സമകാല കവിതയിലെ ‘ഹൈടെക് കുതിപ്പുകള്‍’

സമകാല മലയാള കവിതയെ നവഭാവുകത്വത്താല്‍ വൈവിധ്യവത്കരിച്ച കവിയാണ് കളത്തറ ഗോപന്‍. ആന്തരികലോകത്തിന്റെ തുറവിയാണ് കവിത എന്ന് വിശ്വസിക്കുന്ന കവി, പല കാലങ്ങളിലേക്ക് ചിതറുകയും പടരുകയും ചെയ്യുന്നു. ഒരു ഭാവുകത്വത്തിലും സ്ഥിരമായി ഉറയ്ക്കാതിരിക്കുന്നു. കളത്തറ ഗോപന്റെ കവിതകളെ പഠനവിധേയമാക്കുന്നു. ‘‘അയാള്‍ ഒരു തുരങ്കത്തിലകപ്പെട്ട് വഴിതെറ്റി നടക്കുകയാണ്. അകലെ, അതിന്റെ കവാടം ചന്ദ്രവളയത്തില്‍ പ്രകാശിക്കുന്നത് കാണുന്നു. വളരെക്കാലം പാര്‍ത്ത മുറിയുമായി ബസിൽ കയറി മുറി സീറ്റില്‍ വെച്ച് ജനാല തുറന്ന അയാള്‍ ലോകത്തെ നോക്കുകയാണ്. നാളത്തെ നിലവിളി ഇപ്പൊഴേ വിളിക്കുന്ന മുഖവുമായി ആളുകള്‍...
Your Subscription Supports Independent Journalism
View Plansസമകാല മലയാള കവിതയെ നവഭാവുകത്വത്താല്‍ വൈവിധ്യവത്കരിച്ച കവിയാണ് കളത്തറ ഗോപന്‍. ആന്തരികലോകത്തിന്റെ തുറവിയാണ് കവിത എന്ന് വിശ്വസിക്കുന്ന കവി, പല കാലങ്ങളിലേക്ക് ചിതറുകയും പടരുകയും ചെയ്യുന്നു. ഒരു ഭാവുകത്വത്തിലും സ്ഥിരമായി ഉറയ്ക്കാതിരിക്കുന്നു. കളത്തറ ഗോപന്റെ കവിതകളെ പഠനവിധേയമാക്കുന്നു.
‘‘അയാള്‍ ഒരു തുരങ്കത്തിലകപ്പെട്ട് വഴിതെറ്റി നടക്കുകയാണ്. അകലെ, അതിന്റെ കവാടം ചന്ദ്രവളയത്തില്‍ പ്രകാശിക്കുന്നത് കാണുന്നു. വളരെക്കാലം പാര്‍ത്ത മുറിയുമായി ബസിൽ കയറി മുറി സീറ്റില്‍ വെച്ച് ജനാല തുറന്ന അയാള്‍ ലോകത്തെ നോക്കുകയാണ്. നാളത്തെ നിലവിളി ഇപ്പൊഴേ വിളിക്കുന്ന മുഖവുമായി ആളുകള്‍ പാവകളെപ്പോലിരിക്കുന്നതും പ്രാണനും പിടിച്ചുകൊണ്ട് ജനം തെരുവിലൂടെ ഓടുന്നതും അയാള്‍ കാണുന്നു. കൊളുന്തു നുള്ളുന്ന അമ്മമാരുടെ സഞ്ചിയില്‍നിന്നും ഇറ്റുവീഴുന്ന കണ്ണീര്‍ വൈഡൂര്യമായ് ഉറയുന്നു. കറുത്തപക്ഷികള്‍ ആ വൈഡൂര്യമണികള്‍ കൊത്തിയെടുത്ത് ഒറ്റയ്ക്കിരുന്ന് കരയുന്ന പെണ്‍കുട്ടികളുടെ മുറികളില്‍ കൊണ്ടുവയ്ക്കന്നു.
ഭൂമി കറക്കം നിറുത്തിയോ എന്ന് ചോദിച്ച് ഗോവിന്ദേട്ടന്‍ നടന്നുകൊണ്ടേയിരിക്കുന്നു. 2050ലെ ലോകജീവിതം സ്‌ക്രീനില്‍ കാണുന്നു. ഓർമയും മറവിയുമില്ലാത്ത എ.ഐ. നിയന്ത്രിതലോകത്ത് മനുഷ്യര്‍ വേസ്റ്റുകളായി കുമിഞ്ഞുകൂടുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്ന ടെക്കി ഭൂതകാലയാത്രയിലൂടെ ആദിമ ആവാസയിടമായ ഗുഹയിലെത്തുന്നു. കല്ലുരസി തീ പിടിപ്പിച്ച് ഒരു കാട്ടുമൃഗത്തെ ചുട്ടെടുക്കുന്നു. വസന്തം പൂത്ത ഉടലുകള്‍ ലീലകളാടാന്‍ വെമ്പല്‍കൊള്ളവേ അഭാവത്തിലും ശൂന്യതയിലും ഉടല്‍വാസനകള്‍ വിലയംകൊള്ളുന്നത് കമിതാക്കള്‍ അറിയുന്നു.’’ കളത്തറ ഗോപന്റെ കവിതകളില്‍ സ്ഥലം, ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ കാലഭാവങ്ങള്‍ ആവിഷ്‌കാരം നേടുന്നത് ഇങ്ങനെയെല്ലാമാണ്. സൈക്കഡലിക് ഭാവനയും ബിംബകൽപനയും ഒരുക്കുന്ന തമോഗര്‍ത്തങ്ങളില്‍ നാം അകപ്പെട്ടുപോകുന്നു.
സമയ നിഗൂഢതകള്‍. ഭൗതികവും അതിഭൗതികവുമായ സമയത്തിന്റെ പ്രശ്‌നവത്കരണങ്ങള്‍. അപരിഹരണീയമായ ജീവിതപ്രശ്‌നങ്ങള്‍ക്ക്, ദുഃഖദുരിതങ്ങള്‍ക്ക് അതിഭൗതികമായ സാന്ത്വനങ്ങള്‍. ക്ഷുദ്രമായ വൈകാരിക ഗതീയതകളെ സമയത്തിന്റെയും കാലത്തിന്റെയും അപാരതകളിലേക്ക് ബന്ധിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന ദുരൂഹനിലകള്‍. പ്രേക്ഷകരെ ബ്രഹ്‌മാണ്ഡ ദുരൂഹതകളിലേക്കും സമയ പ്രഹേളികകളിലേക്കും നയിക്കുന്ന ‘ടൈംലൂപ്’ സിദ്ധാന്തം പ്രമേയമായ ചലച്ചിത്രങ്ങളുമായി പരിചയമുള്ളവര്‍ക്ക് ഒരുപക്ഷേ, ഈ കവിതകളുമായി പെട്ടെന്ന് സംവദിക്കാന്‍ കഴിയും.
