Begin typing your search above and press return to search.
proflie-avatar
Login

അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം ശ​വ​ക്ക​ച്ച

Banu Mushtaq
cancel
അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ട രീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച.

യ​സീ​ന ബു​വ​യു​ടെ നി​കാ​ഹ് ക​ഴി​ഞ്ഞു മൂ​ന്നു കൊ​ല്ല​ത്തി​നു​ള്ളി​ൽ ര​ണ്ടു മ​ക്ക​ളു​ണ്ടാ​യി –ഒ​രാ​ണും ഒ​രു പെ​ണ്ണും. ഭ​ർ​ത്താ​വ് ഒ​രു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. അ​യാ​ൾ ഒ​രു ചു​മ​ടു ചു​മ​ന്നു ന​ട​ക്കു​മ്പോ​ൾ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി; ര​ക്ഷ​പ്പെ​ട്ടി​ല്ല. ചെ​റു​പ്പ​ത്തി​ലേ വി​ധ​വ​യാ​യ യ​സീ​ന പ​ല വീ​ടു​ക​ളി​ൽ വീ​ട്ടു​പ​ണി​ക​ൾ ചെ​യ്താ​ണ് കി​ടാ​ങ്ങ​ളെ വ​ള​ർ​ത്തി​യ​ത്. മ​ക​ൾ​ക്ക് കു​റ​ച്ചൊ​ക്കെ പ​ഠി​പ്പും ന​ൽ​കി. അ​വ​ൾ പെ​ൺ​കു​ട്ടി​ക​ളെ ഖുർആൻ പ​ഠി​പ്പി​ച്ചി​രു​ന്നു. അ​ങ്ങ​നെ കി​ട്ടി​യ പ​ണ​വും യ​സീ​ന ക​ഠി​നാ​ധ്വാ​നം ചെ​യ്തു​ണ്ടാ​ക്കി​യ​തും കൂ​ട്ടിച്ചേ​ർ​ത്ത് മ​ക​ളു​ടെ നി​കാ​ഹ് ന​ട​ത്തി. മ​ക​ന്റെ നി​കാ​ഹി​ന് വേ​ണ്ടി​യും അ​ധ്വാ​നി​ച്ച് പ​ണം ശേ​ഖ​രി​ച്ചു​കൊ​ണ്ടി​രു​ന്നു. ഓ​ട്ടോഡ്രൈ​വ​റാ​യി​രു​ന്നു മ​ക​ൻ.

ത​നി​ക്ക് വ​യ​സ്സാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും ത​ന്റെ യാ​ത്ര​യും അ​ക​ലെ​യ​ല്ലെ​ന്നു​മു​ള്ള തോ​ന്ന​ൽ അ​വ​ളെ വ​ല്ലാ​തെ അ​ല​ട്ടി​ത്തു​ട​ങ്ങി​യ​പ്പോ​ൾ ഒ​രു ആ​ഗ്ര​ഹം അ​വ​ളെ വി​ടാ​തെ പി​ടി​കൂ​ടി: വി​ശു​ദ്ധ​മാ​യ ഒ​രു ശ​വ​ക്ക​ച്ച വാ​ങ്ങ​ണം. അ​തു പു​ത​ച്ചി​ല്ലെ​ങ്കി​ൽ മ​ര​ണ​ത്തി​നുശേ​ഷം പു​ണ്യ​പ്പെ​ട്ട ഗ​തി​യു​ണ്ടാ​വി​ല്ല. ഈ ​വി​ചാ​രം അ​വ​ളു​ടെ മ​ന​സ്സി​ൽ ഒ​രു ഒ​ഴി​യാ​ബാ​ധ​യാ​യി​ത്തീ​ർ​ന്നു. മ​ക​ന്റെ നി​കാ​ഹി​നാ​യി ക​രു​തി​വെ​ച്ച പ​ണ​ത്തി​ൽനി​ന്ന് കു​റ​ച്ചെ​ടു​ത്ത് മാ​റ്റിസൂ​ക്ഷി​ക്കു​മ്പോ​ൾ ആ​രു​ടെ​യോ പ​ണം ക​ട്ടെ​ടു​ക്കു​ക​യാ​ണെ​ന്ന ഒ​രു തോ​ന്ന​ലു​ണ്ടാ​വാ​തി​രു​ന്നി​ല്ല. എ​ങ്കി​ലും, അ​ട​ക്കാ​നാ​വാ​ത്ത​താ​യി​ത്തീ​ർ​ന്നു ആ ​അ​ന്ത്യാ​ഭി​ലാ​ഷം.

അ​വ​ൾ ഏ​റെ​ക്കാ​ലം ഒ​രു ധ​നി​ക​ഗൃ​ഹ​ത്തി​ൽ വീ​ടു​പ​ണി​യെ​ടു​ത്തി​രു​ന്നു. സു​ഭാ​ൻ എ​ന്ന വ​ൻ​കി​ട വ്യാ​പാ​രി​യു​ടെ ഗൃ​ഹ​ത്തി​ൽ. അ​ദ്ദേ​ഹ​വും ഭാ​ര്യ ഷ​സി​യ​യും ഹ​ജ്ജ് യാ​ത്ര പോ​കാ​ൻ നി​ശ്ച​യി​ച്ചു. ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ഗൃ​ഹ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശനം ന​ട​ത്തി, യാ​ത്രപ​റ​യാ​ൻ. എ​ന്തെ​ങ്കി​ലും തെ​റ്റുപ​റ്റു​ക​യോ വേ​ദ​നി​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ പൊ​റു​ക്ക​ണ​മെ​ന്ന​പേ​ക്ഷി​ച്ചു. ഹ​ജ്ജ് യാ​ത്ര​ക്കു മു​മ്പ് ഇ​പ്ര​കാ​ര​മു​ള്ള പ്രാ​യ​ശ്ചി​ത്ത​ങ്ങ​ൾ ആ​ചാ​ര​മാ​ണ്. അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും എ​ണ്ണം അ​തി​വി​പു​ല​മാ​ണ്. എ​ല്ലാ​വ​രെ​യും അ​ങ്ങോ​ട്ടു​ചെ​ന്ന് ക​ണ്ടു യാ​ത്രപ​റ​യാ​ൻ പ​റ്റാ​ത്ത അ​ത്ര​യ​ധി​കം. അ​തി​നാ​ൽ അ​വ​ർ നി​ശ്ച​യി​ച്ചു, ഒ​രു വ​ലി​യ സ​ദ്യ​യൊ​രു​ക്കി എ​ല്ലാ​വ​രെ​യും ക്ഷ​ണി​ച്ചു​വ​രു​ത്താ​ൻ.

