Begin typing your search above and press return to search.
proflie-avatar
Login

ഈ ചലനം നിലച്ചാലോ?

ഈ ചലനം നിലച്ചാലോ?
cancel

ചലനം എന്ന പ്രതിഭാസം മനസ്സിൽ കുടുങ്ങിയത് ഏത് കാലത്താണെന്നോർമയില്ല. ആ വാക്കുകൊണ്ട് ജീവിതം വെളിപ്പെടുത്താനാണ് എനിക്കിഷ്ടം. ആത്യന്തികമായി ചലിച്ചുകൊണ്ടിരിക്കാൻ ഇഷ്ടമുള്ള മനുഷ്യനാണ് ഞാൻ. ''ചലനമാണ് സത്യം'' എന്നും ''മനുഷ്യജീവിയുടെ ഉള്ളിൽ മുറുക്കിവെച്ച ഒരു പൽച്ചക്രം ഘടിപ്പിച്ചിരിക്കുന്നു. അതിനാൽ അത് ചലിച്ചുകൊണ്ടിരിക്കുന്നു'' എന്നെല്ലാം സമ്പർക്കക്രാന്തിയിൽ എഴുതിയത് ഉള്ളിലേക്ക് തന്നെ നോക്കിയിട്ടാണ്. ഒരു നാടോടി ആവണം എന്നായിരുന്നു കൗമാരത്തിൽ ആഗ്രഹം. ഞാനും കൂട്ടുകാരനുംകൂടി ലോകം ചുറ്റി നടക്കുന്ന സ്വപ്നങ്ങൾ കണ്ടു. ഞങ്ങൾക്ക് അറിവുള്ള ദേശങ്ങൾ വളരെ കുറവായിരുന്നു. അതുകൊണ്ട് സമുദ്രത്തിൽ ഭാവനാ...

Your Subscription Supports Independent Journalism

View Plans

ലനം എന്ന പ്രതിഭാസം മനസ്സിൽ കുടുങ്ങിയത് ഏത് കാലത്താണെന്നോർമയില്ല. ആ വാക്കുകൊണ്ട് ജീവിതം വെളിപ്പെടുത്താനാണ് എനിക്കിഷ്ടം. ആത്യന്തികമായി ചലിച്ചുകൊണ്ടിരിക്കാൻ ഇഷ്ടമുള്ള മനുഷ്യനാണ് ഞാൻ. ''ചലനമാണ് സത്യം'' എന്നും ''മനുഷ്യജീവിയുടെ ഉള്ളിൽ മുറുക്കിവെച്ച ഒരു പൽച്ചക്രം ഘടിപ്പിച്ചിരിക്കുന്നു. അതിനാൽ അത് ചലിച്ചുകൊണ്ടിരിക്കുന്നു'' എന്നെല്ലാം സമ്പർക്കക്രാന്തിയിൽ എഴുതിയത് ഉള്ളിലേക്ക് തന്നെ നോക്കിയിട്ടാണ്.

ഒരു നാടോടി ആവണം എന്നായിരുന്നു കൗമാരത്തിൽ ആഗ്രഹം. ഞാനും കൂട്ടുകാരനുംകൂടി ലോകം ചുറ്റി നടക്കുന്ന സ്വപ്നങ്ങൾ കണ്ടു. ഞങ്ങൾക്ക് അറിവുള്ള ദേശങ്ങൾ വളരെ കുറവായിരുന്നു. അതുകൊണ്ട് സമുദ്രത്തിൽ ഭാവനാ ദ്വീപുകൾ സൃഷ്ടിച്ചു. അവിടങ്ങളിലേക്ക് പായ്ക്കപ്പലുകളിൽ സഞ്ചരിച്ചു. ഒറ്റക്കമ്പിയിൽ നടക്കുന്നതും ചുറ്റുവാൾ വീശി പയറ്റ് നടത്തുന്നതും ട്യൂബ് ലൈറ്റുകൾ നെഞ്ചത്തടിച്ച് പൊട്ടിച്ച് വലിയ ശബ്ദം കേൾപ്പിക്കുന്നതും ആളുകൾ അതുകണ്ട് അത്ഭുതത്തോടെ നോക്കുന്നതും ഒക്കെ ഭാവനയിൽ കണ്ട് ജീവിച്ചു. പകുതിയിലേറെ സങ്കൽപത്തിലായിരുന്നു അക്കാലത്തെ ജീവിതം. അതുകൊണ്ട് തന്നെ കഥകൾക്ക് പഞ്ഞമില്ലായിരുന്നു.

കൗമാരവും പഠനകാലവും കടന്ന് ഇന്ത്യൻ റെയിൽവേയിൽ ജീവനക്കാരനായി. അതുമുതൽ ചലനം നിത്യജീവിതത്തിന്റെ ഭാഗവും നിത്യവൃത്തിയുമായി മാറി. നാടോടിയാവുക എന്ന സ്വപ്നത്തെ ഒരളവിന് തൃപ്തിപ്പെടുത്തുന്ന തൊഴിൽ. ഒറ്റക്കും കൂട്ടായും ഇന്ത്യയിലേക്ക് ഇറങ്ങിനടന്നു. പലതരത്തിലുള്ള പലായനങ്ങളും മനുഷ്യരും ദേശങ്ങൾ തന്നെയും ചലിക്കുന്നത് കണ്ടു. സൂക്ഷ്മമായി എന്നാൽ ചിലപ്പോൾ വേഗത്തിൽ സഞ്ചരിക്കുന്ന വിവിധങ്ങളായ രാഷ്ട്രീയവും ആശയങ്ങളും കണ്ടറിഞ്ഞു. ആ കാഴ്ചകൾ എന്റെ അബോധത്തിൽ അടിഞ്ഞുകിടന്നു. പിന്നെ കഥകളായി പരിണമിച്ചു. അഭീ കിത് നാ ദൂർ ഹെ? അങ്ങനെ ഉണ്ടായ കഥയാണ്.

അങ്ങനെ ഒരു കളി ഉത്തേരന്ത്യൻ കുട്ടികൾക്കിടയിൽ ഉണ്ടെന്ന് എനിക്ക് പറഞ്ഞുതന്നത് അമിത് ബഞ്ജാരെ ആണ്. അഭി കിത് നാ ദൂർ ഹെ? എന്ന് ഒരു കൂട്ടർ ചോദിക്കുന്നു. ഉത് നാ ഉത് നാ ഉത് നാ ദൂർ ഹെ എന്ന് മറുകൂട്ടർ പറയുന്നു. ഒരിക്കലും എത്താനിടയില്ലാത്ത ആ ലക്ഷ്യസ്ഥാനത്തെ കുറിച്ചുള്ള, ഒരിക്കലും അവസാനിക്കാത്ത കളിയാവണം അത്. ബഞ്ജാരെകൾ നാടോടികളാണ്. യുദ്ധസംഘങ്ങൾക്കൊപ്പവും അല്ലാതെയും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് അവർ സഞ്ചരിച്ചുകൊണ്ടിരുന്നു. ഞാനും അമിത് ബഞ്ജാരെയും പുണെയിലെ ബുധ് വാരിപേട്ടിലെ തെരുവുകളിൽക്കൂടി പല വൈകുന്നേരങ്ങളിലും നടന്നിട്ടുണ്ട്. തെരുവിന്റെ വശങ്ങളിലുള്ള പുരാതനമായ കെട്ടിടങ്ങളുടെ മുന്നിൽനിന്നും ശരീരവിൽപനക്കാരായ പെണ്ണുങ്ങൾ കൈ കാട്ടി വിളിക്കും. അതിന് കാത് കൊടുക്കാതെ സോഫ്റ്റി നുണഞ്ഞുകൊണ്ട് ഞങ്ങൾ വേഗത്തിൽ നടക്കും. അവന് നീളൻ കാലുകളാണ്. ഒരിക്കലും അവനൊപ്പം എത്താൻ എനിക്കാവുമായിരുന്നില്ല. അതിന് തൊട്ടടുത്ത തെരുവിലാണ് 2013ൽ നരേന്ദ്ര ധാബോൽകർ വെടിയേറ്റ് വീണത്. പരിചിതമായ പ്രദേശംകൂടി ആയതുകൊണ്ടാവണം ആ കൊലപാതകം എന്നെ ഉലച്ചുകളഞ്ഞു.


എന്നോ, ആരോ എയ്ത ഒരസ്ത്രം / പുറപ്പെട്ട ഒരു വെടിയുണ്ട, കാലത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്നു. ആയുധങ്ങളെല്ലാം പുറപ്പെടുന്നത് ഒരേയിടത്തുനിന്നാണ്. ചെന്നുകൊള്ളുന്ന ഇടത്തിനും മാറ്റമില്ല. അത് നിത്യമായി സഞ്ചരിക്കുന്നു. എയ്യുന്നവൻ വേട്ടക്കാരൻ. ഏറ്റുവാങ്ങുന്നവൻ ഇര. അസ്ത്രം / വെടിയുണ്ട മാത്രം ചലിക്കുന്നു. ബാക്കിയെല്ലാം സ്ഥിരാങ്കങ്ങൾതന്നെ.

വൈരുധ്യമെന്തെന്നാൽ സ്ഥിരാങ്കങ്ങളില്ലാതെ ചലനത്തെ അടയാളപ്പെടുത്താനാവില്ല. പ്രകാശവേഗം എന്ന സ്ഥിരാങ്കം ചലനത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. സ്ഥിതി എന്നും ചലനം എന്നും രണ്ട് ദ്വന്ദ്വങ്ങളുണ്ടായിരിക്കുന്നു.