പ്രാപഞ്ചിക നിഗൂഢതകളിലേക്കുള്ള സമയസഞ്ചാരങ്ങളാകുന്നു കളത്തറ ഗോപന്റെ കവിതകള്‍. മലയാള കവിതയില്‍ അപരിചിതമായ ഒരു ഭാവുകത്വം ഇവിടെ അവതീര്‍ണമാകുന്നു. ക്ഷണികവികാരങ്ങള്‍, സ്വത്വവാദങ്ങള്‍, ആദര്‍ശവത്കരണങ്ങള്‍, സാമൂഹിക രാഷ്ട്രീയ ഉത്കണ്ഠകള്‍ തുടങ്ങി പരിചിതവഴികളിലൂടെ മാത്രം ചലിക്കുന്ന മലയാള കവിതയിലെ വഴിപിണക്കങ്ങള്‍ ഈ കവിതകള്‍ മുന്നോട്ടുവെക്കുന്നു. പ്രപഞ്ചബോധത്തെ, മനുഷ്യാവസ്ഥയെ ചതുര്‍മാനങ്ങളിലേക്കും പഞ്ചമാനങ്ങളിലേക്കും വിന്യസിക്കുന്ന ഭാവനയുടെ സര്‍വാതിശായിയായ കുതിപ്പുകള്‍. ഒരുതരം ഹൈപ്പര്‍ ആക്ടിവത ഇവയെ വലയംചെയ്തിരിക്കുന്നു. ‘വഴിപിണക്കി’ എന്ന സമാഹാരത്തിനെഴുതിയ ‘വികൃതി നടത്തത്തിലെ ധ്യാനബിന്ദു’ എന്ന പഠനത്തില്‍ പി. രാമന്‍, മലയാളത്തിലെ ഹൈപ്പര്‍ ആക്ടിവ് കവിതകളെന്ന് ഗോപന്റെ കവിതകളെ വിശേഷിപ്പിക്കുന്നുണ്ട്.
അതിസാങ്കേതിക യുഗം പ്രപഞ്ചത്തിന്റെ ഊരാക്കുടുക്കുകള്‍ അഴിച്ചെടുക്കാന്‍ ശ്രമിക്കവെ, വീണ്ടും വീണ്ടും കുരുക്കുകള്‍ മുറുകുകയും സംന്ത്രാസങ്ങളിലും വിഭ്രാന്തികളിലും അകപ്പെടുകയും ചെയ്യുന്ന അവസ്ഥയെ അതിന്റെതന്നെ സങ്കേതങ്ങളിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുകയാണ് കവി. നിർധാരണം ചെയ്യാന്‍ കഴിയാത്ത ശാസ്ത്രരഹസ്യങ്ങള്‍പോലെ കവിത പ്രവര്‍ത്തിക്കുന്നു. മാനവവാദാനന്തര സാമൂഹികതയുമായും സത്യാനന്തരകാലം നിർമിച്ചുകൊണ്ടിരിക്കുന്ന ലോകബോധവുമായും ക്വാണ്ടം ഭൗതികത്തിന്റെ ദാര്‍ശനിക സമസ്യകളുമായും കവി ഭാവന നടത്തുന്ന അഭിമുഖീകരണങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ആന്തരികഭാഷണങ്ങള്‍ എന്ന് ഈ കവിതകളെ മറ്റൊരുതരത്തില്‍ വിശേഷിപ്പിക്കാം.
ആഴത്തില്‍നിന്ന് മുകൾപ്പരപ്പിലേക്കു വരുന്ന ജീവന്‍
സമകാല മലയാള കവിതയെ നവഭാവുകത്വത്താല്‍ വൈവിധ്യവത്കരിച്ച കവിയാണ് കളത്തറ ഗോപന്‍. ആന്തരികലോകത്തിന്റെ തുറവിയാണ് കവിത എന്ന് വിശ്വസിക്കുന്ന കവി, പല കാലങ്ങളിലേക്ക് ചിതറുകയും പടരുകയും ചെയ്യുന്നു. ഒരു ഭാവുകത്വത്തിലും സ്ഥിരമായി ഉറയ്ക്കാതിരിക്കുന്നു. ആധുനികതയുടെയും ആധുനികോത്തരതയുടെയും സത്യാനന്തരകാലത്തിന്റെയും മാനവവാദാനന്തര സാമൂഹികതയുടെയും സന്ദര്‍ഭങ്ങളിലേക്കുള്ള ആന്തരികയാത്രകള്‍ അവയില്‍ ദര്‍ശിക്കാം. അതിവ്യസനിയായ ഒരാത്മജ്ഞാനിയുടെ സന്ദേഹങ്ങള്‍ ആ കവിതകളില്‍ നിറയുന്നു. തിരോഭാവങ്ങളെയും ഒന്നിനും തീര്‍ച്ചയില്ലാത്ത ഒരുവന്റെ മനോലോകങ്ങളെയും അവതരിപ്പിക്കുന്ന കവിതകളിലൂടെയാണ് കളത്തറ ഗോപന്‍ വ്യത്യസ്തത അടയാളപ്പെടുത്തിയത്. ‘മഴ നനയുന്ന കാക്ക’, ‘പറന്നുനിന്നു മീന്‍ പിടിക്കുന്നവ’, ഇരുട്ടെന്നോ വെളിച്ചമെന്നോ തീര്‍ച്ചയില്ലാത്ത ഒരാള്‍ എന്നീ സമാഹാരങ്ങളില്‍ ഈ വ്യത്യസ്തത അനുഭവിക്കാം.
