Begin typing your search above and press return to search.
proflie-avatar
Login

അലകളായ് ആഖ്യാനങ്ങൾ

അലകളായ് ആഖ്യാനങ്ങൾ
cancel

സംസ്ഥാനം എന്ന നിലയിൽ ഏഴു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന കേരളത്തിന്റെ സാഹിത്യ മണ്ഡലത്തിൽ നോവലുകൾക്ക് എന്തെല്ലാം രൂപപരിണാമങ്ങളാണുണ്ടായത്. എന്തെല്ലാം ഉള്ളൊഴുക്കുകളാണ് ഈ മേഖലയിൽ സംഭവിച്ചത്. വിശകലനം.1 ഒരു ഭൂപ്രദേശത്തെ രൂപപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിൽ സാഹിത്യം അതിന്റേതായ സ്ഥാനം വഹിക്കുന്നു. സമൂഹത്തിന്റെ സാംസ്കാരിക ഈടുവെപ്പുകളിൽ എഴുത്തും വായനയും കൃത്യമായ സ്വാധീനം ചെലുത്തുന്നുമുണ്ട്. സംസ്ഥാനം എന്ന നിലയിൽ ഏഴു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന കേരളത്തിന്റെ സ്ഥിതിയും വേറൊന്നല്ല. ഒരു പടികൂടി കടന്ന്, സാഹിത്യം സവിശേഷമായ തലത്തിൽ പ്രഭാവം രേഖപ്പെടുത്തുന്ന സംവാദ...

Your Subscription Supports Independent Journalism

View Plans
സംസ്ഥാനം എന്ന നിലയിൽ ഏഴു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന കേരളത്തിന്റെ സാഹിത്യ മണ്ഡലത്തിൽ നോവലുകൾക്ക് എന്തെല്ലാം രൂപപരിണാമങ്ങളാണുണ്ടായത്. എന്തെല്ലാം ഉള്ളൊഴുക്കുകളാണ് ഈ മേഖലയിൽ സംഭവിച്ചത്. വിശകലനം.

1

ഒരു ഭൂപ്രദേശത്തെ രൂപപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിൽ സാഹിത്യം അതിന്റേതായ സ്ഥാനം വഹിക്കുന്നു. സമൂഹത്തിന്റെ സാംസ്കാരിക ഈടുവെപ്പുകളിൽ എഴുത്തും വായനയും കൃത്യമായ സ്വാധീനം ചെലുത്തുന്നുമുണ്ട്. സംസ്ഥാനം എന്ന നിലയിൽ ഏഴു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന കേരളത്തിന്റെ സ്ഥിതിയും വേറൊന്നല്ല. ഒരു പടികൂടി കടന്ന്, സാഹിത്യം സവിശേഷമായ തലത്തിൽ പ്രഭാവം രേഖപ്പെടുത്തുന്ന സംവാദ മണ്ഡലമായി കേരളീയാന്തരീക്ഷം പരിണമി​ച്ചെന്നും പറയാം. ഈ സന്ദർഭത്തിൽ സാഹിത്യമെന്ന ഘടകം –വിശേഷിച്ച് നോവലുകൾ- കേരളത്തിന്റെ സാഹചര്യങ്ങളിൽ ഏതെല്ലാം വിധത്തിലുള്ള ഉള്ളൊഴുക്കായി എന്ന അന്വേഷണം പ്രസക്തമാണ്. നോവലീകരിച്ച ചരിത്രം എന്ന ആശയം ചരിത്രത്തിന്റെ പലതരം രംഗങ്ങളെ ആഖ്യാനങ്ങളിൽ ഉൾപ്പെടുത്തുക എന്നതുകൊണ്ടു മാത്രം അവസാനിക്കുന്നില്ല. ചരിത്രപുസ്തകങ്ങളിൽ ഇടം ലഭിക്കാതെപോയ മനുഷ്യരുടെ അനുഭവങ്ങളെ പുനരവതരിപ്പിക്കുന്ന പദ്ധതിയാണത്.

കേരളത്തിന്റെ ചരിത്രത്തെ നോവലുകളിലൂടെ വായിച്ചെടുക്കുക ഒരു സാംസ്കാരിക പ്രക്രിയകൂടിയാണ്. 1956ൽ കേരള സംസ്ഥാനം രൂപംകൊണ്ടതോടെ മലയാളഭാഷയുടെ വളർച്ചക്ക് ഉതകുന്ന സാഹചര്യം രൂപംകൊണ്ടു. എഴുത്തിനും ഭാഷയുടെ വികാസത്തിനും കൈവന്ന ഊർജം സാഹിത്യത്തിനും കൈത്താങ്ങായി തീർന്നു. അധികം വൈകാതെ മലയാള സാഹിത്യം അതിന്റെ ദിശകളെ നിർവചിക്കാനും നിയന്ത്രിക്കാനും ആരംഭിച്ചിരുന്നു. മലയാള സാഹിത്യത്തിന്റെ നെടുംപാതകളെയും സംവേദനയിടങ്ങളെയും കുറിച്ചുള്ള ചരിത്രം നമുക്ക് മുന്നിലുണ്ട്. നോവലുകളിലൂടെയാണ് ചരിത്ര-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളുടെ വ്യത്യസ്തമായ ആഴവും പരപ്പും വിശദീകരിക്കാനാവുന്നത്. അതിനാൽ തന്നെ ഇക്കാലയളവിലെ നോവലുകളെ അവലോകനം ചെയ്യുന്നത് യുക്തിയാണ്.

1889ൽ പ്രസിദ്ധീകരിക്കപ്പെട്ട, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ‘ഇന്ദുലേഖ’യിൽനിന്നും ഈ ശാഖ വളർന്നെത്തിയ ദൂരവും പാതയും പ്രാധാന്യത്തോടെ പരിഗണിക്കണം. നോവലുകളുടെ വർഗീകരണമോ തിരഞ്ഞെടുപ്പോ മൂല്യവിചാരമോ ഈ ലേഖനത്തിൽ പരിഗണിക്കുന്നില്ല. ഇവിടെ സൂചിപ്പിക്കുന്ന നോവലുകളെ ചില സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നുവെന്നു മാത്രം. കേരളം എന്ന സംസ്ഥാനം ഔദ്യോഗികമായി ഉരുത്തിരിഞ്ഞതിനു ശേഷമുണ്ടായ ആഖ്യാനങ്ങളുടെ പൊതുസ്വഭാവത്തെ സൂചിപ്പിച്ചുപോകുക മാത്രമാണ് ഈ ലേഖനത്തിൽ ചെയ്യുന്നത്.

1930കളിലും 1940കളിലും വികാസം പ്രാപിച്ച പുരോഗമന സാഹിത്യ പ്രസ്ഥാനം അക്കാലത്തെ വലിയ അടയാളപ്പെടുത്തലായി മാറി. സ്വാഭാവികമായും എഴുതാനുള്ള ഉണർവ് പ്രദാനംചെയ്യാൻ അതിനായി. സമൂഹത്തിന്റെ അന്നത്തെ പരിച്ഛേദവുമായി ചേർന്നുനിൽക്കുന്ന വിധത്തിലുള്ള സാഹിത്യകൃതികൾ നിർണായകമായി തീർന്നു. പിന്നാക്കാവസ്ഥയിലുള്ള തൊഴിലാളി/കർഷക വർഗവും ജാതിവ്യവസ്ഥയുടെ ഇരകളും മുഖ്യധാരയിൽനിന്ന് സാമൂഹികമായി മാറ്റിനിർത്തപ്പെട്ടവരും സാഹിത്യത്തിന്റെ പ്രധാന പ്രമേയങ്ങളായി ഭവിച്ചു. വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്, പൊൻകുന്നം വർക്കി, ഉറൂബ് തുടങ്ങിയവർ ഈ കാലത്തെ ഫിക്ഷനിൽ നവീനവും ധീരവുമായ വഴികൾ തുറന്നു. കഥാകൃത്തും നോവലിസ്റ്റും നാടകകൃത്തും ഗദ്യകാരിയുമായ കെ. സരസ്വതി അമ്മയുടെ ‘വിമോചന’ ആശയങ്ങൾ മറക്കാൻ പാടില്ല. 1940കളിൽ സജീവമായി തുടങ്ങിയ ബഷീറിന്റെ ലളിതസുന്ദരമായ ഭാഷയും ശൈലിയും സാധാരണ മനുഷ്യരുടെ ജീവിതത്തെ എഴുത്തിന്റെ വിഷയമാക്കി ഉറപ്പിച്ചു.