ഒരു മഹാചലനത്തിന്റെ ഉള്ളിൽ നടക്കുന്ന കമ്പനങ്ങളാണ് മനുഷ്യ ചലനങ്ങൾ. ഒരു തീവണ്ടിയിൽ രണ്ടുതരം ചലനങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്ന് അതിനുള്ളിലെ മനുഷ്യരുടെ. രണ്ട് ആ മനുഷ്യരെയും വഹിച്ചുകൊണ്ടോടുന്ന തീവണ്ടിയുടെ. രാഷ്ട്രങ്ങളും സാമ്രാജ്യങ്ങളും പലതരം ചലന നിയമങ്ങൾക്ക് വിധേയമാണ്. ചരിത്രത്തിലൂടെയും കാലത്തിലൂടെയും സഞ്ചരിക്കുമ്പോൾ, അതിന് ഉടവുകളും കൂട്ടിച്ചേർക്കലുകളും ഉണ്ടാവുന്നു. അത് ഭൂഗോളത്തിന്റെ തൊലിപ്പുറത്ത് പല രൂപങ്ങൾ കൈക്കൊള്ളുന്നു. ഭൂമി ഒരാകാശയാനം. അത് സൂര്യനെയും സൂര്യൻ ആകാശഗംഗയെയും ചുറ്റിക്കൊണ്ടിരിക്കുന്നു. സൂക്ഷ്മക്കാഴ്ചയിലോ, ആറ്റങ്ങൾക്കുള്ളിൽ നടക്കുന്ന ഇലക്ട്രോൺ നൃത്തങ്ങൾ. ഇങ്ങനെ എണ്ണാനാവാത്ത കമ്പനങ്ങളാൽ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു. ചലനമാണ് പ്രപഞ്ചസത്യം എന്ന് കവി.

ആർക്കമെഡീസ് ആ കമ്പനം കണ്ട മനുഷ്യനാണ്. ശാസ്ത്രജ്ഞനായതും കണ്ടുപിടിത്തം നടത്തിയതും കൊണ്ടല്ല, എനിക്കയാളെ ഇഷ്ടം. അയാൾ അപാര ഭാവനാശാലി ആയിരുന്നു. ഭൂമിയുടെ പുറത്തിറങ്ങി നിന്നുകൊണ്ട് ഭൂമിയെ നോക്കിക്കാണാൻ അയാൾക്ക് കഴിഞ്ഞിരുന്നു. ''കാലുറപ്പിക്കാൻ ഒരിടവും ഒരു ഉത്തോലകവും തന്നാൽ ഞാനീ ഭൂമിയെ ഇളക്കും'' എന്ന് പ്രഖ്യാപിക്കണമെങ്കിൽ ആ ചലനങ്ങളെ, ചലനങ്ങൾക്കിടയിലുള്ള ഇടങ്ങളെ അയാൾ കണ്ടിരിക്കണം.

എന്താണ് പ്രപഞ്ചസങ്കൽപം? ഓരോ മനുഷ്യനും അത് വ്യത്യസ്തമാണ്. അതായത് ഓരോരുത്തരും അവരവരുടെ പ്രപഞ്ചങ്ങളെ ഉള്ളിൽ കൊണ്ടുനടക്കുന്നു. അത് സ്ഥൂലപ്രപഞ്ചത്തിന്റെ ഒരംശം മാത്രമാകുന്നു. നമ്മുടെ മുറ്റത്തുനിന്നും നോക്കിയാൽ കാണുന്ന ആകാശവും പിന്നെ ഇത്തിരിക്കൂടെ, അത്രയൊക്കെയേ എത്ര ബുദ്ധിശാലിക്കും സങ്കൽപിക്കാനാവൂ. പ്രപഞ്ചം തന്നെ തന്റെ സ്വത്വം നാല് ശതമാനം മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ. ബാക്കി ഇരുളാണ്. ഡാർക്ക് മാറ്റർ. സ്പേസിലെ ആ കുഴമറിച്ചിൽ കാണണമെങ്കിൽ നിങ്ങൾക്ക് പ്രപഞ്ചത്തിന് വെളിയിൽ ഇറങ്ങി നിൽക്കാൻ കഴിയണം. എന്റെ മാത്രം സങ്കൽപത്തിലെ ഇത്തിരി പ്രപഞ്ചത്തിന്റെ വെളിയിൽ ചിലപ്പോൾ ഞാനും ഇറങ്ങിനിൽക്കും. ആ കുഴമറിച്ചിലും ഹുങ്കാരവും അനുഭവിക്കും. അപ്പോഴേക്കും ആ വലിയ തിരിച്ചറിവ് വന്ന് എന്നെ ശാസിക്കും. കളിയാക്കും. ചിന്തയെയും അനുഭവത്തെയും തലച്ചോറിന്റെ പരിമിതിയെയും ബന്ധിപ്പിക്കുന്ന ഒരു ശകലമാണത്. ജിദ്ദു കൃഷ്ണമൂർത്തിയുടെ ഒരു സംഭാഷണത്തിലാണ് ഞാനത് വായിച്ചത്. Thought is limited by imagination, which is limited by experience. Since the experience is limited, thought is also limited. പരിമിതമായ തലച്ചോറുള്ള ഒരു ജീവി, സ്വന്തം സ്ഥിതിപോലും തിരിച്ചറിയാത്ത ജീവി, പ്രപഞ്ചത്തെ അേന്വഷിക്കുന്നു. ആ അേന്വഷണത്തിന് മനുഷ്യനോളം പഴക്കമുണ്ട്. പൗരസ്ത്യരുടെ അേന്വഷണങ്ങൾ ചെന്നവസാനിച്ചത് ബ്രഹ്മം എന്ന സങ്കൽപത്തിലാണ്. എന്തൊക്കെ ഉണ്ടോ അതെല്ലാം ബ്രഹ്മമത്രെ. ഇനി എന്തൊക്കെയാേണാ ഇല്ലാത്തത്, അതും ബ്രഹ്മമത്രെ. എങ്കിൽ പിന്നെ എന്തിനാണ് മനുഷ്യർ അതിനെ അേന്വഷിച്ചിറങ്ങുന്നത്.

പൂമലരോനും തിരുമാലുമാരും പൊൻ

പൂമേനി കണ്ടില്ലെന്നാടു പാമ്പേ

എന്ന് കുണ്ഡലിനിപ്പാട്ടിൽ ശ്രീനാരായണ ഗുരു. അേന്വഷണങ്ങൾ ചെന്നെത്തിനിൽക്കുന്ന ശൂന്യസ്ഥലമാണത്. ബ്രഹ്മാവിനും വിഷ്ണുവിനും കാണാൻ കഴിയാത്ത ശിവൻ (ഇവിടെ ബ്രഹ്മം), പിന്നെ എങ്ങനെയാണ് സാമാന്യന് മുന്നിൽ വെളിപ്പെടുന്നത്? ഏതൊരേന്വഷണവും ചെന്നുനിൽക്കുന്ന ശൂന്യമായ ആ പ്രദേശത്തെ കുറിച്ച്. നിത്യധവളമായ ശൂന്യതയെ കുറിച്ച്, വിജനതയെ കുറിച്ച് സമ്പർക്കക്രാന്തിയിൽ എഴുതിയിട്ടുണ്ട്. ചരിത്രമില്ലാത്ത കുട്ടിയുടെ യാത്രയുടെ അവസാനം അവൻ ബുദ്ധനെ കണ്ടെത്തുന്നു. അേന്വഷണങ്ങളിൽനിന്നും ഇരുവരും പിന്തിരിഞ്ഞുനടക്കുന്നു. അേന്വഷണങ്ങൾ വ്യർഥമാകുന്ന ഇടമുണ്ട്. മരണം. എല്ലാ അേന്വഷണങ്ങളുടെയും അവസാനം ആ ക്ലീഷേ കാത്തിരിക്കുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതാൻ തോന്നിയത്:

''നിൽക്കാൻ ഒരിടവും ഒരു ഉത്തോലകവും തന്നാൽ ഞാൻ ഈ ഭൂമിയെ ഇളക്കും.''

''എന്നിട്ടോ?''

എന്നിട്ടോ? എന്ന് ചോദിക്കുന്നയിടത്താണ് ഒരാൾ നിത്യതയെ അറിയുന്നത്. നിരർഥകതയെയും. നിൽക്കാൻ ഒരിടവും ഒരു ഉത്തോലകവും ആർക്കമെഡീസിന് ആരെങ്കിലും കൊടുത്തിരുന്നുവെങ്കിൽ എത്ര വിരസമാകുമായിരുന്നു അയാളുടെ തുടർജീവിതം. എത്രകാലം അയാൾക്ക് ഭൂമിയെ തള്ളിമറിച്ചുകൊണ്ട് നിൽക്കാൻ കഴിയുമായിരുന്നു. ഒടുവിൽ കഠിനമായ നിരാശയോടും ശൂന്യതയോടും കൂടി അയാൾ ആ ഉത്തോലകത്തെ പുല്ലെന്ന് പറഞ്ഞ് ദൂരെ എറിയുമായിരുന്നു.

മരണം മറ്റൊരു ചലനമാണ്. മരണം അസംഖ്യമായി ജനിക്കാനുള്ള അവസരംകൂടിയാണ് - എന്ന് ഉടൽ ഭൗതികം. യമലോകത്തേക്ക് ഉയിരോടെ കയറിപ്പോയ നചികേതസ്സിന്റെ യാത്ര, മഹാപ്രസ്ഥാനത്തിന്റെ ഒടുക്കം യമദേവന്റെ തേരിൽ ആകാശത്തേക്ക് ഉയർത്തപ്പെടുന്ന ധർമപുത്രർ. തീ കൊണ്ടുവരാൻ സ്വർഗത്തേക്ക് പോയ യവനകുമാരൻ. സങ്കൽപത്തിന്റെ പാടയാൽ ഭൂമിയും സ്വർഗവും വേർപെട്ടിരിക്കുന്നു.

