Begin typing your search above and press return to search.
proflie-avatar
Login

വേർപിരിയലുകളുടെ സന്ദർഭ സന്ദേഹങ്ങൾ

വേർപിരിയലുകളുടെ   സന്ദർഭ സന്ദേഹങ്ങൾ
cancel

വിഖ്യാത സ്പാനിഷ് നോവലിസ്റ്റ് ഇസബെൽ അല്ലെൻഡെയുടെ നോവലായ ‘The Wind Knows My Name’ ആണ് തന്റെ പംക്തിയിൽ ലേഖകൻ വായിക്കുന്നത്. കാൽപനിക താളുകളിൽനിന്ന് പ്രായോഗിക പരിസരങ്ങളിലേക്ക് ഫിക്ഷൻ സഞ്ചരിക്കുന്നതിന്റെ ദൃഷ്ടാന്തംകൂടിയാണ് ഈ നോവൽ എന്നും എഴുതുന്നു. പലായനം സൃഷ്ടിക്കുന്ന മുറിവിന്റെ ആഘാതം എത്രമാത്രമാണെന്ന് പറയേണ്ട കാര്യമില്ല. ലോകമെമ്പാടുമുള്ള എഴുത്തുകളിൽ അത് ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുമുണ്ട്. മറക്കാൻ ആത്മാർഥമായി ശ്രമിച്ചിട്ടും സാധിക്കാത്ത ഓർമകളുടെ സഞ്ചയത്തെ പലതരത്തിൽ അവതരിപ്പിക്കുക എന്നതൊരു സാഹിത്യസങ്കേതമാണ്. ലബ്ധപ്രതിഷ്ഠ നേടിയ എഴുത്തുകാരുൾപ്പെടെയുള്ളവർ അത്തരമൊരു സാധ്യതയിൽ...

Your Subscription Supports Independent Journalism

View Plans
വിഖ്യാത സ്പാനിഷ് നോവലിസ്റ്റ് ഇസബെൽ അല്ലെൻഡെയുടെ നോവലായ ‘The Wind Knows My Name’ ആണ് തന്റെ പംക്തിയിൽ ലേഖകൻ വായിക്കുന്നത്. കാൽപനിക താളുകളിൽനിന്ന് പ്രായോഗിക പരിസരങ്ങളിലേക്ക് ഫിക്ഷൻ സഞ്ചരിക്കുന്നതിന്റെ ദൃഷ്ടാന്തംകൂടിയാണ് ഈ നോവൽ എന്നും എഴുതുന്നു.

പലായനം സൃഷ്ടിക്കുന്ന മുറിവിന്റെ ആഘാതം എത്രമാത്രമാണെന്ന് പറയേണ്ട കാര്യമില്ല. ലോകമെമ്പാടുമുള്ള എഴുത്തുകളിൽ അത് ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുമുണ്ട്. മറക്കാൻ ആത്മാർഥമായി ശ്രമിച്ചിട്ടും സാധിക്കാത്ത ഓർമകളുടെ സഞ്ചയത്തെ പലതരത്തിൽ അവതരിപ്പിക്കുക എന്നതൊരു സാഹിത്യസങ്കേതമാണ്. ലബ്ധപ്രതിഷ്ഠ നേടിയ എഴുത്തുകാരുൾപ്പെടെയുള്ളവർ അത്തരമൊരു സാധ്യതയിൽ വിശ്വാസമർപ്പിക്കുന്നു. സമകാല സാഹിത്യത്തിന്റെ വിനിമയലോകം പരിശോധിച്ചാൽ, പലായനവും കുടിയേറ്റവും രേഖപ്പെടുത്താനുള്ള പ്രവണതകൾ കൃത്യമായും വ്യക്തമാവും.

വിഖ്യാത സ്പാനിഷ് നോവലിസ്റ്റ് ഇസബെൽ അല്ലെൻഡെയുടെ നോവലായ ‘ദ വിൻഡ് നോസ് മൈ നെയിം’ (The Wind knows My Name) പ്രതിപാദിക്കുന്നതും മറ്റൊന്നല്ല. പെറുവിലെ ലിമയിൽ ജനിച്ച ഇസബെൽ കുട്ടിക്കാലത്തുതന്നെ ചിലിയിൽ എത്തിച്ചേരുകയും പിന്നീട് നിരന്തരം പലായനങ്ങൾക്ക് വിധേയയാവുകയും ചെയ്യുകയായിരുന്നു. 1973ൽ ചിലിയിൽ നടന്ന സൈനിക അട്ടിമറിയെത്തുടർന്ന്, അവർക്ക് വെനിസ്വേലയിലേക്ക് മാ​േറണ്ടിവന്നു. പിന്നീട്, 1987ൽ അവർ അമേരിക്കയിൽ താമസം ആരംഭിച്ചു.

