Begin typing your search above and press return to search.

സ്​​പെ​യി​നി​ന്‍റെ ച​രി​ത്ര​സ്ഥ​ലി​ക​ളി​ലൂ​ടെ ഒരു യാത്ര

സ്​​പെ​യി​നി​ന്‍റെ ച​രി​ത്ര​സ്ഥ​ലി​ക​ളി​ലൂ​ടെ ഒരു യാത്ര
cancel

ച​രി​​ത്ര​ത്തി​ന്‍റെ വ​ലി​യ കു​ഴ​ച്ചു​മ​റി​യ​ലു​ക​ൾ​ക്ക്​ വേ​ദി​യാ​യ സ്ഥ​ല​മാ​ണ്​ സ്​​പെ​യി​ൻ. പ​ല​ത​രം അ​ധി​നി​വേ​ശ​ങ്ങ​ളും യു​ദ്ധ​വു​മെ​ല്ലാം നി​റ​ഞ്ഞ ഒ​രു പൂ​ർ​വ​കാ​ലം സ്​​പെ​യി​നി​നു​ണ്ട്. സ്​​പെ​യി​നി​ലെ മു​സ്​​ലിം സ്​​ഥ​ലി​ക​ളി​ലൂ​ടെ​യും ച​രി​ത്ര​ത്തി​ലൂ​ടെ​യും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
ച​രി​​ത്ര​ത്തി​ന്‍റെ വ​ലി​യ കു​ഴ​ച്ചു​മ​റി​യ​ലു​ക​ൾ​ക്ക്​ വേ​ദി​യാ​യ സ്ഥ​ല​മാ​ണ്​ സ്​​പെ​യി​ൻ. പ​ല​ത​രം അ​ധി​നി​വേ​ശ​ങ്ങ​ളും യു​ദ്ധ​വു​മെ​ല്ലാം നി​റ​ഞ്ഞ ഒ​രു പൂ​ർ​വ​കാ​ലം സ്​​പെ​യി​നി​നു​ണ്ട്. സ്​​പെ​യി​നി​ലെ മു​സ്​​ലിം സ്​​ഥ​ലി​ക​ളി​ലൂ​ടെ​യും ച​രി​ത്ര​ത്തി​ലൂ​ടെ​യും യാ​ത്ര ചെ​യ്യു​ക​യാ​ണ്​  എ​ഴു​ത്തു​കാ​ര​നും ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​യ ലേ​ഖ​ക​ൻ.

യാത്ര സ്പെയിനിലേക്കാണ്. പാരിസിലിറങ്ങി മാറി കയറിയാൽ എയർടിക്കറ്റിൽ വലിയ വ്യത്യാസമൊന്നുമില്ലാത്തതിനാൽ പാരിസിൽ രണ്ട് ദിവസം തങ്ങി.

യൂറോപ്പിന്‍റെ റാണിയെന്ന് വിശേഷിപ്പിക്കുന്ന പാരിസിലെ ലോകപ്രശസ്തമായ ലൂവർ മ്യൂസിയം, ഈഫൽ ടവർ, ഒപേറ ഹൗസ് തെരുവുകളും പ്രശസ്തമായ പെർഫ്യൂം സ്ട്രീറ്റും, ചാൾസ് ഭരണത്തിലെ അപൂർവ കൊട്ടരങ്ങൾ, പട്ടണത്തിന്‍റെ മധ്യത്തിലൂടെ ഒഴുകുന്ന സെയിൻ നദിയിലെ ബോട്ട് യാത്ര മനോഹരമായ കാഴ്ചകളുടെ അസുലഭ ആസ്വാദനവുമായാണ് സ്പെയിനിലേക്ക് പുറപ്പെട്ടത്.

അറ്റ്ലാന്റിക്, മെഡിറ്ററേനിയൻ, ജിബ്രാൾട്ടർ സമുദ്രങ്ങൾ വടക്ക് ഫ്രാൻസും പടിഞ്ഞാറ് പോർചുഗീസും അതിരിട്ട് ബാഴ്സലോണ, ഗർനാഡ്, ടോളിഡോ, കോർദോവ തലസ്ഥാനനഗരമായ മഡ്രിഡ് എന്ന പ്രധാന പട്ടണങ്ങളിലായി സ്ഥിതിചെയ്യുന്ന പഴയ ആൻഡലൂസിയൻ സാമ്രാജ്യമെന്ന സ്പെയിൻ ആധുനികവും പൗരാണികവുമായ സംയോജനത്തിലൂടെ ഉയർന്നെഴുന്നേറ്റ രാജ്യമാണ്.

സ്പെയിനിലെ പ്രശസ്തമായ ടോളിഡോ നഗരം

സ്പെയിനിലെ പ്രശസ്തമായ ടോളിഡോ നഗരം

മുസ്ലിം ആധിപത്യത്തിൽ എട്ട് നൂറ്റാണ്ടിലെ അതിന്‍റെ ജീവചരിത്രം വലിയൊരുഭാഗം കീഴടക്കലിന്‍റെയും കീഴടങ്ങലിന്റേതുമാണ്. ആ ചരിത്രം മക്കയിലെ ഖലീഫ ഭരണത്തിൽനിന്ന് ആരംഭിക്കുന്നു.

ഇസ്ലാമിക ഭരണത്തിന്‍റെ രണ്ടാം ഖലീഫ (ഭരണാധികാരി) ഉമറിന്‍റെ ഭരണത്തിൽ മുസ്ലിംകൾ ഈജിപ്ത് കീഴടക്കി മുസ്ലിം ഭരണം സ്ഥാപിച്ചു. ഇസ്ലാമിന്‍റെ ഉത്തരാഫ്രിക്കയിലേക്കുള്ള പ്രയാണത്തിന്‍റെ വാതിൽ അതോടെ തുറക്കപ്പെട്ടു. ഉമറിൽനിന്ന് പ്രവാചക വചനങ്ങൾ ശേഖരിച്ച് ശ്രദ്ധേയനായ ഉഖ്ബയെ സൈനികമേധാവിയാക്കി ഉമവിഭരണത്തിന്‍റെ ആരംഭം കുറിച്ചു. ഗവർണറും സൈന്യാധിപനുമായ ഉഖ്ബയുടെ ധീരമായ നേതൃത്വത്തിൽ ഒരു വലിയ സൈന്യവ്യൂഹം മൊറോക്കോയിലേക്ക് പ്രവേശിച്ച് വടക്കനാഫ്രിക്കയിൽ സ്വാധീനമുണ്ടായിരുന്ന റോമാ സാമ്രാജ്യത്തിന്‍റെ അധികാരത്തെ കീഴടക്കി. എ.ഡി. 670ൽ മൊറോക്കോയിൽ ഖൈറുവാൻ പട്ടണം സ്ഥാപിച്ച് ഭരണത്തിന്‍റെ ആസ്ഥാനമാക്കി. തുടർന്നുള്ള പ്രയാണത്തിൽ മൊറോക്കോയിലെ താഹൂദ് പട്ടണത്തിലെ ബാർബറി ഗോത്രം കീഴടങ്ങാതെ റോമൻ സൈന്യത്തോട് ചേർന്ന് നടത്തിയ സംഘട്ടനത്തിൽ സൈന്യാധിപനായ ഉഖ്ബ മരണപ്പെട്ടു.

തുടർന്ന് സൈന്യത്തിന്‍റെ മേധാവിയായ മൂസയുടെ കീഴിൽ സുജ്മ പട്ടണത്തിന് സമീപം എത്തിയ മുസ്ലിം സൈന്യം വീണ്ടും ഏറ്റുമുട്ടി റോമൻ ബാർബറി സൈന്യത്തിന് കനത്ത നഷ്ടം വരുത്തി. പരാജയം നുണഞ്ഞ ഈ യുദ്ധത്തിൽ കീഴടങ്ങിയ ബാർബറി ഗോത്ര പടത്തലവൻ പ്രസിദ്ധനായ താരീഖ്ബ്നു സിയാദിന്‍റെ നേതൃത്വത്തിൽ ബാർബറി ഗോത്രം കൂട്ടത്തോടെ മുസ്ലിംകളായി വന്നതോടെ മൊറോക്കോ പൂർണമായും മുസ്ലിം ഭരണത്തിലായി.

മൊറോക്കോയുടെ വടക്ക് പടിഞ്ഞാറ് താൻജിയും സിത്തയും ഒഴിച്ചുള്ള പ്രവിശ്യകളെല്ലാം സൈന്യാധിപൻ മൂസയുടെ അസാമാന്യ ധീരതയിൽ കീഴടങ്ങി. ലിസിയ, ഇനീഷ്യ, അൽജീരിയ തുടങ്ങിയ വടക്കനാഫ്രിക്കൻ രാജ്യങ്ങളായിരുന്നു അവ.

സൈന്യാധിപനായ മൂസ യുദ്ധതന്ത്രം സൃഷ്ടിച്ചു. വടക്കനാഫ്രിക്കയിൽനിന്നും മുസ്ലിംകളായി വന്ന ഒമ്പതിനായിരം ബാർബറി ഗോത്രക്കാരെ സജ്ജരാക്കി. അവരുടെ തലവനായ താരീഖിന്‍റെ നേതൃത്വത്തിൽ കീഴടങ്ങാതെപോയ താൻജിയിലേക്കും മൂസയുടെ തന്നെ നേതൃത്വത്തിൽ മറ്റൊരു സൈന്യം സിത്തയിലേക്ക് പുറപ്പെട്ട് വീണ്ടും ആക്രമിച്ച് ഇരുരാജ്യങ്ങളെയും കീഴ്പ്പെടുത്തി. താരീഖിനെ അവിടെ ഗവർണറായി നിശ്ചയിച്ച് മൂസ മൊറോക്കോയിലേക്ക് തിരിച്ചുപോയി.

പ്ലാസമേയർ ചത്വരം, മഡ്രിഡ്

പ്ലാസമേയർ ചത്വരം, മഡ്രിഡ്

ജിബ്രാൾട്ടയുടെ തീരത്ത് എത്തിയ മുസ്ലിം സൈന്യത്തിന് സ്പെയിൻ എന്ന ലക്ഷ്യത്തിന് ജിബ്രാൾട്ട കടലിടുക്ക് ഒരു വിഘാതമായി. സൈന്യാധിപനായ മൂസയും താരീഖും സ്പെയിൻ ആക്രമിക്കാൻ അറേബ്യയിലെ ഉമവി ഭരണാധികാരിയായ ഖാലിദ്ബ്നു അബ്ദുൽ മാലിക്കിന്‍റെ സമ്മതവും ഉപദേശവും തേടി.

ജിബ്രാൾട്ട പോലുള്ള കടൽ മുമ്പുണ്ടായിട്ടില്ലാത്ത അനുഭവമാണ്. അതൊരു സാഹസമാണ്. ഖലീഫ നിരുത്സാഹപ്പെടുത്തിയെങ്കിലും മൂസ വഴിപ്പെട്ടില്ല. വിജയംവരെ യുദ്ധം അതായിരുന്നു മൂസയുടെ തീരുമാനം.

താരീഖിനെ സൈന്യാധിപനാക്കി ബാർബറികളും മൂസയുടെ സൈന്യവും ചേർന്ന് ഏഴായിരം ഭടന്മാരുമായി അനേകം യാനങ്ങളിൽ ജിബ്രാൾട്ട ഉൾക്കടൽ കടന്ന് പർവത താഴ്വര കേന്ദ്രീകരിച്ചു. ഇത് കരയുദ്ധമല്ല. കടലും കരയും ചേർന്നുള്ള യുദ്ധമാണ്. സ്പെയിനിന്‍റെ ഒരു ലക്ഷത്തോളംവരുന്ന സൈന്യത്തോട് ഏറ്റുമുട്ടാനുള്ള പ്രയാസം താരീഖ് അറിയിച്ചതനുസരിച്ച് മൂസ ഒരു വലിയ സൈനിക വ്യൂഹത്തെകൂടി മൊറോക്കോയിൽനിന്നും സ്പെയിനിലേക്ക് അയച്ചുകൊടുത്തു.

സ്പെയിനിലെ ഫാൻദാൽ ഗോത്രവും ജർമനിയിൽനിന്ന് കുടിയേറിയ ഗോത്രക്കാരുംകൂടി ഏതാണ്ട് ഒരു നൂറ്റാണ്ടോളമായി സ്പെയിൻ ഭരണം നടത്തിക്കൊണ്ടിരിക്കയാണ്. ദുർനടപ്പും കൊള്ളയും ധൂർത്തും രാജകുടുംബങ്ങളുടെ സുഖലോലുപതയും ധനികന്മാരുടെ കൂത്താട്ടവുമായി ശോചനീയാവസ്ഥയിൽ രാജ്യം ഛിന്നഭിന്നമായിക്കൊണ്ടിരുന്നു. ഉള്ളവനും ഇല്ലാത്തവനും രണ്ടായി തിരിഞ്ഞ് കലാപഭൂമിയാക്കിയ ജീർണതയിലേക്കാണ് മുസ്ലിം സൈന്യം യൂറോപ്പിന്‍റെ കവാടം കടന്ന് സ്പെയിനിലേക്ക് പ്രവേശിച്ചത്. കീഴടങ്ങലും കീഴടക്കലും എളുപ്പമായിരുന്നു.

