Begin typing your search above and press return to search.
proflie-avatar
Login

ഓ​ർ​മ​ക​ളാ​ൽ ഹ​നി​ക്ക​പ്പെ​ടു​ന്ന ച​രി​ത്ര​ത്തി​ന്റെ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ

ഓ​ർ​മ​ക​ളാ​ൽ ഹ​നി​ക്ക​പ്പെ​ടു​ന്ന ച​രി​ത്ര​ത്തി​ന്റെ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ
cancel

ജ​ർ​മ​ൻ എ​ഴു​ത്തു​കാ​ര​നാ​യ ഡ​ബ്ല്യു.​ജി. സെ​ബാ​ൾ​ഡി​ന്റെ ര​ച​ന​ക​ളി​ലൂ​ടെ ഒ​രു യാ​ത്ര. സെ​ബാ​ൾ​ഡി​ന്റെ യാ​ത്ര​ക​ൾ എ​ങ്ങ​നെ​യെ​ല്ലാ​മാ​ണ്​ വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്​?എഴുത്തുകാരന്റെ യാത്രാനുഭവങ്ങൾ എല്ലായ്‌പോഴും വിഭിന്നമാണ്‌. മറ്റുള്ളവർ കാണുന്നത് ഭൂപ്രദേശങ്ങൾ മാത്രമാവുമ്പോൾ, എഴുത്തുകാരൻ അവിടത്തെ പ്രകൃതിയുടെ സ്വഭാവം കൂടി നിരീക്ഷിക്കുന്നു. ചരിത്രബോധവും അത് സ്വയം അനുഭവിച്ചറിയുന്ന ഉൾക്കാഴ്ചകളും ഒക്കെ യാത്രയുടെ ഭാഗമാവുന്നു. നല്ല യാത്രാവിവരണങ്ങൾ അതുകൊണ്ടുതന്നെ ഒരുതരം ഫിക് ഷനോടടുത്തുനിൽക്കുന്ന സംവേദനങ്ങളായി രൂപാന്തരപ്പെടുന്നു. അനുഭവവിവരണങ്ങൾക്കപ്പുറം,...

Your Subscription Supports Independent Journalism

View Plans
ജ​ർ​മ​ൻ എ​ഴു​ത്തു​കാ​ര​നാ​യ ഡ​ബ്ല്യു.​ജി. സെ​ബാ​ൾ​ഡി​ന്റെ ര​ച​ന​ക​ളി​ലൂ​ടെ ഒ​രു യാ​ത്ര. സെ​ബാ​ൾ​ഡി​ന്റെ യാ​ത്ര​ക​ൾ എ​ങ്ങ​നെ​യെ​ല്ലാ​മാ​ണ്​ വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്​?

ഴുത്തുകാരന്റെ യാത്രാനുഭവങ്ങൾ എല്ലായ്‌പോഴും വിഭിന്നമാണ്‌. മറ്റുള്ളവർ കാണുന്നത് ഭൂപ്രദേശങ്ങൾ മാത്രമാവുമ്പോൾ, എഴുത്തുകാരൻ അവിടത്തെ പ്രകൃതിയുടെ സ്വഭാവം കൂടി നിരീക്ഷിക്കുന്നു. ചരിത്രബോധവും അത് സ്വയം അനുഭവിച്ചറിയുന്ന ഉൾക്കാഴ്ചകളും ഒക്കെ യാത്രയുടെ ഭാഗമാവുന്നു. നല്ല യാത്രാവിവരണങ്ങൾ അതുകൊണ്ടുതന്നെ ഒരുതരം ഫിക് ഷനോടടുത്തുനിൽക്കുന്ന സംവേദനങ്ങളായി രൂപാന്തരപ്പെടുന്നു. അനുഭവവിവരണങ്ങൾക്കപ്പുറം, സങ്കൽപങ്ങളുടെയും സ്വപ്നങ്ങളുടെയും ഒരു തലംകൂടി ചിലപ്പോൾ ആ രചനകൾ കൈവരിക്കുന്നത് കാണാം.

ലോകസാഹിത്യത്തിൽ ഇത്തരം സഞ്ചാരസാഹിത്യം അത്രയും അപൂർവമല്ല. ഹെമിങ്‌വേയുടെ പാരിസ് ആഫ്രിക്കൻ യാത്രകൾ, സോൾ ബെല്ലോയുടെ 'ബാക്ക് ടു ജറൂസലം', ജെഫ് ഡ്വേയറുടെ പാരിസ് വാരാണസി യാത്രകൾ, ക്ലോഡിയോ മഗ്രിസിന്റെ 'ഡാന്യൂബ് ', പോൾ തെറ്‍റൊയുടെയും നെയ്‌പോളിന്റെയും ഇന്ത്യൻ യാത്രകൾ എന്നിവ ഓർമയിലെത്തുന്നു. റിസാർഡ് കാപ്പുസിൻസ്‌കിയുടെ പ്രശസ്തമായ 'എംപോറിയം' ചരിത്രസ്മരണകളെ ഈ തലത്തിലേക്കുയർത്തുന്ന മികച്ച സഞ്ചാരസാഹിത്യങ്ങളിലൊന്നാണ്. ഇന്ത്യൻ യാത്രാസാഹിത്യത്തിൽ, പ്രത്യേകിച്ച് മലയാളത്തിൽ, ഇത്തരത്തിലുള്ള ആഴത്തിലുള്ള രചനകൾ കുറവാണ്. രവീന്ദ്രന്റെ 'സ്വിസ് സ്‌കെച്ചുകൾ', സക്കറിയയുടെ 'ആഫ്രിക്കൻ യാത്ര' എന്നിവ വ്യത്യസ്തമായ വായനാനുഭവം നൽകുന്നുണ്ട്.