1982ൽ പുറത്തിറങ്ങിയ ‘The House of the Spirits’ എന്ന ആദ്യ നോവലിലൂടെതന്നെ ഒരു എഴുത്താൾ എന്നതരത്തിൽ ഇസബെൽ അല്ലെൻഡെ പ്രസിദ്ധിയാർജിച്ചു. ചുരുക്കത്തിൽ, യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രത്യാഘാതങ്ങൾ സഹിക്കേണ്ടിവരുന്ന ജനതയുടെ അനുഭവങ്ങളോട് ഇസബെലിന്റെ എഴുത്ത് താദാത്മ്യം പ്രാപിക്കുന്നുണ്ട്. നീറുന്ന രാഷ്ട്രീയ ചുറ്റുപാടിലും അസ്വസ്ഥജനകമായ മാനുഷികപരിസരങ്ങളിലാണ് നോവലിസ്റ്റിന്റെ ശ്രദ്ധ. രാഷ്ട്രീയ സ്വാർഥതയും നിക്ഷിപ്ത താൽപര്യങ്ങളും എങ്ങനെയാണ് കുഞ്ഞുങ്ങളടക്കമുള്ള സമൂഹത്തിനു പ്രതിലോമകരമാവുന്നത് എന്നതിന്റെ ചിത്രീകരണംകൂടിയായി മേൽപ്പറഞ്ഞ നോവൽ പരിണമിക്കുന്നു.

1938ൽ നാസി അധിനിവേശ വിയനയിൽനിന്ന് രക്ഷപ്പെട്ട ഒരു ആൺകുട്ടിയുടെയും 2019ൽ എൽസാൽവഡോറിലെ പട്ടാളനീക്കങ്ങളിൽനിന്ന് രക്ഷപ്പെട്ട ഒരു പെൺകുട്ടിയുടെയും കഥയായാണ് ‘The Wind Knows My Name’ പുരോഗമിക്കുന്നത്. നാസി അധിനിവേശവും അരാജകത്വവും കൊടുമ്പിരിക്കൊണ്ട 1930കളുടെ അവസാനം ഓസ്ട്രിയയിലെ ജൂതർക്കെതിരെ ഹിറ്റ്ലറുടെ പടപ്പുറപ്പാടിന് ലോകം സാക്ഷ്യംവഹിച്ചു. സാമുവൽ അഡ്‌ലർ എന്ന ജൂതകുട്ടിയെ വിയനയിൽനിന്ന് കിൻഡർട്രാൻസ്പോർട്ട് വഴി രക്ഷപ്പെടുത്തുന്ന രംഗത്തോടെയാണ് നോവൽ ചടുലമാവുന്നത്.

(1938 ഡിസംബറിനും 1939 സെപ്റ്റംബറിനും ഇടയിൽ നാസി അധിനിവേശ ജർമനി, ഓസ്ട്രിയ, ചെക്കോസ്ലോവാക്യ, പോളണ്ട് എന്നിവിടങ്ങളിൽനിന്ന് ഏകദേശം 10,000 ജൂതകുട്ടികളെ ഗ്രേറ്റ് ബ്രിട്ടനിലേക്ക് കൊണ്ടുവന്ന ഒരു രക്ഷാപ്രവർത്തനമായിരുന്നു കിൻഡർട്രാൻസ്പോർട്ട്.) പതിനേഴു വയസ്സിന് താഴെയുള്ള പതിനായിരം കുട്ടികളെ സ്വീകരിക്കാൻ ഗ്രേറ്റ് ബ്രിട്ടൻ വാഗ്ദാനം ചെയ്തത് പ്രകാരം സാമുവൽ അടക്കമുള്ള കുട്ടികൾ അങ്ങോട്ട് പോകാൻ തയാറായി. വിയനയിലെ സമൂഹത്തെ പൊതുവെയും ജൂതസമൂഹത്തെ പ്രത്യേകിച്ചും അടയാളപ്പെടുത്തിയ മതനിരപേക്ഷരും വിദ്യാസമ്പന്നരുമായ മധ്യവർഗത്തിൽ പെട്ടവരായിരുന്നു സാമുവലിന്റെ കുടുംബം. അവർ ഭൗതിക സമ്പത്തിനേക്കാൾ വിദ്യാഭ്യാസത്തെയാണ് വിലമതിച്ചത്. ചരിത്രത്തിലുടനീളം ആവർത്തിച്ച് സംഭവിച്ചതുപോലെ, അവരുടെ സ്ഥാവര-ജംഗമവസ്തുക്കൾ കൊള്ളയടിക്കപ്പെടാമായിരുന്നു.