സ്പെയിനിന്‍റെ ഭൂമിശാസ്ത്രവും പ്രകൃതിയും ഒന്നുമറിയാതെ താരീഖിന്‍റെ പന്ത്രണ്ടായിരം ഭടൻമാർ ഒരു ലക്ഷം വരുന്ന മറുപക്ഷത്തോടേറ്റുമുട്ടി. വിജയം താരീഖിനായിരുന്നു.

എ.ഡി. 711ൽ ജിബ്രാൾട്ട കടന്ന് സ്പെയിനിന്‍റെ തെക്കെ അറ്റത്തെ അൽജസീറയിൽ എത്തിയതോടെ സ്പെയിനിൽ മുസ്ലിം ഭരണത്തിന് തുടക്കമിട്ടു. മുന്നോട്ടുള്ള പ്രയാണത്തിൽ തന്‍റെ സൈനികരുടെ കരുത്തിന് കൂടുതൽ ശക്തി നൽകാൻ ദൈവികസൂക്തങ്ങൾ ഉരുവിട്ട് ആത്മീയ പരിവേഷവും ആവേശവും നൽകി. സ്പെയിനിലെ ഒട്ടുമിക്ക പ്രവിശ്യകളും താരീഖിന് കീഴടങ്ങി.

വിജയത്തിനായി സൈന്യത്തിന്‍റെ സംഖ്യബലത്തിൽ ആശങ്ക പ്രകടിപ്പിച്ച തന്‍റെ സൈന്യത്തോട് താരീഖ് ചെയ്ത ആഹ്വാനം യൂറോപ്യൻ ചരിത്രം കാണാതെപോയ ഒരു പുരാതന മാഗ്നകാർട്ടയായിരുന്നു. തീജ്വാലകളുതിരുന്ന ആ ഗർജനം ഇങ്ങനെയായിരുന്നു.

''വന്നിറങ്ങിയ കപ്പലുകൾ അഗ്നിക്കിരയാക്കി നമ്മളിവിടെ യുദ്ധത്തിന് ഒരുങ്ങണം. രാജ്യം പിടിച്ചടക്കാൻ വന്നവരല്ല. ധനാധിപത്യവും രാജാധിപത്യവും ഇസ്ലാമിന് അന്യമാണ്. മണ്ണ് കീഴടക്കുകയല്ല, മനസ്സുകൾ കീഴടക്കുകയാണ് വേണ്ടത്. അല്ലാഹുവല്ലാത്ത ഒരു രക്ഷിതാവിനും കീഴടക്കാത്ത ഒരു മനസ്സുമായാണ് നമ്മൾ എത്തിയിരിക്കുന്നത്. മടങ്ങാൻ നമുക്കാവില്ല. തിരിച്ച് പോവാൻ വന്ന യാനം ഉണ്ടാവില്ല. വിജയമാണ് അന്തിമം. അല്ലായെങ്കിൽ ഈ മണ്ണിൽ ധീരരായി ജീവൻ വെടിയുക. അതിലപ്പുറം ചിന്തിക്കാൻ നമുക്കൊന്നുമില്ല. ആൾബലം അതൊരു ശക്തിയേയല്ല. മുസ്ലിംകളുടെ പുണ്യയുദ്ധങ്ങളിൽ ഒന്നായിരുന്ന ബദ്ർ രണാങ്കണത്തിൽ തുണയായത് ആരായിരുന്നു. ലക്ഷങ്ങളോട് ശുഷ്കിച്ച ആൾബലമല്ലേ യുദ്ധം ചെയ്തത്. ശത്രുക്കൾക്കെതിരെ അല്ലാഹു നമ്മെ രക്ഷിച്ചില്ലേ. അവന്‍റെ കൽപനപ്രകാരം ജിബ്രീൽ മാലാഖയും സൈന്യവും നിങ്ങൾക്ക് രക്ഷകരായില്ലേ. ആ ഓർമകൾ നമ്മെ മുന്നോട്ട് നയിക്കട്ടെ. ആ വെളിച്ചത്തിലൂടെ നമുക്ക് മുന്നേറാം.''

അനുബന്ധമായി വിശുദ്ധഗ്രന്ഥത്തിലെ 'തൗബ' എന്ന അധ്യായത്തിലെ സൂക്തങ്ങൾ ചൊല്ലിയാണ് ജനറൽ താരീഖ് ആ ചരിത്രപ്രസംഗം അവസാനിപ്പിച്ചത്. അത് ഇപ്രകാരമാണ്:

''തീർച്ചയായും സത്യവിശ്വാസികളുടെ പക്കൽനിന്ന്, അവർക്ക് സ്വർഗമുണ്ടായിരിക്കുക എന്നതിന് പകരമായി അവരുടെ ശരീരവും ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിന്‍റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നു. അങ്ങനെ അവർ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു (അങ്ങനെ അവൻ സ്വർഗാവകാശികളാവുന്നു).

വിശുദ്ധ ഗ്രന്ഥങ്ങളായ 'തൗറാത്തി'ലും 'ഇൻജീലി'ലും 'ഖുർആനി'ലും തന്‍റെ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമേത്ര അത്. അല്ലാഹുവിനെക്കാൾ അധികം തന്‍റെ കരാർ നിറവേറ്റുന്നവനായി ആരുണ്ട്? അതിനാൽ (അല്ലാഹുവുമായി) നടത്തിയിട്ടുള്ള ആ ഇടപാടിൽ സന്തോഷം കൊള്ളുവിൻ. അതുതന്നെയാണ് മഹത്തായ ഭാഗ്യം.''

ജിബ്രാൾട്ട കടൽക്കരയിലെ താരീഖിന്‍റെ ലെഗസി എട്ട് നൂറ്റാണ്ട് സ്പെയിനിന്‍റെ മണ്ണിൽ അലയടിച്ചു.

സ്പെയിനിന്‍റെ തെക്കൻതീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ ചെന്നുചേരുന്ന വമ്പൻ കടലിടുക്കാണ് ജിബ്രാൾട്ട. ജനറൽ താരീഖിന്‍റെ വിജയസൂചകമായി ജിബ്രാൾട്ടയുടെ തീരത്തെ മലകൾ ജബൽതാരീഖ് (താരീഖ്മല) എന്ന് സ്പെയിനിൽ അറിയപ്പെട്ടു. മുസ്ലിം സ്പെയിൻ അൻഅലൂസ് (അന്തലേഷ്യ) എന്ന പേരിലാണ് അറബികളിൽ അറിയപ്പെട്ടത്. ക്രിസ്ത്യൻ അധിനിവേശം പ്രധാന പട്ടണങ്ങളായ മഡ്രിഡിനെ മെർഡീഡും ബർസലൂനയെ ബാഴ്സലോണയും തോബീബയെ ടോളിഡേയുമായി നാമമാറ്റം നടത്തി.

ഇരുപതോളം നഗരങ്ങളിലായി നിറഞ്ഞുനിന്ന യൂറോപ്പിലെ മുസ്ലിം സ്പെയിൻ -പ്രൗഢമായ അതിന്‍റെ ചരിത്രം, യൂറോപ്യൻ ചരിത്രവും ചരിത്രകാരന്മാരും വേണ്ടത്ര ബോധ്യത്തോടെ ലോകത്തിന് സമർപ്പിച്ചോ എന്ന സന്ദേഹം സ്പെയിൻ സന്ദർശിച്ച സഞ്ചാരികൾ പലരും പങ്കുവെച്ചതോർക്കുകയാണ്.

രത്നം, വെള്ളി, സ്വർണം, ഈയം, ഇരുമ്പ് തുടങ്ങിയവയുടെ ഇന്ധനത്തിലും ബദാം, ബാർലി, ഒലിവ് സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ ഉൽപാദനത്തിലും മുൻനിരയിലുണ്ടായിരുന്ന രാജ്യമായിരുന്നു. അതോടൊപ്പം ചരിത്രം, വൈദ്യശാസ്ത്രം, ഗണിതം, അസ്ട്രോണമി, സാഹിത്യം, കല എന്നിവയിലും അത്യുന്നതിയിലായിരുന്നു. അതെല്ലാം പഠിക്കാനും പകർത്താനും യൂറോപ്യൻ ചിന്തകരും ജ്ഞാനികളും പല ഭാഗത്തുനിന്നും പഴയ അന്തലൂസിയിലേക്ക് എത്തിയിരുന്നു. അതിന്‍റെയെല്ലാം നേട്ടങ്ങളും യൂറോപ്പ് ആസ്വദിച്ചു. കോർദാവയും മഡ്രിഡും ഗ്രാനഡയും ബാഴ്സലോണയും ടോളിഡോയുമെല്ലാം ലോകപട്ടണങ്ങളായി അറിയപ്പെട്ടു.

വൈദ്യശാസ്ത്രത്തിന്‍റെ പ്രാമാണികനും പിതാവും അനാട്ടമി ശാസ്ത്രത്തിൽ ലോകത്തിലെ ആദ്യത്തെ ഭിഷഗ്വരനുമായ ഇബ്നു സീന (അവിസന്ന) വൈദ്യശാസ്ത്രത്തിലെ വിസ്മയമായ സർജറിയുെട പിതാവായി അറിയപ്പെടുന്ന അബുൽ ഖാസിം അൽ സഹ്റാവി, ചരിത്രത്തിന് ആമുഖമെഴുതിയ (മുഖദ്ദിമ) ഇബ്നുഖൽദുൻ, അറുന്നൂറോളം വൃക്ഷങ്ങൾക്ക് പേരിട്ട് ലോകത്തിന് സമർപ്പിച്ച കർഷക ശാസ്ത്രജ്ഞനായ അബൂസക്കറിയ, രോഗശമനങ്ങൾക്കുള്ള ആയിരത്തി അഞ്ഞൂറോളം ഔഷധ ചെടികൾ കണ്ടെത്തി വൈദ്യശാസ്ത്രത്തിന് സമർപ്പിച്ച 'അൽ ഫിലാഹ്' ഗ്രന്ഥം രചിച്ച ഇബ്നുബൈത്വർ, കലയുടെയും സംഗീതത്തിന്‍റെയും കവിതകളുടെയും ഉപാസകനായി യൂറോപ്പിൽ അറിയപ്പെട്ട ഇബ്നുബാനു... പറക്കുന്ന യന്ത്രം നിർമിച്ച് പറക്കാൻ ശ്രമം നടത്തിയ കോർദോവയിലെ ഇബിനുഫിനാസാണ് ആദ്യത്തെ പാരച്യൂട്ട് നിർമിച്ചത്. ചന്ദ്രനിലെ ഒരു ഗർത്തം അദ്ദേഹത്തിന്‍റെ പേരിൽ അറിയപ്പെടുന്നു. വിവിധ മേഖലകളിലെ പ്രതിഭാശാലികളായ മഹാ ചിന്തകന്മാരും വൈജ്ഞാനിക പ്രാമാണികരും ജനിച്ച നാട്ടിൽ അവർ സഞ്ചരിച്ച്, സംവദിച്ച് വിജ്ഞാനം തേടി അലഞ്ഞ പുരാതന ഗല്ലികളിൽ അന്തലൂസിയൻ നവോത്ഥാനത്തിന്‍റെ ശേഷിപ്പിലൂടെ ഞാനൊരു കാഴ്ചക്കാരനായി നടന്നു.

ഗോത്രങ്ങളും പ്രവിശ്യകളിലെ ഭരണാധികാരികളും സുൽത്താന്മാരും അധികാരത്തിന്‍റെ മധുരം ആസ്വദിക്കാൻ ആരംഭിച്ചതോടെ അവർ കലഹം കൂട്ടി. സംഘർഷങ്ങളും സംഘട്ടനങ്ങളും സൃഷ്ടിച്ച് അവർ ഭിന്നിച്ചു. അധികാരങ്ങൾക്ക് വേണ്ടിയുള്ള അതിമോഹങ്ങളിൽ അഭിരമിച്ച് മുസ്ലിം സ്പെയിൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് അവരറിഞ്ഞില്ല. അതോടൊപ്പം കർമങ്ങളിലും വിശ്വാസപ്രമാണങ്ങളിലും ഭരണാധികാരികളും മതനേതൃത്വവും ജനങ്ങളും വിള്ളൽ സൃഷ്ടിച്ച് ജീവിച്ചതോടെ അന്തലൂസിയ എന്ന മുസ്ലിം സ്പെയിനിന്‍റെ പതനം പൂർത്തിയായി, ക്രിസ്ത്യൻ അധിനിവേശത്തിന് കീഴടങ്ങി.