കൃത്യമായ രൂപവിശേഷങ്ങളുള്ള, നിശ്ചിതമായ പിണ്ഡമുള്ള ദ്രവ്യംകൂടിയാണ് ഓരോ മനുഷ്യനും. ലംബമായും തിരശ്ചീനമായും വായുവിലെ ഒരു ശൂന്യ ഇടം സ്വന്തമാക്കിക്കൊണ്ടാണ് ഓരോ ജീവിയും നടക്കുന്നത്. നാം ഇവിടെ എത്തുന്നതിന് തൊട്ടു മുമ്പ് ആ ശൂന്യതയിൽ മറ്റൊരാൾ ഉണ്ടായിരുന്നു. അയാളിപ്പോൾ മറ്റെവിടെയോ ആകുന്നു. അയാളെ നാം കണ്ടിട്ടേയില്ല. നമുക്ക് മുന്നേ നമ്മളെക്കാൾ പ്രഗല്ഭർ ഇവിടെ ജീവിച്ച് മരിച്ചിരിക്കുന്നു. എടോ, രാമാ തന്നെക്കാൾ മഹാൻമാരായ രാജാക്കൻമാർ, യോദ്ധാക്കൾ തന്റെ കുലത്തിൽ തന്നെ ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പോൾ എവിടെയാണെന്ന് ചോദിച്ചുകൊണ്ട് ഒരു ബഷീർ നിന്ന് പൊട്ടിച്ചിരിക്കുന്നു. ആ ബഷീറും ഇപ്പോൾ ഇവിടെയില്ല. ശൂന്യത മാത്രം ബാക്കിയായി. ശൂന്യത എന്നാൽ നിത്യത എന്നുംകൂടിയാണ്. ശൂന്യതയിൽനിന്നും എത്ര വേണമെങ്കിലും ശൂന്യത പകർന്നെടുക്കാനാവും. അതത്രെ പൂജ്യത്തിന്റെ അനന്യത. മനുഷ്യന്റെ കണ്ടെത്തലുകളിൽ ഏറ്റവും ഉദാത്തമായത് ഭാരതീയരുടെ പൂജ്യംതന്നെ. ഇ. സന്തോഷ് കുമാറിന്റെ ജ്ഞാനഭാരം എന്ന നോവൽ അത് അനുഭവിപ്പിക്കുന്നു.

നദികൾ കടലിൽ ചെന്ന് ചേരുന്നു എന്നത് നുണയാണ്. കടലിൽ എത്തിക്കഴിഞ്ഞാൽ നദി നദിയല്ല. കടലാണ്. അങ്ങനെ ചെന്ന് ചേരുന്നുവെങ്കിൽ / അവസാനിക്കുന്നുവെങ്കിൽ പിന്നിൽ നദി ഇപ്പോൾ ഉണ്ടാവില്ല. എന്നാൽ, അത് ഇപ്പോഴും അവിടെത്തന്നെ ഉണ്ട്. കാരണം, നദി എന്നാൽ കുറെ ജലത്തുള്ളികൾ നടത്തുന്ന ഓട്ടമത്സരമല്ല. ഒഴുക്കാണ്. നദി എന്നാൽ ചലനമാണ്. ചലനം നിത്യമായി സംഭവിക്കുന്ന ഒന്നായതിനാൽ ആ ചലനം സ്ഥിരവുമാണ്. നദി സ്ഥിരമാണ്. ഒരേസമയം ചലിക്കുന്നതും സ്ഥിരമായിരിക്കുന്നതുമാണ്. അത് മനുഷ്യഭാവനയിലാണ് ജീവിക്കുന്നത്. ഒരു മൃഗത്തെ സംബന്ധിച്ച് നദി എന്നാൽ, മുഖം നോക്കാനുള്ള കണ്ണാടിയും ദാഹജലവും മാത്രമാണ്. അനുനിമിഷം മാറുന്ന നദി, യഥാർഥത്തിൽ നിലനിൽക്കുന്നുണ്ടോ? ഓരോ ഇടത്തും മാറുന്ന, പല പേരുകൾ തന്നെയുള്ള നദി എവിടെയാണ് നിലനിൽക്കുന്നത്? നദി എന്നത് ഉദ്ഭവമാണോ? സമതലത്തിലൂടെയുള്ള സഞ്ചാരമാണോ? കടൽപ്രവേശമാണോ? ഇതെല്ലാമാണോ? ഇതെല്ലാമാണെങ്കിലും ഇതൊന്നുമല്ല നദിയെ നിലനിർത്തുന്നത്.

ഇതേ തത്ത്വംകൊണ്ട് പ്രപഞ്ചത്തെയും നിർണയിക്കാമെന്ന് തോന്നുന്നു. ഒരേസമയം അത് ചലിക്കുന്നു. ചലനം സ്ഥിരമായിരിക്കുന്നു.

തൊടുമ്പോഴേക്കും ഇല്ലാതായ, മാറിപ്പോയ ഒന്ന് - നദി - യഥാർഥത്തിൽ നിലനിൽക്കുന്നുണ്ടോ?

ഉണ്ട്. അത് മനുഷ്യഭാവനയിൽ നിലനിൽക്കുന്നു.

ചലനം എന്നാൽ മാറ്റം എന്നാണ്. മാറ്റം എന്നാൽ മുന്നേറ്റം എന്നും. ഒഴുകുന്ന നദിക്ക് ഒരിടത്തുള്ള രൂപഭാവങ്ങളല്ല മറ്റൊരിടത്ത്. ഓരോയിടത്തെത്തുമ്പോഴും നദി പുതിയ നദിയായി മാറുന്നു. പുതിയ പേര് പോലും സ്വീകരിക്കുന്നു. നദിക്കുള്ളിലെ ജീവിതങ്ങൾക്കും മാറ്റമുണ്ടാവുന്നു. ഒഴുക്കിനൊപ്പം ചലിക്കുന്ന കല്ല് മിനുങ്ങുന്നു. ഒടുവിൽ തേഞ്ഞ് ഇല്ലാതാവുന്നു. ആ ഇല്ലാതാവലിന് മുമ്പ് അത് അനേകായിരം മണൽത്തരികളായി പുനർജനിച്ചിരിക്കുന്നു. നിത്യമായ ഇല്ലായ്മ എന്നൊന്നില്ല. അനവധിയായ പുനർജന്മങ്ങളേ ഉള്ളൂ. എന്നപോലെ തന്നെ പുനർജന്മങ്ങളേ ഉള്ളൂ. പുതുജന്മങ്ങളില്ല. ''ഞാൻ പറയുന്നതൊന്നും നിങ്ങൾ രേഖപ്പെടുത്തിെവക്കരുത്. ഇപ്പോൾ പറയുന്നതാവില്ല ഞാൻ പിന്നീട് പറയുക. ഒരുപക്ഷേ, ഈ പറയുന്നതിന് കടകവിരുദ്ധംപോലും ആയിരിക്കാം. ഞാൻ സദാ മാറിക്കൊണ്ടിരിക്കുന്നു.'' ഓഷോ ഇവ്വിധം പറഞ്ഞിട്ടുള്ളതായി വായിച്ചതോർക്കുന്നു. ചലിക്കുന്ന മനുഷ്യൻ ഒരു നദിയാണ്. അയാൾ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു.

കിഴക്കൻ മലകളിലെ ആദിവാസികളായ കാണിക്കാരുടെ ജ്യോതിശാസ്ത്ര വിജ്ഞാനം അത്ഭുതത്തോടെയാണ് മനസ്സിലാക്കിയത്. സപ്തർഷികളെ അവർ കുച്ചരിക്കൂട്ടം (എത്ര ദ്രാവിഡമാണ് ആ വിളി!) എന്നു വിളിക്കുന്നു. വസിഷ്ഠനും അരുന്ധതിയും യഥാക്രമം തക്കയും തക്കോലവും ആണ്. ആകാശചലനങ്ങൾ നോക്കി കാലത്തെയും വർഷത്തെയും ഋതുക്കളെയും ദിക്കുകളെയും അവർ അറിയുന്നു. സഹസ്രാബ്ദങ്ങളുടെ പരിചയം. വൃക്ഷങ്ങളെയും മൃഗങ്ങളെയും മത്സ്യങ്ങളെയും എന്നപോലെ പരിചിതമായ ആകാശം.

ഗഗനചാരികൾക്കും ആ അറിവുണ്ട്. നക്ഷത്രങ്ങളെ മൈൽ സ്റ്റോണുകളാക്കി ദേശാടന പക്ഷികളും മത്സ്യങ്ങളും വന്യമൃഗങ്ങളും ചലിക്കുന്നു. ആർട്ടിക് ടേൺ എന്ന പക്ഷിയാണ് ലോകത്തെ ഏറ്റവും വലിയ സഞ്ചാരി. പറക്കുമ്പോൾ അത് താഴേ സമുദ്രത്തെ എന്നപോലെ ആകാശത്തേക്കും കണ്ണ് പായിക്കുന്നു. ഒരു നക്ഷത്രത്തിൽനിന്നും മറ്റൊരു നക്ഷത്രത്തിലേക്ക് പറക്കുന്നു. ഒരുപക്ഷേ അവ സമുദ്രം മാത്രമേ കാണുന്നുണ്ടാവുകയുള്ളൂ. സമുദ്രജലത്തിൽ വീണുകിടക്കുന്ന പ്രതിബിംബങ്ങളായിട്ടാവാം നക്ഷത്രങ്ങളെ കാണുന്നത്.

ആത്മീയാേന്വഷണത്തിന്റെ ഭാരം താങ്ങാനാവാതെ മനുഷ്യർ വീട് വിട്ടിറങ്ങുന്നു. എങ്ങോട്ടെന്നില്ലാത്ത യാത്രയിൽ സ്വയമറിയാതെ അവർ ദേശാന്തരങ്ങൾ താണ്ടുന്നു. നാട്ടിൽ ആസ്ട്രേലിയക്കാരനായ ടോം ബ്രദർ താമസിച്ചിരുന്നു. തൃപ്പാദം എന്ന പേരിൽ ആശ്രമം സ്ഥാപിച്ച് ആതുരസേവനവും സാമൂഹികസേവനവും ചെയ്തുപോന്നു അദ്ദേഹം. 124 നോവലിൽ അദ്ദേഹത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ദക്ഷിണ ഭൂഖണ്ഡത്തിൽനിന്ന് അദ്ദേഹത്തെ നെടുമങ്ങാട് എന്ന മലയോര പട്ടണത്തിൽ എത്തിച്ച ചോദന എന്തായിരുന്നു? ആത്മീയത അഥവാ മനുഷ്യവിമോചന സ്വപ്നം എന്നാണ് ഞാൻ കരുതിയത്.

