Begin typing your search above and press return to search.
proflie-avatar
Login

''ഇശൽതേൻകണം ചൊരിയുന്ന കവിതകൾ''; ടി. ഉബൈദിന്റെ സാഹിത്യ സംഭാവനകളെ പഠിക്കുന്നു

മലയാള കവിയും മാപ്പിളസാഹിത്യ പണ്ഡിതനുമായിരുന്നു ടി. ഉബൈദ് (1908 ഒക്ടോബർ 7 – 1972 ഒക്ടോബർ 3). അദ്ദേഹത്തി​െനയും അദ്ദേഹത്തി​ന്റെ സാഹിത്യ സംഭാവനകളെയും വിശദമായി പ്രതിപാദിക്കുകയാണ്​ ഇൗ പഠനം.

ഇശൽതേൻകണം ചൊരിയുന്ന കവിതകൾ;  ടി. ഉബൈദിന്റെ സാഹിത്യ സംഭാവനകളെ പഠിക്കുന്നു
cancel

ടി. ഉബൈദ് മലയാളത്തി​ന്റെ പ്രിയപ്പെട്ട കവിയാണ്. വാക്കുകളിൽ ലാളിത്യവും വരികളിൽ ഗാംഭീര്യവും ഉൾച്ചേർന്ന് ഇശൽപാട്ടി​ന്റെ ഈണത്തിലുള്ള അദ്ദേഹത്തി​ന്റെ കവിതകൾ മലയാളിക്ക് അന്യമല്ല. ''എ​ന്റെ പൂന്തോപ്പിലെ പനിനീർപ്പൂങ്കുല ഞെട്ടറ്റു വീണു. സ്വർണനിക്ഷേപമുള്ള മലതാണു. മാർത്തട്ടിലെ പച്ചക്കല്ല് അടർന്നുവീണു. നീലനക്ഷത്രം പൊട്ടിത്തകർന്നു. സ്​നേഹത്തി​ന്റെ ദൈവദൂതൻ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി...''1 ഉബൈദി​ന്റെ ദേഹവിയോഗത്തിൽ മഹാകവി പി. കുഞ്ഞിരാമൻ നായർ എഴുതിയതിങ്ങനെയാണ്. ഒരു കവി മാത്രമായിരുന്നില്ല കാസർകോട്ടുകാർക്ക് ടി. ഉബൈദ്. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു....

Your Subscription Supports Independent Journalism

View Plans

ടി. ഉബൈദ് മലയാളത്തി​ന്റെ പ്രിയപ്പെട്ട കവിയാണ്. വാക്കുകളിൽ ലാളിത്യവും വരികളിൽ ഗാംഭീര്യവും ഉൾച്ചേർന്ന് ഇശൽപാട്ടി​ന്റെ ഈണത്തിലുള്ള അദ്ദേഹത്തി​ന്റെ കവിതകൾ മലയാളിക്ക് അന്യമല്ല. ''എ​ന്റെ പൂന്തോപ്പിലെ പനിനീർപ്പൂങ്കുല ഞെട്ടറ്റു വീണു. സ്വർണനിക്ഷേപമുള്ള മലതാണു. മാർത്തട്ടിലെ പച്ചക്കല്ല് അടർന്നുവീണു. നീലനക്ഷത്രം പൊട്ടിത്തകർന്നു. സ്​നേഹത്തി​ന്റെ ദൈവദൂതൻ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി...''1 ഉബൈദി​ന്റെ ദേഹവിയോഗത്തിൽ മഹാകവി പി. കുഞ്ഞിരാമൻ നായർ എഴുതിയതിങ്ങനെയാണ്.

ഒരു കവി മാത്രമായിരുന്നില്ല കാസർകോട്ടുകാർക്ക് ടി. ഉബൈദ്. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു. സ്​നേഹത്തി​ന്റെ പ്രവാചകനായിരുന്നു. ഈ സാധാരണത്വത്തിലാണ് അദ്ദേഹത്തി​ന്റെ മേന്മയത്രയും സ്​ഥിതിചെയ്യുന്നത്. ''സംസ്​കാരം ഒരാഭരണമായണിയാ​െത, ഒരു സ്വഭാവമായി മാറുമ്പോൾ സംഭവിക്കുന്ന ജീവിതശൈലിയാണ് ഈ സാധാരണത്വം. ഇസ്‍ലാമി​ന്റെ സംസ്​കാരവും സത്തയും ആ രക്തധമനികൾക്ക് രൂപംനൽകി. ഭാരതീയസംസ്​കാരവും സാരസ്വതപൈതൃകവും രക്തധാരയായി മാറി. സമൂഹജീവിതത്തി​ന്റെ ജീവൽസ്​പന്ദനങ്ങൾ ഹൃദയവികാരത്തെ കർമോന്മുഖമാക്കി. ഉബൈദി​ന്റെ എല്ലാ പ്രവർത്തനങ്ങളും ഈ മൂന്ന് കൈവഴികളുടെ ഒരു ത്രിവേണിയാണെന്ന് സൂക്ഷ്മാപഗ്രഥനത്തിൽ കാണാം.''2 ഇതിൽനിന്ന് ലഭിച്ച ഊർജത്താൽ അദ്ദേഹം സാധാരണക്കാരെ സ്​നേഹിച്ചു. അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു. അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും നേർവഴിയിലേക്ക് നയിക്കാൻ പ്രചോദിപ്പിച്ചു. അവർക്കുവേണ്ടി ജീവിച്ചു. വിദ്യാഭ്യാസത്തിലൂടെ, വായനയിലൂടെ, സാധാരണക്കാരുടെ മാനസികാന്ധകാരം ഉന്മൂലനം ചെയ്യാൻ സാധിക്കുമെന്നദ്ദേഹം കരുതി. അതിനുവേണ്ടി ഒരു ജീവിതകാലമത്രയും ശാന്തനായി വിനയാന്വിതനായി ഒന്നിലും സ്വന്തം മേൽവിലാസമൊട്ടിക്കാതെ അദ്ദേഹം പരിശ്രമിച്ചു. ദേശീയ പ്രസ്​ഥാനകാലത്തും ഐക്യകേരള രൂപവത്കരണത്തിലും മതേതരത്വം സംരക്ഷിക്കുന്നതിലും കവിതകളിലൂടെയും പാട്ടുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം ഇടപെട്ടു. അത് അദ്ദേഹത്തെ സ്​നേഹിക്കുന്ന ഒരു പ്രദേശത്തെ ജനവിഭാഗത്തിനൊക്കെയും ഉൾ​േപ്രരണയായി മാറുകയും ചെയ്തു. അങ്ങനെ ഉബൈദി​ന്റെ പ്രവർത്തനങ്ങൾ രാവും പകലും ഇരുട്ടുകീറുന്ന വജ്രസൂചിയായി മാറി. അതോടൊപ്പം തന്നെ കേരളമൊട്ടുക്കും പ്രകാശം ചൊരിയുന്ന ദീപസ്​തംഭമായി മാറുകയും ചെയ്തു.

