അതിജയിച്ച അത്ഭുത ജീവിതങ്ങൾ
camera_altഅവശതയെ അതിജയിച്ച അത്ഭുത ജീവിതങ്ങൾ ശൈഖ് മുഹമ്മദ് കാരകുന്ന് (ബി.എസ്.എം ട്രസ്റ്റ്, പാനൂർ)
നൂറ്റിപ്പത്തോളം ചെറുതും വലുതുമായ പഠനാർഹ കൃതികൾ കൈരളിക്ക് സമ്മാനിച്ച എഴുത്തുകാരനാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. അദ്ദേഹത്തിന്റെ ചില കൃതികൾ ഇംഗ്ലീഷ്, തമിഴ്, കന്നട, മറാഠി ഭാഷകളിലേക്ക് വിവർത്തിതമായിട്ടുണ്ട്. വാണിദാസ് എളയാവൂരുമായി സഹകരിച്ച് വിശുദ്ധ ഖുർആന്റെ ലളിത പരിഭാഷയും അദ്ദേഹത്തിന്റേതായുണ്ട്. കേവലം രചനാരംഗത്ത് മാത്രമല്ല വിദ്യാഭ്യാസ മേഖലയിലും സാമൂഹിക സേവനരംഗത്തും അദ്ദേഹം വളരെ സജീവമാണ്.
എന്റെ മുന്നിലുള്ള കൃതി, അദ്ദേഹത്തിന്റെ ഇതര രചനകളിൽ ഏറെ വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ കൃതികളിലേറെയും പ്രമാണങ്ങൾ ഉദ്ധരിച്ചും രേഖകൾ അഥവാ റഫറൻസുകൾ അവലംബിച്ചുമാണ്. ഈ കൃതി വ്യത്യസ്ത മനുഷ്യരെ പഠിക്കുന്ന സ്വഭാവത്തിലുള്ളതാണ്. ഓരോ മനുഷ്യനും ഓരോ പാഠപുസ്തകമായി മാറുന്നു ഈ പഠനത്തിൽ. സാമാന്യമായി ഒരാൾ മറ്റൊരാളെ പോലെയാണെന്ന് നാം പലപ്പോഴും വിലയിരുത്താറുണ്ട്. അതൊരിക്കലും കൃത്യമോ പൂർണമോ അല്ല. ചിലപ്പോൾ കുറച്ചാളുകളെ മൊത്തത്തിൽ വിലയിരുത്തി ചില പൊതുതത്ത്വങ്ങൾ ഉരുത്തിരിച്ചെടുക്കും. പക്ഷേ അതും കൃത്യമോ ഭദ്രമോ അല്ല; പലപ്പോഴും അത് കേവല അനുമാനമായിരിക്കും.
കോടിക്കണക്കിന് മനുഷ്യരുടെ വിരലടയാളങ്ങളും കണ്ണും രൂപവും ഒക്കെ ഒരാളിൽനിന്ന് മറ്റൊരാളുടേത് തികച്ചും വ്യത്യസ്തമാണ്. മനഃശാസ്ത്രവും അങ്ങനെത്തന്നെ. ശൈഖ് സാഹിബ്, തന്റെ ജീവിതയാത്രയിൽ ഇടറിവീണ അല്ലെങ്കിൽ പുറമ്പോക്കിലേക്ക് തള്ളപ്പെട്ടതെന്ന് പലരും പറഞ്ഞേക്കാവുന്ന ഇരുപത്തിയഞ്ച് വ്യക്തികളെ ഇരുപത്തിയഞ്ച് പാഠപുസ്തകം പോലെ വായനക്കാരുടെ മുമ്പാകെ നിവർത്തിവെക്കുന്നു. കണ്ണൂരിലെ ഹാറൂൺ എന്ന വ്യക്തിയിൽ തുടങ്ങി, പെരിങ്ങത്തൂരിലെ ഫരീദയിൽ അവസാനിക്കുന്ന അധ്യായങ്ങൾ ഉണർത്തിവിടുന്ന ചിന്തകൾ, അതിൻഫലമായി പ്രസരിക്കുന്ന തികച്ചും രചനാത്മകമായ ഊർജം. ഇതൊക്കെ വായിച്ചനുഭവിക്കേണ്ടതാണ്, പറഞ്ഞറിയിക്കാനാവുന്നതിലുമപ്പുറമാണ്.