ഓരോ എഴുത്തുകാരനും വായനക്കാരന്റെ കണ്ണിൽ പ്രസക്തമാവുന്നത് മൂന്നു കാരണങ്ങൾ കൊണ്ടാണെന്ന് ആൽബർട്ടോ മാങ്ഗ്വേൽ പറയുന്നു: അയാൾ ലോകത്തെക്കുറിച്ച് പുതിയ അറിവുകൾ സമ്മാനിക്കുമ്പോൾ ചരിത്രത്തെ തന്റെ കണ്ണുകളിലൂടെ വ്യാഖ്യാനിക്കുമ്പോൾ; ഒരു പുതിയ രചനാക്രമം സൃഷ്ടിക്കുമ്പോൾ (In to the Looking-Glass Wood). ഇത് തന്നെയാണ് മറ്റൊരു രീതിയിൽ ജോസഫ് കോൺറാഡ് പറഞ്ഞുവെക്കുന്നതും: നോവലിന്റെ ധർമം ചരിത്രത്തെ വിവിധ രീതിയിൽ പറഞ്ഞുവെക്കുന്നതിലുപരി, നമുക്ക് ചുറ്റും ജീവിക്കുന്നവരുടെ നിലനിൽപിനെ സാങ്കൽപികമായി (യാഥാർഥ്യത്തെക്കാൾ മികവോടുകൂടി) ചിത്രീകരിക്കുക എന്നതാണ്.

ഇവിടെയാണ് ജർമൻ എഴുത്തുകാരനായ ഡബ്ല്യു. ജി. സെബാൾഡിന്റെ രചനകളുടെ സാംഗത്യം മനസ്സിലാക്കപ്പെടേണ്ടത്. സെബാൾഡിന്റെ യാത്രകൾ സ്ഥലവിവരങ്ങൾക്കപ്പുറം അതിൽ അന്തർലീനമായ മറ്റു രഹസ്യങ്ങൾ അന്വേഷിക്കുന്നു. അത് ചരിത്രത്തിനും കാലത്തിനും ഇടയിൽ ഉറഞ്ഞുകിടക്കുന്ന രഹസ്യങ്ങളാവാം; പോയ കാലങ്ങളിലെ മനുഷ്യരുടെ ജീവിതാനുഭവങ്ങളാകാം. ചരിത്രാതീതകാലത്തെ ഓർമക്കുറിപ്പുകളാവാം. സെബാൾഡിന്റെ വിവരണങ്ങളും അവസാനിക്കാത്ത അന്വേഷണങ്ങൾപോലെ നീണ്ടുകിടക്കുന്നു. അത് പലപ്പോഴും ഫിക്‌ഷനോടടുത്തു നിൽക്കുന്ന സർഗസൃഷ്ടിയായി മാറുന്നു.

യുദ്ധത്തടവുകാരനായിരുന്ന അച്ഛന്റെ ഓർമകൾകൊണ്ടാവാം, ഈ രചനകളിൽ പലപ്പോഴും പ്രതിപാദിക്കപ്പെടുന്നത് നാസിജർമൻ കൂട്ടക്കൊലകളെക്കുറിച്ചുള്ള ഓർമകളും ഹോളോകാസ്റ്റിന്റെ സ്മരണകളുമാണ്. 1999ൽ എഴുതപ്പെട്ട 'On the Natural History of Destruction' എന്ന കൃതിയിൽ ജർമൻ നഗരങ്ങളുടെ ബോംബ് വിസ്ഫോടനത്തിനുശേഷമുള്ള നാശങ്ങൾ വിവരിക്കുന്നു.

