Begin typing your search above and press return to search.

ഒരു കവിയുടെ ഹൃദയം സംസാരിക്കുന്നു

ഒരു കവിയുടെ ഹൃദയം സംസാരിക്കുന്നു
cancel
മലയാളത്തിൽ ശ്രദ്ധേയമായ കവിതകൾ എഴുതിയെങ്കിലും മുഖ്യധാരയുടെ നടപ്പുശീലങ്ങളിൽനിന്ന്​ മാറിനടന്ന കവിയാണ്​ എസ്​.വി. ഉസ്​മാൻ. ജനുവരി 18ന്​ വിടവാങ്ങിയ അദ്ദേഹത്തെ ഒാർക്കുകയാണ്​ മാധ്യമം ആഴ്​ചപ്പതിപ്പ്​ മുൻ പത്രാധിപർകൂടിയായ ലേഖകൻ.ഒപ്പം ഉസ്​മാൻ ലേഖകന്​ എഴുതിയ കത്തുകളും കവിതയും. കത്തുകളിൽ കവിയുടെ ജീവിതവും നിലപാടുകളും തുടിക്കുന്നുണ്ട്​.

''ചി​ല മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ, എ​ഴു​ത്ത​റി​യാ​ത്ത

എ​ന്നെ, കി​നാ​വി​നും വെ​ളി​വി​നു​മി​ട​യി​ൽ

എ​ഴു​ത്തി​നി​രു​ത്തി, ക​ളി​മ​ണ്ണി​ൽ ആ​രോ

മ​റു​ഭാ​ഷ​യു​ടെ ആ​ദ്യ​മൊ​ഴി​ക​ൾ എ​ഴു​തി​ക്കു​ക​യാ​ണ്.''

'അ​ധി​നി​വേ​ശ​കാ​ല​ത്തെ പ്ര​ണ​യം'​എ​ന്ന ര​ണ്ടാ​മ​ത്തെ കാ​വ്യ​സ​മാ​ഹാ​ര (ഒ​ലിവ്, 2008)ത്തി​ന് എ​സ്.​വി. ഉ​സ്മാ​ൻ ആ​മു​ഖ​മാ​യി കു​റി​ച്ച വ​രി​ക​ളാ​ണ് മു​ക​ളി​ൽ. 'ച​രി​ത്ര​ത്തി​ലേ​ക്ക് കു​തി​ച്ചു​യ​രു​ന്ന അ​ബാ​ബീ​ലു​ക​ൾ' എ​ന്നാ​ണ് കെ.​പി. മോ​ഹ​ന​ൻ അ​വ​താ​രി​ക​യി​ൽ ഈ ​ക​വി​ത​ക​ളെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഈ ​സ​മ​ാഹാ​ര​ത്തി​ലെ ഒ​രു ക​വി​ത​യി​ൽ സ്വ​ന്തം ക​വി​ത​യു​ടെ നി​ൽപ്​ നി​ല​യെ​ക്കു​റി​ച്ച് ക​വി ഇ​ങ്ങ​നെ വി​ളം​ബ​രം ചെ​യ്യു​ന്നു​ണ്ട്:

''നി​ങ്ങ​ളു​ടേ​ത് പു​ല്ലാ​ങ്കു​ഴ​ലേ​യ​ല്ല

സ്വ​ര​ങ്ങ​ളു​ടെ ചോ​ര​യൂ​റ്റു​ന്ന

ഒ​റ്റക്ക​ണ്ണു​ള്ള ഡ്രാ​ക്കു​ളയാ​ണ്!

ഒ​റ്റ​ത്തു​ള​യി​ൽ എ​ല്ലാ​വ​ർ​ക്കും ഒ​രൊ​ച്ച

എ​നി​ക്ക് അ​ഞ്ചു​ മു​റി​വു​ള്ള

ഒ​രു ഉ​ട​ലി​ന്‍റെ, 'ബാ​ൻ​സു​രി' മ​തി

ഈ ​ച​ങ്കി​ന്റെ തു​ടി

ചോ​ര​യു​ടെ പ​തി​ഞ്ഞ ശ്രു​തി;

പ്ഫ... ​ഒ​പ്പം പാ​ടാ​ൻ

ഞാ​നി​ല്ല.

എ​ന്നെ എ​ന്റെ പാ​ട്ടി​ന് വി​ട്.''

ഇ​ങ്ങ​നെ ഒ​രാ​ൾ​ക്ക് ട്രാ​ക്ക് തെ​റ്റി​യാ​ലോ?

അ​യാ​ൾ ഒ​റ്റ​പ്പെ​ട്ട​തുത​ന്നെ

പ​ക്ഷേ... ഒ​ന്നു​ണ്ട്.

ഒ​റ്റ​പ്പെ​ട്ട ഒ​രൊ​ലി മു​ഴ​ങ്ങും

വേ​റി​ട്ട ഒ​രൊ​ളി തി​ള​ങ്ങും.''

വേ​റി​ട്ട ഒ​ളി തി​ള​ങ്ങു​ന്ന ഏ​കാ​കി​യു​ടെ ആ​ത്മ​നി​വേ​ദ​ന​ങ്ങ​ളാ​യി​രു​ന്നു ജ​നു​വ​രി 18ന് ​വി​ട​വാ​ങ്ങി​യ എ​സ്.​വി. ഉ​സ്മാ​ന്റെ ക​വി​ത​ക​ൾ. അ​യാ​ൾ കോ​റ​സ് പാ​ടു​ക​യാ​യി​രു​ന്നി​ല്ല. പൊ​തു​വാ​യ ട്രാ​ക്കി​ൽ​നി​ന്ന് മാ​റി വേ​റി​ട്ട് ത​ന്റെ ശ​ബ്ദം കേ​ൾ​പ്പി​ക്കു​ന്ന​തി​ലാ​യി​രു​ന്നു ഈ ​ക​വി​ക്ക് താ​ൽ​പ​ര്യം. അ​ങ്ങ​നെ​യു​ള്ള​വ​ർ ഒ​റ്റ​പ്പെ​ടു​ക സ്വാ​ഭാ​വി​കം. അ​തി​ൽ അ​യാ​ൾ​ക്ക് പ​രി​ഭ​വ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​ളി ചി​ത​റു​ന്ന ഒ​റ്റ​പ്പെ​ട്ട ഒ​ലി​യി​ലെ ആ​ത്മ​വി​ശ്വാ​സ​മാ​യി​രു​ന്നു അ​യാ​ളു​ടെ ശ​ക്തി.

എ​ഴു​പ​തു​ക​ളി​ലും എ​ൺ​പ​തു​ക​ളി​ലും ശ്ര​ദ്ധേ​യ​ ക​വി​ത​ക​ൾ എ​ഴു​തി​​െക്കാ​ണ്ടി​രു​ന്ന ഈ ​ക​വി​യെ പു​തു​ത​ല​മു​റ ക​വി​ക​ളോ വാ​യ​ന​ക്കാ​രോ ഓ​ർ​ക്കു​ന്നു​ണ്ടോ ആ​വോ? നേ​ര​ത്തേ സൂ​ചി​പ്പി​ച്ച അ​ധി​നി​വേ​ശ​കാ​ല​ത്തെ പ്ര​ണ​യ​ത്തി​ന് പു​റ​മെ 'ബ​ലി​മൃ​ഗ​ങ്ങ​ളു​ടെ രാ​ത്രി' (1994) എ​ന്ന​ത​ല്ലാ​തെ ക​വി​ത​യു​ടെ മ​റ്റൊ​രു സ​മാ​ഹാ​ര​വും ഇ​റ​ങ്ങി​യ​താ​യി ഓ​ർ​ക്കു​ന്നി​ല്ല. 'വാ​രാ​ദ്യ​മാ​ധ്യ​മ'​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ എഴുതിയതായും ഓ​ർ​ക്കു​ന്നു.