ഈ കൃതിയിലെ അധ്യായങ്ങൾ നമ്മെ തിരുത്തുംവിധത്തിലുള്ള തിരിച്ചറിവുകൾ നൽകുന്നുണ്ട്. ഏതൊരു പ്രയാസത്തിനുമപ്പുറം മറ്റേതോ അനുഗ്രഹങ്ങൾ ഉണ്ടാകാം എന്ന ന്യായമായ പ്രതീക്ഷകൾ പ്രയാസങ്ങളെ മനക്കരുത്തോടെ അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കും. ഭക്തിപൂർവമുള്ള പ്രാർഥനാശീലം മനക്കരുത്തിനെ പലപ്പോഴും ശതഗുണീഭവിപ്പിക്കുമെന്ന് ഈ പുസ്തകത്തിലൂടെ പലരും പറയുന്നതായി വായനയിൽ അനുഭവപ്പെടുന്നു. ഗുരുതരമായ ക്വാഡ്രീപ്ലീജിക്ക് രോഗം ബാധിച്ച് അവശനായ കാട്ടുകണ്ടി കുഞ്ഞബ്ദുല്ല അപകടത്തെ അനുഗ്രഹമാക്കി മാറ്റിയ വർത്തമാനം, ജീവിതത്തിൽ ആശയറ്റ ഒട്ടേറെപേർക്ക് പ്രത്യാശ പകരുന്ന സിദ്ധൗഷധം തന്നെയാണ്. എല്ലാം പോയി, ഇനി ഒന്നുമില്ല എന്ന അങ്ങേയറ്റത്തെ നിരാശയുടെ അന്ധകാരത്തിൽനിന്നും ശുഭപ്രതീക്ഷയുടെ പ്രകാശത്തിലേക്കുള്ള അബ്ദുല്ലയുടെ പടിപടിയായുള്ള സഞ്ചാരം അത്യാഹിതങ്ങളും ദുരിതങ്ങളും ദുരന്തങ്ങളും പ്രതിസന്ധികളും പ്രതിബന്ധങ്ങളും മാറിമാറി നേരിടേണ്ടിവരുന്നവർക്ക് വലിയ ഒരാശ്വാസവും വെളിച്ചവുമാണ്.
കഴുത്തിന് താഴെ പൂർണമായും സ്തംഭിച്ച കുഞ്ഞബ്ദുല്ല പ്രതിസന്ധികളെ പുതിയ സാധ്യതകളാക്കി മാറ്റി: ‘കമിഴ്ന്നുകിടന്ന് ഇരു കൈകൾക്കുമിടയിൽ പേന ഇറുക്കിപ്പിടിച്ച് പല്ലുകൾ കൊണ്ട് ടോപ്പ് കടിച്ചൂരി, വായകൊണ്ട് പേന ചലനമറ്റ വിരലുകൾക്കിടയിൽ തിരുകി നട്ടെല്ലിന്റെ ചിത്രം വരച്ചു. അതൊരു തുടക്കമായിരുന്നു. അതോടെ നിരാശനായി ജീവിതം പാഴാക്കില്ലെന്ന് തീരുമാനിച്ചു. തുടക്കം വായനയിലൂടെയായിരുന്നു. കമിഴ്ന്നുകിടന്ന് പരിശുദ്ധ ഖുർആന്റെ പരിഭാഷ വായിക്കാൻ തുടങ്ങി. ഒരു പേജ് വായിക്കാൻ മണിക്കൂറുകളെടുത്തു. അത് നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു... വൈകാതെ എഴുതിത്തുടങ്ങാൻ തീരുമാനിച്ചു. ചിത്രം വരക്കാൻ ചെയ്തതുപോലെ കമിഴ്ന്നുകിടന്ന് പല്ലുകൊണ്ട് പേന കടിച്ച് ടോപ്പ് തുറന്ന് ചലനമറ്റ കൈകൾക്കിടയിൽ തിരുകിവെച്ച്, ബോർഡിൽ ക്ലിപ്പ് ചെയ്ത കടലാസിൽ എഴുതാൻ തുടങ്ങി. ആദ്യക്ഷരം എഴുതാൻ മൂന്ന് മണിക്കൂറുകളോളമെടുത്തു. കൊച്ചുകുട്ടിയായിരിക്കെ സ്കൂളിൽ വെച്ച് എഴുത്ത് ആരംഭിച്ച കാലത്തേക്കാൾ പ്രയാസകരമായിരുന്നു അത്....’
