതീകമായും എം.എന്‍. വിജയനെപ്പോലെ എഴുതാവുന്നതേയുള്ളൂ. കുമാരനാശാന്‍, ചങ്ങമ്പുഴ, ഇടശ്ശേരി, കടമ്മനിട്ട തുടങ്ങി മലയാള കവികളുടെ കവിതകളിലെല്ലാം ലൈംഗികബിംബങ്ങള്‍ തിരഞ്ഞെടുത്ത് എഴുതാന്‍ പ്രയാസമില്ല.

ഇവിടെ ഫ്രോയ്ഡിന്‍റെ മനഃശാസ്ത്രസിദ്ധാന്തത്തിലെ ഈഡിപ്പസ് കോപ്ലക്സ് കാലഹരണപ്പെട്ടതുമാത്രമല്ല പ്രശ്നം. സാഹിത്യത്തെ (Procrustes) പ്രൊക്രുറ്റസിന്‍റെ /കട്ടിലില്‍ മയക്കിക്കിടത്തി, ആ കട്ടിലില്‍കൊള്ളാത്തതാണ് ഉടലെങ്കില്‍ അയാളുടെ കാലുകള്‍ അരിയുകയും ഉടല്‍ ചെറുതാണെങ്കില്‍ ഉടലിനെ അടിച്ചുപരത്തി വലുതാക്കുകയും ചെയ്യുന്ന പ്രാചീന യവനപുരാവൃത്തത്തിലെ കിരാതനെയാണ് എം.എൻ. വിജയന്‍ പ്രതിനിധാനം ചെയ്യുന്നത്. കാട്ടിലൂടെ നടന്നുപോകുന്നവരുടെ ധനം കവരുകമാത്രമല്ല അവരുടെ ഉടലുകളെ തന്‍റെ കട്ടിലിന്‍റെ വലുപ്പമനുസരിച്ച് മുറിച്ചുമാറ്റുകയോ അടിച്ചുവലുതാക്കുകയോ ചെയ്യുന്ന കൊല്ലപ്പണി അറിയുന്ന ആ കിരാതനെക്കുറിച്ച് വയലാര്‍ ‘പ്രൊക്രുറ്റസ്’ എന്ന ഒരു കവിത തന്നെ എഴുതിയിട്ടുണ്ട്.

വൈലോപ്പിള്ളി കവിതയില്‍ മാത്രമല്ല ആശാന്‍ കവിതകളിലും ‘മലദ്വാരലൈംഗികാസ്വാദനഘട്ടം’ (Anal erotism) തുടങ്ങിയ മനഃശാസ്ത്രവിജ്ഞാനീയം ചവറ്റുകൊട്ടയിലെറിഞ്ഞ ഫ്രോയ്ഡിയന്‍ സംജ്ഞകള്‍ ഉപയോഗിച്ച് വസ്തു, ഗന്ധ ബിംബങ്ങള്‍ കവിതകളില്‍ അടിച്ചുകയറ്റിയ കവിപീഡാരതിക്രീഢകളാണ് എം.എന്‍. വിജയനെ പ്രശസ്തനാക്കിയത്. കവിതയെ ജീവിതസ്നേഹത്തിന്‍റെ നഗ്നപ്രവാഹമായി കാണാന്‍ വിസമ്മതിക്കുന്ന അധികാര ഉന്മത്തതയുടെ ഉത്സവങ്ങളാണ് നമ്മുടെ പ്രശസ്ത സാഹിത്യനിരൂപണങ്ങളെല്ലാം. അവിടെ മനുഷ്യര്‍ക്കു പകരം സ്വത്വങ്ങള്‍ മാത്രമേയുള്ളൂ. ശരീരങ്ങളില്ല. ശരീരങ്ങളുടെ, കൃത്യമായി പറഞ്ഞാല്‍ ചിന്തിക്കുകയും സ്നേഹം ത്രസിക്കുകയും ചെയ്യുന്ന ഉടലുകളില്ല. അവയവങ്ങളും അവയെ പ്രതിനിധാനം ചെയ്യുന്ന ബിംബങ്ങളും മാത്രമേ ഉള്ളൂ.