സർഗാത്മകതയുടെ ഭാവം ആധാരമാക്കി സമൂഹത്തിന്റെ ആചാരങ്ങളുടെ യുക്തിഭംഗത്തെയാണ് ബഷീർ ചൂണ്ടിക്കാട്ടിയത്. നവോത്ഥാന-പുരോഗമന യത്നങ്ങൾ സാഹിത്യത്തിലും ചുവടുവെച്ച ഒരു കാലമായിരുന്നു അത്. തുടർന്ന് വ്യക്തികേന്ദ്രിതമായ ആഖ്യാനങ്ങളും പുതിയ ഭാഷാപരീക്ഷണങ്ങളും ശക്തിപ്പെടുകയും, കേരളം എന്ന പുതിയ രാഷ്ട്രീയ-സാംസ്കാരിക ഇടം സാഹിത്യത്തിന് പുതിയ സാധ്യതകൾ തുറക്കുകയും ചെയ്തു. ഭരണപരമായതലത്തിൽ സ്വതന്ത്രവും സാംസ്കാരികവുമായ പശ്ചാത്തലം ലഭിച്ചതോടെ സാഹിത്യത്തിന്റെ ദിശയിലും ചലനങ്ങളുണ്ടായി. വായനയുടെ തലത്തിൽ 1956ലെ തകഴിയുടെ ‘ചെമ്മീൻ’ ഏറെ പ്രശസ്തമായി. കടലോരത്ത് വസിക്കുന്ന മനുഷ്യരുടെ അനുഭവങ്ങളെ പ്രണയവും വിശ്വാസവുമായി ബന്ധിപ്പിച്ച ഈ കൃതി വൈകാരികമായി മനുഷ്യർ ഏറ്റെടുക്കുകയായിരുന്നു.

സാമൂഹിക ഇടപെടലുകൾ മനുഷ്യബന്ധങ്ങളെ ഏതെല്ലാം വിധത്തിൽ ബാധിക്കുമെന്ന് ഈ നോവൽ ചൂണ്ടിക്കാട്ടി. 1958ൽ പുറത്തിറങ്ങിയ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന ഇതിഹാസ സദൃശമായ നോവലിലൂടെ ഉറൂബ് എന്ന നോവലിസ്റ്റ് ദേശവും മനുഷ്യരും സമൂഹവുമായുള്ള പല തരത്തിലുള്ള വ്യവഹാരങ്ങൾ ചർച്ചക്ക് കൊണ്ടുവന്നു. അപ്പുണ്ണി എന്ന കഥാപാത്രത്തിന്റെ ക്രമാനുഗതമായ വളർച്ച പ്രതിപാദിക്കുന്ന എം.ടി. വാസുദേവൻ നായരുടെ ‘നാലുകെട്ട്’ 1958ലാണ് പ്രസിദ്ധീകരിച്ചത്. നോവലിൽ പ്രതിപാദിച്ച ഫ്യൂഡൽ തകർച്ചയുടെ സ്പന്ദനങ്ങളും തറവാടിന്റെ അധികാരക്ഷയവും കേരളീയ പരിതഃസ്ഥിതികളുടെ പതിവുകാഴ്ചകൾ തന്നെയായിരുന്നു.

1959ൽ പുറത്തിറങ്ങിയ ബഷീറിന്റെ ‘പാത്തുമ്മായുടെ ആട്’ എന്ന നോവൽ സമൂഹത്തിന്റെ അവസ്ഥകളെ വ്യാഖ്യാനിക്കുന്നു. സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ അതിൽ വീഷയമാകുന്നുണ്ട്. സ്ത്രീ-പുരുഷ അധികാരക്രമത്തെ നർമത്തിന്റെ അകമ്പടിയോടെ ബഷീർ ഇതിൽ വിശദീകരിക്കുന്നു. ഈ ആഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമായ, മുട്ടത്തു വർക്കിയുടെ ‘പാടാത്ത പൈങ്കിളി’ കേരളപ്പിറവിക്ക് മുന്നേ 1955ലാണ് പ്രസിദ്ധീകൃതമായത്. അതേത്തുടർന്നുണ്ടായ ‘പൈങ്കിളി സാഹിത്യ’ത്തിന്റെ അതിപ്രസരവും ചരിത്രത്തിന്റെ ഭാഗമായി നിലനിൽക്കുന്നു. ഇപ്പോഴും ജനപ്രിയ നോവലുകളുടെ പ്രചാരം ഭാഷയിലുണ്ട് എന്നതും അവഗണിക്കാൻ കഴിയില്ല.

 

ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യം കാൽപനികത നിറഞ്ഞ ദേശീയതയിൽനിന്ന് റിയലിസത്തിലേക്കും, തുടർന്ന് അസ്തിത്വവാദം കലർന്ന ആധുനികതയുടെ അംശങ്ങളിലേക്കും ആധുനികോത്തരമായ പ്രവണതകളിലേക്കും യാത്ര ചെയ്തു. പടിഞ്ഞാറു നിന്നുള്ള തത്ത്വവാദത്തെ നോക്കിക്കണ്ട് അതിന്റെ പ്രാദേശിക പതിപ്പുകൾ സൃഷ്ടിക്കാനുള്ള വെമ്പൽ ആധുനികതയുടെ കാലത്തുണ്ടായി. ആധുനികതയിൽ പടിഞ്ഞാറൻ ശൈലിയെ സ്വീകരിക്കാനുള്ള ആഭിമുഖ്യം ഉണ്ടായിരുന്നു. അങ്ങനെ അസ്‌തിത്വവാദവും മറ്റും ഇവിടെ പ്രചാരത്തിലായി. അക്കാലത്തു പ്രസിദ്ധീകരിച്ച ചില കൃതികൾ കാലത്തെ അതിജീവിക്കുകയും ചെയ്തു. സാർത്രും കാമുവും കാഫ്കയും വലിയ സ്വാധീനശക്തിയായി പരിണമിച്ചതും അതേ നാളുകളിലായിരുന്നു. മനുഷ്യപ്രകൃതിയുടെ വേറിട്ടതും ഉദ്വിഗ്നവുമായ ചരിത്രത്തെയും നിരാസത്തെയുമാണ് ആധുനികതാ പ്രസ്ഥാനം രേഖപ്പെടുത്തിയത്.

ഇപ്പറഞ്ഞ കാലയളവിൽ മലയാള സാഹിത്യം അവതരിപ്പിച്ച സാമൂഹിക/ രാഷ്ട്രീയ/ സാമ്പത്തിക/ ജീവിത പശ്ചാത്തലത്തിന്റെ ബലമുള്ള ഇഴകൾ കേരളീയ ഭാവുകത്വത്തിന്റെ പരോക്ഷതലങ്ങളായി വർത്തിച്ചു. സമൂഹത്തിന്റെ നാനാ തുറകളിലുള്ള സൗന്ദര്യാത്മക മാറ്റങ്ങളെ ഇത് പ്രതിഫലിപ്പിച്ചു. മാത്രമല്ല, നിരവധി പ്രസ്ഥാനങ്ങളിലൂടെ പരിണമിച്ച് അത് കേരളത്തിന്റെ തനതായ സാമൂഹിക സാംസ്കാരിക പരിസരങ്ങളോട് ആഴത്തിൽ സംവദിക്കുന്നുമുണ്ട്. ഗ്രാമങ്ങൾക്കൊപ്പം വൻ നഗരങ്ങളും ആഖ്യാനഭൂമികയായി പ്രത്യക്ഷപ്പെട്ടു. ജീവിതത്തിന്റെ അർഥം എന്താണെന്നും മരണവും ജീവിതവുമായുള്ള ദൂരം എത്രയാണെന്നും മനുഷ്യബന്ധങ്ങൾക്ക് എത്രത്തോളം നിലനിൽപുണ്ട് എന്നും മറ്റുമുള്ള വിഷയങ്ങൾ നോവലുകൾ അഭിമുഖീകരിച്ചു. വായനക്കാരെ ആഴത്തിൽ സ്പർശിച്ച പ്രമേയങ്ങളിൽ സാമൂഹിക വിഷയങ്ങൾ ശക്തമായ വൈകാരിക ആഖ്യാനമായി അവതരിപ്പിക്കപ്പെട്ടു.

‘സാക്ഷി’യും ‘ദൽഹി’യും ‘ആൾക്കൂട്ട’വും ‘ഖസാക്കിന്റെ ഇതിഹാസവും’ ഈ കാലയളവിൽ പുറത്തിറങ്ങി. ഇതിൽനിന്ന് തീർത്തും വ്യത്യസ്തമായി, ഭ്രമാത്മക സരണികളിലൂടെ നീങ്ങുന്ന ‘യക്ഷി’ എന്ന നോവലും ഇതേ കാലത്ത് എഴുതപ്പെട്ടു. അസ്തിത്വ സംഘർഷം അടിയൊഴുക്കായി നിലനിൽക്കെ സ്വത്വം, സ്വാതന്ത്ര്യം, രാഷ്ട്രീയ വിമർശനം എന്നിങ്ങനെയുള്ള ഘടകങ്ങളെ ആസ്പദമാക്കിയുള്ള സംവാദം സുതാര്യമാവുകയുമായിരുന്നു. കേരളത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക അവബോധത്തെ സാഹിത്യവും ഏറ്റെടുത്തുവെന്ന് പറയുന്നതിലും തെറ്റില്ല. നവോത്ഥാനത്തിന്റെ തെളിച്ചവും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ഉദയവും അടയാളപ്പെടുത്തിയ 20ാം നൂറ്റാണ്ടിലെ സാഹിത്യം സാമൂഹിക സ്വത്വത്തെ പ്രചോദിപ്പിക്കാനുള്ള പ്രോത്സാഹനമായി തീർന്നു.