ലഭിക്കാതെപോയ ചില കാര്യങ്ങളോർത്ത് സങ്കടത്തിലായി വിലപിക്കുന്നതിനേക്കാൾ ഏറെ നല്ലത് ലബ്ധമായ ചെറുതും വലുതുമായ അനുഗ്രഹങ്ങളെ വിലമതിച്ച് ക്ഷമാപൂർവം ഉപയോഗപ്പെടുത്തലാണെന്ന് അബ്ദുല്ല തിരിച്ചറിയുന്നു. ഇതിനകം അഞ്ചു പുസ്തകങ്ങൾ രചിച്ചു. ഇതിലൊന്ന് അറബിയിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തിതമായിട്ടുണ്ട്. പ്രത്യാശയുടെ അത്ഭുതഗോപുരം എന്ന കൃതി ഇതിനകം നാല് പതിപ്പുകൾ ഇറങ്ങിക്കഴിഞ്ഞു.
സാഹസികതയും സാങ്കേതിക വൈദഗ്ധ്യവും സമന്വയിച്ചപ്പോൾ എന്ന തലക്കെട്ടിൽ തോരപ്പ മുസ്തഫയുടെ അനുഭവം ആരിലും ആത്മവിശ്വാസം വളർത്തുന്ന ഒന്നാണ്. പ്രതിസന്ധികൾ ഒരാളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പുറത്തേക്ക് കൊണ്ടുവരുമെന്ന് മനസ്സിലാക്കാൻ ഇതുവഴി സാധിക്കുന്നു.
കുറ്റിക്കാട്ടൂരിലെ നൂർ ജലീലയുടെ ഐതിഹാസികമെന്ന് പറയാവുന്ന നേട്ടങ്ങൾ വായിക്കുമ്പോൾ എന്തെന്നില്ലാത്ത വികാരവും വിസ്മയവും അനുഭവപ്പെടുന്നുണ്ട്.
ഇരുകരങ്ങളുമില്ല, കാലുകൾക്ക് കാര്യമായ വൈകല്യം. തൊണ്ണൂറ് ശതമാനം വൈകല്യം. മുഹമ്മദ് ആസിമിന്റെ അവസ്ഥ അതാണ്. എന്നിട്ടും നീന്തലിൽ അതീവ വൈദഗ്ധ്യം നേടിയെന്ന് മാത്രമല്ല, 44 പ്രാവശ്യം പെരിയാർ നീന്തിക്കടന്നിട്ടുണ്ട്. ഒരുപാട് അവാർഡുകളും നേടിയിട്ടുണ്ട്.
പോസിറ്റിവ് എനർജി പ്രസരിപ്പിക്കുന്ന ഈ കൃതി നമുക്ക് ഒത്തിരി തിരിച്ചറിവുകൾ നൽകുന്നുണ്ട്.