പ​ഴ​യ വേ​ല​ക്കാ​രി​ക്ക് ക്ഷ​ണ​മൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും യ​സീ​ന അ​വ​ിടെ​യെ​ത്തി. ഹ​ജ്ജി​ന് പോ​കു​ന്ന പ​ഴ​യ ഏ​മാ​ന​ത്തി​യോ​ട് ത​ന്റെ ആ​ഗ്ര​ഹം പ​റ​ഞ്ഞാ​ൽ അ​ത് നി​റ​വേ​റു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ, നേ​ര​ത്തേ​ത​ന്നെ എ​ത്തി. പ​ഴ​യ​പോ​ലെ പ​ണി​ക​ൾ ചെ​യ്തു. സ​ദ്യ​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ ഭ​ക്ഷ​ണം ക​ഴി​ച്ച ബി​രി​യാ​ണി പ്ലേ​റ്റു​ക​ൾ ക​ഴു​കു​ന്ന പ​ണി​യി​ൽ മു​ഴു​കി. അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ലും സ​ൽക്ക​രി​ക്കു​ന്ന​തി​ലും ആ​ണ്ടു​മു​ങ്ങി​യി​രു​ന്ന ഏ​മാ​ന​ത്തി അ​വ​ളെ ക​ണ്ടി​രു​ന്നി​ല്ല. ഏ​താ​ണ്ടെ​ല്ലാ​വ​രും യാ​ത്ര​യാ​യ​തി​നുശേ​ഷം യ​സീ​ന​യും കു​റ​ച്ചു​വ​ല്ല​തും ക​ഴി​ച്ചു. ഷ​സി​യ​യെ ഒ​റ്റ​ക്ക് കി​ട്ടി​യി​ട്ടു​വേ​ണം ത​ന്റെ മോ​ഹം പ​റ​യാ​ൻ.

രാ​ത്രി പ​തി​നൊ​ന്നു​മ​ണി​യോ​ട​ടു​ത്ത​പ്പോ​ഴാ​ണ് ക്ഷീ​ണി​ച്ചു​ക​ഴി​ഞ്ഞി​രു​ന്ന ഷ​സി​യ ബീ​ഗ​ത്തി​ന് ഒ​ന്നി​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. അ​വ​ർ സോ​ഫ​യി​ൽ ഇ​രു​ന്ന് പ​ര​വ​താ​നി​യി​ലേ​ക്ക് കാ​ലും നീ​ട്ടി വി​ശ്ര​മി​ക്കു​മ്പോ​ൾ പ​തു​ക്കെ​പ്പ​തു​ക്കെ യ​സീ​ൻ ബു​വ മു​ന്നി​ലെ​ത്തി. ‘‘എ​പ്പോ വ​ന്നു ബു​വാ’’ എ​ന്ന് ഷ​സി​യ അ​ല​സ​മാ​യി ചോ​ദി​ച്ചു. താ​ൻ വ​ള​രെ നേ​ര​ത്തേ എ​ത്തി​യി​രു​ന്നെ​ന്ന മ​റു​പ​ടി കേ​ട്ട​പ്പോ​ൾ ‘‘എ​ന്തെ​ങ്കി​ലും ക​ഴി​ച്ചോ’’ എ​ന്നും ചോ​ദി​ക്കാ​തി​രു​ന്നി​ല്ല. ‘‘ഉ​വ്വ് താ​യി, എ​ന്റെ ജീ​വ​ൻ പോ​കാ​തെ ഇ​പ്പോ​ഴും ഞാ​ൻ ഇ​രി​ക്കു​ന്ന​ത് ഇ​വി​ടെനി​ന്ന് ഉ​ണ്ട ചോ​റി​ന്റെ ബ​ല​ത്തി​ല​ല്ലേ! തൊ​ട്ട​തൊ​ക്കെ​പ്പൊ​ന്നാ​വ​ട്ടെ.’’ ‘‘ഇ​ത്ര വൈ​കീ​ട്ട് ഇ​നി എ​ങ്ങ​നെ വീ​ട്ടി​ലെ​ത്തും’’ എ​ന്നും ബീ​വി ചോ​ദി​ച്ചു. ‘‘മ​ക​ൻ ഓ​ട്ടോ​യും കൊ​ണ്ടു​വ​രും’’ എ​ന്നു കേ​ട്ട​പ്പോ​ൾ അ​ക​ത്തു​പോ​യി കു​റ​ച്ചു പ​ണ​വും കൊ​ണ്ടു​വ​ന്നു. ‘‘ഇ​തെ​ടു​ത്തോ​ളൂ. ഞ​ങ്ങ​ൾ ഹ​ജ്ജി​ന് പോ​കു​ന്നു. നാ​ൽ​പ്പ​ത്ത​ഞ്ചു​നാ​ൾ ക​ഴി​ഞ്ഞേ തി​രി​ച്ചെ​ത്തൂ.’’ കൈ​ക​ൾ കൂ​ട്ടി​പ്പി​ടി​ച്ചു​കൊ​ണ്ടാ​ണ് പ​ണം കൊ​ടു​ത്ത​ത്.

യ​സീ​ൻ ക​ണ്ണു നി​റ​ഞ്ഞു​കൊ​ണ്ടു​നി​ന്നു. എ​ന്തു ദ​യ! ഈ ​പ​ഴ​യ കി​ഴ​വി​യോ​ട് എ​ന്നോ​ർ​ത്തും​കൊ​ണ്ട്. എ​ന്നാ​ലും പ​ണം വാ​ങ്ങി​യി​ല്ല. തു​ണി​ത്തു​മ്പി​ൽ കെ​ട്ടി​ക്കൊ​ണ്ടു​വ​ന്ന പ​ണം പു​റ​ത്തെ​ടു​ത്തു. ‘‘എ​ന്റെ അ​വ്വാ, ഇ​താ ആ​റാ​യി​രം​ ക​യു​ണ്ട്. എ​നി​ക്ക് ഒ​രേ​യൊ​ര​പേ​ക്ഷ​യു​ണ്ട്: ഒ​രു കഫൻ വാ​ങ്ങി പു​ണ്യ​പ്പെ​ട്ട സം​സം വെ​ള്ളം ത​ളി​ച്ച് കൊ​ണ്ടു​വ​ന്നു ത​രു​മോ? അ​തു പു​ത​ച്ചുംകൊ​ണ്ടു​ പോ​യാ​ൽ എ​ന്റെ പോ​ക്കു സ്വ​ർ​ഗ​ത്തി​ലേ​ക്കാ​വു​മ​ല്ലോ.’’ ഷ​സി​യ ‘‘ശ​രി’’ എ​ന്നു പ​റ​ഞ്ഞു. ഈ ​പാ​വ​ങ്ങ​ളെ​പ്പോ​ലെ​ത്ത​ന്നെ ഒ​ടി​ഞ്ഞുമ​ട​ങ്ങി മു​ഷി​ഞ്ഞു ജീ​ർ​ണി​ച്ച​താ​ണ് അ​വ​രു​ടെ കൈ​യി​ലു​ള്ള പ​ണ​ത്തി​ന്റെ നോ​ട്ടു​ക​ളും എ​ന്ന് ഓ​ർ​ക്കു​ക​യും ചെ​യ്തു. ഷ​സി​യ നേ​രെ ബാ​ത്ത് റൂ​മി​ൽ പോ​യി. സി​ങ്കി​ന്റെ മീ​തെ ആ ​നോ​ട്ടു​ക​ൾ വെ​ച്ചു. സോ​പ്പി​ട്ട് കൈ​ക​ഴു​കി. താ​ൻ ആ ​പ​ണം സി​ങ്കി​ന്റെ മു​ക​ളി​ൽനി​ന്ന് എ​ടു​ത്തു​വോ എ​ന്ന് അ​ഞ്ചാ​റു കൊ​ല്ല​ങ്ങ​ൾ​ക്കു ​ശേഷം യ​സീ​ൻ മ​രി​ച്ച സ​ന്ദ​ർ​ഭ​ത്തി​ൽ ഷ​സി​യ​ക്ക് ഓ​ർ​മ വ​ന്നി​ല്ല.

