പാർശ്വവത്കൃതരുടെ സൂര്യൻ
camera_altസൂര്യനസ്തമിക്കാത്ത മനുഷ്യൻ
സി കെ ഷാജിബ്
ഗ്രാസ് റൂട്ട്
പേജ്: 310
വില: 450
ആരുടെ കഥകളാണ് എഴുതപ്പെടേണ്ടത്? ചരിത്രം ഒഴിവാക്കിയ മനുഷ്യർ.. തിന്നും കുടിച്ചും രമിച്ചും മരിച്ചു പോവുന്ന മനുഷ്യരുണ്ടല്ലോ..ആരാണ് അവരുടെ കഥ എഴുതുന്നത്?
''കാലത്തെ എന്നും അടയാളപ്പെടുത്തിയിരുന്നത് സമ്പൂർണ്ണരല്ല...മറിച്ച് നിസ്വരായിരുന്നു"
ഒരു നോവലിന്റെ വിശാലമായ ക്യാൻവാസിൽ പല ദേശക്കാരും എത്തുന്നു. അവരുടെ വ്യവഹാരങ്ങളും പ്രണയങ്ങളും നൊമ്പരങ്ങളും നോവലിന്റെ നാഡീ ഞരമ്പുകളായി മാറുന്നു. കുടിയേറ്റക്കാരനായ അപ്പന്റെ കരിങ്കാലനായ മകൻ ഡൊമിനിക് തോമസ് അത്തരം ഒട്ടേറെ മനുഷ്യരെ കണ്ടുമുട്ടുന്നു. അവരെയൊക്കെ നിരീക്ഷിച്ചുകൊണ്ട് മറ്റൊരാൾ ജംബുകൻ എന്ന നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മൃഗം.. അത്തരമൊരു നോവലിലൂടെ സഞ്ചരിക്കുക എന്നത് വലിയൊരു വായനാനുഭവമാണ്.
മണ്ണുത്തിയിലെ വെറ്ററിനറി കോളേജ് ആണ് നോവലിന്റെ ഭൂമിക. ഒരു പക്ഷേ ഇങ്ങനെയൊരു സ്ഥലത്ത് ഒരു നോവൽ വികസിക്കുന്നത് മലയാളത്തിൽ ആദ്യമായാവും. കഥാപാത്രങ്ങൾ മൃഗഡോക്ടർമാർ ആകുന്നത്, അവർ മണ്ണിനെ പ്രണയിക്കുന്നവരാകുന്നത്, നൂറ് സിംഹാസനങ്ങളിലെ ധർമ്മപാലനെ പോലെ അവിടെയും ഒരു സുരേഷ് കുമാർ സൃഷ്ടിക്കപ്പെടുന്നത് ഒക്കെ ഒരു പക്ഷേ ആദ്യമാവും. ആ സാഹചര്യത്തെ നന്നായി അറിഞ്ഞ ഒരാൾക്ക് മാത്രമേ അങ്ങനെയൊന്നു എഴുതാനാവൂ..
പേൾ എസ്. ബക്കിന്റെ നല്ല ഭൂമിയിലെ ജീവിതം പോലെ മണ്ണിൽ അധ്വാനിക്കുന്ന കർഷകരുടെ കഥയായി തുടങ്ങി, ക്യാമ്പസിലേക്ക് വികസിക്കുന്ന നോവലാണ് സൂര്യൻ അസ്തമിക്കാത്ത മനുഷ്യൻ. ഒട്ടേറെ കഥാപാത്രങ്ങളുടെ സൂക്ഷ്മമായ ജീവിതത്തിലേക്ക് നോവലിസ്റ്റ് കടന്നു പോകുന്നു. ആത്മാവു കൊണ്ട് പ്രണയിച്ച സീതാലക്ഷ്മിയും സിത്താരയെ പോലെ എന്നും തടവറയിലായവളും തോമസിനെ പോലെ പ്രതിബന്ധങ്ങളെ തച്ചുടച്ച് വളർന്നവനും ഒക്കെ മനസ്സിൽ നിറയുന്നു. ക്യാമ്പസുകളിലെ അസ്വസ്ഥതകൾക്കിടയിൽ ലഹരി കൊണ്ട് മതി മറക്കുമ്പോഴും ജീവിതത്തെ ദർശിക്കാൻ അവർക്കാവുന്നു.