എ​ഴു​പ​തു​ക​ൾ മു​ത​ലേ ഉ​സ്മാ​ന്റെ ക​വി​ത​ക​ൾ ആ​സ്വ​ദി​ച്ചു​ വാ​യി​ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​തി​ല​പ്പു​റം ഒ​രു സൗ​ഹൃ​ദ​വും അ​ദ്ദേ​ഹ​വു​മാ​യി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രി​ക്ക​ൽ​പോ​ലും ഞ​ങ്ങ​ൾ ത​മ്മി​ൽ ക​ണ്ടി​രു​ന്നി​ല്ല. അ​ങ്ങ​നെ ചി​ല​രു​ണ്ട്. ഖ​ത്ത​റി എ​ഴു​ത്തു​കാ​രി ബു​ഷ്റാ​ നാ​സി​റു​മാ​യി വ​ർ​ഷ​ങ്ങ​ളോ​ളം എ​ഴു​ത്തു​കു​ത്തു​ക​ൾ ന​ടന്നി​രു​ന്നെ​ങ്കി​ലും അ​വ​രു​ടെ ജോ​ലി​സ്ഥ​ലം എ​ന്റെ താ​മ​സ​സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള രീ​ഖ് ഇ​ംറാ​നി​ലാ​യി​രു​ന്നി​ട്ടും ഖ​ത്ത​ർ​ വി​ടു​ന്ന​തു​വ​രെ ഞ​ങ്ങ​ൾ ത​മ്മി​ൽ ക​ണ്ടി​രു​ന്നി​ല്ല. ക​മ്പ്യൂ​ട്ട​റി​ന്റെ അ​ര​ണ്ട വെ​ളി​ച്ച​ത്തിൽ അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ മാ​ത്രം ഞ​ങ്ങ​ൾ പ​ര​സ്പ​രം അ​റി​യു​ക​യാ​യി​രു​ന്നു. 'ക​ട​ൽ​കാ​ക്ക​ക​ളു​ടെ വി​ലാ​പം' എ​ന്ന അ​വ​രു​ടെ ഒ​രു കാ​വ്യ​സ​മാ​ഹാ​രം ത​രാ​ൻ എ​നി​ക്ക് പ​രി​ച​യ​മു​ള്ള ഒ​രു ബു​ക്ക്​സ്റ്റാ​ളി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഒ​രി​ക്ക​ൽ എ​ന്നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് 'അ​ർ​റാ​യ' പ​ത്ര​ത്തി​ൽ എ​ന്നെ​ കു​റി​ച്ച് ഒ​രു അ​ര​പ്പേ​ജ് ലേ​ഖ​ന​വും അ​വ​ർ എ​ഴു​തി​ക്ക​ള​ഞ്ഞു.

എ​സ്.​വി​യെ ഇ​നി​യൊ​രി​ക്ക​ലും കാ​ണാ​നു​മി​ട​യി​ല്ല. അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഞ​ങ്ങ​ൾ ത​മ്മി​ൽ ഫോ​ണി​ലൂ​ടെ​യും എ​ഴു​ത്തി​ലൂ​ടെ​യും ബ​ന്ധപ്പെ​ടാ​റു​ള്ള​ത് അ​റി​ഞ്ഞ മ​ക​ൻ മെ​ഹ​ർ​ അ​ലി ആ ​വി​വ​രം വി​ളി​ച്ചുപ​റ​യു​ക​യാ​യി​രു​ന്നു. അ​തേ സാ​യാ​ഹ്ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ വെ​ന്റി​ലേ​റ്റ​റി​ലാ​യ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ പ​റ്റി​യി​ല്ല. പി​രി​യു​മ്പോ​ൾ ആ ​സ​ങ്ക​ടം പ​റ​ഞ്ഞു മ​ക​നാ​ണ് കെ​ട്ടി​പ്പി​ടി​ച്ചു ക​ര​ഞ്ഞ​ത്.

'സ്വാ​ത​ന്ത്ര്യ​സ​മ​രം അ​വ​സാ​നി​ക്കു​ന്നി​ല്ല' എ​ന്ന ഒ​രു ക​വി​ത​യ​ാണ് എ​സ്.​വി​യു​മാ​യു​ള്ള ഉ​റ്റ സൗ​ഹൃ​ദ​ത്തി​ന് നി​മി​ത്ത​മാ​യ​ത്. ഒ​മാ​നി​ൽ​നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ്രൗ​ഢ മാ​ഗ​സി​ൻ 'നി​സ്വ'​യു​ടെ 2016 ജൂ​ലൈ ല​ക്ക​ത്തി​ൽ 'ഫാ​ഷി​സ്റ്റ് വി​രു​ദ്ധ ക​വി​ത​ക​ൾ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ച ക​വി​ത​ക​ളു​ടെ കൂ​ട്ട​ത്തി​ൽ എ​സ്.​വി​യു​ടെ ആ ​ക​വി​ത​യു​മു​ണ്ടാ​യി​രു​ന്നു. പി.​കെ.​ പാ​റ​ക്ക​ട​വ്, സ​രി​ത മോ​ഹ​ൻ, കെ.​പി. ശ​ശി (ഇം​ഗ്ലീ​ഷ് ക​വി​ത​യു​ടെ പ​രി​ഭാ​ഷ) എ​ന്നി​വ​രു​ടേ​താ​യി​രു​ന്നു മ​റ്റു ര​ച​ന​ക​ൾ. അ​തി​ന്റെ ഒ​രു കോ​പ്പി ത​പാ​ലി​ൽ അ​ദ്ദേ​ഹ​ത്തി​ന​യ​ച്ചു​കൊ​ടു​ത്തു. അ​ന്ന് മു​ത​ലാ​ണ് ഞ​ങ്ങ​ൾ ത​മ്മി​ൽ നേ​രി​ട്ട് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ദീ​ർ​ഘ​മാ​യ ക​ത്തു​ക​ളാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ക​ര​ണം.

മു​ഖം തി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന ലോ​ക​ത്തോ​ട് സ്വ​യം സം​സാ​രി​ക്കു​ന്ന ആ ​ക​ത്തു​ക​ളി​ൽ ചി​ല​ത് ആ ​ആ​ത്മ സു​ഹൃ​ത്തി​നു​ള്ള അ​ന്തി​മ പ്ര​ണാ​മ​മാ​യി വാ​യ​ന​ക്കാ​രു​മാ​യി ഇ​വി​ടെ പ​ങ്കു​വെ​ക്കു​ന്നു.

''സ്വ​പ്ന​സ്വ​ര പൂ​ന്തോ​പ്പി​ൽ പാ​റും

സ്വ​ര​രാ​ഗ​ത്തു​മ്പി​ക​ളേ

പ​റ​ക്ക​രു​തേ നി​ങ്ങ​ൾ

മ​രി​ച്ച സ്വ​പ്ന​ങ്ങ​ൾ ത​ൻ

ശ്മ​ശാ​ന​ഭൂ​മി​യി​ലൂ​ടെ

(എ​സ്.​വി. ഉ​സ്മാ​ൻ).

OOO


കത്ത്​-1

പ്രിയ കബീർ സാഹിബ്,

മറുപടി എഴുതാൻ വൈകിയതിൽ ക്ഷമാപണം...

ജോലിത്തിരക്ക്... ഇടക്ക് ക്ഷണിക്കാതെ കേറിവരുന്ന ചില ആരോഗ്യപ്രശ്നങ്ങൾ... പിന്നെ പ്രതികൂലമായ മാനസികാവസ്ഥ. സത്യം പറഞ്ഞാൽ, സുഹൃത്തേ, കവിത ഒരു വല്ലാത്ത ബാധ്യതതന്നെയാണ്. സ്വപ്നംപോലെ വന്നു മറഞ്ഞുപോവുന്ന ഒരു പ്രതിഭാസം. ചിലപ്പോൾ ജോലിത്തിരക്കിനിടയിലാവാം, നന്നായി മുഖം കാണിച്ച്, വല്ലാതെ കൊതിപ്പിച്ച്, എവിടെയോ മാറിക്കളയും. പിന്നൊരു അനിശ്ചിതമായ കാത്തിരിപ്പാണ്... വന്നാൽ, വന്നു അത്രതന്നെ. അങ്ങനെ, ഒരിക്കൽ വന്ന്​, പിന്നീടൊരിക്കലും പ്രത്യക്ഷപ്പെടാത്ത ഒരുപാട്​ കവിതകളുണ്ട്​. അവയൊക്കെയും ബോധാബോധങ്ങളുടെ ഏതൊക്കെയോ അജ്ഞാത സ്ഥലികളിൽ മറഞ്ഞുകിടക്കുന്നുണ്ടാവാം.