ബഹുമുഖ പ്രവർത്തനങ്ങൾ

അധ്യാപകനും പണ്ഡിതനും മാപ്പിളപ്പാട്ടു സാഹിത്യപ്രണേതാവും മാപ്പിളപ്പാട്ട് രചയിതാവും കേരള സാഹിത്യ അക്കാദമി അംഗവും കേരള സംഗീത നാടക അക്കാദമി അംഗവും കോഴിക്കോട് ഫൈൻ ആർട്സ്​ ഫാക്കൽറ്റി മെംബറും കേരള കലാമണ്ഡലം മാനേജിങ് കമ്മിറ്റി അംഗവും ഒക്കെയായിരുന്നു ടി. ഉബൈദ്. ''പരിചയമല്ലാത്തവർക്ക് ഉബൈദ് സാഹിബിനെ കണ്ടാൽ ഒരു പഴഞ്ചനാണെന്നേ തോന്നൂ. എന്നാൽ, ആ തല പുരോഗമനാശയങ്ങളുടെ ഒരു തേനീച്ചക്കൂടായിരുന്നു''3 എന്ന് എസ്​.കെ. പൊറ്റെക്കാട്ട് ഒരവസരത്തിൽ സൂചിപ്പിക്കുകയുണ്ടായി.

ഈ പുരോഗമന കാഴ്ചപ്പാടാണ് ഒരുകാലത്ത് മതാചാരത്തി​ന്റെ കെട്ടുപാടുകളിൽ തളച്ചിടപ്പെട്ട് കേവലം നാടോടിപ്പാട്ടുകൾ മാത്രമായിരുന്ന മാപ്പിളപ്പാട്ടുകളുടെ മധുരപ്രപഞ്ചം മലയാളികൾക്ക് മുന്നിൽ തുറന്നിട്ടതിന് പിന്നിൽ. ''വർഷങ്ങളോളം കഠിനാധ്വാനംചെയ്ത് അദ്ദേഹം ഈ പാട്ടുകൾ മുഴുവൻ ശേഖരിച്ചു പഠിച്ചു. മലയാളപദങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് അടിക്കുറിപ്പുകളോടുകൂടി അറബിപ്പദങ്ങളും കോർത്തിണക്കി ഉത്തമമായ പുതിയൊരു മണിപ്രവാളത്തിൽ അദ്ദേഹം ഗാനങ്ങൾ രചിച്ചു. അവ സ്വയം പാടി. അങ്ങനെ സങ്കുചിത വലയത്തിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു സാഹിത്യശാഖയെ മലയാള സാഹിത്യത്തി​ന്റെ പ്രവിശാല​േസ്രാതസ്സിൽ വിലയിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാള കാവ്യാദ്ധ്വാവിൽ സഞ്ചരിക്കുന്ന സഹൃദയർക്ക് ഹൃദ്യമായ ഒരനുഭവമ​െത്ര ഉബൈദ് മാസ്റ്റർ വെട്ടിയുണ്ടാക്കിയ ഈ കൊച്ചു നീർച്ചാലുകളുടെ വശ്യമായ ഈണം.''4 മുഹിബ്നൂർ, അരുൾപതിമക്ക, ഒപ്പനചായൽ തുടങ്ങി ഒട്ടേറെ ഈണങ്ങൾ മലയാള കവിതക്ക് നൽകുകയും ചെയ്തു. ''േപ്രമത്തി​ന്റെ മുന്തിരിച്ചാറ് നാടൻശീലിൽ ഇതുപോലെ സൂക്ഷിച്ചുവെച്ച ഗാനങ്ങൾ മലയാളത്തിൽ ഇതുവരെയുണ്ടായിട്ടില്ല. വീരഭടൻമാരുടെ പടഹധ്വനിപോലെ താളപ്പെട്ട വീര്യവത്തായ ഗാനങ്ങൾ വേറെ. ഇതൊക്കെ ഉബൈദി​ന്റെ കണ്ഠനാളത്തിൽനിന്ന് കേട്ടപ്പോൾ ജാതിമതഭേദമില്ലാതെ കോൾമയിർകൊണ്ടു – ശരിയായ അർഥത്തിൽതന്നെ. നാലയ്യായിരം ഗ്രന്ഥങ്ങളുണ്ട് ഈ സാഹിത്യശാഖയിലെന്ന് കേരളം മനസ്സിലാക്കിയപ്പോൾ സാഹിത്യതൽപരർ അത്ഭുതം കൂറി. ഈ വിപുലമായ സാഹിത്യസമ്പത്തിനെ മലയാളികൾക്ക് പരിചയപ്പെടുത്തിത്തന്നുവെന്ന ചരിത്രപരമായി വിസ്​തരിക്കാനാകാത്ത മഹദ്കൃത്യം മാത്രമല്ല ഉബൈദ് നിർവഹിച്ചത്. ഉബൈദി​ന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും സൃഷ്​ടിച്ച അലയൊലി മലയാളസാഹിത്യത്തിൽ ഉടനെ സൃഷ്​ടിപരമായ രൂപംകൊണ്ടു. ആ ശീലിലും ഈണത്തിലും രൂപ-ഭാവത്തിലും പുതിയ പുതിയ കവിതകളും പാട്ടുകളും വാർന്നുവീണു. വയലാറും ഒ.എൻ.വിയും കൃഷ്ണകുമാറും മറ്റനേകം കവികളും ഗാനരചയിതാക്കളും ഉൾക്കനമാർന്ന കവിതകളും പാട്ടുകളും ഈ ശീലുകളിൽ രചിച്ചു. ആ വൃത്തങ്ങളിന്ന് മലയാള കവിതയുടെ വൃത്തമായി മാറിയിരിക്കുന്നു. ആ ശീലുകൾ മലയാള കവിതയുടെ ശീലുകളായി മാറിയിരിക്കുന്നു.''5

ദേശീയപ്രസ്​ഥാന കാലത്ത് ഉബൈദി​ന്റെ മാപ്പിളപ്പാട്ടുകൾ ദേശീയോദ്ഗ്രഥനത്തിനും പാതയൊരുക്കുകയുണ്ടായിട്ടുണ്ട്. ഒരു ജനവിഭാഗത്തെ മുഴുവൻ അവരുടെ സാഹിത്യത്തെ ഉപയോഗിച്ച് ദേശീയജീവിതധാരയുമായി ബന്ധിപ്പിക്കുക എന്ന ദൗത്യം ഉബൈദ് ഏറ്റെടുക്കുകയുണ്ടായി. ചില പാട്ടുകൾ നോക്കുക.

''അണിചേർന്നിട്ടബുൽകലാം ആസാദും മുന്തി–

അൻസാരി മുതൽപേരാൽ വിളങ്ങി പന്തി

പന്തിയിലെത്തവെ ഗാന്ധിമഹാനും

പിന്തിടാ സിയാർ ദാസൊടു ജാനും

ചിന്തകരായിടുമുലമാ താനും'' എന്നീ വരികളും

''അതുലിത സൗഭാഗ്യത്തികവാൽ നൽ

പുകളൊളി പൂരം തൂകി വിളങ്ങും

അനിതര സദ്ഗുണ ശാലിനി മാമക

കേരളറാണി ജയജയ ജനനീ

അഭിനവഭാരതഭൂഷണമാകിത

സുമധുരവാണീ

* * * * *

ജനിത സമൈക്യക്ഷേമ സമൃദ്ധികൾ

മതി വരുവോളം തനുജരിലേകി

ജനനിചയാദരമൊട് വിജയിപ്പൂ

മമ മലയാളം''