കർഷകരുടെ വരുമാന മാർഗം കൂടിയായ കന്നുകാലികളെ ചികിത്സിക്കുന്നവരെ സംബന്ധിച്ച് പലപ്പോഴും അവരുടെ രോഗികളെക്കാൾ ഉടമകളെ നോക്കി കാണേണ്ടി വരുന്നു. വീടിന്റെ പിന്നാമ്പുറത്താണ് എപ്പോഴും തൊഴുത്ത്. മുൻവശം ഒരു പക്ഷേ സമ്പന്നതയുടെ പളപളപ്പ് തോന്നും വിധം ആകർഷകമാക്കാൻ ശ്രമിച്ചാലും പിന്നാമ്പുറം യാഥാർഥ്യങ്ങളുടെ അരങ്ങായി മാറും. പല ഡോക്ടർമാരും വെറും കച്ചവടക്കാരായ മാറുമ്പോൾ, ഡോ. ജയകൃഷ്ണനെ പോലെയുള്ളവർ സർക്കാർ മേഖലയിൽ പ്രതിബന്ധങ്ങൾക്കിടയിലും സേവനമനുഷ്ടിക്കുന്നു. എന്നിട്ടും തോമസിനെ പോലെയുള്ള മനുഷ്യർക്ക് അവിടം പറ്റാത്ത ഇടമായി മാറുന്നുണ്ട്. കോംപ്രമൈസുകളുടെയും അഡ്ജസ്റ്റ്മെന്റുകളുടെയും ലോകത്ത് മാനവികതക്ക് പലപ്പോഴും സ്ഥാനമില്ലാതെ വരുന്നു.
ജമ്പു ബ്രോയുടെ സംഭാഷണങ്ങൾ പി. മധുസൂദനന്റെ കവിതയെ ഓർമിപ്പിക്കുന്നു. മനുഷ്യനെ നിരീക്ഷിച്ചിട്ട് മൃഗങ്ങൾ പറയുന്നത് ‘എന്തുമാതിരി ജന്തുക്കളാണിവർ’ എന്നാണ്. മനുഷ്യന്റെ ആർത്തിയും രതിയോടുള്ള സമീപനവും പലപ്പോഴും അത്ഭുതമായി തോന്നാം. പ്രണയമേ ഇല്ലാത്ത രതിയിൽ അഭിരമിച്ചിട്ട് അതിനെ മൃഗീയം എന്നു വിളിക്കുകയാണ്. സത്യത്തിൽ മൃഗീയമെന്ന പ്രയോഗം പോലും തെറ്റാണ്. കാരണം മൃഗങ്ങൾ ഒരിക്കലും ആഹാരത്തിനു വേണ്ടിയല്ലാതെ ഹിംസിക്കാറില്ല. അവർക്ക് ഈഗോയുമില്ല.
ഈ നോവൽ ആദ്യ നോവലാണെന്നു വിശ്വസിക്കാൻ പ്രയാസമുണ്ട്. അത്രമേൽ കൈയടക്കത്തോടെയാണ് ആഖ്യാനം. ആമുഖമെഴുതിയ എഴുത്തുകാരനും അധ്യാപകനും പി.എസ്.സി അംഗവുമായ ഡോ പി.പി. പ്രകാശൻ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നോവലിസ്റ്റ് ഡോ. സി.കെ. ഷാജിബ് കേരള പബ്ലിക് സർവിസ് കമീഷൻ അംഗമാണ്. മൃഗ സംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജനായി പ്രവർത്തിച്ച അനുഭവങ്ങൾ ഈ നോവലിൽ വിളക്കി ചേർത്തിട്ടുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും മിഴിവ് നൽകാൻ ശ്രമിച്ചിട്ടുണ്ട്.
മോയിൻകുട്ടി വൈദ്യരുടെ ഇശൽ പാടുന്ന സൈതലിക്കോയ തന്റെ ഉമ്മാനെ വിളിച്ചു കരയുന്നു. ഓരോ ജീവിതങ്ങളിലും ദുഃഖങ്ങളിലും വേദനകളിലും മനുഷ്യരോടൊപ്പം എല്ലാകാലത്തും എല്ലാ ദേശത്തും സംഗീതമുണ്ട്. ഹിന്ദുസ്ഥാനിയും മെഹ്ഫിലും യൂസഫലി കേച്ചേരിയുടെ വരികളും ഒക്കെ പലയിടത്തായി പാടുന്നുണ്ട്.
പ്രണയങ്ങൾക്ക് വിലക്കുകൾ ഇല്ലാത്ത കാലത്ത് സ്ഥലങ്ങൾക്ക് എന്താണ് പ്രസക്തി എന്നതു പോലുള്ള ചോദ്യങ്ങൾ ഉണർത്തുന്നുണ്ട്. എക്കാലവും ശരിയായ പ്രണയം ദിവ്യമാണ്. ആത്മാക്കൾ കൊണ്ട് പ്രണയിക്കുന്നവർ അനശ്വരരാണ്. പ്രണയത്തെ പോലും ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമാക്കിയ കാലമാണ്. അവിടെ പ്രണയത്താൽ അനശ്വരയായ കഥാപാത്രമാണ് സീതാലക്ഷ്മി. സീതാലക്ഷ്മിയുടെ കണ്ണീർ വായനക്കാരനിലേക്കു പകരാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.