പ്രധാന നോവലെന്ന് വിവക്ഷിക്കപ്പെടുന്ന 'ആസ്റ്റെർലിറ്റ്സ്' വിവരിക്കുന്നത് ലണ്ടന്റെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലൂടെയുള്ള സെബാൾഡിന്റെ യാത്രകളാണ്. ബെൽജിയത്തിനടുത്ത് ആൻറ്‌വെർപ് എന്ന സ്ഥലത്തുവെച്ച് ജാക്വസ് ആസ്റ്റെർലിറ്റ്സ് എന്ന മധ്യവയസ്കനെ കണ്ടുമുട്ടുന്നിടത്താണ് നോവലിന്റെ തുടക്കം. അയാൾ ഒരു ചരിത്രഗവേഷകനാണ്. പൊതു സ്മാരകങ്ങളും ജയിലുകളും മനോരോഗാശുപത്രികളും വൃദ്ധസദനങ്ങളും സന്ദർശിച്ച്‌ വിവരങ്ങൾ ശേഖരിക്കലാണ് അയാളുടെ തൊഴിൽ. അടുത്ത മുപ്പതു വർഷങ്ങൾക്കിടയിൽ പല സ്ഥലങ്ങളിൽവെച്ചും അയാളും ഗ്രന്ഥകാരനും കണ്ടുമുട്ടുന്നു. പതുക്കെ പതുക്കെ അയാളുടെ ജീവിതകഥ വെളിവാക്കപ്പെടുന്നു. ഈ പുനരാഖ്യാനമാണ് നോവലിന്റെ പ്രമേയം.

ബ്ലൂംസ്ബെറിയിലെ ഒരു പുസ്തകക്കടയിൽവെച്ച് അവിചാരിതമായി കേൾക്കാനിടയായ ഒരു റേഡിയോ സംഭാഷണത്തിൽനിന്നാണ് തന്റെ മാതാപിതാക്കളെക്കുറിച്ചുള്ള ഒരു സൂചന ആസ്റ്റെർലിറ്റ്സിനു ലഭിക്കുന്നത്. പ്രാഗ്‌ എന്ന സംഭാഷണശകലം തന്നെ അയാളെ ഞെട്ടിക്കുകയും അയാളെ ആ നഗരത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രാഗിലെ നാസി തടങ്കലിലേക്ക് അയക്കപ്പെട്ട തന്റെ അമ്മയെക്കുറിച്ചും പാരിസിലേക്ക് അയക്കപ്പെട്ട അച്ഛനെക്കുറിച്ചും തന്റെ വളർത്തമ്മയിൽനിന്ന് അയാൾക്ക്‌ കൂടുതൽ വിവരം ലഭിക്കുന്നു. പിന്നീടുള്ള നോവലിന്റെ വിവരണം ഈ കഥാപാത്രങ്ങളിലൂടെ പുരോഗമിക്കുന്നു.

യാത്രാനുഭവങ്ങൾ കാലങ്ങളുടെ ആവർത്തനമായി മാറുന്നു. മരിച്ചവരുടെ പ്രേതങ്ങൾ ഒളിസ്ഥലങ്ങളിൽനിന്നു തിരിച്ചുവന്ന് സ്റ്റേഷനിലെ മങ്ങിയ വെളിച്ചത്തിൽതന്നെ ചുറ്റിനിൽക്കുന്നതായി ആസ്റ്റെർലിറ്റ്സ് പറയുന്നു. പ്രാഗിലെ പഴയ തടങ്കൽപാളയത്തിലെ കെട്ടിടങ്ങൾക്കിടയിലും കോണികളിലും ജനാലകളിലും ഇടുങ്ങിയ വീഥികളിലും നിശ്ശബ്ദമായി പ്രേതങ്ങൾ വന്നെത്തിനോക്കുന്നതായി അയാൾക്കനുഭവപ്പെടുന്നു. പഴയകാല സ്മൃതികളുടെ അവശിഷ്ടങ്ങളുടെ ചില ചിതറിയ ചിത്രങ്ങൾ നോവലിനിടയിൽ ചേർത്തിരിക്കുന്നു. സ്വന്തം പേരിന്റെ വിചിത്രമായ അർഥം തേടി ജാക്വസ് അവസാനം എത്തിപ്പെടുന്നത് അച്ഛൻ അവസാനം പാരിസിലേക്ക് യാത്ര തിരിച്ച 'ഗാരെ ഡി ആസ്റ്റെർലിറ്റ്സ്' എന്ന സ്ഥലത്താണ്. ജർമൻകാർ ജൂതരിൽനിന്നും കൊള്ളയടിച്ച പണം സൂക്ഷിച്ച സ്ഥലമായിരുന്നു അത്. അക്കാലംവരെയുള്ള മനുഷ്യസംസ്കാരം കുഴിച്ചുമൂടപ്പെട്ടത് അവിടെയായിരുന്നു. അത്, ''മനുഷ്യസംസ്കാരത്തിന്റെ രേഖകളൊന്നും തന്നെ നശീകരണങ്ങളുടെ അടയാളങ്ങളോടുകൂടിയല്ലാതെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല'' എന്ന വാൾട്ടർ ബെഞ്ചമിന്റെ പ്രസിദ്ധമായ വാക്യത്തെ ന്യായീകരിക്കുന്നു എന്ന് അവതാരിക എഴുതിയ ജെയിംസ് വുഡ് പറയുന്നു.