വ്യക്തിയും ഫ്യൂഡൽനിലകളും ആന്തരികസംഘർഷവും മറ്റും ഉൾപ്പെട്ട ആഖ്യാനങ്ങൾ ആധുനികതയുടെ ശൈലിയിലേക്ക് പതുക്കെ ചേക്കേറി. ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നോവലുകൾ സമൂഹത്തിന്റെ ഘടനകളെയും പരിഷ്കരണത്തെയും പ്രാധാന്യത്തോടെ അവതരിപ്പിച്ചു. എന്നാൽ, 1960കളിലും 1970കളിലും വ്യക്തിയുടെ ആന്തരിക സംഘർഷങ്ങൾ പ്രസക്തമായി. അസ്തിത്വവാദത്തിന്റെ വർധിച്ച മാനങ്ങൾ അവസാനിച്ചതോടെ സമൂഹവും ദേശവും രാഷ്ട്രവും മറ്റും നോവലിന്റെ പ്രമേയമായി. ‘ഉമ്മാച്ചു’വിനും ‘ഒരു ദേശത്തിന്റെ കഥ’ക്കും ‘മയ്യഴിപ്പുഴയുടെ തീരങ്ങൾ’ക്കും ‘കാല’ത്തിനും അനവധി പതിപ്പുകളുണ്ടായി. അന്നുവരെ പിന്തുടർന്ന ആഖ്യാന ശൈലിയെ അപനിർമിച്ചുകൊണ്ട് പുതിയ പരീക്ഷണങ്ങളും പ്രമേയങ്ങളും മലയാള സാഹിത്യം അന്വേഷിച്ച കാലംകൂടിയായിരുന്നു ഉത്തരാധുനികതയുടേത്. നിലവിലുള്ള രീതികളെ വിഘടിച്ചുകൊണ്ട് നൂതനമായ ആശയങ്ങളെ പ്രയോഗത്തിൽ വരുത്തുക എന്നതിലാണ് ‘ഉത്തരാധുനികത’ ലക്ഷ്യം വെച്ചത്. പ്രാദേശികമായ ഭാവങ്ങളെയും ആധുനികതയുടെ തലങ്ങളെയും നിരാകരിച്ചുകൊണ്ട് ഉത്തരാധുനിക സ്വഭാവം പ്രകടിപ്പിക്കുന്ന എം. ഗോവിന്ദന്റെ നോവലായ ‘സർപ്പം’ 1968ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.

 

പരമ്പരാഗത കഥപറച്ചിലിന്റെ ക്രമം തെറ്റിച്ച് രംഗപ്രവേശം ചെയ്ത മേതിൽ രാധാകൃഷ്ണനും കെ.പി. നിർമൽകുമാറും അപരിചിതത്വമാർന്ന ശിൽപഘടനയെ പിന്തുടർന്നു. സ്ഥാനചലനം സംഭവിച്ചവരും ഗുരുതരമായ പരിസരങ്ങളിലൂടെ കടന്നുപോകുന്ന പ്രശ്നഭരിതരും അധികാരത്തിന്റെ വിവിധ ഇടപെടലുകളിൽ ഇരകളായി പരിണമിച്ചവരും ഉത്തരാധുനിക കാലഘട്ടത്തിലെ കഥാപാത്രങ്ങളായി പരിണമിച്ചു. ദേശ/രാഷ്ട്ര പശ്ചാത്തലവും മാനുഷിക ബന്ധങ്ങളുടെ പുതിയ നിർവചനങ്ങളും കൂട്ടുകുടുംബത്തിൽനിന്ന് അണുകുടുംബത്തിലേക്കുള്ള പരിണാമവും സൈബർ വ്യവഹാരങ്ങളും ലിംഗനീതിയും ജാതി/മത സമവാക്യങ്ങളും മുമ്പെങ്ങും ഇല്ലാത്ത ആർജവത്തോടെ മലയാളത്തിന്റെ എഴുത്തിൽ പ്രത്യക്ഷപ്പെട്ടു.

കേരളത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക-വ്യാവസായിക മേഖലയെ ആസ്പദമാക്കിയുള്ള രൂപപ്പകർച്ചകൾ നോവലുകളിൽ സംഭവിച്ചു എന്ന് കാണാം. ജീവിതത്തെക്കുറിച്ചുള്ള ആഴമുള്ള തിരിച്ചറിവ്, സാമൂഹിക വിമർശനം, ആഖ്യാനത്തിലെ പുതുമ, ചരിത്രബോധം എന്നിവ നോവലെഴുത്തിനെ വല്ലാതെ സ്വാധീനിച്ചു. ഉത്തരാധുനികമായ പരീക്ഷണങ്ങൾക്കു ശേഷം ഉരുവപ്പെട്ട സമകാലിക മലയാള സാഹിത്യ പരിസരത്തിൽ അനേകം ചായ്‌വുകളും രീതികളും നിലനിൽക്കുന്നുണ്ട്. മധ്യവർഗത്തിന്റെ ആവിർഭാവവും വികാസവും അവയുടെ പ്രതിസന്ധികളും പുതുതലമുറയുടെ നവീനമായ പ്രവണതകളും വിപണിയുടെ രീതികളും രാഷ്ട്രീയത്തിന്റെ അപചയവും അവിടെ വിഷയങ്ങളായി രൂപപ്പെടുന്നു.

1990കളിൽ ആരംഭിച്ച പുതുമയുള്ള ആഖ്യാനരീതികളും സ്വീകരിച്ച പ്രമേയങ്ങളും അതുവരെ കാണാത്ത ലോകത്തിന്റെ സൂക്ഷ്മഭേദങ്ങളെ ആവിഷ്കരിച്ചു. ദൈനംദിന ജീവിതത്തിന്റെ ശൈലിയും ചരിത്രത്തിന്റെ പുനരെഴുത്തുകളും പഴങ്കഥകളുടെ പുനർവ്യാഖ്യാനവും ജാതിവ്യവഹാരങ്ങളും പരിസ്ഥിതി സംബന്ധിയായ ആശങ്കകളും അക്കൂട്ടത്തിൽ പെടുന്നു. പണ്ടെങ്ങോ ഉപേക്ഷിച്ച ജനപ്രിയ ആഖ്യാനരീതികൾ പുതിയ വേഷ-ഭാവത്തിൽ പ്രത്യക്ഷപ്പെടാനും തുടങ്ങി. ക്ലാസിക് തലത്തിലേക്ക് ഉയർന്ന ആഖ്യാനങ്ങളുടെ ആവർത്തിച്ചുള്ള വായനയും വിശകലനവും മനുഷ്യമനസ്സിന്റെ തുറസ്സിനെ കൂടുതൽ വിസ്തൃതമാക്കുമെന്ന തത്ത്വം ഇതിനിടെ ഉറപ്പിക്കപ്പെടുകയായിരുന്നു.

ഒരു കൃതി ക്ലാസിക്കാകുന്നത് അതിന്റെ ഭാഷയും മൗലിക സൗന്ദര്യവും ചരിത്ര-ഭൂമിശാസ്ത്ര-സാമൂഹിക ബോധവും ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയുടെ ഗരിമയും കൊണ്ടാണ്. അവ ഓരോ വായനയിലും ഉൽപാദിപ്പിക്കുന്ന അർഥതലങ്ങൾ തീർത്തും വിഭിന്നവുമാണ്. കാൽപനിക-ആധുനികത-ഉത്തരാധുനികത ലാക്ഷണികശാസ്ത്രത്തിന്റെ പിൻബലമില്ലാതെ അവ നേരിട്ട് വായനക്കാരിലേക്ക് എത്തിച്ചേരുന്നു. ‘ഇന്ദുലേഖ’യും ‘മാർത്താണ്ഡവർമ’യും ‘ആൾക്കൂട്ട’വും ‘രണ്ടാമൂഴ’വും ‘കയറും’ ‘സ്മാരകശിലകളും’ അങ്ങനെയുള്ളവയിൽ ചില പേരുകൾ മാത്രമാണ്.