അഗ്നിരൂപെന്ന പിൻഗാമിയിലൂടെ തോമസ് തന്റെ കഥ പറയുന്നു. ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല എന്ന ബഷീറിയൻ ഫിലോസഫി ഈ നോവലിന്റെ പിന്നണിയിലുണ്ട്. ജൈവികതയുടെ ഏറ്റവും അടിസ്ഥാന ഘടകം മരങ്ങൾ ആണെന്നും മനുഷ്യൻ പോലും മരമായി മാറാൻ ത്വര കാണിക്കുന്നുവെന്നും വെജിറ്റേറിയൻ എന്ന നോവലിൽ പറയുന്നുണ്ട്. മരത്തിനുമുണ്ടല്ലോ ജീവൻ. മരത്തിന്റെയും ജീവികളുടെയും മണ്ണിന്റെയും ദൈവികതയുടെ ഗന്ധം ഈ പുസ്തകത്തിന്റെ താളുകളിൽ നമുക്ക് ലഭ്യമാകുന്നു. അതേ താളക്രമത്തിൽ രതിയും ചേരുന്നുണ്ട്. ഉത്തമ ഗീതം മനുഷ്യന്റെ കാമനകളെയാണല്ലോ വിവരിക്കുന്നത്. വിശുദ്ധ ബൈബിളിന്റെ വചനങ്ങൾ ഓരോ അധ്യായത്തോടും ചേർന്നിരിക്കുന്നു. വചനം ദൈവത്തോട് കൂടിയാകുമ്പോൾ, വചനം ദൈവമാകുമ്പോൾ ജീവിതം തന്നെ ദൈവം പകർന്നു തന്ന സ്നേഹമായി മാറുകയാണ്.
മലയാള നോവൽ അതിന്റെ വികാസ പരിണാമങ്ങളിലൂടെ വിവിധ ദശകൾ പിന്നിട്ടു കഴിഞ്ഞു. എത്രയോ പരീക്ഷണങ്ങളുമായി അത് മുന്നേറുകയാണ്. ചില നോവലുകളിൽ പൊറ്റെക്കാട്ടിന്റെ അതിരാണിപ്പാടത്തെ പോലെ ഒട്ടേറെ കഥാപാത്രങ്ങൾ നിറയും. ചിലതിൽ എം.ടിയുടെ മഞ്ഞ് പോലെ വിമലയും അവളുടെ മനസ്സും മാത്രം ഒതുങ്ങും. ചിലവയിൽ ടി.ഡി. രാമകൃഷ്ണന്റെ നോവലുകളെ പോലെ വൈജ്ഞാനികമായ കാഴ്ചകളും ചിന്തകളും നിറയും. പൊതുവെ നോവുകളുടെ കഥയാണ് നോവലുകളിൽ പറയുക. അത് അന്താരാഷ്ട്രമാണെങ്കിലും പ്രാദേശികമാണെങ്കിലും ജീവിതങ്ങളെയാണ് പ്രതിനിധീകരിക്കുക.സി.വിയുടെ ചരിത്ര ദർശനവും ചന്ദുമേനോന്റെ മാനുഷിക വീക്ഷണവും രണ്ടു ധാരകളായി നീങ്ങുന്നു. പുതിയ എഴുത്തുകാർ പലരും ഈ രണ്ടു ധാരയും സമന്വയിപ്പിക്കുന്നു.
തീർച്ചയായും ഒരു മികവാർന്ന വായനാനുഭവമായി സൂര്യനസ്തമിക്കാത്ത മനുഷ്യൻ മാറി. ഈ നോവലിന്റെ എല്ലാ സവിശേഷതകളിലൂടെയും കടന്നു കയറാൻ ഈ ചെറു കുറിപ്പിന് കഴിഞ്ഞിട്ടില്ല. ഓരോ കഥാപാത്രങ്ങളുടെയും സൂക്ഷ്മാംശത്തിലേക്കു തിരിയുന്ന ഒരു വിലയിരുത്തൽ ഈ നോവൽ അർഹിക്കുന്നുണ്ട്. പുസ്തകങ്ങളുടെയും പ്രസാധകരുടെയും വിപണിയുടെയും പെരുവെള്ള പാച്ചിലിൽ ഈ നോവൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.
.