1492 ജനുവരി 3ന് ഗർനാത്വയിലെ (ഗ്രാനഡ) അൽഹംറ കൊട്ടാരത്തിന്‍റെ പ്രധാന ഹാളിൽവെച്ച് അറുപത് വ്യവസ്ഥകളിൽ ഒപ്പുവെച്ചതോടെ യൂറോപ്യൻ ചരിത്രത്തിലെ മുസ്ലിം സ്പെയിൻ അസ്തമിച്ചു. അവസാന സുൽത്താനായ അബു അബ്ദുല്ല, ഇസബെല്ല രാജ്ഞിക്ക് താക്കോൽ കൈമാറിയതോടെ മുസ്ലിം ഭരണത്തിന് പൂർണവിരാമം. ക്രിസ്ത്യൻ ഭരണത്തിൽ 1609 ൽ മൂന്ന് ലക്ഷം മുസ്ലിംകളെ നാടുകടത്തിയും ക്രിസ്തുമതത്തിൽ ചേർത്തും വംശീയ ശുചീകരണം നടത്തി.

ഒരന്തലൂസിയൻ കവി പാടിയതുപോലെ:

''അവർക്ക് ദൈവം ഒന്നേ ഉണ്ടായിരുന്നുള്ളൂ

ബാക്കിയെല്ലാം രണ്ടായിരുന്നു.''

ബാഴ്സലോണയിലെ കാഴ്ച

സ്പെയിനിലെ ബാഴ്സലോണ പട്ടണം ഫുട്ബാളിന്‍റെ നഗരമായാണ് അറിയപ്പെടുന്നത്. കാറ്റലോണിയ പ്രവിശ്യയിലെ ഈ പട്ടണത്തിന് ചരിത്രം അത്രയൊന്നും പറയാനില്ലെങ്കിലും യൂറോപ്യൻ സംസ്കാരത്തിന്‍റെ മുദ്രകളാൽ പലതും നിലനിൽക്കുന്നതിൽ പ്രധാന പങ്കാണുള്ളത്. ആ മുദ്രകളിൽ ഏറെ പ്രസിദ്ധമായ ഒന്നാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ഏഴര പതിറ്റാണ്ട് ജീവിച്ച യൂറോപ്പിൽ പ്രസിദ്ധനായ ആർക്കിടെക്ട് ഗൗഡി സൃഷ്ടിച്ചെടുത്ത വിസ്മയങ്ങൾ. പ്രധാനമായും കെട്ടിടനിർമാണത്തിലായിരുന്നു അവയത്രയും. യുനെസ്കോ അംഗീകാരം നേടിയ അത്തരം കെട്ടിടങ്ങൾ ബാഴ്സലോണയിലെ കാഴ്ചകളിൽ പ്രധാനമാണ്.

1852 ജൂൺ 25ന് കാറ്റലോണിയയിൽ ജനിച്ച ഗൗഡി 1926 ജൂൺ 10ന് വിടവാങ്ങി. കാറ്റലോണിയൻ മോേഡണിസത്തിന്‍റെ പിതാവായി അറിയപ്പെടുന്നു.

യൂറോപ്യൻ നിർമാണരീതിയിൽനിന്ന് വ്യത്യസ്തമായി കാറ്റലോണിയൻ മോേഡണിസത്തിന്‍റെ ചുവടുപിടിച്ച് അദ്ദേഹം നിർമിച്ച കെട്ടിടങ്ങളാണ് ഗാസബേറ്റ്ലോ ഹൗസും ധനികനായ ജോസഫ് പെറ്റ്ലോയുടെ മാനുവൽ ബൈഡ്ൻസ് ഐമോൺനൂർ ടൈൽ മാനുഫാക്ചറിങ് കമ്പനിക്ക് വേണ്ടി വിവിധ വർണങ്ങളിലുള്ള സെറാമിക് ടൈലുകളിൽ ഡിസൈൻ ചെയ്ത കെട്ടിടങ്ങളും.

1882 മാർച്ച് 19ന് പ്രമുഖനായ ഇറ്റാലിയൻ ആർക്കിടെക്ട് ഫ്രാൻസ്കോഡി പൗലാഡൽ വില്ലാർ നിർമാണത്തിന് തുടക്കമിട്ട് വിടവാങ്ങിയതിനെ തുടർന്ന് ഗൗഡി പൂർത്തിയാക്കിയ മറ്റൊരു മനോഹരമായ സൗധമാണ് സക്രഡാഫെമിലിയ ചർച്ച്.

വിവിധ കോണുകളിൽനിന്ന് നൂേറാളം അടി ഉയരമുള്ള പ്രധാന ഹാളിലേക്കും അൾത്താരയിലേക്കും കൂറ്റൻ ജനൽപാളികളിലൂടെ അലങ്കാര ഗ്ലാസുകളിലൂടെ പ്രവഹിക്കുന്ന പ്രകാശകിരണങ്ങൾ സൃഷ്ടിക്കുന്ന ബഹുവർണ പ്രപഞ്ചവുമടങ്ങിയ ഒരപൂർവ കാഴ്ചയാണ് സക്രഡാഫെമിലിയ.

വിഖ്യാതമായ ഗൗഡിയുടെ നിർമിതികളിൽ പലതിലും മതപരമായ സ്പിരിച്വൽ പതിയുന്നതിനാൽ ഗൗഡി ദൈവത്തിന്‍റെ എൻജിനീയർ എന്ന പേരിലും അറിയപ്പെട്ടു. നഗരത്തിൽ നിന്ന് അധികം ദൂരെയല്ലാതെ പത്തേക്കർ വിസ്താരത്തിൽ ഗൗഡി ഒരുക്കിയ പാർക്കും മ്യൂസിയവും ഗൗഡിയുടെ സ്മരണകളാണ്. അദ്ദേഹം ഡിസൈൻ ചെയ്ത ഫർണിച്ചർ, വീട്ടുപകരണങ്ങൾ എല്ലാം ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

കെട്ടിടനിർമാണത്തിൽ മാത്രമല്ല വീട്ടുപകരണ നിർമിതിയിലും അദ്ദേഹത്തിന്‍റെ മികവ് പ്രസിദ്ധമാണ്. രാജകൊട്ടാരങ്ങളും പ്രഭുക്കളുടെ ബംഗ്ലാവുകളുമെല്ലാം അത്തരം ഫർണിച്ചറുകളാൽ അലങ്കരിക്കപ്പെട്ടിരുന്നു.

ഗൗഡി പാർക്കിൽനിന്നും പുറത്തേക്ക് വരുമ്പോൾ എന്‍റെ ബാല്യകാല ഓർമകളുടെ മഞ്ഞുപാളികളിൽ ഗൗഡി ഉണരുന്നുവെന്നൊരു തോന്നൽ. ഗൗഡിയെന്ന പ്രശസ്ത ബ്രാൻഡ് നെയ്മിനെക്കുറിച്ച് അരനൂറ്റാണ്ട് പിന്നിലുള്ള ഓർമകൾ.

കല്യാണം, സൽക്കാരം എന്നിവയിലെല്ലാം ഗൗഡിയുടെ വീട്ടുപകരണങ്ങൾ മലബാറിലെ വീടുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഗൗഡി ആരാണെന്നോ ചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ഡിൈസനുകളിലുള്ള ഭക്ഷണപാത്രങ്ങൾ എവിടെനിന്ന് വരുന്നുവെന്നോ അറിയില്ലായിരുന്നു. അത്തരം പാത്രങ്ങൾ ഉണ്ടാക്കിയിരുന്ന നിരവധി ഫാക്ടറികൾ കാറ്റലോണിയ പ്രവിശ്യകളിലുണ്ടായിരുന്നു.

സക്രഡാഫെമീലിയ, ബാഴ്സലോണ

സക്രഡാഫെമീലിയ, ബാഴ്സലോണ

യൂറോപ്യൻ മാർക്കറ്റുകളിൽ സുലഭമായിരുന്ന ഈ അലങ്കാരവീട് ഉപകരണങ്ങൾ ബോംബെ തുറമുഖം വഴി ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യത്തിൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്തിരുന്നു. ബ്രിട്ടീഷ് മലബാറിൽ തീരദേശ പട്ടണങ്ങളിലും മദിരാശി, കൊച്ചി, കോഴിക്കോട് തുറമുഖങ്ങളിലും ഇറക്കുമതി ചെയ്ത് വൻതോതിൽ വിപണനം നടത്തിയിരുന്നു.

ചോറു വിളമ്പിയിരുന്ന പരന്ന പാത്രമായ സാൻ, കറികൾ പകർന്നിരുന്ന കുണ്ടൻ പാത്രം, ഭക്ഷണം കഴിച്ചിരുന്ന ബസി (േപ്ലറ്റ്) തൊട്ടുകൂട്ടാൻ വിളമ്പിയ പിഞ്ഞാണങ്ങൾ (ബൗൾ) മുതൽ സ്പൂൺ വരെയുള്ള നാടൻ പേരിൽ അറിയപ്പെട്ടിരുന്ന പാത്രങ്ങൾ ഓർമയായിവരുന്നു. പിന്നീട് കാലഘട്ടങ്ങളായി മാറ്റം വന്ന വീട്ടുപകരണങ്ങളുടെ വരവോടെ അതെല്ലാം വിസ്മൃതിയിലായി.

നാട്ടിൽനിന്ന് കണ്ട പഴയ ഗൗഡി പാത്രങ്ങളിൽ ഒന്നെങ്കിലും കാണാൻ കൊതിച്ച് പലേടത്തും കറങ്ങി. നിരാശയായിരുന്നു. ഒന്നുരണ്ടെണ്ണം ഒരു പഴയ തറവാട്ടിൽനിന്ന് കാണാൻ കഴിഞ്ഞെങ്കിലും ഉപയോഗശൂന്യമായി മങ്ങിപ്പോയതിനാൽ അവയുടെ പഴയ രൂപത്തിൽ കാണാൻ കഴിഞ്ഞില്ല.

കോഴിക്കോട്ടെ പുരാവസ്തു സൂക്ഷിപ്പുകാരനായ നിതിൻ രാധാകൃഷ്ണന്‍റെ സൂക്ഷിപ്പ് ശേഖരത്തിൽനിന്ന് ഏതാനും പാത്രങ്ങൾ കണ്ടെത്തി. രാധാകൃഷ്ണൻ സൂക്ഷ്മതയോടെ വൃത്തിയായി സൂക്ഷിച്ചതിനാൽ അതിന്‍റെ പൂർണരൂപത്തിൽ കാണാൻ കഴിഞ്ഞു.

ഫുട്ബാളിന്‍റെ നാടായ ബാഴ്സലോണ അവരുടെ ചരിത്രവും പൈതൃകങ്ങളും കാഴ്ചകളാക്കിയപോലെ ഫുട്ബാളും ടൂറിസത്തിന്‍റെ ഭാഗമാക്കിയ രാജ്യമാണ്. സ്കൂൾ തലം തൊട്ട് കുട്ടികൾ ഫുട്ബാളിനെ നെഞ്ചോട് ചേർത്ത് വെക്കുന്നു. അതിനാൽ രാജ്യത്ത് നിരവധി കളിക്കളങ്ങളും ക്ലബുകളും പരിശീലന കേന്ദ്രങ്ങളും സർക്കാർ നൽകുന്ന േപ്രാത്സാഹനങ്ങളും ഈ കായികവേദിയെ സമ്പന്നമാക്കുന്നു.

ബാഴ്സലോണ ഫുട്ബാൾ ക്ലബ് ലോകത്തിലെ വലിയ ഫുട്ബാൾ ക്ലബുകളിൽ ഒന്നാണ്. 1899 നവംബർ 29ന് ജോൺ കേംബറി എന്ന ധനാഢ്യന്‍റെ നേതൃത്വത്തിൽ സ്ഥാപിതമായി. രണ്ട് ഘട്ടങ്ങളിലായി പുതുക്കി പണിത ക്ലബ് സ്റ്റേഡിയം 1954ൽ ആരംഭിച്ച് 1957ൽ പൂർത്തിയാക്കിയ ഒന്നാം ഘട്ട നിർമാണത്തോടെ ഒരു ലക്ഷത്തോളം കാണികളെ ഉൾക്കൊള്ളുന്ന സ്പെയിനിലെ ഏറ്റവും വലുതും ലോകത്തിലെ മൂന്നാമത്തെ സ്റ്റേഡിയവുമാണ്. നൂറോളം ജീവനക്കാർ ക്ലബിനെയും സ്റ്റേഡിയത്തെയും പരിപാലിച്ചുവരുന്നു.