ഫ്രോയ്ഡിന്‍റെ ഈഡിപ്പല്‍ ത്രിമാനത്തില്‍ പെണ്ണിനു കര്‍തൃപരമായി ഒരു സ്ഥാനവുമില്ലെന്നും അവള്‍ അതില്‍ ലിംഗമില്ലായ്മയുടെ (Absence of penis) ഇരയാണെന്നും അതുകൊണ്ടുതന്നെ ആണ്‍ കോയ്മയുടെ സിദ്ധാന്തമാണെന്നും മനസ്സിലാക്കാനുള്ള സാമാന്യബോധംപോലും എം.എന്‍. വിജയനുണ്ടായില്ല. ലോകത്ത് സ്ത്രീ വിമോചനപ്രസ്ഥാനങ്ങള്‍ രൂപംകൊള്ളുന്നതിനുമുമ്പ് അക്കാദമിക് തലങ്ങളില്‍ വിമര്‍ശനരഹിതമായി സ്വീകരിക്കപ്പെട്ട ഫ്രോയ്ഡിയന്‍ പുരുഷാധിപത്യ ലൈംഗിക സിദ്ധാന്തമനുസരിച്ച് അബോധ മനസ്സിന് മനുഷ്യന്‍റെ അഭിലാഷങ്ങളെ സഫലമാക്കുന്നതില്‍ നിര്‍ണായകപ്രാധാന്യമുണ്ട്. എന്നുവെച്ചാല്‍ അബോധമനസ്സും വെള്ളംകയറാത്ത അറകളാണെന്നല്ല. ഒരു തരത്തിലും സാമ്യമില്ലാത്ത മാമ്പഴത്തെ സ്ത്രീയുടെ മുലയുമായി ബന്ധിപ്പിക്കുന്ന എം.എന്‍. വിജയന്‍റെ വികലഭാവന വൈലോപ്പിള്ളിയുടെ അബോധമനസ്സിലെ ഭാവനാബിംബമായി അടിച്ചേൽപിക്കപ്പെടുകയാണ്.

‘‘വീണതന്‍ കുടം പോലാനിതംബം

വീണുരുമ്മുന്ന വേണീ കദംബം

കോരി ഞാനെന്‍റെ മാറിലാ ലജ്ജാകോര-

കങ്ങളെ സ്പന്ദിതമാക്കി.’’

 

എം.എൻ. വിജയൻ

എന്നു തുടങ്ങി മോഹനവും മുഗ്ദവുമായ ശിൽപചാരുത കവിതയില്‍ സൃഷ്ടിച്ച വൈലോപ്പിള്ളിയുടെ അബോധമനസ്സില്‍ ഈഡിപ്പല്‍ രതിതൃഷ്ണ തീവ്രമായിരുന്നെങ്കില്‍ അതാവിഷ്കരിക്കുന്ന കവിതകള്‍ ഒട്ടേറെ ജനിക്കുമായിരുന്നു. പക്ഷേ, വൈലോപ്പിള്ളി വിശ്വമാനവികതയുടെയും ആഴമാര്‍ന്ന ശാസ്ത്രബോധത്തിന്‍റെയും കവിയായിരുന്നു. കാവ്യപ്രതിഭയുടെ നിറവാര്‍ന്ന അന്തര്‍മിഴികള്‍ വെട്ടിവെട്ടി തിളങ്ങുമ്പോള്‍ തങ്ങളുടെ ജൈവശരീരത്തിനപ്പുറത്തെ അനന്തമായ പ്രപഞ്ചത്തെ അത് ദര്‍ശിക്കുകയും അവിടേക്ക് പ്രയാണം നടത്തുകയും ചെയ്യുന്നു. അവിടെ തങ്ങളുടെ വ്യക്തിനിഷ്ഠമായ അനുഭവങ്ങളുടെ സ്വത്വതലങ്ങള്‍ക്കുമപ്പുറത്തുള്ള അറ്റമില്ലാത്ത അപരശരീരങ്ങളുമായി സാർഥകമായി സമന്വയിക്കുന്നു. സര്‍ഗാത്മക സൃഷ്ടിക്കു മുമ്പുള്ള ഭാവതീവ്രമായ ഭാവനയുടെ അനിര്‍വചനീയമായ ഏകാന്തതയുടെ വിഷാദഭരിതമായ ആനന്ദമെന്നോ ഹര്‍ഷസുരഭിലമായ വിഷാദമെന്നോ പറയാനാവാത്ത കവികളുടെ മാനസികപരിണാമത്തെ മനസ്സിലാക്കാന്‍ പരമ്പരാഗത ബുദ്ധിജീവികളുടെ സൈദ്ധാന്തിക അന്വേഷണങ്ങള്‍ക്കാവില്ല.

വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കല്‍’ എന്ന കവിതയിലെ അവസാനഭാഗത്ത് ഒരു ബൃഹത്തായ പുരുഷാരത്തെ കാണാം. അതൊരു പാര്‍ട്ടിയുടെ ജാഥയല്ല. മനുഷ്യരെല്ലാവരും അഹംബോധ സങ്കൽപ ങ്ങളുടെയും സ്വത്വസങ്കൽപനങ്ങളുടെയും/മതിലുകള്‍ ഭേദിച്ച് ഒരു പ്രവാഹിനിയായി മാറുന്ന യാഥാർഥ്യമാണത്. ഭാഷയുടെ തേജസ്സാര്‍ന്ന പ്രാണന്‍റെ മിഴികള്‍കൊണ്ട് പ്രപഞ്ചത്തിന്‍റെ മായികശരീരത്തെ നിറമാല ചാര്‍ത്തുകയും പരിരംഭണം ചെയ്യുകയുമാണ് ഉദാത്തമായ കവിതകള്‍. എന്നോ ഒന്നിച്ചുചേരേണ്ട രണ്ടു ജീവശരീരങ്ങള്‍, മനനംചെയ്യുന്ന ഉടലുകള്‍ (Thinking bodies) ഒന്നാവുന്നതുപോലെ വാക്കുകള്‍ വാക്കുകളുമായി ലയിക്കുന്നു. ബിംബങ്ങള്‍, ഉപമകള്‍, ഉപമാനങ്ങള്‍ തുടങ്ങിയവയെല്ലാം കവിതക്കു പുറത്തു സഞ്ചരിക്കുന്ന പാണ്ഡിത്യത്തിന്‍റെ തീര്‍പ്പുകളും അനുമാനങ്ങളും മാത്രമാണ്.

കവിതയില്‍ വാക്കുകളുടെ നിലയ്ക്കാത്ത പ്രവാഹമാണുള്ളത്. വാക്കുകള്‍ അർഥങ്ങള്‍ ശേഖരിച്ചുവെക്കുന്ന പാത്രങ്ങളല്ല. അർഥവും ഭാവനയും ശബ്ദവും ദൃശ്യവും സമ്മോഹനമായി നര്‍ത്തനമാടുന്ന അപൂര്‍വരംഗവേദിയുടെ അചുംബിതസൗന്ദര്യമാണത്. ‘‘കണ്ണേമടങ്ങുക... അവനി വാഴ്വു കിനാവുകഷ്ടം’’ എന്ന് ‘വീണപൂവി’ല്‍ ആശാന്‍ പാടുമ്പോഴും ‘‘പുഞ്ചിരി ഹാ! കുലീനമാം കഷ്ടം നെഞ്ചുകീറി ഞാന്‍ നേരിനെ കാട്ടാം’’ എന്നു വൈലോപ്പിള്ളി ‘കുടിയൊഴിക്കലി’ല്‍ വിലപിക്കുമ്പോഴും മനുഷ്യന്‍റെ വേദന, മാനുഷിക സ്വത്വത്തെ ആത്മഹനനം ചെയ്ത് അതിന്‍റെ ചാരത്തില്‍നിന്ന് ആനന്ദത്തിന്‍റെ വിഹായസ്സിലേക്ക് ഫിനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ചുയരുന്ന കാഴ്ച കാണാം.