കവിതയുടെ ഉറവിടംതന്നെ നിഗൂഢവും ദുരൂഹവുമാണ്​. തീക്ഷ്​ണമായ അനുഭവസാക്ഷ്യം വെച്ച്​ പറയുകയാണ്​. ചില നേരങ്ങളിൽ, എഴുത്തും വായനയും അറിയാത്ത എന്‍റെ കൈപിടിച്ച്​, കവിത, ആരോ എഴുതിക്കുകയാണോ എന്ന്​ സംശയിക്കാറുണ്ട്​. അതിശയോക്​തിയല്ല... സത്യത്തിൽ കഥയറിയാതെ കളികാണുന്ന വിഡ്ഢിയല്ലേ കവി? കബീർ സാഹിബ്​, ഈ കവിജീവിതം, അസ്വസ്​ഥതകളും അജ്ഞാതമായ വെളിപാടുകളും ദുസ്സഹമായ പീഡനങ്ങളും നിറഞ്ഞ ഒരു സഹനപർവംതന്നെയാണ്​. ഉടനീളം സംഘർഷഭരിതം.

എഴുതിക്കൊണ്ടിരിക്കുന്ന മുഹൂർത്തങ്ങളിലേ 'കവി' എന്ന പദവിയുള്ളൂ. എഴുതിക്കഴിഞ്ഞാൽ ഓരോ കവിയും സാധാരണക്കാരിൽ സാധാരണക്കാരനാണ്​. ഭാരതീയ തത്ത്വചിന്തയുടെ നിരീക്ഷണത്തിൽ ഊർജത്തിന്‍റെ ചടുലമായ താണ്ഡവഭേദങ്ങളാണ്​ സൃഷ്ടിസ്ഥിതി സംഹാരങ്ങൾ എന്ന പരസ്പരവിരുദ്ധവും പരസ്പരപൂരകവുമായ പ്രതിഭാസങ്ങൾ. പ്രത്യക്ഷത്തിൽ അത്​ പ്രാപഞ്ചികതയുടെ നിത്യയൗവനസഹജവും അർഥഗർഭവുമായ ചലനാത്​മകതതന്നെയാണ്. ഒരർഥത്തിൽ സർഗാത്​മകതയും ഇതുതന്നെയാണ്​ നിശ്ശബ്​ദമായി വിളംബരം ചെയ്യുന്നത്​.

ചുട്ടുപൊള്ളുന്ന ധ്യാനനിരതമായ മുഹൂർത്തങ്ങളിൽ ഇലാഹിനോട് ഞാൻ കവിതയുടെ മാസ്മരികതയുടെ രഹസ്യങ്ങളെക്കുറിച്ച് മൗനമുദ്രിതമായ ഭാഷയിൽ അന്വേഷിക്കാറുണ്ട്. അനന്തതയുടെ ആ ഖജനാവിൽനിന്ന്​ സുഹൃത്തേ, ഒന്നും വെളിപ്പെട്ടുകിട്ടുന്നില്ല.

സത്യത്തിൽ ഈ 'ഞാൻ' എന്ന പ്രതിഭാസംതന്നെ വിസ്മയജനകമായ ഒരു പ്രഹേളികയല്ലേ?

വെറുമൊരു പിറവി മാത്രമാണോ, നമ്മുടെയൊക്കെ തുടക്കം? അനന്തമായ ഭാവിയല്ലേ മരണം? ഉമ്മയുടെ ഗർഭപാത്രത്തിലെ ജീവിതാവസ്ഥ ഒരു യാത്രയുടെ തുടർച്ചയാവില്ലേ? പൂർണത എന്നത് പ്രത്യാശനൽകുന്ന വെറുമൊരു വിശ്വാസമല്ലേ? ഗർഭപാത്രത്തിൽനിന്നും അനാദിയായ ഭൂതകാലവും കടന്ന് അനന്തമായി നീണ്ടുപോവുന്നില്ലേ നമ്മുടെയൊക്കെ ജീവിതത്തിന്റെ ആദിമ നിഗൂഢത? അതവിടെ നിൽക്കട്ടെ. കവിതയിലേക്ക് തന്നെ തിരിച്ചുവരാം.

ഒരു കവിയെ സംബന്ധിച്ചിട​േത്താളം കവിതയെഴുത്ത് തന്നെയാണ് പരമപ്രധാനം. അംഗീകാരം ഒരു പ്രശ്നമേയല്ല. അതേസമയം, സാധാരണ പ്രതിഭകൾക്ക് അംഗീകാരവുമായി ബന്ധപ്പെട്ട് ഒരുപാട് ഭയപ്പാടുകളും വേവലാതികളും വെല്ലുവിളികളുമുണ്ട്.

ചില അപവാദങ്ങളെ ഒഴിച്ച് നിർത്തിയാൽ പ്രതിഭയുള്ള എഴുത്തുകാരന് പുരസ്കാരം അയാളുടെ ശവസംസ്കാരംതന്നെയാണ്. അത് അയാളുടെ സ്വാതന്ത്ര്യത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന -അധികാര സ്ഥാപനങ്ങളുടെ അസ്വാസ്ഥ്യജനകമായ ഒരുതരം പ്രതിനിധാനമാണ്.

അതുകൊണ്ടുതന്നെ അധികാരസ്ഥാപനങ്ങൾ മേലാളമനോഭാവത്തോടെ വെച്ചുനീട്ടുന്ന സമ്മാനങ്ങൾ കിട്ടാതെ മരിക്കണേ എന്നുതന്നെയാണ് സത്യസന്ധനായ ഒരെഴുത്തുകാരന്റെ ഏറ്റവും വിശുദ്ധമായ പ്രാർഥന.

അംഗീകാരം ഏതെങ്കിലും വ്യക്തിയോ പ്രസ്ഥാനമോ നൽകുന്ന ഒരു ഔദാര്യമേയല്ല. മറിച്ച്, ജീവിച്ചിരിക്കുമ്പോഴോ, മരണശേഷമോ ഒരു ധിഷണാശാലിക്ക് വിധികർത്താവായ കാലം തിരിച്ചറിഞ്ഞ് നൽകുന്ന ഒരു സവിശേഷപദവിയാണ്.

എഴുതാനോ സർഗാത്മക സംഭാവനകൾ സമർപ്പിക്കാനോ കഴിവില്ലാത്തവർക്ക് അംഗീകാരം പിടിച്ചെടുക്കാൻ നിരവധി കുത്സിത മാർഗങ്ങളുണ്ട്.

മുഖമില്ലാത്തവർക്ക് പുതുപുത്തൻ അഭിമുഖങ്ങളുണ്ട്. അശ്ലീലങ്ങൾ നിറഞ്ഞതാണ് പല അഭിമുഖങ്ങളുടെയും അന്തർമുഖങ്ങൾ. ഒരു വെടിക്ക് രണ്ടു പക്ഷിയെന്നപോലെ അഭിമുഖത്തിന്റെ നേട്ടങ്ങൾ രണ്ട് വ്യക്തികളും ഒരുപോലെ പങ്കുവെക്കുന്നു. പലപ്പോഴും ചോദ്യാവലികളും മറുപടികളും എഴുതി തയാറാക്കുന്നതുപോലും അഭിമുഖം ചെയ്യപ്പെടുന്ന 'മഹാനായ' എഴുത്തുകാരൻതന്നെയാണ്. ചങ്ങാത്തമുള്ള മുഖ്യധാരാ പത്രാധിപന് അയച്ച് കൊടുക്കുകയും ഫോട്ടോസഹിതം അച്ചടിച്ച് പാവം വായനക്കാരനെ ഞെട്ടിക്കുകയും ചെയ്യും. അപവാദങ്ങൾ ഇവിടെയും ഇല്ലെന്നില്ല.

മറ്റൊരു മാർഗം വില കുറഞ്ഞ 'വാചകമേള'യാണ്. അംഗീകാരം ചുളുവിൽ ചുട്ടെടുക്കുന്ന ഒരു തരണം 'പാചകമേള!'