കേരളപ്പിറവിക്കു ശേഷം, പ്രാദേശികതലത്തിൽ വിവിധ മേഖലകളിൽ നേരത്തേ സംജാതമായിരുന്ന സാഹിത്യപാരമ്പര്യങ്ങൾ കരുത്താർജിച്ചു. ഒരു സംസ്ഥാനത്തിന്റെ പൊതുവായ സാംസ്കാരിക ചട്ടക്കൂടിനുള്ളിൽ ബഹുസ്വരതയുള്ള ചിന്തകൾക്ക് ശക്തമായി സംവദിക്കാനുള്ള സാഹചര്യമാണുണ്ടായത്. സമൂഹം, വ്യക്തി, കുടുംബം, പ്രണയം, സമ്പദ്‌വ്യവസ്ഥ, ഓർമ, ആന്തരികസംഘർഷം എന്നിവയിലൂന്നിയുള്ള ആഖ്യാനരീതികൾ വ്യത്യസ്തമായ സാഹിത്യപദ്ധതികളായിരുന്നു. ചുരുക്കത്തിൽ വ്യവസ്ഥാപിത പ്രമേയങ്ങളിൽനിന്നുള്ള മാറിനടത്തമായി പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളുടെ പട്ടിക നീണ്ടതാണ്.

ഫാഷിസത്തിന്റെ അലകൾ അടിയൊഴുക്കാവുന്ന സമകാല നോവലുകളിൽ അധികാരവുമായി ബന്ധപ്പെട്ട ബിംബങ്ങൾ സാധാരണക്കാരെ തച്ചുടക്കുന്നതിനുള്ള അവസരങ്ങളെ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് ചിത്രീകരിക്കുന്നു. അത്തരം സന്ദർഭങ്ങളുടെ നേരനുഭവ പതിപ്പുകളായി നോവലുകൾ രൂപപ്പെടുന്നു. ദേശ-രാഷ്ട്ര സങ്കൽപവും നീതിയുടെ രാഷ്ട്രീയവും രാഷ്ട്രത്തിന്റെ/(പ്ര)ദേശത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകളും സാഹിത്യത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നു. യുദ്ധവും അധിനിവേശവും പലായനവും കുടിയേറ്റവും അവയുടെ വിഷയങ്ങളായി തീരുകയാണ്.

 

2

70 വർഷത്തെ കാലയളവിൽ കേരളത്തിൽ നടന്ന നിർണായക സംഭവങ്ങൾ സാഹിത്യാഖ്യാനങ്ങളിലും നേരിട്ടോ അല്ലാതെയോ കടന്നു വന്നിട്ടുണ്ടെന്ന് പറയാം. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭരണവും വിമോചന സമരവും കക്ഷിരാഷ്ട്രീയവും ഭൂപരിഷ്കരണവും നക്സലിസവും അടിയന്തരാവസ്ഥയും വിവിധ തരത്തിലുള്ള കുടിയേറ്റങ്ങളും പ്രകൃതിക്ഷോഭങ്ങളും തൊഴിൽ/തൊഴിലാളി വ്യവഹാരങ്ങളും ഗൾഫ് പ്രവാസവും മധ്യവർഗത്തിന്റെ ഉയർച്ചയും സാങ്കേതിക വളർച്ചയും അണുകുടംബത്തിന്റെ ഉദയവും സ്ത്രീ-പുരുഷ ബന്ധങ്ങളും അരികുജീവിതങ്ങളും സ്ത്രീ ശാക്തീകരണവും വിപണിയുടെയും ശരീരത്തിന്റെയും വിനിമയങ്ങളും അധികാരക്രമങ്ങളും നിരീക്ഷണവും ആഗോളീകരണ/ആഗോളീകരണാനന്തര ലോകവും കുടിയേറ്റാനന്തരയിടങ്ങളും മറ്റും മലയാള നോവലുകളിൽ ചർച്ച ചെയ്യപ്പെട്ടു.

കാലങ്ങളായി നിലനിന്ന ജന്മി-കുടിയാൻ സമ്പ്രദായം ഇല്ലാതാക്കേണ്ടത് ഒരു നവ സമൂഹത്തിന്റെ ആവശ്യകതയായി തീർന്നു. കൃഷിഭൂമി മണ്ണിൽ ജോലിയെടുക്കുന്ന യഥാർഥ കർഷകരിലേക്ക് എത്തിക്കേണ്ടത് ചരിത്രപരമായ അനിവാര്യതയായി. ഭൂപരിഷ്കരണ നിയമം അവ്വിധത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു. കുടിയാന്മാർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചതോടെ സാമൂഹിക പരിവർത്തനമുണ്ടായി. തകഴിയുടെ ബൃഹദാഖ്യാനമായ ‘കയർ’ (1978) കുട്ടനാടിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള രീതികളെയും ശീലങ്ങളെയും മാറ്റി പ്രതിഷ്ഠിക്കുന്നുണ്ട്. ഭൂവുടമസ്ഥതയിലുണ്ടാകുന്ന പുതിയ നയങ്ങളെ നോവലിൽ സംബോധന ചെയ്യുന്നു. കുട്ടനാട്ടിൽ ഭൂപരിഷ്കരണം നടപ്പാക്കുന്ന കാലത്തെ ജീവിതമാണ് ‘കയറി’ൽ തകഴി പറയുന്നത്. അവിടത്തെ സമൂഹത്തിന്റെ ആഖ്യാനത്തിൽ മനുഷ്യരുടെ മോഹഭംഗങ്ങളും സങ്കടങ്ങളും നിരാശയും നിഴലിക്കുന്നു.

കേരളമെന്ന ഘടന സൃഷ്ടിക്കപ്പെട്ടതോടെ ദേശം എന്ന സുനിശ്ചിതമായ അതിരുകളുള്ള ഭൂവിടത്തെ ചുറ്റിപ്പറ്റിയുള്ള നോവലുകൾ വികസിക്കാനാരംഭിച്ചു. ഖസാക്കും മയ്യഴിയും പാണ്ഡവപുരവും കാരക്കാടും അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. ദേശത്തിന്റെ താളവും ലയവും ജീവിതവും സ്വാതന്ത്ര്യമോഹവും അസ്തിത്വദുഃഖവും കഥാപാത്രങ്ങളിലൂടെ വായനക്കാരിലെത്തി. രൂപപരീക്ഷണങ്ങൾ എന്നതിലുപരിയായി പ്രാദേശികതയെ ഫാന്റസിയുമായും ചരിത്രവുമായും ചേർത്തുവെക്കാൻ നോവലുകൾക്കായി. മയ്യഴിയുടെ മോചനവും ഖസാക്കിന്റെ ആനന്ദിപ്പിക്കുന്ന വിഷാദവും ‘സ്മാരകശിലകളു’ടെ മാന്ത്രിക യാഥാർഥ്യവും ‘പാണ്ഡവപുര’ത്തെ ദേവിയുടെ വിലോഭനീയമായ കാത്തിരിപ്പും പുതിയ അനുഭവങ്ങളായി. ആനന്ദിന്റെ ‘ആൾക്കൂട്ടം’ സൃഷ്ടിച്ച വിച്ഛേദം ആഭ്യന്തരപലായനത്തിന്റെയും കുടിയേറ്റത്തിന്റെയും അധ്യായങ്ങൾക്ക് എക്കാലത്തെയും മാതൃകയായിത്തീർന്നു. ഭാഷയിലും ജീവിത പശ്ചാത്തലത്തിലും വരുന്ന സൂക്ഷ്മമായ മാറ്റങ്ങൾ നോവലിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

പ്രദേശങ്ങളുടെ തനതായ ഭാഷ നോവലുകൾക്ക് ആധാരമായി. പാറപ്പുറത്തിന്റെ ‘അരനാഴികനേര’ത്തിലെയും (1967) എൻ.പി. മുഹമ്മദിന്റെ ‘എണ്ണപ്പാട’ത്തിലെയും (1980) ഭാഷ കേരളത്തിന്റെ രണ്ടു ഭാഗങ്ങളുടെ സാംസ്കാരിക മുദ്ര പേറുന്നതായിരുന്നു. പി. പത്മരാജന്റെ ‘പ്രതിമയും രാജകുമാരിയും’ (1991) യാഥാർഥ്യവും മായയുമായുള്ള അതിരുകളെ വേർതിരിച്ചറിയാൻ സാധിക്കാത്ത തരത്തിലുള്ള ആഖ്യാനമായിരുന്നു. കൊളോണിയൽ പാരമ്പര്യങ്ങളെ ആവാഹിച്ച കൊച്ചിയുടെ സ്വത്വം പോഞ്ഞിക്കര റാഫിയുടെ ‘ഓരാ പ്രൊ നോബിസി’ലും (1981) ജോണി മിറാണ്ടയുടെ ‘ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസി’ലും (2004) പി.എഫ്. മാത്യൂസിന്റെ ‘ചാവുനില’ത്തിലും (1996) തെളിമയോടെ കാണാൻ സാധിച്ചു.

