Begin typing your search above and press return to search.
proflie-avatar
Login

ഗീതാഞ്ജലി ശ്രീയുടെ ‘Tomb of Sand’ വായിക്കുന്നു.

ഗീതാഞ്ജലി ശ്രീയുടെ ‘Tomb of Sand’ വായിക്കുന്നു.
cancel
അന്താരാഷ്ട്ര ബുക്കർ പ്രൈസ്​ നേടിയ, ഗീതാഞ്ജലി ശ്രീയുടെ ‘Tomb of Sand’ (‘മണൽ സമാധികൾ’) വായിക്കുന്നു.

അതിരുകൾ വലയംചെയ്ത രാജ്യത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ചിന്തിക്കുന്നതെപ്പോഴും വേദനാജനകമായ കാര്യമാണ്. അതിർത്തികളുടെ രാഷ്ട്രീയവും ബന്ധങ്ങളുടെ സങ്കീർണതയും ലോകത്തെവിടെയായാലും ഏതാണ്ട് സമാനമായി പ്രവർത്തിക്കുന്നതു കാണാം. മനുഷ്യസംസ്‌കാരത്തിന്റെ വളര്‍ച്ച പലതരം അതിരുകള്‍കൂടി നിർമിച്ചുള്ളതാണെന്ന് വേണമെങ്കില്‍ പറയാം. വംശങ്ങളായും ഗോത്രങ്ങളായും പിന്നീട് രാഷ്ട്രമായുമൊക്കെയുള്ള അതിരുകള്‍ വളര്‍ച്ചയുടെ ചവിട്ടുപടികളായി വിലയിരുത്തപ്പെട്ടു. ഈ അതിരുകള്‍ക്കിടയില്‍ പെട്ടുപോകുന്ന മനുഷ്യരുടെ ജീവിതം പക്ഷേ മറ്റൊരു കഥയാണ്. വിഭജനത്താല്‍ മുറിവേറ്റവര്‍, പിന്നീടുള്ള ജീവിതം ഈ മുറിപ്പാടുമായി ജീവിക്കുന്നു. ചിലര്‍ തളരാതെ അതിജീവനത്തിനായി വഴികള്‍ തേടുന്നു. അതിനിടയില്‍ ജീവിതംതന്നെ മുന്നോട്ടുപോകുകയും പിന്നീട് അവസാനിക്കുകയും ചെയ്യുന്നു.

ഭാഷയുടെ എല്ലാ അതിരുകളെയും ഭേദിച്ച് തന്റെ മാതൃഭാഷയായ ഹിന്ദിയിൽ എഴുതിയ രചനകളെയെല്ലാം ലോകത്തിന്റെ കൺമുനയിൽ എത്തിക്കാൻ കഴിഞ്ഞ എഴുത്തുകാരിയാണ് ഗീതാഞ്ജലി ശ്രീ. മനുഷ്യവർഗത്തിന്റെയും പ്രപഞ്ചത്തിന്റെയും അതിജീവിക്കുന്ന പ്രകൃതിയുടെയും മതനിരപേക്ഷ കാഴ്ചപ്പാടുകളെ തന്റെ എഴുത്തിൽ കൈവരിക്കാൻ ഗീതാഞ്ജലി ശ്രീക്ക് എപ്പോഴും കഴിഞ്ഞിട്ടുണ്ട്. വിഭജനം സൃഷ്ടിച്ചെടുത്ത മുറിപ്പാടുകളെയും മനുഷ്യമനസ്സിൽപോലും അതിരുകൾ കൈവന്നതിനെക്കുറിച്ചും സാഹിത്യത്തിൽ നിരവധി കൃതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ബുക്കർ പ്രൈസ് സമ്മാനത്തിനർഹമായ ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ പരിഭാഷയായ ‘Tomb of Sand’ വേറിട്ട് നിൽക്കുന്നതും ഇന്റർനാഷനൽ ബുക്കർ പ്രൈസിന് അർഹമായതും അതിൽ കൈവരിച്ച ചടുലമായ മാനുഷിക വികാരങ്ങൾകൊണ്ടുകൂടിയാണ്.