ചുരുക്കത്തിൽ, കബീർസാഹിബ്, നമ്മുടെ സാംസ്കാരിക പരിസരം അശ്ലീലംകൊണ്ട് മലീമസവും ജുഗുപ്സാവഹവുമാണ്. ജീവിച്ചിരിക്കുമ്പോൾ അർഹമായ അംഗീകാരം ലഭിക്കാത്തവർക്ക് വിശ്വസാഹിത്യത്തിലും വിശ്വചിത്രകലയിലും നിരവധി ഉദാഹരണങ്ങളുണ്ട്. ഖലീൽ ജിബ്രാൻ, ഇഖ്​ബാൽ, ഖാസി നസ്റുൽ ഇസ്‍ലാം, കാർലോസ് ഫുവാന്തിസ്, ബോർഹെസ്, ഡോ. താഹാ ഹുസൈൻ...അങ്ങനെ ഒടുക്കമില്ലാതെ പേരുകൾ നീണ്ടുപോവുന്നു. നമ്മുടെ ബഷീർ, ഒ.വി. വിജയൻ, മാധവിക്കുട്ടി തുടങ്ങിയവരും വേണ്ടപോലെ അംഗീകരിക്കപ്പെട്ടിട്ടില്ല. ഏതായാലും എസ്.കെ. പൊ​െറ്റക്കാട്ടിനും ഒ.എൻ.വിക്കും കിട്ടിയ ജ്ഞാനപീഠം ഉറൂബിനും മാധവിക്കുട്ടിക്കും ബഷീറിനും ഒ.വി. വിജയനും കിട്ടാതിരുന്നത് കാലത്തിന്റെ മഹത്തായ കാവ്യനീതിയാണെന്ന് ഞാൻ പറയും.

ജീവിച്ചിരിക്കുമ്പോൾ വേണ്ട രീതിയിൽ അംഗീകരിക്കപ്പെടാത്ത എഴുത്തുകാർ മരിക്കുമ്പോൾ അതത് പ്രദേശത്തെ സംസ്കാരം ഒട്ടുമില്ലാത്ത സാംസ്കാരിക നായകന്മാർക്ക് ഉറഞ്ഞാടാൻ അനുസ്മരണ യോഗങ്ങളുടെ പൊറാട്ട് നാടകങ്ങളുണ്ട്. ജീവിച്ചിരിക്കുമ്പോൾ കലാകാരന്മാരുടെ ഇടനെഞ്ചിലേക്ക് വെടിയുണ്ട തൊടുക്കാൻ പറ്റാത്തതിനാൽ അവർ മരിക്കുമ്പോൾ മൃതദേഹത്തിന്നരികിൽവെച്ച് ആകാശത്തേക്ക് നിറയൊഴിക്കുന്ന അധികാരത്തിന്റെ കവലപ്രഹസനങ്ങൾ വേറെയും!

ഒരർഥത്തിൽ സാംസ്കാരിക പരിസരം ഞാൻ നേരത്തേ എഴുതിയ കത്തിൽ സൂചിപ്പിച്ചപോലെ സെമിത്തേരിയല്ലാതെ മറ്റെന്താണ്? ശവങ്ങൾക്ക് മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. പത്രാധിപ ശിരോമണികളെയും നിരൂപക വിരൂപരാജന്മാരെയും വേണ്ട രീതിയിൽ കാണാത്ത കവികളുടെ സ്ഥാനം പുറത്താണ്. സത്യത്തിൽ പുറത്താണ് സുഖം. ജീവിച്ചിരിക്കുന്നവർ സെമിത്തേരിക്ക് പുറത്താണല്ലോ ഉള്ളത്. ഈയിടെ ഒരഭിമുഖ കവികോകിലം ഒരസംബന്ധം എഴുന്നള്ളിക്കുകയുണ്ടായി. മരണസമയത്ത് ഹാജരാ​ക്കേണ്ട തിരിച്ചറിയൽ കാർഡാണത്രേ പുരസ്കാരം! വാചകമേളയിലേക്കാവാം ഉന്നംവെച്ചത്.

''മാലാഖയുടെ ചിറകടിയൊച്ചയാണ് താളിലേക്കിറ്റു വീഴുന്ന വാക്കുകളുടെ മുഴക്കം.'' ഗാലിബ് പാടിയത് എത്രമാത്രം ശരിയാണ്.

ഓരോ കവിതയും കവിക്ക് ഓരോ ബലിയാണ്. എനിക്ക് തോന്നുന്നത് മരണവും ഒരു വലിയ മറവിയാണെന്നാണ്. ശരീരം എവിടെയോ വെച്ച് മറന്ന് ഒടുക്കം ഒരുപാട് പ്രകാശവർഷം കഴിഞ്ഞ് തിരിച്ചുകിട്ടുമ്പോൾ നാം ആ പ്രക്രിയയെ പുനരുത്ഥാനം എന്ന് വിളിക്കുന്നു. ജീവിത​േത്താടൊപ്പം മരണവും കനിഞ്ഞ് നൽകിയ ഇലാഹ് എത്രമാത്രം ഉദാരമതിയാണ്! മരണമില്ലെങ്കിൽ മനുഷ്യനും അവന്റെ പുരോഗതിയും ചരിത്രവും മൊത്തം ഭൂലോകം തന്നെയും സ്തംഭിച്ചുപോവില്ലേ.

സത്യത്തിൽ നേരിൽ കാണാത്ത നമ്മുടെ സൗഹൃദം ഒരാകസ്മികതയാണോ? നാം പേരിട്ട് വിളിക്കുന്ന ഓരോ ആകസ്മികതക്ക് പിന്നിലുമുണ്ട് പൂർവനിശ്ചിതവും കാര്യകാരണബന്ധിതവുമായ ഒരുപാട് അദൃശ്യസംഭവങ്ങളുടെ നൈരന്തര്യങ്ങൾ. അവയൊക്കെയും നമ്മുടെ ആറാമിന്ദ്രിയത്തിന്റെ കോസ്മിക് സ്​പേസിൽ ആവിർഭവിക്കുന്ന പ്രതിഭാസങ്ങളാണ്.

ഇനി ദീർഘിപ്പിച്ച് താങ്കളുടെ വിലയേറിയ സമയം അപഹരിക്കുന്നില്ല.

സ്നേഹാദരങ്ങൾ...

എസ്.വി. ഉസ്മാൻ

കത്ത്​-2

പ്രിയ കബീർ സാഹിബ്,

നമുക്കിടയിൽ ഏറെനാളായി തളംകെട്ടിനിന്നിരുന്ന കനത്ത നിശ്ശബ്ദത, ഇതാ, ഈ എഴുത്തിലൂടെ ഭഞ്ജിക്കപ്പെടുകയാണ്... തകർക്കപ്പെടുകയാണ്.

ഇതുതന്നെയും ഓർക്കാപ്പുറം വീണുകിട്ടിയ സമയത്ത് എഴുതുന്നതാണ്. താങ്കളുമായി ഒരുപാടൊരുപാട് ആശയങ്ങൾ... നിലപാടുകൾ- കാഴ്ചപ്പാടുകൾ പങ്കുവെക്കണമെന്നുണ്ട്. ബൗദ്ധികവും അതേസമയം സൗഹൃദപൂർണമായ ആശയസംഘട്ടനവുമാവാം. സത്യത്തിൽ ഇത് കത്തെഴുത്തുകളുടെ ഒരു സായംകാലമാണ്.

കണ്ടുകൊണ്ടിരിക്കെ; പോസ്റ്റ്കാർഡുകളും ഇൻലന്‍റുകളുമൊക്കെയും ആശയവിനിമയങ്ങളുടെ പഴയ തലമുറകളായി- പുരാവസ്തുക്കളായി- പോയകാലത്തിന്റെ രൂപകങ്ങളായി. അത്തരം വാങ്മയങ്ങൾ വീണ്ടെടുക്കേണ്ടതുണ്ടെന്ന് നമ്മൾ ആഗ്രഹിക്കുന്നുമുണ്ട്. ഫേസ്ബുക്കുകളും വാട്സാപ്പുകളുമൊക്കെ ഒരു ന്യൂനപക്ഷം സന്മാർഗനിരതരെ ഒഴിച്ചുനിർത്തിയാൽ -'മുഖമില്ലാത്തവരുടെ പൊയ്മുഖ പുസ്തകങ്ങൾ' തന്നെയാണ്.