എന്ന ഗാനവും ഉദാഹരണങ്ങളാണ്. അനശ്വരമായ ഇത്തരം ദേശാഭിമാനബോധമുള്ള മാപ്പിളപ്പാട്ടുകൾക്ക് പുറമെ ഉത്കൃഷ്​ടമായ ഒട്ടേറെ കാവ്യസമാഹാരങ്ങളും ഗദ്യകൃതികളും വിവർത്തനകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നവരത്നമാലിക', 'ബാഷ്പധാര', 'സമുദായ ദുന്ദുഭി', 'രണ്ടുൽബോധനങ്ങൾ', 'ചന്ദ്രക്കല', 'ഗാനവീചി' എന്നിവ കാവ്യസമാഹാരങ്ങളാണ്. 'തിരുമുൽക്കാഴ്ച', 'ഹസ്രത് മാലിക് ദിനാർ', 'ഖാസി മർഹും അബ്ദുല്ല ഹാജി', 'മുഹമ്മദ് ശെറുൽ സാഹിബ്' എന്നീ ഗദ്യകൃതികളും അദ്ദേഹത്തിന്റേതായുണ്ട്. 'മണ്ണിലേക്ക് മടങ്ങി', 'നമ്മുടെ നദികൾ', 'തെരഞ്ഞെടുത്ത കഥകൾ', 'വള്ളത്തോൾ കവിതകഗളു', 'മുസ്‍ലീമെന മൊറെഗളു', 'പതിതപുഷ്പ', 'ഖാസി അബ്ദുല്ല ഹാജി' (ജീവചരിത്രം) എന്നിവ അദ്ദേഹത്തി​ന്റെ വിവർത്തനങ്ങളാണ്. 'മാപ്പിള സാഹിത്യം' (സാഹിത്യചരിത്രം), 'മാപ്പിളപ്പാട്ട് വൃത്തങ്ങൾ' (ബന്ദശാസ്​ത്രം), 'പരാതിയും മറുപടിയും' (വിവർത്തനം), 'കേരള കേസരി ' (ജീവചരിത്രം), 'മുന്തിരിപ്പഴങ്ങൾ' (ബാലസാഹിത്യം), 'റേഡിയോ പ്രസംഗങ്ങൾ' (പ്രബന്ധങ്ങൾ), 'മുസ്​തഫാ കീർത്തനം' (കവിത) 'തെരഞ്ഞെടുത്ത കവിതകൾ' (കവിത), 'കഥാകവിതകൾ' (കവിത), 'നബിചരിതം' (രണ്ടു ഭാഗങ്ങൾ) (മാപ്പിളപ്പാട്ട്), 'കലികാലം' (മാപ്പിളപ്പാട്ട്), 'വഫാത്ത് മാല' (മാപ്പിളപ്പാട്ട്) എന്നിവ പ്രസിദ്ധീകരിക്കാത്ത രചനകളുമാണ്.

കാവ്യപ്രപഞ്ചം

മലയാള കവിതയിൽ ആധുനികത ആരംഭിക്കുന്നത് ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവരിലൂടെയാണ്. പാശ്ചാത്യസാഹിത്യത്തിൽ കാൽപനിക പ്രസ്​ഥാനം കൊടികുത്തിവാണിരുന്ന കാലഘട്ടത്തിൽ മലയാളത്തിൽ എ.ആർ. രാജരാജവർമ 'മലയവിലാസം' എഴുതുകയും അതിലൂടെ ഈ പ്രസ്​ഥാനത്തി​ന്റെ സവിശേഷതകൾ മലയാളി തിരിച്ചറിഞ്ഞ കാലത്ത് 'വീണപൂവും' 'നളിനി'യും 'ബന്ധനസ്​ഥനായ അനിരുദ്ധനും' 'ബധിരവിലാപ'വും 'കർണഭൂഷണ'വും 'പിംഗള'യും ഒക്കെ രചിക്കപ്പെടുന്നു. പരമ്പരാഗതരീതി വിട്ട് ഭാവുകത്വത്തി​ന്റെ വിസ്​തൃതമായ ലോകം വായനക്കാരിലേക്ക് സംവേദനംചെയ്ത ഈ കവികളുടെ കാവ്യസംസ്​കൃതിയുടെ പ്രഭയിൽനിന്നാണ് ഉബൈദും കവിതയെഴുതിത്തുടങ്ങിയത്. എന്നാൽ, 'പി'യുടെയും 'ജി'യുടെയുമൊക്കെ സമകാലികനാണ് അദ്ദേഹം. ആശാ​ന്റെയും വളളത്തോളി​ന്റെയും രചനാരീതിയും ആശയഗരിമയും സാമുദായിക പരിഷ്കരണലക്ഷ്യവും ദേശാഭിമാനബോധവും ഉബൈദി​ന്റെ കവിതകൾക്ക് വളക്കൂറുള്ള മണ്ണായി മാറി.ഉബൈദി​ന്റെ കാവ്യലോകത്തുകൂടി സഞ്ചരിക്കുന്ന ഏതൊരാളെയും ഏറെ ആകർഷിക്കുക അതി​ന്റെ ലാളിത്യവും പദഘടനാ ചാരുതയുമാണ്. ഇത് അദ്ദേഹത്തിന് ലഭിച്ചത് വള്ളത്തോൾ കാവ്യപന്ഥാവിൽനിന്നാണ്. കൂടാതെ, അറബിസാഹിത്യവും മാപ്പിളപ്പാട്ടുകളുമായും ഉള്ള ബന്ധം ഒട്ടേറെ പദസഞ്ചയത്തെ സ്വാംശീകരിക്കാനും കവിതയിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിനും അദ്ദേഹത്തിന് സാധിച്ചു.


''ഒരു കവിയുടെ പ്രചോദിതമുഹൂർത്തങ്ങളിൽ (inspired moments) ബഹിർഗമിക്കുന്ന വാങ്മയങ്ങളിൽനിന്ന് ആ കവിയുടെ സാക്ഷാത് രൂപഭാവങ്ങൾ ഗ്രഹിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു നിരൂപണ സമ്പ്രദായംതന്നെ പാശ്ചാത്യരാജ്യങ്ങളിലുണ്ട്. ആ കാവ്യസന്ദർഭത്തിൽ ഉപയോഗിക്കപ്പെടുന്ന പദങ്ങൾ ആദികാലം തൊട്ട് ഏതുതരം വ്യവഹാരരൂപത്തിനാണ് ഉപയോഗിക്കപ്പെട്ടത്? അവയുടെ സമ്പർക്കം (association) ഏതൊക്കെ വിഷയങ്ങളുമായിട്ടാണ്? ഇത്യാദി കാര്യങ്ങൾ പരിശോധിച്ചാൽ കവിഹൃദയത്തി​ന്റെ തനിമ കാണാം.''6