ഒമ്പതിനായിരം മില്യൺ യൂറോ ആസ്തിയുള്ള ബി.എഫ്.സി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നമായ ക്ലബാണ്. മുപ്പതോളം യൂറോപ്യൻ കപ്പ് മത്സരങ്ങൾക്ക് വേദിയായ ക്ലബ് ഏറ്റവും വിലപിടിപ്പുള്ള ഫുട്ബാൾ താരങ്ങളാൽ ലോക ഫുട്ബാൾ കീരിടങ്ങൾ കീഴടക്കുന്നു.

എന്നാൽ ഈ മഹത്ത്വങ്ങൾക്കൊക്കെയപ്പുറം മറ്റൊരു കീർത്തികൂടി ബി.എഫ്.സിക്കുണ്ട്. ടിക്കറ്റെടുത്ത് ഏറ്റവും വലിയ ഫുട്ബാൾ കോംപ്ലക്സിലേക്ക് പ്രവേശിക്കുമ്പോൾ നമുക്കത് ബോധ്യപ്പെടും. പ്രവേശനകവാടത്തിൽ ക്ലബിന്‍റെ ചിഹ്നം പ്രൗഢിയോടെ കൊത്തിവെച്ചിരിക്കുന്നു. ഫുട്ബാൾ ഇവിടെ വെറുമൊരു കളിയല്ല. മഹാകാര്യമാണ്. സ്റ്റേഡിയത്തോടനുബന്ധിച്ച് ആധുനിക സംവിധാനങ്ങളോടെ ഒരുക്കിയ ക്ലബിന്‍റെ മ്യൂസിയം ബാഴ്സലോണ എഫ്.സിയുടെ ജീവചരിത്രം മാത്രമല്ല ലോക ഫുട്ബാളിന്‍റെ ചരിത്രംകൂടി പറയുന്നു. ഇക്കാര്യം ബാഴ്സലോണ കാണാൻ വരുന്ന ടൂറിസ്റ്റുകൾ മാത്രമല്ല ഫുട്ബാൾ േപ്രമികൾപോലും അറിയാതെപോകുന്നു. ലോകത്ത് മറ്റൊരു രാജ്യത്ത് ഇങ്ങനെയൊരു ഫുട്ബാൾ മ്യൂസിയം ഉണ്ടോയെന്ന് അറിയില്ല.

സ്റ്റേഡിയത്തോടനുബന്ധിച്ച് കളിക്കാരുടെ വിശ്രമകേന്ദ്രങ്ങൾ, ജിംനേഷ്യം, മെയ്‍വഴക്കങ്ങൾക്കുള്ള ആധുനിക മെഷിനറികളുടെ ഹാൾ, ഡ്രസിങ് റൂം, പരിശീലനമുറ്റങ്ങൾ, ഭക്ഷണശാല, ക്ലിനിക് എല്ലാം ഇവിടെ ശ്രദ്ധയോടെ ഈ കോംപ്ലക്സിൽ ഒരുക്കിയിരിക്കുന്നു.

ക്ലബിന്‍റെ ആരംഭം മുതലുള്ള ഭാരവാഹികളുടെ ചാർട്ടും ഫോട്ടോകളും കേടുവരാതെ സൂക്ഷിച്ചിരിക്കുന്നു. അക്കാലത്തെ നഗ്നപാദരായ കളിക്കാരുടെ അന്നത്തെ ജഴ്സിയുടെയും മറ്റും കാലാന്തരങ്ങളിലൂടെയുള്ള മാറ്റങ്ങളും കാണാം.

ക്ലബ് നേടിയ പഴയകാല േട്രാഫി, ഷീൽഡ്, ബഹുമതിപത്രം, ലോകരാഷ്ട്ര തലവൻമാരിൽനിന്നും പുരസ്കാരങ്ങൾ സ്വീകരിക്കുന്ന ഫോട്ടോകളും പ്രദർശിപ്പിച്ചിരിക്കുന്നു. ലോകകപ്പിൽ പങ്കെടുത്ത ക്ലബിന്‍റെ താരങ്ങളുടെയും മറ്റ് പ്രശസ്ത കളിക്കാരുടെയും നീണ്ട നിര അവസാനിക്കുന്നത് സുവർണപാദുകം നേടിയ കളിക്കാരിലാണ്. മെസിക്കും മറ്റും ലഭിച്ച സുവർണ പാദുകം പ്രത്യേക കണ്ണാടിക്കൂട്ടിൽ പ്രകാശത്തിൽ തിളങ്ങുന്നു. ലോകകപ്പിലും യൂറോപ്യൻ കപ്പിലും ക്ലബിന്‍റെ താരങ്ങൾ നേടുന്ന ഗോൾ നിമിഷങ്ങൾ പ്രത്യേക ഗാലറിയിലുണ്ട്. തൊട്ടുള്ള വിഡിയോ തിയറ്ററിൽ മിനി സ്ക്രീനിൽ ലോകകപ്പ്, യൂറോപ്യൻ കപ്പുകളുടെ വർഷം സ്ക്രീനോടനുബന്ധിച്ച് ഘടിപ്പിച്ച കീബോർഡിലെ ബട്ടൺ അമർത്തിയാൽ കളി സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ക്ലബിന്‍റെ സുവനീറുകളും പ്രസിദ്ധീകരണങ്ങളും ലോകമെമ്പാടുമുള്ള പ്രധാന ഫുട്ബാൾ പ്രസിദ്ധീകരണങ്ങളും ഡിസ്പ്ലേ ചെയ്തുവെച്ച റാക്കകൾ നിരവധിയാണ്.

ഫുട്ബാളിനെ നെഞ്ചോട് ചേർത്ത ഒരു ജനതയുടെ ഫുട്ബാളെന്ന വികാരം, ആരാധന എല്ലാം സംയോജിപ്പിച്ച് സ്ഥാപിച്ച ഈ അപൂർവ ഫുട്ബാൾ മ്യൂസിയം നമ്മെ അമ്പരപ്പിക്കും. ഫുട്ബാളല്ലാതെ മറ്റൊന്നും ഈ ഫുട്ബാൾ മ്യൂസിയത്തിലില്ല.

മ്യൂസിയത്തിന്‍റെ എക്സിറ്റ് എത്തും മുമ്പുള്ള ആകർഷകമായ ഒരു കാഴ്ചകൂടിയുണ്ട്. അതൊരു ചെറിയ ഹാളിലാണ്. ഫുട്ബാൾ താരം മെസിയുടെ കട്ട്ഔട്ട്, നിറയെ കാണികളുള്ള സ്റ്റേഡിയമാണ് പശ്ചാത്തലത്തിൽ ഉള്ളത്.

രണ്ട് യൂറോ കൊടുത്താൽ ബാളുമായി പെനാൽട്ടി ബോക്സിലേക്ക് മുന്നേറുന്ന മെസിയോടൊപ്പം ജഴ്സിയണിഞ്ഞ് കുതിക്കുന്ന നമ്മുടെ ഫോട്ടോ ആധുനിക ഫോട്ടോഗ്രഫി ടെക്നോളജിയിലൂടെ തത്സമയം കൈയിലെത്തുന്നു. ഇവിടെ ഫുട്ബാൾ േപ്രമികളുടെയും യുവാക്കളുടെയും തിരക്ക് കാണാം.

അവിടെനിന്ന് പുറത്തിറങ്ങുന്നവരെ കാത്തിരിക്കുന്നത് ബാഴ്സലോണ എഫ്.സിയുടെ ഷോറൂം കവാടമാണ്. ക്ലബുമായും അല്ലാതെയും ബന്ധപ്പെട്ട ഫുട്ബാൾ ഉൽപന്നങ്ങളുടെ വൻ ശേഖരമാണ് ഈ ഷോറൂം നിറയെ. വിറ്റുവരവിലൂടെ ലക്ഷങ്ങളുടെ യൂറോ ഈ ഷോറൂം സമ്പാദിക്കുന്നു. ഉൽപന്നങ്ങളെല്ലാം നമ്മുടെ ജീവിതരീതിക്ക് അനുയോജ്യമായവയുമാണ്. ഫുട്ബാൾ ആരാധകരായ സുഹൃത്തുക്കൾക്കും മക്കൾക്കും ഗിഫ്റ്റായി കൊടുക്കാൻ ചെറിയ തോതിൽ ഒരു പർച്ചേസിന് ഒരുങ്ങി. യൂറോയും ഇന്ത്യൻ കറൻസിയും തമ്മിലുള്ള അന്തരം, വാങ്ങാൻ ആഗ്രഹിച്ച പലതും വേണ്ടെന്ന് വെക്കേണ്ടിവന്നു. ചെറിയ വിലയിൽ ഒതുങ്ങുന്ന കുറച്ച് ചെറിയ സാധനങ്ങൾ പുതുമക്ക് വേണ്ടി വാങ്ങി പിൻവാങ്ങി. ഒരു കുപ്പി വെള്ളത്തിന് ഇന്ത്യൻ പൈസ എൺപത്തിയഞ്ച് രൂപയാണ് ഷോറൂമിലെ വില.

കിടക്കവിരികൾ, പില്ലോകവർ, ടവൽ, കർചീഫ്, മേശവിരികൾ, ടി.വി കവർ, ബാത്ത് ടവ്വൽ, ടീപോയ് കവർ, സോഫാ കവർ, ടേബിൾ വിരിപ്പുകൾ, ടീഷർട്ട്, ജഴ്സി തുടങ്ങിയ ടെക്സ്റ്റൈൽ സാധനങ്ങളെല്ലാം ക്ലബിന്‍റെ ജേഴ്സി കളറിൽ എംബ്ലത്തോടെയുള്ളതാണ്.

മറ്റൊരു നിരയിൽ വർണപ്പകിട്ടോടെ ബി.എഫ്.സി ചിഹ്നത്തോടെയുള്ള പല തരത്തിലുള്ള കീചെയിൻ, പേന, പേപ്പർ വെയ്റ്റ്, ഫയൽ തുടങ്ങിയ ഫുട്ബാളുമായി ബന്ധപ്പെട്ട സ്റ്റേഷനറി സാമഗ്രികളും ഈ ഷോറൂമിൽ പലതരത്തിലും ഉണ്ട്.

ഡേ ടിക്കറ്റെടുത്ത് ടൂറിസ്റ്റ് ബസിന്‍റെ ഓപൺ എയറിൽ ഘടിപ്പിച്ച കസേരയിൽ ഇരുന്ന് നഗരകാഴ്ചകൾ ആസ്വദിച്ച് പ്രധാന സ്ഥലങ്ങളിലും ചത്വരത്തിലും കയറിയും ഇറങ്ങിയുമുള്ള പകൽ യാത്ര -വൈകുന്നേരം ഫോർട്ട് ഓഫ് ബാഴ്സലോണക്ക് സമീപമുള്ള ദ ടവർ ഓഫ് കൊളംബസ് ചത്വരത്തിലെത്തുന്നു.

സഞ്ചാരിയായ കൊളംബസിന്‍റെ ലോകയാത്രയുടെ സ്മരണക്കായി സ്പെയിൻ സ്ഥാപിച്ച സ്റ്റാച്യൂകളിലൊന്നാണ് ഈ ചത്വരം. ബാഴ്സലോണയിലെ കാഴ്ചകൾ അവസാനിക്കുന്നില്ല. ടൂറിസ്റ്റ് ഡേ ബസ് റാംബലാസ് സ്ട്രീറ്റിൽ സന്ധ്യയോടെ അവസാനിക്കുമ്പോൾ റാംബലാസ് ടൂറിസ്റ്റുകളാൽ നിറയുന്നു.

റാംബലാസിലെ രാത്രി കാഴ്ചകളും ഒരനുഭവമാണ്. സ്പെയിനിലെ പ്രധാന സ്ട്രീറ്റുകളിലൊന്നാണ്. തെരുവിൽ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുള്ള സഞ്ചാരികളും കണ്ടും കൊണ്ടും ഒഴുകുന്നു.

റാംബലാസ് വെറും ഒരു തെരുവല്ല. അതിനെ രൂപപരിണാമത്തിലൂടെ ഇന്ന് കാണുന്നപോലെ സൃഷ്ടിച്ചെടുത്ത പ്ലാനിങ്ങും സംവിധാനങ്ങളും കെട്ടിടം പൊളിച്ച് സ്ട്രീറ്റാക്കുന്നവർക്ക് മാതൃകയാക്കാം. അത്ര സൂക്ഷ്മതയോടെയാണ് ഈ വീഥിയെ ഒരുക്കിയിരിക്കുന്നത്.