 

വിമോചനസമരത്തിന്റെയും ചവിട്ടുനാടകത്തിന്റെയും കൊച്ചിയുടെ വൈവിധ്യമാർന്ന ചരിത്രത്തിന്റെയും പുറങ്ങൾ എൻ.എസ്‌. മാധവന്റെ ‘ലന്തൻ ബത്തേരിയിലെ ലുത്തിനിയകളി’ൽ (2003) നാം വായിച്ചു. ജനാധിപത്യം, അധികാരം, നിയന്ത്രണം എന്നിങ്ങനെയുള്ള സംവർഗങ്ങൾ മനുഷ്യരെ നിരാശരാക്കുന്നതിന്റെ ചിത്രങ്ങൾ ഈ കാലത്തെ നോവലുകളിൽ വരച്ചുകാണിക്കുന്നുണ്ട്. ഒളിവിൽ കഴിഞ്ഞ്, സംഘർഷങ്ങൾ അനുഭവിച്ച് കമ്യൂണിസ്റ്റ് പാർട്ടി കെട്ടിയുയർത്തുന്ന രംഗങ്ങൾ കാക്കനാടന്റെ ‘ഉഷ്ണമേഖല’യിൽ(1969) വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥയും നക്സലിസവും അധികാരവാഴ്ചയും പ്രമേയങ്ങളായ നോവൽ കാലത്തിന്റെ സാക്ഷികളാണ്. പ്രത്യേകിച്ച് ഒരു കാലം സൂചിപ്പിക്കാതെ, സ്വേച്ഛാധിപത്യത്തിന്റെ ഭീകരാവസ്ഥയോട് പൊരുതേണ്ടി വന്ന കഥാപാത്രങ്ങളാണ് ഇ. സന്തോഷ് കുമാറിന്റെ ‘അന്ധകാരനഴി’യിൽ (2011) പ്രത്യക്ഷപ്പെടുന്നത്.

വ്യവസ്ഥ വ്യക്തികളെ കീഴ്‌പ്പെടുത്തുന്ന സമ്പ്രദായത്തെ ഈ നോവൽ ഓർമപ്പെടുത്തുന്നു. അറിവും അധികാരവുമായുള്ള വിനിമയത്തെയാണ് അദ്ദേഹം ‘ജ്ഞാനഭാര’ത്തിൽ (2021) പറയുന്നത് ഏകാധിപത്യം സൃഷ്ടിക്കുന്ന ചുഴൽവഴികളിൽ അമ്പരന്നുനിൽക്കേണ്ടി വരുന്ന പൗരർ ഇരകളായി പരിണമിക്കുന്നു. അധികാരവർഗം നിക്ഷിപ്തലക്ഷ്യത്തോടെ പുറപ്പെടുവിക്കുന്ന വ്യവസ്ഥകൾ പൗരവർഗത്തിനു പ്രതിലോമകരമാവുകയാണ്. മേൽപ്പറഞ്ഞ കാഴ്ചയുടെ നാനാ തരത്തിലുള്ള സന്ദർഭങ്ങളെ ആനന്ദ് നോവലുകളിൽ വിഭാവനം ചെയ്യുന്നു. ഇതിന്റെ ഭാവന കലർന്ന പതിപ്പുകളാണ് ഡിസ്റ്റോപ്പിയൻ നോവലുകളായി രംഗപ്രവേശം ചെയ്തത്. എൻ.പി. മുഹമ്മദിന്റെ ‘ഹിരണ്യകശിപു’വും (1967), രാജേഷ് വർമയുടെ ‘ചുവന്ന ബാഡ്‌ജും’ (2017) സോണിയ റഫീക്കിന്റെ ‘53’ഉം(2019) ഇതിന്റെ മാതൃകകളാണ്. വ്യക്തിയുടെ ജീവിതദൈർഘ്യം വരെ തീരുമാനിക്കാനുള്ള അവകാശം ഭരണകൂടത്തിനാണ് എന്നുവരുന്ന സാഹചര്യമാണ് 53ലേത്.

രാഷ്ട്രീയാധികാരത്തെ വിമർശനാത്മകമായി അവതരിപ്പിക്കുന്ന വി.കെ.എന്നിന്റെ ‘ആരോഹണ’വും(1969) ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയവ്യവഹാരങ്ങളെ വിവരിക്കുകയാണ്. ആദർശ രാഷ്ട്രീയവും പ്രയോഗിക പ്രവൃത്തികളും തമ്മിലുള്ള വൈരുധ്യത്തെ ഈ നോവലിൽ അനാവൃതമാക്കുന്നു. മനുഷ്യരുടെ ‘വിധി’ക്ക് ലോകത്തിന്റെ അവസ്ഥയുമായികൂടി ബന്ധമുണ്ട്. മനുഷ്യരുടെ അസ്തിത്വവും സ്ഥാപനാധികാരവും തമ്മിലുള്ള സംഘർഷവും ഇതിന്റെ ഭാഗമാണ്. ഇത്തരത്തിൽ അധികാരശ്രേണികളും അച്ചടക്ക സംവിധാനങ്ങളും ഇടകലർന്ന പട്ടാളക്യാമ്പിലെയും പൊതുജീവിതത്തിലെയും അനുഭവങ്ങൾ ആവിഷ്കരിച്ച കോവിലന്റെ രചനകൾ തീർത്തും പ്രസക്തമാണ്.

സൈനിക ജീവിതത്തിന്റെ ചുറ്റുപാടിലെ മനുഷ്യരുടെ നിസ്സഹായതയെയും ഏകാന്തതയെയും അദ്ദേഹം ആഖ്യാനങ്ങളാക്കി തീർക്കുന്നു. കക്ഷി രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും വിശദവിവരങ്ങൾ അടങ്ങിയ കെ. സുരേന്ദ്രന്റെ ‘പതാക’ (1981), കെ. രാധാകൃഷ്ണന്റെ ‘നഹുഷപുരാണം’ (1986), ബ്യൂറോക്രസിയുടെ സങ്കീർണതകൾ രേഖപ്പെടുത്തിയ ഇ. വാസുവിന്റെ ‘ചുവപ്പുനാട’ (1966), ഭരണയന്ത്രത്തെ പറ്റിയുള്ള നോവലായ മലയാറ്റൂരിന്റെ ‘യന്ത്രം’ (1978) എന്നിങ്ങനെയുള്ള കൃതികൾ വേറിട്ട ലോകങ്ങളെ പ്രതിഫലിപ്പിച്ചു. തങ്ങൾ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ അപചയം മനുഷ്യരെ നിരാശാഭരിതരാക്കുന്നതിന്റെ ആഖ്യാനങ്ങളും ഈ കാലയളവിൽ പുറത്തിറങ്ങി.

 

സി.ആർ. പരമേശ്വരന്റെ ‘പ്രകൃതിനിയമ’വും (1986) എം. സുകുമാരന്റെ ‘ശേഷക്രിയ’യും (1979) പ്രസ്ഥാനത്തിന്റെ ഇടർച്ചകളുടെ ആഘാതങ്ങളെയാണ് അവതരിപ്പിക്കുന്നത്. പാർട്ടിയെ സംന്ധിച്ച സ്വയംവിമർശനത്തിന്റെ ചാലുകൾ അശോകൻ ചരുവിലിന്റെ ‘കാട്ടൂർക്കടവ്’ (2022) എന്ന നോവലിലും കാണാം. ജാതിയും അധികാരഘടനയും എസ്. ഹരീഷിന്റെ ‘മീശ’യുടെ (2018) അടിയൊഴുക്കായി വർത്തിക്കുന്നുണ്ട്. ‘ആഗസ്റ്റ് 17’ലാകട്ടെ (2022) വാസ്തവ വിരുദ്ധമായ ചരിത്രം ഭാവനയായി ജ്വലിച്ചുനിൽക്കുന്നു. അങ്ങനെ ചരിത്രത്തിന്റെ ഒത്തുമാറ്റവും സങ്കലനവും ആഖ്യാനങ്ങളിലേക്ക് സന്നിവേശിപ്പിക്കപ്പെടുകയാണ്. കേരളത്തിന്റെ സാമൂഹിക മാറ്റവും ചരിത്രവും ആധുനികതയും ഉൾച്ചേരുന്ന സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’ (2010) മനുഷ്യനെയും അതോടൊപ്പം ദേശത്തെയും പിന്തുടരുന്നു.