ദേശത്തിന്റെ ഓർമകളുറങ്ങുന്ന നനഞ്ഞ മണ്ണടരുകളിൽനിന്നും വിഭജനത്തിന്റെ മുറിവുകളുള്ള ഊഷരഭൂമികയിലെ അതിജീവനത്തിന്റെ കഥകൾ പറയുന്ന കലാ സൃഷ്ടികൾ ഇന്ത്യൻ സാഹിത്യത്തിലും ലോക സാഹിത്യത്തിലും അനവധിയുണ്ട്. വിഭജനങ്ങളും പലായനങ്ങളും എപ്പോഴും ഇരകളാക്കുന്നത് നിസ്സഹായരായ സ്ത്രീകളെയും കുട്ടികളെയുമാണെന്നുള്ളത് വസ്തുതയാണ്. മതം, ജാതി, നിറം, ലിംഗം, ദേശം, വർഗം, വചസ്സ് എന്നിവയുടെ അതിർവരമ്പുകൾ ഭേദിച്ച് മനുഷ്യത്വത്തെ കുറിച്ചും അതിലുപരിയായി ആത്യന്തികമായ പ്രണയം (സ്നേഹം) എന്ന വികാരത്തെ കുറിച്ചും ലോകത്തെ ഉദ്ബോധിപ്പിക്കുന്നതിനാണ് ഓരോ കലാസൃഷ്ടിയും പിറവികൊള്ളുന്നത്. രാഷ്ട്രഭാഷയായ ഹിന്ദിയിൽ രചിക്കപ്പെട്ട ‘രേത് സമാധി’ പല ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷിൽ ഡെയ്‌സി റോക് വെൽ ആണ് ‘Tomb Of Sand’ എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്? മലയാളത്തിൽ ‘മണൽ സമാധി’ എന്ന പേരിൽ പുസ്​തകത്തി​ന്റെ പരിഭാഷ അടുത്തിടെ പുറത്തിറങ്ങിയിട്ടുണ്ട്​. ഡോ. കെ. വനജയാണ്​ പരിഭാഷക.

ഗീതാഞ്ജലി ശ്രീ ആഖ്യാനം ചെയ്യുന്ന വിഷയങ്ങൾ ഒരു സമുദ്രത്തിലെ തിരകളുടെ ഉയർച്ച താഴ്ചകൾ പോലെയാണ് ആസ്വാദക ഹൃദയത്തിലേക്ക് എത്തുന്നത്. നോവൽ നിർമാണത്തിന്റെ അല്ലെങ്കിൽ എഴുത്തിന്റെ തന്നെ വേറിട്ടൊരു രീതികൂടി എഴുത്തുകാരി ഇവിടെ നിർവഹിച്ചിരിക്കുന്നു. ‘Tomb of Sand’ ഒറ്റ വായനയിൽ വാർധക്യത്തിലെത്തിയ (80 വയസ്സായ സ്ത്രീ) ഒരു അമ്മയുടെയും അവരുടെ കുടുംബത്തിന്റെയും കഥയാണെന്ന് പറയാം. എങ്കിലും സൂക്ഷ്മമായി അപഗ്രഥനം ചെയ്യുമ്പോഴാണ് എഴുത്തുകാരി സംവേദനം ചെയ്യാൻ ശ്രമിച്ചിരിക്കുന്ന സാമൂഹികവും രാഷ്ട്രീയപരവുമായ കാര്യങ്ങളെ കുറിച്ച് കൂടുതൽ തെളിയുന്നത്. കഥയിൽ ആധുനിക ജീവിതത്തിന്റെ സങ്കീർണതകളെ അനാവരണം ചെയ്യുന്നതോടൊപ്പം മനുഷ്യമനസ്സിലെ സ്നേഹം എത്രമാത്രം ദീപ്തമാണെന്നുകൂടി വായനക്കാരെ ബോധ്യപ്പെടുത്തുന്നു.