ഏതാണ്ട് ഒന്നര കിലോമീറ്റർ നീളത്തിൽ ഇരുഭാഗവും പൂമരങ്ങളാൽ നിബിഡമാണ്. പ്ലകാട് കാറ്റലൂണിയ എന്നിടത്തുനിന്ന് ക്രിസ്റ്റഫർ കൊളംബസ് മോന്യുമെന്റ് വരെ തമ്മിൽ ബന്ധിപ്പിക്കുന്നു ഈ താരപാത.

വിവിധ നാടുകളിലെ ഭക്ഷണശാലകൾ, കഫേകൾ, ഫ്രൂട്ട്സ് മാർക്കറ്റുകൾ എന്നിവയുടെ നിരകൾ. നമ്മുടെ പഴ്സിലുള്ള യൂറോയെ തന്‍റെ മുമ്പിലുള്ള മാന്ത്രികപെട്ടിയിലാക്കുന്ന അതിവിദഗ്ധരായ ചൂതാട്ടക്കാർ, സംഗീതസംഘങ്ങൾ, ആകർഷകങ്ങളായ കളിപ്പാട്ടങ്ങൾ വിൽക്കുന്നവർ, പുതിയ ഫാഷനുകളിൽ പ്രശസ്തമായ വസ്ത്ര-ആഭരണശാലകൾ. ഒരു മായാലോകം തന്നെയാണ് റാംബലാസ്.

വാഹനങ്ങൾക്ക് പ്രവേശനമില്ല. മധ്യത്തിലുള്ള വിശാലമായ നിരവധി ക്വാർട്ട് യാഡുകൾ അമ്യൂസ്മെന്റ് പാർക്ക് പോലിരിക്കും. തെരുവുകളിൽ സ്ഥാപിച്ച ശീതോഷ്ണമാപിനി ടവറിൽ കാലാവസ്ഥ നിരീക്ഷിക്കാം. വെയ്സ്റ്റ് ബാസ്കറ്റ് അണുവിമുക്തമായ ശുചിത്വസംവിധാനങ്ങളും ഏതു പട്ടണങ്ങൾക്കും അനുകരണീയം.

എന്നാൽ റാംബലാസിന്‍റെ പഴയകാലം. അതൊരു മലിനജല കനാലായിരുന്നു. 1374ൽ നഗരവിപുലീകരണത്തിനുവേണ്ടി ശ്രമം ആരംഭിച്ചപ്പോൾ ഈ കനാൽ പുനർനിർമാണത്തിന് ഭീഷണിയായി. 1440ൽ പട്ടണാതിർത്തിയിൽ കനാലിനോട് ചേർന്ന് ഉയരമുള്ള മതിൽ കെട്ടി ഈ അഴുക്ക് ചാലിനെ വേർതിരിച്ചെങ്കിലും പരിഹാരമായില്ല.

പരിസ്ഥിതി പ്രയാസങ്ങൾ, ദുർഗന്ധം, ഭാവിയിൽ വരാവുന്ന വിപത്ത് എന്നിവ എൻജിനീയറിങ് ചിന്തകളെ വല്ലാതെ അലട്ടി. പ്രശ്നപരിഹാരത്തിനുള്ള മാർഗം ഒന്നേ മുന്നിലുണ്ടായിരുന്നുള്ളൂ. ഈ ബഹുനീള അഴുക്കുകനാൽ നികത്തി മതിൽ പൊളിച്ച് തെരുവിനോട് ചേർന്ന് പുതിയൊരു തെരുവ് ഉണ്ടാക്കുക. പഴയകനാൽ ഭൂഗർഭത്തിലൂടെ തിരിച്ചുവിട്ട് മനോഹരമായ റാംബലാസ് തെരുവ് സിറ്റി ജീവിതത്തിന്‍റെ സെന്ററാക്കി മാറ്റി.

സ്പാനിഷ് കവി ഫെഡറിക്കോ ഗാർസിയ പാടി:

''ലോകത്ത് ഒരറ്റത്തുനിന്ന് മറ്റൊരറ്റത്ത്

അവസാനിക്കാത്ത തെരുവായിരിക്കട്ടെ

ഇതെന്ന് ഞാൻ ആഗ്രഹിക്കുന്നു.''

എത്ര തിരക്കിലും അന്വേഷണങ്ങൾക്ക് മറുപടി നൽകുന്ന പൗരൻമാരാണ്. അപരിചിതരായ നമ്മെ കാര്യങ്ങൾ ക്ഷമയോടെ കേട്ട് മനസ്സിലാക്കി തരുന്നു.

ബസിലോ മെേട്രായിലോ കയറാൻ തിരക്കുമ്പോൾ അവർ മാറിത്തരും. നമ്മൾ കയറിയേ അവർ കയറൂ. ടൂറിസ്റ്റുകളോട് കാണിക്കുന്ന ആതിഥ്യമര്യാദ പ്രശംസനീയം. പൗരബോധവും അങ്ങനെതന്നെ. സ്പാനിഷുകാർ വലിയ ഭാഷാസ്നേഹികളാണ്. ഇംഗ്ലീഷ് അറിയുന്നവരും സ്പാനിഷിലേ സംസാരിക്കൂ.

ബാഴ്സലോണയിലെ സന്ദർശനദിനങ്ങൾക്കിടയിൽ ഒരു വെള്ളിയാഴ്ചയും ഉണ്ടായിരുന്നു. പ്രാർഥനക്കായി പള്ളി അന്വേഷിച്ചു. മുസ്ലിംകളോ പള്ളിയോ നഗരത്തിൽ ഇല്ലെന്നും ടൗണിൽനിന്നും അഞ്ച് കിലോമീറ്റർ അകലെ അതിനുള്ള സൗകര്യമുണ്ടെന്നും ടാക്സി ൈഡ്രവർ പറഞ്ഞു.

മൊറോക്കോയിൽനിന്നും പാകിസ്താനിൽനിന്നും കുടിയേറിപ്പാർത്തവരും കുറച്ച് സ്പാനിഷ് മുസ്ലിംകളും ഉള്ള ചെറിയ ഒരു കോളനിയിലാണ്. ഇംഗ്ലീഷ് അറിയുന്നതുകൊണ്ട് പരിചയപ്പെട്ട മധ്യവയസ്കനോട് കാര്യങ്ങളെല്ലാം വിശദമായി ചോദിച്ചു മനസ്സിലാക്കി.

കുറച്ച് ഭക്ഷണശാലകളും കച്ചവടവും താമസിക്കുന്ന കെട്ടിടങ്ങളും മറ്റുമുള്ള സാമാന്യം ചെറിയൊരു തെരുവ്. ൈഫ്രഡേ പ്രാർഥനക്ക് പ്രത്യേകം പള്ളിയായിയൊന്നുമില്ല. തെരുവിൽനിന്നും അതിദൂരെയല്ലാതെയുള്ള മിനി ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രാർഥനക്ക് സൗകര്യം.

വെള്ളിയാഴ്ച പ്രാർഥനക്കായി മിനി ഇൻഡോർ സ്റ്റേഡിയമോ ഹാളോ വാടകക്ക് വാങ്ങിയാണ് പ്രാർഥന. ഞങ്ങൾ സ്റ്റേഡിയത്തിലെത്തുമ്പോൾ മൂന്ന് വരികളിലായി ഏതാണ്ട് നൂറ്റമ്പതോളം പേരുണ്ടായിരുന്നു. ഇംഗ്ലീഷും സ്പാനിഷും അറബിയും കലർന്നതാണ് പുരോഹിതന്‍റെ ഉദ്ബോധന പ്രസംഗം. പ്രാർഥനക്കെത്തിയവരോട് ചെറിയൊരു തുക വാടകയിലേക്ക് വാങ്ങും. ഞാനും ആ കൂട്ടായ്മയിൽ പങ്കാളിയായി.

മോഹിപ്പിക്കുന്ന ഗർനാത്വ

ബാഴ്സലോണയിൽനിന്ന് സ്പെയിനിലെ പൗരാണിക നഗരമായ ഗർനാത്വയിലേക്കായിരുന്നു (ഗ്രാനഡ) തുടർയാത്ര. പട്ടണത്തിൽനിന്നും 15 കിലോമീറ്റർ അകലെയുള്ള അൽഹംറ കൊട്ടാരവും കുന്നുകളുമാണ് ഇവിടെ പ്രധാന കാഴ്ചകൾ. അൽഹംറക്ക് സമീപത്തുള്ള സാന്റാ ഇന്നീസിലാണ് താമസം. 1520 ൽ സ്പാനിഷ് ധനാഢ്യൻ പണിത ഈ കെട്ടിടം ഇന്ന് ഹെറിറ്റേജ് വില്ലയാണ്. നാട്ടിലെ നാലുകെട്ടിന്‍റെ ചെറിയ രൂപം. നടുക്കളത്തിൽ മുറ്റവും നൂറ്റാണ്ടുകൾ പഴക്കമുള്ള കലാപരമായ ഫർണിച്ചറുകളും മുറികളും മാറ്റങ്ങളൊന്നുമില്ലാതെ അതേ രൂപത്തിൽ നിലനിർത്തിയ ഈ വില്ല ഗൃഹാതുരത്വം നൽകുന്നു.

വില്ലയിൽനിന്നും അൽഹംറ കൊട്ടാരവും കുന്നുകളും കാൽനടയായി എത്താവുന്ന ദൂരമേയുള്ളൂ. നേരം പുലരുമ്പോഴേക്കും പട്ടണത്തിൽനിന്നും മറ്റും എത്തുന്ന ടൂറിസ്റ്റുകളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. പതിനൊന്ന് മണിക്ക് മുമ്പ് ടിക്കറ്റ് കൗണ്ടർ അടയ്ക്കും. കാണാനുള്ളവരുടെ എണ്ണത്തിന് പരിമിതികളുണ്ടെന്നും ടിക്കറ്റിന് ഓൺലൈൻ സൗകര്യമുണ്ടായിരുന്നുവെന്നും അവിടെ എത്തിയപ്പോഴാണ് അറിയുന്നത്. പരിമിതമായ സ്പോട്ട് ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടേണ്ടിവന്നു. കിട്ടിയില്ലെങ്കിൽ യാത്രാഷെഡ്യൂളുകളൊക്കെ തകരാറിലാകും. വിഷയം ശ്രദ്ധയിൽപെടുത്തിയപ്പോൾ സെക്യൂരിറ്റിയുടെ ഔദാര്യത്തിൽ ആണ് ടിക്കറ്റ് ലഭിച്ചത്.

വിശാലമായ രണ്ട് കുന്നുകളിൽ മുഖാമുഖമായി പ്രത്യേകതരം ചുകന്ന ചെങ്കല്ലിലാണ് അൽഹംറ കൊട്ടാരവും അനുബന്ധമായി അൽബേസ് എന്നറിയപ്പെടുന്ന കെട്ടിടസമുച്ചയവും നിർമിച്ചിരിക്കുന്നത്.

അൽഹംറ കൊട്ടാരം

അൽഹംറ കൊട്ടാരം

എ.ഡി. 889ൽ ഗ്രാനഡ അമീർ മുഹമ്മദ്ബ്നുൽ അഹ്മാർ നിർമിച്ച രണ്ട് കിലോമീറ്റർ സുരക്ഷാമതിലിനോട് കൂടിയ കോട്ടയിൽ സുൽത്താൻ മുഹമ്മദ് അഞ്ചാമന്‍റെയും യൂസഫ് ഒന്നാമന്‍റെയും കാലഘട്ടത്തിൽ (1333-1353) നിർമാണം പൂർത്തിയാക്കിയതാണ് പ്രൗഢമായ അൽഹംറ കൊട്ടാരവും അനുബന്ധ നിർമിതികളും.

റോം, ഇറ്റലി, തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നു കൊണ്ടുവന്ന അപൂർവവസ്തുക്കളാൽ നിർമിച്ച് അലങ്കരിച്ച ഈ മനോഹര കൊട്ടാരത്തിലെ കിടപ്പ് മുറി, സിംഹാസനം, കൂടിയാലോചന ഹാൾ തുടങ്ങിയവയെല്ലാം വിസ്മയങ്ങൾക്കും ഭാവനക്കുമപ്പുറമാണ്.

അൽഹംറ എന്നാൽ സ്വർഗീയ പൂന്തോട്ടമെന്നാണ്. അത് ഒരിക്കലും പൂർത്തിയാവാത്ത അപൂർവതയിലും അപൂർവതയായ രാജകീയ സമുച്ചയമായിരുന്നു.