ഭയപ്പാടുകളും വെല്ലുവിളികളും പരിഭ്രാന്തിയും നിറഞ്ഞ ഒരു സ്വത്വപ്രതിസന്ധിയിലൂടെയും തീരേ ഇരുളടഞ്ഞ ഒരു ചരിത്രപ്പകർച്ചയിലൂടെയുമാണ് നമ്മുടെ രാജ്യവും ജനതയും ഇപ്പോൾ കടന്നുപോവുന്നത്. വായുവേഗത്തിൽ ലോകം മുന്നോട്ടുപോവുമ്പോൾ, ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം വെച്ചുപുലർത്തുന്ന സംഘ്പരിവാർ ഏതാണ്ട് പതിനായിരം വർഷം പഴക്കമുള്ളതും കാലഹരണപ്പെട്ടതുമായ രാമരാജ്യമെന്ന ഒരു കേവല സങ്കൽപ വ്യവസ്ഥിതിയിലേക്ക്- സവർണ ഭാഷയായ സംസ്കൃതംകൊണ്ട് അതിദാരുണം അസംസ്കൃതമായ ഒരു കാടൻ സംസ്കൃതിയിലേക്ക് പിടിച്ചുവലിക്കുന്ന പ്രക്രിയക്ക് നാം ദൃക്സാക്ഷികളാവുകയാണ്. മനുഷ്യമുഖമാർന്നതും കാരുണ്യപൂർണവുമായ അത്യപൂർവ ലോക രാഷ്ട്രീയത്തിന് ഇന്ത്യയിൽനിന്ന് ലഭിച്ച അമൂല്യമായ സംഭാവനയാണ് മഹാത്മജി. ആ മഹാത്മാവിനെ നിഷ്ഠുരമായി നാമാവശേഷമാക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് തുരങ്കംവെക്കുകയും​ ബ്രിട്ടീഷുകാരന്റെ വിശ്വസ്ത ഭൃത്യരായി മലിനജീവിതം നയിക്കുകയും ചെയ്ത പൗരാണിക കിങ്കരന്മാരുടെ ഇപ്പോഴത്തെ വിജയം മതനിരപേക്ഷ ഭാരതീയതയുടെ നവരാഷ്ട്രീയ പരിപ്രേക്ഷ്യങ്ങളെ അപഹസിക്കുന്ന അരാജകവും അരാഷ്ട്രീയവുമായ ഒരുതരം പ്രാചീന ഹീനമായ പ്രതിഭാസമാണ്.

മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിലെ എൽ.കെ.ജി വിദ്യാർഥികളായ ഒരമ്മയും മകനും ഹൈകമാൻഡ് ചമയുന്ന ഒരു സംഘടനയുടെ വാർധക്യസഹജവും ആസന്നമരണവുമായ അവസ്ഥയുടെ പരിണതഫലവുമാണ്. അധികാരത്തിനുവേണ്ടി കലഹിക്കുന്ന ഒരച്ഛനും മകനുമടങ്ങുന്ന യാദവ വർഗമാണ് ഉത്തർപ്രദേശിലെ സ്വേച്ഛാധികാരവാഴ്ചയുടെ വാതിലുകൾ ആദിത്യനാഥ് എന്ന കൊടുംഭീകരന് തുറന്നുകൊടുത്തത്.

സംഘ്പരിവാരങ്ങളുടെ വിമർശകരെന്ന് സ്വയം മുദ്രകുത്തുന്ന രാഷ്ട്രീയ നേതാക്കൾക്ക് സംഭവിച്ച അധികാരഭ്രാന്തും സ്മൃതിനാശവുമാണ് നരേന്ദ്ര ദാമോദർദാസ് മോദിയെ സിംഹാസനാരൂഢനാക്കിയത്.

വിഭാഗീയവും വിഘടിതവുമായ ആഗോള മുസ്‍ലിം പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര ബാഹ്യമായ ആശയവൈകല്യങ്ങളും ഐ.എസ് പോലുള്ള പരോക്ഷ ജൂത പങ്കാളിത്തമുള്ള സംഘടനകളുടെ അവിശുദ്ധ സാന്നിധ്യവുമാണ് അമേരിക്കയിൽ മൃഗീയമായ ട്രംബിയൻ കാലാവസ്ഥക്ക് പ്രേരകമായത്.

എനിക്കുള്ളതിനേക്കാൾ വായനാപരിചയവും രാഷ്ട്രീയ വിശകലന വൈദഗ്ധ്യവും ആഴമേറിയ അവബോധവുമുള്ള കബീർ സാഹിബിനോട് ഇതൊന്നും വിശദീകരിക്കേണ്ട ആവശ്യമു​​ണ്ടെന്ന് തോന്നുന്നില്ല.

സത്യത്തിൽ സനാതനമൂല്യങ്ങളിൽ അധിഷ്ഠിതമായ ഭാരതീയ ത​ത്ത്വചിന്ത ദ്രാവിഡരുടെയും ഇന്ത്യക്ക് പുറത്തുനിന്ന് കുടിയേറിയ അനാര്യന്മാരുടെയും സംഭാവനയാണ്. പിന്നീട് വന്ന ആര്യന്മാരാണ് വേദ-ഉപനിഷത്തുകളിൽ സവർണതയുടെ പാഷാണം കലർത്തി, സർവ ചിന്താപദ്ധതികളെയും കീഴടക്കിയത്. ഇത്തരം ആശയസംഹിതകളുടെ വിദ്യാഭ്യാസമാണ് സ്നേഹസൗഹൃദങ്ങളെയും മാനുഷികമൂല്യങ്ങളെയും ബുദ്ധിജീവിതത്തെയും പുറത്തിട്ടടച്ച് 30 വർഷം അജ്ഞാതമായ ഹിമാലയ പരിസരത്തെ ആശ്രമങ്ങളിൽനിന്ന് നരേന്ദ്ര ദാമോദർദാസ് മോദി സ്വായത്തമാക്കിയത്. അയാൾ ഇപ്പോൾ നമ്മുടെ ജനാധിപത്യമൂല്യങ്ങൾക്കും സ്വാതന്ത്ര്യബോധത്തിനും ഏൽപിക്കുന്ന ആഘാതം അതിശക്തവും ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഉളവാക്കുന്നവിധം മാരകവുമാണ്. ആസുരമായ സമകാലിക രാഷ്ട്രീയ ചരി​ത്രപരിസരത്തിൽ അന്ധമായ മുസ്​ലിം വിരുദ്ധതയോട് മതേതരമായി കലഹിക്കാനും അതിനെതിരെ സക്രിയമായി ചെറുത്തുനിൽക്കാനും ഞാനടക്കമുള്ള പല മുസ്​ലിം എഴുത്തുകാർക്കും ഭയമാണ്. അക്കാരണം കൊണ്ടുതന്നെയാണ് താരതമ്യേന സുരക്ഷിതമായ സ്വകാര്യതയിലേക്കും -പരിസ്ഥിതി- സ്ത്രീപക്ഷ പ്രശ്നങ്ങളിലേക്കും കാലഹരണപ്പെട്ട ചില തത്ത്വവിചാരങ്ങളിലേക്ക് സ്വന്തം രചനകളെ സന്നിവേശിപ്പിച്ച് അധികാരത്തിന്റെ പ്രീതി സമ്പാദിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്- പിന്നെ അംഗീകാരത്തോടും അതിന് കാരണമാകാവുന്ന പുരസ്കാരലബ്ധിയോടുമുള്ള ഒരുതരം അവിശുദ്ധമായ പ്രണയാതുരതയുടെ പ്രശ്നവുമുണ്ട്.

സ്ത്രീപക്ഷ-പരിസ്ഥിതി പ്രശ്നങ്ങളെ ഞാൻ ഒട്ടും വിലകുറച്ചുകാണുന്നില്ല. തീർച്ചയായും അവ മൊത്തം മനുഷ്യരാശിയുടെതന്നെ ചുട്ടുപൊള്ളുന്ന വേവലാതികളും ആശങ്കകളുമാണ്. മറ്റു മതങ്ങളെയും സാംസ്കാരിക ധാരകളെയും അപേക്ഷിച്ച് ഇസ്‍ലാം മതമാണ് ആ പ്രശ്നങ്ങളെ അത്യന്തം ഗൗരവത്തോടെ സമീപിക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കാത്തുസൂക്ഷിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. ചില എഴുത്തുകാരെ സംബന്ധിച്ചിടത്തോളം (ഭൂരിപക്ഷം മുസ്​ലിം എഴുത്തുകാരടക്കം) ആത്മാർഥതയോടെയല്ല; പ്രത്യുത അധികാരഘടനയു​ടെ തീനോട്ടങ്ങളിൽനിന്നുള്ള സുരക്ഷ ഉന്നംവെച്ചുകൊണ്ടാണ് പ്രസ്തുത പ്രശ്നങ്ങളിലേക്ക് ​​ശ്രദ്ധതിരിക്കുന്നത്.​ മോദി പ്രധാനഘടകമായ ഇപ്പോഴത്തെ ജ(ധ)നാധിപത്യ ഭരണകൂടം പ്രധാന ശത്രുപക്ഷത്ത് നിർത്തുന്നത് മുസ്​ലിംകളെത്തന്നെയാണ്. മനുഷ്യത്വബാഹ്യവും കർക്കശവുമായ ഈ ഒരു ഉൗഷസ്ഥലിയിൽവെച്ചാണ് ആഗോളികമായി മുസ്​ലിം വിരുദ്ധ സയണിസ്റ്റ്-സംഘ്പരിവാർ ലോബികൾ പരസ്പരം കൈകോർക്കുകയും സംഘം ചേരുകയും ചെയ്യുന്നത്.