 

പക്ഷേ, ആർക്കും അവരുടെ ബൗദ്ധികസ്വത്തുക്കൾ അപഹരിക്കാൻ കഴിഞ്ഞില്ല. ആര്യൻ വംശജരുടെ സ്വത്തുവകകൾ നശിപ്പിക്കുന്നത് ഒഴിവാക്കാൻ നിർദേശങ്ങൾ ഉണ്ടായിരുന്ന ജർമൻ സൈന്യം കൃത്യമായി തിരഞ്ഞുപിടിച്ച് ജൂതരെ ആക്രമിക്കുകയും ചെയ്തു. ഭയന്നതുപോലെ, സാമുവലിന്റെ അച്ഛനായ റുഡോൾഫ് അഡ്‌ലർ ഒരിക്കലും വീട്ടിലേക്ക് മടങ്ങിവന്നില്ല. ഇനി ഒരിക്കലും അയാൾ റേച്ചലിനെയോ സാമുവലിനെയോ കാണുകയുമില്ല. പുലരുവോളം ആകാശത്ത് തീജ്വാലകൾ ജ്വലിച്ച ഒരു രാത്രി അയാളെ നാസികൾ കൊലപ്പെടുത്തുകയായിരുന്നു. നാസി സൈന്യം ഉന്മൂലനംചെയ്ത അച്ഛന്റെ ഗതി ഉണ്ടാകാതിരിക്കാൻ, മകനെയെങ്കിലും സുരക്ഷിതനാക്കുക എന്ന അമ്മയുടെ തീരുമാനമാണ് സാമുവലിന്റെ പ്രയാണത്തിന് പിന്നിൽ പ്രവർത്തിച്ചത്.

സാമുവലിനെയും അമ്മയായ റേച്ചലിനെയും നാസികളിൽനിന്ന് ഒളിപ്പിച്ച അയൽവാസിയായിരുന്ന കേണൽ വോൾക്കർ അവന് ധൈര്യമേകാനായി ഒരു മെഡൽ ചാർത്തിക്കൊടുക്കുകയും ചെയ്തു. ജീവൻ രക്ഷപ്പെടുത്താനുള്ള ഉദ്യമത്തിൽ കുടുംബം പലവഴിക്കായി പിരിയേണ്ടിവരുന്നു എന്നത് സങ്കടകരമായ അവസ്ഥയാണ്. ഗത്യന്തരമില്ലാതെ അതിലൂടെ കടന്നുപോകുന്ന മനുഷ്യരെ നാം ഈ ആഖ്യാനത്തിൽ കാണുന്നു. വയലിൻ വായനയിൽ പ്രാഗല്ഭ്യം പ്രകടമാക്കിയ പ്രതിഭയായിരുന്നു കൊച്ചു സാമുവൽ. വയലിൻ കൂടെ കൊണ്ടുപോകാൻ അനുവദിക്കില്ല എന്ന അധികൃതരുടെ ഉത്തരവിനെ പൊതുമധ്യത്തിൽ വയലിൻ അതിമനോഹരമായി വായിച്ചുകൊണ്ട് അവൻ മറികടന്നു. സാമുവലിന്റെ തുടർന്നുള്ള ജീവിതവും സംഘർഷങ്ങളും നോവലിലെ ഒരു ധാരയായി തീരുകയാണ്.

സാമുവലിന്റെ ബാല്യം പലായനത്തിന്റെയും അക്രമത്തിന്റെയും ലോകയുദ്ധത്തിന്റെയും അലയൊലികളാൽ മുഖരിതമായിരുന്നു. 1945ൽ രണ്ടാം ലോകയുദ്ധത്തിന് അവസാനം, കോൺസെൻട്രേഷൻ ക്യാമ്പുകളൊക്കെ ഉപേക്ഷിക്കേണ്ടിവന്ന കാലത്ത് അച്ഛനമ്മമാർ തന്നെ തേടിവരുമെന്ന് പ്രതീക്ഷ സാമുവൽ പുലർത്തി. എന്നാൽ, അതൊരിക്കലും നടക്കാതെ പോയി. ലക്ഷക്കണക്കിന് ജൂതരെ ഉന്മൂലനംചെയ്ത നാസികളുടെ ക്രൂരതയെ കുറിച്ച് സാമുവലിൽനിന്ന് അധിക കാലത്തേക്ക് മറച്ചുവെക്കാൻ സാധിച്ചില്ല. ന്യൂസ് റീലുകളായി പുറത്തുവന്ന ആ കാഴ്ചകൾ കാണാനിടയായ സാമുവലിനു പഴയജീവിതം തിരിച്ചുകിട്ടുമെന്ന സ്വപ്നം നഷ്ടമാവുകയായിരുന്നു. നഷ്ടങ്ങളുടെ ഭാണ്ഡവും പേറിക്കൊണ്ടുള്ള യാത്രയാണ് തുടർജീവിതമെന്ന ലളിതയുക്തി അയാളിൽ ഉറപ്പിക്കപ്പെടുകയും ചെയ്‌തു.

അനിത ഡയസ് എന്ന കാഴ്ചപരിമിതിയുള്ള പെൺകുട്ടി സമകാലത്തെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രമാണ്. ജന്മനാ അന്ധയല്ലാതിരുന്ന അനിതക്ക് പിന്നീട് ഒരു അപകടത്തെ തുടർന്നാണ് കാഴ്ചക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. എൽസാൽവഡോറിൽനിന്നുള്ള അനിത അരാജകത്വം നിറഞ്ഞ സാഹചര്യത്തിൽനിന്ന് രക്ഷ നേടാനായി അമ്മയോടൊപ്പം പലായനം ചെയ്യാൻ നിർബന്ധിതയായതായിരുന്നു. രാഷ്ട്രീയ അസ്ഥിരതയുടെ ഇരയായ അവൾക്ക് അമ്മയെയും നഷ്ടപ്പെടുകയാണ്.