കൊട്ടാരത്തിന് അഭിമുഖമായി മറ്റൊരു കുന്നിൽ കാണുന്ന അൽബയ്സ് ഭരണകേന്ദ്രവും സൈന്യത്തിന്‍റെ ആസ്ഥാനവുമായിരുന്നു.

അധിനിവേശം ഇവിടത്തെ പുരാതന മുസ്ലിം പള്ളികളും കോളനികളും കെട്ടിടങ്ങളും നശിപ്പിച്ചെങ്കിലും അവശേഷിച്ചതെല്ലാം ഇന്നും വിസ്മയമായി നിലനിൽക്കുന്നു. ഗ്രാനഡയിലെ രണ്ടാമത്തെ വലിയ പള്ളിയായിരുന്നു ഈ രാജകീയ ആസ്ഥാനത്ത് ഉണ്ടായിരുന്നത്. രണ്ട് കുന്നുകൾക്കിടയിൽ അതിമനോഹരമായ കാഴ്ചകളാൽ സമ്പന്നമാണ്. ഇവിടത്തെ സൂര്യാസ്തമയവും ഒരു പ്രത്യേക ആസ്വാദനമാണ്.

മുസ്ലിം സുൽത്താൻമാർ അൽഹംറയെ കൊത്തുപണികളും അലങ്കാരങ്ങളും നിറഞ്ഞ ഒരപൂർവ കാഴ്ചയായി നിലനിർത്തിയപ്പോഴും ആത്മീയത ഉൾക്കൊള്ളാൻ ശ്രമിച്ചതായി കാണാം. പേർഷ്യൻ ഡിസൈനർമാരുടെ കരവിരുതിന്‍റെ ചാരുതയാൽ ധന്യമാക്കിയ അതെല്ലാം ഇന്നും മായാതെ നിലനിൽക്കുന്നു.

പല വർണത്തിലുള്ള പൂക്കളുടെ ഡിസൈനുകൾക്കിടയിൽ കൊത്തിവെച്ച ''ലാ ഇലാഹ ഇല്ലല്ലാഹ്'' (അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല) എന്ന ദൈവികവചനം ഒമ്പതിനായിരം തവണ അൽഹംറയുടെ അകത്തളത്തിൽ മച്ചിലും മതിലുകളിലും നിറയെ പ്രദർശിപ്പിച്ചിരിക്കുന്നു. അറബ് ലിപികളുടെ പൂർവിക കാലിഗ്രഫിയുടെ ഒരു അപൂർവ മുദ്രണമാണിത്.

1337ൽ, പ്രസിദ്ധനായ അക്കാലത്തെ ആർക്കിടെക്ട് അബെൻ സെൻസ്ദിനായിരുന്നു നിർമാണത്തിന്‍റെ നേതൃത്വം.

1348ൽ യൂസുഫ് ഒന്നാമൻ എന്ന സുൽത്താൻ അൽഹംറക്ക് നിർമിച്ച പ്രധാന കവാടമാണ് ഗേറ്റ് ഓഫ് ജസ്റ്റിസ് (നീതിയുടെ കവാടം). ഇതിന്‍റെ മുകളിലുള്ള കൈപ്പത്തി ഇസ്ലാമിന്‍റെ അഞ്ച് ദൈവികപ്രമാണങ്ങളായ അല്ലാഹു ഏകനാണ്, മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാണ്, നമസ്കാരം, നോമ്പ്, ദാനധർമം, മക്കയിലേക്കുള്ള തീർഥാടനം എന്നിവയെ സ്മരിച്ചുകൊണ്ടുള്ളതാണ്.

എഴുന്നൂറോളം വർഷത്തെ മുസ്ലിം ആധിപത്യത്തെ കീഴടക്കിയ ഇസബെല്ല രാജ്ഞി ഇസ്ലാമിന്‍റെ മേലുള്ള ക്രിസ്തുമതത്തിന്‍റെ വിജയസൂചകമായി കന്യാമറിയത്തിന്‍റെയും ഉണ്ണിയേശുവിന്‍റെയും രൂപം ഗേറ്റ് ഓഫ് ജസ്റ്റിസിന് മുകളിൽ സ്ഥാപിച്ചു.

കൊട്ടാരത്തിന്‍റെ വിശാലമായ പൂമുഖത്ത് ശൗര്യം സ്ഫുരിക്കുന്ന ഗാംഭീര്യത്തോടെ തീർത്ത പന്ത്രണ്ട് സിംഹരൂപങ്ങൾ താങ്ങിനിർത്തുന്ന ജലധാര യുനെസ്കോ അംഗീകരിച്ച അൽഹംറ കൊട്ടാരത്തോടൊപ്പം പ്രത്യേക പരാമർശമുള്ളതാണ്.

അന്തലൂസിയൻ കവി ഇബ്നുസംറാക്ക സിംഹങ്ങളുടെ വായയിൽനിന്ന് ബഹിർഗമിക്കുന്ന ജലധാരയുടെ മനോഹാരിതയെ വിവരിച്ചെഴുതിയ കാവ്യം അതിന്‍റെ ഭിത്തിയിലുണ്ട്.

അൽഹംറ കുന്നുകൾക്ക് മുൻവശത്തെ കുന്നിൻ മുകളിലുള്ള അൽബേസ് കെട്ടിടങ്ങളും അൽഹംറ പോലെ പ്രാധാന്യമുള്ളവയാണ്. പട്ടാളബാരക്കുകളും ഭരണകാര്യാലയവുമെല്ലാം ഇവിടെയായിരുന്നു പ്രവർത്തിച്ചിരുന്നത്. അധിനിവേശത്തിനെതിരെ അന്ത്യംവരെ പൊരുതിയ ചരിത്രമാണ് അൽഹംറക്കും അൽബേസിനും. കീഴടക്കൽ മാത്രമല്ല ക്രിസ്ത്യൻ അധിനിവേശത്തിൽ തുടച്ചുനീക്കലിന്‍റെയും വംശീയ ഉന്മൂലനത്തിന്‍റെയും ചരിത്രത്തിന് കൂടി അൽഹംറയും അൽബേസിയും സാക്ഷിയായി.

ഗ്രാനഡയിലെ പട്ടണത്തിലുള്ള മുസ്ലിം സാന്നിധ്യം അൽഹംറ പരിസരത്ത് കണ്ടെന്ന് വരില്ല. അൽബാസിലിനു ചുറ്റുമായി പരിമിതമായ മൊറോക്കൻ സ്പാനിഷ് മുസ്ലിം പൗരൻമാർ മാത്രമേയുള്ളൂ.

മുസ്ലിം കാലഘട്ടത്തിൽ ശിൽപഭംഗിയോടെ കുന്നിൻമുകളിലുണ്ടായിരുന്ന പ്രൗഢമായ ഗ്രാന്റ് മസ്ജിദിന്‍റെ സ്ഥാനത്ത് ചെറിയൊരു മസ്ജിദേ ആരാധനാലയമായിട്ടുള്ളൂ.

പഴയമാതിരിയുള്ള പള്ളിക്ക് വേണ്ടിയുള്ള ഗ്രാനഡയിലെ മുസ്ലിംകളുടെ അപേക്ഷ സ്പെയിൻ ഭരണാധികാരികൾ തള്ളിക്കളഞ്ഞു. രണ്ടായിരത്തിന്‍റെ ആദ്യത്തിൽ ചെറിയൊരു പള്ളിക്കും ശ്മശാനത്തിനും മാത്രം അനുമതി നൽകി.

അൽഹംറയിൽനിന്നും ഏറെ അകലെയുള്ള ഗ്രാനഡ സിറ്റിയിലും, സിറ്റിയോട് ചേർന്ന തെരുവുകളിലും മുസ്ലിം സ്പന്ദനത്തിന്‍റെ അവശേഷിച്ച മിടിപ്പുകൾ മാത്രമേയുള്ളൂ. അറബിയും സ്പാനിഷും നന്നായി സംസാരിക്കുന്ന മൊറോക്കൻ, സ്പാനിഷ് മുസ്ലിംകളുടെ കച്ചവട തെരുവുകൾ സജീവമാണ്. ഈ തെരുവിലെ തനത് അറബ് മൊറോക്കൻ ഭക്ഷണശാലകൾ ടൂറിസ്റ്റുകളായി എത്തുന്നവർക്ക് പ്രിയങ്കരമാണ്.

തെരുവുകളും ചത്വരവും ജനനിബിഡമാണ്. പട്ടണത്തിൽ മുസ്ലിം സ്പെയിനിന്‍റെ സംസ്കൃതികളൊന്നും കാണാനില്ല. ലോകസഞ്ചാരത്തിന് പുറപ്പെട്ട കൊളംബസിനെ യാത്രയയക്കുന്ന സ്തൂപവും ജലധാരയും ഇസബെല്ല രാജ്ഞി സ്ഥാപിച്ചതാണ്.

അധിനിവേശം തകർത്ത ഗ്രാനഡ ഗ്രാന്റ് മസ്ജിദ് 1523ൽ പൊളിച്ച് നീക്കിയാണ് മനോഹരമായ സെന്റ് നിക്കോളാസ് കത്തീഡ്രൽ നിർമിച്ചത്.

അവസാന മുസ്ലിം സുൽത്താൻ അബു അബ്ദുല്ലയിൽനിന്ന് ഗ്രാനഡഴടക്കുന്നതിന് മുമ്പ് ഇസബെല്ല രാജ്ഞി കാണാൻ കൊതിച്ച അൽഹംറ കൊട്ടാരം 1492ൽ ഭർത്താവായ രാജകുമാരൻ ഫെർഡിനന്റിനും രാജ്ഞി ഇസബെല്ലക്കും കീഴടങ്ങുമ്പോൾ തന്‍റെ ആഗ്രഹം യാഥാർഥ്യമാക്കി തന്ന ദൈവത്തോട് നന്ദി പറഞ്ഞ് വലത് കാൽവെച്ച് ഇസബെല്ല കൊട്ടാരത്തിൽ പ്രവേശിച്ചു.

യുദ്ധങ്ങൾക്കും മനുഷ്യകരങ്ങൾക്കും അന്നത്തെ സാങ്കേതികവിദ്യക്കും തച്ചുടയ്ക്കാൻ കഴിയാതെപോയതിനാലാവാം അൽഹംറ കൊട്ടാരം അവശേഷിച്ചതെന്ന് അനുമാനിക്കാം. ഒരുപക്ഷേ രാജ്ഞിയായ ഇസബെല്ലയുടെ സുമനസ്സുമാവാം. 1504 ഒക്ടോബർ നാലിന് ഇസബെല്ല മരണപ്പെട്ടു. ഗ്രാനഡ സാൻഫ്രാൻസിസ്കോ ദേവാലയത്തിൽ അന്ത്യവിശ്രമം.

മഡ്രിഡ്, ടോളിഡോ

സ്പെയിനിലെ പ്രധാന പട്ടണങ്ങളിലേക്കെല്ലാം ദീർഘയാത്രാ െട്രയിനുകളുണ്ടെങ്കിലും ടൂറിസ്റ്റുകളായി എത്തുന്നവർക്ക് അവരുടെ ദിവസവും സമയവും യാത്രാ ചെലവുകളുമെല്ലാം അതിനവരെ അനുവദിക്കുന്നില്ല. ആകാശയാത്രയാണെങ്കിൽ വിരസമാണ്. ഒരു മാറ്റത്തിനായി ഗർനാഡിൽ തലസ്ഥാനമായ മഡ്രിഡിലേക്കുള്ള യാത്ര െട്രയിനിലാക്കി. ഗ്രാനഡയിൽനിന്ന് അഞ്ച് മണിക്കൂർ യാത്ര. വൈകീട്ട് ആറിന് പുറപ്പെട്ടാൽ രാത്രി പതിനൊന്ന് മണിക്ക് മഡ്രിഡ് അറ്റോച്ച എത്തും.

കൃഷിഭൂമികളും പട്ടണങ്ങളും പ്രകൃതിയുമെല്ലാം ആസ്വദിച്ച് മുഷിപ്പില്ലാത്ത യാത്ര. കാന്റീൻ, വായനമുറി, ടി.വി, ബർത്ത് തുടങ്ങി സർവസൗകര്യങ്ങളും. കൃഷിനിലങ്ങൾ, കുന്നുകൾ, താഴ്വരകൾ, തടാകങ്ങൾ, ചെറിയ പട്ടണങ്ങൾ, ജനങ്ങൾ എല്ലാം അകലെയും അടുത്തും ജനലിലൂടെയുമുള്ള സഞ്ചാരകാഴ്ച വ്യത്യസ്തവും അതീവ സുന്ദരവും.