ഷ​സി​യ​യും ഭ​ർ​ത്താ​വും പി​റ്റേ​ന്നു​ത​ന്നെ യാ​ത്ര പു​റ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ലെ ഹ​ജ്ജ് ക​മ്മി​റ്റി ഹ​ജ്ജ് യാ​ത്ര​ക്കാ​ർ​ക്ക് ​മ​ക്ക​യി​ൽ താ​മ​സി​ക്കാ​ൻ​വേ​ണ്ടി വ​സ​തി​ക​ൾ വാ​ട​ക​ക്കെ​ടു​ത്തി​രു​ന്നു. ഹ​ജ്ജ് യാ​ത്ര​ക്കാ​ർ കൊ​ടു​ക്കു​ന്ന വാ​ട​ക​ക്ക​നു​സ​രി​ച്ചു​ള്ള​വ. ര​ണ്ടു റൂ​മു​ക​ൾ​ക്ക് ഒ​രു ബാ​ത്ത് റൂം, ​ഒ​ര​ടു​ക്ക​ള, ഒ​രു ഗ്യാ​സ് സി​ലി​ണ്ട​ർ, സ്റ്റൗ, ​ഫ്രി​ഡ്ജ്, വാ​ഷി​ങ് മെ​ഷീ​ൻ മുതലായ സൗ​ക​ര്യ​ങ്ങ​ൾ. ഷ​സി​യ​യോ​ടൊ​പ്പം അ​വ​രു​ടെ മാ​തൃ​ഗൃ​ഹ​ത്തി​ൽ​പെ​ട്ട നാ​ലു​പേ​രു​മു​ണ്ടാ​യി​രു​ന്ന​തുകൊ​ണ്ട് വി​ശാ​ല​മാ​യ ഹാ​ളും സൗ​ക​ര്യ​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു. ഹ​ജ്ജ് യാ​ത്ര​ക്കാ​ർ കഅ്ബയി​ൽ പ്ര​ദ​ക്ഷി​ണ​ത്തി​നും പ്രാ​ർ​ഥ​ന​ക്കും മ​റ്റു മ​ത ച​ട​ങ്ങു​ക​ൾ​ക്കു​മാ​ണ് അ​ധി​കം സ​മ​യം നീ​ക്കി​വെ​ച്ചി​രു​ന്ന​ത്. പ്ര​വാ​ച​ക​ന് ഒ​ന്നാം വെ​ളി​പാ​ട് ഉ​ണ്ടാ​യ ഹി​റാ​ ഗു​ഹ സ​ന്ദ​ർ​ശി​ക്ക​ൽ, മ​റ്റു പ​ള്ളി​ക​ളി​ൽ​പോ​യി പ്രാ​ർ​ഥ​ന​യ​നു​ഷ്ഠി​ക്ക​ൽ അ​ങ്ങ​നെ​യ​ങ്ങ​നെ. സൗ​ദി ഗ​വ​ൺ​മെ​ന്റും വ​ൻ​കി​ട വ്യാ​പാ​രി​ക​ളും ധ​ന​ദാ​താ​ക്ക​ളും ഒ​രു​മി​ച്ച് സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ൾ, പ​ഴ​സ​ത്തു​ കു​പ്പി​ക​ൾ, വെ​ള്ള​ക്കു​പ്പി​ക​ൾ ഇ​ങ്ങ​നെ​യു​ള്ള​വ​യെ​ല്ലാം ഹ​ജ്ജ് യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത് പു​ണ്യ​ക​ർ​മ​മാ​യി​ട്ടാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

സു​ഭാ​ൻ ഷ​സി​യ​യോ​ട് യാ​ത്ര​ക്കൊ​രു​ങ്ങു​മ്പോ​ഴേ പ​റ​ഞ്ഞു​വെ​ച്ചി​രു​ന്നു മ​ത​ക​ർ​മ​ങ്ങ​ൾ​ക്കി​ട​യി​ൽ ഷോ​പ്പി​ങ് പാ​ടി​ല്ല; ‘നി​യ്യ​ത്തി’​നിട​ക്ക് അ​മ്മാ​തി​രി കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് ഹ​ജ്ജി​ന്റെ പാ​വ​ന​ത​ക്കെ​തി​രാ​ണ് എ​ന്ന്. അ​തി​നാ​ൽ അ​ത്ത​രം ‘ലൗ​കി​ക’​മാ​യ കാ​ര്യ​ങ്ങ​ൾ ഒ​ടു​വി​ലേ​ക്കു​ മാ​റ്റി വെ​ച്ചി​രു​ന്നു. കഅ്ബ​ സന്ദർശിച്ച് നമസ്കാരം നിർവഹിച്ച​ശേ​ഷം ഒ​രുനാ​ൾ തി​രി​ച്ചെ​ത്തി കു​ളി​മു​റി​യി​ൽ പോ​യ​പ്പോ​ൾ ത​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന സൈ​ന​ബ് കു​ടി​വെ​ള്ള സം​ഭ​ര​ണി​യി​ൽനി​ന്ന് ബ​ക്ക​റ്റി​ൽ നി​റ​ക്കു​ന്ന​തു ക​ണ്ടു. എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ചപ്പോ​ൾ കഫൻ ന​ന​യ്ക്കാ​നാണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. കു​ടി​വെ​ള്ളം ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ലി​യ മോ​ഷ​ണ​മാ​ണ്.

ഷ​സി​യ​യു​ടെ ഭ​ർ​ത്താ​വ് സു​ഭ​ാൻ കു​ടി​വെ​ള്ള സം​ഭ​ര​ണി​യി​ൽനി​ന്ന് വെ​ള്ള​മെ​ടു​ക്കാ​റി​ല്ലാ​യി​രു​ന്നു. ര​ണ്ടു റൂ​മു​ക​ൾ​ക്ക് പ​തി​ന​ഞ്ച് ലി​റ്റ​ർ വെ​ള്ള​മാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്ന​ത്. ദി​വ​സേ​ന വൈ​കു​ന്നേ​രം മൂ​ന്നു​മ​ണി​ക്ക് സം​ഭ​ര​ണി​ക​ളി​ൽ നി​റ​ക്കും. അ​തി​ൽനി​ന്ന് വെ​ള്ള​മെ​ടു​ക്കാ​ൻ മി​ന​ക്കെ​ടാ​തെ സ​ുഭ​ാൻ ദി​വ​സേ​ന കു​ടി​വെ​ള്ള​ത്തി​ന്റെ അ​ഞ്ചു ലി​റ്റ​ർ കു​പ്പി​ക​ൾ ന​മ​ാസ് ക​ഴി​ഞ്ഞു വ​രു​മ്പോ​ൾ വി​ല​കൊ​ടു​ത്തു വാ​ങ്ങു​ക​യാ​യി​രു​ന്നു പ​തി​വ്. സൈ​ന​ബ് ചെ​യ്ത അ​പ​ഹ​ര​ണ​ത്തെ​പ്പ​റ്റി ഷ​സി​യ ഭ​ർ​ത്താ​വി​നോ​ട് പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു: ‘‘ഞാ​നി​തു നേ​ര​ത്തേ അ​റി​ഞ്ഞി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് വെ​ള്ള​ക്കു​പ്പി വാ​ങ്ങി​ക്കൊ​ണ്ടു​വ​രാ​റ്. ഇ​നി ഇ​തി​ന്റെ പേ​രി​ൽ പു​കി​ലൊ​ന്നു​മു​ണ്ടാ​ക്ക​ണ്ട. അ​തു വി​ട്ടു​ക​ള.’’ ഈ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ഷ​സി​യ, യ​സീ​ൻ ബു​വ കഫൻ വാ​ങ്ങാ​നേ​ൽ​പിച്ചി​രു​ന്ന കാ​ര്യം ഓ​ർ​ത്ത​ത്. അ​തു വാ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് പ​റ​യു​ക​യുംചെ​യ്തു.