അനിത വളരെ പ്രത്യേകതയുള്ള ഒരു പെൺകുട്ടിയായിരുന്നു. മൂന്ന് വയസ്സുള്ളപ്പോൾ തന്നെ ഒരു മുതിർന്ന വ്യക്തിയെപ്പോലെ അവൾ സംസാരിച്ചുതുടങ്ങി. ഇളയ സഹോദരിയായ ക്ലോഡിയയെ വളരെ നന്നായി പരിപാലിച്ച അവൾ അനിയത്തിക്ക് സംഭവിച്ച അപകടത്തിനുശേഷം നിശ്ശബ്ദയായി. സ്വരാജ്യം ഉപേക്ഷിച്ചുകൊണ്ട് അഭയാർഥികളായി അതിർത്തികൾ താണ്ടിയ അമ്മയെയും മകളെയും യു.എസ് അധികൃതർ വേർപിരിക്കുകയായിരുന്നു. അമ്മയുമായി വേർപിരിഞ്ഞ അനിതയെ അധികൃതർ അരിസോണയിലെ നൊഗേൽസിലെ ഒരു അഭയകേന്ദ്രത്തിൽ ഒറ്റക്കാക്കി. അമ്മയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ അവൾ ഉറ്റവരുടെ ഓർമകളിൽ ഉഴറിക്കൊണ്ടിരുന്നു.

അത്യന്തം ദുരിതപൂർണമായ യാഥാർഥ്യങ്ങളെ നേരിടാൻ അവൾ മറ്റൊരു ലോകവും ഭാവനയിൽ സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ ഒരു സർറിയൽ ലോകംകൂടി ആഖ്യാനത്തിന്റെ ഭാഗമാവുകയാണ്. അവളുടെ അതിജീവനത്തിനായി യത്നിക്കുന്ന ചിലർകൂടി നോവലിൽ പ്രത്യക്ഷപ്പെടുന്നു. സാമുവൽ കുട്ടിക്കാലത്ത് അനുഭവിച്ച പ്രയാസങ്ങൾക്ക് സമാനമായുള്ള അധ്യായങ്ങളെയാണ് അനിതക്കും നേരിടേണ്ടിവന്നത്. ആദ്യം അവളുടെ അച്ഛൻ മരിച്ചു, പിന്നെ സഹോദരി, അവൾക്ക് കാഴ്ച നഷ്ടപ്പെട്ടു, അമ്മയെ പറ്റിയുള്ള വിവരം കൃത്യമായില്ല. അവരും കൊല്ലപ്പെട്ടിട്ടുണ്ടാവണം. ഇങ്ങനെയുള്ള സാഹചര്യത്തിൽ അനിതയെ സഹായിക്കാനായി സെലീനയും സാമുവലും ലെറ്റിഷ്യയും തീരുമാനിക്കുകയാണ്.

ആത്യന്തികമായി സാമുവൽ, അനിത എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് നോവലിന്റെ ഘടന രൂപപ്പെടുത്തിയതെങ്കിലും അവരുടെ ചുറ്റും നിന്നുകൊണ്ട് വിടവുകൾ കൂട്ടിയിണക്കാനായി ഏതാനും കഥാപാത്രങ്ങൾകൂടി ശക്തമായി നിലകൊള്ളുന്നുണ്ട്. അച്ഛന്റെ തോളിലേറി വടക്കേ അമേരിക്കയിലെ പ്രധാനപ്പെട്ട നദിയായ റിയോ ഗ്രാൻഡെ മുറിച്ചുകടന്ന് ലെറ്റിഷ്യയാണ് അവരിലൊരാൾ. 1982ലായിരുന്നു ലെറ്റിഷ്യയുടെ മേൽപ്പറഞ്ഞ പലായനം നടന്നത്. എൽസാൽവഡോറിലെ എൽ മൊസോട്ട് ഗ്രാമത്തിലും പരിസരത്തും 1981 ഡിസംബർ 11, 12 തീയതികളിൽ, ലാറ്റിനമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദാരുണമായ ക്രൂരതകളിൽ ഒന്നായിരുന്ന എൽ മൊസോട്ട് കൂട്ടക്കൊല സംഭവിച്ചതിനുശേഷം വൈകാതെയായിരുന്നു ഈ പലായനം. പ്രസ്തുത യാത്രയെ കുറിച്ചുള്ള നിറം മങ്ങിയ ഓർമ മാത്രമേ അവളിൽ ബാക്കിയായിരുന്നുള്ളൂ.