ഒലിവ്, മുന്തിരി, ബാർലി, ബദാം, ഓട്സ് തുടങ്ങി കണ്ണെത്താത്ത ദൂരത്തിലുള്ള കൃഷിഭൂമികൾ, രണ്ട് തരം മുന്തിരിയിൽനിന്ന് സംയോജിപ്പിച്ചെടുക്കുന്ന ഷെറിയെന്ന സ്പാനിഷ് മദ്യം പ്രസിദ്ധമാണ്. അത് വ്യവസായിക അടിസ്ഥാനത്തിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്യുന്നു.

കണ്ണെത്താത്ത ദൂരത്തിൽ ഒലിവ് തോട്ടങ്ങൾ കാണാം. നമ്മുടെ മൂന്നാർ, വയനാട്, കാപ്പി, ചായ എസ്റ്റേറ്റുകൾ പോലെ. ഒലിവ് എണ്ണകൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറികളും സുലഭം. ഭക്ഷണത്തിൽ ഒലിവ് ഉപയോഗമാണ് കൂടുതലും. യൂറോപ്പിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്ത് സമ്പന്നമാകുന്നു. ഇന്ത്യയിൽ അത്ര ഉപയോഗമില്ലെങ്കിലും അറബ്-ഗൾഫ് നാടുകളിൽ മുഖ്യമായ ഭക്ഷണ എണ്ണ ഒലിവ് ആണ്.

ഒലിവ് ഉൽപാദനത്തിൽ സ്പെയിനിന് ലോകത്തിൽ നാലാം സ്ഥാനമാണ്. ബദാമിൽ മർസിപ്പാൻ എന്ന മധുരം ചേർത്ത് ഉണ്ടാക്കുന്ന അവരുടെ മിഠായി പ്രശസ്തമാണ്.

സ്പെയിനിന്‍റെ പഴയ തലസ്ഥാനമായ ടോളിഡോ എന്ന പുരാതന പട്ടണമാണ് മഡ്രിഡിന്‍റെ പ്രധാന ആകർഷണം. ടോളിഡോ രാജ്യം ഉണ്ടായിട്ട് രണ്ടായിരം കൊല്ലമായെന്നാണ് റോമൻ ചരിത്രകാരൻ ടൈറ്റസ് ലിവിയസ് രേഖപ്പെടുത്തിയിട്ടുള്ളത്.

മഡ്രിഡിലെ നഗരക്കാഴ്ചകളിലൊന്ന്

മഡ്രിഡിലെ നഗരക്കാഴ്ചകളിലൊന്ന്

മാർക്കസ് ഫുലിവിയസ് റോമൻ പടയോട്ടത്തിൽ പിടിച്ചടക്കിയ ടോളിഡോ പിൽക്കാലത്ത് ഐറിഷ്, ജൂത അറബ്, ക്രിസ്ത്യൻ സംസ്കാരങ്ങളുടെ നഗരമെന്ന നിലയിലും യൂറോപ്പിലെ പല വർഗക്കാരുടെയും സംഗമസ്ഥാനമായും അറിയപ്പെട്ടു. ആ സംസ്കാരങ്ങൾ രൂപപ്പെടുന്നതിനും അസ്തമിക്കുന്നതിനും പുനർജനിക്കുന്നതിനുമെല്ലാം ടോളിഡോ സാക്ഷിയായി. അറബ് ഭരണത്തിൽ തോലിത്തോബ എന്ന പേരിലാണ് അറിയപ്പെട്ടത്.

1986ൽ യുനെസ്കോ ഹെറിറ്റേജ് നഗരമായി അംഗീകരിച്ചതോടെ സ്പെയിനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവുമായി. തലസ്ഥാനമായ മഡ്രിഡ് സിറ്റിയിൽനിന്നും കൂലംകുത്തി ഒഴുകുന്ന മെേട്രാ െട്രയിനിൽ അറ്റാച്ചോ സ്റ്റേഷനിൽനിന്ന് 74 കിലോമീറ്റർ അകലെ മെേട്രാ െട്രയിനിൽ ടോളിഡോ മെേട്രാ സ്റ്റേഷനിൽ ഇറങ്ങി. ടൂറിസത്തിന്‍റെ പ്രത്യേക ബസിൽ അരമണിക്കൂർ യാത്ര ചെയ്താൽ ടോളിഡോയിൽ എത്താം.

മൂന്ന്, നാല് കുന്നിൻമുകളിലായി ചിന്നിച്ചിതറിയ ഈ പൗരാണിക പട്ടണത്തിന്‍റെ ഓരോ ഇടത്തേക്കും ടൂറിസ്റ്റ് ബസിന്‍റെ പടിയിൽനിന്നും കുന്നിൻനിറുകെവരെ ഒരുക്കിയ എസ്കലേറ്ററുകളും ലിഫ്റ്റുകളും ഉന്തുവണ്ടികളുമെല്ലാമായി. സൗകര്യങ്ങൾ എത്ര ചിട്ടയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. യുവാക്കൾക്ക് മാത്രമല്ല ഏതു പ്രായക്കാർക്കും ടോളിഡോ കാണാനുണ്ടാക്കിയ സംവിധാനം നമ്മുടെ ടൂറിസത്തിന് പഠിക്കാനും പകർത്താനുമുള്ള ഒരു സിലബസാണ്.

ഇതൊക്കെ കാണുമ്പോൾ നാട്ടിൽ 20 വർഷം മുമ്പ് കർണാടകയിലെ മണ്ണടിഞ്ഞ വിജയനഗര സാമ്രാജ്യമായ ഹംപി കാണാൻ പോയ അനുഭവം ഓർമയായി.

സർവകലാശാലയിലെ എന്‍റെ സുഹൃത്തുക്കളായ േപ്രമനും ജയകൃഷ്ണനും ഞങ്ങൾ മുപ്പത് കിലോമീറ്റർ രണ്ട് ദിവസം നടന്ന് പൂർത്തിയാക്കി. തുംഗഭദ്രാ നദീതീരത്തെ ഒരു ഗുഹയിൽ ഒരു സന്യാസിയുടെ അതിഥികളായി. ഹംപിയും ടോളിഡോയും താരതമ്യപ്പെടുത്താനല്ല. ഹംബിയെ ടോളിഡോ പോലെ സംവിധാനിക്കാൻ നമുക്ക് കഴിയേണ്ടതല്ലേ എന്നോർത്തതാണ്.

പഴയകാല ആരവങ്ങളടങ്ങിയ മൗനത്തിലാണ് ടോളിഡോ. ബിസാഗ്രാ എന്ന പ്രധാന ഗേറ്റാണ് പ്രവേശനകവാടം. ബിസാഗ്രാ അറബ് പദമാണ്. മുസ്ലിം കാലഘട്ടത്തിൽ അതിന്‍റെ പേര് ബാബ്സഗ്രയെന്നായിരുന്നു. സഗ്രയെന്നാൽ ആ പ്രദേശത്തെ ഒരുതരം ചുവന്ന മണ്ണിനെയും ബാബ് വാതിലിനെയും സൂചിപ്പിക്കുന്നു.

ചാൾസ് ഭരണത്തിൽ (1538-1576) ടോളിഡോ പുതുക്കിപ്പണിതു. പട്ടണത്തിന്‍റെ പ്രൗഢിയും ഗാംഭീര്യവും കൂട്ടാൻ ബിസാഗ്രാ ഗേറ്റിന്‍റെ ഗോപുരങ്ങൾ പഴയ അറബ് െസ്റ്റെൽ നിലനിർത്തിയാണ് പണിതത്.

1968ൽ സ്പാനിഷ് ആർക്കിയോളജിയുടെ കീഴിൽ നടന്ന ഉദ്ഖനനത്തിൽ ലഭിച്ച കല്ലിൽ അൽമുഹാമിന്‍റെ പിതാവും പൗരാണിക ടോളിഡോ പട്ടണത്തിന്‍റെ സ്ഥാപകനുമായ ജമാൽ അൽസാഫിർ (1032-1044) ആണെന്ന് ആലേഖനംചെയ്ത ശിലാഫലകം കണ്ടെത്തുകയുണ്ടായി.

അക്കാലത്തെ അറിയപ്പെട്ട മുടജർശൈലിയിൽ നിർമിച്ച ബാബ്മർദൂം എന്ന അറബ് നാമത്തിലുള്ള സൂര്യകവാടം കടക്കുന്നതോടെ ടോളിഡോ ചരിത്രഭൂമിയുടെ ആരംഭമായി. എല്ലാം ഉദയത്തോടെ ആരംഭിക്കുന്നു എന്നൊരു തത്ത്വവും ഈ സൂര്യകവാടത്തിന് കൽപിക്കപ്പെട്ടിരുന്നു.

ടോളിഡോക്ക് ജൂത അധിനിവേശത്തിൽ മൂന്നാമതൊരു കവാടവും നിർമിക്കപ്പെട്ടു. കാംബ്രോൺ എന്ന ഗേറ്റ് ഓഫ് ജൂഡ്. ടോളിഡോയുടെ പ്രാന്തപ്രദേശങ്ങളിൽ ധാരാളമായി വളരുന്ന മുഅേക്രാൺ മുൾച്ചെടിയെ സൂചിപ്പിച്ചാണ് കാംേബ്രാൺ എന്ന പേരിടാൻ കാരണം.

ഇസബെല്ല രാജ്ഞിക്ക് ടോളിഡോ കീഴടങ്ങിയപ്പോൾ ശിലകളിലെ കൊത്തുപണിയിൽ അഗ്രഗണ്യനായ അന്നത്തെ പ്രമുഖ ശിൽപി പെേട്രായുടെ മകൻ ഹാൻസ് പിതാവിനോടൊപ്പം ചേർന്ന് രാജ്ഞിക്ക് വേണ്ടി പിന്നീട് അതീവ ചാരുതയോടെ കാംേബ്രാൺ ഗേറ്റ് പുതുക്കിപ്പണിതു. രാജകീയ ചിഹ്നമായ ഗരുഡനെ കവാടത്തിന് മുകളിൽ സ്ഥാപിച്ചു.

ടോളിഡോ പട്ടണത്തിൽനിന്നും ഇതര പ്രദേശങ്ങളിൽനിന്നും ഉദ്ഖനനങ്ങളിലും അല്ലാതെയും ലഭിച്ച വസ്തുക്കൾ സൂക്ഷിച്ച കലവറയാണ് സെഫാട്രിക് മ്യൂസിയം. ഈ മ്യൂസിയത്തിന്‍റെ കവാടത്തിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ''നിങ്ങൾ അനുഗ്രഹിക്കപ്പെടട്ടെ''യെന്ന് അറബ്, ഹീബ്രു ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനോട് ചേർന്നുള്ള കുന്നിൻമുകളിലെ വെടിശാലകളും ആയുധപ്പുരകളും പല യുദ്ധങ്ങളിലും പ്രതിസന്ധികളിലും തകരാതെ നിന്ന കെട്ടിടങ്ങളാണ്. അതിന്‍റെ പൂർവരൂപം അൽമാലിക്കിൻ അബിദർഹം മകൻ സുലൈമാൻ ദാവൂദ് എന്ന മുസ്ലിം ഭരണാധികാരി നിർമിച്ചതാണെന്ന് പറയപ്പെടുന്നു.

ടോളിഡോയിലെ കാഴ്ചകൾക്ക് വിരാമമില്ല. ഒന്നിൽനിന്നും മറ്റൊന്നിലേക്ക് എത്തുമ്പോൾ കണ്ടതിനപ്പുറം എത്രയോ കാണാനും അറിയാനുമിരിക്കുന്നു. അത്രമാത്രം കാണാനും അറിയാനും ടോളിഡോ നമ്മെ േപ്രരിപ്പിക്കുന്നു. ചാപ്പറൽ ഹൗസ് ടോളിഡോയിലെ കൗതുകങ്ങളിൽ മുഖ്യമായ ഒന്നാണ്.

ലോകത്തിലെ നാനാ നാടുകളിൽനിന്നും എത്തിയ പ്രശസ്തരായ കലാകാരൻമാർ പൂർത്തിയാക്കിയവയാണ് ഇവിടത്തെ ചുവർചിത്രങ്ങൾ (1498-1504). ഭക്തിയും കലയും ചരിത്രവും ഒന്നിച്ച് മേളിക്കുന്നു ഈ ചിത്രങ്ങളിൽ.