അ​ങ്ങ​നെ​യാ​ണ​വ​ർ കഫൻ കി​ട്ടു​ന്ന ക​ട​യ​ന്വേ​ഷി​ച്ച് ന​ട​ന്ന​ത്. അ​തി​നി​ട​ക്ക് ഒ​രു പ​ര​വ​താ​നി​ക്ക​ട ക​ണ്ണി​ൽ​പെ​ട്ടു. മ​നോ​ഹ​ര​മാ​യ പ​ര​വ​താ​നി​ക​ൾ. ഷ​സി​യ ഭ​ർ​ത്താ​വി​ന്റെ സ​മ്മ​ത​മൊ​ന്നു​മാ​രാ​യാ​തെ നേ​രെ അ​തി​ൽ ക​യ​റി– നി​യ്യ​ത്ത് മു​ഴു​വ​ൻ ക​ഴി​യു​ന്ന​തി​നു മു​മ്പ് ഷോ​പ്പി​ങ്ങി​ന് പു​റ​പ്പെ​ട​രു​തെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യേ​കം പ​റ​ഞ്ഞി​രു​ന്ന​തു​കൂ​ടി ഓ​ർ​ക്കാ​തെ. അ​വി​ടെനി​ന്ന് ഭാ​ര്യ​​​യെ ഇ​റ​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള സു​ഭ​ാന്റെ ശ്ര​മ​ങ്ങ​ൾ ഫ​ലി​ച്ചി​ല്ല. ഷോ​പ്പി​ലെ അ​സി​സ്റ്റ​ന്റി​നോ​ട് കഫൻ ഇ​വി​ടെ കി​ട്ടു​മോ എ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ക​ന​മേ​റി​യ ഒ​രെ​ണ്ണം അ​യാ​ൾ കാ​ട്ടി​ക്കൊ​ടു​ത്തു. അ​ത് താ​ങ്ങാ​നാ​വി​ല്ല എ​ന്ന് പ​റ​ഞ്ഞ് ഷ​സി​യ ഉ​പേ​ക്ഷി​ച്ചു. കാ​ർ​പെ​റ്റ് മാ​ത്രം വാ​ങ്ങി. ​േഷാ​പ്പു​കാ​ര​ൻ അ​ത് കെ​ട്ടി സു​ഭാന്റെ തോ​ളി​ൽ വെ​ച്ചു​കൊ​ടു​ത്തു. അ​വി​ടെ ഓ​ട്ടോ​റി​ക്ഷ കി​ട്ടാ​ത്ത​തി​നാ​ൽ അ​തും ചു​മ​ന്ന് ന​ട​ക്കേ​ണ്ടി​വ​ന്ന​തി​ൽ രു​ഷ്ട​നാ​യ അ​​യാ​ൾ ഹ​ജ്ജ് യാ​ത്ര​യി​ൽ കോ​പി​ക്ക​രു​തെ​ന്ന പ്ര​മാ​ണം ഓ​ർ​ത്ത് ഭാ​ര്യ​യോ​ടു​ള്ള രോ​ഷം പ്ര​ക​ടി​പ്പി​ക്കാ​തെ ക​ടി​ച്ചി​റ​ക്കി, ഒ​രു​വി​ധം പാ​ർ​പ്പി​ട​ത്തി​ലെ​ത്തി.

പി​ന്നീ​ട് ഷ​സി​യ​യു​ടെ ര​ക്ത​സ​മ്മ​ർ​ദം കൂ​ടി​യ​തി​ന്റെ പേ​രി​ൽ ര​ണ്ടു​നാ​ൾ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കേ​ണ്ടി​വ​ന്നു. ഇ​നി ഷോ​പ്പി​ങ്ങി​നൊ​ന്നും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സു​ഭ​ാൻ നി​ശ്ച​യി​ച്ച​​തൊ​ന്നും ഫ​ലി​ച്ചി​ല്ല. യാ​ത്ര​യി​ൽ ല​ഗേ​ജ് കൂ​ടു​ന്ന​തി​നെ​പ്പ​റ്റി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് വേ​വ​ലാ​തി. ഷ​സി​യ​യു​ടെ ആ​രോ​ഗ്യ​ം മു​ൻ​നി​ർ​ത്തി ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ന്റെ ആ​രോ​ഗ്യം തി​ക​ച്ചും നോ​ർ​മ​ലാ​യെ​ന്ന് ഷ​സി​യ ശ​ഠി​ച്ചു. ഷോ​പ്പി​ങ്ങി​നിറ​ങ്ങി യ​സീ​ൻ ബു​വ​ക്കു​ള്ള കഫൻ വാ​ങ്ങു​ന്ന​തി​നെ​പ്പ​റ്റി കൂ​ടക്കൂ​ടെ ഓ​ർ​മവ​ന്നെ​ങ്കി​ലും അ​ത് മ​ക്ക​യി​ൽനി​ന്ന് ചു​മ​ക്കേ​ണ്ട​തി​ല്ലെ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​യി. ഇ​ന്ത്യ​യി​ലും കി​ട്ടും. മക്ക​യി​ൽ കഫൻ കി​ട്ടി​യി​ല്ലെ​ന്ന് പ​റ​യാ​മെ​ന്നു ക​രു​തി​യെ​ങ്കി​ലും ഹജ്ജിന്റെ പുണ്യം നുണപറഞ്ഞ് ഇല്ലാതാക്കാനും നി​വൃ​ത്തി​യി​ല്ല.

കഫൻ വാ​ങ്ങാ​തെ​ ത​ന്നെ അ​വ​ർ തി​രി​ച്ചെ​ത്തി. വേ​റെ ഒ​രു​പാ​ടു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടി​യി​രു​ന്നു. യാ​ത്രാ​ക്ഷീ​ണം മാ​റാ​ൻ മൂ​ന്നു ദി​വ​സം കി​ട​ന്ന​തി​നുശേ​ഷം കൊ​ണ്ടു​വ​ന്ന സ​മ്മാ​ന​ങ്ങ​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, വി​ശേ​ഷ​പ്പെ​ട്ട ഉ​ടു​പ്പു​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, നി​സ്കാ​ര​പ്പാ​യ​ക​ൾ, ജ​പ​മാ​ല​ക​ൾ, ഈ​ത്ത​പ്പ​ഴം, സം​സം പു​ണ്യ​ജ​ല​ത്തി​ന്റെ കു​പ്പി​ക​ൾ... ഈ​ത്ത​പ്പ​ഴ​പ്പാ​ക്ക​റ്റു​ക​ളും സം​സം പു​ണ്യ​ജ​ല​ത്തി​ന്റെ അ​ഞ്ചു ലി​റ്റ​ർ കു​പ്പി​ക​ളും ധാ​രാ​ളം വാ​ങ്ങി​ക്കൂ​ട്ടി​യി​രു​ന്നു. സാ​ധ​ന​ങ്ങ​ളു​ടെ തൂ​ക്ക​ക്കൂ​ടു​ത​ൽ കൂ​ട്ട​ത്തി​ലു​ള്ള​വ​രു​ടെ ല​ഗേ​ജി​ൽ കൊ​ള്ളി​ച്ച് ഒ​പ്പി​ച്ചു ഒ​പ്പി​ച്ചു മാ​റാ​ൻ സു​ഭാ​ന് ഏ​റെ ക​ഷ്ട​പ്പെ​ടേ​ണ്ടി വ​ന്നി​രു​ന്നു.