ആസ്റ്റെർലിറ്റ്സ് യാത്രക്കിടയിൽ കണ്ടുമുട്ടുന്ന അപരിചിതനിൽനിന്നാണ് തന്റെ ജീവിതരേഖകൾ വീണ്ടെടുക്കുന്നത്. സ്വന്തം ബാല്യകാലം, ബന്ധുക്കൾ, താമസിച്ച സ്ഥലങ്ങൾ, ജീവിതരീതികൾ, ചുറ്റുപാടുകൾ -അവസാനം അമ്മ താമസിച്ചിരുന്ന തടങ്കൽപ്രളയത്തിന്റെ വിവരണം- നോവൽ ചെന്നെത്തുന്നത് വിസ്മയിപ്പിക്കുന്ന അനുഭവങ്ങളുടെ ഓർമകളിലാണ്. പ്രാഗിൽ നാസികൾ വന്നെത്തുന്ന ദിവസം (ആദ്യം ശ്രദ്ധയിൽപെട്ടത് വാഹനങ്ങൾ വലതുവശത്തുകൂടി വരുന്നതായിരുന്നു) പഴയ പരിചാരിക വിവരിച്ചുകൊടുക്കുന്നു. ക്രമേണ ജൂതരിൽ അടിച്ചേൽപിക്കപ്പെടുന്ന അസ്വാതന്ത്ര്യങ്ങൾ, വംശീയമായ ഒറ്റപ്പെടുത്തലുകൾ -യാത്രകളിലും താമസസ്ഥലത്തുമൊക്കെ അത് പ്രതിഫലിക്കുന്നു. അവസാനം നഗരത്തിലെ പാർക്കിൽ ഒത്തുകൂടാൻ ജാക്വസിന്റെ അമ്മക്കും അയൽക്കാർക്കും നോട്ടീസ് ലഭിക്കുന്നു. അവരുടെ വീട്ടുപകരണങ്ങൾ ഓരോന്നായി എടുത്തുകൊണ്ടുപോവുന്നു. പരിചാരികയുടെ വാക്കുകളിലൂടെ തെളിയുന്ന ജർമൻ സൈന്യത്തിന്റെ ക്രൂരത ഈ നോവലിന്റെ പ്രധാനഭാഗങ്ങളിലൊന്നാണ്. സൈന്യത്തിന്റെ വരവും, അവർ പുസ്തകങ്ങളടക്കം എടുത്തുകൊണ്ടുപോവുന്നതും, അതിനിടയിൽ ബൽസാക്കിന്റെ ഒരു പുസ്തകത്തിനിടയിൽ സൂക്ഷിച്ചിരുന്ന തന്റെ ശൈശവകാലത്തെ ഒരു ഫോട്ടോ കണ്ടെത്തുന്നതും, പിന്നീട് ജൂതരെ ഒന്നിച്ചു താമസിപ്പിച്ചിരുന്ന കെട്ടിടം സന്ദർശിക്കുന്നതും അതിന്റെ മുറ്റത്തെ മണ്ണ് കൈയിലെടുക്കുന്നതും (ഈ ലോകത്തിന്റെ അസ്തിവാരം എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത്? അവർ ചോദിക്കുന്നു) മറക്കാനാവാത്ത ചിത്രങ്ങളാണ്.

ആസ്റ്റെർലിറ്റ്സ് തന്റെ അമ്മയെ താമസിപ്പിച്ചിരുന്ന 'ടെറാഡീൻ' എന്ന ചെറിയ ടൗൺ സന്ദർശിക്കുന്നു. ഒരു മനുഷ്യനെയും അയാൾക്ക്‌ അവിടെ കാണാനായില്ല. കുറെ നടന്നശേഷം ഒറ്റക്ക് നടന്നുപോവുന്ന ഒരു ഭ്രാന്തനെ അയാൾ കണ്ടെത്തുന്നു. അയാളുടെ കൈയിൽ കുറച്ചു ഡോളറുകൾ കൊടുക്കുന്നു. അയാൾ അതൊന്നു നോക്കുകപോലും ചെയ്യാതെ അവ ചുരുട്ടിപ്പിടിച്ച്‌ നടന്നുപോവുന്നു. മരിച്ചവരുടെ വസ്തുശേഖരങ്ങൾ സൂക്ഷിക്കുന്ന മ്യൂസിയത്തിന്റെ (Ghetto Museum) ഇടനാഴികളിലൂടെ അയാൾ നടക്കുന്നു. ആ സീസണിൽ ആ ദിവസം മ്യൂസിയം സന്ദർശിക്കുന്ന ഒരേ ആൾ അയാളാണെന്ന് സ്വീകരണ ഡെസ്കിലെ യുവതി പറയുന്നു. അവിടെ സൂക്ഷിച്ച ചരിത്രരേഖകൾ, ജനനമരണരേഖകൾ, തടങ്കൽപാളയത്തിന്റെ ഭൂമിശാസ്ത്രം, ജർമൻ ഗാർഡുകളുടെ വേഷവിധാനം അയാൾക്ക്‌ എല്ലാം മനസ്സിലാവുന്നു. പക്ഷേ, ഒന്നും മനസ്സിലാവുന്നില്ലതാനും. സെബാൾഡ് വിവരിക്കുന്ന കാഴ്ചകൾ അസ്വാസ്ഥ്യം ജനിപ്പിക്കുന്നവയാണ്. അപ്രസക്തമെന്നു തോന്നുന്ന വസ്തുക്കളിലും ജീവജാലങ്ങളിലും അദ്ദേഹം പുതിയ ജീവിതദർശനങ്ങൾ കണ്ടെത്തുന്നു. ചുറ്റുമുള്ള ലോകം നമ്മളോടുതന്നെ സംസാരിക്കുന്നതിന്റെ പ്രതീതി ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയുന്നു. അങ്ങനെ ചുവരുകളും സസ്യങ്ങളും കെട്ടിടങ്ങളും പാതകളും മൗനത്തിന്റെ ഭാഷയിൽ നമ്മോട് സംസാരിക്കുന്നു.