എങ്കിലും പഴയകാല ജീവിതത്തിന്റെ നീക്കിയിരുപ്പുകളായി വിറകടുപ്പുകൾ കത്തുമ്പോളുള്ള ഗന്ധവും തിങ്ങിനിറഞ്ഞ സസ്യജാലങ്ങളും പക്ഷികളുടെ ശബ്ദവും വിളഞ്ഞ ചോളത്തിന്റെ സ്വാദും അവൾക്ക് ഓർമയുണ്ട്. അതിലും പ്രധാനമായി അമ്മയുടെ അവശേഷിക്കുന്ന ഒരേ ഒരു ഫോട്ടോ അവൾ അമൂല്യനിധിയായി സൂക്ഷിക്കുന്നു. അതിജീവനത്തിനായി കടലും അതിരും ഭേദിച്ച് മറ്റ് രാജ്യങ്ങളിൽ എത്തുന്നവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എല്ലായിടത്തും ഏതാണ്ട് ഒരേപോലെയാണ്. ഭാഷയും രീതിയും മാറാം. എന്നാൽ, നേരിടേണ്ട സംഘർഷങ്ങളുടെ തോതിന് ഏറ്റക്കുറച്ചിലുണ്ടാവുന്നില്ല.

സഹാനുഭൂതിയും, നീതി-ന്യായ വ്യവസ്ഥിതിയും ആഖ്യാനത്തിൽ സജീവമായി കൊണ്ടുവരുന്ന പ്രധാനകഥാപാത്രമാണ് സെലീന ഡുറാൻ. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും കാർക്കശ്യങ്ങൾ അവരുടെ സംഭാഷണങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടുന്നു. അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും പ്രയാസങ്ങൾ ദൂരീകരിക്കാനായി യത്നിക്കുന്ന സെലീന അനിതയുടെ നിയമപ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഫ്രാങ്ക് എന്ന അഭിഭാഷകനുമായി അടുപ്പത്തിലാകുന്നത്‌.

മെക്സിക്കോയുമായുള്ള അമേരിക്കയുടെ അതിർത്തിയിൽ ഗുരുതരമായ ഒരു മാനുഷിക പ്രതിസന്ധി നിലനിൽക്കുന്ന കാര്യവും സെലീന ഉയർത്തിക്കാട്ടുന്നുണ്ട്. കുടിയേറ്റത്തോട് യു.എസ് ഗവൺമെന്റ് വിട്ടുവീഴ്ചയില്ലാത്ത ഒരു നയം നടപ്പാക്കുകയും അഭയം തേടി അവിടെ എത്തുന്ന എല്ലാ കുടുംബങ്ങളെയും വേർപെടുത്താൻ ഉത്തരവിടുകയും ചെയ്തതിനെ സെലീന അപലപിക്കുന്നു. ആയിരക്കണക്കിന് കുട്ടികളെ അവരുടെ മാതാപിതാക്കളിൽനിന്ന് പിടിച്ചുകൊണ്ടുപോയ അധികൃതരുടെ നടപടിക്കെതിരെ അവൾ പ്രതിഷേധിക്കുകയും ചെയ്‌തു. കുഞ്ഞുങ്ങളെ അമ്മയുടെ മാറിടങ്ങളിൽനിന്ന് വലിച്ചെടുത്ത് കൊണ്ടുപോകുന്ന സന്ദർഭങ്ങൾ വരെ ഉണ്ടായിരുന്നു. അങ്ങനെ ഈ നയത്തിനെതിരെ ദേശീയവും അന്തർദേശീയവുമായ ശക്തമായ പ്രതിഷേധം ഉയർന്നു വരുകയാണ്.

കുട്ടികളെ കൂടുകളിൽ കെട്ടിയിട്ടതും അവർ നിലത്ത് ചുരുണ്ടുകിടന്ന് കരയുന്നതുമായ ചിത്രങ്ങളോട് നിസ്സംഗത പുലർത്താൻ പ്രയാസമായി തുടങ്ങി. ഒടുവിൽ, പൊതുജന സമ്മർദത്തിന് വഴങ്ങി ഉത്തരവ് പിൻവലിക്കാൻ സർക്കാർവൃത്തങ്ങൾ നിർബന്ധിതരായി. പക്ഷേ, അപ്പോഴേക്കും ആയിരക്കണക്കിന് കുട്ടികൾ മാതാപിതാക്കളിൽനിന്ന് വെവ്വേറെയായി.

 

യഥാർഥത്തിൽ കുടുംബങ്ങൾ ഇപ്പോഴും വ്യത്യസ്ത കാരണങ്ങളാൽ വേർപിരിയുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൃത്യമായ രേഖകൾ സൂക്ഷിക്കാൻ മെനക്കെടാത്തതിനാലും ഇപ്പോൾ അവരുടെ മാതാപിതാക്കളെ കണ്ടെത്താനാകാത്തതിനാലും നൂറുകണക്കിന് കുട്ടികളെ തടങ്കൽകേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും സെലീന അധികൃതരോട് വിശദീകരിക്കുന്ന രംഗം നോവലിലുണ്ട്. അവരെ ഉറ്റവരുടെ അടുത്ത് എത്തിക്കാനുള്ള ആവശ്യകത പരിഗണിക്കാൻമാത്രം ആർക്കും വേണ്ടത്ര ദീർഘവീക്ഷണം ഉണ്ടായിരുന്നില്ല. ചെറുപ്പക്കാർക്കായുള്ള ഒരു മന്ദിരത്തിൽ താമസിപ്പിച്ചിരിക്കുന്ന അനിതക്കുവേണ്ടിയായിരുന്നു സെലീനയുടെ പോരാട്ടം.