യ​സീ​ൻ ബു​വ അ​വ​ർ തി​രി​ച്ചെ​ത്തി​യ​തി​നു​ശേ​ഷം പ​ല​ത​വ​ണ വ​ന്നു. താ​ൻ വ​ന്നെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ല്ല. ഓ​രോ ത​വ​ണ​യും ഷ​സി​യ ഉ​റ​ങ്ങു​ക​യോ വി​ശ്ര​മി​ക്ക​യോ പ്രാ​ർ​ഥ​ന​യി​ലി​രി​ക്കു​ക​യോ ആ​യി​രി​ക്കും. ശ​ല്യ​പ്പെ​ടു​ത്താ​തെ ബു​വ തി​രി​ച്ചു​പോ​വു​ക​യാ​ണ് പ​തി​വ്, ക​ണ്ണീ​രോ​ടെ. ര​ണ്ടാ​ഗ്ര​ഹ​ങ്ങ​ളാ​ണ് ഉ​ള്ളി​ൽ കു​തി​ച്ചു​യ​ർ​ന്നി​രു​ന്ന​ത്. ഒ​ന്നു ത​നി​ക്കു​ള്ള കഫൻ കാ​ണാ​നു​ള്ള തി​ടു​ക്കം. മ​റ്റേ​ത് ഹ​ജ്ജ് യാ​ത്ര​യു​ടെ പു​ണ്യം നേ​ടി​യ​വ​രു​ടെ അ​ടു​ത്ത് നി​ൽ​ക്കു​ക, അ​വ​രു​ടെ കൈ​ക​ൾ ത​ന്റെ കൈ​ക​ൾ കൊ​ണ്ടു കൂ​ട്ടി​പ്പി​ടി​ക്കു​ക. ര​ണ്ടും ന​ട​ക്കാ​തെ നാ​ളു​ക​ൾ നീ​ങ്ങി.

ഒ​ടു​ക്കം ഷ​സി​യ​യെ ഒ​രു നാ​ൾ കാ​ണാ​ൻ​കി​ട്ടി. കു​ളി​ക​ഴി​ഞ്ഞ് ത​​​ല​തോ​ർ​ത്തി ആ​കാ​ശനീ​ല ചു​രി​ദാ​റും അ​തി​നോ​ട് ചേ​രു​ന്ന എം​ബ്രോ​യ്ഡ​റി​യു​ള്ള ദു​പ്പ​ട്ട​യു​മൊ​ക്കെ​യാ​യി പു​റ​ത്തു​ക​ട​ക്കു​ന്ന നേ​ര​ത്ത്. സ​ന്തോ​ഷം അ​ട​ക്കാ​നാ​വാ​തെ ഓ​ടി​ച്ചെ​ന്ന് ഷ​സി​യ​യു​ടെ കൈ​ക​ൾ കൂ​ട്ടി​പ്പി​ടി​ച്ച് സ്വ​ന്തം ക​ണ്ണോ​ടു ചേ​ർ​ക്കു​മ്പോ​ൾ താ​നും ഒ​രു പു​ണ്യ​വ​തി​യാ​യെ​ന്ന് അ​വ​ൾ​ക്ക് തോ​ന്നി. വേ​ഗം ​കൈ​ക​ൾ പി​ൻ​വ​ലി​ച്ച് ഷ​സി​യ അ​ക​ത്തു​പോ​യി ഒ​രു നി​സ്കാ​ര​പ്പാ​യ​യും ജ​പ​മാ​ല​യും കൊ​ണ്ടു​വ​ന്നു കൊ​ടു​ത്തു. അ​വ​ൾ ഇ​തൊ​ന്നു​മ​ല്ല കാ​ണാ​ൻ കൊ​തി​ച്ചു​കാ​ത്തി​രു​ന്ന​ത്. പു​ണ്യ​ജ​ലം കൊ​ണ്ട് വി​ശു​ദ്ധ​മാ​ക്കി​യ കഫൻ മാ​ത്ര​മാ​ണ്. അ​തൊ​ന്നും കൈ​നീ​ട്ടി വാ​ങ്ങാ​തെ ബു​വ അ​മ്പ​ര​ന്നു നോ​ക്കി​നി​ന്നു. കു​റ​ച്ചു​ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​ങ്ങ​നെ​യോ ധൈ​ര്യ​ത്തോ​ടെ പ​റ​ഞ്ഞു. ‘‘എ​നി​ക്കി​തൊ​ന്നും വേ​ണ്ട; എ​നി​ക്കു​ള്ള കഫൻ ത​ന്നാ​ൽ​മ​തി.’’ ഷ​സി​യ​ക്ക് കോ​പം വ​ന്നു. ബു​വയെ ശ​ബ്ദ​മു​യ​ർ​ത്തി ശ​കാ​രി​ച്ചു.

‘‘ഛേ! നി​സ്കാ​ര​പ്പാ​യ വേ​ണ്ടെ​ന്നാ​രെ​ങ്കി​ലും പ​റ​യു​മോ?’’ ബു​വ ഉ​റ​ച്ചു​നി​ന്ന് പ​റ​ഞ്ഞു. ‘‘നി​ങ്ങ​ളു​ടെ അ​മ്മാ​യി​യ​മ്മ ത​ന്ന നി​സ്കാ​ര​പ്പാ​യ ഇ​പ്പോ​ഴു​മു​ണ്ട്. അ​തി​ലാ​ണ് ഞാ​ൻ നി​സ്ക​രി​ക്കു​ക പ​തി​വ്. അ​വർ ഹ​ജ്ജ് യാ​ത്ര​യി​ൽ വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് ത​ന്ന​ത്. ഇ​തു​പോ​ലെ ഭം​ഗി​യു​ള്ള ഒ​രു നി​സ്കാ​ര​പ്പാ​യ ഞാ​ൻ വീ​ട്ടി​ൽ എ​വി​ടെ​വെ​ക്കും? ഇ​നി എ​നി​ക്ക് എ​ത്ര നാ​ളു​ണ്ട് നി​സ്കാ​ര​ങ്ങ​ൾ ന​ട​ത്താ​ൻ! എ​നി​ക്ക് പോ​വാ​ൻ നേ​ര​മാ​യെ​ന്ന് എ​ല്ലാ​രും പ​റ​യു​ന്നു​മു​ണ്ട്. എ​നി​ക്ക് വേ​ണ്ട​ത് കഫൻ മാ​ത്ര​മാ​ണ്.’’ ബു​വ ഇ​ങ്ങ​നെ നേ​ർ​ക്കു​നേ​ർ നി​ൽ​ക്കു​ന്ന​ത് ഷ​സി​യ ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണ്. കൂ​നി​ക്കൂ​ടി​നി​ന്ന് ഷ​സി​യ​യെ സ്തു​തി​ക്കു​ക​യും വി​ര​ലു​ക​ൾ ഞൊ​ടി​ച്ച് ഷ​സി​യ​ക്ക് ക​ണ്ണു പ​റ്റാ​തി​രി​ക്കാ​ൻ പ്രാ​ർ​ഥി​ക്കു​ക​യു​മ​ല്ലാ​തെ ഇ​ങ്ങ​നെ നി​വ​ർ​ന്നു​നി​ന്ന് കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​താ​ദ്യ​മാ​ണ്. അ​ല്ലാഹ് ദീ​ർ​ഘാ​യു​സ്സു​ ത​ര​ട്ടെ! ഐ​ശ്വ​ര്യം ത​ന്ന​രു​ള​ട്ടെ! നി​ങ്ങ​ൾ​ക്കെ​ല്ലാ​ർ​ക്കും സു​ഖ​വും സ​ന്തോ​ഷ​വു​മു​ണ്ടാ​ക​ട്ടെ എ​ന്നും മ​റ്റും അ​നു​ഗ്ര​ഹ​ങ്ങ​ൾ വ​ർ​ഷി​ക്കു​മ്പോ​ഴു​ള്ള കു​നി​ഞ്ഞു​നി​ൽ​പ്പും വ​ണ​ക്ക​വും ഒ​ന്നു​മി​ല്ലാ​തെ നേ​ർ​ക്കു​നേ​ർ​നി​ന്ന് ത​ർ​ക്കി​ക്കു​ന്ന ഈ ​യ​സീ​ൻ ബു​വ മ​റ്റൊ​രു​വ​ളാ​ണെ​ന്ന് ഷ​സി​യക്ക് തോ​ന്നി.