കവിതയെ ആത്മാർഥമായി ഉപാസിക്കുന്നവനാണീ കവി. തന്നില്‍ത്തന്നെ ഒറ്റപ്പെട്ട ഒരുവനോട് ഗോപന്റെ കവിതകള്‍ തീവ്രമായി സംവദിക്കുന്നു. അതിസാന്ദ്രമായ ഒരു ജൈവബിംബത്തിലൂടെ ഏകാകിയുടെ അന്തര്‍ജ്ഞാനമാണ് കവിതയെന്ന ദര്‍ശനം അവതരിപ്പിക്കുന്നത്. ‘കടലല്ലെങ്കില്‍ കവിത’ എന്ന രചനയില്‍ (ഇരുട്ടെന്നോ വെളിച്ചമെന്നോ തീര്‍ച്ചയില്ലാത്ത ഒരാള്‍),
‘‘മുകള്‍പ്പരപ്പ് നീലയാണ്
അതൊരു തോന്നലാണ്
ആഴത്തില്‍ മീനുണ്ട്
വല്ലപ്പോഴുമൊരിക്കല്‍
അതു മുകളിലേക്കു കുതിച്ചുവരും
കവിത ആഴത്തില്‍നിന്നു
മുകള്‍പ്പരപ്പിലേക്ക് വരുന്ന ജീവനാണ്
സൂര്യന്റെ ചന്ദ്രന്റെ പ്രകാശത്തില്‍
അതിന്റെ തിളക്കം
എത്ര മൗലികമായിരിക്കും.’’
ഇപ്രകാരം ഭൗതികതയെയും അതീതങ്ങളെയും കാവ്യവത്കരിക്കുന്നതില്‍ മൗലികതയും തീവ്രതയും സത്യസന്ധതയും പുലര്‍ത്തുന്നു ഈ കവി. ആഘോഷിക്കപ്പെടുന്ന, വിഗ്രഹവത്കരിക്കപ്പെടുന്ന സൗന്ദര്യസങ്കൽപങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
‘‘താജ്മഹല്‍ കാണാന്‍
പോകണമെന്ന് കൂട്ടുകാര്‍
നിലാവുള്ള രാത്രിയില്‍
യമുനയുടെ
കരയില്‍ ഇരിക്കണമെന്നും കൂട്ടുകാര്‍
ആ യമുനയില്‍ക്കൂടി ഒഴുകുന്ന
അനേകായിരം അടിമകളുടെ
കണ്ണീരിന്റെ തണുപ്പേറ്റ്
നിലാവില്‍ മലര്‍ന്നുകിടക്കാന്‍
വരുന്നില്ലെന്ന് എന്റെ പട്ടികള്‍.’’
(താജ്മഹല്‍)

പൊതുബോധത്തിലെ സൗന്ദര്യനിർമിതികളോട് കലഹിക്കുന്ന ഏകാകിയാണ് ഈ കവി. പാര്‍ശ്വവത്കരണത്തിന്റെ കയ്പുനീരു കുടിച്ചുകൊണ്ട് തിരസ്‌കൃതര്‍ പടുത്തുയര്‍ത്തിയതാണ് എല്ലാ നിർമിതികളും എന്നറിയുന്നു. പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും കാണാതെപോകുന്ന ജീവിതാവസ്ഥകളെ തീവ്രമായി പകര്‍ത്താന്‍ ശ്രമിക്കുന്നു. ഓരോ ആഖ്യാനവും പ്രഹരശേഷിയുള്ളതായിത്തീരുന്നു. ‘ഭ്രാന്തമായി പൂത്തമരം’ എന്ന കവിതയിലിതു കാണാം. ഒരുപാട് മരങ്ങള്‍ പൂത്തും കായ്ച്ചും നില്‍ക്കുന്നിടത്ത് ഒരു മരത്തിനുമാത്രം ഭ്രാന്തിളകി. അത് അറിഞ്ഞുപൂത്തു. ഭ്രാന്തമായി മണത്തു. സ്വാതന്ത്ര്യത്തിന്റെ ഉന്മാദം, പക്ഷേ വ്യവസ്ഥിതിയെ ഉലച്ചു. എന്നാല്‍, പെട്ടെന്നൊരു ദിവസം അതു കടപുഴകി.
അറുത്തുമുറിച്ച് പലകയാക്കി. ലേഡീസ് ഹോസ്റ്റലിന്റെ പ്രധാന വാതിലായി. വലിയ ശബ്ദത്തോടെ അടഞ്ഞും തുറന്നും ആ ഭ്രാന്ത് പുനരാവിഷ്‌കരിക്കപ്പെട്ടു. ‘‘പെണ്‍കുട്ടികള്‍ കൂട്ടമായി നിലവിളിക്കുന്നതു കേള്‍ക്കുന്നില്ലേ’’ എന്ന ശ്രദ്ധക്ഷണിക്കലില്‍ തീരുന്ന കവിത, തളച്ചിടപ്പെട്ട സ്ത്രീയവസ്ഥയുടെ അലിഗറിയാകുന്നു. ഓരോ കവിതയും ഓരോ ശ്രദ്ധയായി മാറുന്നതുകാണാം. മിന്നല്‍ പ്രഹരമേൽപിക്കുന്ന ചാരുതയാര്‍ന്ന കൽപനകളിലൂടെയാണ് ഇതവതരിപ്പിക്കുന്നത്. ‘മോഷണം’ എന്ന കവിത അത്തരത്തിലൊന്നാണ്. കാഴ്ചയുടെ മോഷണം എന്ന നൂതന പ്രമേയം അവതരിപ്പിക്കുകയാണിതില്‍. അവസാനത്തെ മോഷണത്തിന് തയാറെടുക്കുകയാണ് ഒരു കള്ളന്‍. ഇതോടെ ഈ പരിപാടി നിര്‍ത്തണമെന്നും മറ്റെവിടെയെങ്കിലും പോയി സ്വസ്ഥമായി ജീവിക്കണമെന്നും തീരുമാനിച്ചുറച്ചിട്ടുണ്ട്. സ്‌കെച്ചു ചെയ്തുവെച്ച വീട്ടിൽ ചെന്ന് കാഷും ആഭരണങ്ങളും പരതുന്ന വേളയില്‍ അയാള്‍ ഒരു കാഴ്ചയില്‍ കുടുങ്ങിപ്പോയി.
‘‘അകത്ത് അരണ്ട
നീലവെളിച്ചത്തില്‍
നഗ്നമായ രണ്ടുടലുകള്‍
ആഴത്തിലേക്ക് കുതിക്കുന്നു
സുന്ദരമായ കാഴ്ച അയാള്‍
ഏറെനേരം നോക്കിനിന്നു
പിന്നെ ഒച്ചയുണ്ടാക്കാതെ
വാതില്‍ചാരി മുറ്റത്തേക്കിറങ്ങി.’’
കാഴ്ച മോഷ്ടിച്ച് അയാള്‍ നിര്‍വൃതനാവുകയാണ് ഏറ്റവും വിലപ്പെട്ട മോഷണവസ്തു. ഇപ്രകാരം ഉള്‍ത്തിളക്കങ്ങളുടെ ഉത്സവമാണ് കളത്തറ ഗോപന്റെ കവിതകളില്‍. വിചിന്തനത്തിന്റെയും വികാരത്തിന്റെയും കണ്ണീരും രക്തവുംകൊണ്ടെഴുതിയ കവിതകള്‍.