തത്ത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും കാഴ്ചപ്പാടോടെ വിശ്വാസത്തിന്റെ രാഷ്ട്രീയവും യുക്തിയുടെ സ്ഥിരതയും വി.ജെ. ജെയിംസ് ‘പുറപ്പാടിന്റെ പുസ്തകം’ (1999), ‘ആന്റിക്ലോക്ക്’ (2018) തുടങ്ങിയ നോവലുകളിലൂടെ ആവിഷ്കരിച്ചു. എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു തെരുവിന്റെ കഥ’യും (1960), പി.എ. മുഹമ്മദ് കോയയുടെ ‘സുൽത്താൻ വീടും’ (1971) കോഴിക്കോടിന്റെ ചരിത്ര-സാംസ്‌കാരിക സമൃദ്ധിയെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെ അംബികാസുതൻ മാങ്ങാട്, പി.വി. ഷാജികുമാർ, കെ.എൻ. പ്രശാന്ത് തുടങ്ങിയ നോവലിസ്റ്റുകൾ ഉത്തര മലബാറിന്റെ തനതുശൈലിയെയും ആഖ്യാനങ്ങളെയും പരിചയപ്പെടുത്തി.

ആധുനികനും ഉത്തരാധുനികനുമായ എം.പി. നാരായണപിള്ളയും ശാസ്ത്രവും സാമൂഹികമായ അനുഭവങ്ങളും കേന്ദ്രീകരിച്ച സി. രാധാകൃഷ്ണനും ദേശവും ഐതിഹ്യങ്ങളും വാമൊഴിപ്പഴക്കങ്ങളും അടങ്ങിയ ദേഷ്യപ്പെരുമയെ കുറിച്ച് യു.എ. ഖാദറും ഓർമയുടെയും സമൂഹത്തിന്റെയും വിശ്വാസത്തിന്റെയും ചിത്രങ്ങൾ ശേഖരിച്ച കെ.പി. രാമനുണ്ണിയും ഭാഷാപാണ്ഡിത്യത്തിന്റെ അകമ്പടിയോടെ മനോജ് കുറൂരും ദേശത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിഗൂഢതയുടെയും അടരുകളോടെ ടി.പി. രാജീവനും തിരുവിതാംകൂറിന്റെ ഭാഷയും ചരിത്രവുമായി വി. ഷിനിലാലും നോവലുകൾ എഴുതി.

ആഗോളീകരണം കേരളീയ സമൂഹത്തിൽ വരുത്തിയ ചലനങ്ങൾ വളരെ വലുതാണ്. ജീവിതശൈലിയിലും ഉപഭോക്തൃ സംസ്കാരത്തിലും തൊഴിൽബന്ധങ്ങളിലും, കുടിയേറ്റ പ്രവണതയിലും കുടുംബ ഘടനയിലും പരിസ്ഥിതിയിലും എല്ലാം വന്ന മാറ്റങ്ങളുടെ അടയാളങ്ങൾ ആഖ്യാനങ്ങളിലും പ്രകടമായി. കേരളത്തിലെ ജാതി-വർഗബന്ധങ്ങൾ, പരസ്യങ്ങളുടെ സ്വാധീനം, ഗൾഫ് കുടിയേറ്റം, അണുകുടംബങ്ങളുടെ വർധിച്ച പ്രസക്തി, പരിസ്ഥിതി പ്രതിസന്ധി, ഉപഭോഗ സംസ്കാരം, ലോകസാഹിത്യവുമായുള്ള ഇടപെടൽ എന്നിവ ആഗോളീകരണാനന്തര സാഹിത്യത്തിന്റെ ദിശ നിർണയിക്കുന്നു. ആധുനികതയെയും ഉത്തരാധുനികതയെയും അധിനിവേശാന്തര സമൂഹത്തെയും കേരളത്തിന്റെ പശ്ചാത്തലത്തിൽ ടി.ഡി. രാമകൃഷ്ണൻ ഭാവനയിൽ കണ്ടതാണ് ‘ഫ്രാൻസിസ് ഇട്ടിക്കോര’ (2009) എന്ന നോവലിന് ആധാരം. വിവിധ വ്യവഹാര മണ്ഡലങ്ങളുടെ സാധ്യതയാണ് അദ്ദേഹം ഈ നോവലിൽ പരീക്ഷിച്ചത്.

എൻ. പ്രഭാകരനും ടി.വി. കൊച്ചുബാവയും ആഗോളീകരണത്തിന്റെ നയങ്ങളെയും സ്വഭാവത്തെയും അടിസ്ഥാനമാക്കി കൃതികൾ രചിച്ചു. ഓർമയും വൃദ്ധജീവിതവും രാഷ്ട്രീയവും സാമൂഹിക ജീവിതവും അവിടെ വിഷയങ്ങളായി. മധ്യവർഗത്തിന്റെ പ്രാബല്യവും സാങ്കേതികവിദ്യയുടെ വികാസവും ആഗോളീകരണാനന്തര ജീവിതത്തിൽ കൈയൊപ്പ് ചാർത്തി. സ്ത്രീ-പുരുഷബന്ധവും ലോകത്തെ അവർ നോക്കിക്കാണുന്ന വിധവും മാറിത്തുടങ്ങി. കെ.വി. പ്രവീണിന്റെ ‘ഡിജാൻ ലീ’ (2009), ‘പ്രച്ഛന്നവേഷം’ (2013) എന്നീ നോവലുകളും പ്രവീൺ ചന്ദ്രന്റെ ‘അപൂർണതയുടെ ഒരു പുസ്തക’വും (2014) സാങ്കേതികതയുടെ സാധ്യതകൾ തേടി. 1970ലെ കൃതിയായ ‘ആൾക്കൂട്ട’ത്തിൽ കഥാപാത്രങ്ങളെല്ലാവരും ബോംബെ എന്ന മഹാനഗരത്തിൽ എത്തിച്ചേരുകയാണ്.

 

തൊഴിൽ അന്വേഷിച്ച് മഹാനഗരങ്ങളിലേക്ക് പ്രയാണം ചെയ്യുന്ന പ്രവണത ആഗോളീകരണം കരുത്ത് പ്രാപിച്ച നാളുകൾക്കും മുന്നേ നിലവിലുണ്ട്. ഗൾഫ് കുടിയേറ്റവും പ്രവാസവും ഇതിനു ചുവടുപിടിച്ച് സംഭവിച്ചതാണ്. എഴുപതുകളിൽ സജീവമായ ആദ്യ ഗൾഫ് കുടിയേറ്റത്തിൽ ലാഞ്ചിയിലേറി അറബ് തീരത്ത് എത്തിയവരും ഉണ്ടായിരുന്നു. തൊണ്ണൂറുകളിലാണ് രണ്ടാം തരംഗം ശക്തിപ്രാപിച്ചത്. പല വിധം കഷ്ടതകളും നേരിട്ട് മറ്റൊരു രാജ്യത്തോ മഹാനഗരത്തിലോ എത്തിപ്പെട്ട് ഒരു തൊഴിൽ കരസ്ഥമാക്കാനായിരുന്നു ഇടത്തരം മലയാളികളുടെ ആഗ്രഹം. മധ്യവർഗ സംസ്കാരം വ്യാപകമായി പ്രചാരത്തിലാവുന്നതിനു മുമ്പായിരുന്നു ഇതെന്ന് ഓർക്കണം.

സാമ്പത്തിക സുരക്ഷിതത്വം നേടാനായി സ്വത്വനഷ്ടം വരെ അഭിമുഖീകരിക്കേണ്ടി വരുന്ന മനുഷ്യരാണ് കൃത്യമായ രേഖകളില്ലാത്ത പ്രവാസികൾ. ബെന്യാമിന്റെ ‘ആടുജീവിത’ത്തിലെ (2008) സാഹചര്യം ഇവിടെ പരാമർശിക്കേണ്ടതാണ്. നോവലിലെ നജീബിന്റെ ജീവിതവുമായി താദാത്മ്യം പ്രാപിക്കാൻ വായനക്കാർക്കായി എന്നത് പ്രത്യേകം പറയണം. ഉപജീവനത്തിനായി നാടുവിടുന്നവർ ഗൃഹാതുരരാവുകയും സ്വന്തം ദേശത്തെ എഴുത്തിലൂടെ ഓർത്തെടുക്കുകയുമാണ്. കുഞ്ഞാവയെന്ന പ്രവാസിയായ ചെറുപ്പക്കാരന്റെ അനുഭവങ്ങളെ ഭ്രമാത്മകമായ വിധത്തിൽ ചിത്രീകരിക്കുന്ന നോവലാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘കന്യാവനങ്ങൾ’ (1986).