മറ്റൊരു ഒറ്റപ്പെട്ട യാത്രയാണ് 'വെർട്ടിഗോ' എന്ന നോവലിന്റെ പ്രമേയം. ചെറുപ്പത്തിൽത്തന്നെ നെപ്പോളിയന്റെ സൈന്യത്തിൽ ചേർന്ന്, അവരുടെ കൂടെ യാത്രചെയ്യുന്ന പതിനേഴുകാരന്റെ ഓർമകളിൽനിന്നാണ് നോവൽ തുടങ്ങുന്നത്. നീണ്ട യുദ്ധാനുഭവങ്ങൾക്കും ഭഗ്നപ്രണയങ്ങൾക്കുമൊടുവിൽ ലഹരിമരുന്നുകൾക്കടിമപ്പെട്ടു രോഗങ്ങൾക്കടിമയായി മരിക്കുന്ന ബെയ്‌ലിന്റെ ചിത്രം സെബാൾഡ് വിവരിക്കുന്നു. നോവലിന്റെ ഇതരഭാഗങ്ങൾ നീണ്ട യാത്രക്കാരുടെ ചരിത്രസ്മൃതികൾ കലർന്ന ഓർമക്കുറിപ്പുകളാണ്. മനുഷ്യജീവിതം പ്രകൃതിയുടെ വിവിധഭാവങ്ങൾ ഇടകലർത്തി വിവരിക്കപ്പെടുന്നു. മലനിരകളിലെ വെയിൽ, പുഴയോരത്തെ നിഴലുകൾ, വൃക്ഷനിബിഡതയിലെ നിശ്ശബ്ദത, പ്ലാറ്റ്ഫോമിലെ നിശ്ചലത, റെയിൽപാലങ്ങളുടെ അനന്തത -കഥാപാത്രങ്ങൾക്കൊപ്പം പ്രകൃതിയും അവരുടെ അന്തഃസംഘർഷങ്ങൾ അനുഭവിക്കുന്നു. 'വെർട്ടിഗോ'യിലെ പ്രമേയങ്ങൾ പലതാണ്. കാസനോവയുടെ ദുരന്തജീവിതം, പിസാലിനോ എന്ന ചിത്രകാരന്റെ പെയിന്റിങ്ങുകൾ, കാഫ്കയുടെ ഒരു കഥാപാത്രം എല്ലാം പ്രമേയങ്ങളാവുന്നു. ബാല്യകാലസ്മരണകളിൽ തുടങ്ങുന്ന നോവൽ അവസാനിക്കുന്നത് കത്തിക്കരിഞ്ഞ ലണ്ടൻ നഗരത്തിന്റെ സ്മൃതികളിലാണ്.