ലളിതമായൊരു വായനയിൽ കൈപ്പിടിയിലൊതുക്കാൻ പാകത്തിലല്ല ഗീതാഞ്ജലി ശ്രീ ‘രേത് സമാധി’ നിർമിച്ചിട്ടുള്ളത്. വായന എന്നത് കേവലം വിനോദത്തിനുള്ള ഉപാധി മാത്രമല്ലെന്ന് എഴുത്തുകാരി അടിവരയിട്ട് ഉറപ്പിക്കുകയാണിവിടെ. അത്രയും സൂക്ഷ്മതയോടെ (ക്ഷമയോടെ) വായനയിലേക്ക് കടക്കുമ്പോഴേ ‘Tomb of Sand’മായി ഇഴുകിച്ചേർന്ന് വായനക്കാരന്/വായനക്കാരിക്ക് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ. നേരത്തേ സൂചിപ്പിച്ചതുപോലെ ആസ്വാദനത്തിന്റെ ഉയർച്ച താഴ്ചകൾ നോവലിൽ പലയിടത്തും ദർശിക്കാം. പല അധ്യായങ്ങളും നോവലിന്റെ ഭാഗമാണോ എന്ന് വായനയിൽ സംശയം തോന്നുമെങ്കിലും അന്ത്യത്തിൽ ഇവയെല്ലാം ചേർന്നതാണ് ‘Tomb of Sand’ എന്നൊരു അനുമാനത്തിൽ എത്തിച്ചേരാൻ വായനക്കാർക്ക് കഴിയും.

ഭർത്താവിന്റെ മരണത്തോടെ മൗനത്തിന്റെയും വിഷാദത്തിന്റെയും ചുഴിയിൽ അകപ്പെട്ട വൃദ്ധയായ ഒരമ്മയുടെ (ചന്ദ്രപ്രഭ ദേവി) കഥയിലൂടെയാണ് നോവൽ മുന്നേറുന്നത്. മക്കളും മരുമകളും പേരക്കുട്ടിയുമൊക്കെയുണ്ടെങ്കിലും പങ്കാളി നഷ്ടപ്പെടുമ്പോൾ ഒരു വ്യക്തി അഭിമുഖീകരിക്കേണ്ടിവരുന്ന നനുത്ത ഏകാന്തതയെ, മൂടിനിൽക്കുന്ന വിഷാദത്തെ ഗീതാഞ്ജലി ശ്രീ വളരെ തന്മയത്വത്തോടെ തന്നെ നോവലിൽ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബത്തിലെ മറ്റെല്ലാ ചലനങ്ങളിൽനിന്നെല്ലാം അകന്നുനിന്ന് കിടന്ന കട്ടിലിൽനിന്നും എഴുന്നേൽക്കാതെ മുറിയുടെ ഭിത്തിയോട് ചേർന്നിരിക്കുന്ന ഒരമ്മ, ഭിത്തിയും അമ്മയും തമ്മിലുണ്ടാകുന്ന വൈകാരികമായൊരു അടുപ്പവും നോവലിൽ കാണാം. പേരക്കുട്ടിയായ ‘സിഡി’ന്റെ ചില ശ്രമങ്ങളിലൂടെ അമ്മയെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കുടുംബാംഗങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും അമ്മ തയാറാകുന്നില്ല. ഉള്ളിലൊരു കടുത്ത തീരുമാനം എടുത്തതുപോലെ മക്കളുടെയും മരുമകളുടെയും ആവശ്യങ്ങളെ/ ആഗ്രഹങ്ങളെ ആ അമ്മ ചെറുത്തുനിന്നുകൊണ്ടിരുന്നു. തന്റെ ജീവിതത്തിൽ ഇനി നടക്കാൻ പോകുന്ന പരിണാമത്തിന് പ്രാപ്തയാകുന്നതിനായി അവർ മനഃപൂർവം ധ്യാനനിമഗ്നയായതാണോ എന്ന് വായനക്കാർക്ക് സംശയിക്കാം.