ഹൈടെക് ഭാവനകള്‍
‘വഴിപിണക്കി’യിലെ കവിതകളില്‍ ഭൗതികശാസ്ത്രഭാവനയുടെ അപാരതകള്‍ ചൂഴ്ന്നുനില്‍ക്കുന്നു. സത്യാനന്തര കാലത്തെ കവിതയുടെ ഹൈടെക് കുതിപ്പുകള്‍ നമ്മെ അസ്വസ്ഥരും സംഭീതരുമാക്കുന്നു. കാലത്തിന്റെ അവ്യക്തതകളെയും അനിശ്ചിതത്വങ്ങളെയും ദാര്‍ശനികമായ ഉത്കണ്ഠകളെയും ഭൗതികവും ആത്മീയവുമായ കലക്കങ്ങളെയും പിടിച്ചെടുക്കാനുള്ള കാന്തികബലം ഈ കവിതകള്‍ക്കുണ്ട്. ഓർമകളുടെയും സമയത്തിന്റെയും വിപര്യയങ്ങളില്‍ അകപ്പെട്ടുപോയവന്റെ അവസ്ഥകളാണ് ഈ കവിതകളുടെ പ്രശ്‌നതലം. ആവര്‍ത്തനങ്ങള്‍, ഇച്ഛാഭംഗങ്ങള്‍, ഓര്‍മ, നിഗൂഢത തുടങ്ങി ‘ടൈംലൂപ്’ ആഖ്യാനസങ്കേതങ്ങള്‍ കവിതകളില്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നു. കുഴഞ്ഞുമറിഞ്ഞ ആന്തരലോകത്തെ പിന്തുടര്‍ന്നുകൊണ്ട്, സാങ്കേതിക വിദ്യാപൂരിതമായ ലോകത്തിന്റെ സത്തയെയും ശൂന്യതയെയും സംഗ്രഹിക്കാന്‍ ശ്രമിക്കുന്ന ‘ഹൈപ്പര്‍ ആക്ടിവ് കാവ്യലോകം’ സമകാല കവിതയിലെ പുതിയ തുറവിയായിത്തീരുന്നു.
അജ്ഞാതവും ദുരൂഹവുമായ ഏതോ ശക്തി തന്റെ വഴികള്‍, ലക്ഷ്യങ്ങള്‍ നിരന്തരം പിണക്കിവിടുന്നതിന്റെ ആഖ്യാനമാണ് ‘വഴിപിണക്കി’. അജ്ഞേയമായ ഇടപെടലുകളെ പ്രാഗനുഭവത്തിലൂടെ വെളിപ്പെടുത്തുന്ന മിത്തിക്കല്‍ മെറ്റഫറാകുന്നു ‘വഴിപിണക്കി’. കുട്ടിക്കാലത്ത് കടയിലോ മുടിപ്പുരയിലോ കല്യാണത്തിനോ പോയിട്ടുവരുമ്പോഴൊക്കെ വഴിപിണക്കി തന്റെ വഴിതെറ്റിച്ചതിന്റെ പ്രാക്തനമായ ഓർമ കവി പങ്കുവെക്കുന്നു. വഴികള്‍ നിശ്ചിതമായ ദൂരത്തിന്റെയും ലക്ഷ്യത്തിന്റേതുമായിരുന്നെങ്കിലും അവ വിജനവും ഏകാന്തവുമായിരുന്നു. റബര്‍ത്തോട്ടം മുറിച്ചുകടന്നാണ് പോയിരുന്നത്. അപ്പോഴൊക്കെ വഴിതെറ്റി, താമസിച്ചു വീട്ടിലെത്തിയതിന് അച്ഛനില്‍നിന്ന് അടി മേടിച്ചുകൂട്ടി.
വഴിപിണക്കിയാണ് അതിനു കാരണക്കാരന്‍ എന്ന ബാലഭാവനയുടെ യുക്തിബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞില്ല. വല്ലാത്ത കുഴക്കലുകളാണ് വഴിപിണക്കിയുണ്ടാക്കിയത്. വാങ്ങാന്‍പോയ സാധനങ്ങള്‍ തെറ്റിച്ചു വാങ്ങിച്ചും വഴിപിണക്കി തനിക്ക് അടിമേടിച്ചുതന്നുകൊണ്ടിരുന്നു. വിജനമായ ഇടങ്ങളിലാണ് വഴിപിണക്കിയുടെ ആവാസമെന്ന് അവന്‍ തിരിച്ചറിയുന്നുണ്ട്. ഇടതൂര്‍ന്ന മരങ്ങളിലും ആളൊഴിഞ്ഞ വഴികളിലും ആളില്ലാത്ത വീടുകളിലും ആറ്റിന്‍കരയിലെ കരിമ്പനയിലും ഒക്കെയാണ് വഴിപിണക്കിയുടെ പാര്‍പ്പ്. തന്റെ സഞ്ചാരവഴികളെ എപ്പോഴും പിണക്കിയകറ്റുന്നവനെ മുതിര്‍ന്നപ്പോള്‍ ജാഗ്രതയോടെ നേരിട്ടു. വഴിതെറ്റാതിരിക്കാന്‍ കൂട്ടുകാരോടു ചോദിച്ചു കൃത്യമാക്കി. സഞ്ചാരപഥങ്ങള്‍ വിപുലമായപ്പോഴും ആധുനികമായ യാത്രാസൗകര്യങ്ങള്‍ ആശ്രയിക്കുമ്പോഴും വഴിപിണക്കി തന്റെ ഉള്ളിലിരുന്ന് വഴികളെ തെറ്റിച്ചുകൊണ്ടേയിരിക്കുന്നു. ആലപ്പുഴയില്‍ ഇറങ്ങേണ്ട താന്‍ തൃശൂരില്‍ ചെന്നിറങ്ങും. കത്തി മേടിക്കേണ്ടതിനു പേന മേടിപ്പിക്കും. ഇങ്ങനെയൊക്കെയാണ് തന്നില്‍ വസിച്ചുകൊണ്ട് വഴിപിണക്കി ലക്ഷ്യങ്ങള്‍ തെറ്റിക്കുന്നതത്രെ.