ഈ തനിമ കവിത്രയങ്ങളുടെ രചനാകൗശലത്തിൽനിന്നും മാപ്പിളപ്പാട്ടി​ന്റെ മാധുര്യത്തിൽനിന്നും കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽനിന്നും ഉരുത്തിരിഞ്ഞുവന്നതാണെന്ന് ഉബൈദി​ന്റെ കവിതകളെ ആഴത്തിൽ പഠിക്കുമ്പോൾ കണ്ടെത്താനാവും. ആശാനും വള്ളത്തോളും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരിക്കാം; കവിതകൾ പ്രചോദിപ്പിച്ചിരിക്കാം. ഈ പ്രചോദനം മൊഴിമാറ്റത്തിലൂടെ താൻ അക്കാലത്ത് ഭാഗമായിരുന്ന കന്നടനാടിനെ കൂടി പരിചയപ്പെടുത്തണമെന്ന് കാംക്ഷിച്ചിരിക്കാം. ഈ േപ്രരണയാണ് 'വീണപൂവും' വള്ളത്തോൾ കവിതകളും കന്നടത്തിലേക്ക് തർജമ ചെയ്യാൻ അദ്ദേഹത്തെ േപ്രരിപ്പിച്ചത്. അതുകൊണ്ടുതന്നെ ആ തർജമക്ക് വല്ലാത്തൊരു ആകർഷണശക്തിയും ലഭിച്ചതായി കാണാം. 'വീണപൂവി​'ന്റെ തർജമയായ 'പതിതപുഷ്പ'ത്തി​ന്റെ പ്രസിദ്ധീകരണത്തിന് അവസാനകാലത്ത് അദ്ദേഹം ഏറെ പരിശ്രമിക്കുകയും ചെയ്തു. ''മഹാകവിയെ അദ്ദേഹത്തി​ന്റെ എല്ലാ ചിഹ്നങ്ങളോടും കൂടി കന്നടസഹൃദയരുടെ മുന്നിൽ അവതരിപ്പിക്കുന്നത് ഉബൈദ് ത​ന്റെ ജീവിതധർമമായി കരുതി, വിയർപ്പൊഴുക്കി.''7 ചില വരികൾ ശ്രദ്ധിക്കൂ.

നിനഗേകെ ബിദിദയദി ഗുണഗുണവാനീഡിദനു?

മത്തേകെ ജവദൊളദനിംതു ഹനിസിദനു?

(എന്തിന്നലിഞ്ഞു ഗുണധോരണിയേകി നിൻമേ–

ലെന്തിന്നതാശു വിധിയേവ മപാകരിച്ചു?)

ഒംദലെക്കനാവൂ? സോദററൽക്കെ? ഈയെമ്മ–

നെല്ലറം സൃഷ്​ടിഡിദഹസ്​തവൊംദൽക്കെ

(ഒന്നല്ലി നാമയി സഹോദരരല്ലി? പൂവേ!

ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം?)

കവിതയുടെ ആത്മാംശത്തെ ഒട്ടും ചോർന്നുപോകാതെ മറുനാട്ടിലെ വായനക്കാരുടെ മനസ്സിൽ ഉജ്ജ്വലമായ ഒരു ചിത്രം കോറിയിടാൻ ഈ തർജമയിലൂടെ ഉബൈദിന് സാധിച്ചു. വള്ളത്തോൾ കവിതകളിലൂടെ ആകൃഷ്​ടനായ താൻ വള്ളത്തോളിനെ ഒരിക്കൽ കണ്ടുമുട്ടിയത് ജീവിതത്തിലെ തന്നെ അവിസ്​മരണീയ സംഭവങ്ങളിലൊന്നാണെന്ന് അദ്ദേഹം പറയുകയുണ്ടായി.

''കലാമണ്ഡലത്തിന് സംഭാവന സ്വീകരിക്കാൻ എടനീർ മഠത്തിലേക്ക് വന്നതായിരുന്നു മഹാകവി. ശെറുൽ സാഹിബ് വിവരമറിയിച്ചു. ശെറുൽ ലോഡ്ജിലേക്ക് കുതിച്ചു. മഹാകവി കാസർകോട് തങ്ങുന്നില്ല. അടുത്ത വണ്ടിക്ക് മംഗലാപുരത്തേക്ക് പോവുകയാണ്. രണ്ടുപേരും മഹാകവി കയറിയ കമ്പാർട്മെന്റിൽ കയറി. ദിവ്യസന്നിധിയിലെന്നപോലെ നിന്നു. അഭിവാദ്യമർപ്പിച്ചു. ശെറുൽ സാഹിബ് ഇരുന്നു, ഉബൈദ് സാഹിബ് നിന്നു. മഹാകവി കുശലം ചോദിച്ചു. ഇദ്ദേഹം മഹാകവിയുടെ ശിഷ്യത്വം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു.''8 ഉബൈദിനെ ചൂണ്ടി ശെറുൽ സാഹിബ് പറഞ്ഞു.

ശിഷ്യൻമാർ വർധിക്കുന്നതിൽ സന്തോഷമേയുള്ളൂ. മഹാകവി പറഞ്ഞു. ആയിടെ പ്രസിദ്ധീകരിച്ച ഒരു കവിത മഹാകവിക്ക് സമർപ്പിച്ചു. ഹൃദയം ആലിലപോലെ വിറക്കുന്നുണ്ടായിരുന്നവ​േത്ര.

വള്ളത്തോൾ കവിത വായിച്ചു ഒരു വിമർശനം.

''ഐശ്വര്യ പൂന്തേനിലാറാടിടുന്നു'' എന്നത് ശരിയല്ല. പൂന്തേൻ എവിടെയും അൽപമേയുള്ളൂ. അതിൽ ആറാടാൻ സാധിക്കില്ലല്ലോ.

ഒരു ഉപദേശവും, ''ഭാഷ പഠിക്കാൻ പത്രങ്ങളെ വിശ്വസിക്കരുത്.''കുമ്പള എത്തുന്നതുവരെ മഹാകവി പലതും സംസാരിച്ചു. മുസ്‍ലിംകൾ ഭാഷാസാഹിത്യത്തോട് പുറംതിരിഞ്ഞുനിൽക്കാൻ പാടില്ലെന്നും ഉബൈദിനെപ്പോലുള്ള കവികൾ വന്നുകാണുന്നത് സന്തോഷകരമാണെന്നും മറ്റും മഹാകവി പറഞ്ഞു.

ഈ പ്രചോദനവും വള്ളത്തോൾ കവിതകളുടെ ആഴത്തിലുള്ള സ്വാധീനവും ഉബൈദി​ന്റെ കവിതകളെയും തർജമകളെയും കൂടുതൽ സുന്ദരമാക്കി. 'വള്ളത്തോൾ കവിതഗളു' എന്ന വള്ളത്തോൾ കവിതകളുടെ തർജമ ഇത്രമേൽ ശ്രദ്ധേയമായതും അതുകൊണ്ടുതന്നെ. കർണാടക ദേശത്തെ വായനക്കാരെ മഹാകവിയോട് കൂടുതൽ അടുപ്പിച്ചതും ഈ വിവർത്തന കൃതിയാണെന്ന് പറയുന്നതിൽ നിസ്​തർക്കമില്ല.

കവിതയോട്

''എന്തിന്നു താമസിപ്പതംബികേ, നിന്നുണ്ണിയാ–

മെൻമുന്നിലണയുവാ? നെങ്ങുനീ മറിഞ്ഞിതോ?

എത്രനാളമ്മെ, നിന്നെത്തിരഞ്ഞും കൊണ്ടീവിധം

ഹൃത്തടം കരിഞ്ഞു ഞാൻ കേണുകേണലയേണ്ടൂ?''