ക്യൂബയിലെ മന്ത്രിപദവി ഉപേക്ഷിച്ച് ബൊളീവിയയിലേക്ക് സാഹസ ജീവിതത്തിന് പോകാൻ ചെ ഗുവേരയെ പ്രേരിപ്പിച്ചത് എന്താണ്? വിപ്ലവം അഥവാ മനുഷ്യ വിമോചന സ്വപ്നം എന്നാണ് ഞാൻ കരുതിയിരുന്നത്.

പ്രത്യക്ഷത്തിൽ വിരുദ്ധമായ രണ്ടുതരം വിമോചന സ്വപ്നങ്ങൾക്ക് മനുഷ്യനെ ചലിപ്പിക്കാനുള്ള കഴിവുണ്ട്.

എന്നാൽ അവയല്ല, ചലനം എന്ന അടക്കാനാവാത്ത ത്വരയാണ് അതിന് കാരണം എന്ന് ബോധ്യമായത് പിന്നീടാണ്. ആത്മീയവാദിയെയും വിപ്ലവകാരിയെയും അത് ഒരുപോലെ ചലിപ്പിക്കുന്നു.

അതുകൊണ്ടാണല്ലോ, ആഫ്രിക്കയിൽ പിറന്ന മനുഷ്യജീവി ലോകമാകെ പരന്നത്. അതിദീർഘകാലം മുമ്പ് തുടങ്ങിയ ഒരു പദയാത്രയുടെ വർത്തമാനക്കാഴ്ചയാണ് ഇന്ന് ജീവിച്ചിരിക്കുന്ന നാം ഓരോരുത്തരും. 10 തലമുറ പിന്നിലേക്ക് നടന്നാൽ നമ്മുടെ ജനനത്തിന് കാരണക്കാരായ 1024 പേരുണ്ട്. 15 തലമുറ കടന്നാൽ ആ സംഖ്യ മുപ്പത്തിരണ്ടായിരം താണ്ടുന്നു (32,768). നമ്മൾ ഒരു ബിന്ദുവാണെങ്കിൽ നമുക്ക് പിന്നിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ പദചലനം ഉണ്ട്. ആ യാത്ര ചെന്നവസാനിക്കുന്നത് ആഫ്രിക്കയിൽനിന്നും പുറപ്പെട്ടിറങ്ങിയ ഒരാദിമാതാവിലാണ്. ആഫ്രിക്കയുടെ വെളിയിൽ (out of Africa) പെറ്റുപെരുകിയ മനുഷ്യരെല്ലാവരും ആ തള്ളയുടെ സന്തതികളാണ് (ആദിമ ഇന്ത്യക്കാർ - ടോണി ജോസഫ്).


നമ്മൾ പിന്നെയും പിന്നിലേക്ക് നടക്കുകയാണ്. ആഫ്രിക്കയിലെത്തി പരിണാമത്തിന്റെ വള്ളിയിൽ തൂങ്ങിയാടുകയാണ്. ചീറ്റിയടിക്കുന്ന കാമോർജത്തിൽ വംശങ്ങൾ സ്ഖലിച്ച് പടരുകയാണ്. പിന്നെ ആഫ്രിക്കയില്ലാതായി. ഒറ്റ ഭൂഖണ്ഡവും ഒറ്റക്കടലും. ഭൂമിതന്നെ ഇല്ലാതാവുന്നു. നമ്മൾ ഇപ്പോൾ നക്ഷത്രങ്ങളിൽനിന്ന് പൊടിഞ്ഞിറങ്ങി ചെറുധൂളികളായി പായുകയാണ്. നമ്മൾ നക്ഷത്രധൂളികളാണ്. അതു മാത്രമാണ്. നക്ഷത്രങ്ങളിൽനിന്ന് പുറപ്പെട്ട് നക്ഷത്രത്തിലേക്ക് തന്നെ മടങ്ങാൻ വിധിക്കപ്പെട്ടവരാണ്. നമ്മൾ അജൈവ കണങ്ങളായിരുന്നു. യാദൃച്ഛികതകൊണ്ട് പ്രപഞ്ചം ആ മൂലകങ്ങളെ ചേർത്തുപിടിച്ചപ്പോഴാണ് നമ്മളുണ്ടായത്. ലക്ഷക്കണക്കായ പൂർവികരിൽ ഒരാൾ അകാലമൃത്യുവിൽ പെട്ടിരുന്നുവെങ്കിൽ വർത്തമാനത്തിന്റെ കാഴ്ചയായും കാണിയായും ഞാനിവിടെ ഉണ്ടാവുമായിരുന്നില്ല. അപ്പോൾ, കാലത്തിന്റെ പ്രാഗ്ജ്യോതിർപുരത്തുനിന്നും നമുക്ക് ശേഷം സഞ്ചാരം തുടങ്ങിയ ഒരു തുള്ളിവെട്ടം എന്നോട് വന്ന് ചോദിക്കുന്നു: ''നീ എന്നെ മറന്നുവോ?'' ഇത് എവിടെയോ ഞാൻ കേട്ടതാണ്. ''ഓന്തുകൾക്കും ദിനോസറുകൾക്കും മുമ്പ് രണ്ട് ജീവബിന്ദുക്കൾ നടക്കാനിറങ്ങിയെന്ന്...''

എന്റെ അപ്പൂപ്പന്റെ അച്ഛൻ ശങ്കരൻ തന്റെ നാൽപതാം വയസ്സിൽ പുറപ്പെട്ടുപോയി. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ നമ്മുടെ തലവിധി മറ്റൊന്നാകുമായിരുന്നു എന്ന് അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്. അയാൾ പിന്നെ തിരിച്ചുവന്നതേയില്ല. ചിലർ ഇങ്ങനെ അജ്ഞതയിലേക്ക് മറഞ്ഞുകളയുന്നു. ചലനത്തിന്റെ നേർരേഖയിൽനിന്നും അപ്രത്യക്ഷരാകുന്നു. എന്നാൽ എന്റെ സങ്കൽപത്തിൽനിന്നും അയാൾ മറഞ്ഞതേയില്ല. മാവേലിയായി അയാൾ സ്വപ്നങ്ങളിൽ വന്നു നിറഞ്ഞു. ഏതൊക്കെയോ മഹാനഗരങ്ങളിൽനിന്നും ഓടിയെത്തി അയാൾ തന്റെ കുടുംബത്തെ ഒളിഞ്ഞുനിന്ന് നോക്കും. തന്റെ ഭാര്യ, കുഞ്ഞുങ്ങളെ (എന്റെ മുത്തശ്ശനെയുൾപ്പെടെ) നന്നായി വളർത്തുന്നുണ്ടെന്ന് കണ്ട് സമാധാനത്തോടെ തിരികെ പോകും. ശങ്കരനിലും ഭാരതിയിലും ചെന്നവസാനിക്കുന്നത്ര ചെറുചരിത്രമേ എനിക്കുള്ളൂ. അതിന്റെ മുൻകാലം ഇരുളാണ്.

മനുഷ്യൻ ഒന്നായി ചലിക്കുന്ന അഥവാ വ്യക്തി അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് മഹാസമ്മേളനങ്ങൾ. 2019ൽ അലഹബാദിൽ നടന്ന കുംഭമേളയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. പതിനഞ്ച് ദിവസം ഗംഗ-യമുനാ സംഗമത്തിൽ മനുഷ്യവർഗത്തിന്റെ മഹാസഞ്ചലനം കണ്ട് അത്ഭുതത്തോടെ ചുറ്റിനടന്നു. അവിടെ മനുഷ്യൻ ഉണ്ടായിരുന്നില്ല. മനുഷ്യവർഗം മാത്രം. ചലിക്കുന്ന ഒരു കൂറ്റൻ ജീവി. എന്തിനെയും കീഴ്പ്പെടുത്താൻ പോന്ന മഹായാത്ര. ഏതോ യുഗത്തിൽ ആരംഭിച്ച നടപ്പുകളുടെ / ചലനങ്ങളുടെ ബൃഹത് സാക്ഷ്യം. ഈ മനുഷ്യരെ ചലിപ്പിച്ചതെന്താണ്? അത് വിശ്വാസമാണ്. വിശ്വാസങ്ങളെ ഇഴകീറി നോക്കിയാൽ അവയുടെയെല്ലാം ഉള്ളിൽ കഥ കാണാം. കഥകൾ, മനുഷ്യരുടെ അപാര ഭാവനകൾ. അവ മനുഷ്യനെ ഉള്ളിലിരുന്ന് അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇളക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നു.

വറ്റിയ ഒരു നദിയോ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമോ ഒരു ദേശത്തെ ഒന്നായി ചലിപ്പിക്കുന്നു. സമൃദ്ധമായ ജനപഥങ്ങൾക്ക് മീതേ കാലത്തിന്റെ കടുംകൈ തൊടുമ്പോൾ മനുഷ്യർ ഭൂമിയുടെ മറ്റൊരു പ്രദേശത്തേക്ക് പലായനം ചെയ്യുന്നു. പ്രകൃതിയുടെ ചെയ്തികൾ മനുഷ്യരെയും മൃഗജാതികളെയും ചലിപ്പിച്ചു. അത് നഗരങ്ങളുടെ തന്നെ ചലനമാണ്. കാലത്തിലൂടെയുള്ള നിർമമമായ ചലനം.

പുതിയകാലത്ത് മനുഷ്യരെ ചലിപ്പിച്ചത് രാഷ്ട്രീയമാണ്. സ്വാതന്ത്ര്യം തന്നെ അമൃതം എന്ന ഓർമപ്പെടുത്തലാണ് പലായനങ്ങൾ. വഞ്ചികളിൽ ജീവിക്കുന്ന രാഷ്ട്രമില്ലാത്ത മനുഷ്യർ. പൗരത്വത്തിൽനിന്നും പുറത്താക്കപ്പെട്ടവർ. പൗരത്വത്തിന്റെ അതിർത്തി വേലികളിൽ തൊട്ടു തൊട്ടില്ല എന്ന് വിശന്നും വെടിയേറ്റും മരിച്ചു വീഴുന്നവർ. മനുഷ്യന്റെ ദുര്യോഗചലനങ്ങൾ. മനുഷ്യർ ഒഴിഞ്ഞു പോകുമ്പോൾ മഹാനഗരങ്ങൾ ചുടുകാടുകളായി പരിണമിക്കുന്നു. ധനുഷ്കോടിയിലും ഹംപിയിലും മാച്ചുപ്പിച്ചുവിലും അതു കാണാം.