1996ൽ പ്രസിദ്ധീകരിക്കപ്പെട്ട 'The Emigrants' എന്ന കൃതി ധാരാളം നിരൂപകശ്രദ്ധ പിടിച്ചുപറ്റി. നാലു വ്യക്തികളുടെ ജീവിതങ്ങളെ വേർതിരിച്ചു നോക്കിക്കാണുന്ന ഈ നോവലിന്റെ പശ്ചാത്തലം യൂറോപ്പിലെ വിവിധ നഗരങ്ങളാണ്. ആദ്യഭാഗത്തിൽ, ഡോക്ടർ സെൽവിൻ എന്ന റിട്ടയർ കഴിഞ്ഞു വിശ്രമിക്കുന്ന മധ്യവയസ്കന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്നു. ഒറ്റനോട്ടത്തിൽ സംതൃപ്തമെന്നു തോന്നിക്കുന്ന അയാളുടെ ജീവിതം അവസാനം എത്തിച്ചേരുന്നത് ആത്മഹത്യയിലാണ്. രണ്ടാംഭാഗത്തിലെ നായകൻ പോൾ ബ്രെയ്റ്റർ ശുദ്ധഹൃദയനായ മനുഷ്യനാണ്. യൗവനാരംഭത്തിൽതന്നെ അധികാരവർഗത്തിന്റെ വംശീയവിദ്വേഷങ്ങൾക്കു വിധേയനാവുന്ന അയാൾ ജർമൻ ധനികരുടെ മക്കളെ ട്യൂഷൻ പഠിപ്പിച്ചു ജീവിതം നയിക്കുന്നു. അവസാനനാളുകളിൽ വായിക്കാൻ ശ്രമിച്ചും ഇഷ്ടപ്പെട്ട ഗ്രന്ഥങ്ങൾ പകർത്തിയെഴുതിയും സമയം ചെലവഴിച്ചിരുന്ന അയാൾക്ക്‌ ക്രമേണ കാഴ്ചശക്തിയും നഷ്ടപ്പെടുന്നു. റെയിൽവേ സ്റ്റേഷനുകളും റെയിൽപാലങ്ങളും അയാളുടെ ഇഷ്ടവിഷയങ്ങളായിരുന്നു. ഒരിക്കൽ, ലിൻപോ എന്ന ദ്വീപിലേക്ക്‌ തീവണ്ടി പ്രവേശിക്കുന്ന കാഴ്ച അയാളെ വിസ്മയിപ്പിച്ചു; നീലനിറമുള്ള ആകാശത്തിലേക്ക് നീരാവി ഉയർന്നുപൊങ്ങി അവ വെളുത്ത മേഘങ്ങളാവുന്നതും, യാത്രക്കാർ കൈവീശി യാത്രപറയുന്നതും, അവരുടെ പ്രതിബിംബങ്ങൾ വെള്ളത്തിൽ നിഴലിക്കുന്നതും… അത് മരണത്തിന്റെ ബിംബങ്ങളാണെന്നു അയാൾ വിശ്വസിച്ചു. വളരെ കുറച്ചു സമയം മാത്രം നീണ്ടുനിൽക്കുന്ന, പറക്കുന്ന പക്ഷിയുടെ നിഴൽ വിരിക്കുന്നതുപോലെ അത്രയും ലഘുവായ പ്രതിബിംബം. റെയിൽപാളങ്ങളിൽത്തന്നെ അവസാനിക്കാനായിരുന്നു അയാളുടെ നിയോഗം. അമേരിക്കയിൽ കുടിയേറിപ്പാർത്ത തന്റെ മുൻ തലമുറയുടെ ചരിത്രം വിവരിക്കുന്ന അടുത്ത അധ്യായം യൂറോപ്പിലെ യുദ്ധാനന്തരകാലത്തെ അവസ്ഥകൾ അവരുടെ അനുഭവങ്ങളിലൂടെ പറയുന്നു.

1995ൽ എഴുതപ്പെട്ട 'Rings of Saturn' എന്ന കൃതി സെബാൾഡിന്റെ മറ്റൊരു പ്രധാന സൃഷ്ടിയാണ്. നോർവിച്ചിന്റെ പരിസരപ്രദേശങ്ങളും കടലോരഗ്രാമങ്ങളുമാണ് ആദ്യ പകുതിയിൽ പ്രമേയമാവുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോമസ് ബ്രൗൺ എന്ന വിഖ്യാതചിത്രകാരന്റെ തലയോടുകൾ സൂക്ഷിച്ച മ്യൂസിയവും അദ്ദേഹത്തിന്റെ കൃതികളും പരാമർശിക്കുന്നതിനോടൊപ്പം, റെംബ്രാന്റിന്റെ 'The Anatomy Lesson' എന്ന പ്രശസ്ത ചിത്രത്തിന്റെ പ്രത്യേകതകൾ പരിശോധിക്കപ്പെടുന്നു. സൗത്ത് വാൾഡിലെ sailors reading roomൽ പ്രദർശിപ്പിച്ചിട്ടുള്ള ഒന്നാം ലോകയുദ്ധത്തിന്റെ ചിത്രപ്രദർശനത്തെപ്പറ്റിയും സെബാൾഡ് വിവരിക്കുന്നുണ്ട്. ഇവിടെയാണ് ആർച്ച്‌ ഫെർഡിനാൻഡിന്റെ രക്തം പുരണ്ട വസ്ത്രം സൂക്ഷിച്ചിരിക്കുന്നത്. 1945ൽ ജർമൻകാരാൽ ഉപേക്ഷിക്കപ്പെട്ട ചരിത്രരേഖകളിൽ സെർബിയ, ബോസ്നിയ എന്നിവിടങ്ങളിൽനിന്നുള്ള ഏകദേശം എഴുപതു ലക്ഷം മനുഷ്യരുടെ കൂട്ടക്കൊലകളുടെ രേഖകളുണ്ട്. അവശേഷിച്ച ഇരുപത്തിമൂവായിരം പേരിൽ അധികവും കുട്ടികളായിരുന്നു. െക്രായേഷ്യക്ക് നാടുകടത്തപ്പെട്ട അവരിൽ ഭൂരിഭാഗവും പട്ടിണിമൂലം മരിച്ചു. ചിലർ കാതോലിക്കാ പള്ളികളിൽ അഭയം പ്രാപിച്ച് കുറ്റസമ്മതം നടത്താൻ നിർബന്ധിതരായി. അവർ പുതിയ ജോലികളിലേർപ്പെട്ടു; കടന്നുവന്ന കറുത്ത നിഴലുകൾ നിറഞ്ഞ വഴികൾ മറക്കാൻ ശ്രമിച്ചു. പുനരധിവാസങ്ങൾക്ക് മുൻനിരയിലുണ്ടായിരുന്ന വിയനയിലെ അഭിഭാഷകന് ക്രൊയേഷ്യൻ ഗവൺമെന്റിന്റെ പാരിതോഷികം നൽകപ്പെട്ടു. ഈ അഭിഭാഷകൻ പിന്നീട് പല ഉയർന്ന സ്ഥാനങ്ങളും പിന്നിട്ട് യു.എൻ.ഒയുടെ സെക്രട്ടറി ജനറൽ ആയി വരെ ഉയർത്തപ്പെട്ടു. അദ്ദേഹം പിൽക്കാലത്ത് voyage IIന്റെ ഭ്രമണപഥത്തിലെ മറ്റു ജീവികളെ അഭിസംബോധന ചെയ്ത്, അവരെ ഈ ഭൂമിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഒരു പ്രസംഗം വരെ നടത്തിയതായി സെബാൾഡ് പറയുമ്പോൾ, ആക്ഷേപഹാസ്യം അതിന്റെ ഉയരങ്ങളിലെത്തുന്നു. മനുഷ്യൻതന്നെ സ്വയം നിർമിച്ചെടുത്ത ദുരന്തങ്ങളിലെ വൈരുധ്യം ആ വാക്കുകളിൽ ധ്വനിക്കുന്നു.