(കവിതയോട്)

കവിതയെ അമ്മയായി മനസ്സിൽ കുടിയിരുത്തി ഇങ്ങനെ ചോദിച്ചുകൊണ്ട് കാവ്യലോകത്ത് കടന്നുവന്ന കവിയാണ് ഉബൈദ്. മറ്റു പലരും കവിതയെ കാമിനിയായും പ്രിയതമയായും ഒക്കെ കണ്ടപ്പോൾ മാതൃഭാവമാണ് ഉബൈദ് ദർശിച്ചത്. 'അംബികേ' എന്ന വിളിയിൽതന്നെ ആർദ്രതയും ആദരവും അടുപ്പവും ഭവ്യതയും ഒക്കെ കുടികൊള്ളുന്നു. കാവ്യദേവത കടാക്ഷിച്ചപ്പോഴാവട്ടെ ഭാവനയുടെ പാൽനിലാവ് പെയ്യുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്. ഇതേ കവിതയിൽത്തന്നെയുള്ള ചില വരികൾ നോക്കുക:

''പൂർവ്വാശയാറ്റുനോറ്റുസമ്പാദിച്ചൊരു തങ്ക–

പ്പൂങ്കുമാരനെയങ്ങു പൊൽച്ചാറിൽ മുക്കിമുക്കി

നീരാട്ടി മടിത്തട്ടിൽകിടത്തിത്താലോലിക്കും

നേരത്തു നിന്നെത്തേടിയങ്ങു ഞാൻ നടക്കവേ

ആ മണിമുറ്റത്തു നിൻ സ്​മിതത്തൂവൊളിയെന്യേ

യാതൊന്നും കണ്ടീടാതെ മടങ്ങി നിരാശനായ്!

പശ്ചിമ തടാകത്തിലിറങ്ങി സ്​നാനം ചെയ്തു

പൊൽചെമ്പട്ടുടുത്തർക്കദീപവും കൈയിലേന്തി

പ്രാർഥനയ്ക്കായ്ച്ചെല്ലും സന്ധ്യയാം പെൺകൊടിതൻ

പൂവനത്തിലുമമ്മേ, നിന്നെ ഞാൻ തിരഞ്ഞിതേ...''

എത്ര മനോഹരമായ വർണനകളും പ്രയോഗങ്ങളുമാണ് ഈ വരികളിൽ വായനക്കാരന് കാണാനാവുക. സന്ധ്യയാകുന്ന പെൺകൊടിയുടെ വർണന നോക്കുക. പശ്ചിമ തടാകത്തിലിറങ്ങി സ്​നാനം ചെയ്ത് പൊൽചെമ്പട്ടുടുത്ത് അർക്കനാകുന്ന ദീപവും കൈയിലേന്തി പ്രാർഥനക്കായി വരുന്ന സന്ധ്യ ഏതൊരനുവാചക​ന്റെയും മനസ്സിൽ ഭാവനയുടെ മനോഹരമായ ലോകംതന്നെ തീർക്കും. 'പൊൽച്ചാറ്', 'സ്​മിതത്തൂവൊളി' മുതലായ പ്രയോഗങ്ങളും കവിതാഭാഗത്തിന് കൂടുതൽ മിഴിവേകുന്നു.

പ്രഭാതത്തിലും പ്രദോഷത്തിലും നിശീഥത്തിലും ത​ന്റെ മാതാവിനെ തേടി യാത്രയാകുന്നു. കവിതാംബികയേ തേടി നടന്ന് നിരാശനായ് തളർന്ന് മന്നിൽ വീഴുമ്പോൾ നി​ന്റെ കടാക്ഷത്തി​ന്റെ 'സംസ'മാം (മക്കയിലെ പുണ്യതീർഥം) പുണ്യതീർഥത്തിൽ നീരാടിക്കേണമേ എന്നപേക്ഷിക്കുന്നു.

മറ്റു കവികൾ ഒരുപക്ഷേ 'ഗംഗ'യെന്ന് പറയാൻ സാധ്യതയുള്ളിടത്ത് കവി 'സംസം' എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. ഇത്തരം പ്രയോഗങ്ങൾ ''മറ്റേതൊരു മലയാള കവിയെപ്പോലെ തനിക്ക് വശപ്പെട്ട കാൽപനിക ശൈലിയുടെ വിലാസത്തിനിടയിൽ ഉബൈദി​ന്റെ അറബിമണിപ്രവാള പ്രവണത സ്വാഭാവിക സൗന്ദര്യം കലർന്നുകൊണ്ട് നമ്മെ രസിപ്പിക്കുന്നു''9 എന്ന് സുകുമാർ അഴീക്കോട് നിരീക്ഷിക്കുന്നു. ഭക്തിയോടെ കൈകൂപ്പി അമ്മയുടെ ദർശനത്തിന് കാത്തുനിൽക്കുന്ന ഒരു മക​ന്റെ ആത്മഭാവത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കവിക്ക് സാധിക്കുന്നു. ഒട്ടും വിരസമല്ലാതെ, അതിഭാവുകത്വമില്ലാതെ ആത്മഭാവത്തി​ന്റെ പ്രതിസ്​ഫുരണമായ ഈ കവിത ഉബൈദി​ന്റെ കവിതകളിൽ മികച്ച ഒന്ന​േത്ര.

ദേശസ്​നേഹവും ദേശബോധവും ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവ​ന്റെ ആത്മബോധംതന്നെയാണ്. ഉബൈദ് ജനിച്ചു വളർന്ന തളങ്കരയുൾപ്പെടുന്ന കാസർകോട് പ്രദേശം ഏറെക്കാലം ദക്ഷിണ കനറ ജില്ലയുടെ ഭാഗമായിരുന്നു. കവി പഠിച്ച് വളർന്നത് കന്നട ഭാഷയിൽ. മലയാളഭാഷ ഉൾപ്പെടെ നാലോ അഞ്ചോ ഭാഷകൾ അദ്ദേഹത്തിന് അറിയാമായിരുന്നു. ആദ്യകാലത്ത് എഴുതിത്തുടങ്ങിയതും കന്നട ഭാഷയിലായിരുന്നു. എങ്കിലും മലയാളഭാഷയെയും കേരളത്തെയും ഏറെ ഇഷ്​ടപ്പെട്ടിരുന്നു. ഐക്യകേരള രൂപവത്കരണ ചർച്ചകൾ നടക്കുന്ന കാലത്ത് കാസർകോട് ഉൾപ്പെടുന്ന വടക്കൻ പ്രദേശം കേരളത്തിൽ ചേരണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തിച്ചവരുടെ സംഘത്തി​ന്റെ അമരക്കാരിലൊരാളായി മാറി ഉബൈദ്. ഈ സമയത്തും കർണാടക ഭാഷയോടും സംസ്​കാരത്തോടും ആദരവു പുലർത്തിയ ആളായിരുന്നു ഉബൈദ്. ഈ ദ്വന്ദ്വഭാവത്തിൽനിന്നും ഉയിർക്കൊണ്ട കവിതയാണ് 'വിടവാങ്ങൽ'.

''വിളികേൾക്കുന്നൂ,

വിളികേൾക്കുന്നൂ,

മാതാവിൻ വിളി കേൾക്കുന്നൂ!

വിടതരികമ്മേ കന്നട ധാത്രീ,

കേരള ജനനി വിളിക്കുന്നൂ...''

1949ൽ നീലേശ്വരം സാഹിത്യപരിഷത്തിൽവെച്ച് ആലപിക്കപ്പെട്ട ഈ കവിത കാസർകോട് മലയാള ഭാഷയോട് മുമ്പ് കാണിച്ച ചിറ്റമ്മനയത്തിന് എതിരായ വികാരപ്രകടനമായി നമുക്ക് കാണാം. ''നീലേശ്വരം പരിഷത്തി​ന്റെ ഫാലതിലകമായിരുന്നു ഈ കവിതയെന്ന്''10 വെണ്ണിക്കുളം അഭിപ്രായപ്പെട്ടിട്ടുണ്ട്.