''പണ്ട് ഞാനൊരു ചുടുകാടായിരുന്നു'', നഗരം പറഞ്ഞു.

അതുകേട്ട് ചുടുകാട് പറഞ്ഞു:

''പണ്ട് ഞാനൊരു നഗരമായിരുന്നു.''

'ഉടൽഭൗതിക'ത്തിന്റെ അവസാന അധ്യായത്തിൽ ഇങ്ങനെ ചേർത്തിരിക്കുന്നു. ആ വരികൾക്ക് തുടർച്ചയുണ്ടെന്ന് എനിക്കിപ്പോൾ അറിയാം. അതുകേട്ട് നഗരം ഒരു നിമിഷത്തേക്ക് വിറച്ചു വിറങ്ങലിച്ചുനിന്നിട്ടുണ്ടാവണം. ദീർഘമായി ശ്വാസമെടുത്തിട്ടുണ്ടാവണം. ആ നഗരം ഞാൻ തന്നെയാണ്. കാലത്തിലൂടെ ചലിക്കാനും കാലത്തിന് ഇരയാകാനും വിധിക്കപ്പെട്ട ഞാൻ തന്നെയാണത്. തകർന്നു തുടങ്ങിയതായി അറിഞ്ഞ നിമിഷത്തിൽ ഹാരപ്പയും മാച്ചുപ്പിച്ചുവും മാസിഡോണിയയും മെസപ്പൊേട്ടമിയയും ആ നെടുമൂച്ച് വിട്ടിട്ടുണ്ടാവും. ചലനം എന്നാൽ വളർച്ച എന്ന പോലെ നാശവും ആകുന്നു. മനുഷ്യൻ ഒരു ശവകുടീരം കൊണ്ടുനടക്കുന്ന പോലെ വൃക്ഷം വിറകാകുന്നപോലെ നക്ഷത്രങ്ങൾ തമോഗർത്തങ്ങളാകുന്ന പോലെ.

മനുഷ്യസൃഷ്ടിയിൽ ഏറ്റവും ബൃഹത്തായത് എന്താണ്? മഹാനഗരങ്ങൾതന്നെ. ആകാശക്കാഴ്ചയിൽ ഒരേസമയം തിളങ്ങുകയും നിശ്ചലം എന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു അവ. എന്നാൽ നിരന്തരം വളരുകയും വളർച്ചയുടെ പാരമ്യത്തിൽ അസ്തമിക്കുകയും ചെയ്യുന്ന ജീവനുള്ള മഹാ എടുപ്പുകളാണവ. ഗ്രാമങ്ങൾ ഉരുകിയാണ് അവയെ ഊട്ടുന്നത്. വനങ്ങൾ അതിന്റെ എടുപ്പുകൾക്ക് തൂണാകുന്നു. മലകളും പാറകളും ബലമാകുന്നു. ചുറ്റിനും സംഭവിക്കുന്ന ചെറുചലനങ്ങളുടെ ബലത്തിലാണ് നഗരങ്ങൾ ഹുങ്കരിക്കുന്നത്.

മനുഷ്യൻ കേൾക്കാത്ത കമ്പനങ്ങൾ തിര്യക്കുകൾ തിരിച്ചറിയുന്നു. ഭൂമിയുടെ അകക്കാമ്പിന്റെ തുടിപ്പുകൾ നേരത്തേ അറിയുന്നകൊണ്ട് ഭൂകമ്പമെത്തും മുന്നേ അവർ മറ്റൊരിടത്തേക്ക് മാറുന്നു. നായകൾ അസാധാരണമായ ഓരികൾകൊണ്ട് മനുഷ്യനെ അതറിയിക്കാൻ ശ്രമിക്കുന്നു. കരയിൽ വിരിയുന്ന കടലാമ മുട്ടകൾ കടലിലേക്ക് തന്നെ നടക്കുന്നു. കടൽ കരയിലേൽപ്പിക്കുന്ന സൂക്ഷ്മകമ്പനം അവയെ നയിക്കുന്നു. ആ ബോധ്യം അവയുടെ ജീനുകളിൽക്കൂടി തലമുറകളിലേക്ക് സഞ്ചരിക്കുന്നു. സൂക്ഷ്മജീവിയിൽനിന്നും പൂർണമനുഷ്യനിലേക്കുള്ള പരിണാമം കമ്പനങ്ങളുടെ ഒരു ചങ്ങലയാണ്. കുടഞ്ഞെറിഞ്ഞും ചേർത്തുപിടിച്ചും പുതിയ ജീവിയായി മാറുമ്പോഴും സൂക്ഷ്മാണുവിന്റെ സഞ്ചാരപഥത്തിൽതന്നെ തുടരുന്നു. നാളെ ഉണ്ടാവേണ്ട / ഭൂമി അടക്കിവാഴേണ്ട മറ്റൊരു ജീവിയുടെ മുൻഗാമി മാത്രമാണ് നമ്മൾ എന്നും, മഹത്തരമെന്ന് കരുതുന്നതെന്തും ഒരു മഹാചലനത്തിൽ നിസ്സാരമാക്കപ്പെടുന്നുവെന്നും വെറുത ചിന്തിച്ചു പോകുകയാണ്.

ചലനങ്ങൾക്കിടയിലെ വിടവുകൾ തിരിച്ചെടുക്കാനാവാത്ത മറകളെ സൃഷ്ടിക്കുന്നു. സിന്ധൂതടത്തിൽ ജീവിച്ച മനുഷ്യരുടെ പിൻഗാമികളാണ് നാം, എന്നിരിക്കിലും ആ കാലത്തിന്റെ അവശേഷിപ്പുകളെ അപരിചിതത്വത്തോടെ നോക്കിനിൽക്കാൻ മാത്രമേ നമുക്കാവുന്നുള്ളൂ. അവരുടെ ലിപികൾ നമുക്ക് വെറും കോറലുകൾ മാത്രമാണ്. ചലനത്തിലൂടെ ഉണ്ടാകുന്ന കാലത്തിന്റെ ഒരു മടവയിൽവെച്ച് അവരും നമ്മളും അപരിചിതരായിത്തീർന്നിരിക്കുന്നു.

ഞാനും ബാല്യകാല സുഹൃത്തും നടപ്പുകാരായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞുള്ള കാലത്ത് ഞങ്ങൾ തൊട്ടടുത്തുള്ള യുനൈറ്റഡ് ലൈബ്രറിയിൽ എല്ലാ വൈകുന്നേരങ്ങളിലും കണ്ടുമുട്ടി. പുസ്തകങ്ങൾ വായിച്ചു. സംസാരിച്ചു. വൈകുന്നേരങ്ങളിൽ ഞങ്ങൾ നടക്കാൻ തുടങ്ങി. ചെറിയ ദൂരങ്ങളായിരുന്നു തുടക്കത്തിൽ. ക്രമേണ എട്ടും പത്തും ചിലപ്പോൾ പതിനഞ്ചും കിലോമീറ്ററുകളായി ആ നടത്തം നീണ്ടുപോയി. അത് ശീലമായി. വർഷങ്ങൾ ആ ശീലം തുടർന്നു. ഞങ്ങളുടെ നടത്തം നീളത്തിലായിരുന്നുവെങ്കിൽ നിശ്ചയമായും ഞങ്ങൾ ഭൂമി ചുറ്റിവരുമായിരുന്നു.

അപ്രാപ്യങ്ങളോടുള്ള ഭ്രമമാണ് മലകയറാനുള്ള പ്രേരണ. കീഴടക്കുന്ന മലകൾക്ക് മുകളിൽ മനുഷ്യൻ അവന്റെ പേര് കൊത്തിവെക്കും. അവനും അവന്റെ ഗോത്രവും രാജ്യവും അതിൽ പുളകം കൊള്ളും. രാജ്യത്തിന്റെ പതാക അവൻ നാട്ടും. കീഴടങ്ങാനുള്ള ത്വരകൂടി ഉള്ളിലൊതുക്കിയാണ് പർവതങ്ങൾ തലയുയർത്തി നിൽക്കുന്നത്. കയറിവരുന്ന മനുഷ്യപാദങ്ങളെ ആദ്യം പരിഹസിക്കും മല. പിന്നെ, കാലിടറിച്ച് തള്ളിയിടാൻ നോക്കും. ഒടുവിൽ ഭൂഗുരുത്വത്തെയും വെല്ലി മകുടത്തിൽ വന്ന് തൊടുന്നവന് മുന്നിൽ അത് ശിരസ്സ് കുനിച്ച് നിന്നു കൊടുക്കും. എത്രപേർ കീഴടക്കിയാലും പുതിയ പർവതാരോഹകൻ തുടക്കം മുതൽ എല്ലാം ആവർത്തിക്കണം. മുൻഗാമിയുടെ ഊറ്റം അവന് സഹായമാവുന്നില്ല. നദിപോലെ മലയും ഓരോ നിമിഷവും പുതിയതാണ്. ഓരോ മനുഷ്യന് മുന്നിലും മല പുതുതായി പ്രത്യക്ഷപ്പെടുന്നു. ഓരോ കാൽപ്പാടിലും മല ഒരു നിഗൂഢതയെ ഗർഭംചെയ്യുന്നുണ്ട്.

മല കയറുക എന്നാൽ മല ഇറങ്ങുക എന്നുംകൂടിയാണ്. കയറ്റം അത്രതന്നെ ആഴത്തെയും ഉണ്ടാക്കുന്നു. കീഴ്പ്പെട്ട മലകൾക്ക് ആകർഷണം ഇല്ലാതാവുന്നു. 'അത്' എന്ന സങ്കൽപത്തിൽനിന്നും മല 'ഇത്' എന്ന സാമാന്യതയിലേക്ക് ചുവട്മാറുന്നു.