‘മാമ്പഴ’ത്തിലെ അകാലത്തില്‍ മരിച്ചുപോയ മകനോടുള്ള ഇളനീര്‍പോലുള്ള ശുദ്ധമായ അമ്മയുടെ സ്നേഹം വിതുമ്പുന്നു. ജന്മജൈവശരീരം (Gender) എന്നത് അവയവനിർണീതമല്ല. അത് അവയവരഹിതമായ ശരീരമാണ് (Body Without Organ –Deleuze Guattari). അത്തരമൊരു ജൈവാവസ്ഥ എന്നുവെച്ചാല്‍ സ്ത്രീ/പുരുഷന്‍ എന്ന നിർണിത സ്വത്വം നമ്മുടെ ഭാഷാവ്യവഹാരത്തിൽ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ആണ്, പെണ്ണ് എന്നത് അതിന്‍റെ ചലന-പ്രയോഗ അവസ്ഥയില്‍ ‘ആയിത്തീരല്‍’ (Becoming)എന്ന പ്രക്രിയയാണ്. ആണ് തന്നെ പെണ്ണും പെണ്ണുതന്നെ ആണും ആയിക്കൊണ്ടിരിക്കുന്ന പ്രക്രിയ നമ്മുടെ വ്യവസ്ഥാപിത ലൈംഗികസങ്കൽപങ്ങള്‍ക്കു വഴങ്ങുന്നില്ല. അവര്‍, ‘ആണും പെണ്ണുമല്ലാത്ത’ എന്ന പ്രതിലോമ ആശയം വെച്ചുപുലര്‍ത്തുകയും ഭിന്നലൈംഗികതയെ നിരാകരിക്കുകയും ചെയ്യുന്നു. എന്നാല്‍, പെണ്ണ് എന്നത് മനുഷ്യന്‍റെ സ്നേഹ, കാരുണ്യ, മനോഭാവത്തിന്‍റെയും, ആണ് എന്നത് സുരക്ഷിതത്ത്വത്തിനുവേണ്ടിയുള്ള ശക്തിപ്രയോഗത്തിന്‍റെയും രണ്ട് ഭാവങ്ങള്‍ മാത്രമാണ് എന്ന യാഥാർഥ്യം ആധുനികാനന്തര മനഃശാസ്ത്രം കണ്ടെത്തി.

ഇത് ഒരു കണ്ടുപിടിത്തമല്ല, യാഥാസ്ഥിതിക സമൂഹം അബോധപൂര്‍വമായി മറച്ചുവെച്ചത് കണ്ടെത്തലാണ്. അമ്മയുടെ അഭാവത്തില്‍ അച്ഛന്‍ കുട്ടികള്‍ക്ക് അമ്മയാവുന്നതും അച്ഛന്‍റെ അഭാവത്തില്‍ അമ്മ കുട്ടികള്‍ക്ക് അച്ഛനാവുന്നതും നമ്മുടെ ജീവിക്കുന്ന ഉദാഹരണമാണ്. ‘അർധനാരീശ്വര സങ്കൽപ’ത്തില്‍ അന്തര്‍ലീനമായ ഈ രഹസ്യം എം.എന്‍. വിജയന്‍ മാത്രമല്ല നമ്മുടെ പുരുഷാധിപത്യ സമൂഹവും തിരിച്ചറിയുന്നില്ല. സ്ത്രീവാദികള്‍ക്കും മനസ്സിലാവുന്നില്ല. അവര്‍ സ്ത്രീ സ്വത്വത്തെ സ്ഥായിയായതും നിര്‍ണിതവും പരിണാമരഹിതവുമായ സ്വത്വമായി കാണുന്നു.

‘മാമ്പഴ’ത്തിലെ അമ്മയും അവയവരഹിതമായ മനുഷ്യസ്നേഹത്തിന്‍റെ നിറകുടമാണ്. മാമ്പഴത്തിലെ കുട്ടിയും അവയവരഹിതമായ അഥവാ ‘ഈഡിപ്പൽ പൂര്‍വഘട്ട’ത്തിലെ കുഞ്ഞാണ്. ഈ ഘട്ടത്തില്‍ പെണ്‍കുട്ടി ആണ്‍കുട്ടിയായി അഭിനയിക്കുകയും ആണ്‍കുട്ടി പെണ്‍കുട്ടിയുടെ വസ്ത്രം ധരിച്ച് ലജ്ജയും ആഹ്ലാദവും കലര്‍ന്ന് അമ്മയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കുമാരനാശാന്‍റെ, ‘സിംഹപ്രസവം’, കടമ്മനിട്ടയുടെ ‘കോഴി’ എന്നീ കവിതകളും ‘മാമ്പഴം’പോലെയുള്ള കവിതകളാണ്.

‘‘പിണങ്ങിപ്പോയീടിലും

പിന്നെ ഞാന്‍ വിളിക്കുമ്പോള്‍

കുണുങ്ങി കുണുങ്ങി നീ-

യുണ്ണുവാന്‍ വരാറില്ലേ’’

ഹാ... ഹാ...ആ ദൃശ്യം... ആ രംഗം... ആ അനിര്‍വചനീയാനുഭവം അമ്മയിലും അച്ഛനിലും കുഞ്ഞിലും ആണിലും പെണ്ണിലും ഒതുങ്ങിനില്‍ക്കാതെ സ്നേഹം വിജൃംഭിതമാവുകയാണ്. സ്നേഹത്തെ കേവല ശരീരകാമനയുടെ പ്രതിബിംബമായി കാണുന്ന എം.എന്‍. വിജയന്‍റെ കാവ്യാനിര്‍ധാരണ ബുദ്ധി രോഗഗ്രസ്തമാണെന്നേ പറയാനുള്ളൂ.