മൗനത്തിലാണ്ട നാളുകളെ അവസാനിപ്പിച്ച്​ അമ്മ ഒരുദിവസം അപ്രത്യക്ഷയാകുന്നു. തന്റെ ഏകാന്തതയുടെ അതിർത്തി അവർതന്നെ ഒരു ഊന്നുവടിയുടെ സഹായത്തോടെ മറികടക്കുകയായിരുന്നു. തുടർന്ന് മകന്റെ വീട്ടിൽനിന്നും മാറി മകളോടൊപ്പം താമസിക്കാനാണ് അമ്മ താൽപര്യം പ്രകടിപ്പിക്കുന്നത്. വിവാഹിതയല്ലെങ്കിലും കെ.കെ എന്ന ആൺസുഹൃത്തിനോടൊപ്പമാണ് മകളുടെ ജീവിതം. ആൺമക്കളോടുള്ള അമ്മമാരുടെ മമതയുടെ കഥകൾ നിത്യജീവിതത്തിൽ എല്ലാവരിലും നിറയുന്നതാണ്. നോവലിലെ അമ്മയും മകനും അത്രയും ആത്മബന്ധത്തിലായിരിക്കെ, പങ്കാളി മരിച്ചതിനു ശേഷമുള്ള ശിഷ്ടജീവിതം മകളോടൊപ്പമായിരിക്കണമെന്നുള്ള ഗൂഢ തീരുമാനത്തിന്റെ കാരണം കണ്ടെത്തുന്നത് നോവലിൽ എഴുത്തുകാരി വായനക്കാർക്ക് വിട്ടുനൽകുകയാണ്.


സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായിട്ടുകൂടി ‘Tomb of Sand’ അടയാളപ്പെടുന്നത് ഇങ്ങനെയാണ്. വിവാഹം എന്ന ഉടമ്പടിയിൽ വിശ്വസിക്കാതെ, സ്വതന്ത്രമായി, ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ഒരുമിച്ചു ജീവിക്കുകയാണ് നോവലിലെ മകൾ. അമ്മയും മകളോടൊപ്പം അത്തരമൊരു സ്വതന്ത്ര ജീവിതത്തിനു തയാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു എന്ന് വേണം അനുമാനിക്കാൻ. തുടർന്നുള്ള കഥാ സൂചകങ്ങൾകൊണ്ട് അമ്മക്ക് അത്തരം ജീവിതത്തോട് പ്രതിപത്തി ഉണ്ടെന്ന് വായനക്കാർക്ക് വ്യക്തമാകും.

പുതിയ ചുറ്റുപാടിൽ അമ്മക്ക് നിരവധി സുഹൃത്തുക്കളെ കിട്ടുകയും റോസി ബുവ എന്ന ട്രാൻസ്‌ജെൻഡർ വളരെ പെ​െട്ടന്ന് തന്നെ അമ്മയുമായി അടുത്ത് ദൃഢമായൊരു ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. അമ്മയുടെ തുടർന്നുള്ള ജീവിതം വാർധക്യത്തിൽനിന്ന് യൗവനത്തിലേക്കുള്ള തിരിഞ്ഞുനടത്തമായിരുന്നു. ആഘോഷിക്കപ്പെടുന്ന ഉടലുകളുടെ സ്വാതന്ത്ര്യവും, സൗന്ദര്യത്തിന്റെ സംരക്ഷണവും എൺപതുകളിലെ ഒരു സ്ത്രീ എങ്ങനെ നിർവഹിക്കുന്നു എന്നത് അതിശയിപ്പിക്കത്തക്ക വിധത്തിലായിരുന്നു അമ്മയുടെ മാറ്റം. എന്നാൽ, ഇവിടെ മകൾക്ക് തന്റെ സ്വൈരജീവിതത്തിൽ താളപ്പിഴകൾ വരുകയും കെ.കെയുമായുള്ള പ്രണയ തീവ്ര മുഹൂർത്തങ്ങളിലൊന്നും പഴയ ഊഷ്മളത കണ്ടെത്താൻ പറ്റാതെ വരുകയും ഒരർഥത്തിൽ വിരക്തി പ്രകടമാക്കുന്ന സന്ദർഭങ്ങൾവരെ ഉണ്ടാവുകയും ചെയ്യുന്നു.