കവിത തുടങ്ങുന്നതിങ്ങനെയെങ്കിലും പിന്നീടങ്ങോട്ട് ത​ന്റെ മാതാവായ കേരളത്തെ അതിമനോഹരമായി വർണിക്കുന്നു. ഈ വർണനയിൽ മലനാടി​ന്റെ ഭംഗിയും മഹത്ത്വവും വിവരിക്കുമ്പോൾ കവി വാചാലനാകുന്നു.

''ഞങ്ങളണഞ്ഞിടുമമലജ്ഞാന–

ത്തൂവമൃതുറയും മലനാട്ടിൽ,

പൊങ്ങും മോഹനസംസ്​കാരപ്പുതു–

മലരുകൾ വിരിയും മലനാട്ടിൽ,

തുഞ്ചൻ തന്നുടെ പൈങ്കിളിപാടും

കുഞ്ചൻ തന്നുടെ നർത്തകിയാടും

സഞ്ചിതരമണീയത കളിയാടും

നെഞ്ചു കുളുർത്തിടുമിളനീർ ചൂടും

പച്ചപ്പന്തലിലണയാൻ തെങ്ങുകൾ

മാടിവിളിക്കും മലനാട്ടിൽ,

ആ മലനാടിൻ സുഭഗത കാ–

നണിമുകിലണിയായണയുമ്പോൾ,

വ്യോമപ്പന്തലിലേഴുനിറത്തിൻ

വിമലപതാക പറക്കുമ്പോൾ

ഇടവം വന്നൊരു പടഹമടിക്കും

ഉടനടി വിണ്ടലശാല തുറക്കും

നടിയാം മിന്നൽക്കൊടിയെ വിളിക്കും

വടിവോടവളൊരു കൂത്തു നടിക്കും.

മന്ദം മന്ദം പുഞ്ചിരിതൂകി–

ച്ചോല കുണുങ്ങും മലനാട്ടിൽ,

ശാന്തിപ്പൂമതി ശാരദകാന്തിയിൽ

മുക്കിപ്പിഴിയും മലനാട്ടിൽ...

ഈ വരികളിലൂടെ കടന്നുപോകു​േമ്പാൾ വായനക്കാരൻ വള്ളത്തോളി​ന്റെയും പി. കുഞ്ഞിരാമൻ നായരുടെയും കാവ്യലോകത്ത് അറിയാതെ എത്തപ്പെടും. അതിന് കാരണം ഈ മൂവരും ഉൾക്കൊണ്ട സ്​ഥായീഭാവം തന്നെയാണ്. മലനാടിനെയോ മലയാളത്തെയോ കുറിച്ച് പാടുമ്പോൾ ഇവർക്ക് തീരാത്ത ആനന്ദലഹരിയായി അത് മാറുന്നു. വായനക്കാരിൽ അത് പരമാനന്ദം നിറക്കുകയും ചെയ്യുന്നു.

'കേരളഗാനം' എന്ന കവിതയിലെ വരികളും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്.

''കുതുകമൊടെന്നും വാരിധിവീചികൾ

തഴുകിവരുന്നു നിൻ കഴലിണയെ

കുലഗിരി സഹ്യൻ കാവലുനില്പൂ

തവ ഭടനായി; മധുകുടമേന്തി

കൊടികളുയർത്തും കേരതരുക്കൾ

നിരനിരയായി.

പുതുഹരിതത്തുകിൽ നെയ്യും പാടം,

കരമതുകൊട്ടിപ്പാടും ചോലകൾ,

പുളകദമോദം തെന്നലിനാലരു–

ളിടുമുദ്യാനം; പറവകളിത നിൻ

പുനരുദയസ്​തുതികൊണ്ടു പൊഴിപ്പൂ

സുലളിത ഗാനം...''

ഈ രണ്ടു കവിതകളും അക്കാലത്തോടും അക്കാലത്തെ നാടി​ന്റെ മനോഹാരിതയോടും നീതിപുലർത്തുന്നു. മലയാളത്തി​ന്റെ മഹത്ത്വവും മാധുര്യവും മനോഹാരിതയുമാണ് ഉബൈദിനെ ഇങ്ങനെ എഴുതാൻ േപ്രരിപ്പിച്ചത്. ''വള്ളത്തോൾക്കവിത കാലത്തോട് സാധിച്ച സമന്വയത്തിനും അതുവഴി സാക്ഷാത്കരിച്ച സൗന്ദര്യസാഫല്യത്തിനും സാക്ഷ്യം വഹിക്കുകതന്നെ ചെയ്യുന്നു''11 എന്ന് പ്രഫ. കെ.പി. ശങ്കരൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉബൈദി​ന്റെ 'വിടവാങ്ങൽ', 'കേരളഗാനം' തുടങ്ങിയ കവിതകളിലൂടെ കടന്നുപോകുന്ന ഏതൊരാൾക്കും ഈ അഭിപ്രായം അദ്ദേഹത്തിനും ചേരും എന്ന് പറയാതിരിക്കാൻ വയ്യ.

കറകളഞ്ഞ ദൈവഭക്തി, നൈതികബോധം, തത്ത്വചിന്ത തുടങ്ങിയവ ഉബൈദി​ന്റെ ഒട്ടേറെ കവിതകളിൽ നിഴലിച്ചു കാണുന്നുണ്ട്. ഭക്തിയെ ഭാവസാന്ദ്രമായി അവതരിപ്പിക്കുക വഴി മനസ്സിനെ വിമലീകരിക്കുക എന്ന ദൗത്യം അദ്ദേഹം കവിതകളിലൂടെ നിർവഹിക്കുന്നു. 'നിത്യതയിലേക്ക്', 'അടുപ്പിക്ക', 'നാഥനോട്', 'നിവേദനം', 'കൃതജ്ഞത', 'സ്വീകരിച്ചാലും' തുടങ്ങി ഒട്ടേറെ കവിതകളിൽ കാണാം.

''ഇഹലോക ജീവിതമാകുന്ന പാരാവാരത്തിൽ തട്ടാതെ മുട്ടാതെ, വൻചുഴിയിലകപ്പെടാതെ സഞ്ചരിച്ച് ദൈവ സന്നിധിയിലെത്താൻ കൃപചൊരിയണമേ''എന്ന് 'നിത്യതയിലേക്ക്' എന്ന കവിതയിലും

''നിന്നെത്താനുന്നമാക്കിപ്പരിചൊടടിയനെൻ

ചിന്തയാം ലോലചക്രം

തന്നെത്താൻ തെറ്റിടാതെ തിരിയുവതിനെഴും

യുക്തമാം ശക്തിയേകി''

എന്നെന്നും നി​ന്റെ അനുഗ്രഹത്തോടെ നി​ന്റെ സന്നിധിയിലെത്താൻ സഹായിക്കണമെന്ന പ്രാർഥന 'അടുപ്പിക്ക' എന്ന കവിതയിലും കാണാം.

ഈ ദൈവികബോധം ക്രിയാശൂന്യമായ ആത്മവിലാപമല്ല. താൻ സ്വപ്നം കാണുന്ന ശാന്തിയുടെയും സമൃദ്ധിയുടെയും സ്​നേഹത്തി​ന്റെയും പരമകാരുണ്യത്തി​ന്റെയും ലോകമാണത്. നാഥ​ന്റെ അനുഗ്രഹത്തോടെ ഭൂമിയിൽ അതുണ്ടാക്കിയെടുക്കുക, അങ്ങനെ ഇഹലോക ജീവിതത്തെയും പരലോകജീവിതത്തെയും പവിത്രമാക്കുക എന്ന മഹത്തായ മതബോധത്തി​ന്റെ ദർശനമാണത്. ഈ ദർശനം കവിതകളിലൂടെ സംവേദനം ചെയ്യാനാണദ്ദേഹം ശ്രമിച്ചതെന്ന് ആഴത്തിൽ പരിശോധിക്കു​േമ്പാൾ മനസ്സിലാക്കാനാകും.