‘‘വഴിതെറ്റുമ്പോള്‍
പലവഴി തുറക്കുമെന്നു കാണിച്ച്
അവനെന്നില്‍തന്നെ വസിച്ച്
നിരന്തരമെന്നെ വഴിതെറ്റിച്ചു രസിക്കുന്നു
ദാ, ഇപ്പോഴും വഴിതെറ്റി ഞാനൊരു
തുരങ്കത്തിലൂടെ നടക്കുന്നു.
അകലെ അതിന്റെ കവാടം
ചന്ദ്രവളയത്തില്‍
പ്രകാശിക്കുന്നു.’’
ചന്ദ്രവളയം ഒരു വാദ്യോപകരണത്തിന്റെ പേരുകൂടിയാണ്. വെളിച്ചത്തെക്കുറിച്ചുള്ള പ്രതീക്ഷയില്‍ സംഗീതവും ഇടകലരുന്നു. അജ്ഞേയമായൊരു ശക്തി അബോധത്തിലിരുന്ന് നമ്മെ നിയന്ത്രിക്കുന്നു. വഴിതിരിച്ചുവിടുന്നു. പ്രാക്തനയിലും അതിസാങ്കേതിക കാലത്തും അതു മാറ്റമില്ലാതെ തുടരുന്നു. അതൊരു സ്‌കിസോഫ്രീനിക് അനുഭവമാക്കി മിത്തിക്കല്‍ രൂപകത്തിലൂടെ അവതരിപ്പിക്കുകയാണ്. സ്ഥലകാലങ്ങളെ അസ്ഥിരമാക്കിയും യുക്തിയും സ്വസ്ഥതയും തകര്‍ത്തും സന്ദിഗ്ധതകളും സംത്രാസവും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന ആന്തരശക്തിക്ക് കവി നല്‍കിയിരിക്കുന്ന പേരാണ് വഴിപിണക്കി. വ്യക്തിയിലെ ആന്തരശൈഥില്യങ്ങള്‍, വിഭക്തവ്യക്തിത്വം ഇതിനൊക്കെ ഹേതുവാകുന്ന ദുരൂഹ നിലകളിലേക്കാണ് ഈ രൂപകൽപന വഴിതെളിക്കുന്നത്.
എല്ലാ നിഗൂഢവഴികളും തെളിച്ചെടുത്തു എന്നഭിമാനിക്കുമ്പോഴും വഴിയിണക്കത്തിന്റെയല്ല, വഴിപിണക്കത്തിന്റെ പ്രതിലോമശക്തിയാണ് മനുഷ്യനില്‍ എപ്പോഴും പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. അത് സഹജപ്രകൃതിയാണ്. വ്യക്തിയിലും സമൂഹത്തിലും സംസ്‌കാരത്തിലും ശാസ്ത്രത്തിലും കലാസാഹിത്യങ്ങളിലും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലുമെല്ലാം അന്തമില്ലായ്കയിലേക്ക്, പുതുവഴികളിലേക്ക് തെറ്റിച്ചുവിടുന്ന ഒരു ശക്തിയുണ്ട്. ഈ അതീതശക്തിയെ തിരിച്ചറിയുന്നതിന്റെ വിഭ്രാന്തിയാണ് ഈ കവിതയുടെ അബോധമനഃശാസ്ത്രം.
‘ടൈംലൂപ്’ സിദ്ധാന്തത്തിന്റെ കാവ്യപ്രവേശമാകുന്നു ‘ഒരുപാട് മുറിക്കുള്ളില്‍ ഒരു മുറി’. മനുഷ്യരാശിയുടെ ഭാഗധേയങ്ങളെ നോക്കിക്കാണാനുള്ള ഒരു സങ്കേതമായിട്ടാണ് കവി ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വളരെക്കാലം പാര്‍ത്ത മുറിയുമായ് നട്ടുച്ച വെയിലേറ്റ് ബസ് സ്റ്റാൻഡില്‍ ബസ് കാത്തുനില്‍ക്കുന്ന ഏകാകിയെ നാം ഈ കവിതയില്‍ കണ്ടുമുട്ടുന്നു. ആളുകള്‍ തന്നെ ശ്രദ്ധിക്കുന്നതായി അയാള്‍ അറിയുന്നുണ്ട്. ഏറെനേരം കഴിഞ്ഞ് തനിക്കു പോകേണ്ട വണ്ടിവന്നു. തിടുക്കപ്പെട്ടുഴറി ഒരു സീറ്റില്‍ മുറിവെച്ച് അതിനുള്ളിലിരുന്ന് ജനാല തുറന്ന് ലോകത്തെ കാണുകയാണയാള്‍.
‘‘നാളത്തെ നിലവിളി
ഇപ്പൊഴേ വിളിക്കുന്ന
മുഖവുമായാളുകള്‍
പാവകളെങ്ങനെയോ
അങ്ങനെ തന്നെയിരിക്കുന്നു
തെരുവില്‍ ജനങ്ങളോ
മറ്റൊന്നും ഗൗനിക്കാതെ
പ്രാണനും പിടിച്ചുകൊ-
ണ്ടോടുന്നു അതിവേഗം.’’
രായ്ക്കുരാമാനം വീട്ടിലെത്തി മുറി ഒരു മൂലയില്‍വെച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരു തരത്തിലും ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നൊടുവില്‍ ആരുമറിയാതെ കൊണ്ടുവെച്ച മുറിയില്‍ കയറിനോക്കുമ്പോള്‍, വായന പകുതി നിലച്ച പുസ്തകവും എടുക്കാന്‍ മറന്ന പിറന്നാള്‍ സമ്മാനവും മേശപ്പുറത്തുകാണുന്നു. നരച്ചു തുടങ്ങിയ പാന്റും ഷര്‍ട്ടും ഉടലിനെ പ്രതീക്ഷിച്ചു കിടക്കുന്നു. സ്വപ്നത്തില്‍ എന്നും വന്ന പെണ്ണ് നിറചിരിയുമായ് വിളിക്കുന്നു. വാതിലടച്ച് ഉറങ്ങാന്‍ കിടക്കവെ, ഒരു മുറി അതിനകത്ത് പിന്നെയും മുറി അങ്ങനെ അവസാനമില്ലാത്ത മുറികളുടെ വ്യൂഹത്തില്‍ അകപ്പെട്ടതായി അറിയുന്നു. അതിനുള്ളില്‍ കണ്ണീര്‍ ഘനീഭവിച്ച വാതില്‍, ജനാല, തട്ട്, തറ, ദുഃഖം ഘനീഭവിച്ച തലയണ ഒക്കെ കാണുന്നു.