മുറ്റത്തെ തൈമാവിലെ പൂങ്കുല കണ്ടപ്പോള്‍ കുഞ്ഞുമനസ്സ് അതിനെ പൂത്തിരിയായിട്ടാണ് കാണുന്നത്. പൂത്തിരി കത്തിച്ച ഉല്ലാസത്തിമിര്‍പ്പിന്‍റെ മുഗ്ധസ്മരണയില്‍ കുഞ്ഞ് ആ പൂങ്കുല പൊട്ടിക്കുന്നതിന്‍റെ ഹര്‍ഷാതിരേകം തിരിച്ചറിയാനാവാത്ത എം.എന്‍. വിജയന്‍ കുട്ടികള്‍ അങ്ങനെ ചെയ്യാറില്ലെന്ന പരിഹാസ്യവും ബാലിശവുമായ (Childish not chidlike)വാദഗതി ഉയര്‍ത്തുന്നു. തന്‍റെ തുരുമ്പിച്ച താര്‍ക്കികബുദ്ധിയുടെ കഠാര ഉപയോഗിച്ച് കാവ്യഭാവനയുടെ കൃഷ്ണമണികള്‍ ചൂഴ്ന്നെടുക്കാന്‍ ശ്രമിക്കുന്നു എം.എന്‍. വിജയന്‍

പക്ഷേ, ആ കൃഷ്ണമണികള്‍ വഴങ്ങില്ല. അത് തെന്നിമാറുകയാണ്. കുഞ്ഞുങ്ങളുടെ ഭാവനയിലാണ് സര്‍ഗാത്മതകയുടെ ആനന്ദമൂര്‍ച്ഛ തിരതല്ലിത്തിമിര്‍ക്കുന്നതെന്ന് കുമാരനാശാന്‍ പറയുന്നത് നോക്കുക.

‘‘ഈ വല്ലിയില്‍നിന്നും ചെമ്മേ -പൂക്കള്‍

പോവുന്നിതാ പറന്നമ്മേ!

തെറ്റീ! നിനക്കുണ്ണിചൊല്ലാം -നല്‍പ്പൂ-

മ്പാറ്റകളല്ലേയിതെല്ലാം.’’ (കുമാരനാശാന്‍ -കുട്ടിയും തള്ളയും)

ഇവിടെ അമ്മ മകനെ തിരുത്തുന്നത് കേവലയുക്തി ഉപയോഗിച്ചാണ്. യഥാർഥത്തില്‍ മകന്‍റെ കാവ്യഭാവന കേവലയുക്തിക്കു മേലേ പറക്കുന്ന പക്ഷിയാണെന്ന് വെളിപ്പെടുത്തുന്ന കവിതയാണിത്. ശരീരമെന്ന കൂടുവിട്ട് കൂടുമാറുന്ന മനുഷ്യ അഭിലാഷത്തിന്‍റെയും ഉന്മാദലീനമായ സ്നേഹത്തിന്‍റെയും അനശ്വര സൃഷ്ടിയായ കവിതകള്‍, മൃതമായ വിമര്‍ശനപാഠങ്ങളുടെ ശ്മശാനങ്ങള്‍ക്കുമേല്‍ പീലിവിടര്‍ത്തിയാടുന്നതും ചിറകടിച്ചുയരുന്നതും അകക്കണ്ണുകള്‍ ഉള്ളവര്‍ക്കു കാണാം.

 

വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന കവിതക്ക് എം.എൻ. വിജയൻ എഴുതിയ നിരൂപണത്തിലെ ഒരുഭാഗം,വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന കവിതയിലെ വരികൾ

ജൈവ ഇച്ഛാശക്തിയും കാമനയും

(Will and Desire)