ജോസഫ് കോൺറാഡിന്റെ ജീവചരിത്രസംഭവങ്ങൾ വിവരിക്കുന്ന ഭാഗങ്ങൾ ഈ പുസ്തകത്തിലെ ഏറ്റവും ഹൃദ്യമായ പേജുകളാണ്. അച്ഛന്റെ അറസ്റ്റും അമ്മയുമൊത്തുള്ള വിദൂരയാത്രയും പിന്നീട്‌ അമ്മയുടെ മരണശേഷം രോഗിയായ അച്ഛനും മുത്തച്ഛനുമൊത്തുള്ള ജീവിതവും, സുപ്രസിദ്ധ കപ്പൽയാത്രകളും റീത്ത എന്ന വിധവയുമായുള്ള പരിചയവും അതുണ്ടാക്കുന്ന സംഘർഷങ്ങളും ആത്മഹത്യാശ്രമവും മഹാനായ ആ എഴുത്തുകാരന്റെ ജീവിതത്തിന്റെ ഇരുണ്ട വശങ്ങൾ സെബാൾഡ് ഒരു നോവലിലെന്നപോലെ വിവരിക്കുന്നു. 'Heart of Darkness' ന്റെ സ്രഷ്ടാവിന്റെ ആദ്യകാല ഇംഗ്ലീഷ് പരിജ്ഞാനം ഈ കപ്പൽ യാത്രകളിൽ അദ്ദേഹം വായിച്ചിരുന്ന ജേണലുകളിലൂടെയായിരുന്നു!

'വിശ്വസ്തനായ ഒരേ ഒരു യൂറോപ്യൻ' എന്ന് കോൺറാഡ് പ്രശംസിച്ച റോജർ കെയ്‌സ്‌മെന്റിന്റെ ദുരന്തജീവിതംകൂടി വിവരിക്കപ്പെടുന്നുണ്ട് ഈ പുസ്തകത്തിന്റെ അവസാനഭാഗങ്ങളിൽ. ഐറിഷ് വിമോചനസേനയുടെ നേതാവായിരുന്ന കെയ്‌സ്‌മെന്റിന്റെ കോംഗോ റിപ്പോർട്ടുകൾ, പെറുവിലും കൊളംബിയയിലുമുള്ള ഇംഗ്ലണ്ടിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളോടുള്ള പ്രതിഷേധങ്ങൾ, ഐറിഷ് ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം എന്നിവ അദ്ദേഹത്തെ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ശത്രുവാക്കി. തുടർന്ന്, 'ബ്ലാക്ക് ഡയറി' എന്ന പേരിൽ കണ്ടെടുക്കപ്പെട്ട അദ്ദേഹത്തിന്റെ ഡയറിയിൽനിന്ന് ചില വാക്കുകളെ ദുർവ്യാഖ്യാനം ചെയ്ത്, അദ്ദേഹത്തെ സ്വവർഗാനുരാഗിയാക്കി, തടങ്കലിലാക്കി വിചാരണ ചെയ്ത് തൂക്കിലേറ്റുന്ന ചരിത്രം സെബാൾഡ് വിവരിക്കുന്നു. ഈ ചരിത്രസംഭവങ്ങളെ ആസ്പദമാക്കി പിന്നീട് മരിയോ വർഗാസ് ലോസ എഴുതിയ 'The Dream of the Celt' എന്ന നോവൽ ലോകശ്രദ്ധയാകർഷിച്ചു കഴിഞ്ഞതാണ്.