ഒറ്റ ചിഹ്നംകൊണ്ട് മലയാളത്തിൽ മല മുലയായി മാറുന്നു. മലയാള ലിപിയുടെ സാധ്യതയാണത്. എന്നു മാത്രമല്ല, മലകളെ കുറിച്ച് പറയുന്നതെന്തും മുലകളെ കുറിച്ചും പറയാനാവും. രണ്ടും ഭൂഗുരുത്വത്തിനെതിരെയുള്ള കുതിപ്പുകളാണ്. കീഴ്പ്പെട്ട മുലകൾക്കും മലകൾക്കും മേൽ മനുഷ്യൻ / പുരുഷൻ അവന്റെ അധികാരം ഉറപ്പിക്കുന്നു.

എങ്ങോ, എന്നോ തുടങ്ങിയ ആ സഞ്ചാരം എങ്ങുമെത്തിയിട്ടില്ല. എനിക്ക് മുന്നേ മറ്റൊരാൾ ആ നടത്തം നടന്നു. എനിക്ക് ശേഷം മറ്റനേകം പേർ അത് തുടരും. ചലനം മാത്രം അവശേഷിക്കും. സൂക്ഷ്മമായി കാതോർത്താൽ എങ്ങും ചലനം നടക്കുന്നതറിയാം. ഹൃദയം സ്പന്ദിക്കുന്നു. നാമറിയുന്നില്ല. എന്നാൽ ആ മിടിപ്പിന് ക്രമഭംഗം വരുന്ന നിമിഷം എല്ലാ ക്രമവും തകരുന്നു. സ്പന്ദനം. കമ്പനം. തുടിപ്പ്. ചലനം.

ചുംബനത്തിൽ തൊടുന്നത് ചുണ്ടുകൾ മാത്രമല്ല, ഉടലിന്റെ ഓരോ കോശവും ആ കമ്പനത്തിൽ പുളയുന്നു. ചുംബനം ഇണകൾ തമ്മിലുള്ള ഇണക്കൽ മാത്രമല്ല, അതിവിദൂര ഭൂതകാലത്തെങ്ങാണ്ട് നിർണയിക്കപ്പെട്ട നിമിഷമാണ്. തൊട്ടടുത്തുനിന്നും പുറപ്പെട്ടുവന്ന നക്ഷത്രധൂളികൾ തമ്മിൽ തൊടുന്നതിന്റെ വൈദ്യുതലഹരി. ചുംബനം എന്ന ചലനം അവരെ നക്ഷത്രങ്ങളാക്കി മാറ്റുന്നു.


മൃഗങ്ങളുടെ ദേശസഞ്ചാരങ്ങൾക്ക് ക്രമമുണ്ട്. ഋതുക്കളാണ് അത് നിർണയിക്കുന്നത്. പതിവില്ലാത്ത ഒരു സഞ്ചാരം ഈയിടെ ലോകത്തിന്റെ ശ്രദ്ധയിൽ വന്നു. ചൈനയിൽ യുനാൻ പ്രവിശ്യയിലെ നാഷനൽ പാർക്കിൽനിന്നും നടക്കാനിറങ്ങിയ ആനകളായിരുന്നു താരങ്ങൾ. അത്ഭുതകരമായ ആ നടത്തം ഇതെഴുതുമ്പോൾ അഞ്ഞൂറ് കിലോമീറ്റർ താണ്ടിക്കഴിഞ്ഞു. എവിടേക്കാണ് എന്നോ എന്തുകൊണ്ടാണെന്നോ ഇതുവരെ മനുഷ്യന് മനസ്സിലായിട്ടില്ല. ഇടക്ക് വിശ്രമിച്ചും നദികളിൽ നീരാടിയും പാടങ്ങളിൽ വിളയാടിയും നഗരങ്ങളിലും ഗ്രാമങ്ങളിലും കൂടി അവർ നടക്കുകയാണ്. ഇങ്ങനെയൊക്കെതന്നെയാവണം മനുഷ്യനും പെറ്റു പടർന്നത്. സഞ്ചാരവഴിയിൽ അവ സംസാരശേഷി നേടുന്നതായും പട്ടണങ്ങളും കപ്പൽശാലകളും നിർമിക്കുന്നതായും ഞാൻ ഭാവന ചെയ്തു.

ഡച്ച് കറിജ് (Dutch Courige) എന്നൊരു പ്രയോഗം ഇംഗ്ലീഷിൽ ഉണ്ട്. അറിവില്ലായ്മയുടെ ആനന്ദമാണ് അത്. ഡച്ചുകാരെ കളിയാക്കുന്ന ഇംഗ്ലീഷ് മനോഭാവത്തിന്റെ സൃഷ്ടിയാണത്. മദ്യപിക്കുമ്പോൾ ഉണ്ടാകുന്ന മൂഢമായ ധൈര്യം. സമാനമാണ് Fools Confidence. മറുപക്ഷത്തെ കുറിച്ചോ, ചെയ്യാൻ പോകുന്ന പ്രവൃത്തിയെ കുറിച്ചോ വലിയ ധാരണയൊന്നും ഇല്ലാത്തപ്പോൾ കാട്ടുന്ന ഒരുതരം ധീരത. നിഷ്കളങ്കമായ മറ്റൊരു ധീരതയെക്കുറിച്ച് പറയാം.

അന്തമാൻ ദ്വീപുകളിൽ അതിപുരാതനരായ ആദിവാസികൾ ജീവിക്കുന്നുണ്ട്. അവരുടെ മുന്നിൽ പെടുന്ന അപരിചിതരെ (അവർക്ക് മറ്റ് മനുഷ്യരെല്ലാം അപരിചിതർ തന്നെ.) നിർദാക്ഷിണ്യം അവർ വിഷം പുരട്ടിയ അമ്പെയ്ത് കൊല്ലും. അപരിചിതൻ എന്നാൽ ശത്രു എന്ന അതിപുരാതനമായ ഗോത്രവികാരമാണ് അതിന് പിന്നിൽ. ദ്വീപിന് പുറത്തുള്ള ലോകത്തെയോ മനുഷ്യരെയോ അവരുടെ സംഹാരശക്തിയെയോ കുറിച്ച് ഒരു ധാരണയും ഇല്ല എന്നതാണ് അവരുടെ ധൈര്യം. യന്ത്രത്തോക്കുമായി ദ്വീപിലേക്ക് കടക്കുന്ന (വെറും) ഒരു മനുഷ്യന് ഒന്നോ രണ്ടോ മണിക്കൂറുകൾകൊണ്ട് അവരെ കൊന്നൊടുക്കാനാവും. ഇതറിയുന്നില്ല എന്നതാണ് അവരുടെ ശക്തി. കാലത്തിൽ തറഞ്ഞുപോയ മനുഷ്യരാണവർ. അറിവ് ഒരേ സമയം ശക്തിയും ദൗർബല്യവുമാണ്. മർമാണിക്ക് സോപ്പ്തേക്കാനാവില്ല എന്നൊരു പ്രയോഗം നാട്ടുമ്പുറത്തുണ്ട്.

ചലനത്തിന്റെ തുടർച്ചക്ക് ഉടവ് തട്ടുമ്പോൾ മുറിഞ്ഞുപോകുന്നവയിൽ ഭാഷയും ലിപിയും കലയും മാത്രമല്ല, ജനിതക മൂല്യങ്ങളും ഉണ്ടാവാം. വെറും രണ്ടായിരമോ മൂവായിരമോ വർഷം മാത്രം പഴക്കമുള്ള ചില സംസ്കാരങ്ങളെ ഖനനം ചെയ്തു കണ്ടെത്തുമ്പോൾ ആ മനുഷ്യർ ഉപയാഗിച്ച ലിഖിതങ്ങൾ വെറും ചിത്രണങ്ങൾ മാത്രമായി മാറും. എങ്കിൽ ചലനപഥത്തിൽനിന്നും നമ്മുടെ പിന്മുറക്കാർ തെന്നിനീങ്ങിയാൽ, മഹത്തരം എന്ന് നമ്മൾ ഘോഷിച്ചുറപ്പിച്ചു െവച്ചിരിക്കുന്ന നമ്മുടെ സങ്കൽപങ്ങളും ഭാഷയും (ഈ എഴുതുന്നതുൾപ്പെടെ) ഒറ്റയടിക്ക് കോറിവരകൾ മാത്രമായി മാറും. ചലനം എന്നാൽ ഒഴുക്കാണ്. ഒഴുക്കെന്നാൽ അതുവരെ അടിഞ്ഞുകൂടിയതിനെയെല്ലാം വെടിപ്പാക്കുന്ന ഗതികോർജമാണ്. ചലനം എന്നാൽ ഒരേസമയം സൃഷ്ടിയും സംഹാരവുമാണ്. ഓടുന്ന ഒരു തീവണ്ടി അതിനുള്ളിലുള്ള മനുഷ്യന് അനുഗ്രഹമാണ്. ട്രാക്കിൽ അതിനെതിരെ നിൽക്കുന്നയാൾക്ക് ഒടുക്കമാണ്.