അമ്മയെ ശുശ്രൂഷിച്ച് മകൾ അമ്മയായി പരിണമിക്കുകയാണോ എന്നൊരു സംശയം വായനയുടെ ഘട്ടത്തിൽ തോന്നാം. റോസി ഒരു ട്രാൻസ്ജെൻഡറാണ് എന്നറിയുന്ന നിമിഷത്തിലെ മകളുടെ വൈകാരികതലങ്ങളെ എഴുത്തുകാരി അപഗ്രഥിച്ചത് വളരെ ഹൃദ്യമാണ്. റോസിയും അമ്മയും തമ്മിലുള്ള ബന്ധം വളരെ ചെറുപ്പം മുതലേ ഉണ്ടായിരുന്നു എന്നുള്ളത് കഥാന്ത്യത്തിൽ മാത്രമാണ് വെളിപ്പെടുന്നത്. വായനക്കാർക്ക് കഥയുടെ ഓരോ അടരുകളിലും വളരെ കൗശലത്തോടെ വൈവിധ്യമായ അനുഭൂതികൾ സമ്മാനിക്കാൻ ഗീതാഞ്ജലി ശ്രീക്ക് കഴിഞ്ഞിട്ടുണ്ട്.

അമ്മയുടെ ആഗ്രഹപ്രകാരം പാകിസ്താൻ സന്ദർശനത്തിന് തയാറെടുക്കുന്നതോടെയാണ് നോവൽ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യ-പാക് വിഭജനത്തിനു മുമ്പ് പാകിസ്താനിൽ വേരുറപ്പിച്ച ഹിന്ദു കുടുംബത്തിലെ അംഗമായിരുന്നു ചന്ദ്രപ്രഭാ ദേവിയെന്ന ആ അമ്മ. പാക് പൗരനും മുസ്‍ലിം വിഭാഗക്കാരനുമായ അൻവർ എന്ന യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്യുകയും, വിഭജനം അവരെ തമ്മിൽ അകറ്റുകയും ചെയ്തതായ കഥ തുടർന്നുള്ള ഭാഗങ്ങളിൽ തിരശ്ശീല നീക്കി പുറത്തുവരും. അമ്മയുടെ തീവ്രമായ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് മകൾ അമ്മയുമായി പാകിസ്താനിലേക്ക് യാത്ര തിരിക്കുന്നത്. അൻവർ എന്ന മുൻ ഭർത്താവിനെ കണ്ടെത്താനും ബാല്യ, കൗമാര ഓർമകളിലൂടെ സഞ്ചരിച്ച് ആ മണ്ണിൽതന്നെ മരിക്കാനുമായിരുന്നു അമ്മയുടെ ആഗ്രഹം.

ആരാണ് മനുഷ്യർക്കിടയിൽ അതിരുകൾ നിർമിക്കുന്നതെന്നും അവർക്കതിനുള്ള എന്ത് അവകാശമാണ് ഉള്ളതെന്നും അമ്മ ചോദിക്കുന്നുണ്ട്. ‘‘അതിർത്തിയെന്നത് പ്രണയമാണ്. പ്രണയമൊരിക്കലും തടവറയെ സൃഷ്ടിക്കുന്നില്ല. മറിച്ച്, ഓരോ പ്രതിസന്ധിയെയും തരണംചെയ്യാനുള്ള പാത തുറക്കുന്നു. കൂടാതെ, കൂടിച്ചേരലിന്റെ അടയാളമായി കൂടി അതിർത്തി പരിണമിക്കുന്നു.’’ രണ്ട് ദേശങ്ങളുടെ വിഭജനം, ലോകത്തെവിടെയായാലും അത് ബാക്കിയാക്കുന്നത് മാനുഷിക ബന്ധങ്ങളിൽ വിള്ളൽ മാത്രമാണെന്നുള്ള ആശയമാണ് നോവൽ മുന്നോട്ടുവെക്കുന്നത്.