ഷ​സി​യ​യു​ടെ കോ​പം ഇ​ര​ച്ചു​ക​യ​റി. അ​വ​ർ അ​ല​റി. ‘‘എന്തു കഫൻ? ഏ​ത് കഫൻ? ച​ത്തു​വീ​ണാ​ൽ ആ​രെ​ങ്കി​ലും ശ​വ​ക്ക​ച്ച ദേ​ഹ​ത്തി​ലി​ടും. അ​തി​​ലൊ​ന്നും ഇ​ത്ര ക്ഷോ​ഭി​ക്കാ​നി​ല്ല. എ​ത്ര പ​ണ​മാ​ണെ​ന്റെ കൈ​യി​ൽ ത​ന്ന​ത്. അ​തി​ന്റെ പ​ത്തി​ര​ട്ടി ഞാ​ൻ നി​ന്റെ മു​ഖ​ത്തേ​ക്കെ​റി​യും. നി​ൽ​ക്കൂ, ഇ​നി​യൊ​രി​ക്ക​ലും എ​ന്റെ മു​ന്നിൽ വ​ന്നേ​ക്ക​രു​ത്.’’ അ​വ​ർ പോ​യി ര​ണ്ട് അ​ഞ്ഞൂ​റി​ന്റെ നോ​ട്ടു കൊ​ണ്ടു​വ​ന്ന​പ്പോ​ൾ യ​സീ​ൻ ബു​വ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ടു​ക്ക​ള​യി​ലും വീ​ട്ടി​ന്റെ പി​ന്നാ​മ്പു​റ​ത്തു​മൊ​ക്കെ പോ​യി നോ​ക്കി. എ​വി​ടെ​യു​മി​ല്ല. ‘‘ഇ​നി​യൊ​രി​ക്ക​ലും ത​ന്റെ മുന്നിൽ ക​ണ്ടു​പോ​ക​രു​തെ​ന്ന’’ ആ​ജ്ഞ യ​സീ​ൻ ബു​വ അ​നു​സ​രി​ച്ചു. ഒ​രി​ക്ക​ൽപോ​ലും വ​ന്നി​ല്ല, പി​ന്നീ​ട്. റമദാ​ൻ, ബ​ക്രീ​ദ് മു​ത​ലാ​യ ആ​ഘോ​ഷ​ങ്ങ​ളു​​ടെ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സകാത് കാ​ത്തു​നി​ന്ന​വ​രി​ൽ പി​ന്നീ​​ടൊ​രി​ക്ക​ലും യ​സീ​ൻ ബു​വ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും ഷ​സി​യ​ക്ക് വീ​ണ്ടു​വി​ചാ​ര​ത്തി​ന്റെ അ​ല​ട്ടൊ​ന്നു​മു​ണ്ടാ​യി​ല്ല. ‘ഒ​ഴി​ഞ്ഞു​പോ​യ​ല്ലോ’ എ​ന്ന തോ​ന്ന​ലേ ഉ​ണ്ടാ​യു​ള്ളൂ.

ഡോ. എം. ലീലാവതി- ഫോട്ടോ: രതീഷ് ഭാസ്കർ

ആ​റേ​ഴു കൊ​ല്ലം ക​ഴി​ഞ്ഞു. ഒ​രു പ്ര​ഭാ​ത​ത്തി​ൽ മ​ക​ൻ ഫ​ർ​മാ​ൻ ആ​രോ​ടോ ദേ​ഷ്യ​ത്തി​ൽ സം​സാ​രി​ക്കു​ന്ന​ത് കേ​ട്ടു​കൊ​ണ്ടാ​ണ് ഷ​സി​യ ഉ​ണ​ർ​ന്ന​ത്. ഉമ്മക്ക് ന​ല്ല സു​ഖ​മി​ല്ലെ​ന്നും ഉ​ണ​ർ​ത്താ​ൻ പ​റ്റി​ല്ലെ​ന്നും അ​യാ​ൾ പ​റ​യു​ന്നു. ഷ​സി​യ അ​ങ്ങോ​ട്ടെ​ത്തി ആ​രാ​ണ് നന്നേ വെ​ളു​പ്പി​ന് ശ​ല്യ​പ്പെ​ടു​ത്താ​നി​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന​റി​യാ​ൻ. ‘‘യ​സീ​ൻ ബു​വ​യു​ടെ മ​ക​നാ​ണെ​ന്നും ഒ​രു കഫൻ ഇ​വി​ടെ​യു​ണ്ടെ​ന്നും അ​മ്മ മ​രി​ച്ചു​പോ​യ​തി​നാ​ൽ അ​ത് ഇ​പ്പോ​ൾ കി​ട്ട​ണ​മെ​ന്നു​മാ​ണ് അ​യാ​ളു​ടെ ആ​വ​ശ്യം’’ എ​ന്നും മ​ക​ൻ പ​റ​ഞ്ഞ​തു​കേ​ട്ട് അ​വ​ൾ ഷോ​ക്കേ​റ്റ പോ​ലെ​യാ​യി. ‘‘ആ​റേ​ഴു കൊ​ല്ല​ം ക​ഴി​ഞ്ഞി​ല്ലേ ഉമ്മ ഹ​ജ്ജ് യാ​ത്ര ക​ഴി​ഞ്ഞു വ​ന്നി​ട്ട്? ഇ​തു​വ​രെ എ​ന്താ​ണ് കഫൻ കൊ​ണ്ടു​പോ​കാ​തി​രു​ന്ന​ത്? അ​തു കൊ​ണ്ടു​പോ​യി വീ​ട്ടി​ലെ​വി​ടെ​യെ​ങ്കി​ലും വെ​ച്ചി​ട്ടു​ണ്ടാ​വും. വീ​ട്ടി​ൽ ഒ​രി​ക്ക​ൽകൂ​ടി തി​ര​ഞ്ഞു​നോ​ക്ക്’’ എ​ന്നും അ​യാ​ളോ​ട് പ​റ​യു​ന്ന​ത് ഷ​സി​യ കേ​ട്ടി​രു​ന്നു.