''സോദരവൃന്ദമേ, സർവ വിനാശത്തിൻ

പാതയെ വിട്ടു തിരിച്ചു വേഗം

പോരിക, സത്യസമത്വസംസ്​കാരങ്ങൾ

കോരിപ്പൊഴിക്കുന്ന ചന്ദ്രികയിൽ!''

(ചന്ദ്രികയിൽ)

''അഭിജ്ഞൻമാരെന്നു നടിച്ചു ഭൗതിക–

വിഭവത്തെമാത്രം സ്​മരിച്ചു പൂജിക്കും

വിമൂഢർക്കെന്തറിഞ്ഞിടാൻ തദാനന്ദം?

വിളിച്ചുകൂവട്ടെ, കിറുക്കനെന്നെന്നെ.''

(വിജനത്തിൽ)

''വിളക്കു വെയ്ക്കുവിൻ; വിളക്കു വെയ്ക്കുവിൻ;

വെളിച്ചം കാണട്ടെ, വിളക്കു വെയ്ക്കുവിൻ!

അടുത്തു നിന്നിടുമനുജനെപ്പോലും

തടഞ്ഞുവീഴുമാറിരുണ്ടുപോയ് രംഗം.''

(വിളക്കു വെയ്ക്കുക)

''ഹൃത്താം കനകത്തെത്തങ്കമാക്കീടുവാ-

നത്തൽനെരിപ്പോടു വേണമാർക്കും.

സന്താപവാർധിയിൽ മുങ്ങിയെന്നാകിലെ

ചിന്തതൻ മുത്തുകൾ നേടാനാകൂ.''

(ദുഃഖത്തി​ന്റെ ദുഃഖം)

''രാവാം കരിങ്കാളിപ്പെണ്ണിൻ വയറ്റിൽ

വിഭാതം പിറക്കുന്നു; സ്വയം താൻ

റബ്ബെ ന്നു വാദിച്ച

ഫിർഔ​ന്റെ യങ്കത്തിൽ മൂസാ ചിരിക്കുന്നു.''

(ദുനിയാവി​ന്റെ മറിമായം)

''മാമരത്തെത്തല്ലി വീഴ്ത്തും കൊടുങ്കാറ്റു

കേമനാണെങ്കിലും കൂസില്ല തെല്ലു ഞാൻ

ഘോര ജലപ്രളയത്തിലകപ്പെട്ടു

പാരിലെ ഹർമ്യങ്ങളൊക്കെ നശിക്കിലു–

മാ വിനയം പ്രദർശിപ്പിച്ചനാരതം

ഭൂവിൽ വിലസുന്നു മാതൃക കാട്ടി ഞാൻ.''

(പുൽക്കൊടി)

''മതിയെ മയക്കും മാമൂലുകളെ,

മതിയാക്കൂ നടനം;

ക്ഷിതിയിൽ നിങ്ങടെ കൂത്താട്ടത്തി–

ന്നറുതിയടുത്തല്ലോ!''

(വരിച്ചിടും വിജയം)

തുടങ്ങിയ വരികളിൽ കാണുന്ന ദാർശനികത ത​ന്റെ ജീവിതാവബോധത്തിൽനിന്ന് ഉയിർകൊണ്ടതാണ്. ഇത് സമൂഹത്തിൽ പരിവർത്തനം സൃഷ്​ടിച്ച ജ്ഞാനികളിൽനിന്നും ഇഴുകി ചേർന്നതാണ്. ശ്രീനാരായണ ഗുരുവി​ന്റെ സമത്വം, ധർമാധർമങ്ങളോടുള്ള നിലപാട് എന്നിവ 'ചന്ദ്രിക'യിൽനിന്നുള്ള മുകളിൽ ഉദ്ധരിച്ച വരികളിൽ കാണാം.

ടാഗോറി​ന്റെയും (ഭജനം പൂജനമാരാധനയും

സാധനയും ഹേ, നിർത്തുക സാധോ,

നിജദേവാലയ മൂലയിലെന്തി–

നിരിക്കുന്നു നീ രുദ്ധകവാടം?)

–ഗീതാഞ്ജലി

ഉള്ളൂരി​ന്റെയും,

(അടുത്തു നിൽപോരനുജനെ നോക്കാനക്ഷികളിലിത്തോർ–

ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?)

(േപ്രമസംഗീതം)

ആശാ​ന്റെയും

(വിരയുന്നു മനുഷ്യനേതിനോ

തിരിയാ ലോകരഹസ്യമാർക്കുമേ)

(ചിന്താവിഷ്​ടയായ സീത)

നാലപ്പാട്ടു നാരായണമേനോ​ന്റെയും

(ഉരുക്കിടുന്നു മിഴിനീരിലിട്ടു

മുക്കുന്നു മുറ്റും ഭുവനൈകശിൽപി

മനുഷ്യഹൃത്താം കനകത്തെയേതോ

പണിത്തരത്തിന്നുപയുക്തമാക്കാൻ)

(കണ്ണുനീർത്തുള്ളി)

ദാർശനിക ചിന്ത മുകളിൽ കൊടുത്ത ഉബൈദി​ന്റെ വരികളിൽ നമുക്ക് ദർശിക്കാം.

പരസ്​പര സ്​നേഹത്തിലും സത്യസന്ധതയിലും ധർമപരിപാലനത്തിലും ഭൂതദയയിലും കാരുണ്യത്തിലും നിലകൊള്ളുന്ന സമത്വസുന്ദരമായ ഒരു ലോകത്തെ കവി ദീർഘദർശനം ചെയ്യുന്നു. ഇത് അദ്ദേഹം ആർജിച്ചെടുത്തത് ഇസ്‍ലാം ഹൈന്ദവ മതബോധത്തിൽനിന്നാണ്. ഈ മതബോധം പലപ്പോഴും മനുഷ്യർ പരസ്​പരം ഭിന്നിച്ചുനിൽക്കാതെ ഒന്നിച്ചുനിൽക്കണമെന്ന ഓർമപ്പെടുത്തലാണ്.

''ത​ന്റെ സമുദായത്തി​ന്റെ പതനാവസ്​ഥ ചിലപ്പോഴെല്ലാം വിഷാദാത്മകനും പലപ്പോഴും പ്രക്ഷോഭകാരിയുമാക്കിത്തീർക്കുന്നു. സമുദായത്തിലെ സമ്പന്നൻമാരും മതപണ്ഡിതൻമാരുംകൂടി സൃഷ്​ടിക്കുന്ന ഭിന്നിപ്പും ദരിദ്രാവസ്​ഥയുമെല്ലാം അദ്ദേഹത്തെ വേദനിപ്പിക്കുന്നു. നിസ്സാരകാര്യങ്ങളുടെ പേരിൽ ഭിന്നിച്ച് പരസ്​പരം വാളോങ്ങി നിൽക്കുന്ന സഹോദരന്മാരുടെ ചിത്രം അദ്ദേഹത്തെ പരിഭ്രാന്തനാക്കുന്നു. ഇതിനെല്ലാം കാരണം കപടമതേതരക്കാരായ ഒരുകൂട്ടമാളുകളാണെന്ന യാഥാർഥ്യം മനസ്സിലാക്കിയ കവി, വിപ്ലവവീര്യമുള്ള ഒരു പുതിയ തലമുറയുടെ പിറവിയിലാണ് സമുദായത്തി​ന്റെ മോക്ഷം കണ്ടെത്തുന്നത്.