പിന്നിട്ട അനേകം കാലങ്ങളുടെ ദുഃഖസ്മരണകളിരമ്പുന്ന വസ്തുക്കള്‍. ദുഃഖിതരും ഏകാകികളുമായ മനുഷ്യരുടെ ആവാസ ഇടങ്ങള്‍, കാലങ്ങള്‍ ഘനീഭവിച്ച രൂപത്തില്‍ കാണുകയാണ്. ദുഃഖിതരായ മനുഷ്യരുടെ കാലത്തെ ആന്തരികമായി ഉള്‍ക്കൊള്ളുന്നതിന്റെ ആഖ്യാനമാണീക്കവിത. യഥാർഥജീവിതം ടൈംലൂപ് സിദ്ധാന്തത്തിലൂടെ ആവിഷ്‌കരിക്കുകയാണ്. സൈദ്ധാന്തികമോ മനഃശാസ്ത്രപരമോ ആയ പ്രതിഭാസമായാണ് ഇവിടെ ടൈംലൂപ് പ്രത്യക്ഷപ്പെടുന്നത്. നിസ്വരായ മനുഷ്യരുടെ ഭൗതികവ്യഥകളിലേക്കുള്ള സഞ്ചാരത്തിന് ഈ സങ്കേതം ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. നിരാശയുടെയും ശൂന്യതയുടെയും ഭാവതരംഗങ്ങള്‍ സൃഷ്ടിക്കുന്നു ഈ കവിത.
അതിജീവന ഭാഷണങ്ങള്‍
ഭൗതികവ്യഥകളെ ടൈംലൂപ്പിയന്‍ കണ്ണടയിലൂടെ നോക്കുന്നതുപോലെ നിസ്വജീവിതയാഥാർഥ്യങ്ങളെ കടങ്കഥകള്‍ പോലെ ആഖ്യാനം ചെയ്യുന്നതും ഗോപന്റെ കവിതകളുടെ മറ്റൊരു പ്രത്യേകതയാണ്. അതിജീവനത്തിന്റെ അന്യാപദേശമാണ് പൂവങ്കോഴി. പക്ഷിമൃഗസഞ്ചയവും ആവാസവ്യൂഹവുമൊക്കെ പ്രതീകങ്ങളാക്കുന്ന ആഖ്യാനത്തിന്റെ പൊതുരീതിയില്‍നിന്നുമാറി അസാധാരണ ഭാവതലങ്ങള്‍ വിനിമയം ചെയ്യുന്നത് ഈ കവിതയില്‍ കാണാം. ഓര്‍മകള്‍, വസ്തുക്കള്‍, വാക്കുകള്‍, മനുഷ്യര്‍, ജീവിതം, കാലം ഇവയുടെ പ്രതിഷ്ഠാപനവും വീക്ഷണസ്ഥാനവുംകൊണ്ട് വേറിട്ട ജൈവസ്പര്‍ശവും ദാര്‍ശനികതയും ഇത്തരം കവിതകള്‍ക്ക് ലഭിക്കുന്നു. വീട്ടില്‍ വളര്‍ത്തുന്ന കോഴികളെക്കുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത്.
പൂവനും കുറെ പിടകളുമുണ്ടായിരുന്നു. അതില്‍ പൂവന്‍ തന്റെ സഹജപ്രകൃതംകൊണ്ട് കവിയുടെ ജീവിതസമയത്തില്‍ ഇടപെടുകയാണ്. അവന്റെ കൂകല്‍ എന്നും ഉറങ്ങിക്കിടക്കുന്ന കവിയുടെ കതകില്‍ മുട്ടിവിളിക്കും. കൃത്യസമയം അതെങ്ങനെ അറിയുന്നു എന്ന് കവി ആശ്ചര്യപ്പെടുന്നു. സൂര്യനെ ആദ്യം കാണുന്നത് പൂവങ്കോഴിയായിരിക്കുമോ എന്ന് സന്ദേഹിയാകുന്നു. സമയത്തിന്റെ ദൂതനായ പൂവങ്കോഴിയുടെയും മുട്ട തരുന്ന പിടക്കോഴികളുടെയും സമയചലനങ്ങളെ ശ്രദ്ധിക്കവെ അപാരമായ ചില തിരിച്ചറിവുകള്‍ കവിക്കുണ്ടാകുന്നു.
‘‘ഞങ്ങള്‍
ജോലിക്കു പോകുമ്പോള്‍
തിണ്ണയിലിരുന്നു റേഷന്‍പാറ്റും
അമ്മയോടെന്തോ കുശലം
ചോദിച്ച് കോഴികളെല്ലാം
പല നേരത്തെ വെയിലുകള്‍
ചിക്കി വെളിച്ചം
കൊത്തിത്തിന്നും
പൂവന്‍ കൊത്തിത്തിന്ന വെളിച്ചം
അങ്കവാലുകളില്‍
അലയായൊഴുകി
പിടക്കോഴികള്‍ കൊത്തിത്തിന്ന വെളിച്ചം മുട്ടയ്ക്കകത്ത്
കുഞ്ഞുസൂര്യനായ്.’’
എന്നാല്‍, ജീവിതത്തിന്റെ പരുക്കന്‍ യാഥാർഥ്യങ്ങള്‍ ഈ ദാര്‍ശനിക സൗന്ദര്യാനുഭവങ്ങളെ ഇല്ലാതാക്കുന്നു. കുട്ടികളുടെ ഫീസടക്കുന്നതിന് കോഴികളെയെല്ലാം വിറ്റു. പിറ്റേന്ന് കൃത്യസമയത്ത് ഉണര്‍ന്നുനോക്കുമ്പോള്‍, ഒരുപാട് നാളെയുടെ പുലര്‍കാലങ്ങളെ കൂവിക്കൂവി ഉണര്‍ത്തിയിട്ടാണ് പൂവങ്കോഴി മാഞ്ഞേ പോയത് എന്ന് തോന്നിപ്പിക്കുംവിധം ഒരു തൂവല്‍ വെയിലത്ത് കിടന്നു തിളങ്ങുന്നത് കാണുന്ന ദൃശ്യത്തിലാണ് കവിത അവസാനിക്കുന്നത്. നിസ്വജീവിതത്തിന്റെ ഭാവാഭാവങ്ങളില്‍നിന്നാണ് സൗന്ദര്യഭാവനകള്‍ പിറവികൊള്ളുന്നതെന്നും സൂക്ഷ്മയാഥാർഥ്യങ്ങളുടെ ഉദ്ഗ്രഥനമാണ് കവിതയെന്നും അടിവരയിടുന്നു ഈ രചന.