യ​സീ​ൻ ബു​വ​യു​ടെ മ​ക​നോ​ട് മ​ക​ൻ പ്ര​ക​ടി​പ്പി​ച്ച നീ​ര​സം ന്യാ​യ​മാ​ണെ​ന്ന് തോ​ന്നി​ക്കാ​നെ​ന്ന​പോ​ലെ നേ​രം പു​ല​രു​മ്പോ​ൾ വ​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത് ആ​രെ​യാ​ണെ​ന്നോ ഇ​ത് ആ​രു​ടെ വീ​ടാ​ണെ​ന്നോ ഓ​ർ​ക്കാ​ത്ത​തി​ന് ബുവയു​ടെ മ​ക​നോ​ട് ത​ട്ടി​ക്കേ​റി​യെ​ങ്കി​ലും ബു​വയു​ടെ ക​ഥ ക​ഴി​ഞ്ഞെ​ന്ന് കേ​ട്ട​തോ​ടെ അ​വ​രു​ടെ ഉ​ള്ളി​​ലൊ​രു വി​ള്ള​ലും ത​ക​ർ​ച്ച​യു​മു​ണ്ടാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. അ​വ​ർ കു​ഴ​ഞ്ഞ് നി​ൽ​ക്കാ​നാ​വാ​തെ സോ​ഫ​യി​ലി​രു​ന്നു. ബു​വ ജീ​വി​ച്ചി​രി​ക്കു​ന്ന കാ​ല​ത്തൊ​ന്നും ഉ​ണ്ടാ​കാ​തി​രു​ന്ന കു​റ്റ​ബോ​ധം ഇ​പ്പോ​ൾ അ​ക​മെ​രി​ച്ചു ക​ത്തി​പ്പ​ട​രു​ന്നു. എ​ങ്ങ​നെ ഈ ​തെ​റ്റി​ന്, ചെ​യ്ത പാ​പ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കും? മക്ക​യി​ലെ സം​സം പു​ണ്യ​ജ​ല​ത്തി​ൽ മു​ക്കി​യ ഒ​രു കഫൻ കി​ട്ടു​മോ! വി​ധിദി​ന​ത്തി​ൽ താ​ൻ അ​ല്ലാഹു​വിനോ​ട് എ​ത്ര കി​ഴി​ഞ്ഞ് യാ​ചി​ച്ചാ​ലും ത​ന്റെ പാ​പം പൊ​റു​ക്ക​പ്പെ​ടി​ല്ലെ​ന്ന തോ​ന്ന​ലാ​ണ് ഷ​സി​യ​യെ ത​ള​ർ​ത്തി​യ​ത്. ന​ട്ടെ​ല്ലി​ല്ലൂ​ടെ ഒ​രു​ വി​റ പ​ട​രു​ന്നെ​ന്ന് തോ​ന്നി.

ബു​വയു​ടെ മ​ക​ന് ആ ​കഫൻ ഷ​സി​യ​യു​ടെ പ​ക്ക​ലു​ണ്ടെ​ന്ന ഉ​റ​പ്പു​ള്ള​ പോ​ലെ​യാ​ണ് അ​ത് കി​ട്ടാ​ൻ അ​യാ​ളെ​ത്തി​യി​രി​ക്കു​ന്ന​ത്. ബു​വ അ​ങ്ങ​നെ പ​റ​ഞ്ഞി​രി​ക്കും. മ​റ്റൊ​രു കഫൻ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് അ​യാ​ൾ ശ​ഠി​ച്ചാ​ൽ അ​ന്ന് ഖബറടക്കം ന​ട​ക്കി​ല്ല. ജ​മാ​അ​ത്ത് ത​ന്റെ ഭ​ർ​ത്താ​വി​നെ​യും മ​ക​നെ​യും മ​സ്ജി​ദി​ലേ​ക്ക് വി​ളി​പ്പി​ച്ച് ചോ​ദ്യംചെ​യ്യും. അ​വ​ർ കൈ​യും കൂ​പ്പി അ​വ​രു​ടെ മു​ന്നിൽ വി​റ​ച്ചു വി​യ​ർ​ത്തു​ നി​ൽ​ക്കു​ന്ന ദൃ​ശ്യം ഉ​ള്ളി​ൽ​ ക​ണ്ട് ഷ​സി​യ പേ​ടി​ച്ചര​ണ്ടു. സ്വ​ന്തം മ​ക​ൻ ത​ന്നെ വെ​റു​തെ വി​ടി​ല്ലെ​ന്ന് തീ​ർ​ച്ച. അ​ക​ത്തു​പോ​യി നി​ർ​ത്താ​തെ ക​ര​ഞ്ഞു.

മ​രു​മ​ക​ൾ സ​ബാ​ക്ക് മ​ന​സ്സിലാ​യി അ​മ്മാ​യി​യ​മ്മ​യു​ടെ മ​നം ത​ക​ർ​ത്ത എ​ന്തോ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന്: ഭ​ർ​ത്താ​വ് സു​ഭ​ാൻ ഷ​സി​യ​യെ വി​ളി​ച്ച് താ​ൻ പു​റ​ത്തു​പോ​കു​മ്പോ​ൾ ഇ​ടാ​നു​ള്ള വ​സ്ത്ര​മെ​വി​ടെ, ത​ന്റെ പേ​ന​യെ​വി​ടെ എ​ന്നെ​ല്ലാം ചോ​ദി​ക്കു​ന്ന​ത് കേ​ട്ട​പ്പോ​ൾ, ആ​രോ മ​രി​ച്ചെ​ന്ന് കേ​ട്ട് അ​മ്മാ​ജി​യും മ​ക​നും പോ​യി​രി​ക്കു​ക​യാ​ണെ​ന്ന് മ​രു​മ​ക​ൾ പ​റ​യു​ന്ന​ത് കേ​ട്ട് ഷ​സി​യ ഭ​ർ​ത്താ​വി​ന്റെ കോ​പ​ത്തിൽ​നിന്ന് ത​ൽ​ക്കാ​ലം ര​ക്ഷ​പ്പെ​ട്ട​തി​ലാ​ശ്വ​സി​ച്ചു. മക്ക​യി​ൽനി​ന്ന് സം​സം ജ​ലം ത​ളി​ച്ചുകൊ​ണ്ടു​വ​ന്ന ഒ​രു കഫൻ കി​ട്ടു​മോ എ​ന്ന് ഹ​ജ്ജി​ന് പോ​യ ബ​ന്ധു​ക്ക​ളെ​യും പ​രി​ച​യ​ക്കാ​രെ​യും വി​ളി​ച്ചു ചോ​ദി​ച്ചു. ആ​രു​ടെ പ​ക്ക​ലു​മി​ല്ല. ‘‘ജീ​വി​ച്ചി​രി​ക്കെ എ​ന്തി​നാ​ണൊ​രു ശ​വ​ക്ക​ച്ച’’ എ​ന്നുവ​രെ ചോ​ദി​ച്ച് ചി​രി​ച്ചു ചി​ല​ർ. മ​രു​മ​ക​ളു​ടെ അ​​മ്മ​യോ​ട് സൗ​ഹൃ​ദ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും അ​വ​രെ​ക്കൂ​ടി വി​ളി​ച്ചു​ചോ​ദി​ച്ചു.