െസന്റ് ഉർസുല സന്യാസിയുടെ മൃതശരീരം അടക്കംചെയ്തിരിക്കുന്നത് ഈ ചാപ്പലിലാണ്. ആ ദിവ്യത്വത്തെ സ്തുതിക്കുന്ന ചിത്രങ്ങളുടെ രചനയിലെ ഭാവനയും ഭക്തി സ്ഫുരിക്കുന്ന തേജസ്സും അമ്പരപ്പിക്കുന്നു. ജീവൻ തുടിക്കുന്നതുപോലെ അത്യുന്നത ബലിപീഠം ഭക്തരുടെ തിരുദർശനകേന്ദ്രമാണ്. ഒരു മിറാക്കിൾ സംഭവത്തിന്‍റെ ഭക്തിപർവത്തിൽ രൂപംകൊണ്ട ഓർഗാസ് ദിവ്യന്‍റെ സംസ്കാരം നടന്ന പുണ്യഗൃഹമാണ് ഈ ചപ്പലിലെ ബറിയൽ.

ഭക്തനും പാവങ്ങളുടെ തോഴനും പല അത്ഭുതസിദ്ധികളാൽ ധന്യനുമായ ദൈവത്തിന്‍റെ ഇഷ്ടദാസൻ ഓർഗാസ് എ.ഡി. 1323ൽ ഈ ലോകത്തോട് വിടപറഞ്ഞു. ഭൂമിയിൽനിന്ന് ഉയർത്തപ്പെട്ടെന്ന് വിശ്വസിക്കുന്ന വിശുദ്ധദേഹം ഇരുനൂറ് വർഷത്തിനുശേഷം സ്വർഗത്തിൽനിന്ന് സെയിന്റ് അഗസ്റ്റിനും സെയിന്റ് സ്റ്റീവനും സ്വർഗവാതിൽ തുറന്ന് ഭൂമിയിലേക്ക് ഇറങ്ങി വന്ന് ഓർഗാസിന്‍റെ തിരുദേഹം പ്രത്യേക കുടീരത്തിൽ സമർപ്പിച്ചുവെന്ന് വിശ്വസിക്കുന്നു. പ്രശസ്തനായ എൽഗ്രകോയുടെ 1586ലെ ആ സംഭവത്തിന്‍റെ ചിത്രീകരണം ചാപ്പലിന്‍റെ ദിവ്യസ്തുതിയുടെ മനോഹരവും അത്യാശ്ചര്യവുമായ ജീവൻ സ്ഫുരിക്കുന്ന രചന ചിത്രകാരനെ അനശ്വരനാക്കുന്നു. ''ജീവിതം ദൈവത്തിലർപ്പിച്ചവൻ ഇങ്ങനെയായിരിക്കും.''

ഒരു മഹാസംഭവമായി സൂക്ഷിക്കപ്പെടുന്ന ബറിയലിന്‍റെ കവാടത്തിലുള്ള ലിഖിതം ഇങ്ങനെയാണ്. ശിൽപനിർമാണ കലകളാൽ സമൃദ്ധമായ അനേകം നിർമിതികൾ ടോളിഡോയുടെ പൗരാണിക കുലീനതയും ആഢ്യതയും നിർമാണ നൈപുണ്യവുമെല്ലാം പ്രൗഢമായ വാചാലതയോടെ നമ്മോട് ചോദിക്കുന്നു, ഇങ്ങനെ ഒന്ന് ഇന്നാവുമോയെന്ന്.

മുസ്ലിം ആധിപത്യത്തിലുണ്ടായിരുന്ന മസ്ജിദുകളും ക്രിസ്ത്യൻ ചാപ്പലുകളും കത്തീഡ്രലുകളും കൊട്ടാരങ്ങളും കെട്ടിടങ്ങളും കവാടങ്ങളുമെല്ലാം ഇന്നും സൂക്ഷ്മതയോടെ സൂക്ഷിച്ചും പരിപാലിച്ചും വരുന്നു.

കാഴ്ചകളിൽ വേറിട്ട് നിൽക്കുന്ന പടിഞ്ഞാറെക്കോട്ടയും കോട്ടവാതിലും കോട്ടയുടെ ഗോപുരവാതിലിന് മുകളിലുള്ള മണിയും... കേടുപാടില്ലാതെ നിലനിൽക്കുന്ന മണിയുടെ തൂക്കം പതിനെട്ടായിരം കിലോയാണെന്ന് പറയപ്പെടുന്നു. ശബ്ദിക്കുമ്പോൾ ടോളിഡോ പട്ടണം മുഴുക്കെ മുഴങ്ങുന്നു ആ മുഴക്കം.

ഈ പുരാതന കോട്ടവാതിലിനടുത്തുള്ള അകംകോലായിലെ ഭീമൻ മൺപാത്രങ്ങളിൽ വെള്ളം വീഞ്ഞാക്കുന്ന മിറാക്കിൾ ഉണ്ടായിരുന്നുവേത്ര. അതിനാൽ ഈ വാതിലിനെ ഡോർ ഓഫ് ജാർസ് എന്നു വിളിച്ചിരുന്നു.

1460ൽ തുടങ്ങി 1541ൽ നിർമാണം പൂർത്തിയാക്കിയ ലയൺ വാതിലും ബൈജുൽ കോപിൻ എന്ന ശിൽപി പിച്ചളഷീറ്റിൽ കൊത്തിയെടുത്ത ദാവീദും സോളമനും കാവൽ നിൽക്കുന്ന പൂമുഖവാതിലും പ്രധാനം തന്നെ.

പ്രധാന രാജാക്കൻമാരെ ഖബറടക്കിയ കത്തീഡ്രൽ ട്രഷറിക്ക് സമീപമുള്ള ഇരുമ്പ് പാളികളിൽ നിർമിച്ച നിഗൂഢ ഉള്ളറകളിൽ സൂക്ഷിപ്പുള്ള രത്നം, പവിഴം, സ്വർണം എന്നിവ തിട്ടപ്പെടുത്താനോ മൂല്യം നിർണയിക്കാനോ സാധ്യമല്ലേത്ര.

കൂട്ടത്തിൽ ഇസബെല്ല രാജ്ഞിയുടെ അമൂല്യശേഖരവും ഉൾപ്പെടുന്നുവെന്നും പറയപ്പെടുന്നു. ദരിദ്രകാലത്ത് സമ്പന്നതയുടെ ഊഞ്ഞാലിടാൻ എന്നെങ്കിലും സ്പെയിനിനു ഈ അമൂല്യശേഖരം ഉപകരിച്ചേക്കാം. ട്രഷറി എന്ന നാമകരണം ലോകത്ത് ഉണ്ടാവാൻ കാരണം സ്പെയിനിലെ ഈ സമ്പന്ന ഭൂഗർഭ അറകളേത്ര.

എ.ഡി. 835ൽ മുസ്ലിം ഭരണാധികാരി അബ്ദുറഹ്മാൻ അറബ് ശൈലിയിൽ പണിതതാണ് അൽഗാസർ കൊട്ടാരം. പിൽക്കാലത്ത് അൽഫോസസ ആറാമൻ ഇത് പുതുക്കിപ്പണിതു.

സ്പെയിനിന്‍റെ പുതിയ തലസ്ഥാനം ടോളിഡോയിൽനിന്ന് മഡ്രിഡിലേക്ക് മാറ്റിയതോടെ ഇതിനെ മിലിട്ടറി ആസ്ഥാനമാക്കി.

അൽ ഹംറ കൊട്ടാരത്തിന്റെ കവാടത്തിനരികിൽ ലേഖകൻ

അൽ ഹംറ കൊട്ടാരത്തിന്റെ കവാടത്തിനരികിൽ ലേഖകൻ

ടാകൂസ് നദി സ്പെയിനിന്‍റെ അനേകം ഗ്രാമങ്ങളും ചെറു പട്ടണങ്ങളും ചുറ്റിയാണ് ടോളിഡോയിൽ എത്തുന്നത്. ഈ നദിക്ക് മുകളിൽ മുസ്ലിം ഭരണത്തിൽ നിർമിച്ച അൽകുഞ്ചറ പാലം. അൽകുഞ്ചറ എന്നാൽ അറബ് ഭാഷയിൽ പാലം എന്നാണ്. പല യുദ്ധങ്ങൾക്കും കുഞ്ചറ സാക്ഷിയായി. എ.ഡി. 932ലെ യുദ്ധത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രസ്തുത പാലം അബ്ദുറഹ്മാൻ മൂന്നാമൻ പുതുക്കിപ്പണിത് നദിക്ക് അപ്പുറവും ഇപ്പുറവും സഞ്ചാരം സുഗമമാക്കി. 1257ൽ ഉണ്ടായ മഹാപ്രളയത്തിൽ വീണ്ടും തകർന്നെങ്കിലും പുനർനിർമിച്ചു.

ശാസ്ത്രത്തിനും വിശിഷ്യാ വൈദ്യശാസ്ത്രത്തിനും സാഹിത്യം, കല എന്നിവക്കും ലോകത്തിന് സമാനതകളില്ലാത്ത വെളിച്ചം നൽകിയ വിജ്ഞാനകേന്ദ്രമായ കോർദാവ പോലുള്ള പട്ടണങ്ങളെയും മുസ്ലിം സ്പെയിൻ ലോകത്തിന് സമർപ്പിച്ചു.

തലസ്ഥാനമായ മഡ്രിഡ് മനോഹരമായി സംവിധാനംചെയ്ത പട്ടണമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ (1589-1619) നിർമിച്ച ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകർഷകമാണ് പ്ലാസ മേയർ എന്നറിയപ്പെടുന്ന സിറ്റിയിലെ അതിവിശാലമായ ചത്വരം.

അകത്തും പുറത്തും ഷോപ്പിങ് മാളുകളും അനേകം ഫുഡ്കോർട്ടുകളും നിറഞ്ഞുനിൽക്കുന്ന വ്യാപാരകേന്ദ്രമാണ്. ലോകത്തിലെ മിക്കവാറും രാജ്യങ്ങളിലെ ഭക്ഷണം ലഭ്യമാകുന്ന പ്രത്യേകത കൂടി പ്ലാസ മേയർ ചത്വരത്തിനുണ്ട്. സന്ധ്യയോടെ ടൂറിസ്റ്റുകൾ ഈ ചത്വരത്തിലെത്തുന്നു.

യുദ്ധസ്മാരകങ്ങളുടെ കമാനങ്ങളും രാജാക്കൻമാരുടെ പ്രതിമകളും ഫൗണ്ടൻ ഓഫ് സിബിൽ ശൗര്യം സ്ഫുരിക്കുന്ന ലയൺ പ്രതിമയും ചെങ്കൽ രഥവുമെല്ലാം പ്ലാസ മേയർ ചത്വരവും ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.

സന്ധ്യയോടെ പ്ലാസ മേയർ ചത്വരത്തിലേക്ക് ഒഴുകുന്ന സഞ്ചാരികളുടെ സാന്നിധ്യത്താൽ നിയോൺ വെള്ളിവെളിച്ചത്തിൽ പ്ലാസ മേയർ ചത്വരം വർണശബളമായ ഒരു പ്രപഞ്ചമായി രൂപപ്പെടുന്നു.

കാർലോസ് ഭരണത്തിൽ അൽഫോൻസ ആറാമൻ 1810ൽ മഡ്രിഡിൽ പുതുതായി പടുത്തുയർത്തിയ തലസ്ഥാനത്തേക്ക് മാറ്റിയതോടെ ടോളിഡോയുടെ പ്രതാപം ഇല്ലാതായി. റോമാസാമ്രാജ്യത്തെ കീഴടക്കി മുസ്ലിംകൾ സ്ഥാപിച്ച അന്തലൂസിയൻ സാമ്രാജ്യത്തിന്‍റെ എട്ട് നൂറ്റാണ്ട് നീണ്ടുനിന്ന ഭരണത്തിന് അന്ത്യം കുറിച്ച ഇസബെല്ല രാജ്ഞിയും ഭർത്താവ് ഫെർഡിനന്റും സ്പെയിനിനെ ഒരു ലോകശക്തിയാക്കി പുതിയ യുഗം ആരംഭിക്കുന്നതിന് തുടക്കമിട്ടു. ലോക വൻകരകൾ കീഴടക്കാനുള്ള മോഹവുമായി വൻകരകൾ താണ്ടാൻ ക്രിസ്റ്റഫർ കൊളംബസിന് എല്ലാ സഹായങ്ങളും നൽകി 1492 ആഗസ്റ്റ് 3ന് സമുദ്രസഞ്ചാരത്തിനായി സ്പെയിനിൽനിന്നും യാത്രയാക്കി.

ആ സഞ്ചാരി കണ്ടെത്തിയ അമേരിക്ക ലോകശക്തികളിൽ ഒന്നായതും മറ്റൊരു ഇതിഹാസചരിത്രം. 1507 മേയ് 20ന് 54ാം വയസ്സിൽ മരിച്ച കൊളംബസിന് സ്പെയിനിലെ സെവില്ല കത്തീഡ്രലിൽ അന്ത്യവിശ്രമം.

News Summary - A journey through Islamic spain