എൽസാൽവഡോറിൽനിന്ന് ഗ്വാട്ടമാലയിലേക്കും പിന്നീട് മെക്സിക്കോ വഴി യു.എസ് അതിർത്തിയിലേക്കുമുള്ള യാത്രയെക്കുറിച്ചും അനിത സെലീനയെ ധരിപ്പിച്ചിരുന്നു. അനിതയുടെ കാണാതായ അമ്മയെ തേടിയുള്ള അന്വേഷണവും സെലീനയും ഫ്രാങ്കും നടത്തുന്നുണ്ട്. അതിർത്തിയിൽ പലപ്പോഴും ഒറ്റക്ക് എത്തുന്ന മുതിർന്ന കുട്ടികൾക്കായുള്ള ചില സ്ഥാപനങ്ങൾ യഥാർഥ ജയിലുകളാണെന്ന് സെലീന ഫ്രാങ്കിനോട് പറഞ്ഞു. ഓരോ കുട്ടിയെയും പരിപാലിക്കുന്നതിന് അവർ സർക്കാറിൽനിന്ന് ഈടാക്കിയ പ്രതിഫലം വളരെ ഉയർന്നതായിരുന്നു. മനുഷ്യാവകാശ സംഘടനകളെയും മാധ്യമങ്ങളെയും പ്രവേശിക്കാൻ അനുവദിക്കാത്ത തരത്തിലായിരുന്നു ഈ സ്ഥലങ്ങളിലെ സാഹചര്യങ്ങൾ എന്നും സെലീന കൂട്ടിച്ചേർക്കുന്നുണ്ട്.

പ്രായപൂർത്തിയായിട്ടില്ലാത്തവരുടെ നിയമനടപടികൾ പരിഹാസ്യജനകമായിരുന്നുവെന്ന വിചാരവും സെലീന പങ്കുവെക്കുന്നു. നിയമത്തിന്റെ പരിമിതിയെ കുറിച്ച് വിശദീകരിക്കുന്നതിനിടയിൽ വിധികർത്താവ് കക്ഷിയെ നേരിട്ട് നോക്കി സ്വമേധയാ സ്വന്തം രാജ്യത്തേക്ക് നാടുകടത്താൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ച രംഗം സെലീന ഓർത്തെടുക്കുന്നു. കക്ഷിക്ക് ഒരു വയസ്സായിരുന്നു പ്രായം! ഇത്തരത്തിലുള്ള അയുക്തികൾകൊണ്ട് നിറഞ്ഞ കോടതിനടപടികളെയാണ് അവൾ അപലപിച്ചത്. ഈ ഘട്ടത്തിൽ മെക്സിക്കൻ-അമേരിക്കൻ എഴുത്താളായ വലേറിയ ലൂയിസേലിയുടെ നിലപാടുകൾ എടുത്തുപറയുന്നത് പ്രസക്തമാണ്. മധ്യ അമേരിക്കയിൽനിന്ന് അതിജീവനത്തിനായി അതിരുകൾ കടക്കുന്ന കുട്ടികൾ യുദ്ധസാഹചര്യങ്ങളിൽനിന്ന് പലായനം ചെയ്യുന്നവരാണ്.

അതിനാൽ കുടിയേറ്റക്കാർക്കുള്ളത് മാത്രമല്ല, അഭയാർഥികൾക്കും നൽകുന്ന നിയമപരമായ സംരക്ഷണംകൂടി അവർക്ക് ആവശ്യമാണെന്നും ലൂയിസെല്ലി വാദിക്കുന്നതും ഈ ആഖ്യാനത്തിൽ ചുറ്റുപാടിൽ പ്രാധാന്യമർഹിക്കുന്നു. അതിനിടയിൽ സാമുവലിന്റെ ജീവിതം മറ്റൊരുദിശയിൽ സഞ്ചരിക്കുന്ന കാഴ്ചയും നോവലിൽ അവതരിപ്പിക്കുന്നുണ്ട്. നദീനുമായുള്ള അടുപ്പവും അകൽച്ചയും മകളായ കാമിലിന്റെ ജനനവും ഗ്വാട്ടമാലയിലേക്കുള്ള പറിച്ചുനടലും മറ്റും അങ്ങനെ സംഭവിക്കുന്നു. അവരുടെ മകളായ കാമിൽ വളർന്നപ്പോൾ പണത്തെയും സാമൂഹിക പദവിയെയും കുറിച്ച് മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ എന്ന പരാതി സാമുവലിനുണ്ട്. തന്റെയും നദീന്റെയും മകൾ എങ്ങനെ അങ്ങനെയായി എന്ന് അയാൾക്ക് മനസ്സിലായിരുന്നില്ല.