എം.എന്‍ വിജയനെന്നല്ല വ്യവസ്ഥാപിത നിരൂപകര്‍ക്കൊന്നും പിടികിട്ടാത്ത സര്‍ഗാത്മകചിന്തയുടെ സംവാദം, ‘മാമ്പഴ’ത്തില്‍ അന്തര്‍ലീനമാണ്. വ്യവസ്ഥാപിത നിരൂപണം ഒരു കവിതയെ നിരൂപണം ചെയ്യാന്‍ കവിതക്കു പുറത്തുള്ള സിദ്ധാന്തങ്ങളെയും ആശയങ്ങളെയും കവിതയിലേക്ക് സന്നിവേശിപ്പിക്കുക വഴി കവിതയുടെ സ്വതസിദ്ധമായ ശക്തിയെ നിരാകരിക്കുന്നു. കേവല ഭൗതിക കാമനകളെ മറികടക്കാനും നവജീവിതസൃഷ്ടിക്കായി കുതിക്കാനുമുള്ള ഇച്ഛാശക്തിയുടെ പ്രകാശനമാണ് ‘മാമ്പഴ’ത്തെ രമണീയമാക്കുന്നത്. അതുകൊണ്ടാണ് പൂങ്കുലയുടെ സൗന്ദര്യവും അതിന്‍റെ സംഘചേതനയുടെ ഉത്സവാത്മകവീര്യവും ഉള്‍ക്കൊള്ളാനാവാതെ പൂങ്കുല മാങ്ങയുടെ അസംസ്കൃത വസ്തുവായി മാറുന്ന കേവലബോധത്തെ കുട്ടി അതിജീവിക്കുന്നത്. കുട്ടിക്ക് ഒരു വസ്തുവിനോടും ഈ കവിതയില്‍ കാമന അഥവാ മോഹം ഇല്ല.

കുട്ടി പൂങ്കുലയെ ചേതോഹര വസ്തുവായി ഒടിച്ചെടുക്കുന്നത്, അതിനോടുള്ള കാമനകൊണ്ടല്ല, മറിച്ച് പൂങ്കുല സംഘാത്മ ജീവഇച്ഛയുടെയും ഉത്സവാത്മ കതയുടെയും പ്രചോദകസ്രോതസ്സായതുകൊണ്ടാണ്. ‘‘പൂത്തിരികത്തിച്ചപോല്‍ ...’’ എന്നാണ് ഈ കാവ്യഭാഗം ആവിഷ്കരിക്കപ്പെടുന്നത്. മാത്രമല്ല അയല്‍പക്കത്തുനിന്ന് കുട്ടികള്‍ കളിക്കുന്നതിന്‍റെ ഉത്സവലഹരി കവിതയില്‍ നിറയുന്നുണ്ടുതാനും. കുട്ടിയുടെ വീട്ടിലാവട്ടെ അമ്മയല്ലാതെ മറ്റാരുമില്ല. ഒരു മാമ്പഴത്തിന്‍റെ സ്വാദിനേക്കാള്‍ വലുതാണ് സൃഷ്ട്യുന്മഖമായ സംഘജീവിതം.

പക്ഷേ, അത് വ്യക്തിഗത ആഭിമുഖ്യങ്ങളെയും സ്വച്ഛന്ദതയെയും ജീവശക്തിയെയും (Life force or will to power) ആള്‍ക്കൂട്ടത്തില്‍ ലയിപ്പിക്കുന്ന ലിബറല്‍ ജനാധിപത്യത്തിന്‍റെയോ ഭരണകൂട കേന്ദ്രീകൃതമായ പൗരസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്‍റെയോ ഉപരിവിപ്ലവമായ സാമൂഹികവിക്ഷണമല്ല. സംഘമായി നില്‍ക്കുമ്പോള്‍ തന്നെ വ്യക്തിഗതജീവ ശക്തിപ്രകാശിപ്പിക്കുന്ന അനര്‍ഘമായ പ്രക്രിയയാണത്. ഒരു ആഘോഷവേളയില്‍ സംഘഗാനം പാടിയതിനു പിറ്റേന്ന്, ‘‘തന്‍റെ ശബ്ദം വേറിട്ടു കേട്ടുവോ’’ എന്ന് ഒരു പെണ്ണ് പറയുന്നതിനെക്കുറിച്ച് ഒരു കവിതയില്‍ കവി സൂചിപ്പിക്കുന്നത് ശ്രദ്ധേയമാണ്. ഈ വിധത്തില്‍ അമ്മയില്‍നിന്നും മകനിലേക്കും മകനില്‍നിന്നും അയല്‍പക്കങ്ങളിലേക്കും സംഘാത്മകതയിലേക്കും അവയവരഹിതമായി പ്രയാണം നടത്തുന്ന ജീവിതാധികാരത്തിന്‍റെ വിദ്യുത്പ്രവാഹിനിയാണ്, ‘മാമ്പഴം’ എന്ന കവിത.

News Summary - Vyloppilli Sreedhara Menon book reading