‘കൊളുന്തു നുള്ളുന്ന പക്ഷികള്‍’ എന്ന കവിതയിലും ജീവിതസങ്കടങ്ങളുടെ ദാര്‍ശനികമായ ആഖ്യാനം കാണാം. ഒരുകൂട്ടം അമ്മമാര്‍ സഞ്ചി നിറയെ സങ്കടങ്ങളുമായി കൊളുന്തു നുള്ളാന്‍ എന്നും കുന്നുകേറിപ്പോകുന്നു. അവരറിയാതെ സഞ്ചിയില്‍നിന്ന് കണ്ണുനീര്‍ ഇറ്റിറ്റുവീണ് അവയൊക്കെയുറഞ്ഞ് ഒരു വൈഡൂര്യമായ് വെളിച്ചത്തില്‍ കിടന്ന് തിളങ്ങുന്നു. എവിടെനിന്നോ രാത്രിയുടെ തുണ്ടുകള്‍ എന്നോണം കുറെ കറുത്ത പക്ഷികള്‍ അവിടെ പറന്നിറങ്ങി വൈഡൂര്യമണികള്‍ കൊത്തിയെടുത്ത് ഓരോ ദിശയിലേക്ക് പറന്നുപോകുന്നു. ഒറ്റക്കിരുന്ന് കരയുന്ന പെണ്‍കുട്ടികളുടെ മുറികളില്‍ അവ കൊണ്ടുവെക്കുകയാണ്. അതിന്റെ നേരിയ പ്രകാശം മുറിക്കുള്ളില്‍ നിറയുന്നു.
‘‘പക്ഷികളെല്ലാം കൂടി
ഒറ്റ പക്ഷിയായ് രാത്രിയായ്
ചിറകില്‍ നക്ഷത്രങ്ങളണിഞ്ഞ്
പറന്നുപറന്ന് പുലരുന്നു
അമ്മമാര്‍ പതിവുപോലെ
കുന്നുകയറുന്നു
അവരുടെ പേച്ചുകള്‍
കൊളുന്തുകളില്‍ പറ്റിയിരിക്കുന്ന
മഞ്ഞുകണങ്ങളെ തൊട്ടുണര്‍ത്തുന്നു.’’
ഇങ്ങനെ കാരുണ്യത്തിന്റെ അതീതഭാവനകള്‍ തിടംവെക്കുകയാണ്, അഴലിന് അതിഭൗതികമായ അഴകിന്റെ അതിജീവനഭാഷ നിർമിക്കുകയാണ്.

കളത്തറ ഗോപൻ,പി. രാമൻ
കവിതയുടെ അബോധം
പീഡയാണ് ഗോപന്റെ കവിതകളുടെ അബോധം. ദാരിദ്ര്യവും ഇല്ലായ്മകളും യുദ്ധവും രാഷ്ട്രീയ അരാജകത്വങ്ങളും ഭരണകൂട ഭീകരതകളും ഏറ്റുവാങ്ങേണ്ടി വരുന്ന ജനതയുടെ സഹനവും പ്രതിരോധവും ബിംബകൽപനകളില്‍, പ്രമേയങ്ങളില്‍ കടന്നുവരുന്നുണ്ട്. ജൈവ ബിംബങ്ങളിലൂടെയും പ്രകൃതി പരിസരങ്ങളിലും പൊതുഇടങ്ങളിലും പെരുമാറുന്ന ഏകാകികളുടെ പ്രതികരണങ്ങളിലൂടെയും ഇത്തരം അവസ്ഥകളെ വളരെ സ്വാഭാവികമായി, സുതാര്യമായി ചിത്രീകരിക്കുന്ന വേറിട്ടരീതി കാണാം. വീടില്ലാത്തവന്റെ സങ്കടം പ്രതിധ്വനിക്കുന്ന ‘മരംകൊത്തി’ എന്ന കവിതയും നഷ്ടപ്പെട്ടുപോയ മകളെ, മറ്റൊരു പെണ്‍കുട്ടിയെ കാണുമ്പോള്‍ ഓർമവരുകയും ഒരുവേള അവളെ മകളായി കാണുകയും എന്നാല്‍, പൊതുസമൂഹം തെറ്റിദ്ധരിക്കുകയും ചെയ്യുന്ന ഒരച്ഛനെ അവതരിപ്പിക്കുന്ന ‘പുറപ്പെട്ടുപോയ പെണ്‍കുട്ടി’ എന്ന കവിതയും ഇതിനുദാഹരണങ്ങളാണ്.
സുതാര്യമായ ഭാഷകൊണ്ട് സാധാരണജീവിത സന്ദര്‍ഭങ്ങളിലൂടെ മനുഷ്യാവസ്ഥയുടെ സംഘര്‍ഷസ്ഥലികളിലേക്ക് ഇറങ്ങിച്ചെല്ലുന്നു ഇത്തരം കവിതകള്‍. നിര്‍വചിക്കാനാവാത്ത, എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത, എന്തോ നഷ്ടപ്പെട്ടെന്ന തോന്നലില്‍ നിപതിച്ചുപോയ മനുഷ്യരെ ഈ കവിതകളില്‍ നിരന്തരം കണ്ടുമുട്ടാം. പ്രണയനഷ്ടങ്ങൾ അനുഭവിക്കുന്നവരുടെയും ജീവിതാസ്പദങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടവരുടെയും അബോധസങ്കടങ്ങളെ സ്വപ്നാത്മകമായി ചിത്രീകരിക്കുന്നു. ‘കൃഷിക്കാരുടെ കുട്ടികള്‍ തെരുവിലുറങ്ങുന്നു’ എന്ന കവിതയില്‍, സമരത്തില്‍ പങ്കെടുക്കുന്നതിന് ഗോതമ്പുചെടികളും നെല്‍ച്ചെടികളും ചെറിയ ഇടവഴികളിലൂടെ ജാഥയായി വരുന്നത് സ്വപ്നം കണ്ടുറങ്ങുന്ന കുട്ടിയെക്കുറിച്ച് പറയുന്നു. കാരുണ്യപ്രവൃത്തികള്‍പോലും വ്യർഥവും അർഥശൂന്യവുമായിത്തീരുന്നത് ‘ഷോക്കേറ്റുവീണ പക്ഷി’ എന്ന കവിതയില്‍ വായിക്കാം. പീഡയുടെയും ഭീതിയുടെയും ആഘാതങ്ങള്‍ നഗരങ്ങളില്‍ നിറയുന്നത് കവി കാണുന്നു. ‘മരങ്ങളെ നോക്കിയിരിക്കുന്ന പെണ്‍കുട്ടി’യില്‍ ഇത്തരമൊരു ദുരന്തചിത്രം വരക്കുന്നു. നാഗരികതയുടെ എടുപ്പുകള്‍ നിലംപതിക്കുകയാണ്. മരങ്ങളില്‍, ഇലകളില്‍, പൂക്കളിലാകമാനം രക്തവർണം കലരുന്നതും പൂര്‍ണ ചന്ദ്രന്‍ രക്തക്കനിയായി ചോരനിലാവ് പരക്കുന്നതും കാണുന്നു.