ചലനം ചലനത്തെ മാത്രമല്ല സമയത്തെയും ഋതുക്കളെയും സൃഷ്ടിക്കുന്നു. അത്, ഇടത്തെ ആധാരമാക്കി സങ്കൽപംകൊണ്ട് രേഖ നിർമിക്കുന്നു. അനന്തമായ ആ രേഖയാവട്ടെ ചുറ്റി വളഞ്ഞ് അതാരംഭിച്ച ബിന്ദുവിനെത്തന്നെ വന്നു തൊടുന്നു. ഇങ്ങനെയാണ് എന്റെ സമയസങ്കൽപം. അതിന് ഗോളാകൃതിയാണ്. ഭൂമി അതിന്റെ അച്ചുതണ്ടിൽ ഒരു ഡിഗ്രി സ്വയം തിരിയുമ്പോൾ (അതെ. അത് ഗലീലിയോക്കും മുന്നേ തിരിഞ്ഞുകൊണ്ടിരിക്കുന്നു.) സമയമാപിനിയിൽ 4 മിനിറ്റ് മറിയുന്നു. അപ്രകാരം 15 ഡിഗ്രി തിരിഞ്ഞ് ഒരു മണിക്കൂറും 360 ഡിഗ്രിയിൽ ഒരു ദിവസം അഥവാ 24 മണിക്കൂറുകളും ഉണ്ടാവുന്നു. കറക്കങ്ങൾ വെറും ആവർത്തനമായതിനാൽ രേഖ വളഞ്ഞ് വാലിൽ തൊടുന്നു. ഭൂമിയിൽ സമയം സ്ഥിരമാകുന്നു. ഇന്നലത്തെ ഉച്ചയും ഇന്നത്തെ ഉച്ചയും തമ്മിൽ എന്തു വ്യത്യാസം. മറ്റൊരു ചലനം കാലാവസ്ഥയിൽ മാറ്റം വരുത്തുന്നു എന്നറിയാതെയല്ല ഈ പറയുന്നത്. ഋതുക്കളെ സൃഷ്ടിക്കുന്ന കറക്കം. വൃക്ഷങ്ങൾ വാർഷികവലയങ്ങളായി അവയെ രേഖപ്പെടുത്തുന്നു. അതും ആവർത്തനംതന്നെ. ഭൂമിയിൽ വസിക്കുന്ന ഒരാൾക്ക് ഭൂമിയുടെ രണ്ട് ചലനങ്ങൾ മൂലം രണ്ട് ക്രമത്തിൽ അഥവാ രൂപത്തിൽ സമയം അനുഭവിക്കാനാവുന്നുണ്ട്. എന്നാൽ സ്പേസിൽ സ്ഥിതി ചെയ്യുന്ന ഒരാൾക്ക് ഈ സമയം എന്ത് പ്രസക്തിയാണ്?

അങ്ങനെയെങ്കിൽ സമയം എന്താണ്? എന്തിനാണ്? പ്രപഞ്ചത്തിന് സമയം ആവശ്യമുണ്ടോ? പ്രപഞ്ചം സ്ഥിരമാണെങ്കിൽ സമയവും സ്ഥിരം തന്നെ. അത് വികസിക്കുന്ന ഒന്നാണെങ്കിൽപോലും. അതൊരു ഗോളമാണ്. അതിന് തുടക്കമില്ലാത്തപോലെ ഒടുക്കവും ഇല്ല. സമയം എന്നും അവിടെ ഉണ്ടായിരുന്നു. കണക്ക് കൂട്ടാൻ മനുഷ്യൻ എന്ന ജീവി ഇല്ലാത്തിടത്തോളം അത് അപ്രസക്തവുമാണ്. പ്രകാശവേഗത്തിൽ ചലിക്കാൻ കഴിയുന്നിടത്ത് സമയം ഇല്ലാതാവുന്നു.

സ്രവങ്ങളുടെ ചലനംകൊണ്ടാണ് വികാരങ്ങൾ സംഭവിക്കുന്നത്. കാമത്തിനും ദുഃഖത്തിനും ഹേതുവായി ശരീരത്തിന്റെ ഉള്ളിൽ നടക്കുന്ന ചലനങ്ങൾ പുറംകാഴ്ചയിലെത്തുന്നത് സ്രവങ്ങളായിട്ടാണ്. അവയുടെ ഉറവ ചോദനകളാണ്.

ചലനത്തിന് കാരണമായി മനുഷ്യരുടെ ഉള്ളിൽ സ്ഥാപിച്ചിരിക്കുന്ന ആ കമ്പിച്ചുരുളിന്റെ സ്ഥാനികോർജത്തിന് കാരണം എന്താണ്? അത് പരസ്പരാകർഷണത്തിൽനിന്നും താനേ ഉരുവംകൊള്ളുന്നതത്രെ. പ്രപഞ്ചത്തിലുള്ള സകല ദ്രവ്യവും പരസ്പരം ആകർഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു. നക്ഷത്രങ്ങൾ, നക്ഷത്രങ്ങളെ ഗ്രഹങ്ങളെ, തമോഗർത്തങ്ങളെ, സൂക്ഷ്മങ്ങൾ സ്ഥൂലങ്ങളെ പിന്നെ തിരിച്ച്. ഒന്നിനോടുള്ള ആകർഷണം എന്നാൽ മറ്റൊന്നിനോടുള്ള വികർഷണംകൂടിയാണ്. അപ്പോൾ ആകർഷണവും വികർഷണവും ഒന്നുതന്നെ എന്ന് വരുന്നു. പ്രത്യക്ഷത്തിൽ വിരുദ്ധമെന്ന് തോന്നുന്ന ചലനങ്ങൾ, ആശയങ്ങൾ ഒക്കെ ആന്തരികമായ അേന്വഷണത്തിൽ പരസ്പരപൂരകമായിരിക്കുന്നത് അങ്ങനെയാണ്.

ട്രെയിനിൽ പരിചയപ്പെട്ട ഒരു പെൺകുട്ടിയെ കാണാൻ വേണ്ടി ഞാൻ 23ാം വയസ്സിൽ ആന്ധ്രപ്രദേശിലെ വാറംഗൽ പോയി. ഒരു കുടുസ്സ് ലോഡ്ജിൽ വസിച്ചു. ഗൂഗിളും കൈഫോണും ഇല്ലാതിരുന്ന കാലത്ത് കത്തുകളിലൂടെ മാത്രമായിരുന്നു ഞങ്ങളുടെ സൗഹൃദം. എനിക്ക് അവളെ കാണാൻ കഴിഞ്ഞില്ല. എന്നാൽ ആ ചരിത്ര നഗരത്തിൽ കാകതീയ രാജാക്കൻമാർ അവശേഷിപ്പിച്ചുപോയ കൽമന്ദിരങ്ങളും മഹാക്ഷേത്രവും കണ്ടു. ആയിരക്കൽ മണ്ഡപം കണ്ടു. ആ ക്ഷേത്രമുറ്റത്ത് സ്ഥാപിച്ചിരുന്ന നന്ദികേശ പ്രതിമയെ തൊട്ടു. പേര് തന്നെ മറന്നുപോയ ആ പെൺകുട്ടിയെ കാണാത്തതിന്റെ സങ്കടമായിരുന്നു അന്ന്. എന്നാൽ, പിന്നൊരിക്കൽകൂടി ചെന്ന് കാണാനാവാത്ത ആ കൽനന്ദിയെയും ആയിരക്കൽ മണ്ഡപത്തെയും അതിലൂടെ ചരിത്രത്തെയും തൊട്ടതിന്റെ ആനന്ദമാണ് ഇന്ന്. 23 വർഷങ്ങളുടെ ദീർഘചലനം വികാരങ്ങളെയും ചലിപ്പിച്ച് മിനുക്കിയിരിക്കുന്നു.

ചലനം എന്നാൽ മിനുസതകൂടിയാണ്. ദൃഢതകളെ, അരോചകങ്ങളെ അത് ജലത്താൽ മിനുക്കിയെടുക്കുന്നു.

മലകളോടെന്നപോലെ കാണാത്ത ദേശങ്ങളോടും മനുഷ്യൻ ഭ്രമിച്ചു. വീടുപേക്ഷിച്ച് ഭാണ്ഡവുമെടുത്ത്, ചിലപ്പോൾ എടുക്കാതെ ചെന്നെത്തുന്ന ദിക്കിലെ മനുഷ്യനിൽ മാത്രം വിശ്വസിച്ച് ചിലർ ഇറങ്ങി നടന്നു. സഞ്ചരിച്ച് അവർ സംസ്കാരങ്ങളെ ഇണക്കി. ആഴക്കടലിലേക്ക് പായ് കെട്ടി കടൽ ചുറ്റിവന്നു. അവർക്ക് വേണമെങ്കിൽ അടങ്ങിയിരിക്കാമായിരുന്നു. എന്നാൽ ഉള്ളിലെ പൽച്ചക്രത്തിന്റെ കമ്പനം അവരെ ചലിപ്പിച്ചുകൊണ്ടിരുന്നു.

അന്തമില്ലാത്ത സമുദ്രംപോലെ ഭ്രമിപ്പിക്കുന്നത് എന്തുണ്ട്? ഒരുവൻ ഒറ്റത്തടിയിൽ കയറിയിരുന്ന് സമുദ്രത്തിലേക്ക് തുഴഞ്ഞിട്ടുണ്ടാവും. വൻതിരകളിൽ ആടിയുലഞ്ഞ് അടിതെറ്റി അവൻ അസ്തമിച്ചിട്ടുണ്ടാവും. അപ്രകാരം മരിച്ച ആയിരക്കണക്കിന് മനുഷ്യർക്ക് മഗല്ലൻ എന്ന പിൻഗാമി ഉണ്ടായി. അയാൾ സമുദ്രത്തെ വലംവെച്ച് തിരികെച്ചെന്നു. കരയും കടലും നടന്നു തീർത്ത മഹാസഞ്ചാരികളാണ് ദേശങ്ങളെ ഇണക്കിയത്. അറിവും അർഥവും തേടി ചലിച്ചവർ. ഹുയാങ്സാങ്, ഫാഹിയാൻ, ഇബ്നു ബത്തൂത്ത... കുതുകികളുടെ പരമ്പര നീളുന്നു. അടുത്തിരിക്കാനുള്ള ത്വരയാണ് വീടുകളെയും ഗ്രാമങ്ങളെയും സംസ്കാരങ്ങളെയും സൃഷ്ടിച്ചതെങ്കിൽ, അവയെ ഇണക്കിയത് ചലിക്കാനും അകന്നു പോകാനുമുള്ള അന്തഃപ്രേരണയാണ്. മഹാപര്യവേക്ഷകരും ജ്ഞാനാേന്വഷികളും കൂടി ഇണക്കിച്ചേർത്തതാണ് ഇന്ന് കാണുന്ന ലോകം.

ഭൂമിയുടെ ഏതെങ്കിലും കോണിൽ ഒരു പ്രത്യേക കാലത്ത് പിറന്നു വീണ മതങ്ങൾ. മനുഷ്യരാശിയിലേക്ക് ജലത്തിൽ മഷി എന്നപോലെ പടരുന്നു.