അവർക്ക് ഏറ്റവും വലിയ പ്രചോദനം ലഭിക്കുന്നത് ആഗോളവ്യാപകമായ മുസ്​ലിം അനൈക്യങ്ങളിൽനിന്നും സ്പർധകളിൽനിന്നുമാണ്. രാജഭരണം നിർത്തലാക്കിയ ഇസ്​ലാംമതത്തിന്റെ അനുയായികളാണ് ലോകത്തെ പല രാജ്യങ്ങളിലും രാജവാഴ്ച അഥവാ കുടുംബവാഴ്ച പുനഃസ്ഥാപിച്ച് തുടർന്നുകൊണ്ടുപോവുന്നത്. ഇവിടെ മുസ്​ലിംകൾക്കിടയിൽത്തന്നെ ഒരു ബദ്ർ യുദ്ധം അനിവാര്യവുമാണ്. കേരളത്തിലാണെങ്കിൽ സ്ഥിതി അങ്ങേയറ്റം ലജ്ജാകരമാണ്.

മുജാഹിദു(?)കളുടെ മുഖ്യശത്രുക്കൾ സുന്നികളും ജമാഅത്തെ ഇസ്‍ലാമിയും ഖാദിയാനികളുമാണ്. സംഘ്പരിവാറല്ല, സുന്നികളിൽത്തന്നെ വിവിധ വിഭാഗങ്ങൾ തമ്മിൽ ആശയസംഘട്ടനവും തീരാത്ത ശത്രുതയുമാണ്. കാന്തപുരത്തെപ്പോലുള്ള മുസ്​ലിം നാമധാരികൾ അവരറിയാതെതന്നെ മുസ്​ലിം വിരുദ്ധരെ പലരീതിയിൽ സഹായിക്കുന്നുമുണ്ട്. ചില മുജാഹിദുകൾ വാദപ്രതിവാദത്തിലും അറപ്പുണ്ടാക്കുന്ന പാണ്ഡിത്യ പ്രകടനത്തിലും അഭിരമിക്കുന്നവരാണ്. ഇവിടെയാണ് സാകിർ നായിക്കിനെയും മഅ്ദനിയെയും പോലുള്ള വീരപുരുഷന്മാർ മാതൃകായോഗ്യരും ഇസ്‍ലാമികതയുടെ പ്രബുദ്ധരായ പ്രതിനിധികളുമാവുന്നത്. ഇസ്​ലാമിക അനൈക്യത്തിന്റെ സാഹചര്യത്തിൽത്തന്നെയാണ് മോദി സംഹാരരുദ്രനായി രൂപാന്തരം പ്രാപിക്കുന്നത്.

വിഖ്യാത ഗസൽ ഗായകൻ ഗുലാംഅലിയോടുള്ള അസഹിഷ്ണുത അദ്ദേഹം ഒരു മുസൽമാനും പാകിസ്താൻ സ്വദേശിയുമായതുകൊണ്ടുതന്നെയാണ്. എം.എസ്. സുബ്ബുലക്ഷ്മിയുടെ ഒരു കർണാട്ടിക് സംഗീതക്കച്ചേരി കേട്ട് വികാരഭരിതനായ നെഹ്റു അവരോട് പറഞ്ഞു: ''ഭവതി സംഗീതലോകത്തെ രാജകുമാരിയാണ്. ഞാൻ വെറുമൊരു പ്രധാനമന്ത്രി. എന്നെപ്പോലുള്ളവർ അസംഖ്യം വരുകയും പോവുകയും ചെയ്യും. പക്ഷേ, സുബ്ബുലക്ഷ്മി ലോകത്ത് ഒന്നേയുള്ളൂ. അതൊരു വിസ്മയജനകമായ ആവിർഭാവമാണ്. അത് ഇനി ഒരിക്കലും ആവർത്തിക്കുകയില്ല.'' അതുകേട്ട് സുബ്ബുലക്ഷ്മി അക്ഷരാർഥത്തിൽ കോരിത്തരിച്ചുപോയെന്നു മാത്രമല്ല, ഇതിലും വലിയ അംഗീകാരം തന്റെ ജീവിതത്തിലില്ലെന്ന് തുറന്നുപറയുകയും ചെയ്തു.

നെഹ്റു പ്രധാനമന്ത്രി എന്നതിനപ്പുറം പ്രതിഭാശാലിയായ എഴുത്തുകാരനും ചിന്തകനുമായിരുന്നുവെന്ന വസ്തുത മോദിക്ക് അറിയില്ല. അയാൾ വെറുമൊരു പ്രാസംഗികൻ മാത്രമാണ്. കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ഏതേതു തലങ്ങളിൽ വ്യത്യസ്ത മുഖച്ഛായകൾ കൈവരിക്കുന്നുവെന്നും ഏ​തേതു ആലാപനവീഥികളിലൂടെ സഞ്ചരിക്കുന്നുവെന്നും രാഗവിസ്താരങ്ങളിൽ രണ്ട് സംഗീതധാരകളുടെയും സമീപനരീതികൾ എത്രകണ്ട് ഭിന്നത വെച്ചുപുലർത്തുന്നുണ്ടെന്നും വിശദീകരിച്ചുകൊടുത്താൽ നമ്മുടെ (?) പ്രധാനമന്ത്രി അതിൽ എത്രത്തോളം ഹൈന്ദവ പ്രതിനിധാനമുണ്ടെന്നും അത് രാമരാജ്യവിരുദ്ധമാണോ എന്നും മറ്റും നിരീക്ഷിക്കാനാണ് ഏറെ സാധ്യത. ഇന്ത്യയിൽ ജീവിച്ച് യശഃശരീരനായ ഏതെങ്കിലും സംഗീതജ്ഞനെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചിട്ടുണ്ടാവാനും സാധ്യതയില്ലെന്നാണ് തോന്നുന്നത്. എങ്ങനെ അന്വേഷിക്കാനാണ്? നാഥുറാം ഗോദ്സെയുടെയും വീരസവർക്കറുടെയും ഗോൾവാൾക്കറുടെയും ഹെഡ്ഗെവാറിന്റെയും ഭാരതവത്കരണത്തിന്റെ അപ്പോസ്തലനായിരുന്ന, ഈയിടെ അന്തരിച്ച, ബൽരാജ് മഥോക്കിന്റെയും ഇരുളടഞ്ഞ ആശയമണ്ഡലങ്ങളിൽ ചുറ്റിക്കറങ്ങുകയും മാനവികനിരാസവുമായി ബന്ധപ്പെട്ട ഗൂഢാലോചനകളിൽ വ്യാപൃതനാവുകയും ചെയ്തുകൊണ്ട് സ്വന്തം ബാല്യ-കൗമാര-യൗവനങ്ങൾ ധൂർത്തടിച്ച് പാഴാക്കിക്കളഞ്ഞ ഭരണകൂട ഭീകരനോട് കലാസാംസ്കാരിക മേഖലകളിലെ നവോത്ഥാനത്തെക്കുറിച്ചോ അല്ലെങ്കിൽ ശാസ്ത്രസാ​ങ്കേതികരംഗത്തെ വളർച്ചയെക്കുറിച്ചോ മനഃശാസ്ത്രവും അതീത മനഃശാസ്ത്രവും (Parapsychology) ഫിസിക്സും മെറ്റാ ഫിസിക്സും മറ്റും ഇന്ന് കൈവരിച്ചിരിക്കുന്ന അഭൂതപൂർവമായ നേട്ടങ്ങളെക്കുറിച്ചോ നിർധാരണം ചെയ്തുകൊടുക്കാനാവില്ല. ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത പുഷ്പകവിമാനത്തിൽ ആകാശയാത്രയിലും ചരിത്രത്തിലില്ലാത്ത ഭീമസേനന്റെ ഗദായുദ്ധത്തിലും അർജുനന്റെ അസ്ത്രമെയ്ത്തിലും മതിമറന്നു ശിലയായിപ്പോയ പുരാവസ്തുവല്ലാതെ മറ്റാരാണ് മോദി.