രാജ്യം വിഭജിച്ചപ്പോൾ അമ്മക്ക് നഷ്ടമായത് ഭർത്താവിനെ മാത്രമല്ല അവരൊരുമിച്ചു നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾകൂടിയായിരുന്നു. ഇന്ത്യയിലെത്തിയിട്ടും മറ്റൊരു വിവാഹം കഴിക്കുകയും മക്കളും പേരക്കുട്ടികളുമുണ്ടായിട്ടും ആദ്യ പ്രണയത്തിന്റെ കനൽ അവരിൽ ഉണ്ടായിരുന്നു എന്നാണ് ഇവിടെ വ്യക്തമാകുന്നത്. ജരാനരകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത അവരുടെ പ്രണയത്തിന്റെ ഓർമകളിൽ അതിജീവിച്ച ആ അമ്മ പാകിസ്താൻ യാത്രക്ക് തയാറെടുത്തത് മുൻ ഭർത്താവിനെ കണ്ടെത്തി ശേഷിച്ച ജീവിതം അയാളോടൊപ്പം ജീവിച്ചുതീർക്കാനാണ്.

വിഭജനം രണ്ട് രാജ്യങ്ങളെ എത്രത്തോളം പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നു എന്നത് ഊഹിക്കാവുന്നതാണ്. അക്രമത്തിന്റെ ഭാഗമായി പീഡിപ്പിക്കപ്പെടുന്ന മനുഷ്യശരീരങ്ങളെ കുറിച്ചും, നിർജീവ അവസ്ഥയിലാകപ്പെട്ട മനസ്സുകളെ കുറിച്ചും ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു. ജനിച്ച മണ്ണടരുകളിൽനിന്നും അരികുവത്കരിക്കപ്പെടുന്ന/അന്യവത്കരിക്കപ്പെടുന്ന സമൂഹങ്ങൾ, ബലാത്സംഗത്തിനും മറ്റ് ശാരീരിക പീഡനങ്ങൾക്കും ഇരകളാകുന്ന പെൺകുട്ടികൾ, അംഗവൈകല്യം വന്നു കിടപ്പിലാകുന്ന യുവാക്കൾ, മക്കളെ നഷ്ട​െപ്പട്ട മാതാപിതാക്കൾ, അനാഥർ അങ്ങനെ എത്രയെത്ര മനുഷ്യജീവനുകളാണ് ഓരോ വിഭജനത്തിലും പലായനത്തിലും ഇരകളാകുന്നത്. കേവലം ഭൂമിശാസ്ത്രപരമായി മാത്രമല്ല രണ്ട് രാജ്യങ്ങൾ തമ്മിൽ വിഭജനം നടന്ന് അതിർത്തികൾ രൂപപ്പെടുന്നത്, മറിച്ച് മനുഷ്യഹൃദയങ്ങളിൽകൂടി ബന്ധത്തിന്റെ കണ്ണികൾ മുറിഞ്ഞ് അതിരുകൾ കെട്ടുന്നതിന്റെ അവലോകനംകൂടി ഗീതാഞ്ജലി ശ്രീ ‘Tomb of Sand’ൽ ചിത്രീകരിക്കുന്നു.