മനുഷ്യസംസ്കാരത്തിന്റെ ചലനത്തിനിടയിൽ ദൈവങ്ങൾ ജനിക്കുകയും പിന്നെ മരിക്കുകയും ചെയ്തു. മഹേശ്വരൻമാർ കാലപ്രവാഹത്തിൽ കോമിക് കഥാപാത്രങ്ങളായി മാറി. മഹത്തായത് എന്ന് കരുതിയ അറിവുകൾ കാലഹരണപ്പെട്ട് കപടശാസ്ത്രങ്ങളായി. അണികളില്ലാതായ മതങ്ങൾ പലതും ചരിത്രമായി. ചരിത്രത്തെ വിഴുങ്ങി വിഴുങ്ങിയാണ് വീർത്ത ഈ വർത്തമാനം ഉണ്ടായിരിക്കുന്നത്. വർത്തമാനം എന്നാൽ വലിയ ചലനത്തിന്റെ ഈ നിമിഷം. ആ ഉരുളിന്റെ ഓരോ നിമിഷത്തിലും ഹിംസ നടന്നിട്ടുണ്ട്. ഒന്നിന് മീതേ ഒന്നായി ഉരുണ്ട്, ആ ഉരുളൽ തുടരുന്നു.

തത്ത്വശാസ്ത്രങ്ങളും അങ്ങനെതന്നെ.

യുദ്ധങ്ങളും ചെറുത്തുനിൽപ്പുകളും മനുഷ്യനെ ചലിപ്പിക്കുന്നുണ്ട്. യുദ്ധാവശ്യത്തിനായിട്ടാണ് ഇന്ന് കാണുന്ന പെരുംപാതകൾ പലതും വെട്ടിയുണ്ടാക്കിയത്. അധിനിവേശകൻ സൃഷ്ടിക്കുന്ന ചലനം ആർഭാടം നിറഞ്ഞതാണ്. കുഴൽവിളികളിലൂടെ ഭേരികളിലൂടെ പെരുമ്പറകളിലൂടെ കൽപനകളിലൂടെ അത്, കീഴടക്കിയ മനുഷ്യർക്ക് മീതേ ഉരുണ്ട് പോകുന്നു. മറ്റൊരധിനിവേശം വരെ അവന്റെ കൽപനകൾ കല്ലേ പിളർക്കുന്നു.

ചലനം എന്നാൽ സൃഷ്ടിയാണ്. പൂവിന്റെ പരാഗണ പ്രക്രിയയും രതിയും സൂക്ഷ്മമായ ചലനങ്ങളാണ്. നിരന്തരമായ പോരാട്ടങ്ങളെ വെല്ലി വരുന്ന പുരുഷനാണ് രതി പ്രാപ്തമാകുന്നത്. സമത്വം എന്തെന്നറിയാത്ത പ്രകൃതിയുടെ വനനീതിയാണത്. അർഹതയുടെ അതിജീവനം. ജീവന്റെ തുടർച്ച എന്നത് ജീവന്റെ തന്നെ ആവശ്യമത്രെ. പ്രകൃതി അതിന്റെ തന്നെ നിലനിൽപ്പിനായി ജീവജാതികളെ രതിസജ്ജമാക്കുന്നു. രതിയിലേക്കെത്താനുള്ള ത്വരയിൽ അവർ ചലിച്ചുകൊണ്ടിരിക്കുന്നു.


ചലനം സ്വയം പ്രേരിതമാണോ? അതിന് പിന്നിൽ ആകർഷണം എന്ന നിത്യസത്യം പ്രവർത്തിക്കുന്നുണ്ടോ? എങ്കിൽ ആകർഷണത്തിന്റെ നിയന്ത്രണം ആർക്കാണ്?

ആകർഷണം ആണ് നിലനിൽപ്പ് എന്ന അവസ്ഥക്ക് ഹേതു. പ്രപഞ്ചത്തിന് എന്നപോലെ ഹ്രസ്വമായ ഈ മനുഷ്യജീവിതത്തിനും അത് ബാധകംതന്നെ. പരസ്പര ബലം. ആകർഷണം നിലക്കുന്ന നിമിഷത്തിൽ ഈ പ്രപഞ്ചത്തിന്റെ അവസ്ഥ എന്തായിരിക്കും?

വളർച്ച അഥവാ ഉയർച്ച എന്നാൽ വീഴുമ്പോഴുള്ള ഊക്കിനോട് ചേർന്ന് നിൽക്കുന്നു. വളർച്ച എന്നാൽ മരണം എന്നുകൂടിയാണ്. അപ്പോൾ, ഞാൻ മരിക്കുന്നേയില്ല എന്ന് ഓർമപ്പെടുത്തിക്കൊണ്ട് എന്റെ മകൻ നിന്ന് ചിരിക്കുന്നു.

ചലനം എന്ന പ്രതിഭാസത്തെ ഐസക് ന്യൂട്ടൺ എന്ന മനുഷ്യൻ മൂന്ന് നിയമങ്ങളിലേക്ക് സംഗ്രഹിച്ചെഴുതി. അതൊന്നും ഗൗനിക്കാതെ ചലനം തുടർന്നുകൊണ്ടിരിക്കുന്നു.

ചലനത്തെ കുറിച്ച് പറയുമ്പോൾ നിശ്ചലതയെ കുറിച്ചും പറയേണ്ടി വരുന്നു. ''നിശ്ചലതയുടെ രസമറിയാൻ ഒരിക്കലെങ്കിലും മരമായി ജീവിക്കേണ്ടതുണ്ട്'' എന്ന് രണ്ട് കഥകളിൽ ഞാൻ എഴുതിയിട്ടുണ്ട്. സഞ്ചരിക്കുന്ന സ്ഥലങ്ങളെക്കുറിച്ചെഴുതിയ നരോദപാട്യയിൽനിന്നുള്ള ബസ് എന്ന കഥയിലും മരമായി മാറിയ അമൈലാന്റെ കഥയായ മച്ചിപ്ലാവിലും. മരങ്ങൾ നിശ്ചലരാണെന്ന അറിവില്ലായ്മയായിരുന്നു ആ ചിന്തയുടെ അടിസ്ഥാനം. സസ്യപ്രകൃതിയിലേക്ക് കണ്ണോടിച്ചപ്പോഴാണ് ആ തോന്നലിന് മാറ്റമുണ്ടായത്. നമ്മുടെ ചുറ്റുമുള്ള സസ്യജാലങ്ങൾ ഏതെല്ലാം ഭൂഖണ്ഡങ്ങളും ദേശങ്ങളും താണ്ടിയും സങ്കരപ്പെട്ടുമാണ് ഇവിടെ എത്തിയിരിക്കുന്നത്. കേരളത്തിൽനിന്നും തീവണ്ടിമാർഗം സഞ്ചരിച്ച് അസമിലെ ഒരു കുഗ്രാമത്തിൽ കുലച്ചു നിൽക്കുന്ന കപ്പ വാഴയെ സലപില എന്ന കഥയിൽ ഞാൻ ചേർത്തിട്ടുണ്ട്. എന്റെ വീട്ടുമുറ്റത്ത് പൂത്തുനിൽക്കുന്ന ജമന്തി, ഉത്തർപ്രദേശിലെ കുർക്കുറാട്ടെ എന്ന ഗ്രാമനിവാസിയാണ്. പറിച്ചുനട്ടപ്പോൾ അതിന്റെ ഭംഗി ഒട്ട് കുറഞ്ഞിരിക്കുന്നു.

വിളക്കണയുമ്പോൾ, അതുവരെ ഉണ്ടായിരുന്ന വെളിച്ചം എവിടേക്കാണ് അപ്രത്യക്ഷമാകുന്നത്? വെളിച്ചം എന്നത് ഊർജത്തിന്റെ ചലനപഥത്തിലെ ഒരവസ്ഥ മാത്രമാണ്. ചലിച്ചുകൊണ്ടിരുന്ന പ്രകാശം അപ്പോഴേക്കും മറ്റൊരു രൂപത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. പൂവായി, പഴമായി, പുഴുവായി, പൂമ്പാറ്റയായി, നായായി, നരനായി. അതറിയുന്നേരം, മുന്നിലെ ഇരുൾ നോക്കി അന്തംവിടുകയില്ല. താൻ തന്നെ വെളിച്ചം (അതിന്റെ രൂപഭേദം) എന്ന ആനന്ദത്തിൽ സ്വയം തിളങ്ങും.

മനുഷ്യർ മാത്രമല്ലെടോ, മരങ്ങളും ചലിക്കുന്നുണ്ട് തലമുറകളിലൂടെ.

കഴിഞ്ഞ ദിവസം രാവിലെ മകൾ സൂര്യകാന്തി എന്നെ ടെറസിലേക്ക് വിളിച്ചു: ''അച്ഛാ, ഇതാ ആമ്പൽപൂ വിടരുന്നു. നോക്കൂ.''

ആമ്പൽ വിടരാൻ തുടങ്ങിയിരുന്നു. അവൾ മൊബൈൽ കാമറയിൽ ക്ഷമയോടെ അത് പകർത്തി. ഒന്നര മണിക്കൂറെടുത്തു പൂവ് പൂർണമായി വിടരാൻ. നിരവധി സങ്കീർണമായ ജൈവ പ്രക്രിയകളുടെ അവസാനമാണ് ഒരു പൂവ് വിരിയുന്നത്. അതറിയുന്നില്ല എന്നതത്രെ ചെടിയുടെ മഹത്ത്വം. ഉടൽഭൗതികം എന്ന നോവലിൽ ഇങ്ങനെ ഒരു വാചകമുണ്ട്.

പൂവ് വിടരുന്ന വിഡിയോ പിന്നീട് കണ്ടപ്പോഴാണ് മകൾ മറ്റൊരു കാര്യം കൂടി കണ്ടുപിടിച്ചത്. ആമ്പലിന്റെ രണ്ട് ഇലകൾ ഒപ്പം വളരുന്ന കാഴ്ച. ഉയർന്ന്, വിടർന്ന്, ചരിഞ്ഞ്, പരന്ന് അവ വളരുന്നു. വിസ്താരമാകുന്നു. ഓരോ വളർച്ചയും ആകർഷണത്തോടുള്ള മത്സരമാണ്. ചലിച്ചുകൊണ്ട് ഓരോ ജീവിയും ആ മത്സരത്തിൽ വ്യാപൃതരായിരിക്കുന്നു.

News Summary - v Shini Lal article about chalanam