'The Rings of Saturn' എന്ന ഗ്രന്ഥത്തിലും സെബാൾഡിന്റെ കഥാപാത്രങ്ങൾ വഴിയിൽ കണ്ടുമുട്ടുന്ന അപരിചിതരാണ്. ഇരുപതുകൊല്ലം മുമ്പ് ബർലിനിൽനിന്നു രക്ഷപ്പെട്ട് ഇംഗ്ലണ്ടിലെത്തി, 'മിഡിൽ ടൗൺ' എന്ന ഗ്രാമത്തിൽ കഴിയുന്ന മൈക്കൽ ഹാംബർഗർ എന്ന മനുഷ്യനുമായി സംസാരിക്കുമ്പോൾ അവരുടെ ഓർമകൾ പലതും സമാനരീതിയിലുള്ളതാവുന്നു. അനുഭവങ്ങളിലെ ഈ സാദൃശ്യം, മനുഷ്യബന്ധങ്ങളിലെ സംവേദനക്ഷമതയുടെ സൂക്ഷ്മവശങ്ങൾ വെളിവാക്കുന്നവയാണ്. എഡ്വേഡ്സ് ഫിറ്റ്‌സ് ജറാൾഡ് എന്ന എഴുത്തുകാരന്റെ സർഗാത്മകവ്യഥകൾ വിവരിക്കുമ്പോഴും, വനത്തിന്റെ നടുവിൽ ഒറ്റപ്പെട്ടു കഴിയുന്ന മിസിസ് ആഷ്‌ബറി എന്ന മധ്യവയസ്കയുടെ ജീവിതം പകർത്തുമ്പോഴും ഈ സമസ്യകൾക്ക് ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. മിസിസ് ആഷ്ബറിയുടെ മകൾ കാതറീനുമായുള്ള നിശ്ശബ്ദമായ നോവലിസ്റ്റിന്റെ ആത്മബന്ധത്തിലും ഈ നിസ്സഹായത കാണാം. ഒരു പ്രാചീന നോവലിലെ റൊമാന്റിക് കഥാപാത്രങ്ങൾപോലെ അവരുടെ ചിത്രം മനസ്സിൽ പതിയുന്നു. കിഴക്കൻ ലണ്ടനിലെ 'ഓർഫോർഡ്' എന്ന പ്രദേശത്തിന്റെ യുദ്ധാനന്തരനാശങ്ങൾ വിതച്ച ഭൂപ്രകൃതിയുടെ കാഴ്ചകൾ നോവലിന്റെ അവസാന ഭാഗത്ത് വിവരിക്കുമ്പോൾ സെബാൾഡ് ഭാഷയുടെ പുതിയ തലങ്ങളിൽ ഭാഷയെ സമന്വയിപ്പിക്കുന്നു. മൈക്കൽ ഹൾസിന്റെ വിവർത്തനം മൂലകൃതിയോട് അങ്ങേയറ്റം ആത്മാർഥത പുലർത്തുന്നു.

ചരിത്രത്തിന്റെ അവശിഷ്ടങ്ങളിലൂടെയുള്ള ഈ യാത്രകൾ അസ്വസ്ഥതയുളവാക്കുന്ന പലതും ഓർമിപ്പിക്കുന്നു. കഴിഞ്ഞുപോയ തിക്തസ്മരണകൾ പ്രകൃതികൂടി ആവാഹിച്ചെടുക്കുന്നത് ഭാഷയിലൂടെ സെബാൾഡ് സാക്ഷാത്കരിക്കുന്നു. മനുഷ്യന്റെ ഭാഗധേയങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൂടിയായി ഇതിനെ വായിച്ചെടുക്കാം. യാത്രാവിവരണങ്ങളിലൂടെ പ്രസിദ്ധനായ ഇംഗ്ലീഷ് എഴുത്തുകാരൻ ജെഫ് ഡ്വേയർ (Geoff Dyer) പറയുന്നതുപോലെ ''ശിഥിലീകൃതമായ യൂറോപ് സെബാൾഡിലൂടെ സംസാരിക്കുകയാണിവിടെ.'' ഒരു ഭൂഖണ്ഡത്തിന്റെ മുഴുവൻ നിശ്വാസങ്ങൾ ഈ യാത്രകളിൽ പ്രതിഫലിക്കുന്നു. മനുഷ്യത്വത്തിന്റെ അന്തസ്സത്തകളുടെ അഗാധതകൾ തേടിയുള്ള പ്രയാണങ്ങളായി ഇവ രൂപാന്തരപ്പെടുന്നു.

News Summary - Why You Should Read W. G. Sebald