സ്ത്രീയുടെ സ്വത്വബോധത്തിനും സ്വാതന്ത്ര്യത്തിനും മേൽ മതവിശ്വാസം നടത്തുന്ന ഇടപെടലുകൾ അറബ് നാടിന്റെ പശ്ചാത്തലത്തിൽ തുറന്നുകാണിക്കുന്ന ഖദീജ മുംതാസിന്റെ ‘ബർസ’ (2007) ശ്രദ്ധേയമായ ഒരു കൃതിയാണ്. സാദിക്ക് കാവിലിന്റെ ‘ഔട്ട്പാസ്’(2014), നിസാമുദ്ദീൻ റാവുത്തറിന്റെ ‘അറേബ്യയിലെ അടിമ’ (2013), പി. മോഹനന്റെ ‘കാലസ്ഥിതി’ (2008) എന്നിങ്ങനെ ഗൾഫ് നോവലുകളുടെ പട്ടിക നീളുകയാണ്. പ്രവാസ സാഹിത്യത്തിന്റെ സ്ഥിരം പരിസരങ്ങളിൽനിന്നും മാറി എഴുതിയതാണ് ബാലഗോപാലന്റെ ‘ഒരു പ്രവാസിയുടെ ഇതിഹാസം’ (2012).

 

1975ൽ പ്രസിദ്ധീകരിച്ച ഇ.എം. കോവൂരിന്റെ ‘ഗുഹാജീവികൾ’, നിർമലയുടെ ‘പാമ്പും കോണിയും’ (2014), ‘കരയിലെ മീനുകൾ’ (2025) എന്നിവ അമേരിക്കയിലേക്കുള്ള കൂടിയേറ്റത്തിന്റെ കഥയാണ് പറയുന്നത്. കാലം മാറിയതോടെ പഴയകാലത്തെ പ്രവാസികൾ അഭിസംബോധന ചെയ്ത പല പ്രശ്നങ്ങളും ഇന്നുള്ളവർ നേരിട്ടിട്ടില്ല. സാങ്കേതികവിദ്യയുടെ വളർച്ച അവരെ നാടുമായി കൂടുതൽ അടുപ്പിക്കുന്നുണ്ട്. കേരളത്തിൽ ജീവിച്ചിരുന്ന ജൂതരുടെ ‘വാഗ്ദത്ത ഭൂമി’യിലേക്കുള്ള കുടിയേറ്റത്തിന്റെ ആഖ്യാനങ്ങളാണ് സേതുവിന്റെ ‘ആലിയ’യും (2013) സുരേഷ് കുമാർ വിയുടെ ‘ഡയസ്പോറ’യും (2024).

സ്ത്രീയുടെ ആന്തരിക ജീവിതവും അനുഭവലോകവും പ്രണയവും മൗനവും പറഞ്ഞു തന്ന രാജലക്ഷ്മിയുടെ ‘ഒരു വഴിയും കുറെ നിഴലുകളും’ (1959) എന്ന നോവൽ ഒരു കാലത്തെ രേഖപ്പെടുത്തുന്നു. പ്രണയവും ഏകാന്തതയും നിരാശയും ചേർന്ന ജീവിതസന്ധികളെയാണ് ഇത് അവതരിപ്പിക്കുന്നത്. സ്ത്രീയുടെ സ്വത്വവിചാരത്തിനും സാമൂഹിക സേവനത്തിനും ചങ്ങലപ്പൂട്ടിടുന്ന കുടുംബം എന്ന പ്രസ്ഥാനത്തിന്റെ യാഥാസ്ഥികതയെ വലിച്ചു പൊട്ടിക്കേണ്ടതിന്റെ ആവശ്യകതയാണ് ലളിതാംബിക അന്തർജനം ‘അഗ്നിസാക്ഷി’യിൽ (1976) ഉറക്കെ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തോടെ, ആഖ്യാനങ്ങളിലെ സ്ത്രീയുടെ സ്ഥാനം പ്രധാനമായി. അവരുടെ സ്വത്വവിചാരങ്ങൾ കൂടുതൽ ശ്രദ്ധേയമായി മുന്നോട്ടുവന്നു. സ്ത്രീയുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ആഖ്യാനത്തിന് മിഴിവേകുകയും ചെയ്തു.

അതോടൊപ്പം പുരുഷാധിപത്യം, ലൈംഗികത, ശരീരം, കുടുംബം തുടങ്ങിയ ഘടകങ്ങൾക്ക് പുനർവ്യാഖ്യാനം ഉണ്ടായി. മാധവിക്കുട്ടി സൃഷ്ടിച്ച ഭാവുകത്വവും പെണ്മയുടെ ലോകവും പറയാതെ വയ്യ. ആനി തയ്യിലും സാറാ തോമസും ചന്ദ്രകല എസ്. കമ്മത്തും അടങ്ങുന്നവർ കൂടി രൂപപ്പെടുത്തിയ ഒരു ലോകമായിരുന്നു അത്. 20ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ, സച്ചിദാനന്ദൻ ആണ് സാറാ ജോസഫിന്റെ ‘പാപത്തറ’ എന്ന കൃതിയുടെ ആമുഖത്തിൽ ‘പെണ്ണെഴുത്ത്’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. പിന്നീട് അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശരീരം, വിപണി, ലൈംഗികത എന്നിവയുടെ സംവാദം ചൂടുപിടിച്ചു. രണ്ടായിരാമാണ്ടു കഴിയുന്നതോടെ ലിംഗവിവേചനം, ജാതി എന്നീ പദങ്ങളുടെ രാഷ്ട്രീയമാനം വളരെ വലുതായി. ലൈംഗിക സ്വത്വങ്ങൾക്ക് സമൂഹത്തിൽ സ്ഥാനം ലഭിച്ചു. സാറാ ജോസഫിന്റെ ‘ആളോഹരി ആനന്ദ’വും (2013) സംഗീത ശ്രീനിവാസന്റെ ‘ആസിഡും’ (2016) ആർ. രാജശ്രീയുടെ ‘ആത്രേയക’വും (2024) അത്തരം അവസ്ഥകളെ സംബോധന ചെയ്തു.

 

സ്ത്രീയുടെ വഴികൾ സമൂഹവുമായും മതം/ ജാതി/ വർഗവുമായും ഇടപെടുത്തി അനുഭവ ചിത്രീകരണം നടത്തിക്കൊണ്ട് സാറാ ജോസഫ് നോവലുകൾ രചിച്ചു. ‘ആലാഹയുടെ പെണ്മക്കൾ’ ആഗോളീകരണത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ദൃഷ്ടാന്തമായി പരിണമിച്ചു. ‘മാറ്റാത്തി’, ‘ഒതപ്പ്’, ‘ആളോഹരി ആനന്ദം’ തുടങ്ങിയ നോവലുകളിലൂടെ വിവിധ ശ്രേണിയുമായി സ്ത്രീകൾ നടത്തുന്ന പോരാട്ടത്തിന്റെ വാങ്മയ ചിത്രമാണ് അവർ അവതരിപ്പിച്ചത്.

പ്രണയവും രാഷ്ട്രീയവും ശരീരവും ബാക്കിവെക്കുന്ന സമവാക്യങ്ങളെ കെ.ആർ. മീര സ്ത്രീപക്ഷ കാഴ്ചയിൽ അവതരിപ്പിച്ചു. അവരുടെ കഥകളും നോവലുകളും സ്ത്രീകളുടെ സ്വത്വത്തിന്റെ മാനങ്ങൾ ഉയർത്തുകയും അധികാരത്തിനെതിരെ കലഹിക്കുകയും ചെയ്തു. അധികാരത്തിന്റെയും നീതിയുടെയും അധ്യായങ്ങളും മാധ്യമങ്ങളുടെ വ്യവഹാരങ്ങളും സ്ത്രീയുടെ കാഴ്ചപ്പാടും സ്പഷ്ടമാവുന്ന ആഖ്യാനലോകമാണ് കെ.ആർ. മീരയുടേത്. സർഗാത്മകതയുടെ വിളയാട്ടമായ സന്ധ്യാമേരിയുടെ ‘മരിയ വെറും മരിയ’ (2018) വേറിട്ട സംവേദനത്വത്തെ അടയാളപ്പെടുത്തി. സ്ത്രീയുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചയായി ജിസ ജോസിന്റെ ‘മുദ്രിത’ (2020) മാറി.

മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം ജാതി, ലിംഗം, അധികാരം, സാമൂഹിക/സാമ്പത്തിക വികസനം എന്നിവയുമൊക്കെയായി ചേർന്ന് കിടക്കുന്നു. മലയാള നോവലിലെ പരിസ്ഥിതിയുടെ ചരിത്രം പ്രകൃതിയുടെ വിവരണം മാത്രമായി ചുരുക്കാനാവില്ല. ഭൂമിയുടെ അധിവാസവും വനവുമായി ചേർന്നു ജീവിതം നയിക്കുന്നവരുടെ സംഘർഷങ്ങളും വികസനപദ്ധതികളുടെ ‘യഥാർഥ’ ഉദ്ദേശ്യങ്ങളും ഇതിൽപെടുന്നു. അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ (2014), സാറാ ജോസഫിന്റെ ‘ആതി’ (2011), ജി.ആർ. ഇന്ദുഗോപന്റെ ‘മണൽജീവികൾ’ (2013) തുടങ്ങിയ നോവലുകൾ ശ്രദ്ധേയമാണ്. വയനാടിന്റെ ജൈവവൈവിധ്യവും ജന്മിത്വ സമ്പ്രദായവും കുടിയേറ്റ വ്യവസ്ഥയും മറ്റും പി. വത്സലയുടെ ‘നെല്ലി’ലും (1972) കെ.ജെ. ബേബിയുടെ ‘മാവേലി മൻറ’ത്തിലും (1994) വ്യക്തമാകുന്നു. വയനാടിന്റെ സാമൂഹിക ചരിത്രത്തിനും ഗോത്ര വർഗത്തിന്റെ ജീവിതത്തിനും പി. വത്സല പ്രാധാന്യം കൊടുത്തു. ഷീലാ ടോമിയുടെ ‘വല്ലി’യിൽ (2019) കാടിന്റെയും മനുഷ്യരുടെയും അതിജീവന രാഷ്ട്രീയവും ഓർമകളും അയവിറക്കുന്നു.

കീഴാളജീവിതങ്ങളെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ പ്രതിനിധാനം ​ചെയ്യുന്ന ആഖ്യാനങ്ങളും ഇക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. മലയരയ സമുദായത്തിന്റെ സാഹചര്യങ്ങളാണ് നാരായന്റെ ‘കൊച്ചരേത്തി’യിൽ (1998) വിവരിക്കുന്നത്. സമൂഹത്തിന്റെ അരികുകളിൽ ജീവിക്കുന്നവരുടെ പ്രതിസന്ധികളാണ് 1998ൽ പ്രസിദ്ധീകരിച്ച നോവലിൽ നാരായൻ ആവിഷ്കരിച്ചത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകൊല്ലങ്ങളിൽ മധ്യ തിരുവിതാംകൂറിൽനിന്ന് തോട്ടപ്പണിക്കായി ആളുകൾ മല കയറാൻ തുടങ്ങി. മധ്യ തിരുവിതാംകൂറിൽനിന്ന് കെട്ടും ഭാണ്ഡവുമെടുത്ത് കുഞ്ഞുകുട്ടികളടങ്ങുന്ന കുടുംബവുമായി മലബാറിലേക്കുള്ള കുടിയേറ്റം ചരിത്രത്തിന്റെ ഭാഗമാണ്. എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘വിഷകന്യക’യും (1948) കാക്കനാടന്റെ ‘ഒറോത’യും (1984) ഈ ഗണത്തിൽപെട്ട ഏറെ കേൾവികേട്ട നോവലുകളാണ്. മധ്യതിരുവിതാംകൂറിൽനിന്നുള്ള ക്രിസ്ത്യാനികളായ കുടിയേറ്റക്കാരുടെ ആഖ്യാനമായ സി.വി. ബാലകൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തക’വും (1984) ഇവിടെ പരാമർശിക്കണം.

 

കുടിയേറ്റത്തെ അടിമത്തവുമായി ബന്ധപ്പെട്ട് എങ്ങനെ വായിക്കാമെന്നും പഠിക്കേണ്ടതുണ്ട്. പീഡനം അനുഭവിച്ചിരുന്ന ദലിതർ തോട്ടങ്ങളിൽ വേലക്കു പോകുന്ന സാഹചര്യമാണ് രാജു കെ. വാസുവിന്റെ ‘ചാവുതുള്ളൽ’ (2011) എന്ന നോവലിൽ വിശദീകരിക്കുന്നത്. പി.എ. ഉത്തമന്റെ ‘ചാവൊലി’ (2008), വിനോയ് തോമസിന്റെ ‘കരിക്കോട്ടക്കരി’ (2014) മനോഹരൻ വി. പേരകത്തിന്റെ ‘കേറ്റങ്ങളുടെ മൂന്നു ദശാബ്ദങ്ങൾ’ (2012) എന്നിവയിലെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളുടെ ചെറുത്തുനിൽപിന്റെ കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കുടിയൊഴിക്കലിന്റെ അധ്യായങ്ങളും നോവലുകളിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്. വാമൊഴിവഴക്കത്തിന്റെ ഭംഗി ഈ കൃതികളുടെയെല്ലാം നീക്കിയിരുപ്പാണ്. എം.എം. മേനോന്റെ ‘എണ്ണ’ (1978) എന്ന നോവലിൽ അമ്പലമുകൾ റിഫൈനറിയുടെ നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട കുടിയൊഴിക്കലാണ് പറയുന്നത്. മിനി പി.സിയുടെ ‘വേരി’ലാകട്ടെ (2023) ഇടുക്കി ഡാമുമായി അനുബന്ധിച്ച കുടിയൊഴിക്കൽ വിവരിക്കുന്നുണ്ട്. ചരിത്രത്തിന്റെയും സാമൂഹികവും പാരിസ്ഥിതികവുമായ ആലോചനകളുടെയും ആഖ്യായികകൂടിയായി ‘വേര്’ വികസിക്കുന്നു.

ഏറ്റവും പുതിയ കാലത്ത് സോഷ്യൽ മീഡിയ എഴുത്തിലും വായനയിലും വരുത്തുന്ന ഗുണപരമായ സ്വാധീനത്തിന്റെ മികച്ച ഉദാഹരണമാണ് ആർ. രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ (2019) എന്ന നോവൽ. ആനുകാലികങ്ങളിലൂടെയല്ലാതെ ഫേസ്ബുക്കിലൂടെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവൽ വായനക്കാരുടെ ശ്രദ്ധ നേടി. അക്കാലം വരെ ആലോചിച്ചിട്ടില്ലാത്ത ഒരു വായനാരീതിയായിരുന്നു അത്. പുസ്തകമായി പുറത്തുവരുന്നതിനു മുമ്പുതന്നെ പ്രസ്തുത നോവലിന് വലിയ വായന ലഭിച്ചു. മാനക മലയാളത്തിൽനിന്ന് ഭിന്നമായി വടക്കേ മലബാറിന്റെ പ്രാദേശിക താളം സംസാരരീതിയിൽ കൊണ്ടുവന്ന കഥാപാത്രങ്ങൾ സംഭാഷങ്ങളുടെ വ്യാകരണത്തിനു വ്യത്യസ്തമായ മാനം നൽകുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ വേദികൾ സാഹിത്യത്തിന്റെ ഭാഗമാവുകയും അവയിൽ വ്യാപരിക്കുന്ന മനുഷ്യർ ആഖ്യാനങ്ങളിൽ കടന്നു വരുകയും ചെയ്തു. അതുപോലെ സമകാലത്ത് സാഹിത്യോത്സവങ്ങൾക്കും വിവർത്തന പുരസ്കാരങ്ങൾക്കും വർധിച്ച പ്രസക്തിയുണ്ട്. മലയാളത്തിലെ കൃതികൾ മറ്റു ഭാഷകളിലെ വായനക്കാരിലേക്കും ലോകസാഹിത്യത്തിന്റെ വിശാലമായ ഇടങ്ങളിലേക്കും എത്തുന്നതിന് ഇവ സഹായിച്ചിട്ടുണ്ട്.

ജീവിതവ്യവഹാരങ്ങളുടെ ചിന്താചിത്രമായ നോവലുകൾ മനുഷ്യർ കാണുന്ന ലോകത്തെയാണ് രേഖപ്പെടുത്തുന്നത്. അവയിൽ കാതലുള്ള കൃതികൾക്ക് മാത്രമേ കാലത്തെ അതിജീവിക്കാനാവൂ എന്നതിൽ തർക്കമില്ല. എഴുപതാണ്ട് പൂർത്തിയാക്കിയ കേരളത്തിൽ ഇറങ്ങിയ നോവലുകളുടെ പ്രവണത പരിശോധിക്കുമ്പോൾ കാമ്പുള്ള ആഖ്യാനങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ എന്നത് വസ്തുതയാണ്. അങ്ങനെയുള്ള, സ്വരവൈവിധ്യം നിറഞ്ഞ ആഖ്യാനങ്ങളെ അടരുകളായി വ്യവച്ഛേദിക്കാനാവും. അത്തരം പാളികളുടെ ചുരുളഴിയുമ്പോൾ ഉപകഥകളും സംഭവങ്ങളും അനാവരണം ചെയ്യുന്നുമുണ്ട്. ചുരുക്കത്തിൽ അലകളായ് ആഖ്യാനങ്ങൾ നമുക്ക് മുന്നിലേക്കെത്തുന്നു.

News Summary - Seventy Years Of Malayalam Novel