ഏക പേരക്കുട്ടിയോടും സാമുവലിന് വലിയ ബന്ധമുണ്ടായില്ല. എന്നിരുന്നാലും കുടിയേറ്റത്തെയും അതിന്റെ തിക്തതകളെയും പറ്റി വ്യക്തമായ ധാരണയുള്ള ആളായിരുന്നു സാമുവൽ. കുടിയേറ്റക്കാർ ഇടനിലക്കാർക്ക് പതിനായിരം ഡോളറോ ചിലപ്പോൾ അതിൽ കൂടുതലോ നൽകാറുണ്ട്. അവരെ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കൊണ്ടുപോകാൻ വേണ്ടിയാണിത്. ഇപ്പറഞ്ഞ ആളുകളിൽ ചിലർ വളരെ വിശ്വസ്തരാണ്. എന്നാൽ, മറ്റുചിലർ അവരെ പാതിവഴിയിൽ ഉപേക്ഷിക്കുകയോ കൂടുതൽ പണത്തിനായി അവരിൽനിന്ന് പണം ആവശ്യപ്പെടുകയോ ചെയ്യും. അവർക്കോ അവരുടെ കുടുംബങ്ങൾക്കോ പണം നൽകാൻ കഴിയാതെ വരുമ്പോൾ, അവരിൽ പലരും അപ്രത്യക്ഷരാകും. അങ്ങനെയാണോ അനിതയുടെ അമ്മയെയും കാണാതായത് എന്നും സെലീന ചിന്തിക്കുന്നുണ്ട്.

സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയി, പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തശേഷം അവരുടെ മൃതദേഹങ്ങൾ ഉപേക്ഷിക്കുന്ന മനുഷ്യക്കടത്തുകാർ വളരെയധികമാണ്. അനിത ഇപ്പോഴും വളരെ ദുർബലയാണ്. അവൾക്ക് സംഭവിച്ച എല്ലാറ്റിന്റെയും ആഘാതത്തിൽനിന്ന് കരകയറാൻ അവൾക്ക് സമയം എടുക്കുമെന്നും സെലീന പറയുമ്പോൾ, ‘‘നിങ്ങൾ തെറ്റിദ്ധരിക്കുകയാണ്. ഇത്തരത്തിലുള്ള ആഘാതം ഒരിക്കലും നിങ്ങൾക്ക് മറികടക്കാൻ കഴിയില്ല. നിങ്ങൾ അതിനൊപ്പം ജീവിക്കാൻ പഠിക്കുക’’ എന്ന് അഭിപ്രായപ്പെടുന്ന സാമുവലിന്റെ വാക്കുകൾ ശ്രദ്ധിക്കണം. കാരണം, ആഘാതങ്ങളും ആഖ്യാനങ്ങളും ആവർത്തിക്കപ്പെടുന്ന സാഹചര്യമാണ് പലായനങ്ങൾ സൃഷ്ടിക്കുന്നത്. എന്നാൽ, ആഘാതകരമായ സംഭവങ്ങൾക്കൊപ്പം ജീവിക്കുക എന്നത് ശീലമാക്കണം എന്ന വാദം പാലിക്കാൻ പ്രയാസമാണെന്നതിൽ തർക്കമില്ല.

അമേരിക്കയിലെ തദ്ദേശീയരുടെ കുട്ടികളെ സർക്കാർ നടത്തുന്ന ‘ഭയാനക’മായ അനാഥാലയങ്ങളിലേക്ക് ‘പരിഷ്കൃതരാക്കാൻ’ കൊണ്ടുപോയിരുന്നു. എന്നാൽ, അത്തരത്തിലുള്ള ആയിരക്കണക്കിന് കുട്ടികൾ പകർച്ചവ്യാധികളും പോഷകാഹാരക്കുറവുംമൂലം മരിക്കുകയാണ് ഉണ്ടായത്. ചരിത്രത്തിൽ അടയാളപ്പെടുത്താത്ത മരണങ്ങളായി അവ മാറി. പ്രസ്തുത മൃതദേഹങ്ങൾ ശവക്കുഴികളിൽ അടക്കം ചെയ്യപ്പെട്ടതും വിസ്‌മൃതിയുടെ പുറങ്ങളിൽ മാത്രമായി രേഖപ്പെടുത്തി.

പലായനവുമായി ബന്ധപ്പെട്ട പീഡനാഖ്യാനങ്ങൾ നിർഭാഗ്യവശാൽ തുടർന്നുകൊണ്ടിരിക്കുകയാണ്. മറ്റൊരു ജീവിതം സാധ്യമാക്കാനായി സാഹസപ്പെടുമ്പോൾ, നേരിടേണ്ടിവരുന്ന അക്രമങ്ങൾക്കും ആഘാതങ്ങൾക്കും ഒരേ ശബ്ദവിന്യാസമാണ്. സ്വരാജ്യം ഉപേക്ഷിക്കുമ്പോൾ ഉരുവംകൊള്ളുന്ന വേദന അസഹ്യമാണ്. അതിനോടൊപ്പം വിവിധ കോണുകളിൽനിന്നു ഉരുണ്ടുകൂടുന്ന പ്രതിസന്ധികളും ആഘാതങ്ങളും അഭയാർഥികളുടെ സമ്മർദം വർധിപ്പിക്കുകയും ചെയ്യും. പലായന വിവേചനം എന്ന സ്ഥിതി അഭയാർഥികളെ സങ്കീർണമായ അവസ്ഥകളിലേക്ക് കൊണ്ടെത്തിക്കുന്നു. അത് സ്ഥാപിക്കുന്ന മുഹൂർത്തങ്ങൾ ഈ നോവലിൽ കാണാം. ശരീരവും മനസ്സും പലായനത്തിന്റെ ഭാഗമായി മാറുന്നതോടെ വിവേചനത്തിന്റെ രാഷ്ട്രീയം നാനാതരം അടരുകളിൽ നിലകൊള്ളുന്നതായി അനുഭവപ്പെടുന്നു.