മോദി കേട്ട വലിയ ഗായകൻ പരേതനായ കിഷോർകുമാറായിരിക്കും. പ്രധാനമന്ത്രിയായിരിക്കെ, ഹിന്ദുസ്ഥാനി സംഗീതത്തിലെ അതികായനും മഹാഗായകനുമായിരുന്ന ബഡേഗുലാം അലിഖാന്റെ ജന്മദിനാഘോഷം പങ്കുവെക്കാനും ആശംസകൾ അർപ്പിക്കാനും അദ്ദേഹത്തിന്റെ വസതിയിലെത്തിയ മഹാനായ നെഹ്റുവിന്റെയും ചാതുർവർണ്യ സ്പർശംകൊണ്ട് മലീമസമായ ഹൈന്ദവ മിത്തുകളുടെ തടവുകാരനായ മോദിയുടെയും ലോകങ്ങൾ വിരുദ്ധ ധ്രുവങ്ങളിൽത്തന്നെയാണ്.

ഹിന്ദുസ്ഥാനി സംഗീതത്തിലെ വ്യത്യസ്ത സ്കൂളുകളായ 'ആഗ്ര' ഖരാനയുടെയും 'മേവാതി' ഖരാനയുടെയും 'പട്യാല' ഖരാനയുടെയും 'ജയ്പൂർ' ഖരാനയുടെയും 'കിരാന' ഖരാനയുടെയും 'ലാഹോർ' ഖരാനയുടെയും '​​ജോഥ്പൂർ' ഖരാനയുടെയും ഉൽപത്തിയെക്കുറിച്ച് നല്ല ധാരണയുള്ള ഒരു സംഗീതാസ്വാദകൻകൂടിയായിരുന്നു ജവഹർലാൽ. മാത്രമല്ല ഹിന്ദുസ്ഥാനി സംഗീതത്തിലെ 'ലളിത-അർധശാസ്ത്രീയ-ശാസ്ത്രീയ തലങ്ങളിൽ വർത്തിക്കുന്ന ഗസലിന്റെയും ഥുംരിയുടെയും ഖയാലിന്റെയും ഖവാലിയുടെയും ധ്രുപത് ധമാറിന്റെയും ​ആരാധകൻകൂടിയായിരുന്നു ജവഹർലാൽ എന്ന വസ്തുത പലർക്കും അജ്ഞാതമാണ്.

ഇതൊക്കെ രാമായണത്തിലോ മഹാഭാരതത്തിലോ പരാമർശിക്കപ്പെടുന്നുണ്ടോ, എങ്കിൽ മോദി ഒന്നും മനസ്സിലാവാതെതന്നെ ഒരു ഊമയെപ്പോലെ ഒക്കെ പറഞ്ഞുകളയും. വിഖ്യാത ഇന്ത്യൻ നർത്തകിയായിരുന്ന ബഹു. മൃണാളിനി സാരാഭായ് അന്തരിച്ച വിവരംപോലും മോദി അറിഞ്ഞിരിക്കാനിടയില്ല.

സാ​ങ്കേതികവിദ്യയെക്കുറിച്ചും ഭൗതികശാസ്ത്രത്തെക്കുറിച്ചും സംഘ്പരിവാറിന്റെ കാഴ്ചപ്പാടുകൾ ദയനീയമാണ്​. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ശാസ്ത്രജ്ഞൻ, സ്റ്റീഫൻ ഹോക്കിൻസ് പറയുന്നത് നമ്മുടെ ഭൂമിയുൾക്കൊള്ളുന്ന സൗരയൂഥം, കോടാനുകോടി പ്രകാശവർഷങ്ങൾ അകലെ സ്ഥിതിചെയ്യുന്ന കോടാനുകോടി സൗരയൂഥങ്ങളെയും പ്രപഞ്ചങ്ങളെയും അപേക്ഷിച്ച് വളരെ അപരിഷ്കൃതമാണെന്നും മനുഷ്യരുടേതിനേക്കാൾ ലക്ഷത്തിൽപരം വർഷങ്ങൾ മുന്നിൽ നടക്കുന്ന ശാസ്ത്ര സാ​ങ്കേതികവിദ്യയുടെയും ഗവേഷണങ്ങളുടെയും സഹായത്തോടെ അവിടങ്ങളിലെ മനുഷ്യേതര ജീവജാലങ്ങൾ അതിഭൗതികത്തിന്റെയും അതീന്ദ്രിയാനുഭവങ്ങളു​െടയും അവസ്ഥാന്തരങ്ങൾ ശീഘ്രഗതിയിൽ പിന്നിട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും മറ്റുമാണ്. അങ്ങനെ വരുമ്പോൾ പരേതരായ നമ്മുടെ ഐൻസ്റ്റീനും ന്യൂട്ടണും ഇമ്മാനുവൽ കമാന്ററും സിഗ്മണ്ട്​ ഫ്രോയിഡും ഷോപ്പനോവറും ഹൈദഗറും ഹെഗലും ഷാങ്പോൾ സാർത്രും അതുപോലെ ദാർശനികരംഗത്തെ പല തത്ത്വജ്ഞാനികളും ശാസ്ത്രജ്ഞരും കവികളും എഴുത്തുകാരും എല്ലാം അറിവിന്റെ വിദ്യാലയങ്ങളിൽ ചേർന്നവർ തന്നെയാണ്. ഇപ്പോൾ ജീവിച്ചിരിക്കുന്ന പ്രഗല്ഭമതികൾ വിദ്യാലയങ്ങളിൽ ചേർന്നുതുടങ്ങിയതേയുള്ളൂ എന്ന് നമുക്ക് അതിശയോക്തിയിൽ ഊറ്റംകൊള്ളുകയും ഒരർഥത്തിൽ തെറ്റിദ്ധരിക്കുകയും ചെയ്യാം. എനിക്ക് തോന്നുന്നത് നേരത്തേ പറഞ്ഞ മനുഷ്യേതരജീവികൾ ഒരുപക്ഷേ, ഒരുപാട് പ്രളയങ്ങൾക്കുശേഷം, പിന്നെയും പിന്നെയും പുതിയ പുതിയ പരലോക ജീവിതാവസ്ഥകളിലൂടെ ഒരിക്കലും പൂർണമാവാത്ത ജ്ഞാനത്തിലേക്കുള്ള തീർഥാടകത്തിലാവാം എന്നുതന്നെയാണ്. ഈ ധാരണ വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്ന തത്ത്വചിന്താരീതികൾക്കും സൃഷ്ടി സ്ഥിതി സംഹാര ധാരണകൾക്കും വിരുദ്ധമല്ലെന്നും ഞാൻ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു.

നമുക്ക് ഒടുക്കദിവസം ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു​​​ണ്ടെന്നാണ്. നാളെ ദൃഷ്ടിഗോചരമായ ഒരു സംഭവമെന്ന നിലക്ക്, അനാദിമധ്യാന്തമായ മഹാചൈതന്യം നമ്മുടെ സൗരയൂഥത്തിന്റെ സംഹാരവും സ്ഥലകാലങ്ങളുടെ അന്ത്യവും അവ​ന്റെ മഹാശക്തിയിലൂടെ യാഥാർഥ്യമാക്കുമെന്നും വിശ്വസിക്കാം. അങ്ങനെയെങ്കിൽ മരണവും അന്ത്യദിനവും മനുഷ്യരാശി സന്തോഷപൂർവം മറികടക്കേണ്ടതുണ്ടല്ലോ. എങ്കി​ലേ 'പുനരുത്ഥാന'മെന്ന അതിശ്രേഷ്ഠമായ ജീവിതാവസ്ഥ അനുഭവവേദ്യമാവുകയുള്ളൂ.