കുടുംബം എന്ന വ്യവസ്ഥയെ കുറിച്ചും കുടുംബത്തിലെ ആണധികാരത്തിന്റെ സൂചനകളും (സഹോദരൻ സഹോദരിക്കുമേൽ ചുമത്തുന്ന അധികാരങ്ങൾ) നോവലിൽ പ്രതിപാദിക്കുന്നുണ്ട്. പ്രകൃതിയിൽ ഒട്ടുമിക്ക ചരാചരങ്ങൾക്കും ഗീതാഞ്ജലി ശ്രീ നോവലിൽ സ്ഥാനംകൊടുക്കുന്നു. പൂക്കൾ, പക്ഷികൾ, ചെടികൾ, പച്ചക്കറികൾ, വെയിൽ, നദി, മണൽ, വൃക്ഷം, ചിത്രശലഭങ്ങൾ, മഴവില്ല്, കാറ്റ്, ഭക്ഷണവിഭവങ്ങൾ, മണ്ണ് ഇവയെല്ലാം പ്രാധാന്യത്തോടെതന്നെ നോവലിന്റെ ഭാഗമാകുന്നത് യാദൃച്ഛികമായി കാണാനാവില്ല. കാക്കയും തിത്തിരി പക്ഷിയും മഴവില്ലും ഭിത്തിയും ഇവിടെ ഓരോ കഥാപാത്രങ്ങളാണോ എന്ന് സംശയിക്കത്തക്കവിധത്തിലാണ് നോവലി​െന്റ ആഖ്യാനത്തെ എഴുത്തുകാരി വഴിതിരിച്ചു വിട്ടിട്ടുള്ളത്. അതുപോലെ മുഖരിതമാണ് പല ഘട്ടങ്ങളും. വളയും സേഫ്റ്റി പിന്നും ചേരുന്ന ശബ്ദം, കാറ്റിന്റെ ശബ്ദം, വാതിലുകൾ അടയുന്ന ശബ്ദം, തിരമാലകളുടെ ശബ്ദം, പക്ഷികളുടെ ചിറകടി, അവയുടെ കരച്ചിൽ... അങ്ങനെ കേൾവി, കാഴ്ച, സ്പർശം (അമ്മയും മകളും, അമ്മയും റോസിയും, മകളും കെ.കെയും) എന്നീ ഇന്ദ്രിയങ്ങളെ കൂടി മനഃപൂർവമോ അല്ലാതെയോ നോവലിൽ ഉൾപ്പെടുത്താൻ ഗീതാഞ്ജലി ശ്രീക്ക് കഴിഞ്ഞിട്ടുണ്ട്.


കഥാപാത്രഘടന എടുത്തുനോക്കുമ്പോൾ അമ്മ-മകൾ എന്നത് ശക്തമായ മാനസിക അടുപ്പം കാത്തുസൂക്ഷിക്കുന്ന ബന്ധമാണെങ്കിലും റോസി അമ്മയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരിയായി മാറുന്നത് അവിചാരിതമാണ്. കുടുംബത്തിലെ പിതാവിന്റെ മരണശേഷം മകന്റെ ആധിപത്യത്തിൽനിന്ന് മുക്തിനേടാനാവും അമ്മ മകളുടെ വീട്ടിലേക്ക് താമസം മാറ്റുന്നത് എന്നൊരു ധ്വനി നോവലിൽനിന്ന് കിട്ടുന്നുണ്ട്. വാർധക്യത്തെ മുന്നിൽ നിർത്തിക്കൊണ്ട് വ്യക്തി, കുടുംബം, ബന്ധങ്ങൾ, മാതൃത്വം, ഏകാന്തത, വിഷാദം, വ്യത്യസ്ത സംസ്കാരം, (ഹിന്ദു-മുസ്‍ലിം) ഭാഷ, ദേശം (ഇന്ത്യ-പാകിസ്താൻ), ചരിത്രം ഇവയിലൂടെയെല്ലാം എഴുത്തുകാരി സഞ്ചരിക്കുന്നതായി കാണാം.