വേറൊരുരീതിയിൽ ആലോചിക്കുകയാണെങ്കിൽ അധികാരത്തിന്റെയും അനാഥത്വത്തിന്റെയും അധ്യായങ്ങൾ നിറഞ്ഞ പലായനപ്പുസ്തകത്തിന്റെ ഉള്ളടക്കം രാഷ്ട്ര-ഭാഷാ ഭേദമില്ലാതെ സമാനമാണ്. ‘ക്ഷീണവും പേടിസ്വപ്നങ്ങളും നിറഞ്ഞ നഗരത്തിലെ ഇരുണ്ട നീലരാത്രിയിലേക്ക് ഞാൻ കടന്നുവരുന്നു. എന്റെ ജീവിതം മൂർച്ചയുള്ള വഴിത്തിരിവുകളിലേക്ക് നീങ്ങിയിരിക്കുന്നു. ഈ സമയമാറ്റങ്ങൾക്കൊപ്പം എനിക്ക് ഇനി മുന്നോട്ടുപോകാൻ കഴിയില്ല, രാത്രിയുടെ തുടക്കത്തേക്കാൾ ആഴത്തിലേക്ക് പോകാൻ എനിക്ക് കഴിയില്ല.’ പ്രവാസത്തിന്റെ ഏകാന്ത നൊമ്പരങ്ങളെ പ്രതിരോധിക്കാനാവാതെ അലയുന്ന എല്ലാവർക്കും ദർവീശിന്റെ ഈ വരികൾ അർഥവത്തായി തോന്നും. അലച്ചിലുകൾക്കും അസ്വസ്ഥതകൾക്കും വിരാമമിട്ടുകൊണ്ട് പുതുവഴികൾ തെളിയിക്കാൻ വ്യഗ്രത പ്രകടമാക്കുന്ന ഒരുപറ്റം മനുഷ്യരെയാണ് നാം ഇവിടെ കണ്ടുമുട്ടുന്നത്.

 

പലായനം സംബന്ധിച്ച ഒരു ഫിക്ഷൻ എന്ന കേവലധാരണ വെച്ചുകൊണ്ട് മാത്രമാവരുത് ഈ നോവൽ വായിക്കേണ്ടത്. വീടും നാടുമായുള്ള വേരുകൾ അറുത്തുകൊണ്ട് അന്യരാജ്യങ്ങളിലേക്ക് യാത്രയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അഭിമുഖീകരിക്കേണ്ടിവരുന്ന മാനസികസമ്മർദത്തെ കുറിച്ചുള്ള പാഠപുസ്തകം കൂടിയായി ഇസബെൽ അല്ലെൻഡെയുടെ ആഖ്യാനം പരിണമിക്കുന്നു. പലായനം ചെയ്യുന്ന സ്ത്രീകൾ യാത്രാമധ്യേ ധാരാളം അപകടങ്ങൾ നേരിടുന്നു. പൗരത്വമോ സ്വത്വമുദ്രകളോ ഇല്ലാത്ത അവരെ ബലാത്സംഗം ചെയ്താലും ആളപായം വരുത്തിയാലും ആരും ചോദിക്കാനില്ല എന്നത് സങ്കടകരമാണ്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ സ്ത്രീകൾ വെറും ഉപയോഗശൂന്യരാണെന്ന മട്ടിൽ ആരും കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നില്ല. യുദ്ധത്തിന്റെയും അരാജകത്വത്തിന്റെയും നാളുകളിൽ കുട്ടികളുടെ സുരക്ഷയെ പറ്റി ലോകരാഷ്ട്രങ്ങൾ സശ്രദ്ധമായ നയങ്ങൾ രൂപവത്കരിക്കാറുണ്ടോ എന്ന ചോദ്യമാണ് ഈ ആഖ്യാനത്തിൽ പരോക്ഷമായി ഉന്നയിക്കപ്പെടുന്നത്. കാൽപനികമായ താളുകളിൽനിന്നു പ്രായോഗികമായ പരിസരങ്ങളിലേക്ക് ഫിക്ഷൻ സഞ്ചരിക്കുന്നതിന്റെ ദൃഷ്ടാന്തംകൂടിയായിത്തീരുന്നു ഇസബെൽ അല്ലെൻഡെയുടെ ഈ നോവൽ.

News Summary - The novel ‘The Wind Knows My Name’ by Isabel Allende