അ​ന്വേ​ഷ​ണ​ങ്ങ​ളെ​ല്ലാം നി​ഷ്ഫ​ല​മാ​യി. ഇ​വി​ടെനി​ന്നു​ത​ന്നെ ഒ​രു കഫൻ വാ​ങ്ങി ഗൃ​ഹ​ത്തി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള പു​ണ്യ​ജ​ലം ത​ളി​ച്ചു കൊ​ടു​ത്ത​യ​ക്കാ​മെ​ങ്കി​ലും അ​ത് മ​ക്ക​യി​ൽനി​ന്നു കൊ​ണ്ടുവ​ന്ന​താ​വി​ല്ല​ല്ലോ. താ​ൻ വാ​ഗ്ദാ​നം ലം​ഘി​ച്ച​തി​ന് ഒ​രി​ക്ക​ലും ഒരു പ​രി​ഹാ​ര​വു​മു​ണ്ടാ​വി​ല്ലെ​ന്നോ​ർ​ത്തു​ള്ള വ്യ​ഥ​യും ഭ​യ​വും ഷ​സി​യ​യെ ത​ള​ർ​ത്തി. ബു​വ​യു​ടെ മ​ക​ന്റെ കൂ​ടെ​ പോ​യ മ​ക​ൻ മൂ​ന്നു മ​ണി​ക്കു തി​രി​ച്ചെ​ത്തി. ഉമ്മ ക​ര​ച്ചി​ലോ​ടു​ ക​ര​ച്ചി​ലാ​യി കി​ട​ക്ക​യാ​ണെ​ന്ന് ഭാ​ര്യ പ​റ​ഞ്ഞ​തു​ കേ​ട്ട് മു​റി​യി​ലേ​ക്ക് ചെ​ന്നു. ഉമ്മ വാ​ഗ്ദാ​നം ലം​ഘി​ച്ച​തി​ൽ അ​യാ​ൾ​ക്ക് രോ​ഷ​മു​ണ്ടാ​യി​രു​ന്നു. ഒ​ന്നു​കി​ൽ മ​ക്ക​യി​ൽ​നി​ന്ന് അ​തു​കൊ​ണ്ടു​വ​രാ​മെ​ന്ന് ഏ​ൽ​ക്ക​രു​താ​യി​രു​ന്നു. അ​ല്ലെ​ങ്കി​ൽ വാ​ക്കു​ പാ​ലി​ക്ക​ണ​മാ​യി​രു​ന്നു. പോ​യ കൊ​ല്ലം താ​നും ഭാ​ര്യ​യും മ​ക്ക​യി​ലേ​ക്ക് പോ​കു​മ്പോ​ൾ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ ത​ങ്ങ​ൾ ഒ​രു കഫൻ വാ​ങ്ങി​ക്കൊ​ണ്ടു​വ​രു​മാ​യി​രു​ന്ന​ല്ലോ എ​ന്നും ഓ​ർ​ത്തു. ഉമ്മ​യു​ടെ ക​ര​ഞ്ഞു​വീ​ർ​ത്ത മു​ഖം ക​ണ്ട​പ്പോ​ൾ മ​ക​ൻ നീ​ര​സ​മൊ​ന്നും കാ​ട്ടാ​തെ ആ​ശ്വ​സി​പ്പി​ക്ക​യാ​ണു​ണ്ടാ​യ​ത്. ‘‘ഉമ്മീ! ക​ഴിഞ്ഞ​തോ​ർ​ത്ത് ഇ​ങ്ങ​നെ ക​ര​യേ​ണ്ട​തി​ല്ല.

മ​റ​വി​കൊ​ണ്ടോ ഭാ​ഗ്യ​ക്കേ​ടു​കൊ​ണ്ടോ ഒ​ക്കെ ഇ​ങ്ങ​നെ പ​ല​തും ഉ​ണ്ടാ​കും. അ​തൊ​ന്നും അ​ത്ര ക​ണ​ക്കാ​ക്കേ​ണ്ട​തി​ല്ല. ഞാ​ൻ അ​വി​ടെ​പ്പോ​യി വേ​ണ്ട​തെ​ല്ലാം ചെ​യ്തി​ട്ടാ​ണ് വ​രു​ന്ന​ത്. കഫൻ മാ​ത്ര​മ​ല്ല, സം​സ്കാ​ര​ത്തി​നു​വേ​ണ്ട എ​ല്ലാ വ​സ്തു​ക്ക​ളും വാ​ങ്ങി​ക്കൊ​ടു​ത്തു. ഖബറെ​ടു​പ്പി​ച്ചു. ദേ​ഹം കു​ളി​പ്പി​ക്കു​ന്ന​തി​ന് ഏ​ർ​പ്പാ​ടാ​ക്കി. എ​ല്ലാം വേ​ണ്ടപോ​ലെ ചെ​യ്തു​കൊ​ടു​ത്തു. ഭ​ക്ഷ​ണം ക​ഴി​ച്ച് ന​മു​​ക്കു​ പോ​കാം.’’ മ​ക​ന്റെ നി​ർ​ബ​ന്ധംകൊ​ണ്ട് വ​ല്ല​തും ക​ഴി​ച്ചെ​ന്നു​വ​രു​ത്തി മ​ക​നോ​ടൊ​പ്പം ഷ​സി​യ ഇ​റ​ങ്ങി. യ​സീ​ൻ ബു​വ​യു​ടെ ദേ​ഹം ക​ണ്ട​തോ​ടെ വീ​ണ്ടും ക​ര​ച്ച​ിൽ അ​ണ​പൊ​ട്ടി​യൊ​ഴു​കി. അ​വി​ടെ വ​ന്ന​വ​രെ​ല്ലാം ഷ​സി​യ​യു​ടെ ക​ര​ഞ്ഞു വീ​ർ​ത്ത മു​ഖം ക​ണ്ട് വി​സ്മ​യി​ച്ചു; ‘‘ഒ​രു ധ​നി​ക ഗൃ​ഹ​ത്തി​ലെ മേ​ലാ​ളാ​യ ഒ​രു​വ​ൾ​ക്ക് ഒ​രു പ​ഴ​യ വേ​ല​ക്കാ​രി​യോ​ട് ഇ​ത്ര​യേ​റെ ഉ​ള്ളി​ൽ​ത്ത​ട്ടി​യ സ്നേ​ഹ​വാ​യ്പു​ണ്ടാ​കു​മോ? അ​ള്ളാ​വി​ന​റി​യാം.’’ സ​ത്യ​മ​റി​യാ​വു​ന്ന​ത് ഷ​സി​യ​ക്ക് മാ​ത്ര​മാ​ണ​ല്ലോ. ‘‘ത​ന്റെ ത​ന്നെ ശ​വ​മ​ട​ക്കാ​ണ് ന​ട​ക്കു​ന്ന​ത്; ബു​വ​യു​ടേ​ത​ല്ല’’ എ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കി ആ ​സ​ത്യ​ത്തി​ന്റെ ദീ​പ്തി; പ​ശ്ചാ​ത്താ​പം പ്രാ​യ​ശ്ചി​ത്ത​മാ​വു​മെ​ന്ന​ല്ല, അ​തു​ പ്രാ​യ​ശ്ചി​ത്ത​മാ​വി​ല്ല എ​ന്ന സ​ത്യ​ബോ​ധ​ത്തി​ന്റെ ദീ​പ്തി​യാ​ണ് ക​ഥ പ്ര​സരി​പ്പി​ക്കു​ന്ന​ത് –ഇ​സ്‍ലാ​മി​ൽ സ​ത്യ​ത്തി​നും വാ​ഗ്ദാ​ന​ പാ​ല​ന​ത്തി​നും ഉ​ള്ള ദൈ​വി​ക കാ​ന്തി​യു​ടെ ര​ശ്മി​ക​ൾ​ക്കു​ള്ള ദീ​പ്തി.

(തുടരും)

Show More expand_more
News Summary - Stories by Kannada writer Banu Mushtaq