ഒരു വിധവയുടെ വാർധക്യം, അവരുടെ മനസ്സിലുറങ്ങാതെ കിടക്കുന്ന പ്രണയത്തിന്റെ ഓർമകളും, തിരയടങ്ങാത്ത പെൺ കാമനകളും, ആദ്യ ഭർത്താവിനെ അന്വേഷിച്ച് ഇറങ്ങുന്ന ഒരു സ്ത്രീയുടെ ജീവിതകഥയും, വിഭജനത്തിന്റെ ഇരകളാക്കപ്പെട്ടവരുടെ അതിജീവനം എന്നീ നിലകളെക്കാളും, മനുഷ്യമനസ്സിന്റെ സ്വാതന്ത്ര്യ രൂപവത്കരണത്തിന്റെ കഥ എന്ന നിലയിലാണ് നോവലിന്റെ ആഖ്യാനത്തിൽ ഗീതാഞ്ജലി ശ്രീ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടാവുക. ഒരു വിധവ തന്റെ ഇഷ്ടപ്രകാരം വസ്ത്രങ്ങൾ അണിയുന്നതും സൗന്ദര്യത്തിൽ ശ്രദ്ധ പുലർത്തുന്നതും ഹിന്ദു വിശ്വാസങ്ങൾക്ക് വിരുദ്ധമായി തന്റെ ജീവിതം ജീവിക്കുന്നതും നോവലിൽ വിഷയമാകുമ്പോൾ എഴുത്തുകാരി കാലത്തോട് ഒട്ടേറെ കാര്യങ്ങൾ സംവേദനംചെയ്യുന്നുണ്ട്.

ഓരോ വ്യക്തിയും ഓരോ സ്വതന്ത്ര രാജ്യമാണെന്നും ജീവിതത്തെ എങ്ങനെയും ജീവിച്ചുതീർക്കാതെ തന്റെ സന്തോഷം മുൻനിർത്തി ജീവിക്കാനും എഴുത്തുകാരി ആഹ്വാനംചെയ്യുന്നു. ആഖ്യാനരീതിയിലുള്ള വേറിട്ട പരീക്ഷണമാവാം ‘രേത് സമാധി’ കൂടുതൽ ചർച്ചചെയ്യപ്പെട്ടതും പരിഭാഷകളിലൂടെ വിമർശനപരമായും അല്ലാതെയുമുള്ള സമീപനങ്ങളിലൂടെയും പുസ്തകം കൂടുതൽ വായനക്കാരിലേക്ക് എത്തുന്നതും. വെറുതെ വായിച്ച് മടക്കിവെച്ചാല്‍ അവസാനിക്കുന്നതല്ല ഈ കൃതി ചിന്തയിലുണ്ടാക്കുന്ന പ്രകമ്പനങ്ങള്‍. അധികാരത്തിന്റെ സൂക്ഷ്മഘടകമായി കരുതാവുന്ന കുടുംബവ്യവസ്ഥ മുതല്‍ രാഷ്ട്രം വരെ എങ്ങനെയൊക്കെ, മനുഷ്യന്റെ (ഇവിടെ സ്ത്രീയുടെ) മേല്‍ സൂക്ഷ്മമായും സ്ഥൂലമായും അധികാരം സ്ഥാപിക്കുന്നുവെന്നും എങ്ങനെയാണ് ഏറ്റവും ദുര്‍ബലരായ മനുഷ്യര്‍പോലും ഈ അധികാരഘടനക്കെതിരെ സ്വന്തം ജീവിതാവിഷ്‌കാരങ്ങള്‍ക്കുവേണ്ടി പോരടിക്കുന്നുവെന്നതാണ് ഈ നോവലിന്റെ രാഷ്ട്രീയമായി വരുന്നത്. വ്യക്തിപരമാകുന്ന രാഷ്ട്രീയം ഒരു സമൂഹത്തിന്റെ കൂടിയാവുന്നതിന്റെ ചിത്രണമാണിത്. ഒരു കൃതി എത്ര സൂക്ഷ്മമായും സമഗ്രമായും അപഗ്രഥിക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണംകൂടിയാണ് ‘Tomb of Sand’.

Show More expand_more
News Summary - Tomb of Sand by Geetanjali Shree -review