അതിസാങ്കേതിക യുഗത്തില്‍ കേവല വൈകാരികതകള്‍ക്ക് ഒരു പ്രാധാന്യവുമിെല്ലന്ന് തിരിച്ചറിയുന്നു. അതിനാല്‍, പുതിയ വിചാരഭാഷയും ശാസ്ത്രീയമായ തീര്‍പ്പുകളും കണ്ടെത്തുന്നു. അടുപ്പം, അകലം, ഓർമ, നഷ്ടം ഇവയെ അതിഭൗതിക ചിന്തകൊണ്ടു നേരിടുന്നു. വിരഹത്തിന്റെ നാഗരികഭാഷ, ‘ഒരേ നഗരത്തില്‍’ എന്ന കവിതയിലെഴുതുന്നത് ഇങ്ങനെയാണ്:
‘‘ഞാന്‍ നിന്നെയും നീ എന്നെയും/അതിയായ് ആഗ്രഹിക്കുന്നു/നിന്റെ ഓർമയില്‍ ഞാനും/എന്റെ ഓർമയില്‍ നീയും/നീറി നീറി ജീവിക്കുന്നു/നമ്മള്‍ കണ്ടുമുട്ടുന്ന നിമിഷം/നമ്മുടെ പ്രണയം നഷ്ടമാകുമെന്നും ഭയക്കുന്നു.’’
പുതുകാലത്തിന്റെ വൈകാരികനില, ‘അടുപ്പവും അകലവും’ എന്ന കവിതയില്‍ ശാസ്ത്രീയമായ തീര്‍പ്പുകളോടെ പ്രത്യക്ഷപ്പെടുന്നു.
‘‘ദൂരെയെവിടെയോ നീയുണ്ടെന്ന/തോന്നലില്‍ ഞാന്‍ ജീവിക്കുന്നു
നീയതുപോലെ ജീവിച്ചെങ്കില്‍/എന്നു ഞാനാശിക്കുന്നു/അടുപ്പത്തില്‍ നിന്നുള്ളതിനേക്കാള്‍/ദൂരത്തിലിരിക്കുന്ന നീ സ്‌നേഹമയിയാണ്/നമുക്ക് ആകാശം ദൂരവും/പറവകള്‍ക്കടുപ്പവും.’’
ഇങ്ങനെ ദൂരത്തിന്റെയും അടുപ്പത്തിന്റെയും കാവ്യയുക്തികള്‍കൊണ്ട് അഭാവങ്ങളെ ഭാവങ്ങളായി കാണാന്‍ പരിശീലിപ്പിക്കുന്നു.
അസ്തിത്വത്തിന്റെ അവസ്ഥാന്തരങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി പുതിയ കാവ്യസങ്കേതങ്ങള്‍ കണ്ടെടുക്കുന്നതിലൂടെയാണ് ഗോപന്റെ കവിതകള്‍ സമകാല കവിതയില്‍ പുതിയ ഭാവുകത്വം അടയാളപ്പെടുത്തുന്നത്. അത് നമ്മുടെ സ്ഥലകാല സങ്കൽപത്തെയും അവബോധത്തെയും തകിടംമറിക്കുകയും കാഴ്ചക്കും അനുഭവത്തിനും പുതിയ വ്യാകരണം നിർമിക്കുകയും ചെയ്യുന്നു. ദൃശ്യവിനിമയത്തിന്റെ ലോകത്ത് കവിത അബോധത്തിന്റെ ദൃശ്യഭാഷ സൃഷ്ടിക്കുന്നു. ഭൗതികതയെ അതിഭൗതികമായ ചിന്തകള്‍കൊണ്ട് അളക്കുകയും കവിതയിലേക്ക് പരുവപ്പെടുത്തുകയും ചെയ്യുന്നു. സ്ഥലകാല സങ്കൽപങ്ങളും ക്വാണ്ടം ഭൗതികത്തിന്റെ ദര്‍ശനങ്ങളും കവിക്ക് ഇതിന് ആസ്പദമായിത്തീരുന്നുണ്ട്.
ഉയര്‍ന്നും താണും ഉയര്‍ന്നും താണും തുടരുന്ന അനുസ്യൂതമായ പ്രപഞ്ചഗതീയതകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യജീവിതത്തിന്റെ വ്യർഥത ഭ്രമാത്മകദൃശ്യങ്ങളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രപഞ്ചമാകെ നിറയുന്ന സ്‌നേഹത്തിന്റെ ഭാഷ തിരിച്ചറിയാതെ യുദ്ധത്തിലും സംഹാരത്തിലും ആനന്ദം കണ്ടെത്തുന്നവരെ സഹതാപത്തോടെ നോക്കുന്നു. ദൃശ്യേതരമായ അനുഭവങ്ങള്‍ക്ക് ഭാഷനല്‍കുന്നു. കാൽപനികഭാവനയെ ശാസ്ത്രഭാവനയാല്‍ പരീക്ഷണവിധേയമാക്കുന്നു. ചായയോടൊപ്പം കുയില്‍പ്പാട്ട്, വിമാനത്തില്‍ ഒരു യക്ഷന്‍ തുടങ്ങിയ കവിതകള്‍ സമകാല മലയാള കവിതയിലെ ഹൈടെക് കുതിപ്പുകളാണ്. മാറുന്ന കാലത്തെയും ലോകത്തെയും ശാസ്ത്രീയ മുന്നേറ്റങ്ങളെയും ദൃശ്യമാധ്യമ സംസ്‌കാരം സൃഷ്ടിക്കുന്ന അവബോധത്തെയും വെല്ലുവിളിച്ചുകൊണ്ട് കവിത അതിന്റെ ശുദ്ധവും നൈസർഗികവും സാമൂഹികവും ധൈഷണികവുമായ നിലകളെയും നിലപാടുകളെയും വീണ്ടെടുക്കുന്നതിന്റെ ധീരപരീക്ഷണങ്ങളാണ് കളത്തറ ഗോപന്റെ കവിതകള്‍.