കബീർ സാഹിബ്, ഒരർഥത്തിൽ തിന്നുകയും കുടിക്കുകയും മലമൂത്രവിസർജനം നടത്തുകയും ചെയ്യുന്ന ഇൗ ഹോമോസാപ്പിയൻ ജീവിതകാലഘട്ടത്തിൽനിന്ന് പുറത്തുകടക്കുമ്പോൾ സത്യത്തിൽ ദുർഗന്ധ മലീമസമായ ഒരു ജീവിതാവസ്ഥയിൽനിന്ന് രക്ഷപ്പെടുകയും പകരം അത്തരം ഒരഴുക്കുമില്ലാത്ത അഴകിന്റേതായ ഒരു രാജവീഥിയിലെ തീർഥാടകനായി മാറുകയും ചെയ്യുന്ന പുനരുത്ഥാന ജീവിതത്തിൽ വെച്ചാവാം നാം സർവശക്തന്റെ അനുഗ്രഹത്തിന്റെ ആഴം എത്രയെന്ന് മനസ്സിലാക്കുക. ഭൂമിയിലെ ജീവിതം അറിവിലേക്കുള്ള ഒരാദ്യ കാൽവെപ്പേ ആകുന്നുള്ളൂ. ഇത് അനിഷേധ്യ യാഥാർഥ്യമാണെങ്കിൽ​പോലും ഭൂരിഭാഗം മനുഷ്യർക്കും ഭൗതിക ജീവിതത്തോട് ജുഗുപ്സാവഹമായ ഒരുതരം അത്യാർത്തിയും അനിയന്ത്രിതമായ ആസക്തിയുമാണ്.

കാട്ടുമുളയിൽനിന്നാണ് കറൻസി അച്ചടിക്കുന്ന കടലാസും മഹാരാഗങ്ങൾ ഊതിയുണർത്തുന്ന മുളന്തണ്ടും ഉരുവാകുന്നത്. ഓടക്കുഴലിൽനിന്ന് കറൻസിയിലേക്കുള്ള അകലം എത്ര പ്രകാശവർഷമാകാം? ആർക്കറിയാം, ദൈവത്തിനല്ലാതെ. ദൈവത്തെക്കുറിച്ചും ഒരുപാട് തെറ്റിദ്ധാരണകളും അറിവില്ലായ്മയും ജാതിമതഭേദമന്യേ പ്രചരിച്ചുവരുന്നുണ്ട്.

വിശ്വസിക്കാത്തവരെയും കുമ്പിടാത്തവരെയുമൊക്കെ ഒറ്റയടിക്ക് നരകത്തിലേക്ക് വലിച്ചെറിയുന്ന ദൈവം ആരുടെ ദൈവമാണ്? പരമകാരുണികനും അനന്തമായ സ്നേഹത്തി​ന്റെ പാരാവാരവുമായ റസൂൽ ഇന്ന്​ ഒരുപാട് രീതികളിൽ അശാസ്ത്രീയമായും ആത്മീയേതരമായും നിർവചിക്കപ്പെടുന്നുണ്ട്.

ഞാൻ ഇവിടെ ഒരംശം സ്പർശിക്കുന്നതേയുള്ളൂ. തീർച്ചയായും കൂടുതൽ വിശദമായി ചർച്ച ചെയ്യാം. കബീർ സാഹിബ് ഈ ആശയ​േത്താട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് എനിക്കറിയില്ല. ഞാൻ എന്റെ വിശ്വാസ​പ്രമാണങ്ങളാണ് (ഇസ്‍ലാമിക ദൃഷ്ട്യാ) പങ്കുവെക്കുന്നത്. മൗലാന അബ്ദുൽ മാജീദ് ദർയാബാദിയുടെ പാണ്ഡിത്യജീവിതത്തിലേക്ക് വെളിച്ചം വീശിയ താങ്കളോട് എനിക്ക് അനിർവചനീയമായ സ്​നേഹവും ബഹുമാനവുമുണ്ട്. ഇത്തരം പണ്ഡിതോചിതമായ വാങ്മയങ്ങൾ താങ്കളിൽനിന്ന് ഇനിയും ആവിർഭവിക്കുമാറാകട്ടെ എന്ന് സർവശക്തനോട് ഉള്ളഴിഞ്ഞ് പ്രാർഥിക്കുകയും താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യങ്ങൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

സ്നേഹാദരങ്ങളോടെ,

സ്വന്തം എസ്.വി.കത്ത്​ -3

പ്രിയ കബീർ സാഹിബ്,

തിളച്ചുതെള്ളുന്ന പനിക്കിടക്കയിൽ

ഉടൽ മുഴുവനും പഴുത്തൊരന്തിയിൽ

തളർന്നുറങ്ങുമ്പോൾ...

ഇതാ...ഹിമ മഴ സമം ഏതോ ഗസൽ,

വിരൽ തൊടുംവിധം

പ്രിയ കബീറിന്റെ ഹൃദയസാന്നിധ്യം

നിറഞ്ഞ വാക്കുകൾ..!

ഒടുവിൽ ഉച്ചയും തിരിഞ്ഞിരിക്കുമ്പോൾ

ഇളവെയിൽ തുരുതുരെ ചുംബിക്കു​മ്പോൾ

മധുര വിശ്രാന്തി നുകർന്നിരിക്കുമ്പോൾ

ഇതെന്ത് വിസ്മയം...ഇവന്റെ വാങ്മയം

ഒരാൾ ശ്രദ്ധിച്ചുവെന്നറിഞ്ഞ് ഞെട്ടുന്നു!!

തെരുവോരത്തൊരു

ചുടുചോരത്തുടിയടിച്ചുപാടുന്ന

മജ്നൂനെ ഒരാൾ

അറിവും സ്നേഹവും കരുത്തുമുള്ളൊരാൾ

തിരിച്ചറിഞ്ഞുവോ...കൃതാർഥനാണിവൻ.

ഉണർന്നുന്മത്തമാം ഉടലിൻ 'ബാംസുരി'-

യിലെ മുറിവഞ്ചും വിളക്കുകളാക്കി

​കൊളുത്തിവെക്കുവാൻ

മുസാഫിറിൻ കൈയിൽ എവിടെയീണങ്ങൾ?

ഇനി കൃതജ്ഞത കുറിച്ചുവെക്കുവാൻ

എവിടെ വാക്കുകൾ?

മിഴിനീരിൻ കനൽകണങ്ങൾകൊണ്ട് ഞാൻ

ഇതാ...ഇലാഹിനെ സ്തുതിക്ക​ട്ടെ, തീരെ

വിഫലമായില്ലെൻ കവിത, എ​െന്നാരു

തവണയെങ്കിലും സമാശ്വസിക്കട്ടെ.

അറിയൂ സ്നേഹിതാ...ഒരു കവിയാവാൻ

എളുപ്പമാണെന്നാൽ ഒരു മനുഷ്യനായ്

ഇവിടെ ജീവിച്ചുമരിക്കാനാവുമോ?

എനിക്ക് ജീവിതം ഒടുക്കമില്ലാത്ത പ്രയാണമാകുന്നു.

ഉറക്കമില്ലാത്ത പ്രണയമാകുന്നു.

തിരയടങ്ങാത്ത സമുദ്രമാകുന്നു.

നിരന്തരം എന്നെത്തിരയലാകുന്നു.

കൊടിയൊരീ യാത്രക്കിടയിൽ തോന്നുമ്പോൾ

വെറുതെ മോന്തുന്ന ചഷകമല്ലാതെ

കവിതയെന്താണ്?.. പറയൂ സ്നേഹിതാ...

പുരസ്കാരങ്ങളിൽ വലുതത്രെ കാലം

കനിഞ്ഞുനൽകുന്ന 'മരണം' എന്നുള്ള

പൊരുളറിഞ്ഞെന്നാൽ നിരാശയെന്തിന്?

ഇവിടെ സംസ്കാര പരിസരം വെറും

ചരമകോളംപോലൊരു സെമിത്തേരി

സ്പിരിറ്റിലിട്ടേതോ മൃതദേഹങ്ങളെ

വെറുതെ സൂക്ഷിച്ച തണുത്ത മോർച്ചറി!

ഇനി സ്നേഹോഷ്മളം ഇടനെഞ്ചിൽ കൈവെ-

ച്ചൊരായിരം നന്ദി. ഇവി​ടെ നിർത്തുന്നു

കബീറിന്​ കറ കളഞ്ഞ പ്രാർഥന.

സ്വന്തം എസ്.വി. ഉസ്മാൻ

Show More expand_more