പൗരോഹിത്യം ജന്മംനൽകിയൊ

രനൈക്യരക്ഷസ്സേ

മാറുക നീ, വഴി മാറുക മുന്നോ

ട്ടെങ്ങൾ ഗമിക്കട്ടേ!

എന്ന് 'വരിച്ചിടും വിജയത്തിലും'

ഉത്തരോത്തരം തക്ബീർ നിർഘോഷം മുഴക്കിക്കൊ

ണ്ടെത്തിപ്പോയിതാ, ഞങ്ങൾ; സ്വാർഥതേ, വഴിമാറൂ!

എന്ന് 'വഴിമാറുക' എന്ന കവിതയിലും ആവേശപൂർവം യാഥാസ്​ഥിതികത്വത്തിന് മുന്നറിയിപ്പ് നൽകുകയാണ് ഉബൈദ് സാഹിബ്. അനേകലക്ഷങ്ങൾ പട്ടിണി കിടക്കുമ്പോൾ ഭോഗലാലസമായ ജീവിതം നയിക്കുന്ന സമ്പന്നരുടെ നേരെ പാവപ്പെട്ടവരുടെയും ആലംബഹീനരുടെയും പ്രതിനിധിയായി പടവാളോങ്ങുന്ന ഒരു ഹ്യൂമനിസ്റ്റ് വിപ്ലവകാരിയാണ്''12 അദ്ദേഹമെന്ന് ജമാൽ കൊച്ചങ്ങാടി നിരീക്ഷിക്കുന്നു.

ഇസ്‍ലാം ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുതയെയും സൗഹൃദത്തെയും എത്ര പാടിയിട്ടും മതിവരാത്ത കവിയാണ് ഉബൈദ്. നബികീർത്തനം എത്രവേണമെങ്കിലും കേൾക്കാനും പാടാനും തയാറാണദ്ദേഹം, എത്ര കോരിക്കുടിച്ചാലും മതിയാക്കാതെ അമൃതേത്തുപോലെ.

''എൻ മനശ്ശാരികേ നീ പാടുക, മധുരമാ–

യാമ്മഹൽക്കീർത്തനങ്ങൾ – നിർവൃതി പൂകട്ടേ ഞാൻ!

(നർത്തനം ചെയ്തീടാവൂ)

ശതതം പതിനാലിനപ്പുറം മർത്ത്യരാശി

പതിതത്വത്തിൻ ചളിക്കുണ്ടിൽ വീണുഴലവേ

നീേഗ്രാഗോത്രജരേയും, ഖുറൈഷിവീരരേയു–

മേകമാം ഭാവത്തി​ന്റെ പവിത്രശ്രീകോവിൽ

അണിയായ് നിർത്തിസ്സാർവജനീനസമത്വത്തിൻ

മണിവേദിയെ കാണിച്ചീടിന മഹാത്മാവാം

ലോകൈകപരിഷ്കർത്താ – ദീനൈകബന്ധു–വാകു–

മാഗ്ഗുരു മുഹമ്മദിൻ ദിവ്യാപദാനമെന്യേ

മറ്റേതു നേതാവി​ന്റെ കീർത്തനം പാടേണ്ടു ഞാൻ?''

(അഭയം തേടും)

തുടങ്ങിയ വരികൾ ഇതിനുദാഹരണമാണ്.

സൂചിക

1. 'പി' കുഞ്ഞിരാമൻ നായർ, 'ഉബൈദ് ഭരിച്ച നാട്ടിൽ നാലു രാത്രികൾ' (ലേഖനം) ഉബൈദ് സ്​മാരകഗ്രന്ഥം, കാസർകോട് സാഹിത്യവേദി പ്രസിദ്ധീകരണം 2008, പുറം 12.

2. സി. പി. ശ്രീധരൻ, 'ഉബൈദിന്റെ സൃഷ്​ടിപ്രപഞ്ചം', (ലേഖനം) ഉബൈദ് സ്​മാരക ഗ്രന്ഥം, കാസർ​കോട് സാഹിത്യവേദി പ്രസിദ്ധീകരണം 2008, പുറം. 60

3. എസ്​.കെ. പൊറ്റെക്കാട്ട്, 'ഓർമകളിലെ ഉബൈദ് സാഹിബ്' (ലേഖനം). ഉബൈദ് സ്​മാരക ഗ്രന്ഥം, കാസർകോട് സാഹിത്യവേദി പ്രസിദ്ധീകരണം 2008, പുറം 45.

4. പി. അപ്പുക്കുട്ടൻ, 'പുതിയ നാദതാളങ്ങൾ പുതിയ മാനം' (ലേഖനം) ഉബൈദ് സ്​മാരക ഗ്രന്ഥം, കാസർകോട് സാഹിത്യവേദി പ്രസിദ്ധീകരണം 2008, പുറം 37.

5. സി.പി. ശ്രീധരൻ, 'ഉബൈദിന്റെ സൃഷ്​ടിപ്രപഞ്ചം' (ലേഖനം) ഉബൈദ് സ്​മാരകഗ്രന്ഥം, കാസർകോട് സാഹിത്യവേദി പ്രസിദ്ധീകരണം 2008, പുറം 61.

6. അതേ കൃതി പുറം 62.

7. സി. രാഘവൻ, 'സർഗാത്മക വിവർത്തകൻ' (ലേഖനം) ഉബൈദ് സ്​മാരകഗ്രന്ഥം, കാസർകോട് സാഹിത്യവേദി പ്രസിദ്ധീകരണം 2008, പുറം 184.

8. ടി.കെ. അബ്ദുല്ലക്കുഞ്ഞി, 'ടി. ഉബൈദ് രചനകൾ പഠനങ്ങൾ ഓർമകൾ' (സമാഹാരം) മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി 2016, പുറം 482, 483

9. സുകുമാർ അഴീക്കോട്, 'ഉബൈദിന്റെ കവിതയിലൂടെ' (ലേഖനം) ഉബൈദ് സ്​മാരകഗ്രന്ഥം, കാസർകോട് സാഹിത്യവേദി പ്രസിദ്ധീകരണം 2008, പുറം 112.

10. സി.എച്ച.് മുഹമ്മദ് കോയ, 'എെന്റ എത്രയും പ്രിയപ്പെട്ട ഉബൈദ്ച്ച' (ലേഖനം) ഉബൈദ് സ്​മാരകഗ്രന്ഥം, കാസർകോട് സാഹിത്യവേദി പ്രസിദ്ധീകരണം 2008, പുറം 30.

11. പ്രഫ. കെ.പി. ശങ്കരൻ, സാഹിത്യമഞ്ജരി മലയാളത്തിന്റെ സൗഭാഗ്യം (പഠനം).

'സാഹിത്യ മഞ്ജരി' വള്ളത്തോൾ, ഡി.സി ബുക്സ് 2010.

12. ജമാൽ കൊച്ചങ്ങാടി, ഉബൈദിന്റെ കാവ്യപ്രപഞ്ചം (ലേഖനം) ഉബൈദ് സ്​മാരകഗ്രന്ഥം, കാസർകോട് സാഹിത്യവേദി പ്രസിദ്ധീകരണം 2008, പുറം 179.

News Summary - t.ubaid poems